മലയാള കവിതാചരിത്രത്തിന്റെ ശ്രദ്ധേയമായ ഘട്ടങ്ങളിൽ അപൂർവ്വമായ ചൈതന്യം പ്രസരിപ്പിച്ചുകൊണ്ടു് തലയുയർത്തി നില്ക്കുന്ന ചില കാവ്യങ്ങൾക്കു് ഇതിവൃത്തമായി തീർന്നിരിക്കുന്നതു് രാമകഥയാണു്. ചീരാമകവിയുടെ ‘രാമചരിത’ ത്തെ (എ. ഡി. പന്ത്രണ്ടാംശതകത്തിന്റെ ഉത്തരാർദ്ധം) ചൂണ്ടിക്കാട്ടിപ്പറയാം മലയാളകവിത കണ്ണുതുറക്കുന്നതു് രാമകഥ കേട്ടുകൊണ്ടാണു് എന്നു്. ലീലാതിലകസൂത്രം നിർദ്ദേശിക്കുന്നവിധത്തിൽ പാട്ടുപ്രസ്ഥാനത്തിന്റെ ലക്ഷണം മുഴുവൻ ഒത്തിണങ്ങിയതായി കാണുന്ന ആദ്യത്തെ കൃതി എന്ന പ്രാധാന്യവും രാമചരിതത്തിനുണ്ടു്. ഈ പ്രസ്ഥാനത്തിന്റെ ഗതിപരിണാമത്തിന്റെ സുവ്യക്തമായ രണ്ടാംദശയെ കണ്ണശ്ശകൃതികൾ ആണല്ലോ പ്രതിനിധാനം ചെയ്യുന്നതു്. കണ്ണശ്ശദശയെ സംപുഷ്ടമാക്കിയ കവിത്രയത്തിൽ പ്രമുഖനായ രാമപ്പണിക്കരുടെ മികച്ച സംഭാവന രാമകഥാഖ്യാനമായ കണ്ണശ്ശരാമായണ മാണു്. (പതിനാറാം ശതകം) ഭാഷയുടെ പ്രാദേശികസ്വഭാവം ഉൾക്കൊള്ളുകവഴി കലർന്ന തമിഴ്പദങ്ങളുടെ ആധിക്യം കാരണം ദ്രാവിഡ സംസ്കാരപരിമളം പരത്തുന്നതാണു് രാമകഥപ്പാട്ടു് എന്ന ജനകീയ മഹാകാവ്യം. (പതിനഞ്ചാംശതകം) പ്രസ്തുതശതകത്തിൽ മറ്റൊരു സമ്പൂർണ്ണ രാമായണം കൂടി കൈരളിക്കു് ലഭിച്ചു: ഭാഷാ രാമായണം ചമ്പു. പതിമൂന്നാംശതകം മുതൽ പതിനഞ്ചാംശതകംവരെ നിലനിന്ന മണിപ്രവാള പ്രസ്ഥാനത്തിൽ ഉൾപ്പെട്ടതും സംസ്കൃതചമ്പുക്കളെ അനുസരിച്ചു് വളർന്നുവന്ന ഭാഷാചമ്പുക്കളിൽ ഏറ്റവും സ്ഥൂലവും ആയ ഭാഷാരാമായണം ചമ്പു കാവ്യചരിത്രത്തിൽ ശ്രദ്ധേയമായ സ്ഥാനം കരസ്ഥമാക്കുന്നു. പാട്ടു, മണിപ്രവാളം എന്നീ കൈവഴികളിലൂടെ ഒഴുകിയ മലയാളകവിത ഏകപ്രവാഹിയായി അലിഞ്ഞു ചേർന്ന ഘട്ടം സാക്ഷാൽക്കരിച്ച എഴുത്തച്ഛന്റെ കിളി ആദ്യമായി കളഗാനം ചെയ്തതു്, രാമകഥയാണു് (രാമായണം കിളിപ്പാട്ടു. കേരളത്തിന്റെ തനതുകലയായ കഥകളിയ്ക്കുള്ള പ്രഥമസാഹിത്യരൂപമായി ഭവിച്ച ‘രാമനാട്ടം’ (പതിനേഴാംശതകം) രാമകഥ എട്ടു ദിവസങ്ങളിൽ അഭിനയിക്കാൻവേണ്ടി രചിക്കപ്പെട്ടതാണു്. ദൃശ്യകലയേയും സാഹിത്യത്തേയും ജനകീയമാക്കി മാറ്റിയ കുഞ്ചൻനമ്പ്യാർ തന്റെ തുള്ളലുകൾ ചിലതിനു്—സീതാസ്വയംവരം, അഹല്യാമോക്ഷം, ലങ്കാമർദ്ദനം, രാവണോത്ഭവം, ഐരാവണവധം, കുംഭകർണ്ണവധം എന്നിവ—രാമകഥയാണു് ഇതിവൃത്തം. സംസ്കൃത മഹാകാവ്യങ്ങളുടെ ലക്ഷണം പിന്തുടർന്നു ഭാഷയിൽ നിർമ്മിക്കപ്പെട്ട ആദ്യത്തെ മഹാകാവ്യമായ രാമചന്ദ്രവിലാസ (1908) ത്തിൽ രാമകഥ ആഖ്യാനം ചെയ്യപ്പെടുന്നു. ഇരുപതാം ശതകത്തിന്റെ ഉദയത്തിൽ മലയാള കവിതയെ ഒരു കാൽപനികപ്പുലരിയിൽ കുളിപ്പിച്ച കുമാരനാശാൻ പൗരാണിക-ഹൈന്ദവേതിവൃത്തം സ്വീകരിച്ചു് രചിച്ച ഉദാത്ത ഭാവനയാർന്ന ഏകകൃതി ‘ചിന്താവിഷ്ടയായ സീത’(1919)യാണു്.[1] ഇങ്ങനെ, പ്രസ്ഥാനങ്ങളിലൂടെ വളർന്നുവന്ന മലയാള കവിതയിലെ ഓരോ പ്രസ്ഥാനത്തിലും മുഖ്യകൃതിയായി ഉയർന്നുനില്ക്കുന്നതും കാലിക കവിതാപ്രവണതകൾ സമഗ്രമായി പ്രതിഫലിപ്പിക്കുന്നതുമായ കാവ്യങ്ങൾ രാമകഥ കൈകാര്യം ചെയ്യുന്നവയാണു് എന്നു് കാണാം. കേരളത്തിന്റെ കവനപ്രതിഭകളെ രാമകഥ എക്കാലത്തും സവിശേഷമായി ആകർഷിച്ചുപോന്നിട്ടുണ്ടു് എന്നു് ഈ നിരീക്ഷണം വ്യക്തമാക്കിത്തരുന്നു.
ആദികാവ്യമായാലും അല്ലെങ്കിലും വാല്മീകിരാമായണം മർത്ത്യ മഹിമയുടെ മധുരോദാരമായ സങ്കീർത്തനമന്ത്രം മുഴങ്ങുന്ന കാവ്യമാണു്. പിതൃഭക്തി, പുത്രവാത്സല്യം, പാതിവ്രത്യം, ത്യാഗസന്നദ്ധത, തിന്മയോടുള്ള പോരാട്ടം, ലക്ഷ്യസാക്ഷാത്കാരത്തിനു് വേണ്ടിയുള്ള ക്ലേശപൂർണവും ഏകാഗ്രവുമായ യത്നം എന്നിങ്ങനെ വൈയക്തികമൂല്യങ്ങളെ ഉയർത്തിപ്പിടിച്ചുകൊണ്ടു് ആരോഗ്യദൃഢമായ ഒരു സമൂഹത്തെ വ്യവസ്ഥാപനം ചെയ്യുന്നതിനു് പര്യാപ്തമായ ഉത്തേജനോർജ്ജം നല്കുന്നതാണു് ഈ ആർഷേതിഹാസം. അതുകൊണ്ടു് തന്നെ പ്രാദേശികഭാഷകൾ വഴി ഇതിലെ സന്ദേശാമൃതം ഒരു മധുരഗാനമായി ഭാരതത്തിലാകെ വ്യാപിച്ചു. ഓരോ പ്രദേശത്തിന്റെയും സാംസ്കാരികവും സാമുഹ്യവുമായ വളർച്ചയിലുള്ള വ്യതിരിക്തഭാവംകൊണ്ടു് പല കാലഘട്ടങ്ങളിലായിട്ടാണു് രാമകഥ മനുഷ്യകഥാനുഗായികളായ കവികളെ ആകർഷിച്ചതെന്നു് മാത്രം.
