ഇതു് എഴുതുമ്പോഴേക്കും ഒന്നര ലക്ഷത്തോളം പേരെ കോവിഡ് കൊണ്ടുപോയിക്കഴിഞ്ഞു. ഏറ്റവും പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ എണ്ണം ആറു ലക്ഷമെങ്കിലുമുണ്ടാകും. ഒരു ദിവസം ഒരു പനി, അല്ലെങ്കിൽ ഒരു ശരീരവേദന; ഒരു ചുമ. അടുത്ത ദിവസം ഒരു ആംബുലൻസ് ആ വ്യക്തിയെ കൊണ്ടുപോകുന്നു. പ്രിയപ്പെട്ടവനെ അല്ലെങ്കിൽ പ്രിയപ്പെട്ടവളെ പിന്നീടൊരു നോക്കു് കാണുന്നില്ല. നേരിട്ടു് കാണാൻ കഴിയുന്നവർക്കു് ആകെ പൊതിഞ്ഞു മൂടിയ ശരീരത്തിൽ നിന്നു് ഒരു സിപ് മാറ്റിയെങ്കിലായി. ഈ പൊതിഞ്ഞു മൂടിയ ശരീരം കാണുമ്പോഴും ഒന്നു കെട്ടിപ്പിടിച്ചു് നെറ്റിയിലൊരുമ്മ കൊടുത്തു് യാത്രപറയാനുള്ള അവസരം പോലും നിഷേധിക്കപ്പെടുന്നു.
പുറത്തിറങ്ങി രോഗം വരുത്തിവച്ച പരേതനോടുള്ള കോപത്തോടൊപ്പം, തനിക്കാവുന്നതു് താൻ ചെയ്തില്ല എന്ന കുറ്റബോധം വളരെയധികമാവും. ഉദാഹരണത്തിനു് എനിക്കു് കതകു പൂട്ടിയിടാമായിരുന്നു; താക്കോൽ ഒളിപ്പിക്കാമായിരുന്നു, എന്നൊക്കെ തോന്നിയേക്കാം. സ്വയം മുറിവേൽപ്പിച്ചുകൊണ്ടിരുന്നേക്കാം.
മരണം ജീവിതത്തിന്റെ ഭാഗമാണു്. എല്ലാവരും മരിക്കും. പെട്ടെന്നു് മരണം ഉണ്ടാകുന്ന പത്തോ പതിനഞ്ചോ ശതമാനം ആളുകളൊഴിച്ചാൽ ബാക്കിയെല്ലാവർക്കും കുറേ നാൾ നീണ്ടു നിൽക്കുന്ന രോഗം ഉണ്ടായിരുന്നിരിക്കും. അവരും കുടുംബവും രോഗ സംബന്ധമായ ബുദ്ധിമുട്ടുകളിൽക്കൂടിയൊക്കെ സഞ്ചരിക്കുന്നുണ്ടായിരിക്കും. എങ്കിലും അവസാനം പോകുമ്പോഴേയ്ക്കു്, ഉറ്റവർക്കു് യാഥാർത്ഥ്യവുമായി പൊരുത്തപ്പെടാൻ ഒരവസരമുണ്ടായിക്കഴിയും. തീവ്രദുഃഖം എന്നാലുമുണ്ടു്. എങ്കിലും കുറേനാളത്തെ അനുഭവങ്ങൾ മനസ്സിനെ ഒരല്പമെങ്കിലും പാകപ്പെടുത്തിയിട്ടുണ്ടാവും. മുറിവു് ഒരിക്കലും പരിപൂർണ്ണമായി ഉണങ്ങുന്നുണ്ടാവില്ല. പക്ഷേ, എങ്ങിനെയെങ്കിലുമൊക്കെ കുറച്ചു ദിവസം കഴിഞ്ഞാലെങ്കിലും ഒന്നു ഉറങ്ങാൻ കഴിയുന്നു. കുറച്ചു് മാസങ്ങൾ കഴിഞ്ഞാണെങ്കിലും പഴയ അവസ്ഥ ഒരിക്കലും തിരിച്ചു കിട്ടിയില്ലെങ്കിലും സാവകാശം ജീവിതം മുന്നോട്ടു കൊണ്ടുപോകാനാകുന്നു.
മേൽപ്പറഞ്ഞ ആറു ലക്ഷം പേർക്കു് ഈ പൊരുത്തപ്പെടലിനു് അവസരമുണ്ടായിട്ടില്ല എന്നോർക്കുക.
