‘സുഗത കുമാരൻ.’
റിസപ്ഷനിലെ സുന്ദരിയുടെ കിളിനാദം അന്തരീക്ഷത്തെ പുണർന്നു നിന്ന തണുത്ത മൗനത്തെ തളർത്തിയതോടെ, ദിവാകരൻ മനം മടുപ്പിക്കുന്ന ഓർമ്മകളുടെ ഗർത്തത്തിൽ ചൂഴ്‌ന്നു നിൽക്കുകയായിരുന്ന മനസ്സിനെ വലിച്ചൂരിയെടുത്തു് അല്പം സങ്കോചത്തോടെ സുഗതനെ നോക്കി.
തിരക്കേറിയ അർദ്ധനഗരത്തിനു് ആഡംബരം സമ്മാനിച്ചു് പുതുതായി നിർമ്മിച്ച ഷോപ്പിംഗ് മാളിലെ രണ്ടാമത്തെ നിലയിലുള്ള കൗൺസിലിംഗ് സെന്ററിലെ ചില്ലുകൂടിനകത്തുള്ള മഞ്ഞയും നീലയും കലർന്ന ഫൈബർ കസേരയിൽ, അതുവരെ മുകളിലെ വെളുത്ത പ്രതലത്തിലേക്കു് നോക്കി മന്ദിപ്പോടെയിരുന്ന മെലിഞ്ഞ വൃദ്ധൻ വെപ്രാളത്തോടെ അടുത്തിരിക്കുന്ന സ്ത്രീയെ തുറിച്ചു നോക്കി. ആ നഗരത്തിലെ പ്രശസ്തനായ കൗൺസിലറാണു് അരുൺ പ്രഭാകർ. ഒരു മണിക്കൂർ സംസാരിക്കാൻ അയാൾക്കു് കൊടുക്കേണ്ടതു് മൂവായിരം രൂപയാണു്.
“വാ മോനെ.”
പതറിയ നോട്ടവുമായി ശോകത്തിലിരിക്കുന്ന സുഗതകുമാരനെ നോക്കി ദിവാകരൻ ഹൃദയവിക്ഷോഭത്തോടെ മന്ത്രിച്ചു. അയാളുടെ ഇടറിയ വാക്കുകളും മിഴികളിലെ ഉത്കണ്ഠയും സുഗതകുമാരനിൽ യാതൊരു പ്രതികരണവും സൃഷ്ടിച്ചില്ല. വിശാലമായ മുറിയെ പൊതിഞ്ഞു പിടിച്ച എ. സി.യുടെ കുളിരിനിടയിലും ദിവാകരന്റെ ഉള്ളിൽ കനലെരിഞ്ഞു. ഒഴിഞ്ഞു കിടക്കുന്ന കസേരകളിലേക്കു് കണ്ണുകൾ നട്ടിരിക്കുന്ന അയാളിൽ മകനെ പറ്റിയുള്ള ആകുലതകൾ പെരുമ്പാമ്പിനെ പോലെ ഇഴഞ്ഞു കയറി വരിഞ്ഞു മുറുക്കി ശ്വാസം മുട്ടിച്ചു.
സുഗതകുമാരൻ സ്കൂളിൽ പഠിക്കുന്ന കാലത്തേ കടുത്ത അലസനായിരുന്നതു് കൊണ്ടാണു് നാട്ടുകാർ അവനെ തണുപ്പനെന്നും മണുക്കൂസനെന്നുമൊക്കെ വിളിക്കാൻ തുടങ്ങിയതു്. ഏകാന്തവും വിരസവുമായ അയാളുടെ ഒറ്റയടിപ്പാതകളിൽ എന്നും മടിയൻ എന്ന വാക്കു് മറ്റുള്ളവരാൽ നിരന്തരം തെറിപ്പിക്കപ്പെട്ടു കൊണ്ടിരുന്നു. ആരോടും അധികം സംസാരിക്കാതെ, മൗനത്തിന്റെ താഴ്‌വാരങ്ങളിൽ സുഗതകുമാരൻ അലഞ്ഞു. വായനശാലയും പുസ്തകവുമായി ലക്ഷ്യബോധമില്ലാതെ വിരാജിക്കുകയായിരുന്ന കുമാരനെ, സുഹൃത്തായ തോമാച്ചന്റെ കടയിൽ പണിക്കു് നിർത്തിയതിനു ശേഷമാണു് ദിവാകരൻ കല്യാണം കഴിപ്പിച്ചതു്. കാലം കടന്നു പോകവേ കുമാരനു പ്രായം വർധിക്കുകയും സുഗന്ധിയിൽ രണ്ടു് മക്കൾ ഉണ്ടാവുകയും അയാളുടെ ആലസ്യം പെറ്റു പെരുകുകയും ചെയ്തു. സുഗന്ധി പരമാവധി അയാളോടു് പൊരുത്തപ്പെട്ടു ജീവിക്കാൻ ശ്രമിച്ചെങ്കിലും ഈയിടെയായി അവൾ സഹനത്തിന്റെ അവസാന പടിയിൽ എത്തിയിരിക്കുന്നു. കടയിലെ വരുമാനത്തിൽ ജീവിതം മുന്നോട്ടു് കൊണ്ടു് പോകുക അസാധ്യമാണു് എന്ന തിരിച്ചറിവിൽ ഭാവിജീവിതമെന്ന പ്രതിസന്ധിക്കു് മുന്നിൽ സുഗന്ധി വ്യാകുലപ്പെടുമ്പോൾ കുമാരൻ അതൊന്നും ശ്രദ്ധിക്കാതെ എന്നും രാവിലെ തോമാച്ചന്റെ കടയിലേക്കു് പോവുകയും വൈകുന്നേരം പുതിയ പുസ്തകങ്ങളുമായി ആഹ്ലാദത്തോടെ തിരിച്ചു വരികയും ചെയ്തു. വായനശാലയിൽ നിന്നും പുതിയ പുസ്തകം കിട്ടുമ്പോൾ നിധി കിട്ടിയതു് പോലെ സുഗതകുമാരൻ ഉന്മാദവാനാകും. മക്കളുടെ ഭാവി ഓർത്തു സുഗന്ധി പരിഭ്രമിക്കുമ്പോഴും കുമാരൻ അതിലൊന്നും ഉത്സുകനാവാതെ പുസ്തകത്തിന്റെ അകത്തളങ്ങളിലേക്കു് നൂണ്ടിറങ്ങുന്നതു് പതിവായതോടെയാണു് അവൾ പരാതിയുമായി അച്ഛൻ ദിവാകരനെ സമീപിക്കുന്നതു്. അതോടെ ദിവാകരൻ മകനെയും കൂട്ടി, സദാനന്ദൻ മാഷിന്റെ അഭിപ്രായം മാനിച്ചു് കൗൺസിലറായ അരുൺ പ്രഭാകറിന്റെ ഓഫീസിൽ എത്തുകയായിരുന്നു.
