ലമണേഡ്, സോഡ മുതലായ പാനീയങ്ങൾ നാം ഇക്കാലത്തു ധാരാളം കാണുകയും ഉപയോഗിക്കുകയും ചെയ്യുന്നുണ്ടല്ലോ. ദഹനക്ഷയത്തിന്നു സോഡാപാനീയം ഉപയോഗിയ്ക്കുവാൻ വൈദ്യന്മാർ അഭിപ്രായപ്പെടന്നുണ്ടു്. വേനൽക്കാലത്തു് ഉഷ്ണശമനത്തിന്നായി തണുപ്പുള്ളതും വായുസങ്കീർണ്ണവുമായ പാനീയങ്ങൾ നാം ആവശ്യപ്പെടുന്നു. പോരെങ്കിൽ സുഖസ്നാനത്തിന്നായി നാം വേനൽക്കാലത്തു് പല പ്രസിദ്ധപ്പെട്ട സ്ഥലങ്ങളിലും പോയി കുളിച്ചു താമസിയ്ക്കുന്നുമുണ്ടു്. ഇപ്രകാരം വായുസങ്കീർണ്ണമായ പാനീയങ്ങൾക്കു പലപ്രകാരത്തിലും പ്രസിദ്ധിയും പ്രചാരവും സിദ്ധിച്ചിരിയ്ക്കുന്ന ഇക്കാലത്തു്, അവയുടെ ഒരു ചുരുങ്ങിയ ചരിത്രത്തെ ഇവിടെ പ്രസ്താവിയ്ക്കുന്നതു അനുചിതമായിരിയ്ക്കയില്ലെന്നു വിശ്വസിയ്ക്കുന്നു.
ലോകത്തിലുള്ള എല്ലാ സ്വാഭാവിക ഉറവുകളിലെയും (Springs) വെള്ളത്തിൽ അംഗാരാമ്ലം (Carbonic acid gas) മുതലായ പലവിധ വായുക്കളും പലമാതിരിയുള്ള ഉപ്പുകളും ധാരാളം കൂടിക്കലർന്നിട്ടുണ്ടെന്നുള്ള വാസ്തവസംഗതി ഏറെക്കുറെ എവർക്കും ബോദ്ധ്യപ്പെട്ടിട്ടുള്ളതാണല്ലോ. ഭൂഗർഭത്തിലുള്ള അതിതീക്ഷണമായ ചൂടുകൊണ്ടും, ഭൂമിയുടെ ഉള്ളിലുള്ള പല പതനങ്ങളിൽ കൂടിയും പൊങ്ങിവരുന്ന ഉറവുകൾ ഓരോ പതനങ്ങളിലും അനുഭവിച്ചിരിയ്ക്കുന്ന വൈദ്യുതശക്തിയാൽ ചൂടുപിടിയ്ക്കുന്നതുകൊണ്ടുമാകുന്നു ഇപ്രകാരം ഉപ്പുരസം ധാരാളമായി കൂടിക്കലരുവാൻ ഇടയാകുന്നതു്. നാം കാണുന്നതും ഉപയോഗിയ്ക്കുന്നതുമായ പലവിധ ലോഹങ്ങളും ഭൂമിയുടെ അന്തർഭാഗത്തിൽ അവകളുടെ അപൂർണ്ണസ്ഥിതിയിരിയ്ക്കുന്നതിനെയാകുന്നു ഇവിടെ ഉപ്പായിട്ടു പ്രസ്താവിച്ചിരിയ്ക്കുന്നതെന്നു വായനക്കാർ പ്രത്യേകം ഓർമ്മവെയ്ക്കേണ്ടതാകുന്നു. ഇപ്രകാരം പലവിധ ലോഹങ്ങളുടെയും സങ്കീർണ്ണത്താൽ ഈവക ഉറവുകൾക്കു വൈദ്യസംബന്ധമായി ഒരു പ്രാധാന്യം സിദ്ധിച്ചിട്ടുണ്ടു്. അതുകാരണത്താലാണു്, ചില പ്രത്യേക സ്ഥലങ്ങളിലുള്ള ഉറവുകളിലെ വെള്ളം ഉപയോഗിയ്ക്കണമെന്നു വൈദ്യന്മാർ ചികിത്സയിലിരിയ്ക്കുന്ന ദീനക്കാരോടു് അഭിപ്രായപ്പെടുന്നതു്. ഇപ്രകാരമുള്ള സ്ഥലങ്ങൾ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, സ്പെയിൻ മുതലായ രാജ്യങ്ങളിലുണ്ടു്. ഇന്ത്യാ രാജ്യത്തിൽ താമ്രവർണ്ണി നദി, കോർട്ടാലം വെളളച്ചാട്ടം മുതലായ സ്ഥലങ്ങൾക്കും നമ്മുടെ കൊച്ചിരാജ്യത്തിലുള്ള ആലുവാപ്പുഴ, ചാലക്കുടിപ്പുഴ, മുതലായ നദികൾക്കും ഈ കാരണത്താലാണു് പ്രസിദ്ധി കിട്ടിയിരിയ്ക്കുന്നതു്. എന്നാൽ, ദാരിദ്ര്യത്താലും