ഇതു വായിക്കുന്നവരിൽ എന്നെങ്കിലും ഉറ്റപ്പെട്ടവരെ നഷ്ടപ്പെട്ട പലരുമുണ്ടാകും. അല്ലാത്തവരും എന്തെങ്കിലുമൊക്കെ എപ്പോഴെങ്കിലും നഷ്ടപ്പെട്ടവരാകും. കുറഞ്ഞപക്ഷം ഒരു പഴ്സ്; ഒരു ക്രെഡിറ്റ് കാർഡ് അങ്ങനെ. നഷ്ടപ്പെട്ടതെന്തായാലും, അതു് കാര്യമായ ഒരു നഷ്ടമായിരുന്നെങ്കിൽ നിങ്ങളുടെ മനസ്സു് ഞാനീ പറയാൻ പോകുന്ന വഴികളിലൂടെയൊക്കെ സഞ്ചരിച്ചിരുന്നോ എന്നു ആലോചിച്ചു നോക്കൂ.
ശ്ശെ, അതു് നഷ്ടപ്പെട്ടിരിക്കില്ല. അതു് എവിടെയെങ്കിലുമുണ്ടാകും എന്നൊരു തോന്നൽ. പഴ്സാണെങ്കിൽ ഓരോ പോക്കറ്റും മാറി മാറി നോക്കുന്നു. ഉറ്റവരെയാണു് നഷ്ടപ്പെട്ടതെങ്കിൽ വിശ്വാസം വരാതെ ഇടയ്ക്കിടയ്ക്കു് വീണ്ടും തിരിഞ്ഞും മറിഞ്ഞും നോക്കുന്നു. കട്ടിലിൽ പോയി ഒന്നു കൂടെ നോക്കുന്നു. രാത്രിയുടെ ഏതെങ്കിലും യാമത്തിൽ പോയ ആളിന്റെ രൂപം ദൃശ്യമാകുന്നു.
വിധിയോടോ മരണത്തോടോ ദൈവത്തോടോ ഒക്കെയാകാം കോപം. പക്ഷേ, അവരെയൊന്നും മുമ്പിൽ കിട്ടുന്നില്ലല്ലോ. ഉള്ളിൽ തിളച്ചുമറിയുന്ന കോപം പ്രകടിപ്പിക്കുന്നതു് ചുറ്റുമുള്ളവരോടായിരിക്കാം. കളിക്കുന്ന കുട്ടികളോടായിരിക്കും ഒരിക്കലും ഉയർത്തിയിട്ടില്ലാത്തത്ര ശബ്ദത്തിൽ രോഷാകുലരാകുന്നതു്. ന്യൂസ് കേൾക്കാൻ റേഡിയോയോ ടെലിവിഷനോ ഓൺ ചെയ്യുമ്പോഴോ വിവരമറിയാൻ വിളിക്കുന്ന ഒരു സുഹൃത്തിനോടോ ഒക്കെയാവാം രോഷം പ്രകടമാകുന്നതു്. കുറേയധികം അവനവനോടും. തികച്ചും ക്രൂരമായ വിധത്തിൽ ഇതേ രോഷം മരിച്ചവരോടുമാകാം, കോവിഡിന്റെ കാര്യത്തിൽ, പ്രത്യേകിച്ചും. വിദ്യാഭ്യാസമുണ്ടല്ലോ; സൂക്ഷിക്കാനുള്ളതു് സൂക്ഷിക്കാമായിരുന്നല്ലോ; എന്തിനു പുറത്തുപോയി എത്ര പ്രാവശ്യം ഞാൻ പറഞ്ഞതാ? ഇങ്ങനെ കുറേ കുറ്റപ്പെടുത്തലുകൾ.
രോഗി മരണപ്പെടുന്നതിനു മുൻപാണെങ്കിൽ മറ്റു ചികിത്സാമാർഗ്ഗങ്ങൾ തേടിക്കൊണ്ടേയിരിക്കുക; ദൈവത്തിനു് കാണിക്കയും മറ്റും കൊടുത്തു നോക്കുക; പല തരം ചികിത്സാവിധികൾ—ചിലപ്പോൾ അലോപ്പതിയും ആയുർവേദവും ഹോമിയോപ്പതിയും ഒന്നിച്ചൊക്കെ—പരീക്ഷിക്കുക ഇതൊക്കെ സംഭവിക്കാം. മരണം കഴിഞ്ഞാണെങ്കിൽ വിലപേശാൻ പിന്നെ ദൈവത്തോടു കൂടി മാത്രമേ ബാക്കിയുള്ളൂ. “ദൈവമേ, ഇതൊക്കെ ഒരു സ്വപ്നമായിരിക്കണേ. രാവിലെ കണ്ണു തുറക്കുമ്പോൾ അദ്ദേഹം അടുത്തുണ്ടാവണേ” എന്ന മട്ടിൽ.
