സാഹിത്യവാരഫലം
എം കൃഷ്ണൻ നായർ
(മലയാളനാടു വാരിക, 1971-10-03-ൽ പ്രസിദ്ധീകരിച്ചതു്)

കശാപ്പുശാലയിൽ പനിനീർപ്പൂവോ?

“ഇതാ, ഈ കൈയിലിരിക്കുന്നതു് എന്തെന്നു പറയൂ” അയാൾ വിരലുകൾ മടക്കിവച്ച വലതുകൈ അവളുടെ നേർക്കു നീട്ടിക്കൊണ്ടു ചോദിച്ചു. അവൾ മനോഹരമായ പുഞ്ചിരി പൊഴിച്ചിട്ടു്, അയാളുടെ കൈ തന്റെ മൃദുലങ്ങളായ കൈകൾകൊണ്ടു പിടിച്ചു പതുക്കെ തുറക്കാൻ ശ്രമിച്ചു. അവൾ എത്ര ശ്രമിച്ചാലും അയാളുടെ ഒരു വിരൽപോലും അനങ്ങുകയില്ല. അത്രയ്ക്കു ശക്തനാണു് ആ യുവാവു്. എങ്കിലും പ്രേമഭാജനത്തിന്റെ വിരലുകളുടെ സ്പർശനമേറ്റപ്പോൾ അയാൾക്കൊരു “മാദകമധുരിമ.” വിരലുകൾ ഒന്നുകൂടെ ചേർത്തടയ്ക്കുന്നുവെന്ന മട്ടുകാണിച്ചിട്ടു് അയാൾ അവ മെല്ലെ വിടർത്തുകയാണു്; വിടർത്താൻ അവളെ അനുവദിക്കുകയാണു്. തന്റെ ശക്തികൊണ്ടാണു് ആ വിരലുകൾ തുറന്നതെന്ന വിചാരത്തോടെ യുവതി അഞ്ചുവിരലും പിടിച്ചു വിടർത്തിവയ്ക്കുന്നു. വിജയോന്മാദത്തോടെ പൊട്ടിച്ചിരിച്ചു്, അവൾ അയാളുടെ ഉള്ളങ്കൈയിലേക്കു നോക്കുമ്പോൾ രത്നം പതിച്ച ഒരു മോതിരം അവിടെയിരുന്നു മിന്നുന്നു. അവൾക്കെന്തൊരാഹ്ലാദം! അവളതു് വിരലിലണിഞ്ഞുകൊണ്ടു് ഓടിപ്പോകുമ്പോൾ, അത്രവേഗം വിരലുകൾ തുറന്നുകൊടുത്തതു് ബുദ്ധിശൂന്യതയായിപ്പോയിയെന്നു് അയാൾക്കൊരു തോന്നൽ. എന്നാലും അവളോടൊപ്പം അയാളും ആഹ്ലാദിക്കുന്നു. കാമുകന്റെ കൈ പിടിച്ചു തുറക്കുന്ന കാമുകിയെപ്പോലെയാണു് അനുവാചകൻ. അല്പമൊരു പ്രയത്നം. കവിയുടെ കലാസൃഷ്ടി തനിയെ വിടരണം. അതിനകത്തിരിക്കുന്ന രത്നം അയാൾ കാണണം “മാതൃഭൂമി”യിലെ “സ്വർണ്ണാഭയാം വംഗഭൂമി” എന്ന കവിത വായിക്കൂ. കോമളമായ വിരൽത്തുമ്പിന്റെ സ്പർശമേല്ക്കുന്നതിനു മുൻപുതന്നെ ഈ കലാസൃഷ്ടി വിടരുന്നു. അതിനകത്തു് രത്നമുണ്ടോ? കാണുക

“മംഗലഭൂമി, സുവർണ്ണാഭയാകുമെൻ

വംഗമനോഹര ഭൂമി

…………………………

…………………………

നമ്മൾ നടന്നൂ കരംകോർത്തു നിൻഹരി-

താമ്രവനങ്ങളിൽ, പദ്മാ നദീതീര

താലവനങ്ങളിൽ, പിന്നെത്തിരിച്ചുവ-

ന്നുമ്മറക്കോണിലിരിക്കും പഴകിയ

പൊന്നു പല്ലക്കിന്റെയുള്ളിലൊളിച്ചിരു-

ന്നെങ്ങൾ-കമലയും ദുർഗ്ഗയുമപ്പുവു-

മൊന്നിച്ചിരുന്നു പുളിയും മധുരവും

തിങ്ങിന ബാല്യകാല കൗതൂഹലത്തിൻ കനി

തിന്നൂ, ചിരി കിലുങ്ങാതെ.”

