അതാ അവർ നിലവിളിക്കുന്നു. നിങ്ങളതു കേൾക്കുന്നില്ലേ? ആ രോദനം നിങ്ങളുടെ അസ്ഥിക്കുള്ളിലെ മജ്ജവരെയും കടന്നുചെല്ലുന്നില്ലേ? ഉവ്വു്, അതുകൊണ്ടാണല്ലോ നിങ്ങളുടെ മുഖത്തു വിഷാദം, ഹൃദയത്തിൽ നൈരാശ്യം. എന്താണു് ആ രോദനം? “സഹായിക്കു, സഹായിക്കു”. നിങ്ങളും ഞാനും സഹായം നല്കാൻ സന്നദ്ധരാവുന്നു. അധാർമ്മികത്വത്തിനെതിരേ, ക്രൂരതയ്ക്കെതിരേ നാം പടവെട്ടാൻ തയ്യാറാവുന്നു. അതിനു സന്നദ്ധരല്ലെങ്കിൽ നാം മനുഷ്യരല്ല. ബംഗ്ലാദേശത്തിന്റെ നിലവിളി കേട്ടു് നാം ദുഃഖിക്കുന്നില്ലെങ്കിൽ നാം മനുഷ്യരല്ല. പക്ഷേ, നാം മനുഷ്യർ തന്നെ. നമ്മൾ ദുഃഖിക്കുന്നു, പ്രകമ്പനം കൊള്ളുന്നു. അങ്ങനെ സങ്കടപ്പെടുകയും ഞെട്ടുകയും ചെയ്യുന്ന നമ്മളുടെയെല്ലാം പ്രതിനിധിയായി ശ്രീ. സി. പി. സാബു “മാതൃഭൂമി” വാരികയിൽ പ്രത്യക്ഷപ്പെടുന്നു. “ബംഗ്ലാദേശ്, ബംഗ്ലാദേശ്” എന്ന, അദ്ദേഹത്തിന്റെ ചെറുകഥ വായിക്കൂ. ഭാവസംദൃബ്ധതയാർന്ന ഒരു ഹൃദയത്തിൽ ഒരു ഭയങ്കരസംഭവം ആഘാതമേല്പിച്ചതെങ്ങനെയെന്നു നമുക്കു മനസ്സിലാക്കാം. ആ ആഘാതമുളവാക്കിയ വികാരങ്ങളെ കലാത്മകമായി ചിത്രീകരിക്കേണ്ടതെങ്ങനെയെന്നു മനസ്സിലാക്കാം. ആണ്ടി എന്നൊരു കഥാപാത്രത്തെ സാബു അവതരിപ്പിക്കുന്നു. അയാളുടെ മനസ്സിന്റെ ദർപ്പണത്തിൽ ബംഗ്ലാദേശത്തിലെ കൊലപാതകങ്ങളും ബലാൽസംഗങ്ങളും രക്തപ്രവാഹങ്ങളും പ്രതിഫലിച്ചതെങ്ങനെയെന്നു അദ്ദേഹം കലയ്ക്കു് അവശ്യമുണ്ടായിരിക്കേണ്ട നിസ്സംഗതയോടെ വ്യക്തമാക്കുന്നു. കൊടുംതിമിരത്തിൽ കടന്നു വരുന്ന സൂര്യരശ്മിയാണു് ഈ ചെറുകഥ. ബംഗ്ലാദേശത്തിന്റെ സ്വാതന്ത്ര്യാഭിലാഷവും സൂര്യരശ്മിതന്നെ. സൂര്യപ്രകാശം ഒരിക്കലും പരാജയപ്പെടുകയില്ല. ഇരുട്ടിനെ ഭേദിച്ചു് അതു വിരാജിക്കും. സാബുവിന്റെ “സൂര്യരശ്മി”യ്ക്കു് എന്റെ അഭിവാദനം, ബംഗ്ലാദേശത്തിന്റെ സ്വതന്ത്ര വാഞ്ഛ എന്ന സൂര്യരശ്മിക്കും എന്റെ അഭിവാദനം.