വീടകവും പരിസരവും ദുസ്സഹമാവുമ്പോൾ സുഗതകുമാരൻ തന്റെ പഴയ റാന്തലും പുസ്തകവുമെടുത്തു് മുറ്റത്തേക്കിറങ്ങും. നിലത്തു വീണു കിടക്കുന്ന ഉണക്കയിലകളെ നോവിക്കാതെ കുറ്റിച്ചെടികളും പടർപ്പും നിറഞ്ഞ, അയാൾ സ്ഥിരമായി നടക്കുന്നതു് കൊണ്ടു് മാത്രം സൃഷ്ടിക്കപ്പെട്ട കയർ പോലെയുള്ള ഒറ്റയടിപ്പാതയിലൂടെ മുന്നോട്ടു് നീങ്ങി, രാത്രിമഞ്ഞു് പുകയുന്ന നാട്ടുവഴിയിലേക്കിറങ്ങി തണുത്ത ഇരുട്ടിലേക്കു് അലിഞ്ഞു ചേരും. കലുഷിതമായ അന്തരീക്ഷത്തിൽ നിന്നും ശാന്തിയുടെ കുളിർമ്മയിലേക്കുള്ള തീർത്ഥാടനം പോലെയായിരുന്നു അതു്. മുന്നൂറു് മീറ്റർ താഴേക്കിറങ്ങിയാൽ കാടാണു്. അതിലേക്കു് കടക്കുന്ന വഴിയിലെ വലിയ മരത്തിലുള്ള ഏറുമാടമാണു് അയാളുടെ ലക്ഷ്യം.
വീട്ടിനകത്തെ തർക്കങ്ങളും ‘ഗൾഫിൽ പോയി വല്ലതും ഉണ്ടാക്കി സ്വന്തമായി ഒരു വീടെടുക്കാൻ നോക്കടാ’ എന്നുള്ള അമ്മ നാരായണിയുടെ നിരന്തരമായ ശകാരവും സുഗന്ധിയുടെ ഇരുണ്ട മുഖവുമെല്ലാം മറന്നു് നിസ്സീമമായ സമാധാനത്തിന്റെ നനവു് തേടി സുഗതകുമാരൻ ഇടക്കു് അവിടെ പോയി താമസിക്കാറുണ്ടു്.
ഏറുമാടത്തിൽ കയറിയാൽ അയാൾ കുറെ സമയം ആരണ്യവിദൂരതയിലേക്കു് നയനങ്ങൾ അഴിച്ചു വിട്ടു് നിശ്ചലനായി ഇരിക്കും. ചന്ദനത്തോടിനു മുകളിൽ പൊതിയുന്ന പ്രഭാതമഞ്ഞിനെ പോലെ വിഷാദം അയാളെ ആവരണം ചെയ്യും. അപ്പോഴയാൾ വനാന്തരങ്ങളിലേക്കു് ദൃഷ്ടികളയച്ചു് ഉച്ചത്തിൽ കൂവും. അതിന്റെ പ്രതിധ്വനി ശ്രവിച്ചു് പുസ്തകം കയ്യിലെടുക്കും. മാടത്തിന്റെ ഒരു ഭാഗത്തു കാപ്പിത്തോട്ടങ്ങളാണു്. അതിനു് പിന്നിലെ മൺപാതയിലൂടെ നടന്നാൽ പ്രധാന റോഡിലേക്കു് കയറാം. ആ റോഡിൽ മിക്കപ്പോഴും കാട്ടാനകളുടെയും കടുവകളുടെയും ആക്രമണമുണ്ടാവാറുണ്ടു്. ആ ഭാഗത്തുള്ള എസ്റ്റേറ്റിലാണു് അയാളുടെ അച്ഛൻ ദിവാകരൻ പണിക്കു് പോകുന്നതു്. അതിനിടയിലൂടെ ചന്ദനത്തോടു് സുഗതനോടു് ഐക്യദാർഢ്യം പ്രകടിപ്പിച്ചു് മൂകമായി ഒഴുകുന്നു. അയാൾ രാത്രി വൈകുവോളം റാന്തൽ വെളിച്ചത്തിൽ നോവലോ കഥകളോ വായിച്ചിരിക്കും. മന്ദമാരുതന്റെ നനുത്ത നിശ്വാസവും കിളികളുടെ നിശാകൂജനങ്ങളും ചുറ്റും തങ്ങി നിൽക്കുമ്പോൾ അയാൾ ഏകാകിയല്ലാതാവും. ആരൊക്കെയോ ചുറ്റിൽ നിന്നും അയാളോടു് സംസാരിക്കുന്നതു് പോലെ തോന്നും. അയാൾ അതിനു മറുപടി പറയും. കാട്ടുപുഷ്പങ്ങളെ തഴുകിയെത്തുന്ന സുഗന്ധവാഹിയായ ശീതക്കാറ്റിൽ ഉലയുന്ന വൃക്ഷങ്ങളുടെ പാശ്ചാത്തല സംഗീതത്തിൽ പക്ഷികൾ പാടുമ്പോൾ അയാൾ പതിയെ വാനത്തേക്കു് ഉയർന്നു പോകും. അയാൾക്കു് ചുറ്റും അക്ഷരങ്ങൾ നൃത്തം വെക്കും.