ടാഗോർഭവനത്തിൽ സൂക്ഷിച്ചിരുന്ന പല്ലക്കാണു് ഇതിൽ പരാമർശിക്കപ്പെടുന്നതു്. ആ ഭവനവും പല്ലക്കും ഇപ്പോൾ പട്ടാളക്കാർ തകർത്തുകളഞ്ഞു. കമലയും ദുർഗ്ഗയും അപ്പുവും ബംഗാളിനോവലുകളിലെ കഥാപാത്രങ്ങളത്രേ. ഈ കവിതയെഴുതിയ ശ്രീമതി സുഗതകുമാരി ഈ വരികൾക്കു ശേഷം ടാഗോറി ന്റെ കലാസൃഷ്ടികളെ വാഴ്ത്തുന്നു, പിന്നീടു് ബംഗ്ലാദേശത്തെ ദ്രൗപദിയായി കാണുന്നു. അപമാനിതയായ ഈ ദ്രൗപദിയെ—ബംഗ്ലാദേശത്തെ—രക്ഷിക്കാൻ ഈശ്വരൻപോലുമില്ലാതെയായോ എന്നു ചോദിക്കുന്നു. കവിതയുടെ അവസാനം ഇങ്ങനെയാണു്:

…………………………

സോദരി, പൊട്ടിക്കരഞ്ഞു കൈനീട്ടുമെൻ

സോദരി, നിൻ കൊടും ചൂടിലുരുകുന്നു

ഞാനുമെൻ ദുർബലമായൊരിക്കൈകളും

ഈ യുഗത്തിന്റെയാത്മാവും.

കാമുകൻ വിരലുകൾ മടക്കിവച്ചുകൊണ്ടു് “ഇതിനകത്തു് എന്തെന്നു പറയു” എന്നു കാമുകിയോടു ചോദിക്കുന്നതു് എപ്പോൾ? അവളുടെ ജന്മദിനത്തിലായിരിക്കാം, അല്ലെങ്കിൽ ആഹ്ലാദപ്രദമായ മറ്റേതൊരു ദിവസത്തിലുമാകാം. പ്രാണനാഥയുടെ അമ്മ മരിച്ചുകിടക്കുമ്പോൾ ശൃംഗരിക്കാൻ വരുന്ന ആത്മനാഥൻ മനുഷ്യനോ? ബംഗ്ലാദേശത്തു് പെൺകുട്ടികളെ ബലാൽസംഗം ചെയ്തു കൊല്ലുമ്പോൾ പിഞ്ചുകുഞ്ഞുങ്ങളെ ബയണറ്റുകൊണ്ടു് കുത്തിക്കൊല്ലുമ്പോൾ, അച്ഛനമ്മമാരുടെ മുൻപിൽ വച്ചു് മകളെ പലപ്രാവശ്യം ബലാൽസംഗം ചെയ്തിട്ടു് അവരുടെ കണ്ണുകൾ തുരന്നെടുക്കുമ്പോൾ, ചോക്ലേറ്റിന്റെ മാധുര്യമുള്ള ഇത്തരം കവിതകളെഴുതാൻ ഹൃദയശൂന്യർക്കല്ലാതെ മറ്റാർക്കു സാധിക്കും? റ്റൈം വീക്കിലിയിലെ റിപ്പോർട്ടുകൾ ഇതാ—

“ത്രിപുരയിലെ മറ്റൊരു പെൺകുട്ടി—അവൾക്കു് പതിമൂന്നിനും പത്തൊൻപതിനുമിടയ്ക്കുള്ള വയസ്സുകാണും—പറയുന്നു തന്നെ പതിമൂന്നു പശ്ചിമപാകിസ്ഥാൻ ഭടന്മാർ എങ്ങനെ ബലാൽസംഗം ചെയ്തുവെന്നു്.” “പശ്ചിമബംഗാൾ-കിഴക്കൻ പാക്കിസ്ഥാൻ അതിർത്തിയിലുള്ള പത്രാപോളിലെ ഒരഭയാർത്ഥിക്യാമ്പിൽവച്ചു് 16 വയസ്സുള്ള ഒരു ബംഗാളിപ്പെൺകുട്ടി ഇങ്ങനെ പറയുകയുണ്ടായി. അവളും അവളുടെ അച്ഛനമ്മമാരും ഉറങ്ങാൻകിടക്കുമ്പോൾ വെളിയിൽ കാല്പെരുമാറ്റം കേട്ടു. കതകു് വെട്ടിപ്പോളിച്ചു് അനേകം ഭടന്മാർ അകത്തു കയറി, അവർ ഞങ്ങൾ മൂന്നുപേരുടെ നേർക്കും ബയണറ്റുകൾ ചൂണ്ടി. എന്റെ കൺമുമ്പിൽവച്ചു് എന്റെ അച്ഛനമ്മമാരെ തോക്കിന്റെ പത്തിക്കൊണ്ടു് അടിച്ചുകൊന്നു. അവർ എന്നെ വെറും തറയിലേയ്ക്കു വലിച്ചിട്ടു, എന്നിട്ടു് മൂന്നുപേർ എന്നെ ബലാൽസംഗം ചെയ്തു.” Time 21-6-1971

