കടലിലേക്കു തിരിച്ചുപോകാൻ എന്ന മട്ടത്തിൽ ചത്ത ഒരു മത്തി കരയ്ക്കു കിടക്കുന്നു. സേവി അതിനെ തട്ടിമാറ്റി. മത്തിയുടെ കുടൽ പൊട്ടി പുറത്തു വന്നു. കലിപിടിച്ചു് സേവി കാൽ മണലിൽ ഉരച്ചു. നേരം വെളുത്തിട്ടില്ലാത്തതുകൊണ്ടു് കടൽ നിറം വച്ചു വന്നിട്ടില്ല. അലർച്ചമാത്രം. സേവി തീരത്തുകൂടി ചുമ്മാതെ നടന്നു. ഇടയ്ക്കു് തിരിഞ്ഞുനിന്നു് താൻ ഇറങ്ങിവന്ന കുടിലിനെ നോക്കി. ഇത്രയും കാലം ജീവിച്ച വീടിനോടു് സേവിക്കു് ഒരു പരിചയവും തോന്നിയില്ല. അപ്പൻ നേരത്തേ പോയിട്ടുണ്ടാകും. അയാൾക്കു് കടലിന്റെ ഒച്ച കേട്ടാൽതന്നെ ഉണരണം. ഇറങ്ങിവരുമ്പോൾ സേവി അപ്പനെ നോക്കിയിരുന്നില്ല. പോയിട്ടുണ്ടാകും. അപ്പൻ സേവിയോടു് ഇപ്പോൾ മിണ്ടാറില്ല. മിണ്ടിയാൽത്തന്നെ തെറിയേ പറയൂ. “ഈ തന്തയില്ലാത്തവൻ കൈവിട്ടുപോയതാ, തീറ്റ ഞാൻ കൊടുക്കണം”—വലപിടിക്കുന്ന പാർട്ടികളോടു് അയാൾ അര ലഹരിയിൽ പറയും. ലോപ്പസ് സഹതാപത്തോടെ സേവിയെ നോക്കും. അപ്പോഴേക്കും അപ്പൻ ഒരു തെറിപ്പാട്ടു തുടങ്ങും. അയാൾ വയസ്സായ, കറുകറുത്ത പേശികൾ ഉരുട്ടി അടുത്ത ദിവസത്തെ പണിക്കുളള ഊർജം ഒറ്റപ്പിടിക്കു് അകത്താക്കും. കൂട്ടുപണിക്കാർ കൂടുതലെന്തെങ്കിലും പറയും മുമ്പു് സേവി കുടിലിലേക്കു് വലിയും.
പഠിക്കാൻ പോയിടത്തു തോറ്റുപോയതായിരുന്നു സേവിയുടെ ആദ്യത്തെയും ഏറ്റവും വലുതുമായ തിരുമുറിവു്. അപ്പന്റടുത്തു വഴക്കും വച്ചു് ഒരു സാഹചര്യമൊപ്പിച്ചു പോയി നോക്കിയതാണു്. കടപ്പുറത്തുനിന്നു പോയി എങ്ങനെ മറ്റവൻമാരുടെ മുന്നിൽ പിടിച്ചു നിൽക്കും? ഇത്രയുമൊക്കെ പഠിക്കാനുണ്ടെന്നും അതു നമ്മൾ പിടിച്ചാൽ കിട്ടുന്നതല്ലെന്നും അറിഞ്ഞിരുന്നെങ്കിൽ ആ വഴിക്കു പോകത്തില്ലായിരുന്നു. സേവി നടക്കുന്ന വഴിക്കു് ഒരു വള്ളം കിടക്കുന്നു. ഉപേക്ഷിക്കപ്പെട്ടതാണു്. ഒരു അപരിചിത വസ്തുവിനെപ്പൊലെ അതു് സേവിക്കു മുന്നിൽ നീണ്ടുനിവർന്നു കിടക്കുന്നു. തോറ്റ കാര്യം താൻ അറിയുംമുമ്പു് തന്നെ അപ്പൻ അറിഞ്ഞായിരുന്നു. അങ്ങേർക്കു് അതിന്റെ സംവിധാനങ്ങളുണ്ടായിരുന്നു. താനങ്ങു തോറ്റു പോകണമെന്നായിരുന്നു അയാളുടെ ആവശ്യം എന്നു് പുള്ളിയുടെ സന്തോഷവും മറ്റു് ഏർപ്പാടുകളും കണ്ടപ്പോൾ സേവിക്കു തോന്നിയിരുന്നു. സേവി ഉപേക്ഷിക്കപ്പെട്ട വള്ളത്തിന്റെ അസ്ഥികൂടത്തിൽ ഒരു ചവിട്ടു താങ്ങി. കാൽ വേദനിച്ചു. എന്നിട്ടു തിരിച്ചു നടക്കാൻ തുടങ്ങി.
