പണ്ടു് ഒരു സന്ധ്യാകാലത്തു നൈൽനദിയുടെ തീരത്തുവച്ചു് ഒരു കഴുതപ്പുലി ഒരു ചീങ്കണ്ണിയെ കണ്ടു. അവർ അന്യോന്യം അഭിവാദനം ചെയ്തു. കഴുതപ്പുലി ചീങ്കണ്ണിയോടു ചോദിച്ചു: “സർ, സുഖമായി കഴിയുന്നോ?” ചീങ്കണ്ണി മറുപടി പറഞ്ഞു: “ഒരു സുഖവുമില്ല ചിലപ്പോൾ വേദനകൊണ്ടും വിഷാദംകൊണ്ടും ഞാൻ കരയും. അപ്പോഴൊക്കെ ജന്തുക്കൾ പറയുന്നതു് ‘അതു ചീങ്കണ്ണിക്കണ്ണുനീരാ’ണെന്നാണു്. ഇതു് എന്നെ വല്ലാതെ വേദനിപ്പിക്കുന്നു”.

അപ്പോൾ കഴുതപ്പുലി പറയുകയായി: “അങ്ങു് അങ്ങയുടെ വേദനയെക്കുറിച്ചും ദുഃഖത്തെക്കുറിച്ചും പറയുന്നു. എന്നാൽ എന്നെപ്പറ്റി ഒരുനിമിഷം വിചാരിക്കൂ. ഞാൻ ഈ പ്രപഞ്ചത്തിന്റെ സൗന്ദര്യം, അദ്ഭുതം, അസാധാരണത്വം എന്നിവ കണ്ടു് നിസ്തുലമായ ആഹ്ലാദത്തോടെ ചിരിക്കുന്നു, പകൽ എങ്ങനെ ചിരിക്കുന്നുവോ അതുപോലെ. അപ്പോൾ കാട്ടിലുള്ളവർ പറയുന്നു, ‘ഇതു് കഴുതപ്പുലിയുടെ ചിരി മാത്ര’മാണെന്നു്”. ഖലീൽ ജിബ്രാന്റെ കഥയാണിതു്. ചീങ്കണ്ണിയുടെയും കഴുതപ്പുലിയുടെയും “ആത്മാർത്ഥതയെ”ക്കുറിച്ചു് ആ ജന്തുക്കൾക്കു് ഒരു സംശയവുമില്ല. കാണുന്നവർക്കു് സംശയമുണ്ടെന്നുമാത്രം. മനോഹരമായ മലയാളനാടു വാരികയുടെ 27-ാം ലക്കത്തിൽ എന്റെ ഉത്തമസുഹൃത്തു് ശ്രീ. എം. തോമസ് മാത്യു എഴുതിയ “ആത്മാർത്ഥതയുടെ പ്രശ്നം” എന്ന പ്രബന്ധം വായിച്ചപ്പോൾ ഉടനെ എന്റെ ഓർമ്മയിലെത്തിയതു് ജിബ്രാന്റെ ഈ കഥയാണു്. അഭിസംക്രമണക്ഷമത കലയുടെ ഘടകമല്ല, ദുർഗ്രഹത അതിന്റെ ദോഷമല്ല, സാധാരണമനുഷ്യനു് അതു് അടിമയല്ല എന്നൊക്കെ അദ്ദേഹം വീറോടെ വാദിച്ചിട്ടു് സ്വന്തം “ആത്മാർത്ഥത”യെ ഭംഗ്യന്തരേണ വിളംബരം ചെയ്യുന്നു. ആ വിമലാത്മതയെക്കുറിച്ചു്, സത്യസന്ധതയെക്കുറിച്ചു് അദ്ദേഹത്തിനു് ഒരു സന്ദേഹവുമില്ല. എങ്കിലും എനിക്കു സന്ദേഹം, എന്നെപ്പോലെ വേറെ ചിലയാളുകൾക്കും സന്ദേഹം. ചിരിക്കുന്നവരും കരയുന്നവരും പറയും തങ്ങൾ നിർവ്യാജമായിട്ടാണു് അങ്ങനെ ചെയ്യുന്നതെന്നു്. അവർ അങ്ങനെ ഉദ്ഘോഷിച്ചുകൊള്ളട്ടെ. നമ്മൾ അതംഗീകരിക്കാൻ നിർബ്ബദ്ധരല്ലല്ലോ. ഇതൊക്കെയാണെങ്കിലും തോമസ് മാത്യു നല്ലൊരെഴുത്തുകാരനാണു. തനിക്കു പറയാനുള്ളതു് തറപ്പിച്ചു പറയാൻ അദ്ദേഹത്തിനറിയാം. തന്റെ പ്രതിയോഗികളെന്നു കരുതുന്നവരെ അസഭ്യങ്ങളിൽ കളിപ്പിക്കാനും ദുർഭാഷണങ്ങളിൽ പൊതിയാനും അദ്ദേഹത്തിനു വലിയ വൈദഗ്ദ്ധ്യമാണു്. ഈ പ്രാഗല്ഭ്യത്തിനു നിദർശകമായിട്ടുണ്ടു് അദ്ദേഹത്തിന്റെ പ്രബന്ധം. എന്നാലും അതിനൊന്നും ഞാൻ മറുപടി