SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/An_army.jpg
An army officer with a baton, a painting by William Lionel Wyllie (1851–1931).
അ­വ­താ­രി­ക

ശ്രീ ന­ന്ത­നാ­രു­ടെ ഈ നീ­ണ്ട­ക­ഥ­യ്ക്കു് അ­വ­താ­രി­ക എ­ഴു­താൻ രണ്ടു കാ­ര­ണ­ങ്ങ­ളാൽ എ­നി­യ്ക്കു് ഒ­ട്ടേ­റെ പ്ര­യാ­സ­മു­ണ്ടു്. ഒ­ന്നാ­മ­തു്, വി­മർ­ശ­ക­നാ­വ­ശ്യ­മാ­യ നി­സ്സം­ഗ­ത­യോ­ടെ ഈ കഥ ആകെ നോ­ക്കി­ക്കാ­ണാൻ എ­നി­ക്കു സാ­ധി­യ്ക്കു­ന്നി­ല്ല. ഇതു കൈ­യി­ലെ­ടു­ക്കു­ന്ന­തോ­ടെ ഞാനും ഇതിലെ അ­റി­യ­പ്പെ­ടാ­ത്ത മ­നു­ഷ്യ ജീ­വി­ക­ളി­ലൊ­രാ­ളാ­യി­ത്തീ­രു­ന്നു. ഓ­രോ­രു­ത്ത­നു­മാ­യി­ത്തീ­രു­ന്നു. പാ­ല്പാ­യ­സം പോലെ ജീ­വി­ത­ത്തെ­ക്ക­ണ്ട പി. കെ. നാ­യ­രും, കാൽ മു­റി­ഞ്ഞു ബോർ­ഡൌ­ട്ടാ­യ തോ­മ­സ്സും, ക­ല്യാ­ണം ക­ഴി­ക്കാൻ പ്രാ­യ­മാ­യി­ട്ടി­ല്ലെ­ന്നു് അമ്മ ക­രു­തു­ന്ന ക­രു­ണാ­ക­ര­നും, എ­ല്ലാം, ഞാൻ തന്നെ. ഈ കഥ കൈ­യെ­ഴു­ത്തു കോ­പ്പി­യിൽ ര­ണ്ടു­കൊ­ല്ലം മു­മ്പു വാ­യി­ച്ച­പ്പോ­ഴു­ണ്ടാ­യ അ­നു­ഭൂ­തി­യാ­ണി­തു്. ഇ­ന്നു് അ­ച്ച­ടി­യിൽ വാ­യി­യ്ക്കു­മ്പോ­ഴും ഇതേ അ­നു­ഭ­വം തന്നെ ഉ­ണ്ടാ­വു­ന്നു. ക­ഴി­ഞ്ഞ ആ­ണ്ടിൽ ഈ ക­ഥ­യു­ടെ രം­ഗ­മാ­യ കാ­ശ്മീ­രം സ­ന്ദർ­ശി­ച്ച­പ്പോൾ, അവിടെ കണ്ട പ­ര­സ­ഹ­സ്രം പ­ട്ടാ­ള­ക്കാ­രിൽ ഞാ­ന­ന്വേ­ഷി­ച്ചി­രു­ന്ന­തു് ഇ­ക്ക­ഥ­യി­ലെ തോ­മ­സ്സി­നേ­യും വർ­ഗ്ഗീ­സ്സി­നേ­യും ക­രു­ണാ­ക­ര­നേ­യും പി. കെ. നാ­യ­രേ­യും മ­റ്റു­മാ­യി­രു­ന്നു. ന­ദീ­ത­ട­ത്തി­ലെ പ്ര­ശാ­ന്ത­ങ്ങ­ളാ­യ ഗ്രാ­മ­ങ്ങൾ ചെ­ന്നു കാ­ണു­മ്പോ­ഴാ­ക­ട്ടെ, അവിടെ എ­വി­ടെ­യാ­യി­രി­യ്ക്കും പി. കെ. നായരെ സം­സ്ക്ക­രി­ച്ച­തെ­ന്നാ­യി­രു­ന്നു എന്റെ ആലോചന.

ഈ കഥയും, ഇ­തു­പോ­ലെ­ത്ത­ന്നെ ന­ന്ത­നാ­രു­ടെ ക­ഥ­ക­ളിൽ വ­ലി­യൊ­രു ഭാ­ഗ­വും ആ­ദ്യ­മാ­യി പ്ര­സി­ദ്ധം ചെ­യ്യാ­നു­ള്ള ഭാ­ഗ്യ­മു­ണ്ടാ­യ­തു് എ­നി­യ്ക്കാ­ണു്. ദൽ­ഹി­യിൽ ഇ­ന്ത്യൻ കൌൺ­സിൽ ഓഫ് വേൾഡ് അ­ഫ­യേ­ഴ്സി­ലെ ശ്രീ. കെ. പി. ക­രു­ണാ­ക­രൻ ന­ന്ത­നാ­രു­ടെ ‘മൊ­യ്തീൻ’ എന്ന പ്രഥമ കഥ എ­നി­യ്ക്ക­യ­ച്ചു­ത­ന്ന­തു് ഞാ­നി­ന്നു­മോർ­ക്കു­ന്നു. പി­ന്നീ­ടു്, ന­ന്ത­നാ­രു­ടെ ഓരോ കഥയും എന്റെ ഒരു നേ­ട്ട­മാ­ണെ­ന്ന വി­ചാ­രം, എ­ങ്ങി­നെ­യോ, എ­ന്നിൽ വന്നു ചേർ­ന്നു. ഈ കാ­ഥി­ക­ന്റെ വ­ളർ­ച്ച­യിൽ എ­നി­യ്ക്കും ഒരു പ­ങ്കു­ണ്ടെ­ന്ന തോ­ന്നൽ—ഈ ആ­ത്മീ­യ­താ­ബോ­ധ­മാ­ണു്, വി­മർ­ശ­ന­ബു­ദ്ധി­യോ­ടെ ശ്രീ. ന­ന്ത­നാ­രു­ടെ കഥകൾ നോ­ക്കി­ക്കാ­ണു­ന്ന­തി­ന്നു് എ­നി­ക്കു­ള്ള ര­ണ്ടാ­മ­ത്തെ പ്ര­തി­ബ­ന്ധം.

ര­ണ്ടാം മ­ഹാ­യു­ദ്ധം വ­ള­രെ­യ­ധി­കം മ­ല­യാ­ളി­ക­ളെ പ­ട്ടാ­ള­ത്തിൽ­ച്ചെ­ന്നെ­ത്തി­ക്കു­ക­യു­ണ്ടാ­യി. ഈ മ­ല­യാ­ള­പ്പ­ട്ടാ­ള­ക്കാ­രെ ന­മു­ക്കു പ­രി­ച­യ­പ്പെ­ടു­ത്തി­ത്ത­ന്ന­വ­രിൽ പ്ര­മു­ഖ­രാ­യ രണ്ടു കാ­ഥി­ക­ന്മാ­രാ­ണു് ‘ന­ന്ത­നാ’രും ‘കോവില’നും ടോൾ­സ്റ്റോ­യി­യു­ടെ സു­പ്ര­സി­ദ്ധ­ങ്ങ­ളാ­യ കൊ­സ്സാ­ക്ക് ക­ഥ­ക­ളെ­യാ­ണു് ‘ന­ന്ത­നാർ’ ഓർ­മ്മി­പ്പി­ക്കു­ന്ന­തു്. ‘കോ­വി­ലൻ’ ആ­ക­ട്ടെ, ഹെ­മി­ങ് വേ, നോർ­മ്മൻ മെ­യ്ലർ മു­ത­ലാ­യ­വ­രെ അ­നു­സ്മ­രി­പ്പി­ക്കു­ന്നു. കോ­വി­ലൻ കാ­ണു­ന്ന ജീ­വി­തം ആകെ എ­ല്ലും ഞ­ര­മ്പു­മാ­ണു്. തൊ­ട്ടാൽ നോവും. ആ എ­ല്ലി­ലും ഞ­ര­മ്പി­ലും കൂടി അ­ത്യാ­കർ­ഷ­ക­മാ­യൊ­രു മാ­ധു­ര്യം പു­ര­ട്ടാൻ ‘ന­ന്ത­നാ’ർക്കു ക­ഴി­യു­ന്നു. ന­ന്ത­നാ­രു­ടെ കൂടെ യൂ­ണി­ഫോം അ­ണി­യാൻ ഞാൻ ത­യ്യാ­റാ­ണു്. ആ ഖാ­ദി­ക്കു­പ്പാ­യം സി­ല്ക്കു കൊ­ണ്ടാ­ണെ­ന്നു്, ആ ഗിൽ­ഗ­ട്ട് ബൂ­ട്ട് മൃ­ദു­വാ­യ രോ­മ­ത്തൊ­ലി കൊ­ണ്ടാ­ണെ­ന്നു്, തോ­ന്നി­പ്പോ­കു­ന്നു. പി. കെ. നാ­യ­രു­ടെ നി­രർ­ത്ഥ­ക­വും അ­ചി­ന്തി­ത­വു­മാ­യ മരണം പോലും, ‘ന­ന്ത­നാർ’ വി­വ­രി­ക്കു­മ്പോൾ, കാ­മ്യ­മാ­യി­ത്തീ­രു­ന്നു. ആ മ­നോ­ഹ­ര­മാ­യ ഝലം ന­ദീ­ത­ട­മ­ല്ലാ­തെ മ­റ്റൊ­രി­ടം പി. കെ. നാ­യർ­ക്കു പ­റ്റി­യ അ­ന്ത്യ­വി­ശ്ര­മ­സ്ഥാ­ന­മാ­വി­ല്ല. മ­ധു­ര­മാ­യ പ്ര­കാ­ശ­മാ­ണു് ‘ന­ന്ത­നാ’രുടെ പ്ര­തി­ഭ­യു­ടെ പ്ര­ത്യേ­ക­ത, തൊ­ട്ട­തൊ­ക്കെ റോ­സാ­പ്പൂ­വോ മു­ന്തി­രി­ച്ചാ­റോ ആ­ക്കാ­നു­ള്ള ഇ­രു­ത്ത­വും ഉൾ­ക്ക­ണ്ണും ഈ ചെ­റു­പ്പ­ക്കാ­ര­ന്നു് എ­ങ്ങി­നെ കി­ട്ടി? ‘മൊ­യ്തീൻ’ അ­യ­ച്ചു കൊ­ണ്ടു് ശ്രീ. കെ. പി. ക­രു­ണാ­ക­രൻ എ­ഴു­തി­യ­തു് ഞാ­നോർ­ക്കു­ന്നു. കഥ പ­റ­യാ­നു­ള്ള ദി­വ്യ­മാ­യൊ­ര­നു­ഗ്ര­ഹം ഈ കു­ട്ടി­ക്കു് എ­ങ്ങ­നേ­യോ കി­ട്ടി­യി­ട്ടു­ണ്ടു്.

മലയാള ക­ഥാ­സാ­ഹി­ത്യ­ത്തി­ന്നു് ഇ­ക്ക­ഴി­ഞ്ഞ അ­ഞ്ചാ­റു കൊ­ല്ല­ങ്ങ­ളിൽ ഏ­റ്റ­വു­മ­ധി­കം ഓ­ജ­സ്സു് പ­കർ­ന്നു ന­ല്കാൻ ഈ രണ്ടു യുവ സ്നേ­ഹി­ത­മാർ­ക്കു ക­ഴി­ഞ്ഞി­ട്ടു­ണ്ടു്. പുതിയ സ­ങ്കേ­ത രീ­തി­ക­ളു­പ­യോ­ഗി­ച്ചു് പുതിയ അ­നു­ഭൂ­തി മ­ണ്ഡ­ല­ങ്ങ­ളെ ഈ പ­ട്ടാ­ള­ക്കാർ ക­ട­ന്നാ­ക്ര­മി­ച്ചു. ഫലമോ? ന­മ്മു­ടെ ക­ഥാ­സാ­ഹി­ത്യ­ത്തി­ന്റെ അ­തി­രു­കൾ പെ­ട്ടെ­ന്ന­ങ്ങു വ­ലു­താ­യി. മ­ല­യാ­ള­ത്തിൽ മാ­ത്ര­മാ­യി ഒ­തു­ങ്ങി­നി­ല്ക്കേ­ണ്ട­വ­യ­ല്ല. ഇ­വ­രു­ടെ കഥകൾ. ഇ­ന്ത്യ­യു­ടെ എല്ലാ ഭാ­ഷ­ക­ളി­ലും ഇവ തർ­ജ്ജ­മ ചെ­യ്യ­പ്പെ­ട­ണം. ഭാരത വ്യാ­പ­ക­മാ­യ ഒരു സാ­ഹി­ത്യം, ഒ­രു­പ­ക്ഷേ, ആ­ദ്യ­മാ­യി, മ­ല­യാ­ള­ത്തിൽ സൃ­ഷ്ടി­ച്ച­തു് ഈ യു­വാ­ക്ക­ളാ­ണു്.