മാനുഷ്യകത്തിന്റെ മികവുറ്റ മൂല്യസംഭരണിയായ ഈ ഇതിഹാസത്തിന്റെ അളവറ്റ സാധ്യതകളെ മലയാളകവികൾ എങ്ങനെ പ്രയോജനപ്പെടുത്തി?
നമ്മുടെ കവികൾ രാമകഥയെയും രാമസങ്കല്പത്തേയും സമീപിക്കുന്നതിൽ ഒരു പരിധിവരെ നിശ്ചിതമായ ക്രമം അനുസരിച്ചു പോന്നിട്ടുള്ളതായി കാണാം. കവികളുടെ സമീപനക്രമത്തെ അടിസ്ഥാനമാക്കിരാമകഥാകാവ്യങ്ങൾക്കു് മൂന്നു് ദശയുണ്ടു് എന്നു് നിരീക്ഷിക്കാവുന്നതാണു്. എഴുത്തച്ഛനു് മുമ്പുള്ള പ്രാചീനദശ, എഴുത്തച്ഛന്റെ ഭക്തിദശ, ഇരുപതാംശതകത്തോടെ രൂപംകൊണ്ടു് ആധുനിക ദശ. വാൽമീകിരാമായണത്തെ അടിസ്ഥാനമാക്കി, രാമകഥ കേരളീയർക്കു് കാവ്യരൂപത്തിൽ പകർന്നു നൽകുന്നതാണു് പ്രാരംഭദശ. ഹൃദയത്തിൽ തട്ടുംവിധം കഥ പറയുമ്പോൾ ആ ആഖ്യാനത്തിലൂടെ കഥ ഉൾക്കൊള്ളുന്ന ജീവിതമൂല്യവും ആസ്വാദകരിലേക്കു് പകരുന്നു. അതുകൊണ്ടു് ഭംഗിയായി കഥ പറയുക തന്നെയായിരുന്നു ആദ്യകാലദശയിലെ കവിലക്ഷ്യം. ഐതിഹാസിക കഥാമൂല്യം കേരളീയരിൽ നിറയ്ക്കുക എന്ന സാമൂഹ്യമായ ആവശ്യമായിരുന്നു ഇതിന്റെ ഉത്തേജനം. ‘ഊഴിയിൽ ചെറിയവർക്കറിയുമാറുരചെയ്വാൻ’[2] എന്നും ‘മന്ദപ്രജ്ഞന്മാർക്കറിവാനായ് മനുകുലത്തിലകനുടേ വൃത്താന്തം’[3] പറയാൻ തുനിയുന്നു എന്നും അവർ പറയും. ഇവിടെ കഥാഘടനയിലും കഥാപാത്രത്തെ സംബന്ധിച്ചു മൗലിക സങ്കല്പത്തിലും പറയത്തക്കമാറ്റമൊന്നും കാണുകയില്ല. കവി തന്റെ സാന്നിധ്യം പ്രകടിപ്പിക്കുമാറു് ചിലപ്പോൾ ചില ആശയങ്ങളും മറ്റു ചിലപ്പോൾ പുതിയ അലങ്കാരങ്ങളും കലർത്തി സന്ദർഭങ്ങളെ മോടിപിടിപ്പിക്കുമെന്നു് മാത്രം. രാമൻ ഇവിടെ ഒരു വീരപുരുഷനാണു്. ഏതു് പ്രാചീനകാവ്യത്തിലേയും എന്നപോലെ പൗരുഷം മുഴുത്ത കഥാനായകൻ. രാമചരിതം, രാമകഥപ്പാട്ടു്, കണ്ണശ്ശരാമായണം, രാമായണം ചമ്പു എന്നീ കൃതികളിലെ രാമൻ വീരപുരുഷൻ എന്ന നിലയിലാണു് പൊതുവെ നമ്മുടെ മുമ്പിൽ പ്രത്യക്ഷപ്പെടുന്നതു്. രണ്ടാംഘട്ടം എഴുത്തച്ഛൻ പരിപോഷിപ്പിച്ച ഭക്തിയുടെ ഘട്ടമാണു്. രാമകഥ അടക്കമുള്ള പുരാണേതിഹാസകഥകൾ കേരളീയർ ഉൾക്കൊണ്ടുകഴിഞ്ഞ ഘട്ടത്തിലാണു് എഴുത്തച്ഛൻ ജീവിച്ചതു്. അപ്പോൾ കേവലം കഥപറയുക എന്നതു് ഒരു കവിയുടെ മുഖ്യ ലക്ഷ്യമായിത്തീരാനുള്ള സാധ്യത നഷ്ടപ്പെടുന്നു. കഥ ഇവിടെ ഒരു ഉപാധിയായി മാറുന്നു—മറ്റൊരു ലക്ഷ്യത്തിന്റെ സാക്ഷാത്കാരത്തിനു് വേണ്ടിയുള്ള മാർഗ്ഗം. അദ്വൈതവേദാന്തത്തിന്റെ വ്യാഖ്യാനമായി രാമകഥയെ ഉപയോഗപ്പെടുത്തിയ ‘അധ്യാത്മരാമായണം’ എന്ന സംസ്കൃത കാവ്യത്തെ എഴുത്തച്ഛൻ സ്വീകരിച്ചതു് തന്റെ പ്രത്യേക ലക്ഷ്യം സാക്ഷാത്കരിക്കാനാണു്. ഇന്ത്യയിലാകമാനം വ്യാപിച്ച ഭക്തിയെ—പ്രത്യേകിച്ചും രാമഭക്തിയെ—ഉത്തേജിപ്പിക്കുന്നതിനു് മുഖ്യകാരണമായിത്തീർന്ന അധ്യാത്മരാമായണം വിവർത്തനം ചെയ്യുകവഴി ജീർണ്ണിച്ച, മരവിച്ച ഒരു സമൂഹത്തിനു് പുനരുജ്ജീവനമന്ത്രമായി അതു മാറും എന്നു് എഴുത്തച്ഛൻ കരുതിയിരിക്കണം. അവിടെ രാമൻ ഈശ്വരനാണു്; പരമാത്മാവാണു്. മനുഷ്യസഹജമായ ദൗർബല്യങ്ങൾക്കു് അവിടെ സ്ഥാനമില്ല. അങ്ങനെ ആദർശവത്കരിക്കപ്പെട്ട മാനുഷ്യകത്തെ—അഥവാ ഈശ്വരത്വത്തെ—അവതരിപ്പിക്കാനാണു് എഴുത്തച്ഛൻ ശ്രമിച്ചതു്. രാമൻ മാത്രമല്ല, സീതയും, ലക്ഷ്മണനും, രാവണനും പ്രതിനിധാനം ചെയ്യുന്ന സ്വഭാവത്തിന്റെ സമ്പൂർണ്ണത പ്രത്യക്ഷപ്പെടുത്തിത്തരുന്നു. മനുഷ്യനു് ആരാധ്യമാവുന്ന ഗുണങ്ങളുടെ സമൃദ്ധിയിൽ നിറഞ്ഞുനി ല്ക്കുകയാണു് രാമൻ. സാമൂഹ്യമായ സുരക്ഷാബോധം നഷ്ടപ്പെട്ട ഒരു ജനതയ്ക്കു മൂല്യ സംരക്ഷകനും മൂല്യനിർമ്മാതാവും ആയ ഒരു മാതൃകാപുരുഷനെ അവതരിപ്പിക്കുകയാണു് എഴുത്തച്ഛൻ. തന്റെ ഈ പ്രത്യേകലക്ഷ്യം നിർവഹിക്കുന്നതിനുതകുമാറും അദ്ദേഹം സ്തുതിയും തത്ത്വചിന്തയും ഗണ്യമായ അളവിൽ കലർത്തി ശുകഗാനത്തിനു് ആന്തര ഗൗരവവും ശോഭയും വർദ്ധിപ്പിച്ചു. മൂന്നാംഘട്ടം, ഈ നൂറ്റാണ്ടിന്റെ പിറവിയോടെ ആരംഭിച്ചു എന്നു് മൊത്തത്തിൽ പറയാം. പൗരാണിക സംസ്കാരത്തോടും അതിന്റെ മൂല്യങ്ങളോടും വിമർശാത്മകമായ സമീപനം കൈക്കൊള്ളുകയും ആംഗലവിദ്യാഭ്യാസം വഴി നേടുന്ന പുതിയ വെളിച്ചം ഉൾക്കൊണ്ടു് പുതിയ മാനവികതയെ സൃഷ്ടിക്കാൻ പോരുന്ന ആശയപരിവർത്തനത്തിനു് വിധേയമാവുകയും ചെയ്യുന്ന സാമൂഹ്യപശ്ചാത്തലമാണു് ഈ മൂന്നാംഘട്ടത്തെ സൃഷ്ടിക്കുന്നതു്. എഴുത്തച്ഛൻ ഉണർത്തിവിട്ട ഭക്തിപരവും ആദ്ധ്യാത്മികവുമായ അന്തരീക്ഷം എക്കാലവും നിലനില്ക്കുകയില്ലല്ലോ. എങ്കിലും പതിനാറാംശതകം മുതൽ നാലുശതകത്തോളം ഭാഷയിലുണ്ടായ രാമകഥാഖ്യാനങ്ങളായ പല കാവ്യങ്ങളിലും രാമൻ ഭക്തികാരണനായ ഈശ്വരൻ തന്നെയാണു്. ഒരു പരിധിവരെ, മലയാളികൾക്കു് ഇന്നും എഴുത്തച്ഛന്റെ രാമനാണു് രാമൻ. രാമനെ എന്നാൽ, മാനുഷികതലത്തിൽ വിഭാവനം ചെയ്ത തുള്ളൽകൃതികൾ ഈ കാലയളവിൽ തന്നെയാണു് ഉണ്ടായതു്. പക്ഷേ, അതു കുഞ്ചൻനമ്പ്യാരുടെ ഒരു തമാശ എന്നേ കേരളിയർ വിചാരിച്ചുള്ളു. എന്തായാലും ഈ ശതകത്തിന്റെ ആരംഭത്തിൽ വിമർശവിധേയനായ രാമനെ നാം കാണുന്നു. ഈ വിമർശഘട്ടത്തെ ഭംഗിയായി പ്രതിനിധാനം ചെയ്യുന്ന കാവ്യമാണു് ‘ചിന്താവിഷ്ടയായ സീത’. ആർഷചിന്തകളുടെ സദംശങ്ങളെ സ്വാംശീകരിച്ച കുമാരനാശാൻ സംഘടിതമതമെന്ന നിലയിൽ ഹിന്ദുമതത്തെ വിമർശാത്മകമായിട്ടാണു് അഭിവീക്ഷിച്ചതെന്നു് പറയാം. സാംസ്കാരിക നവോത്ഥാനത്തിന്റെ വക്താവായ ആശാൻ മാമൂൽതത്ത്വങ്ങളെ വിമർശിക്കാൻ ‘ചിന്താവിഷ്ടയായ സീത’യിലൂടെ ശ്രമിക്കുന്നു. ശ്രുതിയേയും സ്മൃതിയേയും പിഴയ്ക്കാതെ അനുസരിക്കുന്നതിലൂടെ മനുഷ്യന്റെ നന്മ അപ്രത്യക്ഷമാകുന്നുവെന്നും, അവയേക്കാൾ ഭൂമിയെ ധന്യമാക്കുന്നതു മനുഷ്യഗുണങ്ങളാണു് എന്നും ആശാൻ ചൂണ്ടിക്കാട്ടുന്നു.[4] രാമന്റെ സ്വഭാവത്തിലെ ദൗർബല്യത്തിലേക്കും ദയാരാഹിത്യത്തിലേയ്ക്കും അദ്ദേഹം സഹൃദയന്റെ ശ്രദ്ധക്ഷണിക്കുന്നു. ഇവിടെ രാമായണകഥ ഉൾക്കൊള്ളുന്ന മൂല്യങ്ങളിൽ ചിലതിനെ വിമർശിച്ചു് പുനർമൂല്യനിർണ്ണയത്തിനു് വിധേയമാക്കുകയാണു് കുമാരനാശാൻ ചെയ്യുന്നതു്.
[1] ബാലരാമായണമെന്നപേരിൽ ഭാവഗൗരവം കുറഞ്ഞ അപൂർണ്ണമായ ബാലസാഹിത്യകൃതിയും ആശാൻ രചിച്ചിട്ടുണ്ടു്: 1916-ൽ.
[2] രാമചരിതം. 1:2.
[3] കണ്ണശ്ശരാമായണം ബാലകാണ്ഡം. പാട്ടു് 2.
[4] നിരുപിക്കിൽ മയക്കിഭൂപനെ തരുണീപാദജ ഗർഹിണീശ്രുതി. (ചി. സീ. 112). സ്മൃതിവിസ്മൃതമാകിലും സ്വയം ശ്രുതികാലാബ്ധിലാണ്ടുപോകിലും അതിപാപവനശീലമേലുമിസ്സതിമാർ വാണിടുമൂഴി ധന്യമാം (69).
അപ്പോൾ എഴുത്തച്ഛൻ അദ്ധ്യാത്മരാമായണത്തെ അവലംബിച്ചു് രാമനെ ഈശ്വരനായി സങ്കല്പിക്കുമ്പോൾ മറ്റുകവികൾ പ്രായേണ വാല്മീകീരാമായണത്തെ ആശ്രയിച്ചു് രാമനെ വീരപുരുഷനായി ചിത്രീകരിക്കുന്നു. ആധുനികർ രാമനെ വിമർശിക്കാവുന്ന മഹാമനുഷ്യനായും കാണുന്നു.കവികളുടെ ഈ സമീപനത്രയത്തെ നിരീക്ഷിക്കുമ്പോൾ ഊറിക്കൂടുന്ന വസ്തുത, സമീപനത്തിലെ വ്യത്യാസം വ്യക്തിനിഷ്ഠം എന്നതിനേക്കാൾ സമൂഹനിഷ്ഠമോ കാലനിഷ്ഠമോ ആണു് എന്നതാണു്. ഓരോ കാലഘട്ടത്തിലേയും ജനതയുടെ സൂക്ഷ്മമോ സ്ഥൂലമോ ആയ സ്വഭാവവിശേഷങ്ങളെ പ്രതിഫലിപ്പിക്കുകയോ സാംസ്കാരികാവശ്യങ്ങളെ നിറവേറ്റുകയോ ആണു് രാമകഥ ചെയ്തുപോന്നതു്. ഒരു ജനത സ്വാംശീകരിച്ചു കഴിഞ്ഞ കലയ്ക്കു അതിന്റെ അർത്ഥവത്തായ വ്യാഖ്യാനത്തിലൂടെ മാത്രമേ തുടർന്നും യുഗധർമ്മത്തെ നിറവേറ്റാൻ കഴിയുകയുള്ളു. അപ്പോൾ പുരാണകഥ ഭൂതകാലത്തിന്റെ നിശ്ചലതയേയോ ജീർണ്ണതയേയോ പ്രതിഫലിപ്പിക്കുന്ന കണ്ണാടിയല്ല; വർത്തമാനകാലസ്തോഭങ്ങളെ പ്രതിഫലിപ്പിക്കുന്ന നിത്യചലമായ ജലധാരയത്രേ. ഒരുപക്ഷേ, യുഗപ്രവണതകൾ ഉൾക്കൊള്ളാനുള്ള ഉദാരസ്വഭാവം പ്രകടിപ്പിക്കുമ്പോൾ മാത്രമേ പുരാണകഥയ്ക്കു് നിലനില്പുണ്ടാവുന്നുള്ളൂ എന്നും പറയാം.
