എന്റെ മുൻപിൽ ഒരു ദർശനം. അറേബ്യൻസമുദ്രത്തിനടുത്തു കിടക്കുന്ന തിരുവനന്തപുരം നഗരം. ആളുകൾ നിന്നുതിങ്ങുന്ന ബസ്സുകൾ, കാബേജ് ചീയുന്ന ചന്ത, സ്ഥിരം സത്യാഗ്രഹവേദിക്കു പിന്നിൽ തളരുന്ന സെക്രട്ടേറിയേറ്റ്, അതിന്റെ മുൻപിൽ തിളങ്ങുന്ന പ്ലാസ്റ്റിക് വാണിഭപ്പാതകൾ കുന്നിൽ പിടയുന്ന ആശുപത്രി, തോണികൾ മണ്ണിൽ പണി മുടക്കുന്ന കടപ്പുറം. അങ്ങനെ പലതും. അവയിലാകെ കന്നിമഴ വർഷിക്കുന്നു. ജീർണ്ണിച്ച ഈ നഗരത്തിലെ തീവണ്ടിയാപ്പീസിൽ കവി എത്തിയിരിക്കുന്നു, സുഹൃത്തിനെ വണ്ടികയറ്റി അയയ്ക്കാൻ, ആ സുഹൃത്തു് തിരിച്ചെത്തുമോ? എത്തുമ്പോൾ ഈ നഗരമുണ്ടായിരിക്കുമോ? കവിതന്നെ ഇവിടെ കാണുമോ? തീവണ്ടി നീങ്ങി, കന്നിമഴയിൽ കുതിർന്നുകൊണ്ടുതന്നെ. ഇതാ ഇവിടെ ഇനിയൊന്നുമില്ല. ഒടുവിലുള്ളതു് കന്നിമഴയും മഴപോലെ പെയ്യുന്ന ശൂന്യതയും ശൂന്യതയാൽ നിറയാതെനിന്നു വിങ്ങുന്ന പാവമായ നിമിഷവും. ശ്രീ. എൻ. വി. കൃഷ്ണവാര്യർ എന്റെ മുൻപിൽ ആവിഷ്ക്കരിച്ച ഈ ദർശനം മാഞ്ഞുപോകാതെ നില്ക്കുന്നു. ഈ ജീർണ്ണതകണ്ടു് ഞാൻ ഞെട്ടുന്നു. ഇവിടത്തെ ദുഃഖവും ശൂന്യതയും കണ്ടു് ഞാൻ പിടയുന്നു. പക്ഷേ, ആ ഞെട്ടലും പിടയലും കവിതയിൽനിന്നു ലഭിക്കുന്നതു കൊണ്ടു് എനിക്കു് അസ്വസ്ഥതയില്ല. ശ്രീമതി സുഗതകുമാരി യുടെ “നീർക്കിളി”യാണു് ഞാൻ അടുത്തകാലത്തു വായിച്ച ഏറ്റവും നല്ല കവിത. അതിനുശേഷം ഞാൻ വായിച്ച ഏറ്റവും നല്ല കവിതയാണു് ശ്രീ. എൻ. വി. കൃഷ്ണവാരിയരുടെ “കന്നിമഴ” (മാതൃഭൂമി). ഞാനിതെഴുതുന്നതു് രാത്രിയിലാണു്. ഇപ്പോൾ മഴയില്ല. നക്ഷത്രം നിറഞ്ഞ ആകാശം. ഈ അവസരത്തിൽ കാമുകൻ കാമുകിയുടെ നെഞ്ചിൽ തലവച്ചു് ഉറങ്ങുകയായിരിക്കും. ആ ഉറക്കത്തിലും അയാൾ അവളുടെ പ്രേമാഗ്നിയുടെ ചൂടു് അറിയുന്നുണ്ടാവും. എന്നിട്ടും ഞാൻ നക്ഷത്രത്തിന്റെ ഭംഗി കാണുന്നില്ല. പ്രേമത്തിന്റെ രാമണീകം ദർശിക്കുന്നില്ല എൻ. വി. കൃഷ്ണവാര്യർ ചിത്രീകരിച്ച ജീർണ്ണത, ശൂന്യത, വിഷാദം എന്നിവയുടെ ശക്തിക്കു് അടിമപ്പെട്ടുപോകുന്നു. തിരുവനന്തപുരം നഗരമേ നിന്നെ ഞാൻ കാണുമ്പോൾ പ്രകമ്പനം കൊള്ളുന്നു. നീ ഒറ്റയ്ക്കല്ലല്ലോ. വിശാലമായ ലോകത്താണല്ലോ നീയും. ആ ലോകത്തിന്റെയാകെയുള്ള ജീർണ്ണതയല്ലേ നിന്നിലും കാണുന്നതു്! എനിക്കൊരു അസുലഭദർശനവും അസുലഭ വിചാരവും പ്രദാനം ചെയ്ത കവിക്കു ഞാൻ നന്ദിപറയുന്നു.
