
“ചന്ദ്രനുദിച്ചു: ഇരുട്ടകന്നു; ലോകമാകെ നിലാവിൽ മുങ്ങി!” ഈ രീതിയിൽ ആരെങ്കിലും പറഞ്ഞുവെന്നിരിക്കട്ടെ നമുക്കു കാര്യം മനസ്സിലായി, ഒട്ടൊക്കെ ആഹ്ലാദവും ഉണ്ടാകുന്നു. രണ്ടുതരത്തിലാണു് ആഹ്ലാദം ജനിക്കുക, പറയുന്നതിന്റെ അർത്ഥം മനസ്സിലാക്കുന്നതുകൊണ്ടു നമുക്കു് സന്തോഷം. നിലാവിൽ മുങ്ങിലോകം നില്ക്കുന്നതിന്റെ ചിത്രം മനസ്സിൽ അങ്കുരിക്കുന്നതുകൊണ്ടു് സന്തോഷം. എന്നാൽ ഇന്നത്തെ രീതിയിൽ ഇതൊന്നുമല്ല, മനുഷ്യനു് മനസ്സിലാകുന്ന രീതിയിൽ എന്തുപറഞ്ഞാലും അതിനു ഭംഗിയില്ല നവീനതയില്ല എന്നാണു് ചിലരുടെ വിചാരം. അവർ ഈ ആശയം ആവിഷ്കരിക്കുന്നതു് ഇങ്ങനെയായിരിക്കും: “കടുപ്പംകൂടിയ കട്ടൻ കാപ്പിയിൽ ചന്ദ്രശേഖരൻനായർ പാലോഴിച്ചു് വെളുപ്പുനിറം വരുത്തി.” പാവപ്പെട്ട വായനക്കാർ വിചാരിക്കുന്നുണ്ടാവും ചന്ദ്രശേഖരൻ നായരെന്ന മനുഷ്യൻ കാച്ചിയ പാലു് കാപ്പിയിലൊഴിച്ചു് ആർക്കോ കുടിക്കാൻ പാകത്തിൽ തയ്യാറാക്കിവച്ചുവെന്നു”. സംസ്കൃതമറിയാമെന്നു ഭാവിക്കുകയും യഥാർത്ഥത്തിൽ അതു് അറിയാൻ പാടില്ലാതിരിക്കുകയും ചെയ്യുന്നവരുടെ ഭാഷയിൽ പറഞ്ഞാൽ “പ്രമാ ജടില!” ഇവിടെ ചന്ദ്രശേഖരൻനായരുമില്ല. കട്ടൻ കാപ്പിയുമില്ല, പാലുമില്ല. പിന്നെന്താണു്? കട്ടൻ കാപ്പിയെന്നു പറഞ്ഞാൽ കൂരിരുട്ടു് എന്നർത്ഥം. പാലൊഴിച്ചു വെളുപ്പുനിറം വരുത്തിയെന്നു പറഞ്ഞാൽ നിലാവു് പരന്നപ്പോൾ ഇരുട്ടുമാറിയെന്നും നാം മനസ്സിലാക്കിക്കൊള്ളണം. ചന്ദ്രശേഖരൻനായർ ആകാശത്തിൽ പരിലസിക്കുന്ന ചന്ദ്രൻതന്നെ. ഇമ്മാതിരി പ്രയോഗങ്ങൾ അധികവും കവിതയിലാണുള്ളതു്. ഏതു് മരമണ്ടനും ഈ രീതിയിൽ എഴുതാമെന്നതു് ആധുനികർ മറന്നുപോകുന്നു. മറന്നിട്ടു് ഇതൊക്കെ ഭാവനയാണെന്നു് അവർ ഉദ്ഘോഷിക്കുകയും ചെയ്യുന്നു. ഒരുകാര്യം സമ്മതിക്കണം, ഈ നൂതനകല്പനകൾ ചിരിക്കാനുള്ള വകയെങ്കിലും