images/NarayanaTirumala32.jpg
Lord Krishna with childhood friend Kuchela, a painting by Rajasekhar1961 .
കുചേലവൃത്തം വഞ്ചിപ്പാട്ടു്: കവിതാചരിത്രത്തിലെ വേറിട്ടൊരധ്യായം
എൻ. മുകുന്ദൻ
images/Ramapurathu_Warrier.jpg
രാമപുരത്തു വാര്യർ

ഒരു കവി താൻ രചിച്ച ഒരേ ഒരു കാവ്യത്തിന്റെ മൂല്യപരമായ ബലത്തിന്മേൽ സുപ്രതിഷ്ഠിതനാവുക എന്ന അവസ്ഥയെക്കുറിച്ചു് ആലോചിക്കുമ്പോൾ ഒരു മലയാളിയുടെ ഓർമ്മയിൽ അനായാസേന നീന്തിവരുന്ന മൂന്നു പേരുകൾ ഉണ്ടു്. ചെറുശ്ശേരി (കൃഷ്ണഗാഥ), ഉണ്ണായിവാര്യർ (നളചരിതം ആട്ടക്കഥ), രാമപുരത്തു വാര്യർ (കുചേലവൃത്തം വഞ്ചിപ്പാട്ടു്). ഇവരിൽ ആദ്യത്തെ കവി പൂർണാവതാരമായ കൃഷ്ണന്റെ സമ്പൂർണകഥ അലങ്കാരശബളവും ശാലീന മധുരവുമായ ശൈലിയിൽ ആവിഷ്കരിച്ചു. രണ്ടാമത്തെ കവി ആട്ടക്കഥാ സാഹിത്യത്തിന്റെ സഹജമായ പരിമിതികളെയും ദൗർബല്യങ്ങളെയും ഉല്ലംഘിച്ചുകൊണ്ടു മഹത്തായ ജീവിതത്തിന്റെ ഗതിവൈപരീത്യങ്ങളെയും സൂക്ഷ്മസങ്കീർണങ്ങളായ മാനസികാവസ്ഥകളെയും ആഴത്തിൽ നിരീക്ഷണം ചെയ്തു. ഇത്തരത്തിൽ ക്രിയാവിചിത്രമായ ജീവിതത്തിന്റെ പൂർണതയോ, പ്രതിസന്ധിയുടെ കുരുക്കിൽ അകപ്പെടുന്ന മർത്യാവസ്ഥയുടെ ഗഹനഭാവമോ ആവിഷ്കരിക്കേണ്ടതില്ലാത്തതിനാൽ സർഗ്ഗപ്രതിഭയുടെ അസാധാരണമായ വിനിയോഗം ആവശ്യമില്ലാത്തതാണു് കുചേലവൃത്തത്തിലെ ഇതിവൃത്തം. ഭാഗവതപ്രതിപാദിതമായ അനേകം കൃഷ്ണകഥകളിൽ ഋജുസ്വഭാവമുള്ള ഒന്നിന്റെ ഉപാഖ്യാനമാണു് രാമപുരത്തു വാര്യർ നിർവഹിച്ചതു്—അതും വെറും 698 വരികളിൽ. എന്നിട്ടും ഈ കൃതിയും ഇതിന്റെ കർത്താവും മലയാള കവിതാചരിത്രത്തിൽ പ്രമുഖമായ സ്ഥാനം കവർന്നെടുത്തിരിക്കുന്നു. ഇതു് ‘കുചേലവൃത്തം വഞ്ചിപ്പാട്ടിന്റെ’ കേവലമായ കാവ്യമൂല്യമാണു് വ്യക്തമാക്കിത്തരുന്നതു്.

images/Unnayi_Warrier.jpg
ഉണ്ണായിവാര്യർ

ആരാണു് രാമപുരത്തുവാര്യർ? കുചേലവൃത്തം വഞ്ചിപ്പാട്ടിന്റെ കർത്താവു് എന്നതിൽ കവിഞ്ഞ യാതൊരു പ്രസക്തമായ അറിവും അദ്ദേഹത്തെക്കുറിച്ചു് നമുക്കില്ല. മീനച്ചൽ താലൂക്കിന്റെ രാമപുരംദേശത്തെ വാര്യരാണു് ഇദ്ദേഹമെന്നു നാം പാരമ്പര്യമായി വിശ്വസിച്ചു പോരുന്നു. ഇദ്ദേഹം നല്ല പണ്ഡിതനും ദരിദ്രനുമായിരുന്നു എന്നും കരുതപ്പെടുന്നു. വാര്യർ വഞ്ചിപ്പാട്ടു് ഉണ്ടാക്കിയതിനെ സംബന്ധിച്ചുള്ള ഐതിഹ്യം ഭാഷാചരിത്രകാരനായ പി. ഗോവിന്ദപ്പിള്ള ഇങ്ങനെ രേഖപ്പെടുത്തുന്നു. ‘കാർത്തിക തിരുനാൾ മഹാരാജാവു് 945-ൽ വടക്കോട്ടു എഴുന്നെള്ളിയിരുന്ന സമയം വൈക്കത്തു് അല്പദിവസം എഴുന്നള്ളി താമസിച്ചു. ഈ വർത്തമാനം വാര്യരുടെ ശിഷ്യന്മാരറിഞ്ഞു ഒരുവിധത്തിൽ വാര്യരെ പറഞ്ഞു സമ്മതിപ്പിച്ചു് പത്തു ശ്ലോകങ്ങളുണ്ടാക്കിച്ചും കൊണ്ടു് വൈക്കത്തേക്കു കൊണ്ടുപോകയും അവ അടിയറവയ്പിക്കുകയും ചെയ്തു. ആൾ കുറെ യോഗ്യനും വിദ്വാനുമാണെന്നു് മഹാരാജാവു് ശ്ലോകങ്ങൾ കൊണ്ടു് നിശ്ചയിച്ചു് ഭക്ഷണം കൊടുക്കുന്നതിനു് ശട്ടംകെട്ടി. തിരിയെ എഴുന്നള്ളുന്ന സമയം വാര്യർ കടവിൽ ഹാജരായി നിന്നു. ബോട്ടിൽകൂടി കയറുന്നതിനു് കൽപിക്കയും വാര്യർ അതിൽ കയറുകയും ചെയ്തു. അനന്തരം ഒരു വള്ളപ്പാട്ടുണ്ടാക്കി പാടുന്നതിനു് കൽപിച്ചു. തൽക്ഷണം വേണ്ടതാകയാൽ വാര്യർ അല്പം ക്ഷീണിച്ചു എങ്കിലും, പരമഭക്തനായിരുന്നതിനാൽ പെരുംതൃക്കോവിലപ്പനെ ധ്യാനിച്ചുകൊണ്ടു് കുചേലവൃത്തം വള്ളപ്പാട്ടായിട്ടു് ആരംഭിച്ചു് പാടിത്തുടങ്ങി. തിരുവനന്തപുരത്തു എഴുന്നള്ളിയതും കഥ അവസാനിച്ചതും ശരിയിട്ടിരുന്നു. കല്പിച്ചു് വളരെ സന്തോഷിച്ചു വാര്യർക്കു് സാപ്പാടിനും മറ്റും ശട്ടംകെട്ടി താമസിപ്പിച്ചതിന്റെ ശേഷം ഗോപ്യമായി ഉത്തരവയച്ചു് സർക്കാർ ചെലവിന്മേൽ വാര്യം പുത്തനായിപണിയിക്കുകയും വാരസ്യാർക്കും കുട്ടികൾക്കും വേണ്ട ആഭരണങ്ങൾ ഉണ്ടാക്കിവച്ചു കൊടുക്കയും, വാര്യത്തിന്റെ നടയിൽ അൻപതുപറ നിലം കരമൊഴിവായി വിട്ടുകൊടുക്കയും ചെയ്തു (ഭാഷാചരിത്രം-പുറം 308). ഇതിൽ പറഞ്ഞിരിക്കുന്ന പ്രകാരം കാർത്തികതിരുന്നാൾ മഹാരാജാവിന്റെ കാലത്തു് അദ്ദേഹത്തിന്റെ ആജ്ഞപ്രകാരമാണു് വാര്യർ വഞ്ചിപ്പാട്ടുണ്ടാക്കിയതു്. എന്നാൽ ഈ അഭിപ്രായത്തിനു് അനുസൃതമല്ല ആഭ്യന്തരമായ തെളിവു്. കാരണം കാർത്തികതിരുനാളിന്റെ പേർ രാമവർമ്മ എന്നായിരുന്നു. എന്നാൽ കവി വാഴ്ത്തുന്നതു് മാർത്താണ്ഡവർമ്മ രാജാവിനെയാണെന്നതിനു് സംശയമില്ല. നോക്കുക:

“മാർത്താണ്ഡമഹീപതീന്ദ്രൻ

വെറുതെയോ ജയിക്കുന്നു

മാലോകരേ മന്നരായാലീവണ്ണം വേണ്ടൂ.”

കൂടാതെ,

“സ്വാമിദ്രോഹികടെ വംശവിച്ഛേദംവരുത്തിയതും, സ്വാമിത്ര മന്നവന്മാരെ ദ്രവിപ്പിച്ചതും”

എന്നു സ്തുതിക്കുന്നതും,

“ഒറ്റക്കല്ലിങ്ങോടിവന്നു മുഖമണ്ഡപം ഭവിച്ചു

മറ്റൊന്നതിൽപ്പരം

മന്നർക്കാജ്ഞകൊണ്ടാമോ?”

എന്നു് പത്മനാഭസ്വാമിക്ഷേത്രത്തിലെ ഒറ്റക്കൽ മണ്ഡപം നിർമിച്ചതിനെപ്പറ്റി പറയുന്നതും മാർത്താണ്ഡവർമ്മയെ സംബന്ധിച്ചുമാത്രമേശരിയാവുകയുള്ളു. ഇദ്ദേഹത്തിന്റെ കാലത്താണു് പത്മനാഭസ്വാമി ക്ഷേത്രം പുതുക്കിപ്പണിയാൻ ആരംഭിച്ചതു്. ഇരുപതടി സമചതുരവും ആറടി കനവുമുള്ള ഒരു ഒറ്റക്കല്ലുകൊണ്ടു് മുഖമണ്ഡപം തീർത്തതും 1293 അടി നീളവും 20 അടി വീതിയും 23 അടി പൊക്കവുമുള്ള ശീവേലിപ്പന്തൽ കരിങ്കല്ലുകൊണ്ടു നിർമ്മിച്ചതും മാർത്താണ്ഡവർമ്മയാണു്. ഇദ്ദേഹത്തിന്റെ കാലം 1706–1758-ൽ ആണു്. ഈ രാജാവിന്റെ ആജ്ഞയാലാണു് താൻ വഞ്ചിപ്പാട്ടുണ്ടാക്കിയതു് എന്നു കവി തന്നെ ഒരിടത്തു പറയുന്നു.

