images/Musician_Borobudur.jpg
Borobudur relief showing musicians, a photograph by Gunkarta .
ജാതിയും വധശിക്ഷയും: ഒരു കർണ്ണാടക സംഗീതപാഠം
മുകുന്ദനുണ്ണി എ പി
ടി. എം. കൃഷ്ണയുമായി ഒരു സംഭാഷണം

വിനയം ധാർഷ്ട്യത്തേക്കാൾ വിറ്റുപോകുന്ന ഒരു കാലമാണിതു്. ലളിതമായി ഞാനൊരു പാട്ടുകാരനാണു് എന്നു് സ്വയം പരിചയപ്പെടുത്തുമ്പോൾ ടി. എം. കൃഷ്ണ ഈ ഒരു വിൽപ്പനതന്ത്രം പ്രയോഗിക്കുകയല്ല. പ്രഗത്ഭരിൽ പ്രഗത്ഭനായ സംഗീതജ്ഞനായിട്ടും ഒരു പാട്ടുകാരൻ എന്നു് മാത്രം അവകാശപ്പെടുന്നതു് സംഗീതത്തെ അത്രമേൽ അറിഞ്ഞതുകൊണ്ടാണു്. സംഗീതത്തിന്റെ

images/TM_Krishna.jpg
ടി. എം. കൃഷ്ണ

ബൃഹത് സാന്നിധ്യം തിരിച്ചറിഞ്ഞതുകൊണ്ടുള്ള എളിമയാണതു്. ഈ തിരിച്ചറിവോടെ ടി. എം. കൃഷ്ണ ധ്യാനപൂർണ്ണമായ ഒരു രീതി അവലംബിച്ചുകൊണ്ടുതന്നെ പൂർവ്വകൽപ്പന ചെയ്യാത്ത മനോധർമ്മത്തെ തന്റെ സംഗീത കച്ചേരികളിൽ ആവിഷ്കരിച്ചുകൊണ്ടിരിക്കുകയാണു്. രീതിശാസ്ത്രവും മനോധർമ്മവും മെരുക്കാൻ ആയാസമുള്ള വിപരീതങ്ങളാണെങ്കിലും സാഹസികനായ ഒരു സംഗീതജ്ഞനു് അതു് ആനന്ദകരമായ ഒരു വെല്ലുവിളിയാണു്. സംഗീതവുമായി ലോകം ചുറ്റുമ്പോഴും അദ്ദേഹം തന്നിലെ ഉത്തരവാദിത്ത ബോധമുള്ള ചിന്തകനേയും സംവേദന ശേഷിയുള്ള എഴുത്തുകാരനേയും പ്രകാശനം ചെയ്തുകൊണ്ടേയിരിക്കുന്നു.

മുകുന്ദനുണ്ണി:
കസബിനു് വധശിക്ഷ വിധിക്കണമെന്നു് ജനങ്ങൾ മുറവിളി കൂട്ടുന്ന സമയത്തു് വധശിക്ഷാവിരുദ്ധ നിലപാടു് ഉയർത്തിപ്പിടിക്കുന്ന ഒരു ലേഖനം താങ്കൾ ദ ഹിന്ദു പത്രത്തിന്റെ ഞായറാഴ്ച പതിപ്പിൽ എഴുതിയിരുന്നല്ലോ. അതേ സമയത്തു് കേരളത്തിൽ കുറച്ചു് ആളുകൾ വധശിക്ഷ നിർത്തലാക്കണമെന്നു് ആവശ്യപ്പെട്ടു് സമരം ചെയ്യുന്നുണ്ടായിരുന്നു. ഈ സന്ദർഭത്തിൽ വധശിക്ഷയെക്കുറിച്ചുള്ള താങ്കളുടെ ചിന്തകൾ കേരളത്തിൽ തുടർന്നുകൊണ്ടിരിക്കുന്ന ചർച്ചകൾക്കു് കൂടുതൽ വ്യക്തത നൽകിയേക്കാം.
ടി. എം. കൃഷ്ണ:
കൊല്ലാൻ മനുഷ്യർക്കു് അവകാശമില്ല എന്നു് കരുതുന്ന ഒരാളാണു് ഞാൻ. വധശിക്ഷയെക്കുറിച്ചുള്ള തർക്കങ്ങളെല്ലാം ശരിയായ കാര്യം ചെയ്യുന്നതിനെ കേന്ദ്രീകരിച്ചുള്ളതാണു്. ഒരാൾ എന്തോ കുറ്റം ചെയ്തിരിക്കുന്നു, അയാളെ ശിക്ഷിക്കുന്നതാണു് ശരി, എന്ന മട്ടിലാണു് അതിന്റെ യുക്തിധാര. ഈ യുക്തിധാരയുടെ അടിസ്ഥാനത്തിലാണോ ജീവിതത്തെ നോക്കിക്കാണേണ്ടതു്? എനിക്കു് സംശയങ്ങളുണ്ടു്. എന്തുതന്നെയായാലും ഹിംസ ഹിംസ തന്നെയാണു്. അതു് നന്മയ്ക്കുവേണ്ടിയോ തിന്മയ്ക്കുവേണ്ടിയോ അല്ല. ഒരു ഹിംസ നടക്കുമ്പോൾ ആ ഹിംസ നല്ലതിനുവേണ്ടിയാണു് അല്ലെങ്കിൽ ചീത്തതിനുവേണ്ടിയാണു് എന്നു് പറയുന്നതിൽ അർത്ഥമില്ല. ഒരാളെ വേദനിപ്പിക്കാനോ, ലൈംഗികമായി പീഡിപ്പിക്കാനോ, കൊല്ലാനോ ചെയ്യുന്ന ഹിംസയും കൊന്നവനെ കൊല്ലുന്നതിലുള്ള ഹിംസയും തമ്മിൽ അന്തരമുള്ളതായി ഞാൻ കരുതുന്നില്ല. ഹിംസ ചെയ്യുന്ന ആളെ എങ്ങനെ ശിക്ഷിക്കണമെന്നാണു് മറ്റൊരു ചോദ്യം. ആൾ ആപത്കാരിയാണെന്നു് സംശയമില്ല. ആ കാര്യത്തിൽ ആർക്കും തർക്കമുണ്ടാകുമെന്നു് തോന്നുന്നില്ല. ഈ വ്യക്തിയാൽ മറ്റുള്ളവർക്കു് ആപത്തുണ്ടാകാം എന്നതു് സത്യമായിരിക്കാം. മറ്റുള്ളവർക്കു് ആപത്തുണ്ടാവാതിരിക്കാൻ അത്തരം ആളുകളെ സമൂഹത്തിൽനിന്നു് മാറ്റി നിർത്തേണ്ടതു് നമ്മുടെ ഉത്തരവാദിത്തമാണു്. പക്ഷെ, ആ വ്യക്തിയുടെ ജീവൻ അപഹരിക്കാൻ നമുക്കു് അവകാശമില്ല. അവരുടെ സ്വഭാവം അല്ലെങ്കിൽ മനോഭാവം പരിഷ്കരിക്കാനാകുമോ ഇല്ലയോ എന്നുള്ളതു് തീർത്തും വ്യത്യസ്തമായ മറ്റൊരു ചോദ്യമാണു്. അവരെ സമൂഹത്തിൽനിന്നു് മാറ്റി പാർപ്പിച്ചു് സ്വയം മാറാൻവേണ്ടി പ്രാപ്തരാക്കുകയാണു് വേണ്ടതു്. എത്ര ബീഭത്സമായ കുറ്റമാണു് ചെയ്തതെങ്കിലും ആ വ്യക്തിയുടെ തുടർന്നുള്ള ജീവിതം നന്മ നിറഞ്ഞതാകുന്നതിനുവേണ്ടി വഴിയൊരുക്കാനുള്ള ഒരു മനോഭാവം നമുക്കില്ലെങ്കിൽ, എനിക്കു് തോന്നുന്നതു്, നമ്മുടെ ‘ശരിവാദ’ത്തിന്റെ ചില ഭാഗങ്ങൾ നഷ്ടമാകുന്നുവെന്നാണു്. ഏതു കുറ്റമാണു് വലുതു് ഏതു കുറ്റമാണു് ചെറുതു് എന്നു് എങ്ങനെയാണു് തീരുമാനിക്കുക? അമേരിക്ക ഇറാക്കിലേയ്ക്കും അഫ്ഘാനിസ്ഥാനിലേയ്ക്കും അതിക്രമിച്ചു കയറുകയും അവിടത്തെ കുറേ കുട്ടികളെ കൊന്നൊടുക്കുകയും ചെയ്തതു് ഇന്നു് എല്ലാവർക്കും അറിയാം. അതിനോടു് താരതമ്യം ചെയ്യുമ്പോൾ ബലാൽസംഗം കൂടിയ കുറ്റമാണോ? എങ്ങിനെയാണു് വലിപ്പം കൂടിയ കുറ്റം ഏതെന്നു് തിരിച്ചറിയുക? എനിക്കറിയില്ല. അവ തമ്മിൽ ഒരു വ്യത്യാസവും ഞാൻ കാണുന്നില്ല. ഇതു് ഒരു കുറ്റമാണു്, അതും ഒരു കുറ്റമാണു്. എങ്ങിനെയാണു് രണ്ടാമത്തേതു് കുറ്റമാകുകയും ഒന്നാമത്തേതു് കുറ്റമാവാതിരിക്കുകയും ചെയ്യുക? രണ്ടാമത്തേതിനു് വധശിക്ഷ വിധിക്കുകയും ഒന്നാമത്തേതിനു് ശിക്ഷപോലും ഇല്ലാതിരിക്കുകയും ചെയ്യുന്നതു്? എല്ലാ കുറ്റങ്ങൾക്കും ശിക്ഷ വേണമെന്ന കാര്യത്തിൽ ഞാൻ യോജിക്കുന്നു. പക്ഷെ, ഏതു് കുറ്റത്തിനാണു് വധശിക്ഷ വേണ്ടതു് എന്നു് എങ്ങിനെയാണു് തീരുമാനിക്കുക? അക്കാര്യത്തിൽ നിയമജ്ഞർക്കും വ്യക്തതയില്ല. ഏറ്റവും ഹീനമായ കുറ്റങ്ങൾക്കു് വധശിക്ഷ എന്നാണു് നിയമം പറയുന്നതു്. ഏറ്റവും ഹീനമായതു് ഏതാണെന്നു് ജഡ്ജിമാരാണു് തീരുമാനിക്കുക. എന്തുതന്നെയായാലും ഹിംസയ്ക്കു് മരണം ഒരു പരിഹാരമായി എനിക്കു് തോന്നുന്നില്ല. മരണം ഹിംസയ്ക്കു് പരിഹാരമാണോ? മനുഷ്യർ മാറുമ്പോഴാണു് ഹിംസയ്ക്കു് പരിഹാരമുണ്ടാകുക. സമൂഹത്തിന്റെ ലക്ഷ്യം അതായിരിക്കണം. അങ്ങിനെയാണു് നമുക്കു് നമ്മെത്തന്നെയും സമൂഹത്തേയും മാറ്റാൻ കഴിയുക. നമ്മുടെ സമൂഹത്തിൽ ആരെങ്കിലും ഹിംസ ചെയ്യുന്നുണ്ടെങ്കിൽ അതു സൂചിപ്പിക്കുന്നതു് ഹിംസയിലേയ്ക്കു് നയിക്കുന്ന ഏതെങ്കിലും തരത്തിലുള്ള അതൃപ്തികൾ സമൂഹത്തിനകത്തുണ്ടു് എന്നാണു്. അതായതു് സമൂഹം ആരെയെങ്കിലും ഹിംസാത്മകമായ പ്രതികരണം ഉളവാക്കുന്ന വിധത്തിൽ ബുദ്ധിമുട്ടിക്കുന്നുണ്ടാവാം. അതുകൊണ്ടു് നമുക്കു് ആത്മപരിശോധന ചെയ്യാനുള്ള മനോഭാവം ഉണ്ടാകണം. ശിക്ഷയുടെ ന്യായീകരണമായി ഉന്നയിക്കുന്ന മറ്റൊരു പ്രധാനപ്പെട്ട വാദം ഡിറ്ററൻസ് ആണു്. ശിക്ഷയെക്കുറിച്ചുള്ള ഭയം കുറ്റം ചെയ്യുന്നതിൽനിന്നു് പിൻതിരിപ്പിക്കും എന്ന വിശ്വാസമാണു് ഈ വാദത്തിന്റെ പിൻബലം. എന്നാൽ ആ വാദം തെറ്റാണെന്നും വിഡ്ഢിത്തമാണെന്നും തെളിയിക്കാൻ ആവശ്യത്തിലധികം സ്ഥിതിവിവരക്കണക്കുകൾ ഇന്നു ലഭ്യമാണു്. ആ വാദത്തിൽ എന്തെങ്കിലും അർത്ഥമുള്ളതായി എനിക്കു തോന്നുന്നില്ല. വധശിക്ഷ നിലവിലുണ്ടു് എന്ന ഒറ്റ കാരണത്താൽ ജനങ്ങൾ കൊലപാതകത്തിന്റെ എണ്ണം കുറയ്ക്കുമെന്നാണോ? അങ്ങനയൊന്നുമില്ല. ആളുകൾ കൊല്ലുകയാണെങ്കിൽ കൊല്ലും. കൊല്ലുന്നതും കൊല്ലാത്തതും എന്തു ശിക്ഷ ലഭിക്കും എന്നു് നോക്കിയല്ല. ബാധിക്കപ്പെടുന്ന കുടുംബത്തിലുള്ളവരുടെ സ്ഥിതിയാണു് കഷ്ടം. അതൊരു വലിയ പ്രശ്നമാണു്. ടി. എം. കൃഷ്ണ വീട്ടിൽ അല്ലലില്ലാതെ ശാന്തമായി ഇരിക്കുകയാണു്, അയാളുടെ സഹോദരനോ സഹോദരിയോ കുട്ടിയോ കൊല്ലപ്പെടുകയോ ബലാൽസംഗം ചെയ്യപ്പെടുകയോ ചെയ്തിട്ടില്ല. കൊല്ലപ്പെട്ട ആളുടെ സഹോദരനോ സഹോദരിയോ അമ്മയോ അച്ഛനോ കുട്ടിയോ ആവുന്നതിന്റെ വേദന എങ്ങിനെയാണു് അയാൾക്കു് അനുഭവിക്കാനാവുക? ശരിയാണു്, അവരുടെ വേദന എങ്ങിനെയായിരിക്കും എന്നു എനിക്കു് അനുഭവിക്കാൻ കഴിയില്ല. പക്ഷെ, ആ വേദന എങ്ങിനെയുള്ളതായിരിക്കും എന്നു് മനസ്സിലാക്കാൻ മാത്രം മനുഷ്യത്വമുള്ളവനാണു് ഞാൻ എന്നു് തോന്നുന്നു. ഒരുപക്ഷെ, അതു് മനുഷ്യന്റെ ഗുണമാണു്. ഹിംസയുടെ ഇരകളായവർക്കു് സഹായവും ശക്തിയും പകർന്നു് തുണയേകുക എന്നതു് സമൂഹത്തിന്റെ ധർമ്മമാണെന്നു് ഞാൻ കരുതുന്നു. മാത്രമല്ല കൊല്ലുന്നവനേയോ ബലാൽസംഗം ചെയ്യുന്നവനേയോ കൊന്നു് പ്രതികാരം ചെയ്യുന്നതുകൊണ്ടു് ബാധിതർ അനുഭവിക്കുന്ന വേദന അൽപ്പംപോലും കുറയുകയില്ല എന്നും നാം മനസ്സിലാക്കേണ്ടതുണ്ടു്. കുറ്റവാളികളെ കൊന്നാൽ നിങ്ങളുടെ വേദന കുറയുമോ? എന്തു് വ്യത്യാസമാണുണ്ടാക്കുക? കുറ്റവാളിയെ തൂക്കിലേറ്റിയാൽ ഹിംസയ്ക്കു് ഇരയായവരുടെ അമ്മയോ അച്ഛനോ സഹോദരനോ അനുഭവിക്കുന്ന വേദന ശമിക്കുമോ? ഇല്ല. അതിനു് പ്രതികാരം ചെയ്യുക എന്നല്ലാതെ മറ്റൊരു അർത്ഥവുമില്ല. ഹിംസയെ ഹിംസകൊണ്ടു് എതിർക്കുന്നതു്, നിയമപരമായി എത്രത്തോളം ന്യായീകരിക്കപ്പെട്ടാലും, എന്റെ കാഴ്ചപ്പാടിൽ അർത്ഥശൂന്യമാണു്.
മുകുന്ദനുണ്ണി:
നീതി, അനീതി തുടങ്ങിയ ആശയങ്ങളെ അടിസ്ഥാനമാക്കുന്നതിനു പകരം അനുഭവത്തെ നേരിട്ടു് സമീപിക്കുന്ന ഒരു രീതിയാണു് താങ്കൾ സ്വീകരിക്കുന്നതു് എന്നു് തോന്നുന്നു. നിയമത്തിന്റേയോ സമൂഹത്തിന്റേയോ ഹിംസയുടെ ഇരയായിത്തീരുന്നവരുടെ ഉറ്റവർക്കുണ്ടാകുന്ന അനുഭവത്തെ ആധാരമാക്കിയുള്ള ചിന്തകൾ—വ്യത്യസ്തമായ ഒരു താത്വിക സംസ്ക്കാരത്തിൽനിന്നു് അന്വേഷിക്കുന്നതുപോലെയുണ്ടു്.
