നിരൂപണംകൊണ്ടു ഗ്രന്ഥകാരനെ നിരൂപകൻ സന്തോഷിപ്പിക്കുന്നില്ലെങ്കിൽ ആ പ്രക്രിയയ്ക്കു എന്തു പ്രയോജനമിരിക്കുന്നു? വിമർശനം വായിച്ചു കലാകാരൻ വേദനയനുഭവിക്കുന്നില്ലെങ്കിൽ വിമർശകന്റെ യത്നത്തിനു് എന്തു ഫലമാണുള്ളതു്? കോളേജ് അടച്ചു വീട്ടിൽ ചെല്ലുമ്പോൾ സ്നേഹിക്കാനാരുമില്ലെങ്കിൽ വീട്ടിൽ പോയതുകൊണ്ടെന്തു ഗുണമുണ്ടു്? ഈ ലോകത്തു കഴിഞ്ഞുകൂടുന്നു എന്ന തോന്നലുണ്ടാകണമെങ്കിൽ ആരെയെങ്കിലും സ്നേഹിക്കണം; ആരെങ്കിലും ഇങ്ങോട്ടു സ്നേഹിക്കണം. സ്നേഹം ലഭിക്കുന്നില്ലെങ്കിൽ ശത്രുത ലഭിച്ചാലും മതി. അങ്ങോട്ടു ശത്രുത കാണിച്ചാലും മതി. ഇതൊന്നുമില്ലാത്തവരുടെ ജീവിതം ദയനീയമാണു്. അവർ ഭീരുത്വംകൊണ്ടു് ആത്മഹത്യ ചെയ്യുന്നില്ലെന്നു മാത്രമേ ധരിക്കേണ്ടതുള്ളു. അങ്ങനെ ഒരു സാധുവിനെ നല്ല കഥാകാരനായ ഐ. കെ. കെ. എം. “നിഷ്കാമകർമ്മം” എന്ന ചെറുകഥയിൽ അവതരിപ്പിക്കുന്നു. കുഞ്ചിതപാദം “ചഞ്ചലഹൃദയ”നല്ല; “ദുർബലഹൃദയ”നല്ല; ഹൃദയവിശൂദ്ധിയുള്ളവനെന്നു മാത്രം. അയാളുടെ ഭാര്യ പാർവ്വതിയുടെ സൗന്ദര്യമൊക്കെ പോയിരിക്കുന്നു, എന്നിട്ടും അവൾ ഒരു വ്യഭിചാരിണി. കുഞ്ചിതപാദത്തിന്റെ മുൻപിൽവച്ചുപോലും ആ ഗർഹണീയകർമ്മമനുഷ്ഠിക്കാൻ അവൾക്കൊരു മടിയുമില്ല. അവളെ നേരിടാൻ അയാൾക്കു കഴിവില്ല, അവളുടെ ജാരപുരുഷനെ നേരിടാൻ കഴിവില്ല. ഇനി ഓഫീസിൽ പോയാലോ? അവിടെയും ഒരുത്തൻ കുഞ്ചിതപാദത്തിന്റെ മേൽ കുതിരകയറുന്നുണ്ടു്. അവനെ ഒറ്റയടിക്കു് ഒതുക്കണമെന്നാണു് അയാളുടെ ആഗ്രഹം! പക്ഷേ, എന്തുചെയ്യാം? ആഗ്രഹങ്ങൾക്കു സാഫല്യമുണ്ടാകാറില്ലല്ലോ. ഓരോ നിമിഷവും തകർന്നടിയുന്ന ഒരു സാധുമനുഷ്യനെ അയാളുടെ എല്ലാ ദൗർബല്യങ്ങളോടും ചിത്രീകരിക്കുന്നു എന്നതിലാണു് ഈ കഥയുടെ വൈശിഷ്ട്യമിരിക്കുന്നതു്. പ്രതിപാദ്യവിഷയത്തിനു യോജിച്ച പ്രതിപാദനരീതി; അതിനു യോജിച്ച അന്തരീക്ഷം; അന്തരീക്ഷത്തിനു യോജിച്ച വൈകാരികനിബന്ധനം (Tone) എല്ലാം കൊണ്ടും നല്ല കഥയാണു് ഐ. കെ. കെ. എമ്മന്റേതു്. അദ്ദേഹം വല്ലപ്പോഴും മാത്രമേ എഴുതു, അതുമതി. വെള്ളച്ചുവരു കണ്ടാലുടൻ കരിക്കട്ടയെടുത്തു് ഒരു കഥയെഴുതിവച്ചിട്ടു പോകുന്ന കഥാകാരന്മാരുണ്ടു്. അവർ ഈ കഥാകാരനെ കണ്ടുപഠിക്കണം. നിസ്തുലകലാശില്പമായ “ഖസാക്കിന്റെ ഇതിഹാസ ”മെഴുതിയ ശ്രീ. ഒ. വി. വിജയനെ കണ്ടുപഠിക്കണം.