1955 ജൂ­ലാ­യ് 3-ാംനു രാ­വി­ലെ കാ­ശ്മീ­രിൽ ശ്രീ­ന­ഗ­ര­ത്തി­ലു­ള്ള ശ­ങ്ക­രാ­ചാ­ര്യ പർ­വ്വ­ത­ത്തി­ന്റെ മു­ക­ളി­ലെ ചെറു ക്ഷേ­ത്ര­ത്തിൽ വെ­ച്ചു് മ­ദ്രാ­സ് ബ­റ്റാ­ല്യ­നി­ലെ ജെ. സി. ഒ. ആയ രാ­മൻ­പി­ള്ള­യെ ഞാൻ യാ­ദൃ­ച്ഛി­ക­മാ­യി ക­ണ്ടെ­ത്തി. ആ­ദ്യ­ത്തെ കു­ശ­ല­പ്ര­ശ്ന­ങ്ങൾ ക­ഴി­ഞ്ഞ ഉടൻ ശ്രീ. രാ­മൻ­പി­ള്ള ‘ന­ന്ത­നാ­രു’ടെയും ‘കോവില’ന്റെ­യും കാ­ര്യം എ­ടു­ത്തി­ട്ടു. “സാർ നി­ങ്ങൾ­ക്കു മ­ന­സ്സി­ലാ­വി­ല്ല”, അ­ദ്ദേ­ഹം പ­റ­ഞ്ഞു: “ഞ­ങ്ങ­ളു­ടെ ജീ­വി­ത­ത്തി­ന്റെ എ­ല്ലും ഞ­ര­മ്പും ചോ­ര­യും മാം­സ­വു­മാ­ണു് ആ കഥകൾ.” “എല്ലാ ജീ­വി­ത­ത്തി­ന്റെ­യും,” ഞാൻ തി­രു­ത്തി. “കാരണം, യൂ­നി­ഫോ­റ­ത്തി­ന്നു­ള്ളി­ലാ­യാ­ലും സിവിൽ ഉ­ടു­പ്പി­ന്നു­ള്ളി­ലാ­യാ­ലും ഹൃ­ദ­യ­ത്തു­ടി­പ്പു് ഒ­ന്നു­ത­ന്നെ”. ജീ­വി­ത­ത്തി­ന്റെ തു­ടി­പ്പു­ക­ളാ­ണു് ഈ കഥയിൽ നി­ങ്ങൾ കേൾ­ക്കു­ക. സത്യം സു­ന്ദ­ര­വും അതേ സ­മ­യ­ത്തു­ത­ന്നെ ശി­വ­വു­മാ­കാ­മെ­ന്നു് ഈ കഥ ഉ­റ­പ്പു ത­രു­ന്നു.

എൻ. വി. കൃ­ഷ്ണ­വാ­രി­യർ

മാ­തൃ­ഭൂ­മി,

കോ­ഴി­ക്കോ­ട്,

5-2-1956.

അ­റി­യ­പ്പെ­ടാ­ത്ത മ­നു­ഷ്യ­ജീ­വി­കൾ
ന­ന്ത­നാർ
ഒ­ന്നു്

ലാൻസ് നായക് തോ­മ­സ്സ് ഓ­ഫീ­സി­ലെ വ­രാ­ന്ത­യിൽ വന്നു പു­റ­ത്തേ­യ്ക്കു നോ­ക്കി. മഞ്ഞ് തു­രു­തു­രെ വീ­ഴു­ന്ന­തു നി­ന്നി­ട്ടി­ല്ല. ഇ­ട­യ്ക്കി­ട­യ്ക്കു ത­ണു­ത്ത കാ­റ്റ് അ­ടി­ക്കു­ന്നു­ണ്ടു്. ഇലകൾ കൊ­ഴി­ഞ്ഞ മ­ര­ച്ചി­ല്ല­ക­ളിൽ നി­ന്നും വീ­ടു­ക­ളു­ടെ മോ­ന്താ­യ­ത്തിൽ നി­ന്നും മ­ഞ്ഞു­ക­ട്ട­കൾ ഉ­തിർ­ന്നു­തിർ­ന്നു വീ­ഴു­ന്നു. റോ­ട്ടിൽ കൂടെ ലോ­റി­ക­ളും ജീ­പ്പു­ക­ളും പ്ര­യാ­സ­പ്പെ­ട്ടു നീ­ങ്ങു­ന്നു­ണ്ടു്. വ­ഴു­തി­പ്പോ­വാ­തി­രി­യ്ക്കാൻ അ­വ­യു­ടെ ച­ക്ര­ങ്ങ­ളിൽ ഇ­രു­മ്പു ച­ങ്ങ­ല­കൾ വ­രി­ഞ്ഞു കെ­ട്ടി­യി­രി­യ്ക്കു­ന്നു. ച­ട്ടി­ത്തൊ­പ്പി­യും ഗ്രെ­യ്റ്റ് കോ­ട്ടും ‘ഗിൽ ഗട്ട്’ ബൂ­ട്ടും ധ­രി­ച്ചു് പ­ട്ടാ­ള­ക്കാർ പ്ര­യാ­സ­പ്പെ­ട്ടു ന­ട­ന്നു പോ­വു­ന്നു. കാ­ല­ടി­കൾ എ­ടു­ത്തെ­ടു­ത്തു വെ­ച്ചു­കൊ­ണ്ടു­ള്ള അ­വ­രു­ടെ ന­ട­ത്തം കാണാൻ ര­സ­മു­ണ്ടു്.

ഓ­ഫീ­സി­ന്നു മു­മ്പിൽ മ­ഞ്ഞിൻ ക­ട്ട­കൾ കൊ­ണ്ടു് ഒരു പെൺ­കോ­ല­മു­ണ്ടാ­ക്കി­വെ­ച്ച­തി­നു­ചു­റ്റും രണ്ടു തടിയൻ നാ­യ്ക്കൾ വ­ട്ട­മി­ട്ടു ക­ളി­യ്ക്കു­ക­യാ­ണു്. തോ­മ­സ്സി­ന്നു രസം തോ­ന്നി. നല്ല പു­ഷ്ടി­യും ചൊ­റു­ചൊ­റു­ക്കു­മു­ള്ള നാ­യ്ക്കൾ. അ­വ­യ്ക്കു നീ­ണ്ടു്, സ­മൃ­ദ്ധ­മാ­യ, മി­നു­മി­നു­പ്പു­ള്ള രോ­മ­മു­ണ്ടു്. ഇത്ര നല്ല നാ­യ്ക്കൾ കേ­ര­ള­ത്തി­ലി­ല്ല. കേ­ര­ള­ത്തി­ലെ­ന്ന­ല്ല, ഇ­ന്ത്യ­യിൽ വേറെ എ­വി­ടേ­യും ക­ണ്ടി­ട്ടി­ല്ല. ഈ കാ­ശ്മീ­രിൽ മാ­ത്ര­മേ ഇവയെ കാണൂ.

ഭാരം വ­ലി­യ്ക്കാൻ എ­ന്തു­കൊ­ണ്ടു് ഈ നാ­യ്ക്ക­ളെ ഉ­പ­യോ­ഗി­ച്ചു­കൂ­ടാ? നാ­യ്ക്ക­ളെ­ക്കൊ­ണ്ടു ഭാരം വ­ലി­പ്പി­യ്ക്കു­ന്ന ഏതോ ഒ­രിം­ഗ്ലീ­ഷു പടം ക­ണ്ടി­ട്ടു­ണ്ടു്. സ്റ്റു­വർ­ട്ട് ഗ്രെ­യ്ഞ്ചർ അ­ഭി­ന­യി­ച്ച ആ പ­ട­ത്തി­ന്റെ പേ­രെ­ന്താ­ണെ­ന്നു തോ­മ­സ്സ് ആ­ലോ­ചി­ച്ചു… ഓ. പി­ടി­കി­ട്ടി. ‘വൈൽഡ് നോർ­ത്ത്.’

സ്റ്റു­വർ­ട്ടു് ഗ്രേ­ഞ്ച­രു­ടെ അ­ഭി­ന­യം ഒന്നു വേ­റെ­ത്ത­ന്നെ­യാ­ണു്. ക­റു­ത്ത ത­ല­മു­ടി­യു­ള്ള ആ സു­ന്ദ­രൻ ഒ­രി­ന്ത്യ­ക്കാ­ര­നാ­ണോ എ­ന്നു് ആരും സം­ശ­യി­ച്ചു­പോ­വും. അ­ദ്ദേ­ഹ­ത്തി­ന്റെ ഓരോ ച­ല­ന­വും കോ­രി­ത്ത­രി­പ്പി­യ്ക്കും. അ­ദ്ദേ­ഹം കു­ടി­ക്കു­ന്ന­തി­ന്നു­ത­ന്നെ ഒരു പ്ര­ത്യേ­ക­ത­യു­ണ്ടു്. കു­ടി­യെ­ക്കു­റി­ച്ചാ­ലോ­ചി­ച്ച­പ്പോൾ തോ­മ­സ്സി­ന്നു കൂ­ടു­തൽ ത­ണു­പ്പു­തോ­ന്നി. കു­ടി­ച്ചി­ട്ടു രണ്ടു ദി­വ­സ­മാ­യി. കാശു കൊ­ടു­ത്താ­ലും ‘റം’ കി­ട്ടു­വാൻ വിഷമം. അ­പ്പോ­ഴേ­ക്കും ഓ­ഫീ­സ­റു­ടെ കു­റി­പ്പു­വേ­ണം കു­റി­പ്പിൽ മു­ദ്ര­യ­ടി­ക്ക­ണം, ഓ­ഫീ­സ­റു­ടെ പേരു ബ്ലോ­ക്കു് ലെ­റ്റ­റി­ലെ­ഴു­ത­ണം. അ­ങ്ങി­നെ പലതും വേണം.

ഇ­ന്നെ­ന്താ­യാ­ലും കു­ടി­യ്ക്ക­ണം. ശ­നി­യാ­ഴ്ച­യാ­ണു്. നാളെ ഒ­ഴി­വു്. രാ­വി­ലെ പ­ത്തു­മ­ണി­വ­രെ കി­ട­ന്നു­റ­ങ്ങാം. തോ­മ­സ്സി­ന്നു് ഉ­ന്മേ­ഷം തോ­ന്നി. എത്ര ‘പെ­ഗ്ഗ് അ­ടി­യ്ക്ക­ണം? ചു­രു­ങ്ങി­യ­തു് പ­ത്തു­പെ­ഗ്ഗ്. പ­ത്തു­പെ­ഗ്ഗി­ന്നു് ഇ­രു­പ­തു് ഔൺസ്. പത്തു പെ­ഗ്ഗ് വ­ലി­യൊ­രു കു­ടി­യൊ­ന്നു­മ­ല്ല. മു­നി­സ്വാ­മി പ­ന്ത­യം വെ­ച്ചു രണ്ടു കു­പ്പി ‘റം’ ഇ­രു­ന്ന ഇ­രു­പ്പിൽ കു­ടി­ച്ചി­ട്ടു­ണ്ടു്. അ­ത്ര­യും കു­ടി­ക്കാൻ വയ്യ. മു­നി­സ്വാ­മി കു­ടി­യ്ക്കാൻ വേ­ണ്ടി ജ­നി­ച്ച­വ­നാ­ണു്.

തോ­മ­സ്സ് ഒരു ‘ചാർ­മി­നാർ’ സി­ഗ­ര­റ്റെ­ടു­ത്തു ചു­ണ്ട­ത്തു വെ­ച്ചു. വ­രാ­ന്ത­യു­ടെ മൂ­ല­യിൽ എ­രി­ഞ്ഞു കൊ­ണ്ടി­രി­ക്കു­ന്ന ബു­ക്കാ­രി­യ്ക്ക­ടു­ത്തേ­യ്ക്കു ന­ട­ന്നു. ബു­ക്കാ­രി ന­ല്ല­വ­ണ്ണം ക­ത്തു­ന്നി­ല്ല. ഒരു കഷണം ക­ട­ലാ­സെ­ടു­ത്തു ചു­രു­ട്ടി ബു­ക്കാ­രി­യി­ലേ­ക്കു കാ­ട്ടി ക­ത്തി­ച്ചു സി­ഗ­ര­റ്റു പി­ടി­പ്പി­ച്ചു. ത­ണു­പ്പു കു­റ­ച്ചൊ­ന്നു കു­റ­ഞ്ഞ­പോ­ലെ തോ­ന്നി. പു­ക­വി­ട്ടു­കൊ­ണ്ടു വ­രാ­ന്ത­യിൽ ന­ട­ന്നു. ഇന്നു മൂ­ക്ക­റ്റം കു­ടി­യ്ക്ക­ണം. ഒരു കു­പ്പി ‘ജിൻ’ കൂ­ടി­യു­ണ്ടെ­ങ്കിൽ എന്തു സു­ഖ­മാ­യി­രി­യ്ക്കും. ത്രീ എക്സ് റ­മ്മും ജി­ന്നും കൂടി ചേർ­ത്തു കു­റേ­ശ്ശെ കു­റേ­ശ്ശെ­യാ­യി കു­ടി­ക്കു­ക. എന്തു ര­സ­മാ­യി­രി­യ്ക്കും! മി­ലി­റ്റ­റി കാ­ന്റി­നിൽ ജിൻ വി­ല്പ­ന­യ്ക്കു വെ­യ്ക്കാ­ത്ത­തിൽ തോ­മ­സ്സി­ന്നു് അരിശം തോ­ന്നി. ജിൻ ഉ­ണ്ടാ­യി­രു­ന്നു­വെ­ങ്കിൽ ഓ­ഫീ­സർ­മാ­രെ കാ­ക്ക­പി­ടി­യ്ക്കാ­മാ­യി­രു­ന്നു. ജി­ന്നി­നു വേ­ണ്ടി കാ­ക്ക­പി­ടി­യ്ക്കു­ന്ന­തിൽ­ത്ത­ന്നെ ഒരു പ­ത്രാ­സു­ണ്ടു്.