ടി. എം. കൃഷ്ണ:
ശരിയാണു്. എന്റെ കാഴ്ചപ്പാടു് നിയമത്തിന്റെ ഭാഗത്തുനിന്നുള്ളതല്ല. പകരം ഒരു മനുഷ്യനായിരിക്കുക എന്നാൽ എന്താണു് എന്ന അന്വേഷണത്തിന്റെ ഭാഗത്തുനിന്നുള്ളതാണു്. നിയമങ്ങളും നിയമപുസ്തകങ്ങളും പറയുന്നതിനപ്പുറത്തു് നമുക്കു് എങ്ങിനെ ഹിംസയെ സമൂഹത്തിൽ ഇല്ലാതാക്കാം? ആ ലക്ഷ്യത്തിനുവേണ്ടി സമഗ്രമായ അർത്ഥത്തിൽ എന്തു ചെയ്യാൻ കഴിയും? ഈ ദിശയിലാണു് എന്റെ ചിന്തകൾ പോകുന്നതു്. ഒരാൾക്കു് വധശിക്ഷ നൽകുമ്പോൾ ഒരു പ്രത്യേക പ്രശ്നത്തിനു് പെട്ടെന്നു നൽകുന്ന ഒരു പരിഹാരമായാണു് അതു് ഭവിക്കുന്നതു്. അതായതു് ഞാൻ കൊലയാളിയാണെങ്കിൽ എന്നേയും കൊന്നു് പ്രശ്നം പരിഹരിക്കുക. ശരി, ടി. എം. കൃഷ്ണ കൊലയാളിയാണു്. അവനെ തുറുങ്കിലടച്ചു് തൂക്കിക്കൊല്ലൂ. കഴിഞ്ഞു. ഇവിടെ കൊല എന്ന ക്രിയയ്ക്കു് എന്തു് സംഭവിക്കുന്നു? കൊലയുടെ ഭാഗമായിത്തീർന്നവർക്കു് എന്തു് സംഭവിക്കുന്നു? അവർക്കുവേണ്ടി നാം എന്തു ചെയ്യുന്നു? മെച്ചപ്പെട്ട മനുഷ്യരുള്ള മെച്ചപ്പെട്ട ഒരു സമൂഹമുണ്ടാക്കാൻ ഈ പ്രശ്നപരിഹാരത്തിലൂടെ നിങ്ങൾ എന്തു ചെയ്യുന്നു? ഈ പ്രശ്നത്തിലുൾപ്പെട്ട അച്ഛനും അമ്മയും സഹോദരങ്ങളും സഹോദരിമാരും കുട്ടികളുമടങ്ങുന്നവർക്കു് ജീവിതത്തോടു് വ്യത്യസ്തമായ ഒരു മനോഭാവം ഉണ്ടാക്കാൻ ഈ മട്ടിലുള്ള പ്രശ്നപരിഹാരത്തിലൂടെ എന്താണു് ചെയ്യപ്പെടുന്നതു്? സമൂഹവും സർക്കാറും ചേർന്നു് തൂക്കിലേറ്റിയവരുടെ ഇനിയും ജീവിക്കുന്ന ഉറ്റവരുടെ ജീവിതത്തിലേയ്ക്കു് ആരെങ്കിലും സഹായവും സാന്ത്വനവുമായി ചെന്നിട്ടുണ്ടോ? തൂക്കിലേറ്റപ്പെട്ട ആയിരക്കണക്കിനു് ആളുകളുടെ ഭാര്യമാരെ പറ്റി നാം ചിന്തിച്ചിട്ടുണ്ടോ? അവരെ സഹായിക്കണമെന്നു് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? തീർച്ചയായിട്ടും ഉണ്ടാവില്ല. അയാളെ കൊന്നതോടെ നമുക്കു് ആശ്വാസമായി. അത്രമാത്രം. അയാളുടെ കുടുംബത്തെക്കുറിച്ചു് ആരു ചിന്തിക്കാൻ? കൊല്ലപ്പെട്ടവരുടെ ഉറ്റവർക്കു് ഒരു മാസത്തിനു ശേഷം എന്തു സംഭവിച്ചു എന്നു് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇല്ല. അതേ സമയം നാം തെരുവിലിറങ്ങി തൂക്കിലേറ്റുക എന്നു് മുറവിളി കൂട്ടുകയാണു്. എനിക്കു് തോന്നുന്നതു് മനുഷ്യന്റെ ഉള്ളിൽ പക വീട്ടാനുള്ള വാസനയുണ്ടെന്നാണു്.
മുകുന്ദനുണ്ണി:
പരിണാമത്തിന്റെ ഭാഗമായി മനുഷ്യനിൽ ആന്തരികമായി, പൂർവ്വനിർമ്മിതമായ, പ്രതികാരവാഞ്ഛയുണ്ടെന്നാണോ പറയുന്നതു്?
ടി. എം. കൃഷ്ണ:
എനിക്കറിയില്ല. ഞാൻ ഒരു ജനിതക ശാസ്ത്രജ്ഞനൊന്നുമല്ല. പക്ഷെ, എന്തുകൊണ്ടെന്നറിയില്ല, കൊല്ലുന്നവനെ കൊല്ലുന്നതിലൂടെ പ്രശ്നം പരിഹരിച്ചതായി നാം കരുതുന്നുണ്ടു്. ഒരു പ്രശ്നവും പരിഹരിച്ചതായി എനിക്കു് തോന്നുന്നില്ല.
മുകുന്ദനുണ്ണി:
താങ്കളുടെ ഈ വീക്ഷണം അമേരിക്കൻ യുദ്ധങ്ങളിലേക്കും വ്യാപിപ്പിക്കാമല്ലോ?
ടി. എം. കൃഷ്ണ:
തീർച്ചയായും. നിങ്ങൾക്കു് എന്നെ ഉട്ടോപ്പിയൻ എന്നു് വിളിക്കാം. സൈന്യം അനാവശ്യമാണു്, സൈന്യത്തിനു് യാതൊരുവിധ ധർമ്മവും നിർവ്വഹിക്കാനില്ല എന്നാണു് ഞാൻ കരുതുന്നതു്. മനുഷ്യർക്കു് ഒരൽപ്പം ബുദ്ധിയുണ്ടായിരുന്നെങ്കിൽ എന്നു് ഞാൻ ആഗ്രഹിക്കാറുണ്ടു്. ചരിത്രം പറയുന്നതു് സൈന്യം ആവശ്യമാണു് എന്നാണു്. ആയിരക്കണക്കിനു് വർഷങ്ങൾ നമ്മൾ യുദ്ധം ചെയ്തിട്ടുണ്ടു്. മനുഷ്യന്റെ ഈഗോയാണു് മിക്ക യുദ്ധങ്ങൾക്കും കാരണം. ആരാണു് വലുതു്, ആർക്കാണു് കൂടുതൽ മഹിമ, ആരാണു് കൂടുതൽ ശക്തർ, ആർക്കാണു് കൂടുതൽ സമ്പത്തു്, തുടങ്ങിയ അഹങ്കാര പ്രകാശനങ്ങൾക്കു് വേണ്ടിയാണു് ആത്യന്തികമായി യുദ്ധങ്ങളുണ്ടാവുന്നതു്. നിങ്ങളുടെ കൈയ്യിൽ കൂടുതൽ സമ്പത്തുണ്ടെങ്കിൽ നിങ്ങൾ എനിക്കെതിരെ സാമ്പത്തിക യുദ്ധം നടത്തും. നിങ്ങളുടെ പക്കൽ സൈന്യമുണ്ടെങ്കിൽ നിങ്ങൾ എന്നെ ആക്രമിക്കും. ഹിംസ എപ്പോഴും ശാരീരികമായ പ്രവർത്തിയാകണമെന്നില്ല. ഒരാളെ മാനസികമായി പീഡിപ്പിക്കുന്നതും ഹിംസയാണു്. സാമ്പത്തികമായ ഹിംസയും ഹിംസയാണു്. മറ്റു രാജ്യങ്ങളെ കീഴ്‌വഴങ്ങാൻ നിർബന്ധിക്കലും ഹിംസയാണു്. ദക്ഷിണാഫ്രിക്കയെ നോക്കു. പാശ്ചാത്യർക്കു് കീഴടങ്ങി നൂറു കണക്കിനു് വർഷങ്ങൾ. വെറും സാമ്പത്തികമായ ഹിംസയായിരുന്നു അതു്. അതിനെ ഒരു ഹീനകൃത്യമായി നാം കണക്കാക്കുമോ? എനിക്കറിയില്ല. അത്തരം കാര്യങ്ങളൊക്കെ അവ്യക്തമാണു്. തീർച്ചയായും ഞാൻ യുദ്ധത്തിനെതിരാണു്. തീർത്തും എതിരാണു്. ഒരു യുദ്ധവും മറ്റൊരു യുദ്ധത്തിനു് പരിഹാരമാകില്ല. അത്തരം പ്രശ്നങ്ങളെ ശരിതെറ്റുകളുടെ പശ്ചാത്തലത്തിലല്ല കൈകാര്യം ചെയ്യേണ്ടതു്. ശരിതെറ്റുകളെ ആധാരമാക്കിയുള്ള നിലപാടുകളിലേയ്ക്കു് പോകേണ്ട താമസം എല്ലാം ആകെ അവ്യക്തമാകും. ഹിംസയുടെ ധർമ്മമെന്തു് എന്ന ചോദ്യമാണു് പ്രസക്തം.
മുകുന്ദനുണ്ണി:
ധർമ്മം, നീതി തുടങ്ങിയ ആശയങ്ങളുടെ വെളിച്ചത്തിലാണോ താങ്കൾ വ്യക്തത തേടുന്നതു്?
ടി. എം. കൃഷ്ണ:
നീതിയെക്കുറിച്ചു് ഞാൻ പറയുന്നില്ല. മനുഷ്യത്വം എന്ന ആശയത്തോടാണു് എനിക്കു് അടുപ്പം. അടിസ്ഥാനപരമായ വസ്തുതകളിൽനിന്നു് വരുന്നതാണു് അതു്. ധാർമ്മികത ഒരു അപകടം പിടിച്ച വാക്കാണെന്നു് തോന്നുന്നു. കാരണം, എനിക്കറിയില്ല, ഇത്തരം വാക്കുകൾ പലരും പല വിധത്തിലാണു് വ്യാഖ്യാനിക്കുന്നതു്. മനുഷ്യത്വത്തെ കേന്ദ്രീകരിച്ചാണു് ഞാൻ ആലോചിക്കുന്നതു്. മനുഷ്യത്വത്തിന്റെ സന്ദർഭത്തിൽവെച്ചാണു് ഹിംസയ്ക്കു് എന്തു് ധർമ്മമാണു് ജീവിതത്തിൽ എന്ന ചോദ്യം ചോദിക്കുന്നതു്. ഇങ്ങനെ സങ്കൽപ്പിച്ചു നോക്കാം: ഹോംവർക്കു് ചെയ്യാത്തതുകൊണ്ടു് ഞാൻ കുട്ടിയെ തല്ലുന്നു. (നാം അവിടെ നിന്നു് തുടങ്ങണം). എന്റെ മകൾ ഹോം വർക്കു് ചെയ്തില്ല. എനിക്കു് വല്ലാതെ ദേഷ്യം വന്നു. ഞാൻ അവളെ അടിച്ചു. ഈ പ്രശ്നം അടികൊണ്ടു് പരിഹരിക്കാൻ കഴിയുമോ? എന്തുകൊണ്ടാണു് ഞാൻ എന്റെ കൈ ഉയർത്തിയതു്? ഞാൻ എന്റെ കൈ ഉയർത്തിയതു് ധാർമ്മികമായി ശരിയാണോ? മകൾ പരീക്ഷയിൽ ജയിക്കാനാണു്, അതായതു് എനിക്കു് മകളുടെ കാര്യത്തിൽ ശുഷ്കാന്തിയുണ്ടു്, മറ്റു കാരണങ്ങൾകൊണ്ടൊന്നുമല്ല അങ്ങിനെ ചെയ്തതു്—എനിക്കു് വിവിധ ന്യായങ്ങൾ നിരത്താം. എങ്കിലും ഞാൻ അവളെ അടിച്ചല്ലോ. ഞാൻ ചെയ്തതു് ശരിയോ തെറ്റോ? എങ്ങനെയാണു് നിങ്ങൾ അതിനു് ഉത്തരം പറയുക? കഴിയില്ല. പക്ഷെ, മകളെ അടിച്ചതു് ഹിംസാത്മകമായ ഒരു പ്രവൃത്തിയാണു്. ആ ഹിംസ അവളെ മെച്ചപ്പെട്ട ഒരു വിദ്യാർത്ഥിയാക്കുന്നുണ്ടോ? ഇവിടേയും ഉത്തരം അവ്യക്തമാണു്. ബലാത്സംഗം, കൊല എന്നിവയിലൊക്കെ മാത്രമേ ഹിംസ വളരെ വ്യക്തമായിരിക്കൂ. അമേരിക്കയുടെ നടപടികൾക്കു് ജോർജ് ബുഷ് കുറ്റക്കാരനായിരുന്നോ? എനിക്കു് അറിയില്ല. എന്തിനാണു് പാശ്ചാത്യരെ പറയുന്നതു്. ഇന്ത്യയുടെ കാര്യം ഒട്ടും വ്യത്യസ്തമല്ല. ഇന്ത്യൻ സൈന്യം ചെയ്യുന്ന മനുഷ്യാവകാശ ലംഘനങ്ങൾ, ഇന്ത്യൻ പോലീസ് നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങൾ—ആരാണു് ഇതു് സംബന്ധിച്ച ചോദ്യങ്ങൾ ഉയർത്തുക? അപ്പോൾ അവരെയൊക്കെ തൂക്കിലേറ്റേണ്ടേ? എങ്കിൽ തൂക്കിലേറ്റൽ ഒരു നിലയ്ക്കാത്ത പ്രക്രിയയാകും. നമ്മുടെ ഓരോരുത്തരുടേയും ജീവിതത്തിൽ ഹിംസയുടെ ധർമ്മമെന്താണു്? സമൂഹത്തിൽ അതിന്റെ ധർമ്മമെന്താണു്? രാഷ്ട്രീയ വ്യവസ്ഥിതിയിൽ ഹിംസയുടെ ധർമ്മമെന്താണു്? ഈ ചർച്ച രാഷ്ട്രീയ വ്യവസ്ഥിതിയിൽ നിന്നല്ല തുടങ്ങേണ്ടതു്. നമ്മുടെ സമൂഹത്തിൽ നിന്നും നമ്മളിൽ നിന്നു തന്നെയുമാണു് ചർച്ച ആരംഭിക്കേണ്ടതു്. നിയമത്തിന്റേയോ രാഷ്ട്രീയത്തിന്റേയോ നീതിയുടേയോ ഭാഗത്തു നിന്നു് നോക്കുമ്പോൾ നിങ്ങൾ പുസ്തകത്തിലുള്ള നിയമങ്ങളിൽ തട്ടിമുട്ടി നിൽക്കും. ആരാണു് ഈ പുസ്തകങ്ങൾ എഴുതിയതു്? നാം തന്നെ. അതുകൊണ്ടു് നമുക്കു നമ്മളിൽ നിന്നു തന്നെ, നമ്മുടെ കുടുംബത്തിൽ നിന്നു തന്നെ, തുടങ്ങാം. അങ്ങനെ പതുക്കെ ചോദ്യങ്ങൾ ചോദിച്ചുചോദിച്ചു് അതിനെ ബൃഹത് ചോദ്യമാക്കാം. ഈ പ്രശ്നത്തെ ഭേദപ്പെട്ട രീതിയിൽ അഭിസംബോധന ചെയ്യാൻ സാധിക്കുക അങ്ങിനെയായിരിക്കാം.
മുകുന്ദനുണ്ണി:
സാധാരണയായി കർണ്ണാടക സംഗീതജ്ഞർക്കിടയിൽ, പ്രത്യേകിച്ചും പ്രഗത്ഭ സംഗീതജ്ഞർക്കിടയിൽ, താങ്കളെപ്പോലെ ചിന്തിക്കുന്നവരെ കാണാറില്ല. വിശാലമായ മനോഭാവം, ആഴവും പരപ്പുമുളള ചിന്തകൾ, ക്രിയാത്മകവും വിപ്ലവാത്മകവുമായ ആശയങ്ങൾ—ഇവയെല്ലാം പൊതുവിൽ കർണ്ണാടക സംഗീതജ്ഞരിൽ കാണാറില്ല. അസാധാരണമാംവിധം, താങ്കളെ സ്വതന്ത്രമായി ചിന്തിക്കാൻ പ്രേരിപ്പിച്ചതു് എന്താണു്?
