“നീർപ്പോളപോലെ ശരീരങ്ങളിങ്ങനെ
വായ്പോടു കാണാം മറയുമുടനവ”

എന്ന എഴുത്തച്ഛൻ പാട്ടാണു് ഇതെഴുതുവാൻ തുടങ്ങിയപ്പോൾ ഓർമ്മയിൽ വന്നതു്. ഇതിലടങ്ങിയിരിക്കുന്ന തത്ത്വം നമ്മുടെ നിത്യാനുഭവങ്ങളിൽ എപ്പോഴും മാറ്റൊലിക്കൊള്ളുന്നുണ്ടു് എന്നിരുന്നാലും എപ്പോഴും നാം അതേപ്പറ്റി ചിന്തിക്കാറില്ല. നമ്മോടു ബന്ധപ്പെട്ടവർ എന്നെന്നേയ്ക്കുമായി മറഞ്ഞു പോകുമ്പോൾമാത്രമേ ഇത്തരം വാക്യങ്ങൾ ഹൃദയത്തെ ചലിപ്പിക്കുന്നുള്ളൂ. അതും ഈ ജീവിതനാടകത്തിന്റെ ഒരു വിചിത്ര സംഭവമായിരിക്കാം.
എം. എൻ. നായരു മായി ഏറെക്കാലം അടുത്തു പരിചയിക്കുവാൻ എനിക്കിടവന്നിട്ടുണ്ടു്. ഏതെങ്കിലും രൂപത്തിൽ മറ്റുള്ളവർക്കു പ്രയോജനപ്പെടത്തക്കവണ്ണം പ്രവർത്തിക്കുക എന്നുള്ളതു് മി. നായരുടെ ജീവിതവ്രതങ്ങളിലൊന്നായിരുന്നു. അതിന്റെ സത്ഫലങ്ങളിൽ പങ്കുകൊള്ളാൻ എനിക്കും അദ്ദേഹം അവസരം നൽകിയിട്ടുണ്ടു്. ചില മാസികാപത്രഗ്രന്ഥങ്ങളിൽ അഭയം പ്രാപിച്ചിരുന്ന എന്റെ ചില ലേഖനങ്ങൾ കൂട്ടിച്ചേർത്തു് പുസ്തകരൂപത്തിൽ അച്ചടിപ്പിക്കുവാനും അതിന്റെ പ്രസാധകത്വം കൈയേൽക്കുവാനും അദ്ദേഹം സന്നദ്ധനായതുതന്നെ ഇതിനൊരുദാഹരണമാണു്. എന്നാൽ ഇങ്ങനെ ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്ന ചില ഇടപാടുകളെപ്പറ്റി സ്മരിക്കാനല്ല ഞാൻ ഈ ലേഖനം എഴുതുന്നതു്. കൂടുതൽ ഗണനീയങ്ങളും സദാപി സ്മരണീയങ്ങളും ആയ വേറെ പല ഭാഗങ്ങളും അദ്ദേഹത്തിന്റെ ജീവചരിത്രത്തിലുണ്ടു്.