ഈ റിപ്പോർട്ടുകൾ വായിച്ചു് നാം ഞെട്ടുമ്പോഴാണു് സുഗതകുമാരിയുടെ ‘ഫ്രൂട്ട്സലഡ്’ കവിത. Sincerity എന്ന അർത്ഥത്തിൽ ഞാൻ “ആത്മാർത്ഥത” എന്ന വാക്കു പ്രയോഗിക്കാറില്ല. എങ്കിലും ഇപ്പോഴൊന്നു പ്രയോഗിച്ചുകൊള്ളട്ടെ, ഒട്ടുംതന്നെ ആത്മാർത്ഥതയില്ലാത്ത കവിതയാണു് സുഗതകുമാരി എഴുതിവച്ചിരിക്കുന്നതു്. കശാപ്പുശാലയിൽ നില്ക്കുന്നവർ പനിനീർപ്പൂവിനെക്കുറിച്ചു വിചാരിക്കുമോ?

images/AlbertCamus.jpg
അൽബേർ കമ്യു

മനുഷ്യൻ നിഷ്ഠൂരപ്രവൃത്തികളിൽ മുഴുകുന്നതു് എപ്പോൾ? പലപ്പോഴുമെന്നു് ഉത്തരം. പ്രധാനമായും വാർദ്ധക്യവും രോഗവും ഒന്നിച്ചുചേരുമ്പോൾ. രോഗിയായ വൃദ്ധൻ അച്ഛൻതന്നെയാവട്ടെ. മക്കളുടെ സഹതാപത്തിനു നിർവ്യാജാവസ്ഥ കാണുകയില്ല. ഈ സത്യത്തിനു കലാത്മകമായ രൂപം നല്കിയിരിക്കുന്നു ശ്രീ. ജെ. കെ. വി (ഇടവപ്പാതി എന്ന ചെറുകഥ-മാതൃഭൂമി) മരിക്കാൻ കിടക്കുന്ന വയസ്സനെ കലാപരമായ വിശ്വാസമുളവാകുമാറു് ചിത്രീകരിച്ചാണു്, അയാളുടെ ബന്ധുക്കളുടെ ചിത്തവൃത്തികളെ സ്ഫുടീകരിച്ചാണു്, കഥാകാരൻ ഇതനുഷ്ഠിക്കുന്നതു്. കഥയുടെ രൂപശില്പവും ഭാവശില്പവും ഒന്നുപോലെ ആകർഷകമായിരിക്കുന്നു. ഈ കഥയുടെ അടുത്തു് ‘ബി’ എഴുതിയ “നഷ്ടം” തികച്ചും വിലക്ഷണം തന്നെ. ഒരു റെഡ്ഡിയുടെ ഭാര്യ മരിച്ചു, അയാൾക്കു് ഒരു ദുഃഖവുമില്ല ഇതാണു് കഥയിലെ പ്രതിപാദ്യം. ജീവിതത്തിന്റെ പൊരുത്തക്കേടിനെ കാണിക്കാൻ അൽബേർ കമ്യുഅന്യൻ” എന്നൊരു നോവലെഴുതി. അതിലെ കഥാപാത്രത്തിനു് അമ്മ മരിച്ചിട്ടു് ഒരു ദുഃഖവുമുണ്ടായില്ലെന്നു ചൂണ്ടിക്കാണിച്ചു. എന്തൊരു ഗ്രഹപ്പിഴ! അതിനുശേഷം മലയാളഭാഷയിലുണ്ടാകുന്ന പല ഗ്രന്ഥങ്ങളിലേയും കഥാപാത്രങ്ങൾക്കു് അവരുടെ ബന്ധുക്കളുടെ മരണത്തിൽ ദുഃഖമില്ല എന്തൊരു ദാസ്യമനോഭാവം!

‘തടാകം’ എന്ന വാക്കു കേൾക്കുമ്പോൾ എന്നിലൊരു വികാരപ്രപഞ്ചം രൂപംകൊള്ളുകയായി. അർദ്ധരാത്രികളിൽ ഞാൻ വേമ്പനാട്ടുകായലിലൂടെ ബോട്ടിൽ സഞ്ചരിച്ചതൊക്കെ ഓർമിക്കുന്നു. ബോട്ടിന്റെ ഘർഘർ ശബ്ദം. ഇടയ്ക്കിടയ്ക്കുള്ള മണിനാദം. വിശാലമായ കായൽ. അതിന്റെ ഒരു തീരത്തുള്ള വെള്ളിവിളക്കുകൾ. കായലിലേക്കു നോക്കുമ്പോൾ, ബോട്ടുണ്ടാക്കുന്ന തിരകൾ. ഇവയൊക്കെ ഉളവാക്കുന്ന വിവിധ വികാരങ്ങൾ. ഇതുപോലെ പല പദങ്ങളും നമ്മളിൽ വികാരങ്ങളുണർത്തും പക്ഷേ, ശ്രീ. പി. ബി. മണിയൂർ പ്രേമഭംഗത്തെക്കുറിച്ചു് മലയാളനാട്ടിൽ (ലക്കം 17) എഴുതിയ “കുന്നുംകുന്നും” എന്ന ചെറുകഥ വായിച്ചിട്ടു് എനിക്കൊരു ചലനവുമുണ്ടായില്ല. ആവേശത്തോടെ, നാട്യത്തോടെ അദ്ദേഹം പലതും പറയുന്നു. ഒരു രവിയുടെ വഞ്ചനയെക്കുറിച്ചു്. ഒരു അശ്വനിയുടെ നൈരാശ്യത്തെക്കുറിച്ചു് അദ്ദേഹം വൈകാരികത്വത്തോടെ എന്തൊക്കെയോ പറയുന്നു. വായനക്കാരനു് ഒരു വികാരവുമുണ്ടാകുന്നില്ല. ഹൃദയത്തിൽ ഒരു ജ്വാലയുയർത്താത്ത ചെറുകഥ എന്തു ചെറുകഥ. ഇതുതന്നെയാണു് ശ്രീ. പി. ഏ. ദിവാകരന്റെ ‘ആഴത്തിൽ ഒരു ചുഴി’ എന്ന ചെറുകഥയെക്കുറിച്ചും പറയാനുള്ളതു്. മലർന്നുകിടന്നു പിടയ്ക്കുന്ന ക്ഷുദ്രജീവികളെക്കണ്ടപ്പോൾ ഒരു ഗർഭിണിക്കു മാനസികമായ വല്ലായ്മ. അവ വരിയായി അവളുടെ വിടർത്തിവച്ച കാലുകളുടെ അടുത്തേക്കു വന്നപ്പോൾ പ്രസവത്തിന്റെ ആദ്യത്തെ കറുത്ത രക്തമൊഴുകിപോലും. വാക്കുകളുടെ ബഹളം, അയഥാർത്ഥമായ വികാരം, കലയുടെ നാട്യം എന്നിവയാണു് ഈ ചെറുകഥയുടെ ദോഷങ്ങൾ. ഗുണമൊട്ടില്ലതാനും.