വെളുത്ത പട്ടുതുണി പോലെ ചുറ്റും പൊതിയുന്ന കാട്ടുമഞ്ഞിന്റെ ശൈത്യത്തിൽ വന്യമായ ഇരുൾ, ശിഖരങ്ങളിൽ പതിഞ്ഞുകിടക്കുന്ന വിളറിയ നിലാവിനെ തളർത്തി പരിസരദൃശ്യങ്ങൾ മായ്ച്ചു കളയുമ്പോൾ വായന മതിയാക്കി ഉറക്കത്തിലേക്കു് വഴുതവെ, പുസ്തകം മാറ്റി വെച്ചു് അയാൾ മുളകൾ കൊണ്ടുണ്ടാക്കിയ ഒരാൾക്കു് നീണ്ടു നിവർന്നു കിടക്കാൻ മാത്രം ദീർഘമുള്ള കട്ടിലിലേക്കു് ചെരിയും. ചുറ്റും ചിതറിക്കിടക്കുന്ന, അയാൾ എപ്പോഴൊക്കെയൊ എഴുതി പൂർത്തിയാവാത്ത കഥകൾ നിറഞ്ഞ വെളുത്ത കടലാസുകളുടെ ഇളക്കവും മരച്ചില്ലകൾ ഉലയുന്നതിന്റെ നിർമ്മലമായ ചലനങ്ങളും ഉള്ളിലേക്കു് വലിച്ചെടുത്തു് മയക്കത്തിന്റെ ആദ്യപടിയിലേക്കു് തെന്നി വീഴും. ഇളം തെന്നലിന്റെ വിതുമ്പലോ പച്ചിലകളുടെ മർമ്മരങ്ങളോ കാടിന്റെ അസ്പഷ്ടമായ പിറുപിറുക്കലുകളോ അയാളെ ഒരിക്കലും വ്യസനപ്പെടുത്താറില്ല. ഇടക്കൊരു ദിവസം അഗാധമായ നിദ്രയുടെ ഏതോ യാമത്തിൽ സ്വപ്നത്തിലെന്ന പോലെ ദേഹത്തൂടെ എന്തോ ഇഴയുന്നതായി തോന്നിയ സുഗതകുമാരൻ ഉഷസ്സിന്റെ കലമ്പലുകൾ കേട്ടു് ഞെട്ടിയുണർന്നപ്പോൾ ഒരു പച്ചോലപ്പാമ്പു് നിലത്തു വീണു കിടക്കുന്ന കടലാസിലിഴഞ്ഞു് അയാളുടെ കഥ വായിച്ചു കൊണ്ടിരിക്കുകയായിരുന്നു.
കടുത്ത വൈഷമ്യത്തോടെ ദിവാകരന്റെ കൂടെ അകത്തേക്കു് നടക്കുമ്പോൾ കുമാരന്റെ ചിന്തകൾ ചിന്നിച്ചിതറി. വീട്ടിലിരുന്നു വായിക്കുമ്പോൾ അമ്മയുടെ ക്ഷോഭവും, ‘കുട്ടികളെയൊ തന്നെയൊ ശ്രദ്ധിക്കാൻ സമയമില്ലാതെ എപ്പോഴും പുസ്തകത്തെ കെട്ടിപ്പിടിച്ചു കിടന്നോ മനുഷ്യാ’ന്നും പറഞ്ഞുള്ള സുഗന്ധിയുടെ പരിഭവങ്ങളുമെല്ലാം കെട്ടുപിണഞ്ഞു് അയാളിലേക്കു് ഉതിർന്നു വീഴും. മറ്റുള്ളവർ മൊബൈലിൽ സമയം തള്ളി നീക്കുമ്പോൾ അയാൾ വായിച്ചു കൊണ്ടേയിരിക്കും. അതു് കാണുമ്പോൾ പലരും മുഖം ചുളിക്കും. പതിവു് ശീലങ്ങളിൽ നിന്നും വ്യത്യസ്തമായതു് ഉൾകൊള്ളാൻ കഴിയാത്തവർ, ഈ കാലത്തും ഇങ്ങനെയൊക്കെ ഉള്ളവരുണ്ടോ എന്ന അമ്പരപ്പു് കലർന്ന ഭാവവുമായി അയാളിലേക്കു് ഈർച്ചവാൾ പോലെയുള്ള നോട്ടമെറിയുമ്പോൾ സുഗതകുമാരൻ മുഷിപ്പോടെ അൽപനേരം മൊബൈൽ എടുക്കും. താനും അവരെയൊക്കെ പോലെയാണു് എന്നു് കാണിക്കാൻ വേണ്ടി, മറ്റുള്ളവർക്കു് വേണ്ടിയുള്ള ചലനങ്ങൾ മാത്രം. മറ്റുള്ളവരുടെ കഥകളിലും ജീവിതങ്ങളിലും എത്തി നോക്കാനോ അതിലെ ദുർഗന്ധം വമിക്കുന്ന ജീർണ്ണതകൾ വലിച്ചു പുറത്തേക്കിട്ടു് ആസ്വദിക്കാനോ കൗതുകം കാണിക്കാത്ത അയാൾ തികച്ചും വ്യതിരിക്തനായി കാലത്തിനു പുറം തിരിഞ്ഞു നിന്നു.
ചുറ്റും മനോഹരമായ കർട്ടനിട്ട ഗ്ലാസ് റൂമിൽ എല്ലാവരുടെയും പ്രശ്നങ്ങൾ തീർക്കാൻ ലോകത്തു് ഞാൻ മാത്രമേ ഉള്ളൂ എന്ന കനത്തോടെ ഇരിക്കുന്ന അരുൺ പ്രഭാകർ അഹന്ത പറ്റിയ ചിരിയോടെ അവരെ സ്വാഗതം ചെയ്തു. അയാൾ ഹിന്ദി സിനിമാ താരങ്ങളെ അനുസ്മരിപ്പിക്കുന്ന വിധം മീശയില്ലാത്ത സുന്ദരനായിരുന്നു. ദേഹത്തെ കവച്ചു പിടിച്ച കറുത്ത കോട്ടിൽ അയാൾ വിളങ്ങി.
“ഇരിക്കൂ. എന്താണു് നിങ്ങളുടെ പ്രശ്നം? പറയൂ… എല്ലാം തുറന്നു പറയൂ.”
അയാൾ മുന്നിലെ ഗ്ലാസ്സ് ടേബിളിൽ തൃകോണാകൃതിയിൽ കൈകൾ ചേർത്തു വെച്ചു കൊണ്ടു് പ്രായത്താലും മനോവ്യഥയാലും തകർന്നിരിക്കുന്ന ദിവാകരന്റെ നരച്ചു ചുളിഞ്ഞ മുഖത്തേക്കു് സൂക്ഷിച്ചു നോക്കി. സുഗതന്റെ സാന്നിധ്യത്തിൽ എല്ലാം തുറന്നു പറയാനുള്ള വൈമുഖ്യത്തോടെയുള്ള ദിവാകരന്റെ ഇരിപ്പിലെ പകപ്പു് തിരിച്ചറിഞ്ഞ അരുൺ ബെല്ലിൽ വിരലമർത്തി. ദ്രുതഗതിയിൽ അകത്തേക്കു് കടന്നു വന്ന സുന്ദരിയോടു് സുഗതകുമാരനെ കൂട്ടി പുറത്തേക്കു് പോകാൻ ആംഗ്യം കാണിച്ചു.
സുഗതൻ പതിയെ എഴുന്നേറ്റു് മ്ലാനതയടിച്ച മിഴികൾ അലക്ഷ്യമായി ചുവരുകളിലേക്കു് വലിച്ചെറിഞ്ഞു് പുറത്തേക്കു് നടക്കുമ്പോൾ, കുറെ കാലമായി തലയിലേറ്റി നടന്ന കാപ്പിച്ചാക്കു് നിലത്തിറക്കി വെക്കാനുള്ള വ്യഗ്രതയോടെ ദിവാകരനിൽ നിന്നും വാക്കുകൾ പ്രവഹിക്കാൻ തുടങ്ങി.