മലയാളത്തിൽ ഒട്ടേറെ രാമകഥാകാവ്യങ്ങളുണ്ടു്.[5] രാമകഥസമ്പൂർണ്ണമായി ആവിഷ്കരിക്കുന്നവമുതൽ ഏതെങ്കിലും ഒരു സംഭവത്തെ ആഖ്യാനം ചെയ്യുന്ന ലഘുകവിതകൾ വരെ. ഇതര വിഷയങ്ങൾ കൈകാര്യം ചെയ്യുമ്പോഴും കവിതയുടെ ഭാവസ്പൂർത്തിക്കായി രാമകഥ പരാമർശിക്കുന്ന നിലയിലുള്ള കവിതകളും ആധുനികകാലത്തു് ഉണ്ടായിട്ടുണ്ടു്. ഇവയെ താരതമ്യം ചെയ്തു മൂല്യനിർണ്ണയം നടത്തുമ്പോൾ അവലംബിക്കേണ്ട മാനദണ്ഡം എന്താവണം? പുരാണപ്രമേയവും അതു പ്രാഥമികാവസ്ഥയിൽ ഉൾക്കൊള്ളുന്ന ദർശനവും പില്കാലകവിക്കു് അവകാശപ്പപെടാനാവില്ല. കഥയ്ക്കോ കഥാപാത്രത്തിനോ കവിനല്കുന്ന സങ്കൽപ്പത്തിലെ നവീനതയുടെ പേരിലും കവിതയെ വിലയിരുത്താനാവില്ല. കാരണം പുതിയ പ്രമേയം സ്വീകരിക്കുന്ന ഏതു കവിയേയും ആ പ്രമേയത്തിന്റെയും അതിലടങ്ങിയ സങ്കൽപത്തിന്റേയും പേരിൽ അംഗീകരിക്കേണ്ടിവരും. അപ്പോൾ പിന്നെ എന്താവണം നിയാമകതത്ത്വം? വിഖ്യാതമായ ഇതിവൃത്തം സ്വീകരിക്കുന്ന ഒരു കൃതിക്കു് ശാശ്വതപ്രതിഷ്ഠ നേടണമെങ്കിൽ അതു കവിയുടെ സ്വീയഭാവനയുടെ സജീവസാന്നിദ്ധ്യം അനുഭവപ്പെടുന്ന സ്വയംപൂർണ്ണമായ വികാരശില്പമായിതീരണം. വസ്തുതകളെ ഉദ്ഗ്രഥിച്ചു സമഗ്രമായി ദർശിക്കാനുള്ള സവിശേഷവൈഭവം എന്ന അർത്ഥത്തിലാണു് ഇവിടെ ഭാവനപ്രയുക്തമായിട്ടുള്ളതു്. ഇതു് പ്രഖ്യാതമായ ഇതിവൃത്തം സ്വീകരിക്കുന്ന കവിതയുടെമാത്രം മാനദണ്ഡമല്ലല്ലോ എന്നുപറയാം. പക്ഷേ, പഴയ കൃതികളിലെ ഒറ്റപ്പെട്ട ‘ഹാ, എത്ര ആസ്വാദ്യമായിരിക്കുന്നു!’ എന്നും ‘എന്തൊരു മൗലികപ്രതിഭ!’ എന്നും വിസ്മയം കൂറുന്ന സമീപനമാണു് പഴയകൃതികളുടെ വിലയിരുത്തലുകളെ ഇതുവരെ നിയന്ത്രിച്ചതു് എന്നു മനസ്സിലാക്കേണ്ടതാണു്. അതിനാൽ, അവിടവിടെ ചില പരിഷ്ക്കാരങ്ങൾ വരുത്തിയാൽ പോരാ. സ്വന്തമായ ദർശനംകൊണ്ടു് മെനഞ്ഞെടുത്ത രൂപശില്പം ഉണ്ടാവണം; അലങ്കാരങ്ങൾ വിതറിയാൽപോരാ, ഇതിവൃത്തത്തിന്റെ ഭാവദാർഡ്യം വെളിപ്പെടുത്തുന്ന ഭാവനനിറഞ്ഞു നില്ക്കണം; സ്വന്തമായ വർണ്ണനകൾ തിരുകിവെച്ചു് തൃപ്തിയടഞ്ഞാൽ പോരാ, അന്തരംഗക്രിയകൾ സൂക്ഷ്മമായി ആവിഷ്ക്കരിക്കുക വഴി വൈകാരിക ദീപ്തികൊണ്ടു് കാവ്യം തിളങ്ങണം. കവിവ്യക്തിത്വം ജാഗരൂകമായി അതിന്റെ തേജോരശ്മികൾ ഇതിവൃത്തവുമായി ലയിച്ചുചേർന്നതിന്റെ ഫലമായി സ്വതന്ത്രമായകാവ്യംതന്നെ രൂപപ്പെടണം. അപ്പോൾ കാവ്യത്തിലൂടെ തെളിയുന്ന കവിയുടെ വ്യക്തിത്വത്തിനാണു് പ്രാധാന്യം എന്നു വരുന്നു. പ്രമുഖനിരൂപകനായ കുട്ടികൃഷ്ണമാരാർ പറയുന്നു: “രചനാഭംഗിയിലും നഗരാദിവർണ്ണനകളിലുമൊക്കെ എന്തെല്ലാം വൈജാത്യങ്ങളുണ്ടായാലും അവയ്ക്കൊന്നുമല്ല ഇത്തരം ഇതിവൃത്തപരമായ കാവ്യങ്ങളിൽ പ്രാധാനം. കഥാപാത്രങ്ങളുടെ വ്യക്തിത്വത്തിനാണു്. കാവ്യത്തിന്റെ ആത്മാവെന്നു് പറയപ്പെടുന്ന രസവും മുഖ്യമായി അതിനെ അവലംബിച്ചത്രേ വ്യക്തമാവുന്നതു്.’[6] പാത്രസൃഷ്ടിയെക്കുറിച്ചു് അദ്ദേഹം വീണ്ടും പറയുന്നു. ‘കവിയുടെ ലോകപരിചയവും ജീവിതവിജ്ഞാനവും ഓചിത്യബോധവുമെല്ലാം ഇതിൽവേണം വെളിപ്പെട്ടുകാണുക. എന്നല്ല, പലേടത്തും വർണ്ണനകളുടേയും ഉല്ലേഖങ്ങളുടേയും ഔചിത്യവും ചമത്കാരവും ഈ പാത്ര സൃഷ്ടിയെ അവലംബിച്ചാണു് വ്യവസ്ഥപ്പെടുന്നതും.”[7]
പുരാണേതിവൃത്തം സ്വന്തം അനുഭവമാക്കിമാറ്റുകയും ആ അനുഭവം തന്നിലുണർത്തിയ പ്രതികരണം എന്ന നിലയിൽ കാവ്യാവിഷ്കാരം നടത്തുകയും വേണം കവി. അങ്ങനെ വരുമ്പോൾ കൃതിക്കു് പുതിയ ‘മാനം’ ലഭിക്കുന്നു. കൃതിയെ അനശ്വരമാക്കുന്നതും വ്യക്തിമുദ്രയുടെ തിളക്കംകൊണ്ടു കൈവരുന്ന മാനം തന്നെ.
