ഞാൻ ഇന്നാളൊരുദിവസം ഒരു സ്നേഹിതൻ ക്ഷണിച്ചതനുസരിച്ചു് അയാളുടെ വീട്ടിൽച്ചെന്നുകയറി. ആ വീട്ടിൽ കയറുന്നതിനു് രണ്ടു വാതിലുകളുണ്ടു്. ഒന്നിലൂടെ കടന്നാൽ മറ്റു പല മുറികളിലൂടെ നടന്നു് സ്നേഹിതന്റെ സ്വീകരണമുറിയിൽ എത്താം. രണ്ടാമത്തെ വാതിലിലൂടെയാണു് പ്രവേശിക്കുന്നതെങ്കിൽ നേരേ ചെല്ലുന്നതു് സ്വീകരണമുറിയിലേക്കുതന്നെ. ആ ഭവനത്തിന്റെ നിർമ്മാണത്തെക്കുറിച്ചു് ഒരറിവുമില്ലാതിരുന്ന ഞാൻ നിർഭാഗ്യവശാൽ ആദ്യത്തെ വാതിലിലൂടെയാണു് വീട്ടിനകത്തേക്കു കയറിയതു്. സ്നേഹിതന്റെ കിടപ്പുമുറി, വായനമുറി എന്നിങ്ങനെ പലതും കടന്നു് ഞാൻ അദ്ദേഹമിരിക്കുന്നിടത്തു് എത്തി. പെട്ടെന്നുണ്ടായ നീരസം മറച്ചുവച്ചു് അയാൾ എന്നെ ഇരിക്കാൻ പറഞ്ഞു. കുറെ നേരം സംസാരിച്ചതിനുശേഷം ഞാൻ പോകാനായി എഴുന്നേറ്റു. രണ്ടാമത്തെ വാതിലിലൂടെ മുറ്റത്തു ചെല്ലാൻതന്നെയാണു് ഞാൻ ഭാവിച്ചതു്. എങ്കിലും പേടിയോടെ ആ വാതൽതന്നെ ചൂണ്ടിക്കാണിച്ചുകൊണ്ടു സുഹൃത്തു പറഞ്ഞു: “ഇതാ, ഈ വാതിലിൽക്കൂടെ പോകാം.” സ്നേഹിതൻ എന്റെ സ്വാതന്ത്ര്യത്തിനു് ഹാനി വരുത്തിയോ? സൗഹൃദം നല്കുന്ന സ്വാതന്ത്ര്യത്തിനു അയാൾതന്നെ ഭംഗം ഉളവാക്കിയോ? രണ്ടുപേരുടേയും സ്വാതന്ത്ര്യം ഭഞ്ജിക്കപ്പെട്ടു എന്നാണെന്റെ വിശ്വാസം. മറ്റാരുമില്ലാത്ത ഒരു വീട്ടിലെ ചില മുറികൾകൂടി ഞാൻ കണ്ടതു കൊണ്ടു് ഒരു നഷ്ടവും അയാൾക്കു വരാൻ പോകുന്നില്ല. എങ്കിലും ഞാൻ അവ വീണ്ടും കാണരുതെന്നു് ആ കൂട്ടുകാരനു് നിർബന്ധമുണ്ടായിരുന്നു. അതുകൊണ്ടാണല്ലോ മുറ്റത്തേക്കു നേരിട്ടു ചെന്നുകൊള്ളുവാൻ അയാൾ വിനയത്തോടെ ആവശ്യപ്പെട്ടതു്. എന്റെ ഈ സുഹൃത്തിനെപ്പോലെയാണു് കഥാകാരന്മാരായ ശ്രീ. സക്കറിയ യും ശ്രീ. സച്ചിദാനന്ദനും പെരുമാറുന്നതെന്നു് പറഞ്ഞുകൊള്ളട്ടെ. അവർ രണ്ടുപേരും കഥാഭവനങ്ങളിലേക്കു നമ്മെ ക്ഷണിക്കുന്നു. അവിടെ പല വാതിലുകളില്ല. ഒറ്റവാതിലേ ഓരോ ഭവനത്തിനുമുള്ളൂ. “ഇതിലൂടെ കടക്കൂ, ഇതിലൂടെ പോകൂ” എന്നു് അവർ രണ്ടുപേരും ആജ്ഞാപിക്കുന്നു. അനുസരിക്കാൻ നമ്മൾ നിർബ്ബദ്ധരാണു്. സ്വാതന്ത്ര്യം ഭഞ്ജിക്കപ്പെട്ടു്, സൗഹൃദം നഷ്ടപ്പെട്ടു്, ഒന്നും കാണാതെ ഒന്നും അറിയാതെ നാം പുറത്തേക്കു പോരുന്നു (മലയാളനാട്ടിന്റെ 20, 21 ലക്കങ്ങളിൽ അവർ എഴുതിയ കഥകൾ നോക്കുക) നമ്മുടെ നീരസം എളുപ്പത്തിൽ മാറിപ്പോകും. പക്ഷേ, അവർ തങ്ങളുടെ കലാസ്വാതന്ത്ര്യത്തെത്തന്നെ ഹനിക്കുകയാണെന്നു് അറിയുന്നുണ്ടോ? അങ്ങനെ സ്വാതന്ത്ര്യത്തെ ഹനിച്ചുഹനിച്ചു് തങ്ങൾ കഠിനഹൃദയരായിത്തീരുമെന്നു് അവർ മനസ്സിലാക്കുന്നുണ്ടോ? ഇമ്മട്ടിൽ അഭിസംക്രമണക്ഷമതയില്ലാത്ത കഥകളെഴുതിയ ഒരു പ്രശസ്തൻ ഇന്നു് അവഗണിക്കപ്പെട്ടിരിക്കയാണു്. ആ ഹതവിധി ഇവർക്കു രണ്ടുപേർക്കും വരാതിരിക്കട്ടെ.
