വിമർശനം കൊണ്ടെന്തു പ്രയോജനം? എഴുതുന്നവർ തങ്ങൾക്കു തോന്നുന്ന രീതിയിൽ എഴുതുകതന്നെ ചെയ്യും. സഞ്ജയൻ ചങ്ങമ്പുഴ യെ വാതോരാതെ ആക്ഷേപിച്ചില്ലേ? എന്നിട്ടെന്തു സംഭവിച്ചു? മലയാളസാഹിത്യത്തിൽ ഓർമ്മിക്കപ്പെടാൻ പോകുന്ന നാമധേയം സഞ്ജയന്റേതോ? ചങ്ങമ്പുഴയുടേതോ? ഈ ചോദ്യങ്ങളിൽ സത്യമുണ്ടെങ്കിലും നൂറിനു് നൂറും സത്യമാണുള്ളതെന്നു സമ്മതിക്കാൻ പ്രയാസം. എഴുതുന്നവർ തങ്ങൾക്കിഷ്ടമുള്ളരീതിയിൽ എഴുതിക്കൊള്ളട്ടെ. അപ്പോൾ അതു് നിന്ദ്യമായ രീതിയാണെന്നു് ആരെങ്കിലും പറഞ്ഞാൽ അവർ ശ്രദ്ധിക്കുന്നില്ലെന്നു ഭാവിക്കും. പക്ഷേ, അവരുടെ ആത്മാവിൽ വല്ലാത്ത ഒരാഘാതമേറ്റതിനുശേഷമാണു് ആ നിരപേക്ഷഭാവം ആവിർഭവിക്കുക. തെറ്റുചെയ്യുന്നവനോടു് “നിങ്ങൾ തെറ്റാണു കാണിക്കുന്നതു്” എന്നു പറഞ്ഞുനോക്കൂ. അയാൾ നിങ്ങളെ വകവയ്ക്കുന്നില്ലെന്നു ഭാവിക്കും. പക്ഷേ, വീണ്ടും ആ തെറ്റുചെയ്യാൻ അയാൾക്കു ധൈര്യമുണ്ടാവുകയില്ല. ഈ മാനസികനിലയുടെ വിവിധരീതികൾ നിത്യജീവിതത്തിൽ നമുക്കു കാണാം. നാലുപേർ ചീട്ടുകളിക്കുകയാണെന്നിരിക്കട്ടെ. ഒരു കളിക്കാരനു സംശയം തുറുപ്പുചീട്ടുകൊണ്ടു് വെട്ടണോ അതോ വിലയില്ലാത്ത ഒരു ചീട്ടു് തഴയണോ എന്നു്. അടുത്തിരിക്കുന്ന പ്രായം കുറഞ്ഞ സ്നേഹിതൻ തുറുപ്പുചീട്ടു കളിക്കാൻ ഉപദേശിക്കുന്നു. പ്രായം കൂടിയ കളിക്കാരനു ദേഷ്യം, എങ്കിലും അയാൾ അല്പനേരം ആലോചിച്ചിരുന്നിട്ടു് തുറുപ്പു ചീട്ടു് കളിക്കുന്നു. ആ ഉപദേശം നല്കിയതിന്റെ പേരിൽ അവർ തമ്മിൽ പിന്നീടു് മിണ്ടുകയില്ലായിരിക്കാം, എന്നാലെന്തു് ? വിജയം കൈവരിച്ചുനില്ക്കുന്നതു് പ്രായംകുറഞ്ഞ ഉപദേശകനാണു്. ഒരു അസിസ്റ്റന്റ് സെക്രട്ടറി മഹാരാജാവിനുള്ള ഒരു ഡി. ഓ. തയ്യാറാക്കി എന്റെ കൈയിൽ തന്നു. ഒരു വിധവയ്ക്കു മാസന്തോറും അമ്പതുരൂപ പെൻഷൻ കൊടുക്കാനുള്ള ശുപാർശയാണതു്. ദിവാൻ ഒപ്പിട്ടുവേണം അതു കൊട്ടാരത്തിലേയ്ക്കു അയയ്ക്കാൻ. ആ എഴുത്തിന്റെ അവസാനത്തെ വാക്യം ഇങ്ങനെയായിരുന്നു:
“I request that His Highness the Maharaja may be pleased to sanction a pension of Rs 50/per mensem to Smt … till her death.”