ക­രു­ണാ­ക­ര­നേ­യും പ­ണി­ക്ക­രേ­യും പറ്റി തോ­മ­സ്സ് ആ­ലോ­ചി­ച്ചു. ഓരോ കു­പ്പി­വീ­തം കൊ­ണ്ടു­വ­രാ­മെ­ന്നാ­ണു് അവർ പ­റ­ഞ്ഞി­രി­ക്കു­ന്ന­തു്. അവർ ‘ഗുൽ­മർ­ഗ്ഗി’ലേ­യ്ക്കു കൂ­റി­യർ ഡ്യൂ­ട്ടി പോ­യി­രി­യ്ക്ക­യാ­ണു്. അവിടെ ഇഷ്ടം പോലെ കി­ട്ടും. പണം കൊ­ടു­ക്കു­ക­യേ വേ­ണ്ടു.

അവർ കൊ­ണ്ടു­വ­രാ­തി­രി­ക്കു­ക­യി­ല്ല. ഇ­തി­ന്നു മു­മ്പു് അ­ങ്ങി­നെ ഉ­ണ്ടാ­യി­ട്ടി­ല്ല. അവർ കൊ­ണ്ടു­വ­രും എന്നു പ­റ­ഞ്ഞാൽ കൊ­ണ്ടു­വ­രും.

തോ­മ­സ്സ് ഓ­ഫീ­സി­ലെ ക്ലോ­ക്കി­ലേ­യ്ക്കു നോ­ക്കി—നാ­ല­ടി­യ്ക്കാൻ 10 മി­നി­റ്റു­ണ്ടു്. അഞ്ചു മ­ണി­ക്കു ക­രു­ണാ­ക­ര­നും പ­ണി­ക്ക­രും കൂ­റി­യർ ഡ്യൂ­ട്ടി ക­ഴി­ഞ്ഞു­വ­രും. ഇനി ഒരു മ­ണി­ക്കൂ­റു­കൂ­ടി ക­ഴി­യ­ണം അവർ വ­രു­വാൻ.

തോ­മ­സ്സ് വ­രാ­ന്ത­യിൽ നി­ന്നു് ഓഫീസ് മു­റി­യി­ലേ­യ്ക്കു പോയി സ്റ്റാൻ­ഡിൽ തൂ­ക്കി­യി­രി­ക്കു­ന്ന ഗ്രെ­യ്റ്റ് കോ­ട്ടു് എ­ടു­ത്തു ധ­രി­ച്ചു. ബ്ലൂ ബാ­ര­റ്റ് കേ­പ്പ് തലയിൽ അ­മർ­ത്തി­ക­യ­റ്റി പു­റ­ത്തേ­ക്കി­റ­ങ്ങി. റോ­ട്ടിൽ ക­യ­റി­യ­പ്പോ­ഴേ­യ്ക്കും മ­ഞ്ഞു് അ­ധി­ക­മാ­യി വീ­ഴു­വാൻ തു­ട­ങ്ങി. ക്വാർ­ട്ടർ മാ­സ്റ്റർ സ്റ്റോ­റി­ന്റെ അ­ടു­ത്തെ­ത്തി­യ­പ്പോൾ കു­റ­ച്ചു­നേ­രം സം­ശ­യി­ച്ചു­നി­ന്നു. മു­റി­യിൽ മൂ­ന്നു ദി­വ­സ­മാ­യി തീ­യി­ട്ടി­ട്ടി­ല്ല. ബു­ക്കാ­രി­യ്ക്ക­ക­ത്തു് ഒരു നു­ള്ളു ചാരം പോ­ലു­മി­ല്ല. ഇത്ര അലസത ന­ന്ന­ല്ല. ക­രു­ണാ­ക­ര­നും പ­ണി­ക്കർ­ക്കും ദി­വ­സ­വും കൂ­റി­യർ ഡ്യൂ­ട്ടി­യാ­ണു്. അവർ പോ­ക­ട്ടെ. ഈ വർ­ഗ്ഗീ­സി­നെ­ന്താ സ്റ്റോ­റിൽ നി­ന്നു് ഒരു വി­റ­കിൻ­മു­ട്ടി കൊ­ണ്ടു­വ­ന്നാൽ? അ­വ­ന്നു വ­ല്ലാ­ത്തൊ­രു നാ­ട്യ­മു­ണ്ടു്. അവൻ ക്ലാർ­ക്കാ­ണ­ത്രെ… ബാബു! തോ­മ­സ്സി­ന് വർ­ഗ്ഗീ­സി­നോ­ടു് എ­ന്തെ­ന്നി­ല്ലാ­ത്ത അരിശം തോ­ന്നി. നാലാൾ ഒരു മു­റി­യിൽ കി­ട­ക്കു­ന്നു. നാലും മ­ല­യാ­ളി­കൾ. ഇ­ന്ത്യ­യു­ടെ തെ­ക്കേ അ­റ്റ­ത്തു ജ­നി­ച്ച­വർ. ഇ­പ്പോൾ ഇന്നു വ­ട­ക്കേ­യ­റ്റ­ത്തു ജീ­വി­യ്ക്കു­ന്നു. അ­പ്പോൾ കു­റ­ച്ചൊ­രൊ­രു­മ വേ­ണ്ടേ?… വർ­ഗ്ഗീ­സി­ന്ന­തി­ല്ല. അ­വ­ന്നു കു­ടി­ക്ക­ണം. കു­ടി­ച്ചു ക­മ്പി­ളി­യ്ക്കു­ള്ളിൽ കയറും… ഉ­റ­ങ്ങും. രാ­വി­ലെ ത­ല­യ്ക്കു വെ­ളി­വു വ­രു­മ്പോ­ഴേ ത­ണു­പ്പി­നെ­പ്പ­റ്റി ഓർ­ക്കൂ. കോ­ച്ചി വി­റ­യ്ക്കു­ന്നു­ണ്ടാ­വും, കൈ­വി­ര­ലു­കൾ മ­ട­ക്കാ­നും നി­വർ­ത്താ­നും കൂടി വി­ഷ­മ­മാ­യി­രി­ക്കും…

ഇ­ന്നെ­ന്താ­ണെ­ങ്കി­ലും ബു­ക്കാ­രി ക­ത്തി­യ്ക്ക­ണം. തോ­മ­സ്സ് ഉ­റ­ച്ചു. ക്വാർ­ട്ടർ മാ­സ്റ്റർ സ്റ്റോ­റി­ന്റെ പിൻ­ഭാ­ഗ­ത്താ­ണു വി­റ­കിൻ മു­ട്ടി. ചു­മ­ലിൽ വെ­ച്ചു തോ­മ­സ്സ് ന­ട­ന്നു. അ­തിൽ­നി­ന്നു വെ­ള്ള­ത്തു­ള്ളി­കൾ ഗ്രെ­യി­റ്റ് കോ­ട്ടി­ലേ­ക്കു ഇ­റ്റി­റ്റു വീ­ണു­കൊ­ണ്ടി­രു­ന്നു.

വി­റ­കിൻ മു­ട്ടി ബാ­ര­ക്കി­ന്റെ മു­മ്പി­ലി­ട്ടു തോ­മ­സ്സ് മു­റി­യി­ലേ­ക്കു പോയി. വർ­ഗ്ഗീ­സ് വ­ന്നി­ട്ടി­ല്ല. അവൻ വ­ന്നി­രു­ന്നു­വെ­ങ്കിൽ ഈ വി­റ­കിൻ­മു­ട്ടി വെ­ട്ടി­ക്കീ­റാ­നെ­ങ്കി­ലും പ­റ­യാ­മാ­യി­രു­ന്നു. എ­ന്താ­യാ­ലും ചായ കു­ടി­ക്കു­ക തന്നെ. ഗ്ലാ­സ്സെ­ടു­ത്തു മെ­സ്സി­ലേ­ക്കു പോയി. ചായ പ­ച്ച­വെ­ള്ളം പോലെ ത­ണു­ത്തി­രി­ക്കു­ന്നു. ഈ മ­ഞ്ഞു­കാ­ല­ത്തു ചൂ­ടു­ള്ള­തൊ­ന്നും തി­ന്നാ­നോ കു­ടി­ക്കാ­നോ കി­ട്ടി­ല്ല. അ­ടു­പ്പിൽ നി­ന്നു വാ­ങ്ങു­മ്പോ­ഴേ­ക്കും ത­ണു­ക്കു­ക­യാ­യി.

ക­പ്പിൽ നിറയെ ചായ എ­ടു­ത്തു് അ­ടു­പ്പിൻ­ക­ല്ലിൽ വെ­ച്ചു. കു­ടി­ക്കാൻ ഒരിളം ചൂ­ടെ­ങ്കി­ലും വേ­ണ്ടേ? എ­ന്നി­ട്ടു ത­ണു­ത്തു­മ­ര­വി­ച്ച കൈ­വി­ര­ലു­കൾ അ­ടു­പ്പി­ന­രി­ക­ത്തി­രു­ന്നു ചൂ­ടാ­ക്കി. കു­റ­ച്ചൊ­രാ­ശ്വാ­സം തോ­ന്നി.

മെ­സ്സിൽ­നി­ന്നു തി­രി­ച്ചു­വ­ന്ന­പ്പോ­ഴും വർ­ഗ്ഗീ­സ് വ­ന്നി­ട്ടി­ല്ല. തോ­മ­സ്സ് ഗ്രെ­യ്റ്റ് കോ­ട്ടു് ഊരി ബെ­ഡ്ഡി­ലേ­ക്കെ­റി­ഞ്ഞു. അതു ബെ­ഡ്ഡിൽ ലേ­ഔ­ട്ടു് ചെ­യ്തി­രി­ക്കു­ന്ന ‘വെ­ബ്ബ് എ­ക്വി­പ്മെ­ന്റി’ന്നു് ഒ­രാ­വ­ര­ണ­മി­ട്ടു.

ചാർ­മി­നാർ സി­ഗ­ര­റ്റ് ഒ­ന്നു­കൂ­ടി ക­ത്തി­ച്ചു വ­ലി­ച്ചു. ന­ശി­ച്ച സി­ഗ­ര­റ്റ്. ഇതു വ­ലി­ച്ചു വ­ലി­ച്ചു തൊണ്ട അ­ട­ഞ്ഞു­പോ­യി. നല്ല മലബാർ ബീ­ഡി­യെ വെ­ല്ലു­വി­ളി­ക്കാൻ ഒരു സി­ഗ­ര­റ്റി­നും ശ­ക്തി­യി­ല്ല. തോ­മ­സ്സ് അ­വ­ജ്ഞ­യോ­ടെ അ­തെ­ടു­ത്തു പു­റ­ത്തേ­ക്കൊ­രേ­റു­കൊ­ടു­ത്തു. ന­ശി­ച്ച സാധനം. എ­ന്താ­യാ­ലും അ­മ്പ­തു കെ­ട്ടു മലബാർ ബീഡി അ­യ­യ്ക്കാൻ മൊ­യ്തു­ണ്ണി­ക്കു് എ­ഴു­ത­ണ­മെ­ന്നു വി­ചാ­രി­ക്കു­ക­യും ചെ­യ്തു.