മൂന്നുവയസ്സു പ്രായമായ കുട്ടിയുടെ കൈക്കു പിടിച്ചുകൊണ്ടു് വായനക്കാരിൽ പലരും നടന്നിരിക്കുമല്ലോ. ആ കുഞ്ഞിന്റെ കൊച്ചുകൊച്ചു കാൽവയ്പിനു് അനുസരിച്ചു് നിങ്ങളും പതുക്കെപ്പതുക്കെ കാൽ മുന്നോട്ടുവയ്ക്കുമ്പോൾ എന്തോ ഒരു രസം അനുഭവപ്പെടാറില്ലേ? ആ രീതിയിലുള്ള രസമാണു് എനിക്കു ശ്രീ. എം. സുകുമാരന്റെ “കരയിൽ ജീവിക്കുന്നവർ” എന്ന ചെറുകഥ വായിച്ചപ്പോൾ ഉണ്ടായതു്. കഥയ്ക്കു് ഇതിവൃത്തമില്ലെങ്കിലെന്തു്? ഒരു വിനോദയാത്ര പോകുന്ന നാലുപേരുടെ വിചാരവികാരങ്ങളെ മാത്രമേ അതിൽ ആവിഷ്ക്കരിച്ചിട്ടുള്ളു എന്നുതന്നെയിരിക്കട്ടെ. എങ്കിലും നാം അക്കഥ വായിക്കും. വായിച്ചിട്ടെന്തു നേടി എന്നു ചോദിക്കരുതു്. കുട്ടിയോടൊരുമിച്ചുള്ള നടത്തത്തിൽനിന്നു് എന്തു നേടാനാണു്? നേട്ടമില്ലെങ്കിലും നടക്കുന്നതു് ഒരു രസംതന്നെ. ആ രസംപോലുമുളവാക്കാൻ ശ്രീ. കുഴിതടത്തിൽ എഴുതിയ “പറങ്കിത്താഴു്” എന്ന ചെറുകഥയ്ക്കു കഴിയുന്നില്ല (മലയാളനാടു്). ഭാര്യ ഒരു വലിയ പൂട്ടു വാങ്ങിക്കുന്നതു കണ്ട ഭർത്താവു് പൂർവകാലത്തെ സംഭവങ്ങളെക്കുറിച്ചു് ഓർമ്മിക്കുന്നു. അതുപോലെയൊരു പൂട്ടുകൊണ്ടു് അയാൾ വഞ്ചന കാണിച്ച സഹോദരിയെ ഇടിച്ചുകൊന്നുപോലും. എന്താണാവോ ഇതിന്റെ അർത്ഥം? അതോ ഇതൊരു സിംബലിക് കഥയാണോ? ആയിരിക്കാം. മലയാളനാട്ടിന്റെ കവർപേജിൽ ഒരു സുന്ദരിയുടെ ചിത്രമുണ്ടു്. ഷീല യാണെന്നു തോന്നുന്നു. കാലിൽ തറച്ച മുള്ളു് എടുക്കാൻ ശ്രമിക്കുകയാണു് പ്രശസ്തയായ ആ അഭിനേത്രി. ഷീല അതിൽ വിജയം പ്രാപിച്ചേയ്ക്കും. പക്ഷേ, എന്റെ ശരീരത്തിൽ തറച്ചുകയറിയ സിംബലിസമെന്ന മുള്ളു് എടുക്കാൻ എനിക്കു സാധിക്കുന്നില്ല.