ഈ നിലയിൽ രാമകഥാകാവ്യങ്ങൾ പരിശോധിച്ചു നോക്കാം: രാമചരിതം സമ്പൂർണ്ണമായ രാമായണമല്ല. ‘അരചനായ് നിചിചരാതിപതിയെ പോരിൽ മുന്നം മുടിത്ത’ യുദ്ധകാണ്ഡകഥയാണു് ചീരാമകവി ഇതിവൃത്തമായി സ്വീകരിച്ചതു്. എന്നാൽ അയോദ്ധ്യാകാണ്ഡത്തിലേയും സുന്ദരകാണ്ഡത്തിലേയും കഥാംശം മനോജ്ഞമാംവിധം കവി സംഗ്രഹിച്ചിട്ടുണ്ടു്. അങ്ങനെ രാമായണകഥയ്ക്കു് കവി, പൂർണ്ണതനല്കി. എന്നാലും യുദ്ധവർണ്ണനനടത്തി വീരരസം ഉല്പാദിപ്പിക്കുന്നതിൽ കവി ഏകാഗ്രശ്രദ്ധ ചെലുത്തിയിട്ടുണ്ടു്. വീരരസപ്രധാനമായ ഭാഗങ്ങൾ ഉപേക്ഷിക്കുന്നില്ല എന്നു മാത്രമല്ല, അവ കൂടുതൽ വിശദമായി പ്രതിപാദിച്ചു് സന്ദർഭത്തിനു മിഴിവും ദീപ്തിയും കൈവരുത്തുന്നു. പോർവിളികളും യുദ്ധസന്നാഹങ്ങളും യുദ്ധയാത്രയും ദ്വന്ദയുദ്ധവും മരണവും വർണ്ണിക്കുമ്പോൾ ആദികാവ്യത്തിലെ രണ്ടു് സർഗ്ഗങ്ങളെ രണ്ടു് പടലങ്ങളായിട്ടാണു് ഭാഷാകവി വിവരിക്കുന്നതു്. യുദ്ധരംഗത്തെ സൂക്ഷ്മവിശദമായിത്തന്നെ പിന്തുടർന്നു വീരരൗദ്രരസചൈതന്യത്തെ ആവാഹനം ചെയ്യുന്നു കവി എന്നു് പറയാം. ഇങ്ങനെ ഏകരസത്തെ ഉന്മീലനം ചെയ്യുകവഴി ഭാവൈകാഗ്ര്യവും കാവ്യശില്പപരമായ പൂർണ്ണതയും കൃതിക്കു് കൈവന്നിട്ടുണ്ടു്. എന്നാൽ കഥയുടെയോ കഥാപാത്രങ്ങളു ടെയോ കാര്യത്തിൽ സ്വന്തമായി ഒന്നും കവിനല്കുന്നില്ല. വൈയക്തിക ദർശനത്തിന്റെ പ്രകാശം കാവ്യത്തിൽ കാണുന്നില്ല എന്നർത്ഥം. കണ്ണശ്ശരാമായണത്തിന്റേയും പ്രത്യേകത കവിയുടെ സാന്നിധ്യം അനുഭവപ്പെടുന്നു എന്നതാണു്. ഭക്തിയുടെ നേർത്ത സൗരഭ്യം ഇതിൽ അനുഭവിക്കാം. ‘കാച്ചിക്കുറുക്കിയ വാല്മീകിരാമായണം’ എന്ന വിശേഷണം[8] അർത്ഥവത്താക്കുന്നതാണു് ഇതിലെ സംഗ്രഹം. മൂലകാവ്യത്തിലെ ഓരോ കഥാസന്ദർഭവും ഉൾക്കൊണ്ടു് അവയിൽ ലയിച്ചുകിടക്കുന്ന ഭാവചൈതന്യത്തെ ചോർന്നുപോവാതെ ജീവൻ തുടിക്കുന്ന ഭാഷയിലൂടെ സാക്ഷാത്കരിക്കുകയാണു് രാമപ്പണിക്കർ. ഭാവദീപ്തി എന്ന ഗുണം ഈ കാവ്യത്തെ അനുഗ്രഹിച്ചിരിക്കുന്നു. രസം, ഭാവസ്പൂർത്തി, ശബ്ദാർത്ഥ സംവിധാനം, രംഗസജ്ജീകരണം, അലങ്കാരനിവേശം എന്നിവയിൽ നിശിതവും സൂക്ഷ്മവുമായ ഔചിത്യം കവി പ്രദർശിപ്പിച്ചതായി കാണാം. ഇവ്വിധം സംക്ഷേപണം കലാത്മകമായെങ്കിലും ആർഷകവിയുടേതിൽ നിന്നും വ്യതിരിക്തമായ ദർശനം കവി സ്വീകരിച്ചിട്ടില്ല. ഗാനാത്മകകാവ്യമായ രാമകഥാപ്പാട്ടു് ശ്രോതാക്കളിൽ ഝടുതിയിൽ വികാരം ഉണർത്താൻ പാകത്തിൽ ആവിഷ്കരിക്കപ്പെട്ടതാണു്. സ്വകീയാശയങ്ങളും സ്വകൽപനാശേഖരത്തിലെ വസ്തുക്കളും സ്വീകരിച്ചു് സന്ദർഭങ്ങളെ മോടിപിടിപ്പിച്ചിട്ടുണ്ടു്. എങ്കിലും ഏതെങ്കിലും പ്രത്യേക ലക്ഷ്യത്തെ കേന്ദ്രമാക്കിക്കൊണ്ടല്ല കവി മൂലവ്യതിയാനം നടത്തി സ്വീയകൽപനാമലരുകൾ കോർത്തുവെയ്ക്കുന്നതു്. രാമനെ ഒരു വീരപുരുഷനായി കാണുന്ന അയ്യപ്പിള്ളി ആശാൻ മാനുഷികഭാവങ്ങളെ ആവിഷ്ക്കരിക്കുന്നതിൽ സാമർത്ഥ്യമൊന്നും പ്രകടിപ്പിക്കുന്നില്ല. രാമായണം ചമ്പു ഇതര മണിപ്രവാളചമ്പുക്കളെപ്പോലെ തന്നെ പൃഥുല വർണ്ണനകൾകൊണ്ടു് സമൃദ്ധവും വാഗ്വിലാസ്പൂർണ്ണവും ആണു്. പ്രേക്ഷകരിൽ ക്ഷിപ്രാസ്വാദ്യത സൃഷ്ടിക്കാൻ പാകത്തിൽ ആണു് രചിച്ചതു് എന്നു തോന്നുന്ന വിധത്തിലാണു് ഈ ചമ്പുവിന്റെ രചന. സ്ഥൂലമായ വർണ്ണനകൾക്കിടയിൽ ഓരോ ആവിഷ്കൃതസന്ദർഭവും ഉൾക്കൊള്ളുന്ന ഭാവദീപ്തി ഉന്മീലനം ചെയ്യപ്പെടാതെ പോവുകയാണു്. ഭാവനാപരമായി ഏറ്റവുമധികം സ്വാതന്ത്ര്യം പ്രദർശിപ്പിച്ച രാമകഥാകാരൻ രാമായണം ചമ്പുവിന്റെ കർത്താവാണു്. പക്ഷേ, കഥാപാത്രങ്ങളുടെ സൂക്ഷ്മസ്വഭാവം കരുപ്പിടിപ്പിക്കുന്ന കാര്യത്തിൽ കവി ശ്രദ്ധാലുവല്ല. കഥാപാത്രങ്ങൾ, അവയുടെ സ്വഭാവം, സ്വഭാവാനുസാരിയായ വികാരോന്മീലനം, വികാരപ്രകാശനത്തിന്നാവശ്യമായ ഭാവനാവിനിയോഗം—ഈയൊരു സ്വാഭാവിക ബന്ധത്തിന്റെ സൗഭാഗ്യത്തികവു് രാമായണം ചമ്പുവിനെ അനുഗ്രഹിക്കുന്നില്ല. സ്വതന്ത്രവർണ്ണനയിലൂടെ സഹൃദയന്മാർക്കു് രസിക്കാവുന്നതെല്ലാമുണ്ടു് എന്നു സമ്മതിക്കാം. കേരളീയത ഏറ്റവും കൂടുതൽ കലർന്ന രാമകഥാകാവ്യം എന്ന ശ്രദ്ധേയതയും രാമായണചമ്പുവിന്നുണ്ടു്. എന്നാൽ, ഒരു കാവ്യശിൽപം എന്നതിനേക്കാൾ രാമകഥകളുടെ ആവിഷ്കാരമായ കുറേ കാവ്യഖണ്ഡങ്ങൾ എന്ന വിശേഷണമായിരിക്കും രാമായണം ചമ്പുവിനു് യോജിക്കുക.