വി­റ­കിൻ മു­ട്ടി അ­വി­ടെ­ത്ത­ന്നെ കി­ട­ക്കു­ക­യാ­ണു്. വെ­ട്ടി­ക്കീ­റ­ണം. വർ­ഗ്ഗീ­സി­നെ കാ­ത്തി­രു­ന്നാൽ സംഗതി ന­ട­പ്പി­ല്ല. അ­ടു­ത്ത മു­റി­യിൽ പോയി കോ­ടാ­ലി വാ­ങ്ങി­ക്കൊ­ണ്ടു­വ­ന്നു. വി­റ­കിൻ­മു­ട്ടി­യിൽ കോ­ടാ­ലി പി­ടി­ക്കു­ന്നി­ല്ല. തെ­ന്നി­ത്തെ­റി­ക്കു­ക­യാ­ണു്. അ­തോ­ടൊ­പ്പം തന്നെ മ­ഞ്ഞിൻ ക­ട്ട­കൾ തെ­റി­ച്ചു­പോ­കു­ന്നു­മു­ണ്ടു്. തോ­മ­സ്സ് ആ­ഞ്ഞാ­ഞ്ഞു­വെ­ട്ടി. ഒരു വി­ധ­ത്തിൽ എ­ല്ലാം വെ­ട്ടി­ക്കീ­റി മു­റി­യിൽ കൊ­ണ്ടു­പോ­യി­ട്ടു.

ഇനി ബു­ക്കാ­രി ക­ത്തി­ക്ക­ണം. പച്ച വി­റ­കു് ക­ത്തു­ക­യി­ല്ല. അ­ടു­ത്ത മു­റി­യിൽ പ്ര­കാ­ശ് ച­ന്ദും കൂ­ട്ടു­കാ­രു­മാ­ണു്. തോ­മ­സ്സ് അ­ങ്ങോ­ട്ടു പോയി. “ഥോഡാ സുകാ ലക്ഡി ദോ ഭയ്യാ.”[1]

പ്ര­കാ­ശ്ച­ന്ദ് ആദ്യം കൊ­ടു­ത്തി­ല്ല.

തോ­മ­സ്സ് വീ­ണ്ടും വീ­ണ്ടും ചോ­ദി­ച്ചു.

അ­പ്പോൾ “ഫിർ നഹി പൂ­ഛ്നാ, ടീകെ”[2] എ­ന്നൊ­രു താ­ക്കീ­തോ­ടു­കൂ­ടി നാ­ല­ഞ്ചു കൊ­ള്ളി വിറകു കൊ­ടു­ത്തു. വി­റ­കിൻ നു­റു­ങ്ങു­ക­ളി­ട്ടു തോ­മ­സ്സ് ബു­ക്കാ­രി ക­ത്തി­ച്ചു. പച്ച വിറക് അ­തി­നു­ചു­റ്റും കു­ത്തി­നിർ­ത്തി.

“ഗുഡ് ഈ­വി­നി­ങ്ങ് മി­സ്റ്റർ തോ­മ­സ്സ്.” വർ­ഗ്ഗീ­സ് വാ­തി­ല്ക്കൽ നി­ന്നു­കൊ­ണ്ടു പ­റ­ഞ്ഞു.

തോ­മ­സ്സ് ഒ­ന്നും പ­റ­ഞ്ഞി­ല്ല. ഒക്കെ ശ­രി­പ്പെ­ട്ട­പ്പോൾ വ­ന്നി­രി­ക്കു­ന്നു!

വർ­ഗ്ഗീ­സ് ഒ­രിം­ഗ്ലീ­ഷ് പാ­ട്ടു മൂ­ളി­ക്കൊ­ണ്ടു ചില ആം­ഗ്യ­ക­ലാ­ശ­ങ്ങ­ളോ­ടെ പ­റ­ഞ്ഞു:

“എ­ന്താ­ടോ മി­ണ്ടാ­ത്ത­തു്? നി­ന്റെ പെൺ­പി­റ­ന്നോ­രു് പി­ണ­ങ്ങി­യി­രി­ക്ക്വാ?”

തോ­മ­സ്സ് കേ­ട്ട­ഭാ­വ­മേ ന­ടി­ച്ചി­ല്ല.

അ­പ്പോൾ വർ­ഗ്ഗീ­സ് പാ­ന്റി­ന്റെ കീ­ശ­യിൽ നി­ന്നു് ഒരു കു­പ്പി ‘റം’ എ­ടു­ത്തു പൊ­ക്കി­പ്പി­ടി­ച്ചു­കൊ­ണ്ടു വി­ജ­യ­ഭാ­വ­ത്തിൽ പ­റ­ഞ്ഞു: “തോ­മ­സ്സേ കണ്ടോ, ദ­ശ­മൂ­ലാ­രി­ഷ്ടം.”

തോ­മ­സ്സ് നോ­ക്കി–’റം’ അ­യാ­ളു­ടെ ക­ണ്ണു­കൾ കി­ട­ന്നു തി­ള­ങ്ങി.

വർ­ഗ്ഗീ­സ് അ­പ്പോ­ഴും കു­പ്പി പൊ­ക്കി­പ്പി­ടി­ച്ചു നി­ല്ക്കു­ക­യാ­ണു്. തോ­മ­സ്സി­ന്റെ ക­ണ്ണു­കൾ സ­ന്തോ­ഷം കൊ­ണ്ടു തി­ള­ങ്ങു­ന്ന­തു ക­ണ്ട­പ്പോൾ വർ­ഗ്ഗീ­സ് ഹർ­ഷോ­ന്മാ­ദ­ത്തോ­ടെ രാ­ജ്ക­പൂ­റി­നെ­പ്പോ­ലെ ഒന്നു ചാടി: ‘പപ്പി… പപ്പി…’

“ഛെ… ചെ­ത്ത­മു­ണ്ടാ­ക്കാ­തെ, എ­വി­ട­ന്നു കി­ട്ടി?” തോ­മ­സ്സ്.

“എത്ര പാ­ടു­പെ­ട്ടു­വെ­ന്നോ. സ്റ്റേ­ഷൻ കാ­ന്റീ­നിൽ ചെ­ന്ന­പ്പോൾ മാ­നേ­ജർ പ­റ­ഞ്ഞു ഓ­ഫീ­സ­റു­ടെ കു­റി­പ്പു വേ­ണ­മെ­ന്നു്.”

“എ­ന്നി­ട്ടു്?”

“എ­ന്നി­ട്ടെ­ന്താ, മേ­ത്താ­സാ­ബി­നെ പോ­യി­ക്ക­ണ്ടു. ‘ടപ്പാ’ന്നു് ഒരു സ­ല്യൂ­ട്ട­ങ്ങ് പാ­സ്സാ­ക്കി. പു­ള്ളി­ക്കാ­രൻ കു­റി­പ്പെ­ഴു­തി­ത്ത­ന്നു.”

“നീ ചൊ­ണ­യു­ള്ള­വൻ.”

“അല്ല, അതു പോ­ട്ടെ, ചു­മ്മാ കെട, പൊ­ക്കാ­തെ.”

വർ­ഗ്ഗീ­സ് ബു­ക്കാ­രി­ക്ക­ടു­ത്തു­വ­ന്നി­രു­ന്നു. ബൂ­ട്ടു­ക­ളൂ­രി. സോ­ക്സ് ന­ന­ഞ്ഞി­രി­ക്കു­ന്നു. സോ­ക്സ് ഊരി ബു­ക്കാ­രി­യു­ടെ കു­ഴ­ലിൽ ഉ­ണ­ങ്ങാ­നി­ട്ടു: “എന്റെ പൊ­ന്ന­ച്ചാ എന്നാ കു­ളി­രാ”

“എന്താ പ­ണി­യ്ക്ക­രും ക­രു­ണാ­ക­ര­നും വ­രാ­ത്ത­തു്?” തോ­മ­സ്സ് ആ­രോ­ടെ­ന്നി­ല്ലാ­തെ ചോ­ദി­ച്ചു.

“ട്ര­ക്ക് ബ്രെ­യ്ക്കു് ഡൌൺ ആ­യി­ട്ടു­ണ്ടോ എ­ന്നൊ­രു സംശയം. ‘ വർ­ഗ്ഗീ­സ് പ­റ­ഞ്ഞു.

“ദൈ­വ­ത്തി­ന്റെ കൃ­പ­കൊ­ണ്ടു് ഞങ്ങൾ ഇതാ എ­ത്തി­യി­രി­യ്ക്കു­ന്നു.”

എ­ല്ലാ­വ­രും പൊ­ട്ടി­ച്ചി­രി­ച്ചു. അ­വ­രു­ടെ ഗ്രെ­യ്റ്റ് കോ­ട്ടു­ക­ളിൽ­നി­ന്നു് രണ്ടു കു­പ്പി­കൾ പു­റ­ത്തു­വ­ന്നു. തോ­മ­സ്സ് തു­ള്ളി­ച്ചാ­ടി. ബ­ലേ­ബ­ലേ! എ­ല്ലാം കൂടി വൺ, ടൂ, ത്രീ—മൂ­ന്നു കു­പ്പി…”

“എ­ന്താ­യി­ട്ടെ­ന്താ, മെ­സ്സിൽ ഇ­ന്നു് ഇ­റ­ച്ചി ഇല്ല.” പ­ണി­ക്കർ ഇ­ച്ഛാ­ഭം­ഗ­ത്തോ­ടെ പ­റ­ഞ്ഞു.

“ഉം, എന്താ കാരണം?”—വർ­ഗ്ഗീ­സ്.

“ക്രി­സ്തു­മ­സ്സ് അല്ലേ വ­ര­ണ­തു്”—ക­രു­ണാ­ക­രൻ.

“ക്രി­സ്തു­മ­സ്സി­ന്നു എ­ല്ലാം കൂടി ഒ­ന്നി­ച്ചു ഡ്രോ ചെ­യ്യാൻ പോ­ക­യാ­ണ­ത്രേ.”—പ­ണി­ക്കർ.

“എ­ല്ലാം തു­ല­ഞ്ഞു. ഇ­റ­ച്ചി­യി­ല്ലാ­തെ കു­ടി­ക്കാൻ സു­ഖ­മി­ല്ല.”—വർ­ഗ്ഗീ­സ്.

“കാ­ന്റീ­നിൽ നി­ന്നു് രണ്ടു ബീ­ഫ്ടിൻ വാ­ങ്ങി­യാ­ലോ?”—പ­ണി­ക്കർ.

“ഞാൻ തി­ന്ന­ത്തി­ല്ല”—വർ­ഗ്ഗീ­സ്.

“മീൻ­ടിൻ വാ­ങ്ങി­ക്കാം.”—തോ­മ­സ്സ്.

“ഓ, റഡി’ എ­ല്ലാ­വ­രും ശ­രി­വെ­ച്ചു.

ക­രു­ണാ­ക­രൻ മീൻ ടിൻ വാ­ങ്ങാൻ കാ­ന്റീ­നി­ലേ­യ്ക്കു പോയി.

“വർ­ഗ്ഗീ­സേ, നീ പോയി ച­പ്പാ­ത്തി വാ­ങ്ങി വന്നേ.” തോ­മ­സ്സ് വർ­ഗ്ഗീ­സി­നെ മെ­സ്സി­ലേ­ക്ക­യ­യ്ക്കാൻ നോ­ക്കു­ക­യാ­ണു്.

“ചു­മ്മാ കെട. എ­ന്നെ­ക്കൊ­ണ്ടു മേല.”

“ഞാൻ കൊ­ണ്ടു­വ­രാം.” പ­ണി­ക്കർ എ­ഴു­ന്നേ­റ്റു രണ്ടു പ്ലെ­യി­റ്റു­ക­ളെ­ടു­ത്തു പു­റ­പ്പെ­ട്ടു.

“ചു­രു­ങ്ങി­യ­തു് നാ­ല്പ­തു്” തോമസ് ഓർ­മ്മി­പ്പി­ച്ചു.

“നി­ന്റെ ഒ­ടു­ക്ക­ത്തെ തീ­റ്റി…” വർ­ഗ്ഗീ­സ്.

പ­ണി­ക്ക­രും ക­രു­ണാ­ക­ര­നും ഒ­ന്നി­ച്ചാ­ണു് വ­ന്ന­തു്. ച­പ്പാ­ത്തി ര­ണ്ട­ടു­ക്കു­ക­ളാ­ക്കി പ്ലെ­യി­റ്റിൽ വെ­ച്ചു. മീൻ ടിൻ തു­റ­ന്നു. മെ­സ്സ്ടി­ന്നി­ലി­ട്ടു് ബു­ക്കാ­രി­യിൽ­വെ­ച്ചു ചൂ­ടാ­ക്കി. അതിൽ മു­ള­കു­പൊ­ടി­യും ഉ­പ്പും വിതറി. ഉള്ളി ചേർ­ത്തി­ള­ക്കി. ഡാൽഡാ ത­ളി­ച്ചു. പ­ണി­ക്കർ ഉ­ള്ളം­കൈ­യിൽ സ്വാ­ദു നോ­ക്കി: “ഡി­ലീ­ഷ്യ­സ്സ്!”[3]

നാ­ലു­പേ­രും വ­ട്ട­മി­ട്ടി­രു­ന്നു. ക­പ്പു­കൾ നി­ര­ന്നു. കു­പ്പി­കൾ നി­ര­ന്നു. ച­പ്പാ­ത്തി­യു­ടെ ചെറിയ രണ്ടു കൂ­മ്പാ­ര­ങ്ങൾ. മീൻ­ക­റി­യു­ടെ കൊതി തോ­ന്നി­ക്കു­ന്ന മണം.

