
പ്രശസ്തനായ ഒരു നിരൂപകൻ ഒരു സാഹിത്യകാരനെക്കുറിച്ചു് നല്ലവാക്കു പറഞ്ഞുവെന്നിരിക്കട്ടെ. പിന്നീടുള്ളവർ ആ സാഹിത്യകാരനെ അതോടെ കണ്ണടച്ചങ്ങു വാഴ്ത്തുകയായി, ആ വിധത്തിലുള്ള പ്രസ്താവനത്തിനു നിരൂപകനെ പ്രേരിപ്പിച്ച വസ്തുതകളെക്കുറിച്ചു് അവർ വിചാരിക്കുകയില്ല. അതിന്റെ സാംഗത്യത്തെപ്പറ്റിയോ നിഷ്പക്ഷതയെപ്പറ്റിയോ അവർക്കു് ആലോചനയില്ല. സാഹിത്യകാരന്റെ കൃതികൾ ഒന്നു വായിച്ചു നോക്കുകപോലും ചെയ്യാതെ അവർ പ്രശംസാവചനങ്ങൾ പൊഴിച്ചുകൊണ്ടിരിക്കും. അല്ലെങ്കിൽ അവർ വായിച്ചുവെന്നുതന്നെയിരിക്കട്ടെ. ഏതു “ചവറും” അവർക്കു രത്നമായിത്തോന്നും. തത്ത്വജ്ഞാനിയായ പാസ്കലി ന്റെ ഗ്രന്ഥത്തിലുള്ള അച്ചടിത്തെറ്റുകൾ ഉദാത്തങ്ങളായ ചിന്തകളായി വിക്തർ കസിൻ കരുതുകയുണ്ടായി. ആ തോന്നൽ മഹാനായ ഒരാളിനോടു ബന്ധപ്പെട്ടുവരുന്നതെന്തും മഹനീയമാണെന്ന സങ്കല്പത്തിൽനിന്നുളവാകുന്നതാണു്. നാം ആദ്യം പറഞ്ഞതാകട്ടെ നിരൂപകന്റെ പ്രശസ്തിയോടു ബന്ധപ്പെട്ടുണ്ടാകുന്ന മിഥ്യാസങ്കല്പമാണു്. ശ്രീ. പുളിമാന പരമേശ്വരൻപിള്ള യുടെ കവിതകളും കഥകളും നാടകവും ഉത്കൃഷ്ടങ്ങളാണെന്നു് കേരളത്തിലെങ്ങും പ്രസിദ്ധനായ ഒരു നിരൂപകൻ ഒരിക്കൽ അഭിപ്രായപ്പെട്ടു. അതോടെ പരമേശ്വരൻപിള്ളയെ കീറ്റ്സാ യും മോപ്പസാങ്ങാ യും ഇബ്സനാ യും ഒക്കെ കൊണ്ടാടുവാൻ പലരുമുണ്ടായി. ഇന്നും ആ “കൊണ്ടാട്ടം” അവസാനിച്ചിട്ടില്ല. ഉത്തിഷ്ഠമാനനായ ശ്രീ. എം. എം. ബഷീർ “ചന്ദ്രിക” ആഴ്ചപ്പതിപ്പിന്റെ 50-ാം ലക്കത്തിൽ എഴുതിയിരിക്കുന്ന “ഇരുപത്തിയഞ്ചുവർഷത്തിനുശേഷം” എന്ന ലേഖനത്തിൽ ശ്രീ. പുളിമാന പരമേശ്വരൻപിള്ള പ്രതിഭാശാലിയായ കവിയും അനന്യസാധാരണനായ കഥാകാരനും ഉജ്ജ്വലനായ നാടകക്കാരനും ആണെന്നു് സ്ഥാപിക്കാൻ ശ്രമിച്ചിരിക്കുന്നു. ഏതിലും സ്വതന്ത്രങ്ങളായ അഭിപ്രായങ്ങൾ ആവിഷ്ക്കരിക്കുവാൻ താൽപര്യം കാണിക്കാറുള്ള എന്റെ സുഹൃത്തു ശ്രീ. ബഷീർ ഇവിടെ പലരും പാടിയ പല്ലവി ഏറ്റുപാടുന്നതേയുള്ളൂ. അദ്ദേഹം സാകൂതം ഉദ്ധരിക്കുന്ന കാവ്യഭാഗം പുളിമാന പരമേശ്വരൻപിള്ളയുടെ പ്രതിഭാരാഹിത്യത്തിനു മാത്രമേ നിദർശകമാകുന്നുള്ളൂ. വരകൾ ഇതാ.