Honeymoon എന്നാൽ മധുവിധുവെന്നു് അർത്ഥം. ചന്ദ്രന്റെ ഭംഗി പതിനഞ്ചു ദിവസംകൊണ്ടു് ഇല്ലാതാകുന്നതുപോലെ വൈവാഹികജീവിതത്തിന്റെ മാധുര്യം അത്രയും ദിവസംകൊണ്ടുതന്നെ നശിച്ചുപോകുമെന്നാണു് ആ വാക്കു് സൂചിപ്പിക്കൂന്നതു്. മലയാളനാട്ടിൽ “ഒരു രാത്രിക്കു വണ്ടി” എന്നൊരു സിന്ധിക്കഥയുണ്ടു്. തർജ്ജമ ചെയ്തതു് ശ്രീ. വി. ഡി. കൃഷ്ണൻനമ്പ്യാർ വൈവാഹികജീവിതത്തിന്റെ നിരർത്ഥകത്വം, ബന്ധുക്കളുടെ കപടസ്നേഹം, അവരുടെ സ്വാർത്ഥതാല്പര്യം എന്നിവയെ ചിത്രീകരിക്കാനാണു് കഥാകാരന്റെ ശ്രമം. പക്ഷേ, കഥയുടെ ഔന്നത്യത്തിലേയ്ക്കു് കയറിപ്പോകാൻ അദ്ദേഹത്തിനു്—ഈശ്വർചന്ദറിനു്—അറിഞ്ഞുകൂടാ. മറ്റു ഭാഷകളിലെ കഥകൾ തർജ്ജമ ചെയ്തു് മലയാളസാഹിത്യത്തെ സമ്പന്നമാക്കാനാണു് കൃഷ്ണൻനമ്പ്യാർ ആഗ്രഹിക്കുന്നതു്. ആഗ്രഹം ആദരണീയം. പക്ഷേ, തർജ്ജമ ചെയ്യുന്നതു് ഉത്കൃഷ്ടങ്ങളായ കഥകളായിരിക്കണം. ഇല്ലെങ്കിൽ ഇതൊരു പാഴ്‌വേലയായിപ്പോകും.
മലയാളഭാഷേ, നീ ഞങ്ങളെ ഏതെല്ലാം മാന്ത്രികമണ്ഡലങ്ങളിലൂടെ നയിച്ചു! സൗന്ദര്യവും സൗരഭ്യവും ഉള്ള ആ മണ്ഡലങ്ങൾ കണ്ടു് ഞങ്ങളെത്രമാത്രം ആഹ്ലാദിച്ചു! പക്ഷേ, അക്കാലമൊക്കെ പോയിരിക്കുന്നു. ഇന്നു ഞങ്ങൾ കാണുന്നതു് വൈരൂപ്യം, ശ്വസിക്കുന്നതു് ദുർഗന്ധം. ഇതു് ഉയർച്ചയാണത്രേ. മനുഷ്യനു മനസ്സിലാകാത്ത രീതിയിൽ എഴുതുന്നതാണുപോലും ഉയർച്ച. ഇതാ രണ്ടു സാഹസകർമ്മങ്ങൾ കണ്ടാലും. ശ്രീ. കെ. പി. നിർമ്മൽകുമാർ മാതൃഭൂമിയിലെഴുതിയ “സതി” എന്ന ചെറുകഥയിൽ നിന്നൊരു വാക്യം:
“അന്വേഷണത്തിന്റെ മരുഭൂമികളിൽ സ്വയം ചുമൽകോച്ചി തള്ളിക്കളയാൻ തുടങ്ങിയപ്പോൾ ആശാസാഫല്യങ്ങൾ പോലെ ഇരുട്ടുമുറിയിൽ പതഞ്ഞൊഴുകിയ വൈദ്യുതവെളിച്ചത്തിന്റെ പരിചിത, പ്രാകൃത, പരിഹാസ്യഭൂമികളിൽ പരന്നപ്പോൾ ആഘോഷങ്ങളിൽ, ഓർമ്മകളുടെ പുത്തൻ വൈദ്യുതദീപ്തിയിൽ, ധൃതിയിൽ പെരുമാറുകയായിരുന്ന പണിക്കാർക്കിടയിലൂടെ ഉള്ളിൽ ശബ്ദഘോഷങ്ങളുമായി നീങ്ങുകയായിരുന്ന ഒരു പെൺകുട്ടിയെ ഞാൻ ശ്രദ്ധിക്കുകയായിരുന്നു.”
ഇനി ശ്രീ. സി. ചന്ദ്രശേഖരൻ മാതൃഭൂമിയിലെഴുതിയ “വരാത്തവരും കാത്തുനില്ക്കാത്തവരും” എന്ന ചെറുകഥയിൽനിന്നു് ഒരു വാക്യം.