ഹെൻട്രി മില്ലർ എന്ന വിശ്വവിഖ്യാതനായ സാഹിത്യകാരന്റെ ആത്മകഥാപരങ്ങളായ നോവലുകളാണു് SEXUS, PLEXUS, NEXUS എന്നിവ. അവയിൽ ആദ്യത്തെ നോവലായ Sexus അടുത്തകാലത്തു മാത്രമേ ഇംഗ്ലണ്ടിൽ പ്രസാധനം ചെയ്യപ്പെട്ടുള്ളു. അശ്ലീലരചന എന്ന പേരിലാണു് ആ കൃതിയുടെ പ്രസാധനം ബ്രീട്ടിഷ് ഗവണ്മെന്റ് ഇത്രയും കാലം തടഞ്ഞിരുന്നതു്. അശ്ലീലതയുണ്ടെങ്കിലും ആധ്യാത്മികതയുടെ സാരാംശത്തിലേക്കു കടന്നുചെല്ലുന്ന ആ നോവലിൽ മില്ലർ ഇങ്ങനെ പറയുന്നു:
“ആഹ്ലാദത്തെക്കാൾ മനുഷ്യനു സഹിക്കാനെളുപ്പം കണ്ണീരാണു്. ആഹ്ലാദം വിനാശകമത്രേ. അതു മറ്റുള്ളവർക്കു് അസുഖമുണ്ടാക്കുന്നു. “കരയു—നിങ്ങൾ തനിച്ചേ കരയാനുള്ളു—എന്തൊരു കള്ളമാണതു്! കരയു ആയിരമായിരം ചീങ്കണ്ണികൾ നിങ്ങളോടൊപ്പം കരയാനുണ്ടാകും.” (Sexus—അധ്യായം 2)
ഋഷിതുല്യനായ ഈ ഗ്രന്ഥകാരൻ പറഞ്ഞതു് എത്ര വാസ്തവം! ചീങ്കണ്ണിക്കണ്ണുനീർ പൊഴിക്കുന്നവർ ഇവിടെ ധാരാളം. നിങ്ങൾ പരീക്ഷയിൽ തോല്ക്കുന്നു, ഉടനെ അനുശോചനം. നിങ്ങളുടെ അടുത്ത ബന്ധു മരിക്കുന്നു, ഉടനെ ഞെട്ടലുകളും അനുശോചനങ്ങളും. നിങ്ങൾ പെൻഷൻ പറ്റുന്നു, ഉടനെ പ്രഭാഷണങ്ങളും സഹതാപങ്ങളും. ചീങ്കണ്ണിക്കണ്ണുനീർ ഒരു മഹാനദിയായി ഒഴുകുന്നു. അതിൽ ചിലപ്പോൾ നിങ്ങൾ തന്നെ മുങ്ങിപ്പോകും. ഈ ഹിപ്പോക്രിസിയെ—കാപട്യത്തെ—ഏകലവ്യൻ കലാത്മകമായി അനാവരണം ചെയ്യുന്നു (വേപ്പില, കറിവേപ്പില എന്ന കഥ, മലയാളനാടു് വാരിക—ലക്കം 26). ഒരു ഹവിൽദാർ പെൻഷൻ പറ്റുന്നു. അതോടെ അയാളുടെ ജീവിതസുഖമാകെ അവസാനിക്കുകയാണു്. ആ പാവത്തിന്റെ ദുഃഖത്തിൽ കള്ളക്കണ്ണീരു പൊഴിക്കുന്ന ചിലരെ കഥാകാരൻ ചിത്രീകരിക്കുന്നു. ആ ചിത്രീകരണം പ്രഗല്ഭമായതുകൊണ്ടു് ഹവിൽദാരുടെ ദുഃഖം നമ്മുടെ തന്നെ ദുഃഖമായി മാറുന്നു. ഒരു ദോഷമേയുള്ളു ഇക്കഥയ്ക്കു്. ഇതിന്റെ പര്യവസാനം രമണീയമല്ല.