എന്തെങ്കിലും ദുഃഖമുണ്ടായാൽ സങ്കടപ്പെടാതിരിക്കുന്നവരുണ്ടാകുമോ? ഇവിടെ സാധാരണയിൽ എത്രയോ മടങ്ങാണു് വിഷാദം. ഇതു് ഉറക്കവും ഭക്ഷണവും നഷ്ടപ്പെടാൻ കാരണമാക്കുന്നു. അത്യാവശ്യ കാര്യങ്ങൾക്കു പോലും ശ്രദ്ധകൊടുക്കാൻ വയ്യാതെയാകുന്നു. ചിലർക്കെങ്കിലും ഈ സ്ഥിതി വിഷാദരോഗം എന്ന ഒരു രോഗാവസ്ഥയിലേയ്ക്കു് പോകുന്നു.
വിഷാദരോഗം (depressive illness).
കോവിഡ് പോലെയുള്ള വല്ലാതെ മുറിവേൽപ്പിക്കുന്ന പെട്ടെന്നുള്ള മരണങ്ങളിൽ ഇതിനു സാധ്യത വളരെ കൂടുതലാണു് എന്നു് ഓർക്കുക. വിഷമിക്കണ്ട; സാരമില്ല; എന്നൊക്കെ പറയുമ്പോൾ കോപവും വിഷാദവും കൂടുകയേ ഉള്ളൂ.
ശരി; അങ്ങനെയെങ്കിൽ അങ്ങനെ, എന്ന മട്ടിൽ ഇനിയെന്തു ചെയ്യാനാകും എന്ന ചിന്തയിലേക്കു് മനസ്സെത്തുമ്പോൾ ദുഃഖത്തോടെയെങ്കിലും ജീവിതത്തിലേക്കു് മടങ്ങിത്തുടങ്ങാൻ ആകുന്നു.
ദുഃഖത്തോടു് മനസ്സു് പ്രതികരിക്കുന്ന ഈ അഞ്ചുപടികൾ വിവരിച്ചതു് 2005-ൽ ദിവംഗതയായ എലിസബത്ത് കുബ്ലെർ റോസ് എന്ന അമേരിക്കൻ മാനസിക രോഗവിദഗ്ദ്ധയാണു്. അവർ തന്നെ എടുത്തു പറഞ്ഞിട്ടുള്ള കാര്യം, ഇവ ഇതേ മട്ടിൽ എല്ലാവർക്കും പടിപടിയായി സംഭവിക്കണമെന്നില്ല എന്നതാണു്. ഇതിനു പകരം പല മട്ടിലാകാം ഓരോന്നും വന്നു പോകുന്നതു്.
‘ശ്വാസം വായുവാകുമ്പോൾ’ (When Breath Becomes Air) എന്ന മഹതു് ഗ്രന്ഥം എഴുതിയ ദിവംഗതനായ ഡോ. പോൾ കലാനിധി പറഞ്ഞതു്, അദ്ദേഹം കാൻസർ വന്നപ്പോൾ ഈ പടികളിൽ കൂടിയൊക്കെ സഞ്ചരിച്ചു; പക്ഷേ, മേല്പറഞ്ഞ പടികൾ ഒന്നു്, രണ്ടു്, മൂന്നു് എന്ന മട്ടിലായിരുന്നില്ല; പകരം നേരെ തലകീഴായിട്ടായിരുന്നു. ആദ്യം മനസ്സിനങ്ങനെ സ്വീകരിക്കാൻ പറ്റി. പിന്നീടാണു് വിഷാദം ഉണ്ടായതു്, അങ്ങനെയങ്ങനെ.
ഒരിക്കൽ അംഗീകാരത്തിൽ മനസ്സെത്തിയാലും അവിടെത്തന്നെ നിന്നുകൊള്ളണമെന്നുമില്ല. പിറ്റേ ദിവസം കോപത്തിലേയ്ക്കും അതിനടുത്ത ദിവസം നിരാസത്തിലേയ്ക്കും സഞ്ചരിച്ചുകൂടെന്നില്ല.