എം. എൻ. നായർ. എന്ന നാമധേയം ആദ്യമായി നമ്മെ അനുസ്മരിപ്പിക്കുന്നതു് നായർ സമുദായത്തെയാണെങ്കിൽ അതിൽ അത്ഭുതപ്പെടാനില്ല. അദ്ദേഹത്തിന്റെ കുടുംബം സമുദായം തന്നെയായിരുന്നു. സ്നേഹാവിഷ്ടനായ ഒരു കാരണവനെപ്പോലെ ഈ വലിയ കുടുംബത്തിന്റെ ക്ഷേമം ലക്ഷ്യമാക്കി ആജീവനാന്തം അദ്ദേഹം പ്രയത്നിച്ചു. അതൊരു കുടുംബകാര്യമെന്ന നിലയിൽ മാത്രമേ ഇവിടെ ഗണിക്കേണ്ടതുള്ളു. ഈ സമുദായവലയത്തേക്കാൾ വിശാലമായ ഒരു ജീവിതവൃത്തം മി. നായർ വരച്ചിട്ടുണ്ടു്. അവിടെയാണു് ഒരാളുടെ യോഗ്യത തടവും മൂടലും കൂടാതെ വെളിപ്പെടുന്നതു്. സ്വസമുദായത്തിനെന്ന പോലെ രാജ്യത്തിനും നാനാ പ്രകാരേണ ഉപകരിച്ചിരുന്ന ഒരാളായിരുന്നു അദ്ദേഹം. സമുദായസേവനംമൂലം ഇതരരംഗങ്ങളിൽ അദ്ദേഹം അനാദൃതനോ വിസ്മൃതനോ ആയിരുന്നില്ല. ജാതിമതഭേദം കൊണ്ടുള്ള വൈഷമ്യങ്ങൾ ബാധിക്കാത്തതും രാജ്യത്തിനു് പൊതുവെ ശ്രേയസ്കരമായിട്ടുള്ളതും ആയ പ്രവൃത്തിപദ്ധതികൾ മി. നായർ എപ്പോഴും മുന്നിൽ കണ്ടുകൊണ്ടിരുന്നു. ഇന്നത്തെ യുവാക്കന്മാർ അക്ഷരംപ്രതി അനുഷ്ഠിക്കേണ്ട പാഠങ്ങളാണു് പലപ്പോഴും അദ്ദേഹം പ്രസംഗ വിഷയങ്ങളാക്കിയിരുന്നതു്. ഒരുവന്റെ ജീവതോൽക്കർഷം ഒന്നാമതായി അവന്റെ സാമ്പത്തികാവസ്ഥയെ ആശ്രയിച്ചിരിക്കുന്നു എന്ന തത്ത്വത്തിനു് അതർഹിക്കുന്നിടത്തോളം പ്രാധാന്യം നമ്മുടെ നാട്ടിൽ ഇനിയും കിട്ടിക്കഴിഞ്ഞിട്ടില്ല. ഇസ്സംഗതി സർവ്വപ്രാധാന്യമാക്കിവച്ചുകൊണ്ടു് ജനതതിയുടെ ശ്രദ്ധയെ അങ്ങോട്ടാകർഷിക്കുവാനായിരുന്നു മി. നായരുടെ പ്രധാനശ്രമം. ബി. എ. ബിരുദം ഉണ്ടായിരുന്നിട്ടും ഉദ്യോഗഭ്രമംകൊണ്ടു് അന്ധനാകാതെ വിവിധവ്യാപാരങ്ങളിലും വ്യവസായങ്ങളിലും സ്വതന്ത്രനായി പ്രവർത്തിച്ചുകൊണ്ടിരുന്ന അദ്ദേഹം അക്കാര്യത്തിൽ ആധുനികർക്കൊരു മാതൃക തന്നെയാണു്. ഈ ഘട്ടത്തിൽ ഓർമ്മവരുന്ന രസകരമായ ഒരു സംഭവം ഇവിടെ വിവരിക്കേണ്ടതു് ആവശ്യമാണെന്നു തോന്നുന്നു.