കാതുകൾ കൂർപ്പിച്ചു പുറത്തെ കസേരയിൽ ഇരിക്കുമ്പോൾ സുഗതന്റെ മനസ്സിൽ തന്നെപറ്റി അച്ഛൻ അയാളോടു് എന്തൊക്കെ പറയുന്നുണ്ടാവും എന്ന ചിന്തയായിരുന്നു. അയാൾക്കപ്പോൾ സുഗന്ധിയെയും മക്കളെയും ഓർമ്മ വന്നു. പക്ഷേ, ദിവസങ്ങളായി അവളുമായി യാതൊരു തരത്തിലുള്ള ബന്ധവും ഇല്ലാതിരിക്കുന്നതിൽ സുഗതൻ അസ്വസ്ഥനായിരുന്നു. തലേന്നു് രാത്രി നോവൽ വായന മതിയാക്കി ലൈറ്റണച്ചു് ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോൾ അവൾ മുറിയിലേക്കു് വരുമെന്നു് അയാൾ പ്രതീക്ഷിച്ചിരുന്നു. പക്ഷേ, നിദ്രയുടെ ചുരത്തിലേക്കു് വഴുതി വീഴുന്നതിനു് മുമ്പു് നിശാനിശബ്ദതയെ കീറി മുറിച്ചു് കുട്ടികളുടെ മുറിയിൽ നിന്നും സുഗന്ധിയുടെ കൂർക്കം വലി ചെവികളിൽ തുളച്ചതോടെ അയാളിൽ തീക്ഷ്ണമായ തൃഷ്ണകൾ ഉണരുകയും കടുത്ത നൈരാശ്യത്തോടെ മൈബൈൽ എടുത്തു് ബാത്റൂമിലേക്കു് കയറുകയും ചെയ്തു.
കാലം തെറ്റി ജനിച്ചതാണോ അതോ കാലം അയാളെ ധൃതിയിൽ തള്ളി മാറ്റി കടന്നു പോയതാണോ എന്നു് തോന്നും വിധം സുഗതകുമാരൻ ദുർബ്ബലനും വേഗത കുറഞ്ഞവനുമായി ജീവിച്ചു. ഭാര്യയുമായി ഇടക്കെപ്പോഴെങ്കിലും സംഭവിക്കുന്ന രതി പോലും അയാൾ വളരെ പതുക്കെയായിരുന്നു നിർവ്വഹിച്ചിരുന്നതു്. ആർക്കോ വേണ്ടി അഭിനയിക്കുന്ന സിനിമാരംഗം പോലെയുള്ള നിർവ്വികാരമായ അയാളുടെ ചലനങ്ങളിൽ അമർഷം പൂണ്ടു് ചിലപ്പോൾ സുഗന്ധി അയാളെ വെറുപ്പോടെ തള്ളി മാറ്റി അടുത്ത മുറിയിലേക്കു് നീങ്ങും. പഴയ പുസ്തകങ്ങളുടെ വേവിച്ച കപ്പക്കിഴങ്ങിന്റേതു് പോലെയുള്ള മടുപ്പിക്കുന്ന വാട നിറഞ്ഞ ആ മുറിയിൽ പ്രവേശിക്കുമ്പോൾ സുഗന്ധിക്കു് മനം പുരട്ടലുണ്ടാവുകയും വയറ്റിൽ നിന്നും പുളിച്ചതെന്തോ പുറത്തേക്കു് ചാടാൻ വെമ്പുകയും ചെയ്യും. അയാൾ പലപ്പോഴും പുസ്തകം നെഞ്ചോടു് ചേർത്തു് നിഷ്കളങ്കമായി ഉറങ്ങുന്നതു് കാണുമ്പോൾ താനും ഒരു പുസ്തകമായിരുന്നെങ്കിൽ എന്നു് സുഗന്ധി ചിന്തിക്കാറുണ്ടു്.
“താൻ എല്ലാം തുറന്നു പറയണം.”
കൗൺസിലർ അയാളുടെ വൈദഗ്ധ്യത്തിനു യോജിച്ച ഗാംഭീര്യമണിഞ്ഞു്, രൂപത്തിനു് ചേരുന്ന ഗൗരവത്തോടെ തുടക്കമിട്ടു. സുഗതകുമാരൻ കുറെ സമയം ഒന്നും മിണ്ടാതെ മൂടിക്കെട്ടിയ കാർമേഘം പോലെ ഇരുന്നു. ദിവാകരൻ അയാളെ പറ്റിയുള്ള വിവരങ്ങൾ കൃത്യമായി നൽകിയിരുന്നതിനാൽ അരുൺ പ്രഭാകർ ക്ഷമയോടെ അവന്റെ മുഖത്തേക്കു് നോക്കി. കുറ്റിത്താടിയും കൈതച്ചെടിയുടെ കമ്പുകൾ പോലെ നെറ്റിയിലേക്കു് വീണു ചിതറിക്കിടക്കുന്ന ഒതുക്കമില്ലാത്ത മുടിയിഴകളുമായി ആത്മനിന്ദയിൽ ഉഴലുന്നതു് പോലെ മുന്നിലിരിക്കുന്ന ചെറുപ്പക്കാരന്റെ മുഖത്തു് ആരോടൊക്കെയൊ ഉള്ള നീരസം ഒട്ടിപ്പിടിച്ചിരിക്കുന്നതു് പോലെ തോന്നി അരുണിനു്. പക്ഷേ, ആ രൂപം അത്തരം സ്വഭാവ വ്യതിരിക്തതയുള്ള അയാൾക്കു് യോജിച്ച ദൃശ്യപൂർണ്ണത സമ്മാനിച്ചിരുന്നു.
പതിയെ, വളരെ പതിയെ കാർമേഘങ്ങൾ ചാറ്റൽ മഴയായി പൊടിഞ്ഞു വീഴുന്നതു് പോലെ സുഗതകുമാരൻ പറഞ്ഞു തുടങ്ങി. രാത്രിമഴയുടെ ബാക്കിപത്രമായി പ്രഭാതത്തിലെ മരപ്പെയ്ത്തിന്റെ പൊടിച്ചിൽ പോലെ അയാളുടെ ശബ്ദം എ. സി.യുടെ മൂളക്കത്തോടു് താദാത്മ്യം പ്രാപിച്ചു.
“ഡോക്ടർ, എനിക്കു് മറ്റുള്ളവരെ പോലെയാവാൻ പറ്റുന്നില്ല. കഠിനമായ ജോലി ചെയ്യാനോ കൂടുതൽ പൈസ ഉണ്ടാക്കണമെന്നോ ആഗ്രഹമില്ല. പണിയെടുക്കാതെ എപ്പോഴും പുസ്തകം വായിച്ചു കൊണ്ടിരിക്കാൻ തോന്നുന്നു.”