തുറന്നു കാട്ടുന്ന വികാരങ്ങളെപ്പറ്റി ഒരു നീതിപാലകന്റെ മേലങ്കിയണിയാതെ, തെറ്റും ശരിയും എന്തു് എന്നു് തീരുമാനിക്കാനുള്ള ചുമതല ഏറ്റെടുക്കാതെ ഒരു സുഹൃത്തായി കേട്ടുകൊടുക്കുമ്പോൾ ഉള്ളിലെ ഭാരം കുറയും.
മാത്രമല്ല ഈ വികാരങ്ങൾ മാത്രമാവണമെന്നില്ല നമ്മുടെ മനസ്സിൽ ഉണ്ടാവുന്നതു്. വളരെയധികം സാധാരണമായുള്ള മറ്റു പലതുമുണ്ടു്. ഒരുദാഹരണം കുറ്റബോധം: പുറത്തിറങ്ങി രോഗം വരുത്തിവച്ച പരേതനോടുള്ള കോപത്തോടൊപ്പം, തനിക്കാവുന്നതു് താൻ ചെയ്തില്ല എന്ന കുറ്റബോധം വളരെയധികമാവും. ഉദാഹരണത്തിനു് എനിക്കു് കതകു പൂട്ടിയിടാമായിരുന്നു; താക്കോൽ ഒളിപ്പിക്കാമായിരുന്നു, എന്നൊക്കെ തോന്നിയേക്കാം. സ്വയം മുറിവേൽപ്പിച്ചുകൊണ്ടിരുന്നേക്കാം.
ഉള്ളിൽ നീറുന്ന പ്രശ്നങ്ങൾ കനലായി വ്യക്തി എരിഞ്ഞു തീരാതിരിക്കണമെങ്കിൽ കുറഞ്ഞ പക്ഷം വികാരങ്ങൾ മറ്റുള്ളവരുമായി പങ്കു വയ്ക്കാൻ സാധിക്കണം. ഉള്ളിൽ കുത്തിനിറച്ചു് സമ്മർദ്ദം സഹിക്കാനാവാത്ത വികാരങ്ങൾ പങ്കുവച്ചില്ലെങ്കിൽ ഉണ്ടാവുക പൊട്ടിത്തെറിയാണു്. ഇതു് ഏതെങ്കിലും നിസ്സാര കാര്യത്തിനു് മറ്റുള്ളവരോടു് കോപിക്കലാവാം. തിരിച്ചെടുക്കാൻ കഴിയാത്ത വാക്കുകൾ ഉണങ്ങാത്ത മുറിവുകൾ ഉണ്ടാക്കിയേക്കാം. ഇല്ലെങ്കിൽ സ്വയം നശിപ്പിക്കാനുള്ള പ്രവണതയാവാം അനന്തരഫലം.
ഒരു കുഴപ്പം, ഉള്ളിൽ തിളച്ചുമറിയുന്നതു് പങ്കുവയ്ക്കാൻ വ്യക്തി ശ്രമിച്ചാൽ നിരുത്സാഹപ്പെടുത്തുന്നവരാവും കൂടുതൽ. “ചേച്ചി അതൊക്കെ ആലോചിച്ചെന്തിനാ തല പുണ്ണാക്കുന്നതു? കഴിഞ്ഞതു കഴിഞ്ഞില്ലേ?” എന്നോ “ചേട്ടൻ മനസ്സിനെ ശക്തിപ്പെടുത്തണം. ദൈവത്തിനോടു പ്രാർത്ഥിക്കൂ” എന്നോ ഉള്ള ലളിതവൽക്കരിച്ച പരിഹാരങ്ങൾ നിർദ്ദേശിക്കുമ്പോൾ സംഭാഷണത്തിനു് വഴി അടയുകയാണു്. ഈ പറഞ്ഞ പരിഹാരങ്ങളൊന്നും വ്യക്തിക്കു് അറിയാത്തതല്ല എന്നു തിരിച്ചറിഞ്ഞു് സംഭാഷണം തുടരാനുള്ള അവസരമൊരുക്കുകയാണു് വേണ്ടതു്.