വഞ്ചന മനുജനായിട്ടവതരിച്ചിരിക്കുന്ന

വഞ്ചിവലവൈരിയുടെ കൃപയ്ക്കിരിപ്പാൻ

വഞ്ചികയായ് വന്നാവു

ഞാനെന്നിച്ഛിച്ചു വാഴുംകാലം

വഞ്ചിപ്പാട്ടുണ്ടാക്കേണമെന്നരുളിച്ചെയ്തു.

വേദശാസ്ത്രപുരാണേതിഹാസ കാവ്യനാടകാദി-

വേദികളായിരിക്കുന്ന കവികളുടെ

മേദുരങ്ങളായ ഗദ്യപദ്യങ്ങളെ ശ്രവിക്കുന്ന

മേദിനീന്ദ്രനജ്ഞനോടാജ്ഞാപിച്ചതോർപ്പൂ!

ലഭ്യമായ ഈ വസ്തുതകളുടെ അടിസ്ഥാനത്തിൽ കൃതിയുടെ രചനാകാലം എങ്ങനെ നിശ്ചയിക്കാം? വഞ്ചിപ്പാട്ടിൽ ഭദ്രദീപപ്രതിഷ്ഠയെപ്പറ്റി പരാമർശമുണ്ടു്.

കാർത്തവീര്യൻ കഴിച്ചോണം ഭദ്രദീപപ്രതിഷ്ഠയും

കാശീരാമസ്വാമി പ്രതിഷ്ഠയും കഴിച്ചു.

ആദ്യത്തെ ഭദ്രദീപം 1744-ൽ ആണു് നടന്നതു്. അതിനുശേഷം 1745-നും 1758-നും ഇടയിലാവാം ഈ കാവ്യം രചിക്കപ്പെട്ടതു് എന്നു കെ. ആർ. കൃഷ്ണപിള്ള ഊഹിക്കുന്നു. (അവതാരിക, കുചേലവൃത്തം വഞ്ചിപ്പാട്ടു്, എൻ. ബി. എസ് പതിപ്പു് പുറം 20). രാജസ്തുതിവർണ്ണനയുടെ കൂട്ടത്തിൽ 1750-ൽ നടന്ന ആദ്യത്തെ മുറജപത്തെക്കുറിച്ചുള്ള പരാമർശമില്ലാത്തതിനാൽ പ്രസ്തുത കൃതി 1745-നും 1750-നും ഇടയിലായിക്കൂടേയെന്നും അദ്ദേഹം തുടർന്നു് ഊഹിക്കുന്നുണ്ടു്. എന്നാൽ നിർമ്മാണകാലത്തെ സൂചിപ്പിക്കുന്ന ഒരു തെളിവു് കൃതിയിലുണ്ടു്. കവി പറയുന്നതു് നോക്കുക:

കഷ്ടമായ കലിയുഗകാലവും കലികളായ

ദുഷ്ടരും മുഴുക്കമൂലമനന്തപുരം

പ്ലുഷ്ടമായിപ്പോകകൊണ്ടും,

പുണ്യശീലന്മാരായുള്ള

ശിഷ്ടന്മാർക്കു് പുലർച്ചയില്ലാത്തതുകൊണ്ടും,

നവമവതാരമൊന്നു കൂടി, വേണ്ടിവന്നു നൂനം

നരകാരിക്കൻ പതിറ്റാണ്ടിന്നപ്പുറത്തു്.

ഇതിൽനിന്നു്, അൻപതു് വർഷത്തിനു മുമ്പു് വിഷ്ണു പുതുതായി അവതരിച്ചു എന്ന കവിയുടെ വിവക്ഷ വ്യക്തമാകുന്നുണ്ടല്ലോ. മാർത്താണ്ഡവർമ്മയുടെ ജനനം 1706-ൽ ആണു്. അപ്പോൾ 1756-ൽ രാജാവിന്റെ മരണത്തിനു രണ്ടുകൊല്ലം മുമ്പു് ഈ കൃതി രചിക്കപ്പെട്ടു എന്നു് ഉറപ്പിച്ചു പറയാൻ കഴിയും. രാമപുരത്തു വാര്യർ ദരിദ്രനായിരുന്നു എന്നതിനു് കൃത്യമായ തെളിവില്ലെങ്കിലും ‘വഞ്ചവലവൈരിയുടെ കൃപയ്ക്കിരിപ്പാൻ വഞ്ചികയായ് വന്നാവൂ ഞാനെന്നിച്ഛിച്ചു വാഴുംകാലം വഞ്ചിപ്പാട്ടുണ്ടാക്കേണമെന്നരുളിച്ചെയ്തു’ എന്ന പ്രയോഗത്തിലൂടെ അദ്ദേഹത്തിന്റെ ദാരിദ്ര്യം സൂചിപ്പിക്കുന്നു എന്നു പറയാം.

കുചേലവൃത്തത്തിന്റെ സാഹിത്യപരമായ മേന്മ പരിശോധിക്കുമ്പോൾ ഇതിവൃത്തത്തോടുള്ള കവിയുടെ സമീപനമാണു് ആദ്യമായി നമ്മുടെ ശ്രദ്ധയിൽപ്പെടുന്നതു്. അക്കാലത്തും അതിനു മുമ്പും പുരാണേതിഹാസകഥകൾ കൈകാര്യം ചെയ്യുന്നവർ കഥയെ അകന്നുനിന്നു് കാണുക എന്ന നിലപാടാണു് സ്വീകരിച്ചുപോന്നതു് എന്നു കാണാം. ഭക്തൻ എന്ന നിലയിൽ ഈശ്വരനോടുള്ള ഭക്തിസമന്വിതമായ ഹൃദയ ഭാവം പ്രകടിപ്പിക്കുക എന്നതിൽ കവിഞ്ഞു ഏതെങ്കിലും പുരാണ കഥാപാത്രവുമായുള്ള താദാത്മ്യം വാര്യർക്കുമുമ്പു് ചില കവികളുടെ കാര്യത്തിൽ മാത്രമേ ഉണ്ടായിട്ടുള്ളു. ഒരു കഥാഭാഗത്തെ സ്വന്തം കല്പനകൾ കലർത്തി പുനഃരാഖ്യാനം ചെയ്യുന്നതിൽ തൃപ്തിയടയുമായിരുന്നു ഏതു കവിയും. ഇതിവൃത്തത്തിന്റെ സ്വഭാവം അതേപോലെ നിലനിർത്തിയോ അല്ലാതേയോ ഒരു പുതിയ മാനം അതിനു നല്കുക എന്നതു് അക്കാലംവരെ പരിചിതമായിരുന്നില്ല എന്നു് പൊതുവായി പറയാം—ഈ സാമാന്യ പ്രസ്താവത്തിനു് നേരിയ അപവാദങ്ങൾ ഉണ്ടെങ്കിൽതന്നെ. ആധുനികകവികൾ കവിതയ്ക്കു് വിഷയമാക്കുന്ന പുരാണപ്രമേയം പുതിയ വ്യാഖ്യാനങ്ങൾക്കു് വിധേയമാക്കാറുണ്ടു്. ഇതു സാധിക്കുന്നതു് പഴയകഥ ഉൾക്കൊള്ളുന്ന മൂല്യത്തെ അതേപോലെ നിലനിർത്താൻ കവി ആഗ്രഹിക്കാത്തതുകൊണ്ടാണു്. എന്നാൽ അത്തരത്തിലുള്ള പഴയ മൂല്യങ്ങളെ നിഷേധിക്കാനും ആ കാലഘട്ടത്തിലെ കവികളിൽനിന്നും മേൽ സൂചിപ്പിച്ച തരത്തിലുള്ള ഇതിവൃത്തപരിഷ്കാരം പ്രതീക്ഷിച്ചുകൂടാ. അങ്ങനെ ചെയ്യുന്നതിനു് പ്രാധാന്യവുമില്ല. രാമപുരത്തു വാര്യർ ചെയ്തതാകട്ടെ, ഇതിവൃത്തത്തിന്റെ കാലപരമായ വിദൂരതയെ അവഗണിച്ചു് തന്റെ കാലത്തു നടക്കുന്ന ഒരു സംഭവമായി കാണുകയും അതിന്റെ ധർമ്മസാദൃശ്യംകൊണ്ടു് തന്റെ ജീവിതത്തിൽ നടക്കുന്ന ഒന്നായി വിഭാവനം ചെയ്യുകയും അതിന്നായി ആത്മാംശത്തെ ഇതിവൃത്തത്തിൽ കലർത്തുകയും ആണു്. പുരാണപ്രസിദ്ധനായ കുചേലനെ കുചേലനാക്കിനിർത്തിക്കൊണ്ടുതന്നെ തന്റെ അന്തരംഗത്തിന്റെ ചലനങ്ങൾ കലർത്തി അവതരിപ്പിക്കാൻ കഴിഞ്ഞു എന്നുള്ളിടത്തുവെച്ചാണു് വാര്യരുടെ പ്രാധാന്യം വിലയിരുത്തേണ്ടതു്. നല്ല കാവ്യത്തെ സംബന്ധിച്ചിടത്തോളം അനിവാര്യവും എന്നാൽ പുരാണ കഥാഖ്യാനത്തിൽ ക്ളിഷ്ടസാധ്യവുമാണു് ഇതിവൃത്തവുമായുള്ള ആത്മൈക്യത്തിന്റെ അർദ്ധസ്മൃതിയിൽനിന്നും പുതിയൊരു ഭാവപരിവേഷം തെളിവോടെ പ്രത്യക്ഷപ്പെടുക എന്നതു്. ഇത്തരമൊരു കലാപരമായ വിജയം നേടിയെടുക്കാൻ കഴിഞ്ഞതു് തന്റെ സവിശേഷമായ മാനസികാവസ്ഥ സത്യസന്ധമായി പകർത്താൻ സന്നദ്ധനായതുകൊ ണ്ടാണു്. പി. കെ. പരമേശ്വരൻനായർ പറയുന്നതു് നോക്കുക: “മുൻകൃതികളേക്കാൾ കുചേലവൃത്തത്തിനുള്ള മെച്ചം കവിയെ സംബന്ധിച്ചിടത്തോളം അതു് ആദ്യന്തം സ്വാനുഭൂതിയും ആത്മാർത്ഥതയും ഉരുകിച്ചേർന്ന ഒരു കൃതിയായിരിക്കുന്നുവെന്നതാണു്... ഹൃദയത്തെ സ്പർശിച്ചിട്ടുള്ള വിഷയത്തെപ്പറ്റി ആവേശഭരിതനായി ഉദ്ബോധിപ്പിക്കുന്ന ഒരു പ്രഭാഷകനെപ്പോലെയാണു് വാര്യർ തന്റെ കഥാകഥനം ഉപക്രമിക്കുന്നതു്.

എങ്കിലെല്ലാവരും കേട്ടുകൊൾക തിരുമനസ്സീന്നു

എങ്കലുള്ള പരമാർത്ഥം പാട്ടുകൊണ്ടുണ്ടാം.