ആർക്കും മനുഷ്യസ്വഭാവത്തെക്കുറിച്ചു് തെറ്റുപറ്റാതിരിക്കട്ടെ. ആരും ആരുടെ കഷ്ടപ്പാടിലും ദുഃഖിക്കുന്നില്ല. സ്വാർത്ഥതാൽപര്യത്തിൽക്കവിഞ്ഞു് ഇവിടെ എന്തിരിക്കുന്നു? കഷ്ടപ്പാടു പോകട്ടെ മരണത്തിൽപ്പോലും സ്ഥിതി അതുതന്നെ. മരണം നടന്ന വീട്ടിൽ ആളുകൾ അന്വേഷിച്ചുപോകും. സഞ്ചയനത്തിനു സമയത്തിനു മുൻപുതന്നെ എത്തും. പുലകുളിക്കും റഡി. പക്ഷേ, വെറുമൊരു ചടങ്ങു് എന്നല്ലാതെ വേറെ ഒന്നുംതന്നെ ഈ സന്ദർശനങ്ങളിൽ ഇല്ല. വ്യക്തിബന്ധങ്ങൾക്കു് ഉലച്ചിൽ തട്ടിയിരിക്കുന്ന ഈ കാലഘട്ടത്തിൽ അടുത്ത ബന്ധുക്കളുടെ മരണംപോലും മറ്റുബന്ധുക്കളെ സ്പർശിക്കുന്നില്ല. നല്ല കഥാകാരനായ ശ്രീ. പുനത്തിൽ കുഞ്ഞബ്ദുള്ള യുടെ “എന്നെ ശ്മശാനത്തിലേക്കു നയിക്കുന്ന ഞാൻ” എന്ന ചെറുകഥ വായിച്ചുനോക്കുക (മലയാളനാടു്). ഇവിടെ വിശദമാക്കിയ സ്നേഹമില്ലായ്മയെ, കാപട്യത്തെ അദ്ദേഹം എങ്ങനെ ആലേഖനം ചെയ്യുന്നുവെന്നു നമുക്കു മനസ്സിലാക്കാം. കഥയുടെ പര്യവസാനം അതിന്റെ ആരംഭംപോലെ മധ്യംപോലെ ഹൃദയഹാരിയായില്ല. അങ്ങനെ ആയിരുന്നെങ്കിൽ ഇതൊരു മനോഹരമായ കഥയാകുമായിരുന്നു.
പറയാനുള്ളതു് “നേരെ ചൊവ്വേ” പറഞ്ഞാൽ ചെറുകഥയാവുകയില്ലെന്നാണു് പലരുടെയും വിചാരം. അവർ എഴുതുന്ന ഒരു കഥയിലും കർത്തൃപദം കാണുകയില്ല. ആരെ ഉദ്ദേശിച്ചാണു് എഴുതുന്നതു് എന്തുദ്ദേശിച്ചാണു് എഴുതുന്നതു് എന്നൊന്നും വ്യക്തമാകുകയില്ല. ഞാനൊരു ഉദാഹരണം നല്കട്ടെ:
“വയലിൽക്കൂടെ നടക്കുകയാണു്. നഖത്തിന്റെ വെണ്മയിൽ കറുപ്പു്. ചെളിയുടെ ക്രൂരത. കാലിലെ രോമങ്ങളിൽ ഒരു കിരുകിരുപ്പു്. വീശുന്നുണ്ടു് കൈ. ഒരു ശബ്ദം. പാറിപ്പറക്കുന്ന വസ്ത്രം. അതിലും വീഴുന്നു കൈ. പുല്ലുകൾ തലയാട്ടുന്നു. ഇതുപോലെ തലയാട്ടുന്ന എത്ര കുഞ്ഞുങ്ങൾ! പുല്ലുകളും രോമങ്ങളും ചേർന്നപ്പോൾ വീണ്ടും ഒരു കിരുകിരുപ്പു്. എന്റെ കുട്ടി! നിന്നെ ഞാൻ സ്മരിച്ചില്ലേ. നല്ലതു് കുട്ടീ നല്ലതു്.”
ഇങ്ങനെയാണു് പല കഥാകാരന്മാരും എഴുതുന്നതു്. അവർ ഉദ്ദേശിച്ചതു് എന്തെന്നോ? അതു് ഞാൻ നേരെ എഴുതാം.
“അയാൾ വയലിലൂടെ നടന്നു. അപ്പോൾ ചെളി ചവിട്ടി. അയാളുടെ നഖമാകെ കറുത്തു. പെട്ടെന്നു് കാലിൽ ഏതോ ജീവി കടിച്ചു. വല്ല വിട്ടിലോ മറ്റോ ആയിരിക്കാം. കാറ്റത്തു് ഇളകുന്ന വസ്ത്രം ഒതുക്കിക്കൊണ്ടു് വേദനയുണ്ടായ ഭാഗത്തു് അയാൾ ആഞ്ഞൊരടി അടിച്ചു. അങ്ങനെ ആ മനുഷ്യൻ നടക്കുമ്പോൾ കാറ്റേറ്റു് പുല്ലുകൾ ആടുന്നുണ്ടു്. ആ കൊച്ചുപുല്ലുകളെ കണ്ടപ്പോൾ അയാൾ സ്വന്തം കുട്ടികളെ ഓർമ്മിച്ചുപോയി, ആ സ്മരണയോടുകൂടി മുന്നോട്ടു പോകുമ്പോൾ പുല്ലുകൾ അയാളുടെ കാലിലെ രോമങ്ങളിൽ ഉരസി അസുഖമുളവാക്കി.”
പക്ഷേ, ഇങ്ങനെ മനുഷ്യനു മനസ്സിലാകുന്ന മട്ടിൽ എഴുതിയാൽ സാഹിത്യമാവുകയില്ലെന്നാണു് ഇവരുടെ ധാരണ. അതുകൊണ്ടു് കർത്താവില്ലാതെ കർമ്മമില്ലാതെ അവർ വിലക്ഷണങ്ങളായ വാക്യങ്ങൾ പടച്ചുവയ്ക്കുന്നു. കൂടെക്കൂടെ “എന്റെ കുട്ടീ നല്ലതു് നല്ലതു്” എന്നു പറയുകയുംചെയ്യും. ശ്രീ. എൻ. മോഹനനാണു് ഈ “എന്റെ കുട്ടീ” പ്രയോഗം ആദ്യമായി മലയാളസാഹിത്യത്തിൽ കൊണ്ടുവന്നതെന്നു തോന്നുന്നു. അദ്ദേഹത്തിന്റെ മനോഹരങ്ങളായ കഥകൾക്കു് ആ രീതിയിലുള്ള സംബുദ്ധികൾ രാമണീയകം വർദ്ധിപ്പിച്ചിരുന്നു. അനുകർത്താക്കളുടെ കൈയിലാകട്ടെ അവ ഗർഹണീയങ്ങളായിബ്ഭവിക്കുകയാണു്. ശ്രീ. പി. ശങ്കരനാരായണൻ “മലയാളനാട്ടി”ലെഴുതിയ മുഖങ്ങൾ എന്ന ചെറുകഥ വായിച്ചതുകൊണ്ടാണു് ഞാനിത്രയും പറഞ്ഞുപോയതു്. കഥ അച്ചടിച്ചിരിക്കുന്ന ഒരു പുറം വളരെ ശ്രദ്ധിച്ചു വായിച്ചിട്ടും എനിക്കൊന്നും മനസ്സിലാക്കാൻ കഴിഞ്ഞില്ല. എന്തിനു് അത്യന്താധുനികരുടെ കഥകളിലെ ദുർഗ്രഹതയെ പഴിക്കുന്നു. പഴയ രീതിയിൽ കഥയെഴുതുന്നവരുടെ കഥകളും ഏറിയകൂറും വിലക്ഷണങ്ങളത്രേ. ശങ്കരനാരായണനു് പറയാൻ എന്താണുള്ളതു്? അമ്മയില്ലാത്ത കുട്ടിയെ ഒരു ബന്ധു അച്ഛന്റെ വീട്ടിൽ കൊണ്ടാക്കുന്നുവെന്നോ? അതിനിത്രയും വളച്ചുകെട്ടു വേണോ? ഇങ്ങനെ വായനക്കാരനെ ക്ലേശിപ്പിക്കണോ? കേരളീയരോടു പറയട്ടെ “സുഹൃത്തുക്കളേ സാഹിത്യത്തിന്റെ മാധുര്യം നിങ്ങൾക്കു നഷ്ടമായിപ്പോയിരിക്കുന്നു.” മാതൃഭൂമിയിലെ “ഒക്ടോബർപ്പക്ഷിയുടെ ശവം” “മലയാളനാട്ടി”ലെ “അവളുറങ്ങട്ടെ” എന്ന കഥകൾ വായിച്ചതിനുശേഷമാണു് ഈ പ്രസ്താവം.