images/Bhishamsahni.jpg
ഭീഷ്മ സാഹ്നി

ഞാനൊരു സംഭവത്തെക്കുറിച്ചു കേട്ടിട്ടുണ്ടു്. എത്രത്തോളം ശരിയാണെന്നു് അറിഞ്ഞുകൂടാ. അച്ഛൻ മകനെ കഷ്ടപ്പെട്ടു പഠിപ്പിച്ചു. മകൻ പഠിച്ചു വലിയ ആളായി. ഇംഗ്ലണ്ടിൽപ്പോയി മടങ്ങിവന്ന അയാൾ മദ്രാസിലെ ഒരു കോളേജിൽ ഇംഗ്ലീഷ് പ്രൊഫസറായി. ഒരു ദിവസം ആ പ്രൊഫസറെ കാണാൻ ചിലർ വന്നപ്പോൾ അയാളുടെ അച്ഛൻ ഒരു മുഷിഞ്ഞ തോർത്തുമാത്രം ഉടുത്തുകൊണ്ടു് മുറ്റത്തു് വിറകുവെട്ടിക്കീറുകയായിരുന്നു വന്നയാളുകൾ പ്രൊഫസറോടു ചോദിച്ചു: Who is that? (ആരാണു് അയാൾ) പ്രൊഫസർ സങ്കോചം കൂടാതെ മറുപടി നല്കിപോലും. “My servant” (എന്റെ വേലക്കാരൻ) ഈ ഇംഗ്ലീഷ് പ്രൊഫസർ മരിച്ചിട്ടു് അധികം കാലമായില്ല. ഇക്കഥ സത്യമാകട്ടെ, അസത്യമാകട്ടെ. എന്തായാലും അതിലൊരു മനഃശാസ്ത്രതത്ത്വം ഒളിഞ്ഞിരിപ്പുണ്ടു്. ആ തത്ത്വത്തെ കലാത്മകമായി ചിത്രീകരിക്കുന്ന ഒരു കഥ “മലയാളനാട്ടി”ലുണ്ടു്. ഭീഷ്മ സാഹ്നി യുടെ “സല്ക്കാരം.” വൃദ്ധനായ അച്ഛനേയും വൃദ്ധയായ അമ്മയേയും മക്കളെത്ര വെറുത്താലും അവർക്കു് സന്താനങ്ങളോടുള്ള സ്നേഹത്തിനു് ഒരു ലോപവും സംഭവിക്കുകയില്ലെന്നും ആ കഥ വ്യക്തമാക്കുന്നു. ഒരു ദോഷമേയുള്ളൂ ഭീഷ്മ സാഹ്നിയുടെ കഥയ്ക്കു്. അതു് ഒരാന്റിക്ലൈമാക്സിൽ അവസാനിക്കുന്നു. ഈ ചെറുകഥ തർജ്ജമ ചെയ്തതു് ശ്രീ. വി. ഡി. കൃഷ്ണൻനമ്പ്യാരാ ണു്. “വന്നും പോയീം കൊണ്ടിരുന്നു,” “വളിച്ച മുഖം” എന്നിങ്ങനെയുള്ള ഗ്രാമ്യപ്രയോഗങ്ങൾ അദ്ദേഹം ഒഴിവാക്കുന്നതു കൊള്ളാം.

എനിക്കു് എന്റെ വിദ്യാർത്ഥികളോടു വലിയ വാത്സല്യമാണു്. അവരെല്ലാവരും എന്നോടു സ്നേഹത്തോടും ബഹുമാനത്തോടും പെരുമാറുന്നു. എങ്കിലും ആഴ്ചയിൽ പതിന്നാലു മണിക്കൂർ പഠിപ്പിക്കുന്നതു് പ്രയാസമുള്ള ജോലിയാണു്. അങ്ങനെ തൊണ്ടയിലെ വെള്ളം വറ്റിച്ചു് ഞാനുണ്ടാക്കുന്ന പണത്തിൽനിന്നു് മുന്നൂറുരൂപയോളം കൊടുത്തു് അടുത്തകാലത്തു കുറെ കസേരവാങ്ങി. കടയുടെ ഉടമസ്ഥനെ വിശ്വസിച്ചു് ഞാനവ പരിശോധിച്ചില്ല. വീട്ടിൽകൊണ്ടുവന്നു നോക്കിയപ്പോൾ എല്ലാ കസേരയും പൊട്ടിത്തകർന്നിരിക്കുന്നു. കുറ്റക്കാരൻ ആരു്? ഞാനോ വില്പനക്കാരനോ? ഞാൻ തന്നെ. ഇന്നലെ എന്റെ വീട്ടുമുറ്റത്തു നില്ക്കുന്ന തെങ്ങിൽനിന്നു് അടർന്നുവീണ തേങ്ങ “കെട്ട”തായിരുന്നു. കുറ്റം വൃക്ഷത്തിന്റെതോ എന്റേതോ? എന്റെ കുറ്റം തന്നെ. കസേര ഞാൻ പരിശോധിക്കേണ്ടിയിരുന്നു. തെങ്ങിനു് നല്ല വളമിടേണ്ടിയിരുന്നു. “കുങ്കുമം” വാരികയിൽ കഥയെഴുതുന്ന അരവി പതിവായി കൃത്രിമത്വം കലർന്ന കഥകളാണു് നമുക്കു നൽകുന്നതു്. ഈ ആഴ്ചയും “സംഗമം” എന്നൊരു കൃത്രിമമായ കഥ അദ്ദേഹം എഴുതിയിട്ടുണ്ടു്. ഞാൻ അരുവിയെ കുറ്റപ്പെടുത്തുന്നില്ല. കലാശൂന്യങ്ങളായ ചെറുകഥകളും കവിതകളും ഉണ്ടാകുന്നതു് വായനക്കാരുടെ തെറ്റുകൊണ്ടാണു്.