കാലിന്റെ ചുവട്ടിൽ ഉരുമ്മി ഒരു ശംഖ് മണലിൽ നിന്നു് ഉയർന്നു വന്നു. ചത്ത മീനുകളുടെ മാംസം പിടിക്കാൻ വന്നതാണു്. സേവിയുടെ കാലിൽ തൊട്ടതും അതു തിരിച്ചു മണലിനടിയിലേക്കു പോയി. നേരിയ പ്രകാശം വരുന്നുണ്ടു്. വെളിച്ചം വരുന്തോറും സേവി അസ്വസ്ഥനാകാൻ തുടങ്ങി. രാത്രിമുഴുവൻ സ്വസ്ഥമായിക്കിടന്ന തിരകളും ക്രുദ്ധരാകാൻ തുടങ്ങുന്നു. മണിമുത്തുകൾ പോലെയുള്ള തിരത്തുമ്പുകൾ മുത്തിറക്കം കഴിഞ്ഞു മടങ്ങുന്നു. ഇനി ഘോരമായി അവ അലറിത്തുടങ്ങും. തിരകൾ അരിഞ്ഞരിഞ്ഞു് കൊണ്ടിടുന്ന കറുത്തമണൽ സേവിയുടെ കാലിൽ പറ്റി. അയാൾ നഖം കൊണ്ടു് ആഴത്തിൽ ഒരു കുഴിവെട്ടി.
രണ്ടാമത്തെ തിരുമുറിവു് മാർത്തയായിരുന്നു. ഭയങ്കരമായ ഒരു തെറി സേവി കടലിലേക്കു നോക്കി പറഞ്ഞു. അത്രയ്ക്കും പക അവളോടു് ഒരു കാലത്തും വരുമെന്നു് സേവിക്കു തോന്നിയിരുന്നില്ല. അത്രയ്ക്കും സ്നേഹമായിരുന്നു ആ പെണ്ണിനോടു സേവിക്കു്. പിശാചു് പക്ഷേ, ഇങ്ങനെ തന്നെ തട്ടിക്കളഞ്ഞുപോകുമെന്നു് സേവി ഓർത്തില്ല. പക്ഷേ, അതിപ്പോ ഒരു മുറിവല്ല. ഒരു ഓർമ്മപോലുമോ അല്ല. കുറച്ചു കഷ്ടപ്പെട്ടിട്ടാണു് അതിന്റെ തിരകളിൽനിന്നും സേവി നീന്തിക്കയറിയതു്. എന്നാലും കുറച്ചുകൂടി നടന്നാൽ കാണുന്ന അവളുടെ പുര കാണുമ്പോൾ അയാൾക്കു കലി വരും. അതുകൊണ്ടു് സേവി മുന്നോട്ടുതന്നെ നടന്നു.
സേവി മിണ്ടാതെനിന്നു. അന്നേരം അവൾ ചിരിച്ചു. പല്ലുകൾ തിളങ്ങി. അതിനൊരു വടിവുണ്ടായിരുന്നില്ല. വലതുവശത്തു രണ്ടണ്ണം ചാഞ്ഞു് മറ്റു പല്ലുകൾക്കുമേൽ എത്തിനോക്കിയ പോലെ. പക്ഷേ, അതു് അവളുടെ ചന്തമായിരുന്നു. ഒരു തവണ മാത്രം ഉമ്മവച്ചപ്പോൾ അതിൽ സേവിയുടെ നാവു പരതി. സേവി തോറ്റുതോറ്റു നടക്കുകയായിരുന്നു. അപ്പോഴാണു് മാർത്തയ്ക്കു് വേറെ കോളൊത്തതു്. നല്ല വള്ളം, നല്ല വല! പോകട്ടെപോകട്ടെ. സേവി കരിമണൽ തൂത്തെറിഞ്ഞു. കീറിയ ലുങ്കിയിൽ അതിന്റെ തരികൾ കയറി കൂടുതൽ അഴുക്കാക്കി. സേവി ഉപ്പുവെള്ളവും മണൽത്തരികളും ലുങ്കിയിൽനിന്നു പിഴിഞ്ഞു കളയാൻ നോക്കി. ഉപ്പിന്റെ നാറ്റം വരുന്നു. വേറെയൊരു വസ്ത്രം വീട്ടിലില്ല.
നോക്കിയപ്പോൾ മണൽപ്പുറത്തു രണ്ടുമൂന്നു പാൽശംഖുകൾ കിടക്കുന്നു. സേവിക്കു് എന്തിനോടോ ചെറിയ സ്നേഹം തോന്നി. തിരകരളോടല്ല, പുലർച്ചയ്ക്കുള്ള കടൽക്കാറ്റിനോടുമല്ല. പാൽശംഖിനെ നോക്കിയപ്പോഴായിരിക്കും. അതിങ്ങനെ മെഴുമഴാന്നു കിടക്കുന്നു. അതിനെ പുഴുങ്ങിപ്പിളർന്നു പിന്നുകൊണ്ടു കുത്തിയെടുത്തു കഴിക്കുന്നതു് സേവി ഓർത്തു. എന്നിട്ടും ഒരു സമാധാനം വന്നില്ല. ഓർമ്മയ്ക്കൊന്നും ഒരു വെളിച്ചമില്ല. ഈ കടലുപോലെ ഇരുണ്ടു് മുരണ്ടു് സുഖമില്ലാത്ത ഈർപ്പം പരത്തി നിൽക്കുകയാണവ. സേവി കടപ്പുറത്തെ കൽക്കെട്ടുകൾക്കടുത്തേക്കു നടന്നു. എന്നിട്ടു് ഇരുട്ടുവാക്കിനു് ഒരു പാറക്കഷണത്തിനുമേൽ ഇരുന്നു.
പുലർച്ചയെ വരവേൽക്കാനായി ഒന്നു രണ്ടു പെണ്ണുങ്ങൾ പ്ലാസ്റ്റിക് കുപ്പിയിൽ വെള്ളവുമായി മറവു തേടി അകലെക്കൂടെ പോകുന്നുണ്ടു്. പണ്ടു് ഇവരുടെ എണ്ണം കൂടുതലായിരുന്നു. ഇപ്പോ കുറച്ചേയുള്ളൂ. ആണുങ്ങളുടെ കടപ്പുറം ഇതിനായി വേറെയുണ്ടു്. പോകുമ്പോൾ ആരും അങ്ങോട്ടുമിങ്ങോട്ടും നോക്കാറില്ല. സേവി പെണ്ണുങ്ങളെ ശ്രദ്ധിക്കാതെ കടലിനെ നോക്കി തിരിഞ്ഞിരുന്നു.
കാണാവുന്ന ദൂരത്തിൽ, കടലോരത്തു് ഒന്നു രണ്ടു് ഇരുണ്ട രൂപങ്ങൾ വന്നു തുടങ്ങി. വള്ളം ഉള്ളിൽ നിന്നു വരുന്നതിന്റെ സൂചനയാണു്. ഇനി കൂടുതൽ പൊട്ടുകൾ തെളിഞ്ഞു വരും…
പാറക്കെട്ടിനു താഴെക്കൂടി ഒരു വിഷഞണ്ടു് ഇഴയുന്നു. അതു് പിടിച്ചു കയറി സേവിയുടെ കാലിന്റെ ചൂടു പിടിക്കാൻ നോക്കി. അവനെ സേവി തള്ളവിരൽ കൊണ്ടു തട്ടി ദൂരേക്കെറിഞ്ഞു. ഞണ്ടു പോയ വഴിക്കു് ചത്ത ഒരു ജലജീവി അഴുകി ഇല്ലാതായിക്കൊണ്ടിരിക്കുന്നു.
കടലിന്റെയറ്റത്തു് ചുവപ്പിന്റെ മിന്നൽ വന്നുതുടങ്ങുന്നു. മനുഷ്യശബ്ദമില്ലാത്ത തീരത്തു് പല്ലിറുമ്മുന്നതു തിരകൾ മാത്രം. സേവി എഴുന്നേറ്റു പോകാമെന്നു കരുതി. ഇനിയങ്ങോട്ടു് ശബ്ദങ്ങളുടെ കൂടിക്കുഴച്ചിലായിരിക്കും. ഒരോ കുടിലിൽനിന്നും ആളുകൾ ഇറങ്ങിവരും. വള്ളങ്ങളടുക്കുന്നതിന്റെ ഘോഷം തുടങ്ങും. വലക്കാരും പിടിത്തക്കാരും അലർച്ച തുടങ്ങും. പെണ്ണുങ്ങൾ വാതോരാതെ പ്രാക്കും ശകാരവും തുടങ്ങും. വള്ളത്തിൽ വരുന്ന കെട്ടിയോന്മാർക്കു് വലിയ കലത്തിൽ കാപ്പിയും തീറ്റയും കൊണ്ടുവന്നു ചിലക്കൽ തുടങ്ങും. സേവിയെ കാണുന്നവർ കാണുന്നവർ മുറുമുറുത്തുകൊണ്ടു് ഉപദേശിക്കും. സേവി വീണ്ടും പാറക്കെട്ടിൽ നിന്നിറങ്ങി നടക്കാൻ ആലോചിച്ചു.