“മണ്ണിന്റെ എണ്ണമറ്റ ചർമ്മസുഷിരങ്ങളിലൂടെ കറുത്ത നൂലിഴകൾ വീശിക്കൊണ്ടു്, മേലോട്ടു പെയ്തുകയറിയ ഇരുട്ടു് ഒരു കടൽപോലെ ഉയർന്നുനിറയുമ്പോൾ പിന്നാലെ പൊടിയും തണുപ്പുമായി ഇടയ്ക്കിടെ വീശിയ ഒരു കാറ്റിന്റെ മ്ലാനമൂഢതയും വിദൂരതയുടെ നെടുവീർപ്പുകളും പകൽ മറന്നിട്ട ഒരു നേർത്തവസ്ത്രംപോലെ കാറ്റിൽ പാറിയ പൊടി മാഞ്ഞും(?) ഒന്നായി ചേർന്നു പരിസരത്തിലെ വിളക്കുകൾ തെളിയിച്ചു.”
വായനക്കാരായ ഞങ്ങളെ ഈ രീതിയിൽ പീഡിപ്പിക്കത്തക്കവിധത്തിൽ ഒരപരാധവും ഞങ്ങൾ നിർമ്മൽകുമാറിനോടോ ചന്ദ്രശേഖരനോടോ ചെയ്തിട്ടില്ല. ഒരു കാലത്തു് കവിതവായിച്ചു് ഞങ്ങൾ പുളകം കൊണ്ടിരുന്നു. ഒരു കാലത്തു് കഥ വായിച്ചു് ഞങ്ങളുടെ ഹൃദയം നൃത്തം ചെയ്തിരുന്നു. അന്നു ഞങ്ങളാരും വിചാരിച്ചിരുന്നില്ല സാഹിത്യത്തിനു് ഈ ദുരന്തം വന്നുകൂടുമെന്നു്; ഞങ്ങൾക്കു് ഇങ്ങനെയൊരു ദുഃഖമനുഭവിക്കേണ്ടിവരുമെന്നു്. അസത്യത്തെക്കാൾ അസത്യമായി വല്ലതുമുണ്ടോ? വൈരൂപ്യത്തേക്കാൾ വൈരൂപ്യമുള്ളതായി വല്ലതുമുണ്ടോ? ഉണ്ടു്, നിർമ്മൽകുമാറിന്റെയും ചന്ദ്രശേഖരന്റെയും ചെറുകഥകൾ.
“നിങ്ങളെന്തിനു് ഇങ്ങനെ ആഴ്ചതോറും ശത്രുക്കളെ വർദ്ധിപ്പിക്കുന്നു? നിങ്ങളെന്തിനു് ഇങ്ങനെ ഈ ചവറെല്ലാം വായിച്ചുകൂട്ടി മനസ്സിന്റെ സുഖവും ശരീരത്തിന്റെ സുഖവും ഇല്ലാതാക്കുന്നു? കുമാരനാശാനെ യോ വള്ളത്തോളിനെ യോക്കുറിച്ചു് ഒരു പുസ്തകം എഴുതിക്കൂടേ? “എന്റെ ഉത്തമസുഹൃത്തുക്കൾ ദിവസവും എന്നോടു ചോദിക്കാറുള്ള ചോദ്യമാണിതു്. ശരിയാണു്. പ്രതികൂലമായ ഒരു വിമർശനം ‘മലയാളനാട്ടി’ൽ വന്നാൽമതി. അടുത്തദിവസം വിമർശിക്കപ്പെടുന്ന കവിയും ബന്ധുക്കളും എന്നെ രൂക്ഷമായി നോക്കും. അന്നവരെ ആ കവിയെക്കുറിച്ചു് ഞാൻ നല്ലവാക്കു മാത്രമേ പറഞ്ഞിട്ടുള്ളൂ എന്നതു് അവർ സൗകര്യപൂർവ്വം വിസ്മരിക്കും. എങ്കിലും ഞാനിതു് എഴുതുകയാണു്. വൈരൂപ്യത്തിലൂടെ സഞ്ചരിച്ചു സഞ്ചരിച്ചു് യാദൃച്ഛികമായിട്ടെങ്കിലും സൗന്ദര്യത്തിലെത്താതിരിക്കില്ലല്ലോ. ദാഹിക്കുമ്പോൾ അനുജനെ വിളിച്ചു് “ഒരു ഗ്ലാസ്സുവെള്ളം കൊണ്ടുവരൂ” എന്നു പറയാം. അവൻ കൊണ്ടുവരുന്ന വെള്ളം കുടിച്ചാൽ ദാഹം തീരുകയും ചെയ്യും. എന്നാൽ ദാഹം ഉണ്ടാകുമ്പോൾ എഴുന്നേറ്റു് പൈപ്പിന്റെ അടുക്കലേക്കു നടക്കൂ. ടാപ്പു തിരിച്ചു് ഗ്ലാസ്സിലേക്കു