സ്ക്കൂളിലെ പ്യൂണിന്റെ മകൾ ആ സ്കൂളിൽത്തന്നെ അദ്ധ്യാപികയായി. അവൾക്കു വൈഷമ്യമുണ്ടാകരുതെന്നു് കരുതി ഹെഡ്മാസ്റ്റർ പ്യൂണിനെ നൈറ്റ്വാച്ചറാക്കി. അങ്ങനെ വാച്ചറായിക്കഴിഞ്ഞുവരുമ്പോൾ അയാൾക്കൊരു കൊതി മകളെ കാണാൻ. അവൾ ഉറങ്ങുകയാണോ ഉറങ്ങാതിരിക്കുകയാണോ എന്നു് അയാൾക്കറിയണം. അയാൾ സ്ക്കൂളിൽനിന്നു വീട്ടിലെത്തി. മകളുടെ മുറിയിലേക്കു് എത്തിനോക്കിയപ്പോൾ ഹെഡ്മാസ്റ്റർ അവളുമായി ശൃംഗാരലീലകളാടുന്നു. വാച്ചർ ഒരക്ഷരം ശബ്ദിച്ചില്ല. നേരം വെളുത്തപ്പോൾ അയാൾ സ്ക്കൂളിൽ തൂങ്ങിനില്ക്കുന്നതാണു് നാട്ടുകാർ കണ്ടതു്. ജനയുഗം വാരികയിൽ ശ്രീ. വടക്കോടു ഭാസി എഴുതിയ ഈ ചെറുകഥ വായിച്ചിട്ടു് ഞാൻ മാന്യവായനക്കാരോടു് ഒരു ചോദ്യം ചോദിക്കുന്നു. “നമ്മുടെ ഹീനങ്ങളായ ചെറുകഥകളെ ഉത്ക്കൃഷ്ടങ്ങളാക്കാൻ നാം എന്താണു ചെയ്യേണതു്?… മനോരാജ്യം ആഴ്ചപ്പതിപ്പിൽ ശ്രീ. അയ്മനം ജോൺ എഴുതിയ “ആട്ടിൻകുട്ടിയുടെ മരണം” എന്ന ചെറുകഥ. സതീശ് കോളേജദ്ധ്യാപകനാണു്. അയാൾ ക്രിസ്റ്റീനയെന്ന വിദ്യാർത്ഥിനിയെ സ്നേഹിച്ചു വിവാഹം കഴിച്ചു. വിജാതീയവിവാഹം കഴിച്ചു് അയാൾ ഭാര്യയുമായി വീട്ടിലെത്തുമ്പോൾ, അയാൾതന്നെ ഗർഭിണിയാക്കിയ വേലക്കാരി അവിടെ നില്ക്കുന്നു. ഇതാണു് “ആട്ടിൻകുട്ടിയുടെ മരണം.” വരനും വധുവും കാറിലാണു് വീട്ടിലേക്കു പോകുന്നതു്. കാറിന്റെ വേഗത്തിനു് അനുസരിച്ചു് അയാളുടെ വികാരത്തിന്റെവേഗം കൂട്ടുന്നതു കഥാകാരൻ ചിത്രീകരിക്കുന്നു. ആ ടെക്നിക്ക് കൊള്ളാം. പക്ഷേ, ഇതൊരു സർവ്വസാധാരണമായ ചെറുകഥയാണു്. ആ സർവ്വസാധാരണത്വത്തിൽ ഒരസാധാരണത്വം വരുത്തുമ്പോഴാണു് കലയുണ്ടാവുക. അതുമാത്രം ഇവിടെയില്ല.