നമുക്കു നൽകന്നുണ്ടു്. ഗദ്യകാരന്മാരുടെ രീതി ഇതല്ല. തികച്ചും അർത്ഥരഹിതങ്ങളായി കുറേ വാക്യങ്ങൾ എഴുതുക എന്നതിൽക്കവിഞ്ഞു അവർക്കു മറ്റൊരു ലക്ഷ്യവുമില്ല. ഉദാഹരണം വേണമെന്നുണ്ടെങ്കിൽ ചിത്രകാർത്തികയുടെ 32-ാം ലക്കത്തിൽ ശ്രീ. കെ. ഏ. ജോസ് എഴുതിയ “തടവറകൾ” എന്ന കഥ നോക്കിയാൽ മതി. എന്തൊക്കെയോ അദ്ദേഹം പറയുന്നു. അങ്ങനെ അർത്ഥശൂന്യമായി, ബന്ധരഹിതമായി എഴുതുന്നതിലാണു് കലയിരിക്കുന്നതെന്നു് അദ്ദേഹം തെറ്റിദ്ധരിക്കുന്നു. ഈ വിധത്തിൽ എഴുതുന്നതുകൊണ്ടു് അനുവാചകന്റെ വെറുപ്പുകൂടി കഥാകാരൻ നേടുന്നുണ്ടു്. “ഞാൻ നിങ്ങളുടെ കഥ വായിച്ചു. എനിക്കു് അതിലെ ഓരോ വാക്യവും മനസ്സിലായി. നിങ്ങളുടെ കഥ വെറും ചവറാണു് ” എന്നു് ഉദ്ഘോഷിക്കുന്ന നിരൂപകനു് അല്ലെങ്കിൽ അനുവാചകനു് വിജയോന്മത്തന്റെ മട്ടാണു്. വിജയം നേടിയവർ പരാജിതരെ വെറുക്കുകയില്ല. നേരേ മറിച്ചാണു് ദുർഗ്രഹത സൃഷ്ടിക്കുന്നവരോടു് അനുവാചകർക്കുള്ള മാനസികനില. കഥ മനസ്സിലാകാത്തതുകൊണ്ടു് കഥാകാരൻ തങ്ങളെ അവഗണിക്കുന്നു എന്നൊരു തോന്നൽ അവർക്കുണ്ടാകുന്നു. ആ തോന്നൽ വിദ്വേഷമായി മാറും. ഹോസ് ഒർദ്ദിഗ ഇ ഗാസറ്റ് എന്ന സ്പാനിഷ് ചിന്തകൻ Dehumanization of Art എന്ന പ്രബന്ധത്തിൽ ഈ രീതിയിൽതന്നെ അഭിപ്രായപ്പെട്ടിട്ടുണ്ടെന്നാണു് എന്റെ ഓർമ്മ… നീലത്തറയിൽ നിന്നു ചന്ദ്രശേഖരൻനായർ ഒഴുക്കുന്ന പാൽകാപ്പി എന്റെ വീട്ടിലെ ജന്നൽക്കമ്പികളുടെ ഇടയിലൂടെ ഒഴുകിവന്നു് മേശപ്പുറത്തു് വ്യാപിക്കുന്നു. അടുക്കളയിൽ തീയാകുന്ന ദുഃഖത്തിന്റെ മുകളിൽ മൂകതയാകുന്ന കരിക്കലമിരിക്കുന്നു. അതിനുള്ളിൽ ആഗ്രഹമാകുന്ന കഞ്ഞി വെട്ടിവെട്ടി തിളയ്ക്കുന്നു. ഹാ! എന്റെ ഭാവന എത്ര ഉജ്ജ്വലം! ജോസേ ഇങ്ങനെയെങ്കിലും എഴുതാൻ ശീലിക്കൂ. അങ്ങനെ എന്നെപ്പോലെ ഒരത്യന്താധുനികനെങ്കിലും ആകൂ.
