
ഏറെവർഷങ്ങളായി വിദൂര ഗ്രാമങ്ങളിൽ സിനിമകൾ പ്രദർശിപ്പിക്കുന്ന ജോലിയാണെനിക്കു്. ഒരിക്കൽ ആളുകൾ തിങ്ങിക്കൂടിയിരുന്ന എന്റെ പ്രദർശനത്തിനു് ഇപ്പോൾ ഒട്ടും തിരക്കില്ല. ടി. വിയും കാസറ്റും സി. ഡിയുമൊക്കെ വ്യാപകമായതുകൊണ്ടാകാം. സിനിമാ ടാക്കീസുകളും തീയേറ്ററുകളും കല്യാണ മണ്ഡപങ്ങളായി മാറുന്ന ഇക്കാലത്തു് ഇങ്ങനെ സംഭവിക്കുന്നതിൽ അതിശയിക്കാനില്ല. ടൂറിങ് ടാക്കീസ് എന്നാണു് സ്വന്തം ഉമസ്ഥതയിലുള്ള എന്റെ ഈ സ്ഥാപനത്തിന്റെ പേരു്. 16 എം. എം. പ്രൊജക്ടർ, സൗണ്ട് ബോക്സ്, 16 എം. എം. സിനിമാ പ്രിന്റുകൾ, സ്പൂളുകൾ, തുണികൊണ്ടുള്ള മടക്കിവെക്കാവുന്ന സ്ക്രീൻ, കുറച്ചു് പ്ലാസ്റ്റിക്ക് കയർ, സ്ക്രീൻ വലിച്ചു കെട്ടാൻ മരക്കമ്പുകൾ, നാട്ടാൻ കുഴിയെടുക്കാൻ സഹായകമാവുന്ന കമ്പിപ്പാര, മടക്കിവെക്കാൻ പറ്റുന്ന ടൂറിങ് ടാക്കീസ് എന്നെഴുതിയ തുണി ബോർഡ്, പ്രൊജക്ടർ റിപ്പയറിനുള്ള ചെറിയ ടൂൾ കിറ്റ്, മൂന്നു ജോഡി വസ്ത്രങ്ങളും ഒരു സ്പെയർ ചെരിപ്പു് സെറ്റും, വിരിപ്പും പുതപ്പും പല്ലു് തേപ്പിനും കുളിക്കുമുള്ള അവശ്യവസ്തുക്കളും. ഇത്രയും സാധനങ്ങൾ രണ്ടു പെട്ടികളിലാക്കിയാണു് സ്ഥിരമായി സിനിമകളുമായി പുറപ്പെടുക. ഭക്ഷണം സ്വന്തമായി ഉണ്ടാക്കാറില്ല. അതിനാൽ പാത്രങ്ങൾ കരുതാറുമില്ല. ചെല്ലുന്ന നാട്ടിലെ കിട്ടുന്ന ഭക്ഷണം കഴിക്കും. അതിൽ ഇതുവരേയും വിഷമം തോന്നിയിട്ടില്ല.

സിനിമ കാണാൻ ജനങ്ങൾ ദാഹിച്ചു് കഴിയുന്ന ഗ്രാമങ്ങളെക്കുറിച്ചും അങ്ങിനെയുള്ള സ്ഥലങ്ങളിലെ മനുഷ്യരുടെ അഭിരുചികളെക്കുറിച്ചുമൊക്കെ വിശദമായി പറഞ്ഞു തരുന്നതു് സിനിമാ പ്രിന്റുകൾ വാടകക്കു് തരുന്ന സ്ഥാപനത്തിലെ ജോലിക്കാരാണു്. അവർ പറയുന്നതു് ശരിയാണെന്നു് ഓരോ സ്ഥലത്തു് പോകുമ്പോഴും തെളിഞ്ഞിട്ടുണ്ടു്. സിനിമകളുമായി പുറപ്പെട്ടാൽ തിരിച്ചെത്തുന്നതു് മാസങ്ങൾ കഴിഞ്ഞാണു്. ഒരു ഗ്രാമത്തിൽ നിന്നു് അടുത്തതിലേക്കു്, പിന്നെ അടുത്തതിലേക്കു്—അങ്ങിനെ പോകാറാണു് പതിവു്. ബസിൽ, തീവണ്ടിയിൽ, കാള വണ്ടിയിൽ, ചുമടെടുത്തു നടന്നു് അങ്ങനെയാണു് സിനിമകളും വഹിച്ചുള്ള എന്റെ യാത്ര. റോഡുകളില്ലാത്ത നൂറു കണക്കിനു ഗ്രാമങ്ങളിൽ പോയിട്ടുണ്ടു്. അങ്ങിനെയുള്ള ഗ്രാമങ്ങളിൽ കഴിയുന്ന ആയിരക്കണക്കിനു മനുഷ്യർ റോഡുകളും വാഹനങ്ങളും കണ്ടതു് ഞാൻ പ്രദർശിപ്പിച്ച സിനിമകളിൽ നിന്നായിരുന്നുവെന്നു് പറഞ്ഞാൽ അതിശയോക്തിയാവില്ല. സത്യത്തേക്കാൾ സത്യം എന്നു് ഒരു സിനിമയിൽ നായകൻ പറയുന്നതു് പോലെ ഞാനിപ്പറഞ്ഞതു് സത്യത്തേക്കാൾ സത്യമാണു്.

ഒരിക്കൽ മാസങ്ങൾ നീണ്ട സിനിമാപ്രദർശനം കഴിഞ്ഞു് പട്ടണത്തിൽ നിന്നു് പുതിയ സിനിമകളെടുക്കാൻ വന്നപ്പോൾ എന്റെ പെട്ടികളുടെ പുറത്തു് ടൂറിങ് ടാക്കീസ് എന്നെഴുതിയതു് കണ്ട പഠിപ്പുള്ള ഒരാൾ പറഞ്ഞു, ഇതു് തിരുത്തണം, ടോക്കീസ് എന്നാണു് വേണ്ടതെന്നു്. സംസാരിക്കുന്ന സിനിമകളെയാണു് ടോക്കീസ് എന്നു പറയുന്നതെന്നും അയാൾ കൂട്ടിച്ചേർത്തു. അയാൾ പറഞ്ഞതു് ഭാഷാപരമായി ശരിയായിരിക്കാം. പക്ഷേ, ഞാൻ പെട്ടിപ്പുറത്തും തുണി ബോർഡിലുമുള്ള ടാക്കീസ് ടാക്കീസ് തന്നെയായി നില നിർത്തി.
ടൂറിങ് ടാക്കീസ് എന്നതു് എനിക്കു് വിശ്വാസ പ്രമാണം പോലെയാണു്. അതങ്ങനെ ആരു് തിരുത്താൻ ശ്രമിച്ചാലും മാറ്റാൻ കരുതിയിട്ടില്ല.
കുട്ടിക്കാലത്തു് ധർമസ്ഥാപനത്തിലാണു് ഞാൻ വളർന്നതു്. അപ്പനും അമ്മയും ആരാണെന്നറിയില്ല. പള്ളിപ്പെരുന്നാളിനു് വന്ന ബാലെ ട്രൂപ്പുകാർക്കൊപ്പം ഓടിപ്പോയി. പിന്നെ അവരുടെ കൂട്ടത്തിൽ നിന്നു് തെറ്റി. തെണ്ടി നടന്നു. രാത്രിയിൽ കിടന്നുറങ്ങാൻ പകൽ കണ്ടുവെച്ച മൈതാനത്തു് രാത്രി സിനിമ പ്രദർശിപ്പിക്കുന്നതു് കണ്ടു. സിനിമ കണ്ടുകണ്ടു് അവിടെത്തന്നെ കിടന്നുറങ്ങി. രാവിലെ ഉണർന്നപ്പോൾ സിനിമ കാണിച്ചയാളും അവിടെക്കിടന്നുറങ്ങുന്നുണ്ടായിരുന്നു. അയാളാണു് എന്റെ ഗുരു. കുറേ നാൾ അയാളുടെ സഹായായിരുന്നു. പിന്നെ ഒറ്റക്കു് ഈ ജോലി ചെയ്യാമെന്നായപ്പോൾ ടൂറിങ് ടാക്കീസ് തുടങ്ങി. അല്ലറ ചില്ലറ സമ്പാദ്യം കൊണ്ടാണു് തുടക്കം. ഇപ്പോൾ സിനിമാ പ്രിന്റുകൾ ഒഴിച്ചുള്ളതെല്ലാം സ്വന്തമാണു്. വിവാഹം കഴിച്ചിട്ടില്ല. ഓരോ സ്ഥലത്തു ചെല്ലുമ്പോഴും ഒരുത്തിയിൽ കമ്പം തോന്നും. കുറച്ചു ദിവസം സിനിമയിൽ കാണും പോലെ പാത്തും പതുങ്ങിയുമൊക്കെ നടന്നു നോക്കും. അതവസാനം ശരിയാകില്ല. അങ്ങിനെ അങ്ങിനെയായി. വിവാഹം കഴിക്കാത്തതിനാൽ വീടില്ല, മക്കളില്ല, ഉത്തരവാദിത്തങ്ങളില്ല. എങ്ങിനേയും കഴിയാം—ഇക്കാരണത്താൽ തന്നെ സമ്പാദ്യവുമില്ല. കിട്ടുന്ന കാശു കൊണ്ടു് അല്ലലില്ലാതെ ജീവിക്കും.

സ്കൂൾ ഹാളുകളിൽ, പള്ളി അങ്കണങ്ങളിൽ, പന്തു കളി മൈതാനങ്ങളിൽ, വലിയ തോട്ടങ്ങളിലെ ഒഴിഞ്ഞ ഇടങ്ങളിൽ, വലിയ വീടുകളുടെ മുറ്റങ്ങളിൽ എന്നിങ്ങനെ 20-ാം നൂറ്റാണ്ടിന്റെ മഹത്തായ കലയെ പ്രചരിപ്പിച്ചും അതിൽ നിന്നു് അല്പം വരുമാനമുണ്ടാക്കിയും ഞാൻ കഴിഞ്ഞു പോവുകയാണു്. നൂറ്റാണ്ടു് 21-ൽ എത്തിയിട്ടും ഇപ്പോഴും മഹത്തായ കല സിനിമ തന്നെയാണെന്നാണു് വിവരമുള്ളവർ പറയുന്നതു്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർ ഏറ്റവും ചെലവു കുറഞ്ഞ രീതിയിൽ തീയേറ്ററുകളിൽ പോയി സിനിമ കണ്ടു് ആനന്ദിക്കുമ്പോഴും അതിനു് അവസരം കിട്ടാതെ വലയുന്ന വിദൂരഗ്രാമങ്ങളിലാണു് സിനിമകളുമായി പോവുക. ഞാൻ ചെല്ലുന്നതിനു് മുമ്പു് സിനിമകളെ കണ്ടിട്ടില്ലാത്ത ജനക്കൂട്ടത്തെ അവർക്കു് പിടി കിട്ടാത്ത ഭാഷയിലുള്ള ചിത്രങ്ങൾ കാണിച്ചു് ആനന്ദിപ്പിക്കും. മിക്കവാറും ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങളാണു് പ്രദർശിപ്പിക്കുക. നൂറായിരം വരകൾ വീണ പ്രിന്റുകളായിരുന്നു അവയിൽ പലതും. ഇടയ്ക്കു് പൊട്ടിയും ശബ്ദം കേൾപ്പിക്കാതെയും മുന്നേറുന്ന സിനിമകൾക്കു മുമ്പിൽ ജനങ്ങൾ ശ്വാസമടക്കിപ്പിടിച്ചിരിക്കും. ഞാനാകട്ടെ ഈ ചിത്രങ്ങൾ ഇതിനോടകം പ്രദർശനത്തിന്റെ ഭാഗമായി നൂറും ഇരുനൂറും തവണ കണ്ടു കഴിഞ്ഞവയാണു്. അതിനാൽ ചിത്രത്തിലെ ഓരോ രംഗവും കാണാപ്പാഠമായിരിക്കും. നാട്ടുകാർക്കു് സിനിമ കാണുമ്പോൾ തോന്നുന്ന ഹരമൊന്നും ഇക്കാരണത്താൽ എനിക്കു് തോന്നില്ല. വൈദ്യുതിയെത്തിയ ഗ്രാമങ്ങളിലും ഇല്ലാത്തിടത്തും സിനിമ കാണിക്കാൻ പോയിട്ടുണ്ടു്. ബാറ്ററിച്ചാർജർ ഉപയോഗിച്ചു് വൈദ്യുതിയുണ്ടാക്കുന്ന ചെറിയ ഇനത്തിൽ പെട്ട യന്ത്രം ഉപയോഗിച്ചാണു് വൈദ്യുതിയില്ലാത്തിടത്തു് സിനിമകൾ കാണിച്ചിരുന്നതു്. ചിലയിടത്തു് കൃഷിക്കളങ്ങളിലേക്കു് വെള്ളം അടിക്കാൻ ഉപയോഗിച്ചിരുന്ന പ്രാകൃത ജനറേറ്ററുകളിൽ നിന്നാണു് വൈദ്യുതി സംഘടിപ്പിക്കുക. കാൽ നൂറ്റാണ്ടു് മുമ്പു് ഒരു ഗ്രാമത്തിൽ കാറ്റുകൊണ്ടും വെള്ളം കൊണ്ടും വൈദ്യുതിയുണ്ടാക്കുന്ന ഗ്രാമീണരെ ഞാൻ കണ്ടിട്ടുണ്ടു്. സിനിമാപ്രദർശനത്തിനുവേണ്ടി അവരന്നു് വൈദ്യുതി ഉൽപ്പാദിപ്പിച്ചു് തന്നതു് എനിക്കിന്നും നല്ല ഓർമ്മയുണ്ടു്.