“നിഷ്ഫലം നില്ക്കുമെൻ വ്യർത്ഥവ്യാമോഹമേ
നിഷ്ഠൂരമെൻ വിയർപ്പെല്ലാം കുടിച്ചുനീ
നൂറു നൂറാശകൾ മിന്നിത്തെളിയിച്ചു
പാരിടം മോഹനമെന്നുമന്ത്രിച്ചു നീ
…………………………………
നില്ക്കുക നില്ക്കുകെന്നാശാശതങ്ങളേ
നിങ്ങളെപ്പോറ്റുവാൻ വേർപ്പിനിയില്ല മേ.”
ഈ വരികൾ എഴുതിയ ‘കവി’ മൗലികപ്രതിഭയുള്ള കവിയാണെന്നു് എങ്ങനെ പറയും? ഇവിടെ ഇംഗ്ലീഷിൽ Poetic inevitability—കാവ്യാത്മകമായ അനതിക്രമണീയത—(കവി പദങ്ങൾ പ്രയോഗിച്ചുകഴിഞ്ഞാൽ അവ മാറ്റി മറ്റു പദങ്ങൾ വയ്ക്കാൻ വയ്യാതെവരുന്ന അവസ്ഥ) എന്ന ഗുണമില്ല. ഒരു വരിയിൽപ്പോലും കവിതയില്ല. ഇതിനെക്കാളൊക്കെ നിഷിദ്ധമായി മറ്റൊരു വസ്തുതയുമുണ്ടു്. അതു് ഈ കാവ്യശകലം ചങ്ങമ്പുഴ ക്കവിതയുടെ പ്രതിധ്വനിയാണെന്നുള്ളതാണു്. കവിയുടെ പേരുപറയാതെ ആശാന്റെ യും വള്ളത്തോളി ന്റെയും ശങ്കരക്കുറുപ്പി ന്റെയും ചങ്ങമ്പുഴയുടെയും കവിതകൾ വായനക്കാരെ ചൊല്ലിക്കേൾപ്പിച്ചാൽ അവർ ഒരു സംശയവും കൂടാതെ ഓരോ കാവ്യഭാഗവും ഇന്ന കവിയെഴുതിയതാണെന്നു പറയും. മുകളിൽച്ചേർത്തവരികൾ കവിയുടെ പേരു പറയാതെ ചൊല്ലിയാലോ? ചങ്ങമ്പുഴയ്ക്കു് ഏഴുവയസ്സുണ്ടായിരുന്ന കാലത്തു് എഴുതിയതാണോ എന്നു് അവർ ചോദിച്ചെന്നുവരാം. ഞാൻ പുളിമാന പരമേശ്വരൻപിള്ളയുടെ എല്ലാക്കവിതകളും വായിച്ചിട്ടുണ്ടു്. അദ്ദേഹം മൗലികനായ കവിയല്ല; മാറ്റൊലിക്കവിയാണു്. ഇങ്ങനെയുള്ള ഒരു മാറ്റൊലിക്കവിയെക്കുറിച്ചു ബഷീർ പറയുന്നു: “പ്രതിഭയുടെ കാര്യത്തിൽ ഇടപ്പള്ളിയെക്കാൾ അതിശക്തനായിരുന്ന പുളിമാന പരമേശ്വരൻപിള്ളയെ ഇന്നോളം അധികമാരും മനസ്സിലാക്കിയിട്ടില്ല.” ഇടപ്പള്ളി രാഘവൻപിള്ള എവിടെ? പുളിമാന പരമേശ്വരൻപിള്ള എവിടെ? നക്ഷത്രമെവിടെ? പുല്ക്കൊടിയെവിടെ?

