ജെറോണ്ട്, ലൂസിയുടെ അച്ഛൻ. ലിയാണ്ടർ, ലൂസിയുടെ കാമുകൻ. സ്യാനറൽ, മാർട്ടിയുടെ ഭർത്താവു്. റോബർട്ട്, സ്യാനറലിന്റെ അയൽക്കാരൻ. ലൂക്കാസ്, യാക്വെലിയുടെ ഭർത്താവു്. വലേറി, ജെറോണ്ടിന്റെ ഭൃത്യൻ. തിബോട്ട്, പെറി, കൃഷിക്കാർ. ലൂസി, ജെറോണ്ടിന്റെ പുത്രി. മാർട്ടി, സ്വാനറലിന്റെ ഭാര്യ. യാക്വെലി (ഒരു നഴ്സ്) ലൂക്കാസിന്റെ ഭാര്യ. (രംഗം ഒരു കാടാണു്)
(സ്യാനറലും മാർട്ടിയും വഴക്കടിച്ചുകൊണ്ടു് പ്രവേശിക്കുന്നു.)
- സ്യാനറൽ:
- ഞാനല്ലേ പറയുന്നതു്, ഇല്ലാന്നു്? എനിക്കാണിവിടെ കല്പിക്കാനവകാശം. ഞാനാണു വീട്ടുകാർന്നോരു്!
- മാർട്ടി:
- ഞാൻ പറയുന്നതുപോലെ താൻ ജീവിക്കണമെന്നാണു ഞാനും പറയുന്നതു് തന്റെ ഈ തോന്ന്യാസമെല്ലാം സഹിയ്ക്കാനല്ല ഞാൻ തന്നെ കെട്ടിയതു്.
- സ്യാന:
- കഷ്ടം! പെണ്ണുകെട്ടിയതുകൊണ്ടു് എന്തൊരു ശല്യമാണു്! അരിസ്റ്റോട്ടിലല്ലേ പറഞ്ഞിരിക്കുന്നതു് സ്ത്രീ പിശാചിനേക്കാൾ ചീത്തയാണെന്നു്? അതു ശരിയാണു്.
- മാർട്ടി:
- ഓ! ഒരു വിദ്വാനെ നോക്കു്! അയാളുടെ മണ്ടൻ അരിസ്റ്റോട്ടിലും!
- സ്യാന:
- അതേ, വിദ്വാൻതന്നെയാണു്! അല്ലെങ്കിൽ നീയൊന്നന്വേഷിച്ചുനോക്കൂ! എന്നെപ്പോലെ എല്ലാ കാര്യത്തെക്കുറിച്ചും യുക്തിവാദം ചെയ്യുന്ന ഒരു വിറകുവെട്ടി വേറെ ഉണ്ടോ എന്നൊന്നന്വേഷിക്കു. ഒരു പേരുകേട്ട ഡോക്ടറിന്റെ കൂടെ ആറുകൊല്ലം താമസിച്ച ആളാണു് ഞാൻ. എന്റെ ചെറുപത്തിൽ ലത്തീൻ വ്യാകരണം ഞാൻ പച്ചവെള്ളം പോലെ ഉരുവിടുമായിരുന്നു. നിനക്കെന്തറിയാം!
- മാർട്ടി:
- ഈ കഴുതയെ കാലനും വേണ്ടല്ലോ!
- സ്യാന:
- ഈ തലയിൽ തെറിച്ച പെണ്ണിനെക്കൊണ്ടു് ചുടു്!
- മാർട്ടി:
- ഞാൻ “മനസ്സാകുന്നു” എന്നു പറഞ്ഞ ദിവസവും വിനാഴികയും ശപിക്കപ്പെട്ടതാണു്.
- സ്യാന:
- എന്റെ നാശത്തിനു് വിവാഹ ഉടമ്പടിക്കു് എന്നെക്കൊണ്ടു് ഒപ്പുവെയ്പ്പിച്ച പടുകിഴവൻ തുലഞ്ഞുപോകട്ടെ!
- മാർട്ടി:
- താനെന്നെ കെട്ടിയതുകൊണ്ടു് തനിയ്ക്കെന്തു ദോഷമാണുണ്ടായതു്? എന്നെ ഭാര്യയായി കിട്ടിയതിനു് തന്റെ ജീവിതത്തിലെ ഓരോ നിമിഷവും ദൈവത്തെ സ്തുതിയ്ക്കുകയാണു് വേണ്ടതു്. എന്നെപ്പോലെ ഒരു പെണ്ണിനെ കെട്ടാൻ തനിയ്ക്കെന്തു യോഗ്യതയാണുണ്ടായിരുന്നതു്. പറയൂ.
- സ്യാന:
- ശരിയാണു്! നീ എനിയ്ക്കു് ബഹുമതിയാണുണ്ടാക്കിയതു്. കെട്ടിയ ദിവസം തന്നെ എനിയ്ക്കതു ബോദ്ധ്യമാകയും ചെയ്തു. നാശം വെറുതേ എന്നെക്കൊണ്ടു അതുമിതും പറയിപ്പിക്കേണ്ട അല്ലെങ്കിൽ ചില കാര്യങ്ങളൊക്കെ…
- മാർട്ടി:
- എന്തുകാര്യമൊക്കെ! എന്താണു് തനിയ്ക്കു് പറയാനുള്ളതു്?