അതെ കവിഹൃദയത്തിന്റെ പരമാർത്ഥം അഥവാ സത്യസ്ഥിതി ആവിഷ്കരിക്കാനായിരുന്നു വാര്യരുടെ ഉദ്ദേശ്യം. അതുതന്നെയായിരുന്നു ആ കവിയുടെ വിജയഹേതുവും (ആധുനിക മലയാള സാഹിത്യം പുറം 70–72).

ഈ വിജയം എങ്ങനെ കൈവന്നു എന്നു് അപഗ്രഥിക്കാം:

കേരളത്തിൽ എത്രയോ ക്ഷേത്രങ്ങളും ദേവന്മാരുമുണ്ടു്. എന്നിട്ടു രാമപുരത്തുകാരനായ കവി ആരെയാണു് സ്മരിക്കുന്നതു്?

കെൽപോടെല്ലാ ജനങ്ങൾക്കും

കേടുതീരത്തക്കവണ്ണ-

മെപ്പോഴുമന്നദാനവും ചെയ്തു ചെഞ്ചമ്മേ.

മുപ്പാരുമടക്കിവാഴും

വൈയ്ക്കത്തു പെരുംതൃക്കോവി-

ലപ്പാ! ഭഗവാനേ! പോറ്റി മറ്റില്ലാശ്രയം.

മോക്ഷത്തിനുവേണ്ടിയല്ല കവിയുടെ പ്രാർത്ഥന. നിത്യമായ അന്ന ദാനമാണു് കവിക്കുള്ള ഏകാശ്രയം. ഇതു് ഒരു മുഖക്കുറിപ്പായി തുറന്നു പ്രഖ്യാപിക്കുന്നതിന്റെ പിന്നിലുള്ള ആർജ്ജവം നാം ഇതിനു മുമ്പു് ഒരു കവിയിലും കണ്ടിട്ടില്ല. ഇത്തരമൊരു പ്രസ്താവത്തിന്റെ പിന്നിൽ നിറയുന്ന ഭൗതികചിന്ത കൃതിയിൽ ആദ്യന്തം കാണാം.

  1. അന്ന വസ്ത്രാഭരണാദിവർഷമർത്ഥികളിലിന്നും മന്നവരിലാരാനേവം ചെയ്തീടുന്നുവോ? (അർത്ഥികൾക്കു് അന്നാദി ദാനംചെയ്യുക എന്നതാണു് രാജാവിന്റെ മഹത്വം).
  2. ഭക്തിയേറും ഭഗവാങ്ക,ലെങ്കിലുമവന്റെ ഭാര്യ ഭർത്താവോളം വിരക്തയായില്ല, ഭക്ഷിച്ചേ ശക്തിയുള്ളു ശുശ്രൂഷിപ്പാനെന്നായിട്ടു...
  3. ഇല്ല ദാരിദ്ര്യാർത്തിയോളം വലുതായിട്ടൊരാർത്തിയും
  4. കാവ്യത്തിന്റെ ഫലശ്രുതി.

ഇന്നിക്കഥ ചൊല്ലുന്നോർക്കും ഭക്തിയോടെ കേൾക്കുന്നോർക്കും മന്ദമെന്യേ ധനധാന്യ സന്തിതിയുണ്ടാം.

ഭക്ഷിച്ചാലേ ശുശ്രൂഷിപ്പാൻ ശക്തിയുണ്ടാവുകയുള്ള എന്നും, ദാരിദ്ര്യദുഃഖംപോലെ മറ്റൊരു ദുഃഖം ഇല്ല എന്നും ഇക്കഥ കേൾക്കുന്നവർക്കു ധനധാന്യസമൃദ്ധി ഉണ്ടാവും എന്നും പറയുന്ന കവി, ധനം അനിവാര്യമാണെന്നും അതു ഭക്തിക്കു വിഘാതമല്ല എന്നും വാദിക്കുന്ന ഭൗതികവാദിയാണു്. ഈയൊരു സമീപനം ‘ഭാഗവതപുരാണ’ത്തിലെ കുചേലകഥയുടെ സത്തയ്ക്കുതന്നെ വിരുദ്ധമാണു് എന്നു പറയണം. ഭാഗവതത്തിൽ പരീക്ഷത്തിനു രാജാവു് ശുകമഹർഷിയോടു് ചോദിക്കുന്നു;

കോനുശ്രുത്വാ സകൃദ്

പ്രഹ്മന്നുത്തമ ശ്ലോക സദ്കഥാഃ

വിരമേത വിശേഷജേഞാ വിഷണ്ണഃ

കാമമാർഗ്ഗണൈഃ (80::2)

കൃഷ്ണകഥ കേട്ടിട്ടു് ആരെങ്കിലും ഭോഗമാർഗ്ഗത്തിൽനിന്നും പിന്തിരിഞ്ഞിട്ടുണ്ടോ? ഇതിനു് മറുപടിയായിട്ടാണു് ഭാഗവതനായ കുചേലന്റെ കഥ ശുകമഹർഷി പറയുന്നതു്. ലൗകിക വിരക്തി കൈവന്ന പുണ്യാത്മാവാണു് ഭാഗവതത്തിലെ കുചേലൻ. ഇതിവൃത്തത്തെ പരിണമിപ്പിക്കാതെയും കഥാപാത്രത്തെ മാറ്റിമറിക്കാതെയും തന്റെ അനുഭവത്തിൽ നിന്നും ഉത്ഭിന്നമായ സവിശേഷദർശനം ഇതിവൃത്തത്തിനും പാത്രത്തിനും നൽകി ആവിഷ്കരിക്കാൻ രാമപുരത്തുവാര്യർക്കു കഴിഞ്ഞു. ഈ ദർശനത്തെ പോഷിപ്പിക്കുന്ന വിധത്തിൽ ആണു് കവി വഞ്ചിപ്പാട്ടു് രചിക്കുന്നതു് എന്നു് ഭാഗവതകഥയുമായി താരതമ്യപ്പെടുത്തി പരിശോധിച്ചാൽ മനസ്സിലാകും.

ഭാഗവതം ദശമസ്കന്ധത്തിലെ 80, 81 അധ്യായങ്ങളിൽ 86 ശ്ലോകങ്ങളിൽ കുചേലകഥ പ്രതിപാദിക്കപ്പെടുന്നു. വഞ്ചിപ്പാട്ടിൽ 698 വരികൾ ഉണ്ടു് എന്നു് സൂചിപ്പിച്ചുവല്ലോ. കുചേല കഥയ്ക്കും വാര്യർ രണ്ടു് പീഠികകൾ നല്കിയതായി കാണാം.

ഒന്നു്:
വഞ്ചിഭൂപന്റേയും തിരുവനന്തപുരത്തിന്റേയും വർണ്ണന (96 വരി) 1-96.
രണ്ടു്:
കൃഷ്ണന്റെ അവതാര ലീലകളുടെ വർണ്ണന (132 വരി) 97-228. ഇങ്ങനെ 229 വരികൾ, കൃതിയുടെ ഏതാണ്ടു് മുന്നിലൊരു ഭാഗം, കുചേലകഥയുടെ മുഖവുരയായി നിലകൊള്ളുന്നു. ഇതിനെ സംബന്ധിച്ചു് പ്രൊഫ. എസു്. ഗുപ്തൻനായർ പറയുന്നു: “സംഭവങ്ങളുടെ അനുപാതക്രമം നോക്കിയാൽ ഇത്രയും അനുവദനീയമാണെന്നു തോന്നുന്നില്ല, പക്ഷെ. തന്റെ കൃഷ്ണഭക്തിക്കു അങ്ങനെയൊരു നീർച്ചാലു വെട്ടിക്കൊടുക്കാനല്ലെങ്കിൽ പിന്നെ ഈ കാവ്യത്തിനു് എന്തു പ്രസക്തിയെന്നാണു് അദ്ദേഹത്തിന്റെ ഭാവം.” (‘വിട്ടുപോയ കണ്ണികൾ’ സാഹിത്യചരിത്രം പ്രസ്ഥാനങ്ങളിലൂടെ പുറം 703) ഇതുകൊണ്ടു് കവി മറ്റന്തെല്ലാം നേടി? കൃഷ്ണന്റെ അവതാരങ്ങൾ വർണ്ണിക്കുന്ന ഭാഗത്തു കുചേലകഥയ്ക്കു മുമ്പുള്ള 9 ഭാഗവത കഥാംശങ്ങളും 6 ഭാരതയുദ്ധകഥാംശങ്ങളും ഉൾച്ചേർത്തു കവി ഇതിഹാസപുരാണങ്ങളിൽ നിറഞ്ഞു നില്ക്കുന്ന കൃഷ്ണന്റെ വ്യക്തിത്വത്തിന്റെ സമ്രഗത ഓർമ്മിപ്പിക്കുന്നു. ഇതിൽ തന്നെ കവി പ്രത്യകശ്രദ്ധയോടെ ആവിഷ്കരിക്കുന്നതു ആശ്രിതരെ രക്ഷിക്കുന്നതിൽ അധർമ്മംപോലും ചെയ്യാൻ മടിക്കാത്ത കൃഷ്ണന്റെ വാത്സല്യത്തെയാണു്.

എളിയ പുറത്തേ നിൽപൂ

കൃഷ്ണനെല്ലാവരെക്കൊണ്ടും

ഞെളിയുന്ന ജനങ്ങളെ ഞെരിപ്പാൻ കൂടും.

ഭാഗവതത്തിൽ ഉള്ള നാലു സന്ദർഭങ്ങളെ കവി കുചേലവൃത്തത്തിൽ സ്വീകരിക്കാതെ വിടുന്നുണ്ടു്. അതിലൊന്നു് കുചേലൻ ധനാദിഐശ്വര്യ മാർഗ്ഗത്തിൽ വിരക്തി വരുന്നു എന്നതാണു്. (81:37, 38) വിഭൂതി കൃഷ്ണഭക്തിക്കു തടസ്സമായി വർത്തിക്കുമെന്നു് കരുതിയാണു് കുചേലൻ വിരാഗിയായിത്തീർന്നതു്. എന്നാൽ വഞ്ചിപ്പാട്ടിലെ കുചേലൻ വിരക്തനാവുന്നില്ല.

‘കുചേലനും പ്രേയസിക്കും

സമ്പത്തുണ്ടായതിൽ തത്ര

കുശേശയലോചനങ്കൽ പത്തിരട്ടിച്ചു.’

സമ്പത്തുണ്ടാകുമ്പോൾ ഭക്തി കൂടുകയേ ചെയ്യൂ എന്നാണു് കവിയുടെ പക്ഷം. വാര്യർ ഇത്രയും കുടി പറയുന്നു.

കുചേലീയമായ ഭക്തി

കൃഷ്ണനൈക്യം കൊടുത്താലും

കൃശേതരതരമായി കടം ശേഷിച്ചു.

സമ്പൂർണ്ണമായ ഭക്തിക്കു ധനം തടസ്സമല്ല. എന്നുമല്ല, ധനംകൊണ്ടു വീട്ടിത്തീർക്കാവുന്ന കടമല്ല ഭക്തി.