പറയുന്നില്ല. കാരണം കലയിലെ ദുർഗ്രഹത ഭോഷമാണു്, അഭിസംക്രമണക്ഷമതയുടെ അഭാവം വലിയ ന്യൂനതയാണു് എന്നൊക്കെ പല പരിവൃത്തി ഞാൻ സ്ഥാപിക്കാൻ ശ്രമിച്ചിട്ടുണ്ടു് എന്നതുതന്നെ. ഒരിക്കൽ പറഞ്ഞ കാര്യം പിന്നെയും പിന്നെയും പറയരുതല്ലോ. ദുർഗ്രഹതയെ നിന്ദിക്കുന്നവരെ എന്റെ അഭിവന്ദ്യസുഹൃത്തു് എങ്ങനെ നിന്ദിക്കുന്നുവെന്നുമാത്രം കാണിച്ചുകൊണ്ടു ഞാൻ ഇതു് അവസാനിപ്പിക്കാം. അദ്ദേഹം പ്രസ്താവിക്കുന്നു:
“വായിച്ചാൽ പിടികിട്ടിയില്ലെങ്കിൽ വിലകൊടുത്തുപോയല്ലോ എന്ന നിരാശയോടുകൂടി ഇതു ഞങ്ങൾക്കു മനസ്സിലാകുന്നില്ല പിന്നെ ഇതാർക്കുവേണ്ടിയെന്നു പഠിക്കാത്ത പാമരനും പഠിച്ച പാമരനും ഒറ്റക്കെട്ടായിനിന്നു ഗർജ്ജിക്കുന്നു. ഈ രാജ്യത്തെ ബഹുജനങ്ങൾക്കു (ഹാ, ഈ രാജ്യത്തെ ബഹുജനം!) ഉൾക്കൊള്ളാനും വളരാനും പറ്റിയ രീതിയിൽ എഴുതുക എന്ന നിർദ്ദേശത്തോടുകൂടിയാണു് ഈ ഗർജ്ജനം അവസാനിക്കുക” (പുറം, 14, 15).
ശ്രീമാൻ തോമസ് മാത്യു ‘നിരാശത’ എന്ന അർത്ഥത്തിൽ ‘നിരാശ’ എന്നെഴുതുന്നു. ‘നിരാശൻ’ ആശയറ്റവൻ, ‘നിരാശ’ ആശയറ്റവൾ. നിരാശന്റെയും നിരാശയുടെയും ഭാവം ‘നിരാശത’ അല്ലെങ്കിൽ ‘നൈരാശ്യം’. “കുറേക്കൂടി വലിയ ദുഃഖത്തെ അഭിമുഖീകരിക്കാൻ” എന്നു മറ്റൊരു പ്രയോഗം (പുറം 15). അഭിമുഖീകരിക്കുക എന്നാൽ അഭിമുഖമാക്കുക എന്നാണർത്ഥം. “ദുഃഖത്തിനു് അഭിമുഖീഭവിച്ചുകൊണ്ടു” എന്നു് എഴുതുന്നതാണു് ശരി. “അയാളുടെ മുമ്പിൽ ജനിക്കാൻ” എന്നു വേറൊരു പ്രയോഗം (പുറം 51) മുൻപിൽ എന്നെഴുതണം. “സ്വയം സമർപ്പിക്കാൻ കവി നിർബന്ധിതനാണു്” (പുറം 52) “…കവി നിർബ്ബദ്ധനാണു്” എന്നതാണു് ശരിയായ രൂപം. ഈ തെറ്റുകളൊക്കെ ക്ഷമിക്കത്തക്കവയാണു്. എന്നാൽ ഒരിക്കലും ക്ഷമിക്കാൻ വയ്യാത്ത ഒരു തെറ്റു് ഈ പ്രബന്ധത്തിലുണ്ടു്. അതു് ഇതാ: “…അമൂർത്തമായി നില്ക്കുന്ന അനുഭൂതിയെ, ദർശനത്തെ, സുഗ്രഹവും സമൂർത്തവുമാക്കാനാണു് ഏതു കവിയും പാടുപെടുന്നതു്” (പുറം 15) ‘സമൂർത്തം’ എന്നൊരു പ്രയോഗമില്ല. മൂർത്ത ശബ്ദത്തിന്റെ അർത്ഥം ശരീരമുളളതെന്നാണു്. അതിനൊരു ‘സ’ ചേർക്കുന്നതു് തികഞ്ഞ തെറ്റാണു്. “മൂർത്തോവിഘ്നസ്തപസ ഇവ” എന്നു ശാകുന്തളത്തിലേയും “പ്രസാദ ഇവ മൂർത്തസ്തേ സ്പർശഃ സ്നേഹാർദ്രശീതലഃ” എന്നു് ഉത്തരരാമചരിതത്തിലേയും പ്രയോഗങ്ങൾ നോക്കുക. തോമസ് മാത്യു ‘പഠിക്കാത്ത പാമരനെ’യും ‘പഠിച്ച പാമരനെ’യും കുറിച്ചു പറയുന്നുണ്ടല്ലോ. ‘സമൂർത്തം’ എന്നു പ്രയോഗിച്ച അദ്ദേഹം ഇതിൽ ഏതു വിഭാഗത്തിൽ ഉൾപ്പെടും?