ടി. എം. കൃഷ്ണ:
രണ്ടു കാര്യങ്ങളാണു്: എന്റെ കുടുംബവും സ്കൂളും. എന്റെ അമ്മയും അച്ഛനും എല്ലായ്പോഴും ചോദ്യങ്ങൾ ചോദിക്കുന്ന പ്രകൃതക്കാരാണു്. അത്താഴ ചർച്ചകൾ വീട്ടിലെ പതിവായിരുന്നു. രാഷ്ട്രീയം, തത്ത്വശാസ്ത്രം, ശരിതെറ്റുകൾ, ധാർമ്മികത, പൗരബോധം, പരിസ്ഥിതി, തുടങ്ങി എന്തിനെക്കുറിച്ചും. ഈ വക കാര്യങ്ങൾ അത്താഴമേശയ്ക്കു് ചുറ്റുമിരുന്നു സംസാരിക്കുകയും വാഗ്വാദങ്ങൾ നടത്തുകയും ചെയ്യുന്നതു് വളരെ സ്വാഭാവികമായിരുന്നു ഞങ്ങളുടെ വീട്ടിൽ. നീണ്ട ആ വിളക്കിന്റെ (5 അടിയോളം ഉയരമുള്ള കൽവിളക്കു് ചൂണ്ടിക്കാണിക്കുന്നു) കീഴിൽ ഒരു കസേരയിലിരുന്നു് അച്ഛൻ വായിക്കുകയും ചിന്തിക്കുകയും ചെയ്യുമായിരുന്നു. അമ്മ വലിയ പ്രചോദനമാണു്. അമ്മയുടെ ചിന്തകൾ താത്വികമായ ചായ്വുള്ളവയാണു്. അമ്മയുടെ അമ്മയ്ക്കും വലിയ ആശയങ്ങളുണ്ടായിരുന്നു. ചോദ്യവും തർക്കവും ചർച്ചയും പതിവുള്ള ഈ വീടാണു് ഒരു വലിയ അളവിൽ എന്നെ രൂപപ്പെടുത്തിയതു്. എന്റെ അച്ഛൻ ഒരു വ്യാപാരിയായിരുന്നു. ഇപ്പോഴില്ല. അമ്മ ഒരു രസികൻ വ്യക്തിത്വമാണു്. സംഗീതത്തിലും ഇംഗ്ലീഷിലും ബിരുദമുണ്ടു്. പ്രൊഫസറായിരുന്നു, ഒന്നര ദശാബ്ദത്തോളം ഒരു സംഗീതവിദ്യാലയം നടത്തി, ഇംഗ്ലീഷ് സംസാരിക്കാത്തവരെ ഇംഗ്ലീഷ് പഠിപ്പിക്കാനുള്ള ഒരു കോഴ്സ് ഇംഗ്ലണ്ടിൽപോയി പഠിച്ചു, ഇപ്പോൾ കഴിഞ്ഞ അഞ്ചുകൊല്ലമായി ഗോത്രവർഗ്ഗക്കാരായ കുട്ടികൾക്കുവേണ്ടി വിദ്യാവനം എന്നു് പേരായ ഒരു സ്കൂൾ നടത്തുന്നു. കേരളത്തിന്റെ അതിർത്തിയിൽ. ആനക്കട്ടിയ്ക്കടുത്തു്. കേരളത്തിൽനിന്നുള്ള കുറെ വിദ്യാർത്ഥികൾ അവിടെ പഠിക്കുന്നുണ്ടു്. അമ്മ അവിടെതന്നെയാണു് താമസിക്കുന്നതും. സാമൂഹ്യ പ്രവർത്തനങ്ങളിലും കലാസാംസ്ക്കാരിക പ്രവർത്തനങ്ങളിലും മുഴുകിയ ജീവിതമാണു് അമ്മയുടേതു്. ഇത്തരം കാര്യങ്ങളെല്ലാം എന്നെ സ്വാധീനിച്ചിട്ടുണ്ടാവും എന്നു് ഊഹിക്കാമല്ലോ? രണ്ടാമത്തെ മുഖ്യ സ്വാധീനം സ്കൂളാണു്. ഞാൻ പഠിച്ചതു് ചെന്നൈയിലുള്ള ജിദ്ദു കൃഷ്ണമൂർത്തി സ്കൂളി ലാണു്. അവിടെ ഏതു വിഷയവും ചർച്ചചെയ്യപ്പെടും. പ്രകൃതിയിൽനിന്നു് പഠിക്കുക, വെറുതെ ചുറ്റും നടക്കുക, മുൻധാരണകളെ മറന്നു് വെറുതെ നിരീക്ഷിക്കുക, പ്രശ്നങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുക, ലോകത്തു് എന്തു സംഭവിക്കുന്നു എന്നു മനസ്സിലാക്കുകയും അതിന്റെ വെളിച്ചത്തിൽ സ്വയം കാണാൻ പരിശീലിക്കുകയും ചെയ്യുക, മനുഷ്യരെന്ന രീതിയിൽ സ്വയം കാണാൻ ശീലിക്കുക, ഇങ്ങനെ നിരവധി രീതിയിലായിരുന്നു അവിടെ പഠനം. അതുകൊണ്ടു് സ്കൂളധ്യാപകരോടു് ഞാൻ വളരെയധികം കടപ്പെട്ടിരിക്കുന്നു. ജിദ്ദു കൃഷ്ണമൂർത്തി യോടും. നാലു വയസ്സുള്ള കുട്ടിയായിരുന്നപ്പോഴാണു് ഞാൻ അദ്ദേഹത്തെ ആദ്യമായി കാണുന്നതു്. അക്കാലത്തു് അദ്ദേഹം ബസന്ത് വിഹാറിൽ താമസിക്കാറുണ്ടായിരുന്നു. ഞാൻ അദ്ദേഹത്തോടൊപ്പം കളിച്ചു നടക്കുമായിരുന്നു. പക്ഷെ, അദ്ദേഹത്തോടു് സംവദിക്കാൻ വേണ്ടത്ര ബോധം പാകപ്പെട്ട കാലത്തു് ഞാൻ അദ്ദേഹത്തെ കണ്ടിട്ടില്ല. തീർച്ചയായും അദ്ദേഹം എന്നെ ഒരുപാടു് സ്വാധീനിച്ചിട്ടുണ്ടു്. അദ്ദേഹത്തിന്റെ പുസ്തകങ്ങൾ കുറച്ചൊക്കെ വായിച്ചിട്ടുമുണ്ടു്. സ്കൂളിൽ ചർച്ച പതിവായിരുന്നു. ആർക്കും ഏതു വിഷയവും എടുത്തിടാം. പിന്നെ ആ വിഷയത്തെ കേന്ദ്രീകരിച്ചു് ചർച്ച വികസിക്കും. സ്കൂളിൽ ആകെ ഇരുനൂറോളം കുട്ടികളേ ഉണ്ടായിരുന്നുള്ളൂ. എല്ലാ വെള്ളിയാഴ്ചയും ഓപ്പൺ ഹൗസ് ഉണ്ടാകും. സ്കൂൾ മുഴുവൻ ചർച്ചയിൽ പങ്കെടുക്കും. അഞ്ചാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ ഇതുപോലെയുള്ള ചർച്ചകൾ പാഠ്യപദ്ധതിയുടെ ഭാഗമാണു്. ഹിംസ, ഭയം, തുടങ്ങി നിരവധി പ്രശ്നങ്ങളെക്കുറിച്ചു് ചർച്ച ചെയ്യും. ഇവയെല്ലാം എന്റെ രൂപപ്പെടലിന്റെ ഭാഗമായി. അതുകൊണ്ടായിരിക്കാം എനിക്കു് സാമൂഹിക കാര്യങ്ങളിൽ താല്പര്യം ജനിച്ചതു്. സമൂഹത്തിൽ എങ്ങിനെ പെരുമാറണമെന്നും സമൂഹത്തിന്റെ നന്മക്കായി എന്തു് ചെയ്യണമെന്നും ചിന്തിക്കാൻ എന്നെ പ്രേരിപ്പിച്ചതു് ഈ പശ്ചാത്തലമായിരിക്കണം. സംഗീതജ്ഞർ വളരെ സ്വാർത്ഥരാണു്. എന്റെ സംഗീതം, എന്റെ ആരാധകർ, എന്നിങ്ങനെ എല്ലാം സ്വന്തം കാര്യമായിരിക്കും. അതു് ശരിയാണെന്നോ തെറ്റാണെന്നോ പറയുകയല്ല. അതു് അങ്ങിനെയാണു്. മുഴുവനായി തങ്ങളുടെ സംഗീതത്തിൽ മുഴുകിയിരിക്കുക. അതൊരു പ്രത്യേക ലോകം തന്നെയാണു്. നിങ്ങൾ പോയി പാടും, സാധകം ചെയ്യും, സംഗീതം പഠിപ്പിക്കും, സദാ സംഗീതത്തെക്കുറിച്ചു് ചിന്തിച്ചുകൊണ്ടിരിക്കും. അങ്ങനെ നിങ്ങൾ മുഴുവനായും സംഗീതത്തിന്റെ അല്ലെങ്കിൽ ഒരു പ്രത്യേക കലയുടെ കുമിളയാൽ വിഴുങ്ങപ്പെടും. മാത്രമല്ല നിങ്ങളാണു് ലോകത്തിലെ ഏറ്റവും മഹാനായ സംഗീതജ്ഞൻ അല്ലെങ്കിൽ കലാകാരൻ എന്നു് പറയാനായി എപ്പോഴും നിങ്ങൾക്കു ചുറ്റും ആളുകളുണ്ടാവും. ലോകത്തിലേയ്ക്കു് തുറന്നു പിടിച്ചുള്ള ഒരു ജീവിതം എനിക്കുണ്ടായതു് ഒരു ഭാഗ്യമായാണു് ഞാൻ കരുതുന്നതു്. ഈ കുമിളയ്ക്കു് പുറത്തുള്ള ലോകത്തോടു് ഞാൻ തല്പരനായതുകൊണ്ടായിരിക്കാം ഇത്തരം കാര്യങ്ങളിലൊക്കെ ശ്രദ്ധാലുവാകുന്നതു്.
മുകുന്ദനുണ്ണി:
കഴിഞ്ഞ തവണ പയ്യന്നൂരിലെ തുരീയം കച്ചേരിയിൽ താങ്കൾ പാടുമ്പോൾ ചിന്തിക്കുകകൂടി ചെയ്യുന്നതായും കണ്ണുകളിൽ സർഗ്ഗാത്മകതയുടെ ഭ്രാന്തു് മിന്നുന്നതായും തോന്നി. രാഗവിസ്താരം കഴിഞ്ഞു് ശ്രോതാക്കൾ കൈയ്യടിച്ചപ്പോൾ താങ്കളുടെ മുഖം ആത്മപരിശോധനയിൽ മുഴുകി. കൈയ്യടിക്കുവേണ്ടിയല്ല പാടിയതു് എന്നു് പറയുകയും ചെയ്തു. പാടുമ്പോഴും ആത്മപരിശോധന ചെയ്തുകൊണ്ടിരിക്കുന്നതു കൊണ്ടാണോ അങ്ങിനെ പറഞ്ഞതു്?
ടി. എം. കൃഷ്ണ:
കഴിഞ്ഞ അഞ്ചാറു വർഷങ്ങളായി ഞാൻ സംഗീതപരമായി വളരെയധികം മാറിയിട്ടുണ്ടു്. എന്റെ സംഗീതത്തെക്കുറിച്ചു് പ്രതിഫലനാത്മകമായി ധാരാളം ചിന്തിച്ചിട്ടുണ്ടു്. വ്യക്തിയിൽ നിന്നു് സംഗീതത്തെ വേർതിരിക്കാൻ കഴിയില്ല. എന്നിൽനിന്നു് വ്യത്യസ്തമായ ഒന്നല്ല സംഗീതം. ഞാൻ വധശിക്ഷയെ കുറിച്ചു് സംസാരിക്കുമ്പോൾ അതു് ഞാൻ കാംബോജി രാഗം പാടുമ്പോഴെന്നപോലെത്തന്നെ ഞാനുമായി ബന്ധപ്പെട്ടതാണു്. ഞാൻ പാടുന്നതിൽനിന്നു് അതു് അകലെയല്ല. അവയ്ക്കു രണ്ടിനും രണ്ടു് വ്യത്യസ്തലോകമാകാൻ കഴിയില്ല. ഒരു വ്യക്തിയെന്ന നിലയ്ക്കു് ഞാൻ ആത്മപ്രതിഫലനം ചെയ്യാറുണ്ടു്. സംഗീതം എനിക്കു് എന്താണെന്നു് ഞാൻ ചിന്തിക്കാറുണ്ടു്. സ്റ്റേജിൽ ഞാൻ എന്താണു് ചെയ്യുന്നതെന്നു് ആത്മവിശകലനം ചെയ്യാറുണ്ടു്. ശ്രോതാക്കളെക്കുറിച്ചു് വിശകലനാത്മകമായി ചിന്തിക്കാറുണ്ടു്.
മുകുന്ദനുണ്ണി:
ഞാൻ ഇവിടെ താങ്കളെ കാണാൻ വരുന്നതിനു് തൊട്ടു മുൻപു് സിനിമയെക്കുറിച്ചു് താങ്കൾ ഫ്രണ്ട്ലൈനിൽ എഴുതിയ ഒരു ലേഖനം വായിച്ചു. ആ ലേഖനത്തിൽ രണ്ടു് താല്പര്യജനകമായ ആശയങ്ങൾ ശ്രദ്ധിച്ചു. ഒന്നു്, സംഗീതം ഉത്ഭവിക്കുന്നതു് അതിന്റെ പ്രത്യേകമായ സാന്ദർഭികതയിൽനിന്നാണു്, അതായതു്, ഉത്ഭവിക്കാനുള്ള പ്രചോദനങ്ങൾ നിറഞ്ഞ സാന്ദർഭികമായ ജീവൽ മുഹൂർത്തങ്ങളിൽ നിന്നാണു്, സിനിമയിൽനിന്നല്ല, എന്ന ആശയം. ഈ ആശയത്തെ താങ്കൾ വിശദീകരിക്കേണ്ടതുണ്ടു്. രണ്ടാമത്തേതു്, താങ്കൾ ഒരു വർഗ്ഗ/ജാതി രഹിത ക്ലാസിക്കൽ സംഗീതത്തെ സങ്കല്പിക്കുന്നു എന്നതാണു്. മാത്രമല്ല, താങ്കൾ സംഗീതത്തിന്റെ ഉത്ഭവവുമായി ഇഴുകി ചേർന്ന വശത്തേയും സംഗീതത്തിന്റെ പക്ഷരഹിതമായ ഉള്ളടക്കത്തേയും വേർപെടുത്തി കാണുന്നതും ചിന്തോദ്ദീപകമാണു്. സംഗീതത്തെ പരികല്പനാപരമായി മനസ്സിലാക്കുക, സാമൂഹികമായി മനസ്സിലാക്കുക തുടങ്ങിയ പല വിശദാംശങ്ങളിലേയ്ക്കും നയിക്കുന്ന ഒരു ആശയവിവേചനമാണു് താങ്കൾ ഉദ്ദേശിച്ചതു് എന്നു് തോന്നുന്നു.
ടി. എം. കൃഷ്ണ:
എല്ലാ സംഗീതങ്ങളും ഉത്ഭവിക്കുന്നതു് അതാതിന്റെ സന്ദർഭങ്ങളിൽനിന്നാണു്. മറ്റെവിടെനിന്നോ വരികയല്ല. ഏതു് സംഗീതവും വരുന്നതു് ഏതെങ്കിലും സാമൂഹിക, രാഷ്ട്രീയ, സാംസ്ക്കാരിക സന്ദർഭങ്ങളിൽനിന്നാണു്. അതു് ഒരു ചെറിയ പ്രദേശമായിരിക്കണമെന്നില്ല, വലിയ ഒരു ഭൂവിഭാഗമാകാം, ജനങ്ങളുടെ സ്വാധീനമുണ്ടാകാം, ജനങ്ങളുടെ കൊടുക്കൽ-വാങ്ങലുകൾ അതിലുണ്ടാകാം. ഞാൻ സംഗീതത്തിന്റെ ഉത്ഭവബിന്ദു എന്നൊക്കെ പറയുമ്പോൾ ഉദ്ദേശിക്കുന്നതു് അതു് ഉണ്ടായിവന്ന, അതിന്റെ രൂപപ്പെടലിലേയ്ക്കു് സംഭാവന ചെയ്യപ്പെട്ട കാര്യങ്ങൾ പുറപ്പെട്ട, ആ സ്ഥലകാല ബിന്ദുവിനെയാണു്. ഇവിടെ ഒരു കാര്യം ശ്രദ്ധിക്കേണ്ടതു്, വേരുകളെക്കുറിച്ചു പറയുമ്പോൾ, വേരുകളുടെ കാര്യത്തിൽ അകം/പുറം എന്ന വേർതിരിവു് ഇല്ല എന്നതാണു്. ഇതാണു് ഒറിജിനൽ, മറ്റെല്ലാം പുറത്തുനിന്നു് വന്നതാണു് എന്നൊക്കെ ആളുകൾ പറയും. ഇങ്ങനെ ഒരു അകം/പുറം അതിർത്തി രേഖ എങ്ങിനെയാണു് വരയ്ക്കുക എന്നു് എനിക്കു് തിട്ടമില്ല. ഒരു രൂപത്തെ സംഗീതമായി തിരിച്ചറിയുന്ന സമയത്തു് അതു് എവിടെനിന്നു് രൂപപ്പെട്ടു എന്നു് നോക്കി, അതിന്റെ അകത്തുള്ള പലതും പുറത്തുനിന്നു് വന്നതാണു് എന്നു് മനസ്സിലാകുമ്പോൾ യഥാർത്ഥത്തിൽ അവയെല്ലാം അകത്തുള്ളതു് തന്നെയാണു് എന്നാണു് തെളിയുന്നതു്. ഒരു കലാരൂപത്തെ ‘കൂടിയാട്ടം’ അല്ലെങ്കിൽ ‘കർണ്ണാടക സംഗീതം’ എന്നു തിരിച്ചറിയുമ്പോൾ, അതു തളിരിട്ടു് തഴച്ചുവളർന്ന വലിയ ഒരു മേഖലയെയാണു് അതിന്റെ അകമായി മനസ്സിലാക്കേണ്ടതു്. അപ്പോൾ ഒരു കലയുടെ ദേശം അതിനെ കലാരൂപമായി തിരിച്ചറിയപ്പെട്ട, അതു് തഴച്ചു് വളരാനിടയായ, മുഴുവൻ മേഖലയുമാണു്. അതാണു് ഞാൻ ആ ലേഖനത്തിൽ പറഞ്ഞ പ്രധാന കാര്യങ്ങളിലൊന്നു്. സിനിമയ്ക്കു് സാമൂഹ്യശാസ്ത്രപരമായ ഒരു വലിയ ഗുണമുണ്ടു്. ആ ലേഖനത്തിൽ ഞാൻ അതായിരുന്നു സിനിമയുടെ മേന്മയായി പറഞ്ഞതു്. ഏതു് സംഗീതമായാലും അതിനു് സാമൂഹികമായ ഒരു സന്ദർഭമുണ്ടു്. ചില സംഗീതത്തെ ചില സമുദായമാണു് കൊണ്ടാടുന്നതു്. ചില സംഗീതം ചില ഭാഷ സംസാരിക്കുന്നവരുടെ വരുതിയിലാണു്. ഈ ബാന്ധവം സിനിമാ സംഗീതമാണു് ഛേദിച്ചതു്. സിനിമയ്ക്കു് അതു തകർക്കാനായതു് പാശ്ചാത്യ സ്വാധീനം കൊണ്ടാണുതാനും. സിനിമാ സംഗീതത്തിൽ പാശ്ചാത്യ സ്വാധീനം വരുന്നതുവരെ ഓരോ പാട്ടും ഏതു് ഗണത്തിന്റേതാണു്, ഏതു പ്രദേശത്തിന്റേതാണു്, എന്നു് ആർക്കും തിരിച്ചറിയാൻ കഴിയുമായിരുന്നു. കർണ്ണാടക സംഗീതം കേട്ടാൽ അതു് ബ്രാഹ്മണരുടേതാണു്, വരേണ്യ വർഗ്ഗത്തിന്റേതാണു്, എന്നു തിരിച്ചറിയുമായിരുന്നു. മറ്റു സംഗീതങ്ങളും അവയുടെ പരമ്പരാഗത തനിമ വിളിച്ചു പറയുമായിരുന്നു. ഇപ്പോൾ മറ്റു പല ശബ്ദങ്ങളും ശൈലികളും ഇടകലർന്നതോടെ അതിന്റെ പരമ്പരാഗത തനിമ ഇല്ലാതാകുകയും ഏതെങ്കിലും തന്മയുമായി ചേർത്തു കാണാൻ കഴിയാതാവുകയും ചെയ്തു. അങ്ങനെ സിനിമാസംഗീതം എല്ലാവരുടേയും സംഗീതമായി. പ്രത്യേകിച്ചു് തമിഴ്‌നാട്ടിലും മറ്റു സംസ്ഥാനങ്ങളിലും. കേരളം വളരെ വ്യത്യസ്തമാണു്. കേരളത്തിന്റെ പ്രത്യേകതയുടെ, മൗലികതയുടെ, കാര്യം ഞാൻ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ടു്. ഞാൻ പറഞ്ഞുവന്നതു് സിനിമ, സംഗീതരൂപങ്ങൾക്കുണ്ടായിരുന്ന സാമൂഹികമായ കെട്ടുപാടുകൾ ഇല്ലാതാക്കി എന്നാണു്. ഒരർത്ഥത്തിൽ സിനിമ ഒരു പ്രത്യേക സംഗീത രൂപം സൃഷ്ടിക്കുകയാണുണ്ടായതു്. ഒരു പരിധിവരെ അതു് വർഗ്ഗ/ജാതിരഹിത സംഗീതമായിത്തീർന്നു. സിനിമാ പാട്ടുകൾ റോഡിലൂടെ നടന്നു പോകുന്നവനും കേൾക്കും. പരിഹാസ്യമായ 24 നില വീട്ടിൽ താമസിക്കുന്ന മുകേഷ് അംബാനിയും കേൾക്കും. രണ്ടുപേരും സിനിമാ പാട്ടുകൾ കേൾക്കും, രണ്ടു പേരും സിനിമാ പാട്ടുകൾ മൂളും. അതാണു് സിനിമാ സംഗീതം സൃഷ്ടിച്ച അത്ഭുതം. യാദൃച്ഛികമായി സംഭവിച്ചതാവാം. ആരെങ്കിലും ആസൂത്രണം ചെയ്തതു കൊണ്ടല്ല. ഒരു തരത്തിലും ബന്ധിപ്പിക്കാനാവാത്ത നാനാതരം കൂട്ടരെയാണു് സിനിമാ പാട്ടു് ബന്ധിപ്പിക്കുന്നതു്. സാമൂഹികമായും മതപരമായും സാംസ്ക്കാരികമായും വേറിട്ടവർ—ഹിന്ദു, മുസ്ലീം, ക്രിസ്ത്യൻ, ജൂതൻ—ആരെങ്കിലുമാകട്ടെ ഒരു സിനിമാ പാട്ടു് മൂളിയിരിക്കും. സിനിമാ സംഗീതമുണ്ടാക്കിയ ഈ പ്രാതിഭാസിക മാറ്റം ശരിക്കും കൊണ്ടാടേണ്ടതാണു്. എനിക്കു തോന്നുന്നതു് നമ്മൾ അതു് വേണ്ടത്ര കൊണ്ടാടുന്നില്ലെന്നാണു്. നമ്മൾ, പ്രത്യേകിച്ചും സംഗീതജ്ഞർ, ക്ലാസിക്കൽ മാത്രമാണു് സംഗീതം എന്നു് തീരുമാനിച്ചു് സിനിമാപാട്ടിന്റെ ഈ വിപ്ലവകരമായ ഗുണത്തെ കാണാതിരിക്കുകയാണു്. ഏതു സിനിമയായാലും അതിൽ ഹിന്ദു ദൈവത്തെ ചിത്രീകരിക്കുന്ന രംഗമുണ്ടെങ്കിൽ കർണ്ണാടക സംഗീതമല്ലാതെ മറ്റൊന്നും പാർശ്വസംഗീതമായി വെയ്ക്കാൻ കഴിയാത്തതുപോലെയുള്ള ഒരു നിർബന്ധബുദ്ധി ഇപ്പോഴും ബാക്കിയിരുപ്പുണ്ടു് എന്നതാണു് ആ ലേഖനത്തിൽ ഞാൻ പറഞ്ഞ മറ്റൊരു കാര്യം. എന്തുകൊണ്ടു് മതത്തിനു് കർണ്ണാടകസംഗീതേതര സംഗീതം ഉപയോഗിച്ചുകൂടാ? ഈ കടുംപിടുത്തം നമുക്കു് പൊളിക്കാൻ കഴിഞ്ഞിട്ടില്ല. ഏതു് സിനിമ നോക്കിയാലും ആ പ്രവണത കാണാം. രാമൻ, കൃഷ്ണൻ, പുരാണം അല്ലെങ്കിൽ 14-ാം നൂറ്റാണ്ടിലെ രാജാവോ രാജ്ഞിയോ, രംഗത്തുവരുമ്പോൾ സംഗീതം സ്വമേധയാ എന്നപോലെ ക്ലാസ്സിക്കലാകും. എന്തുകൊണ്ടു്? എന്തു തന്നെയായാലും ഒരു വർഗ്ഗരഹിത സംഗീതം പ്രദാനം ചെയ്തതു് സിനിമാപാട്ടിന്റെ ഒരു വലിയ സംഭാവനയായി വിലയിരുത്തേണ്ടതാണു്.