ഭാഗവതത്തെ അപേക്ഷിച്ചു് വഞ്ചിപ്പാട്ടിൽ കവി വിപുലീകരിച്ച ഭാഗങ്ങൾ ദ്വാരകാവർണ്ണനയും കുചേലന്റെ ചിന്തയുമാണു്. ഭാഗവതത്തിൽ രണ്ടു ശ്ലോകത്തിൽ മാത്രം ഒതുങ്ങിനിൽക്കുന്ന (80:16.17) ലഘുവിവരണം വഞ്ചിപ്പാട്ടിൽ 55 വരിയായി വികസിക്കുന്നു. നിഷ്ക്കളങ്കനായ ദരിദ്രന്റെ മുമ്പിൽ വിസ്മയത്തിന്റെ മഹാപ്രപഞ്ചം വന്നുദിച്ചതുപോലെയാണു് കുചേലന്റെ കണ്ണുകളിലൂടെ കാണുന്ന നഗരത്തിന്റെ വർണ്ണന. കുചേലചിന്ത രണ്ടു സന്ദർഭത്തിലുണ്ടു്. കാണാൻ പോകുമ്പോഴും തിരിച്ചുവരുമ്പോഴും ഭാഗവതത്തിൽ കുചേലന്റെ ചിന്ത ഒരു ശ്ലോകത്തിലൊതുങ്ങുന്നു.

സ താനാദായ വിപ്രാഗ്ര്യഃ

പ്രയയൗ ദ്വാരകാം കില,

കൃഷ്ണ സന്ദർശനം മഹ്യാ

കഥാം സ്യാദിതിചിന്തയൻ (15)

എങ്ങനെ കൃഷ്ണനെ കാണാനാകും എന്നോർത്തു ദ്വാരകയിലെത്തി എന്നുമാത്രമാണു് ആ പരാമർശം. വഞ്ചിപ്പാട്ടിലേക്കുവരുമ്പോൾ 20 വരിയിൽ കുചേലചിന്ത വ്യാപിച്ചു കിടക്കുന്നു.

“നാളെ നാളെയെന്നായിട്ടു

ഭഗവാനെക്കാണ്മാനിത്ര-

നാളും പുറപ്പെടാത്ത

ഞാനിന്നു ചെല്ലുമ്പോൾ

നാളിക നയനനെന്തു

തോന്നുമോ ഇന്നു നമ്മോടു്!

നാളീകം കരിമ്പന

മേലെയ്തപോലെയോ?

ദേശിക ദക്ഷിണ കഴിഞ്ഞതിൽപ്പിന്നെ

കാണാത്ത ഞാൻ

ദേവദേവനാലർത്ഥിക്കപ്പെടുമെങ്കിലും

ദാശാർഹനെൻ ദാരിദ്ര്യമൊഴിച്ചയപ്പാൻ

ബന്ധം വേണ്ട

ദാസ്യ സഖ്യാദികളോ

നിത്യന്മാർക്കുണ്ടാമോ?

താണു പണ്ടുണ്ടായ

സാപ്തപദീനം തന്നേ പറഞ്ഞു

കാണുമ്പോളഖിലേശനോടിരപ്പനിവൻ

ദ്രോണർ ദ്രുപദനാലെന്ന

പോലെ നിന്ദിക്കപ്പെടുക-

വേണമെന്നില്ലാദ്യനല്ലേ പ്രഭുവല്ലല്ലോ?

എന്നുതുടങ്ങി ആക്ഷേപസമാധാനം ചെയ്യുന്ന ഭാഗം ദരിദ്രന്റെ ലോലവും വിഭ്രാത്മകവുമായ മാനസികാവസ്ഥ അനാവരണം ചെയ്യുന്നു. ഉത്കണ്ഠാകുലമാണു് കുചേലന്റെ അങ്ങോട്ടുള്ള യാത്രയെങ്കിൽ തിരിച്ചുവരുമ്പോൾ പശ്ചാത്താപാർദ്രമായ വിചാരമാണു് കുചേലനിൽ നിറയുന്നതു്.

“ഓർത്താലെന്റെ ദാരിദ്ര്യം

തീർത്തയച്ചേനേ അർത്ഥിച്ചെങ്കിൽ

ആർത്തപാരിജാത,

മതൊന്നയർത്തുപോയി

പേർത്തങ്ങോട്ടു ചെല്ലുകയും,

കഷ്ടം! വഴിക്കണ്ണുംതോർത്തു

കാത്തിരിക്കും പത്നിയോടെന്തുരചെയ്യേണ്ടു.

ജന്മം വ്യർത്ഥമാക്കിപ്പതിവ്രതയെപ്പട്ടിണിക്കിട്ട

കല്മഷവാനുണ്ടോ ഗതി മുക്തനായാലും?

താനെന്നപോലെ കൃഷ്ണനും എന്തെങ്കിലും തന്നയയ്ക്കേണ്ട കാര്യം ചോദിക്കാൻ മറന്നുപോയി എന്നാണു് കുചേലൻ ചിന്തിക്കുന്നതു്. ഇതേ സന്ദർഭത്തിൽ ഭാഗവതത്തിലെ കുചേലൻ ചിന്തിക്കുന്നതു്, ധനം നല്കി തന്നെ അനുഗ്രഹിക്കാത്തതു് കൃഷ്ണഭക്തി ശോഷിച്ചു പോകും എന്നു കരുതിയാണു് എന്നത്രേ. ഈ രണ്ടു ചിന്തയിലൂടെയും യഥാർത്ഥ ദരിദ്രന്റെ വിലോലശുഭ്രമായ മനസ്സിന്റെ അപൂർവ്വമായ വികാരദീപ്തി വാര്യർ ഒപ്പിയെടുത്തിരിക്കുന്നു. പി. കെ. പരമേശ്വരൻനായർ പറയുന്നു; ‘യാത്രാമാധ്യേ ഉള്ള കുചേലന്റെ അത്മഗതത്തിൽ അടങ്ങിയിരിക്കുന്ന മനശ്ശാസ്ത്രബോധം, പ്രഭുജനങ്ങളെ ആശ്രയിക്കാൻ പോയിട്ടുള്ള സാധുക്കളുടെ അനുഭവങ്ങൾ നേരിട്ടറിഞ്ഞിട്ടുള്ളവർക്കു മാത്രമേ ആവിഷ്ക്കരിക്കാൻ സാധ്യമാകു’ (ആധുനിക മലയാളസാഹിത്യം പുറം 75).

രാമപുരത്തു വാര്യർ ഭാഗവതത്തിലില്ലാത്ത മൂന്നു സന്ദർഭങ്ങൾ സൃഷ്ടിച്ചു വഞ്ചിപ്പാട്ടിൽ സംയോജിപ്പിച്ചിട്ടുണ്ടു്. ഒന്നു്: തന്റെ വീടു് രണ്ടാം ദ്വാരകയായി മാറിയതുകണ്ടു് ആശ്ചര്യസ്തിമിതനായി നില്ക്കുന്ന കുചേലനോടു് പത്നി പറയുന്ന ഭാഗം. രണ്ടു്: കുചേലപത്നിയുടെ വിവരണം കേട്ട കുചേലന്റെ പ്രതികരണം ആവിഷ്കരിക്കുമ്പോൾ കൃഷ്ണനെ സ്തുതിക്കുന്നതായി കവി വർണിക്കുന്ന ഭാഗം. പന്ത്രണ്ടു വരിയിലുള്ള നാമോച്ചാരണവും (633-644) പതിന്നാലുവരിയിൽ (647-660) ദശാവതാരവർണനയും ഉൾപ്പെടെ 36 വരിയിൽ ആ ഭക്തിവാങ്മധുനിറഞ്ഞു നില്ക്കുന്നു. മൂന്നു്: ഇരന്നു നടന്ന വിപ്രനാരി പിന്നീടു്, വരുന്നവർക്കൊക്കെ വസ്ത്രാഭരണങ്ങളും അന്നവും ദാനം ചെയ്യുന്നതായി വാര്യർ പ്രതിപാദിക്കുന്നു. കുചേലഭവനത്തിലും ഹസ്തിനപുരിയിലും വാദ്യഘോഷവും നാമോച്ചാരണവും നിരന്തരം മുഴങ്ങിക്കേൾക്കുന്നു.

ഇവ കൂടാതെ പ്രാധാന്യം കുറഞ്ഞ ലഘുപരിഷ്കരണങ്ങളും കവിവരുത്തിയിട്ടുണ്ടു്.

ഈ പരിഷ്കാരംകൊണ്ടു് കവിക്കു്, ആദ്യം വിവരിച്ചവിധം, തന്റെ പ്രത്യേക ദർശനം ആവിഷ്കരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കുന്നു. ഐശ്വര്യത്തോടുകൂടി ഇഹലോകത്തിൽ ജീവിച്ചു് ഒപ്പം അവ്യാജ മധുരമായ ഭക്തിനിലനിർത്തുകയും ചെയ്താൽ ഉണ്ടാകുന്ന കൈവല്യമാണു് കവിയുടെ സങ്കൽപത്തിലുള്ള സമ്പൂർണ്ണ ജീവിതം.

‘ദാനധർമ്മങ്ങളും ചെയ്തു ദമ്പതിമാരിരുവരു-

മാനന്ദിച്ചിട്ടാലയത്തിലനേകകാലം

മാനേതരഹരി രതിയോടുകൂടി വാണിട്ടവ-

സാനത്തിങ്കൽ കൈവല്യം ലഭിക്കയും ചെയ്തു.’