ദീനത്തിന്റെ ആധിക്യം കൊണ്ടും മറ്റും അകല സ്ഥലങ്ങളിൽ പോയി കുളിച്ചു് താമസിയ്ക്കണമെന്നുള്ള വൈദ്യക്കാരന്റെ അഭിപ്രായം സ്വീകരിപ്പാനും നിറവേറ്റുവാനും എല്ലാ ദീനക്കാർക്കും സാധിച്ചുവെന്നു വരികയില്ല. ആ സ്ഥിതിയ്ക്കു ഈ വക സ്വാഭാവികമായ ഉറവുവെള്ളങ്ങളുടെ ഗുണങ്ങൾക്കു യാതൊരു ഭംഗവും വരാത്തവിധത്തിൽ മനുഷ്യപ്രയത്നത്താൽ അതുകളോടു സാമ്യമായ വെള്ളങ്ങളുണ്ടാക്കുവാൻ സാധിയ്ക്കുമെങ്കിൽ, അന്യരാജ്യത്തു പോയി താമസിയ്ക്കുന്നതിൽ നിന്നുണ്ടാകാവുന്ന ബുദ്ധിമുട്ടുകളിൽനിന്നു ദീനക്കാരെ ഒഴിവാക്കി അവരെ അവരവരുടെ വീടുകളിൽതന്നെ കിടത്തി ചികിത്സിയ്ക്കുവാൻ സാധിയ്ക്കുമല്ലോ. ഈ ആലോചനയാണു് വായുസങ്കീർണ്ണമായ പാനീയങ്ങളുണ്ടാക്കുവാനുള്ള ഉദ്യമത്തിലേയ്ക്കു ശാസ്ത്രജ്ഞന്മാരെ പ്രേരിപ്പിച്ചതു്.
അംഗാരാമ്ലവായു കണ്ടുപിടിച്ചു് അതിന്റെ പ്രകൃതിയെപ്പറ്റി സൂക്ഷ്മമായി ഗ്രഹിച്ചതുകൊണ്ടാണു് പ്രസ്തുതപാനീയങ്ങൾ നിർമ്മിയ്ക്കുവാൻ സാധിച്ചതു്. എന്തുകൊണ്ടെന്നാൽ, അംഗാരാമ്ലവായുവിന്റെ സങ്കീർണ്ണത്താലാണു് ചില പ്രത്യേക ഉറവുവെള്ളങ്ങൾക്കു ഗുണം സിദ്ധിച്ചിട്ടുള്ളതെന്നു പതിനാറാം നൂറ്റാണ്ടിൽ തന്നെ കണ്ടുപിടിച്ചിരിക്കുന്നു. നാം ലന്തച്ചുണ്ണാമ്പു് എന്നുപറയുന്ന ചോക്കിലും കാടുകളിലും അംഗാരാമ്ലവായു ധാരാളമുണ്ടെന്നു ‘പാരസ്സൽസസ്സ്’ എന്നു മഹാനും അദ്ദേഹത്തിന്റെ ശിഷ്യനായ ‘വാൻഹെൽമൊണ്ട’ എന്നാളും കൂടി പതിനാറാം നൂറ്റാണ്ടിന്റെ ആദ്യത്തിൽ കണ്ടുപിടിയ്ക്കയുണ്ടായി. അതിനുശേഷം, കൽക്കരി കത്തിയ്ക്കുക, അഗ്നിപർവ്വതങ്ങളുടെ പൊട്ടൽ, ശ്വാസോശ്ച്വാസം ചെയ്യുക, വൃക്ഷങ്ങളും ചെടികളും വളർത്തുക, മുതലായവയിൽനിന്നും ഈ വായു പുറപ്പെടുന്നുണ്ടെന്നു മനസ്സിലാക്കി, മാർബിൾകല്ലിലും ചോക്കിലും ഈ വായു ഉണ്ടെന്നു 1756-ൽ ‘പ്രൊഫ്സർ ബ്ലാക്ക്’ എന്ന വിദ്വാൻ കണ്ടുപിടിയ്ക്കുകയും ചോക്കിൽനിന്നു ചൂടുകൊണ്ടു് ഈ വായുവിനെ പുറപ്പെടുവിയ്ക്കയും ചെയ്തു. പക്ഷേ, ‘ബ്യൂലി’ എന്ന വിദ്വാൻ ദ്രവകം കൊണ്ടു ചോക്കിന്റെ പലഭാഗങ്ങളായി തിരിച്ചു് വളരെ എളുപ്പത്തിൽ ഈ വായു ഉണ്ടാക്കി. അംഗാരാമ്ലവായു വെള്ളത്തിൽ കൂടിചേരുന്നതാണെന്നും അതിന്റെ ശക്തി ലോഹങ്ങളെക്കൂടി വെള്ളത്തിൽ അലിച്ചു ചേർക്കുവാൻ മതിയായിട്ടുള്ളതാണെന്നു, ഈ വായുവിന്റെ വെള്ളത്തിലുള്ള കൂടിച്ചേർച്ച ചലനംകൊണ്ടു അധികരിയ്ക്കുന്നതാണെന്നും;‘ഡോക്ടർ പ്രസ്റ്റിലി’ എന്നൊരാൾ പത്തുകൊല്ലത്തിനുശേഷം ഉദാഹരണസഹിതം അനുഭവപ്പെടുത്തുകയുണ്ടായി.