വൈരൂപ്യം എന്നാൽ എന്താണു്? ഈ ലേഖകനു് അതിനുത്തരം നല്കാൻ അറിഞ്ഞുകൂടാ. എങ്കിലും ചില ഉദാഹരണങ്ങൾ നല്കാൻ അറിയാം. തിരുവനന്തപുരത്തു് ഇന്നലെ ഒരു “റോസ് ഡേ” ആഘോഷിച്ചു. പലനിറത്തിലുള്ള റോസാപ്പൂക്കളുടെ പ്രദർശനം. അതു കാണാൻ ആളുകൾ വരിയായിനിന്നു. ടൗൺ ഹാളിന്റെ ഒരു വശത്താണു് റോസാച്ചെടികൾ വച്ചിരുന്നതു്. അതിനെക്കാൾ മനോഹരമായ മറ്റൊരു കാഴ്ച ഞാൻ കണ്ടിട്ടേയില്ല. പനിനീർപ്പൂക്കളുടെ സൗന്ദര്യം സൃഷ്ടിച്ച ആ മായിക ലോകത്തിൽ ഞാൻ എന്നെയും മറന്നു നില്ക്കുമ്പോൾ വേറൊരു ദർശനം എന്നെ ആ മാന്ത്രിക ലോകത്തിൽ നിന്നു് മോചിപ്പിച്ചു. മധ്യവയസ്കയായ ഒരുത്തി നരച്ച തലമുടിയിൽ ഒരു റോസാപ്പൂ ചൂടിനില്ക്കുന്നു. ഇതാണു് വൈരൂപ്യം. അലൗകികമണ്ഡലത്തിൽനിന്നു് ലൗകികമണ്ഡലത്തിലേക്കു് തിരിച്ചുപോന്നതുകൊണ്ടു് ഞാൻ പിന്നെയും പല വൈരൂപ്യങ്ങളും കണ്ടു. ഒരു യുവതി കൈമുഴുവൻ സ്വർണ്ണവളകൾ അടുക്കിനില്ക്കുന്നു, കുറഞ്ഞതു് മുപ്പതുവളയെങ്കിലും വരും. എന്തൊരു വൈരൂപ്യം! ചേർച്ചയില്ലാത്തതു വിരൂപം എന്ന നിഗമനത്തിലേക്കു നാമെത്തുന്നു. കൃത്രിമമായതു വിരൂപം എന്ന വസ്തുതയിലേക്കു നാമെത്തുന്നു. മലയാളനാട്ടിൽ ശ്രീ. തുളസി എഴുതിയ “പ്രതിരോധബിന്ദുവിലേക്കുള്ള അകലം” എന്ന ചെറുകഥ കൃത്രിമമാണു്, വിരൂപമാണു്. ഹോട്ടലിൽ താമസിക്കുന്ന ഒരു യുവതിയെ ഒരുവനെങ്ങനെ ലൈംഗികവേഴ്ചയ്ക്കു വിധേയയാക്കി എന്നു വർണ്ണിക്കുയാണു് തുളസി. അതനുഷ്ഠിക്കാൻ വേണ്ടി അദ്ദേഹം അമിതഭാഷണത്തിൽ മുഴുകുന്നു. കരുതിക്കൂട്ടി അസ്പഷ്ടത ഉണ്ടാക്കുന്നു. കഴിവുള്ള കലാകാരന്മാർ പ്രയോഗിക്കുന്ന ഓരോവാക്കും പ്രകാശം പ്രസരിപ്പിക്കും. ആകെക്കൂടിയുള്ള ആ പ്രകാശം പ്രതിപാദ്യവിഷയത്തെ നമുക്കു കാണിച്ചുതരും ഡി. എച്ച്. ലാറൻസ് The Man Who Died എന്നൊരു ചെറുകഥ എഴുതിയിട്ടുണ്ടു്. അതിൽ ഒരു ലൈംഗികവേഴ്ചയെ അദ്ദേഹം വർണ്ണിക്കുന്നു, എന്തിനു് ലാറൻസിനെ വലിച്ചിഴയ്ക്കുന്നു? അദ്ദേഹത്തിനുള്ള കഴിവിന്റെ ആയിരത്തിലൊരംശം കഴിവു Agony and Ecstasy എന്ന നോവൽ എഴുതിയ അമേരിക്കക്കാര നില്ല. ആ നോവലിലും ലൈംഗികവേഴ്ചയെ വർണ്ണിക്കുന്നുണ്ടു്. അതൊന്നു തുളസി വായിച്ചു നോക്കിയാൽ മതി. അപ്പോൾ അദ്ദേഹത്തിനു ബോധപ്പെടും താനെഴുതിയതിന്റെ പോരായ്മ. വാക്കുകൾ പരുഷങ്ങളാണോ? ആണെങ്കിലാകട്ടെ. വൈരൂപ്യത്തെ വൈരൂപ്യമെന്നു പറയാതിരിക്കുന്നതെങ്ങനെ? നിരൂപണത്തിലെ ഈ ഉദ്ദേശ്യശൂദ്ധി മറ്റാരെക്കാളും തുളസി മനസ്സിലാക്കുമെന്നു് എനിക്കു് ഉറപ്പുണ്ടു്.
ഇന്നത്തെ നഗരജീവിതത്തിന്റെ ഒരു ചിത്രം ശ്രീ. ബാലചന്ദ്രൻ “ജനറേഷൻ ഗാപ്പ്” എന്ന ചെറുകഥയിൽ വരയ്ക്കുന്നു. ആധുനികകുടുംബജീവിതത്തിന്റെ മാലിന്യം ശ്രീമതി വി. കെ. ഭാമ “വഴിത്തിരിവിൽ” എന്ന കഥയിൽ ചീത്രീകരിക്കുന്നു. ജനറേഷൻ ഗാപ്പ് കലയുടെ പ്രകാശത്തിന്റെ നേരേ കണ്ണടച്ചു നില്ക്കുന്നു. ഭാമയ്ക്കു കഥയെഴുതാനറിയാം.
ആത്മഹത്യയ്ക്കു ശ്രമിച്ച അനിയത്തിയെ ചേട്ടൻ ആശൂപത്രിയിലെത്തിച്ചു. ഡോക്ടർ അവളെ മരണത്തിൽ നിന്നു രക്ഷപ്പെടുത്തി. എങ്കിലും യഥാർത്ഥ രക്ഷകൻ ചേട്ടനായിരുന്നു. അനിയത്തി രക്ഷപ്പെട്ടതിലുള്ള സന്തോഷം കൊണ്ടു് ചേട്ടൻ രാത്രി സുഖമായുറങ്ങി. കഥാകാരൻ പറയുന്നു: “രക്ഷകനുറങ്ങി: പക്ഷേ, തക്ഷകനുറങ്ങിയില്ല. കുറ്റിക്കാട്ടിൽ നിന്നരിച്ചരിച്ചിറങ്ങി മുറ്റത്തുകൂടിയിഴഞ്ഞു് വല്യേട്ടൻ അടയ്ക്കാൻ മറന്ന പിൻവാതിലിലൂടെ സിമന്റു തറയിലൂടെ നിരങ്ങി കട്ടിലിനു താഴെനിന്നു പത്തിവിടർത്തി അനിയത്തിയുടെ പെരുവിരലിൽ ആഞ്ഞു കൊത്തി.” ആരു്? മൂർഖൻ പാമ്പു്. “കാലത്തു് അനിയത്തി നീലനിറമായിരുന്നു, കാലം ദംശിച്ച ആകാശത്തിനും നീലനിറമായിരുന്നു”. ശ്രീ. പാറന്നൂർ പത്മനാഭൻ മലയാളരാജ്യത്തിലെഴുതിയ ‘തക്ഷകൻ’ എന്ന ചെറുകഥയിലെ ഈ ‘ഫേറ്റലിസം’ എനിക്കിഷ്ടമായി. പക്ഷേ, കലയിലെ ഫേറ്റലിസത്തിനും—ദൈവായത്തതയ്ക്കും—കാര്യകാരണബന്ധം വേണമല്ലോ. ഇല്ലെങ്കിൽ അതു് വിശ്വാസമുളവാക്കുകയില്ല. ഇനി ഈ തക്ഷകൻ സിംബലാണോ? ആയിരിക്കാം. അങ്ങനെയാണെങ്കിൽ ആ സിംബൽ എനിക്കു മനസ്സിലായില്ല.