ഗ്രാമങ്ങളിലെ പ്രദർശനത്തിനിടക്കു് വൈദ്യുതി ഇടക്കിടെ വിച്ഛേദിക്കപ്പെടും. ഇതു് പ്രതീക്ഷിക്കുന്ന ഗ്രാമീണർ കയ്യിൽ കരുതിയ മണ്ണെണ്ണ വിളക്കുകളോ മെഴുകുതിരികളോ തെളിക്കും. മണിക്കൂറുകളോളം വൈദ്യുതി വരാതെ പ്രദർശനം മുടങ്ങിയിട്ടുമുണ്ടു്. ഇങ്ങിനെയുള്ള ഇടവേളകളിൽ ഗ്രാമീണർ തെളിക്കുന്ന അരണ്ട വെട്ടത്തു് സിനിമയുടെ ബാക്കി കഥയും മറ്റും ഞാൻ ഒറ്റക്കു് അഭിനയിച്ചു് കാണിച്ചിട്ടുമുണ്ടു്. സിനിമയുടെ ക്ലൈമാക്സിലായിരിക്കും മിക്കപ്പോഴും വൈദ്യുതി പണിമുടക്കുന്നതു്. സിനിമയുടേതു് ആഗോള ഭാഷയായതിനാൽ ജനങ്ങൾക്കു് ഞാൻ കാണിക്കുന്ന സിനിമയിലെ കാര്യങ്ങൾ മനസ്സിലാകാറുണ്ടെന്നു് തോന്നുന്നു. അതു കൊണ്ടു് വൈദ്യുതി മുടങ്ങിയാൽ ജനങ്ങൾ അശാന്തരാകും. ഞാൻ ചെന്നെത്തിയിട്ടുള്ള ഗ്രാമങ്ങളിലെല്ലാം എല്ലാം മനസ്സിലായി എന്ന മട്ടിൽ മുഖത്തു് പിരിമുറക്കം ഘടിപ്പിച്ചു് നിൽക്കുന്ന ചിലരെ കാണാറുണ്ടു്. അവരോടു് സിനിമയെക്കുറിച്ചു് എന്തെങ്കിലും പറയാൻ തുടങ്ങിയാൽ ഓ, അതെല്ലാം നൂറ്റാണ്ടുകളായി അറിയാം എന്ന മട്ടിലായിരിക്കും പ്രതികരണം. ചെല്ലുന്നിടത്തെല്ലാം ഇത്തരക്കാരെ കാണുമ്പോൾ ഒരമ്മക്കും അച്ഛനും ഇത്രയും മക്കളോ എന്നു് അത്ഭുതപ്പെടാറുണ്ടു്. അധ്യാപകരായിരിക്കും ഇവരിൽ ഭൂരിഭാഗവും. അങ്ങോട്ടു് എന്തെങ്കിലും പറഞ്ഞു കൊടുക്കാം എന്നു് കരുതിയാൽ നടക്കില്ല. എല്ലാം ഇങ്ങോട്ടു് പറഞ്ഞു തരും. ഒരു ലെഫ്റ്റ് റൈറ്റ് മട്ടു്.
പല തരം നാടുകളിൽ സിനിമകളുമായി പോയിട്ടുണ്ടു്. മോഷ്ടാക്കൾ മാത്രം താമസിക്കുന്ന ഗ്രാമത്തിൽ (മോഷണ മുതൽ ദരിദ്രർക്കു് പങ്കുവെച്ചു് കൊടുക്കുന്ന ആ സിനിമയുണ്ടല്ലോ അതാണിവിടെ പ്രദർശിപ്പിച്ചതു്), കുള്ളൻമാർ വസിക്കുന്ന ഗ്രാമത്തിൽ (കുള്ളൻ രാജകുമാരൻ ദീർഘാപാംഗിയെ പരിണയിക്കുന്ന ചിത്രമായിരുന്നു അവിടെ കാണിച്ചതു്), രാത്രി ഷിഫ്റ്റിൽ മാത്രം ജോലി ചെയ്യുന്നവരുടെ ഗ്രാമത്തിൽ, അവിവാഹിതകളായ സ്ത്രീകൾ മാത്രം താമസിക്കുന്ന പുഴക്കരയിലെ ഗ്രാമത്തിൽ (ഇവിടെ പുരുഷൻമാർ മാത്രം അഭിനയിക്കുന്ന സിനിമയാണു് പ്രദർശിപ്പിച്ചതു്), അംഗ വൈകല്യം വന്ന സൈനികരുടെ പാർപ്പു് കേന്ദ്രത്തിൽ, ഇടതു് കാലിൽ മാത്രം വിരലുകളുള്ളവരുടെ ഗ്രാമത്തിൽ, സ്ത്രീകൾക്കു് കഷണ്ടിയും മീശയുമുള്ള ഗ്രാമത്തിൽ, ആളുകൾക്കു് പൂച്ചയെപ്പോലെ ഇഴയുന്ന രോഗം വന്ന ഗ്രാമത്തിൽ (അരോഗ ദൃഢഗാത്രർ അഭിനയിക്കുന്ന സിനിമ കാണിച്ചു് ഞാനവരെ വല്ലാതെ ദുഃഖത്തിലാഴ്ത്തി), കപ്പൽ പണിക്കാരുടേയും മരുഭൂ പണിക്കാരുടേയും ഗ്രാമത്തിൽ, വെടിമരുന്നും ഗ്രനേഡും മാത്രം നിർമിക്കുന്നവരുടെ ഗ്രാമത്തിൽ, മരിച്ചവർ പകലുറക്കത്തിനു ശേഷം രാത്രി പൂർണ ചന്ദ്രനെ കാണാൻ എഴുന്നേറ്റുവരുന്ന കാടും മലയും അതിരിടുന്ന ഗ്രാമത്തിൽ—അങ്ങനെ ഞാൻ പോയ സവിശേഷമായ ഗ്രാമങ്ങളുടെ വിവരങ്ങൾ വിസ്തരിക്കണമെങ്കിൽ സമയം കുറേ വേണ്ടി വരും. വർഷത്തിൽ മുഴുവൻ മഴ പെയ്യുന്ന, മഞ്ഞു പെയ്യുന്ന (മഴയും മഞ്ഞും പെയ്യുന്നിടത്തു് ഭൂഗർഭ അറകളിൽ കൽക്കരി കത്തിച്ചു് ചൂടുണ്ടാക്കിയായിരിക്കും പ്രദർശനം), രാത്രിയും പകലുമില്ലാത്ത, പൂക്കൾ മാത്രം വിരിയുന്ന (കായ്കനികളില്ലാത്ത), നാൽക്കാലികൾ പാട്ടുപാടുന്ന, കിണറുകളില്ലാത്ത, എല്ലായിടത്തും ഉറവുകൾ പൊടിഞ്ഞുകൊണ്ടേയിരിക്കുന്ന—അതെ, നിങ്ങൾ വിശ്വസിക്കില്ലായിരിക്കും. ഇങ്ങനെയുള്ള വിചിത്രമെന്നു് കരുതുന്ന യാഥാർഥ്യത്തിലുള്ള പല സ്ഥലങ്ങളുമുണ്ടു്. അവിടെയൊക്കെ പോയിട്ടുമുണ്ടു്. സിനിമകൾ കൊണ്ടുള്ള യാത്രകൾ എന്നെ സഞ്ചാരികൂടിയാക്കി എന്നു പറയണം.