ഇതെല്ലാം കണ്ടുപിടിയ്ക്കുന്നതിനുമുമ്പുതന്നെ, ചില പ്രസിദ്ധപ്പെട്ട ഉറവുകളിലെ വെള്ളത്തിനു സാമ്യമായ വെള്ളം ഉണ്ടാക്കുവാൻ ചിലർ ശ്രമിച്ചുതുടങ്ങി. എന്നാൽ ആ ശ്രമങ്ങളെല്ലാം നിഷ്ഫലമായി പരിണമിച്ചതേയുള്ളു. ഈ ശ്രമങ്ങളിലെല്ലാം ഒരു സാധനം മാത്രമേ പോരാതെ വന്നുള്ളു, അതെന്തണെന്നു മനസ്സിലായാൽ മാത്രമേ ശ്രമം ഫലവത്താകയുള്ളു, ‘ജന്മി’ ‘ഹോവാർഡ്’എന്നു രണ്ടു ബ്രിട്ടീഷ് അപ്പോത്തിക്കിരിമാർ, അവർ കണ്ടുപിടിച്ച ഒരു തരം ഉറവുവെള്ളത്തെ പ്രസിദ്ധപ്പെടുത്തുന്നതിന്നു 1685-ൽ ഗവർമ്മേണ്ട് അനുമതി വാങ്ങുകയുണ്ടായി. ഫ്രഞ്ചുകാരനായ ‘ടീൻസെക്ക്’എന്ന രസതന്ത്രജ്ഞൻ, ഏതു് ഉറവുവെള്ളത്തിന്റെ സാമ്യത്തിലുമുള്ള വെള്ളവും താൻ ഉണ്ടാക്കി വിൽക്കുന്നുണ്ടെന്നു 1692-ൽ പ്രസിദ്ധപ്പെടുത്തി. പക്ഷേ, ഈ വക വെള്ളങ്ങളെല്ലാം വായു കൂട്ടിച്ചേർത്തല്ലായിരുന്നു. 1695-ൽ സോഡാപാനീയം ഉണ്ടാക്കിത്തുടങ്ങി, എന്നാൽ അംഗാരാമ്ലവായു ചേർക്കുന്ന സമ്പ്രദായം അക്കാലത്തു് കണ്ടുപിടിച്ചില്ലായിരുന്നതുകൊണ്ടു് അതിലേയ്ക്കു് ഉപയോഗിച്ചിരുന്ന ദ്രാവകപ്പൊടികളെല്ലാം അലിഞ്ഞുചേരാതെ അടിയിൽ ഊറലായി കിടക്കുകയാണു് ചെയ്തിരുന്നതു്.