ഇഹലോകജീവിതത്തെ യാഥാർത്ഥ്യമായും, ഈ ഭൂമിയിൽ നിന്നും നേടുന്ന സുഖത്തെ അർത്ഥപൂർണ്ണമായും കാണുന്ന ഒരു വീക്ഷണം കുചേലകഥയെ അവലംബമാക്കി രൂപപ്പെടുത്തുവാനാണു രാമപുരത്തു വാര്യർ മുഖ്യമായും ശ്രദ്ധിച്ചിട്ടുള്ളതു്. ഈയൊരു വീക്ഷണം ഇതിവൃത്തത്തിനു് അന്യമായി തോന്നാത്തതു കവിയുടെ അനുഭൂതി ഇതിവൃത്തത്തിൽ സമ്പൂർണ്ണമായും ലയിച്ചതുകൊണ്ടുതന്നെയാണു്. ഇവിടെയാണു്, കവി ദരിദ്രനായിരുന്നു എന്നും രാജാവിൽനിന്നും എന്തെങ്കിലും ലഭിക്കാൻവേണ്ടിതന്നെയാണു് ഈ കൃതി രചിച്ചതു് എന്നുമുള്ള ഐതീഹ്യത്തിന്റെ പ്രസക്തി. പണം കിട്ടാൻ ദീപസ്തംഭം മഹാശ്ചര്യമാണു് എന്നു പറയേണ്ടതുണ്ടെങ്കിൽ ദീപസ്തംഭം മഹാശ്ചര്യം തന്നെയാണു് എന്നു് തുറന്നുപറയുകയാണു് ഇവിടെ വാര്യർ-കുഞ്ചൻനമ്പ്യാരുടെ തുറന്നുപറയൽ മറ്റൊരു രീതിയിൽ നടത്തിയിരിക്കുന്നു എന്നുമാത്രം. മാർത്താണ്ഡവർമ്മ രാജാവിനെ വിഷ്ണുവിന്റെ അവതാരമായും തുടർന്നു കൃഷ്ണനായും തന്നെ കുചേലനായും കൽപിച്ചുകൊണ്ടു് രചിച്ച ഒരു ശ്ലോകം രാജാവിനു ഇഷ്ടപ്പെട്ടതായും അതിന്റെ ഫലമായാണു് വഞ്ചിപ്പാട്ടു് രചിക്കാൻ രാജകല്പന ഉണ്ടായതെന്നും ഒരു വാദമുണ്ടു്. (ഡോ. എം. ലീലാവതി. മലയാളകവിതാ സാഹിത്യചരിത്രം-പുറം 152). ‘ഏതായാലും വാര്യരുടെ ഉപമയ്ക്കു് കനത്തവില കിട്ടി എന്നർത്ഥം.’ സാധാരണ രാജസ്തുതികളിലെ അലങ്കാരകല്പനയായി വഞ്ചിപ്പാട്ടിലെ സങ്കല്പനത്തെ കാണാൻ കഴിയുകയില്ല. കാരണം കുചേലന്റെ അവസ്ഥയുമായി താദാത്മ്യം പ്രാപിച്ച കവിയുടെ സ്വാഭാവികമായ മാനസിക നിലയിൽനിന്നും ഉദയം കൊണ്ടതാണു് ആ കല്പന. കുചേലൻ ചിപിടകം നൽകി ഐശ്വര്യം സാക്ഷാത്ക്കരിച്ചതുപോലെ തനിക്കും ഭൗമസൗഭാഗ്യം നുകരാനുള്ള സമ്പത്തു് നൽകേണമേ എന്ന അർത്ഥനയുടെ മുഴക്കം വ്യംഗ്യഭംഗിയാർന്ന ഭാവനാവിനിയോഗത്തിലൂടെ നമുക്കു് ഈ കൃതിയിൽ കേൾക്കാനാകും. അതുകൊണ്ടുതന്നെ ഇരു അലങ്കാരകല്പനയുടെ തലത്തിൽനിന്നുയർന്നു് ദരിദ്രന്റെ ആത്മ നിവേദനത്തിന്റെ ഹൃദയോന്മാദിയായ ആവിഷ്കാരമായി മാറുന്നു. ഈ നിലയ്ക്കു് നിരീക്ഷിക്കുമ്പോഴാണു് വഞ്ചിപ്പാട്ടുകാരൻ സ്വന്തമായി ഉൾച്ചേർത്ത ഒരു ഭാഗം പ്രസക്തമായിത്തീരുന്നതു്. കുചേലപത്നി അഗതികൾക്കു് അന്നവും മറ്റും ദാനം ചെയ്യുന്നതാണു് ആ ഭാഗം.

‘ഇരന്നവലുണ്ടാക്കിയ വിപ്രകുടുംബിനിചിത്രം

വരുന്നവർക്കെല്ലാം വസ്ത്രാഭരണങ്ങളും

വിരുന്നൂട്ടും വേണ്ടുന്നതൊക്കെയും കഴിച്ചുതുടങ്ങി

പരന്നന്നു ദിനം തോറുമതിരസവും.’

ഏതു് യാചകനാണു് താൻ ധനമാർജ്ജിച്ചു് തന്നെക്കാണാൻ വരുന്നവർക്കു് ലോഭമെന്നേ ധനധാന്യാദികൾ ദാനം ചെയ്യുന്നതു് സ്വപ്നം കാണാതിരിക്കുക? അതിനാൽ മേൽവിവരിച്ച വരികൾ കവിയുടെതന്നെ സ്വപ്നത്തിന്റെ ആവിഷ്കാരമായിത്തീരുന്നു. ഇതിവൃത്തചൈതന്യവുമായുള്ള കവിമനസ്സിന്റെ താദാത്മ്യത്തിന്റെ മറ്റൊരു ഫലമാണിതു്.

പുരാണത്തിലെ കഥാപരമായ കേവലമൂല്യം നഷ്യപ്പെടുത്തി ഉയർന്ന തലത്തിലുള്ള ആത്മാവിഷ്കാരത്തിനു് ഉപയോഗപ്പെടുത്തുക എന്നതു് സാമാന്യമായി പറഞ്ഞാൽ ആധുനികകാലത്തു കണ്ടുവരുന്ന പ്രവണതയാണു്. എന്നാൽ പതിനെട്ടാം ശതകത്തിൽ ഇത്തരമൊരു രീതി അപൂർവ്വം തന്നെയാണു്. പുരാണേതിവൃത്തത്തെ പുനരാവിഷ്കരിക്കുമ്പോൾ ചില നൂതനാലങ്കാരങ്ങളും പുത്തൻ രസികത്വങ്ങളും മറ്റും കോർത്തിണക്കി ആകെക്കൂടി ആസ്വാദ്യമാക്കുന്ന രീതിയാണു് അന്നു വരെ നിലനിന്നിരുന്നതു്. വഞ്ചിപ്പാട്ടിനുശേഷവും കുറേക്കാലത്തേയ്ക്കു് ഇതുതന്നെയായിരുന്നു അവസ്ഥ. ഇവിടെയാണു് ഈ കാവ്യത്തിന്റെ ചരിത്രപ്രാധാന്യം. അലങ്കാരപരമായ ആർഭാടത്തിന്റെ സ്ഥാനത്തു മാനസികയാഥാർത്ഥ്യത്തെ പുനഃസൃഷ്ടിക്കാനുള്ള ഭാവനയും, ഭാവസാന്ദ്രമായ രംഗങ്ങൾ ചിത്രീകരിക്കാനുള്ള ശക്തിയും കവി പ്രദർശിപ്പിക്കുന്നതു് നോക്കുക. അസാധാരണമായതും തന്റെ മനസ്സിനെ ആഴത്തിൽ സ്പർശിക്കുന്നതുമായ രംഗങ്ങളെ ആവിഷ്കരിക്കുന്നേടത്തു ഭാവനയുടേയും വികാരത്തിന്റെയും സമുചിതമായ പരിണയം ദർശിക്കാൻ കഴിയുന്നു.

ഇപ്പറഞ്ഞതിനു് ഏറ്റവും ഉചിതമായ ഉദാഹരണം കുചേലൻ ദ്വാരകാപുരിയിൽ എത്തുന്നതും തുടർന്നു് ലഭിക്കുന്ന അസാധാരണമായ സ്വീകരണപരിചരണങ്ങളുമാണു്.

പട്ടിണികൊണ്ടുമെലിഞ്ഞ

പണ്ഡിതനു കുശസ്ഥലീ

പട്ടണം കണ്ടപ്പോഴേ

വിശപ്പും ദാഹവും

പെട്ടെന്നകന്നുവെന്നല്ല

ഭക്തികൊണ്ടെന്നിയേ പണി-

പ്പെട്ടാലുമൊഴിയാത്ത

ഭവാർത്തിയും തീർന്നു.

രാമാനുജാഞ്ചിത രാജധാനി

സൽക്കരിച്ചേകിയ

രോമാഞ്ചക്കുപ്പായമീറനായി ചെഞ്ചെമ്മേ

സീമാതീതാനന്ദാശ്രുവിൽ

കുളിക്കകൊണ്ടു കുചേല-

ചോമാതിരിക്കതു ചുമടായിച്ചമഞ്ഞു

ഭക്തിയായ കാറ്റു

കൈകണക്കിലേറ്റു പെരുകിയ

ഭാഗ്യപാരാവാര ഭംഗപരമ്പരയാ

ശക്തിയോടുകൂടിവന്നു മാറിമാറിയെടുത്തിട്ടു

ശാർങ്ഗിയുടെ പുരദ്വാരം പൂകിക്കപ്പെട്ടു

അന്തണനെക്കണ്ടിട്ടു സന്തോഷം

കൊണ്ടോ; തസ്യ ദൈന്യം

ചിന്തിച്ചിട്ടുള്ളിലുണ്ടായ സന്താപംകൊണ്ടോ;

എന്തുകൊണ്ടോ ശാരി

കണ്ണുനീരണിഞ്ഞു, ധീരനായ

ചെന്താമരക്കണ്ണനുണ്ടോ കരഞ്ഞിട്ടുള്ളു?

പള്ളിമഞ്ചത്തിന്നു വെക്കമുത്ഥാനം

ചെയ്തിട്ടു പക്ക-

ലുള്ള പരിജനത്തോടുകൂടി മുകുന്ദൻ

ഉള്ളഴിഞ്ഞു താഴത്തെഴുന്നള്ളി, പൗരവരന്മാരും

വെള്ളംപോലെ ചുറ്റുംവന്നു വന്ദിച്ചുനിന്നു

പാരാവാര കല്പപരിവാരത്തോടുകുടി ഭക്ത-

പാരായണനായ നാരായണനാശ്ചര്യം

പാരാതെചെന്നെതിരേറ്റു കുചേലനെ; ദീനദയാ

പാരവശ്യമേവം മറ്റൊരീശ്വരനുണ്ടോ?

മാറത്തെ വിയർപ്പുവെള്ളം

കൊണ്ടു നാറും സതീർത്ഥ്യനെ

മാറത്തുണ്മയോടു ചേർത്തു ഗൗഢം പുണർന്നു

കൂറുമുലം തൃക്കൈക്കൊണ്ടു പാദം കഴുകിച്ചു പരൻ

ഭള്ളൊഴിഞ്ഞു ഭഗവതി വെള്ളമൊഴിച്ചു

തുള്ളിയും പാഴിൽപ്പോകാതെ

പാത്രങ്ങളിലേറ്റു തീർത്ഥ

മുള്ളതുകൊണ്ടു തനിക്കുമാർക്കും തളിച്ചു.

കുചേലൻ ലഭിച്ച പരിചരണം വിഭാവനം ചെയ്യുമ്പോൾ, ഒരു ദരിദ്രൻ കാംക്ഷിക്കുന്ന സ്വപ്നതുല്യമായ അവസ്ഥയുമായി സമാനമായ അനുഭൂതി സംഭരിച്ചുവെച്ച കവിഹൃദയം സാത്മ്യം പ്രാപിക്കുന്നതിന്റെ ഫലമായാണു്, ഇത്തരം രംഗങ്ങൾ വികാരോർജ്ജം വികിരണം ചെയ്തു തേജോമയനായിത്തീരുന്നതു്. വൈയക്തികതയുടേയും വികാരത്തിന്റേയും ആധിക്യമാണു് നാം ഇവിടെ കാണുന്നതു്. ഇവയുടെ ആധിക്യം കാല്പനികതയുടെ പ്രത്യേകതകളായി കൊണ്ടാടാറുണ്ടല്ലോ. ഈ അർത്ഥത്തിൽ, അകാലത്തിൽ പിറന്ന ഈ കാവ്യത്തെ കാല്പനികകൃതിയായി വാഴ്ത്തുന്നതിൽ അപാകതയില്ല. “മലയാളത്തിൽ റൊമാന്റിസിസത്തിന്റെ ലക്ഷണങ്ങൾ ഇത്രമാത്രം തികഞ്ഞിട്ടുള്ള ഇതാരകൃതികൾ അധികം കാണുകയില്ല” (പി. കെ. പരമേശ്വരൻനായർ, ആധുനിക മലയാളസാഹിത്യം 70) അങ്ങനെ അന്തർഭാവപരമായ നവീനതയുടെ അടിസ്ഥാനത്തിൽ നോക്കുമ്പോൾ കുചേലവൃത്തം വഞ്ചിപ്പാട്ടു് 20-ാ൦ ശതകത്തിന്റെ ആരംഭത്തിൽ രചിക്കപ്പെട്ട ഖണ്ഡകാവ്യങ്ങൾക്കിടയിലാണു് സ്ഥാനം പിടിക്കുന്നതു്.