മി. നായരും ഞാനും ഒരുമിച്ചു് ഒരിക്കൽ ഒരു എക്സൈസ് ഇൻസ്പെക്ടറെ കാണാൻപോയി. പലതും സംസാരിച്ചുകൊണ്ടിരുന്നതിനിടയ്ക്കു് ‘എടോ’ എന്നൊരു വിളിയും അതിനെത്തുടർന്നൊരു പേരും ഇൻസ്പെക്ടറിൽനിന്നു പുറപ്പെട്ടു. ഉത്തരക്ഷണത്തിൽ രണ്ടാംമുണ്ടു് അരയിൽ കെട്ടിയ ഒരു ചെറുപ്പകാരൻ ശിപായി ഓടിവന്നു് “ഓച്ഛാനിച്ചു” നിൽക്കുന്നതു കണ്ടു. ഏതോ ഒരു സ്ഥലത്തു് ഉടനെ പോയിവരാനുള്ള ആജ്ഞയായിരുന്നു പിന്നീടു പുറപ്പെട്ടതു്. ചൂടും പൊടിയും കൂടിയ നല്ല വേനൽസമയം—മദ്ധ്യാഹ്നം. കാര്യവ്യഗ്രത കാണിപ്പാൻവേണ്ടി ഒരു കുടപോലും ഇല്ലാതെ ശിപായി അപ്പോൾ തന്നെ അവിടെനിന്നു് ഓടി മറഞ്ഞു. അയാൾ പോയ ശേഷം ഞങ്ങളുടെ അൽപനേരത്തെ സംഭാഷണം ആ ചെറുപ്പക്കാരനെ പറ്റിയായിരുന്നു. ഒൻപതുരൂപയോ മറ്റോ ശമ്പളം മോഹിച്ചു് ശിപായി ജോലി പകരം നോക്കാനായി വന്നുചേർന്ന അയാൾ ‘ഇൻടർമീഡിയറ്റ്’പരീക്ഷ പാസ്സായ ഒരു മനുഷ്യനാണെന്നു് ഇൻസ്പെക്ടർ പറഞ്ഞറിഞ്ഞപ്പോൾ ഞങ്ങൾ അത്ഭുതപ്പെട്ടു. ഇതു കുറേകൊല്ലങ്ങൾക്കു മുമ്പാണു്. ഇപ്പോൾ അദ്ഭുതത്തിനു അവകാശമില്ലായിരിക്കാം. എന്നാൽ എനിക്കു് അദ്ഭുതം മാത്രമല്ല ആ ഇൻസ്പെക്ടറുടെ നേരെ അതിയായ ഒരു അവജ്ഞയും തോന്നിപ്പോയി. ഒരു സാധാരണശിപായിയോടെന്നവിധം അയോളോടും പെരുമാറിയതിനെപ്പറ്റി ഞാൻ ഇൻസ്പെക്ടറെ കുറ്റപ്പെടുത്തി മി. നായരോടു സംസാരിച്ചു. അദ്ദേഹവും എന്റെ അഭിപ്രായത്തോടു യോജിക്കുമെന്ന കാര്യത്തിൽ എനിക്കു യാതൊരു സംശയവും ഉണ്ടായിരുന്നില്ല. പക്ഷേ, അദ്ദേഹത്തിന്റെ വിചാരഗതി തത്സമയം ആവഴിക്കല്ലായിരുന്നു: പെട്ടെന്നൊരുഗ്രസ്വരത്തിൽ അദ്ദേഹം എന്റെ നേരെ ചാടിക്കയർത്തു ഒരു വാദ സമരത്തിനു തന്നെ സന്നദ്ധനായി. ഈ അടിമത്തം പേറാൻവന്ന ആ ചുണയില്ലാത്തവനോടു് തനിക്കു് യാതൊരു അനുകമ്പയും തോന്നുന്നില്ലെന്നും അവനെപ്പോലെയുള്ളവരാണു് ഇന്നത്തെ പരീക്ഷാവിജയികളുടെ മുഖത്തു കരിതേക്കുന്നതെന്നും ആത്മാഭിമാനവും പൗരുഷവും വിറ്റു് ഇതിലേക്കു് വന്ന സ്ഥിതിക്കു ഒരു ശിപായിയായിത്തന്നെ അവനെ ഗണിക്കുന്നതിൽ ഇൻസ്പെക്ടർ കുറ്റക്കാരനല്ലെന്നും മറ്റും ഉള്ള വാഗ്വർഷം കൊണ്ടു് അദ്ദേഹം എന്നെ വട്ടം കറക്കി. ഒമ്പതു രൂപയെങ്കിലും