അരുൺ പ്രഭാകർ സുഗതകുമാരനെ തുറിച്ചു നോക്കി.
“പറയൂ… കൗൺസിലറോടും വക്കീലിനോടും കള്ളം പറയരുതു്.” അയാൾ അങ്ങേയറ്റം മൃദുവായ ശബ്ദത്തിൽ പ്രോത്സാഹിപ്പിച്ചു.
“പിന്നെ… എനിക്കു് ഭാര്യയുമായി ഒന്നിനും താല്പര്യമില്ല ഡോക്ടർ… പക്ഷേ,…”
“പക്ഷേ,…?”
“മറ്റു സ്ത്രീകളെ കാണുമ്പോൾ അടക്കാനാവാത്ത വികാരം അനുഭവപ്പെടുന്നു. അവരെ പറ്റി മോശമായ രീതിയിൽ ചിന്തിക്കുന്നു. വഴിയിൽ കാണുന്ന ഭംഗിയായി വസ്ത്രം ധരിച്ച സ്ത്രീകളോടൊക്കെ വല്ലാത്ത മോഹം തോന്നുന്നു. അതു് എന്റെ ഭാര്യയുടെയത്ര സുന്ദരിയല്ലാത്തവരായാലും. സുഗന്ധി സാരിയുടുത്തു് വരുന്നതു് എനിക്കിഷ്ടമാണു്. പക്ഷേ, അവൾ മാസത്തിൽ ഒരിക്കൽ ചടങ്ങു് പോലെ എന്റെ അരികിലേക്കു് വരും. നിറമില്ലാത്ത മങ്ങിയ നൈറ്റിയുടുത്തു്. അലക്കാനിട്ട മുഷിഞ്ഞ വസ്ത്രങ്ങൾ കൂട്ടമായി അടുത്തു് വരുന്നതു് പോലെയുള്ള അസഹ്യമായ വിയർപ്പു് ഗന്ധം മുറിയിലാകെ പൊതിയുന്നതു് പോലെ തോന്നും. എനിക്കു് വല്ലാത്ത മടുപ്പടിക്കും. എന്റെ അഭിലാഷങ്ങളൊക്കെ അവഗണിക്കപ്പെടുന്നു. അകാലത്തിൽ വാർദ്ധക്യം ബാധിച്ച ദാമ്പത്യമാണു സാർ എന്റേതു്. കറുത്ത മുടിയും ചുളിയാത്ത മുഖങ്ങളുമുള്ള വൃദ്ധദമ്പതികൾ. ശരീരത്തേക്കാൾ വേഗത്തിൽ വാർദ്ധക്യം ബാധിക്കുന്നതു് മനസ്സിനെയാണു്.”
കനത്ത മൂളലോടെ ചെയറിലേക്കു് ചാഞ്ഞിരിക്കുമ്പോൾ അരുൺ പ്രഭാകർ ഗാഢമായ ആലോചനയിലായിരുന്നു. പെട്ടെന്നയാൾ പ്രസരിപ്പോടെ തലയുയർത്തി.
“നോക്ക്, സുഗതൻ, ഭാര്യയും ഭർത്താവും ഒരേ ചങ്ങലയിലെ രണ്ടു് കണ്ണികൾ പോലെ തുല്യ പ്രാധാന്യമുള്ളവരാണു്. ഭാര്യക്കു് കൊടുക്കേണ്ടതു് കൃത്യസമയത്തു് കൊടുക്കണം. ഇല്ലെങ്കിൽ…” അയാൾ അശ്ലീലം നിറഞ്ഞ ചിരിയോടെ കുമാരനെ നോക്കി. ഏതോ ഗുഹയുടെ ആഴങ്ങളിൽ നിന്നും പുറപ്പെടുന്നതു് പോലെയുള്ള മുഴക്കമുണ്ടായിരുന്നു അയാളുടെ ഗർവ്വു് നിറഞ്ഞ ശബ്ദത്തിനു്.
“പക്ഷേ, പലപ്പോഴും നിസ്സഹായത എന്നെ വരിഞ്ഞു മുറുക്കുന്നതു് പോലെ. യാതൊരു കഴിവുമില്ലാത്ത നിസ്സാരനാണെന്ന അപകർഷതാ ബോധമാണെനിക്കു്. പുസ്തകങ്ങളോടു് മാത്രമേ കൂട്ടു് കൂടാൻ തോന്നുന്നുള്ളൂ സാർ. അതു് കഥകളോ കവിതകളോ നോവലോ ചരിത്രമൊ ലേഖനമൊ എന്തായാലും. ആയിരം പേജുള്ള പുസ്തകം കിട്ടിയാലും ഒരു പേജ് പോലും ഒഴിവാക്കാതെ വായിക്കും. അക്ഷരങ്ങളോടു് വല്ലാത്ത ദാഹമാണു്. അരിമണി പൊറുക്കി തിന്നുന്നതു് പോലെ ഓരോ അക്ഷരവും ഞാൻ മെല്ലെ ഭക്ഷിക്കും. സാറിനറിയുമോ നമ്മൾ കാണുന്ന അക്ഷരങ്ങൾ വെറും അക്ഷരങ്ങളല്ല, ഓരോ അക്ഷരത്തിനും ഉള്ളിൽ വേറെയും കുറെ അക്ഷരങ്ങൾ ഒളിഞ്ഞിരിക്കും. വാക്കുകൾക്കു് പിന്നിൽ കുറെ വാക്കുകൾ, ചിലപ്പോൾ അദമ്യമായ ആവേശത്തോടെ പുസ്തകത്തെ പ്രാപിക്കാൻ തോന്നുന്നു. എനിക്കു് സമ്പത്തിനോടു് ആർത്തിയില്ല ഡോക്ടർ… പക്ഷേ, അക്ഷരങ്ങളോടു് തീവ്രമായ പ്രണയമാണു്. അതു് മറ്റുള്ളവർക്കു് ദഹിക്കുന്നില്ല. ചിലപ്പോൾ ബന്ധങ്ങളുടെ ചങ്ങലക്കെട്ടുകൾ നമ്മുടെ ഏറ്റവും നല്ല ഇഷ്ടങ്ങളെ പോലും റദ്ദ് ചെയ്തു കളയും. എന്റെ ജീവിതം മറ്റുള്ളവരെ എന്തിനാണു് അലോസരപ്പെടുത്തുന്നതു്? ഞാൻ ആരെയും ഉപദ്രവിക്കുന്നില്ലല്ലോ സാർ. പാരമ്പര്യ വീഥികളിൽ നിന്നും വഴി മാറി സഞ്ചരിക്കുന്നവരോടു് എന്തിനാണു് ഇത്രയും വിദ്വേഷം? മറ്റുള്ളവർ വെട്ടിത്തെളിക്കുന്ന വഴികളിലൂടെയാണോ നമ്മൾ സഞ്ചരിക്കേണ്ടതു്? എന്തിനാണു് എല്ലാവരും അപരന്റെ ജീവിതത്തിലേക്കു മാത്രം നോക്കുന്നതു്?”