- സ്യാന:
- പറയാതിരിക്കുകയാണു് നല്ലതു് എനിയ്ക്കറിയാവുന്നതു് എനിയ്ക്കറിയാം എന്നെ നിനക്കു കിട്ടിയതു ഭാഗ്യക്കുറി കിട്ടിയതുപോലെയായി.
- മാർട്ടി:
- തന്നെ കിട്ടിയതു് ഭാഗ്യക്കുറി! എന്നെ പിച്ചപ്പാള എടുക്കാറാക്കിയ മനുഷ്യൻ! കള്ളുകുടിച്ചു തട്ടിപ്പുംകൊണ്ടു നടക്കുന്ന ദ്രോഹി! എന്റെ കൈവശമുണ്ടായിരുന്നതെല്ലാം തിന്നു മുടിച്ചു…
- സ്യാന:
- തിന്നുമുടിച്ചെന്നു പറയുന്നതു് ശരിയല്ല. ഒരു പങ്കു കുടിച്ചാണു് കളഞ്ഞതു്.
- മാർട്ടി:
- വീട്ടു സാമാനങ്ങളെല്ലാം ഓരോന്നായി പെറുക്കിയെടുത്തു് വിൽക്കുന്ന ധൂർത്തൻ!…
- സ്യാന:
- അവനവന്റെ മുതലുകൊണ്ടു് ജീവിയ്ക്കുന്നതു് അങ്ങനെയാണു്.
- മാർട്ടി:
- ഞാൻ കിടന്നിരുന്ന കിടക്കപോലും വിറ്റ…
- സ്യാന:
- അതുകൊണ്ടു് നീ നേരത്തെതന്നെ എണിയ്ക്കും.
- മാർട്ടി:
- ഇവിടെ വീട്ടു സാമാനത്തിന്റെ ഒരു കഷണംപോലും ശേഷിക്കാതെ വിറ്റ…
- സ്യാന:
- അതുകൊണ്ടു് ഇതിനകത്തു് തടസംകൂടാതെ നടക്കാം.
- മാർട്ടി:
- നേരം വെളുത്താൽ അന്തിയാവുന്നതുവരെ കുടിയും ചൂതുകളിയും…
- സ്യാന:
- അതു വിഷാദമില്ലാതിരിക്കാനാണു്.
- മാർട്ടി:
- ഞാനീ കുഞ്ഞുങ്ങളേയുംകൊണ്ടു് എന്തു ചെയ്യും!
- സ്യാന:
- നിന്റെ ഇഷ്ടംപോലെ ചെയ്തോ.
- മാർട്ടി:
- നാലുകുഞ്ഞുങ്ങളുടെ ഭാരം എന്റെ തലയിലാണല്ലോ.
- സ്യാന:
- അവരെ താഴത്തിറക്കു നിറുത്തണം.
- മാർട്ടി:
- അതുങ്ങളെപോഴും ചോറു ചോറു എന്നു് പറഞ്ഞു കരയുന്നു.
- സ്യാന:
- നന്നാലു് ചുട്ട അടിയങ്ങു കൊടുക്കണം. ഞാൻ തിന്നു കുടിച്ചു തൃപ്തനായിക്കഴിഞ്ഞാൽ എല്ലാവരും സുഖമായി കഴിയണമെന്നാണെന്റെ ആഗ്രഹം.
- മാർട്ടി:
- എടോ കള്ളുകുടിയാ! എന്നും ഇതുപോലെ കഴിയാമെന്നാണോ നിന്റെ വിചാരം?
- സ്യാന:
- ഒച്ചയെടുക്കാതെ!
- മാർട്ടി:
- തന്റെ ഈ ധൂർത്തും ധിക്കാരവും ഞാൻ എന്നും സഹിയ്ക്കണമെന്നാണോ തന്റെ…
- സ്യാന:
- ദേഷ്യപ്പെടാതെ പെണ്ണേ.
- മാർട്ടി:
- ഇതിനു് തന്നെ നല്ല പാഠം ഞാൻ പഠിപ്പിയ്ക്കയില്ലെന്നാണോ തന്റെ…
- സ്യാന:
- എന്റെ ക്ഷമക്കു് അതിരുണ്ടെന്നു നിനക്കറിയാമല്ലോ, എന്റെ പൊൻകുടം! എന്റെ കൈയിന്റെ ബലവും നിനക്കറിയാമല്ലൊ.
- മാർട്ടി:
- താൻ എന്നെ അത്ര പേടിപ്പിക്കുകയൊന്നും വേണ്ട.
- സ്യാന:
- എന്റെ കുഞ്ഞുപ്പെണ്ണേ എന്റെ കണ്മണി! നിന്റെ പുറം പതിവുപോലെ ഞാൻ കാണിച്ചുതരാം.
- സ്യാന:
- എന്റെ പൊന്നുംകട്ടേ! നീ എന്നെ പരീക്ഷിക്കുന്നതു് കുറെ കടന്നുപോകുന്നു.
- മാർട്ടി:
- തനിയ്ക്കെന്നെ പേടിപ്പിയ്ക്കാമെന്നാണോ വിചാരം?
- സ്യാന:
- എന്റെ ഭൂലോകരംഭേ! നിന്റെ കരണക്കുറ്റി ഞാൻ പൊടിക്കും.
- മാർട്ടി:
- കള്ളുകുടിയാ!
- സ്യാന:
- തല്ലുകൊള്ളും!
- മാർട്ടി:
- കള്ളിൻകുടം!