പഴയകാര്യം പറയുകയാണു്. ഇരുപത്തഞ്ചുവർഷം മുൻപുള്ള അസംബ്ലി. ഒരു മെമ്പർ സർ സി. പി. രാമസ്വാമി അയ്യരെ നോക്കിപ്പറയുകയാണു്: “സർ, ട്രാൻസ്പോർട്ട് ബസ്സിലെ ചോർച്ചകാരണം ഒരു നിവൃത്തിയുമില്ല. ഞാൻ ഇന്നലെ ചെങ്ങന്നൂരിൽനിന്നു് തിരുവനന്തപുരത്തേക്കു യാത്ര ചെയ്യുകയായിരുന്നു. ഭയങ്കരമായ മഴ. ചോർച്ച സഹിക്കാൻ വയ്യാതെ ഞാൻ കുട നിവർത്തുപിടിച്ചു ബസ്സിനകത്തു്. എന്നിട്ടും എന്റെ തല മുഴുവൻ നനഞ്ഞു”. സി. പി. ഉടനെ മറുപടി നല്കി: “കുട നിവർത്തിപ്പിടിച്ചിട്ടും മെമ്പറുടെ തല നനഞ്ഞെങ്കിൽ കടയ്ക്കു വലിയ ദ്വാരമുണ്ടായിരുന്നിരിക്കണം.” അതുകേട്ടു് പരാതി പറഞ്ഞ മെമ്പറും ചിരിച്ചു. മറ്റൊരു സംഭവം, ഒരു ഡിപ്പാർട്ടുമെന്റ് “മേലദ്ധ്യക്ഷൻ” കുറെ യന്ത്രങ്ങൾ വാങ്ങിയിട്ടു് അനുവാദത്തിനായി ഗവണ്മെന്റിലേയ്ക്കു എഴുതി. അ എഴുത്തിന്റെ അവസാനത്തിൽ “My action may be ratified” (എന്റെ പ്രവൃത്തിക്കു് ഗവണ്മെന്റിന്റെ സ്ഥിരീകരണം വേണം) എന്നെഴുതിയിരുന്നു. ഫയൽ ദിവാൻജിയുടെ അടുക്കലെത്തി. അദ്ദേഹം വ്യാകരണപ്പിശകുനിറഞ്ഞ ആ എഴുത്തിൽ തെറ്റുകളുള്ള സ്ഥലങ്ങളിലെല്ലാം വട്ടമിട്ടു് C.P.R. എന്നു് ഇനിഷ്യൽ വച്ചു. എന്നിട്ടു് ഓർഡറിട്ടു. “The action may be ratified, but not the grammar” (പ്രവൃത്തിയ്ക്കു സ്ഥിരീകരണം നല്ക്കിയിരിക്കുന്നു. പക്ഷേ, വ്യാകരണത്തിനു് സ്ഥിരീകരണം നല്കുന്നില്ല.) നർമ്മബോധമുള്ള ഈ സർ സി. പി. ദയാശൂന്യനായ ഭരണകർത്താവായിരുന്നു. അന്നത്തെ ഇന്ത്യാഗവർണ്മെന്റിനു് അയച്ച ഒരു കത്തിൽ Square iches എന്നതിനു പകരം അറിയാതെ Square feet എന്നെഴുതിപ്പോയ ബ്രാഹ്മണനായ ഒരു എക്സൈസ് ഇൻസ്പെക്ടറെ അദ്ദേഹം പതിനഞ്ചു ദിവസത്തേയ്ക്കു സസ്പെന്റ് ചെയ്തു. ആ സസ്പെൻഷൻ, പെൻഷൻ പറ്റാറായ ഇൻസ്പെക്ടറുടെ പെൻഷൻ തുകയെ കാര്യമായി ബാധിക്കുമെന്നതുകൊണ്ടു ആ പതിനഞ്ചു ദിവസം അവധിയായി കരുതണമെന്നു് അന്നത്തെ ചീഫ് സെക്രട്ടറി ശുപാർശചെയ്തു. അതിനു് സി. പി.യുടെ കല്പന ഇങ്ങനെയായിരുന്നു. “A Punishment is a punishment. It cannot be camouflaged in to any other thing” (ശിക്ഷ ശിക്ഷ തന്നെ. അതിനെ മറ്റൊന്നാക്കാൻ സാദ്ധ്യമല്ല.) ഇതൊക്കെയാണു് എന്റെ പരിചയവും അനുഭവവും. അതുകൊണ്ടു് ശ്രീ. പി. സുബ്ബയ്യാപിള്ള “മലയാളനാട്ടി”ലെഴുതിയ “ആനക്കാര്യം” എന്ന ചെറുകഥ വായിച്ചിട്ടു് എനിക്കൊരു വിശ്വാസവും തോന്നിയില്ല. “ഇവിടുത്തെ വനങ്ങളിൽ ആനകളെത്ര? ജാതി തിരിച്ചുള്ള ഒരു പട്ടിക മേശപ്പുറത്തു വയ്ക്കാമോ?” എന്ന അസംബ്ലിച്ചോദ്യത്തിനു് ഒരുദ്യോഗസ്ഥൻ തോന്നിയരീതിയിൽ ഉത്തരം നല്കുന്നു. ഇതു് ചോദ്യത്തിന്റെ അർത്ഥരാഹിത്യത്തേയും ഉദ്യോഗസ്ഥന്റെ കൊള്ളരുതായ്മയേയും പരിഹസിക്കാൻ വേണ്ടിയുള്ളതാണെന്നു് മനസ്സിലാക്കാതെയല്ല ഞാൻ ഈ വിധത്തിൽ പറയുന്നതു്. ഒട്ടൊക്കെ രസത്തോടു കൂടിത്തന്നെ ഞാൻ സുബ്ബയ്യാപിള്ളയുടെ കഥവായിച്ചു. വായിച്ചുകഴിഞ്ഞിട്ടും എന്റെ മനസ്സിൽ തങ്ങിനിന്ന രൂപം ഗവണ്മെന്റുകണക്കുകളിൽ തെറ്റുവരുത്തുന്നവരെ ദയകൂടാതെ ശിക്ഷിക്കുന്ന സി. പി.യുടേതാണു്.

പ്രപഞ്ചമെന്ന മഹാദ്ഭുതം. അജ്ഞാതവും അജ്ഞേയവുമായ പരമസത്യം. സൃഷ്ടി എന്ന വിസ്മയം. ഇവയെല്ലാം മനസ്സിലാക്കാനുള്ള യത്നത്തിൽ മനുഷ്യനു സംഭവിക്കുന്ന പരാജയം. ഇതാണു് ശ്രീ. എ. സി. കെ. രാജാ മലയാളനാട്ടിലെഴുതിയ “പരാജയം” എന്ന ചെറുകഥയിലുള്ളതു്. രാജായുടെ ചെറുകഥയെ ഒരു മോഡേൺ ചിത്രമായി കരുതുന്നതാണു് യുക്തതരം. പിക്കാസോ യുടെ “ഡിസ്റ്റോർഷൻ” ഉള്ള ചിത്രങ്ങളില്ലേ? ആ ചിത്രങ്ങളുടെ ടെക്നിക്ക് ചെറുകഥയ്ക്കു യോജിച്ചതാണെങ്കിൽ രാജായുടെ ടെക്നിക്കും അദ്ദേഹത്തിന്റെ ചെറുകഥയ്ക്കു പറ്റിയതുതന്നെ. തന്റെ കഥയ്ക്കു് അദ്ദേഹം വരച്ചുചേർത്ത ചിത്രത്തെക്കുറിച്ചു് ഞാനൊന്നും പറയുന്നില്ല. അതിനേക്കാൾ കടുപ്പമുള്ളതായി നാം എന്തെല്ലാം കാണുന്നു! കേൾക്കുന്നു!
“ബംഗ്ലാദേശ് കഥകൾ” എന്നപേരിൽ വിനായക് എഴുതിയ രണ്ടു കൊച്ചുകഥകൾ ശ്രീ. വി. ഡി. കെ. നമ്പ്യാർ തർജ്ജമ ചെയ്തിരിക്കുന്നു. (കുങ്കമം വാരിക) പ്രജ്ഞയുടെ ഒരു സ്ഫുരണമുണ്ടു് അക്കഥകളിൽ. ആ വാരികയിൽത്തന്നെ ശ്രീ. എൻ. ആർ. മേനോൻ എഴുതിയ “നീ വരുമോ” എന്ന ചെറുകഥയിൽ ഒരു ഭാവത്തെ ഭേദപ്പെട്ട രീതിയിൽ ചിത്രീകരിച്ചിരിക്കുന്നു.