അതിൽ പിന്നെ, ഡോക്ടർ പ്രീസ്റ്റിലിയുടെ അഭിപ്രായമനുസരിച്ചു് അംഗാരാമ്ലവായു പ്രത്യേകമായുണ്ടാക്കി, വായുചേർക്കേണ്ടതായ വെള്ളത്തിലേയ്ക്കു് അതിനെ ഒരു കുഴൽവഴിയായി കൊണ്ടുപോയി, ചലനം കൊണ്ടുവെള്ളവും വായുവും തമ്മിൽകൂട്ടിച്ചേർക്കുവാൻ ശ്രമിച്ചു. ഇവയിൽ ചില ശ്രമങ്ങൾ ഏതാണ്ടൊക്കെ പാലിച്ചുവെങ്കിലും യന്ത്രദൂഷ്യത്താൽ ഉദ്ദേശപൂർത്തി മുഴുവനായില്ല 1686-ൽ “കറോഡോറി” എന്നൊരാൾ നിർമ്മിച്ച യന്ത്രത്താലാണു് വെള്ളവും വായും കൂടി തൃപ്തികരമാം വണ്ണം കൂട്ടിച്ചേർക്കുവാൻ സാധിച്ചതു്. ഈ യന്ത്രത്തിന്റെ സമ്പ്രദായം ചുരുക്കത്തിൽ ഇവിടെ ചേർത്തുകൊള്ളുന്നു. ഒന്നാമതായി വായു നിർമ്മിക്കുന്നതിനുള്ള പാത്രമാണുള്ളതു് അതിൽകൂടി ഒരു കുഴൽ പുറപ്പെട്ടു് അടുത്തുള്ള ഒരു വലിയ പാത്രത്തിൽ ചെന്നു് അവസാനിക്കുന്നു. ഈ പാത്രത്തിലാണു് വായുചേർക്കുവാനുള്ള വെള്ളം വെച്ചിരിക്കുന്നതും. ഈ പാത്രത്തിൽ നമ്മൾ തയിരുകലക്കുന്ന കടകോൽ മാതിരി സാധനം പിടിപ്പിച്ചിട്ടുണ്ടു്. ഇതു് എല്ലായ്പോഴും തിരിഞ്ഞുകൊണ്ടിരിക്കുകയും ചെയ്യും. വെള്ളം വെച്ചിട്ടുള്ള പാത്രത്തിന്റെ അടിയിൽകൂടിയാണു് വായു കടക്കുവാനുള്ള കുഴൽപോകുന്നതു. ഇപ്രകാരം വായു വെള്ളത്തിൽ പ്രവേശിക്കുമ്പോഴത്തേക്കും വെള്ളം ചലിച്ചുകൊണ്ടിരിക്കുന്നതിനാൽ ഏതാനും ഭാഗം വായു അതിൽ കൂടിച്ചേരാം. വായു വെള്ളത്തിലേയ്ക്കു ബലമായി തള്ളിപ്രവേശിപ്പിക്കുന്നതിന്നു വീർക്കുകയും ചുരുങ്ങുകയും ചെയ്യുന്ന ഒരു റബ്ബർ സഞ്ചി ഇതിന്റെ ഇടയ്ക്കു വെച്ചിട്ടുണ്ടു്. ഈ റബ്ബർ സഞ്ചിയുടെ സ്വാഭാവികമായ ചുരുങ്ങൽ കാരണം വായു ബലമായി വെള്ളത്തിൽ പ്രവേശിക്കുന്നു.
ഇതിന്നുശേഷം ഓരോരുത്തരുടെ വകയായി യന്ത്രങ്ങൾ പൊട്ടിപ്പുറപ്പെട്ടുതുടങ്ങി. പക്ഷേ, ഇവകളൊന്നും പാനീയങ്ങൾ അധികമായി ഉണ്ടാക്കുന്നതിൽ ഉപയോഗപ്പെട്ടില്ല. 1750-മുതൽ തുടങ്ങിയ യന്ത്രനിർമ്മാണങ്ങൾ അവസാനത്തിൽ തൃപ്തികരമാംവണ്ണം പരിണമിച്ചു. വായു നിർമ്മണത്തിന്നു ഈയംകൊണ്ടുള്ള പാത്രം ഡോക്ടർ പ്രീസ്റ്റലീ ഉപയോഗിച്ചു തുടങ്ങുകയും “ലാവോസിയ ” എന്നൊരാൾ വെള്ളത്തിലേക്കു വായു ചാമ്പിക്കയറ്റുന്നതിന്നുള്ള