[5] ബാലരാമായണമെന്നപേരിൽ ഭാവഗൗരവം കുറഞ്ഞ അപൂർണ്ണമായ ബാലസാഹിത്യകൃതിയും ആശാൻ രചിച്ചിട്ടുണ്ടു്: 1916-ൽ.
[6] രാമചരിതം. 1:2.
[7] കണ്ണശ്ശരാമായണം ബാലകാണ്ഡം. പാട്ടു് 2.
[8] നിരുപിക്കിൽ മയക്കിഭൂപനെ തരുണീപാദജ ഗർഹിണീശ്രുതി. (ചി. സീ. 112). സ്മൃതിവിസ്മൃതമാകിലും സ്വയം ശ്രുതികാലാബ്ധിലാണ്ടുപോകിലും അതിപാപവനശീലമേലുമിസ്സതിമാർ വാണിടുമൂഴി ധന്യമാം (69).
[9] മലയാളത്തിലെ രാമകഥാസാഹിത്യത്തെ സംബന്ധിച്ച ഒരു ലേഖനത്തിൽ കാവ്യത്തിന്റെ വിവിധ ശാഖയിൽപ്പെടുന്ന 62 കൃതികൾ പരാമർശിക്കപ്പെട്ടിരിക്കുന്നു. തുഞ്ചൻ പ്രബന്ധങ്ങൾ, കെ. മഹേശ്വരൻനായരുടെ ലേഖനം, സംശോധനം, എസ്. ഗുപ്തൻനായർ, 1995.
[10] പഴയ മൂന്നു് കൃതികൾ: രാജാങ്കണം. പേജ് 17.
[11] അതേ പുസ്തകം.
[12] പുതുശ്ശേരി രാമചന്ദ്രൻ: കണ്ണശ്ശരാമായണം യുദ്ധകാണ്ഡം പേജ് 27 (1971).
ഇതിൽ നിന്നൊക്കെ വ്യത്യസ്തമാണു് രാമായണം കിളിപ്പാട്ടിന്റെ നില. രാമകഥയിലൂടെ തന്റെ ആധ്യാത്മികവും ഭക്തിഭാവാർദ്രവുമായ വ്യക്തിത്വം പ്രകാശിപ്പിക്കുവാൻ വേണ്ടിയാണു് എഴുത്തച്ഛൻ വാല്മീകിരാമായണം വിട്ടു് അധ്യാത്മരാമായണം സ്വീകരിച്ചതു്. എന്നാൽ അധ്യാത്മരാമായണത്തെ കേവലം വിവർത്തനം ചെയ്താൽ മതിയോ? കാലഘട്ടത്തോടുള്ള ബാധ്യത എന്ന നിലയിൽ അതുമതിയായിരുന്നു. പക്ഷേ, കലാകാരൻ യോജിച്ച നിലയിൽ തന്റെ കൃതി സ്വീയരൂപം പൂണ്ട അന്യൂനകാന്തിയാർന്ന കലാശില്പമാവേണ്ടതാണു് എന്നു അദ്ദേഹം ആഗ്രഹിച്ചിരിക്കാം. അധ്യാത്മരാമായണം എന്ന അസംസ്കൃതവിഭവത്തോടുള്ള ഉദ്ഗ്രഥിതവും ജാഗ്രത്തുമായ കവിഭാവനയുടെ പ്രതികരണമായിത്തീർന്നു രാമായണം കിളിപ്പാട്ടു്. അതുകൊണ്ടു് അതിലൂടെ ഉദ്ഗ്രഥിതവും അഖണ്ഡവുമായ ദർശനം സ്വരൂപിക്കാവുന്നതാണു്. അതെ, ആത്മപ്രകാശനരൂപത്തിലുള്ള ഉദ്ഗ്രഥിത ജീവിതദർശനം കൊണ്ടു് കാവ്യത്തെ ആകമാനം പുനഃസംഘടിപ്പിച്ച എഴുത്തച്ഛൻ ശുഷ്കമായ സന്ദർഭങ്ങളെ സ്വന്തം വരികൾ നൽകി മോടിപിടിപ്പിക്കുക എന്ന സാധാരണ കവികളുടെ നിലയിൽ നിന്നും ഏറ്റവും ഉയർന്നു നില്ക്കുന്നു. രാമൻ, സീത എന്നിവരെ അവർ പ്രതിനിധാനം ചെയുന്ന ആദർശത്തിന്റെ അധിത്യകയിൽ പ്രതിഷ്ഠിച്ചിരിക്കുന്നതിൽ കവി പ്രദർശിപ്പിച്ച ശ്രദ്ധ അന്യാദൃശമാണു്. കവിമനസ്സിൽ നിറഞ്ഞുനില്ക്കുന്ന നായകൻ ഉത്കർഷമണയ്ക്കാത്ത ചില അംശങ്ങൾ അധ്യാത്മരാമായണത്തിൽ തന്നെ ഉണ്ടു്. അതറിഞ്ഞുകൊണ്ടു് അത്തരം അനൗചിത്യങ്ങൾ തുടച്ചുനീക്കി തിളക്കം കൂട്ടുകയാണു് എഴുത്തച്ഛൻ. ഒന്നുരണ്ടു് ഉദാഹരണങ്ങൾ നോക്കുക:
- ശൈശവ വർണനവേളയിൽ മൂലകവി രാമന്റെ കുസൃതി വർണ്ണിക്കുന്നുണ്ടു്. അമ്മയോടു് ആഹാരത്തിനു് ചോദിച്ചപ്പോൾ ജോലിത്തിരക്കുകാരണം ഗൗനിച്ചില്ല. അപ്പോൾ രാമൻ കോപംപൂണ്ടു് വടിയെടുത്തു ഉറിയുടച്ചു വെണ്ണയും പാലും ഒക്കെ ലക്ഷ്മണനും ഭരതനും മറ്റും കൊടുത്തു. അമ്മയറിഞ്ഞപ്പോൾ രാമൻ ചിരിച്ചുകൊണ്ടു് ഓടിക്കളഞ്ഞു. വാസ്തവത്തിൽ അമ്പാടികൃഷ്ണന്റെ ഛായപതിഞ്ഞ ഈ ചിത്രം എഴുത്തച്ഛൻ ഹൃദയത്തിൽ വരച്ചുവെച്ചിട്ടുള്ള രാമസങ്കൽപത്തിൽനിന്നും വ്യത്യസ്തമാണെന്നു് മനസ്സിലാക്കുകയും ഈ ഭാഗം ഉപേക്ഷിക്കുകയും ചെയ്തു. കോപിക്കുകയും വികൃതികാട്ടുകയും പരിഹസിക്കുകയും ചെയ്യുന്ന രാമനല്ല എഴുത്തച്ഛന്റേതു്.
“കോമളന്മാരായോരു സോദരന്മാരുമായി
ശ്യാമള നിറംപൂണ്ട ലോകാഭിരാമൻ ദേവൻ
കാരുണ്യാമൃത പൂർണ്ണാപാംഗവീക്ഷണം കൊണ്ടും
സാരസ്യ വ്യക്ത വർണ്ണാലാപപീയൂഷം കൊണ്ടും
വിശ്വമോഹനമായ രൂപസൗന്ദര്യം കൊണ്ടും
നിശ്ശേഷാനന്ദപ്രദദേഹമാർദ്ദവം കൊണ്ടും
ബന്ധുകദന്താംബര ചുംബന രസംകൊണ്ടും
താതനുമമ്മമാർക്കും നഗരവാസികൾക്കും
പ്രീതി നല്കീടിനാൻ സമസ്തേന്ദ്രിയങ്ങൾക്കും”
എന്ന ഉദാത്തമധുരമായ ഒരു കൈശോരചിത്രമാണു് ഈ സന്ദർഭത്തിൽ എഴുത്തച്ഛൻ വായനക്കാരുടെ മുമ്പിൽ സമർപ്പിക്കുന്നതു്.