പ്രതിമാസം കിട്ടുന്നതിനു് വേറെ വഴിയെന്താണെന്നു് ഞാൻ ചോദിച്ചതിനു് അദ്ദേഹം പറഞ്ഞ സമാധാനം നമ്മുടെ കണ്ണു തുറപ്പിക്കുന്നതിനു പര്യാപ്തമായിട്ടുള്ളതായിരുന്നു. തൊഴിലില്ലാഞ്ഞിട്ടല്ല ഉള്ള തൊഴിലുകളിൽ പലതും നമ്മുടെ അഭിമാനത്തിനു ചേർന്നതല്ലെന്നുള്ള മിഥ്യാബോധംകൊണ്ടാണു് നാം അവ കാണാത്തതും കണ്ടാൽതന്നെ അവയിൽപ്രവേശിക്കാത്തതും. തൊഴിലിന്റെ മഹിമ (Dignity of Labour) യെപ്പറ്റിയുള്ള ശരിയായബോധം നമ്മുടെ ഇടയിൽ ഇനിയും ഉണ്ടായിക്കഴിഞ്ഞിട്ടില്ല. പാശ്ചാത്യരിൽ നിന്നും ഇന്ത്യാക്കാർ പഠിക്കേണ്ട പ്രഥമപാഠം ഇതാകുന്നു. തൊഴിലുകളെ പറ്റിയുള്ള ഉച്ചനീചത്വ വിചാരമൊന്നു മാത്രമാണു് നമ്മെ തലപൊന്തിക്കാൻ അനുവദിക്കാതിരിക്കുന്നതു്. പ്രതിമാസം പത്തുരൂപ കിട്ടുന്ന ഒരു ശിപായിപ്പണിയേക്കാൾ പലതു കൊണ്ടും ഉത്കൃഷ്ടമായ എത്രയോ തൊഴിലുകൾ നമ്മുടെ ചുറ്റുപാടും കാണുന്നു. റെയിൽവേസ്റ്റേഷനിലും മറ്റും സോഡാ ലെമനായ്ഡും വെറ്റിലപ്പാക്കും വിറ്റു നടക്കുന്നവരുടെ സ്ഥിതിതന്നെ ഇതിനേക്കാൾ അഭിലഷണീയമാണെന്നു് ആലോചിച്ചുനോക്കിയാൽ അറിയാം. അവർക്കു ദിവസംപ്രതി കിട്ടുന്ന ആദായം കണക്കാക്കിയാൽ ഒരുമാസത്തിൽ ഒമ്പതു രൂപയിലധികം വരുമെന്നും കാണാം. ആരുടേയും ആജ്ഞയിലോ അടിമത്തത്തിലോ അല്ല അവർ ജീവിക്കുന്നതു്. സർവ്വസ്വതന്ത്രമായ ഒരു ജീവിതവൃത്തി. സാമർത്ഥ്യം ഉണ്ടെങ്കിൽ ഹെൻറിഫോർഡിന്റെ നില വരെ പരാപേക്ഷ കൂടാതെ ഉയർന്നു പോകാവുന്ന ഒന്നു്. മറ്റതോ? യജമാന്റെ കൊച്ചമ്മയുടെ ഭാവം കൂടി കാത്തു നിൽക്കേണ്ട ദാസ്യം; ജീവനുള്ള യന്ത്രങ്ങളുടെ നില—അനേകവർഷം കൊണ്ടു് അൽപാൽപ്പം ഉയർന്നു് അങ്ങേയറ്റം ഒരു ഇൻസ്പെക്ടറായേക്കാം. ജീവിതത്തിന്റെ ശ്രേഷ്ഠാംശം മുഴുവൻ അപ്പോഴേയ്ക്കും അസ്തമിച്ചുകഴിയും. ഇത്രയും വ്യത്യാസപ്പെട്ട രീതിയിൽ അകന്നുനിൽക്കുന്ന ഈ രണ്ടു മാർഗ്ഗങ്ങളിൽ ആദ്യത്തേതു് അപമാനകരം രണ്ടാമത്തേതു് സ്വീകാര്യം എന്നു വന്നിരിക്കുന്നതു് എത്ര ശോചനീയവും ആപത്കരവുമായ ഒരവസ്ഥയാണു്. സമുദായ മദ്ധ്യത്തിൽ വേരൂന്നിയിരിക്കുന്ന ഇത്തരം മനോഭാവത്തെ തട്ടിത്തകർത്തു് ചെറുപ്പക്കാരെ ഉണർത്തി വിടാനാണു് നാം ശ്രമിക്കേണ്ടതു്.