ഞാൻ മൂന്നുകൊല്ലമായി ‘മലയാളനാട്ടി’ൽ തുടരെ എഴുതുന്നു. ഇന്നുവരെ ആ വാരികയെ മനോഹരമെന്നു് വിശേഷിപ്പിച്ചിട്ടില്ല. ഇപ്പോൾ അങ്ങനെ പറഞ്ഞതു് അതിന്റെ കവർപേജ് കണ്ടാണു്. ശ്രീ. ആർ. രാജനെടുത്ത ഒരു ഫോട്ടോ. സുന്ദരിയായ ഒരു യുവതി താടിയിൽ കൈ ചേർത്തു് അകലെ നോക്കി നില്ക്കുന്നു. അവരുടെ വിശാലനയനങ്ങളിൽ സ്ഫുരികരിക്കുന്നതു് കുലീനത മാത്രം. മനസ്സിനു് ഉന്നമനം ഉളവാക്കുന്ന സൗന്ദര്യമാണതു്. ആ ചിത്രം കണ്ടതിനു ശേഷമാണു ഞാൻ മലയാളനാട്ടിലെ ‘അഭിശാപം’ എന്ന ചെറുകഥ വായിച്ചതു്. അതിനുമുണ്ടു് മാനസികോന്നമനം ജനിപ്പിക്കുന്ന സൗന്ദര്യം അതിനാൽ രണ്ടുവിധത്തിലും മലയാളനാടു് മനോഹരം തന്നെ. ‘അഭിശാപ’മെഴുതിയ ആരണ്യൻ എന്ന സിദ്ധികളുള്ള കലാകാരൻ ഒരു വൃദ്ധന്റെ തെളിഞ്ഞ ചിത്രം നമുക്കു് ആദ്യമായി നല്കുന്നു. ഏതാനും വാക്കുകൾകൊണ്ടു് ആ വൃദ്ധന്റെ ദയനീയാവസ്ഥ, ഒരുകാലത്തു് അയാൾക്കുണ്ടായിരുന്ന ഗാംഭീര്യം, അയാളുടെ സ്നേഹപരതന്ത്രമായ മനസ്സു് ഇവയെയെല്ലാം അദ്ദേഹം അഭിവ്യജ്ഞിപ്പിക്കുന്നു. മരണത്തിന്റെ വക്കിലെത്തി നില്ക്കുന്ന ആ വൃദ്ധനെ നാം ബഹുമാനിക്കുന്നു, സ്നേഹിക്കുന്നു, ഒട്ടൊക്കെ ദുഃഖത്തോടെ നോക്കുന്നു. അങ്ങനെ വിവിധവികാരങ്ങളോടുകൂടി നാം നില്ക്കുമ്പോൾ ഒരു ബാലൻ അയാളുടെ മുൻപിൽ പരാതിയുമായി വരുന്നു. “കുഞ്ഞീഷ്ണൻ ഇല്ലത്തെ വളപ്പീന്നു് തേങ്ങാ പറിച്ചീനു്.” ബാലൻ പരാതി ആവർത്തിച്ചപ്പോൾ നാളികേരം മോഷ്ടിച്ച ചെറുക്കനെ കൂട്ടിക്കൊണ്ടുവരാൻ വൃദ്ധൻ ആജ്ഞാപിച്ചു. പരാതിക്കാരൻ പോയപ്പോൾ അയാൾ കിളിയുടെ മുട്ടയെടുക്കാൻ മരത്തിൽ കയറിയ മകനെക്കുറിച്ചു് ഓർമ്മിക്കുകയായി. മരത്തിലിരിക്കുന്ന മകനെ നോക്കി ‘എടാ വികൃതി’ എന്നു് അയാൾ വിളിച്ചു. മകൻ ഞെട്ടി താഴെ വീണു, ഉടഞ്ഞ മുട്ടയുടെ മഞ്ഞക്കുരു അവന്റെ കൈയിലൂടെ ഒലിച്ചിറങ്ങി, രക്തം തലയിൽനിന്നും. വർഷങ്ങൾക്കു മുൻപു് നഷ്ടപ്പെട്ട ആ മകനെ സ്മരിച്ചു് നനഞ്ഞ കണ്ണുകളോടുകൂടി വൃദ്ധൻ ഇരിക്കുമ്പോൾ തേങ്ങ മോഷ്ടിച്ച കുഞ്ഞുകൃഷ്ണൻ അയാളുടെ മുൻപിലെത്തി. വൃദ്ധൻ അവന്റെ കൈ രണ്ടും