നാടുകൾ കണ്ടു കണ്ടാണു് പോവുക. പോരാളികൾ ഒളിച്ചിരുന്നു ധ്യാനിച്ച മലമ്പള്ളകൾ, ഗുഹാചിത്രങ്ങൾ, കോട്ടകൾ, യുദ്ധങ്ങൾ നടന്ന മൈതാനങ്ങൾ, രക്തസാക്ഷി സ്തൂപങ്ങൾ, വിമോചന നായകരെ വെട്ടിത്താഴ്ത്തിയ കിണറുകൾ, അനശ്വര പ്രണയ കഥയിലെ നായികയും നായകനും കൊല്ലപ്പെട്ട സ്ഥലം, പ്രശസ്ത കവി തന്റെ കാമുകിയെ കാണാൻ വന്നിരുന്ന പുഴക്കടവ്—ഇങ്ങനെ എണ്ണിയാൽ തീരാത്ത കാഴ്ചകളുണ്ടു്. രാജ്യാതിർത്തിയിലെ പുഴയിൽ കുളിച്ചു കൊണ്ടിരിക്കവേ മലവെള്ളപ്പാച്ചിലിൽ ശത്രുരാജ്യത്തു് ഒഴുകിയെത്തി തടവിൽ കഴിയുന്ന സുന്ദരി, (തടവുപുള്ളികളെ സിനിമ കാണിക്കാൻ പോയപ്പോഴാണു് ഈ സുന്ദരിയെ ഞാൻ കണ്ടതു്, ഒഴുക്കിൽ പെട്ടതിനാലാകണം അവരുടെ മുഖത്തു് നിലയില്ലാക്കയത്തിന്റെ ആഴം കൊത്തിവെച്ചിരുന്നു), നഗരജീവിതം വെറുത്തു് ഗ്രാമത്തിലെ ബംഗ്ലാവിൽ അരിവെപ്പുകാരനും സഹായികൾക്കുമൊപ്പം കഴിയുന്ന മുൻ ന്യായാധിപൻ, രാഷ്ട്രീയ പ്രവാസികളായി കഴിയുന്ന അസംഖ്യം പേർ—ഇങ്ങിനെയുള്ള സവിശേഷ ഗണത്തിൽ പെട്ട മനുഷ്യരേയും കണ്ടിട്ടുണ്ടു്. സിനിമ പ്രദർശിപ്പിക്കുന്നവനായതിനാൽ സിനിമാ കഥ പോലെയൊന്നു് ഞാൻ പടച്ചുണ്ടാക്കുകയായിരിക്കുമെന്നു് നിങ്ങൾ കരുതും. അങ്ങിനെയല്ല, ഇപ്പറഞ്ഞതെല്ലാം സത്യം, സത്യത്തേക്കാൾ സത്യം.
മറ്റൊന്നു കൂടി പറയാനുണ്ടു്. ഞാൻ പോയ പല നാടുകളിലും എന്റെ നാട്ടുകാരും ഭാഷക്കാരുമുണ്ടു്. കണ്ടാൽ വേഗം തിരിച്ചറിയാം. എന്നേയും അവർ എളുപ്പത്തിൽ തിരിച്ചറിയുന്നതു കൊണ്ടാകാം, കണ്ടാൽ മുഖത്തു നോക്കാതെ കടന്നു കളയും. എന്തെങ്കിലും സഹായം ചോദിച്ചാലോ എന്നു കരുതിയാണു്. ഞാൻ പുതുതായി ഒരു നാട്ടിലെത്തിയാൽ സിനിമകളുമായി എത്തിയതാണെന്നു് ആളുകൾ കൂടുന്ന കവലയിൽ പ്രൊജക്ടറിൽ കുത്തി ഉപയോഗിക്കാവുന്ന മൈക്കിൽ അനൗൺസ് ചെയ്യും. അതോടെ പലരും വന്നു പരിചയപ്പെടും. ഭാഷ ഇക്കാര്യത്തിൽ വലിയ തടസ്സമാകാറില്ല. ആംഗ്യം കാണിച്ചാണു് കാര്യങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്താറു്. ഗ്രാമമുഖ്യനെ പരിചയപ്പെട്ടു് വന്ന കാര്യം പറഞ്ഞാൽ പിന്നെ എല്ലാ വീടുകളിലും കയറിയിറങ്ങാൻ അനുമതി കിട്ടും. സിനിമാ കാര്യം പറഞ്ഞു് എല്ലാ വീട്ടിലും കയറും. ചെറിയ തുക പിരിക്കുകയും ചെയ്യും. പണം തന്നവരെല്ലാം സിനിമ കാണാൻ വരും. പണം തരാത്തവരുമുണ്ടാകും. ഇത്തരക്കാരാണു് സ്ക്രീൻ കെട്ടിത്തരാനും പ്രൊജക്ടർ തൂക്കി നടക്കാനുമൊക്കെ സഹായികളായി എത്തുക. പണം തരാത്തവരെ സഹായികളാക്കാം എന്നതിനാൽ ഞാൻ ഇക്കൂട്ടരുമായി ബഹളത്തിനു് പോകാറില്ല. പണം തന്നു സിനിമ കാണുന്നവരുടെ മുഖത്തു് സുരക്ഷിതരെന്ന ബോധമുണ്ടാകും. പ്രൊജക്ടറിൽ നിന്നു പുറത്തുവരുന്ന വെളിച്ചത്തിൽ ഞാനതു് നിരവധി തവണ കണ്ടിട്ടുണ്ടു്. കാശു തരാതെ സിനിമ കാണുന്നവർ എന്നെ പിടിക്കല്ലേ എന്ന മട്ടിൽ ഇരിപ്പുണ്ടാകും. തുറന്ന മൈതാനങ്ങളിലും മറ്റും പ്രദർശനമാകുമ്പോൾ എല്ലാവരും വന്നു് ഇരിക്കും. പണം തന്നവർ, തരാത്തവർ എന്നിങ്ങനെ വേർതിരിക്കാൻ അത്തരം സന്ദർഭങ്ങളിൽ ബുദ്ധിമുട്ടുമായിരിക്കും. എന്നാലും പ്രദർശനത്തിനിടക്കു് പണം തരാത്തവർ സഹകരിക്കണമെന്നും ദൂരെ നിന്നു് ഇവിടെയെത്താൻ ചിലവേറെയുണ്ടു് എന്നു് അനൗൺസ് ചെയ്യുമ്പോൾ ചിലരൊക്കെ കാശു തരാറുമുണ്ടു്. നിരവധി ചിത്രങ്ങളുമായി ഊരു ചുറ്റുമ്പോൾ ഒരു ഗ്രാമത്തിൽ ചിലപ്പോൾ മാസങ്ങൾ തങ്ങും. പണം, സിനിമ എന്നീ വാക്കുകൾ എന്റെ ഭാഷയിൽ പറഞ്ഞാലും ജനങ്ങൾക്കു് മനസ്സിലാകും എന്നതാണു് സവിശേഷമായ കാര്യം.
ചില ചിത്രങ്ങൾ വീണ്ടും കാണിക്കണമെന്നാവശ്യപ്പെട്ടു് ആളുകൾ വരും. അങ്ങിനെ എത്രയോ സ്ഥലങ്ങളിൽ പ്രദർശനം ആവർത്തിച്ചിട്ടുണ്ടു്. പിന്നെ ഒരു കാര്യമുണ്ടു്, കുടുംബ സമേതം കാണാവുന്ന ചിത്രങ്ങൾ മാത്രേമേ ഞാൻ പ്രദർശിപ്പിക്കാറുള്ളൂ.

പറഞ്ഞു വന്നതു് എന്റെ നാട്ടുകാരും ഭാഷക്കാരുമായവരെക്കുറിച്ചാണു്. ഇവരാരും എന്നെപ്പോലെയല്ല. ഒരു നാട്ടിൽ നിന്നു് അടുത്ത നാട്ടിലേക്കു് ഇവർ സഞ്ചരിക്കുന്നില്ല. എത്തിയ സ്ഥലത്തു് ഉറച്ചു നിന്നു ജോലി ചെയ്തു സമ്പാദിക്കുന്നു, നാട്ടിൽ നിന്നോ ജീവിക്കുന്ന സ്ഥലങ്ങളിൽ നിന്നോ വിവാഹം ചെയ്യുന്നു, കുട്ടികളുണ്ടാകുന്നു, വീടു വെക്കുന്നു—അങ്ങിനെ വന്ന നാട്ടിലെ ഭാഷക്കാരായി മാറുന്നു. ഇത്രയും നാടുകളിലൂടെ സഞ്ചരിച്ചിട്ടും ഒഴുക്കോടെ എനിക്കു് മാതൃഭാഷ മാത്രമേ സംസാരിക്കാൻ കഴിയൂ. മറ്റെല്ലാ ഭാഷകളിലും തട്ട്മുട്ടു് വിനിമയങ്ങൾ മാത്രം. ജീവിക്കാൻ അതു മതിയെന്നു് കഴിഞ്ഞ കാലത്തെ എന്റെ ജീവിതം തന്നെ തെളിയിക്കുന്നു. തട്ട്മുട്ടു് എന്ന പ്രയോഗവും എന്തു ജോലിയും ചെയ്യുമെന്ന പ്രഖ്യാപനവും എന്റെ നാട്ടുകാരുടെ/ഭാഷക്കാരുടെ പ്രത്യേകതയാണു്. സിനിമകളുമായി ചുറ്റി നടക്കുന്നതിനിടയിൽ രാജ്യം എന്തുമാത്രം മാറി? ഇക്കാലത്തിനുള്ളിൽ ഇവിടെ കഴിയുന്നവർ എന്തൊക്കെ അനുഭവിച്ചു? അലഞ്ഞു നടക്കുന്നതിനാൽ കുഴപ്പങ്ങളെക്കുറിച്ചുള്ള സൂചനകൾ എനിക്കു വേഗം മനസ്സിലാകും. ജനങ്ങൾ കൂട്ടം കൂടുന്നതു നിരോധിച്ചാൽ എന്തോ കുഴപ്പമുണ്ടെന്നു മനസ്സിലാക്കാം. അത്തരം സ്ഥലങ്ങളിൽ സിനിമാ പ്രദർശനം നടക്കില്ല. രാജ്യാതിർത്തിയിലെ ഗ്രാമങ്ങളിൽ എന്നും പ്രശ്നങ്ങളാണു്. വെടിയുണ്ടകളും ഷെല്ലുകളും വന്നു വീഴും. അതിനാൽ ജനങ്ങൾ വീടിനു പുറത്തിറങ്ങില്ല. അതു കൊണ്ടു് പ്രദർശനവും നടക്കില്ല. ചില സ്ഥലങ്ങളിൽ സിനിമക്കു പണം ചോദിക്കുമ്പോൾ എല്ലാ വീട്ടുകാരും കാശില്ലെന്നു പറഞ്ഞാൽ ആ പ്രദേശത്തു് ക്ഷാമമാണെന്നു് മനസ്സിലാക്കണം. കൃഷി നശിച്ചോ യുദ്ധം കൊണ്ടോ രോഗം മൂലമോ ആർക്കും ജോലിക്കു പോകാൻ പറ്റാത്തതു കൊണ്ടോ പ്രകൃതി ദുരന്തങ്ങൾ കൊണ്ടോ ആയിരിക്കും ആ പ്രദേശം ക്ഷാമത്തിന്റെ പിടിയിലായതു്.
ഒരിക്കൽ ഒരു സംഭവമുണ്ടായി. ഒരിടത്തു് അഗ്നി പർവ്വതം പൊട്ടിയൊലിക്കുകയാണു്. ആളുകളെല്ലാം നാടുവിട്ടു് ഓടുന്നു. ഞാൻ ഇതൊന്നുമറിയാതെ ആ നാട്ടിൽ സിനിമ കാണിച്ചു് കുറച്ചുനാൾ കഴിയാം എന്നു കരുതി അങ്ങോട്ടുള്ള യാത്രയിലാണു്. വഴിക്കുവെച്ചാണു് വിവരം അറിയുന്നതു്. സിനിമാപ്പരിപാടി നടക്കില്ലെന്നു് മനസ്സിലാക്കി മടങ്ങി. രണ്ടു വർഷം കഴിഞ്ഞു് ഞാനവിടെച്ചെല്ലുമ്പോൾ ജനങ്ങൾ അത്യധികം സന്തോഷത്തോടെ എന്നെ വരവേറ്റു. അഗ്നിപർവ്വതത്തിൽ നിന്നു് പുറത്തു വന്ന ലാവ കൃഷി മുഴുവൻ നശിപ്പിച്ചു് അവരുടെ ഭൂമിയെ മൂടി. ദിവസങ്ങൾ കഴിഞ്ഞു് ലാവ തണുത്തു് അനുസരണയോടെ മണ്ണിലേക്കിറങ്ങി. നിൽക്കാതെ മഴ പെയ്തിനാൽ ലാവാലവണങ്ങൾ കൃഷിക്കളങ്ങളിൽ ആഴ്‌ന്നിറങ്ങി. മണ്ണു് കുറച്ചുകൂടി ചുകന്നുവെങ്കിലും പിന്നീടു് കൃഷിയിറക്കിയപ്പോൾ കർഷകർക്കു് നൂറുമേനി വിളവാണു് കിട്ടിയതു്. ഇനി 12 വർഷം കഴിഞ്ഞേ അഗ്നിപർവ്വത മുഖം തുറക്കൂ. ആ സന്തോഷത്തിലാണു് അവർ എന്നെ വരവേറ്റതു്. തലയുയർത്തി നോക്കിയാൽ അഗ്നി പർവ്വതം കാണാവുന്ന താഴ്‌വരയിലാണു് അന്നു് രണ്ടാഴ്ചയോളം ഞാൻ സിനിമ പ്രദർശിപ്പിച്ചതു്. ഇടക്കു് അഗ്നി പർവ്വതം പൊട്ടുമോ എന്നു ഭയപ്പെട്ടിരുന്നെങ്കിലും ഇനിയെല്ലാം 12 വർഷത്തിനു ശേഷമെന്നു് ഗ്രാമീണർ ഓർമിപ്പിച്ചു ധൈര്യം പകർന്നു കൊണ്ടിരുന്നു. ഭൂകമ്പമുണ്ടായ ഒരു ഗ്രാമം പുനർനിർമിക്കുന്നതിനിടയിലും അവിടെ ഞാൻ സിനിമ പ്രദർശിപ്പിച്ചിട്ടുണ്ടു്. എല്ലാം നഷ്ടപ്പെട്ടവർ കെട്ടിട അവശിഷ്ടങ്ങൾക്കിടയിലും മൺകട്ടകൾക്കിടയിലും ഇരുന്നാണു് സിനിമ കണ്ടതു്. അവരിൽ നിന്നു് പണം ഈടാക്കാൻ എനിക്കു് ധൈര്യമുണ്ടായിരുന്നില്ല. സിനിമയിലെ ചില ഹാസ്യരംഗങ്ങൾ കണ്ടു് അവർ ചിരിക്കും, പെട്ടെന്നു് ഇരിക്കുന്നതു് തകർന്ന സ്വന്തം വീടിന്റെ അവശിഷ്ടത്തിലാണെന്നു് കണ്ടു് ഞെട്ടി വിറക്കും. ഒരു സിനിമയിലും പകർത്തിയിട്ടില്ലാത്ത ആ രംഗങ്ങൾ പ്രൊജക്ടർ വെളിച്ചത്തിൽ കണ്ടു് ഞാൻ തേങ്ങിയിട്ടുണ്ടു്. ഇതൊക്കെ നേരിട്ടു കാണുമ്പോൾ ചരിത്രത്തിൽ പറയുന്ന പല കാര്യങ്ങളും സിനിമയിലുള്ള പോലെ എന്നു തോന്നിയിട്ടുണ്ടു്. ചരിത്രം ഒരു വിലയ സിനിമയായിരിക്കാം അല്ലേ?. അതോ സിനിമ തന്നെയാണോ ചരിത്രം.

പ്രധാനപ്പെട്ട സംഗതി ഇനിയും നിങ്ങളോടു് ഞാൻ പറഞ്ഞില്ലല്ലോ. ഒരിക്കൽ രാജ്യാതിർത്തിയിലുള്ള ഗ്രാമത്തിൽ സിനിമാ പെട്ടിയുമായി എത്തി. അതിർത്തി ഗ്രാമങ്ങളിൽ ഞാൻ അധികം പോകാറില്ലെന്നു മുമ്പു് പറഞ്ഞിരുന്നല്ലോ. വഴി തെറ്റിയാണു് ഞാനവിടെ എത്തിയതു്. യഥാർഥത്തിൽ എന്റെ ലക്ഷ്യം മറ്റൊരു സ്ഥലമായിരുന്നു. ഈ സ്ഥലത്തിനും ഞാൻ ലക്ഷ്യം വെച്ച സ്ഥലത്തിനും പേരിൽ സാമ്യമുണ്ടു്. രണ്ടു സ്ഥലങ്ങളും ഒരേ റൂട്ടിലാണു്. പ്രധാന പാത വലത്തോട്ടു തിരിയുന്ന റോഡിലൂടെയാണു് ശരിക്കും ഞാൻ പോകേണ്ടിയിരുന്നതു്. ഇടത്തോട്ടു തിരിയുന്ന പാതയിലൂടെ യാത്ര ചെയ്തതിനാലാണു് എനിക്കു വഴി തെറ്റിയതു്.
ഒരു പഴഞ്ചൻ ലോറിയിലാണു് ഞാൻ ഇവിടെയെത്തിയതു്. രാത്രിയിൽ അസമയത്തു് ഡ്രൈവർ എന്നെ ഈ ഗ്രാമത്തിന്റെ അങ്ങാടിയിൽ ഉപേക്ഷിച്ചു് പോവുകയും ചെയ്തു. നേരം പുലരും വരെ ഒരു പീടികക്കോലായയിൽ കുത്തിയിരുന്നു. പുലർന്നപ്പോഴാണു് എനിക്കു സ്ഥലം തെറ്റിയെന്നു് മനസ്സിലാകുന്നതു്. തലങ്ങും വിലങ്ങും പട്ടാള വണ്ടികൾ ചീറിപ്പായുന്നു. വഴിയിൽ ഇടക്കിടെ കാണുന്ന മനുഷ്യരൊന്നും ചിരിക്കുന്നില്ല. അങ്ങാടിയിൽ ഒരു ചായക്കട അടക്കം മറ്റു ചില കടകളുണ്ടു്. കടക്കാരാരും സൗഹൃദം കാട്ടുന്നില്ല. ഇങ്ങനെയൊരു നാട്ടിൽ ഇതിനു മുമ്പു് വന്നിട്ടില്ല. ചായക്കടക്കാരൻ പോലും ലോഹ്യം കാണിക്കുന്നില്ല. റോഡിലൂടെ നടക്കുന്നവർ പിറകോട്ടും ആകാശത്തേക്കും ഇടക്കിടെ നോക്കിയാണു് നടക്കുന്നതു്.

ഇവിടെയെന്താണു് ഇങ്ങിനെ എന്നു് ചായക്കടക്കാരനോടു് ചോദിച്ചു. അപരിചതരെക്കണ്ടാൽ സൈന്യം പിടിച്ചു കൊണ്ടു പോകും, ജീവൻ വേണമെങ്കിൽ തടിയെടുത്തോ എന്നായി അയാൾ. ഞാൻ ഇക്കാലത്തിനിടയിൽ ഇങ്ങിനെയൊരു ചായക്കടക്കാരനെക്കണ്ടില്ല. ചായക്കടക്കാർ വഴി കാട്ടികളും മാർഗ്ഗനിർദ്ദേശകരും സുഹൃത്തുക്കളുമൊക്കെയായാണു് എന്നും അനുഭവപ്പെട്ടിട്ടുള്ളതു്. രണ്ടാമത്തെ ചായയ്ക്കു് ഓർഡർ കൊടുത്തപ്പോൾ അയാളൊന്നു് തണുത്തു. യുദ്ധം തൽക്കാലം അവസാനിച്ചൂ എന്നേ പറയാൻ പറ്റൂ. എപ്പോൾ വേണമെങ്കിലും വീണ്ടും പൊട്ടിപ്പുറപ്പെടാം. ഇവിടെയുണ്ടായിരുന്ന നാട്ടുകാരിൽ വലിയൊരു പങ്കു് മരിച്ചിരിക്കുന്നു. കുറച്ചു പേർ നാടുവിട്ടു. എവിടേയും പോകാനില്ലാത്ത എന്നെപ്പോലുള്ളവർ ഇവിടെ ഇങ്ങനെ കഴിയുകയാണു്. ശത്രു സൈന്യവും ആക്രമിക്കാം, ചാരനെന്നു പറഞ്ഞു് നമ്മുടെ സൈന്യവും ആക്രമിക്കാം. പോരാത്തതിനു് ഇവിടെ തീവ്രവാദികളുമുണ്ടു്. അവർ ശത്രു സൈന്യത്തിനു് രാജ്യത്തെ ഒറ്റിക്കൊടുക്കുന്നുമുണ്ടെന്നു പറയുന്നു. സത്യം എന്താണെന്നറിയില്ല. പട്ടാളക്കാർ എപ്പോഴും പിരിമുറക്കത്തിലാണു്. ചിലപ്പോഴൊക്കെ ഞങ്ങളുടെ സ്ത്രീകളെ ആക്രമിക്കുകയും ചെയ്യും—ഇയാൾ ഇങ്ങനെ പറയുന്നതിനിടയിലേക്കാണു് ഒരു പട്ടാള ട്രക്ക് വന്നു നിന്നതു്. കട ഇപ്പോൾ തകർക്കുമെന്ന മട്ടിൽ വന്നു നിന്ന ട്രക്കിൽ നിന്നിറങ്ങിയ സൈനികർ കടക്കാരനോടു് എന്നെ ചൂണ്ടി ഇവൻ ആരു് എന്നു ചോദിച്ചു. എനിക്കറിയില്ലെന്നു് പറഞ്ഞു കടക്കാരൻ ഒഴിഞ്ഞുമാറി. ഇതോടെ പട്ടാളക്കാർ എന്റെ നേരെ തിരിഞ്ഞു. ചോദ്യങ്ങളായി. ശത്രുരാജ്യക്കാരനാണോ എന്നതാണു് പ്രധാനമായും അറിയേണ്ടതു്. ഞാൻ കാര്യങ്ങൾ പറഞ്ഞു. വഴി തെറ്റിയാണു് ഇവിടെ എത്തിയതെന്നും പറഞ്ഞു. പെട്ടി തുറന്നു കാണിച്ചു കൊടുത്തു. ഞാൻ പറഞ്ഞതു് പട്ടാളക്കാർ വിശ്വസിച്ചുവെന്നു തോന്നുന്നു. പ്രത്യേകിച്ചൊന്നും പറയാതെ അവർ മടങ്ങി. ഈ നശിച്ച സ്ഥലത്തു് നിന്നു രക്ഷപ്പെടണമെന്നു കരുതിയെങ്കിലും പുറത്തേക്കുള്ള വണ്ടികൾ കിട്ടൽ അത്ര എളുപ്പമായിരുന്നില്ല. രണ്ടു മണിക്കൂർ കഴിഞ്ഞു കാണും, പഴയ പട്ടാള ട്രക്ക് വീണ്ടും തിരിച്ചു വന്നു. ഞാൻ അടഞ്ഞുകിടന്ന ഒരു കടയുടെ വരാന്തയിൽ വണ്ടി കാത്തിരിക്കുകയായിരുന്നു. ട്രക്കിൽ നിന്നു് ഇറങ്ങി വന്ന പട്ടാളക്കാരൻ വിഷാദം നിറഞ്ഞ ചിരിയുമായി എന്നോടു് ചോദിച്ചു, കുടുകുടെ ചിരിപ്പിക്കുന്ന സിനിമയുണ്ടോ നിങ്ങളുടെ കയ്യിലെന്നു്. ഭാഗ്യത്തിനു് ചാർലി ചാപ്ലിന്റെ ‘ദി കിഡ്’ എന്ന സിനിമ കൈവശമുണ്ടായിരുന്നു. അമ്മമാരുടെ ഒക്കത്തിരിക്കുന്ന ഭാഷ അറിയാത്ത, സംസാരിക്കാൻ തുടങ്ങിയിട്ടില്ലാത്ത കുട്ടികൾ പോലും ഈ ചിത്രം കണ്ടു് ചിരിച്ചുമറിയുന്നതിനു് എത്രയോ തവണ ഞാൻ സാക്ഷിയായിട്ടുള്ളതാണു്.

ധൈര്യത്തോടെ സൈനികനോടു് പറഞ്ഞു: ഉണ്ടു്, തുടങ്ങി അവസാനിക്കുന്നതുവരെ കുടുകുടെ ചിരിപ്പിക്കുന്ന സിനിമയുണ്ടു് (കിഡ് കണ്ടു് ആളുകൾ എങ്ങിനെ ചിരിക്കുന്നുവെന്നു് എനിക്കിപ്പോഴും അജ്ഞാതമാണു്, സത്യത്തിൽ സങ്കടക്കടലല്ലേ ആ ചിത്രം). എങ്കിൽ നിങ്ങൾ ക്യാമ്പിലേക്കു് വരണം. സാധനങ്ങളെടുത്തു് വണ്ടിയിൽ കയറൂ എന്നയാൾ നിർദേശിച്ചു. ഇങ്ങനെ വീർപ്പുമുട്ടുന്ന രീതിയിൽ ടൂറിങ് ടാക്കീസുമായി ഞാൻ മുമ്പൊരിക്കലും യാത്ര ചെയ്തിട്ടേയില്ല.
സൈനിക ട്രക്ക് മുന്നോട്ടു നീങ്ങവേ വണ്ടി ഓടിച്ചിരുന്ന സൈനികൻ ചങ്ങാതിയായി. സിഗരറ്റ് നീട്ടിക്കൊണ്ടാണു് അയാൾ സൗഹൃദത്തിനു് തുടക്കമിട്ടതു്. പട്ടാളക്കാരെല്ലാം എപ്പോഴും പിരിമുറക്കത്തിലാണു്. ഒന്നല്ലെങ്കിൽ മറ്റൊരു പ്രശ്നം. മഞ്ഞുവീഴുന്ന ഈ അതിർത്തിയിൽ പട്ടാളക്കാർ എല്ലുറയുന്ന നിലയിൽ കഴിയുകയാണു്. ഇടക്കിടെ അതിർത്തി യുദ്ധങ്ങൾ അതല്ലെങ്കിൽ തീവ്രവാദികളുടെ ശല്യം. വർഷത്തിൽ 365 ദിവസവും യുദ്ധം ചെയ്യുകയാണു് ഞങ്ങൾ. തീവ്രവാദികൾക്കു് അവരുടെ ന്യായങ്ങൾ, ശത്രുരാജ്യത്തിനു് അവരുടെ ന്യായങ്ങൾ, ഞങ്ങൾ പട്ടാളക്കാർക്കു് ഞങ്ങളുടെ ന്യായങ്ങൾ. ന്യായങ്ങളുടെ ഏറ്റുമുട്ടലാണു് സുഹൃത്തെ യുദ്ധം—അയാൾ വാടിയ ചിരിയുമായി പറഞ്ഞു. അതിർത്തി പോസ്റ്റിൽ കാവൽ നിൽക്കുമ്പോൾ ചിലപ്പോൾ മഞ്ഞിന്റെ കടിയേൽക്കും. ബൂട്ടിനു് പുറത്തുള്ള ചെറിയ തുളകിലൂടെ കൊച്ചു കൊച്ചു ഹിമക്കഷണങ്ങൾ അകത്തു കടന്നു് കാൽ മരവിപ്പിക്കുന്നതിനെയാണു് മഞ്ഞിന്റെ കടി എന്നു വിളിക്കുന്നതു്. മഞ്ഞു കടിച്ചകാര്യം ചിലപ്പോൾ അറിയാതെ പോകും. അങ്ങിനെ സംഭവിച്ചാൽ കുറച്ചു കഴിയുമ്പോൾ പാദം മരവിക്കും. പിന്നെയതു മുറിച്ചു മാറ്റാനേ പറ്റൂ. ചിലപ്പോൾ ഹിമക്കഷണങ്ങൾ കയറിയ ബൂട്ടിനുള്ളിൽ ചെറിയ മൺ തരികളും ഉണ്ടാകും. മണ്ണും ഹിമക്കഷണങ്ങളും കൂടിച്ചേർന്നുള്ള പ്രവർത്തനം കാലിനെ ചിലപ്പോൾ പൂർണമായും തിന്നു തീർക്കും. പാദമില്ലാത്ത പട്ടാളക്കാരനു് ഡിസ്ച്ചാർജ് കിട്ടും. പെൻഷനും വാങ്ങി ശിഷ്ടകാലം വീട്ടിൽ കഴിയാം. മൃതദേഹമായി വീട്ടിലെത്തുന്നതിലും ഭേദം ഇതാണെന്നു് ചിലപ്പോൾ തോന്നും—ദീർഘനിശ്വാസമുതിർത്തു് ആ പട്ടാളക്കാരൻ പറഞ്ഞു. ഈ മടുപ്പിനെ മറികടക്കാൻ സിനിമകൾക്കു് കഴിയുമോ? ശ്രമിച്ചു നോക്കാം, ചെറുചിരിയോടെ ഞാനയാളെ ആശ്വസിപ്പിച്ചു. നിങ്ങളെ കണ്ട കാര്യം ക്യാമ്പ് മേധാവിയോടു് പറഞ്ഞപ്പോൾ അദ്ദേഹമാണു് തമാശപ്പടം ഉണ്ടോയെന്നും ഉണ്ടെങ്കിൽ പട്ടാളക്കാരുടെ ആനന്ദത്തിനുവേണ്ടി അതു് പ്രദർശിപ്പിക്കാമെന്നും സമ്മതിച്ചത്—ആ പട്ടാളക്കാരൻ എന്നോടു പറഞ്ഞു.