ഈ രീതിയിൽ അന്നു് മി. നായർ നടത്തിയ പ്രഭാഷണം ഇപ്പോഴും പ്രതിധ്വനിച്ചുകൊണ്ടിരിക്കുന്നു. നമ്മുടെ ജീവിതസമ്പ്രദായത്തെപ്പറ്റി ഇങ്ങനെ കാലോചിതമായി വിമർശിക്കുക മാത്രമല്ല സ്വജീവിതംകൊണ്ടു് അതിനെ ഉദാഹരിച്ചുകാണിക്കുവാനും അദ്ദേഹം ശ്രമിച്ചിരുന്നു. മി. നായരുടെ ജീവിതം ഇതരൻമാർക്കു് ഒരു പാഠമായിത്തീരേണ്ടതു് ഇക്കാര്യത്തിലാണു്. തോൽവികൾ പലതും അദ്ദേഹത്തിനു് പറ്റിയിരിക്കാം. കുറ്റങ്ങളും കുറവുകളും ആ ജീവിത യാത്രയിൽ ഉണ്ടായിരുന്നിരിക്കാം. പക്ഷേ, അവയോടെല്ലാം പട പൊരുതുന്നതിനു അനന്യസാധാരണമായ ഒരു സാമർത്ഥ്യം അദ്ദേഹത്തിനുണ്ടായിരുന്നു. നൈരാശ്യത്തിനു് ആ ബലവത്തായ ശരീരഭിത്തിയെ ചലിപ്പിക്കാൻ കഴിഞ്ഞില്ല. മനുഷ്യ ജീവിതം ഒരു യുദ്ധക്കളം തന്നെയാണു്. ഇക്കാലത്തു് അതു് വിശേഷിച്ചും ഭയങ്കരമായിരിക്കുന്നു. അവിടെ വെട്ടും വെടിയുമേറ്റാലും മുന്നോട്ടുതന്നെ പോകുന്നതിനുള്ള ചങ്കുറപ്പു് എം. എൻ. നായർക്കുണ്ടായിരുന്നു. മനുഷ്യത്വം പരിപാലിക്കുന്നതിനു് പ്രധാനമായി വേണ്ട ഗുണവും അതുതന്നെയാണു്.
—സ്മരണമഞ്ജരി.

ജനനം: 1-8-1900
പിതാവു്: ഊരുമനയ്ക്കൽ ശങ്കരൻ നമ്പൂതിരി
മാതാവു്: കുറുങ്ങാട്ടു് ദേവകി അമ്മ
വിദ്യാഭ്യാസം: വിദ്വാൻ പരീക്ഷ, എം. എ.
ആലുവാ അദ്വൈതാശ്രമം ഹൈസ്ക്കൂൾ അദ്ധ്യാപകൻ, ആലുവ യൂണിയൻക്രിസ്ത്യൻ കോളേജ് അദ്ധ്യാപകൻ, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് 1968–71, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടു് ഭരണസമിതിയംഗം, കേരള സർവ്വകലാശാലയുടെ സെനറ്റംഗം, ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, പാഠ്യ പുസ്തക കമ്മിറ്റി കൺവീനർ (1958), ബാല സാഹിത്യ ശില്പശാല ഡയറക്ടർ (1958), ‘ദാസ് ക്യാപിറ്റൽ’ മലയാളപരിഭാഷയുടെ ചീഫ് എഡിറ്റർ, കേരള സാഹിത്യ സമിതി പ്രസിഡന്റ്.
സാഹിതീയം, വിചാരവിപ്ലവം, വിമർശ രശ്മി, നിരീക്ഷണം, ഗ്രന്ഥാവലോകനം, ചിന്താതരംഗം, മാനസോല്ലാസം, മനന മണ്ഡലം, സാഹിതീകൗതുകം, നവദർശനം, ദീപാവലി, സ്മരണമഞ്ജരി, കുറ്റിപ്പുഴയുടെ തിരഞ്ഞെടുത്ത ഉപന്യാസങ്ങൾ, വിമർശ ദീപ്തി, യുക്തിവിഹാരം, വിമർശനവും വീക്ഷണവും, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—തത്വചിന്ത, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—സാഹിത്യവിമർശം, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ— നിരീക്ഷണം.
ചരമം: 11-2-1971