
അന്ധകാരത്തിന്റെ അഗാധതയിലേക്കുള്ള അബ്ദുൾലത്തീഫിന്റെ നീണ്ടരോദനം ഞാൻ ആന്തരശ്രോത്രംകൊണ്ടു് കേൾക്കുന്നു. ആ ബാലന്റെ വിഷാദമഗ്നമായ മുഖം എന്റെ അന്തർന്നേത്രത്തിനു മുൻപിൽ ആവിർഭവിക്കുന്നു. അച്ഛനും അമ്മയും നഷ്ടപ്പെട്ട, സ്നേഹിതൻ നഷ്ടപ്പെട്ട, അബ്ദുൾലത്തീഫ്! നീ കരയുമ്പോൾ നിന്നോടൊരുമിച്ചു ഞാനും കരയുന്നു. നിന്റെ നിസ്സഹായാവസ്ഥ എന്റെയും നിസ്സഹായാവസ്ഥ തന്നെ. നിരാശ്രയൻ! ഞാനും വിറയ്ക്കുന്നു. അബ്ദുൾലത്തീഫ്! കൊച്ചനുജാ! അടുത്തേക്കു വരൂ. ഞാൻ നിന്റെ കണ്ണീരു തുടയ്ക്കട്ടെ. ആരാണു് അബ്ദുൾലത്തീഫ് എന്നു് മാന്യവായനക്കാർ സംശയിക്കുന്നുണ്ടാകാം. അനുഗൃഹീതകലാകാരനായ മുൾക്ക്രാജ് ആനന്ദി ന്റെ മാനസപുത്രനാണു് അവൻ. ആ ബാലനെ കാണണമെന്നുള്ളവർ നവംബർ 28-ാം തീയതിയിലെ ‘ഇല്ലസ്ത്രേറ്റഡ് വീക്കിലി’ നോക്കിയാൽ മതി. അതിന്റെ 29-ാം പുറത്തിൽനിന്നു് ആ ബാലൻ നിങ്ങളുടെ അടുക്കലേക്കു നടന്നുവരും. അവൻ അച്ഛനെ അന്വേഷിക്കുന്നു; അമ്മയെ അന്വേഷിക്കുന്നു; സ്നേഹിതനായ ആലിയെ അന്വേഷിക്കുന്നു. അവരെ ആരെയും കാണാതെ അവൻ കൊടുംതിമിരത്തിലേക്കു് ഉറ്റുനോക്കിക്കൊണ്ടു നിലവിളിക്കുന്നു. ടാഗോറി ന്റെ ‘എന്റെ സ്വർണ്ണവംഗഭൂമി’ എന്ന ഗാനവും പഠിച്ചുകൊണ്ടു് അവൻ അച്ഛനമ്മമാരുടെ അടുത്തേക്കു് ഓടിയതാണു്. വിദ്യാലയത്തിലേക്കു പോയപ്പോൾ കലംമെനഞ്ഞു ജീവിക്കുന്ന ആ സാധുക്കൾ ജീവനോടെ ഇരുന്നവരാണു്. എന്നാൽ ഇപ്പോൾ എല്ലാം ശൂന്യം. ആരുമില്ല. അസാധാരണമായ ശക്തിവിശേഷം ആർജ്ജിച്ച ഒരു ചെറുകഥയാണിതു്. “ആ ശിശു എന്തിനു കരയുന്നു?” സാർത്ഥകമായ ആ ശീർഷകത്തിൽ ബംഗ്ലാദേശത്തിന്റെ ദുഃഖം മാത്രമല്ല; ലോകത്തിന്റെയാകെയുള്ള ദുഖം ആനന്ദ് ഒതുക്കി വച്ചിരിക്കുന്നു. പാക്കിസ്ഥാനെന്നൊരു വാക്കുപോലും ഇക്കഥയിൽ ഇല്ല. പട്ടാളക്കാർ അപരാധം ചെയ്യാത്ത മനുഷ്യരെ കൊന്നൊടുക്കുന്നതിന്റെ വർണ്ണനകൾ ഇവിടെയില്ല. എങ്കിലും കഥ വായിച്ചു കഴിയുമ്പോൾ നാം ഞെട്ടും. അത്രയ്ക്കുണ്ടു് ഇതിന്റെ അഭിവ്യഞ്ജകത്വം. ക്രൗര്യം മനുഷ്യശിരസ്സുകളെ ഛേദിച്ചെറിയുമ്പോൾ, ആ ക്രൗര്യത്തെ നേരിടാൻ ധർമ്മചിന്തയുള്ളവർക്കു് കൂടുതൽ ധൈര്യം നല്കുന്ന ഇത്തരം കഥകൾ ധാരാളമുണ്ടാകട്ടെ. പക്ഷേ, അതിനു് മുൾക്ക് രാജ് ആനന്ദിനെപ്പോലുള്ള അനേകം കലാകാരന്മാർ വേണമല്ലോ. സഫലീഭവിക്കാത്ത ഒരാഗ്രഹമാണോ അതു്?