യന്ത്രം കണ്ടുപിടിക്കുകയും ചെയ്തു. അംഗാരാമ്ലവായു കലർന്നിരിക്കുന്ന ചോക്ക് മുതലായ സാധനങ്ങളിൽനിന്നു വായുവെ വേർപെടുത്തുമ്പോൾ അതിലുണ്ടാകാവുന്ന അഴുക്കുകളെ കഴുക്കിക്കളഞ്ഞു ശൂദ്ധിചെയ്യുന്നതിന്നായി ഒരു രസതന്ത്രജ്ഞൻ വായു ശുദ്ധിചെയ്യുന്ന സമ്പ്രദായവും അതിന്നുള്ള യന്ത്രവും കണ്ടുപിടിച്ചു. പിന്നിടു, ആവിയന്ത്ര നിർമ്മാതാവായ “ജെയിംസ് വാട്ട്” എന്ന വിദ്വാൻ നിർമ്മിച്ച യന്ത്രവും മുമ്പുണ്ടായിരുന്ന പല ചില്ലറയന്ത്രങ്ങളും കൂടിച്ചേർത്താണു് “നിക്കൽപാൾ” എന്ന മഹാൻ 1797-ൽ പ്രസിദ്ധപ്പെട്ട “ജിനീവ” യന്ത്രം ഉണ്ടാക്കിയതു വായുസങ്കീർണ്ണമായ പാനിയങ്ങളുടെ പൂർണ്ണശക്തി ആദ്യമായുണ്ടായ ഈ യന്ത്രത്താൽ സിദ്ധിച്ചതു കൊണ്ടാണു് ഇതിന്നു് പ്രസിദ്ധിയും പ്രാധാന്യം കിട്ടിയതും, ഈ തരത്തിൽ ലോകത്തിലുള്ള മറ്റെല്ലാ യന്ത്രങ്ങളുടെയും പിതൃസ്ഥാനം വഹിപ്പാനിടയാതും ഇവിടെ കാണിച്ചിരിക്കുന്ന ഈ യന്ത്രത്തിന്റെ പടത്തിൽനിന്നു് ഇതിന്റെ ഏകദേശം സ്വഭാവം മനസ്സിലാക്കാവുന്നതാണു്. ഈ യന്ത്രനിർമ്മാണം ഈ വിഷയത്തിൽ വൈദ്യന്മാർക്കുണ്ടായിരുന്ന ശുഷ്ക്കാന്തിയെ ഉണർത്തുകയും, സ്വഭാവികമായ ഉറവുവെള്ളങ്ങൾക്കു സമമായ ശക്തിയോടുകൂടി നിർമ്മിക്കുന്ന വെള്ളങ്ങൾകൊണ്ടു തങ്ങൾക്കും തങ്ങളുടെ ദീനക്കാർക്കും സിദ്ധിക്കാവുന്ന അപരിമിതമായ ഗുണോൽക്കർഷത്തെപ്പറ്റി അവർ അഭിനന്ദിക്കുകയും ചെയ്തു. ഈ ഘട്ടത്തിൽ വൈദ്യസംഘത്തിൽനിന്നും ഇതിന്നു രക്ഷാധികാരികൾ ധാരാളമുണ്ടാവുകയും, തന്മൂലം ഈ വ്യവസായത്തിന്നു് ഒരു പുതിയ ജീവൻ വീഴുകയും ചെയ്തു. 1802-ൽ മുമ്പു പ്രസ്താപിച്ച “നിക്കൽപോൾ”, “ഫാർഫിൽഡ്” എന്നൊരാളുമായി പങ്കുചേർന്നു, ലണ്ടൻ പട്ടണത്തിൽ ബക്കിങ്ങാം തെരുവിൽ ഒരു സ്ഥലം ഏർപ്പാടുചെയ്തു, അവിടെ ഉറവുവെള്ളങ്ങളും കളിസ്ഥലങ്ങളും ദീനക്കാർക്കു താമസിക്കുവാൻ വേണ്ടുന്ന സകലസൗകര്യങ്ങളും ഏർപ്പാടിൽ വരുത്തുകയും ചെയ്തു ഇവിടെ എല്ലാത്തരം വെള്ളങ്ങളും ഉണ്ടാക്കി വന്നിരുന്നു എങ്കിലും പ്രധാനപ്പെട്ടവ “സേൽട്ട്സർ” വെള്ളവും (ജർമ്മനിയിൽ “നേഡർ സെൽട്ട്സർ” എന്ന സ്ഥലത്തുകിട്ടുന്ന വെള്ളം) സോഡാ പാനീയവും ആയിരുന്നു.