കൂട്ടിപ്പിടിച്ചു. അവൻ ഞെട്ടി; പരാതിക്കാരനും ഞെട്ടി. എന്തൊരു ഭയങ്കരമായ ശിക്ഷയായിരിക്കും ഉണ്ടാകാൻ പോകുന്നതു്! പക്ഷേ, വൃദ്ധൻ സ്നേഹത്തോടെ, കാരുണ്യത്തോടെ അവനോടു ചോദിച്ചു: “എന്റെ കുഞ്ഞേ, നീ … വീണോ മറ്റോ പോയാൽ …” ഇക്കഥ എങ്ങനെ എന്റെ ഹൃദയത്തെ പിടിച്ചുകുലുക്കി, എങ്ങനെ എന്നെ മറ്റൊരാളാക്കി മാറ്റി എന്നു് വ്യക്തമാക്കാൻ ഞാൻ അശക്തനാണു്. ഒരിംഗ്ലീഷു വാക്കുകൊണ്ടു് ഞാൻ ഈ ചെറുകഥയെ വിശേഷിപ്പിക്കുന്നു Sublime (ഉദാത്തം) … സ്വകീയമായ ജീവിതസുഖം കണ്ടെത്തിയ ഒരു യുവതിയെ സുചേതയും കപടജീവിതം നയിക്കുന്ന ദമ്പതികളെ ശ്രീ. സുകുമാറും അവതരിപ്പിക്കുന്നു (രണ്ടു കഥകളും മലയാളനാട്ടിൽ). സുചേത ഗാംഭീര്യത്തോടെയാണു് കഥാവസ്തു പ്രതിപാദനം ചെയ്യുന്നതു്. സുകുമാറാകട്ടെ ഫലിതാത്മകമായും. ആ ഗാംഭീര്യത്തിലൊരു നാട്യമുണ്ടു്. ആ ഫലിതത്തിൽ ഹാസ്യചിത്രകാരന്റെ സ്ഥൂലീകരണമുണ്ടു്. രണ്ടും ഒഴിവാക്കിയിരുന്നെങ്കിൽ കഥകളുടെ ആകർഷകത്വം കൂടുമായിരുന്നു.
പ്രതിരൂപാത്മകത്വം രണ്ടുവിധത്തിലാണെന്നു് എം. ഗ്രീൻ എന്ന കലാനിരൂപകൻ പറയുന്നു. പ്രാഥമികവും ഗൗണവും. കുരിശെന്ന പദത്തിനു് നിഘണ്ടു നല്കുന്ന അർത്ഥം പ്രാഥമിക പ്രതിരൂപാത്മകതയാണു്. ക്രൈസ്തവമതത്തിനാകെ കുരിശു പ്രാതിനിധ്യം വഹിക്കുന്നതു് ഗൗണമായ പ്രതിരൂപാത്മകതയാലാണു്. ടാഗോറിന്റെ “ഗീതാജ്ഞലി”യിൽ ഗൗണമായ പ്രതിരൂപാത്മകത്വം നാം കാണുന്നു. അതിലെ പ്രതിരൂപങ്ങൾ പരമ്പരാഗതമാണു്. ഈ പാരമ്പര്യത്തെ ലംഘിച്ചു് ആരെങ്കിലും ഒരു പ്രതിരൂപം പ്രയോഗിച്ചാൽ അതിന്റെ അർത്ഥം ആർക്കും മനസ്സിലാകുകയില്ല. അർത്ഥം മനസ്സിലായില്ലെങ്കിൽ ഹൃദയസംവാദമുണ്ടാകുകയില്ല. കലാസ്വാദനം സാദ്ധ്യമാകാതെ വരികയും ചെയ്യും. നവംബർ ലക്കം “വിശാലകേരള”ത്തിൽ “അല്പം മൂലധനത്തിനുവേണ്ടി ഒരു പരസ്യം” എന്ന ചെറുകഥയെഴുതിയ ശ്രീ. കെ. എൽ. മോഹനവർമ്മ ശിവലിംഗം എന്നൊരു സ്വകീയമായ പ്രതിരൂപം പ്രയോഗിക്കുന്നു. സ്വകീയമായതുകൊണ്ടു് ആ പ്രതിരൂപം ഏതാശയത്തിനു് പ്രാതിനിധ്യം വഹിക്കുന്നുവെന്നു് വ്യക്തമല്ല. അതിനാൽ അദ്ദേഹത്തിന്റെ കഥ കലയുടെ മണ്ഡലത്തിൽ പ്രവേശിക്കുന്നില്ല. പ്രതിരൂപാത്മകത്വം ഇല്ലാത്ത ഒരു കഥ മോഹനവർമ്മ “മാതൃഭൂമി” ആഴ്ചപ്പതിപ്പിൽ എഴുതിയിട്ടുണ്ടു്. ഒരുവൻ വിവാഹം കഴിഞ്ഞു് ഭാര്യയുമായി സ്വന്തം വീട്ടിലേക്കു മടങ്ങുന്നു. അയാളുടെ കൂട്ടുകാരൻ നാരായണൻകുട്ടിയാണു് കാറോടിക്കുന്നതു്. അവരുടെ കൂടെ വിവാഹം കഴിഞ്ഞവന്റെ ചേച്ചിയുണ്ടു്, അമ്മയുണ്ടു്. ചേച്ചിയെ ഭർത്താവു് ഉപേക്ഷിച്ചു കഴിഞ്ഞു. ചേച്ചിയൊഴിച്ചു് മറ്റുള്ള എല്ലാവരും സംഭാഷണത്തിൽ മുഴുകി. വിഷയം ചേച്ചിയുടെ ദയനീയാവസ്ഥ തന്നെ. അങ്ങനെ സംസാരിച്ചു സംസാരിച്ചു് അവർ വീട്ടിലെത്തുന്നു. നാരായണൻകുട്ടി യാത്രപറഞ്ഞു പോകുമ്പോൾ കഥ അവസാനിക്കുന്നു. നവദമ്പതികളുടെ ആഹ്ലാദം ചിത്രീകരിച്ചു് ചേച്ചിയുടെ വിഷാദത്തിന്റെ തീക്ഷ്ണത കാണിക്കുവാനും വിവാഹത്തിന്റെ പൊള്ളത്തരം ചിത്രീകരിക്കാനുമാണു് മോഹനവർമ്മയുടെ ശ്രമം. പക്ഷേ, ആ യത്നം വിജയഭാസുരമാകുന്നില്ല. വൈകാരികത്വം കലർന്ന സംഭവങ്ങളെ തിരഞ്ഞെടുത്തു് വേണ്ട രീതിയിൽ യോജിപ്പിക്കുമ്പോൾ കഥയ്ക്കു് വ്യഞ്ജകത്വം എന്ന ഗുണം ലഭിക്കുന്നു. അങ്ങനെയുള്ള ഒരു തിരഞ്ഞെടുക്കൽ ഇവിടെയില്ല. മോഹനവർമ്മ കുറെ വാക്യങ്ങൾ എഴുതിവയ്ക്കുന്നു. അതിൽക്കവിഞ്ഞു് ഇവിടെ ഒന്നുമില്ല.
എന്റെ അപ്പൂപ്പൻ—അമ്മയുടെ അച്ഛൻ—അയ്മനം കുട്ടൻപിള്ള എന്ന പ്രശസ്തനായ ഗുസ്തിക്കാരനായിരുന്നു. ശുചീന്ദ്രത്തിനടുത്തുള്ള അഴകപ്പാപുരം എന്ന സ്ഥലത്തു് കുറേക്കാലം താമസിച്ചിട്ടു് ഞാൻ അദ്ദേഹത്തെ കാണാൻ തിരുവനന്തപുരത്തുവന്നു. എന്നെ കണ്ടയുടനെ അപ്പൂപ്പൻ ചോദിച്ചു: “ജംബുലിംഗത്തിന്റെ നാടല്ലേ അവിടം?” ഞാൻ മറുപടി പറയുന്നതിനു മുൻപു അദ്ദേഹം പറഞ്ഞുതുടങ്ങി: “കുറെ വർഷം മുൻപാണു് ഞാൻ ആരുവാമൊഴിയിൽ പോയിട്ടു് തിരിച്ചു വരികയായിരുന്നു കാറോടിക്കുന്നതു് ഞാൻ തന്നെ. കാറിനകത്തു് വേറെയാരുമില്ലതാനും. രാത്രി തിരിച്ചുപോകുന്നതു് ആപത്താണെന്നു ആരുവാമൊഴിയിലെ ചിലയാളുകൾ അറിയിച്ചിട്ടും ഞാൻ കൂട്ടാക്കിയില്ല ഒരു മണിയോടു് അടുത്തപ്പോൾ ഞാൻ ശൂരാംകുടി