കുട്ടികൾക്കു് അവരുടേതായ വിചാരഗതികളും ഭാഷയുമുണ്ടു്. യുവതികൾക്കും യുവാക്കന്മാർക്കും സവിശേഷതയാർന്ന വിചാരമാർഗ്ഗങ്ങളുണ്ടു്, ഭാഷയുണ്ടു്. പ്രായംകൂടിയവരുടെ വിചാരങ്ങളും ഭാഷയും വിഭിന്നങ്ങൾതന്നെ. സാഹിത്യത്തെ സംബന്ധിച്ചും ഇതു ശരിയാണെന്നു തോന്നുന്നു. പെൺകുട്ടികൾക്കു് “ഡേട്ടിസെന്റിമെന്റലിസ”ത്തിൽ നിന്നു് (വൃത്തികെട്ട ഭാവചാപല്യത്തിൽനിന്നു്) മാറി ഒന്നും എഴുതാൻ കഴിയുകയില്ല. ഏതു പെൺകുട്ടി കഥയെഴുതിയാലും കാമുകനും കാമുകിയും വിവാഹവുമൊക്കെ വരും. അവയല്ലാതെ മറ്റൊന്നും കാണുകയുമില്ല. അതുകൊണ്ടു് ‘ജനയുഗം’ വാരികയിൽ കുമാരി പി. എൻ. വിമല എഴുതിയ “ധ്രുവങ്ങൾ” എന്ന കഥ വായിച്ചപ്പോൾ എനിക്കു വിസ്മയമുണ്ടായില്ല. കാലു തളർന്ന ചേച്ചി വിവാഹം കഴിക്കാൻ അനുജത്തിയെ നോക്കി ഒട്ടൊക്കെ നിരാശയാവുന്നതു് ചിത്രീകരിക്കുകയാണു് വിമല. തല “പുട്ടപ്പ്” ചെയ്യുക, ഷിഫോൺസാരിയുടുക്കുക, ലിപ്സ്റ്റിക് പുരട്ടുക എന്നിങ്ങനെയുള്ള കൃത്യങ്ങൾ വർണ്ണിക്കപ്പെടുന്നു. പിന്നെ വിവാഹത്തെക്കുറിച്ചുള്ള പ്രതിപാദനം, ഈ സെന്റിമെന്റലിസം വസ്തുക്കളുടേയും വസ്തുതകളുടേയും പ്രാധാന്യം കാണാൻ മാത്രം ആഗ്രഹിക്കുന്ന പ്രായംകൂടിയ ആളുകൾക്കു നിന്ദ്യമായേ തോന്നൂ. പെൺകുട്ടികളുടെ ഈ പ്രയോഗികവിചാരഗതിയെക്കുറിച്ചു് ഞാനെത്രപ്രാവശ്യം പറഞ്ഞതാണു്! ഇപ്പോഴും അതാവർത്തിക്കാൻ ഞാൻ നിർബ്ബദ്ധനായിപ്പോയല്ലോ.