മുകുന്ദനുണ്ണി:
ജാതിമതവർഗ്ഗ രഹിതമായതു് യാദൃച്ഛികമാണു്. വാണിജ്യതാല്പര്യമുള്ളവർ വാണിജ്യവിജയത്തിനുവേണ്ടി എന്തും ചെയ്യും.
ടി. എം. കൃഷ്ണ:
സമ്മതിക്കുന്നു. ഒരു തരം നോക്കികാണലാണു് താങ്കളുടേതും. ഞാൻ പൂർണ്ണമായും യോജിക്കുന്നില്ല. മറ്റെന്തിനേക്കാളും സിനിമയെ നയിക്കുന്നതു് അതിലെ കഥയാണു്. കഥയിങ്ങനെയാണു്, സംവിധായകൻ പലതും തീരുമാനിക്കുന്നു, അതുകൊണ്ടു് ഈ പാട്ടു്—എന്ന ക്രമത്തിലാണു് കാര്യങ്ങൾ സംഭവിക്കുന്നതു്. എന്തുതന്നെയായാലും സിനിമാ സംഗീത മേഖലയിൽ പ്രഗത്ഭരായ സംഗീതജ്ഞരുണ്ടായിരുന്നു, വളരെ നല്ല സംഗീത സംവിധായകർ ഉണ്ടായിരുന്നു. തമിഴ്‌നാട്ടിലായാലും കേരളത്തിലായാലും ബോളിവുഡ്ഡിലായാലും അവർ പലതരം സ്വാധീനങ്ങളെ സ്വീകരിക്കുകയും ദൃശ്യങ്ങൾക്കു് ചേർന്ന സംഗീതം പുതിയ രീതിയിൽ രൂപപ്പെടുത്തുകയും ചെയ്തു. സാമൂഹിക-രാഷ്ട്രീയ ആശയങ്ങളൊന്നും ചിന്തിച്ചിട്ടല്ല, അവർ അതൊന്നും ചിന്തിച്ചിരുന്നില്ല എന്നു് എനിക്കു ഉറപ്പാണു്. അവരുടെ ശ്രദ്ധ അവരുടെ സംഗീതത്തെ എങ്ങനെ കൂടുതൽ പേർക്കു് സ്വീകാര്യമാക്കാം, ആകർഷകമാക്കാം എന്നൊക്കെയായിരുന്നു. എങ്കിലും അവർ അങ്ങനെ ചെയ്തപ്പോൾ അവർ മറ്റൊരു കാര്യം ചെയ്തതുപോലെയായി. അവർ സംഗീതത്തെ ചലിപ്പിച്ചു. ഫലത്തിൽ അവർ ആർക്കും വിലക്കു കല്പിക്കാത്ത സംഗീതമുണ്ടാക്കി. ഇങ്ങനെയൊക്കെയായിവരും എന്നു് അവർ ഒരിക്കലും ചിന്തിച്ചുകാണില്ല. സിനിമയുടെ വിജയം മാത്രമേ അവർ ചിന്തിച്ചുകാണൂ. പക്ഷെ, ബൈ ഡിഫാൾട്ട്, കാര്യങ്ങൾ അങ്ങനെയായി. നാം സിനിമാ സംഗീതത്തിന്റെ ആ മാനത്തെ വിലമതിച്ചു കാണുകയും അവർ ഒരു വലിയ കാര്യമാണു് സാധിച്ചതു് എന്നു് അംഗീകരിക്കുകയും വേണമെന്ന പക്ഷക്കാരനാണു് ഞാൻ.
മുകുന്ദനുണ്ണി:
കേരളത്തിന്റെ പ്രത്യേകതകളെക്കുറിച്ചു് താങ്കൾ നേരത്തെ എന്തോ പറയാനൊരുങ്ങി.
ടി. എം. കൃഷ്ണ:
കുറേ കാര്യങ്ങൾക്കു് വളരെ പ്രത്യേകതയുള്ള സ്ഥലമാണു് കേരളം. കർണ്ണാടക സംഗീതത്തിന്റെ കാര്യത്തിലും കേരളം ഒരു വിശേഷപ്പെട്ട നാടാണു്. പ്രധാനപ്പെട്ട വിശേഷം തമിഴ്‌നാട്ടിലുള്ളതുപോലെയുള്ള ബ്രാഹ്മണമേധാവിത്തം കേരളത്തിലെ കർണ്ണാടക സംഗീത മേഖലയിൽ ഇല്ല എന്നതാണു്. അക്കാര്യത്തിൽ നമിക്കേണ്ട, തൊപ്പി ഉയർത്തി ആദരവു് പ്രകടിപ്പിക്കേണ്ട, സംസ്ഥാനമാണതു്. റിക്ഷയോടിക്കുന്നവർ മഴ നനഞ്ഞു് കച്ചേരി കേൾക്കുന്നതു് ഞാൻ കണ്ടിട്ടുണ്ടു്. ഒരു പാടു് തവണ ആവർത്തിച്ചു പറഞ്ഞിട്ടുള്ള ഒരു സംഭവം ഒരിക്കൽകൂടി പറയാം. മാവേലിക്കര അമ്പലത്തിലാണെന്നു തോന്നുന്നു. രാത്രി പതിനൊന്നു് മണിയായിക്കാണും. ഞാൻ പാടികൊണ്ടിരിക്കുകയായിരുന്നു. ലുങ്കി ധരിച്ച ഒരാൾ മദ്യ ലഹരിയിൽ ആടിക്കൊണ്ടു്, ബീഡിയും പുകച്ചു്, ശ്രോതാക്കളുടെ മുൻനിരയിൽ, എന്റെ തൊട്ടു മുന്നിലായി ഇരുന്നു. അയാൾ അയാളെക്കുറിച്ചു് എന്താണു് വിചാരിക്കുന്നതു് (അഹങ്കാരം!) എന്നു് ആലോചിച്ചു് ഞാൻ അത്ഭുതപ്പെട്ടു. അരമണിക്കൂറോളം പാട്ടു് കേട്ടിരുന്നു് അയാൾ പറഞ്ഞു: ‘കാംബോജി, സാമി, കാംബോജി’. ആ നിമിഷം ഞാൻ ജീവിതത്തിൽ ഒരിക്കലും മറക്കില്ല. എന്റെ സ്വയംമതിപ്പെല്ലാം അപ്രത്യക്ഷമായി. അയാളുടെ മുന്നിൽ ഒരു ഉറുമ്പുപോലെയായി ഞാൻ. അത്തരം അറിവുകളൊക്കെ എന്റെ മാത്രമാണെന്ന മിഥ്യാബോധം അതോടെ ഇല്ലാതായി. കേരളത്തിലെ അമ്പലങ്ങൾ ഇപ്പോഴും കുറേയൊക്കെ പൊതു സ്ഥലമായി ഉപയോഗിക്കപ്പെടുന്നുണ്ടു്. കലയ്ക്കും സംസ്കാരത്തിനും സമൂഹത്തിനും ഒത്തു ചേരാൻ കഴിയുന്ന ഒരു ഇടം എന്ന നിലയ്ക്കു്. തമിഴ്‌നാടു് അങ്ങനെയല്ല. വളരെ വർഷങ്ങൾക്കു മുൻപു് അങ്ങനെയായിരുന്നു. ഇപ്പോൾ എല്ലാം നഷ്ടപ്പെട്ടു. കേരളത്തിനു് ഇപ്പോഴും അതു് നഷ്ടമായിട്ടില്ല. അതുകൊണ്ടായിരിക്കാം കേരളത്തിൽ മുസ്ലീങ്ങളും ക്രിസ്ത്യാനികളും വിവിധ ജാതികളിൽപ്പെട്ടവരും കർണ്ണാടക സംഗീതം കേൾക്കുന്നതും പാടുന്നതും. കർണ്ണാടക സംഗീതം എന്ന വാക്കുതന്നെ ദേശീയ പ്രസ്ഥാനങ്ങളോടൊപ്പം ഉണ്ടായതാണു്, കർണ്ണാട്ടിക് പ്രദേശത്തുണ്ടായിരുന്ന മഹത്തായ കലാ പാരമ്പര്യത്തെ വീണ്ടെടുത്തു് ദേശീയ പാരമ്പര്യത്തെ ശാക്തീകരിക്കുന്നതിന്റെ ഭാഗമായാണു് ആ വാക്കു് ആദ്യമായി ഉപയോഗിക്കപ്പെട്ടതു് എന്നു് ഒരു വാദമുണ്ടു്. അങ്ങനെയല്ല യഥാർത്ഥത്തിൽ. കർണ്ണാടിക് എന്ന പദം രണ്ടു് രീതിയിൽ പ്രയോഗിക്കുന്നുണ്ടു്. ഇന്ത്യൻ പ്രദേശങ്ങളെചൊല്ലി ഫ്രഞ്ചു് ഈസ്റ്റ് ഇൻഡ്യാ കമ്പനിയും ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയും തമ്മിൽ 18-ാം നൂറ്റാണ്ടിന്റെ മധ്യത്തിൽ നടന്ന കർണ്ണാടിക് വാറുകളെ ഉദ്ദേശിച്ചു് ബ്രിട്ടീഷുകാർ ഉപയോഗിച്ചതാണു് ഒരു കർണ്ണാടിക്. നമ്മുടെ സംഗീതം ശരിക്കു് ‘കർണ്ണാടക’ സംഗീതമാണു്. കർണ്ണങ്ങൾക്കു് രസിക്കുന്നതു് എന്ന അർത്ഥത്തിൽ. അതു് കർണ്ണാട്ടിക് ആയതു് ബ്രിട്ടീഷുകാർ കാരണമാണു്. കർണ്ണാടക എന്ന വാക്കു് പുതിയ വാക്കുമല്ല. കുറേ കാലമായി ഉളളതാണു്. കർണ്ണാടക സംഗീതവുമായി ബന്ധപ്പെട്ട സാമൂഹിക പ്രശ്നങ്ങൾ കേരളം മറികടന്നു എന്നാണു് ഞാൻ കരുതുന്നതു്. പല സംഘങ്ങളായി വേർപിരിഞ്ഞു നില്ക്കാതെ കർണ്ണാടക ശബ്ദം കേരളത്തിലുള്ളവർക്കു് രസിക്കാനാവുന്നുണ്ടു്. കർണ്ണാടക ശബ്ദം എന്നു് ഞാൻ കരുതിക്കൂട്ടി പറഞ്ഞതാണു്. ഗാനമേളയിലൂടെയും കഥകളിയിലൂടെയും കച്ചേരികളിലൂടേയും ശബ്ദമായി കേൾക്കപ്പെടുന്നതു് എന്ന അർത്ഥത്തിൽ കർണ്ണാടക ശബ്ദം.
മുകുന്ദനുണ്ണി:
താങ്കൾ ചില ചിന്താ സാമഗ്രികൾ ഉണ്ടാക്കി സംഗീത സങ്കല്പത്തെ അതിന്റെ കെട്ടുപാടുകളിൽനിന്നെല്ലാം മാറ്റി നിർത്തി ചർച്ചചെയ്യാൻ താത്പര്യപ്പെടുന്നതായി തോന്നുന്നു.
ടി. എം. കൃഷ്ണ:
ഞാൻ ഏതു് ചുറ്റുപാടിൽപെട്ട ആളായാലും ഞാനും സംഗീതവും ചേർന്നാൽ പിന്നെ മറ്റൊന്നും അവിടേയ്ക്കു് കയറിവരില്ല. ഒരു ചിത്രകാരൻ അയാൾ എവിടെ താമസിച്ചാലും ചിത്രകലയിൽ ഏർപ്പെടുമ്പോൾ അയാൾക്കു് ബ്രഷും കളറും മാത്രമേ പ്രധാനമാകൂ. ഞാൻ പാടുമ്പോൾ എനിക്കു് പ്രധാനം സംഗീതത്തിന്റെ ശബ്ദം മാത്രമാണു്. അതുപോലെ നല്ല ഒരു ശ്രോതാവു് സംഗീതം കേൾക്കുന്നതിൽ മുഴുകുമ്പോൾ അയാൾ ഇപ്പോൾ എവിടെയാണെന്നോ പാട്ടുകാരൻ ഏതു് ജാതിക്കാരനാണെന്നോ, ഏതു് മതക്കാരനാണെന്നോ ചിന്തിക്കാനിടയില്ല. കലയിലാണ്ടു കഴിഞ്ഞാൽ പിന്നെ കല മാത്രമേയുള്ളൂ. എങ്കിൽ പിന്നെ മറ്റു കാര്യങ്ങൾകൊണ്ടു് കലയെ മലിനമാക്കുന്നതു് എന്തിനാണു്? ഏറെക്കുറേ എല്ലാ കലകളും പലതരം സംഘങ്ങളുടേയും സമുദായങ്ങളുടേയും കൈയ്യിലാണെന്നതു് ഒരു വാസ്തവമാണു്. എന്നാൽ എന്തെങ്കിലും ഒന്നു് കലയായി മാറുകയാണെങ്കിൽ പിന്നെ അതു പഠിക്കാനും പ്രയോഗിക്കാനും ആസ്വദിക്കാനും എല്ലാ വ്യക്തികൾക്കും അവകാശമുണ്ടു്. പക്ഷെ, ആരുടെ മേലും അതു് അടിച്ചേൽപ്പിക്കാൻ പാടില്ല. അതേ സമയം തടസ്സം നിൽക്കരുതു്. നാം തടസ്സം നിൽക്കുന്നുണ്ടു്. രാമനിലും കൃഷ്ണനിലും ഗോവിന്ദനിലും വിശ്വസിക്കുന്നവർ മാത്രമേ കർണ്ണാടക സംഗീതം കേൾക്കാൻ പാടുള്ളൂ എന്നു് വിലക്കാനുള്ള അവകാശം എനിക്കില്ല. സംഗീതത്തിൽ ശബ്ദമാണുള്ളതു്. ആർക്കും അതു് കേൾക്കാം. രാമനിൽ വിശ്വസിക്കേണ്ട ആവശ്യമില്ല. സംഗീതത്തിന്റെ ശബ്ദം ഇഷ്ടമല്ലെങ്കിൽ ഇഷ്ടമല്ല. അത്രമാത്രം. മതം, ജാതി, ഭാഷ എന്നു തുടങ്ങി യാതൊന്നിന്റെ പേരിലും വിലക്കുകൾ ഉണ്ടാവാൻ പാടില്ല. ഭാഷയെ ചൊല്ലിയുള്ള പക്ഷവാദങ്ങളും അടിസ്ഥാനമില്ലാത്തതാണു്. സംസ്കൃതം അറിയണം, തമിഴ് അറിയണം, മലയാളം അറിയണം തുടങ്ങിയ തടസ്സങ്ങൾ സംഗീതത്തിലില്ല. എനിക്കു് പാട്ടിന്റെ ശബ്ദം മനസ്സിലാക്കാൻ കഴിയും. ഇതു് സംഗീതമാണു്. ഞാൻ കവിത വായിക്കുകയല്ല. എന്നെ സംബന്ധിച്ചിടത്തോളം മലയാളത്തിന്റെ ശബ്ദം മനോഹരമാണു്. അതു് സംഗീതത്തിലേയ്ക്ക വരുമ്പോൾ കുറേക്കൂടി മനോഹരം. അപ്പോൾ എനിക്കു് ഒരു തരത്തിലും വിലക്കു് കല്പിക്കാൻ പറ്റില്ല. ഒരിക്കൽ സംഗീതമായാൽ പിന്നെ സംഗീതമായി. അതു് ഹിന്ദു സംഗീതമല്ല, ക്രിസ്ത്യൻ സംഗീതമല്ല, കർണ്ണാടക സംഗീതമല്ല. ഈ തരം കാര്യങ്ങൾ സംഗീതത്തിന്റെ തലക്കെട്ടിനു കീഴിൽ വരരുതു്. അതുകൊണ്ടു് എനിക്കു് താങ്കളോടു് യോജിക്കേണ്ടിവരും. നമുക്കു് സംഗീതത്തെ ഇതിനെല്ലാം അപ്പുറത്തേയ്ക്കു് ഉയർത്തണം. ആരു കേൾക്കുന്നു, ആരു പാടുന്നു തുടങ്ങിയ കാര്യങ്ങളെല്ലാം സംഗീതത്തെ മനസ്സിലാക്കാൻ ആശ്രയിക്കുന്ന പരികല്പനകളിൽനിന്നു് നീക്കം ചെയ്യപ്പെടണം. അപ്പോൾ മാത്രമേ എല്ലാവർക്കും സംഗീതത്തെ സമീപിക്കാനുള്ള അവസരമുണ്ടാകൂ. അവർ സംഗീതത്തിനു നേരെ നോക്കട്ടെ, എന്നിട്ടു് അവർ പറയട്ടെ വേണ്ട എന്നു്, അതിനവർക്കു് അവകാശമുണ്ടു്. പക്ഷേ, അവരോടു് ഇതു നിങ്ങൾക്കുള്ളതല്ല എന്നു പറയാൻ എനിക്കു് അവകാശമില്ല. കാരണം അതു് സംഗീതമാണു്. ഞാൻ എത്ര പാടിയാലും അതു് എന്റേതു് മാത്രമാകുന്നില്ല. പാടുവാൻ കഴിയുന്നതു് എന്റെ ഭാഗ്യമാണെന്നു മാത്രം. ഞാൻ കൈയ്യാളുന്നില്ല, എന്റെ കീശയിൽ കൊണ്ടു നടക്കുന്നില്ല, ഞാൻ അതിന്റെ രക്ഷകനുമല്ല. എന്റെ കർത്തവ്യം സംഗീതത്തോടു് സത്യസന്ധമാവുക എന്നതാണു്. സംഗീതത്തിനുവേണ്ടി എന്നാൽ കഴിയുന്നതെല്ലാം ചെയ്യുക എന്നതാണു്.