അഭിവന്ദ്യനായ ശ്രീ. സി. കേശവ നോടൊരുമിച്ചു് ഞാനൊരു മീറ്റിങ്ങിനു പോകുകയായിരുന്നു. ഒരു സ്ഥലത്തെത്തിയപ്പോൾ ഒരു സ്ഥാപനം ചൂണ്ടിക്കാണിച്ചുകൊണ്ടു് അദ്ദേഹം ചോദിച്ചു: “ഇതെന്താണു്?” ഒരു ജപ്പാൻകാരനെ ശത്രുക്കളിൽനിന്നു് ഒരു തിരുവിതാംകൂറുകാരൻ രക്ഷിച്ചതിനുവേണ്ടി ആ ജപ്പാൻകാരൻ കൃതജ്ഞത പ്രകാശിപ്പിച്ചതിന്റെ പ്രത്യക്ഷലക്ഷ്യമാണു് ആ വലിയ സ്ഥാപനമെന്നു് ഞാൻ വിശദീകരിച്ചു. അപ്പോൾ സി. കേശവൻ ചോദിച്ചു: “നന്ദിയെന്നു പറഞ്ഞതു് ഉണ്ടോ?” അദ്ദേഹത്തിന്റെ സംശയത്തിൽ ഒരു തെറ്റുമില്ല. കൃതജ്ഞത ഈ ലോകത്തില്ല. അർദ്ധരാത്രികഴിഞ്ഞു, ആലപ്പുഴെ ഒരു സമ്മേളനത്തിൽ പങ്കുകൊണ്ടിട്ടു് ഞാൻ തിരുവനന്തപുരത്തേക്കു മടങ്ങിപ്പോകുകയാണു്. കാർ ഓച്ചിറ കഴിഞ്ഞപ്പോൾ ഒരു വൃദ്ധനും യുവാവും യുവതിയും റോഡിന്റെ വശത്തുനിന്നു ദയനീയമായി കൈകാണിക്കുന്നു. ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ ആരു കൈകാണിച്ചാലും ഞാൻ കാർ നിറുത്താൻ സമ്മതിക്കാറില്ല. പക്ഷേ, അവരെ എവിടെയോ വച്ചു് കണ്ടിട്ടുണ്ടെന്നു് ഒരു തോന്നൽ. അതിനാൽ കാർ നിറുത്താൻ ഞാൻ ഡ്രൈവറോടു ആവശ്യപ്പെട്ടു. അതു് പൂർണ്ണമായും നിന്നില്ല. അതിനു മുൻപു് വൃദ്ധൻ വാതോരാതെ പറഞ്ഞുതുടങ്ങി: “ഞങ്ങൾ തിരുവനന്തപുരത്തുകാരാണു്. ഇവരുടെ ഒരു കാര്യമായി വന്നു. തിരിച്ചുപോകാൻ ബസ്സില്ല. ട്രാൻസ്പോർട്ട് സ്ട്രൈക്കാണു്. നിങ്ങൾ തിരുവനന്തപുരത്തു് പോകുകയാണോ? എങ്കിൽ ഞങ്ങളേക്കൂടെ കൊണ്ടുപോണേ. പുണ്യം കിട്ടും.” ഞാൻ എഴുന്നേറ്റു് കാറിന്റെ മുൻസീറ്റിലിരുന്നു. അവർ പിറകേവശത്തു ഇരിപ്പായി. കാർ തിരുവനന്തപുരത്തെത്തിയപ്പോൾ അവർ പാളയത്തിലിറങ്ങാൻ ഭാവിച്ചെങ്കിലും ഞാൻ സമ്മതിച്ചില്ല. അവരെ വീട്ടിൽ കൊണ്ടാക്കിയിട്ടു ഞാൻ എന്റെ വീട്ടിലേക്കു പോന്നു. കൂടുതൽ സവാരി എന്നതിന്റെ പേരിൽ ഡ്രൈവർ എന്റെ കൈയിൽ നിന്നു് ആറുരൂപ വാങ്ങുകയും ചെയ്തു… ഒരു മാസത്തിനു മുൻപു് ഏതോ കാര്യത്തിന്റെ പേരിൽ തിരുവനന്തപുരത്തു മാത്രം ട്രാൻസ്പോർട്ട് സ്ട്രൈക്ക് ഉണ്ടായി. ഞാൻ അത്യാവശ്യമായി ടൗണിലേയ്ക്കു പോകാൻ ജങ്ഷനിൽ കാത്തുനില്ക്കുകയാണു്. ഒറ്റ ടാക്സിപോലുമില്ല. അപ്പോഴുണ്ടു് ഒരു പ്രൈവറ്റ് കാർ വളരെ പതുക്കെ എന്റെ അടുക്കുലേക്കു വരുന്നു. മുൻ സീറ്റിൽ ഒരു കിഴവൻ. പിറകിലത്തെ സീറ്റിൽ ഒരു യുവാവും യുവതിയും. എന്നെക്കണ്ടയുടനെ യുവതി മുന്നോട്ടാഞ്ഞു് കിഴവനെ തൊട്ടുവിളിച്ചു് എന്തോ പറഞ്ഞു. “അന്നു് ഓച്ചിറനിന്നു നമ്മെ കാറിൽ കൊണ്ടുവന്ന ആളാണു്.” എന്നു് അവൾ പറയുന്നതു് ഞാൻ വ്യക്തമായികേട്ടു. കിഴവൻ അതുകേട്ടു് നീരസത്തോടെ “വേണ്ട” എന്ന മട്ടിൽ കൈവീശി. കാറും “സ്പീഡെടുത്തു്” അങ്ങു പോകുകയും ചെയ്തു. പെണ്ണുങ്ങൾ പൊതുവേ നന്ദികെട്ടവരാണെന്നു് ഞാൻ വിശ്വസിച്ചിരുന്നു. തെറ്റു്. സ്ത്രീകളെക്കാൾ നന്ദികെട്ടവരാണു് കിഴവന്മാർ. അവർക്കു് ഒരു മൃദുവികാരവുമില്ല. സ്വന്തം മരണത്തെക്കുറിച്ചുള്ള വിചാരമല്ലാതെ വേറൊന്നും അവരെ ചലിപ്പിക്കുകയില്ല. പെൺകുട്ടികൾ എഴുതാറുള്ള അതിഭാവുകത്വം കലർന്ന ചെറുകഥകൾ വായിക്കുമ്പോഴെല്ലാം ഞാൻ ഓച്ചിറനിന്നു് കാറിൽകയറിയ കിഴവനായി മാറാറുണ്ടു്. ഒരു ചലനവും അത്തരം കഥകൾ എന്നിലുളവാക്കാറില്ല.
കുങ്കുമം വാരികയിൽ സുനി എഴുതിയ ‘ഊർമ്മിള’ എന്ന ചെറുകഥ വായിച്ചപ്പോഴാണു് ഞാൻ ആ ഓച്ചിറക്കിഴവനെ ഓർമ്മിച്ചുപോയതു്. ചെറുകഥയുടെ ഇതിവൃത്തം ഇന്നുവരെ എല്ലാ പെൺകുട്ടികളും കണ്ടുപിടിച്ചിട്ടുള്ള ഇതിവൃത്തംതന്നെ. അവൾ അയാളെ സ്നേഹിക്കുന്നു. അയാൾ കുറേക്കാലം അവളെ ‘പ്രേമിച്ചോണ്ടിരുന്നിട്ടു്’ അങ്ങു മാറിപ്പോകുന്നു. അവൾ നൈരാശ്യത്തിൽ വീഴുന്നു. ഇത്തരം കഥകളെ പ്രേമകഥകളെന്നു വിളിക്കാൻ വയ്യ. പ്രേമരോഗമാണു് ഇവയിലുള്ളതു്. കലാസൃഷ്ടികളെ ലിറിക്കൽ ഇമ്മേജസ്—lyrical images—എന്നു ഒരു നിരൂപകൻ വിളിക്കുന്നു. സുനിയുടെ കഥ ഭാവാത്മകവാങ്മയ ചിത്രമല്ല, അതു് വെറും കാരിക്കേച്ചർ—ഹാസ്യചിത്രം—ആയിത്തീർന്നിരിക്കുന്നു.