വെളിച്ചം മൂക്കുന്നതിനുമുമ്പു് കടലും അതിന്റെ ഇരമ്പവും വിട്ടു പുറത്തേക്കു പോകുന്നതിനെപ്പറ്റിയും സേവി ചിന്തിച്ചു. അവൻ ചെല്ലാൻ പറഞ്ഞിട്ടുണ്ടു്. ഇന്നു് എന്തെങ്കിലും ശരിയാക്കാമെന്നാണു് ഒപ്പം പഠിക്കാൻ കൂടിയ ചങ്ങാതി പറഞ്ഞിട്ടുള്ളതു്. അവൻ പല പല ഏർപ്പാടുകൾകൊണ്ടു് അല്പം മെച്ചപ്പെട്ടിട്ടുണ്ടു്. തട്ടിപ്പുകൾ പലതാണു്. എന്നാലും സേവിയെ സഹായിക്കാൻ അവൻ മനസ്സുകാണിക്കുന്നുണ്ടു്. സേവി അല്പം ആശ്വാസത്തോടെ അവന്റെ കാര്യം ചിന്തിച്ചു. പക്ഷേ, അപ്പോൾത്തന്നെ താൻ ഉടുത്തിരിക്കുന്ന നനഞ്ഞ ലുങ്കിയിലേക്കും നോക്കി. വേറൊരു വസ്ത്രമില്ല ഉടുത്തോണ്ടുപോകാൻ. സേവി മണലിലേക്കു കാറിത്തുപ്പി. വീശിത്തുടങ്ങിയ കാറ്റിൽ തുപ്പൽ വളഞ്ഞു വേറൊരു ദിശയിലേക്കു പറന്നു.
അപ്പോഴേക്കും നേരത്തേ എതിർവശത്തേക്കുപോയ പെണ്ണുങ്ങൾ തിരികെ വരുന്നതു കണ്ടു. അതുകൊണ്ടു സേവി എഴുന്നേറ്റില്ല. ഉറക്കെ അലച്ചുകൊണ്ടു് പെണ്ണുങ്ങൾ കടലിലേക്കുനടക്കുകയാണു്. ഇവർ ചിലപ്പോൾ കടലിലിറങ്ങി കുത്തിയിരിക്കും. സേവി തിരിഞ്ഞിരുന്നു. പിന്നെ എന്തിനെപ്പറ്റി ആലോചിക്കണമെന്നു് ആലോചിച്ചു. ഇത്തിരിക്കഴിഞ്ഞു് കാറ്റിൽ വരുന്ന സംസാരം ശ്രദ്ധിച്ചു് സേവി തിരിഞ്ഞു.
പെണ്ണുങ്ങൾ അവിടെ നിന്നു പോയിട്ടില്ല. രണ്ടെണ്ണവും ഉറക്കെ പ്രാകുകയാണു്. കാറ്റൊതുങ്ങുമ്പോൾ സംസാരം കേൾക്കാം.
“നേരം വെളുത്തപ്പൊത്തന്നെ എറണക്കേടാന്നല്ലോ. ശവം തന്നെ കാഴ്ച. എവനൊക്കെ ഇവിടെ വന്നടിയുന്നതെന്തോന്നിനാ? എവിടെയങ്കിലും തൂങ്ങിച്ചാവാനുള്ളതിനു്”
“എവിടെ ചത്താലും അതിനെയൊക്കെ ഇവിടെ കൊണ്ടിടും. കണികാണണ്ടതു് നമ്മളും”
“എനി മറ്റവൻമാർ ഇവിടെ കേറി നിരങ്ങും. പോലീസേ. എനിക്കാ എനത്തെ കാണുമ്പോഴേ മനംമറിപ്പാ”
പോലീസ് മറ്റേ കേസിനു് ഇവളുടെ വീട്ടിൽ കേറിയ കാര്യം പെട്ടെന്നു് ഓർത്തതിൽ മറ്റവൾക്കു് ചെറിയ സന്തോഷം വന്നു. എങ്കിലും പറഞ്ഞു:
“ശരിയാന്നേ. എന്നാ എനിക്കതല്ല ആധി. കഴിഞ്ഞ ശവം കണ്ടേന്റന്നാ പള്ളീലെ മണി ഒടിഞ്ഞു താഴെ വീണതു്.”
“അന്നു വൈയ്യുന്നേനു മുമ്പു് രണ്ടെണ്ണം തൊറേന്നങ്ങുപോയി. ഓർമ്മയുണ്ടല്ലോ”
“ഓ. തെരേസേടെ തള്ള ചത്തതു് സാരമില്ല. കൊറേ നരകിച്ചതല്ലിയോ. ആ കൊച്ചൻ വണ്ടിക്കുപെട്ടതോർക്കുമ്പോ, ഓർക്കാൻവയ്യ.”
“എന്നാലും ഇതിനൊക്കെ ഇതെന്തോന്നു കാര്യം? ഈ നല്ല പ്രായത്തിൽ പോയി ചാകണ്ട കാര്യമെന്തുവാ?”
“എടീ, സ്വന്തമായിട്ടു ചത്തതോ അതോ കൊന്നതോ ആർക്കറിയാം?”
“ഓ, അതിന്റെ മൊഖം കണ്ടാലറിയാൻമേലേ?, ചാടിയതാ, കടലിലേക്കു് അങ്ങിറങ്ങിപ്പോയതാ. പെണ്ണാ പ്രശ്നം.”
“നീ അങ്ങനെ ഒരു ശവത്തിന്റെ പുറത്തു് ഓരോന്നു കല്പിച്ചുണ്ടാക്കാതെ. നിനക്കെന്തോന്നറിയാം?”