1962-ലെ നോബൽസമ്മാനം ഡോക്ടർ ജെ. ഡി. വാട്ട്സൺ, ഡോക്ടർ എഫ്. എച്ച്. സി. ക്രിക്ക് എന്നീ ശാസ്ത്രജ്ഞന്മാർക്കാണു ലഭിച്ചതു്. ഡി.എൻ.എ. മോളിക്യൂൾ എങ്ങനെയെന്നു് അവർ വ്യക്തമാക്കി. സമ്മാനം അതിന്റെ പേരിലായിരുന്നു. അതിനുശേഷം ജീവശാസ്ത്രം വിസ്മയാവഹമായ രീതിയിൽ പുരോഗമിക്കുകയാണു്. ശാസ്ത്രീയമാർഗ്ഗത്തിലൂടെ ജീനുകൾ ഒട്ടിച്ചുവച്ചു് ഒരു ഐൻസ്റ്റൈനു പകരം ആയിരമായിരം ഐൻസ്റ്റൈൻമാരെ ഉൽപാദിപ്പിക്കാമെന്നാണു് ശാസ്ത്രകാരന്മാരുടെ അഭിപ്രായം. അവരെല്ലാവരും ഒന്നുപോലിരിക്കും. ഒരു ഐൻസ്റ്റൈനെ മറ്റൊരു ഐൻസ്റ്റൈനിൽനിന്നു് വേർതിരിച്ചറിയാൻ കഴിയുകയുമില്ല. ഇതു് ഒരു മനോരഥസൃഷ്ടിയാണെന്നു വിചാരിക്കരുതു്. അംഫീബിയാവർഗ്ഗത്തിൽ ഈ പരീക്ഷണം നടന്നുകഴിഞ്ഞു. ഒരു ജീവിയെപ്പോലെ തന്നെ മറ്റൊരു ജീവിയെ സൃഷ്ടിച്ചുകഴിഞ്ഞു. ആ ശാസ്ത്രീയതത്ത്വമനുസരിച്ചു തന്നെ മനുഷ്യന്റെ കോപ്പികൾ—പകർപ്പുകൾ—ഉണ്ടാക്കാം. നോബൽസമ്മാനം വാങ്ങിയ ജോഷ്വാ ലേഡർബർഗ്ഗ് അങ്ങനെ പറഞ്ഞിട്ടുമുണ്ടു്. ശാസ്ത്രത്തിന്റെ ഈ വികാസം വരുത്തിക്കൂട്ടുന്ന നാശത്തിനെതിരേ ശബ്ദമുയർത്തുകയാണു് കുങ്കുമം വാരികയിൽ “ശാപം” എന്ന കഥയെഴുതിയ ശ്രീ. വി. പി. മുഹമ്മദ്. ഒരുവൻ വിവാഹം കഴിച്ചതിനുശേഷം അമേരിക്കയിൽ പോയി. ഭാര്യ പിന്നീടാണു് അയാളുടെ അടുക്കലെത്തിയതു്. അയാൾ അവളെ ആട്ടിയോടിച്ചു. കാരണം അവളുടെ ഗർഭാശയത്തിലുള്ള ശിശു അയാളുടേതാണോ എന്നു നിശ്ചയമില്ലായിരുന്നു എന്നതാണു്. ഒടുവിൽ എലക്ട്രോണിക് കംപ്യൂട്ടറിൽ കൊടുത്ത ചോദ്യത്തിനു് അയാൾക്കു മറുപടി കിട്ടുന്നു. ശിശു അയാളുടേതുതന്നെന്നു് യന്ത്രം മറുപടി നൽകി. അതോടെ അയാൾ ഭാര്യയെ സ്വീകരിക്കുന്നു. ശാസ്ത്രത്തിന്റെ നേർക്കുള്ള മുഹമ്മദിന്റെ ശകാരം കൊള്ളാം. പക്ഷേ, ശകാരം കലയാകണമല്ലോ. അതു് ഇവിടെ സംഭവിക്കുന്നില്ല. എച്ച്. ജി. വൈൽസി ന്റെ “റ്റൈം മെഷ്യൻ” തുടങ്ങിയ കഥകൾ, ചെക്കോസ്ലോവാക്യൻ സാഹിത്യകാരനായ ചാപ്പക്കി ന്റെ War with the Newts എന്ന നോവൽ, ഇവയൊക്കെ വായിച്ചാൽ ഇത്തരം വിഷയങ്ങൾക്കു് കലാത്മകത്വം വരുത്തുന്നതെങ്ങനെയെന്നു് എന്റെ കൂട്ടുകാരനായ ശ്രീ. മുഹമ്മദിനു മനസ്സിലാക്കാൻ കഴിയും.