നിങ്ങളുടെ കൈയിലിരിക്കുന്ന റോസാപ്പൂ വാങ്ങാൻ അവളില്ലെങ്കിൽ ആ പൂ കൊണ്ടെന്തു പ്രയോജനം? കരതലത്തിൽ കവിൾത്തടം ചേർത്തു്, മന്ദസ്മിതം പുരണ്ട ചുണ്ടുകളുമായി ഉറങ്ങുന്ന അവളെ കാണാൻ നിങ്ങളുടെ കണ്ണുകൾക്കു കഴിയുന്നില്ലെങ്കിൽ, ആ കണ്ണുകൾ കൊണ്ടെന്തു പ്രയോജനം. നിങ്ങൾ പാടുന്ന പാട്ടുകേൾക്കാൻ അവളില്ലെങ്കിൽ ആ പാട്ടുകൊണ്ടെന്തുപ്രയോജനം? എന്തു്? അവൾ അപ്രത്യക്ഷയായിരിക്കുന്നുവോ? ആരാണവൾ? കലാദേവതതന്നെ. ഇല്ല, അവൾ മറഞ്ഞിരിക്കുകയല്ല. ഖലീൽ ജിബ്രാന്റെ കവിതയിലൂടെ അവൾ പ്രത്യക്ഷയാകുന്നു. കുങ്കമം വാരികയിൽ ക്രിസ്തു വിനേയും മഗ്ദലനമറിയ ത്തേയും കുറിച്ചു് ജിബ്രാന്റെ ഒരു കവിതയുണ്ടു്. ശ്രീ. റിച്ചാർഡിന്റെ തർജ്ജമ. അതു വായിക്കു, നിങ്ങളുടെ ആത്മാവു് സമ്പന്നമാകും. നിങ്ങളുടെ കൈയിലിരിക്കുന്ന റോസാപ്പൂവിനു വിലയുണ്ടാകും; കണ്ണുകൾക്കു പ്രയോജനമുണ്ടാകും? പാട്ടിനു അർത്ഥമുണ്ടാകും.
ദില്ലിയിൽ നിന്നു് ശ്രീ. എം. സി ബോസിന്റെ പത്രാധിപത്യത്തിൽ ആരംഭിച്ചിരിക്കുന്ന മാസികയാണു് “നാളെ.” അതിൽ ശ്രീ. ഈ. വാസു “ശകുനം” എന്നൊരു ചെറുകഥ എഴുതിയിട്ടുണ്ടു്. ഒരാധുനിക ഉദ്യോഗസ്ഥനെ അതിൽ കാണാം. കുമാരനാശാൻ പറഞ്ഞിട്ടുണ്ടല്ലോ, “മതപ്രസുനം കുത്തിച്ചതയ്ക്കിൽ മണമോ മധുവോ ലഭിക്കാ” എന്നു്. ജീവിതപ്രസുനത്തിലെ മധു ശേഖരിക്കുകയല്ല വാസു. അദ്ദേഹം അതിനെ കുത്തിച്ചതയ്ക്കുന്നു.

ചിത്രകാരൻ സുന്ദരിയായ നർത്തകിയെക്കണ്ടു സ്നേഹിക്കുന്നു. അവളെക്കാണുന്നതിനു് ചെല്ലുമ്പോൾ വൈരൂപ്യമുള്ള തോഴിയെ കാണുന്നു. പക്ഷേ, യഥാർത്ഥമായ കലാബോധം ആ തോഴിക്കാണുള്ളതെന്നു് അയാൾ കുറേക്കഴിഞ്ഞു മനസ്സിലാക്കുന്നു. ശ്രീമതി ത്രിവേണി എഴുതിയ കന്നടക്കഥയുടെ സാരമാണിതു്. (ചന്ദ്രിക വാരിക. തർജ്ജമ ശ്രീ. വി. കെ. ശശിയുടേതു്) തികച്ചും വിരസമായ ഒരു കഥ. അയാൾ അവളെ വിവാഹം കഴിച്ചു. പക്ഷേ, അയാൾക്കു മറ്റൊരുവളെയാണു് സ്നേഹം. താനൊഴിഞ്ഞു കൊടുത്തേക്കാമെന്നു് അവൾ തീരുമാനിച്ചു. അങ്ങനെ സ്വന്തം വീട്ടിലേക്കു് അവൾ പോകുകയാണു്. വഴിയിൽവച്ചു് ഒരു യുവാവും യുവതിയും അവൾക്കു നേരേവരുന്നു. ആ യുവാവിനെ അവൾ ഒരുകാലത്തു് സ്നേഹിച്ചിരുന്നതാണു്. അവർ എങ്ങോട്ടു പോകുകയാണെന്നോ? ആ യുവതിയുടെ വീട്ടിലേക്കുതന്നെ. കാരണം അവൾ മറ്റൊരുവനെ സ്നേഹിക്കുന്നു എന്നതത്രേ. യുവാവു് അവളെ ഉപേക്ഷിക്കാൻ പോകുകയാണു്. ശ്രീ. ബക്കളം ദാമോദരൻ ചന്ദ്രിക വാരികയിലെഴുതിയ “സമാസം” എന്ന കഥയുടെ ഇതിവൃത്തമാണിതു്. ഇതു കലയല്ല, പൂർവകല്പിതങ്ങളായ രൂപങ്ങളിൽ ഇങ്ങനെ “കറക്ടായി” വന്നു വീഴുന്നതല്ല സാഹിത്യം. ഇത്തരം കഥകൾ കുട്ടികളേയും അടുക്കളക്കാരിപ്പെണ്ണുങ്ങളേയും രസിപ്പിക്കും.