ഞങ്ങൾ ക്യാമ്പിലെത്തുമ്പോൾ ഒരു പറ്റം പട്ടാളക്കാർ ക്യാമ്പിലും ക്യാമ്പ്ഗ്രൗണ്ടിലുമായി വീണുകിടക്കുന്ന മഞ്ഞു് ഷവലുകൾ ഉപയോഗിച്ചു് നീക്കിക്കൊണ്ടിരിക്കുകയായിരുന്നു. മഞ്ഞുവീഴ്ച ശക്തിപ്പെട്ടു കൊണ്ടിരിക്കുന്ന കാലമായിരുന്നു അതു്. കൂടെ വന്ന പട്ടാളക്കാരൻ ക്യാമ്പിന്റെ മേധാവിയായിരുന്ന ഉദ്യോഗസ്ഥനു മുന്നിൽ എന്നെ ഹാജരാക്കി. അയാൾ പേരു് ചോദിച്ചു, എന്റെ വസ്തുവകകളെല്ലാം ശരിക്കും പരിശോധിച്ചിട്ടില്ലേ എന്നു് കൂടെ വന്ന പട്ടാളക്കാരനോടു് ചോദിച്ചു. പരിശോധനയൊന്നുമുണ്ടായിട്ടില്ലെങ്കിലും എല്ലാം അരിച്ചുപെറുക്കി പരിശോധിച്ചതാണെന്നു് പട്ടാളക്കാരൻ ക്യാമ്പ് മേധാവിയോടു് കള്ളം പറഞ്ഞു. അത്തരമൊരു പരിശോധനയുടെ കാര്യം മറന്നതാണെന്നു് അയാളുടെ മുഖത്തു് എഴുതി വെച്ചിട്ടുണ്ടു്. ചതിക്കല്ലേ എന്ന മട്ടിൽ എന്റെ മുഖത്തു് നോക്കിയും മേധാവിയുടെ മുഖത്തു് നോക്കാതെയുമാണു് അയാൾ സംസാരിച്ചതു്. എങ്കിൽ ഇയാൾക്കു് ഭക്ഷണം കൊടുക്കൂ. വിശ്രമിക്കണമെങ്കിൽ അതിനുള്ള സ്ഥലവും. സിനിമ പ്രദർശിപ്പിക്കുന്നതു് രാത്രിയല്ലേ. അതു് വരെ അയാൾക്കു് വിശ്രമിക്കാമല്ലോ. മേധാവി അഭിപ്രായപ്പെട്ടു.

സൈനിക ക്യാമ്പിലെ കാന്റീനും മെസ് മുറിയും അന്നാണു് ഞാൻ ആദ്യമായി കാണുന്നതു്. കൊള്ളാം എല്ലാത്തിനും നല്ല അച്ചടക്കമുണ്ടു്. പാത്രങ്ങൾക്കും ഗ്ലാസുകൾക്കും വരെ. ഹോട്ടലുകളിലും വീടുകളിലും കാണുന്ന പോലെ താഴെ വീഴാൻ പാകത്തിലല്ല അവയുടെ നിൽപ്പു്. ഒരു മാർച്ച് പാസ്റ്റിന്റെ അച്ചടക്കത്തോടെ, വടിവോടെയാണു് അവയും അവിടെ പാർക്കുന്നതു്. നല്ല ക്ഷീണമുണ്ടായിരുന്നതിനാൽ സൈനികർ താമസിക്കുന്ന ഡോർമെറ്ററിയിൽ താഴെ വിരിച്ചു് കാണിച്ചിടത്തു് ഞാൻ ഉറങ്ങാൻ കിടന്നു. കിടന്നപാടെ ഉറങ്ങുകയും ചെയ്തു. ആരോ തട്ടിവിളിക്കുന്നതു് കേട്ടാണു് ഉണർന്നതു്. സമയം സന്ധ്യയോടടുത്തിരിക്കുന്നു. പെട്ടെന്നെണീറ്റു കുളിച്ചു് ഇടക്കു കിട്ടിയ ചായയും കുടിച്ചു് പ്രദർശനത്തിനു് ഒരുങ്ങി. മഞ്ഞു വീഴ്ച തടയാൻ ആസ്ബസ്റ്റോസ് മേലാപ്പു് കെട്ടിയഗ്രൗണ്ടിൽ പട്ടാളക്കാരുടെ സഹായത്തോടെ സ്ക്രീൻ വലിച്ചു കെട്ടി. പ്രൊജക്ടർ തയാറാക്കി. ഇരുട്ടിയപ്പോൾ പ്രദർശനം തുടങ്ങി. ക്യാമ്പ് മേധാവി മാത്രമാണു് കസേരയിൽ ഇരുന്നിരുന്നതു്. മറ്റുള്ളവർ എല്ലാം ഗ്രൗണ്ടിൽ ഇരിക്കുകയായിരുന്നു. പട്ടാളക്കാർ ഇട്ടിരുന്ന കമ്പിളിയുടുപ്പിൽ ഒന്നു് എനിക്കും ധരിക്കാൻ തന്നിരുന്നു. ആ രാത്രി മഞ്ഞുവീഴ്ച അത്ര കഠിനമായിരുന്നില്ല. പ്രൊജക്ടർ ഓടിക്കാനുള്ളതിനാൽ എനിക്കും ഇരിക്കാൻ ഒരു കസേര കിട്ടിയിരുന്നു.
ചാപ്ലിൻ തകർത്തു് അഭിനയിക്കുകയാണു്. പട്ടാളക്കാർ പൊട്ടിപ്പൊട്ടി ചിരിക്കുന്നു. ചാപ്ലിൻ തങ്ങളെ രസിപ്പിക്കാൻ ജനിച്ചവൻ എന്ന മട്ടിലാണു് പട്ടാളക്കാരുടെ പ്രതികരണം. ക്യാമ്പ് മേധാവിയും ശബ്ദം പുറത്തു വരാത്ത വിധം ചിരിക്കുന്നുണ്ടു്. സിനിമ കാണുകയാണെങ്കിലും സൈനികരെല്ലാം സായുധരായിരുന്നു. എന്റെ തൊട്ടടുത്തു തന്നെയാണു് അയാളും ഇരിക്കുന്നതു്. സിനിമ അവസാന ദൃശ്യങ്ങളിലേക്കു് യാത്ര ചെയ്തുകൊണ്ടിരിക്കെ പെട്ടെന്നു് അടുത്തു നിന്നു വെടിയൊച്ച കേട്ടു. കാതടപ്പിക്കുന്ന ശബ്ദത്തിൽ നിർത്താതെയുള്ള വെടിയൊച്ച.

ഭയന്നു വിറച്ചു നോക്കുമ്പോൾ ഞാൻ കാണുന്നതു് തോക്കേന്തിയ ഒരു സംഘം ഞങ്ങളിരിക്കുന്നിടത്തേക്കു വരുന്നതാണു്. കടന്നുവരുന്ന സ്ഥലത്തുള്ള വൈദ്യുതി വിളക്കുകൾ അവരെ വെളിപ്പെടുത്തി. പൊടുന്നനെ ഞാൻ പ്രൊജക്ടർ ഓഫ് ചെയ്തു. പിന്നീടു് വെടിയൊച്ചകൾ പരസ്പരം ഏറ്റുമുട്ടാൻ തുടങ്ങി. ഞാൻ പ്രദർശന സാമഗ്രികൾ ഉപേക്ഷിച്ചു് ലക്ഷ്യമില്ലാതെ ഇരുട്ടിലേക്കു് ഓടാൻ തുടങ്ങി. ഓട്ടത്തിനിടയിൽ തട്ടിത്തടഞ്ഞു് വീണു. വീണിടത്തു നിന്നു് ഞാൻ ഇഴയാൻ തുടങ്ങി. ശരീരത്തിൽ നിന്നു് ചോര ഒലിക്കുന്നതു് അറിയാനുണ്ടു്. പട്ടിയെപ്പോലെ കിതക്കുകയും അണക്കുകയും ചെയ്യുന്നുമുണ്ടു്. കാൽമുട്ടു പൊട്ടിയതിനാൽ കുറച്ചുകഴിഞ്ഞപ്പോൾ ഇഴയാനും വയ്യാതായി. ഇഴയുന്നതിനിടയിൽ തറയിൽ ഉരസിയതിനാൽ നെഞ്ചിൽ നിന്നും ചോര ഒലിക്കുന്നുണ്ടു്. മുറിവേറ്റ ഇരയെപ്പോലെ ഇരുട്ടിൽ ഒളിച്ചിരിക്കുന്നതായിരിക്കും ബുദ്ധിയെന്നു് കരുതി എത്തിയ സ്ഥലത്തു് മണ്ണിൽ മലർന്നു് കിടന്നു. ഇളകിയ മണ്ണിന്റെ മണം മൂക്കിലേക്കു് അടിച്ചു കയറി. ഇളകിയ മണ്ണുള്ള സ്ഥലത്തോ പുതുമണ്ണിട്ടു നിറച്ച സ്ഥലത്തോ ആണു് കിടക്കുന്നതെന്നു് ആ മണത്തിൽ നിന്നു് എളുപ്പത്തിൽ മനസ്സിലായി.
വെടിയൊച്ചകൾക്കു അകമ്പടിയായി കൂടുതൽ ഉഗ്രശബ്ദത്തിലുള്ള ചില സ്ഫോടന ശബ്ദങ്ങളും കേൾക്കാനുണ്ടു്. ഭയം കത്തിക്കാളുന്ന വിശപ്പിനെ ഇരട്ടിപ്പിക്കുകയാണു്. ചോര ഒലിക്കുന്നതു് ഇതിനിടയിൽ നിന്നെന്നു് തോന്നുന്നു.