- കാട്ടിൽ വസിക്കുന്ന രാമനെപ്പറ്റി പറയുമ്പോൾ ‘അധ്യുവാസസുഖംരാമോ ദേവലോക ഇവാമരഃ’ (IV:10) എന്നാണു് കവി വിശേഷിപ്പിച്ചിരിക്കുന്നതു്. സ്വർഗ്ഗത്തിൽ അമരനെന്നപോലെ എന്ന സാദൃശ്യ കല്പനയിൽ എന്തെങ്കിലും പ്രത്യേക സാരസ്യമുണ്ടോ? ‘ശ്രീരാമനയോദ്ധ്യയിൽ വാണതുപോലെ വാണാൻ’ എന്നാണു് എഴുത്തച്ഛന്റെ ഉപമ. അയോധ്യയിലെ രാജരാജോചിതമായ സുഖസൗകര്യങ്ങൾ വെടിഞ്ഞിട്ടും രാമനു് ആരണ്യജീവിതത്തിന്റെ ക്ലേശം സമചിത്തത കൈവിടാതെ സഹിക്കാൻ കഴിഞ്ഞു എന്നു് രാമന്റെ സ്ഥിതിപ്രജ്ഞതയിലേക്കു് ഒരെത്തിനോട്ടമാണു് എഴുത്തച്ഛൻ നടത്തിയിരിക്കുന്നതു്.
- രാജ്യം ഭരതനു കൊടുത്തു് താൻ പതിനാലുവർഷം കാട്ടിൽ വസിക്കാൻ നിർദ്ദേശിക്കപ്പെട്ടപ്പോൾ രാമൻ യാതൊരു ചാഞ്ചല്യവുമില്ലായിരുന്നു എന്നു് അധ്യാത്മരാമായണം മൂലത്തിൽ കാണുന്നു. അവിടെ, പക്ഷേ, രാമന്റെ സ്വഭാവത്തിനു് വ്യക്തതലഭിക്കുന്നില്ല. എഴുത്തച്ഛനാകട്ടെ രാമന്റെ ഉദാത്തഭാവം മുഴുക്കെ നിവർത്തിക്കാട്ടുന്നു. രാമൻ പറയുന്നു:
‘രാജ്യത്തെ രക്ഷിപ്പതിനു് മതിയവൻ
രാജ്യമുപേക്ഷിക്കുന്നതിനു് ഞാനും മതി.
ദണ്ഡമത്രേ രാജ്യഭാരം വഹിപ്പതു
ദണ്ഡകവാസത്തിനേറ്റമെളുതല്ലോ’
ഇവിടെ പിതാക്കൾക്കു് വേണ്ടി ചെറിയ ത്യാഗം അനുഷ്ഠിക്കാൻ സന്ദർഭം ലഭിച്ചതിൽ അഭിമാനിക്കുന്ന പുത്രനെ നമുക്കു കാണാം. ആദ്യത്തെ ഈരടിയിലെ വ്യംഗ്യഭംഗി, തനിക്കു് മാത്രം ചെയ്യാൻ കഴിയുന്നതു് ആണു് ത്യാഗം എന്ന അർത്ഥത്തിൽ ചെന്നുമുട്ടുന്നു. രാമനൊത്തവിധത്തിൽ അന്യൂനയായ സീതയേയും എഴുത്തച്ഛൻ അവതരിപ്പിക്കുന്നു. ഭർത്താവോടൊപ്പം കാട്ടിലേക്കു പോവാൻ ആവർത്തിച്ചു് ആവശ്യപ്പെട്ട സീത അല്പം കോപിച്ചു എന്നു് മൂലകവി പറയുന്നു: “കിഞ്ചിൽ കോപസമന്വിതാ.” പക്ഷേ, എഴുത്തച്ഛന്റെ സീത ഭർത്താവിനോടു കോപിക്കുകയില്ല. പ്രസ്തുത പ്രയോഗം ഒഴിവാക്കിയ കവി,
“ഉണ്ടോ പുരുഷൻ പ്രകൃതിയെ വേറിട്ടു
രണ്ടുമൊന്നത്രേ വിചാരിച്ചു കാൺകിലോ?”
എന്നു് സീതയെക്കൊണ്ടു് പറയിച്ചു സീതാരാമന്മാരുടെ തത്വം ഓർമ്മിക്കുന്നു. രാമായണകഥയ്ക്കു മൂലകവി നല്കിയ വ്യാഖ്യാനത്തെ പിന്തുടരുകയാണു് ഇവിടെ എഴുത്തച്ഛൻ ചുരുക്കിപ്പറഞ്ഞാൽ, രാമകഥയുടെ ആധ്യാത്മിക വ്യാഖ്യാനത്തിന്റെ പ്രയോജനം പൂർണ്ണമായും സാക്ഷാത്കരിക്കാൻ അധ്യാത്മരാമായണകാരനു് കഴിയാത്തിടത്തു മൂലകവിയുടെ ലക്ഷ്യം എഴുത്തച്ഛൻ പൂർണമാക്കി. മാതൃകയെ സ്വീകരിച്ചു് സ്വയം മാതൃകയായി ഭവിച്ചതിന്റെ ഒന്നാന്തരം ദൃഷ്ടാന്തമായി തീർന്നിരിക്കുന്നു രാമായണം കിളിപ്പാട്ടു്.