ബോംബയിൽ ജോലിനോക്കുന്ന രഘു നാട്ടിലെത്തുന്നു. ചേച്ചിയെ കാണുന്നതിനു മുൻപു് തന്റെ കാമുകിയായ ഗീതയെ അയാൾക്കു കാണണം. നാട്ടിലെ തീവണ്ടിയാപ്പിസിൽ രഘു ഇറങ്ങിയപ്പോൾ കൂടെപ്പഠിപ്പിച്ച ഗോപിനാഥ് നില്ക്കുന്നു. അയാളുടെ ക്ഷണം സ്വീകരിക്കാതെ രഘു ഗീതയുടെ വീട്ടിൽ ഓടിയെത്തുന്നു. അപ്പോൾ ഗീതയെ വിവാഹം കഴിക്കാൻ പോകുന്ന ഗോപിനാഥും അവിടെ എത്തുന്നു. രഘു ഗീതയുടെ വീട്ടിൽ നിന്നിറങ്ങിപ്പോകുമ്പോൾ, ശ്രീ. പി. വിജയചന്ദ്രൻ കേരളശബ്ദത്തിലെഴുതിയ “പരിവർത്തനം” എന്ന കഥ അവസാനിക്കുന്നു. വിജയചന്ദ്രൻ കഥകളെഴുതി പത്രങ്ങളിൽ പരസ്യപ്പെടുത്താൻ കൊടുക്കുന്നതിനുമുൻപു് മലയാളഭാഷയിലുണ്ടായിട്ടുള്ള ചെറുകഥകളെങ്കിലും വായിക്കണം. പ്രധാനമായും ശ്രീ. പി. കേശവദേവി ന്റെ “കളിത്തോഴി” എന്നകഥ. അതു് ഒരിക്കൽ വായിച്ചാൽ വിജയചന്ദ്രൻ ഇങ്ങനെയുള്ള സാഹസത്തിനു് ഒരുമ്പെടുകയില്ലെന്നാണു് എന്റെ വിശ്വാസം.

ചലച്ചിത്രതാരമായ ഹെഡി ലാമറി ന്റെ Ecstasy and Me എന്ന ആത്മകഥ കറന്റ് ബുക്ക്സിൽ നിന്നു് വാങ്ങിക്കൊണ്ടു് ഞാൻ വീട്ടിലേക്കു പോകുമ്പോൾ ആദ്യംകണ്ട സ്നേഹിതൻ ആ പുസ്തകം വാങ്ങിനോക്കിക്കൊണ്ടു് പറഞ്ഞു: “കഷ്ടം. ഏഴു രൂപ പതിനഞ്ചു പൈസ വില എന്തു പ്രയോജനം! രണ്ടു ഫൗൾഫ്രൈ തിന്നാമായിരുന്നു ഇത്രയും രൂപ കൊണ്ടു”. ഞാൻ മറുപടി നല്കി: “അങ്ങനെയാണെങ്കിൽ നിങ്ങളുടെ ശംബളം മുഴുവൻ ഫൗൾഫ്രൈ തിന്നാൻ ചിലവാക്കിയാൽ മതിയല്ലോ. ഒരു മുണ്ടു് വാങ്ങണം, പതിനഞ്ചുരൂപ വില. മുണ്ടു വേണ്ട; അഞ്ചു ഫൗൾഫ്രൈ. ഭാര്യയ്ക്കു് ഒരു സാരി വാങ്ങണം. മുപ്പതു രൂപ വില. സാരി വേണ്ട പത്തു ഫൗൾഫ്രൈ. അമ്മാവൻ മരിച്ചുവെന്നു് കമ്പിവന്നിരിക്കുന്നു. പറവൂർവരെ പോയിട്ടുവരണമെങ്കിൽ 50 രൂപവേണം. മരണമന്വേഷിച്ചു പോകണ്ട. 16 ഫൗൾഫ്രൈ.” സ്നേഹിതൻ ഒന്നും പറഞ്ഞില്ല. വെളിച്ചം വേണമെന്നു വിചാരിച്ചു നാം ഓരോ മുറിയിലും ആയിരം ബൾബുവീതം കത്തിക്കുമോ? ദാഹമുണ്ടെന്നു് വിചാരിച്ചു് വീട്ടുമുറ്റത്തു് പത്തുകിണറു് കുഴിക്കുമോ? ഭാര്യയുടെ സൗന്ദര്യവും യൗവനവും പോയിയെന്നു വിചാരിച്ചു് ലോകത്തുള്ള സകല ചെറുപ്പക്കാരികളുടെയും പിറകേ ഓടുമോ. ധാരാളം പത്രങ്ങൾ ഉണ്ടെന്നുവിചാരിച്ചു് ‘തുരുതുരെ’ കഥകളും കവിതകളും എഴുതുമോ? ആലോചിക്കേണ്ട വസ്തുതയാണിതു്.