എന്റെ ഒരു സ്നേഹിതൻ എന്നോടു പറഞ്ഞതാണിതു്: “ഞാൻ യുവാവായിരുന്നപ്പോൾ, എന്റെ കണ്ണുകൾക്കു തിളക്കമുണ്ടായിരുന്നപ്പോൾ അവൾ എന്റെ കരതലം ഗ്രഹിച്ചുകൊണ്ടു് ഒരു കുന്നു കയറി. ഞങ്ങൾ അവിടെയിരുന്നു. അവൾ എന്റെ തലമുടിയിലൂടെ വിരലോടിച്ചു കൊണ്ടു, ചോദിച്ചു: “ചങ്ങമ്പുഴ യുടെ ‘രമണ’നിലെ വരികൾ പാടട്ടോ?” ‘പാടു’ എന്നു ഞാൻ പറഞ്ഞു. അവൾ മധുരമായി പാടി. ഞാൻ അവളുടെ തോളിൽ തലവച്ചിരുന്നു, അവളുടെ തലമുടിയുടെ സൗരഭ്യം ശ്വസിച്ചുകൊണ്ടു്. ക്രമേണ ആ ഗാനം അലിഞ്ഞലിഞ്ഞു് ഇല്ലാതെയായി. ഞങ്ങൾ രണ്ടുപേരും ഇല്ലാതെയായി. അവിടത്തെ ഊഷ്മളമായ് അന്തരീക്ഷത്തിൽ ഒരു വികാരം മാത്രം തങ്ങിനിന്നു… അങ്ങനെ പല ദിവസവും ഞങ്ങൾ അവിടെ ചെന്നിരുന്നു. ഒരു ദിവസം അവളെ ഞാൻ കണ്ടില്ല. ഞാൻ ഒറ്റയ്ക്കു് ആ കുന്നുകയറി. അവളില്ലെങ്കിലും അവിടെ ഇരിക്കുന്നതു്, അവളുടെ സ്പർശംകൊണ്ടു് ധന്യതയാർജ്ജിച്ച ആ സ്ഥലത്തു് ഇരിക്കുന്നതു് നല്ലതാണെന്നു തോന്നി. പക്ഷേ, ഞാനവിടെ ചെന്നപ്പോൾ അവൾ വേറൊരു യുവാവിന്റെ മുടിയിൽ വിരലോടിച്ചുകൊണ്ടു് എന്തോ ചോദിക്കുന്നു ‘രമണനി’ലെ വരികൾ പാടട്ടോ എന്നായിരിക്കാം.”
ഞാൻ സ്നേഹിതനോടു ചോദിച്ചു. “അതോടെ നിങ്ങൾ ആ ബന്ധം ഉപേക്ഷിച്ചോ?”
സ്നേഹിതൻ മറുപടിപറഞ്ഞു: “ഉപേക്ഷിക്കണമെന്നുണ്ടായിരുന്നു എനിക്കു്. പക്ഷേ, അവളെ കാണുമ്പോൾ ആ നിശ്ചയം ഓടിയകലും. ഞാൻ പിന്നീടും പിന്നീടും അവളുടെ മാന്ത്രികശക്തിക്കു് വിധേയനായി. ചില യുവതികളുടെ സൗന്ദര്യം ആ വിധത്തിലുള്ളതാണു്.”
ശരിയായിരിക്കാം എന്റെ കൂട്ടുകാരൻ പറഞ്ഞതു്. ഇപ്പോൾ ഒരു കഥാകാരനും അങ്ങനെതന്നെ എന്നോടു പറയുന്നു. ശ്രീ. കിരാതദാസ് ‘ചന്ദ്രിക’ വാരികയിൽ എഴുതിയ “തണുപ്പിന്റെ അവസാനം”എന്ന സുന്ദരമായ കഥ വായിച്ചു നോക്കുക. സുന്ദരിയായ തരുണി കൈകൾകൊണ്ടു് നിങ്ങളെ ചുറ്റിപ്പിടിക്കുമ്പോൾ നിങ്ങളെങ്ങനെ വികാരത്തിന്റെ ചുഴിയിൽ വീഴും എന്നതു് ആ കഥ വ്യക്തമാക്കിത്തരും.