- സ്യാന:
- നിന്റെ എല്ലു് തവിടു പൊടിയാക്കും!
- മാർട്ടി:
- ചതിയാ! കോന്താ! കോമട്ടി! ഏഭ്യാ! തെണ്ടി! ശപ്പാ! നീ വാ! പോക്കിരി! കേഡീ! കള്ളാ!
- സ്യാന:
- അപ്പോൾ നീ കൊണ്ടേ അടങ്ങൂ; അല്ലേ?
(ഒരു വടിയെടുത്തു് ഭാര്യയെ പ്രഹരിക്കുന്നു)

- മാർട്ടി:
- (നിലവിളിക്കുന്നു) അയ്യോ! യ്യോ! എന്നെ കൊന്നേ!
- സ്യാന:
- നിന്റെ നാവടക്കാൻ ഇതേ വഴിയുള്ളു.
(റോബർട്ട് പ്രവേശിക്കുന്നു)
- റോബർട്ട്:
- നിർത്തു! നിർത്തു മതി മോശം! എന്താണിതിനു് കാരണം? നാണമില്ലല്ലോ എന്തൊരു ദുഷ്ടതയാണു് ഭാര്യയെ ഇങ്ങനെ തല്ലുന്നതു്!
- മാർട്ടി:
- (കൈരണ്ടും എളിയിൽ കുത്തി, റോബർട്ടിന്റെ നേരെ തിരിഞ്ഞു അയാളെ പിന്നോക്കം ഓടിച്ചു്, അയാളിന്റെ ചെകിട്ടത്തൊന്നു പൊട്ടിയ്ക്കുന്നു) തല്ലുകൊള്ളൂന്നതു് എനിയ്ക്കൊഷ്ടമാണെങ്കിൽ തനിയ്ക്കെന്താണു്?
- റോബ:
- (അടികൊണ്ട സ്ഥലം തടവിക്കൊണ്ട്) കൊണ്ടോളു, എനിക്കു പൂർണ്ണസമ്മതമാണു്.
- മാർട്ടി:
- തനിയ്ക്കെന്താ ഇവിടെ കാര്യം?
- റോബ:
- തെറ്റിപ്പോയി.
- മാർട്ടി:
- തന്നോടിവിടെ വരാൻ വല്ലോരും ആവശ്യപ്പെട്ടോ?
- റോബ:
- ഇല്ല. എന്റെ അബദ്ധം. നിങ്ങൾ പറയുന്നതു ശരിയാണു്.
- മാർട്ടി:
- കെട്ടിയവൻ കെട്ടിയവളെ തല്ലുന്നതു് തടയാൻ വന്നിരിക്കുന്ന ധിക്കാരി!
- റോബ:
- ഞാൻ പിൻവലിഞ്ഞിരിക്കുന്നു.
- മാർട്ടി:
- തനിയ്ക്കു വല്ലതും പറയാനുണ്ടോ?
- റോബ:
- ഇല്ല.
- മാർട്ടി:
- തനിയ്ക്കു് ഇവിടെ തലയിടുവാനവകാശമുണ്ടോ?
- റോബ:
- ഇല്ല; ഇല്ല.
- മാർട്ടി:
- താൻ തന്റെ കാര്യംനോക്കു്,
- റോബ:
- എനിയ്ക്കൊന്നും പറയാനില്ല.
- മാർട്ടി:
- തല്ലുകൊള്ളാൻ എനിക്കിഷ്ടമാണു്.
- റോബ:
- നല്ലതുതന്നെ.
- മാർട്ടി:
- തനിയ്ക്കല്ലല്ലോ കൊള്ളുന്നതു്.
- റോബ:
- ശരിയാണു്.
- മാർട്ടി:
- ക്ഷണിയ്ക്കാത്തിടത്തു വലിഞ്ഞുകേറാൻ താനൊരു ഏഭ്യനാണു്. (അയാളുടെ ചെകിട്ടത്തു ഒന്നുകൂടി കൊടുക്കുന്നു; അയാൾ ഒഴിഞ്ഞുമാറി സ്യാനറലിന്റെ അടുത്തു ചെല്ലുന്നു; സ്യാനറലും അയാളെ ശകാരിച്ചു ഒരു വടികൊണ്ടടിയ്ക്കുന്നു.)
- റോബ:
- സ്നേഹിതാ! എനിയ്ക്കു തെറ്റിപ്പോയി. ഞാൻ ഹൃദയപൂർവം മാപ്പപേക്ഷിക്കുന്നു. നിങ്ങളുടെ ഭാര്യയെ കണക്കിനു തല്ലിക്കൊള്ളണം. ഞാൻ മുടക്കുന്നില്ല. നിങ്ങൾക്കിഷ്ടമാണെങ്കിൽ ഞാനും സഹായിക്കാം.
- സ്യാന:
- എനിക്കിഷ്ടമല്ല.
- റോബ:
- എന്നാൽ വേണ്ട.
- സ്യാന:
- എനിയ്ക്കു തോന്നുമ്പോൾ ഞാനവളെ തല്ലും. എനിക്കു തോന്നാത്തപ്പോൾ തല്ലുകയില്ല.
- റോബ:
- അങ്ങനെതന്നെ.
- സ്യാന:
- അവളെന്റെ കെട്ടിയോളല്ലേ? തന്റെയല്ലല്ലോ?
- റോബ:
- സംശയമില്ല.