ആത്മാവിഷ്കാര പ്രധാനമായി മാറിയ കുചേലവൃത്തം വഞ്ചിപ്പാട്ടിൽ കവി തന്റെ വ്യക്തിത്വം മുഖ്യപാരരതമായ കുചേലനിൽ കലർത്തുകയുണ്ടായി. ഇതിന്റെ ഫലമായി പുരാണത്തിലെ കുചേലനേക്കാൾ വ്യക്തിത്വത്തിന്റെ സ്ഫുടശോഭ പ്രസരിപ്പിക്കുന്ന നായകനായി മാറി വാര്യരുടെ കുചേലൻ. പുരാണത്തിലെ കുചേലന്റെ ഭക്തി വഞ്ചിപ്പാട്ടിന്റെ സിരകളിലൂടെയും ഒഴുകുന്നുണ്ടു്. ഒപ്പം, മാനുഷികമായ തലം അതിൽ വ്യക്തഭംഗിയോടെ തെളിഞ്ഞുനില്ക്കുകയും ചെയുന്നു. യാത്രാമധ്യേയുള്ള ചിന്തയിലൂടെ അഭിവ്യക്തമാവുന്ന മനശ്ചാഞ്ചല്യം വഴി ദരിദ്രന്റെ ഹൃദയതാളം നാം അറിയുന്നു. തിരിച്ചുവരുമ്പോഴാകട്ടെ, ഒരു ഗൃഹസ്ഥന്റെ പശ്ചാത്താപത്തിൽ ചാലിച്ച വൃഥിതചിന്തയിൽനാം പങ്കാളികളാവുന്നു. കുചേലന്റെ വ്യക്തിത്വത്തിൽ അലിഞ്ഞു ചേർന്ന ഒരു ഗൃഹസ്ഥനെ ഉയർത്തിപ്പിടിച്ച കവി രാമപുരത്തു വാര്യരാണു്. അപ്പോൾ പാത്രസൃഷ്ടിയുടെ കാര്യത്തിൽ വാര്യർ നേടിയെടുത്ത വിജയം, മാനുഷികമായ നിലപാടിൽ നിന്നുകൊണ്ടു് കുചേലനെ ദർശിച്ചു എന്നതാണു്. ഒരു കവി ഇതിവ്യത്തം—പ്രത്യേകിച്ചു് വിഖ്യാതമായ പുരാവൃത്തം—ആഖ്യാനം ചെയ്യുമ്പോൾ ശ്രദ്ധവെയ്ക്കേണ്ടതു പാത്രസൃഷ്ടിയിലാണു്. കുട്ടികൃഷ്ണമാരാർ പറയുന്നു: ‘രചനാഭംഗിയിലും നഗരാദി വർണ്ണനകളിലും അർത്ഥ കൽപനകളിലും എന്തെല്ലാം വൈജാത്യമുണ്ടായാലും അവയ്ക്കൊന്നുമല്ല വ്യക്തിത്വത്തിനാണു്. കാവ്യത്തിന്റെ ആത്മാവെന്നു് പറയപ്പെടുന്ന രസവും മുഖ്യമായി അതിനെ അവലംബിച്ചത്രേ വ്യക്തമാവുന്നതു്’ (പഴയ മൂന്നു കൃതികൾ—രാജാങ്കണം പുറം 26) നമ്മുടെ കവികൾ ഈ കാര്യത്തിൽ പ്രായേണ ശ്രദ്ധിക്കാറില്ലായിരുന്നു എന്നു് മാരാർ തുടർന്നു പറയുന്നുണ്ടു്. കഥാപാത്രത്തെ കൂടുതൽ വ്യക്തത നല്കി ആവിഷ്കരിക്കുന്ന ഈ കാവ്യം മാരാരുടെ വിലയിരുത്തലിന്റെ രീതി അനുസ്മരിച്ചാൽ മാതൃകാപരമാണു് എന്നു് പറയാം.

ഇത്രയും ഭദ്രശില്പമായ ഈ കൃതി ഒരു ദ്രുതകവനമാണു് എന്ന ഐതീഹ്യം നിലവിലുണ്ടു്. ഒരു ദ്രുതകവനത്തിന്റെ ഇതിവൃത്തത്തിൽ കവിയുടെ വ്യക്തിത്വം സ്വാഭാവികമായും ഇഴുകിച്ചേരുകയില്ല. വ്യക്തിത്വത്തിന്റെ സുക്ഷ്മവും അഗാധവുമായ തലങ്ങളല്ല, ഉത്താനവും സഹജവുമായ വിതാനങ്ങളാണു് ദ്രുതരചനയിൽ സ്പർശിക്കപ്പെടുക. അലങ്കാരം കുത്തിനിറച്ച കല്പനാവൈഭവത്തിന്റെ അഭാവം കാരണം കൈവന്ന രചനാപരമായ സ്വാഭാവികതയാവണം ഇത്തരം ഐതിഹ്യത്തിന്റെ പിന്നിൽ പ്രവർത്തിച്ചതു്. “ഏതൊരു ഉത്തമമായ കലാസൃഷ്ടിയേയുംപോലെ ശാന്തതയിൽ ഘനീഭവിച്ച വൈകാരികാനുഭുതിക്കു് അവധാനപൂർവ്വം രൂപംകൊടുത്തു രചിച്ചു് കവിതയായിട്ടേ അതിനെ ഗണിക്കാൻ തരമുള്ളു. നിമിഷകവികൾക്കു് അനിവാര്യമായ അന്തസ്സാരശൂന്യതയും പ്രതിപാദനവൈകല്യങ്ങളും കുചേലവൃത്തത്തെ സ്പർശിച്ചു പോലുമില്ല” (പി. കെ. പരമേശ്വരൻനായർ 69).

ഒരു നല്ല കാവ്യം അമൂല്യമായ കാവ്യതത്ത്വം നമ്മിൽ അവശേഷിപ്പിക്കുന്നു. പില്ക്കാലകവികൾക്കു അതു സർഗ്ഗാത്മകമായ പാഠമായിത്തീരുകയും ചെയ്യുന്നു. കുചേലവൃത്തം വഞ്ചിപ്പാട്ടു് ഒരു കാവ്യതത്വം നമ്മുടെ മുമ്പിൽ വെയ്ക്കുന്നു. ഇതിവൃത്തവുമായി അങ്ങേയറ്റം താദാത്മ്യം പ്രാപിക്കുകയും, ആത്മാനുഭൂതിയെ ഇതിവൃത്തത്തിൽ ലയിപ്പിക്കുകയും ചെയ്യുമ്പോൾ മാത്രമേ സ്ഥായിയായ മൂല്യമുള്ള കലാസൃഷ്ടി രൂപംകൊള്ളുകയുള്ളു എന്നതാണു് ഈ കാവ്യം നൽകുന്ന കലാതത്വം. വിഷയവും വിഷയിയും തമ്മിലുള്ള ലയനത്തിന്റെ സ്വാഭാവിക ഫലമാണു് കാവ്യം. ഇതിന്റെ ഫലമായി ഇതിവൃത്തം സാമാന്യമായ തലംവിട്ടു കവിവ്യക്തിത്വത്തിന്റെ മുദ്ര പതിഞ്ഞു സവിശേഷമായ രുപം കൈക്കൊള്ളുന്നു. ഹൃദയാനുഭൂതിയുടെ ആവിഷ്കാരംഎന്നൊക്കെ പറയുമ്പോൾ നാം അർത്ഥമാക്കുന്നതു ഈ വിശേഷവൽക്കരണ പ്രക്രിയയെയാണു്. ഭാഗവതാന്തർഗതമായ കുചേലകഥയ്ക്കും ഇത്തരത്തിലുള്ള സവിശേഷവൽക്കരണമാണു് വഞ്ചിപ്പാട്ടിലൂടെ സംഭവിച്ചിടടുള്ളതു്. മേൽവിവരിച്ച തത്ത്വം അതീവസാധാരണമായ ഒന്നാണല്ലോ എന്നു് ചോദിച്ചേക്കാം. പക്ഷേ, അഴിച്ചെടുക്കാൻ കഴിയുംവിധം കെട്ടിവെയ്ക്കപ്പെടുന്ന അലങ്കാരങ്ങളുടെ മിന്നുന്ന ആർഭാടങ്ങളിലൂടെ പുരാണേതിഹാസങ്ങളിലെ ഇതിവൃത്തം ചർവ്വിതചർവ്വണം ചെയ്തു പോന്ന പരശ്ശതം കൃതികളാൽ ഭാരം തൂങ്ങിയ നമ്മുടെ കാവ്യപാരമ്പര്യത്തിൽനിന്നും അകന്നും ഉയർന്നും നില്ക്കുന്ന കുചേലവൃത്തം വഞ്ചിപ്പാട്ടിനെപ്പോലുള്ള കൃതികളെ വിവേചിച്ചിട്ടു് വിലയിരുത്തുന്നതിനുള്ള ഉപാധിയായി തീരുന്നതു് ഈ കാവ്യതത്ത്വമാണു്.

കുചേലവൃത്തം വഞ്ചിപ്പാട്ടിനുമുമ്പ കുചേലകഥ പ്രത്യേകമായ കാവ്യത്തിനുള്ള ഇതിവൃത്തമായി സ്വീകരിക്കപ്പെട്ടുകാണുന്നില്ല. കൃഷ്ണഗാഥയിലും കണ്ണശ്ശഭാഗവതത്തിലും ഭാഗവതം കിളിപ്പാട്ടിലും കുചേലകഥ ആവിഷ്കരിക്കപ്പെടുന്നുണ്ടു് എന്നുമാത്രം. കൂട്ടത്തിൽ കൃഷ്ണഗാഥയിലെ കുചേലനെപ്പറ്റി പ്രത്യേകമായി പരാമർശിക്കേണ്ടതുണ്ടു്. കുചേലൻ അതിൽ ഒരു കോമാളിയായിട്ടാണു് അവതീർണ്ണനായിരിക്കുന്നതു്. ദ്വാരകയിലെ ജനങ്ങൾ കുചേലനെ കണ്ടപ്പോൾ ‘ലീല’ യായി പറയുന്നതു് ഇങ്ങനെയാണു്.