ഞാൻ ആ എഴുത്തിന്റെ ഡ്രാഫ്റ്റ് വാങ്ങിക്കൊണ്ടു മിണ്ടാതെനിന്നു. കോപിഷ്ഠനായ അസിസ്റ്റന്റ് സെക്രട്ടറി “എന്താ നില്ക്കുന്നതു്? വേഗം ടൈപ്പ് ചെയ്യിച്ചുകൊണ്ടുവരൂ” എന്നു് ആജ്ഞാപിച്ചു. ഞാൻ വിനയത്തോടെ പറഞ്ഞു: “സർ, till her death എന്നതു മാറ്റി “as long as she lives” എന്നാക്കിയാൽ നന്നായിരിക്കും.” അസിസ്റ്റന്റ് സെക്രട്ടറിയുടെ മുഖം വെളുത്തു, ‘ശരി’ എന്നുമാത്രം അദ്ദേഹം മറുപടി നല്കി. കൊട്ടാരത്തിലേക്കുള്ള എഴുത്തു് ഞാൻ പറഞ്ഞ രീതിയിൽത്തന്നെ പോകുകയും ചെയ്തു. പക്ഷേ, മൂന്നു ദിവസത്തിനകം ഞാൻ മറ്റൊരു സെക്ഷനിലേക്കു മാറ്റപ്പെട്ടു. എന്നാലെന്തു? ജേതാവു് ഞാനല്ലേ? സഞ്ജയന്റെ ആക്ഷേപത്താൽ ചങ്ങമ്പുഴക്കവിതയ്ക്കു മാറ്റം വന്നിട്ടില്ലെന്നു തീർത്തുപറയാമോ? വിമർശനം തങ്ങളെ സ്പർശിക്കാറില്ലെന്നു ഭാവിക്കുന്ന സാഹിത്യകാരന്മാർ കാപട്യം കാണിക്കുകയാണു്. അതു് അവരുടെ അന്തരംഗത്തിലേക്കു തുളച്ചുകയറാറുണ്ടു്; അതനുസരിച്ചു അവർ സാഹിത്യരചനയ്ക്കു മാറ്റം വരുത്താറുമുണ്ടു്. കലാകാരൻ സത്യത്തിൽനിന്നു് മൂന്നുപ്രാവശ്യം മാറിനില്ക്കുന്നുവെന്നു പ്ലേറ്റോ പ്രഖ്യാപിച്ചു. മേശ നിർമ്മിക്കുന്ന ആശാരി ഈശ്വരന്റെ മേശയുടെ പകർപ്പാണു് നല്ക്കുന്നതു്, ആ മേശയുടെ ചിത്രം വരയ്ക്കുന്ന കലാകാരൻ പകർപ്പിന്റെ പകർപ്പാണു് നിർമ്മിച്ചുവയ്ക്കുക. അങ്ങനെ അയാൾ സത്യത്തിൽനിന്നു മൂന്നുപ്രാവശ്യം മാറിനില്ക്കുന്നു. നിരൂപകനോ? കലാകാരന്റെ ചിത്രം കാണുമ്പോൾ അയാൾക്കു ചില വികാരങ്ങളുണ്ടാകുന്നു; ആ വിചാരവികാരങ്ങളെ മുഴുവൻ ആവിഷ്ക്കരിക്കാൻ അയാൾക്കു കഴിയുകയില്ല. ചിലതൊക്കെ അയാൾ പദങ്ങളിലൂടെ സ്ഫുടീകരിക്കുന്നു. അതു വായിക്കുന്നയാൾ നിരൂപകൻ എഴുതിയതിന്റെ ഒരംശം മാത്രമേ മനസ്സിലാക്കുന്നുള്ളു. അങ്ങനെ നിരൂപണം (വിമർശനവും) സത്യത്തിൽനിന്നു് അഞ്ചുപ്രാവശ്യം മാറിനില്ക്കുന്നു. തേയിലയിൽ മാറിമാറി അഞ്ചുപ്രാവശ്യം ചൂടുവെള്ളമൊഴിച്ചാൽ അഞ്ചാമത്തെ പ്രാവശ്യം കിട്ടുന്ന ചായയുടെ കടുപ്പം എങ്ങനെയിരിക്കുമെന്നു സന്തായാന ചോദിക്കുന്നു. നിരൂപണം കടുപ്പം കുറഞ്ഞ ചായയാണെന്നു് അർത്ഥം, ആയിക്കൊള്ളട്ടെ. ആ ചായയ്ക്കും പ്രയോജനമുണ്ടു്. അതു കുടിക്കുന്നവർക്കു തലവേദന മാറിക്കിട്ടും.