“പിന്നെ ഏതു പെണ്ണാ ഇത്രേം നല്ല ഒരു കുഞ്ഞിനെ വെറുതേ ചാവാൻ വിടുന്നതു്? കണ്ടോ മീൻപോലും കടിച്ചിട്ടില്ല. തൊടാൻ തോന്നുമോ ഇതിനെ?”
“അതൊക്കെ അങ്ങനെതന്നെ. എന്നാലും ഏതെങ്കിലും പെണ്ണിനെ ചതിച്ചിട്ടുണ്ടാകും. പെണ്ണു വിലങ്ങിയാലേ, പിന്നെ അവന്റെയൊക്കെ ഗതി ഇതുതന്നാ.”
“നീ ചുമ്മാതെ കുറ്റാന്വേഷണം നടത്തിക്കോണ്ടിരിക്കാതെ. ഇതിന്റെ കാര്യം ആണുങ്ങളെ അറിയിക്കണ്ടേ?”
“ഓ എന്നിട്ടുവേണം, ആദ്യം കണ്ടതു നമ്മളാന്നു വന്നു് പോലീസുകാരോടു് വർത്താനം പറയാൻ. ഞാൻ പറഞ്ഞേ, എനിക്കു പറ്റത്തില്ല, എനിക്കു് ആ എനത്തെ കണ്ടുകൂടാ.”
ഇത്തിരി നേരം പെണ്ണുങ്ങൾ ഒന്നും പറഞ്ഞില്ല. പക്ഷേ, അവിടെത്തന്നെ ചുറ്റിത്തിരിഞ്ഞു നിന്നു. പിന്നെ ഒരാൾ പറഞ്ഞു:
“ഇതു ലക്ഷണക്കേടാ. എത്രേം വള്ളങ്ങൾ ഒടനേ വരാനുളളതാ. വല്ലതും കിട്ടുമായിരിക്കുമോ എന്തോ. കാലിയായിട്ടാ വരുന്നതെങ്കിൽ, എനിക്കാലോചിക്കാൻവയ്യ.”
“എടീ എനിക്കു വല്ലാതെ ആധിയാകുന്നു. ഇനി എന്തെങ്കിലും കൊഴപ്പം വല്ലതും വരുമോ? നടുക്കടലിലാ അവരു പോയിരിക്കുന്നതു്. തമ്പുരാനേ, പിഴപറ്റാതെ വന്നേക്കണേ”.
“നീ നാക്കെടുത്താൽ ഈ എറണക്കേടേ പറയൂ. വാ, ആരോടും ഇതൊന്നും പറയാൻ നിക്കേണ്ട. കാണുന്നവരു് കണ്ടോട്ടെ. കാപ്പിയിടാം. അവരിപ്പം വരും.”
കടൽക്കാറ്റു് പിടിച്ചുപൊക്കാൻ നോക്കിയ കൈലിമുണ്ടു് തുടകൾക്കിടയിലോട്ടു ചേർത്തു് ഒരാൾ ശവത്തിനടുത്തേക്കു് കുനിഞ്ഞിരുന്നു. മറ്റവൾ ചുറ്റും നോക്കി.
“എടിയെടീ, നീ അതിലൊന്നും നോക്കണ്ട. ദൈവദോഷം കാണിക്കല്ലേ. അതിന്റെ കൈയിൽ ഒന്നും കാണത്തില്ല. നീ ഇവിടെക്കിടന്നു് ആർത്തി കാണിക്കല്ലേ. ആളുകൾ വരാറായി.”
“പോടീ, എനിക്കെന്തോന്നു വേണം? നല്ല പളപളാന്നുള്ള ഉടുപ്പു്. കഷ്ടം. നല്ലൊരു കൊച്ചൻ. ഞാൻ ഇതിന്റെ മൊഖം ഒന്നൂടെ നോക്കിയതാ.”
“മതി നോക്കിയതു്. വാ. മെനക്കേടാ, ഇനീം ഇവിടെ നിന്നാൽ. വാ”
രണ്ടു പെണ്ണുങ്ങളും പോയവഴി നോക്കി സേവി പാറക്കെട്ടിൽ ഇരുന്നു. ഇത്തിരിക്കൂടി വെളിച്ചം തെളിഞ്ഞതിനാൽ ഇപ്പോ വെളുത്ത തുണിക്കെട്ടുപോലെ ആ വസ്തു അകലെ കടൽക്കരയിൽ കാണാം. ഇടയ്ക്കിടെ നീട്ടിപ്പിടിച്ചു വരുന്ന ഒരു തിര അതിനെ തൊടുന്നു. സേവിക്കു പ്രത്യേകിച്ചൊന്നും തോന്നിയില്ല. കാറ്റിന്റെ തണുപ്പു് ഇത്തിരിയൊന്നു മാറിയിട്ടുണ്ടു്. സേവി പാറക്കെട്ടിനു താഴേക്കു് ഊർന്നിറങ്ങിയിരുന്നു.