മദ്യംകുടിച്ച സ്ത്രീകളെ കണ്ടിട്ടുണ്ടോ? ഞാൻ ഒരുത്തിയെ കണ്ടിട്ടുണ്ടു്. അവൾ ആവശ്യത്തിലധികം കുടിച്ചിരുന്നു. തെല്ലകലെയുള്ള ഒരു കസേരയിൽ ഇരിക്കുകയായിരുന്നു ഞാൻ. എന്നെ നോക്കി ആ യുവതി പറഞ്ഞു: “Seems to be a teacher.” ഞാൻ ഒന്നും മിണ്ടിയില്ല. അവൾ ഇരുന്നിടത്തു നിന്നെഴുന്നേറ്റു. എന്റെ അടുത്തെത്തി. മേശപ്പുറത്തു് കൈമുട്ടുകൾ ഊന്നി എന്നോടു ചോദിച്ചു: “Where have I seen you?” അതിനും ഞാൻ മറുപടി നല്കിയില്ല. അവൾ പൊട്ടിച്ചിരിച്ചുകൊണ്ടു് ഉന്മാദം വന്നവളെപ്പോലെ നടന്നുപോയി. നടന്നുവെന്നു പറഞ്ഞാൽ തികച്ചും ശരിയായിരിക്കുകയില്ല. നൃത്തമാടിക്കൊണ്ടുപോയിയെന്നുതന്നെ പറയാം. ശ്രീ. ചാത്തനാത്തു് അച്യുതനുണ്ണി മലയാളനാടുവാരികയിലെഴുതിയ “ശിവപാർവതി” എന്ന കവിത വായിച്ചപ്പോൾ ഞാൻ ആ യുവതിയെക്കുറിച്ചു വിചാരിച്ചുപോയി. മദ്യം കഴിച്ചിരുന്നെങ്കിലും ലയാത്മകമായി നൃത്തംവച്ച സുന്ദരി. സംഗീതത്തിന്റെ ലഹരിയിൽപ്പെട്ടു് നൃത്തമാടുന്ന അംഗനയാണ് അച്യുതനുണ്ണിയുടെ കാവ്യം.
കിന്നരവീണാക്വാണമുയർന്നു
തുടിക്കും ഹിമഗിരിശൃംഗത്തിൽ ശിവ
ശങ്കര ഹേ ത്രിപുരാന്തക! നിഭൃത
തപസ്സിലിരിക്കുവതെന്തേ വീണ്ടും
മദ്യം കൂടിയാലെന്തു്? തരുണിയല്ലേ?
സുന്ദരിയല്ലേ? സംഗീതം കൂടിയാലെന്തു്?
കാവ്യമല്ലേ? മനോഹരയല്ലേ?
വെള്ളിമലർക്കുല ചിതറും ഗംഗാ
പുരംവറ്റിയ ചെഞ്ചിടയിൽ നവ
സാന്ധ്യപ്രഭയിലുദിച്ചനിലാവിൻ
വിളറിയകാന്തി പൊഴിഞ്ഞും
പത്തിവിടർത്തിപ്പുളയും
സർപ്പമണിഞ്ഞകഴുത്തിൽ
ചിന്തിയചിടയിൽ താമസ
കാളിമവീശും കാകോളദ്യുതി
രേഖയുതിർന്നു നിറഞ്ഞും…
പരമശിവൻ താണ്ഡവനൃത്തമാടുന്നതു കാണാൻ ഞാൻ കാത്തിരിക്കുന്നു. മലയാളനാട്ടിന്റെ തുടർന്നുള്ള ലക്കങ്ങളേയും ഈ കവിത പ്രഭാപൂർണ്ണമാക്കട്ടെ. ഭാഷയെ പെരുപ്പിച്ചുകാണിക്കാനുള്ള മഹാപ്രയത്നം കലാത്മകത്വത്തിന്റെ വികാസത്തെ തടയും എന്നും കൂടി കവിയെ ഓർമ്മിപ്പിക്കട്ടെ. അച്യുതനുണ്ണി ഭാഷയെ ഊതിവീർപ്പിക്കുന്നു. ശ്രീരേഖയും ഏഴാച്ചേരി രാമചന്ദ്രനും വികാരത്തെ സ്ഥൂലീകരിക്കുന്നു. (ദേശാഭിമാനിയിലെ രണ്ടു കവിതകൾ) എന്നാൽ മൂന്നുപേരും കവികളാണുതാനും. കവിതധ്വന്യാത്മമാകുമ്പോഴാണു്, അതിന്റെ ഭാഷയ്ക്കു സുനിശ്ചിതത്വം ഉണ്ടാകുമ്പോഴാണു് ശ്രേഷ്ഠത ആവഹിക്കുന്നതൂ്. ഉദാഹരണങ്ങൾ കുമാരനാശാന്റെ യും വള്ളത്തോളി ന്റേയും ശങ്കരക്കുറുപ്പി ന്റെയും കാവ്യങ്ങൾ.