images/MahatmaGandhi1931.jpg
മഹാത്മാഗാന്ധി

മഹാത്മാഗാന്ധി യുടെ ആശ്രമം. തെല്ലകലെ സ്ത്രീകൾ താമസിക്കുന്ന കുടിലുകൾ. പുരുഷന്മാർ സ്ത്രീകളുടെ വാസസ്ഥലത്തിനടുത്തു് ചെന്നു കിടന്നുകൂടെന്നു് ഗാന്ധിജിക്കു നിർബന്ധമുണ്ടായിരുന്നു. അദ്ദേഹം രാത്രിസമയത്തു് പരിശോധനയ്ക്കുവേണ്ടി അവിടെയെങ്ങും നടക്കും. അങ്ങനെ നടക്കുന്ന സമയത്തു്, ഒരാൾ സ്ത്രീകളുടെ താമസസ്ഥലത്തിനടുത്തുചെന്നു കിടക്കുന്നതു് ഗാന്ധിജി കണ്ടു. അദ്ദേഹം ഉടനെ പറഞ്ഞു: “Well this fellow sleeps in the wrong place. Get up.” ഇയാൾ തെറ്റായ സ്ഥലത്തു് ഉറങ്ങുന്നു. എഴുന്നേല്ക്കു. നമ്മുടെ കഥാകാരന്മാർ തെറ്റായ സ്ഥലങ്ങളിൽ താവളമടിച്ചിരിക്കുന്നു. ഒരു ഗാന്ധിജിയെക്കൊണ്ടേ അവരെ എഴുന്നേല്പിക്കാൻ സാധിക്കൂ.

ഈ മാസത്തിൽ പ്രസാധനം ചെയ്ത പ്രധാനപ്പെട്ട പുസ്തകങ്ങൾ പ്രൊഫസർ മുണ്ടശ്ശേരി യുടെ “ആശാൻകവിത—ഒരു പഠനം” “വള്ളത്തോൾക്കവിത—ഒരു പഠനം” ശ്രീ. സി. എച്ച്. മുഹമ്മദ് കോയ യുടെ “ലോകം ചുറ്റിക്കണ്ടു” പ്രൊഫസർ എൻ. കൃഷ്ണപിള്ള യുടെ “തിരഞ്ഞെടുത്ത പ്രബന്ധങ്ങൾ” എന്നിവയാണു്. കലയുടെ ധർമ്മം ആശയസ്ഫുടീകരണമാണു്, ഇന്ദ്രിയാനുഭൂതിയുടെ ആവിഷ്ക്കാരമല്ല എന്നു് മുണ്ടശ്ശേരി വിശ്വസിക്കുന്നു. ആ വിശ്വാസത്തിനു് അനുരൂപമായിട്ടാണു് ഇത്രയും കാലം അദ്ദേഹം നിരൂപണകർമ്മവും വിമർശനകർമ്മവും അനുഷ്ഠിച്ചിട്ടുള്ളതു്. ഇപ്പോൾ പ്രസാധനം ചെയ്ത രണ്ടു ഗ്രന്ഥങ്ങളും അദ്ദേഹത്തിന്റെ വിശ്വാസത്തെ ഉദ്ഘോഷണം ചെയ്യുന്നു. മുണ്ടശ്ശേരിയുടെ ഈ രണ്ടു പുസ്തകങ്ങളിൽ കൂടുതൽ മെച്ചമായി എനിക്കു തോന്നിയതു് “ആശാൻകവിത—ഒരു പഠനം” എന്നതാണു്. വിചാരശീലനായ ആശാനെ ക്കുറിച്ചു് ആശയഗാംഭീര്യത്തിൽ വിശ്വാസമർപ്പിക്കുന്ന മുണ്ടശ്ശേരി എഴുതിയപ്പോൾ ആ ഗ്രന്ഥം നന്നായി. അതിൽ വിസ്മയത്തിനവകാശമില്ല. ഈ രണ്ടു ഗ്രന്ഥങ്ങളും വിസ്തരിച്ചുള്ള പഠനത്തിനു് അർഹങ്ങളാണു്. നിഷ്പക്ഷിത ഇവയുടെ മുദ്രകളാണെന്നുമാത്രം പറയട്ടെ.