എന്ന സ്ഥലത്തെത്തി. റോഡിന്റെ രണ്ടുവശവും കാടുകൾ, പെട്ടെന്നു് ഒരു മരത്തിന്റെ മുകളിൽ തീപ്പന്തം മിന്നി. വകവയ്ക്കാതെ ഞാൻ വേഗത്തിൽ കാറോടിച്ചു. ഒരു ഫർലാംഗ് ആയില്ല. അതിനുമുൻപു് എനിക്കു കാറു നിറുത്തേണ്ടതായി വന്നു. വലിയ തടികൾ റോഡിനു കുറുകെ പിടിച്ചിട്ടിരുന്നു. പെട്ടെന്നു പത്തുപന്ത്രണ്ടുപേർ എന്റെ കാറിനു ചുറ്റും കൂടി. അവരിൽ ഒരുത്തൻ—പ്രമാണി—തമിഴിൽ എന്നോടു പറഞ്ഞു: ‘ഞാനാണു് ജംബുലിംഗം. ഉള്ളതെല്ലാം എടുക്കു്. ഞാൻ പേഴ്സും വാച്ചും കൊടുത്തു. അപ്പോഴാണു് ഹനുമാന്റെ മന്ത്രം ജപിച്ചു് എന്റെ കഴുത്തിൽ കെട്ടിയിരുന്ന രക്ഷയുടെ സ്വർണ്ണച്ചെയിൻ ജംബുലിംഗം പന്തത്തിന്റെ വെളിച്ചത്തിൽ കണ്ടതു്. ‘അതും എടുക്കു’ എന്നായി അയാൾ. ഞാൻ അതും ഊരിക്കൊടുത്തു. ‘ഇനി പോയ്ക്കോ’ അവസാനത്തെ കല്പന. ഞാൻ കാർ സ്റ്റാർട്ട് ചെയ്തു് ആക്സിലേറ്ററിൽ കാലമർത്തി. കാറു നീങ്ങി. അപ്പോൾ വീണ്ടും ശബ്ദം “നിറുത്തു്”. ഞാൻ കാറുനിറുത്തി. ജംബുലിംഗം ചോദിക്കുകയാണു്: “പെട്രോളിനു രൂപയുണ്ടോ” ഇല്ലെന്നു ഞാൻ മറുപടി നല്കിയപ്പോൾ അയാൾ ഇരുപതു രൂപ എനിക്കു തന്നു. ഞാനതുംകൊണ്ടു പോരികയും ചെയ്തു.” ഈ യഥാർത്ഥസംഭവം ഞാനിപ്പോൾ ഓർമ്മിക്കാൻ കാരണമുണ്ടു്. മാതൃഭൂമിയിൽ ശാരദാമണി “ഇവിടെ വിശേഷമൊന്നുമില്ല” എന്ന പേരിൽ ഒരു കഥയെഴുതിയിരിക്കുന്നു. ഞാനതു വായിച്ചു എന്നതുതന്നെ കാരണം. ഒരു കൊള്ളത്തലവൻ ഒരു ഡോക്ടറെ ബലാത്കാരമായി പിടിച്ചു് അയാളുടെ കൂടാരത്തിൽ കൊണ്ടുപോകുന്നു. അവിടെ വയറുകടി പിടിച്ചുകിടക്കുന്നവരെ ചികിത്സിക്കാനാണു ഡോക്ടരെ കൊണ്ടുപോയതു്. അദ്ദേഹം അവർക്കു മരുന്നുകൊടുത്തു, കൊള്ളക്കാർ സുജനമര്യ പൊലിച്ചു പെരുമാറി. അദ്ദേഹത്തെ സൽക്കരിച്ചു. എവിടെനിന്നു ഡോക്ടറെ പിടിച്ചുകൊണ്ടുപോയോ അവിടെത്തന്നെ കൊണ്ടുവിടുകയും ചെയ്തു. എന്റെ യഥാർത്ഥസംഭവവും ഈ സാങ്കല്പികകഥയും കൊള്ളക്കാരന്റെ സ്വഭാവവൈശിഷ്ട്യത്തെ പ്രദർശിപ്പിക്കുന്നു. പക്ഷേ, ശാരദാമണിയുടെ കഥ എന്റെ ഉള്ളിൽ തട്ടുന്നില്ല, ചടുലമായ ആഖ്യാനം ഈ കഥയിലില്ല എന്നതാണു ന്യൂനത.