“ചേച്ചിക്കു് വിഷമം സഹിക്കുന്നുണ്ടാവില്ല അല്ലേ?” “ചേട്ടനെ ഏറ്റവും ബുദ്ധിമുട്ടിക്കുന്ന ചിന്ത എന്താണു് എന്നു് എന്നോടു പറയൂ,” എന്നോ ആണു് നാം പ്രതികരിക്കുന്നതെങ്കിൽ ഉള്ളുതുറക്കാൻ അവസരമാകും. തുറന്നു കാട്ടുന്ന വികാരങ്ങളെപ്പറ്റി ഒരു നീതിപാലകന്റെ മേലങ്കിയണിയാതെ, തെറ്റും ശരിയും എന്തു് എന്നു് തീരുമാനിക്കാനുള്ള ചുമതല ഏറ്റെടുക്കാതെ ഒരു സുഹൃത്തായി കേട്ടുകൊടുക്കുമ്പോൾ ഉള്ളിലെ ഭാരം കുറയും. “എന്നിട്ടു്?” “അപ്പോഴെന്തു തോന്നി?” എന്ന മട്ടിൽ കൂടുതൽ സംസാരിക്കാൻ പ്രോത്സാഹിപ്പിക്കുന്ന വാക്കുകൾ വളരെ പ്രയോജനം ചെയ്യും. പരിഹാരങ്ങൾ നിർദ്ദേശിക്കാൻ ശ്രോതാവു് കൂടുതൽ ശ്രമിക്കാതിരിക്കുന്നതാണു് നല്ലതു്. ഒക്കെ കേട്ടുകഴിയുമ്പോൾ “നിങ്ങളോടു പറഞ്ഞപ്പോൾ എന്തോ ഒരാശ്വാസം തോന്നുന്നു” എന്ന മട്ടിൽ ഒരു വാചകം ആശ്വാസത്തെ കാണിക്കുന്നു എന്നു് എടുത്തു പറയേണ്ടല്ലോ? “ഞാനിടയ്ക്കു വരട്ടെ?” എന്നോ “ഏതു സമയം വന്നാലാണു് ചേട്ടനു് ഇതുപോലെ ഒന്നിരിക്കാൻ ഏറ്റവും പറ്റിയതു്?” എന്നോ ചോദിച്ചു് വീണ്ടും കൂട്ടുകൊടുക്കാൻ താൻ കൂടെയുണ്ടാകുമെന്ന സന്ദേശം വളരെയധികം ആശ്വാസം പകർന്നേക്കും. “ഒരാളെങ്കിലും എന്റെ മനസ്സറിയുന്നല്ലോ” എന്ന ചിന്ത വളരെയധികം ആശ്വാസം നൽകും.
കഴിയുമെങ്കിൽ, കഴിയുമെങ്കിൽ മാത്രം, സ്വന്തം സമയം നൽകാമെന്നേൽക്കുക. അപ്പോഴത്തെ ഉത്സാഹത്തിനു് ഞാൻ നാളെ വീണ്ടും വരാം എന്നു പറഞ്ഞാൽ ആ വ്യക്തി ആകാംക്ഷയോടെ നോക്കിയിരിക്കുന്നുണ്ടാകും. “ആരോ ഒരാൾ എനിക്കുണ്ടു്” എന്ന ചിന്തയിൽ നിന്നു് “ആർക്കും, അവർക്കും, ഞാനൊരു ഭാരം മാത്രമാണു്. ഞാൻ ജീവിച്ചിരുന്നിട്ടു് ആർക്കു് എന്തു് കാര്യം?” എന്ന മട്ടിലേക്കു് ചിന്ത പോകും. ചെയ്യാനാവുന്നതു മാത്രം ഏൽക്കുക. അടുത്ത ദിവസം വരാമെന്നുറപ്പില്ലെങ്കിൽ “സമയം കിട്ടുമെങ്കിൽ ഞാൻ നാളെ വിളിച്ചിട്ടു് വരാം; ഇല്ലെങ്കിൽ അടുത്ത ആഴ്ച തീർച്ചയായും കാണാം” എന്നു പറയുന്നതായിരിക്കും നല്ലതു്.
ഒന്നോർക്കേണ്ടതു്, പരിഹാരങ്ങൾ പറയാതെ സംഭാഷണം അവസാനിപ്പിക്കാൻ നമുക്കു മടിയായിരിക്കും എന്നു സ്വയം തിരിച്ചറിയണം. പരിഹാരങ്ങൾ വ്യക്തിയുടെ ഉള്ളിൽ സ്വയം ഉണ്ടാകേണ്ടതായിരിക്കും മിക്കവാറും.