അന്നേരം ഒരു തല കൂടി ദൂരെ നിന്നു വരുന്നതു സേവി കണ്ടു. ലക്ഷണം കണ്ടപ്പോഴേ ആളെ മനസ്സിലായി. കടപ്പുറത്തു് ആദ്യം തെളിയുന്ന തല. ആൾ ഒരു വെകിളിയാണു്. എപ്പോഴും എന്തെങ്കിലും കൂവിയും പറഞ്ഞുംകൊണ്ടു നടക്കും. തന്നത്താനും പറയും കേൾക്കാൻ നിൽക്കാത്ത മറ്റുള്ളവരോടും പറയും. വല പിടിക്കുന്നവർക്കും വള്ളം അടുപ്പിക്കുന്നവർക്കും അടുത്തു പോയി നില്ക്കും. വള്ളം അടുപ്പിച്ചിറങ്ങുന്നവർ ആദ്യം തന്നെ ഇയാളുടെ തല കാണുമ്പോൾ പച്ചത്തെറി മുഴക്കും. ഒരു ലക്ഷണപ്പിശകുണ്ടെന്നാണു് മൊത്തത്തിൽ സംസാരം. എന്നാലും ഇയാൾ വല വലിക്കാൻ കൂടും. നല്ല വരവുള്ള ദിവസങ്ങളിൽ എല്ലാർക്കും അങ്ങോട്ടുമിങ്ങോട്ടും സ്നേഹമാണു്. അതിനിടയിലോട്ടു നിന്നാൽ ഒരു പങ്കു കിട്ടും. കടപ്പുറത്തു് വെളിച്ചം മുറ്റും വരെ ഇയാൾ തലങ്ങും വിലങ്ങും നടക്കും. ചിലപ്പോ നല്ല പാട്ടായിരിക്കും. വൈകുന്നേരവും പാറക്കെട്ടിലെ കൂട്ടത്തിൽ പാട്ടിനു ഡിമാൻഡാണു്. ആ സമയം എല്ലാർക്കും ഒരു സ്നേഹം വരുന്ന സമയമാണു്.
ഇപ്പോൾ അയാൾ ജഡത്തിനടുത്തെത്തിയിരിക്കുന്നു. സേവി ദൂരെ നിന്നു നോക്കി. അയാൾ ഒന്നു കറങ്ങി, അതിനു ചുറ്റും. തിര ചന്തിയിൽ അടിക്കാത്ത ഇടം നോക്കി ശവത്തിനു സമീപം കുത്തിയിരുന്നു. കാവലിരിക്കുന്നതുപോല. ഇതിനിടയ്ക്കു് തിരകൾ വന്നു ജഡത്തെ ഒന്നുകൂടി നനച്ചിട്ടുപോയി.
കാവൽക്കാരൻ പിന്നെ കൈകുത്തി എഴുന്നേറ്റു. എന്നിട്ടു പിന്നെയും ശവത്തിനു ചുറ്റും കറങ്ങി കടലിലേക്കു നോക്കി ഒന്നു നീട്ടിവലിച്ചു കൂവി. അപ്പോഴേക്കും കാറ്റു് മുറുകിയതിനാൽ ശബ്ദം ചുരുട്ടിക്കറക്കിയെടുത്തു് വേറൊരു ഭാഗത്തേക്കു് എറിയപ്പെട്ടു. ദൂരെയിരുന്നു സേവിക്കു് അയാൾ ജഡത്തിന്റെ മുഖം പരിശോധിക്കുന്നതു കാണാമായിരുന്നു. മലർന്നു കിടക്കുന്ന ആ വസ്തുവിനോടു് കുറച്ചു നേരം അയാൾ മിണ്ടിയും പറഞ്ഞുമിരുന്നു. എഴുന്നേറ്റു പോകാമെന്നു് സേവിക്കു തോന്നിയെങ്കിലും മറ്റേയാൾ കണ്ടാൽ പിന്നെ വേണ്ടാത്ത വർത്തമാനമാവും. ഇടയിൽ ഒരു ജഡവും. സേവി പാറക്കെട്ടിൽ തന്നെ കുത്തിയിരുന്നു.
ജഡത്തിനടുത്ത അയാൾ പിന്നെയും ചുറ്റിക്കറങ്ങൽ തുടങ്ങിയിരുന്നു. പിറുപിറുക്കലും ഒച്ചവയ്ക്കലും ഒച്ചത്തിലായി. തലയിൽ കൈവച്ചു് ഇടയ്ക്കു് സഹതാപം കാട്ടുന്നുണ്ടു്. അയാൾ ജഡത്തിന്റെ ഉടുപ്പിൽ ഉഴിഞ്ഞു. മൊത്തം ഒന്നു പരതുന്നപോലെ തോന്നി. പിന്നെ ശരീരം മുഴുവനും. അയാൾ എഴുന്നേറ്റു നിന്നു.