അയാൾ അരുണിന്റെ മുഖത്തേക്കു് തുറിച്ചു നോക്കി.
“താൻ മറ്റുള്ള സ്ത്രീകളിലേക്കു് ആക്രാന്തത്തോടെ നോക്കുമ്പോൾ സംഭവിക്കുന്നതും അതല്ലേ?”
“പക്ഷേ, ഞാൻ അവരുടെ ഇടങ്ങളിലേക്കു് അതിക്രമിച്ചു കയറുന്നില്ലല്ലോ. എന്റെ തെറ്റുകൾ അവരെ ബാധിക്കാത്തിടത്തോളം പ്രശ്നമില്ലല്ലോ സാർ.”
“അതു് പോട്ടെ, എന്നാൽ തനിക്കു് ഭാര്യയെ ഒരു പുസ്തകമായി കണ്ടു കൂടെ?”
“ഒരു പുസ്തകം തുറന്നാൽ സുഗന്ധമല്ലേ സാർ അനുഭവപ്പെടുക? ഓരോ പുസ്തകവും എനിക്കു് എന്റെ കുട്ടിയെ പോലെയാണു്. അതുകൊണ്ടു് എന്റെ സ്വന്തം മക്കളെ പോലും ശ്രദ്ധിക്കാൻ പറ്റുന്നില്ല. പുസ്തകമണമുള്ള മുറിയിൽ കിടന്നാലേ എനിക്കു് ഉറക്കം വരൂ. ഇതൊരു രോഗമാണോ സാർ?”
“ഒരിക്കലുമല്ല സുഗതാ, വായന നല്ലതല്ലേ. പക്ഷേ, അധികമാവരുതു്. താൻ എഴുതാറുണ്ടോ?”
“ഉണ്ടു് സാർ. പക്ഷേ, എന്റെ ജീവിതം പോലെ എവിടെയും എത്തുന്നില്ല. ഞാൻ എഴുതിയ കഥകൾ വായിച്ചു നോക്കാനോ അഭിപ്രായം പറയാനോ ആരുമില്ല. എനിക്കു് സാഹിത്യം ചർച്ച ചെയ്യാൻ ഒത്തിരി ഇഷ്ടമാണു്. പക്ഷേ, എല്ലാവരും സംസാരിക്കുന്നതു് സിനിമയും രാഷ്ട്രീയവും സ്പോർട്സും മാത്രമാണു്. അതൊക്കെ വലിയവരുടെ കാര്യമല്ലെ. വഴിയിൽ ഫുട്ബോൾ കളിക്കാരന്റെ വലിയ ഫോട്ടോ കാണുമ്പോൾ ഓർക്കാറുണ്ടു്. എന്തു കൊണ്ടാണു് ഒരു പുസ്തകത്തിന്റെ അല്ലെങ്കിൽ അതെഴുതിയ എഴുത്തുകാരന്റെ ഫോട്ടോ വെക്കാത്തതു്? അതല്ലേ സാർ വേണ്ടതു്. സ്വന്തമായി വീടെടുക്കാൻ ഗൾഫിൽ പോകണമെന്നാണു് അമ്മക്കു്. പക്ഷേ, എനിക്കു് എങ്ങും പോകണ്ട, വലിയ വീടും വേണ്ട. അല്ലെങ്കിലും എന്തിനാണു് എല്ലാവരും ഇത്രയും വലിയ കൊട്ടാരങ്ങൾ പണിയുന്നതു്. ഒരുപാടു് കുട്ടികളും സ്ത്രീകളും തെരുവിൽ കിടക്കുമ്പോൾ. അത്തരം കാഴ്ചകൾ എന്നിൽ വല്ലാത്ത നൊമ്പരമുണ്ടാക്കുന്നു. എനിക്കു് ലളിതമായി ജീവിച്ചാൽ മതി. എല്ലാവരും വലുതു് മാത്രം ആഗ്രഹിക്കുമ്പോൾ ചെറുതു് ആഗ്രഹിക്കാനും ആരെങ്കിലും വേണ്ടേ സാർ. ലോകത്തിന്റെ ഇച്ഛകളോടു് പിന്തിരിഞ്ഞു നിൽക്കുന്നതു് അത്ര വലിയ പാപമാണോ?”
“ഓരോരുത്തർക്കും ഓരോ ഇഷ്ടങ്ങളല്ലേ. പിന്നെ, മടി മാറാനുള്ള വഴി ജീവിതത്തിനു് ഒരു ലക്ഷ്യമുണ്ടാവുക എന്നതാണു്. താനിപ്പോൾ നദിയിൽ അനന്തമായി ഒഴുകുന്ന പൊങ്ങുതടി പോലെയാണു്.”
അരുൺ ടേബിളിൽ വെച്ച വെള്ളത്തിന്റെ കുപ്പി മൂടി തുറന്നു് വായിലേക്കു് കമിഴ്ത്തി.
“തനിക്കു് എന്തെങ്കിലും ദുഃശീലങ്ങൾ ഉണ്ടോ?”
“ഇല്ല. അതു് കാരണമായിരിക്കുമോ എനിക്കു് സുഹൃത്തുക്കളില്ലാത്തതു്? അവരോടൊപ്പം ഓടിയെത്താനാവുന്നില്ല. ഇപ്പോഴത്തെ സൗഹൃദങ്ങൾക്കും പ്രണയങ്ങൾക്കുമൊക്കെ നല്ല വേഗമല്ലേ സാറേ. അവരെയൊക്കെ പോലെ കുടിയോ വലിയൊ കഞ്ചാവോ ഒന്നുമില്ലാത്തതു് കൊണ്ടാണോ എല്ലാവരും എന്നെ അവഗണിക്കുന്നതു്. ഈ കാലത്തിനു യോജിക്കാത്ത ജന്മമാണോ എന്റേതു്. മുമ്പു് കഴിഞ്ഞു പോയ ഏതോ സ്റ്റോപ്പിൽ ഇറങ്ങേണ്ട ആളായിരുന്നോ ഞാൻ? എന്റെ ലഹരി പുസ്തകങ്ങളാണു്. പിന്നെ, മറ്റുള്ളവർക്കു് പ്രയാസങ്ങൾ വരുമ്പോൾ സന്തോഷിക്കുന്ന മനസ്സുണ്ടോ എന്ന സംശയവുമുണ്ടു് സാറേ. അതു് ഏറ്റവും അടുത്തവർക്കായാൽ പോലും. അവരുടെ വിഷമങ്ങൾ എന്നിൽ സങ്കടമുണ്ടാക്കുന്നില്ല. തൊട്ടടുത്തുള്ള ആരെങ്കിലും മരിച്ചാൽ പോലും കടുത്ത നിസ്സംഗതയൊ അനിർവചനീയമായ ആനന്ദമോ അനുഭവപ്പെടുന്നു. പിന്നെ വേറൊരു കാര്യം കൂടിയുണ്ടു് ഡോക്ടർ.” പറയണോ വേണ്ടയോ എന്ന സംശയത്തിൽ സുഗതൻ ഒരു നിമിഷം മൗനിയായി.