ഞാൻ ഇങ്ങനെ സ്വകീയങ്ങളായ അനുഭവങ്ങൾ സാഹിത്യസിദ്ധാന്തങ്ങളോടു കൂട്ടിക്കലർത്തി എഴുതുന്നതും കലാമൂല്യമില്ലാത്ത കൃതികളെ എതിർക്കുന്നതും ഒരു ശ്രീമതിക്കു എതിരെ ഇഷ്ടപ്പെടുന്നില്ല. ഒട്ടും ശാലീനതയില്ലാതെ, പുരുഷന്റെ മട്ടിൽത്തന്നെ അവർ എന്നെ ആക്ഷേപിക്കുന്നു. “നിങ്ങളുടെ മനസ്സിന്റെ ആവർത്തനങ്ങൾ, കുറ്റിയിൽ തളച്ച പശുവിന്റെ വട്ടം കറങ്ങൽ, നിങ്ങളെ മടുപ്പിക്കാത്തതുകൊണ്ടു മാത്രം എനിക്കും ആസ്വാദ്യമാകുമെന്നു നിങ്ങളെങ്ങനെ തെറ്റിദ്ധരിച്ചു?” “എത്ര നാളായി ഈ കഠോരസ്വരവും കാട്ടാളനൃത്തവും?” എന്നൊക്കെയാണു് ശ്രീമതിയുടെ ചോദ്യങ്ങൾ. അല്പപ്രഭാവനായ എന്നെ ഉദ്ദേശിച്ചുമാത്രമല്ല ഈ ചോദ്യങ്ങൾ. ശ്രീ. പി. കുഞ്ഞിരാമൻനായർ, ശ്രീമതി മാധവിക്കുട്ടി, ശ്രീ. കെ. ബാലകൃഷ്ണൻ ഇവരെയെല്ലാം ശ്രീമതി “ലക്ഷ്യങ്ങളാ”ക്കുന്നുവെന്നു് എനിക്കു സംശയമുണ്ടു്. അതു എന്തുമാകട്ടെ. എന്റെ കാര്യം പറയാം. ഞാൻ എഴുതുന്നതു് നിരൂപണമല്ല, വിമർശനമല്ല എന്നു് ആയിരം തവണ വ്യക്തമാക്കിയിട്ടുണ്ടു്. ചെറുകഥകൾ, കവിതകൾ ഇവ ഒരേ രീതിയിൽ വരുന്നതു കൊണ്ടു് അവയെക്കുറിച്ചുള്ള അഭിപ്രായങ്ങൾക്കു ആവർത്തനസ്വഭാവം വരും. അതു വന്നിട്ടുണ്ടു്, ഇനിയും വരും. സാഹിത്യത്തെസ്സംബന്ധിക്കുന്ന തത്ത്വങ്ങൾ കുറച്ചേയുള്ളു. അതു് പിന്നെയും പിന്നെയും പറയുക എന്നതേ മാർഗ്ഗമുള്ളു. അക്കാര്യം സ്വകീയമായരീതിയിൽ ആവിഷ്കരിക്കുമ്പോൾ ചിലപ്പോൾ ശബ്ദം “കഠോര”മാകാറുണ്ടു് സമ്മതിച്ചു്. ഏതായാലും അതു് കാട്ടാളനൃത്തമല്ല സ്വന്തം കാട്ടാളത്തത്തെ ശ്രീമതി മറ്റുള്ളവരിൽ ആരോപിക്കരുതു്. ഗഹനമാകരുതു് എന്നു കരുതിക്കൂട്ടി എഴുതുന്ന ഈ ലേഖനങ്ങൾ ഒട്ടുവളരെ പേർ വായിക്കുന്നുണ്ടു്. ശ്രീമതി മാധവിക്കുട്ടിയുടെ “എന്റെ കഥ” മലയാളനാടു് വാരികയിൽ പ്രസിദ്ധപ്പെട്ടുത്തിക്കൊണ്ടിരുന്ന കാലത്തു് പൗരധ്വനിവാരികയുടെ എഡിറ്റർ ശ്രീ. അനുജൻ അത്തിക്കയം ഒരു “ഗാലപ്പ് പോൾ” (Gallup Poll) നടത്തി “മലയാളനാടു്” എന്തുകൊണ്ടാണു് ആളുകൾ വായിക്കുന്നതു് എന്നായിരുന്നു അദ്ദേഹം ആരാഞ്ഞതു്. സാഹിത്യവാരഫലത്തിനാണു് ഏറ്റവും കൂടുതൽ വോട്ടുകിട്ടിയതെന്നു് ശ്രീ. അനുജൻ എന്നോടു പറയുകയുണ്ടായി. ഇതു് ഈ ലേഖനപരമ്പരയുടെ വൈശിഷ്ട്യത്തിനു് തെളിവായി പറയുന്നതല്ല. ബഹുജനം വായിക്കുന്നു എന്നതുകൊണ്ടു വിശിഷ്ടമാകണമെന്നില്ല. അവർക്കു് അങ്ങനെ കനം കുറഞ്ഞ ലേഖനങ്ങൾ വേണം. ആ “ഡിമാൻഡി”നു് അനുസരിച്ചിട്ടു് ഞാൻ “സപ്ലൈ” ചെയ്യുന്നു. ഈ ധനതത്ത്വശാസ്ത്രം ശ്രീമതി മനസ്സിലാക്കണം. ഇനി അഗാധതയാർന്ന മട്ടിൽ എഴുതാനാണെങ്കിലോ? ശ്രീമതിയെക്കാൾ എനിക്കതിനു പ്രാഗല്ഭ്യമുണ്ടു്. അവരുടെ “കൺഫ്യൂഷൻ” നിറഞ്ഞ ഷേക്സ്പിയർ നോട്ടുകൾ ഞാൻ കണ്ടിട്ടുണ്ടു് എന്നതിനാലാണു് ഇങ്ങനെ പറയുന്നതു. ചിന്താക്കുഴപ്പമില്ലാതെ വളരെ വ്യക്തമായി എനിക്കെഴുതാൻ കഴിയും പഠിപ്പിക്കാനും കഴിയും. ഹായ് മോശം! ഞാൻ ആത്മപ്രശംസയിൽ മുഴുകുന്നു. വായനക്കാർ സദയം ക്ഷമിക്കണം മെക്കിട്ടു് കേറിയാൽ മറുപടി നല്കാതിരിക്കുന്നതെങ്ങനെ?
ശ്രീമതിയുടെ വ്യക്തിവിദ്വേഷം കലർന്ന ലേഖനം വായിച്ചുണ്ടായ വൈരസ്യം മാറ്റിക്കിട്ടിയതു് ശ്രീ. പി. സുബ്ബയ്യാപിള്ള മലയാളനാട്ടിലെഴുതിയ “നഗ്നമായ” എന്ന കഥവായിച്ചപ്പോഴാണു്. “നഗ്നമായ അഴിമതി” “നഗ്നമായ പരമാർത്ഥം”എന്നൊക്കെ ഏതിലും നഗ്നത തിരുകുന്ന ഒരേർപ്പാടുണ്ടല്ലോ നമുക്കു്. സുബ്ബയ്യാപിള്ള അതിനെയാണു് നർമ്മബോധത്തോടെ ആക്രമിക്കുന്നതു്. ലക്ഷ്യവേധിയായ ആ കഥ (കഥയെന്നു പറയാമോ?) രസോത്പാദകമായിട്ടുണ്ടു് ഒരളവിൽ. പൂക്കളിലും പുൽക്കൊടികളിലും നിലാവു വന്നു വീഴുമ്പോൾ അവയ്ക്കു കൂടുതൽ തിളക്കം കിട്ടാറുണ്ടുല്ലോ. നിത്യജീവിതസംഭവങ്ങളിൽ ഫലിതത്തിന്റെ പ്രകാശം വീഴ്ത്തുകയാണു് ശ്രീ. സുബ്ബയ്യാപിള്ള.

കഥ, കാവ്യം ഇവയിലെ സംഭവങ്ങളും കഥാപാത്രങ്ങളും അവയുടേതായ അർത്ഥം നല്കുന്നതിനുപുറമേ മറ്റു സംഭവങ്ങളെയും വ്യക്തികളെയുംകൂടി സൂചിപ്പിച്ചാൽ അത്തരം രചനകളെ ഇംഗ്ലീഷിൽ ‘അലിഗറി’ എന്നുവിളിക്കും. മലയാളത്തിൽ ഇവയ്ക്കു ലാക്ഷണികകഥകളെന്നോ അർത്ഥവാദകഥകളെന്നോ പേരുകൊടുക്കാം. ഇതെഴുതുന്നയാളിനു് അലിഗറി ഇഷ്ടമല്ല. കാരണം അതിനു കലാത്മകതയില്ല എന്നതുതന്നെ. Is or is not Allegory a form of expression? I flattered myself that I had demonstrated that it is not—ലാക്ഷണിക കഥ ആത്മാവിഷ്കരണത്തിന്റെ രൂപമാണോ? അല്ലെന്നു ഞാൻ തെളിയിച്ചിട്ടുണ്ടു്—എന്നു ബനഡിറ്റോ ക്രോച്ചേ. Allegory is a cold and bald product of the intellect—അലിഗറി പ്രജ്ഞയുടെ വികാരശൂന്യമായ അനാച്ഛാദിതമായ ഫലമാണു്—എന്നു് ഫ്രഡ്രിഖ് ഹേഗൽ. It is far removed from art—അതു കലയിൽ നിന്നു് അതിദൂരം അകന്നുനില്ക്കുന്നു.—എന്നു് ഹേഗൽ വീണ്ടും. It is an Index of artistic decay or artistic immaturity—അതു് കലയ്ക്കുള്ള ജീർണ്ണതയേയും കലയെസ്സംബന്ധിച്ച പരിപാകമില്ലായ്മയേയും കാണിക്കുന്നു—എന്നു് വിഷർ.
ശ്രീ. എം. സുകുമാരൻ നല്ല കഥാകാരനാണു്. ആഖ്യാനപാടവം ലാളിത്യം ഇവ അദ്ദേഹത്തിന്റെ ഏതു് കഥയ്ക്കും കാണും. സംഭവസന്നിവേശത്തിൽ അദ്ദേഹത്തിനു സവിശേഷമായ പ്രാഗല്ഭ്യമുണ്ടു്. അതൊക്കെ മാതൃഭൂമിയിൽ അദ്ദേഹമെഴുതിയ “അയൽരാജാവു്” എന്നു അലിഗറിയിൽ ഉണ്ടുതാനും. എന്നിട്ടും അദ്ദേഹത്തിന്റെ കഥ എനിക്കു് ഇഷ്ടമായില്ല. അപരാധം ചെയ്യാത്ത ഒരുവൻ ശിക്ഷിക്കപ്പെടുന്നു. അയാൾ ഭാര്യയേയും മകനേയും പണയപ്പെടുത്തി മുന്നോട്ടു പോകുന്നു. കമ്മ്യൂണിസം നിലവിലിരിക്കുന്ന രാജ്യത്തു ചെല്ലാനാണു് അയാളുടെ ശ്രമം. അവിടെ ചെന്നുകഴിഞ്ഞാൽ തന്റെയും ഭാര്യയുടെയും മകന്റെയും പരാധീനത മാറും എന്നു് അയാൾ വിശ്വസിക്കുന്നു. അയാൾ അവിടെയെത്തി. ആഹ്ലാദത്തിലാണ്ടു. എങ്കിലും സാക്ഷാൽ കമ്മ്യൂണിസം