മുകുന്ദനുണ്ണി:
സംഗീതത്തിന്റെ ഉള്ളടക്കത്തെക്കുറിച്ചു് ഇപ്പോൾ പറഞ്ഞതു് കുറച്ചു കൂടി വ്യക്തമാക്കേണ്ടതുണ്ടു് എന്നു് തോന്നുന്നു. കുറേ പണ്ടു്, ഹൈന്ദവ മേധാവിത്തത്തിനു മുൻപു്, ബുദ്ധിസ്റ്റുകളുടെ കാലത്തു് സംസ്കൃതത്തിലെ സിദ്ധരൂപത്തിൽ അകാരാന്ത പുല്ലിംഗത്തിന്റെ വിഭക്തി വൃക്ഷഃ വൃക്ഷൗ വൃക്ഷാഃ എന്നായിരുന്നു. ഇതാണു് പിന്നീടു് ഹൈന്ദവ കാലഘട്ടത്തിൽ രാമഃ രാമൗ രാമാഃ ആയി മാറിയതു്.
ടി. എം. കൃഷ്ണ:
തീർച്ചയായും അങ്ങിനെയൊക്കെയാണു് ചരിത്രത്തിൽ സംഭവിക്കുന്നതു്.
മുകുന്ദനുണ്ണി:
ഭാഷയും സംഗീതവും തമ്മിൽ അനിവാര്യമായ ഒരു കെട്ടുപാടുമില്ല എന്നാണു് അതു് സൂചിപ്പിക്കുന്നതു്. ഇതു് മറ്റൊരു ചോദ്യത്തിനു് ഇടം നല്കും: എങ്കിൽ എന്താണു് സംഗീതത്തിന്റെ ഉള്ളടക്കം? സാഹിത്യം സംഗീതത്തിൽ എന്തു് വൃത്തിയാണു് ചെയ്യുന്നതു്?
ടി. എം. കൃഷ്ണ:
വളരെ പ്രധാനപ്പെട്ട ഒരു ചോദ്യമാണതു്. അപ്പോൾ നമ്മൾ കർണ്ണാടക സംഗീതത്തെക്കുറിച്ചാണു് സംസാരിക്കുന്നതു്. അല്ലേ? കാരണം ഓരോ സംഗീതരൂപവും വ്യത്യസ്തമാണു്. അതുകൊണ്ടു് ഞാൻ കർണ്ണാടക സംഗീതത്തെക്കുറിച്ചു് സംസാരിക്കാൻ പോകുകയാണു്. അപ്പോൾ ചോദ്യം ഇതാണ്: എങ്ങനെയാണു് ഭാഷയേയും സംഗീതത്തേയും കാണുന്നതു്? ഈ അടുത്ത കാലത്തുപോലും ഞാൻ അതിനെ സംബന്ധിച്ചു് സംസാരിച്ചിട്ടേയുള്ളൂ. ഭാഷയ്ക്കു് രണ്ടു് ഭാഗങ്ങളുണ്ടു്. സാഹിത്യാർഥമാണു് ഒന്നു്. രണ്ടാമത്തേതു് ശബ്ദമാണു്. ശബ്ദത്തിനു് അർത്ഥമുണ്ടോ? രണ്ടും വ്യത്യസ്തമാണു്. ഒന്നു് വാക്കുകളുടെ അർത്ഥമാണു്. മറ്റേതു് ശബ്ദത്തിന്റെ അർത്ഥമാണു്. കർണ്ണാടക സംഗീതത്തിൽ വരുന്നതു് ശബ്ദത്തിന്റെ അർത്ഥമാണു്, വാക്കിന്റെ അർത്ഥമല്ല. ഞാൻ “രാമായ രാമഭദ്രായ” എന്ന ശ്ലോകം ചൊല്ലുമ്പോൾ അനുവാചകനു് രാമൻ ആരാണെന്നും വാക്കിന്റെ അർഥം എന്താണെന്നും മറ്റും അറിയേണ്ടതുണ്ടു്. പക്ഷെ, ഞാൻ അതേ വാക്കുകൾ സംഗീതമായി ആലപിക്കുമ്പോൾ നിങ്ങൾ അറിയേണ്ടതു് ‘രാ’ സംഗീതവുമായി എങ്ങനെ ബന്ധപ്പെട്ടു കിടക്കുന്നു, ‘മ’ എങ്ങനെ സംഗീതവുമായി ബന്ധപ്പെട്ടു കിടക്കുന്നു എന്നാണു്. രാഗം ഒഴുകുമ്പോൾ ‘രാ’ യും ‘മ’ യും എങ്ങനെയൊക്കെ കോർത്തിണങ്ങുന്നു, എവിടെ അവ ഇല്ലാതാകുന്നു, എന്നൊക്കെ അറിയുന്നതാണു് അതിന്റെ അർഥം. അല്ലാതെ ഈശ്വരനല്ല സംഗീതത്തിൽ പ്രതിപാദ്യം. മനസ്സിലാക്കലിലുള്ള ഈ വ്യത്യാസത്തെ നാം സംഗീതാവതരണത്തിലൂടെ വ്യക്തമാക്കുകയും വേണം.
മുകുന്ദനുണ്ണി:
സംഗീതം വാക്കുകളെ അവയുടെ അർത്ഥത്തിലേയ്ക്കല്ല അർത്ഥം നഷ്ടപ്പെടുന്നിടത്തേയ്ക്കാണു് കൊണ്ടുപോകുന്നതു് എന്നു് രബീന്ദ്രനാഥ ടഗോർ പറഞ്ഞിരുന്നു.
ടി. എം. കൃഷ്ണ:
ശരിയാണു്. പക്ഷെ, അദ്ദേഹം തെറ്റുകളും പറഞ്ഞിട്ടുണ്ടു്. ലോകത്തിൽ മഹത്തായ അർത്ഥമില്ലാതെ മഹത്തായ സംഗീതമുണ്ടാകില്ല എന്നും ടഗോർ പറഞ്ഞിരുന്നു. അക്കാര്യത്തിൽ ഞാൻ ടഗോറിനോടു് വിയോജിക്കുന്നു. അരബിന്ദോ, ടഗോറിന്റെ ഈ ആശയത്തെക്കുറിച്ചു്, വിദ്യാർത്ഥികളുമായി രസകരമായി ചർച്ച ചെയ്തിരുന്നു. ടഗോറിന്റെ അഭിപ്രായത്തിൽ ഭാരതീയ സംഗീതവുമായി താരതമ്യം ചെയ്യുമ്പോൾ പാശ്ചാത്യസംഗീതം അത്ര ശക്തമല്ല എന്നാണു്. അതിനു് കാരണമായി അദ്ദേഹം പറയുന്നതു് ഭാരതീയ സംഗീതത്തിന്റെ വൈകാരിക ഭാവമാണു്. പക്ഷെ, അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ വാച്യാർഥമാണു് വൈകാരിക ഭാവമുണ്ടാക്കുന്നതു്. ഇവിടേയും ഞാൻ ടഗോറിനോടു് വിയോജിക്കുന്നു. യഥാർത്ഥത്തിൽ വാച്യാർഥമല്ല സംഗീതത്തിൽ വൈകാരിക ഭാവം ഉണ്ടാക്കുന്നതു്. ഭാഷയെ ശബ്ദമാക്കുന്ന ആ പ്രക്രിയയിലാണു് വൈകാരിക ഭാവം സൃഷ്ടിക്കപ്പെടുന്നതു്. അതുകൊണ്ടു് സംഗീതത്തിൽ, കവിതയിൽനിന്നു്, വ്യത്യസ്തമായ അർത്ഥമാണു് വാക്കുകൾക്കുള്ളതു്. താങ്കൾ പറഞ്ഞ ഉദ്ധരണിയിൽ സൂചിപ്പിച്ചതുപോലെ എന്തിന്റേയും അതിർത്തി കടന്നുപോകാനാവും. എന്തിനേയും യാഥാർഥ്യത്തിന്റെ അതിർത്തി കടത്തി കൊണ്ടുപോകാനാവും. പറഞ്ഞു് പറഞ്ഞു് കുറച്ചു് താത്വികമായി പോകുന്നു… കർണ്ണാടക സംഗീതം പാടുമ്പോൾ, ത്യാഗരാജ കൃതി പാടുമ്പോൾ, ഞാൻ ത്യാഗരാജനിൽ വിശ്വസിക്കുകയല്ല. ‘മനവ്യാള കിം’ എന്നു് പാടുമ്പോൾ ‘മന’ എന്നതും ‘വ്യാള’ (പാടുന്നു) എന്നതും ‘മനവ്യാള’ എന്നപോലെയല്ല. ‘വ്യ’ സ്ഥായിയിലൂടെ താഴേയക്കു് സഞ്ചരിക്കുന്നതാണു് അതിന്റെ അർഥം. അതായതു് എപ്പോൾ ഭാഷയ്ക്കു് സംഗീതത്തിന്റെ രൂപം നൽകപ്പെടുന്നുവോ അപ്പോൾ മുതൽ അതിനു് വാക്കിന്റെ അർത്ഥമല്ല. അതിനു് സംഗീതരൂപത്തിന്റേതായ ഒരു അർത്ഥമാണു്. അതായതു് സാഹിത്യത്തെ ശബ്ദമായി മനസ്സിലാക്കുന്നതുവരെ, ശബ്ദം സംഗീതവുമായി ബന്ധപ്പെടുന്നതിനെ മനസ്സിലാക്കുന്നതുവരെ, നമുക്കു് ഇത്തരം പ്രശ്നങ്ങളും തർക്കങ്ങളും ഉണ്ടായിക്കൊണ്ടേയിരിക്കും. ഇത്തരം കാര്യങ്ങളെക്കുറിച്ചു് കുറേയൊക്കെ ഞാൻ എന്റെ പുസ്തകത്തിൽ പറഞ്ഞിട്ടുണ്ടു്. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിൽ പിന്നെ ഞാൻ എന്തുകൊണ്ടു് പ്രകൃതിയെക്കുറിച്ചു് പാടുന്നില്ല എന്നു് ചോദിക്കാം. ഞാൻ ശ്രമിച്ചിരുന്നു. പക്ഷെ, പ്രകൃതിയെക്കുറിച്ചു് പാടുമ്പോഴും ഞാൻ അതേ കുരുക്കിൽതന്നെയാണു്, സാഹിത്യാർഥത്തിന്റെ കുരുക്കിൽത്തന്നെയാണു്, കുരുങ്ങുന്നതു്. ഞാൻ വെറുതെ ‘രാമന്റെ’ സ്ഥാനത്തു് ‘വൃക്ഷ’ത്തെ പകരം വെയ്ക്കുന്നു എന്നു് മാത്രം. അപ്പോൾ ഞാൻ ‘മര’ത്തിന്റെ കുരുക്കിൽ പെടുന്നു. ഞാൻ പറയുന്നതു് ‘മരം’ പ്രശ്നമല്ല, ‘രാമൻ’ പ്രശ്നമല്ല എന്നാണു്. പകരം ‘രാമൻ’ എന്ന ശബ്ദം കാര്യമാണു്. ‘വൃക്ഷം’ എന്ന ശബ്ദം കാര്യമാണു്. നമ്മൾ കുറച്ചു് മനസ്സ് തുറക്കുകയും ഇതുവരെയുള്ള അനുശീലനങ്ങളിൽ നിന്നു് കുതറിമാറുകയും ചെയ്താലേ കർണ്ണാടക സംഗീതത്തിൽ സാഹിത്യം ശബ്ദമായി ഉപയോഗിക്കുന്ന വിധം കൃത്യമായി മനസ്സിലാക്കാനാവൂ. മഹത്തായ സംഗീതകൃതികളെ നോക്കൂ. അവ വെറും മഹത്തായ വാക്കുകളല്ല. വാക്കുകൾ താളത്തിൽ പതിക്കുന്നതു് ശ്രദ്ധിക്കൂ. വാക്കുകൾ പ്രാസങ്ങളാകുന്നതു നോക്കൂ. അർത്ഥമാണു് ലക്ഷ്യമെങ്കിൽ എന്തിനാണു് പ്രാസം? എന്തിനാണു് ദ്വതീയാക്ഷര പ്രാസം? പ്രാസം വാക്കുകൾക്കു് സംഗീതഭാവം പകരുന്നു. ഗദ്യത്തിൽനിന്നു് പദ്യത്തിനുള്ള അന്തരം വാക്കിനെ വാച്യാർഥത്തിൽനിന്നു് പറന്നുപോവാൻ അനുവദിക്കലാണു്. കവിത നിങ്ങളെ ഭാവനാവിലാസത്തിലേർപ്പെടാൻ നിർബന്ധിക്കുന്നു. നിങ്ങൾ ഒരു നല്ല കവിത വായിക്കുമ്പോൾ, അതു് നിങ്ങളോടു് എല്ലാം പറയുന്നില്ല, ആ വിടവുകൾ നിങ്ങളുടേതാണു്. അതുതന്നെയാണു് സംഗീതവും ചെയ്യുന്നതു്. അതുകൊണ്ടു് നമുക്കു് വാച്യാർഥത്തിൽനിന്നു് മാറി കുറച്ചുകൂടി ആഴത്തിലേയ്ക്കു് പോകണം. അപ്പോൾ നമുക്കു് മഹാവാഗ്ഗേയകാരന്മാരുടെ രചനാപാടവത്തെക്കുറിച്ചു് മനസ്സിലാകും. അവർ സംഗീത ശബ്ദത്തെ എങ്ങനെ ഉപയോഗിച്ചു, എങ്ങനെ വ്യത്യസ്ത ശബ്ദങ്ങളേയും സ്വരങ്ങളേയും രാഗങ്ങളേയും രൂപവിധാനം ചെയ്തു എന്നൊക്കെ മനസ്സിലാകും. ഉച്ചരിക്കുന്ന വിധമാണു് വാക്കുകളെ സംഗീതമാക്കുന്നതു്. സംഗീതത്തിലെ ഉച്ചാരണം കവിതയിൽ ഉച്ചരിക്കുന്നതുപോലെയല്ല. കാരണം അതു് സംഗീതമാണു്, കവിതയല്ല, എഴുതപ്പെട്ട പാഠമല്ല.
മുകുന്ദനുണ്ണി:
സാഹിത്യത്തിനുമേലുള്ള ഈ കടുംപിടുത്തത്തിന്റെ സ്രോതസ്സു് സംഗീതലോകത്തെ വലയം ചെയ്യുന്ന ഒരു തരം പ്രത്യയശാസ്ത്രമാണു്. അതിന്റെ കർത്താക്കൾ സംഗീതജ്ഞരല്ല, സംഗീതത്തെ ഭരിക്കുന്നവരാണു്.
ടി. എം. കൃഷ്ണ:
എനിക്കു് തോന്നുന്നതു്, ഹിന്ദു ബ്രാഹ്മണ സംസ്കാരമാണു് സാഹിത്യത്തിലുള്ള കടുംപിടുത്തത്തിനു് കാരണമെന്നാണു്. കുടാതെ താങ്കൾ പറഞ്ഞതുപോലെയുള്ള സംഗീതജ്ഞരല്ലാത്തവരുടെ ഉന്തും ഉണ്ടു്. സാഹിത്യം ഇങ്ങനെയാവണം, അങ്ങനെയാവണം, അവിടെ രാമൻ വരണം, ഈ സ്ഥാനത്തു് വരണം, എന്നിങ്ങനെയുള്ള എത്ര ലേഖനങ്ങളാണു് പടച്ചുവിടുന്നതു്, എത്രമാത്രം പേജുകൾ! യഥാർത്ഥത്തിൽ സംഗീതവുമായി അതിനു് യാതൊരു ബന്ധവുമില്ല. ഹിന്ദു, മുസ്ലീം, ക്രിസ്ത്യൻ തുടങ്ങിയവരുടെ മത പ്രസംഗങ്ങളിൽ അവ പ്രസക്തമായിരിക്കാം. പക്ഷെ, സംഗീതത്തിൽ അല്ല. അതൊക്കെ സംഗീതത്തിൽ എന്തിനാണു് പറയുന്നതു്? മത തത്ത്വശാസ്ത്രത്തിൽ അതു് പറഞ്ഞുകൊള്ളൂ. വിരോധമില്ല. ഞാൻ കേൾക്കാൻ വരാം. പങ്കെടുക്കുന്നതിൽ എനിക്കു് സന്തോഷമേയുള്ളൂ. അത്തരം കാര്യങ്ങൾ സംഗീതത്തിൽ ചർച്ച ചെയ്യേണ്ട കാര്യമില്ല. ത്യാഗരാജ സ്വാമിയുടെ രാമായണത്തിൽ എനിക്കു് താല്പര്യമില്ല. എനിക്കു് ത്യാഗരാജന്റെ സംഗീതത്തിൽ മാത്രമേ താല്പര്യമുള്ളൂ.
മുകുന്ദനുണ്ണി:
ആരാണു് താങ്കളുടെ ആദ്യ ഗുരു?
ടി. എം. കൃഷ്ണ:
ഭാഗവതുല സീതാരാമ ശർമ്മ. അദ്ദേഹത്തിന്റെ കീഴിലാണു് ഞാൻ ഏറെക്കാലം പഠിച്ചതു്. അദ്ദേഹം ആന്ധ്രാപ്രദേശിലെ കുച്ചുപ്പുടി സ്വദേശിയാണു്. കുച്ചുപ്പുടിയിൽനിന്നു് ചെന്നൈയിലേയ്ക്കു് താമസം മാറ്റി ഇവിടെ കലാക്ഷേത്ര യിൽ പഠിപ്പിക്കുകയായിരുന്നു അദ്ദേഹം. എന്റെ അമ്മയെ സംഗീതം പഠിപ്പിക്കാൻ അദ്ദേഹം വീട്ടിൽ വരുമായിരുന്നു. അങ്ങനെയാണു് ഞാനും പഠിക്കാൻ തുടങ്ങിയതു്. തുടർന്നു് അദ്ദേഹവും അമ്മയും ചേർന്നു് സംഗീതവിദ്യാലയം ആരംഭിച്ചു. അവിടെ ഞാൻ ഏതാണ്ടു് 18 വർഷത്തോളം പഠിച്ചു. അതിനിടയിൽ ചെങ്കൽപേട്ട രംഗനാഥ ന്റെ കീഴിൽ കുറച്ചു കാലം ‘രാഗം താനം പല്ലവി’യിൽ പരിശീലനം നേടി. പിന്നീടു് എനിക്കു് ശെമ്മങ്കുടി ശ്രീനിവാസയ്യരു ടെ കീഴിൽ സംഗീതം അഭ്യസിക്കാനുള്ള മഹാഭാഗ്യം യാദൃച്ഛികമായി വന്നുചേർന്നു. അദ്ദേഹം എന്റെ ഒരു കച്ചേരി കേൾക്കാൻ വന്നിരുന്നു. കച്ചേരി കഴിഞ്ഞപ്പോൾ അദ്ദേഹം എന്റെ അച്ഛനോടു് എന്നെ പഠിക്കാൻ വിടാൻ പറഞ്ഞു. അങ്ങനെ അദ്ദേഹത്തിന്റെ കീഴിൽ ആറു് വർഷം പഠിക്കാൻ കഴിഞ്ഞു. ശിഷ്യനേക്കാൾ ഒരു സുഹൃത്തു് എന്ന നിലയിലായിരുന്നു ശെമ്മങ്കുടി മാമ എന്നോടു് പെരുമാറിയിരുന്നതു്. എന്നോടു് വളരെ അടുപ്പമായിരുന്നു. ഒരുപാടു് ദിവസങ്ങൾ ഞാൻ അദ്ദേഹത്തിന്റെ വീട്ടിൽ താമസിച്ചിട്ടുണ്ടു്. അദ്ദേഹം ഒരു വിചിത്ര മനുഷ്യനായിരുന്നു. നല്ല നർമ്മജ്ഞനായിരുന്നു. അത്തരം വ്യക്തികൾവേണം ലോകത്തിൽ. ഇപ്പോൾ എല്ലാവരും ഒരേപോലെ പെരുമാറുന്നവരായി മാറിക്കഴിഞ്ഞിട്ടുണ്ടു്. ഇപ്പോൾ ആർക്കും അവരവരെപ്പോലെയാകാനുള്ള ധൈര്യമില്ല. അതാണു് പഴയ തലമുറയിലുള്ളവരുടെ വ്യത്യാസം. നിങ്ങൾ അവരെ അംഗീകരിച്ചാലും ഇല്ലെങ്കിലും അവർ അവരായിരിക്കും. അവരുടെ സ്വഭാവത്തിനു് അത്തരം ഒരു ആകർഷണീയതയുണ്ടു്, ഗാംഭീര്യമുണ്ടു്. അവർക്കു് അവരാവാനുള്ള ധൈര്യമുണ്ടു്. ഇന്നു് നമുക്കു് എല്ലാവരോടും നന്നായി പെരുമാറുന്നവരാകണം. എല്ലാവരാലും എളുപ്പം സ്വീകരിക്കപ്പെടുന്നവരാകണം. എല്ലാവരേയും സന്തോഷപ്പെടുത്തുന്നവരാവണം. ശെമ്മങ്കുടി ഈ ഗണത്തിൽ പെടുന്ന ആളായിരുന്നില്ല. ഞാൻ ഇതാണു്, വേണെമെങ്കിൽ സ്വീകരിച്ചോളൂ, അല്ലെങ്കിൽ വേണ്ട. ശെമ്മങ്കുടി ഈ അർത്ഥത്തിൽ തന്റേടമുള്ള വ്യക്തിയായിരുന്നു. അതുകൊണ്ടു് അദ്ദേഹവുമായുള്ള ഒരു വിശേഷ ബന്ധം ഞാൻ ആസ്വദിച്ചു.