ശ്രീ. പാറന്നൂർ പത്മനാഭന്റെ ചെറുകഥകളെക്കുറിച്ചു് ഞാൻ പലപ്പോഴും എഴുതിയിട്ടുണ്ടു്. ഒരിക്കലും നല്ലവാക്കു പറയാൻ സാധിച്ചിട്ടില്ലെന്നാണു് എന്റെ ഓർമ്മ. അതിൽ എനിക്കു വല്ലായ്മയില്ലാതില്ല. നമ്മെ ഒരുവിധത്തിലും ഉപദ്രവിക്കാത്തവരെ പരുഷപദങ്ങൾകൊണ്ടു് വീണ്ടും വീണ്ടും ശല്യപ്പെടുത്തരുതല്ലോ. എന്നാലും നിരൂപണകർമ്മത്തിൽ അങ്ങനെയുള്ള മൃദുലഭാവത്തിനു സ്ഥാനമില്ല. പത്മനാഭൻ ചന്ദ്രിക ആഴ്ചപ്പതിപ്പിലെഴുതിയ “നിങ്ങൾക്കൊരു വീടു്” എന്ന ചെറുകഥയെ ചെറുകഥയെന്നു വിളിക്കാൻ എന്റെ മനസ്സു് സമ്മതിക്കുന്നില്ല. തൊഴിലാളികളെ ഇളക്കിവിട്ടു് സമരം ചെയ്യിച്ചതിനുശേഷം മുതാലാളിയിൽ നിന്നു് വലിയ തുക തട്ടിയെടുക്കുന്ന ഒരു കപടനേതാവിനെ അദ്ദേഹം അതിൽ ചിത്രീകരിക്കുന്നു. ഭാഷ സാഹിത്യകാരന്റെ അസംസ്കൃതവസ്തുവാണു്. അതിലടങ്ങിയിരിക്കുന്ന ശക്തിവിശേഷത്തെ സാഹിത്യകാരൻ കണ്ടറിഞ്ഞു് പ്രകാശിപ്പിക്കണം. പത്മനാഭൻ കഴിയാത്തതു് അതുതന്നെ. ചതഞ്ഞരഞ്ഞ ഭാഷകൊണ്ടാണു് അദ്ദേഹം കഥ പറയുന്നതു്. ആ ഭാഷയുടെ ആന്തരചൈതന്യത്തെ പ്രകാശിപ്പിക്കാൻ അദ്ദേഹത്തിനു സാധിക്കുന്നില്ല. അതിനാൽ അദ്ദേഹത്തിന്റെ ചെറുകഥയ്ക്കു പലപ്പോഴും പത്രറിപ്പോർട്ടിന്റെ സ്വഭാവം കാണും. ചന്ദ്രികയിലെ രണ്ടാമത്തെ ചെറുകഥ—ശ്രീ ഏ. രവീന്ദ്രൻ എഴുതിയ ആസ്ഥാനകവി കഫ്ക യുടെ Castle എന്ന നോവൽ വായിച്ചതിനുശേഷം എഴുതിയതാണെന്നു് എനിക്കു തോന്നിപ്പോയി. കുന്നിന്റെ മുകളിലുള്ള കൊട്ടാരത്തിൽ താമസിക്കുന്ന രാജാവിനെ കാണാൻ ഒരാൾ വരുന്നു. രാജാവിന്റെ സദസ്സിലെ കവിയാകാനാണു് അയാൾക്കു് ആഗ്രഹം. രാത്രി അയാൾ റയിൽവേസ്റ്റേഷിൽ വന്നിറങ്ങി. എന്നാൽ അയാൾക്കു കൊട്ടാരത്തിൽ പോകാൻ സാധിക്കുന്നില്ല. രാജാവിന്റെ സി. ഐ. ഡി.-യിൽപ്പെട്ട ഒരുവൻ—താടിക്കാരൻ—തിരിച്ചുപോകാൻ അയാളോടാവശ്യപ്പെട്ടു. കവിയും ഗോപാലനെന്നൊരുവനും കൂടി ഏതോ “ഒരുത്തന്റെ” വീട്ടിൽ ചെന്നുകിടന്നു് ഉറങ്ങുന്നു. ഗോപാലന്റെ വിചാരം ആ വീടു് തന്റേതാണെന്നാണു്. പക്ഷേ, അയാൾക്കു തെറ്റു പറ്റിപ്പോയി. കവി ആരുമറിയാതെ കൊട്ടാരത്തിലേയ്ക്കു യാത്രതിരിച്ചു. ആ യാത്ര അവസാനത്തേതായിരുന്നു. താടിക്കാരനും ഗോപാലനും കൂടി അയാളെ വെടിവച്ചുകൊന്നു. ഈ കഥയിലെ “അലിഗറി” വ്യക്തമാണു്. രാജാവു് അജ്ഞാതസത്യത്തിന്റെ പ്രതീകം, താടിക്കാരൻ ആധ്യാത്മികതയുടെ പ്രതിരൂപം. ഗോപാലൻ ലൗകികജീവിതത്തിന്റെ സിംബൽ. സത്യസാക്ഷാത്കാരത്തിനു ശ്രമിക്കുന്ന കലയെ രണ്ടുപേരും കൂടി നിഗ്രഹിക്കുന്നു. ഈ കഥയ്ക്കു കഫ്കയുടെ ക്യാസിൽ എന്ന നോവലിനോടുള്ള കടപ്പാടു് വളരെ വ്യക്തമല്ലേ? വെസ്റ്റ് വെസ്റ്റ് പ്രഭുവിന്റെ എസ്റ്റേറ്റ് അളക്കാൻ ചെല്ലുന്ന ‘കെ’ എന്ന സർവേക്കാരനു് പ്രഭുവിന്റെ വാസസ്ഥലത്തു് എത്താൻ കഴിയാതെവരുന്നതാണല്ലോ ആ നോവലിലെ വിഷയം. പ്രതിപാദ്യ വിഷയത്തിന്റെ സാദൃശ്യം മാത്രമല്ല ഇവിടെയുള്ളതു്. പ്രതിപാദനരീതി അന്തരീക്ഷസൃഷ്ടി എന്നിവയിലെല്ലാം “ആസ്ഥാനകവി” “ക്യാസിലി”നോടു് ബന്ധപ്പെട്ടിരിക്കുന്നു.