അല്പമകലെയാണെന്നു മനസ്സിലാക്കി. സാരമില്ല. ഇത്രയും നടന്നു് അവിടെ എത്തിയ അയാൾ ആ ആദാർശാത്മക പ്രപഞ്ചത്തിലുമെത്തും. ഈ ആശയം ഒരു ഫേബിളിന്റെ—കെട്ടുകഥയുടെ—മട്ടിൽ സുകുമാരൻ ആവിഷ്കരിക്കുന്നു. കലാപ്രചോദനം ഒരഗ്നിനാളമാണു്. അതു അജാഗരിതഹൃത്തിൽനിന്നു് ജാഗരിതതലത്തിലേക്കു കടന്നു് യുക്തിയെ ചുട്ടുകരിച്ചശേഷം മിന്നൽപ്രഭ പ്രസരിപ്പിച്ചു് വിരാജിക്കുന്നു. രാഷ്ട്രവ്യവഹാരം, സദാചാരം തുടങ്ങിയവയോടു ബന്ധപ്പെട്ട ആശയങ്ങൾ ആ അഗ്നിനാളത്തിൽ വച്ചുകെട്ടുമ്പോൾ അതിന്റെ കാന്തി കുറയും. കലയിൽ അടിച്ചേല്പിക്കുന്ന ഈ ബാഹ്യഘടകങ്ങൾ കലയെത്തന്നെ ഇല്ലാതാക്കും. മറ്റൊരുതരത്തിൽ പറയാം അലിഗറി കലയല്ലെന്നു് മഹാന്മാരോടൊപ്പം അല്പജ്ഞനായ ഞാനും വിശ്വസിക്കുന്നു.
ഏതു കാര്യത്തിലും നിസ്തുലരൂപം പുലർത്തിയാൽ അസദൃശത പുലർത്തിയാൽ ബഹുജനം അതു കണ്ടറിയും. ശ്രീ. തേവടി നാരായണക്കുറുപ്പിന്റെ ‘ടാഗോർ’ എന്ന മാസിക അങ്ങനെയാണു് പ്രചാരമാർന്നതു് ശ്രീ. ജി. ബാലചന്ദ്രന്റെ സമന്വയം എന്ന മാസികയ്ക്കു് ഈ അദ്വിതീയതയുണ്ടു്. അതിൽ ശ്രീ. അമ്പലപ്പുഴ ഗോപകുമാർ എഴുതിയ “ഇനിയും നിൻ കഥ പറയൂ” എന്ന കാവ്യം ചിരപരിചിതങ്ങളായ ‘വാങ്മയചിത്രങ്ങളെ പ്രത്യക്ഷപ്പെടുത്തുന്നുണ്ടെങ്കിലും ഹൃദ്യമായിരിക്കുന്നു!’
“ഇനിയും നിൻകഥ പറയൂ-
തിരുമിഴിയിണകൾ നിറഞ്ഞു തുളുമ്പും നഷ്ട
സ്മൃതികളിൽ നിന്നു മുണർന്നഴകാർന്ന
പ്രഭാതത്തിന്റെ വിലോലകരാംഗുലി
കുളിരണിയിക്കെ…”
ഇതിലെ ലയാത്മകത ആരെയും രസിപ്പിക്കും.

1912-ൽ നോബൽ സമ്മാനം നേടിയ് ഫ്രഞ്ച് ജീവശാസ്ത്രജ്ഞൻ അലക്സേ കറൽ (Alexis Carrel) കൃത്രിമമായി ഹൃദയം നിർമ്മിച്ചു അതു പ്രവർത്തിപ്പിക്കുകയും ചെയ്തു. പക്ഷേ, നാസികൾ അധികാരത്തിൽ വന്നപ്പോൾ അദ്ദേഹം അവരോടു ചേർന്നു് തനിക്കു് ഹൃദയമില്ല, രക്താശയമേ ഉള്ളു എന്നു് തെളിയിച്ചു. നമ്മുടെ പല കവികൾക്കും ഹൃദയമില്ല, രക്താശയമേയുള്ളു. കവികളുടെ രക്താശയം ഹൃദയം കൂടിയായാൽ എത്ര നന്നായിരുന്നേനെ.