ശ്രീ. കെ. എസ്. ചന്ദ്രൻ “നഗരത്തിന്റെ മാറിലും മറ്റിലും” എന്നൊരു ലേഖനപരമ്പര കുങ്കുമം വാരികയിൽ ആരംഭിച്ചിരിക്കുന്നു. ഏതു സംഭവത്തെയും ഫലിതാത്മകമായി ചിത്രീകരിക്കാൻ കഴിവുള്ള എഴുത്തുകാരനാണു് കെ. എസ്. ചന്ദ്രൻ. കുങ്കുമത്തിലെ ആദ്യത്തെ ലേഖനം സാഹിത്യത്തെ സംബന്ധിക്കുന്നതല്ല. അതുകൊണ്ടു ഞാൻ അതിനെപ്പറ്റി ഒന്നും പറയുന്നില്ല… മഹാകവി ജി. ശങ്കരക്കുറുപ്പി ന്റെ ആത്മകഥയിൽ നിന്നൊരുഭാഗം “നാളെ” എന്ന മാസികയിൽ പരസ്യപ്പെടുത്തിയിരിക്കുന്നു. പ്രസിദ്ധപ്പെടുത്തുക എന്ന പ്രയോഗം അത്ര ശരിയല്ലാത്തതുകൊണ്ടാണു് ഞാൻ ‘പരസ്യപ്പെടുത്തുക’ എന്നെഴുതുന്നതു്) ജിയുടെ ഏകാന്തവും ആധ്യാത്മികവുമായ അന്വേഷണങ്ങളുടെ ഹൃദയഹാരിയായ ചിത്രം ഈ ആത്മകഥയിൽനിന്നു ലഭിക്കുമെന്നു് നാം പ്രതീക്ഷിക്കുന്നു. “എന്റെ ആത്മാവാകെ ഒരു രോദനമാണു്; ആ രോദനത്തിന്റെ വ്യാഖ്യാനങ്ങളാണു് എന്റെ കൃതികൾ” എന്നു ഒരു മഹാൻ പറഞ്ഞു. ശ്രീ. വൈക്കം മുഹമ്മദ് ബഷീറി ന്റെ ആത്മകഥ ചന്ദ്രികവാരികയിൽ വായിക്കുമ്പോഴൊക്കെ ഞാൻ ഈ വാക്യങ്ങൾ ഓർമ്മിക്കാറുണ്ടു്. 1885 മേയ് 13-ാം൹ ബുഡാപെസ്റ്റിൽ ജനിച്ച ലുക്കാച്ച് (ഉച്ചാരണം ലൂക്കാസെന്നല്ലെന്നു ദേശാഭിമാനി വാരികയുടെ “മുഖവുര”യിലും കാണുന്നു) മഹാനായ സാഹിത്യനിരൂപകനാണു്; നിസ്തുലനായ ചിന്തകനാണു്. ഏണസ്റ്റ് ഫിഷറെ മാർക്സിസത്തിന്റെ അരിസ്റ്റോട്ടിൽ എന്നു വിളിക്കാറുണ്ടെങ്കിലും ലൂക്കാച്ചിനാണു് ആ വിശേഷണം യോജിക്കുന്നതു്. അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങൾ വായിക്കുമ്പോൾ ‘എന്തൊരു പ്രതിഭ!’ എന്നു നാം പറഞ്ഞുപോകും. ആ പ്രതിഭാശാലിയെക്കുറിച്ചു് ഡോക്ടർ ജി. ബി. മോഹൻ “ദേശാഭിമാനി” വാരികയിൽ എഴുതിയിരിക്കുന്നു. ‘സ്കൂൾ ബോയ് കോമ്പസിഷന്റെ ഭംഗിപോലും ഈ ഡോക്ടറുടെ ലേഖനത്തിനില്ല. അന്യോന്യബന്ധമില്ലാത്ത കുറെ വാക്യങ്ങൾ മാത്രമേ ഇവിടെയുള്ളു.’