ഇവിടെ വൈരൂപ്യമുണ്ടു്, സൗന്ദര്യമുണ്ടു്. വൈരൂപ്യത്തിനു ചില ഉദാഹരണങ്ങൾ നല്കി. കുറേക്കൂടി കേൾക്കട്ടെ എന്നു് ആരോ എന്നോടു പറയുന്നു. എന്നാൽ പറയാം. ആരെയും ഉദ്ദേശിച്ചല്ലേ. റോഡിലൂടെ നടക്കുമ്പോൾ കാർക്കിച്ചുതുപ്പുന്ന യുവതി; ബസ്സിലിരിക്കുമ്പോൾ സ്ഥലകാലങ്ങൾ മറന്നു മൂക്കിൽ വിരലിടുന്ന സുന്ദരി; സ്ക്കൂട്ടറിലിരിക്കുന്ന വയസ്സനും വയസ്സിയും; ലജ്ജിക്കുന്ന വൃദ്ധ; മുഖത്തു വാർദ്ധക്യത്തിന്റെ ചുളിവുകൾ വീണിട്ടും തലമുടി ‘ഡൈ’ ചെയ്തു നടക്കുന്ന കിഴവൻ; മനോഹരമായ പുസ്തകത്തിൽ വീണ മഷിത്തുള്ളി. മതി; ഇനി സൗന്ദര്യത്തിനു ചില ഉദാഹരണങ്ങൾ. വെളുത്ത കാൽമുട്ടുകൾ കാണിച്ചു വളയമുരുട്ടി ഓടിക്കളിക്കുന്ന കൊച്ചുകുട്ടി, അന്തരീക്ഷത്തിൽ അലയുന്ന ചുവന്ന മേഘങ്ങൾ; കാറോടിക്കുന്ന യുവതി; മുറ്റത്തെ കൊച്ചു ജലാശയത്തിൽ അലസഗമനം ചെയ്യുന്ന കടലാസ്സുവള്ളം. കാമിനിയുടെ നെറ്റിയിലിട്ട സിന്ദൂരം പൊടിഞ്ഞുവീണ അവളുടെ മനോഹരമായ മൂക്കു്; പ്രേമത്തിന്റെ ആധിക്യത്തിൽ പരുഷമായി സംസാരിക്കുന്ന കാമുകനും കാമുകിയും. അതാ അവരെത്തന്നെയാണു് ശ്രീ. പി. ഏ. ദിവാകരൻ “മഴയുടെ നഖക്ഷതം” (മലയാളരാജ്യം) എന്ന കഥയിൽ അവതരിപ്പിക്കുന്നതു്. വായിച്ചുനോക്കൂ. രസിക്കൂ. ഇതാണോ ഉത്കൃഷ്ടമായ കല എന്നൊന്നും ചോദിക്കാതിരിക്കൂ.
ഇത്രയും എഴുതിക്കഴിഞ്ഞിട്ടാണു് ശ്രീ. ജി. ഡി. രാജൻ “ജനയുഗം” വാരികയിലെഴുതിയ “അവനും ഞാനും എന്റെ ദുഃഖവും” എന്ന ചെറുകഥ ഞാൻ വായിച്ചതു്. നേരത്തെയാണു വായിച്ചിരുന്നതെങ്കിൽ അതിനെക്കൂടി വൈരൂപ്യങ്ങളുടെ ലിസ്റ്റിൽ ചേർക്കാമായിരുന്നു. ചേട്ടൻ അമേരിക്കയിൽ: അനുജൻ നാട്ടിൽ. അനിയൻ നാട്ടിൽ വ്യഭിചരിച്ചു നടക്കുകയാണു്. അങ്ങനെയിരിക്കെ ഒരു ദിവസം പാതിരാത്രി കഴിഞ്ഞപ്പോൾ ചേട്ടന്റെ ഭാര്യ അയാളുടെ മുറിയിൽ കയറിച്ചെന്നു. എന്നിട്ടു് അയാളോടു പറഞ്ഞു: “രാത്രി എന്തിനുവേണ്ടിയാ പോകുന്നതെന്നു് എനിക്കറിയാം. അതു്… തരാൻ ഞാൻ തയ്യാറാണു് അതുപോരേ?” ചേട്ടത്തി അങ്ങനെ ഗർഭിണിയായി. ചേട്ടൻ അമേരിക്കയിൽനിന്നു തിരിച്ചുവന്നു. ആ ഏഭ്യനു് ഒരു വൈഷമ്യവും ഉണ്ടായില്ലത്രേ. അയാൾ പുഞ്ചിരിപൊഴിച്ചതേയുള്ളു പോലും. ചേട്ടനും ചേട്ടത്തിയും കുട്ടികളും അമേരിക്കയിലേക്കു പോയി. പോകുന്നതിനു മുൻപു് ചേട്ടത്തി അനുജനെ ചൂണ്ടിക്കാണിച്ചു് ഇളയകൂട്ടിയോടു പറഞ്ഞു: “ഇതാ കൊച്ചച്ഛൻ!” ശരി തന്നെ കൊച്ചച്ഛൻ; ഒരിക്കലും അച്ഛനാവുകയില്ല. വിശുദ്ധമായ കല നമ്മുടെ ജീവിതത്തിനു് ഒരർത്ഥമുളവാക്കുന്നു; നമ്മുടെ ആന്തരജീവിതത്തെ സമ്പന്നമാക്കുന്നു; മഹനീയസത്യത്തിലേക്കു നമ്മെ നയിക്കുന്നു. ഇതു ശരിയാണെങ്കിൽ ജി. ഡി. രാജന്റെ ചെറുകഥ കലയല്ല.