വെള്ളം പകരൂ. അതാ വെള്ളിക്കമ്പിപോലെ ജലം വീഴുന്നു. എന്തൊരു ഭംഗി! എന്തൊരു തിളക്കം! ആ വെള്ളം കുടിക്കുമ്പോൾ ദാഹം തീരുക മാത്രമല്ല; ഒരാത്മസംതൃപ്തികൂടെ ഉണ്ടാകുന്നു. പ്രയത്നമാണു് പരമഫലത്തിന്റെ ആസ്വാദ്യത വർദ്ധിപ്പിക്കുന്നതു്. ഈ മഹാപ്രയത്നത്തിലൂടെ ആത്മസംതൃപ്തി നേടാനാണു് എന്റെ ശ്രമം. അങ്ങനെ ശ്രമിക്കുന്നതിനിടയിലാണു് ഞാൻ ചന്ദ്രിക ആഴ്ചപ്പതിപ്പിലെ രണ്ടു ചെറുകഥകൾ വായിച്ചതു്. ശ്രീ. ഷെരീഫിന്റെ “മനസ്സും” ശ്രീ. റ്റി. സി. ഭാസ്ക്കരന്റെ വേഴാമ്പലുകൾ കരയുന്ന ശബ്ദവും. ഒരു സ്ത്രീക്കു സ്വന്തം ഭർത്താവിൽനിന്നു് ഗർഭമുണ്ടാകുകയില്ല. തന്നെ പഠിപ്പിച്ച പ്രൊഫസറിൽ നിന്നു് (അയാൾ വൃദ്ധനാണു്) അവൾ ഗർഭിണിയാകുന്നു. വിദേശത്തു് പോയിരിക്കുന്ന ഭർത്താവു് തിരിച്ചെത്തുന്ന ദിവസം പേടികൊണ്ടു് അവളുടെ ഗർഭം അലസിപ്പോകുന്നു. ഇതാണു് ഷെരീഫിന്റെ കഥയുടെ സാരം. കടുത്ത വെറുപ്പു കടുത്ത പ്രേമത്തിന്റെ മറുപുറമാണല്ലോ? ലൈംഗികവേഴ്ചയെ അതിരറ്റു പേടിക്കുന്നവൾ അബോധാത്മകമായി അതിനെ അതിരറ്റു് ഇഷ്ടപ്പെടുന്നവളായിരിക്കും. ഒരു സ്ത്രീക്കു് ചേരയെ പേടിയാണു്. (ചേര പുരുഷോപസ്ഥത്തിന്റെ പ്രതീകമാണു്) അവൾ ചേരകളെ കല്ലെറിഞ്ഞു് ഓടിക്കുന്നു. രാത്രി ചേര അവളുടെ ശയനീയത്തിൽ എത്തുന്നു. എത്തിയതു ചേരയല്ല, പുരുഷൻ തന്നെയാണെന്നു് അവൾ പിന്നീടു് ഗ്രഹിക്കുന്നു. അയാളുടെയും അവളുടെയും വേഴ്ചയെ വർണ്ണിച്ചുകൊണ്ടു് റ്റി. സി. ഭാസ്ക്കരൻ കഥ അവസാനിപ്പിക്കുന്നു. എങ്ങനെയിരിക്കുന്നു ഈ രണ്ടു കഥകളും? കഥാകാരന്മാർക്കു് കഥ പറയാൻ അറിയാം? അതിൽ സംശയമില്ല. എങ്കിലും എനിക്കൊരു അസ്വസ്ഥത. രസാനുഭൂതി വിശ്രാന്തിയുളവാക്കുമല്ലോ? ഇവിടെ വിശ്രാന്തിയില്ല. അസ്വസ്ഥതയേയുള്ളൂ… എന്താണൊരു സൗരഭ്യം! ഓ, മഗ്ദലനമറിയ ത്തിന്റെ അഴിഞ്ഞുകിടക്കുന്ന തലമുടിയിൽനിന്നുണ്ടാകുന്ന പരിമളമാണതു്. ആ സുഗന്ധം പ്രസരിപ്പിച്ചുകൊണ്ടു് അവൾ എന്നെ ക്ഷണിക്കുന്നു. “വരൂ, ഇക്കഥകളൊക്കെ വായിച്ചു മനസ്സുക്ഷീണിപ്പിക്കാതെ എന്നോടൊരുമിച്ചു വരൂ. നമുക്കു യേശുദേവനെ കാണാൻ പോകാം.” ഞാൻ ആ വാക്കുകൾ ശ്രദ്ധിക്കാതെ കുങ്കുമം വാരിക കൈയിലെടുക്കുന്നു. മറിയം പരിഭവിച്ചു നടക്കുന്നു; വെളുത്ത കാൽമുട്ടുകൾ കാണിച്ചുകൊണ്ടു് ചുവന്ന ഉള്ളങ്കാൽ കാണിച്ചുകൊണ്ടു്. എന്തൊരു ഭംഗിയുള്ള നടത്തം! വരട്ടെ, അതു കാണാൻ സമയമില്ല. ശ്രീ. പി. കെ. ശിവദാസമേനോന്റെ ഒരു ചെറുകഥ നിരൂപണംകാത്തു കിടക്കുകയാണു്. അതു വിമർശനമാകാൻ പോകുന്നുവെന്നു് ആ കഥ അറിയുന്നുണ്ടോ? (നിരൂപണം—മോടിപിടിപ്പിച്ചു് പറയുക) “പത്രോസ്സിന്റെ കഥ പറഞ്ഞ വയസ്സൻ” എന്നാണു് കഥയുടെ പേരു്. ബസ്സിലിരിക്കുന്ന സകലയാത്രക്കാരെയും ആക്ഷേപിച്ചു് സ്വന്തം വൈദഗ്ദ്ധ്യത്തെ പ്രശംസിച്ചു് ഇരിക്കുന്ന ഒരു വയസ്സൻ തനിക്കു് ഇറങ്ങാനുള്ള സ്ഥലം മറന്നുപോകുന്നു, അപ്പോൾ മറ്റുള്ളവർ അയാളെ ആക്ഷേപിച്ചു ചിരിക്കുന്നു. ‘ജനയുഗം’ വാരികയിൽ പരസ്യപ്പെടുത്തുന്ന ‘ബസ്സ് ഫലിതങ്ങൾ’ ഞാൻ വായിക്കാറുണ്ടു്. അതിലെ നേരമ്പോക്കിൽക്കവിഞ്ഞു് ഇതിലൊന്നുമില്ല. ജനയുഗത്തിലെ ഓരോ ഫലിതോക്തിയിലും മൂന്നോ നാലോ വാക്യങ്ങളേ കാണുകയുള്ളൂ. ഇതിലാകട്ടെ അനേകം വാക്യങ്ങൾ. അത്രേയുള്ളൂ വ്യത്യാസം… കുഞ്ഞുണ്ണിയുടെ അച്ഛൻ മരിച്ചു. അയാൾ സഹോദരന്മാരെയും സഹോദരികളെയും നല്ല നിലയിലാക്കി. അങ്ങനെ സ്വയം നശിച്ചു. വിവാഹം കഴിക്കാൻപോലും അയാൾ കൂട്ടാക്കിയില്ല. ഒടുവിൽ അങ്ങു മരിക്കുകയും ചെയ്തു. ഇതാണു് ശ്രീ. പി. ശങ്കരനാരായണൻ എഴുതിയ “എന്നിലേക്കു്” എന്ന ചെറുകഥയുടെ സാരം. ഇങ്ങനെയുള്ള ദുഃഖാത്മകസംഭവങ്ങൾ ലോകത്തു ധാരാളമുണ്ടു്. എങ്കിലും കുഞ്ഞുണ്ണി ഭാഗ്യവാനാണു്. അയാളെ സഹോദരികൾ സമ്പൂർണ്ണമായും അവഗണിച്ചു് മരണത്തിലേക്കു തള്ളിവിട്ടു എന്നേയുള്ളൂ. ചിലരങ്ങനെയല്ല മൂത്ത സഹോദരൻ പഠിപ്പിച്ചു നല്ല നിലയിലാക്കി എന്നു വിചാരിച്ചു മാസംതോറും അയാൾക്കു ഭിക്ഷയിടുന്നതുപോലെ ഒരു നിശ്ചിതസംഖ്യ കൊടുത്തേക്കും. അതെറിയുമ്പോൾ അവളുടെ മുഖം കാണണം… അവളുടെ ഭർത്താവിന്റെ തികഞ്ഞ പുച്ഛം കാണണം. അനുജന്മാരും വിഭിന്നരല്ല. കടപ്പാടു് തീർക്കുന്നുവെന്ന മട്ടിൽ അവരും ചില തുകകൾ എറിയാതിരിക്കുകയില്ല. കുഞ്ഞുണ്ണിക്കു് ഇത്തരം ഭിക്ഷ വാങ്ങേണ്ടിവന്നില്ല. അയാളങ്ങു് മരിച്ചു. നല്ല വിഷയം. പക്ഷേ, കുഞ്ഞുണ്ണിയുടെ മരണം അനുവാചകന്റെ ഉള്ളിൽ തട്ടത്തക്കവിധത്തിൽ കഥാകാരൻ കഥ പറഞ്ഞിട്ടില്ല. നമ്മെ ഭാവനയുടെ ലോകത്തു് കൊണ്ടുചെല്ലാത്തതൊന്നും കലാസൃഷ്ടിയല്ലെന്നു നാം എപ്പോഴും ഓർമ്മിക്കണമല്ലൊ. ആ തത്ത്വം ഓർമ്മിപ്പിച്ച ശങ്കരനാരായണനു് കൃതജ്ഞ.