ഇപ്രകാരം, ലോഹസമ്മിശ്രവും വായുസങ്കീർണ്ണവുമായ വെള്ളങ്ങളുടെ ആവശ്യം ക്രമേണ അധികരിച്ചു വന്നുതുടങ്ങിയതോടുകൂടി യന്ത്രനിർമ്മാണങ്ങളും കൂടുതാലായിത്തുടങ്ങി യോഗ്യന്മാരായ പല എഞ്ചിനിയർമാരും അവരുടെ പ്രബലമായ ശ്രദ്ധയെ യന്ത്രനിർമ്മാണത്തിലേക്കു വിനിയോഗിച്ചുതുടങ്ങി 1810-ൽ “പ്ലാഞ്ചി” എന്നൊരു മഹാനാണു് ആദ്യമായി യന്ത്രപരിഷ്ക്കാരം ചെയ്തതു. ഈ പരിഷ്കൃത യന്ത്രത്താൽ മണിക്കുറിൽ ഇരുനൂറുകുപ്പികൾ വിതം നിറച്ചുവന്നിരുന്നു. അതിന്നുശേഷം മണിക്കൂറിൽ മുന്നൂറുകോപ്പികൾ വീതം നിറാക്കാവുന്നവിധം പരിഷ്ക്കാരം വരുത്തി. എങ്കിലും, വായുകൂടിച്ചേരുന്നതു എല്ലാകുപ്പികളിലും ഒരു പോലെയായിരുന്നില്ല. ഈ ഒരു ദൂഷ്യത്തെ ഇല്ലായ്മചെയ്യുന്നതിന്നു് വളരെ പ്രയത്നം ചെയ്തുവെങ്കിലും ഈ യന്ത്രം ഉപയോഗിക്കുന്നകാലം വരെ ഈ ദൂഷ്യംകുടാതെ തരമില്ലെന്നാണു് ഒടുവിൽ ബോദ്ധ്യപ്പെട്ടതു. 1819-ൽ പ്രസിദ്ധ എഞ്ചിനീയരായ “ബ്രാഹ്മ” ഒരു യന്ത്രം നിർമ്മിക്കുയും അതുമുതൽ ഈ വ്യവസായം ഒരു പ്രധാനനിലയിൽ എത്തുകയും ചെയ്തു. ഈ യന്ത്രത്താൽ വായുവും വെള്ളവും കൂടി ഒന്നായി തള്ളപ്പെടുകയാണു് ചെയ്യുന്നതു. അതുകാരണം കുപ്പി നിറക്കെണ്ടുന്ന കുഴൽ ഒരിക്കലും ഒഴിയാതിരുന്നു. പക്ഷേ, ഈ കാര്യത്തിൽ നിറക്കേണ്ടന്ന ഓരൊ കുപ്പിയിലും ദ്രാവകപ്പൊടി കലർത്തിയവെള്ളം പ്രത്യേകമായി നിറക്കേണ്ടിവന്നു. പിന്നിടു വായുചേർന്നവെള്ളം യന്ത്രം മുഖേന നിറക്കുകയാണു് ചെയ്തവന്നിരുന്നതു. സോഡാപാനീയത്തിന്നു് സോഡിയം ബൈകാർബൊണേറ്റും (Sodium Biocarbonate) ടാർ ടാറിക്ക് ദ്രാവകവും (Tartaric acid) ആണു് ചേർത്തുവരുന്നതു. ലമണേഡിന്നു് സോഡിയം ബൈക്കാർബെണേറ്റു ടാർടാറിക്ക ദ്രാവകവും പഞ്ചസാരയും ചെറുനാരങ്ങാസത്തുമാണു് ചേർക്കേണ്ടതു. വായുസങ്കീർണ്ണമായ പാനീയങ്ങളുണ്ടാക്കുന്നതിൽ ആദ്യമായി വേഗതയും, പിന്നീടു വേഗതയിലും കുപ്പിനിറക്കുന്നതിലും പരിഷ്കാരവും വർദ്ധിച്ചുവന്നു. ഒരിക്കൽ കെടേച്ച് അടുപ്പുകളായിരുന്നു ഉപയോഗിച്ചിരുന്നതു. അതുതന്നെയും കയ്യുകൊണ്ടാണു് അടപ്പു് ഇട്ടുവന്നിരുന്നതു. പിന്നിടു യന്ത്രം മുഖേന അടപ്പു് ഇട്ടുതുടങ്ങി. ഒടുവിൽ അടപ്പു് ഇടുന്നകാര്യത്തിൽ വേഗതയുടെ സൗകര്യവും കണ്ടുപിടിക്കണമെന്നുള്ള ഉദ്ദേശത്തോടുകൂടി പരിശ്രമിച്ചതിന്റെ ഫലമായിട്ടാണു് ഇപ്പോഴത്തെ സ്പടിക ഉണ്ടകൾ ഉണ്ടായതു. കുപ്പിയുടെ മുഖത്തുള്ള ഇന്ത്യാറബ്ബർ വളയത്തിന്മേൽ സ്പടിക ഉണ്ട തിങ്ങിച്ചെന്നു ചേരുന്നകാരണം വായു ലേശംപോലും പുറത്തുപോകുന്നില്ല. കുപ്പിയുടെ അകത്തുള്ളവായുവിന്റെ ശക്തികൊണ്ടു ഈ ഉണ്ട കുപ്പിയുടെ മുഖത്തുവന്നു അടഞ്ഞിരിക്കുയും ചെയ്യും. അതിന്നുശേഷം പ്രവർത്തിയിൽ കുറെകൂടി