“നവയുഗം” വാരികയുടെ പ്രവർത്തകർ നൂറോളം വിദ്യാർത്ഥികളോടു ചില ചോദ്യങ്ങൾ ചോദിക്കുകയുണ്ടായി; ഇഷ്ടപ്പെട്ട സാഹിത്യകാരനാരു്? ഇഷ്ടപ്പെട്ട ഗ്രന്ഥങ്ങളേവ? എന്നിങ്ങനെ പല ചോദ്യങ്ങൾ. അവയ്ക്കു വിദ്യാർത്ഥികൾ നല്കിയ ഉത്തരങ്ങൾ വാരികയുടെ വിശേഷാൽപ്രതിയിലും തുടർന്നുള്ള ലക്കങ്ങളിലും കാണാം. അവയിൽ ഒരുത്തരം എനിക്കു വളരെ ഇഷ്ടപ്പെട്ടു. ഇഷ്ടപ്പെട്ട കവിയാരു്? എന്ന ചോദ്യത്തിനു് തൃശ്ശൂർ വിമലാക്കോളേജ് വിദ്യാർത്ഥിനിയായ കുമാരി വി. രമണി (ഇംഗ്ലീഷ് എം. എ. രണ്ടാംവർഷം) ഇങ്ങനെ ഉത്തരം നല്കുന്നു: “ചങ്ങമ്പുഴ: അദ്ദേഹത്തെപ്പോലൊരു ഭാവഗായകൻ വേറെ ഉണ്ടായിട്ടില്ല ഉണ്ടാകാനുള്ള സാദ്ധ്യതയും വിരളമാണു്.” (നവയുഗം വിശേഷാൽപ്രതിപുറം 80). സൂര്യരശ്മിയേറ്റു് വിണ്ടുകീറിനില്ക്കുന്ന മധുരഫലംപോലെ ആശയാഘാതമേറ്റു് കവിത ഇന്നു പൊട്ടിത്തകർന്നു നില്ക്കുന്നതു കാണുമ്പോൾ ചങ്ങമ്പുഴയെക്കുറിച്ചു് ഈ പെൺകുട്ടി പറഞ്ഞതു പ്രത്യക്ഷരം ശരിയാണെന്നു നമ്മളിൽ ചിലരെങ്കിലും സമ്മതിക്കാതിരിക്കില്ല.
കുരിശിൽത്തറച്ച യേശുദേവന്റെ മുൻപിൽനിന്ന ജോണിനു തോന്നി ഒരാളല്ല അനേകമാളുകളാണു് അവിടെക്കിടന്നു പിടയ്ക്കുന്നതെന്നു്. ഞാനങ്ങനെ ഏതോ സുവിശേഷത്തിൽ വായിച്ചിട്ടുണ്ടു്. ജോണിനു തോന്നിയതു ശരി. ലോകജനതയാകെ ഇന്നു പിടയ്ക്കുകയാണു്. അതിന്റെ ഒരു ചെറിയ ചിത്രം ശ്രീ. എൻ. വി. കൃഷ്ണവാര്യരുടെ കാവ്യത്തിലുണ്ടു്. അതിലേക്കു വീണ്ടും കൈചൂണ്ടിക്കൊണ്ടു ഞാൻ ഈ ലേഖനം അവസാനിപ്പിക്കട്ടെ.