“പപ്പു ഞാനാണു.” ശ്രീ. പി. കേശവദേവ് ശ്രീ. കാക്കനാടനോ ടു പറഞ്ഞു. അപ്പോൾ കാക്കനാടൻ മറുപടി നല്കി. “ആയിരിക്കാം. പക്ഷേ, ചേട്ടൻ പപ്പുവിന്റെ സൃഷ്ടിച്ചപ്പോൾ അയാളെ വിപ്ലവാത്മകമായ ഒരു സമൂഹത്തിന്റെ ശാശ്വതപ്രതിരൂപമായി സങ്കല്പിച്ചിരിക്കുകയില്ല. ചേട്ടന്റെ അന്തരംഗത്തിലുള്ള സാമൂഹികചിന്തകൾ കൂടി പപ്പുവിന്റെ സൃഷ്ടിയിൽ പ്രേരണ ചെലുത്തിയിരിക്കുമെന്നേയുള്ളു.” ഞാൻ കാക്കനാടനോടു യോജിക്കുന്നു. കലാസൃഷ്ടി ദേശത്തിന്റെ സവിശേഷതയോടു ബന്ധപ്പെട്ടിരിക്കുന്നു. അതിന്റെ അധ്യാത്മികങ്ങളായ പരിതഃസ്ഥിതികളോടു ബന്ധപ്പെട്ടിരിക്കുന്നു. എങ്കിലും സാഹിത്യകാരൻ തന്നിൽനിന്നാണു് സൃഷ്ടി നടത്തുന്നതു്. സാമൂഹികങ്ങളായ നിയമങ്ങളാലും പരിതഃസ്ഥിതികളാലും സാഹിത്യകാരൻ പൂർണ്ണമായും ബന്ധിക്കപ്പെടുന്നില്ല. ശ്രീ. വൈക്കം ചന്ദ്രശേഖരൻനായർ ‘ജനയുഗം’ വാരികയിൽ എഴുതിയ “പുരോഗമന സാഹിത്യകാരന്റെ ഇന്നത്തെ കടമ” എന്ന ഉത്കൃഷ്ടമായ ലേഖനത്തിൽ സാഹിത്യം മനുഷ്യചൈതന്യത്തിന്റെ നിരങ്കുശമായ ആവിഷ്ക്കാരമാണു് എന്ന യാഥാർത്ഥ്യം വിസ്മരിക്കപ്പെട്ടിരിക്കുന്നു. വിസ്മയിക്കാനില്ല. കലയുടെ “പ്രയോജനക്ഷമത”യിലാണു് ശ്രീ. വൈക്കം ചന്ദ്രശേഖരൻ നായർക്കു് വിശ്വാസം. ആ വിശ്വാസമില്ലാത്ത എനിക്കു് അദ്ദേഹത്തോടു യോജിക്കാൻ സാധിക്കുന്നതെങ്ങനെ? എങ്കിലും പ്രധാനമായിട്ടുണ്ടു് അദ്ദേഹത്തിന്റെ ലേഖനം.