രാമകഥ സ്വീകരിച്ചു അതുകൊണ്ടു് സിദ്ധിക്കാവുന്ന നേട്ടങ്ങളെ പൂർണ്ണമായും പ്രയോജനപ്പെടുത്തിയ രാമായണം കിളിപ്പാട്ടു സ്വയം നേടിയെടുത്ത ഈ ഔന്നത്യത്തിലേക്കു രാമനാട്ടമോ നമ്പ്യാരുടെ തുള്ളലുകളോ രാമചന്ദ്രവിലാസമോ എത്തിനോക്കുന്നുപോലുമില്ല. ‘ചിന്താവിഷ്ടയായ സീത’ മാത്രമാണു് ഈ വിതാനത്തിൽ ഉയർന്നു നില്ക്കുന്ന ഒരു വരിഷ്ഠകൃതി. ഇതു് ആഖ്യാനകാവ്യമല്ല. നാടകീയ സ്വഗതാഖ്യാനത്തിന്റെ ഭാവപൂർണ്ണതയുള്ള ഈ കാവ്യം സീതയുടെ മാനസിക ലോകം അനാവരണം ചെയ്യുന്നു. സ്വന്തം ഭൂതകാലത്തോടുള്ള സീതയുടെ പ്രതികരണമെന്ന നിലയിൽ വിഭാവനം ചെയ്യപ്പെടുന്ന ഈ കാവ്യത്തിൽ മുഖ്യ രാമായണകഥാസന്ദർഭങ്ങൾ വിചാരഭാഷയിലൂടെ അലിഞ്ഞുചേരുന്നു. ഇതു ‘ചിന്താവിഷ്ടയായ സീതയടെ’ മാത്രം സ്വഭാവമല്ല. പ്രമേയം കവിയിൽ സൃഷ്ടിക്കുന്ന പ്രതികരണം ആവിഷ്ക്കരിക്കുക എന്ന സമീപനമാണു് ആധുനിക കവികൾ സ്വീകരിക്കുന്നതു്. ആധുനികകവി എന്ന നിലയിൽതന്നെ ആശാന്റെ വ്യക്തിത്വം രാമകഥയിൽ അലിഞ്ഞുചേരുന്നു. ‘ചിന്താവിഷ്ടയായ സീത’യിലെ സീത വാല്മീകിയുടേയും ആശാന്റേയും സീതയാണു്. വാല്മീകിയുടെ സീത ചിന്തിക്കാത്തതും, ഇരുപതാംശതകത്തിലെ അഭ്യസ്തവിദ്യയായ സ്ത്രീ അഥവാ സ്ത്രീസ്വാതന്ത്ര്യ പ്രസ്ഥാനത്തോടു് അനുഭാവമുണ്ടായിരുന്ന ആശാൻ ചിന്തിക്കാവുന്നതുമായ കാര്യങ്ങൾ ആണു് സീത ചിന്തിക്കുന്നതു്. ഈ കാവ്യം ആധുനിക കവി എങ്ങനെ പ്രാചീനേതിവൃത്തം സ്വീകരിക്കണം എന്നതിന്റെ നല്ല മാതൃകയായി തീർന്നിരിക്കുന്നു. കവിയുടെ വ്യക്തിത്വവും യുഗപ്രവണതയും കലർത്തികൊണ്ടു് പുരാണകഥ തന്നിലുണർത്തിയ പ്രതികരണങ്ങളെ അവതരിപ്പിക്കുന്ന ആധുനിക രീതി ആശാൻ ഫലപ്രദമായി കൈകാര്യം ചെയ്തു. പില്കാല കവി കുറച്ചുകൂടി മുന്നോട്ടു പോയിട്ടുണ്ടു്. ഉദാഹരണത്തിനു് വിഷ്ണുനാരായണൻ നമ്പൂതിരിയുടെ ലക്ഷ്മണൻ, അഹല്യാമോക്ഷം എന്നീ കവിതകൾ നോക്കുക.[9] രണ്ടിലും കഥാംശത്തിലെ കാലാതിവർത്തിയായ മനോഭാവങ്ങളെ ചികഞ്ഞെടുത്തു് പൗരാണിക കഥയ്ക്കു പുതിയ വ്യാഖ്യാനം വഴിയോ അല്ലാതെയോ സ്വതന്ത്രമായ മൂല്യം നല്കി ശശ്വൽക്കരിക്കുകയാണു് ചെയ്തിരിക്കുന്നതു്. ആദ്യത്തെ കവിത മനുഷ്യന്റെ എക്കാലത്തും അകപ്പെടുന്ന ധർമ്മസങ്കടങ്ങളുടെ ചുഴി കാണിച്ചുകൊണ്ടു് നിസർഗ്ഗജമായ ജീവിതരീതി സൃഷ്ടിക്കുന്ന ഐന്ദ്രിയദാഹത്തിന്റെ തീഷ്ണജ്വാലകളെ അനുഭവിപ്പിക്കുകയാണു്. ഇങ്ങനെ രാമകഥ ഇന്നും കവനപ്രതിഭകളെ ഉത്തേജിപ്പിച്ചു കൊണ്ടേയിരിക്കുന്നു. എന്നാലും രാമകഥയെ സംബന്ധിച്ച എഴുത്തച്ഛന്റെ പ്രാധാന്യം അവിസ്മരണീയമായിത്തന്നെ നിലനില്ക്കും. കാരണം, കവിയുടെ ലക്ഷ്യത്തിനു് അനുസൃതമായി പുതിയ കഥാവ്യാഖ്യാനങ്ങൾ സ്വീകരിക്കാൻ പില്ക്കാല കവികൾക്കു് ധൈര്യം നല്കിയ കവി എഴുത്തച്ഛനായിരുന്നു.
[13] ബാലരാമായണമെന്നപേരിൽ ഭാവഗൗരവം കുറഞ്ഞ അപൂർണ്ണമായ ബാലസാഹിത്യകൃതിയും ആശാൻ രചിച്ചിട്ടുണ്ടു്: 1916-ൽ.
[14] രാമചരിതം. 1:2.
[15] കണ്ണശ്ശരാമായണം ബാലകാണ്ഡം. പാട്ടു് 2.
[16] നിരുപിക്കിൽ മയക്കിഭൂപനെ തരുണീപാദജ ഗർഹിണീശ്രുതി. (ചി. സീ. 112). സ്മൃതിവിസ്മൃതമാകിലും സ്വയം ശ്രുതികാലാബ്ധിലാണ്ടുപോകിലും അതിപാപവനശീലമേലുമിസ്സതിമാർ വാണിടുമൂഴി ധന്യമാം (69).
[17] മലയാളത്തിലെ രാമകഥാസാഹിത്യത്തെ സംബന്ധിച്ച ഒരു ലേഖനത്തിൽ കാവ്യത്തിന്റെ വിവിധ ശാഖയിൽപ്പെടുന്ന 62 കൃതികൾ പരാമർശിക്കപ്പെട്ടിരിക്കുന്നു. തുഞ്ചൻ പ്രബന്ധങ്ങൾ, കെ. മഹേശ്വരൻനായരുടെ ലേഖനം, സംശോധനം, എസ്. ഗുപ്തൻനായർ, 1995.
[18] പഴയ മൂന്നു് കൃതികൾ: രാജാങ്കണം. പേജ് 17.
[19] അതേ പുസ്തകം.
[20] പുതുശ്ശേരി രാമചന്ദ്രൻ: കണ്ണശ്ശരാമായണം യുദ്ധകാണ്ഡം പേജ് 27 (1971).
[21] സ്വാതന്ത്ര്യത്തെക്കുറിച്ചൊരു ഗീതം: 1968.
1948 ജൂൺ 30-നു് കണ്ണൂർ എടക്കാട്ടു് ജനിച്ചു. അച്ഛൻ: ഒ. ചന്തു. അമ്മ: എൻ. ജാനകി. കണ്ണൂർ എസ്. എൻ. കോളജ്, തലശ്ശേരി ബ്രണ്ണൻ കോളജ്, എറണാകുളം മഹാരാജാസ് കോളജ്, കേരള സർവകലാശാല മലയാളവിഭാഗം എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. കേരള സർവകലാശാലയിൽനിന്നു് ഡോ. കെ. രാമചന്ദ്രൻനായരുടെ മേൽനോട്ടത്തിൽ പി. എച്ച്. ഡി. ബിരുദം നേടി (1976). 1975-ൽ തലശ്ശേരി ബ്രണ്ണൻ കോളജിൽ ലക്ചററായി ഓദ്യോഗിക ജീവിതം ആരംഭിച്ചു. 1985-ൽ കേരള സർവകലാശാലയിൽ അധ്യാപകനായി. 2004-ൽ മലയാള വിഭാഗം പ്രൊഫസറും വകുപ്പധ്യക്ഷനുമായി. 2008-ൽ 33 വർഷത്തെ അധ്യാപനത്തിനു് ശേഷം വിരമിച്ചു. പുസ്തകങ്ങൾ: എഴുത്തച്ഛന്റെ രാമായണവും മറ്റു രാമായണങ്ങളും (1971), ഗാഥ (1984), കിളിപ്പാട്ടു് (1984), കവിത: ധ്വനിയും പ്രതിധ്വനിയും (1989), മാക്സിം ഗോർക്കിയുടെ സ്വാധീനം മലയാളത്തിൽ (1990), കുചേലവൃത്തം വഞ്ചിപ്പാട്ടു് പാഠവും പഠനവും (1990), ഗുജറാത്തി സാഹിത്യചരിത്രം—വിവർത്തനം (1994), ചങ്ങമ്പുഴ കൃഷ്ണപിള്ള ജീവചരിത്രം (2003). പുരസ്കാരം: ഗാന്ധിജിയുടെ തത്ത്വശാസ്ത്രത്തെ അടിസ്ഥാനമാക്കി ആകാശവാണിക്കുവേണ്ടി തയാറാക്കിയ ഡോക്യുമെന്ററിയുടെ രചനയ്ക്കു് 2003-ലും 2009-ലും ദേശീയ പുരസ്കാരം നേടി. 2009-ൽ യൂനിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്റെ എമിരറ്റസ് ഫെല്ലോ ആയി തെരഞ്ഞെടുക്കപ്പെട്ടു. ഭാര്യ: ആർ. രമാബായു്. മക്കൾ: നവനീത്, നവീന.