സാഹിത്യത്തിലെ അത്യന്താധുനികൻ ഏകാന്തതയുടെ ദുഃഖത്തെക്കുറിച്ചു് കവിതയെഴുതുന്നു, ലേഖനം എഴുതുന്നു. ആത്മഹത്യയാണു് ഒറ്റ മാർഗ്ഗമെന്നു് പ്രഖ്യാപിക്കുന്നു. അയാളുടെ ജീവിതമോ? കൊട്ടാരം പോലെയുള്ള വീട്ടിൽ താമസം, സഞ്ചരിക്കാൻ കാറു്, ശംബളം ആയിരം രൂപ. ഭാര്യയുടെ വീട്ടിൽ നിന്നും സ്വന്തം വീട്ടിൽ നിന്നും മുറതെറ്റാതെ വന്നെത്തുന്ന നെല്ലു് (അതിൽ ആവശ്യം കഴിഞ്ഞുവരുന്ന നെല്ലു് പറയ്ക്കു പത്തുരൂപവച്ചു് വില്ക്കാം). ഇന്ത്യയിലെങ്ങും കിട്ടാത്ത വാച്ച്. രണ്ടായിരം രൂപ വിലയുള്ള റേഡിയോ. അതിൽ ആട്ടോമാറ്റിക് റെക്കാർഡ്പ്ലേയർ. ടേപ്പ്റെക്കാർഡർ (ജപ്പാനിൽ നിർമ്മിച്ചതു്). ടെലഫോൺ, പോഷകാംശം വളരെക്കൂടിയ ആഹാരം. ചുമയ്ക്കാതിരിക്കാൻ വാട്ടർബറീസ് കാമ്പൗണ്ട്. രാത്രി പാലിൽ സാനട്ടജൻ. ആഴ്ചയിൽ രണ്ടു പ്രാവശ്യം സിനിമകാണൽ. എന്തിനു് അധികം പറയുന്നു! രാജകുമാരനെപ്പോലെയുള്ള ജീവിതം. എന്നിട്ടു് പ്രഖ്യാപനമോ? “ഇതാ ഇവിടെയാകെ ഏകാന്തത. അതിന്റെ ദുഃഖം ഇവിടെ ആത്മഹത്യയേ മാർഗ്ഗമുള്ളു. നിങ്ങളെല്ലാവരും ആത്മഹത്യ ചെയ്യു.” അയാൾ ആത്മഹത്യ ചെയ്യുകയില്ല; നമ്മൾ ആത്മഹത്യ ചെയ്യണമെന്നാണു് ഉപദേശം. അത്ഭുതങ്ങളിൽ അത്ഭുതം. ഈ കാപട്യം ഇവിടെ ചെലവാകുന്നുണ്ടു്. ഉറച്ച വിശ്വാസമില്ലാതെ ഫാഷനുവേണ്ടി മാത്രം അത്യന്താധുനികതയെ വാഴ്ത്തിക്കൊണ്ടു നടക്കുന്ന ഒരുവനെ ശ്രീ. എസ്. പി. രമേശ് “അടിവേരുകളില്ലാതെ” എന്ന ചെറുകഥയിൽ അവതരിപ്പിക്കുന്നു (മലയാളനാടു്). വിഷയം കൊള്ളാം. പക്ഷേ, അതിനെ ഭാവനാത്മകമായി രമേശ് ചിത്രീകരിച്ചിട്ടില്ല. മലയാളനാട്ടിലെ മറ്റു രണ്ടു കഥകളും കലാപരമായി വിജയം പ്രാപിക്കുന്നില്ല. ഒരു കൊച്ചുകുട്ടിയുടെ ഹൃദ്യമായ പ്രവർത്തനങ്ങളെ ഫലിതാത്മകമായി ആവിഷ്ക്കരിക്കാനാണു് ശ്രീ. ജെ. കെ. വി.-യുടെ ശ്രമം. കഥാകാരന്റെ ഫലിതത്തിനു് നൈസർഗ്ഗികത്വമില്ല. വായനക്കാരിൽ ഫലിതം അടിച്ചേല്പിക്കാനുള്ള യത്നം എപ്പോഴും ഉപഹസനീയമായേ ഭവിക്കൂ. വി. എസ്. നിർമ്മല തികഞ്ഞ മൗലികത്വത്തോടെയാണു് ഒരു വിഷയം കൈകാര്യം ചെയ്യുന്നതു്. തോണികടത്തിയ മുക്കുവകന്യകയെ മഹർഷി പ്രാപിച്ചതെങ്ങനെയെന്നു് ഒരു സന്ന്യാസി ഒരു പെൺകുട്ടിയെ പറഞ്ഞുകേൾപ്പിക്കുന്നു. കഥ മുന്നോട്ടു പോകുന്തോറും സന്ന്യാസിയുടെ കാമവികാരം ഇളകുന്നു. പക്ഷേ, രചനയുടെ വൈകല്യം കൊണ്ടു് കഥ ഒരാന്റിക്ലൈമാക്സിൽ ചെന്നുനില്ക്കുന്നു. വിടർന്നുവിലസേണ്ട ഒരു റോസാപ്പൂ പുഴുക്കുത്തേറ്റു് മുരടിച്ചുപോയാൽ നമുക്കു വല്ലായ്മ തോന്നുമല്ലോ. ആ വല്ലായ്മ ഈ കഥ വായിച്ചാലും ഉണ്ടാകും. മീൻകാരൻ മൊയ്തീന്റെ മകൾ ബീബിയുടെ വിവാഹം കഴിഞ്ഞു. അശക്തനും വിരൂപനും ആയ ഭർത്താവു്, പ്രഥമ രാത്രിയിൽ അയാളുമായിട്ടുള്ള വേഴ്ചയുണ്ടായി. അവളെസ്സംബന്ധിച്ചിടത്തോളം ദുസ്സഹമായ വേഴ്ചയായിരുന്നു അതു്. ബീബി പഴയകാലത്തെക്കുറിച്ചു് സങ്കല്പിക്കുകയായി. മലയുടെ മുകളിൽവച്ചു് അബ്ദുള്ള തന്നെ ബലാത്കാരസംഭോഹം ചെയ്ത സംഭവം അവളുടെ സ്മൃതി ദർപ്പണത്തിൽ തെളിഞ്ഞുനിന്നു. ഭർത്താവുമായുള്ള വേഴ്ച സഹിക്കാൻ വയ്യാതെ അവൾ മലയുടെ മുകളിലേക്കു് അപ്പോൾ ഓടിപ്പോയി. എന്നിട്ടു് അവൾ വസ്ത്രങ്ങളഴിച്ചുകളഞ്ഞു പോലും. മരത്തെ കെട്ടിപ്പിടിച്ചു് കരഞ്ഞുപറഞ്ഞുപോലും “മലമുകളിലെ അബ്ദുള്ളേ, എന്റെ അബ്ദുള്ളേ” അവൾക്കു് ഉറക്കെപ്പറയാൻ തോന്നിയത്രേ. “അബ്ദുള്ളേ ഓടിവരു. എന്നെ കെട്ടിപ്പിടിക്കു. എന്നിട്ടെന്നെ ബലാൽസംഗം ചെയ്യു” കുങ്കുമം വാരികയിൽ ശ്രീ. പുനത്തിൽ കുഞ്ഞബ്ദുള്ള എഴുതിയ ഈ കഥ തികച്ചും അയഥാർത്ഥമാണു്. ഇതു ഭാവനയ്ക്കു യോജിക്കുന്നതല്ല. നിത്യജീവിതത്തിലോ കലാലോകത്തിലോ ഇതിനു സ്ഥാനമില്ല. സാഹിത്യകാരൻ ആന്തരമായ ജീവിതമോ ബാഹ്യമായ ജീവിതമോ ചിത്രീകരിക്കട്ടെ. അതു് കലാലോകത്തു് സംഭവിക്കുന്നതാണെന്നു് വായനക്കാരനു് തോന്നണം. ശ്രീ. പി. ആർ. നാഥൻ മനഃശാസ്ത്രപരമായ ഒരു സത്യത്തെ ഒരു ചെറുകഥയിലൂടെ പ്രത്യക്ഷമാക്കുന്നു (ചിന്നുമ്മു എന്നകഥ—കുങ്കുമം) കുമാരി ബി. സുനന്ദയാകട്ടെ സ്നേഹബന്ധത്തെ ഒരു പ്രകൃതിദൃശ്യത്തിലൂടെ ആവിഷ്ക്കരിക്കുന്നു (കാത്തിരിപ്പു് എന്ന സ്വപ്നം). നാഥന്റെ കഥയ്ക്കു കലാത്മകത്വമില്ല സുനന്ദയുടെ കഥയ്ക്കു ഭാവാത്മക സൗന്ദര്യമുണ്ടു്.
എന്റെ വീട്ടിൽ കൂടെക്കൂടെ വിദ്യുച്ഛക്തി ഇല്ലാതാകും. ഒരാഴ്ച “സാഹിത്യവാരഫലം” മുടങ്ങിപ്പോയതിനു കാരണം വിദ്യുച്ഛക്തിയുടെ തകരാറാണു്. ഇനി അതു മുടങ്ങരുതെന്നു കരുതി ഞാനൊരു ‘റാന്തൽ’ വാങ്ങി മേശപ്പുറത്തു വച്ചിട്ടുണ്ടു്. തെളിഞ്ഞ ചിമ്മ്നി; നല്ല തിരി; റാന്തൽ നിറയെ മണ്ണെണ്ണ. എങ്കിലും ദീപമില്ല, ദീപം വേണമെങ്കിൽ ഞാൻ തീപ്പെട്ടിയുരച്ചു തിരികത്തിക്കണം. ശ്രീ. എം. സുകുമാരൻ “മാതൃഭൂമി” ആഴ്ചപ്പതിപ്പിൽ ഒരു റാന്തലൊരുക്കിവച്ചിരിക്കുന്നു. കലയുടെ ദീപം മാത്രമേ അതിനില്ലാതുള്ളു. രേണുകയുടെ ഭർത്താവു മരിച്ചപ്പോൾ കോളജ് ലക്ചറർ അവളുടെ ദുഃഖമന്വേഷിച്ചു വന്നു. ദുഃഖാന്വേഷണങ്ങളുടെ അസത്യാത്മകതയും മരണത്തിന്റെ അനിവാര്യസ്വാഭാവവും ചിത്രീകരിക്കുകയാണു സുകുമാരൻ. എന്നാൽ കഥാകാരൻ കണ്ടറിഞ്ഞ വസ്തുതകളായി നമുക്കു് അവ അനുഭവപ്പെടുന്നില്ല. ദീപം കത്തിക്കാൻ അറിയാവുന്ന കലാകാരനാണു് സുകുമാരൻ. ഇപ്പോൾ അദ്ദേഹം നമ്മെ ഇരുട്ടിൽ ഇരുത്തുന്നുവെന്നേയുള്ളു. റാന്തലുമില്ല ദീപവുമില്ല. ജനയുഗം വാരികയിലെ കരിമീൻ എന്ന കഥയിൽ ഒരു “കെഴട്ടുകെഴവൻ” മീൻവില്ക്കുന്ന ഒരു പെൺകുട്ടിയെ വശത്താക്കാൻ ശ്രമിച്ചു പരാജയപ്പെടുന്നതിന്റെ ചിത്രം വരയ്ക്കാനാണു കഥാകാരനായ ശ്രീ. മേട്ടുത്തറയുടെ യത്നം. വിത്തിൽ നിന്നു ചെടി മുളച്ചു ഉയരുന്നതുപോലെ അനുഭവത്തിൽ നിന്നു കഥ ഉദ്ഭവിച്ചു വികസിക്കണം. കഥാകാരൻ അതു മനസ്സിലാക്കിയിട്ടില്ല. ജാരസന്തതിയായ ഒരു ഡോക്ടറുടെ കഥ എഴുതുന്ന ശ്രീ. കെ. പൊന്ന്യവും അതു് മനസ്സിലാക്കിയിട്ടില്ല (കഥ ദേശാഭിമാനിയിൽ). വീട്ടിനടുത്തു നില്ക്കുന്ന വൃക്ഷം വളർന്നു വികസിച്ചു ജന്നലിൽക്കൂടി അതിന്റെ ശാഖകളെയും ഉപശാഖകളെയും കടത്തിവിട്ടാൽ നിങ്ങൾ ആ വൃക്ഷത്തെ സ്നേഹിക്കുമോ വെറുക്കുമോ? സ്നേഹിക്കുകയേയുള്ളു. ആ കൊമ്പുകൾ മുറിച്ചുമാറ്റുന്ന ഗൃഹനായകനെ സ്നേഹിക്കുമോ വെറുക്കുമോ? വെറുക്കും സംശയമില്ല കലാവൃക്ഷം സ്വച്ഛന്ദമായ വളരട്ടെ മേട്ടുത്തറയോടും പൊന്ന്യത്തോടും അതാണു പറയാനുള്ളതു്.

സ്റ്റുഡൻസ് ലിറ്റററി സൊസൈറ്റിയുടെ ‘ഒന്നാംവാർഷികോപഹാര’മായ “സംഗമം” നല്ല പ്രസാധനമായിട്ടുണ്ടു്. ആകർഷകങ്ങളായ ചെറുകഥകൾ, വിചാരപ്രധാനങ്ങളായ ലേഖനങ്ങൾ, ഭംഗിയുള്ള കവിതകൾ ഇവയൊക്കെ അതിലടങ്ങിയിരിക്കുന്നു. മനുഷ്യജീവിതത്തെ മഴത്തുള്ളിയായി സങ്കല്പിച്ചു കുമാരി സുമിത്രാവർമ്മ (ആൾസെയിന്റ്സ് കോളേജ്) എഴുതിയ കൊച്ചുകഥയ്ക്കു ഭാവാത്മകസൗന്ദര്യമുണ്ടു്. സ്നേഹമെന്ന ലോലഭാവത്തെ ഏതാനും വാക്യങ്ങളിലൊതുക്കി കുമാരി നിർമ്മല (വിമൻസ് കോളേജ്) സ്ഫുടീകരിക്കുന്നു. ഈ കുട്ടിക്കു കലാത്മകമായ ഹൃദയമുണ്ടു് എന്നതു വ്യക്തം. ബാഹ്യചേഷ്ടകളിൽ ക്രൂരനായിത്തോന്നുന്ന ഒരു പിതാവു എത്ര ആർദ്രമനസ്കനാണു് മകളുടെ കാര്യത്തിൽ എന്നു് ശ്രീ. പി. വിജയകൃഷ്ണൻ (യൂണിവേഴ്സിറ്റി കോളേജ്) വിദഗ്ദ്ധമായി പ്രതിപാദിക്കുന്നു (കുഞ്ഞിക്കൈകളുയർത്തു എന്ന കഥ). നൈരാശ്യത്തിൽ വീണ ഒരു യുവാവു് താൻ സ്നേഹിക്കുന്ന ഒരു പെൺകുട്ടിക്കു് അഞ്ചുരൂപ കൊടുത്തു സ്വയം ആഹ്ലാദിക്കുന്നചിത്രം ശ്രീ. കെ. കെ. അബ്ദുൽറഷീദ് (യൂണിവേഴ്സിറ്റി കോളേജ്) വരയ്ക്കുന്നു. ദേശീയസംസ്കാരത്തിന്റെ ആകർഷകത്വത്തെ ഒരു നിലവിളക്കിന്റെ പ്രതീകത്തിലൂടെ ആവിഷ്ക്കരിക്കുന്ന ശ്രീ. പെരുമൺ ബാലചന്ദ്രന്റെ (യൂണിവേഴ്സിറ്റി