അസ്ഥികൾ കൊണ്ടുചമച്ചുതിൻ മുലമെ-

ന്തബ്ജ്ജമ്പണ്ടിവൻ മേനി തന്നെ

ബീഭത്സമായ രസത്തിനെക്കാട്ടുവാ-

നാബദ്ധ ലീലനായല്ലയല്ലീ?

പക്ഷേ, വഞ്ചിപ്പാട്ടിനുശേഷം ഇങ്ങനെ അവതരിപ്പിക്കുവാൻ കവികൾ ധൈര്യപ്പെടില്ല. പില്ക്കാലകവികൾ കുചേലകഥ പ്രത്യേക കാവ്യത്തിനു വിഷയമാക്കിയിട്ടുണ്ടു്. അവരിൽ പ്രമുഖൻ കുഞ്ചൻനമ്പ്യാരാണു്. അദ്ദേഹത്തിന്റെ ശ്രീകൃഷ്ണചരിതം മണിപ്രവാളം ഭാരത-ഭാഗവത കഥകളെ കോർത്തിണക്കി സംക്ഷേപിച്ചു് കാവ്യഗതമാക്കിയ കൃതിയാണു്. 12 സർഗ്ഗങ്ങളിലായി 912 ശ്ലോകങ്ങളിൽ അയത്നമധുരമായി കൃഷ്ണകഥ അതു് ആവിഷ്കരിക്കുന്നു. ചില പ്രത്യേക കഥകൾ—കൃഷ്ണന്റെ മായാവൈഭവത്തെയും അസുരനിഗ്രഹത്തെയും വിവരിക്കുന്നവ—വിശദമായി വർണ്ണിക്കപ്പെടുന്നതു് കാണാം. അവയുടെ കൂട്ടത്തിൽ കുചേല കഥയും ഉൾപ്പെടുന്നു. ശൈശവലീല, സ്യമന്തകകഥ, രുഗ്മിണീസ്വയംവരം എന്നിവ കഴിഞ്ഞാൽ ഏറ്റവും പ്രാധാന്യം നല്കിയാണു് കുഞ്ചൻനമ്പ്യാർ കുചേലകഥ പറയുന്നതു്. 30 ശ്ലോകങ്ങളുണ്ടു് ഇതിൽ. കുചേല കുടുംബത്തിന്റെ ദയനീയചിത്രം അവതരിപ്പിക്കുമ്പോൾ കവിക്കു കുചേലനോടുള്ള സഹഭാവാർദ്രമായ മനോഭാവം പ്രത്യക്ഷപ്പെടുന്നു. ഇതിലെ പല വരികളും കേരളീയരുടെ മനസ്സിന്റെ ആഴങ്ങളെ സ്പർശിച്ചവയാണു്. കുചേലപത്നിയുടെ വാക്കുകൾ കേൾക്കുക:

ദരിദ്രനെന്നാകിലുമത്രമാത്രം

കരത്തിലില്ലാത്ത ജനം ചുരുക്കം

ധരിക്ക നീ നാഥ! നമുക്കിദാനീ-

മൊരിക്കലഷ്ടിക്കുമുപായമില്ല.

ഇല്ലങ്ങളിൽച്ചെന്നു നടന്നിരന്നാ-

ലില്ലെന്നു ചൊല്ലുന്ന ജനങ്ങളേറും

അല്ലെങ്കിലാഴക്കരി നൽകുമപ്പോൾ

നെല്ലെങ്കിൽ മുഴപ്പതുമന്തിനേരം

ഉഴക്കുചോർകൊണ്ടൊരു വാസരാന്തം

കഴിക്കുമഞ്ചാറു ജനങ്ങളിപ്പോൾ

കിഴക്കുദിക്കുമ്പൊഴുതാത്മജന്മാർ

കഴൽക്കു കെട്ടിക്കരയുന്നു കാന്താ? (12:3-5)

കുചേലകഥ അടിസ്ഥാനമാക്കി ഒരു ആട്ടക്കഥ ചെങ്ങന്നൂർ മുരിങ്ങൂർ ശങ്കരനൻപോറ്റി രചിച്ചിട്ടുണ്ടു്. അതിൽ കുചേലന്റെ വ്യക്തിത്വത്തിനു് തെളിമ നല്കി അവതരിപ്പിക്കാൻ ശ്രദ്ധ ചെലുത്തിക്കാണുന്നില്ല. തിരുവാതിരപ്പാട്ടിന്റെ രൂപം സ്വീകരിച്ച രണ്ടു കൃതികൾക്കു് കുചേലകഥ ഇതിവൃത്തമായിട്ടുണ്ടു്. കുചേലവൃത്തം (8 വൃത്തം) എന്ന പേരിലാണു് രണ്ടു് കൃതികളും അറിയപ്പെടുന്നതു്. ഇതിൽ ഒന്നിനു് മണിപ്രവാളത്തിന്റേയും വഞ്ചിപ്പാട്ടിന്റേയും സ്വാധീനമുണ്ടു്. രണ്ടിലും കുചേലൻ ഇഹലോകപരാങ്മുഖനാണു്. കുചേലവൃത്തം കിളിപ്പാട്ടു് എന്ന കൃതിയിൽ കുചേലപത്നിയുടെ ദാരിദ്ര്യവിവരണം, 60 വരിയിൽ, വ്യാപിച്ചുകിടക്കുന്നു. വഞ്ചിപ്പാട്ടിനെ അനുകരിച്ചുകൊണ്ടു് മടക്കയാത്രയിൽ കുചേലൻ,

‘സുന്ദരി ചൊന്നോരു വാക്കുകളൊക്കെയും

നന്ദജൻ തന്നോടറിയിച്ചതില്ല.

എന്തുഞാൻ ചൊല്ലേണ്ടു വല്ലഭയോടിപ്പോൾ

ഹന്തമറന്നിങ്ങു പോന്നതേയുള്ളു.’

എന്നു് ചിന്തിക്കുന്നു.

കുചേലകഥ പറയുന്ന തുള്ളലുകൾ കാണാൻ കഴിഞ്ഞിട്ടുണ്ടു്. അജ്ഞാതകർത്തൃകമായ കുചേല ഗോപാലം, അനിഴം തിരുനാൾ കേരളവർമ്മയുടെ കുചേലവൃത്തം, പൂന്തോട്ടത്തിൽ മഹന്റെ കുചേലവൃത്തം പറയൻതുള്ളൽ, ഒറവങ്കര നീലകണ്ഠൻ നമ്പൂതിരിയുടെ കുചേലവൃത്തം ഓട്ടൻതുള്ളൽ എന്നിവയാണു് അവ. ഇവ സാമാന്യമായി പറഞ്ഞാൽ കുചേലനു് സവിശേഷമായ പ്രാധാന്യം നല്കുന്നു. ഇവയിൽ കുചേലൻ പ്രപഞ്ചപരാങ്മുഖനും, കുചേലപത്നി ജീവിതയാഥാർത്ഥ്യത്തെ ഓർമ്മിപ്പിക്കുന്ന ഭൗതികാവസ്ഥയുടെ പ്രതിനിധിയും ആണു്. ഒറവങ്കരയുടെ ഓട്ടൻതുള്ളലിൽ (അതിന്റെ ഒന്നാം കളം 641 വരിമാത്രമേ കണ്ടുകിട്ടിയിട്ടുള്ളു) കുചേലപത്നിയെ മുഖ്യകഥാകേന്ദ്രമാക്കിക്കൊണ്ടു് അവളുടെ ദയനീയാവസ്ഥ ആവിഷ്കരിക്കുന്നതിലാണു് ശ്രദ്ധ ചെലുത്തിക്കാണുന്നതു്. അനിഴം തിരുനാളിന്റെ ഓട്ടൻതുള്ളൽ കുചേലവൃത്തം വഞ്ചിപ്പാട്ടിന്റെ പല ആശയങ്ങളേയും അനുകരിച്ചതായി കാണാം. അതി നേക്കാൾ കുഞ്ചൻനമ്പ്യാരുടെ സ്വാധീനവും ഉണ്ടു്. കാരണം, അതിൽ കുചേലൻ വളരെയേറെ വാചാലനാവുന്നുണ്ടു്. തനിക്കു് കിട്ടിയ സ്വീകരണം ഓാർമ്മിച്ചുകൊണ്ടു് കൃഷ്ണൻ മറ്റു നൃപന്മാരിൽനിന്നും എത്ര വ്യത്യസ്തനാണു് എന്നു് കുചേലൻ അവിടെ കുറ്റപ്പെടുത്തുന്നു.

ആധുനികകാലത്തു് കവികൾ കുചേലനെ ഇടയ്ക്കിടെ ഓർമ്മിക്കാറുണ്ടു്. മുതുകുളം ഗംഗാധരൻപിള്ളയുടേയും കെ. വി. തിക്കുറിശ്ശി യുടേയും കുചേലവൃത്തം ആധുനികകാലത്തെ സങ്കൽപം ഉൾക്കൊള്ളുന്നവയാണു്. മുതുകുളത്തിന്റെ കവിതയിൽ കമ്പനി മാനേജരായ കൃഷ്ണനിൽനിന്നും കുചേലനെന്ന ദരിദ്രനായ സഹപാഠിക്കുണ്ടാവുന്ന കയ്പൻ അനുഭവം ആവിഷ്കൃതമാവുന്നു. വി. കെ. ഗോവിന്ദൻനായരുടെ കവിതകളിൽ കുചേലനില്ലെങ്കിലും കവിതതന്നെ കുചേലനായി വിഭാവന ചെയ്യുകയും, താൻ രചിക്കുന്ന കവിതകൾ കൃഷ്ണൻ ഭക്തി പൂർവ്വം സമർപ്പിക്കുന്ന അവിൽപ്പൊതിയായി കാണുകയും ചെയ്യുന്നു. അദ്ദേഹത്തിന്റെ കവിതകൾക്കു് അവിൽപ്പൊതി എന്നു് നാമകരണം ചെയ്തിരിക്കുന്നു. സന്തതികളില്ലാത്തതിനാൽ ദുഃഖമനുഭവിച്ച ‘സന്താനഗോപാല’ത്തിലെ ബ്രാഹ്മണൻതന്നെയാണു് കുചേലനായി ജനിച്ചു് മക്കളെപ്പോറ്റാൻ വിഷമിച്ചതു് എന്നു് സങ്കൽപിച്ചുകൊണ്ടു് വൈലോപ്പിള്ളി എഴുതിയ ഒരു കവിതയുണ്ടു്—‘കുചേലൻ.’ കുടുംബത്തിലെ ദാരിദ്ര്യം കണ്ടു് മനമലിഞ്ഞു കുചേലൻ ഇങ്ങനെ പ്രാർത്ഥിക്കാറുണ്ടായിരുന്നത്രേ:

‘ഹാ, വിഭോ, ഹരേ, കൃഷ്ണ,

നിന്മായ മെന്തോതേണ്ടൂ?