ഇതൊക്കെ പറയാൻ എളുപ്പം. പക്ഷേ, ഒരു വ്യക്തി മുമ്പിൽ കരഞ്ഞുകൊണ്ടിരിക്കുമ്പോൾ ഈ പറഞ്ഞ തത്വമൊന്നും പ്രയോജനത്തിൽ വരണമെന്നില്ല. എങ്കിൽ ഒരല്പം വിദഗ്ദ്ധ സേവനം തേടാം. “എനിക്കു് മരിച്ചാൽ മതി എന്ന ചിന്ത വീണ്ടും വീണ്ടും വരുന്നു” എന്നോ “എന്റെ മനസ്സിനെ നിയന്ത്രിക്കാൻ എനിക്കു് പറ്റുന്നേയില്ല” എന്നോ വ്യക്തി പറയുന്ന അവസ്ഥയിൽ ഒരു വിദഗ്ദ്ധ കൗൺസലിംഗ് കിട്ടുന്നതു് നന്നായിരിക്കും.
പരിഹാരങ്ങൾ പറയാതെ സംഭാഷണം അവസാനിപ്പിക്കാൻ നമുക്കു മടിയായിരിക്കും എന്നു സ്വയം തിരിച്ചറിയണം. പരിഹാരങ്ങൾ വ്യക്തിയുടെ ഉള്ളിൽ സ്വയം ഉണ്ടാകേണ്ടതായിരിക്കും മിക്കവാറും.
ഒരു സൗജന്യ സേവനം ഇപ്പോൾ ലഭ്യമാണു്. മലയാളമുൾപ്പെടെ എട്ടു ഭാഷകളിൽ ഇന്ത്യയിലുള്ള ഏവർക്കും “സുഖ്-ദുഃഖ് ഹെൽപ്പ് ലൈനി”ൽ വിളിക്കാം. ഫോണെടുക്കുന്നയാൾ വളരെ കുറച്ചു വിവരങ്ങൾ ചോദിച്ചറിഞ്ഞു് ഒരു കൗൺസിലറുമായി ബന്ധപ്പെടുത്തും. മുൻകൂട്ടി സമയം നിശ്ചയിച്ചു് കൗൺസിലറുമായി സമയം ചെലവഴിക്കാം. നാം വിചാരിക്കുന്നതിലേറെ ഇതുകൊണ്ടു പ്രയോജനം കിട്ടും എന്നു് പറഞ്ഞു മനസിലാക്കാം.
ഇതു വായിക്കുന്ന ഓരോരുത്തരോടും ഒരപേക്ഷയാണു്. ഇത്തരം ദുഃഖത്തിലാണ്ട ആളിനു് ഇതുപോലൊരു ലേഖനം വായിക്കാനുള്ള മാനസികാവസ്ഥ ഉണ്ടായെന്നു വരില്ല. ഉറ്റവരെ നഷ്ടപ്പെട്ട ആർക്കെങ്കിലും ആവശ്യമെന്നുണ്ടെങ്കിൽ ഈ ഹെൽപ്പ് ലൈനുമായി ബന്ധപ്പെടുത്തിക്കൊടുക്കൂ. അവിടെ ഒരു സഹായിയുടെ ആവശ്യം ഉണ്ടായിരിക്കാം. ഒന്നു് ഫോൺ ഡയൽ ചെയ്തു തരട്ടെ എന്നു ചോദിക്കുന്നതു പോലും പ്രയോജനപ്പെട്ടേക്കാം.
(സുഖ്-ദുഃഖ് ഹെൽപ്പ് ലൈനിൽ വിളിക്കേണ്ട നമ്പർ: +91 870 744 7046.)
തിരുവനന്തപുരത്തു പ്രവർത്തിക്കുന്ന ട്രിവാൻഡ്രം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് സയൻസസിന്റെ ഡയറക്ടറും പാലിയം ഇന്ത്യ ട്രസ്റ്റിന്റെ സ്ഥാപക ചെയർമാനുമാണു് ഡോ. എം. ആർ. രാജഗോപാൽ. ഡോ. രാജഗോപാലും പാലിയം ഇന്ത്യയും ദേശീയതലത്തിലും അന്താരാഷ്ട്ര തലത്തിലും പാലിയേറ്റീവ് കെയറിലെ പ്രമുഖ സ്ഥാപനങ്ങളുമായി സഹകരിച്ചു പ്രവർത്തിക്കുന്നു.