- സ്യാന:
- എന്നോടുകല്പിക്കുവാൻ തനിയ്ക്കെന്തുകാര്യം?
- റോബ:
- ഒന്നുമില്ല.
- സ്യാന:
- എനിക്കു തന്റെ സഹായമാവശ്യമില്ല.
- റോബ:
- അങ്ങനെയാകട്ടെ.
- സ്യാന:
- മറ്റുള്ളവരുടെ കാര്യത്തിൽ തലയിടാൻ നടക്കുന്ന താൻ ഒരു ധിക്കാരിയാണു്. വിരലിനും മരത്തിനുമിടയ്ക്കു തൊലിടരുതെന്നു സിസറോ പറഞ്ഞിട്ടുള്ളതു് ഓർമ്മയിലിരിക്കട്ടെ.
(റോബർട്ടിനെ തള്ളോയോടിച്ചു്, ഭാര്യയുടെ അടുക്കൽ തിരിച്ചു വന്നു്, അവളുടെ കൈയ്ക്കു പിടിയ്ക്കുന്നു.)
- സ്യാന
- ആട്ടെ, സാരമില്ല. നമ്മുടെ വഴക്കു തീർക്കാം. കൈതരൂ.
- മാർട്ടി:
- അതേ, കൈതരാൻ പോണു്! ഈ മാതിരി എന്നെ തല്ലിക്കൊല്ലാറാക്കിയിട്ടു്!
- സ്യാന:
- സാരമില്ലെന്നേ. കൈതരൂ.
- മാർട്ടി:
- ഇല്ല; ഞാൻ തരില്ല.
- സ്യാന:
- തരില്ലേ?
- മാർട്ടി:
- ഇല്ല.
- സ്യാന:
- എന്റെ കണ്മണിയല്ലേ!
- മാർട്ടി:
- ഇല്ല. ഞാൻ തരില്ല.
- സ്യാന:
- ഹാ! തന്നാട്ടെ! തന്നാട്ടെ!
- മാർട്ടി:
- ഇല്ല; എന്റെ ദേഷ്യം തീർന്നിട്ടില്ല.
- സ്യാന:
- ഓ! അതുപോട്ടെ. മറന്നു കളയൂ. കൈതരൂ.
- മാർട്ടി:
- ചുമ്മാതിരിക്കണം.
- സ്യാന:
- കൈതരൂ; ഞാനല്ലേ ചോദിക്കുന്നതു്?
- മാർട്ടി:
- തനെന്നെ കുറച്ചൊന്നുമല്ല തല്ലിയതു്.
- സ്യാന:
- അതു പോകട്ടേന്നു്. ഇതാ! ഞാൻ മാപ്പപേക്ഷിക്കുന്നു. കൈതരൂ.
- മാർട്ടി:
- ആട്ടെ; ക്ഷമിച്ചിരിക്കുന്നു. (സ്വാഗതം) ഇതിനു പകരം വീട്ടിയില്ലെങ്കിൽ ഞാൻ പെണ്ണല്ല.
- സ്യാന:
- ഇതൊക്കെ ഇത്ര കാര്യമാക്കാൻ നീ എന്തൊരു മണ്ടിയാണു്! പ്രണയത്തിൽ ഇടയ്ക്കിടയ്ക്കു് ഈ ചില്ലറ കലഹങ്ങളൊക്കെ ആവശ്യമാണു്. വടികൊണ്ടുള്ള അഞ്ചോ ആറൊ അടി ഭാര്യാഭർത്താക്കന്മാർക്കു് അന്യോന്യമുള്ള സ്നേഹം പുതുക്കാൻ അത്യാവശ്യമാണു്. കൊള്ളാം! ഞാൻ നിനക്കു് നൂറു വിറകുകൊള്ളിയിലധികം കൊണ്ടുവന്നു തരും. ഞാനല്ലെ പറയുന്നതു്? (സ്യാനറൽ പോകുന്നു)
- മാർട്ടി:
- (സ്വാഗതം) സമാധാനപ്പെട്ടുവെന്നു് എത്ര നടിച്ചാലും ഞാനിതു മറക്കുകയില്ല. എനിക്കു കിട്ടിയ തല്ലിനു് തന്നോടു് പകരം ചോദിച്ചേ ഞാനടങ്ങൂ. ഒരു ഭാര്യയ്ക്കു് ഭർത്താവിനോടു പ്രതികാരം ചെയ്യാനുള്ള വഴിയെന്താണെന്നു് എനിയ്ക്കറിയാം പക്ഷേ, ആ വഴിയ്ക്കു് പോയാൽ എന്റെ തടിമാടനു് യാതൊരു കുലുക്കവുമുണ്ടാവുകയില്ല. അയാളുടെ ദേഹത്തിൽകൊണ്ടേ അയാൾ പഠിയ്ക്കൂ. ദുർമ്മാർഗ്ഗത്തിൽ പോയതുകൊണ്ടു്, എനിയ്ക്കു കിട്ടിയ തല്ലിനു തക്ക പ്രതികാരമാകയില്ല.
(ലൂക്കാസും വലേറിയും പ്രവേശിക്കുന്നു)

- ലൂക്കാസ്:
- (മാർട്ടിയേ കാണുന്നതിനുമുൻപു് വലേറിയോടു്) എന്തൊരു നാശം പിടിച്ച ജോലിക്കാണു് ഇറങ്ങിപ്പുറപ്പെട്ടതു്! അതിന്റെ ഫലം എന്താണോ ആരു് കണ്ടു?