കോളേജ്) കഥയിലും ജീവിതത്തിന്റെ ശൂന്യതയെ ചിത്രീകരിക്കുന്ന കുമാരി കെ. എം. രാധയുടെ കഥയിലും (ഗവ: കോളേജ്, കോഴിക്കോട്ടു്) കലാപ്രചോദനം എനിക്കു ദർശിക്കാൻ കഴിഞ്ഞു. ജീവിതമെത്ര നിസ്സാരം! എത്ര ക്ഷണികം! കല എത്ര പ്രൗഢം! അതെത്ര ശാശ്വതം! ഈ ആശയത്തെ ചാരുതയോടെ ശ്രീ. ആര്യനാടു് ജയറാം ഒരു കൊച്ചുകഥയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. സ്നേഹവും നൈരാശ്യവും ഏകാന്തതകൊണ്ടുണ്ടാകുന്ന ദുഃഖവും നിറഞ്ഞുനില്ക്കുന്ന ഹൃദയത്തെ ആലേഖനം ചെയ്യാനാണു് ശ്രീ. എ. പി. രാജഗോപാലിന്റെ (ശ്രീനാരായണ കോളേജ്, ചെമ്പഴന്തി) കൗതുകം, ആ കൗതുകത്തെ നാം ആദരിക്കുന്നു. ഈ പ്രസാധനത്തിലെ കവിതകളിലെല്ലാം ജീവിതത്തിന്റെ തുടിപ്പും കലയുടെ പ്രചോദനവും ഞാൻ കണ്ടു. ശ്രീ. ടി. വി. വർക്കി, ശ്രീ. കെ. കെ. ഹിരണ്യൻ, ശ്രീ. ആർ. ഗോപിനാഥൻ, ശ്രീ. ടി. സത്യദാസ്, ശ്രീ. ആർ. പി. സൗഭദ്രൻ, ശ്രീ. ബാലചന്ദ്രൻ, ശ്രീ. എസ്. പി. രാജൻ, ശ്രീ. വി. രാധാകൃഷ്ണൻ എന്നിവരുടെ കാവ്യങ്ങൾ വൈകാരികാവസ്ഥകളെ സ്പഷ്ടതയോടും സുനിശ്ചിതത്വത്തോടും കൂടി ആവിഷ്കരിക്കുന്നു. ലേഖനങ്ങൾ വിദ്യാർത്ഥികളുടെ വിചാരശീലത്തിനു് ഉദാഹരണങ്ങളത്രേ. അനുദിനം പുരോഗമിക്കുന്ന, വികസിക്കുന്ന ഈ ലോകത്തു വ്യക്തി നിസ്സാരൻ, സമൂഹം ശ്രേഷ്ഠം എന്നാണു് എം. എ. അബ്ദുൾറഷിദ് (യൂണി: കോളേജ്) പറയുക. അദ്ദേഹം അല്വിൻ ട്രോഫ്ളർ എഴുതിയ Future shock എന്ന ഉജ്ജ്വലമായ ഗ്രന്ഥം വായിക്കുന്നതു കൊള്ളാം. ശ്രീ. ജി. കെ. നായരുടെ (യൂണി: കോളേജ്) “ഭാരതീയകാവ്യതത്ത്വചിന്ത” എന്ന പ്രബന്ധത്തിൽ അരവിന്ദഘോഷി ന്റെ ചില മതങ്ങൾ കൂടി സംഗ്രഹിച്ചെഴുതിയിരിക്കുന്നതു് എനിക്കു് ആഹ്ലാദപ്രദമായി. മനുഷ്യന്റെ അസ്വസ്ഥതയെക്കുറിച്ചു ശ്രീ. പി. എസ്. രവീന്ദ്രനും ഈ ലോകത്തിന്റെ ദയനീയതയെക്കുറിച്ചു ശ്രീ. വി. ബാലചന്ദ്രനും ഉപന്യസിക്കുന്നു (ലേഖകർ യൂണിവേഴ്സിറ്റി കോളേജ് വിദ്യാർത്ഥികൾ). യുവാക്കന്മാരെ നിരന്തരം അലട്ടുന്ന ഈ അസ്വസ്ഥതയെക്കുറിച്ചു് അവരെഴുതിയതിൽ ഒട്ടും അദ്ഭുതമില്ല. ഇവർ Future shock വായിക്കുന്നതോടോപ്പം സ്വാമി വിവേകാനന്ദ ന്റെ ഗ്രന്ഥങ്ങളും വായിക്കണം. അപ്പോൾ എല്ലാ പ്രശനങ്ങൾക്കും ഉത്തരങ്ങൾ കിട്ടും. നിരൂപണാർഹങ്ങളായ കഥകളും ലേഖനങ്ങളും ഇനിയുമുണ്ടു് ‘സംഗമ’ത്തിൽ. എല്ലാറ്റിനെയും കുറിച്ചു പറയുക സാദ്ധ്യമല്ലല്ലോ. കോളേജ് മാഗസിനുകൾ എഡിറ്റ് ചെയ്തിട്ടുള്ള ആളാണു് ഈ ലേഖകൻ. അവയെ അപേക്ഷിച്ചു് ഈ “സംഗമം” എത്രയോ ഭേദം.