മലയാളനാടു് വാരികയുടെ കവർപേജ് ഇപ്പോഴും മനോഹരംതന്നെ. പുഞ്ചിരിപൊഴിക്കുന്ന ഷീല കൈകോർത്തു പിടിച്ചു് നിലത്തിരിക്കുന്നു. സ്ത്രീയുടെ മന്ദഹാസം വിശ്വവശ്യമാണു്. മനോഹരയായ ഷീല മന്ദഹാസം പൊഴിക്കുമ്പോൾ ആ മന്ദഹാസത്തിന്റെ ചേതോഹരത്വം അസാധാരണമായിരിക്കും. ആ ലഹരിയിൽ വീണ വായനക്കാരൻ വാരികയുടെ അകത്തേക്കു കടക്കുമ്പോൾ ശ്രീ. വി. പി. ശിവകുമാറി ന്റെ “തവളപിടുത്തക്കാരായ രണ്ടുപേർ” എന്ന കഥയ്ക്കു് അഭിമുഖീഭവിച്ചുനില്ക്കുന്നു. ഇതു് ഒരു സൊല്ലുണ്ഠനമാണു് (നിന്ദാഗർഭമായ രചന). ഹ്യുൻസാങ്ങെന്നും കക്കനെന്നും രണ്ടുപേർ തവളപിടിക്കാനിറങ്ങുന്നു. അവർക്കു് ഒരു ‘സ്വീകരണം’ ലഭിക്കുന്നു. തവളകളെ പിടിച്ചുകൊണ്ടു് അവർ വീട്ടിലെത്തുമ്പോൾ സഹധർമ്മിണികളെ കാണുന്നു. ഉടനെ അവർ അശ്ലീലസാഹിത്യത്തെക്കുറിച്ചു് ഓർമ്മിക്കുന്നു. ഞാൻ ഇക്കഥ മൂന്നു പരിവൃത്തി വായിച്ചു. എന്നിട്ടും കഥാകാരൻ ഉദ്ദേശിക്കുന്നതെന്തെന്നു് പൂർണ്ണമായും മനസ്സിലാക്കിയില്ല. അത്യന്താധുനികസാഹിത്യത്തെ എതിർക്കുന്നവരെ അധിക്ഷേപിക്കുകയാണു് ശിവകുമാറിന്റെ ലക്ഷ്യമെന്നു തോന്നുന്നു. ആ അധിക്ഷേപം ലക്ഷ്യത്തിൽചെന്നുകൊള്ളണമെങ്കിൽ കഥയിലെ പ്രതീകങ്ങൾക്കു കുറച്ചുകൂടെ സ്പഷ്ടതവേണം; സർവഗതത്വം എന്ന ഗുണവും ഉണ്ടായിരിക്കണം. പാമ്പു് കല്ലിൽക്കൊത്തി വിഷം നശിപ്പിക്കുന്നതുപോലെ സാങ്കല്പികശത്രുവിന്റെ നേർക്കു് വിദ്വേഷമെന്ന വിഷം വമിച്ചാൽ കലയാവുകയില്ലല്ലോ. തത്ത്വചിന്തകന്റെ ആത്മാവു് ശിരസ്സിലാണു്; കവിയുടെ ആത്മാവു് ഹൃദയത്തിലാണു്; ഗായകന്റെ ആത്മാവു് കണ്ഠത്തിലാണു; നർത്തകിയുടെ ആത്മാവു് ശരീരത്തിലാകെയാണു് എന്നു് ഖലീൽ ജിബ്രാൻ പറഞ്ഞിട്ടുണ്ടു്. കഥാകാരനു് അത്യന്താധുനികരെ പ്രശംസിക്കാം, നിന്ദിക്കാം. ഏതനുഷ്ഠിച്ചാലും അതു് കലയാവണമെന്നേ ആസ്വാദകൻ പറയുകയുള്ളൂ. ആത്മാവു് ഹൃദയത്തിൽത്തന്നെയാണെന്നു കലാകാരൻ വ്യക്തമാക്കണം.
“മലയാളനാട്ടി”ൽ “കഷായ”മെന്നപേരിൽ നർമ്മകഥകളെഴുതുന്ന ശ്രീ. സുകുമാർ ആ കഷായത്തിനു് ‘മേമ്പൊടി’ നല്കുന്നതു നോക്കുക:
“ബസ്സിൽനിന്നുമിറങ്ങി അങ്ങുമിങ്ങും നോക്കുന്ന യുവതിയോടു് യുവാവു്: “ഭവതിയെ ഞാൻ സ്നേഹിക്കുന്നു.” യുവതി: “ഞാനും. ഈ ബഡ്ഡും പെട്ടിയും എന്റെ ലോഡ്ജിൽ ഒന്നു കൊണ്ടുവരാമോ?”
ലോലഹൃദയനായ പുരുഷനെയും പ്രായോഗികചിന്തയുള്ള സ്ത്രീയേയുമാണു് സുകുമാർ ഇവിടെ ചിത്രീകരിക്കുന്നതു്. ഈ ചിത്രീകരണം എനിക്കു വളരെ രസിച്ചു, കാരണം അതു് വ്യക്തിപരമായ ഒരനുഭവത്തോടു ബന്ധപ്പെട്ടതാണു് എന്നതുതന്നെ. ഒരിക്കൽ ഞാൻ തൃശ്ശൂർ-ഷൊർണ്ണൂർ ട്രെയിനിൽ സഞ്ചരിക്കുകയായിരുന്നു. വയറ്റിൽ ഒരു ശസ്ത്രക്രിയ കഴിഞ്ഞു് ഒരു മാസത്തോളം ആശുപത്രിയിൽ കിടന്നിട്ടു് ഞാൻ വീട്ടിലേക്കു പോകുകയായിരുന്നു. ഭാരമുള്ള ഒന്നും എടുത്തുയർത്തരുതെന്നു ഡോക്ടർ എന്നോടു പറഞ്ഞിട്ടുണ്ടായിരുന്നു. ഞാൻ യാത്രചെയ്തിരുന്ന തീവണ്ടിയിൽ ഒട്ടൊക്കെ ആകർഷകത്വമുള്ള ഒരു യുവതി എനിക്കെതിരേ ഇരിക്കാനുണ്ടു്. തൃശ്ശൂരിൽനിന്നു് യാത്രതുടങ്ങിയപ്പോൾ മുതൽ മുഖത്തു കടന്നൽകുത്തിയ മട്ടിൽ മുഖം വീർപ്പിച്ചു് ഇരുന്ന ആ യുവതി ഷൊർണ്ണൂർ അടുക്കാറായപ്പോൾ എന്നെ നോക്കി മന്ദസ്മിതം പൊഴിക്കാൻ തുടങ്ങി. അതു മന്ദസ്മിതമല്ല, മാംസപേശികളുടെ വക്രീകരണമായിരിക്കുമെന്നു് ഞാൻ ആദ്യം വിചാരിച്ചു. പൊടുന്നനവേ അവളുടെ ഭാവഹാവങ്ങൾ കൂടി അവർ എന്റെ സീറ്റിലേക്കു വന്നിരുന്നു. എന്നിട്ടു ക്രമേണ അടുക്കാൻ തുടങ്ങി. ഞാൻ ഭയന്നു. ഇങ്ങനെ ശൃംഗാരചേഷ്ടകൾ കാണിച്ചു് പുരുഷന്മാരെ വഞ്ചിച്ചിട്ടു് നിലവിളിച്ചു് ആളുകളെ വിളിച്ചു കൂട്ടുന്ന ചില സ്ത്രീകളുണ്ടെന്നു് ഞാൻ കേട്ടിരുന്നു, അത്തരത്തിൽ ആരെങ്കിലുമായിരിക്കും അവളെന്നു വിചാരിച്ചു് ഞാൻ നന്നായി പേടിച്ചു. എന്റെ മാനസികനില മനസ്സിലാക്കിക്കൊണ്ടു് അവൾ ചോദിച്ചു: “എവിടെ പോകുന്നു? ആരാണു്? എന്തേ ഈ വല്ലായ്മ?” അങ്ങനെ പലതും. ഞാൻ ഒരു മറുപടിയും പറയാതെ മിഴിച്ചിരുന്നതേയുള്ളൂ. അവൾ എന്നെ തൊട്ടിരുന്നു. തീവണ്ടിയുലയുമ്പോഴൊക്കെ അവൾ എന്റെ ശരീരത്തിൽ സ്പർശിക്കുന്നുണ്ടു്. പതിനഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ ട്രെയിൻ ഷൊർണ്ണൂർ പ്ലാറ്റ്ഫോറത്തിൽ ചെന്നുനിന്നു. അവൾ എഴുന്നേറ്റു് മധുരമായി എന്നോടു ചോദിച്ചു. “എന്റെ ഈ പെട്ടി ഒന്നെടുത്തു് പ്ലാറ്റുഫോമിൽ വച്ചുതരുമോ? ഈ സമയത്തു് പോർട്ടറെ കിട്ടുകയില്ല” അവൾ ചാടിയിറങ്ങി. ഒരാട്ടോമേറ്റിക് യന്ത്രത്തെപ്പോലെ ഞാൻ അനുസരിച്ചു. ദൃഢശരീരമുള്ള നാലു യുവാക്കന്മാർ ഒരുമിച്ചെടുത്താലും ഉയരാത്ത ആ പെട്ടി ഞാൻ പൊക്കിയെടുത്തു. ശസ്ത്രക്രിയ നടന്നഭാഗത്തു് എന്തോ പൊട്ടുന്ന പോലെ എനിക്കു തോന്നി. ഞാൻ പെട്ടിയുംകൊണ്ടു് വേച്ചുവെച്ചു ചെന്നപ്പോൾ അവൾ സുന്ദരനായ ഒരു യുവാവിനോടു് സല്ലപിച്ചു നില്ക്കുന്നതാണു് കണ്ടതു്. വിങ്ങിപ്പൊട്ടുന്ന മട്ടിൽ ഞാൻ ചോദിച്ചു: “പെട്ടി എവിടെ വയ്ക്കണം”. എന്നെ ഒരു പരിചയവും ഇല്ലാത്ത മട്ടിൽ അവജ്ഞയോടെ നോക്കിയിട്ടു് അവൾ പറഞ്ഞു: “അവിടെയെങ്ങാനും വച്ചേക്കു”. അതു പറഞ്ഞുതീരുന്നതിനു മുൻപു് അവൾ തലവെട്ടിത്തിരിച്ചു് യുവാവിനോടു് കൊഞ്ചാൻ ആരംഭിച്ചു. ഞാൻ പെട്ടി താഴെ വച്ചിട്ടു മാറി ഒരിടത്തിരുന്നു. ഭയങ്കരമായ വേദന. അടുത്ത ദിവസം ഒരു ടാക്സി വിളിച്ചു് ഞാൻ തിരുവനന്തപുരത്തേക്കു പോന്നു. എന്നെ പരിശോധിച്ച ഡോക്ടർ കെ. ശിവരാജൻ ചോദിച്ചു: “ഭാരം വല്ലതും എടുത്തുയർത്തിയോ?” “ഇല്ല” എന്നു ഞാൻ കള്ളം പറഞ്ഞു. ഞാൻ വീണ്ടും ശസ്ത്രക്രിയയ്ക്കു വിധേയനായി രണ്ടുമാസംകൂടെ ആശുപത്രിയിൽ കിടന്നു… സ്ത്രീയുടെ രാക്ഷസീയമായ പെരുമാറ്റത്തെ ഓർമ്മിപ്പിച്ചുതന്ന സുകുമാറിനു നന്ദി. ഞാൻ കള്ളം പറഞ്ഞിട്ടും എന്നെ ദയാപൂർവ്വം ചികിത്സിച്ചു് എന്റെ രോഗം മാറ്റിയ വിദഗ്ദ്ധനായ ഡോക്ടർ കെ. ശിവരാജനു നന്ദി (അദ്ദേഹം ഇപ്പോൾ എഫ്. എ. സി. റ്റി.-യിൽ സേവനമനുഷ്ഠിക്കുന്നു). ഞാൻ സ്ത്രീകളെ അധിക്ഷേപിക്കുകയാണോ? അല്ല. “ജിബ്രാൻ! അങ്ങാണു് എന്റെ മഹാകവി അങ്ങെന്തു പറയുന്നു?” ഇതാ ജിബ്രാന്റെ മറുപടി: “അവൾ ജീവിതംപോലെയാണു്. എല്ലാ പുരുഷന്മാരുടേയും കൈയിലാണു് അവൾ. മരണത്തെപ്പോലെ അവൾ എല്ലാ പുരുഷന്മാരെയും ആക്രമിക്കുന്നു. ശാശ്വതികത്വം പോലെ, നിത്യതപോലെ അവൾ എല്ലാ പുരുഷന്മാരെയും മൂടുന്നു…” മരണം എല്ലാറ്റിനെയും ആക്രമിക്കുന്നുവെന്നു കവി പറയുന്നു. അതിന്റെ ഭയങ്കരത്വത്തെ, അനിവാര്യസ്വഭാവത്തെ, സുന്ദരമായി സ്ഫുടീകരിക്കുന്ന ഒരു ചെറുകഥയുണ്ടു് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ “ഒറ്റമൂലിക പ്രയോഗിച്ചു” ഏതു രോഗിയേയും സുഖപ്പെടുത്തുന്ന ഒരു ഡോക്ടർ. വിശ്വവിഖ്യാതനായ അദ്ദേഹത്തിന്റെ മുൻപിൽ സഹധർമ്മിണി തന്നെ എത്തി. ഏതു രോഗി വന്നാലും ഡോക്ടർ ചോദിക്കും “നിന്റെ രോഗമെന്താ”ണെന്നു്. അതു പോലെ അദ്ദേഹം ഭാര്യയോടും ചോദിച്ചു. ഭാര്യ നല്കിയ മറുപടി കേട്ടു് ഡോക്ടർ ഞെട്ടി “മരണം”. സൗന്ദര്യത്തിന്റെ മാനദണ്ഡംകൊണ്ടു് അളന്നാൽ ഏതു് ഉത്കൃഷ്ടമായ കഥയ്ക്കും തുല്യമായി കാണപ്പെടുന്ന കഥയാണിതു്. ഇതെഴുതിയ ശ്രീ. പുനത്തിൽ കുഞ്ഞബ്ദുള്ള കഴിവുള്ള കലാകാരൻതന്നെ. കഥയ്ക്കു് ശ്രീ. നമ്പൂതിരി വരച്ചുചേർത്ത ചിത്രം നന്നായിട്ടുണ്ടു്.