- വലേറി:
- (മാർട്ടിയേക്കാണുന്നതിനു മുൻപു്) എന്തുചെയ്യും, ചിറ്റപ്പാ? നമുക്കു നമ്മുടെ ഏമാന്റെ കല്പന അനുസരിക്കണ്ടേ? എന്നുതന്നെയല്ല ഏമാന്റെ മകളുടെ ആരോഗ്യത്തിൽ നമുക്കു താൽപ്പര്യമില്ലേ? ഈ സുഖക്കേടുകൊണ്ടാണല്ലൊ കൊച്ചമ്മയുടെ കല്യാണം നീണ്ടുപോയതു്. കല്യാണം നടക്കുമ്പോൾ, നമുക്കു തക്ക സമ്മാനം കിട്ടാതിരിക്കയില്ല. അതുതന്നെയുമല്ല, കൊച്ചമ്മയെ കെട്ടാൻ പോകുന്ന ഹോറസ്സ് നല്ല ഔദാര്യമുള്ള മനുഷ്യനാണു്. കൊച്ചമ്മയുടെ സുഖക്കേടുകൊണ്ടു അയാൾ വളരെ കുണ്ഠിതപ്പെട്ടിരിക്കയാണു്. കൊച്ചമ്മയ്ക്കു്, “ലിയാണ്ടർ” എന്ന ഒരു ചെറുപ്പക്കാരനോടു് കുറേ താൽപര്യമാണെങ്കിലും, അയാളെ വിവാഹം ചെയ്വാൻ ഏമാൻ കൊച്ചമ്മയെ ഒരിക്കലും സമ്മതിക്കയില്ലെന്നു്, ചിറ്റപ്പനറിയാമല്ലോ.
- മാർട്ടി:
- (ഇരുവരേയും കാണുന്നതിനു മുൻപു് സ്വാഗതം) പകരംവീട്ടാനുള്ള ഒരു വഴി എനിക്കു തോന്നാതിരിക്കുമോ?
- ലൂക്ക:
- (വലേറിയോടു്) ഡോക്ടർമ്മാർ എല്ലാം കൈയൊഴിഞ്ഞസ്ഥിതിയ്ക്കു്, ഏമാന്റെ തലയിൽ ഇപ്പോൾ എന്താണു് കയറിയിരിക്കുന്നതു്, ആവോ!
- വലേ:
- വിടാതെ അന്വേഷിച്ചാൽ, നമന്വേഷിക്കുന്നതു കണ്ടെത്തും; ഒരിക്കലും പ്രതീക്ഷിക്കാത്തെ സ്ഥലത്തായിരിക്കും ചിലപ്പോൾ കണ്ടെത്തുക.
- മാർട്ടി:
- (തനിച്ചാണെന്നു വിചാരിച്ചുകൊണ്ടു്) എന്തുവന്നാലും ഞാൻ പ്രതികാരം ചെയ്യാതെ അടങ്ങുകയില്ല! എനിക്കു കിട്ടിറ്റ തല്ലു ദഹിക്കാതെ കിടക്കുകയാണു്. (ഇങ്ങനെ വിചാരിച്ചുകൊണ്ടു് നടക്കുമ്പോൾ അറിയാതെ അവൾ അവരെ ചെന്നുമുട്ടുന്നു) അയ്യോ! ക്ഷമിക്കണം! ഞാൻ നിങ്ങളെ കണ്ടില്ല. ഞാൻ ഒരു കാര്യം ആലോചിച്ചു തലകാഞ്ഞു് അങ്ങനെ നടക്കുകയായിരുന്നു.
- വലേ:
- ഞങ്ങളും തലകാഞ്ഞുകൊണ്ടിരിക്കയാണു്; എന്തുകൊടുത്താലും വേണ്ടില്ല; ഞങ്ങളന്വേഷിക്കുന്നതു കിട്ടിയാൽ മതിയായിരുന്നു.
- മാർട്ടി:
- എനിയ്ക്കു സഹായിക്കുവാൻ കഴിയുന്ന വല്ലതുമാണോ?
- വലേറി:
- ആർക്കറിയാം? നിങ്ങൾക്കു കഴിയുമായിരിക്കും. ഞങ്ങൾ ഒരു സമർത്ഥനായ ഡോക്ടർ അന്വേഷിച്ചു നടക്കയാണു്. ഞങ്ങളുടെ ഏമാന്റെ മകൾക്കാണു് സുഖക്കേടു്. കാരണം എന്താണെന്നു് കണ്ടെത്തിയിട്ടില്ല. പക്ഷേ, കൊച്ചമ്മ പെട്ടെന്നു ഊമയായിപ്പോയി. യാതൊന്നും മിണ്ടുന്നില്ല. ഈ രോഗം ചികിത്സിക്കുവാൻ കഴിയുന്ന ഒരാളെയാണു് ഞങ്ങൾ തേടുന്നതു്. പല ഡോക്ടർമാരും പഠിച്ചു് പണിയെല്ലാം നോക്കിയിട്ടും യാതൊരു ഫലവുമില്ല. ചില സ്ഥലങ്ങളിൽ അത്ഭുതകരമായ ചില രഹസ്യങ്ങൾ — ചില ഒറ്റമൂലികൾ — കൈവശമുള്ള ചില ആളുകളുണ്ടു്. മറ്റുള്ളവർ ഒക്കെയൊഴിഞ്ഞതു് അവർ ചികീത്സിച്ചു സുഖപ്പെടുത്തും അങ്ങനെയൊരാളെയാണു് ഞങ്ങൾക്കു് കിട്ടേണ്ടതു്.