ശുചിവരുത്തുന്നതിന്നായിട്ടു് സ്ക്രൂസ്റ്റാപ്പർ എന്നൊരു സമ്പ്രദായം കണ്ടുപിടിച്ചു. കുപ്പിയുടെ കഴുത്തിലുള്ള ഒരു സ്ക്രൂ അമർത്തിയാൽ വായുപുറത്തേക്കു പോകുകയും സ്പടിക ഉണ്ട കിഴോട്ടു വിഴുകയും ചെയ്യും ഈ സമ്പ്രദായംകൊണ്ടു് അധികം സൗകര്യം സിദ്ധിച്ചുവെന്നു മാത്രമല്ല, ഉണ്ട കിഴോട്ടു ബലമായി തള്ളപ്പെടുമ്പോൾ സംഭവിക്കുന്ന പല ആപത്തുകളേയും തടയുന്നതിന്നും കാരണമായിത്തിരുകയും ചെയ്തു. ഈ സമ്പ്രദായം ഇവിടങ്ങളിൽ അധികമായി കണുന്നില്ല. മദിരാശിമുതലായ വലിയ പട്ടണങ്ങളിലാണു് ഇതു് സാധാരണയായി കാണപ്പെടുന്നതും എന്നുമാത്രമല്ല വളരെ വിലപിടിച്ചതും പ്രാധാന്യമേറിയതുമായ വെള്ളങ്ങൾ നിറച്ചുവരുന്ന കുപ്പികൾക്കു മാത്രമെ ഈ സമ്പ്രദായം ഏർപ്പെടുത്തുന്നുമുള്ളു ഇപ്പോൾ ഓരോ പാനീയങ്ങൾ തിരക്കുന്നതിന്നും ഓരോതരം യന്ത്രമാണുപയോഗിച്ചു വരുന്നതു.
1826 മുതൽ ലമണേഡ് ഒരു പ്രധാന പാനീയമായിത്തിർന്നപ്പോൾ ‘ബ്രൈട്ടൺ’ എന്ന പട്ടണത്തിലെ ഒരു കച്ചവടക്കാരൻ പലവിധ പഴങ്ങളിൽനിന്നും ഓരോതരം മധുരപാനീയങ്ങളുണ്ടാക്കുവാൻ തുടങ്ങി. ഇന്ത്യാരാജ്യത്തിൽ പലഭാഗങ്ങളിലും വിടുകളിൽ ലമണേഡ് ഉണ്ടാക്കി ഉപയോഗിച്ചിരുന്നു. ഒരു പാത്രത്തിൽ വെള്ളമെടുത്തു കുറെ ചെറുനാരങ്ങ നീരും പഞ്ചസാരയും ചേർത്തു് ഉപയോഗിച്ചുവന്നിരുന്നതു സാധാരണയായിരുന്നു. വേനൽക്കാലത്തു് ഇപ്പോഴും ഈ തരത്തിൽ പലരും ഉപയോഗിച്ചുവരുന്നുണ്ടു്. കുറച്ചുകാലങ്ങളായിട്ടു്; ബീർ, വീഞ്ഞു് മുതലായവകളിലും വായു കലർത്തിത്തുടങ്ങിട്ടുണ്ടു്.
ഈ വിധത്തിലുള്ള പാനീയങ്ങൾ ഉണ്ടാക്കി കച്ചവടം ചെയ്യുന്നവരുടെ വർദ്ധനയുടെ ആധിക്യം കുപ്പികളിന്മേൽ കാണുന്ന കുറിപ്പുകളിൽ നിന്നു് ആർക്കും അറിയാവുന്നതാണു്. പലകച്ചവടക്കാരും അപ്പപ്പോഴായി പൊട്ടുപുറപ്പെട്ടിട്ടുണ്ടെങ്കിലും, സാമാനത്തിന്റെ ഗുണത്തിലും വിലയിലും വ്യത്യാസംകുടാതെ പണ്ടത്തെ സ്ഥിതിയിൽതന്നെ നിലനിർത്തിക്കൊണ്ടുപോരുവാൻ സാഹിച്ചിട്ടുള്ളതു സ്പെൻസർകമ്പനിക്കാർക്കു് മാത്രമാണു്. ആദ്യകാലത്തെ മത്സരക്കച്ചവടങ്ങളിൽ ഉപയോഗിച്ചിരുന്ന കുപ്പികൾ ഒഴുക്കാൻ ജാതിയുലുള്ളവയായിരുന്നു. ഓരോ കുപ്പികളിലും ഉടമസ്ഥന്റെ പേർ എഴുതി പതിച്ചിരുന്നു. കുപ്പികൾക്കു വിലചുമത്തിയിരുന്നപ്പോൾ, ഓരോകുപ്പികൾ വാർക്കുന്നതിലും അവരവരുടെ കച്ചവടമുദ്ര കൂട്ടിച്ചേർത്തു വാർക്കേണ്ടതായ ആവശ്യം നേരിട്ടും മത്സരം വർദ്ധിക്കുമ്പോൾ അന്യോന്യം തോൽപ്പിക്കുവാനുള്ള വഴിനോക്കുന്നതു സാധാരണയാണല്ലൊ. അവരവരുടെ കുപ്പികൾ തിരിച്ചറിയുന്നതിന്നും ഈ സമ്പ്രദായം ഉപയോഗപ്പെട്ടുവന്നു. ഇപ്രകാരം ക്രമേണ പരിഷ്ക്കരിച്ചു് ഇപ്പോൾ ഈ തരം വെള്ളങ്ങൾ എവിടെയും ഏതുഗുണത്തിലും സമ്പ്രദായത്തിലും കിട്ടി വരുന്നുണ്ടു്.