മുകുന്ദനുണ്ണി:
ശെമ്മങ്കുടിയെക്കുറിച്ചു് ധാരാളം വിമർശനങ്ങളടങ്ങിയ ലേഖനങ്ങളുള്ള ഒരു പുസ്തകം പ്രകാശനം ചെയ്തതു് അദ്ദേഹം തന്നെയായിരുന്നു. അത്തരം മനോഭാവമുള്ളവർ വിരളമാണു്.
ടി. എം. കൃഷ്ണ:
അതെ. ‘ശ്രുതി’യാണു് അതു് പ്രസിദ്ധീകരിച്ചതു്. ശെമ്മങ്കുടി ഒരു ബഹുമുഖ പ്രതിഭയാണു്. ആ പുസ്തകത്തിൽ മിക്കവാറും എല്ലാ ലേഖനങ്ങളിലും അദ്ദേഹത്തിനു് എതിരായ പരാമർശങ്ങളുണ്ടു്. അദ്ദേഹം രാഷ്ട്രീയത്തോടു പുറം തിരിഞ്ഞു നിന്നിരുന്നില്ല. എല്ലാ തരം കുതന്ത്രങ്ങളും കളിക്കുമായിരുന്നു. വളരെ ധീരനായിരുന്നു, ശക്തനായിരുന്നു. ഒരു സാധാരണക്കാരനായിരുന്നില്ല. ഒരു മഹാനായ സംഗീതജ്ഞനായിരുന്നു. ഒരു സംഗീതപ്രതിഭാസമായിരുന്നു. ചിന്തകനും രാഷ്ട്രീയതന്ത്രങ്ങളറിയുന്നവനുമായിരുന്നു. എങ്ങനെ സംസാരിക്കണമെന്നും ആരോടു് സംസാരിക്കണമെന്നും എന്തു പറയണമെന്നും അദ്ദേഹത്തിനു് നല്ല നിശ്ചയമായിരുന്നു. അദ്ദേഹത്തിന്റെ മനസ്സ് നർമ്മത്തിന്റെ നിറകുടമായിരുന്നു. വളരെ സ്വകാര്യമായ നിമിഷങ്ങളിൽ അദ്ദേഹം വളരെ സത്യസന്ധമായി പലതും തുറന്നു പറയും. അത്തരം വ്യക്തികൾ വളരെ വിരളമാണു്. അദ്ദേഹത്തോടൊപ്പം ഒരു മണിക്കൂർ ചിലവഴിച്ചാൽ നിങ്ങൾക്കു് ഒരു വർഷത്തേയ്ക്കുള്ള വിവരങ്ങൾ ലഭിക്കും.
മുകുന്ദനുണ്ണി:
മറ്റു സംഗീതജ്ഞരെക്കുറിച്ചും സ്വാധീനങ്ങളെക്കുറിച്ചും…
ടി. എം. കൃഷ്ണ:
ഞാൻ പലരിൽനിന്നും ധാരാളം പഠിക്കാറുണ്ടു്. സ്വന്തം സംഗീതത്തെക്കുറിച്ചു് നൂറു ശതമാനം വിശ്വാസമുള്ള സംഗീതജ്ഞനാണു് ഡോ. ബാലമുരളികൃഷ്ണ സർ. ഇപ്പോഴും അദ്ദേഹം കർണ്ണാടക സംഗീത ലോകത്തിൽ വേണ്ടത്ര സ്വീകരിക്കപ്പെട്ടിട്ടില്ല. സ്വന്തം സൃഷ്ടികൾക്കപ്പുറം കടന്നുപോയവരിലൊരാളാണു് അദ്ദേഹം. ആരു് അംഗീകരിച്ചാലും ഇല്ലെങ്കിലും അദ്ദേഹം ഒരു മഹാപണ്ഡിതനാണു്, ഭാഷാപരിജ്ഞാനിയാണു്. അദ്ദേഹത്തിന്റെ കൃതികൾ ശരിക്കും മഹത്തരമാണു്. വിദ്വത്ത് എന്ന പദം അദ്ദേഹത്തെപ്പോലുള്ളവർക്കു് മാത്രം ചേർന്നതാണു്. മാത്രമല്ല ബാലമുരളി സാറിനു് സംഗീതം അനായാസസിദ്ധമാണു്. പാടാൻ തയ്യാറെടുപ്പിന്റെ ആവശ്യമില്ല, പാർക്കിൽ നടക്കുമ്പോഴായാലും എന്തു ചെയ്യുകയായാലും സംഗീതം അദ്ദേഹത്തിലൂടെ ഒഴുകി വരും. വളരെ നിഷ്പ്രയാസം. എന്നെ ഏറ്റവും അധികം സ്വാധീനിച്ച സംഗീതം ടി. ബൃന്ദയുടേതാണു്. ജീവിതത്തിൽ ഒരിക്കൽപോലും കണ്ടിട്ടില്ലെങ്കിലും എന്റെ സംഗീതാശയങ്ങൾ ഏറെക്കുറെ അവരുടെ സ്വാധീനത്താൽ രൂപപ്പെട്ടതാണു്. അവരെയാണു് ഞാൻ മുഖമുയർത്തി നോക്കിയതു്. ജി. എൻ. ബി. യേയും മറ്റും ഞാൻ കണ്ടിട്ടുണ്ടു്. ഡി. കെ. പട്ടാമ്മാൾ, ഡി. കെ. ജയറാം, കെ. വി. നാരായണസ്വാമിരാമനാടു് കൃഷ്ണൻ പാടുന്നതു് കേട്ടിട്ടുണ്ടു്. ആലത്തൂർ സഹോദരർ, മുസിരി സുബ്രഹ്മണ്യയ്യർ, തുടങ്ങിയവരെല്ലാം ശക്തരും ഭാവനാ സമ്പന്നരുമായ സംഗീതജ്ഞരായിരുന്നു. എം. എസ്. സുബ്ബലക്ഷ്മി അമ്മയെ ഞാൻ പല തവണ കണ്ടിട്ടുണ്ടു്. രസകരമായ ഒരു വാസ്തവം എന്താണെന്നുവെച്ചാൽ ഇവരെല്ലാവരും തന്നെ സംഗീതത്തിന്റെ വ്യത്യസ്തമായ ആശയങ്ങളെ പ്രതിനിധാനം ചെയ്തിരുന്നു എന്നതാണു്.
മുകുന്ദനുണ്ണി:
പുതിയ തലമുറയോ? അവരും വ്യത്യസ്ത സംഗീത ആശയങ്ങളെ ആവിഷ്കരിക്കുന്നുണ്ടോ?
ടി. എം. കൃഷ്ണ:
അടുത്ത തലമുറ നല്ല മിടുക്കരാണു്. ഓരോ പുതിയ തലമുറയും കൂടുതൽ കൂടുതൽ മിടുക്കു് പ്രകടിപ്പിക്കുന്നതായി തോന്നുന്നു. ആർക്കറിയാം?! ചിലപ്പോൾ ചില ജനിതക കാരണങ്ങൾകൊണ്ടാവാം. എന്നാൽ അവരവരുടെ സ്വന്തം ആശയങ്ങൾകൊണ്ടു് ശൈലികൾ മെനയാൻ ഒരുപക്ഷേ, ഇനിയും സമയമെടുക്കും. എല്ലാവരാലും സ്വാധീനിക്കപ്പെടുന്നുണ്ടെങ്കിലും പാടിപ്പാടി ക്രമേണ അവർ സ്വന്തം ശൈലികൾ രൂപപ്പെടുത്തും. എനിക്കു ശേഷം മൂന്നു തലമുറ വന്നു കഴിഞ്ഞു. അവർക്കെല്ലാം വളരെ അധികം പ്രതിഭയുണ്ടു്. ഇക്കാലത്താണെങ്കിൽ, കർണ്ണാടക സംഗീതലോകത്തിലെ മാറിയ പരിതസ്ഥിതിയിൽ, അവസരങ്ങൾ ധാരാളമാണു്. ഇന്ത്യക്കാർ പൊതുവിൽ തല നരച്ചവരോടു് മാത്രമേ ഗൗരവമായി സംസാരിക്കുകയുള്ളൂ. തല നരയ്ക്കുന്നതുവരെ നിങ്ങളെ പയ്യനായാണു് കണക്കാക്കുക. ആ ഒരു മനഃസ്ഥിതി മാറുന്നതിൽ ഞാൻ സന്തോഷിക്കുന്നു. അതു് മാറേണ്ടതാണു്. വയസ്സല്ല ഒരാളുടെ വളർച്ചയെ സൂചിപ്പിക്കുന്നതു്. വയസ്സാണു് നിർണ്ണായകമെങ്കിൽ നമുക്കു് ഒരു ആദിശങ്കരൻ ഉണ്ടാകുമായിരുന്നില്ല. 30 വയസ്സാകുമ്പോഴേയ്ക്കും അദ്ദേഹം പോയിക്കഴിഞ്ഞിരുന്നു. നിർഭാഗ്യവശാൽ നമ്മുടെ രാജ്യം ഒരാളെ കവി എന്നു് വിളിക്കാൻ അയാൾ വൃദ്ധനായി വടി കുത്തി നടക്കുന്നതുവരെ കാത്തിരിക്കുന്നു. ആ മനഃസ്ഥിതി മാറിത്തുടങ്ങിയിട്ടുണ്ടു്. പുതു തലമുറയിൽ വളരെയധികം പ്രതിഭയുണ്ടെങ്കിലും ധാരാളം പ്രശ്നങ്ങളുമുണ്ടു്. കാരണം സംഗീതത്തിന്റെ മേഖലയിലേയ്ക്കു് ഇന്നു് ഒരാൾ പ്രവേശിക്കുന്നതു് ഒരു പ്രൊഫഷണലായാണു്. അതുകൊണ്ടു് ആ വ്യക്തി തുടക്കം മുതലേ പ്രകടനം, കൈയ്യടി, ഉയർച്ചയിലേയ്ക്കുള്ള ചവിട്ടുപടികൾ എന്നിവയെക്കുറിച്ചു് ബോധവാനും ഉത്സുകനുമാണു്. അതിനെ ഞാൻ വാണിജ്യപരം എന്നു് വിളിക്കുന്നില്ല. കൃത്യമായ ജോലി ചെയ്യാനുറച്ചിട്ടുള്ള ഒരു തരം പ്രൊഫഷണലിസം എന്നു് പറയാം. അതു് കലയ്ക്കു് ആപത്കരമാണു്. എന്റെ തലമുറവരെ ഒരു കച്ചേരി പാടുക എന്നതു് യാദൃച്ഛികമായി സംഭവിക്കുന്ന ഒരു കാര്യമാണു്. ആരെങ്കിലുമൊക്കെ പാടാൻ ക്ഷണിക്കുന്നു. പാടുന്നു. അത്രമാത്രം. പാടി തിരിച്ചുവന്നാൽ സുഹൃത്തുക്കൾ വിളിച്ചു് പുകഴ്ത്തും, വിമർശിക്കും, കളിയാക്കും… അതിനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. ഇപ്പോഴും ചിലപ്പോഴൊക്കെ സുഹൃത്തുകൾ വിളിച്ചു പറയാറുണ്ടു് ഇന്നു് നീ മഹാ മോശമായാണു് പാടിയതു്, എന്തുപറ്റി ഇന്നു്, എന്നൊക്കെ. പക്ഷെ, അങ്ങനെ പറയുന്നതിൽ വിഷമമോ ദേഷ്യമോ തോന്നാറില്ല. കാരണം ഞങ്ങളൊന്നും തുടങ്ങിയതു് പ്രൊഫഷണൽ പാട്ടുകാരായല്ല. കുറ്റവും കുറവും കണ്ടുപിടിക്കുന്ന മത്സരാർഥികളായി ഞങ്ങൾക്കു് പരസ്പരം തോന്നാറില്ല. കാരണം ഞങ്ങൾ പ്രൊഫഷണലിസത്തിൽ കുരുത്തവരല്ല. പ്രൊഫഷണലിസം വന്നതു് പിന്നീടാണു്.
മുകുന്ദനുണ്ണി:
റിയാലിറ്റി ഷോയെക്കുറിച്ചു് എന്താണു് തോന്നുന്നതു്?
ടി. എം. കൃഷ്ണ:
ടി വിയിൽ കാണുന്നതെല്ലാം സമൂഹത്തിന്റെ തന്നെ പ്രതിഫലനങ്ങളാണു്. റിയാലിറ്റി ഷോ അതിലൊന്നാണു്. ജീവിതത്തിനെ സംബന്ധിക്കുന്ന ഏതു കാര്യവും നന്നായി പാക്ക് ചെയ്തു വില്പനയ്ക്കു് വെയ്ക്കുന്ന ഒരു കാലം എത്തിച്ചേർന്നിരിക്കുന്നു. എങ്ങിനെ പാക്ക് ചെയ്യാം എങ്ങിനെ വിൽക്കാം—ഈ രണ്ടു കാര്യങ്ങളാണു് ഇന്നു് സമൂഹത്തെ നിയന്ത്രിക്കുന്നതു്, ഭരിക്കുന്നതു്. ഈ പ്രവണത സംഗീതത്തേയും ബാധിക്കുന്നു. ഈ ഒരു പ്രശ്നം ഗൗരവമായി പരിഹരിക്കേണ്ടതുണ്ടു്. അല്ലെങ്കിൽ പ്രതിഭയ്ക്കും ധിഷണയ്ക്കുമെല്ലാം ആപത്കരമാണു്. ഇന്നു് പതിനേഴ് പതിനെട്ടു വയസ്സുള്ള ചിലർ പാടുന്നതു് ഞാൻ 22 വയസ്സുള്ളപ്പോൾ പാടിയതിനേക്കാൾ എത്രയോ മനോഹരമാണു്. ഇതു് ഞാൻ സത്യസന്ധമായി പറയുകയാണു്. പുതിയ തലമുറയിലുള്ളവർ പാടുന്നതു് കേട്ടു് ഞാൻ ശരിക്കും ഞെട്ടിപ്പോയിട്ടുണ്ടു്. സംഗീതത്തിനു് നല്ല ഭാവിയുണ്ടു് എന്നതിന്റെ ലക്ഷണമാണതു്. പക്ഷെ, കല വില്ക്കാനുള്ളതാവരുതു്. കല വിലമതിക്കാനാവാത്തതാണു്. നമ്മെത്തന്നെ നാം സ്വയം കണ്ടെത്തുന്ന അവിശ്വസനീയമായ രീതികളിലൊന്നാണു് കല. അതു് നിങ്ങൾക്കുള്ള തുറന്ന ക്ഷണമാണു്. തംബുരു ശ്രുതി മീട്ടി ഇരുന്നു പാടൂ. നിങ്ങൾക്കു് നിങ്ങളെ സംഗീതത്തിൽ കാണാൻ കഴിയും. ഇല്ലെങ്കിൽ നിങ്ങൾ ഒരു വിഡ്ഢിയായിരിക്കാം. ഇതു് നിങ്ങൾ മറക്കുകയാണെങ്കിൽ കലയുടെ അന്തഃസ്സാരം നിങ്ങൾ കളഞ്ഞുകുളിക്കുകയാണു്. ഞാൻ കച്ചേരികൾ പാടുന്നുണ്ടു്. പണം ഉണ്ടാക്കുന്നുണ്ടു്. പ്രശസ്തനാവാൻ ആഗ്രഹമുണ്ടു്. പക്ഷെ, കലാമൂല്യം നഷ്ടപ്പെടുത്തിയുള്ള ഒരു നീക്കുപോക്കും ഇഷ്ടപ്പെടുന്നില്ല.
മുകുന്ദനുണ്ണി:
നല്ല സംഗീതം ഉണ്ടാവാൻ ഏകാന്തത വേണ്ടിവരും.
ടി. എം. കൃഷ്ണ:
തീർച്ചയായും ശാന്തത വേണം. ഏകാന്തത ആവശ്യമാണു്. നിങ്ങൾ സൃഷ്ടിച്ച നിങ്ങളുടേതായ ഒരു ഇടം വേണം. കലയോടൊപ്പം നിങ്ങൾ അതിൽ കഴിയണം. അങ്ങനെ ചെയ്യുന്നില്ലെങ്കിൽ നിങ്ങളുടെ കല വികസിക്കില്ല. നിങ്ങൾ ഔദ്യോഗികമായി വിജയിച്ചേയ്ക്കാം, പണമുണ്ടാക്കിയേക്കാം, പക്ഷെ, നിങ്ങളുടെ കല വികസിക്കില്ല.
മുകുന്ദനുണ്ണി:
പാക്കേജുമായി സംഗീതം വിൽക്കാൻ ഓടുന്നവർക്കു് എപ്പോഴെങ്കിലും സർഗ്ഗാത്മകവും മനോഹരവുമായി പാടണമെങ്കിൽ എവിടെയെങ്കിലും സ്വസ്ഥമായി ഇരുന്നു്, സംഗീതാശയങ്ങളെ കാത്തു് ചിന്തിച്ചിരിക്കേണ്ടിവരും. ക്രിയാത്മക ഭാവനകൾ നാമ്പിടാൻ അത്തരം ഒരു കാത്തിരിപ്പു് ആവശ്യമല്ലേ?