“എനിക്കു് ഭാര്യയോടു് ബന്ധപ്പെടുന്നതിനേക്കാൾ ഇഷ്ടം ഒറ്റക്കു്…”
അയാൾ അർദ്ധോക്തിയിൽ നിർത്തി.
വളരെ ശോചനീയമായ അവസ്ഥയിലൂടെ കടന്നു പോകുന്ന അസാധാരണമായ വിഷയാസക്തിയുള്ള ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്ന സൈക്കോയാണു് തന്റെ മുന്നിൽ ഇരിക്കുന്നതെന്ന യാഥാർഥ്യം ബോധ്യപ്പെട്ട അരുൺ അല്പനേരം സ്തബ്ധനായി ഇരുന്നു പോയി. ഒരുപാടു് നിഗൂഢതകളുള്ള വായിച്ചാൽ മനസ്സിലാവാത്ത ഗഹനമായ ഒരു പുസ്തകമാണിയാൾ. അയാളുടെ കൈയ്യിലെ സ്പിന്നർ വേഗത്തിൽ കറങ്ങിക്കൊണ്ടിരുന്നു.
“നോക്കു് കുമാരാ, ഒരു കണക്കിനു് നോക്കിയാൽ ഭൂരിപക്ഷം മനുഷ്യരും സ്വാർത്ഥരാണു്. ആത്യന്തികമായി തന്നെ മാത്രം സ്നേഹിക്കുന്ന ജീവികൾ. ലോകത്തിലെ സകല മനുഷ്യർക്കും ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ കൗൺസിലിംഗ് ആവശ്യമാണു്. ലൈംഗികത വിജനമായ കാട്ടുപാതകളിൽ കൂടിയുള്ള ഊഷ്മളമായ ഡ്രൈവിംഗ് പോലെയാണു്. ഡ്രൈവർ പുരുഷനാണെങ്കിലും ഇടക്കു് ഭാര്യയുടെ കയ്യിലേക്കു് സ്റ്റിയറിങ്ങ് വിട്ടു കൊടുത്തിട്ടു് ഭർത്താവു് സീറ്റിൽ ചാരിയിരിക്കണം. സാധാരണ മനുഷ്യർ ചിലപ്പോൾ മറ്റുള്ളവരുടെ കാഴ്ചകൾക്കു് അനുസൃതമായാണു് ജീവിക്കുന്നതു്. നമുക്കു് എല്ലാം ശരിയാക്കാം. അടുത്ത തവണ വരുമ്പോൾ തന്റെ ഭാര്യയെയും കൂടി കൊണ്ടു് വരിക. ഞാൻ അച്ഛനോടു് പറയാം.”
അതു് പറയുമ്പോൾ അയാളുടെ കണ്ണിലെ തിളക്കം കുമാരനു് മനസിലായില്ല. കാപട്യങ്ങൾ തിരിച്ചറിയാനുള്ള ശേഷി അയാൾക്കില്ലായിരുന്നല്ലോ.
പുറത്തേക്കിറങ്ങുമ്പോൾ സുഗതകുമാരനിൽ നേർത്തൊരു ആത്മവിശ്വാസവും ഉണർവ്വും പ്രകടമായിരുന്നു.
കനമുള്ള അന്ധകാരത്തിന്റെ വിജനതയിൽ ‘ലൗ വില്ല’ യുടെ ഗേറ്റ് തുറന്നു് അയാൾ വണ്ടി അകത്തേക്കു് കയറ്റി പാർക്ക് ചെയ്യുമ്പോൾ പാതിരാ കഴിഞ്ഞിരുന്നു.
“നിങ്ങൾ ഇതെന്തു് ഭാവിച്ചാണു്? മനുഷ്യർക്കു് കിടന്നുറങ്ങണ്ടേ. നാടു് മുഴുവൻ ചുറ്റി ബോധമില്ലാതെ അർദ്ധരാത്രി തിരിച്ചു വരും.” പ്രസന്നയുടെ അനിഷ്ടം നിറഞ്ഞ വാക്കുകൾ കേട്ടപ്പോൾ അയാളിൽ കോപം നുളഞ്ഞു കയറി.
“ഫ, ഞാൻ എനിക്കു് തോന്നുമ്പോ കയറി വരും. ഇതെന്റെ വീടാണു്. നിനക്കു് സൗകര്യമുണ്ടെങ്കിൽ നിന്നാൽ മതി. കേട്ടോടീ. പുല്ലേ…” അരുൺ പ്രഭാകർ അലർച്ചയോടെ ചുവന്ന കണ്ണുകളും ഇടറിയ കാലുകളുമായി അകത്തേക്കു് നടന്നു. പെട്ടെന്നു് തിരിഞ്ഞു നിന്നു് അവളെ പിടിച്ചു നെഞ്ചോടു് ചേർത്തു് ബലമായി ചുംബിക്കാൻ ശ്രമിച്ചു.
“വല്ലാത്ത നാറ്റം…” അവൾ കുതറി മാറി അയാളെ തള്ളി മാറ്റി.
“അതേടീ നിനക്കിപ്പോ എന്റെ കൊണം പിടിക്കില്ല. പുല്ലത്തി.” അയാൾ ചീറി.
“കുറെ പിടിച്ചിട്ടു് എന്തിനാണു്? ഒരു കുട്ടിയെ തരാൻ നിങ്ങൾക്കു് പറ്റിയൊ? പണമുണ്ടാക്കി നടന്നോ. ബന്ധം ആകാശവും ഭൂമിയും പോലെയാണെങ്കിലും ഇടക്കെങ്കിലും ആർത്തു പെയ്തു ഭൂമിയിൽ വല്ലതും കിളിർപ്പിക്കണം.” അവളും വിട്ടു കൊടുത്തില്ല.