- മാർട്ടി
- (സ്വാഗതം) ഹ! കിട്ടിപ്പോയി! അതുതന്നെവേല! എന്റെ ആ ദുഷ്ടനെ നല്ലപാഠം പഠിപ്പിക്കുവാൻ ഇതാണവസരം (ഉറക്കെ) നിങ്ങളെന്നെ കണ്ടതുനന്നായി ഇവിടെ അടുത്തുതന്നെ അസാമാന്യ സാമർത്ഥ്യമുള്ള ഒരു ഡോകടറുണ്ടു്. അസാദ്ധ്യമെന്നു തള്ളപ്പെട്ട പല രോഗങ്ങളും അയാൾ ചികീത്സിച്ചു സുഖപ്പെടുത്തിയിട്ടുണ്ടു്.
- വലേറി:
- അദ്ദേഹം എവിടെയാണെന്നു പറയുവാൻ ദയവുണ്ടാകുമോ!
- മാർട്ടി:
- പറയാം. ഈ നേരത്തു് അയാൾ അക്കാണുന്ന ചെറുകാട്ടിൽ വിറകുവെട്ടി രസിച്ചുകൊണ്ടിരിക്കുന്നതു കാണാം.
- ലൂക്കാ:
- എന്തു! ഒരു ഡോക്ടർ വിറകുവെട്ടുകയോ?
- വലേറി:
- മരുന്നുചെടികൾ അന്വേഷിയ്ക്കുന്നുവെന്നായിരിക്കാം നിങ്ങൾ പറയാനുദ്ദേശിച്ചതു്?
- മാർട്ടി:
- അല്ല. അയാൾ സാധാരണക്കാരെപ്പോലെയല്ല. അങ്ങനെയൊക്കെ ചെയ്യുന്നതു് അയാൾക്കിഷ്ടമാണു്. തലയ്ക്കു് നൊസ്സുണ്ടേന്നു തോന്നും അയാളുടെ പ്രവൃത്തികൾ കണ്ടാൽ. ആളെ കണ്ടാൽ ഡോക്ടറാണെന്നു് നിങ്ങൾ വിശ്വസിക്കുകയില്ല. ഉടുപ്പും മറ്റും കണ്ടാൽ വലിയ കോപ്രായമാണു്. ചിലപ്പോൾ ഒന്നും അറിഞ്ഞുകൂടെന്നു നടിക്കും. അയാളുടെ അറിവു അയാൾ മറച്ചുവയ്ക്കും. ഈശ്വരൻ അയാൾക്കു കൊടുത്ത ചികിത്സാ സാമർത്ഥ്യം കാണിക്കുവാനാണു് അയാൾക്കു ഏറ്റവുമധികം മടി.
- വാലേറി:
- വലിയ ആളുകൾക്കെല്ലാം ഈവക നൊസ്സുകാണും- — അവരുടെ അപായമായ ജ്ഞാനത്തിന്റെകൂടെ ഭ്രാന്തിന്റെ ഒരംശവും.
- മാർട്ടി:
- നിങ്ങൾ ഊഹിക്കുന്നതിനേക്കാളൊക്കെ വളരെ അധികമാണു് ഈ ഡോക്ടറുടെ ഭ്രാന്തു്. അയാൾ ഡോക്ടറാണെന്നു സമ്മതിയ്ക്കുവാൻ ചിലപ്പോൾ രണ്ടുകൊടുക്കേണ്ടതായിവരും. ഈ നൊസ്സു് അയാളെ പിടികൂടിയാൽ നിങ്ങളൊരു കാര്യം ചെയ്യണം ഓരോ വടിയെടുത്തു് കണക്കിനു അയാളെ പ്രഹരിക്കണം. അപ്പോൾ സമ്മതിച്ചേക്കാം, അയാൾ ഡോക്ടറാണെന്നു്. ഞങ്ങൾക്കു് അയാളുടെ സഹായം ആവശ്യമുള്ളപ്പോൾ ഞങ്ങൾ അങ്ങനെയാണു് ചെയ്യാറു്.
- വലേ:
- ഇതു വലിയ നേരംപോക്കാണല്ലൊ.
- മാർട്ടി:
- ശരിയാ; പക്ഷേ, ആ ഭ്രാന്തു മാറിക്കിട്ടിയാൽ, അയാളുടെ ചികിത്സ കണ്ടു് നിങ്ങൾ ഭ്രമിച്ചുപോകും.
- വലേ:
- ആളിന്റെ പേരെന്താണു്?
- മാർട്ടി:
- സ്യാനറൽ എന്നാണു്, അളെ തിരിച്ചറിയാൻ പ്രയാസമില്ല. അയാൾക്കു് കറുത്തുകൊഴുത്ത താടിയുണ്ടു്. ധരിച്ചിരിക്കുന്നതു് മഞ്ഞയും പച്ചയും ഇടകലർന്ന ഒരു കോട്ടാണു്.
- ലൂക്കാ:
- മഞ്ഞയും പച്ചയും ഇടകലർന്ന കോട്ടോ? എന്നാൽ തത്തയെ ചികിത്സിക്കുന്ന ഡോക്ടറായിരിക്കണം.