ഓരോ മനുഷ്യനും ഓരോ രീതിയിലാണു പെരുമാറുന്നതു്. ആ പെരുമാറ്റം അയാളുടെ സംസ്ക്കാരത്തെ ആശ്രയിച്ചിരിക്കും. പണ്ടൊരിക്കൽ വിനയസമ്പന്നനെന്നു നടിക്കുന്ന ഒരു ധിക്കാരി പരീക്ഷയെഴുതിയിട്ടു് കേരളമൊട്ടുക്കു നടന്നു. ഒന്നാംക്ലാസ്സിൽ ഒന്നാമനായി ജയിക്കുകയും ചെയ്തു. റിസൾട്ട് പുറത്തായപ്പോൾ അയാളുടെ അച്ഛൻ വളരെ ആഹ്ലാദിച്ചു് “എന്റെ മകൻ ഒന്നാംക്ലാസ്സിൽ ഒന്നാമനായി ജയിച്ചിരിക്കുന്നു” എന്നു് വീട്ടിന്റെ ചുവരിൽ കരിക്കട്ടകൊണ്ടോ റ്റാറുകൊണ്ടോ എഴുതിവച്ചുവെന്നു് ഞാൻ അറിയുകയുണ്ടായി. ഏ. ആർ. രാജരാജവർമ്മ സ്കൂളിൽ പഠിക്കുന്ന കാലത്തു് ഒരു വിഷയത്തിനു് നൂറിനു് നൂറുമാർക്കും വാങ്ങിക്കൊണ്ടു് വീട്ടിലെത്തി. അമ്മാവൻ ചോദിച്ചു: “അപ്പനേ മാർക്കെത്ര?” ബാലൻ അഭിമാനത്തോടെ പറഞ്ഞു: “നൂറിനു് നൂറു”. അമ്മാവൻ അനന്തരവനെ ശാസിച്ചു. നൂറിനു് നൂറ്റൊന്നു വാങ്ങിക്കാത്തതു് എന്തു് എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. രണ്ടു രക്ഷാകർത്താക്കന്മാരുടെയും വിഭിന്ന സംസ്ക്കാരങ്ങൾ നോക്കുക. പ്രതികരണങ്ങൾ സംസ്ക്കാരത്തെ ആശ്രയിച്ചിരിക്കുന്നു എന്നതിൽ ഒരു സംശയവും വേണ്ട. കലാകാരന്മാരെസ്സംബന്ധിച്ചും ഇതു ശരിയാണു്. നിത്യജീവിതത്തിലെ രതി കണ്ടു പെൺകുട്ടികൾക്കു് ഉളവാകുന്ന മാനസികനില ഒന്നു്; ആൺകുട്ടികൾക്കു് ഉണ്ടാകുന്ന മാനസികനില മറ്റൊന്നു്; പ്രായംകൂടിയവർക്കു് സംജാതമാകുന്ന മാനസികനില വെറൊന്നു്. പെൺകുട്ടികളുടെ മാനസികനിലയ്ക്കു യോജിച്ച ആവിഷ്ക്കരണരീതി അവർക്കു ലഭിക്കും. അതിനെ അതിഭാവുകത്വമാർന്ന ആവിഷ്ക്കാരം—Sentimental expression—എന്നു വിളിക്കാം. പ്രതിപാദനരീതിക്കു് അതിഭാവുകത്വം വരുമ്പോൾ കല പമ്പകടക്കും. കുങ്കുമംവാരികയിൽ ഒ. ഭാവന എഴുതിയ “അവൾ എന്ന സ്വപ്നം” എന്ന കഥ വായിച്ചുനോക്കുക. സ്റ്റോക്ക് പ്രയോഗങ്ങൾ എല്ലാം അവിടെയുണ്ടു്. പെണ്ണിന്റെ സാരിയുടുക്കൽ, തലമുടി പിന്നിയിടൽ അങ്ങനെ പലതും. പിന്നീടു ഹിന്ദിപ്പാട്ടുപാടുന്ന യുവാവു്. സ്വപ്നംകാണുന്ന നീലക്കണ്ണുകൾ. വിവാഹത്തിന്റെ ആദ്യത്തെ ചടങ്ങായ പെണ്ണുകാണൽ. പെണ്ണു് ഒരുങ്ങി വീട്ടിലേക്കു പോകുമ്പോൾ കാമുകഭൃംഗം അശോകമരത്തിൽ പറ്റിനില്ക്കുന്നത്രേ. വികാരത്തിനു പരിവർത്തനം വരുത്തി വാങ്മയചിത്രമാക്കുമ്പോഴാണു് കലയുണ്ടാകുന്നതു്. ഈ പരമാർത്ഥം കഥയെഴുതുന്ന പല പെൺകുട്ടികൾക്കും അറിഞ്ഞുകൂടാ. അതിഭാവുകത്വമാർന്ന ആവിഷ്ക്കാരം കലാത്മകമായ ആവിഷ്ക്കാരമാണെന്നു് പലരും തെറ്റിദ്ധരിച്ചു വച്ചിരിക്കുന്നു. അവരോടു് ടോൾസ്റ്റോയി യുടേയും ചെക്കോവി ന്റേയും മോപ്പസാങ്ങി ന്റെയും കൃതികൾ വായിക്കുക എന്നേ എനിക്കു പറയാനുള്ളൂ. മനുഷ്യജീവിതത്തിന്റെ ദുഃഖമാണു് രേണുകാ ദേവിയുടെ പ്രതിപാദ്യവിഷയം (ജഡം എന്ന ചെറുകഥ, മലയാളരാജ്യം). പ്രതിഭ ജനിപ്പിക്കുന്ന ചൈതന്യം ഇക്കഥയിൽ ഇല്ല. പൂർവകല്പിത രൂപത്തിൽ ചില ആശയങ്ങൾ വന്നുവീഴുന്ന പ്രതീതിയാണു് രേണുകാ ദേവിയുടെ കഥയുളവാക്കുന്നതു്. അതു് ശ്രീമതിയുടെ ന്യൂനതയാണെന്നു ധരിക്കേണ്ടതില്ല. സാർത്രി ന്റേയും കമ്യൂ വിന്റേയും കഥകൾക്കുമുണ്ടു് ആ ദോഷം.
തിരുവിതാംകൂർ റ്റൈറ്റേനിയം പ്രോഡക്ടസ് ലിമിറ്റഡിനു് ഒരു റെക്രിയേഷൻ ക്ലബ്ബുണ്ടു്. അതിന്റെ വകയായി പ്രസാധനം ചെയ്യുന്ന “റ്റൈറ്റേനിയംന്യൂസി”ന്റെ വാർഷികപ്പതിപ്പു് ഇപ്പോൾ നമുക്കു ലഭിച്ചിരിക്കുന്നു. 400 പുറങ്ങളോളമുള്ള ഈ പ്രസാധനത്തിൽ 250 പുറങ്ങളും ഇംഗ്ലീഷിലുള്ള ശാസ്ത്രീയലേഖനങ്ങളാണു്. ബാക്കിയുള്ള പേജുകൾ മലയാളത്തിനു നീക്കിവച്ചിരിക്കുന്നു. എങ്കിലും ഈ വാർഷികപ്പതിപ്പു് അത്യന്തം ആകർഷകമായിരിക്കുന്നു. അതിൽ പ്രശസ്തസാഹിത്യകാരനായ ശ്രീ. മലയാറ്റൂർ രാമകൃഷ്ണൻ ഒരു കഥയെഴുതിയിട്ടുണ്ടു്. നർമ്മബോധം പ്രദർശിപ്പിക്കുന്ന രാമകൃഷ്ണന്റെ കഥകൾ ഈ ലേഖകനു് ഇഷ്ടമാണു്. ആ രസികത്വം ഇതിലെ കഥയിലുമുണ്ടു്. തന്റെ ഗുരുനാഥന്റെ മകനെ ഉദ്യോഗസ്ഥനാക്കാൻ ഒരാഫീസർ ശ്രമിക്കുന്നതും ഓഫീസിലെ കൊള്ളരുതായ്മയാൽ അതിൽ അദ്ദേഹം പരാജയപ്പെടുന്നതുമാണു് ഇതിലെ പ്രതിപാദ്യവിഷയം. ആഖ്യാനം ഹൃദ്യമായതുകൊണ്ടു് അവസാനംവരെയും നാം കഥ രസിച്ചുവായിക്കും. പക്ഷേ, കഥയുടെ പര്യവസാനം അസുന്ദരമായിബ്ഭവിക്കുന്നു അതിന്റെ ഫലമായ നൈരാശ്യം അളവറ്റതുമാണു്.