പരമേശ്വരൻപിള്ളയുടെ “സമത്വവാദി” എന്ന ഭാവാത്മകനാടകത്തിന്റെ പുനഃപ്രസാധനത്തിൽ പുളകിതഗാത്രനായിട്ടാണു് ശ്രീ. ബഷീർ ഇങ്ങനെയെല്ലാം പ്രസ്താവിക്കുന്നതു്. ആ “സമത്വവാദി” മലയാളനാടകസാഹിത്യത്തിലെ “ഒരദ്ഭുത”മാണെന്നുവരെ അദ്ദേഹത്തിനു് അഭിപ്രായമുണ്ടെന്നു തോന്നുന്നു. പക്ഷേ, ജർമ്മൻനാടകകർത്താവായ ജോർജ്ജ് കൈസർ എഴുതിയ Coral, gas I, gas II, എന്നീ മൂന്നു നാടകങ്ങളിൽ നിന്നു് വ്യുത്പന്നമായ ഒരു മാറ്റൊലിനാടകമാണു് പുളിമാനയുടെ “സമത്വവാദി”. ജീവിതാഭിവീക്ഷണത്തിൽ, ഇതിവൃത്തനിവേശനത്തിൽ ഒക്കെ പുളിമാന പരമേശ്വരൻപിള്ള കൈസറെ അനുകരിക്കുന്നു. ദരിദ്രനായി ജീവിതമാരംഭിച്ചു് കോടീശ്വരനായ ഒരു പ്രധാന കഥാപാത്രം കൈസറുടെ നാടകത്തിലുണ്ടു്. പരമേശ്വരൻപിള്ളയുടെ പ്രഭു അയാളിൽ നിന്നു് വിഭിന്നനല്ല. കൈസറുടെ കോടീശ്വരന്റെ മകൻ സമത്വവാദിയാണു്. അയാൾ അച്ഛനോടു പറയുന്നു: “നിങ്ങളെ മറച്ചിരിക്കുന്ന ആവരണം ഞാൻ കീറിയെറിയും. നിങ്ങളുടെ ധനത്തിന്റെ പാപത്തെക്കുറിച്ചു് നിങ്ങൾക്കറിഞ്ഞുകൂടേ”. പുളിമാനയുടെ സമത്വവാദി പ്രഭുവിന്റെ മകനല്ലെങ്കിലും അനന്തരവനാണു്. അയാൾ അട്ടഹസിക്കുന്നു. “ആ ആശ ഞാൻ തകർക്കും. ന്യായരഹിതമായ ആശ… ആ വെളിയിലെല്ലാം പേയിളക്കുന്ന ആ നിലവിളി ഒന്നുകിൽ നശിക്കണം; അല്ലെങ്കിൽ—അതിനോടു ചേരുന്ന ഒരു ഭീമമായ നിലവിളി ഇതിനകത്തുനിന്നും പൊങ്ങണം. സ്വാർത്ഥമായ ആനന്ദം തുലയണം.” കൈസറുടെ കോടീശ്വരൻ ദരിദ്രനായിരുന്നല്ലോ. തന്റെ സന്താനങ്ങൾ ദാരിദ്ര്യത്തിന്റെ ദുഃഖമറിയരുതെന്നു് അയാൾക്കു നിർബന്ധമുണ്ടു്. പക്ഷേ, സന്താനങ്ങൾ നീതിരഹിതമായി ആർജ്ജിച്ച ധനം അനുഭവിക്കാൻ തയ്യാറാവുന്നില്ല. അവർ തൊഴിലാളികളോടു ചേരുന്നു. പ്രഭുവിന്റെ അനന്തരവനായ സമത്വവാദിയ്ക്കും അതേ ആശയം തന്നെയാണുള്ളതു്. കൈസറുടെ നാടകത്തിൽ കോടീശ്വരൻ തന്റെ പ്രതിരൂപമായ സെക്രട്ടറിയെ വെടിവച്ചുകൊല്ലുന്നു. പരമേശ്വരൻപിള്ളയുടെ നാടകത്തിൽ സമത്വവാദി പ്രഭുവിനെ വെടിവച്ചുകൊല്ലുന്നു. രണ്ടു വധങ്ങളും വിഭിന്നങ്ങളാണെന്നു തോന്നും. പക്ഷേ, ഒന്നാണെന്നു തെളിയിക്കാൻ ഒരു പ്രയാസവുമില്ല. സ്ഥലപരിമിതികൊണ്ടു് ഞാൻ നിറുത്തുന്നു. അതിഭാവുകത്വത്തിന്റെയും അവാസ്തവികത്വത്തിന്റെയും സന്തതികളായ കുറെ ചെറുകഥകൾ പുളിമാന നിർമ്മിച്ചിട്ടുണ്ടു്. അവയെക്കുറിച്ചു് ബഷീർ പറയുന്നു: ‘കാല്പനികത്വത്തിന്റെ നിത്യഹരിതഭൂമിയിൽ സൗന്ദര്യം വർഷിച്ചുനില്ക്കുന്ന പുളിമാനയുടെ ചെറുകഥകളെ മലയാളത്തിൽ മറ്റാർക്കും അനുകരിക്കാൻ കഴിഞ്ഞിട്ടില്ല.” പുളിമാന പരമേശ്വരൻപിള്ളയുടെ കൃതികൾ സമാഹരിച്ചു പ്രസാധനംചെയ്ത കാലത്തു് ചിലർ എന്നോടു പറഞ്ഞു: “ഒന്നു കേമമായി പത്രത്തിലെഴുതണം.” ഞാൻ ഗ്രന്ഥം വായിച്ചുനോക്കിയപ്പോൾ അന്തരിച്ചുപോയ ആ നല്ല മനുഷ്യൻ മാറ്റൊലിസ്സാഹിത്യകാരനാണെന്നു മനസ്സിലാക്കി. അങ്ങനെതന്നെ “കൗമുദി”യിൽ എഴുതുകയും ചെയ്തു. ബഷീറിനോടു് അങ്ങനെ ആരും പറഞ്ഞിരിക്കാനിടയില്ല. പറഞ്ഞിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും എന്റെ സുഹൃത്തു് ഈ വരികൾ ഓർമ്മിക്കുന്നതു കൊള്ളാം. “ചിത്തം ചലിപ്പതിന്നു ഹേതു മുതിർന്നുനില്ക്കെ നെഞ്ചിൽക്കുലുക്കമെവനില്ലവനാണു ധീരൻ.”
കാശിത്തുമ്പയുടെ വിത്തുകൾ ചിതറുന്നതു കണ്ടിട്ടില്ലേ? എന്തൊരു മഹാമനസ്കതയാണു് ആ ചെടിക്കു്? നാലുപാടും നിർല്ലോപമായി വിത്തുകൾ വാരിയെറിയുന്നു. അതുപോലെ പണം വാരിയെറിയുന്ന ഒരു സുഹൃത്തിനെ എനിക്കറിയാം. ഔദാര്യത്തിന്റെയും ദാനശീലതയുടെയും മൂർത്തിമദ്ഭാവമാണു് അദ്ദേഹം. അദ്ദേഹത്തെപ്പോലെ കലയുടെ സ്വർണ്ണനാണയങ്ങൾ വാരിവിതറുന്ന ഒരു ഉദാരശീലനുണ്ടു് മലയാളസാഹിത്യത്തിൽ. സേതു വെന്നാണു് അദ്ദേഹത്തിന്റെ പേരു്, 21-ാം ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പു നോക്കുക. അദ്ദേഹത്തിന്റെ “കർക്കടകം” എന്ന ചെറുകഥ കാണാം. വർഷത്തിന്റെ അവസാനമാസമാണു് കർക്കടകം. ജീവിതാവസാനത്തിലെത്തിയ ഒരുവനെ കഥാകാരൻ അവതരിപ്പിക്കുന്നു. അയാളുടെ മാനസികനിലകളെ പ്രദർശിപ്പിക്കാൻ വേറേ രണ്ടു കഥാപാത്രങ്ങളെ ചിത്രീകരിക്കുന്നു. മരണത്തെ സമീപിച്ച അയാളുടെ ഓരോ മാനസികപ്രതികരണത്തെയും സുസൂക്ഷ്മമായി ആവിഷ്ക്കരിക്കുന്നു. കഥ വായിച്ചുതീരുമ്പോൾ അതു് അയാളുടെ കഥ മാത്രമല്ല നമ്മുടെ എല്ലാവരുടെയും കഥതന്നെയാണെന്നു് നമുക്കു തോന്നുന്നു. വ്യക്തിഗതങ്ങളായ വസ്തുതകൾ ചിത്രീകരിച്ചു് സമഷ്ടിഗതങ്ങളായ വസ്തുതകളെ ആലേഖനം ചെയ്യുന്നതാണു് കലയെന്നു് ഹെഗൽ പറഞ്ഞതു് എത്ര വാസ്തവം! ഞാൻ അടുത്തകാലത്തു് വായിച്ച ഉത്കൃഷ്ടങ്ങളായ കഥകളിലൊന്നാണു് സേതുവിന്റെ “കർക്കടകം”. സ്നേഹവും യുക്തിയും ഒരിക്കലും ചേരാത്തവയാണു്. ഭർത്താവിനു തന്നെ സ്നേഹമില്ലെന്നു ഭാര്യ വിചാരിക്കുന്നു. ഭാര്യയ്ക്കു തന്നെ സ്നേഹമില്ലെന്നു് ഭർത്താവു വിചാരിക്കുന്നു. യുക്തിയുടെ അവലംബത്തോടെയാണു് ഈ വിചാരങ്ങൾ ഉദ്ഭവിക്കുക. എന്നാൽ പൊടുന്നനവേ യുക്തിയെ ലംഘിച്ചുകൊണ്ടു് സ്നേഹം മയൂഖമാലകൾ വീശിയാലോ? ഭാര്യയും ഭർത്താവും അതിന്റെ പ്രകാശവലയത്തിൽപ്പെട്ടു് ഔജ്ജ്വല്യത്തോടെ നില്ക്കും. ഈ തത്ത്വമാണു് നന്ദിനി സത്പഥി യെഴുതിയ “അഗാധതയിൽ” എന്ന സുന്ദരമായ ഒറിയാക്കഥയിലുള്ളതു്, ഇതു് തർജ്ജമചെയ്തു് ശ്രീ. പി. കെ. പി. കർത്താ അഭിനന്ദനം അർഹിക്കുന്നു. പ്രപഞ്ചരഹസ്യം മനസ്സിലാക്കാൻതക്കവിധത്തിൽ പ്രാഗല്ഭ്യമാർന്ന ഒരുവനെ ശ്രീ. യു. ഫൽഗുനൻ പ്രാഗ്ലഭ്യത്തോടെ അവതരിപ്പിക്കുന്നു. (രണ്ടുകഥകളും മലയാളനാട്ടിന്റെ 12-ാം ലക്കത്തിൽ) ശ്രീ. എ. സി. കെ. രാജായുടെ “കോഴിക്കോട്ടെ പക്ഷികളോ? ഒരു നഗരത്തിന്റെ ജീർണ്ണിച്ച ജീവിതത്തെ സ്വകീയങ്ങളായ പ്രതിരൂപങ്ങളിലൂടെ സ്ഫുടീകരിക്കുന്ന ആ കഥയിലുമുണ്ടു് കഥാകാരന്റെ വൈദഗ്ദ്ധ്യം. പക്ഷേ, വ്യത്യാസം നാം ഓർമ്മിക്കേണ്ടതുണ്ടു്. ചെലവുചെയ്യേണ്ടതിനുമാത്രം വിദഗ്ദ്ധതയോടെ ചെലവാക്കുന്ന മാർഗ്ഗം ഒന്നു്. മഹാമനസ്ക്കതയുടെ പ്രഭാതാരള ്യത്തോടുകൂടി കാഞ്ചനനാണയങ്ങൾ വാരിയെറിയുന്ന മാർഗ്ഗം രണ്ടു്. രണ്ടാമത്തെയാളിനെ ആളുകൾ സ്നേഹിക്കും, ബഹുമാനിക്കും… Caricatures—വികൃതചിത്രങ്ങൾ—എല്ലാ മണ്ഡലങ്ങളിലുമുണ്ടു്. സായ്പിന്റെ മട്ടിൽ ഇംഗ്ലീഷ് പറഞ്ഞു് സായ്പും നാടനുമല്ലാതായ വാർത്താവായനക്കാരൻ. ഇംഗ്ലീഷ് ശൈലിയിൽ മലയാളം പറയുന്ന വാർത്താവായനക്കാരൻ: മര്യാദയുടെ പേരിൽ അങ്ങോട്ടു തൊഴുമ്പോൾ കഴുത്തൊടിച്ചു തലമാത്രം ചരിച്ചുതാഴ്ത്തുന്ന പരിഷ്ക്കാരി, അങ്ങനെ പലരും ഒന്നുകൂടെ പറയട്ടെ, കലാവാസനയില്ലാതെ കഥയെഴുതി മനുഷ്യരെ ശല്യപ്പെടുത്തുന്ന തൂലികാതാഡനക്കാരൻ. ശ്രീ. ഉണ്ണികൃഷ്ണൻ ചേലേമ്പ്ര ചന്ദ്രിക ആഴ്ചപ്പതിപ്പിലെഴുതിയ “വിശ്വാസത്തുടർച്ച” എന്ന ചെറുകഥ വായിച്ചപ്പോൾ ഞാനീവികൃതചിത്രങ്ങളെക്കുറിച്ചു് ഓർമ്മിച്ചുപോയി. അവാർഡ് ലഭിച്ച നോവലിനെക്കുറിച്ചു് നിരൂപണമെഴുതാൻ ഭാവിച്ച ഒരെഴുത്തുകാരൻ വേലുവെന്ന സാധുവിനെ കണ്ടപ്പോൾ അത്യന്താധുനികത്വത്തിലേക്കും ജീർണ്ണതയിലേക്കും വിശ്വാസത്തകർച്ചയിലേക്കും ചെല്ലുകയായി. അദ്ദേഹം അവയുടെ നേർക്കു് ഉപാലംഭം ചൊരിയുന്നു. ഉപാലംഭം ചൊരിയൂ മി. ഉണ്ണിക്കൃഷ്ണ്ൻ! അതു് കലകൂടിയാവട്ടെ; വികൃതചിത്രമാകാതിരിക്കട്ടെ. പക്ഷേ, യഥാർത്ഥത്തിലുള്ള തൂലികാതാഡനം നടത്തുന്നതു് ശ്രീ. കെ. പി. എം. അലി പാലുവായിയാണു്. ആ താഡനത്തിന്റെ വേദന ഞാനറിഞ്ഞു. വായനക്കാർ അതറിയാതിരിക്കട്ടെ. പേഴ്സ്യയിൽ ജോലി നോക്കുന്ന ഭർത്താവിന്റെ കത്തു കാത്തിരിക്കുന്ന ഭാര്യയ്ക്കു് രണ്ടു കത്തുകൾ ഒരുദിവസം കിട്ടി. ആദ്യത്തെ കത്തു് പൊട്ടിച്ചു വായിച്ചപ്പോൾ ഭാര്യ ബോധംകെട്ടു. ഭാര്യയ്ക്കു് ചാരിത്രദോഷം സംഭവിച്ചതിനാൽ അവളെ ഉപേക്ഷിച്ചിരിക്കുന്നുവെന്നു ഭർത്താവു് അതിലെഴുതിയിരിക്കുന്നു. ഒട്ടൊക്കെ ബോധം വന്നപ്പോൾ രണ്ടാമത്തെ കത്തു് തുറന്നുവായിച്ചു. അപ്പോൾ അതിൽ എഴുതിയിരിക്കുന്നു. ആദ്യത്തെ കത്തിൽ വർണ്ണിച്ചതു് സ്വപ്നമായിരുന്നുവെന്നു്. ഉടനെ ഭാര്യ ആഹ്ലാദിച്ചു. ഹായ്! എന്തൊരുജ്ജ്വലഭാവന! കുരിശിൽത്തറച്ച യേശുദേവന്റെ ഒരു രൂപം എന്റെ മേശപ്പുറത്തു് ഇരിക്കുന്നു ഞാൻ അദ്ദേഹത്തിന്റെ വാക്കുകൾ വീണ്ടും കേൾക്കുന്നു. “പിതാവേ ഇവർ ചെയ്യുന്നതു് എന്താണെന്നു് അറിയുന്നില്ല. ഇവർക്കു മാപ്പുകൊടുക്കണേ” യേശുദേവനും ജഗന്നിയന്താവും അലിക്കു മാപ്പുകൊടുക്കും. വായനക്കാരൻ മാപ്പുകൊടുക്കുകയില്ല. അത്ര കണ്ടു ബീഭത്സമാണു് ഇക്കഥ. “ജനയുഗം” വാരികയിലും “ദേശാഭിമാനി” വാരികയിലും ഈ പ്രാവശ്യം കഥകൾ കാണുന്നില്ല. ആ വാരികകൾക്കു കിട്ടുന്നതും ഇത്തരം കഥകളായിരിക്കും, ഭാഗ്യമായി അവർ കഥ പരസ്യം ചെയ്യാത്തതു്. “വല്ലാമക്കളിലില്ല മക്കൾ” എന്ന കവിവചനം എത്ര സാർത്ഥകം!