- വലേ:
- നിങ്ങൾ പറയുന്നത്ര സമർത്ഥനാണോ അയാൾ?
- മാർട്ടി:
- സംശയമുണ്ടോ? അയാൾ അത്ഭുതം പ്രവർത്തിയ്ക്കും. ആറുമാസത്തിനുമുമ്പു് എല്ലാ ഡോക്ടർമാരും കൈവെടിഞ്ഞ ഒരു സ്ത്രീയുണ്ടായിരുന്നു. ആറു മണിക്കൂർനേരത്തേയ്ക്കു് ആ സ്ത്രീ മരിച്ചുവെന്നുതന്നെ എല്ലാവരും വിചാരിച്ചു. അവളെ ശവപ്പെട്ടിയിലാക്കുവാൻ തുടങ്ങിയപ്പോഴാണു്, ഞാൻ പറഞ്ഞ ഡോക്ടറെ കൊണ്ടുവന്നതു്. അയാൾ അവളെ ഒന്നു നോക്കി. എന്തോ ഒരു സാധനം അവളുടെ വായിലിട്ടു. ആ നിമിഷത്തിൽ അവൾ എഴുന്നേറ്റു മുറിയിൽ അങ്ങുമിങ്ങും നടക്കാൻ തുടങ്ങി. അവൾക്കു് രോഗമുണ്ടായിരുന്ന കഥതന്നെ മറന്നതുപോലെ തോന്നി.
- ലൂക്കാ:
- ഹ!
- വലേ:
- തങ്കദ്രാവകത്തിന്റെ ഒരു തുള്ളിയായിരിയ്ക്കണം വായിലിട്ടതു്.
- മാർട്ടി:
- ആയിരിയ്ക്കാം. മൂന്നാഴ്ചക്കു മുമ്പാണു് പന്ത്രണ്ടുവയസ്സുള്ള ഒരു കുട്ടി പള്ളിയുടെ മണിമാളികയുടെ മുകളിൽ നിന്നു തെരുവിൽ വീണതു്. തലയും, കാലും, കൈയുമെല്ലാം തകർന്നു് നമ്മുടെ ആളെ പിടിച്ചുകൊണ്ടുവന്നു. അയാൾ എന്തോ കുഴമ്പുകൊണ്ടു് — അതു അയാൾ തന്നെ ഉണ്ടാക്കിയതാണു് — കുട്ടിയെ ആസകലം തടവി, കുറച്ചു കഴിഞ്ഞപ്പോൾ, കുട്ടി ചാടിയെണീറ്റു കളിയ്ക്കാനൊരോട്ടം കൊടുത്തു.
- ലൂക്ക:
- ഹാ!
- വലേ:
- ആ മനുഷ്യന്റെ കൈയിൽ സർവ്വ രോഗസംഹാരിയുണ്ടായിരിയ്ക്കണം.
- മാർട്ടി:
- സംശയമില്ല.
- ലൂക്ക:
- അയ്യയ്യ! നമുക്കു പറ്റിയ ആൾ അതുതന്നെ. വേഗം ചെന്നു അയാളെ വളരെ നന്ദി.
- മാർട്ടി:
- ഞാൻ പറഞ്ഞതു് ഓർമ്മയുണ്ടല്ലോ — തല്ലിന്റെ കാര്യം?
- ലൂക്കാ:
- കൊള്ളാം! അതു ഞങ്ങളേറ്റു. കുറച്ചു പ്രഹരാദികഷായം മാത്രമേ വേണ്ടുവെങ്കിൽ. ആളെ കൈയിൽ കിട്ടിയതുതന്നെ.
- വലേ:
- (ലൂക്കാസിനോടു്) ആ സ്ത്രീയെ കണ്ടുമുട്ടിയതു എന്തു ഭാഗ്യമായി! ഇനി കാര്യം പറ്റിയതുതന്നെ. (മാർട്ടി പോകുന്നു)

യൂറോപ്യൻ നാടകവേദിയിലെ ആധുനിക കാലഘട്ടത്തിനു് തുടക്കം കുറിച്ച പ്രശസ്ത ഫ്രഞ്ച് നാടകകൃത്താണു് മോളിയേ എന്ന സ്റ്റേജ് നാമത്തിൽ അറിയപ്പെട്ട ജീൻ-ബാപ്റ്റിസ്റ്റ് പോക്വെലിൻ (15 ജനുവരി 1622–17 ഫെബ്രുവരി 1673). ഒരു ഫ്രഞ്ചു നാടകകൃത്തും നടനും ആയിരുന്നു. പ്രഹസനരൂപത്തിലുള്ള ഗദ്യനാടകത്തിന്റെ വിശിഷ്ട മാതൃകകളാണു് അദ്ദേഹത്തിന്റെ രചനകൾ. മനുഷ്യസഹജമായ ദൌർബല്യങ്ങൾ, സാധാരണക്കാരായ മിക്ക മനുഷ്യരുടെയും പെരുമാറ്റത്തിലെ അനാശാസ്യത, പല മനുഷ്യരും പ്രകടിപ്പിക്കാറുള്ള സ്വഭാവവൈകൃതങ്ങൾ തുടങ്ങിയവ അവിസ്മരണീയമായ രീതിയിൽ ചിത്രീകരിക്കുന്നവയാണു് അദ്ദേഹത്തിന്റെ പ്രഹസനങ്ങൾ.