ശ്രീ. എം. കരുണാനിധി (മദ്രാസ് മുഖ്യമന്ത്രി) എഴുതിയ ‘ചങ്ങലസ്സ്വാമികൾ’ എന്നൊരു കഥ തർജ്ജമ ചെയ്തു ‘കുങ്കുമം’ വാരികയിൽ പരസ്യം ചെയ്തിരിക്കുന്നു. സഹചരനെക്കൊണ്ടു് പാളമിളക്കിച്ചതിനുശേഷം, അവിടെ എത്തുന്നതിനു മുൻപു് ചങ്ങല പിടിച്ചു തീവണ്ടി നിറുത്തിയ ഒരു സ്വാമി നാട്ടിലെങ്ങും യശസ്സു് ആർജ്ജിച്ചു. സ്വാമിയുടെ ദിവ്യമായ നേത്രമാണു് ആപത്തു മുൻകൂട്ടിയറിഞ്ഞതെന്നു് ആളുകൾ വിശ്വസിച്ചു. ആ സ്വാമി ഒരു മുതലിയാരുടെ വെള്ളി മോഷ്ടിച്ചുകൊണ്ടു കടന്നുകളഞ്ഞു. മുതലിയാരുടെ സഹചരൻ സ്വാമിയെ നിഗ്രഹിച്ചു. മൃതദേഹം ഒരു മുറിയിലിരുത്തിയിട്ടു് സ്വാമി സമാധിപ്രാപിച്ചുവെന്നു് അവർ പറഞ്ഞുപരത്തി. ഭക്തജനങ്ങൾ സ്വർണ്ണവും വെള്ളിയും മൃതദേഹത്തിൽ വർഷിച്ചു. അങ്ങനെ മുതലിയാർ ധനികനായി. ഇതാണു് കരുണാനിധിയുടെ കഥ. ഇത്ര ബാലിശമായ മറ്റൊരു കഥ ഞാൻ വായിച്ചിട്ടില്ല. സാഹിത്യത്തിന്റെ നേർക്കുള്ള ഒരു കൊഞ്ഞനം കാണിക്കലാണു് ഇക്കഥയെന്നു് ഇതു വായിക്കാനുള്ള ദൗർഭാഗ്യമുണ്ടായ ആരും പറഞ്ഞുപോകും. മൂന്നു കഥകൾ കൂടിയുണ്ടു് കുങ്കുമം വാരികയിൽ. ശ്രീ. പി. കെ. ശിവദാസമേനോന്റെ ‘നിഗൂഢതയുടെ കൂടാരത്തിൽ’ ശ്രീ. രത്നാകരന്റെ ‘അമ്മാളു’. അരസികനും വിഡ്ഢിയുമായ ഒരുവനെ വിവാഹം കഴിച്ച ഒരു പെൺകുട്ടിയുടെ വൈഷമ്യമാണ് ചന്ദ്രന്റെ കഥയിൽ പ്രതിപാദിക്കുന്നതു്, വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെന്നു പത്രത്തിൽ പരസ്യം കൊടുത്ത ഒരുത്തൻ തനിക്കു കിട്ടിയ മറുപടിയുമായി പെൺകുട്ടികളുടെ ഹോസ്റ്റലിൽ കയറി ‘ഭാവിഭാര്യ’യെ തിരയുന്നതാണു് രണ്ടാമത്തെ കഥയുടെ വിഷയം. സ്ത്രീകളുടെ മാനസികനിലയെ രണ്ടുകഥകളിലും ആവിഷ്ക്കരിച്ചിട്ടുണ്ടെങ്കിലും കലാത്മകത്വത്തിന്റെ കാര്യത്തിൽ അവയ്ക്കു് ഒരു മേന്മയുമില്ല. അയ്യാവിന്റെ ഭാര്യ അമ്മാളു. അവരുടെ വിവാഹം കഴിഞ്ഞിട്ടു വർഷം അഞ്ചായെങ്കിലും സന്താനമുണ്ടായില്ല. കൊല്ലപ്പണിക്കാരനായ അയ്യാവു് ജന്മിയും അരോഗദൃഢഗാത്രനുമായ കുമാരപിള്ളയ്ക്കു നിർമ്മിച്ചുകൊടുത്ത കൊഴു അയാളുടെ വയൽ പിളർന്നുമറിക്കുന്നതു കണ്ടപ്പോൾ അമ്മാളുവിന്റെ ഹൃദയം സ്പന്ദിച്ചു. അയ്യാവില്ലാത്ത ഒരു രാത്രിയിൽ അവരുടെ അഭിലാഷത്തിനു സാഫല്യമുണ്ടായി. കാമത്തിന്റെ ശക്തിയെ അഭിവ്യഞ്ജിപ്പിക്കുന്ന കഥ. ആഖ്യാനപാടവവും അഭിനന്ദനാർഹം. കഥയ്ക്കു് ശ്രീ. രാധാകൃഷ്ണൻ വരച്ചുചേർത്ത ചിത്രം ഭാവവ്യഞ്ജകമത്രേ.

“സ്ഫടികമണി വിനോദം” (The Glass Bead Game or Magister Ludi) എന്ന നോവലെഴുതിയതിനാണു് ഹെർമൻ ഹെസ്സി ക്കു നോബൽസമ്മാനം നല്കിയതു്. ആ നോവലിൽ ചൈനീസ് ഗ്രന്ഥകാരനായ ലൂബുവേ യുടെ “വസന്തവും ശരത്തും” എന്ന ഗ്രന്ഥത്തിൽനിന്നു് ചില വാക്യങ്ങൾ ഉദ്ധരിച്ചിട്ടുണ്ടു്. തർജ്ജമ താഴെ ചേർക്കുന്നു.