അന്യന്റെ രതി നമുക്കു ദുസ്സഹമണോ? അതേ. അതുകൊണ്ടാണല്ലോ ഓഫീസിലും റോഡിലും വച്ചു നടക്കുന്ന ശൃംഗാരലീലകളിൽ മനുഷ്യർ അസുഖമുള്ളവരായിത്തീരുന്നതു്. ചിലർ അവ കണ്ടു കൂവിവിളിക്കുന്നതും ചിലപ്പോൾ കല്ലെടുത്തു് എറിയുന്നതും അതുകൊണ്ടുതന്നെ. അന്യന്റെ രതിദുസ്സഹമായതു പോലെ ദുഃഖദായകവുമാണോ? ആണെന്നാണു് കുമാരി പി. എം. ശ്രീദേവി പറയുന്നതു്. ജനയുഗത്തിൽ ശ്രീദേവി എഴുതിയ “വെറുതെ” എന്ന കൊച്ചു കഥയിൽ കൊച്ചമ്മയുടെ രതികണ്ടു വേലക്കാരി കരയുന്നതായി ചിത്രീകരിച്ചിരിക്കുന്നു. ദോഷമൊന്നുമില്ലാത്ത, ഗുണമൊന്നുമില്ലാത്ത ഒരു കഥ. സാഹിത്യരചനയാൽ മനുഷ്യനെ ഉപദ്രവിക്കാത്ത ഈ പെൺകുട്ടിയോടു നമുക്കു നന്ദിപറയാം.

രാഗി എന്ന പെൺകുട്ടി കോളേജിൽ പഠിച്ചിരുന്ന കാലത്തു് ബാലനെയാണു സ്നേഹിച്ചതു്. അവൾ വിവാഹം കഴിച്ചതു മറ്റൊരുവനെയും. വിവാഹത്തിനുമുൻപു് ഒരു ദിവസം അവൾ ബാലനെ സ്വന്തം വീട്ടിൽ ക്ഷണിച്ചുവരുത്തുന്നു. അയാൾ അവളെ സ്പർശിക്കുന്നു. ആ സ്പർശം അവളെ സ്പർശിക്കുന്നു. ആ സ്പർശം അവളെ ആഹ്ലാദത്തിലേക്കു കൊണ്ടുചെല്ലുന്നു, ഒട്ടൊക്കെ പശ്ചാത്താപത്തിന്റെ അനുഭവം ഉളവാക്കുകയും ചെയ്യുന്നു. ഇതാണു് ശ്രീ. പി. ബി. മണിയൂർ ‘ചന്ദ്രിക’ വാരികയിലെഴുതിയ ദൗർബല്യം എന്ന കഥയുടെ സാരം. ഇവിടെ വികാരത്തിനല്ല, വാക്കുകൾക്കാണു് പ്രാധാന്യം. സകല വാക്കുകളുടെ പിറകേയും ഓടുന്നു കഥാകരൻ. അതുകൊണ്ടു് അദ്ദേഹത്തിന്റെ കഥയിൽ ശബ്ദമുണ്ടു്; വികാരമില്ല. കലാപരമായ ആവശ്യകതയിൽക്കവിഞ്ഞു് ഒരു വാക്കും പ്രയോഗിക്കാതിരിക്കുക എന്നതിലാണു് സാഹിത്യകാരൻ ശ്രദ്ധിക്കേണ്ടതു്. ആ ശ്രദ്ധയുണ്ടെങ്കിലെ കലാസൃഷ്ടിക്കു സാന്ദ്രതയുണ്ടാകൂ, ഐക്യമുണ്ടാകൂ. താഴെച്ചേർക്കുന്ന ബ്ലേക്കി ന്റെ കവിത നോക്കു. ലളിതങ്ങളായ പദങ്ങളെ അതിലുള്ളൂ. അതും വളരെ കുറച്ചു മാത്രം. എന്നാലും അതു സൃഷ്ടിക്കുന്ന വികാരപ്രപഞ്ചം അസാധാരണം.
I wander, thro’ each charter’d street
Near where the charter’d Thames does flow.
And mark in every face I meet
Marks of weakness, marks of woe.
In every cry of every Man,
In every Infant’s cry of fear
In every voice: in every ban,
The mind-forg’d manacles I hear
നൂറു ചിത്രകാരന്മാർ ഒരേ വൃക്ഷത്തിന്റെ പടം വരച്ചുവെന്നു വിചാരിക്കുക. ആ നൂറു ചിത്രങ്ങളും നൂറു വിധത്തിലായിരിക്കും. ചിത്രകാരന്മാർ പ്രതിഭാശാലികളാണെങ്കിൽ ഓരോ ചിത്രത്തിനും നിസ്തുലതയെന്ന ഗുണം കാണും. പ്രതിപാദ്യവിഷയത്തെ കാണുന്ന രീതിക്കുള്ള വ്യത്യാസം കൊണ്ടാണു് ഓരോ ചിത്രവും മറ്റൊന്നിൽ നിന്നു വിഭിന്നമായിരിക്കുന്നതു്. ഓരോ കലാകാരനും പ്രതിപാദ്യവിഷയത്തിൽ ഒരു തിരഞ്ഞെടുപ്പു നടത്തുന്നുണ്ടു്. ചിലതു് അയാൾ സ്വീകരിക്കുന്നു; ചിലതു നിരാകരിക്കുന്നു. ഈ ത്യാജ്യഗ്രാഹ്യവിവേചനമാണു് കലാസൃഷ്ടിക്കു് നിസ്തുലത നല്ക്കുന്നതു്. ഒരു ലക്ഷ്യത്തെ മുൻനിറുത്തി കഥകളെഴുതുന്നവർക്കു് ഈ വിവേചനം പലപ്പോഴും കാണാറില്ല. അതുകൊണ്ടുതന്നെ അവരുടെ കഥകൾ കലാസൃഷ്ടികളാകാതെ പോകുകയും ചെയ്യുന്നു. ‘ദേശഭിമാനി’ വാരികയിലെ “പഴുത്ത ഇലയും പച്ച ഇലയും” എന്ന കഥ നോക്കുക. ആഹാരം കഴിക്കാനില്ലാതെ സ്ക്കൂളിൽ ബോധം കെട്ടുവീണകുട്ടിയെ കാണുന്ന റ്റീച്ചർ തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ചു് ഓർമ്മിക്കുന്നു. രണ്ടുപേരുടെയും ജീവിതത്തിനു വലിയ വ്യത്യാസമില്ല. കുട്ടി പച്ച ഇലയാണെങ്കിൽ റ്റീച്ചർ പഴുത്ത ഇല. അത്രേയുള്ളു. അവരുടെ രണ്ടുപേരുടെയും ദയനീയസ്ഥിതിക്കു് ആരാണു് ഉത്തരവാദി? ബൂർഷ്വാസമുദായത്തിന്റെ നെറികേടു്. ആശയത്തോടു് എനിക്കു് ഒരെതിർപ്പും ഇല്ല. അതാവിഷ്കരിക്കുന്ന രീതിയോടാണു് എതിർപ്പു്. ഈ കഥയെഴുതിയ ശ്രീ. പയ്യോളി ദാമോദരനു വർണ്യവസ്തുവിനെ വ്യാഖ്യാനിക്കാൻ അറിഞ്ഞുകൂടാ. അദ്ദേഹത്തിനു ത്യാജ്യഗ്രാഹ്യവിവേചനം ഇല്ല. വിഷയത്തിന്റെ പ്രാധാന്യം സ്ഫൂടീകരിക്കാൻ കഴിവില്ല. അതിനാൽ അദ്ദേഹത്തിന്റെ കഥ ആ രീതിയിൽ ആവിർഭവിക്കുന്ന ആയിരമായിരം കഥകൾക്കു് സദൃശമായി വർത്തിക്കുന്നു. കഥാകാരനോടു ഞാൻ ഇങ്ങനെ പറയട്ടെ: “സുഹൃത്തേ, രോഗവിവശമായ വർത്തമാനകാലത്തെ ഞങ്ങൾ നിങ്ങളുടെ കൈയിൽ ഏല്പിച്ചിരിക്കുന്നു. അതിന്റെ രോഗം മാറ്റി അതിനെ ശോഭയുള്ളതാക്കി പ്രദർശിപ്പിക്കു. താങ്കളും‘രോഗവിവശം, രോഗവിവശം’ എന്നു പറഞ്ഞതുകൊണ്ടെന്തു പ്രയോജനം?”