ഒ­ന്നാ­മ­ത്തെ കു­പ്പി നാലു ക­പ്പു­ക­ളി­ലാ­യി ഒ­ഴി­ച്ചു. റ­മ്മി­ന്റെ ഗ്യാ­സ് മൂ­ക്കി­ലേ­ക്കു് അ­ടി­ച്ചു­ക­യ­റു­ക­യാ­ണു്.

“എ­ന്തൊ­രു ഗ്യാ­സാ­ണ്!” ക­രു­ണാ­ക­രൻ കർ­ചീ­ഫെ­ടു­ത്തു മൂ­ക്കു­പൊ­ത്തി.

“അ­ക­ത്തു­ചെ­ല്ലു­മ്പ­ളോ?”—തോമസ്.

“ശരി. വെ­ള്ള­ക്കാ­ര­ന്റെ സ്റ്റ­യ്ലിൽ കു­ടി­ച്ചു കളയാം.” എന്നു പ­റ­ഞ്ഞ് അവർ നാ­ലു­പേ­രും ക­പ്പു­കൾ ത­മ്മിൽ മു­ട്ടി­ച്ചു. പ­ണി­ക്ക­രും വർ­ഗ്ഗീ­സും ഒ­രൊ­റ്റ മൂ­ച്ചിൽ ക­പ്പു് കാ­ലി­യാ­ക്കി.

“കു­ടി­യ്ക്കാൻ പ­ഠി­യ്ക്ക­ണം.”—തോ­മ­സ്സി­ന്നു് അ­വ­രു­ടെ കുടി അത്ര ബോ­ധി­ച്ചി­ല്ല.

“അ­തി­നു­ള്ള പ­രീ­ക്ഷ എ­വ­ട്യാ?”—പ­ണി­ക്കർ.

“പോടാ തർ­ക്കു­ത്ത­രം പറയാൻ നി­ക്ക­ണു്”—തോ­മ­സ്സ്.

ബു­ക്കാ­രി ന­ല്ല­വ­ണ്ണം എ­രി­ഞ്ഞു ക­ത്തി­ത്തു­ട­ങ്ങി. പ­ണി­ക്കർ ഒരു കൊ­ള്ളി വി­റ­കു് അ­തി­ന­ക­ത്തി­ട്ടു് ഒന്നു കൂടി ഊ­തി­ക്ക­ത്തി­ച്ചു.

“തോ­മ­സ്സ്, മ­റ്റേ­ക്കു­പ്പി തു­റ­ക്കു്.” വർ­ഗ്ഗീ­സ് ര­ണ്ടാ­മ­ത്തെ കു­പ്പി­യിൽ നോ­ട്ട­മി­ടു­ക­യാ­ണു്. തോ­മ­സ്സ് കു­പ്പി­യു­ടെ അ­ട­പ്പു വ­ലി­ച്ചു­തു­റ­ന്നു. എ­ന്നി­ട്ടു നാലു ക­പ്പു­ക­ളി­ലാ­യി ഒ­ഴി­ച്ചു. ഒരു നി­മി­ഷ­ത്തി­നു­ള്ളിൽ ക­പ്പു­കൾ കാ­ലി­യാ­യി.

വർ­ഗ്ഗീ­സ് പ­റ­ഞ്ഞു: “അ­ടു­ത്തു ലീവിൽ പോയാൽ ഞാൻ പെ­ണ്ണു­കെ­ട്ടും.”

“എ­വി­ട­ന്നാ?”

“ച­ങ്ങ­നാ­ശ്ശേ­രീ­ന്നു്.”

ക­രു­ണാ­ക­രൻ പ­റ­ഞ്ഞു: “ഞാൻ പെ­ണ്ണു­കെ­ട്ടു­മെ­ന്നു­ത­ന്നെ തോ­ന്നു­ന്നി­ല്ല. ഞാൻ കു­ട്ടി­യാ­ണെ­ന്നാ­ണു് അമ്മ പ­റ­യു­ന്ന­തു്.”

“മു­ല­കു­ടി മാ­റാ­ത്ത കു­ട്ടി.”

“ആ­രാ­ണു് മു­ല­കു­ടി മാ­റാ­ത്ത കു­ട്ടി?” എന്നു ചോ­ദി­ച്ചു­കൊ­ണ്ടു പി. കെ. നായർ വ­ന്നു­ക­യ­റി. മൂ­ക്ക­റ്റം കു­ടി­ച്ചി­ട്ടു­ണ്ടു്. കു­ടി­ച്ചു പി­മ്പി­രി ക­യ­റി­യി­രി­ക്ക­യാ­ണു്. തോ­മ­സ്സ് പ­റ­ഞ്ഞു: “ക­രു­ണാ­ക­ര­ന്റെ അമ്മ പ­റ­ക­യാ­ണ്, അവൻ കൊ­ച്ചു­കു­ഞ്ഞാ­ണെ­ന്നു്.”

“ശര്യാ. എന്റെ അമ്മ പ­റ­യു­ന്ന­തും ഞാൻ കു­ട്ടി­യാ­ണെ­ന്നാ­ണു്. അ­മ്മാ­വൻ പ­റ­യു­ന്ന­തു ഞാൻ കു­ട്ടി­യ­ല്ലെ­ന്നാ­ണു്.”

“എന്താ അ­മ്മാ­മ­ന്നു പെൺ­മ­ക്കൾ ഒരു പാ­ടു­ണ്ടാ­വും, ഇല്യോ?” പ­ണി­ക്കർ.

അ­ത്ര­യ­ധി­ക­മൊ­ന്നു­മി­ല്ല. എ­ട്ടെ­ണ്ണം. ഇ­ട­യ്ക്കും ത­ല­യ്ക്കും ചി­ലർ­ക്കൊ­ക്കെ ഭർ­ത്താ­ക്ക­ന്മാ­രു­ണ്ടു്. ഒ­ന്നി­നെ ന­മ്മു­ടെ ത­ലേ­ലും കേ­റ്റി­വെ­യ്ക്കാൻ ഒരു ശ്രമം ന­ട­ന്നു.”

“എ­ന്നി­ട്ടു പ­റ്റീ­ല്ലേ?”—പ­ണി­ക്കർ.

“കേ­ട്ടോ തമാശ? ഞാൻ അ­തു­ക­ളെ­യൊ­ന്നും ചൊ­വ്വി­നു ക­ണ്ടി­ട്ടി­ല്ല. പ­ത്തു­മു­പ്പ­തു കൊ­ല്ല­മാ­യി അ­മ്മാ­മൻ ത­മി­ഴ്‌­നാ­ട്ടി­ലെ­വി­ടെ­യോ ആണു്. പി. കെ. നായർ ഒരു സി­ഗ­ര­റ്റെ­ടു­ത്തു വ­ലി­ച്ചു­കൊ­ണ്ടു തു­ടർ­ന്നു: “ഞാൻ പെ­ണ്ണു­കാ­ണാൻ പോയി. ചാ­യ­യു­മാ­യി പെ­ണ്ണു ത­ള­ത്തിൽ വ­ന്ന­പ്പോൾ ഞാ­ന­ങ്ങു് അന്തം വി­ട്ടു. ഉ­മ്മ­റ­ത്തെ രണ്ടു പ­ല്ലു­കൾ ചു­ണ്ടു­ക­ളെ തള്ളി മാ­റ്റി­ക്കൊ­ണ്ടു പു­റ­ത്തേ­ക്കെ­ത്തി നോ­ക്കു­ക­യാ­ണു്. കു­റ­ച്ചൊ­രു വി­ദ്യ­യു­ണ്ടു് ന­ട­ത്ത­ത്തി­ന്നു്. എ­ന്നാ­ലും പ­ണ്ട­ങ്ങൾ പി­ടു­പി­ടു­പ്പ­തു്.

“അ­പ്പോൾ ത­നി­ക്കു പി­ടി­ച്ചി­ല്ല, അല്ലേ?”—പ­ണി­ക്കർ.

“ഒ­ട്ടും പി­ടി­ച്ചി­ല്ല. പക്ഷേ, അ­വ­ളു­ടെ ഒ­ര­നു­ജ­ത്തി­യു­ണ്ടു്. ഹായ്! എന്താ പ­റ­യേ­ണ്ട­തു് ജ­സ്റ്റ് ലൈ­ക്കു് പാൽ­പാ­യ­സം, യൂ സീ.”

എ­ല്ലാ­വ­രും പൊ­ട്ടി­ച്ചി­രി­ച്ചു. വർ­ഗ്ഗീ­സ് പ­റ­ഞ്ഞു: “കേ­ട്ടോ. പി. കെ., സൗ­ന്ദ­ര്യം ഹൃ­ദ­യ­ത്തി­ലാ­ണു്. ബാ­ഹ്യ­മാ­യ സൗ­ന്ദ­ര്യം വെറും പ­കി­ട്ടാ­ണു്.”

“തേ­ങ്ങാ­പ്പി­ണ്ണാ­ക്കാ. എ­ന്നി­ട്ടാ­ണോ വ­ല്ല­വ­രു­ടേ­യും ഭാ­ര്യ­മാ­രെ­പ്പ­റ്റി അ­ഭി­പ്രാ­യം ചോ­ദി­യ്ക്കു­ന്ന­തു്. പെ­ണ്ണു­ക­ണ്ടാൽ നന്നോ എ­ന്നു്.” പി. കെ. നായർ ചൊ­ടി­ച്ചു­കൊ­ണ്ടു പ­റ­ഞ്ഞു.

“അ­പ്പോൾ പി. കെ. ഒരു ഭൂലോക സു­ന്ദ­രി­യെ ക­ല്യാ­ണം ക­ഴി­ച്ചോ­ളു.” തോ­മ­സ്സ് ഇടയിൽ കയറി പ­റ­ഞ്ഞു.

“ആർ­മ്മി സ്പെ­ഷ്യൽ സർ­ട്ടി­ഫി­ക്ക­റ്റ് ഉ­ണ്ടെ­ങ്കിൽ ക­മ്മീ­ഷ­ന്നു് അപ്ലൈ ചെ­യ്യാം.”—തോ­മ­സ്സ്.

“പക്ഷേ, പെ­ണ്ണി­ന്നു കു­റ­ച്ചു സം­സ്കാ­രം വേണം.”—പ­ണി­ക്കർ.

“ഒ­ന്നും വേണ്ട. പു­ഞ്ചി­രി­ക്കാ­നും ക­ടാ­ക്ഷി­ക്കാ­നും മ­റ്റും അ­റി­ഞ്ഞാൽ മതി.”—തോ­മ­സ്സ്.

“ഷട്ട് അപ്പ്.” പി. കെ. നാ­യർ­ക്കു് അരിശം വന്നു.

“ദാ ക­ണ്ടി­ല്ലേ, പി. കെ. ദേ­ഷ്യ­പ്പെ­ടാൻ തു­ട­ങ്ങി.” പ­ണി­ക്കർ പ­രി­ഹാ­സ­പൂർ­വ്വം പ­റ­ഞ്ഞു.

“പെ­ണ്ണു­ങ്ങൾ പോയി തു­ല­യ­ട്ടെ. ബാ­ക്കി­യു­ള്ള ഒരു കു­പ്പി­കൂ­ടി ‘സ്വാ­ഹാ’ ചെ­യ്യേ­ണ്ടേ?” പി. കെ. നായർ ആർ­ത്തി പ്ര­ക­ടി­പ്പി­ച്ചു.

മൂ­ന്നാ­മ­ത്തെ കു­പ്പി­യും ഒ­ഴി­ഞ്ഞു. തോ­മ­സ്സി­ന്നു സം­സാ­രി­ക്കാൻ വ­യ്യാ­താ­യി. ബു­ക്കാ­രി­യും ബാ­ര­ക്കും എ­ല്ലാം ക­റ­ങ്ങു­ക­യാ­ണു്. തോ­മ­സ്സ് എ­ഴു­ന്നേ­റ്റു് ഇം­ഗ്ലീ­ഷ് നൃ­ത്തം തു­ട­ങ്ങി. ജീൻ കെ­ല്ലി­യു­ടെ നൃ­ത്തം…

“ക­ര­ണാ­രാ… ഞാൻ… നീം ക­ഴി­ക്കും.”

പി. കെ. നായർ പ­റ­ഞ്ഞു: “തോ­മ­സ്സി­ന്നു് കു­റ­ച്ച് ഓ­വ­റാ­യി­പ്പോ­യി… ജ­സ്റ്റ് ലൈ­ക്കു് പാൽ പായസം, യൂ സീ” എ­ന്നി­ട്ടു മഫ്ലർ എ­ടു­ത്തു ക­ഴു­ത്തിൽ കെ­ട്ടി അ­വി­ടെ­നി­ന്നു് ഊ­രി­പ്പോ­ന്നു.