പുലർന്നാലും വെടിവെപ്പു് തുടരുമോ എന്നായിരുന്നു ഭയം. എങ്ങിനെയെങ്കിലും ഇവിടെ നിന്നും രക്ഷപ്പെട്ടാൽ മതി. അതുമാത്രമായി എന്റെ ചിന്ത. അപ്പോഴാണു് ഗ്രൗണ്ടിൽ ഉപേക്ഷിച്ച സിനിമാ പെട്ടിയെക്കുറിച്ചോർത്തതു്. അതു തകർന്നാൽ പിന്നെ എങ്ങിനെ ജീവിക്കുമെന്ന ചോദ്യം എന്നിൽ നിന്നു തന്നെ ഉയരുന്നുണ്ടു്. സിനിമാ പെട്ടിയേക്കാൾ വലുതു് ജീവനാണെന്നു് പെട്ടെന്നു് ഓർത്തു. ആരോഗ്യമുണ്ടെങ്കിൽ പിന്നെയും ജോലി ചെയ്തു് ജീവിക്കാം. ഇല്ലെങ്കിലോ? ചോദ്യവും ഉത്തരവും ഞാൻ തന്നെ പറയേണ്ടതിനാൽ മറ്റെന്തെങ്കിലും ഓർക്കാമെന്നു് കരുതി.
വെടിവെപ്പു് അകലേക്കു് അകലേക്കു് നീങ്ങുകയാണെന്നു തോന്നുന്നു. ഇപ്പോൾ അതിന്റെ ശബ്ദം നേരത്തെ കേട്ടത്ര അടുത്തു നിന്നല്ല ഉയരുന്നതു്. എന്തായിരിക്കും സംഭവിക്കുന്നതു്. ക്യാമ്പിനുനേരെ ആക്രമണം ഉണ്ടായി എന്നു് മനസ്സിലാക്കാൻ മാത്രമേ കഴിഞ്ഞുള്ളൂ. ആരു്, എന്തിനു് എന്നീ ചോദ്യങ്ങൾക്കു് ഇരുട്ടിൽ മണ്ണിൽ ഒളിച്ചിരിക്കുന്ന ഒരുവനു് ഉത്തരം കിട്ടാൻ തൽക്കാലം വഴിയില്ല.

നേരം പുലരുകയാണു്. അതിന്റെ അടയാളങ്ങൾ മാനത്തു കണ്ടു തുടങ്ങി. വെളിച്ചത്തിന്റെ ആദ്യ കിരണങ്ങൾ മടിയോടെ ഭൂമിയിലേക്കു് പ്രവേശിക്കാൻ തുടങ്ങിയപ്പോഴാണു് എന്നെ ഞാൻ ശരിക്കും കാണുന്നതു്. മണ്ണിൽ പുരണ്ടു് ശരീരത്തിലങ്ങോളമിങ്ങോളം മുറിഞ്ഞു്, പലയിടത്തും രക്തം പൊറ്റപിടിച്ചു്—ഇക്കാലത്തിനിടക്കു് ഒരിക്കലും ഇങ്ങിനെയൊരു രൂപത്തിലായിട്ടില്ല. പതുക്കെ എണീറ്റു് നിന്നപ്പോൾ ശരീരത്തിന്റെ ഓരോ ഇഞ്ചും വേദനിക്കുകയാണു്. നടക്കാൻ തുടങ്ങിയപ്പോഴാണു് സിനിമ പ്രദർശിപ്പിച്ചിരുന്ന ഗ്രൗണ്ടിൽ നിന്നു് ഏറെ അകലെയല്ല കിടന്നിരുന്നതെന്നു് ബോധ്യമായതു്. ഗ്രൗണ്ട് ഒരു കിടങ്ങിലേക്കിറങ്ങുന്നിടത്താണു് ഞാൻ തട്ടിത്തടഞ്ഞു വീണതു്. രാത്രി മുഴുവനും ആ കിടങ്ങിലായിരുന്നു. കിടങ്ങ് പുതുതായി നിർമിച്ചതായിരുന്നു. അതുകൊണ്ടാണു് ഇളകിയ മണ്ണിന്റെ മണം പുറത്തു വന്നതു്. ഗ്രൗണ്ടിൽ രണ്ടു് കസേരകളും പ്രൊജക്ടർ വെച്ചിരുന്ന മേശയും സിനിമാസാമഗ്രികളും കുഴപ്പമൊന്നും കൂടാതെയിരിപ്പുണ്ടു്. ഗ്രൗണ്ടിന്റെ ആസ്ബസ്റ്റോസ് മേലാപ്പു് മഞ്ഞു വീണു ഉള്ളിലേക്കു തള്ളി എപ്പോൾ വേണമെങ്കിലും അറ്റുവീഴാവുന്ന നിലയിലാണു്. നടന്നു് മെസ്ഹാളിനു സമീപമെത്തി. അവിടെ പട്ടാളക്കാരെ ആരെയും കണ്ടില്ല. തുടർന്നു് നടന്നു നടന്നു് പ്രവേശന കവാടത്തിലെത്തി. കാവൽ നിൽക്കുന്ന പട്ടാളക്കാർ എന്നെ വേഗം തിരിച്ചറിഞ്ഞു. തലേ ദിവസം കിടന്ന ഡോർമെറ്ററിയിൽ പോയി കുളിച്ചു് വിശ്രമിക്കാൻ അവർ നിർദേശിച്ചു. എനിക്കു് പോകണമെന്നു പറഞ്ഞപ്പോൾ പെട്ടെന്നു പറ്റില്ലെന്നും ക്യാമ്പ് മേധാവി വന്നിട്ടു തീരുമാനിക്കാമെന്നും പട്ടാളക്കാർ പറഞ്ഞു. ഇന്നലെ എന്താണുണ്ടായതെന്നു് അവരോടു ചോദിച്ചു. എല്ലാം വിശദമായി പിന്നീടു് പറയാമെന്നായി. അവസാനം ഞാൻ ഡോർമെറ്ററിയിലെത്തി മുറിവുകൾ കഴുകി കുളിച്ചു് കിടന്നുറങ്ങി. മണിക്കൂറുകൾ ഉറങ്ങിക്കാണണം. ശബ്ദവും കോലാഹലവും കേട്ടാണുണർന്നതു്. ഡോർമെറ്ററിയിൽ പട്ടാളക്കാർ നിറഞ്ഞിരിക്കുന്നു. ചിലർ കുളിക്കാൻ പോകുന്നു. മറ്റു ചിലർ കുളി കഴിഞ്ഞു് വസ്ത്രം മാറ്റുന്നു. എന്നെ കൂട്ടിക്കൊണ്ടു വന്ന പട്ടാളക്കാരൻ പെട്ടെന്നു് പ്രത്യക്ഷപ്പെട്ടതോടെ എനിക്കു് സമാധാനമായി. എണീറ്റു് അടുത്തു ചെന്നു് ഇന്നലെ എന്താണു് സംഭവിച്ചതെന്നാരാഞ്ഞു. അതൊരു തീവ്രവാദി ആക്രമണമായിരുന്നു. 50 പേരടങ്ങുന്ന സംഘം. നമ്മുടെ എട്ടുപേർ മരിച്ചു. അവർ മുപ്പതുപേരും. 20 പേരെ ജീവനോടെ പിടിച്ചു് കെട്ടിയിട്ടുണ്ടു്. അയാൾ പതിവു സംഭവം എന്ന മട്ടിൽ പറഞ്ഞു. എവിടെയാണു് അവരെ കെട്ടിയിട്ടിരിക്കുന്നതു? നിലവറയിൽ, ഭാവഭേദമില്ലാതെ അയാൾ പറഞ്ഞു. ഇവിടെ നിലവറയുണ്ടോ? സൈനിക ക്യാമ്പുകൾക്കെല്ലാം ഭൂഗർഭ അറകളുണ്ടാകും എന്നറിയില്ലേ—അയാൾ ചോദിച്ചു. ഇല്ല, ആദ്യമായാണു് സൈനിക ക്യാമ്പ് കാണുന്നതെന്നു് ഞാൻ പ്രതികരിച്ചു. അവരെ ഇനി എന്തു ചെയ്യും. അതെല്ലാം മുകളിലുള്ളവരാണു് തീരുമാനിക്കുന്നതെന്നു് പട്ടാളക്കാരൻ പറഞ്ഞു. എനിക്കു പോകണമെന്ന ആവശ്യം അയാളുടെ മുന്നിൽ വെച്ചു. പെട്ടെന്നു് പോകാൻ പറ്റില്ല. മാത്രവുമല്ല ക്യാമ്പ് മേധാവി നിങ്ങളെ കാണണമെന്നും പറഞ്ഞിട്ടുണ്ടു്. അദ്ദേഹത്തോടു് പറഞ്ഞു് പോകാനുള്ള അനുമതി വാങ്ങിത്തരണമെന്നു് പട്ടാളക്കാരനോടു് കെഞ്ചി നോക്കി. ഇതിനകത്തു വന്ന ഒരാളുടെ കാര്യത്തിൽ അന്തിമ തീരുമാനം അദ്ദേഹത്തിന്റേതാണു്. സൈനികനായാലും തീവ്രവാദിയായാലും സന്ദർശകനായാലും സിനിമ പ്രദർശിപ്പിക്കാൻ വന്നയാളായാലും ആരായാലും—പട്ടാളക്കാരൻ ഓർമിപ്പിച്ചു. ആദ്യം കാണുമ്പോൾ പട്ടാളക്കാരന്റെ മുഖത്തുണ്ടായിരുന്ന ആർദ്രതയും കരുണയും പൂർണമായും വറ്റിയിട്ടുണ്ടു്.
കഴിഞ്ഞ രാത്രി ആക്രമിച്ച തീവ്രവാദി സംഘത്തിൽപെട്ട മറ്റൊരു കൂട്ടം മുമ്പൊരിക്കൽ ക്യാമ്പിൽ നിന്നു് സൈനികരെ തട്ടിക്കൊണ്ടു പോയി വധിച്ച കാര്യം പട്ടാളക്കാരൻ എന്നോടു് പറഞ്ഞു. ഇക്കുറിയും അതായിരുന്നു അവരുടെ ലക്ഷ്യം. കഴിഞ്ഞ തവണ തട്ടിക്കൊണ്ടു പോയ സൈനികർക്കുവേണ്ടി അതിർത്തിയിൽ വ്യാപകമായ തിരച്ചിൽ നടത്തിയിരുന്നു. അവസാനം മഞ്ഞുവീണു കിടക്കുന്ന മലനിരകളിൽ അവയവങ്ങൾ പലയിടത്തായി വെട്ടിയിട്ട നിലയിൽ മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു. എന്റെ ഏറ്റവും അടുത്ത ചങ്ങാതിയുടെ വെട്ടിയെടുത്ത തല മഞ്ഞിൽ പൂഴ്ത്തിവെച്ചിരുന്നു. കാലുകൾ ഒരിടത്തും കൈകൾ മറ്റൊരിടത്തും. മഞ്ഞിൽ കിടന്നതിനാൽ ദിവസങ്ങളോളം കഴിഞ്ഞു് കിട്ടിയ അവയവങ്ങൾ ചീഞ്ഞിരുന്നില്ല. പതിനാലു പേരെയാണു് അന്നവർ മഞ്ഞു കുഴിയിൽ ദിവസങ്ങളോളം കിടത്തി കൊന്നതു്. മരിച്ചുവെന്നുറപ്പായപ്പോൾ അവയവങ്ങൾ വെട്ടിയെടുത്തു് മഞ്ഞുമലയിൽ പലയിടത്തായി വിതറി. പെറുക്കിയെടുത്തു് തുന്നിക്കെട്ടിയാണു് മൃതദേഹങ്ങൾ ഓരോരുത്തരുടെ വീടുകളിലേക്കു് അയച്ചതു്—അയാൾ കിതച്ചുകൊണ്ടു് പറഞ്ഞു.
ഏതായാലും നിങ്ങൾ പോയി ക്യാമ്പ് മേധാവിയെ കാണൂ. പട്ടാളക്കാരൻ നിർദേശിച്ചു. ഉറക്കച്ചടവു മായ്ക്കാൻ മുഖം നന്നായി കഴുകി. വസ്ത്രം അണിഞ്ഞു് ഞാൻ മേധാവിയെക്കാണാൻ പോയി.