കവിത രാജകുമാരിയാണു്, അവൾ സുന്ദരിയാണു്; മധുരമന്ദസ്മിതം പൊഴിക്കുന്നവളാണു്. മൃദുലമായി, ലളിതമായി മാത്രമേ അവൾ സംസാരിക്കൂ. മലയാളനാട്ടിൽ “ഈശ്വരന്റെ പതനം” എന്ന കവിതയെഴുതിയ ശ്രീ. അപ്പൻ തച്ചേത്തു് ഈ പരമാർത്ഥം വിസ്മരിച്ചിരിക്കുന്നു. വിലകുറഞ്ഞ ‘സെന്റി’ന്റെ സുഗന്ധം പരത്തുന്ന പ്രകടനാത്മകത്വത്തിൽ മുഴുകുന്ന, കഴുത്തിനു ചുറ്റും നാക്കുള്ള വേശ്യയായിട്ടാണു് അദ്ദേഹം കവിതയെ കാണുന്നതു്.
ഈ ലേഖകൻ ശബരിമലക്ഷേത്രത്തിൽ പോയിട്ടില്ല. അവിടെയുള്ള പതിനെട്ടുപടികളെക്കുറിച്ചു കേട്ടറിഞ്ഞിട്ടുണ്ടു്. ആ പടികളിൽ ആർക്കും ഇരിക്കാം. നില്ക്കാം; നാളികേരമെറിഞ്ഞു് ഉടയ്ക്കാം; കൈയിലിരിക്കുന്ന പേനാക്കത്തി അതിൽ തേച്ചുമൂർച്ചകൂട്ടാം ഇങ്ങനെ പല പ്രയോജനങ്ങൾ. എങ്കിലും ഈശ്വരന്റെ അടുക്കലെത്തിക്കുന്ന പടികൾ എന്ന നിലയ്ക്കാണു് അവയ്ക്കു പ്രധാന്യം. കവിത ആശയപ്രചാരണം നിർവഹിക്കട്ടെ; അനുവാചകനെ ഇളക്കിവിടട്ടെ; അവന്നു്, വേണമെങ്കിൽ, മുദ്രാവാക്യമായിത്തീരട്ടെ. എങ്കിലും അനുവാചകനെ സൗന്ദര്യത്തിന്റെ മണ്ഡലത്തിലേക്കു നയിക്കണം. അതിനു കഴിയാത്തതു കവിതയല്ല.
ഞാനൊരിക്കൽ മഹാകവി വള്ളത്തോളി നോടു ചോദിച്ചു: “നാലപ്പാട്ടു് നാരായണമേനോൻ കവിയാണെന്നു പലരും പറയുന്നു. “കണ്ണുനീർത്തുള്ളി ” വായിച്ചാൽ വാക്കുകൾ വന്നുവീഴേണ്ട രീതിയിൽ വീഴുന്നില്ല എന്നൊരു തോന്നൽ. അങ്ങെന്തു പറയുന്നു?” വള്ളത്തോൾ അന്തരീക്ഷത്തിലേക്കു നോക്കി കുറച്ചുനേരം മിണ്ടാതിരുന്നിട്ടു് മറുപടി നല്കി: “നാലപ്പാട്ടു് വാക്കുകൾക്കുവേണ്ടി അനന്തതയിലേക്കു നോക്കി വായും പൊളിച്ചു നില്ക്കുകയാണു്.” എത്ര സത്യം!