ടി. എം. കൃഷ്ണ:
അതെ, കാത്തിരിക്കണം. ശ്രോതാക്കളുടെ മുൻപിൽ തത്സമയം അവതരിപ്പിക്കുന്ന കർണ്ണാടക സംഗീതംപോലെയുള്ള കലകളുടെ ഒരു വലിയ വെല്ലുവിളി അതാണു്. ഞാൻ ഒരു ചിത്രകാരനായിരുന്നെങ്കിൽ എനിക്കു് വീട്ടിൽ ആറു് മാസം എന്റെ പെയ്ന്റിങ്ങിനേയും നോക്കി ഇരിക്കാമായിരുന്നു. ആരും എന്നെ കാണില്ല. ആരും എന്റെ പെയ്ന്റിങ്ങിനു് നേരെ നോക്കിയിരിക്കില്ല. ഞാനും ചിത്രവും മാത്രമായിരിക്കും. ഇവിടെ അതല്ല. ഞാൻ ശ്രോതാക്കളുടെ മുന്നിൽ സ്റ്റേജിൽ ഇരിക്കുകയാണു്. അതുകൊണ്ടു് പാട്ടുകാരൻ കുറേക്കൂടി ആത്മാവലോകനം ചെയ്യേണ്ടിയിരിക്കുന്നു. ആയിരക്കണക്കിനു് ശ്രോതാക്കളുടെ മുന്നിലിരുന്നു് സ്റ്റേജിൽ ഒരു നാദലോകം തീർക്കാൻ പാട്ടുകാരൻ വീട്ടിലിരുന്നു് അല്ലെങ്കിൽ മുറിയിലിരുന്നു് അല്ലെങ്കിൽ പർവ്വതമുകളിലിരുന്നു് ഒരുപാടു നേരം തയ്യാറെടുക്കേണ്ടതായുണ്ടു്. വർഷത്തിൽ ഒരിക്കൽ ഞാൻ പർവ്വതം കയറാറുണ്ടു്. കഴിഞ്ഞവർഷം 20,182 അടി ഉയരമുള്ള സ്റ്റോക്ക് കാങ്ഗ്രി കയറി. ഹിമാലയത്തിൽ ലഡാക്കിലുള്ള ഏറ്റവും ഉയരം കൂടിയ പർവ്വതമാണതു്. ഇടക്കെങ്കിലും കലാകാരന്മാർ സമൂഹത്തിൽ നിന്നു് ഒഴിഞ്ഞുപോകണമെന്നു് ഞാൻ കരുതുന്നു. ഹിമാലയത്തിൽ പോകുന്നതു് ഏകാന്തത അനുഭവിക്കാൻ പഠിക്കാനുള്ള ഒരു അവസരമായാണു് ഞാൻ കരുതുന്നതു്. നിങ്ങളും ശാന്തതയും, നിങ്ങളും പ്രകൃതിയും തനിച്ചു്. നാം ജീവിക്കുന്ന ലോകത്തിൽ ലഭിക്കാത്ത ഒന്നാണതു്. അതുകൊണ്ടു് കലാകാരൻ തന്റേതായ ഇടത്തിൽ ആ ശാന്തതയെ സൃഷ്ടിക്കണം. എങ്കിലേ യാദൃച്ഛികമായെങ്കിലും സംഗീതത്തിൽ സ്പർശിക്കൂ. യാദൃച്ഛികമായി മാത്രം. കാരണം കലാകാരന്റെ നിയന്ത്രണത്തിലല്ല അതു്. നിങ്ങൾ ആ യാദൃച്ഛികത സംഭവിക്കാനുള്ള സന്ദർഭം സൃഷ്ടിക്കണം. പകരം നിങ്ങൾ മറ്റുള്ളവരെ സന്തോഷിപ്പിക്കാനാണു് ശ്രമിക്കുന്നതു്. അപ്പോൾ കല സംഭവിക്കില്ല.
മുകുന്ദനുണ്ണി:
താളബദ്ധതയെ ലക്ഷ്യമാക്കിയുള്ളതാണു് കർണ്ണാടക സംഗീതം എന്ന ഹരിപ്രസാദ് ചൗരാസ്യയുടെ പ്രസ്താവനയോടു് താങ്കൾ പ്രതികരിച്ചതു് ഞാൻ ഓർക്കുന്നു.
ടി. എം. കൃഷ്ണ:
കർണ്ണാടക സംഗീതത്തിനു് ക്രിയാത്മകമാവാനുളള സാധ്യതകൾ ഏറെ ഇല്ലെന്ന ചൗരാസ്യയുടെ പ്രസ്താവനയോടു് ഞാൻ ശക്തമായി പ്രതികരിച്ചു. ഒരു മണിക്കൂർ ആലാപനം നടത്തിയതുകൊണ്ടു് നിങ്ങൾ ക്രിയാത്മകമാവുന്നില്ല. അതു് നിങ്ങൾ ആദ്യം മനസ്സിലാക്കണം. എനിക്കു് വായിൽതോന്നുന്നതൊക്കെ പാടി ഒരു മണിക്കൂറാക്കാം. ഒരാൾക്കു് ചിലപ്പോൾ ഒരു മിനിറ്റിൽ ഏറ്റവും സർഗ്ഗാത്മകമായ ഈണങ്ങൾ പാടാം. ആലാപനം എത്ര ദൈർഘ്യമേറിയതാണു്? എത്ര ഹ്രസ്വമാണു്? അത്തരം ചോദ്യങ്ങൾ പ്രസക്തമല്ല. എന്തെങ്കിലും സംഭവിക്കുമ്പോൾ എന്താണു് സംഭവിക്കുന്നതു് എന്നതാണു് പ്രധാനം. കർണ്ണാടക സംഗീതവും ഹിന്ദുസ്ഥാനി സംഗീതവും വളരെ വ്യത്യസ്തമായ സംഗീത രൂപങ്ങളാണു്. ഒരേ കൊട്ടയിൽ ഇടാവുന്ന തരത്തിലുള്ളവയല്ല. ചൗരാസ്യ പറഞ്ഞതുപോലെ കർണ്ണാടക സംഗീതം താളലയകേന്ദ്രിതമാണെന്നു് എനിക്കു് തോന്നുന്നില്ല. ചിലർ മൃദംഗം തല്ലിത്തകർക്കുന്ന തരത്തിൽ കച്ചേരി നടത്തുന്നുണ്ടു്. അതു് നമ്മുടെ കുറ്റമാണു്. കർണ്ണാടക സംഗീതത്തിന്റെ കുറ്റമല്ല. അതിനെക്കുറിച്ചു് നാം വീണ്ടുവിചാരം ചെയ്യണം.
മുകുന്ദനുണ്ണി:
മൃദംഗത്തിന്റെ താളഭാഷയെ അനുകരിച്ചു് കച്ചേരിയിൽ കണക്കു് പാടുക എന്നതു് ഒരു ഒഴിയാബാധപോലെയാണു് പലർക്കും.
ടി. എം. കൃഷ്ണ:
അതെ, അതു് ഒഴിയാബാധകളിലൊന്നാണു്. കണക്കു് പാടുന്നതിനേക്കാൾ കൂടുതൽ പ്രചാരത്തിലുള്ള പ്രവണത മൃദംഗത്തിനുവേണ്ടി പാടുന്നതാണു്. ആ പ്രവണത കേരളത്തിൽ കൂടുതലായി കാണാം. പലപ്പോഴും മൃദംഗമാണു് സ്റ്റേജിൽ എന്തു് സംഭവിക്കണമെന്നു് തീരുമാനിക്കുന്നതു്. മൃദംഗത്തിനെ എന്തിനാണു് ഇങ്ങനെ അടിച്ചു തകർക്കുന്നതു്? അതിനു് വായ ഉണ്ടായിരുന്നെങ്കിൽ ഉറക്കെ നിലവിളിക്കുമായിരുന്നു എന്നു തോന്നും. എല്ലാം എപ്പോഴും ഔന്നത്യത്തിൽ നിൽക്കണമെന്നില്ല. വീണ്ടുവിചാരം ചെയ്തു് മാറ്റിയെടുക്കണം. ചെറിയ ചെറിയ പ്രശ്നങ്ങളായിരിക്കാമെങ്കിലും അവ സംഗീതത്തിന്റെ ശബ്ദത്തെ ബാധിക്കുന്നതാവാം.
മുകുന്ദനുണ്ണി:
സംഗീതജ്ഞാനമുള്ള ആർക്കും നോക്കി പാടാവുന്ന വിധത്തിൽ എന്തുകൊണ്ടു് കർണ്ണാടക സംഗീതം മുഴുവനായും സ്വരപ്പെടുത്തുന്നില്ല എന്നു് പ്രമുഖ പിയാനിസ്റ്റ് ലാൻസലറ്റ് തോമസ് ചോദിച്ചിരുന്നു. കർണ്ണാടക സംഗീതത്തിന്റെ ലക്ഷ്യം മനോധർമ്മ പ്രകാശനമാണു്. പൂർണ്ണമായ സ്വരപ്പെടുത്തൽ മനോധർമ്മ പ്രകാശനത്തിന്റെ നേർ വിപരീതമാണു്. അതായിരുന്നു എന്റെ മറുപടി. പാശ്ചാത്യ സംഗീതവും പണ്ടു് അങ്ങനെ മനോധർമ്മത്തിൽ അലയുകയായിരുന്നു, പിന്നീടു് അതിനേക്കാൾ എത്രയോ മെച്ചമാണു് കൃത്യമായി സംവിധാനം ചെയ്തു് സ്വരപ്പെടുത്തിയ രചന എന്നു് കണ്ടെത്തിയതിനു ശേഷമാണു് ഇപ്പോഴുള്ള രീതിയിലായതു് എന്നു് ലാൻസ്ലെറ്റ് തോമസ് പറയുമ്പോൾ കർണ്ണാടക സംഗീതം ഇപ്പോഴും പാശ്ചാത്യ സംഗീതത്തിന്റെ പാകപ്പെടാത്ത നാളുകളിൽ നിൽക്കുകയാണോ എന്ന ചോദ്യമാണു് അദ്ദേഹം ഉദ്ദേശിച്ചതു്. കർണ്ണാടക സംഗീതത്തിന്റെ അവതരണം അരങ്ങിൽവെച്ചു് തത്സമയ രചന നടത്തുന്നതുപോലെയാണു്, അതിനുള്ള തയ്യാറെടുപ്പാണു് സംഗീതജ്ഞന്റെ ഗൃഹപാഠങ്ങൾ മുഴുവനും എന്നു് ഞാൻ മറുപടിയും നൽകി.
ടി. എം. കൃഷ്ണ:
അതെ, ശരിയാണു്. വെറും തത്സമയ മനോധർമ്മം നടക്കാത്ത കാര്യമാണു്. ഒരാൾ പാടുന്നതിനു മുൻപു് വളരെ ഏറെ തയ്യാറെടുപ്പുകൾ നടത്തേണ്ടതുണ്ടു്. ഇന്നു് ഒരു രാഗം വിസ്തരിക്കാൻവേണ്ടി ഞാൻ വർഷങ്ങളോളം വീട്ടിലിരുന്നു് സാധകം ചെയ്തിട്ടുണ്ടാവും. സർഗ്ഗാത്മകമായി മനോധർമ്മ സൃഷ്ടി നടത്താനുള്ള തയ്യാറെടുക്കലാണു് സംഗീത പരിശീലനം. മനോധർമ്മം വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണു്, പക്ഷെ, അതു് മനോധർമ്മമാകണം, മനോ അധർമ്മമാകരുതു്. ധർമ്മമാകുമ്പോൾ നമുക്കു് ഉത്തരവാദിത്തമുണ്ടു്. സംഗീതത്തിനോടും രാഗത്തിനോടും ഉത്തരവാദിത്തമുണ്ടു്. അതിനർഥം എത്രയോ കാലം ഏത്രയോ നേരം ഞാൻ ആ രാഗത്തോടൊപ്പം കഴിയേണ്ടതുണ്ടു് എന്നാണു്. എങ്കിലേ ആ രാഗത്തെ അറിയാൻ കഴിയൂ. സംഗീതത്തിലേയ്ക്കുള്ള വഴി സാങ്കേതികതകളിലൂടെയല്ല. സാങ്കേതികതകൾ സ്വായത്തമാക്കാനാവുന്നത്ര സ്വായത്തമാക്കണം. എന്നിട്ടു് അതെല്ലാം വിട്ടു കളയണം, മറക്കണം. കാംബോജി രാഗം പാടുമ്പോൾ ഈ പ്രയോഗം ശരിയാണോ തെറ്റാണോ എന്നു് എനിക്കു് ആലോചിക്കാൻ പറ്റില്ല. അനുഭവിപ്പിക്കലാണു് സംഗീതത്തിന്റെ ആത്യന്തികമായ ധർമ്മം. നിങ്ങൾക്കു് അനുഭവിപ്പിക്കാൻ പറ്റുന്നില്ലെങ്കിൽ ആ സംഗീതത്തെ ചവറ്റുകൊട്ടയിൽ എറിയാം. രാഗത്തിന്റെ ഉള്ളിലേയ്ക്കു പോകുക എന്നതാണു് പാടുമ്പോൾ എന്റെ ലക്ഷ്യം. കാംബോജി രാഗത്തിന്റെ ഓരോ സ്വരത്തിലേയ്ക്കും സ്വരസഞ്ചയങ്ങളിലേയ്ക്കും ഗമകങ്ങളിലേയ്ക്കും പോകുക. ഓരോ ഗമകവും പൂർണ്ണമായി പാടിയിരിക്കണം. ഓരോ ബിന്ദുവിലേയ്ക്കും പോയും വന്നും ഇരിക്കണം. സദാ ചലിച്ചുകൊണ്ടിരിക്കണം. അതിനെല്ലാം കടുത്ത പ്രയത്നം വേണം. കർണ്ണാടക സംഗീതജ്ഞന്റെ മനനവും പ്രയത്നവും മനോധർമ്മ പ്രകാശനത്തിനുള്ള തയ്യാറെടുക്കലാണു് എന്നു് താങ്കൾ പറഞ്ഞതിനോടു് ഞാൻ പൂർണ്ണമായും യോജിക്കുന്നു. നമ്മളല്ല സംഗീതത്തെ നയിക്കുന്നതു്, സംഗീതമാണു് നമ്മെ നയിക്കുന്നതെന്നു് സംഗീതജ്ഞൻ എപ്പോഴും ഓർത്തിരിക്കണം. സംഗീതമാണു് നമുക്കു് എന്തെങ്കിലും തരുന്നതു്. നമ്മൾ സംഗീതത്തിനു് ഒന്നും നൽകുന്നില്ല. ഈ ബന്ധം മനസ്സിലാക്കണം. അങ്ങനെയുള്ള മനഃസ്ഥിതി ഉണ്ടാവണം. എപ്പോഴെങ്കിലും ഒരു സംഗീതജ്ഞനു് തോന്നുകയാണു് താൻ ഒരു മഹത്തായ കാര്യം ചെയ്യുകയാണെന്നു്, അപ്പോഴാണു് എല്ലാ കുഴപ്പങ്ങളും തുടങ്ങുന്നതു്.
മുകുന്ദനുണ്ണി:
ക്ലോഡ് ലെവി സ്ട്രോസ്സി ന്റെ രസകരമായ ഒരു വാചകമുണ്ടു്. മനസ്സ് ഒരു നാൽക്കവലയാണു്. അവിടെ ചിന്തകൾ വന്നും പോയുമിരിക്കും. ചിന്തകൻ അറിയാതെ.
ടി. എം. കൃഷ്ണ:
അതെ. ചിന്തകനില്ലാതെയാണു് ചിന്തകൾ സംഭവിക്കുന്നതു്. ചിന്തകൻ അവിടെ ഉണ്ടെങ്കിൽ ആ ചിന്ത പാഴാണു്. സംഗീതചിന്തകളുടെ കാര്യത്തിലും അതാണു് ശരി.
മുകുന്ദനുണ്ണി:
എല്ലാ ദിവസവും കച്ചേരി ഉണ്ടാവാറുണ്ടോ?
ടി. എം. കൃഷ്ണ:
ഇല്ല. ഇനി മറ്റന്നാളേയുള്ളൂ. എന്റെ ശബ്ദത്തിനു് സുഖമില്ല.
മുകുന്ദനുണ്ണി:
എന്താ ചില്ല്ഡ് ബിയർ കഴിച്ചിരുന്നോ?
ടി. എം. കൃഷ്ണ:
അതുകൊണ്ടല്ല, സുഖമില്ലായിരുന്നു. ഞാൻ ബിയർ കഴിക്കാറില്ല. വിസ്കിയാണു് കഴിക്കാറു്.
മുകുന്ദനുണ്ണി:
ശബ്ദ സൗകുമാര്യത്തെ മദ്യം പ്രതികൂലമായി ബാധിക്കില്ലേ?
ടി. എം. കൃഷ്ണ:
തീർച്ചയായും ബാധിക്കും. പക്ഷെ, ഞാൻ പതിവായി കുടിക്കാറില്ല. സ്ഥിരം കഴിക്കുകയാണെങ്കിൽ തൊണ്ട വരളും. തൊണ്ട വരളുന്നതു് ശബ്ദത്തിനു് നല്ലതല്ല.
മുകുന്ദനുണ്ണി:
കോട്ടയ്ക്കൽ ആര്യവൈദ്യശാലയിലെ ഒരു പ്രമുഖ വൈദ്യൻ മദ്യം വിഷസമാനമാണെങ്കിലും ശബ്ദത്തിനു് നല്ലതാണെന്നു് എഴുതിയിരുന്നു.
ടി. എം. കൃഷ്ണ:
കോന്യാക് ബ്രാൻഡി ശബ്ദത്തിനു് നല്ലതാണു്. തൊണ്ടയ്ക്കു് സുഖമില്ലെങ്കിൽ കോന്യാക് ചൂടുവെള്ളം ചേർത്തു് കഴിച്ചാൽ മതി. നല്ല വ്യത്യാസമുണ്ടാകും. പക്ഷെ, അധികം കഴിക്കരുതു്. പരിമിതമായ തോതിൽ ഉപയോഗിക്കണം. ചില മദ്യം തൊണ്ട വരളുന്നതിനു് കാരണമാകും. തൊണ്ട എപ്പോഴും നനച്ചിടുന്നതാണു് ശബ്ദത്തിനു് നല്ലതു്. ഞാൻ ശബ്ദത്തെ നന്നായി പരിചരിക്കാറുണ്ടു്. പക്ഷേ, കുറച്ചു ദിവസം മുൻപു് ലെസി കുടിച്ചപ്പോൾ തൊണ്ട കേടായി. അതിൽ ഉപയോഗിച്ച ഐസ് വൃത്തിയില്ലാത്തതുകൊണ്ടായിരിക്കണം.
മുകുന്ദനുണ്ണി:
ഒരിക്കൽ ചാലക്കുടി സഭയിൽ പാടിയ ശേഷം ഞാൻ ഭക്ഷണം കഴിക്കാനിരിക്കുമ്പോൾ സംഘാടകർ പറഞ്ഞു, കഴിഞ്ഞ തവണ ടി. എം. കൃഷ്ണയുടേതായിരുന്നു കച്ചേരി. അദ്ദേഹം അത്താഴത്തിനു് എന്തു് ഭക്ഷണമാണു് കഴിച്ചതെന്നു് ഊഹിക്കാൻ കഴിയുമോ എന്നു്. ഞാൻ കൈ മലർത്തി. അപ്പോൾ അവർ പറഞ്ഞു: ‘ഒരു കിലോ ഐസ് ക്രീം മാത്രം’.
ടി. എം. കൃഷ്ണ:
ഞാൻ കൂൾ ഡ്രിങ്ക്സും ഐസ് ക്രീമുമൊക്കെ ധാരാളം കഴിക്കാറുണ്ടു്. എനിക്കു് ഒരു പ്രശ്നവും ഉണ്ടാകാറില്ല. അതൊന്നും എന്നെ ബാധിക്കാറില്ല.