ദുഃഖിക്കുന്ന ഒരു മനുഷ്യൻ; അയാളെ ചുറ്റിനില്ക്കുന്ന ഭാനുമതിയും ചിത്രയും. അവരുടെ ചിത്രംവരച്ചു് ശോകാകുലനായ അയാളുടെ നേർക്കു് സഹതാപത്തിന്റെ നീർച്ചാലു് ഒഴുക്കാൻ ശ്രീ. പാറന്നൂർ പദ്മനാഭൻ ശ്രമിക്കുന്നു (ഒട്ടകത്തിന്റെ നിഴലും പുതിയ വേരുകളും എന്ന കഥ—ചന്ദ്രിക ആഴ്ചപ്പതിപ്പിൽ). ആധുനികജീവിതത്തിന്റെ ദുഃഖം മുഴുവൻ ഈ കഥയിലൊതുക്കാൻ കഥാകാരൻ യത്നിക്കുന്നുണ്ടു്. റൊമാന്റിക്ക് കാലഘട്ടം രൂപവത്ക്കരിച്ച കഥയുടെ ശില്പത്തിലാണു് ഈ ലേഖകൻ ഭംഗി കാണുന്നതു്. മോപ്പസാങ്ങിന്റെ യഥാതഥങ്ങളായ ചെറുകഥകൾപോലും ആ കാല്പനിക രൂപശില്പത്തിലാണു് വാർന്നുവീണിട്ടുള്ളതു്. അതിനോടുള്ള അതിരുകടന്ന താൽപര്യം കൊണ്ടാവാം എനിക്കു് പദ്മനാഭന്റെ കഥകളുടെ രൂപശില്പം ഇഷ്ടപ്പെടാറില്ല. അതു് എന്റെ ന്യൂനതയോ പദ്മനാഭന്റെ ന്യൂനതയോ? ചിന്തനീയമായ വിഷയമാണു് അതു്.
ദാർശനികമായ മൗലികത്വമോ മൂല്യങ്ങളിലുള്ള വിശ്വാസമോ ഇല്ലാത്ത കാലഘട്ടമാണിതു്. അതു് ഇന്നത്തെ കലാസൃഷ്ടികളിൽ പ്രതിഫലിക്കുന്നുമുണ്ടു്. ഈ ജീർണ്ണതയിലേക്കു കൈചൂണ്ടുന്നു ദേശാഭിമാനിയിൽ “എന്റെ ഞരമ്പുകളിലെ അഗ്നിപർവ്വതമേ” എന്ന ചെറുകഥ എഴുതിയ ശ്രീ. എൻ. പ്രഭാകരൻ. അദ്ദേഹത്തിന്റെ ധീരങ്ങളായ ചിന്തകൾ ആരെയും ചലിപ്പിക്കും. പക്ഷേ, കഥയുടെ രൂപശില്പമുണ്ടോ ഇതിനു്? ഉണ്ടെന്നു് പറയാൻ എനിക്കു ധൈര്യം പോര.

ഗ്രന്ഥപ്രസാധനത്തിലാണു് ഏറ്റവും വലിയ വഞ്ചന നടക്കുന്നതു്. ഏതു് അമേരിക്കൻ പുസ്തകമെടുത്തുനോക്കിയാലും “1500000 പ്രതികൾ ഒരു മാസംകൊണ്ടു വിറ്റു” എന്നും മറ്റും കാണാം. അതു വിശ്വസിച്ചു് നാം പുസ്തകം വാങ്ങിയാലോ? വഞ്ചിക്കപ്പെട്ടു എന്നതിനു് ഒരു സംശയവും വേണ്ട. ഹാരോൾഡ് റോബിൻസ്, ജോൺ ഒഹര, ആർതർ ഹെയ്ലി എന്നീ എഴുത്തുകാരെല്ലാം വിശ്വവിഖ്യാതന്മാരാണു്. പക്ഷേ, അവർ സാഹിത്യകാരന്മാരാണെന്നു് എനിക്കു് ഒരിക്കലും തോന്നിയിട്ടില്ല. അതു് ഉറക്കെപ്പറയാൻ എനിക്കു പ്രയാസം തോന്നിയിരുന്നു. ഇപ്പോൾ ശ്രീ. എം. ടി. വാസുദേവൻനായർ ഇങ്ങനെയല്ലെങ്കിലും ഏതാണ്ടു് ഈ അർത്ഥത്തിൽത്തന്നെ പറയുന്നു: “വാലി ഒഫ് ഡോൾസും ” “ലൗ മെഷീനും ” മില്യൻ കണക്കിൽ വിറ്റഴിഞ്ഞതു് പരസ്യങ്ങളുടെ മിടുക്കുകൊണ്ടാണു് … ബെസ്റ്റ്സെല്ലറാവുന്നതിനു മുൻപേ ബെസ്റ്റ്സെല്ലറായി പുസ്തകം ജനം അംഗീകരിക്കാൻ വിദഗ്ദ്ധമായ പ്രചരണം ഉപകാരപ്പെട്ടു… ഹാരോൾഡ് റോബിൻസിനെ നിരൂപകർ ആരും കാര്യമായെടുത്തിട്ടില്ല. പക്ഷേ, അയാൾ യന്ത്രംപോലെ പുസ്തകങ്ങൾ സൃഷ്ടിക്കുന്നു. വില്ക്കുന്നു, പണമുണ്ടാക്കുന്നു (മാതൃഭൂമി ആഴ്ചപ്പതിപ്പു്). റോബിൻസിന്റെയും ഹെയ്ലിയുടെയും മറ്റും ‘ജർണ്ണലിസം’ വായിച്ചു് അതെല്ലാം സാഹിത്യമാണെന്നു തെറ്റിദ്ധരിക്കുന്ന ചെറുപ്പക്കാർ വാസുദേവൻനായരുടെ ഈ വാക്യങ്ങൾ ശ്രദ്ധിച്ചു വായിക്കണം.
ഈ ലേഖനങ്ങളിൽ കവിതയുടെ നിരൂപണത്തിനു വേണ്ടപോലെ സ്ഥാനം നല്കുന്നില്ലെന്നു് ഒരു സുഹൃത്തു പരാതിപ്പെട്ടിരുന്നു. കരുതിക്കൂട്ടിയുള്ള അവഗണനയില്ല കവിതയുടെ നേർക്കു്. ഇന്നു് ആവിർഭവിക്കുന്ന കവിതകളിൽ പലതിനും കലാത്മകത്വമില്ല. ഒന്നുകിൽ വെറുപ്പുണ്ടാക്കുന്ന വിലക്ഷണങ്ങളായ ‘ഇമേജറി’ അവയിൽ നിറഞ്ഞിരിക്കും. അല്ലെങ്കിൽ ചിന്തയുടെയും വികാരത്തിന്റെയും ബാഹ്യാവസ്ഥകൾക്ക് അവയിൽ പ്രാധാന്യം നല്കിയിരിക്കും. ചിന്തയ്ക്കും വികാരത്തിനും, ‘ആന്തരജീവിത’മുണ്ടു്. അതു് പ്രതിപാദിക്കുന്നവനേ കവിയായിട്ടുള്ളൂ. എപ്പോഴും പ്രതികൂലമായി എഴുതാൻ മടിച്ചാണു് കാവ്യവിമർശനം വേണ്ടെന്നു വയ്ക്കാറുള്ളതു്. അല്ലാതെ ആരെയും അവഗണിച്ചിട്ടല്ല.
“എനിക്കു മരിച്ചാൽമതി” പ്രേമഭംഗം വന്ന കൂട്ടുകാരൻ എന്നോടു പറഞ്ഞു. അദ്ദേഹം അതു പറഞ്ഞുതീരുന്നതിനു മുൻപു് ഒരു ലോറി ഞങ്ങളുടെ നേർക്കു പാഞ്ഞുവന്നു. മരിക്കാൻ കൗതുകമില്ലാത്ത ഞാൻ അനങ്ങിയില്ല. മരിക്കാൻ അമിതകൗതുകമുള്ള കൂട്ടുകാരൻ ഓടയിലേക്കു ചാടി. സാധാരണമനുഷ്യൻ കള്ളമേ പറയൂ. കലാകാരൻ സത്യമേ പറയൂ. പക്ഷേ, എല്ലാ കലാകാരന്മാരും പറയുന്നതു സത്യമാണെന്നു നമുക്കു തോന്നുകയില്ല. മുൾക്ക് രാജ് ആനന്ദിനെപ്പോലുള്ളവർ എന്തു പറഞ്ഞാലും സത്യമാണെന്നു നമുക്കു തോന്നും, ആ രീതിയിലുള്ള ഒരു സത്യപ്രസ്താവമാണു് അദ്ദേഹത്തിന്റെ “ആ ശിശു എന്തിനുകരയുന്നു” എന്ന കഥയിലുള്ളതു്. പ്രിയപ്പെട്ട വായനക്കാരേ, ആ കഥ വായിക്കൂ. സത്യമെന്താണെന്നു മനസ്സിലാക്കൂ.