“സംഗീതത്തിന്റെ ഉദ്ഭവം വിദൂരമായ ഭൂതകാലത്തിലാണു്. ലയത്തിൽ നിന്നാണു് അതു് ഉദ്ഭവിക്കുന്നതു്; മഹനീയമായ അദ്വൈതത്തിൽ അതു് വേരോടിനില്ക്കുകയും ചെയ്യുന്നു. ലോകം പ്രശാന്താവസ്ഥയിലായിരിക്കുമ്പോൾ, എല്ലാം അക്ഷുബ്ധമായിരിക്കുമ്പോൾ എല്ലാ ആളുകളും അധീശസ്വഭാവമുള്ളവരെ എല്ലാക്കാര്യത്തിലും അനുസരിക്കുമ്പോൾ സംഗീതത്തെ അന്യൂനാവസ്ഥയിലെത്തിക്കാം. ആഗ്രഹങ്ങളും വികാരങ്ങളും തെറ്റിയ മാർഗ്ഗത്തിൽ പോകാതിരിക്കുമ്പോൾ സംഗീതത്തെ അന്യൂനാവസ്ഥയിലെത്തിക്കാം. കുറ്റമറ്റ സംഗീതത്തിനു കാരണമുണ്ടു് സമനിലയിൽ നിന്നാണു് അതുണ്ടാകുന്നതു്. സമനില ധർമ്മത്തിൽ നിന്നും. പ്രപഞ്ചത്തിന്റെ അർത്ഥത്തിൽനിന്നാണു് ധർമ്മത്തിന്റെ ഉദ്ഭവം, അതിനാൽ പ്രപഞ്ചത്തിന്റെ അർത്ഥം മനസ്സിലാക്കിയവനോടു മാത്രമേ സംഗീതത്തെക്കുറിച്ചു സംസാരിക്കാനാവൂ. സ്വർഗ്ഗവും ഭൂമിയും തമ്മിലുള്ള ഐക്യത്തിലാണു് സംഗീതം അധിഷ്ഠാനം ചെയ്തിരിക്കുന്നതു്. ജീർണ്ണിക്കുന്ന രാഷ്ട്രങ്ങൾക്കും നാശോന്മലരായ ആളുകൾക്കും സംഗീതമില്ലാതില്ല. പക്ഷേ, അവരുടെ സംഗീതം പ്രശാന്തമല്ല. സംഗീതം എത്രത്തോളം കൊടുങ്കാറ്റുപോലെയാകുമോ അത്രത്തോളം ജനങ്ങൾ ശോകാകുലമാകുന്നു, അത്രത്തോളം രാജ്യം ആപത്തിലണയുന്നു … ഇങ്ങനെ സംഗീതത്തിന്റെ സാരം നഷ്ടപ്പെടുന്നു.”
കെ. പി. എ. സി.-യിലെ അഭിനേത്രിയായിരുന്ന സുലോചന പ്രശാന്തസംഗീതം പകർന്നുതരുന്ന അനുഗൃഹീതയാണു്. ഈ സത്യം ശ്രീ. വി. ബി. സി. നായർ പറഞ്ഞപ്പോൾ എനിക്കു വലിയ ആഹ്ലാദമുണ്ടായി (മലയാളനാടു്—പുറം 61). മധുരനാദംകൊണ്ടു കലയുടെ സ്വർണ്ണഗോപുരം നിർമ്മിക്കുന്ന സുലോചന ഇനിയും നാടകവേദിയിൽ പ്രത്യക്ഷയാകട്ടെ.
സുലോചന ഒരിക്കൽ എന്നോടു പറഞ്ഞു: “സർ, ഞാൻ കമ്മ്യൂണിസത്തിൽ വിശ്വസിക്കുന്നു; എങ്കിലും എനിക്കു് ഈശ്വരവിശ്വാസമുണ്ടു്”. ശ്രീ. വെട്ടൂർ രാമൻനായരു ടെ മനോഹരമെങ്കിലും കാനനമധ്യത്തിലുള്ള ഭവനത്തിലേക്കു് കയറാൻ പടികൾ ചവിട്ടുമ്പോൾ ശ്രീ. എൻ. വി. കൃഷ്ണവാര്യർ ചോദിച്ചു: “എത്ര പടികളുണ്ടു്?” വെട്ടൂർ മറുപടി നല്കി. എൻ. വി. വീണ്ടും ചോദിച്ചു, “എന്തേ പതിനെട്ടുപടികളാക്കാത്തതു്?” ആധ്യാത്മികതയെ ലക്ഷ്യമാക്കിയുള്ള ചോദ്യം. ഭൗതികവാദികൾ തങ്ങളറിയാതെ സ്വകീയങ്ങളായ മാനസിക നിലകളെ വ്യക്തമാക്കുന്ന സന്ദർഭങ്ങളാണിവ. ശ്രീ. വിഷ്ണുനാരായണൻനമ്പൂതിരി മാതൃഭൂമിയിലെഴുതിയ “തിങ്കൾക്കല” എന്ന സുന്ദരമായ പ്രേമഗാനം വായിച്ചപ്പോൾ ഞാൻ എൻ. വി. കൃഷ്ണവാര്യരുടെ ചോദ്യം ഓർമ്മിച്ചു. ആധ്യാത്മികതയുടെ ഔന്നത്യത്തിലേക്കു് കയറിച്ചെല്ലാൻ എനിക്കു് ഈ കവിത പ്രയോജനപ്പെട്ടു. കവിക്കും പത്രാധിപർക്കും കൃതജ്ഞത.