തോ­മ­സി­ന്റെ നൃ­ത്തം നി­ല­യ്ക്കു­ന്ന കോ­ള­ല്ല. നൃ­ത്ത­ത്തി­ന്നു ശ­ക്തി­യും വേ­ഗ­ത­യും കൂ­ടു­ക­യാ­ണു്. ബു­ക്കാ­രി­യു­ടെ കു­ഴ­ലു­കൾ തെ­റി­ച്ചു­വീ­ണു. ബു­ക്കാ­രി തകിടം മ­റി­ഞ്ഞു. തീ­ക്ക­ന­ലു­കൾ ചി­ന്നി­ച്ചി­ത­റി. മു­റി­യിൽ ചാരം നി­റ­ഞ്ഞു. ക­പ്പു­കൾ ചു­മ­രിൽ വെ­ച്ച­ടി­ച്ച­തു­കൊ­ണ്ടു ഞെ­ളു­ങ്ങി… മൂ­ന്നു കു­പ്പി­ക­ളും ഉ­ട­ഞ്ഞു ത­കർ­ന്നു. എ­ങ്ങും കു­പ്പി­ച്ചി­ല്ലു­കൾ…

ബാ­ക്കി മൂ­ന്നു­പേർ ചേർ­ന്നു തോ­മ­സ്സി­നെ പി­ടി­ക്കു­വാൻ ശ്ര­മി­ച്ചു. പി­ടി­യിൽ ഒ­തു­ങ്ങു­ന്നി­ല്ല. തോ­മ­സ്സ് അലറി “ഹയ്യോ…

ല­ഹ­ള­കേ­ട്ടു ഹ­വിൽ­ദാർ മു­റി­യി­ലേ­ക്കു ഓ­ടി­വ­ന്നു. “ബേവ് കൂഫ്, ലോക്, ഷോർ മതു് മ­ച്ചാ­വോ”[4] തോ­മ­സ്സ് അ­മർ­സിം­ഗി­ന്റ താ­ടി­യിൽ ക­ട­ന്നൊ­രു പി­ടു­ത്തം. എ­ന്നി­ട്ടു് അലറി:

“ബക്കോ മത്”[5]

അ­മർ­സിം­ഗ് പിടി വി­ടു­വി­ച്ചു മാ­റി­നി­ന്നു. ആളുകൾ ഓ­ടി­വ­ന്നു­കൊ­ണ്ടി­രു­ന്നു.

തോമസ് മു­ഷ്ടി ചു­രു­ട്ടി­ക്കൊ­ണ്ടു വീ­ണ്ടും ഹ­വിൽ­ദാർ മേ­ജ­രു­ടെ നേരെ തി­രി­ഞ്ഞു. കാ­ലു­കൾ നി­ല­ത്തു­റ­യ്ക്കു­ന്നി­ല്ല. നാ­ക്കി­നു സം­സാ­രി­ക്കാ­നു­ള്ള ശ­ക്തി­യി­ല്ല.

“ബന്ത് കരോ, ഇസ്കോ ഗാർഡ് റൂം മേ”[6]

ര­ണ്ടു­പേർ മു­ന്നോ­ട്ടു­വ­ന്നു തോ­മ­സ്സി­നെ പൊ­ക്കി­യെ­ടു­ത്തു ഗാർ­ഡ്റൂ­മി­ലേ­ക്കു കൊ­ണ്ടു­പോ­യി. തോ­മ­സ്സ് കു­ത­റി­പ്പോ­രാൻ നോ­ക്കി. കാ­ലു­കൾ നി­ല­ത്തി­ട്ട­ടി­ച്ചു. പു­ല­ഭ്യ­ങ്ങൾ വി­ളി­ച്ചു പ­റ­ഞ്ഞു.

നേരം പു­ലർ­ന്ന­പ്പോൾ തോ­മ­സ്സി­നു ത­ല­ക്കു നല്ല വെ­ളി­വു­ണ്ടാ­യി­രു­ന്നു. രാ­ത്രി­യി­ലെ സം­ഭ­വ­ങ്ങ­ളെ­ല്ലാം ഒ­ര­വ്യ­ക്ത­മാ­യ സ്വ­പ്നം പോ­ലെ­യാ­ണു് അ­യാൾ­ക്കു തോ­ന്നി­യ­തു്. കാൽ­വ­ണ്ണ­യിൽ അ­വി­ട­വി­ടെ­യാ­യി ഒന്നു രണ്ടു മു­റി­വു­കൾ പ­റ്റി­യി­ട്ടു­ണ്ടു്. അവയിൽ രക്തം ക­ട്ട­പി­ടി­ച്ചു കി­ട­ക്കു­ന്നു. കൺ­പോ­ള­കൾ വീ­ങ്ങി­വീർ­ത്തി­ട്ടു­ണ്ടു്. ശരീരം മു­ഴു­വൻ നീ­റു­ക­യാ­ണു്.

“ഇത്ര കു­ടി­ക്കേ­ണ്ടി­യി­രു­ന്നി­ല്ല.” തോ­മ­സ്സി­നു തോ­ന്നി. അയാൾ പ­ശ്ചാ­ത്ത­പി­ച്ചു.

പക്ഷേ, അ­തു­കൊ­ണ്ടൊ­ന്നും കാ­ര്യ­മു­ണ്ടാ­യി­ല്ല. ചാർ­ജിൽ പോ­കേ­ണ്ടി­വ­ന്നു. ‘സു­പ്പീ­രി­യ’റെ ചീത്ത പ­റ­ഞ്ഞ­തി­ന്നും ദേ­ഹോ­പ­ദ്ര­വ­മേ­ല്പി­ക്കാൻ ചെ­ന്ന­തി­ന്നു­മാ­യി­രു­ന്നു ചാർ­ജ്ജ് ഷീ­റ്റ് ഉ­ണ്ടാ­ക്കി­യ­തു്.

ലാൻസ് നാ­യ്ക് തോ­മ­സ്സ് ക­മാ­ണ്ടി­ങ് ഓ­ഫീ­സ­റു­ടെ മു­മ്പി­ലേ­ക്കു മാർ­ച്ച് ചെ­യ്തു. തി­രി­ച്ചു വ­രു­മ്പോൾ അയാൾ ശി­പ്പാ­യി തോ­മ­സ്സാ­യി­രു­ന്നു.

ര­ണ്ടു്

കാ­ശ്മീ­രി­ലെ ശ്രീ­ന­ഗ­റി­ന­ടു­ത്തു­ള്ള ഒരു സി­ഗ്നൽ റെ­ജി­മെ­ന്റാ­ണ­തു്. ഒരു ഡീവ്[7] മു­ഴു­വ­നും അവിടെ, അ­വി­ട­വി­ടെ­യാ­യി സ്ഥ­ല­മു­റ­പ്പി­ച്ചി­രി­ക്ക­യാ­ണു്. ‘യു­ദ്ധം നിർ­ത്തൽ’ കല്പന പു­റ­പ്പെ­ടു­വി­ച്ച­തി­നു­ശേ­ഷ­മു­ള്ള കാ­ല­മാ­യ­തു­കൊ­ണ്ടു് അ­ത്ര­യ­ധി­കം തി­ര­ക്കു­ക­ളും പ്ര­വൃ­ത്തി­ക­ളു­മൊ­ന്നു­മി­ല്ല. യു­ദ്ധം നിർ­ത്തൽ രേ­ഖ­യിൽ ഉ­ട­നീ­ളം കാ­വ­ലു­ണ്ടു് നി­യ­മ­വി­രു­ദ്ധ­മാ­യ വല്ല സം­ഭ­വ­ങ്ങ­ളു­മു­ണ്ടാ­വു­മ്പോൾ വ­ഴി­ക്കു­വ­ഴി­യെ ‘ഡീവി’ൽ അറിവു കി­ട്ടു­ന്നു. പി­ന്നെ വേണ്ട ന­ട­പ­ടി­ക­ളെ­ടു­ക്കു­ന്നു.

റെ­ജി­മെ­ന്റ് കി­ട­ക്കു­ന്ന­തു വ­ലി­യൊ­രു ആ­പ്പിൾ തോ­ട്ട­ത്തിൽ മരം കൊ­ണ്ടു­ണ്ടാ­ക്കി­യ നെ­ടു­നീ­ളൻ ബാര ക്കു­ക­ളി­ലാ­ണു്. ഓഫീസ് മാ­ത്രം റെ­ജി­മെ­ന്റ് ഓ­ഫീ­സും സി­ഗ്നൽ കെ­ട്ടി­ട­ങ്ങ­ളി­ലാ­ണു്. സി­ഗ്നൽ ഓഫീസ് കെ­ട്ടി­ടം ആ­പ്പിൾ­ത്തോ­പ്പി­ന്റെ ന­ടു­ക്കാ­ണു്. ആ­പ്പിൾ­ത്തോ­പ്പു­ക­ളിൽ അ­വി­ട­വി­ടെ­യാ­യി വലിയ വലിയ ‘ബ­ങ്ക­റു­കൾ’ കു­ഴി­ച്ചു വ­യർ­ല­സ് സെ­റ്റ് സ്ഥാ­പി­ച്ചി­രി­ക്കു­ന്നു. ബ­ങ്ക­റി­ന്റെ മേൽ­പ്പു­ര­യിൽ പു­ല്ലു­ത­കി­ടി­കൾ വെ­ച്ചു­പി­ടി­പ്പി­ച്ചി­ട്ടു­ണ്ടു്. ബങ്കർ സ­മ­നി­ല­ത്തിൽ നി­ന്നു ഉ­യർ­ന്നു കാ­ണാ­തി­രി­ക്കാൻ പ്ര­ത്യേ­കം ശ്ര­ദ്ധി­ച്ചി­ട്ടു­ണ്ടു്.

റെ­ജി­മെ­ന്റി­ന്റെ ക­മാൻ­ഡർ കേണൽ അ­ഗർ­വാൾ ആണു്. തി­ക­ച്ചും ആറടി ഉ­യ­ര­വും വെ­ളു­ത്തു മെ­ലി­ഞ്ഞ ശ­രീ­ര­പ്ര­കൃ­തി­യും കൊ­മ്പൻ മീ­ശ­യു­മു­ള്ള അ­ദ്ദേ­ഹം സ­ത്യ­സ­ന്ധ­ത­യും ക­ണി­ശ­ത­യും ഒ­രാ­ദർ­ശ­വാ­നാ­ണു്. ഏതൊരു റി­പ്പോർ­ട്ടും ഉടൻ ശ്ര­ദ്ധി­ക്കും. വേണ്ട ന­ട­പ­ടി­ക­ളെ­ടു­ക്കും.

കേണൽ അ­ഗർ­വാ­ളി­ന്റെ കീ­ഴു­ദ്യോ­ഗ­സ്ഥ­ന്മാ­രാ­യി വേ­റെ­യും ഒ­രു­പാ­ടു് ഓ­ഫീ­സർ­മാ­രും ജൂ­നി­യർ ക­മ്മീ­ഷൻ­ഡ് ഓ­ഫീ­സർ­മാ­രു­മു­ണ്ടു്. അ­വ­രെ­ല്ലാം അ­വ­ര­വ­രു­ടെ ഡ്യൂ­ട്ടി ശ­രി­യ്ക്കു ചെ­യ്യു­ന്നു­ണ്ടോ എന്നു ‘കേണൽ സാബ്’ പ്ര­ത്യേ­കം ശ്ര­ദ്ധി­ക്കും. കൂ­ടാ­തെ ഓ­ഫീ­സർ­മാർ­ക്കെ­ല്ലാം ആ­ഴ്ച­യിൽ ഒരു ത­വ­ണ­യെ­ങ്കി­ലും ലക്ചർ കൊ­ടു­ക്കു­ക­യും ചെ­യ്യും. ‘ജവാനു’മായി[8] ഇ­ട­പ­ഴ­കേ­ണ്ട­വി­ധം, പ­ട്ടാ­ള­ത്തിൽ അ­ച്ച­ട­ക്ക­ത്തി­ന്റെ ആ­വ­ശ്യ­ക­ത, ഫീൽ­ഡിൽ പോയാൽ ചെ­യ്യേ­ണ്ട പ്ര­വൃ­ത്തി­കൾ അ­ങ്ങി­നെ ഓരോ കാ­ര്യ­ത്തെ­ക്കു­റി­ച്ചും അ­ദ്ദേ­ഹം പ്ര­ത്യേ­കം പ്ര­ത്യേ­കം ലക്ചർ കൊ­ടു­ക്കും. ഡിവിൽ അ­ദ്ദേ­ഹ­ത്തി­ന്നു നല്ല പേ­രാ­ണു്. ജനറൽ സാ­ഹി­ബി­ന്നു് അ­ദ്ദേ­ഹ­ത്തെ നല്ല വി­ശ്വാ­സ­മാ­ണു്.

പി. കെ. നാ­യ­രും വർ­ഗ്ഗീ­സും തോ­മ­സ്സും ക­രു­ണാ­ക­ര­നും പ­ണി­ക്ക­രും ആ റെ­ജി­മെ­ന്റിൽ സാ­മാ­ന്യം അ­റി­യ­പ്പെ­ടു­ന്ന വ്യ­ക്തി­ക­ളാ­ണു്.