ഒക്കെയും കവർന്നല്ലോ കുഞ്ഞുമക്കളെയങ്ങു

ന്നുൾക്കനിവാലേ വീണ്ടുമൊരുമിച്ചേൽപിച്ചല്ലോ

മാപ്പു നല്കുകീക്രൂര ചിന്തയ്ക്കു, ഭവാൻ ദയാ

വായ്പിനാലേ താനെണ്ണം

ഹാ തിരിച്ചെടുത്തെങ്കിൽ’

ഭാഗവതത്തിലെ കുചേലസങ്കല്പമല്ല ഈ കവിതയിലെ കുചേലനു്. ജീവിതത്തിലെ വൈപരീത്യങ്ങളെ ചൂണ്ടിക്കാട്ടുകയാണു് ഈ പുരാവൃത്തത്തിലൂടെ കവി ചെയുന്നതു്.

രാമപുരത്തു വാര്യർ കുചേലനുമായി സമ്പൂർണ്ണമായി താദാത്മ്യം പ്രാപിച്ചതിന്റെ ഫലമായി രചിച്ച കാവ്യമാണു് കുചേലവൃത്തം വഞ്ചിപ്പാട്ടു് എന്ന സങ്കല്പത്തിൽ വിഷ്ണുനാരായണൻ നമ്പൂതിരി രചിച്ച ലഘുകവിതയാണു് ‘രാമപുരത്തു കുചേലൻ.’

മലയാളകവിതയിൽ കുചേലകഥാകാവ്യങ്ങൾക്കുള്ള പ്രാധാന്യമെന്താണു്? കൃഷ്ണകഥകളിൽ ഏറ്റവുമധികം കാവ്യഗതമാക്കപ്പെട്ട ഇതിവൃത്തം കുചേലന്റേതാണു്. വഞ്ചിപ്പാട്ടടക്കം 22 കവിതകൾ കുചേല കഥാപ്രതിപാദകങ്ങളായി മലയാളത്തിൽ കാണാൻ കഴിഞ്ഞു. (‘കൃഷ്ണകഥ മലയാള കവിതയിൽ ‘ എന്ന അപ്രകാശിത ഗവേഷണപ്രബന്ധത്തിന്റെ അനുബന്ധം കാണുക) ഈ കഥ എന്തുകൊണ്ടു് മലയാളികളെ ആകർഷിച്ചു? അത്യപൂർവ്വവും അതിവിശിഷ്ടവുമായ സതീർത്ഥ്യ സ്നേഹത്തിന്റെ ആദർശപ്രദീപ്തമായ ചിത്രീകരണം ഈ കഥ ഉൾക്കൊള്ളുന്നു എന്നതാവാം ഇതിനു് കാരണം. എന്നാൽ, രാമപുരത്തുവാര്യർ കാവ്യം രചിച്ചതോടെ ഇതിലെ പ്രമേയത്തിനു് മറ്റൊരു പ്രാധാന്യം കൈവന്നു. ദാരിദ്ര്യം എന്ന ജീവിതയാഥാർത്ഥ്യം കവിതയ്ക്കു് പ്രമേയമായി എന്നതാണു് ആ പ്രാധാന്യം. രാമപുരത്തു വാര്യർ സ്വീകരിച്ച റിയലിസമെന്ന സങ്കേതവും പിൽക്കാലത്തു് അനുകരണവിധേയമായി. സാഹിത്യ പഞ്ചാനനൻ പി. കെ. നാരായണപിള്ള കുമാരനാശാന്റെ കരുണയെ ആക്ഷേപിക്കുന്നതിനിടയിൽ വഞ്ചിപ്പാട്ടിലെ റിയലിസ്റ്റിക്കു് രീതി സ്വീകരിച്ചതിനെ പരാമർശിക്കുന്നുണ്ടു്. മറ്റു ചിലരുടെ ലക്ഷ്യം പ്രതിപാദ്യവിഷയത്തെ യഥാർത്ഥമായി പ്രാകൃതികമായി (പ്രകൃതി എങ്ങനെയോ അതുപോലെ) വർണ്ണിക്കണമെന്നാണു്. ഇക്കൂട്ടർ സ്വല്പങ്ങളായ വിവരങ്ങൾപോലും വർണ്ണ്യവസ്തുവിന്റെ പൂർണ്ണപ്രതീതി യഥാ യഥമായി ജനിപ്പിക്കുവാൻ അംഗീകരിക്കുന്നവരാണു്. വാര്യർ പലടത്തും യാഥാർത്ഥ്യത്തെ ആദരിച്ചുകാണുന്നു. ഇതിനു് ഉദാഹരണമായി കുചേലന്റെ പുറപ്പാടു്, പത്മനാഭസ്വാമിക്ഷേത്രത്തിന്റെ വർണ്ണനയിലെ വിശദാംശവിവരണം എന്നിവ ചൂണ്ടിക്കാട്ടുന്നു. ഈ മാതൃക സ്വീകരിച്ച പില്ക്കാലകവികൾ കുചേലവൃത്തത്തിലെ കഥ അവതരിപ്പിക്കുമ്പോൾ: നനഞ്ഞൊലിക്കുന്ന കുടിലും ഒട്ടിയ വയറും ഉടുതുണിയില്ലാത്ത മേനിയും ആയിക്കഴിയുന്ന പട്ടിണിക്കോലങ്ങളേയും, മക്കളുടെ ദയനീയാവസ്ഥ നോക്കി നെടുവീർപ്പിടുന്ന മാതാവിന്റെ നിസ്സഹായതയേയും വിശദമായി വിവരിച്ചു. ജീവിതത്തിന്റെ ഇരുണ്ട, പരുപരുത്ത യാഥാർത്ഥ്യങ്ങൾ ആവിഷ്കൃതമാവുന്നതു് ഈ വർണ്ണനകളിലൂടെയാണു്. കവിതയ്ക്കു് സ്വീകരിക്കാൻ പുതിയ പ്രമേയം ഇങ്ങനെ കണ്ടെത്തുകയായി. അങ്ങനെ നോക്കുമ്പോൾ റിയലിസത്തിനും പുരോഗമനപ്രസ്ഥാനത്തിനും മുന്നോടിയായും പശ്ചാത്തലമായും വർത്തിച്ചതു കുചേലവൃത്തം വഞ്ചിപ്പാട്ടിലെ ദരിദ്രജീവിതകഥാകഥനം ആണു് എന്നു പറയാവുന്നതാണു്.

സംക്ഷിപ്തമായി പറഞ്ഞാൽ, മലയാളകവിത ജീവിതത്തിന്റെ പരുക്കനായ യാഥാർത്ഥ്യങ്ങളെ നേരിടാൻ വേണ്ട കരുത്തു സമ്പാദിച്ചതു് കുചേലവൃത്തം വഞ്ചിപ്പാട്ടിലൂടെയാണു്. അതിന്റെ ഫലമായി മലയാളിയുടെ കാവ്യസൗന്ദര്യബോധത്തിനു് നവീനമായ വികാസം സംഭവിച്ചു. ഭാവുകത്വത്തിന്റെ സംവേദനം പുതിയ മേഖലകൾതേടി വളരുകയും ചെയ്തു. ഇത്തരം ചരിത്രപരമായ പ്രാധാന്യം കുചേലവൃത്തം വഞ്ചിപ്പാട്ടിനു് അവകാശപ്പെട്ട ഒന്നാണു്.

എൻ. മുകുന്ദൻ
images/nmukunan.jpg

1948 ജൂൺ 30-നു് കണ്ണൂർ എടക്കാട്ടു് ജനിച്ചു. അച്ഛൻ: ഒ. ചന്തു. അമ്മ: എൻ. ജാനകി. കണ്ണൂർ എസ്. എൻ. കോളജ്, തലശ്ശേരി ബ്രണ്ണൻ കോളജ്, എറണാകുളം മഹാരാജാസ് കോളജ്, കേരള സർവകലാശാല മലയാളവിഭാഗം എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. കേരള സർവകലാശാലയിൽനിന്നു് ഡോ. കെ. രാമചന്ദ്രൻനായരുടെ മേൽനോട്ടത്തിൽ പി. എച്ച്. ഡി. ബിരുദം നേടി (1976). 1975-ൽ തലശ്ശേരി ബ്രണ്ണൻ കോളജിൽ ലക്ചററായി ഓദ്യോഗിക ജീവിതം ആരംഭിച്ചു. 1985-ൽ കേരള സർവകലാശാലയിൽ അധ്യാപകനായി. 2004-ൽ മലയാള വിഭാഗം പ്രൊഫസറും വകുപ്പധ്യക്ഷനുമായി. 2008-ൽ 33 വർഷത്തെ അധ്യാപനത്തിനു് ശേഷം വിരമിച്ചു. പുസ്തകങ്ങൾ: എഴുത്തച്ഛന്റെ രാമായണവും മറ്റു രാമായണങ്ങളും (1971), ഗാഥ (1984), കിളിപ്പാട്ടു് (1984), കവിത: ധ്വനിയും പ്രതിധ്വനിയും (1989), മാക്സിം ഗോർക്കിയുടെ സ്വാധീനം മലയാളത്തിൽ (1990), കുചേലവൃത്തം വഞ്ചിപ്പാട്ടു് പാഠവും പഠനവും (1990), ഗുജറാത്തി സാഹിത്യചരിത്രം—വിവർത്തനം (1994), ചങ്ങമ്പുഴ കൃഷ്ണപിള്ള ജീവചരിത്രം (2003). പുരസ്കാരം: ഗാന്ധിജിയുടെ തത്ത്വശാസ്ത്രത്തെ അടിസ്ഥാനമാക്കി ആകാശവാണിക്കുവേണ്ടി തയാറാക്കിയ ഡോക്യുമെന്ററിയുടെ രചനയ്ക്കു് 2003-ലും 2009-ലും ദേശീയ പുരസ്കാരം നേടി. 2009-ൽ യൂനിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്റെ എമിരറ്റസ് ഫെല്ലോ ആയി തെരഞ്ഞെടുക്കപ്പെട്ടു. ഭാര്യ: ആർ. രമാബായു്. മക്കൾ: നവനീത്, നവീന.

Colophon

Title: Kuchelavritham vanchipattu: Kavitha veritoradhyayam (ml: കുചേലവൃത്തം വഞ്ചിപ്പാട്ടു്: കവിതാചരിത്രത്തിലെ വേറിട്ടൊരധ്യായം).

Author(s): N. Mukundan.

First publication details: Mangalodayam; Kerala;

Deafult language: ml, Malayalam.

Keywords: Article, N. Mukundan, Kuchelavritham vanchipattu: Kavitha veritoradhyayam, എൻ. മുകുന്ദൻ, കുചേലവൃത്തം വഞ്ചിപ്പാട്ടു്: കവിതാചരിത്രത്തിലെ വേറിട്ടൊരധ്യായം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: June 28, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Lord Krishna with childhood friend Kuchela, a painting by Rajasekhar1961 . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Proofing: Abdul Gafoor; Typesetter: LJ Anjana; Editor: PK Ashok; Encoding: LJ Anjana.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.