ഗ്രാമപ്രദേശങ്ങളിലൂടെ നടക്കുമ്പോൾ ഒരു പൂവു് വൃക്ഷത്തിൽനിന്നു് ഞെട്ടറ്റു വീണു് നിങ്ങളുടെ നെറ്റിത്തടത്തെ സ്പർശിച്ചുകൊണ്ടു് ഭൂമിയിൽ പതിച്ചിട്ടുണ്ടോ? അതിന്റെ കൊച്ചു തേൻതുള്ളി നിങ്ങളുടെ നാസികയിലെങ്ങാനും പറ്റിനിന്നിട്ടുണ്ടോ? ഉണ്ടെങ്കിൽ, നിങ്ങൾക്കു നേരിയ ആഹ്ലാദം അനുഭവപ്പെട്ടിരിക്കുമല്ലോ. ആ ആഹ്ലാദമാണു് ഡോക്ടർ ഇന്ദിരാമോഹൻ “ജനയുഗം” വാരികയിലെഴുതിയ “ലാളന” എന്ന കൊച്ചുകഥ വായിച്ചപ്പോൾ എനിക്കുണ്ടായതു്. ഒരിക്കൽ ഭാര്യയായിരുന്നവളോടു പിന്നെയും ബന്ധം പുലർത്താൻ എത്തുന്ന ഒരു വഞ്ചകനെ അവൾ വീട്ടിൽനിന്നു് ഇറക്കിവിടുന്നതാണു് കഥയിലെ പ്രതിപാദ്യം. പ്രശസ്തയല്ലാത്ത കഥാകാരിക്കു പല പ്രശസ്തരായ കഥാകാരന്മാരെക്കാളും ഭംഗിയായി കഥ പറയാൻ അറിയാം.
വേമ്പനാട്ടുകായൽ പ്രശാന്തമാണു്. എന്റെ വീടിനടുത്തുള്ള കുളവും പ്രശാന്തമത്രേ. എന്നാൽ വേമ്പനാട്ടുകായലിന്റെ പ്രശാന്തത നൈസർഗ്ഗികമാണു്. ഒരു കൊച്ചു കാറ്റടിച്ചാൽ മതി കുളം ഇളകി മറിയും. കായൽ അനങ്ങുകയില്ല. പ്രശാന്തത സ്വാഭാവികമായിട്ടുള്ള ചില സ്ത്രീകളെ എനിക്കറിയാം. കരുതിക്കൂട്ടി നിശ്ശബ്ദത പാലിക്കുന്ന സ്ത്രീകളെയും എനിക്കറിയാം. ഒരു നിസ്സാരസംഭവം മതി, രണ്ടാമതു പറഞ്ഞ കൂട്ടർ ഇളകിമറിയും: ഇവരെപ്പോലുള്ള പുരുഷന്മാരുമുണ്ടു്. അവർ ഏതെങ്കിലും മഹാസ്ഥാപനത്തിൽ ചെന്നുപെട്ടാൽ മതി കുറച്ചുനേരം മിണ്ടാതിരുന്നിട്ടു് ഇളകിത്തുടങ്ങും. അവർ ആ സ്ഥാപനത്തെ നശിപ്പിക്കുന്നു; മറ്റുള്ളവരെ നശിപ്പിക്കുന്നു, സ്വയം നശിക്കുന്നു ഇങ്ങനെയുള്ള അല്പന്മാരെക്കുറിച്ചു് ശ്രീ. ശൂരനാട്ടു കുഞ്ഞൻപിള്ള വിദഗ്ദ്ധമായി എഴുതുന്നു. പൗരധ്വനി വിശേഷാൽപ്പതിപ്പിലെ “മഹാസ്ഥാപനങ്ങളിലെ അല്പന്മാർ” എന്ന ലേഖനം നോക്കുക. ലക്ഷ്യവേധിയാണു് ആ ലേഖനം. അതു കൊള്ളേണ്ടിടത്തു് കൊണ്ടിട്ടുണ്ടു്. 700 പുറമുള്ള ഈ വിശേഷാൽപ്പതിപ്പിലെ മറ്റു ലേഖനങ്ങളെക്കുറിച്ചു്, കവിതകളെക്കുറിച്ചു് ഈ ഹ്രസ്വലേഖനത്തിൽ ഒന്നും പറയാൻ കഴിയുകയില്ല.