കൃതജ്ഞത ഒരു മാനുഷികമൂല്യമാണെന്നു നാം വിചാരിക്കാറുണ്ടെങ്കിലും അതിനു പരമപ്രാധാന്യം കല്പിക്കേണ്ടതുണ്ടോ? പൂക്കൾ സൗരഭ്യം പ്രസരിപ്പിക്കുന്നു; വൃക്ഷങ്ങൾ കനികൾ വിതരണംചെയ്യുന്നു. ആ വൃക്ഷങ്ങളുടെ വേരുകൾ നോക്കൂ, ജലം വലിച്ചെടുത്തു മുകളിലേയ്ക്കു് എത്തിക്കുക എന്നതിൽക്കവിഞ്ഞു് അവയ്ക്കൊരു ജോലിയുമില്ല. ഇവയൊന്നും കൃതജ്ഞത അവകാശപ്പെടുന്നില്ല. സ്വാർത്ഥരഹിതനായ മനുഷ്യനും കൃതജ്ഞതയ്ക്കുവേണ്ടി ബഹളം കൂട്ടുന്നില്ല. ആ രീതിയിലുള്ള ഒരു നല്ല മനുഷ്യനെ—ശ്രീ. എസ്. നീലകണ്ഠയ്യരെ—ശ്രീ. സി. അച്ചുതമേനോൻ നമ്മുടെ മുന്നിലേക്കു കൊണ്ടുവരുന്നു. ആ ചിത്രത്തിനു തെളിച്ചമുണ്ടു്; ഭംഗിയുണ്ടു്. അദ്ദേഹത്തിന്റെ വാക്യങ്ങൾ ലളിതങ്ങളാണു്; അവ പ്രസന്നത എന്ന ഗുണം ആവഹിക്കുന്നു. (നവയുഗം വാരിക-ലക്കം 4)
സാഹിത്യത്തെ മാർക്സിയൻ തത്ത്വചിന്തയിലൂടെ സംവീക്ഷണം ചെയ്യുകയും ആ രീതിയിൽ അതിന്റെ മൂല്യം നിർണ്ണയിക്കുകയും ചെയ്യുന്ന പ്രഗല്ഭനായ നിരൂപകനാണു് ശ്രീ. നരേന്ദ്രപ്രസാദ്. അദ്ദേഹം പുരോഗമന പ്രസ്ഥാനത്തിനു ചെയ്യാവുന്ന കാര്യങ്ങളെന്ന നിലയിൽ ചില നിർദ്ദേശങ്ങൾ നല്കുന്നു. (നവയുഗം) അവയിലൊന്നു് “രാഷ്ട്രീയബന്ധങ്ങളുടെ പേരിൽ സർഗ്ഗസാഹിത്യകാരന്മാരെയാരെയും “ഒന്നു പൊക്കിക്കൊടുക്കാൻ തയ്യാറാവാതിരിക്കുക” എന്നതാണു്. സാഹിത്യത്തെ അതിന്റെ മാനദണ്ഡങ്ങൾകൊണ്ടേ അളക്കാവൂ എന്നു് അഭിപ്രായമുള്ള ഈ ലേഖകൻ നരേന്ദ്രപ്രസാദിന്റെ ഈ നിർദ്ദേശത്തെ പിന്താങ്ങുകയും സമഞ്ജസമായ ഈ നിർദ്ദേശം മുന്നോട്ടു വച്ചതിനു് അദ്ദേഹത്തെ സവിനയം അഭിനന്ദിക്കുകയും ചെയ്യുന്നു.

മലയാളനാടു നോക്കുക “സ്പാനഡു വിലെ ഏകാന്തത്തടവുകാരനായ” ഹെസ്സിനെക്കുറിച്ചു് ശ്രീ. സെബാസ്റ്റ്യൻ പോൾ എഴുതുന്നു. ഹൃദയത്തെ സ്പർശിക്കുന്ന ഒരു ലേഖനമാണതു്. ഹെസ്സ് ക്രൂരനാണെങ്കിലും ആ ലേഖനം വായിച്ചാൽ നമ്മുടെ കണ്ണുകൾ കണ്ണീരുകൊണ്ടു നനയാതിരിക്കുകയില്ല. അമ്പതുവർഷം മുൻപു് ഉത്കൃഷ്ടങ്ങളായ ലേഖനങ്ങളെഴുതി മലയാളഭാഷയെ സമ്പന്നമാക്കിയ ശ്രീ. എം. രാജരാജവർമ്മയെക്കുറിച്ചു ഡോക്ടർ. എസ്. പരമേശ്വരൻ മാതൃഭൂമിയിലെഴുതിയിരിക്കുന്നു. രാജരാജവർമ്മയുടെ മഹത്ത്വം ആ ലേഖനത്തിൽനിന്നു വ്യക്തമാകുന്നു.