ഈ ഉപന്യാസം ഞാൻ ഉദ്ദേശിച്ചിരുന്നപോലെ തൃപ്തികരമായില്ലെങ്കിലും സ്വാഭാവിക ഉറവുവെള്ളങ്ങളെ അനുകരിച്ചു് വൈദ്യസംബന്ധമായ ഫലങ്ങളോടുകൂടിയ വെള്ളങ്ങൾ ഉണ്ടാക്കുവാനുള്ള പരിശ്രമമാണു്. വായുസങ്കീർണ്ണമായ പാനീയങ്ങളുടെ ഉത്ഭവസ്ഥാനമെന്നു് മനസ്സിലാകത്തക്കവിധം വിശദമായ ഒരു ചരിത്രം ഇവിടെ പ്രസ്ഥാപിച്ചിട്ടുണ്ടെന്നാണു് ഞാൻ വിശ്വസിക്കുന്നതു. കച്ചവടനിലയിൽ ഇപ്പോൾ ഈ വ്യവസായം മഹാന്മാരുടെ ശ്രദ്ധയെ ആകർഷിച്ചിട്ടുള്ളതുപോലെതന്നെ ലഹരി പാനീയങ്ങൾ ഉപയോഗിക്കുന്നതിൽ മിക്ക ജനങ്ങൾക്കുള്ള ആസക്തിയെ ഒരു കാലത്തു ഇതു തിരെ ഇല്ലായ്മചെയ്യുമെന്നും ബലമായി വിസ്വസിക്കാവുന്നതാണു്. ഈ വക പാനീയങ്ങൾ ധാരാളമായി ഉപയോഗിക്കുന്നതുകൊണ്ടു് ചില രോഗങ്ങൾ ഉണ്ടാകുവാനെളുപ്പമുണ്ടെന്നു് ചില ഡോക്ടർമാർ അഭിപ്രായപ്പെടുന്നുണ്ടെങ്കിലും, ഇതുകൾ സകലരോഗങ്ങളെയും ഉന്മൂലനം ചെയ്യുന്നതാണെന്നു ചിലർ അഭിപ്രായപ്പെട്ടുന്നുണ്ടു്. ‘ഒരു തൊഴിലിരിക്കുന്ന രണ്ടുപേർ ഒരിക്കലും യോജിക്കയില്ല’, എന്നുള്ള പ്രമാണത്തെ അടിസ്ഥാനപ്പെടുത്തി സമാധാനിക്കുകയാണു് ഉത്തമമെന്നാണു് എനിക്കു തോന്നുന്നതു. സുഖമില്ലെന്നു തോന്നുന്നവർ ഉപയോഗിക്കണ്ടാ. എങ്ങിനെയായാലും, ലഹരിപദാർത്ഥങ്ങളെപ്പോലെ ദോഷം ചെയ്യുന്നതല്ലെന്നു് ഏതുവൈദ്യനും അഭിപ്രായപ്പെടാതിരിക്കയില്ല, നിശ്ചയം തന്നെ.
കേരളത്തിലെ പ്രസിദ്ധമായ ഒരു പ്രസാധനാലയം ആണു് മംഗളോദയം. അപ്പൻതമ്പുരാനാണു് സ്ഥാപകൻ. പഴയതും പുതിയതുമായ നിരവധി ഗ്രന്ഥങ്ങൾ പ്രസിദ്ധപ്പെടുത്തി. അധ്യാത്മരാമായണം, കൃഷ്ണഗാഥ, കുഞ്ചൻ നമ്പ്യാരുടെ തുള്ളൽപ്പാട്ടുകൾ, നാടൻ പാട്ടുകൾ തുടങ്ങിയ മികച്ച ഗ്രന്ഥങ്ങൾ പ്രസിദ്ധപ്പെടുത്തിയതു് വായനക്കാരെ ആകർഷിച്ചു.