പ്രാചീന ഗ്രീസിലെ കോമഡികളിൽ നിന്നു് വ്യത്യസ്തമായ ഒരു ഹാസ്യനാടകരൂപം അവതരിപ്പിക്കുന്നതിൽ മോളിയേ തികച്ചും വിജയിച്ചു. ഇതിനുപുറമേ മറ്റൊരു പ്രാധാന്യം കൂടി മോളിയേറുടെ നാടകങ്ങൾക്കുണ്ടു്. അദ്ദേഹത്തിന്റെ കാലഘട്ടത്തിനുമുമ്പുണ്ടായ നാടകങ്ങളിൽ ഭൂരിപക്ഷവും പദ്യരൂപത്തിലുള്ളവയായിരുന്നു. ഗദ്യനാടകത്തിനു് രംഗവേദിയിൽ വിജയിക്കാൻ കഴിയുമെന്നു് മോളിയേറുടെ നാടകങ്ങൾ തെളിയിച്ചു. ഉള്ളടക്കത്തിലും രൂപത്തിലും അദ്ദേഹത്തിന്റെ നാടകങ്ങൾക്കുള്ള സവിശേഷതകൾ മൂലം ലോകത്തിലെ പലഭാഷകളിലും ഇത്തരം ഫാഴ്സുകൾ (പ്രഹസനങ്ങൾ) രചിക്കപ്പെടാൻ ഇടയായി. പാശ്ചാത്യസാഹിത്യത്തിലെ ഏറ്റവും പ്രഗല്ഭനായ ഹാസ്യനാടകകൃത്തായി അദ്ദേഹം കണക്കാക്കപ്പെടുന്നു.

എം. പി. പോൾ (മേയ് 1, 1904–ജൂലൈ 12, 1952) മലയാളത്തിലെ ശ്രദ്ധേയനായ സാഹിത്യ വിമർശകനായിരുന്നു. മലയാളത്തിൽ പുരോഗമന സാഹിത്യ പ്രസ്ഥാനത്തിനു തുടക്കം കുറിക്കുന്നതിൽ മഹത്തായ പങ്കുവഹിച്ചു. എഴുത്തുകാർക്കു് അർഹമായ പ്രതിഫലം ലഭിക്കാതിരുന്ന കാലത്തു് സാഹിത്യകാരന്മാർക്കായി സാഹിത്യ പ്രവർത്തക സഹകരണം സംഘം രൂപവത്കരിക്കുന്നതിനു മുൻകൈയ്യെടുത്തു. സംഘത്തിന്റെ ആദ്യ പ്രസിഡണ്ടുമായിരുന്നു അദ്ദേഹം.
1904-ൽ എറണാകുളം ജില്ലയിലെ പുത്തൻപള്ളിയാണു പോളിന്റെ ജന്മദേശം.
കോളജ് അദ്ധ്യാപകൻ എന്ന നിലയിലും പേരെടുത്തിരുന്നു എം. പി. പോൾ. “എം. പി. പോൾസ് ട്യൂട്ടോറിയൽ കോളജ്” എന്ന പേരിൽ സമാന്തര വിദ്യാഭ്യാസ സ്ഥാപനം നടത്തി. കേരളത്തിൽ ഏറ്റവും ശ്രദ്ധനേടിയ സമാന്തര വിദ്യാഭ്യാസ സംരംഭമായിരുന്നു അതു്.
നവകേരളം എന്ന പേരിൽ ആഴ്ചപ്പതിപ്പും ചെറുപുഷ്പം എന്ന പേരിൽ മാസികയും പ്രസിദ്ധീകരിച്ചിരുന്നു. കേരളാ പുരോഗമന സാഹിത്യ സംഘടനയുടെ അധ്യക്ഷനായി കുറച്ചുകാലം പ്രവർത്തിച്ചെങ്കിലും അഭിപ്രായ വ്യത്യാസങ്ങളെത്തുടർന്നു് പിന്നീടു് സംഘടനയിൽ നിന്നും അകലം പാലിച്ചു.
മലയാള സാഹിത്യ വിമർശനത്തിനു് ആധുനിക പരിപ്രേക്ഷ്യം നൽകിയതു് പോളായിരുന്നു. വിശ്വസാഹിത്യത്തിൽ അഗാധമായ അറിവുണ്ടായിരുന്ന അദ്ദേഹം പാശ്ചാത്യ സാഹിത്യ വിമർശന ശൈലികൾ മലയാളത്തിലേക്കും പറിച്ചുനട്ടു. പ്രൌഢവും സരസവുമായ ഗദ്യശൈലിക്കുടമയായിരുന്നു പോൾ. ഇംഗ്ലീഷ് അദ്ധ്യാപകനായിരുന്ന അദ്ദേഹം ഇംഗ്ലീഷ്-മലയാളം നിഘണ്ടുവിനു രൂപം നൽകാൻ ശ്രമിച്ചെങ്കിലും അതിനു മുൻപു മരണമടഞ്ഞു.
- നോവൽ സാഹിത്യം
- ചെറുകഥാ പ്രസ്ഥാനം
- സാഹിത്യ വിചാരം
- സൗന്ദര്യ നിരീക്ഷണം
- കാവ്യദർശനം
(ചിത്രത്തിനും വിവരങ്ങൾക്കും വിക്കിപ്പീഡിയയോടു് കടപ്പാടു്.)