ഒരു ദിവസം ‘റോൾ­കാൾ’ ക­ഴി­ഞ്ഞ­പ്പോൾ പി. കെ. നായർ സെ­ക്ഷൻ ഹ­വീൽ­ദാ­രോ­ടു് പ­റ­ഞ്ഞു:

“ഒരു റി­പ്പോർ­ട്ടു­ണ്ടു്.”

“എന്താ?”

“എ­നി­യ്ക്കു മു­റി­യൊ­ന്നു മാറണം.”

“കാരണം?”

“കാരണം പ്ര­ത്യേ­കി­ച്ചി­ട്ടൊ­ന്നു­മി­ല്ല.”

“കാ­ര­ണ­മൊ­ന്നു­മി­ല്ലാ­തെ മുറി മാ­റാ­നൊ­ക്കി­ല്ല. ഇതു് പ­ട്ടാ­ള­മാ­ണു്.”

“അ­ത­റി­യാം, പക്ഷേ, മുറി മാറണം.”

“ഒ­ക്കി­ല്ല.”

“അ­പ്പോൾ എ­നി­ക്കു സു­ബേ­ദാർ മേജരെ കാണണം.” പി. കെ. നായർ വി­ടാ­നു­ള്ള ഭാ­വ­മ­ല്ല.

സെ­ക്ഷൻ ഹ­വിൽ­ദാർ ഒരു നി­മി­ഷം സം­ശ­യി­ച്ചു നി­ന്നു. ആ­ലോ­ചി­ച്ചു. ഒ­ടു­വിൽ സ­മ്മ­തി­ച്ചു.

“ശരി, അ­പ്പോൾ ‘സെൻ­ട്രൽ റോൾ­ക്കാ­ളി’ന്നു പോകാം.”

‘സെൻ­ട്രൽ റോൾ കാൾ’ സു­ബേ­ദാർ മേ­ജ­രു­ടെ റോൾ­കാ­ളാ­ണു്. ക­മ്പ­നി വ­രു­ന്നു. റോൾ­ക്കാ­ളിൽ സാ­ധി­ക്കാ­ത്ത കാ­ര്യ­ങ്ങൾ സെൻ­ട്രൽ റോൾ­ക്കാ­ളി­ലേ­ക്കു വ­രു­ന്നു. സെൻ­ട്രൽ റോൾ­ക്കാ­ളി­ന്നു കു­റ­ച്ചു­കൂ­ടി അ­ധി­കാ­ര­വും ഗൗ­ര­വ­വു­മു­ണ്ടു്. ലീവു ക­ഴി­ഞ്ഞു വ­രു­ന്ന­വ­രും ആ­സ്പ­ത്രി­യിൽ പോ­കേ­ണ്ട­വ­രും സെൻ­ട്രൽ റോൾ­ക്കാ­ളിൽ പോകണം. അ­വി­ടെ­വെ­ച്ച് അവർ സു­ബേ­ദാർ മേ­ജ­രു­മാ­യി അ­ഭി­മു­ഖ­സം­ഭാ­ഷ­ണം ന­ട­ത്തു­ന്നു.

പി. കെ. നായർ റോൾ­ക്കാൾ ന­ട­ക്കു­ന്ന സ്ഥ­ല­ത്തേ­ക്കു പോയി. സു­ബേ­ദാർ മേ­ജ­രു­ടെ ബം­ഗ്ലാ­വി­ന്നു മു­മ്പിൽ­ത്ത­ന്നെ­യാ­ണു് സെൻ­ട്രൽ റോൾ­ക്കാൾ ന­ട­ക്കു­ന്ന­തു്.

ഇ­പ്പോൾ കി­ട­ക്കു­ന്ന മു­റി­യിൽ നി­ന്നു മാ­റ­ണ­മെ­ന്നു് വളരെ നാ­ളു­ക­ളാ­യി പി. കെ. നായർ ആ­ശി­ച്ചു­വ­രി­ക­യാ­ണു്. ആ മു­റി­യിൽ കാല് കു­ത്തു­മ്പോ­ഴേ­ക്കും അ­യാൾ­ക്കൊ­രു ത­രി­പ്പാ­ണ്, അ­യാ­ളു­ടെ രു­ചി­ക്ക­നു­സ­രി­ച്ചു­ള്ള­വ­ര­ല്ല അവിടെ കി­ട­ക്കു­ന്ന­വ­രൊ­ന്നും തന്നെ. നാ­ലു­പേ­രു­ണ്ടു്. നാ­ലു­പേ­രു­ടേ­യും പോ­ക്കു് നാ­ലു­വി­ധ­ത്തി­ലാ­ണു്.

മുൻ­ഷി­റാം കാ­ല­ത്തു മൂ­ന്നു­മ­ണി­ക്കു് എ­ഴു­ന്നേ­റ്റു ലൈ­റ്റ് ഓൺ ചെ­യ്യും. സ­ങ്ക­ട­മാ­ണ­തു്. അതു മാ­ത്ര­മോ? പി­ന്നെ ‘ബ­ഡാ­ബൂ­ട്ടി’ന്റെ കടകട ശബ്ദം കാ­തു­ക­ളെ തു­ള­യ്ക്കു­ക­യാ­യി. രാ­വി­ല­ത്തെ ഉ­റ­ക്ക­ത്തെ ന­ശി­പ്പി­യ്ക്കാൻ ഇ­ത്ര­യും പോരെ? എ­ന്നാൽ അ­വ­ന്നു് ഒരു സ്ലി­പ്പർ വാ­ങ്ങി­ക്കൂ­ടെ? വാ­ങ്ങി­യി­ല്ല. പ­ട്ടാ­ള­ത്തിൽ­നി­ന്നു കി­ട്ടു­ന്ന­തു് അ­പ്പ­ടി ഉ­പ­യോ­ഗി­ക്ക­ണ­മെ­ന്നാ­ണു് മുൻ­ഷി­റാ­മി­ന്റെ ത­ത്വ­ശാ­സ്ത്രം. അ­വ­ന്റെ ത­ത്വ­ശാ­സ്ത്രം എന്തു മ­ണ്ണാ­ങ്ക­ട്ട­യു­മാ­യി­ക്കോ­ട്ടെ. ബാ­ക്കി­യു­ള്ള­വ­രെ ഇ­ങ്ങ­നെ ബു­ദ്ധി­മു­ട്ടി­യ്ക്ക­ണോ? ഇനി ബൂ­ട്ടി­ന്റെ ശബ്ദം സ­ഹി­ക്കാ­മെ­ന്നു­വെ­ക്കു­ക. പി­ന്നേ­യും കി­ട­ക്കു­ന്നു സൊ­ല്ല­കൾ. തു­ടർ­ന്നു­വ­രു­ന്ന­തു് കർ­ണ്ണ­ക­ഠോ­ര­മാ­യ ഒരു ഗീ­താ­പാ­രാ­യ­ണ­മാ­ണു്. മുൻ­ഷി­റാം ആ കൊ­ച്ചു പു­സ്ത­കം നി­വർ­ത്തി­വെ­ച്ച് ഉ­ച്ച­ത്തി­ലു­ച്ച­ത്തി­ല­ങ്ങ­നെ അ­ല­റു­മ്പോൾ പി. കെ. നാ­യർ­ക്കു് ഒരു എ­രി­പൊ­രി സ­ഞ്ചാ­രം കൊ­ള്ള­ലു­ണ്ടു്. പ­ട്ടാ­ള­മാ­യി­പ്പോ­യി­ല്ലേ? വീ­ട്ടി­ലാ­ണെ­ങ്കിൽ കാ­ണി­ച്ചു­കൊ­ടു­ക്കാ­മാ­യി­രു­ന്നു. എ­ല്ലാം സ­ഹി­യ്ക്ക­ണം.

ഭക്തി വേ­ണ്ട­താ­ണു്. അതിൽ പി. കെ. നാ­യർ­ക്കു രണ്ടു പ­ക്ഷ­മി­ല്ല. പക്ഷേ, അതു മ­ന­സ്സിൽ പോരേ? ഇ­ങ്ങ­നെ അ­ക­റു­ന്ന­തു­കൊ­ണ്ടു് വല്ല പ്ര­യോ­ജ­ന­മു­ണ്ടോ? എ­ല്ലാം പോ­ക­ട്ടെ. ഏ­താ­യാ­ലും മൂ­ന്നു­മ­ണി­യ്ക്കു് എ­ഴു­ന്നേ­ല്ക്കു­ന്നു­ണ്ട­ല്ലോ മെ­സ്സിൽ പോയി ഒരു തുടം ചായ വാ­ങ്ങി­ക്കൊ­ണ്ടു­വ­ന്നു­കൂ­ടെ? അ­തൊ­ന്നും ചെ­യ്യി­ല്ല. വേ­ണ്ട­തൊ­ന്നും അ­റി­ഞ്ഞു­കൂ­ടാ.

ഒരു ദിവസം പി. കെ. നായർ പ­റ­ഞ്ഞു: “മുൻ­ഷി­റാം. നീ ബാ­ക്കി­യു­ള്ള­വ­രെ ഇ­ങ്ങി­നെ ബു­ദ്ധി­മു­ട്ടി­ക്ക­രു­തു്.”

“ഞാ­നെ­ന്താ­ണു ബു­ദ്ധി­മു­ട്ടി­ക്കു­ന്ന­ത്?” ‘ടപ്പാ’ന്നു മുൻ­ഷി­റാം ചോ­ദി­ച്ചു.

“നീ രാ­വി­ലെ ലൈ­റ്റ് ഓൺ ചെ­യ്യു­ന്നു. ഗീത പു­സ്ത­കം തു­റ­ന്നു­വെ­ച്ചു­കൊ­ണ്ടു് ഓ­രി­യി­ടു­ന്നു.”

മുൻ­ഷി­റാ­മി­ന്റെ ക­ണ്ണു­കൾ ചു­വ­ന്നു. അവൻ പ­റ­ഞ്ഞു. മ­ദ്രാ­സി­കൾ­ക്കു ഭ­ക്തി­യി­ല്ല, മ­ത­മി­ല്ല. നി­ങ്ങൾ ക്ഷേ­ത്ര­ങ്ങ­ളെ അ­വ­ഹേ­ളി­ക്കു­ന്നു.

“എ­ല്ലാം തെ­റ്റാ­ണു്.” പി. കെ. നായർ വി­ട്ടി­ല്ല. അയാൾ തു­ടർ­ന്നു: “നി­ങ്ങൾ ഈ പ­റ­ഞ്ഞ­തെ­ല്ലാം ഞ­ങ്ങൾ­ക്കു­ണ്ടു്. ഞങ്ങൾ ഒ­ന്നി­നേ­യും അതിർ ക­ട­ന്നു് ഉ­യർ­ത്തി­വെ­യ്ക്കാ­റി­ല്ല. എ­ല്ലാ­റ്റി­നേ­യും അ­താ­തി­ന്റെ സ്ഥാ­ന­ത്തു് ഇ­രു­ത്തു­ന്നു.”

മുൻ­ഷി­റാം ക­ട്ടി­ലിൽ­നി­ന്നു ചാടി എ­ഴു­ന്നേ­റ്റു് ഉർ­ദു­വിൽ ശ­ര­ശ­രാ­ന്നു സം­സാ­രി­യ്ക്കു­വാൻ തു­ട­ങ്ങി. ആ­വേ­ശ­ക­ര­മാ­യ സം­സാ­ര­മാ­ണ­തു്…

പി. കെ. നായർ അ­ട­ങ്ങി. സം­സാ­രി­ച്ചാൽ അ­ധി­ക­മാ­വും. മുൻ­ഷി­റാം ഒരു പ­ഴ­ഞ്ച­നാ­ണു്. പി. കെ. നായർ ശാ­സ്ത്ര­ദൃ­ഷ്ടി­യി­ലൂ­ടെ­യാ­ണു് സം­ഭ­വ­ങ്ങ­ളെ വി­ശ­ക­ല­നം ചെ­യ്യു­ന്ന­തു്. അ­പ്പോൾ അവിടെ ന­ട­ക്കു­ന്ന­തു് രണ്ടു പൊ­രു­ത്ത­മി­ല്ലാ­ത്ത ആ­ദർ­ശ­ങ്ങൾ ത­മ്മി­ലു­ള്ള സം­ഘർ­ഷ­മാ­ണു്. ബോ­ധ­പൂർ­വ്വ­മാ­യി ചി­ന്തി­യ്ക്കേ­ണ്ട ഘ­ട്ട­മാ­ണി­തു്. പി. കെ. നായർ ചി­ന്തി­ച്ച് അ­ട­ങ്ങി. ഉടൻ മ­ന­സ്സിൽ വി­ചാ­രി­ച്ചു: ‘ഇ­വി­ടെ­നി­ന്നു പോകണം.’