“ഡീ… പൂ മോളെ. നിന്റെയൊരു സാഹിത്യം. കുറെ കൂറ പുസ്തകങ്ങളും വായിച്ചിട്ടു്. എനിക്കു് പൈസ തന്നെയാണു് വലുതു്. ഇനിയും ഞാൻ പണമുണ്ടാക്കും. നിന്നെ പോലെയുള്ള ഒരുത്തനെ ഞാനിന്നു് കണ്ടു. അവനു് പുസ്തകങ്ങളോടാണത്രെ കഴപ്പു്. നിനക്കു് പറ്റിയവൻ തന്നെ, വിഡ്ഢിയായ മണുക്കൂസൻ… ത്ഫൂ.” അയാൾ രോഷത്തോടെ അവളെ അടിക്കാൻ കൈ ഉയർത്തിയെങ്കിലും പതർച്ചയോടെ വേച്ചു കിടക്കയിലേക്കു് വീണു.
പൂർണമായും വിട്ടുമാറാത്ത ഉറക്കച്ചടവിന്റെ ഭാരത്തോടെ പുലർച്ചെ കണ്ണു് തുറക്കുമ്പോൾ, ചായയുമായി വന്ന പ്രസന്ന അയാളുടെ അടുത്തു് ബെഡിലിരുന്നു.
“ഞാൻ ഒരു കാര്യം പറഞ്ഞാൽ അരുണേട്ടൻ കേൾക്കുമോ?”
“നീ പറഞ്ഞു തുലക്കു്.” അയാൾ അമർഷം വാരിച്ചുറ്റി എഴുന്നേറ്റു് സോഫയിൽ ഇരുന്നു.
“ഏട്ടൻ കൗൺസിലറാണു്, എന്നാലും എന്റെ കൂടെ പഠിച്ച രമ്യ ടൗണിൽ ഒരു ക്ലിനിക്ക് നടത്തുന്നുണ്ടു്. അവൾക്കു് ദാമ്പത്യ പ്രശ്നങ്ങൾ നന്നായി കൈകാര്യം ചെയ്യാനറിയാം. ഞാൻ വിളിച്ചു പറഞ്ഞാൽ അരുണേട്ടൻ ഒന്നു് അവിടെ വരെ പോകുമോ?”
അതു് കേട്ടു് അയാളാദ്യം ക്ഷുഭിതനായെങ്കിലും പതിയെ പ്രശാന്തത കൈവരിച്ചു. തന്നെ പോലെയുള്ള പ്രശസ്തനായ കൗൺസിലർ ദാമ്പത്യ പരിഹാരത്തിനായി മറ്റൊരു കൗൺസിലറെ തേടി പോകുന്നതിലുള്ള നാണക്കേടിനെക്കാൾ അപ്പോൾ അയാളുടെ മനസ്സിൽ പ്രസന്നയുടെ സ്റ്റാറ്റസിൽ ഇടക്കൊക്കെ കാണാറുള്ള ഡോക്ടർ രമ്യയുടെ സുന്ദരമുഖമായിരുന്നു.
“ഇന്നലെയും എന്റെ നമ്പറിൽ കൗൺസിലർ അല്ലേന്നും ചോദിച്ചു് ആരോ വിളിച്ചു. ഇനിയെങ്കിലും ആ നമ്പർ മാറ്റണെ അരുണേട്ടാ…” അവൾ വിളിച്ചു പറഞ്ഞതു് ശ്രദ്ധിക്കാതെ അയാൾ ബാത്റൂമിലേക്കു് നടന്നു.
ദിനങ്ങൾ കൊഴിഞ്ഞു വീഴവേ അരുൺ പ്രഭാകറിന്റെയും പ്രസന്നയുടെയും ദാമ്പത്യ ജീവിതം കൂടുതൽ ദുരിതപൂർണ്ണമാവുകയും വഴക്കു് നിരന്തരം തുടരുകയും ചെയ്ത ഒരു പകൽ അയാൾ ഡോക്ടർ രമ്യയെ കാണാൻ പുറപ്പെട്ടു.
അക്ഷമയോടെ രമ്യയുടെ ക്ലിനിക്കിന്റെ പുറത്തു് അരുൺ പ്രഭാകർ അവളുടെ വശ്യമുഖത്തിന്റെ ദർശനത്തിനായി കാത്തിരിക്കുമ്പോൾ, ദൂരെ ഇരുണ്ട കാനനവീഥിയിലൂടെ സുഗതകുമാരൻ പുസ്തകവും റാന്തലുമെടുത്തു് ഏറുമാടത്തിലേക്കു് നടക്കുകയായിരുന്നു.
കണ്ണൂർ ജില്ലയിലെ പുറവൂരിൽ ജനനം. കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ കീഴിൽ കൊമേഴ്സ് ബിരുദം നേടി.
എടക്കാട് സാഹിത്യവേദി കഥാപുരസ്കാരം, പാനൂർ അക്ഷരക്കൂട്ടം കഥാപുരസ്കാരം, കഥക്കു് ശ്രീകണ്ഠപുരം സാഹിത്യതീരം അവാർഡ്, സംസ്ഥാന പരിസ്ഥിതിസംരക്ഷണ സമിതിയുടെ അവാർഡ് എന്നിവ ലഭിച്ചു. കഥക്കും ലേഖനത്തിനുമുള്ള സ്നേഹവീടു് അവാർഡിനു് അർഹനായി. ആനുകാലികങ്ങളിൽ കഥകളും ലേഖനങ്ങളും യാത്രാവിവരണങ്ങളും കവിതകളും എഴുതുന്നു. പേരക്ക ബുക്ക്സ് കഥാപുരസ്ക്കാരവും നോവൽ പുരസ്കാരവും ലഭിച്ചു. സംസ്ഥാന തലത്തിൽ ലേഖനത്തിനു് മൂന്നു് ബഹുമതികൾ നേടി. 2023-ലെ തകഴി സാഹിതീയം ചെറുകഥാപുരസ്കാരം, പായൽ ബുക്ക്സ് കഥാപുരസ്കാരം, ചെറുകഥക്കു് എരുവശ്ശി ഗ്രന്ഥശാല അവാർഡ് എന്നിവ ലഭിച്ചു.
പത്തു വർഷത്തോളം ദുബായിൽ പ്രവാസിയായിരുന്നു. ഇപ്പോൾ കുടകിൽ താമസം.
കഥകൾ: മഴ പെയ്ത വഴികളിൽ, ഫുൾ മൂൺ ഫൈറ്റർ, മാതപ്പ കോളനി
നോവൽ: ട്വിസ്റ്റ്, ചോര
യാത്ര: മഞ്ഞു് പെയ്യും താഴ്‌വരകളിലൂടെ
കവിതകൾ: പെയ്തൊഴിയാതെ…