കൽക്കത്തയിൽ നിന്നു പ്രസാധനം ചെയ്യുന്ന ‘രാജധാനി’ എന്ന വാരികയുടെ ഒരു ഷീറ്റ് എന്റെ ഒരു ശിഷ്യൻ എനിക്കു് അയച്ചുതന്നിരിക്കുന്നു. “അങ്ങയുടെ ഒരു വിനീതശിഷ്യൻ” എന്നേ കത്തിലുള്ളു, ആരാണു് അദ്ദേഹമെന്നു അറിയാൻവയ്യ. രാജധാനിയുടെ ഷീറ്റിൽ ഒരു ശ്രീ. ടി. വി. ഗോപാലകൃഷ്ണനുമായി ശ്രീ. സോമൻ ആലപ്പുഴ നടത്തിയ അഭിമുഖസംഭഷണത്തിന്റെ റിപ്പോർട്ട് കാണാം. ടി. വി. ഗോപാലകൃഷ്ണന്റെ പേരു് മുണ്ടശ്ശേരി യുടെയും കുട്ടിക്കൃഷ്ണമാരാരു ടെയും പേരുകൾ അച്ചടിക്കുന്നതിനേക്കാൾ കേമമായി വെണ്ടയ്ക്ക അക്ഷരത്തിൽത്തന്നെ അച്ചടിച്ചിട്ടുണ്ടു്. ഗോപാലകൃഷ്ണൻ ഇത്രയ്ക്കു പ്രസിദ്ധനോ? അങ്ങനെയാണെങ്കിൽ അദ്ദേഹത്തിന്റെ ഫെയിം തിരുവനന്തപുരത്തു് എത്താത്തതു് എന്താണാവോ? ഇരിക്കട്ടെ ഈ അഭിനവ അഭിനവഗുപ്തൻ പറയുന്നു. “വാരഫലം പോലെ—ഈ ആഴ്ചയിൽ സ്ത്രീ സുഖം കൂടും, വിചാരിച്ചതു നടക്കും, ധനനഷ്ടവും മാനഹാനിയും ഭവിക്കും എന്നൊക്കെ ഉരുവിടുന്നതുപോലെ—സാഹിത്യസൃഷ്ടികളെ വിലയിരുത്തുന്നതു് എത്രമോശമാണു്.” തുടർന്നു് “സാഹിത്യവാരഫലം” എന്ന പേരിനെ അദ്ദേഹം കണക്കിലേറെ കളിയാക്കുന്നു. പ്രത്യക്ഷമായി എന്നെയും പരോക്ഷമായി “മലയാളനാടു്” പത്രാധിപരേയും ആക്ഷേപിക്കുന്നു. എനിക്കിതിൽ ലേശവും വല്ലായ്മയില്ല. കാരണം കളിയാക്കുന്നതു് ഉജ്ജ്വലപ്രതിഭാശാലിയും പണ്ഡിതാഖണ്ഡലനും വിമർശകശ്രേഷ്ഠനും അഭിമുഖസംഭാഷണചതുരനും ആയ ടി. വി. ഗോപാലകൃഷ്ണനാണല്ലോ. ഞാൻ അദ്ദേഹത്തെ കേട്ടിട്ടില്ലെങ്കിൽത്തന്നെയെന്തു? രാജധാനിവാരികയിൽ അദ്ദേഹത്തിന്റെ പേരു് വെണ്ടയ്ക്കയിൽ വന്നിട്ടുണ്ടല്ലോ. അപ്പോൾ അദ്ദേഹത്തെ അറിയാത്ത കുറ്റം എന്റെതാണു്. ഷേക്സ്പിയറി നെ ഞാൻ കേട്ടിട്ടില്ലെങ്കിൽ കുറ്റം ഷേക്സ്പിയറിന്റേതോ എന്റേതോ?
സിഗററ്റ് വലിക്കണമെന്നു തോന്നുമ്പോഴെല്ലാം വലിക്കാതെ ആറുമണിക്കൂറിലൊരിക്കൽ ഒരു സിഗററ്റു വീതം വലിച്ചുനോക്കൂ. സിഗററ്റിന്റെ ശക്തികൂടും. ഇഷ്ടമുള്ളവർക്കു തുടരെത്തുടരെ കത്തുകളെഴുതാതെ മാസത്തിലൊരിക്കൽ കത്തയയ്ക്കൂ. ആ കത്തിനു ശക്തികൂടും. സാഹിത്യത്തിനു് ഈ നിയമം ചേരുകയില്ല. നല്ല കഥകൾ, നല്ല കവിതകൾ ഇവ എത്ര പ്രാവശ്യം വേണമെങ്കിലും വായിക്കാം ഓരോ വായനയും രസപ്രദമായിരിക്കും.