മുകുന്ദനുണ്ണി:
ശബ്ദം നന്നാക്കാനുള്ള അഭ്യാസങ്ങളോ വ്യായാമങ്ങളോ ചെയ്യാറുണ്ടോ?
ടി. എം. കൃഷ്ണ:
ഞാൻ പലതും ചെയ്യാറുണ്ടു്. യോഗ, ശ്വസനവ്യായാമങ്ങൾ, എന്നിവ. പക്ഷേ, പതിവായി ചെയ്യാറില്ല. ഉറങ്ങുന്നതു് ശബ്ദത്തിനു് ഗുണം ചെയ്യും. കച്ചേരി ദിവസം ഉച്ചയ്ക്കു് ഒരു മണിക്കൂർ ഉറങ്ങിയാൽ നല്ലതാണു്. പക്ഷേ, എനിക്കു് ഉറക്കം വരാറില്ല. ഞാൻ ഉറങ്ങാറേ ഇല്ല.
മുകുന്ദനുണ്ണി:
നിങ്ങളുടെ കണ്ണുകൾ കണ്ടാൽ ഉറങ്ങാൻ കഴിയാത്തവയാണെന്നു് ഒറ്റ നോട്ടത്തിൽ അറിയാം.
ടി. എം. കൃഷ്ണ:
ഉറക്കത്തിനു പുറമേ ശബ്ദത്തിനു് ഒരു കുഴപ്പവും സംഭവിക്കില്ല എന്ന ഉറച്ചു് വിശ്വസിക്കുക, എന്നാൽ ഒന്നും സംഭവിക്കില്ല. തണുത്തതു് കഴിച്ചാൽ ശബ്ദം കേടുവരുമോ എന്നൊക്കെ ആലോചിച്ചു് കുഴപ്പത്തിലാവാറില്ല. ആത്മവിശ്വാസം കാരണം കുഴപ്പങ്ങളൊന്നും ഉണ്ടാവാറില്ല.
മുകുന്ദനുണ്ണി:
അസാധാരണമാം വിധം ഉച്ചസ്ഥായിയിൽ പാടാനുളള താങ്കളുടെ വിശേഷസിദ്ധി സാധകം ചെയ്തു ഉണ്ടാക്കിയതോ അതോ ജന്മസിദ്ധമോ?
ടി. എം. കൃഷ്ണ:
യഥാർത്ഥത്തിൽ എനിക്കറിയില്ല. എല്ലാവരും ചോദിക്കുന്നുണ്ടു് എങ്ങിനെയാണു് ഇത്രയേറെ ഉയർന്ന സ്ഥായിയിലേയ്ക്കും താഴ്‌ന്ന സ്ഥായിയിലേയ്ക്കും ശബ്ദം സഞ്ചരിക്കുന്നതു് എന്നു്. എങ്ങിനെ അതു് സംഭവിച്ചു എന്നു് എനിക്കറിയില്ല. എന്റെ ആദ്യ ഗുരു, സീതാ രാമശർമ്മ, നൽകിയ പരിശീലനംകൊണ്ടാവാം. തുറക്കുന്ന ശബ്ദമാണെങ്കിൽ കുറച്ചു കാലംകൊണ്ടു് തുറക്കും. എന്റെ കാര്യത്തിൽ പ്രത്യേകിച്ചു് ഒന്നും ചെയ്തിട്ടില്ല. തനിയെ സംഭവിച്ചതാണു്. ചിലർ കരുതുന്നതു് ഞാൻ എന്തോ ഉപായം ഒളിച്ചു വെയ്ക്കുന്നുണ്ടു് എന്നാണു്.
മുകുന്ദനുണ്ണി:
ഹിന്ദുസ്ഥാനി സംഗീതജ്ഞർ താഴേയ്ക്കു പാടി പതുക്കെ മുകളിലേക്കു് പാടുന്ന രീതി, ശബ്ദ സംസ്കരണം, ചെയ്യാറുണ്ടു്.
ടി. എം. കൃഷ്ണ:
എനിക്കു് ഇപ്പോൾ മൂന്നര സ്ഥായികൾ പാടാൻ കഴിയുന്നുണ്ടു്. പണ്ടു് രണ്ടര സ്ഥായികളേ പാടുവാൻ കഴിഞ്ഞിരുന്നുള്ളൂ. കുറേ കാലത്തിനിടയ്ക്കു് സാവധാനമാണു് അതു് സംഭവിച്ചതു്. അതിനുവേണ്ടി ഞാൻ പ്രത്യേകിച്ചു് ഒന്നും ചെയ്തിട്ടില്ല.
മുകുന്ദനുണ്ണി:
ചിലപ്പോൾ താങ്കളുടെ ശൈലി താങ്കളുടെ സ്വന്തം ശൈലിയിൽനിന്നു തന്നെ വ്യത്യസ്തമായി തോന്നാറുണ്ടു്. വിവിധ ശൈലിയിൽ പാടുന്നതിന്റെ പുറകിൽ എന്തെങ്കിലും ആദർശമുണ്ടോ? ഓരോ തവണയും വ്യത്യസ്തമായി പാടാൻ ഒരുങ്ങാറുണ്ടോ?
ടി. എം. കൃഷ്ണ:
പത്തു വർഷത്തിനു മുൻപു് പാടിയതുപോലെയല്ല ഞാൻ ഇന്നു് പാടുന്നതു്. വ്യത്യസ്തമായി പാടാൻ ശ്രമിക്കാറില്ല. അതങ്ങനെ ആയിത്തീരുന്നതാണു്. ഞാൻ കച്ചേരി സംഗീതത്തിൽ വിശ്വസിക്കുന്നില്ല എന്നാണു് എനിക്കു തോന്നുന്നതു്. ഏറ്റവും ചുരുങ്ങിയതു് ഇപ്പോൾ സംഗീതം പ്രതിനിധീകരിക്കപ്പെടുന്ന രീതിയോടു് ഞാൻ വിയോജിക്കുന്നു. ഇപ്പോഴുള്ള കച്ചേരി സമ്പ്രദായം വളരെ എളുപ്പമുള്ളതാണു്. ശ്രോതാക്കളെ പ്രീതിപ്പെടുത്തുന്ന സംഗീതം നൽകിയാൽ മതിയല്ലോ. എന്നെ സംബന്ധിച്ചിടത്തോളം സംഗീതം സംഗീതമാണു്. വീട്ടിലെ മുറിയിലിരുന്നു് പാടുന്നതും മ്യൂസിക് അ്ക്കാദമിയിൽ പാടുന്നതും രണ്ടു തരത്തിലുള്ളതാവരുതു്. കർണ്ണാടക സംഗീതത്തോടുള്ള എന്റെ സമീപനം എത്രമാത്രം എനിക്കു് അതിൽ മുഴുകാനാവുമോ അത്രത്തോളം മുഴുകുക എന്നതാണു്. കച്ചേരിയ്ക്കിടയിൽ വർണ്ണം പാടുന്നുവോ, കൃതി പാടാതെ രാഗവിസ്താരം നടത്തുന്നുവോ എന്നതൊന്നും പ്രശ്നമല്ല. രാഗം വിസ്തരിക്കുകയും കൃതി പാടാതിരിക്കുകയും ചെയ്യുന്നതായി എനിക്കെതിരെ പരാതിയുണ്ടു്. കീർത്തനം പാടാതെ ഞാൻ രാഗവിസ്താരം ചെയ്യാറുണ്ടു്. പക്ഷെ, തോടി രാഗത്തിന്റെ ആഴത്തിലേയ്ക്കു് എത്രമാത്രം പോകാനാവും എന്നതാണു് പ്രധാനം. ത്യാഗരാജകൃതിയുടെ ആഴത്തിലേയ്ക്കു് എത്രമാത്രം പോവാനാവും? അതാണു് എന്റെ ഉന്നം. മറ്റെല്ലാം എനിക്കു് പ്രാധാന്യമില്ലാത്തവയാണു്, പാഴാണു്. ഗുണമാണു് സംഗീതത്തെ സംഗീതമാക്കുന്നതു്. അതുകൊണ്ടായിരിക്കാം എന്റെ എല്ലാ കച്ചേരികളും വ്യത്യസ്തങ്ങളാകുന്നതു്. പലരും വിചാരിക്കുന്നതു് ഞാൻ മുൻകൂട്ടി ആസൂത്രണം ചെയ്തു് വന്നു് പാടുകയാണെന്നാണു്. ചിലരുടെ പരാതി എന്റെ കച്ചേരിയുടെ സമ്പ്രദായം വ്യത്യസ്തമാണെന്നാണു്. മറ്റു ചിലർ പറയുന്നു ഞാൻ പാരമ്പര്യത്തെ നശിപ്പിക്കുകയാണെന്നു്. പക്ഷെ, എനിക്കു് തോന്നുന്നില്ല ഞാൻ ഏതെങ്കിലും പാരമ്പര്യത്തെ നശിപ്പിക്കുന്നതായി.
മുകുന്ദനുണ്ണി:
ഏതു് പാരമ്പര്യത്തെ?!
ടി. എം. കൃഷ്ണ:
തോടി രാഗത്തെ തോടി രാഗമായും, നിരവലിനെ അതു് പാടേണ്ട രീതിയിലും, താനത്തെ അതിന്റെ മട്ടിലും, ത്യാഗരാജ കീർത്തനത്തെ ആദരവോടെയും പാടുന്ന കാലത്തോളം ഞാൻ ഒരു പാരമ്പര്യത്തോടും അനാദരവു് കാണിക്കുന്നില്ല. എന്നെ സംബന്ധിച്ചിടത്തോളം ഉളളടക്കമാണു് പ്രധാനം. ഉള്ളടക്കത്തെ എപ്രകാരം ഒരുമിച്ചു് ചേർത്തു് അവതരിപ്പിക്കാം എന്നുള്ളതല്ല. ഉള്ളടക്കത്തിന്റെ സ്വച്ഛതയ്ക്കായ് സ്വയം സമർപ്പിക്കാനാണു് ഞാൻ ആഗ്രഹിക്കുന്നതു്. സംഗീതത്തെക്കുറിച്ചു് അത്യാവശ്യം ഗവേഷണം ചെയ്തതുകൊണ്ടു് നാം എവിടെനിന്നാണു് ഇവിടെ എത്തിയതെന്നും മുൻപു് സംഗീതം എങ്ങനെയായിരുന്നു എന്നും അറിയാം. കച്ചേരി പദ്ധതിയുടെ പരിണാമത്തിന്റെ വഴികളെ കുറിച്ചും ഏറെക്കുറെ ബോധവനാണു്.
മുകുന്ദനുണ്ണി:
അതെല്ലാം താങ്കളുടെ എ സതേൺ മ്യൂസിക് എന്ന പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ടോ?
ടി. എം. കൃഷ്ണ:
ഉണ്ടു്. അതു് ഒരു വലിയ പുസ്തകമാണു്.
മുകുന്ദനുണ്ണി:
കച്ചേരി പാടുമ്പോൾ അനുഭവിക്കുന്നുണ്ടെന്നു് പറഞ്ഞ ആത്മസംഘർഷത്തെക്കുറിച്ച്…
ടി. എം. കൃഷ്ണ:
കർണ്ണാടക സംഗീതം ഇന്നത്തെ സംഗീതകച്ചേരിയുടെ രൂപത്തിലേയ്ക്കു് പരിണമിച്ചിട്ടു് അധിക കാലമായിട്ടില്ല. നൂറു കൊല്ലമായിട്ടേയുള്ളൂ. എനിക്കു് തോന്നുന്നതു് അതിനു് മുൻപു് സംഗീതം കുറേക്കൂടി സ്വതന്ത്രമായിരുന്നു എന്നാണു്. കച്ചേരി സമ്പ്രദായത്തിന്റെ അനുഷ്ഠാനങ്ങളെ കുറിച്ചു് വേവലാതിപ്പെടുന്നതിനു മുൻപു് ആ പഴമ ഒന്നു് സന്ദർശിച്ചു് നോക്കേണ്ടതാണു്. എനിക്കു് ഇന്നത്തെ കച്ചേരി പദ്ധതിയുമായി വളരെ ഗൗരവപൂർവ്വമായ അഭിപ്രായ ഭിന്നതയുണ്ടു്. താത്വികമായ സംഘർഷമുണ്ടു്. ചിലപ്പോൾ ആ സംഘർഷമായിരിക്കും ശ്രോതാക്കൾ കാണുന്നതു്. അവർ എന്നെ കാണുന്നതു് ഒരു നിഷേധിയായിട്ടാണു്. യഥാർത്ഥത്തിൽ ഞാൻ നിഷേധിയല്ല. സംഗീതം എന്നെ നയിക്കുന്ന ദിശയും കച്ചേരിയുടെ ചട്ടക്കൂടും ചേർന്നുപോകുന്നില്ല എന്നതാണു് പ്രശ്നം. എന്റെ ജീവിതത്തിന്റെ ലക്ഷ്യം സംഗീതം എന്നെ എവിടേയ്ക്കു് നയിക്കുന്നുവോ അങ്ങോട്ടു പോകുക എന്നതാണു്. സംഗീതത്താൽ നയിക്കപ്പെട്ട ദിശകളിൽ ചിലതു് കച്ചേരിയുടെ ചട്ടക്കൂടുമായി ഒത്തുപോകുന്നില്ല. സംഗീതം എനിക്കു് കാണിച്ചു തരുന്ന വഴിയിലൂടെയാണു് ഞാൻ സത്യസന്ധതയോടെ പാടുക. കച്ചേരിയുടെ ചട്ടക്കൂടിന്റെ കള്ളികളിലേയ്ക്കു് നീക്കുപോക്കുകൾ നടത്തി കയറി നിൽക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. സംഗീതം ഏതു് ദിശയിലേക്കാണോ എന്നെ കൊണ്ടുപോകുന്നതു് ആ ദിശയെ പൂർണ്ണമായും ആദരിച്ചുകൊണ്ടാണു് ഞാൻ പാടുക. ഞാൻ സംഗീതമായി മാറുന്ന മുഹൂർത്തങ്ങളാണതു്. സ്വീകരിക്കപ്പെടുക എന്ന മാനദണ്ഡം ആ മുഹൂർത്തങ്ങളിൽ അപ്രസക്തമാണു്.
മുകുന്ദനുണ്ണി:
സംഗീതത്തിന്റെ പാരമ്പര്യത്തെക്കുറിച്ചു് പഴമവാദികൾക്കു് പിടിവാശികളുണ്ടു്. പക്ഷെ, യഥാർത്ഥത്തിൽ എന്താണു് സംഗീത പാരമ്പര്യം? റിക്കോഡിങ് സാങ്കേതികതയുടെ ആവിർഭാവത്തിനു മുൻപു് സംഗീതം എങ്ങിനെയായിരുന്നുവെന്നു് പറയാൻ കഴിയുമോ?
ടി. എം. കൃഷ്ണ:
തീർച്ചയായും ശരിയാണു്. ഈ ചോദ്യം ഞാൻ എന്റെ പുസ്തകത്തിൽ ഉന്നയിച്ചിട്ടുണ്ടു്. റിക്കോഡിങ് സാങ്കേതികത വരുന്നതിനു മുൻപു് സംഗീതം എങ്ങിനെയായിരുന്നു എന്നു് നാം ഗൗരവത്തോടെ അന്വേഷിക്കേണ്ടതാണു്. എന്തായിരുന്നു പാട്ടുകാർ പാടിയിരുന്നതു്? ആരൊക്കെയാണു് പാടിയിരുന്നതു്? ഇവയെക്കുറിച്ചെല്ലാം ചില കാര്യങ്ങൾ കോർത്തിണക്കി ഒരു രൂപം ഉണ്ടാക്കിയിട്ടുണ്ടു്.
മുകുന്ദനുണ്ണി:
പക്ഷെ, അതെന്തുതന്നെയാലും ശ്രവിക്കാവുന്ന ചരിത്രമാകില്ലല്ലോ. വീണ്ടും കേൾക്കാൻ കഴിയുമെങ്കിലല്ലേ സംഗീതത്തിന്റെ ചരിത്രത്തെ ആനുഭവിക തലത്തിൽ മനസ്സിലാക്കാൻ കഴിയൂ. ചിത്ര/ശില്പ കലയുടെ ചരിത്രം നമുക്കു് പോയി വീണ്ടും കാണാൻ കഴിയുന്നതുപോലെ, റെക്കോഡിങ്ങിനു് മുൻപു്, കേൾക്കുമാറാകുന്ന ചരിത്രമില്ലല്ലോ!
ടി. എം. കൃഷ്ണ:
ഒരിക്കലുമില്ല. ശ്രവണസാധ്യത ഇല്ലെങ്കിൽ ആ സംഗീതം അനുഭവിക്കാൻ കഴിയില്ല. നമുക്കു് ഭാവനയിൽ കേൾക്കാനേ പറ്റൂ.
മുകുന്ദനുണ്ണി, എ. പി.
images/mukundanunni.png

യശഃശ്ശരീരരായ ശ്രീദേവി പിഷാരസ്യാരുടേയും (പ്രധാന അദ്ധ്യാപിക) എ. കെ. കൃഷ്ണ പിഷാരോടിയുടേയും (സംസ്കൃത പണ്ഡിതന്‍, അസി. എഡിറ്റര്‍ മാതൃഭൂമി) മകനാണു് ശ്രീ. മുകുന്ദനുണ്ണി, എ. പി. കര്‍ണ്ണാടക സംഗീതം (വായ്പാട്ടു്) പഠിക്കുകയും പഠിപ്പിക്കുകയും പാടുകയുമാണു് മുഖ്യ പ്രവൃത്തി. തുല്യ പ്രാധാന്യത്തോടെ തത്വചിന്തയിലും വ്യാപൃതനാണു്. ബിരുദങ്ങള്‍: സംഗീതത്തില്‍ ഗാനഭൂഷണം, തത്വചിന്തയില്‍ പി. എച്ച്ഡി. ശെമ്മങ്കുടിയുടെ ശിഷ്യനായ പാലാ സി. കെ. രാമചന്ദ്രന്റെ ശിഷ്യനാണു്. തത്വശാസ്ത്ര സംബന്ധിയായും സംഗീത സംബന്ധിയായും നിരവധി ലേഖനങ്ങള്‍ രചിച്ചിട്ടുണ്ടു്. കൂടാതെ കഥ, കവിത എന്നിവയും. സംഗീതക്കച്ചേരികള്‍ അവതരിപ്പിച്ചുവരുന്നു. രണ്ടു് കെസറ്റുകള്‍ ദൈര്‍ഘ്യമുള്ള ഒരു ക്ലാസിക്കല്‍ എന്‍സെംബ്ള്‍ ആല്‍ബം പ്രസിദ്ധീകരിച്ചിട്ടുണ്ടു്.

Colophon

Title: Jathiyum Vadhasikshayum: Oru Karnataka Sangeethapadam (ml: ജാതിയും വധശിക്ഷയും: ഒരു കര്‍ണ്ണാടക സംഗീതപാഠം).

Author(s): Mukundanunni A P.

First publication details: Sayahna Foundation; Trivandrum, Kerala; 2020-07-05.

Deafult language: ml, Malayalam.

Keywords: Interview, Mukundanunni A P, Jathiyum Vadhasikshayum: Oru Karnataka Sangeethapadam, മുകുന്ദനുണ്ണി എ പി, ജാതിയും വധശിക്ഷയും: ഒരു കര്‍ണ്ണാടക സംഗീതപാഠം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: November 15, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Borobudur relief showing musicians, a photograph by Gunkarta . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.