മെയ്റ്റ്ലിങ്കി ന്റെ (Maeterlinck-r ഉച്ചരിക്കാറില്ല) “മോണ വാന്ന” എന്ന നാടകത്തിലെ ഒരു കഥാപാത്രം—പ്രിൻസിവല്ലി—മറ്റൊരു കഥാപാത്രത്തോടു പറയുന്നു—“He is my enemy whom I love.”—“ഞാൻ സ്നേഹിക്കുന്ന ശത്രുവാണു് അയാൾ.” അങ്ങനെയുള്ള ശത്രുക്കൾ നമുക്കെല്ലാവർക്കും കാണും. ശത്രുവാണെങ്കിലും മറ്റു പല ഗുണങ്ങളും ഉള്ളതുകൊണ്ടു നാം അയാളെ സ്നേഹിക്കും. അതുപോലെ നാം വെറുക്കുന്ന സ്നേഹിതന്മാരുമുണ്ടു്. എനിക്കൊരാളെ അറിയാം. പ്രസംഗിക്കുന്നതും സ്വകാര്യസംഭാഷണം നടത്തുന്നതും ഒക്കെ ഗാന്ധിസം, നമ്മെ സ്നേഹിക്കുന്നുവെന്നു നടിക്കും. പക്ഷേ, ഇടയ്ക്കിടയ്ക്കു് നമ്മെ കുത്തുവാക്കുകൾകൊണ്ടു വേദനിപ്പിക്കാൻ ശ്രമിക്കും. സംസ്ക്കാരത്തിന്റെ കൂടുതൽകൊണ്ടു് ഇത്തരം ആളുകളോടു നാം മറുത്തു് ഒന്നും പറയുകയില്ല. മാന്യന്റെ മട്ടു കാണിച്ചു് അന്യനെ ദ്രോഹിക്കുന്ന ഇക്കൂട്ടരെ ശിക്ഷിക്കാൻ പീനൽകോഡിൽ വ്യവസ്ഥയില്ല. ശ്രീ. ഒ. എം. അനുജന്റെ കവിത ഇമ്മട്ടിൽ കലാത്മകത്വത്തിന്റെ നാട്യം കാണിച്ചു് അനുവാചകനെ വേദനിപ്പിക്കുന്നു. മലയാളനാട്ടിലെ വിരഹചിന്ത എന്ന കവിത നോക്കുക. എന്തൊരു ശുഷ്കമായ പദ്യം! ബീജഗണിതത്തിലെ ‘ഇക്വേഷൻ’ വായിച്ചു് ആരെങ്കിലും രസാനുഭൂതിക്കു വിധേയനായിട്ടുണ്ടോ? ഉണ്ടെങ്കിൽ അയാൾ അനുജന്റെ കവിത വായിച്ചു രസിക്കും. ശ്രീ. കെ. വാസുദേവൻനായരുടെ ഒരു കവിത കൂടി ഈ വാരികയിൽ ഉള്ളതു് നന്നായി. അദ്ദേഹം കലാപ്രചോദനത്തോടെ പടുന്നു.
“എൻ ഹൃദയത്തിൽ
എഴുതിരിയിട്ട പ്രകാശം പൊലിയും മുൻപേ
ദിനകരദീപ്തികൾ മറയും മുൻപേ
എനിക്കുറക്കെ പറയാൻ മോഹം.”
അതു കേൾക്കാൻ അനുവാചകനു കുതുകമുണ്ട്.
അന്തരീക്ഷത്തിൽ നക്ഷത്രം, മേശപ്പുറത്തു മഷിക്കുപ്പി എന്നൊക്കെ ബുദ്ധിക്കു തകരാറില്ലാത്ത നമ്മൾ പറയും. അങ്ങനെയല്ല അത്യന്താധുനികർ പറയുക അന്തരീക്ഷത്തിൽ മഷിക്കുപ്പി, മേശപ്പുറത്തു നക്ഷത്രം എന്നാണു് അവരുടെ പ്രസ്താവം. എന്തിനു് ഈ വിലക്ഷണസമ്പ്രദായം? ഉത്തരമില്ല. ഒരത്യന്താധുനികകവിത എഴുതിക്കൊണ്ടു ഞാൻ ഈ ലേഖനം അവസാനിപ്പിക്കട്ടെ.
ക്ഷീണത്തിന്റെ തൂലികകൊണ്ടു്
ക്ലേശത്തിന്റെ കടലാസ്സിൽ ഞാൻ വെള്ളം കോരുമ്പോൾ
എന്റെ അസ്ഥിബന്ധങ്ങളിൽ കഴപ്പിന്റെ സ്വപ്നങ്ങൾ,
കഴപ്പേ, സ്വപ്നമേ, ഊളമ്പാറേ എന്നെ പുണരൂ
പുണരൂ, പുണരൂ, പുണരൂ, പുണരൂ…
അടുക്കളക്കലങ്ങൾ വിപഞ്ചിക വർഷിക്കുന്നു
ഊളമ്പാറേ വരൂ, വരൂ.