ശ്രീ. സി. എച്ച്. മുഹമ്മദ് കോയയുടെ “ലോകം ചുറ്റിക്കണ്ടു” എന്നതു് യാത്രാവിവരണഗ്രന്ഥമാണു്. അദ്ദേഹം കൈറോ, റോം, പാരീസ്, ലണ്ടൻ എന്നീ പട്ടണങ്ങൾ ദർശിച്ചിട്ടു് അമേരിക്കയിലെത്തി. അവിടെയുള്ള പ്രധാനനഗരങ്ങൾ കണ്ടതിനുശേഷം ഹോണോലുലു, ടോക്കിയോ, സിങ്കപ്പൂർ എന്നീ പട്ടണങ്ങളിൽ ചെന്നു. ഇങ്ങനെ ലോകമാകെ നടത്തിയ ഒരു പര്യടനത്തിന്റെ ആകർഷകമായ വിവരണം ഈ ഗ്രന്ഥത്തിൽ നിന്നു ലഭിക്കും. ആ സ്ഥലങ്ങളിൽ ദർശിക്കാവുന്ന സവിശേഷതകളാകെ അദ്ദേഹം തന്റെ ഗ്രന്ഥത്തിൽ ആവിഷ്ക്കരിക്കുന്നു. തടാകങ്ങൾ ദാഹം മാറ്റാനുള്ളവയാണു്. ആ താടകത്തിലേക്കുള്ള മാർഗ്ഗം ചൂണ്ടിക്കാണിച്ചുതരുന്നയാളിനെ നാം ബഹുമാനിക്കും. മനുഷ്യന്റെ വിജ്ഞാനദാഹത്തിനു് ഉപശമനം നല്കുന്നവയാണു് യാത്രാവിവരണങ്ങൾ. ആ നിലയിലും ശ്രീ. മുഹമ്മദുകോയയുടെ ഗ്രന്ഥം പ്രാധാന്യമർഹിക്കുന്നു.

images/NKrishnaPillai.jpg
എൻ. കൃഷ്ണപിള്ള

ഇന്നു കേരളത്തിലുള്ള പണ്ഡിതന്മാരിൽ നിഷ്പക്ഷചിന്താഗതിയുള്ളവരിൽ പ്രധാനനാണു് പ്രൊഫസർ എൻ. കൃഷ്ണപിള്ള. നാടകക്കാരനെന്ന നിലയിൽ പ്രശസ്തനായ അദ്ദേഹം പ്രഗല്ഭനായ വിമർശകൻ കൂടിയാണെന്നു് വിളംബരം ചെയ്യുന്നു അദ്ദേഹത്തിന്റെ പ്രബന്ധസമാഹാരഗ്രന്ഥം. (തിരഞ്ഞെടുത്ത പ്രബന്ധങ്ങൾ-ഒന്നാംഭാഗം) കാളിദാസൻ, എഴുത്തച്ഛൻ, ടാഗോർ, കുമാരനാശാൻ, വള്ളത്തോൾ, ചങ്ങമ്പുഴ, ബർനാർഡ്ഷാ, തകഴി, കാരൂർ എന്നീ സാഹിത്യകാരന്മാരെക്കുറിച്ചുള്ള ഉജ്ജ്വലങ്ങളായ പഠനങ്ങൾ ഈ ഗ്രന്ഥത്തിലുണ്ടു്. നാം റോഡിൽകൂടെ നടക്കുമ്പോൾ ചിലരുടെ നിഴൽ നമ്മുടെ ശരീരത്തിൽ വന്നുവീഴുന്നതുപോലും നമുക്കിഷ്ടമില്ല. ഇവിടെയാകട്ടെ പ്രൊഫസർ എൻ. കൃഷ്ണപിള്ള തന്റെ നിഴൽ ചില സാഹിത്യനായകരിൽ വീഴ്ത്തുന്നു. അക്കാഴ്ച നമുക്കു് ആഹ്ലാദപ്രദമാണു്. കാരണം, നിഴൽ പ്രഗല്ഭനായ കൃഷ്ണപിള്ളയുടെതാണു് എന്നതുതന്നെ.

നിങ്ങൾക്കു ചന്ദ്രനെ അടുത്തുകാണണമോ? എങ്കിൽ ഒരു ജലാശയം വീട്ടിന്റെ മുറ്റത്തു് നിർമ്മിക്കു. അതിലെ ജലത്തിനു് നൈർമ്മല്യം കൂടുന്തോറും അന്തരീക്ഷത്തിലെ ചന്ദ്രൻ കൂടുതലായി അതിൽ തെളിഞ്ഞു പ്രതിഫലിക്കും. സാഹിത്യത്തിനു ലാളിത്യം കൂട്ടുന്തോറും സൗന്ദര്യവും വർദ്ധിച്ചുകാണും.

Colophon

Title: Sāhityavāraphalam (ml: സാഹിത്യവാരഫലം).

Author(s): M Krishnan Nair.

First publication details: Malayalanadu Weekly; Kollam, Kerala; 1971-10-03.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാഹിത്യവാരഫലം, എം കൃഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: December 23, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.