കേരളത്തിലെ ഗവണ്മെന്റ് ആർട്ട്സ് ആന്റ് സയൻസ് കോളേജുകളിലെ സംസ്കൃതവിദ്യാർത്ഥികൾ ഒരു സംഘടനരൂപവത്കരിച്ചിട്ടുണ്ടു്. ആ സംഘടനയുടെ വകയായി ഒരു സോവനീർ പ്രസാധനം ചെയ്തിരിക്കുന്നു. ശ്രീ. ടി. വി. ഉണ്ണികൃഷ്ണനാണു് അതിന്റെ പത്രാധിപർ. ഈ സോവനീറിൽ പണ്ഡിതോചിതങ്ങളായ അനേകം പ്രബന്ധങ്ങളുണ്ടു്. ശ്രീ. പി. കെ. പരമേശ്വരൻ നായർ, ശ്രീ. കെ. പി. നാരായണപിഷാരോടി. പ്രൊഫസർ എസ്. കെ. പെരിനാടു്, പ്രൊഫസർ എസ്. ഗുപ്തൻനായർ, ശ്രീ. പി. പി. രാമകൃഷ്ണപിള്ള, ശ്രീ. വി. സി. ചാക്കോ, പ്രൊഫസർ എം. എസ്. മേനോൻ, ശ്രീ. ഏ. വി. ശങ്കരൻ എന്നിവരാണു് ലേഖകർ. അവരുടെ ലേഖനങ്ങൾ സംസ്കൃതത്തിൽ താൽപര്യമുള്ളവരെല്ലാം വായിച്ചിരിക്കേണ്ടതാണു്. തിരുത്തിപ്പറയട്ടെ, എല്ലാവരും വായിക്കേണ്ടതാണു്. മലയാളഭാഷയിലെ പാണ്ഡിത്യമെന്നു പറയുന്നതു സംസ്കൃതത്തിലെ പാണ്ഡിത്യം തന്നെയാണു്. ആ പാണ്ഡിത്യമില്ലെങ്കിൽ കുമാരനാശാന്റെ ഒരു ശ്ലോകത്തിനെങ്കിലും ശരിയായ വ്യാഖ്യാനം നല്കാൻ സാധിക്കുകയില്ല.

കവിക്കു സമൂഹത്തെക്കുറിച്ചു സുദൃഢമായ ബോധമുണ്ടാകുന്നതു നല്ലതുതന്നെ. അതുകൊണ്ടു് അദ്ദേഹം സൗന്ദര്യത്തിന്റെ ശത്രുവാകണമെന്നില്ല. ഗാർതിയ ലൊർക ഫാസിസത്തിന്റെ ശത്രുവായിരുന്നു; ഇടുതുപക്ഷ ചിന്താഗതിക്കാരനായിരുന്നു. എങ്കിലും സൗന്ദര്യത്തിന്റെ സാരാംശങ്ങളായിട്ടാണു് അദ്ദേഹത്തിന്റെ കാവ്യങ്ങളെ കരുതിപ്പോരുന്നതു്. “ദേശാഭിമാനി” വാരികയിൽ “ഞങ്ങൾ തോല്പിക്കും” എന്ന കവിതയെഴുതിയ ശ്രീ. എം. കൃഷ്ണൻകുട്ടിക്കു കാവ്യപ്രചോദനമില്ലാതില്ല. പക്ഷേ, അദ്ദേഹം കരുതിക്കൂട്ടി മറ്റൊരു ശബ്ദത്തിൽ സംസാരിക്കുന്നു. ലൊർകയെപ്പോലെ, മാവോസേതൂങ്ങി നെപ്പോലെ കവിയുടെ ഭാഷയിൽ അദ്ദേഹം സംസാരിക്കട്ടെ, അല്ല പാടട്ടെ. ഫാസിസ്റ്റുകളെ എതിർത്തപ്പോൾ ലൊർക ദേശാഭിമാനി. മുതലാളിത്തത്തെ നശിപ്പിക്കുമ്പോൾ മവോസേതൂങ്ങ് ദേശാഭിമാനി. 1905-ലെ വിപ്ലവത്തിൽ പങ്കെടുത്തപ്പോൾ മാക്സിം ഗോർക്കി ദേശാഭിമാനി. എന്നാൽ തൂലിക കൈയിലെടുത്തപ്പോൾ മൂന്നുപേരും കലാകാരന്മാർ. നമ്മുടെ പല വിപ്ലവസാഹിത്യകാരന്മാർക്കും ഗർജ്ജിക്കാനേ അറിയാവൂ, പാടാൻ അറിഞ്ഞുകൂടാ.