എന്നെ പോകാൻ അനുവദിക്കണമെന്നു് അദ്ദേഹത്തോടഭ്യർഥിച്ചു. സിനിമാ പ്രദർശനം പൂർത്തിയായില്ലല്ലോ, അതിനുശേഷം പോകാമെന്നായി അയാൾ. വെടിയൊച്ചകൾക്കിടയിൽ, ഭയന്നു വിറച്ചു കഴിയുക എന്നെപ്പോലെ ഒരു പാവത്തിനു മരണതുല്യമാണെന്നു് അദ്ദേഹത്തെ ധരിപ്പിക്കാൻ ശ്രമിച്ചെങ്കിലും അതൊന്നും ഏശിയില്ല. തൽക്കാലം നിങ്ങൾ ഭക്ഷണം കഴിച്ചു് വിശ്രമിക്കുക. പോകാനാകുമ്പോൾ ഞാൻ പറയും. ഗ്രൗണ്ടിൽ കിടക്കുന്ന നിങ്ങളുടെ സാധനസാമഗ്രികൾ എടുത്തു് കൊണ്ടു പോയി ഡോർമെറ്ററിയിൽ വെക്കുക. എന്റെ അനുമതിയില്ലാതെ പുറത്തു് കടക്കാൻ ശ്രമിക്കരുതു്, അങ്ങിനെ വല്ലതുമുണ്ടായാൽ പ്രത്യാഘാതം ഗുരുതരമായിരിക്കും—അല്പം ശബ്ദം ഉയർത്തിയാണു് ക്യാമ്പ് മേധാവി അങ്ങിനെ പറഞ്ഞതു്. ഗ്രൗണ്ടിൽ പോയി സാധനസാമഗ്രികൾ തലച്ചുമടായി ഡോർമെറ്ററിയിലെത്തിച്ചു. ഇവിടെ കുടുങ്ങുമോ ദൈവമേ എന്നു ഭയന്നു് ഇടവേളകളില്ലാതെ ഞാൻ വിറച്ചു കൊണ്ടിരുന്നു.
ക്യാമ്പിലേക്കു് കൂട്ടിക്കൊണ്ടുവന്ന പട്ടാളക്കാരൻ എന്നെ ആശ്വസിപ്പിച്ചു. ചുറ്റുപാടുകൾ ശാന്തമായ ശേഷം നിങ്ങളെ സുരക്ഷിതമായി തിരിച്ചയക്കാമെന്നേ അദ്ദേഹം കരുതിയിട്ടുണ്ടാകൂ. കുറച്ചുദിവസങ്ങൾ കാത്തിരിക്കേണ്ടി വരും. അത്രയേയുള്ളൂ. പട്ടാളക്കാരെ ആനന്ദിപ്പിക്കാൻ വന്ന ഒരാളെ സംരക്ഷിക്കാൻ അദ്ദേഹത്തിനു് ബാധ്യതയുണ്ടു്. അതിനാൽ കാത്തിരിക്കുക—പട്ടാളക്കാരൻ സിനിമകളിലെ നായകർ കാമുകിമാരെ ഉപദേശിക്കുന്നതുപോലെ മൃദുവായി പറഞ്ഞു. നിലവറകളിൽ കഴിയുന്നവരുടെ നില എന്താണു്—ഞാൻ ചോദിച്ചു. അവർക്കു് ഭക്ഷണവും വെള്ളവും കൊടുക്കുന്നില്ല. കുറച്ചുദിവസം അങ്ങിനെയിടാനാണു് പറഞ്ഞിരിക്കുന്നതു്. തുടർന്നുള്ള ശിക്ഷ അദ്ദേഹം തീരുമാനിക്കും—പട്ടാളക്കാരൻ പറഞ്ഞു. അവരെ കാണാൻ പറ്റുമോ? ആകാംക്ഷ അടക്കാനാകാതെ ഞാൻ ചോദിച്ചു. ഇല്ല, നിലവറയിൽ അദ്ദേഹവും അംഗരക്ഷകരുമല്ലാതെ മറ്റാരും പ്രവേശിക്കരുതെന്നുത്തരവുണ്ടു്. അത്തരം കാര്യങ്ങളെക്കുറിച്ചോർത്തു് ഉറക്കം കളയാതിരിക്കുക. ഭക്ഷണം കഴിച്ചു് വിശ്രമിക്കുകയോ ഉറങ്ങുകയോ ചെയ്യുക. പട്ടാളക്കാരൻ പറഞ്ഞു. അനുസരിക്കുകയല്ലാതെ മറ്റു മാർഗമില്ലെന്നു് ഇതിനോടകം മനസ്സിലായതിനാൽ വഴങ്ങാൻ ഞാൻ പഠിച്ചു തുടങ്ങിയിരുന്നു.

ദിവസങ്ങളോളം ഭക്ഷണം കഴിച്ചും വിശ്രമിച്ചും ഉറങ്ങിയും കഴിഞ്ഞുപോന്നു. ഇങ്ങിനെയുള്ള ദിവസങ്ങൾ മുമ്പൊരിക്കലും ജീവിതത്തിലുണ്ടായിട്ടില്ലാത്തതാണു്. കൂടുതൽ ഉണ്ടും ഉറങ്ങിയും വിശ്രമിച്ചും ഒരു തരം മന്ദിപ്പു് ബാധിച്ചു തുടങ്ങിയിരിക്കുന്നു. ദിവസങ്ങൾ എത്ര കഴിഞ്ഞുപോയിരിക്കുമെന്നു് നിശ്ചയമില്ല. ഒരു ദിവസം രാവിലെ മേധാവി വിളിപ്പിച്ചു. അന്നു് മുഴുമിപ്പിക്കാൻ പറ്റാത്ത സിനിമ ഇന്നു് രാത്രി വീണ്ടും പ്രദർശിപ്പിക്കണം—അതു കഴിഞ്ഞു് നാളെ രാവിലെ നിങ്ങൾക്കു് പോകാം. മേധാവി പറഞ്ഞു. ആശ്വാസത്തോടെ ആജ്ഞാനുവർത്തിയായി ഞാൻ തല കുനിച്ചു നിന്നു. നാളെ രാവിലെ വീണ്ടും പഴയ ജീവിതത്തിലേക്കു മടങ്ങാം. പല നാടുകൾ ചുറ്റാം. പല തരം മണ്ണിന്റെ മണങ്ങൾ ആസ്വദിക്കാം. പെട്ടെന്നു് ഒരുണർവു് എന്നെ പൊതിയുന്നതായി തോന്നി. ഡോർമെറ്ററിയിൽ മടങ്ങിയെത്തി പ്രൊജ്കടർ തുറന്നു് തുടച്ചുവെച്ചു. സിനിമയുടെ പ്രിന്റ് വെച്ച സ്പൂളുകളും തുടച്ചുവെച്ചു. അപ്പോഴാണു് അന്നത്തെ സംഭവത്തിനു ശേഷം സാധനസാമഗ്രികൾ എടുത്ത കൂട്ടത്തിൽ സ്ക്രീൻ ഉൾപ്പെട്ടിട്ടില്ലെന്ന കാര്യം മനസ്സിലായതു്. അല്ലെങ്കിൽ എന്തിനതു് അഴിച്ചെടുക്കണം. ഇന്നു് പ്രദർശനമുള്ളതല്ലേ—ഞാനോർത്തു. പ്രദർശനമുള്ളതിനാൽ ഉച്ചഭക്ഷണത്തിനുശേഷം പതിവുപോലെ ഉറങ്ങാൻ തോന്നിയില്ല. ക്യാമ്പിലേക്കു് എന്നെ കൊണ്ടു വന്ന പട്ടാളക്കാരനെ ഡോർമെറ്ററിയിലും പുറത്തും തിരഞ്ഞുനോക്കിയെങ്കിലും കണ്ടില്ല. യാത്ര ചെയ്യാനുള്ള ഊർജ്ജം സിരകളിൽ ഓളം തല്ലുന്നുണ്ടു്. വാഹനങ്ങളിൽ വളഞ്ഞുപുളഞ്ഞുള്ള യാത്രകൾ നാളെ മുതൽ തുടങ്ങാമല്ലോ എന്ന ആഹ്ലാദം എനിക്കു് പുതുജന്മം തന്ന പോലെ തോന്നുകയാണു്.

വൈകുന്നേരം നാലുമണിയോടെ പട്ടാളക്കാർ കൂട്ടത്തോടെ ഗ്രൗണ്ട് ലക്ഷ്യമാക്കി പോകുന്നതു് കണ്ടു. എന്നെ ക്യാമ്പിലെത്തിച്ച പട്ടാളക്കാരനും അവരുടെ കൂട്ടത്തിലുണ്ടു്. ഗ്രൗണ്ടിലേക്കു് പോരാൻ അയാൾ ആംഗ്യം കാട്ടി. ഓടി അയാൾക്കൊപ്പം കൂടി എന്താണു് സംഭവമെന്നു് ചോദിച്ചു. അടങ്ങി നിന്നു് എല്ലാം കണ്ടു കൊള്ളണമെന്നും ചോദ്യങ്ങൾ പാടില്ലെന്നും അയാൾ അടക്കിപിടിച്ച സ്വരത്തിൽ പറഞ്ഞു. ഇപ്പോൾ പട്ടാളക്കാർ ഗ്രൗണ്ടിനു ചുറ്റും നിൽക്കുകയാണു്. മൈതാനത്തിന്റെ ഒരു വശത്തു് എന്റെ സിനിമാസ്ക്രീൻ കുഴപ്പമില്ലാതെ നിൽക്കുന്നുണ്ടു്. ഗ്രൗണ്ടിന്റെ മധ്യഭാഗത്തു് അല്പം ഉയർത്തികെട്ടിയ തട്ടുണ്ടു്. ഒരു ചടങ്ങിനുള്ള വേദിപോലെ തട്ടു് ഒഴിച്ചിട്ടിരിക്കുകയാണു്. പൊടുന്നനെ ഞങ്ങൾ നിൽക്കുന്നതിനിടയിലൂടെ മുകൾ ഭാഗം തുറന്ന ഒരു സൈനികട്രക്ക് കടന്നു വന്നു. ചങ്ങലയിൽ ബന്ധിച്ച എല്ലും തോലുമായി നിൽക്കാൻ കെൽപ്പില്ലാത്ത കുറച്ചു പേരാണു് ട്രക്കിന്റെ തുറന്ന ഭാഗത്തുള്ളതു്. ട്രക്ക് ഡ്രൈവർക്കടുത്തു് മേധാവി ഇരിപ്പുണ്ടു്. വാഹനം പതുക്കെ പോകുന്നതിനാൽ ചങ്ങലയിൽ ബന്ധിച്ചവരെ പെട്ടെന്നു് എണ്ണിനോക്കി. ഇരുപതു പേർ. നിങ്ങൾ പറഞ്ഞ നിലവറയിൽ കെട്ടിയിട്ട തീവ്രവാദികളാണോ ഇവരെന്നു് ഞാൻ പട്ടാളക്കാരനോടു് ചോദിച്ചു. അതെ, അയാൾ താഴ്‌ന്ന ശബ്ദത്തിൽ പറഞ്ഞു.
ഭക്ഷണവും വെള്ളവും കൊടുക്കാത്തതിനാലായിരിക്കണം ഇവർ ഇങ്ങിനെ ശോഷിച്ചതു്. ട്രക്ക് മൈതാനമധ്യത്തിൽ നിർത്തി. ഒരു പറ്റം പട്ടാളക്കാർ മുന്നോട്ടു നീങ്ങി. എല്ലും തൊലിയുമായ മനുഷ്യരെ ട്രക്കിൽ നിന്നിറക്കി. ഒരാളെ തട്ടിൽ കയറ്റി നിർത്തി. അയാൾ അതിൽ നിന്നു് താഴേക്കു് ചാടാൻ ശ്രമിക്കുന്നതിനിടെ ഒരു പട്ടാളക്കാരൻ വെടിവെച്ചു. അയാൾ ആ തട്ടിൽ മരിച്ചുവീണു. ബാക്കിയുള്ളവരേയും ഇതേ പോലെ വധിച്ചു. ഒരു ജഡത്തിനുമേൽ മറ്റൊരു ജഡം വീണു കൊണ്ടിരുന്നു. ജഡങ്ങൾ തട്ടിൽ ചെരിഞ്ഞ ഗോപുരം പോലെ തോന്നിച്ചു.