തുടർന്നു് ജഡത്തെ വെറുതേയെന്ന മട്ടിൽ ഒന്നു നോക്കി അയാൾ നേരെ നടപ്പു തുടങ്ങി. ഉടുതുണി കയറ്റിപ്പിടിച്ചു് തിരയിൽ ഒന്നു കാൽനനച്ചു് വീണ്ടും കടലിലേക്കു നോക്കി ഒന്നുകൂടി കൂവി അയാൾ അങ്ങു നടന്നു പോയി. കാറ്റു് അല്പം കൂടി പെരുത്തുവന്നു.
സേവി അവിടെത്തന്നെയിരുന്നു. ഇപ്പോൾ കടപ്പുറത്തു് സേവിയും ജഡവും മാത്രമേയുള്ളൂ. അകലെ നിന്നുകൊണ്ടുതന്നെ അതൊരു വൃത്തിയുള്ള ജഡമാണെന്നു് സേവിക്കു തോന്നി. അഴുകിയളിഞ്ഞാണു് പലപ്പോളും ജഡങ്ങൾ പ്രത്യക്ഷപ്പെടുക. കടപ്പുറമാകെ വാടയും. ഇതു പക്ഷേ, എന്തോ പരിമളം പ്രസരിപ്പിക്കുന്നതുപോലെ. വെളുത്ത ഒരു തുണിക്കെട്ടു പോലെ അകലെയായി അതിഥി കിടക്കുന്നു. വീണ്ടും എതിർവശത്തു നിന്നു ശബ്ദങ്ങൾ കേട്ടപ്പോൾ സേവി തിരിഞ്ഞു. രണ്ടുപേർ എന്തോ തപ്പിത്തപ്പി വരികയാണു്. ജഡത്തെയാകും. ആ പെണ്ണുങ്ങൾ പോയി പറഞ്ഞിട്ടുണ്ടാകും.
“ദാ അവിടെക്കിടക്കുന്നു… ” ദൂരേക്കുചൂണ്ടി ഒരാൾ പറഞ്ഞു.
“എന്തോരു ശല്യമായെന്നു നോക്കിയേ. ഇപ്പോ വള്ളങ്ങൾ അടുക്കേണ്ട നേരമാവും. ഈ ജഡം ഇവിടെക്കിടന്നാ പിന്നെ ഒരു കച്ചോടവും നടക്കത്തില്ല.”
“പത്തുമണിയോടെയെങ്കിലും പോലീസിങ്ങെത്തും. പിന്നെ ഓരോരുത്തരെയും വിളിച്ചു ചോദ്യമാവും. ഇവിടെങ്ങാനും കണ്ടിട്ടുണ്ടോ, എവിടയെങ്കിലും വള്ളം മറിഞ്ഞിട്ടുണ്ടോ… മെനക്കേടു്.”
“പോലീസു വരുന്നതു ജഡം നോക്കിയാന്നെങ്കിലും ചെലപ്പോ പൊക്കുന്നതു് വേറെ വല്ലവരെയുമാവും.”
“കഴിഞ്ഞപ്രാവശ്യം ജഡം തപ്പി വന്ന പോലീസാ, മറ്റേ കേസിൽ മുങ്ങി നടന്ന ലോറൻസിനെ പൊക്കിയതു്. അവൻ ജഡം കാണാൻ വന്നു നിന്നതായിരുന്നേ.”
“ജഡം പൊക്കിയെടുത്തു് അവൻമാരുടെ വണ്ടീൽ കേറ്റുന്ന പണീം നമുക്കു്. അളിഞ്ഞ ഒരു ജഡം പൊക്കിവച്ചതിന്റെ മനംമറിപ്പു് ഇപ്പഴും മറന്നിട്ടില്ല.”
അവർ ജഡത്തിനരികിലെത്തി ചുറ്റിക്കറങ്ങി നോക്കുകയായിരുന്നു. ഇത്തിരിക്കഴിഞ്ഞു് ഒരാൾ പറഞ്ഞു: “എടേ ഒരു കാര്യം ചെയ്യാം. എടുത്തു കടലിലോട്ടെറിയാം.”
“പിന്നേം കേറി വരത്തില്യോ?”
“എടേ അടിക്കാറ്റു് അങ്ങോട്ടാ. കുറച്ചപ്പുറത്തെവിടെയങ്കിലും അടിയട്ടെ, നശിപ്പു്.”
കുറച്ചുകൂടി തർക്കിച്ചു നിന്നശേഷം രണ്ടുപേരും കൂടി ജഡത്തിന്റെ കാലിലും തലയിലും പിടിച്ചുപൊക്കി. പൊതിക്കെട്ടു് ആകാശത്തേക്കുയർന്നു വന്നു. പിന്നെ അതു് തിരകൾക്കു മുകളിലൂടെ കറങ്ങി കടലിനുളളിൽ പോയി പതിച്ചു. തിരകളിൽ കൈകഴുകി രണ്ടുപേരും തിരിഞ്ഞുനോക്കിനോക്കി വന്ന വഴിക്കു പോയി.