ഒന്നു ഞരങ്ങാൻ പോലും കഴിയാതെയാണു് ഓരോരുത്തരും മരിച്ചതെന്നു് അല്പം അകലെ നിന്നാണെങ്കിലും എനിക്കു മനസ്സിലാക്കാൻ കഴിഞ്ഞിരുന്നു. ചോര ഉറച്ചുപോയപോലെയായി ഞാൻ. തട്ടിനടുത്തുള്ള പട്ടാള സംഘം പിൻവാങ്ങി. തുടർന്നു് വാളുകളുമായി മറ്റൊരു പറ്റം സൈനികർ തട്ടിനടുത്തേക്കു് നീങ്ങി. ഓരോ ജഡത്തിന്റേയും തലയും മറ്റു് അവയവങ്ങളും മുറിച്ചു മാറ്റി. പ്രത്യേകിച്ചു് ഭാവഭേദമൊന്നുമില്ലാതെയാണു് സൈനികർ ഇതെല്ലാം ചെയ്യുന്നതു്. നേരത്തെ തീരുമാനിച്ചുറച്ചതാണു് പട്ടാളക്കാർ ചെയ്യുന്നതെന്നു് അവരുടെ നീക്കങ്ങളിൽ നിന്നു വ്യക്തമായിരുന്നു. എല്ലാം അച്ചടക്കത്തോടെയാണു് അവർ ചെയ്തു തീർക്കുന്നതു്. ഒരു കർഷകൻ വെള്ളം തേവുമ്പോൾ മുഖം എങ്ങിനെയിരിക്കുമോ അതേ മട്ടാണു് സൈനികർക്കു്. പെട്ടെന്നു് കൂടുതൽ സൈനികട്രക്കുകൾ മൈതാനത്തിലേക്കു് വന്നു. അവർ മൈതാനത്തിന്റെ പകുതിയോളം ട്രക്കിൽ നിറച്ചുകൊണ്ടു വന്ന ഹിമക്കട്ടകൾ വിതറി. ക്യാമ്പിലും പരിസരങ്ങളിലും അന്നു് മഞ്ഞു് പെയ്തിരുന്നില്ല. അതിനാൽ തൊട്ടടുത്തു് മഞ്ഞുവീഴുന്ന സ്ഥലങ്ങളിൽ നിന്നും കൊണ്ടു വന്നതായിരിക്കണമതു്. സൂര്യനു് ശക്തി കുറവായിരുന്നതിനാൽ മഞ്ഞു് അലിയാതെ നില്ക്കുമായിരിക്കും എന്നു് ഞാൻ കരുതി. സൈനികരും ട്രക്കുകളും പിൻവാങ്ങിയപ്പോൾ മൈതാനത്തിന്റെ പകുതിയോളം മഞ്ഞു വീണ പർവ്വതനിരയായി പരിവർത്തനപ്പെട്ടിരുന്നു. പെട്ടെന്നാണു് മറ്റൊരു പറ്റം പട്ടാളക്കാർ മഞ്ഞിൽ കുഴിയെടുത്തു് ഉടലുകൾ അതിൽ കുത്തനെ നിർത്തിയതു്. മറ്റൊരു സംഘം ഇരുപതു തലകൾ കൃത്രിമ മഞ്ഞു മലയിൽ പലയിടങ്ങളിലായി കുത്തി നിർത്തി. മറ്റൊരു സംഘം കൈകളും കാലുകളും കൊണ്ടു് ഗോൾ പോസ്റ്റ് മാതൃകകൾ തീർത്തു. മഞ്ഞുമലയിൽ മുളച്ചുപൊന്തുമെന്ന മട്ടിൽ തലകൾ നിൽക്കുന്ന കാഴ്ച എല്ലാവരും കാണെ സൂര്യൻ പിൻവാങ്ങി. ഇരുട്ടു് പരന്നു.

സിനിമ പ്രദർശിപ്പിക്കാൻ എനിക്കുത്തരവു കിട്ടി. കൃത്രിമ മഞ്ഞു മലയെ അഭിമുഖീകരിച്ചാണു് സ്ക്രീൻ കെട്ടിയിരിക്കുന്നതു്. സിനിമയിലെ കൂടുതൽ വെളിച്ചമുള്ള ദൃശ്യങ്ങൾ സ്ക്രീനിൽ പതിയുമ്പോൾ മഞ്ഞു മലയിൽ കുത്തിനിർത്തിയിരിക്കുന്ന തലകളും മറ്റു് അവയവങ്ങളും സ്ക്രീനിൽ പിന്നിൽ നിന്നു് നിഴൽ വീഴ്ത്തിക്കൊണ്ടിരുന്നു. സിനിമയിൽ ചാപ്ലിനും കുട്ടിയും നടക്കുന്ന ദൃശ്യത്തിനു് നടുവിൽ രണ്ടു തലകൾ എത്തി നോക്കുന്നതു പോലെ തോന്നിയതു് എന്നെ ഭയപ്പെടുത്തി. ചാപ്ലിൻ ആ തലകൾ കാണുമോ എന്ന പേടിയും എനിക്കുണ്ടായി. ചാപ്ലിൻ കഴിഞ്ഞ തവണത്തെപ്പോലെ പട്ടാളക്കാരെ നിരന്തരമായി ചിരിപ്പിച്ചുകൊണ്ടിരുന്നു. അവരുടെ ചിരികളിൽ നിന്നു് കാട്ടുപോത്തുകൾ ഇറങ്ങി വരുകയാണെന്നു് ഞാൻ സംശയിച്ചു. അകലെ നിന്നു് ക്യാമ്പ് ലക്ഷ്യമാക്കി വീണ്ടും വെടിയൊച്ചയെത്തുമോ എന്നും ഞാൻ ഭയന്നു. പ്രദർശനം കഴിഞ്ഞു് സ്ക്രീൻ അഴിച്ചെടുക്കാൻ ധൈര്യമുണ്ടായിരുന്നില്ല. കുത്തിനിർത്തിയ തലകൾ എന്നെ പേരെടുത്തു് വിളിക്കുമോ എന്ന ഭയം വേട്ടയാടുന്നുണ്ടായിരുന്നു. ഉറക്കം കിട്ടിയില്ല. അതിരാവിലെ പോകണമെന്നു് ഉറപ്പിച്ചിരിക്കുകയാണു്. പോകും മുമ്പു് ക്യാമ്പ് മേധാവിയെ കാണുകയും വേണം. അത്രയും രാവിലെ അദ്ദേഹം ഉണരുമോ എന്നെനിക്കുറപ്പില്ല. ഏതായാലും പരമാവധി നേരത്തെ പോവുക തന്നെ വേണം. അതിരാവിലെ കുളിച്ചൊരുങ്ങി അദ്ദേഹത്തെ കാണാൻ ചെന്നു. കറങ്ങുന്ന കസേരയിലിരുന്നു് വാക്കിടോക്കിയിൽ അദ്ദേഹം ആരുമായോ സംസാരിക്കുകയാണു്.

എന്നെ കണ്ടതും മേധാവി സംസാരം നിർത്തി. എണീറ്റു വന്നു് കൈ തന്നു. പോക്കറ്റിൽ നിന്നു നോട്ടുകളും. പട്ടാളക്കാർക്കു് ആനന്ദത്തിന്റെ ചെറിയ ഇടവേളകൾ സമ്മാനിച്ചതിനാണു് ഈ പണം. ഇവിടെ നടന്നതും കണ്ടതും കേട്ടതുമെല്ലാം വെറും സിനിമാക്കഥ. അതിനപ്പുറത്തു് ഇതിനൊന്നും വ്യാഖ്യാനമില്ല. സൈനികർക്കു് ആത്മവിശ്വാസം പകരാൻ ഇത്തരം നടപടികൾ അനിവാര്യമാണു്. ഊമയെപ്പോലെ തലയാട്ടി ഞാൻ എല്ലാം കേട്ടു കൊണ്ടു നിന്നു. സൈനിക ട്രക്കിൽ സുരക്ഷിതകേന്ദ്രത്തിൽ എത്തിക്കുമെന്നും അവിടെ നിന്നു് തുടർന്നുള്ള യാത്ര ഇഷ്ടംപോലെയാകാമെന്നും അയാൾ പറഞ്ഞു.

ഈ സംഭവത്തിനുശേഷവും പലയിടത്തും ഞാൻ സിനിമകൾ പ്രദർശിപ്പിച്ചു. ഇപ്പോഴും അതു തന്നെ തുടരുകയാണു്. എനിക്കു് ഇന്നും അതിനെങ്ങിനെ സാധിക്കുന്നു എന്നായിരിക്കും നിങ്ങൾക്കു ചോദിക്കാനുണ്ടാവുക. ജീവിതമല്ലേ സുഹൃത്തുക്കളേ. പക്ഷേ, ഒന്നുണ്ടു്, പിന്നീടു് ഒരിക്കലും മഞ്ഞുപെയ്യുന്ന ദേശങ്ങളിലോ അതിർത്തിപ്രദേശങ്ങളിലോ സൈനിക ക്യാമ്പുകളിലോ ഞാൻ സിനിമയുമായി പോയിട്ടില്ല. മഞ്ഞുപെയ്യുന്നു എന്നു് കേട്ടാൽ തന്നെ ഭയം വന്നു നിറയുകയാണു്.

അപൂർവമനുഷ്യരുടെ ആത്മകഥകൾ കേട്ടെഴുതുന്ന ഒരാൾ എന്നെത്തേടി വരുമെന്നു് പറഞ്ഞിട്ടുണ്ടു്. അയാളോടു് ഇതൊക്കെത്തന്നെ ആവർത്തിക്കേണ്ടി വരും. എന്റെ ആത്മകഥയും ചരിത്രപുസ്കത്തിന്റെ മടക്കുകളിൽ ഇടം തേടട്ടെ. നാളെ ആർക്കെങ്കിലും അതു് സിനിമയാക്കണമെന്നു് തോന്നിയാലോ.

25 വർഷം പത്രപ്രവർത്തകൻ. മാധ്യമം, മലയാളം ന്യൂസ് (ജിദ്ദ) പത്രങ്ങളിൽ. മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ സ്വദേശി. യാത്രാ വിവരണത്തിനു് 2010-ൽ ‘മരുഭൂമിയുടെ ആത്മകഥ’ക്കു് കേരള സാഹിത്യ അക്കാദമി പുരസ്ക്കാരം. കെ. വി. സുരേന്ദ്രനാഥ് പുരസ്ക്കാരം (മരുമരങ്ങൾ), കമലാ സുരയ്യ പ്രതിഭാ പുരസ്ക്കാരം (മരുഭൂമിയുടെ ആത്മകഥ) എന്നിവയും ലഭിച്ചു. കേന്ദ്ര സാംസ്ക്കാരിക വകുപ്പിന്റെ സീനിയർ ഫെല്ലോയായിരുന്നു. മരുഭൂമിയുടെ ആത്മകഥ കാലിക്കറ്റ് യൂണിവേഴ്സിറ്റി ബിരുദ വിദ്യാർത്ഥികൾക്കു് പാഠപുസ്തകമായിരുന്നു. അറേബ്യൻ മരുഭൂ യാത്രകളുടെ ഇംഗ്ലീഷ് പുസ്തകം ‘ക്യാമൽസ് ഇൻ ദ സ്കൈ’ ഓക്സ്ഫഡ് യൂണിവേഴ്സിറ്റി പ്രസ് ഇന്ത്യ പ്രസിദ്ധീകരിച്ചു.
ചിത്രീകരണം: ജി. രജീഷ്, അഷ്റഫ് മുഹമ്മദ്