സേവി പിന്നെയും അവിടെ കുത്തിയിരുന്നു. കൂട്ടിനു് ജഡമില്ല. അയാൾ വീണ്ടും ഇന്നത്തെ യാത്രയെപ്പറ്റി ഓർത്തു. പിന്നെ തന്റെ ശരീരത്തിലും അഴുക്കുപിടിച്ച കൈലിമുണ്ടിലും നോക്കി. അപ്പനു പണ്ടെങ്ങാണ്ടു് ഒരു മുണ്ടുണ്ടായിരുന്നു. അങ്ങേരു് കൈലിയേ ഉടുക്കൂ. കഴുകില്ല. കടലിൽ ഒന്നു മുക്കി പിഴിഞ്ഞങ്ങെടുക്കും. അതെങ്ങാൻ പോയി തപ്പി നോക്കാം. സേവിക്കു് വല്ലാത്ത വെറുപ്പുതോന്നി.
പിന്നെ ഏകാന്തതയിൽ വിരസത തോന്നി സേവി എഴുന്നേറ്റു. മെല്ലെ കടലിൽ ഇറങ്ങി കാൽ നനച്ചു. അപ്പോൾ, ഉയർന്നുപൊങ്ങിത്തുടങ്ങിയ തിരകളുടെ കൈപിടിച്ചു് വെളുത്ത മേലങ്കി ധരിച്ച ജഡം സേവിയുടെ കാലുകൾക്കരികിലൂടെ വീണ്ടും കരപറ്റി.
സേവി ജഡത്തിനരികിലേക്കു കുനിഞ്ഞു് കുറച്ചുനേരം നിന്നു. പിന്നെ ജഡത്തിന്റെ ഉടുപ്പുയർത്തി. അരയിൽ കറുത്ത ബെൽറ്റുമുറുക്കിയ തൂവെള്ള മുണ്ടു്. കടൽ അതിനെ കൂടുതൽ വെളുപ്പിച്ചിരുന്നു. സേവി ജഡത്തിന്റെ വാറഴിച്ചു് മുണ്ടു വേർപെടുത്തി. എന്നിട്ടു കടൽവെള്ളത്തിൽ നനച്ചു വീശിപ്പിടിച്ചു. തിരകൾക്കുമേലെ അതു വഞ്ചിപ്പായപോലെ പറന്നു നിന്നു.
പിന്നെ തന്റെ പിഞ്ഞിയ കൈലി അഴിച്ചു ചുരുട്ടി കരയിലിട്ടു. ജഡത്തിന്റെ വസ്ത്രവും ധരിച്ചു് സേവി കുടിലിലേക്കു നടന്നു.
1971-ൽ ജനിച്ചു. ഭാരതീയ ഭാഷകളിലെ സാഹിത്യത്തിനുള്ള സംസ്കൃതി പുരസ്കാരം, അബുദാബി ശക്തി അവാർഡ്, വി. പി. ശിവകുമാർ സ്മാരക കേളി അവാർഡ്, കഥയ്ക്കും ബാലസാഹിത്യത്തിനും എസ്. ബി. ടി. സാഹിത്യ പുരസ്കാരം, പൂനെ മലയാളശബ്ദം അവാർഡ്, ഇ. പി. സുഷമ എൻഡോവ്മെന്റ്, അങ്കണം അവാർഡ്, അറ്റ്ലസ് കൈരളി പുരസ്കാരം, എ. പി. കളയ്ക്കാട് സാഹിത്യ പുരസ്കാരം, പത്രപ്രവർത്തനമേഖലയിൽ മികച്ച മുഖപ്രസംഗത്തിനുള്ള പന്തളം കേരളവർമ്മ പുരസ്കാരം, തോപ്പിൽ രവി പുരസ്കാരം, യൂസഫലി കേച്ചേരി സാഹിത്യ പുരസ്കാരം എന്നിവ ലഭിച്ചു. ഇപ്പോൾ മലയാള മനോരമയുടെ തിരുവനന്തപുരം യൂണിറ്റിൽ അസിസ്റ്റന്റ് എഡിറ്റർ.
ഭാര്യ: മഞ്ജുഷ, മകൾ: അബനി.
- ഉമ്പർട്ടോ എക്കോ
- പൂമുടിക്കെട്ടഴിഞ്ഞതും പുഷ്പജാലം കൊഴിഞ്ഞതും
- പ്രോട്ടോസോവ
- ചെന്തീപോലൊരു മാലാഖ
- ഹരിതവൈശികം
- കാമുകി
- പഞ്ചമി ബാർ
- 100 കഥകൾ
- ബൈസിക്കിൾ റിയലിസം
- ആളകമ്പടി
- എസ്പരാൻസയുടെ പുണ്യവാളന്മാർ (വിവർത്തനം)
- നിന്റെ ചോരയിലെ വീഞ്ഞു്
- ജാക്ക് ആന്റ് ജിൽ
- വടക്കൻ കാറ്റിന്റെ സമ്മാനങ്ങൾ
കലിഗ്രഫി: എൻ. ഭട്ടതിരി
ചിത്രീകരണം: വി. പി. സുനിൽകുമാർ