ഇനി വേ­റൊ­രാ­ളു­ള്ള­തു് ക­രം­സിം­ഗാ­ണു്. അവനെ കാ­ണു­മ്പോൾ­ത്ത­ന്നെ ഓ­ക്കാ­നി­ക്കാൻ തോ­ന്നും. അ­വ­നെ­സ്സം­ബ­ന്ധി­ക്കു­ന്ന­തെ­ല്ലാം അ­റ­പ്പു­തോ­ന്നി­ക്കു­ന്ന­വ­യാ­ണു്.

മു­റി­യിൽ എ­പ്പോ­ഴും ഉ­ള്ളി­യു­ടെ മ­ണ­മാ­ണു്. അതിനു കാരണം കരം സിം­ഗാ­ണു്. അവൻ പെ­ട്ടി­യിൽ ഉള്ളി ശേ­ഖ­രി­ച്ചു­വെ­ക്കും. ഉള്ളി ഇ­ല്ലാ­തെ ച­പ്പാ­ത്തി തി­ന്നാൽ അ­വ­ന്നു തൊ­ണ്ട­യിൽ നി­ന്നു് ഇ­റ­ങ്ങു­ക­യി­ല്ല. മെ­സ്സി­ലേ­യ്ക്കു പോ­കു­മ്പോൾ രണ്ടു വലിയ പൊകണ ഉള്ളി അ­രി­ഞ്ഞു ശ­രി­പ്പെ­ടു­ത്തി­ക്കൊ­ണ്ടാ­ണു് പോ­ക്കു്. ഒരു തു­ണ്ടു് ച­പ്പാ­ത്തി­യും ഒരു കഷണം ഉ­ള്ളി­യും ഉ­പ്പും വാ­യി­ലേ­യ്ക്കു തി­രു­കി­ക്ക­ട­ത്തും എ­ന്നി­ട്ടു് ച­റ­മു­റെ ക­ടി­ച്ചൊ­രു തീ­നു­ണ്ടു്. കാ­ണേ­ണ്ട­താ­ണു്.

പി. കെ. നാ­യർ­ക്കു് ഉ­ള്ളി­യു­ടെ നാ­റ്റം കേ­ട്ടാൽ തല നോ­വാ­ണു്. എന്തു ചെ­യ്യാ­നാ­ണു്? സ­ഹി­ക്കു­ക.

മൂ­ന്നാ­മ­ത്തെ ആൾ ധ­നീ­റാ­മാ­ണു്. ഒരു തടിയൻ. മൂ­പ്പർ­ക്കു് ഗു­സ്തി­മു­റ­ക­ളൊ­ക്കെ അ­റി­യാം. എത്ര ത­ണു­പ്പു­ണ്ടാ­യാ­ലും ശരി ഒരു ല­ങ്കോ­ട്ടി എ­ടു­ത്തി­ട്ടു് എ­ന്നും ഗു­സ്തി­മു­റ­കൾ അ­ഭ്യ­സി­ക്കും. ആ­വേ­ശം­കൊ­ണ്ടു് ചി­ല­പ്പോൾ ചു­മ­രിൽ ഇ­ടി­ച്ചെ­ന്നും വരും. കൈ നോ­വു­ന്ന­തൊ­ന്നും കാ­ര്യ­മാ­ക്കു­ക­യി­ല്ല. ഇ­ട­യ്ക്കി­ട­ക്കു ക­ഥ­ക­ളി­യി­ലെ ചു­വ­ന്ന താ­ടി­ക്കാ­രെ­പ്പോ­ലെ ചില ഭ­യ­ങ്ക­ര­ശ­ബ്ദ­ങ്ങൾ പു­റ­പ്പെ­ടു­വി­ക്കും. ത­രി­യ്ക്കാൻ വേറെ വ­ല്ല­തും വേണോ?

നാ­ലാ­മ­ത്തെ ആൾ കു­ഞ്ഞ­മ്പു­വാ­ണു്. മ­ല­യാ­ളി­യാ­ണു്. പേ­രി­നു­മാ­ത്രം. ഒരു ഗ­വേ­ഷ­ക­ന്റെ മ­ട്ടു­ണ്ടു് മൂ­പ്പർ­ക്കു്. ചു­രു­ക്ക­ത്തിൽ ചില ഗ­വേ­ഷ­ണ­ങ്ങ­ളു­മു­ണ്ടു്. വാ­ച്ചി­നെ­ക്കു­റി­ച്ചാ­ണു്. കൈയിൽ ഒരു വാ­ച്ചു­ള്ള­തു് അ­ഴി­ച്ചും പി­ടി­ച്ചും കൊ­ണ്ടി­രി­ക്കും. ചി­ല­പ്പോൾ ക­ണ്ടു­പി­ടി­ച്ചു എ­ന്നൊ­രു മു­ഖ­ഭാ­വ­ത്തോ­ടെ ചെ­റു­താ­യൊ­ന്നു് നെ­ടു­വീർ­പ്പി­ടും.

ഇ­വ­രു­ടെ­യെ­ല്ലാ­മി­ട­യി­ലാ­ണു് പി. കെ. നായർ ക­ഴി­ഞ്ഞു­കൂ­ടു­ന്ന­തു്. മു­റി­യിൽ ക­യ­റു­മ്പോ­ഴേ­ക്കും പി. കെ. നാ­യർ­ക്കു് അ­ടി­മു­തൽ മു­ടി­വ­രെ ഒരു ത­രി­പ്പാ­ണു്. അ­ശ്രീ­ക­ര­ങ്ങൾ. ഇ­ങ്ങി­നെ­യു­മു­ണ്ടോ മ­നു­ഷ്യർ? മ­നു­ഷ്യ­രാ­യാൽ ചി­ല­തൊ­ക്കെ വേണം. ഇ­ട­യ്ക്കി­ട­യ്ക്കു് ഒരു സിനിമ കാണുക. ഇ­ത്തി­രി കു­ടി­ക്കു­ക. ഒരു ത­മാ­ശ­പ­റ­യു­ക. ഒരു മൂ­ളി­പ്പാ­ട്ടു് പാടുക. ഇ­തൊ­ന്നു­മി­ല്ലാ­ത്ത­വർ മ­നു­ഷ്യ­രാ­ണോ?

പി. കെ. നായർ അ­ധി­ക­സ­മ­യ­വും പു­റ­ത്താ­യി­രി­ക്കും. അതൊരു ര­ക്ഷ­യാ­ണു്. ആ­ശ്വാ­സ­മാ­ണു്. രാ­വി­ലെ ദി­ന­കൃ­ത്യ­ങ്ങൾ­ക്കു­ശേ­ഷം ഗാ­രേ­ജി­ലേ­യ്ക്കു പോവും. ഗാ­രേ­ജി­ന്റെ ഒരു മൂ­ല­യിൽ നിർ­ത്തി­യി­രി­യ്ക്കു­ന്ന മോ­ട്ടോർ സൈ­ക്കിൾ തു­ട­ച്ചു­വൃ­ത്തി­യാ­ക്കും.

‘പി. കെ. നായർ ഒരു ഡി­സ്പാ­ച്ച്’ റൈ­ഡ­റാ­ണു്. ഓർഡലി റൂമിൽ നി­ന്നു് എ­ഴു­ത്തു­ക­ളും മ­റ്റും മോ­ട്ടോർ സൈ­ക്കി­ളിൽ കൊ­ണ്ടു­പോ­യി മ­റ്റു­ള്ള ഓ­ഫീ­സു­ക­ളിൽ കൊ­ടു­ക്കു­ക­യാ­ണു് ജോലി. നാ­യർ­ക്കു പ­റ്റി­യ ജോ­ലി­ത­ന്നെ. ഓരോ റെ­ജി­മെ­ന്റി­ലും ക­ത്തു­കൾ കൊ­ണ്ടു­പോ­യി കൊ­ടു­ക്കു­മ്പോൾ അ­വി­ട­ത്തെ കാ­ന്റീ­നിൽ ഒന്നു കയറും. മൂ­പ്പ­രെ കാ­ണു­മ്പോൾ തന്നെ കാ­ന്റീൻ മാ­നേ­ജർ സ്വാ­ഗ­തം ചെ­യ്യും: “ആയിയേ നായർ സാബ്.”[9]

പി­ന്നെ സം­സാ­ര­മാ­യി. ഇ­പ്പോൾ കാ­ന്റീ­നിൽ എത്ര കു­പ്പി ‘റം’ സ്റ്റോ­ക്കു­ണ്ട്? പീ­പ്പ­യിൽ എത്ര ഗ്യാ­ല­നു­ണ്ട്? ‘ത്രീ എക്സ്’ റം’ എ­ന്താ­ണു് ഇ­പ്പോൾ വ­രാ­ത്ത­ത്? ഇ­ങ്ങ­നെ ഒരു പാടു് കാ­ര്യ­ങ്ങൾ ചോ­ദി­ച്ചു മ­ന­സ്സി­ലാ­ക്കും. എ­ന്നി­ട്ടു വി­വ­ര­ങ്ങ­ളെ­ല്ലാം കൂ­ട്ടു­കാ­രോ­ടു പ­റ­യു­ക­യും ചെ­യ്യും.

‘റം’ വേ­ണ­മെ­ങ്കിൽ നാ­യ­രോ­ടു് പ­റ­ഞ്ഞാൽ മതി. ഉടൻ കി­ട്ടും. പണം കൊ­ടു­ക്ക­ണ­മെ­ന്നു മാ­ത്രം. പണം കൈയിൽ കി­ട്ടേ­ണ്ട താമസം മോ­ട്ടോർ സൈ­ക്കിൾ സ്റ്റാർ­ട്ടാ­വു­ക­യാ­യി. പി­ന്നെ ‘ശരേ’ന്നു ഒരു വി­ട­ലാ­ണു്. ‘ദാ’ എന്നു പ­റ­യു­മ്പോ­ഴേ­ക്കും കു­പ്പി മു­മ്പിൽ വന്നു ക­ഴി­ഞ്ഞു. പക്ഷേ, ഒരു കാ­ര്യ­മു­ണ്ടു് മൂ­പ്പ­രു­ടേ­യും ചു­ണ്ടൊ­ന്നു ന­ന­യ്ക്ക­ണം അത്രേ വേ­ണ്ടു.

പി. കെ. നായർ ഇ­ങ്ങി­ന­ത്തെ ഒരു സർ­വ്വ­ഗു­ലാ­ബി­യാ­ണ്; പ്ര­സാ­ദാ­ത്മ­ക­നാ­ണു്. ജീ­വി­തം അ­യാൾ­ക്കു് പു­ല്ലു­പോ­ലെ­യാ­ണു്. സംശയം, പ­രി­ഭ്ര­മം, ഭയം ഇ­തൊ­ന്നും നായരെ തീ­ണ്ടി­യി­ട്ടു­പോ­ലു­മി­ല്ല.

ധർ­മ്മ­ബോ­ധ­മു­ള്ള ഒരു കൂ­ട്ടു­കാ­ര­നു­ണ്ടാ­വു­മ്പോ­ഴേ ജീ­വി­തം തി­ള­ങ്ങു­ക­യു­ള്ളു എ­ന്നാ­ണു് പി. കെ. നാ­യ­രു­ടെ അ­ഭി­പ്രാ­യം.

അ­ങ്ങ­ന­ത്തെ കൂ­ട്ടു­കാർ ആ ക്യാ­മ്പിൽ­ത്ത­ന്നെ ഉ­ണ്ടു്. അ­തി­ന്നൊ­രു ഉ­ദാ­ഹ­ര­ണം തോ­മ­സ്സും കൂ­ട്ടു­കാ­രും കി­ട­ക്കു­ന്ന മു­റി­ത­ന്നെ. അവിടെ പോ­വു­മ്പോ­ഴെ­ല്ലാം അ­യാൾ­ക്കു് ഒരു ന­വോ­ന്മേ­ഷം തോ­ന്നാ­റു­ണ്ടു്. എ­ല്ലാം ഇ­ണ­ക്ക­മു­ള്ള­വർ.

“തോ­മ­സ്സേ, ഞാൻ ഈ മു­റി­യി­ലേ­ക്കു മാറും” പി. കെ. നായർ എ­പ്പോ­ഴും പറയും.

“ഞ­ങ്ങൾ­ക്കെ­ല്ലാം സ­ന്തോ­ഷ­മാ­ണു്.” തോ­മ­സ്സ് പറയും.

പി. കെ. അ­തി­നു­ള്ള വ­ഴി­ക­ളാ­ലോ­ചി­ച്ചു. ഒ­ടു­വിൽ സു­ബേ­ദാർ മേ­ജ­രു­ടെ അ­ടു­ത്തു­വ­രെ പോ­കേ­ണ്ടി­യി­രി­ക്കു­ന്നു.

സു­ബേ­ദാർ മേ­ജ­രു­ടെ ബം­ഗ്ലാ­വി­ന്നു മു­മ്പിൽ നായർ നി­ന്നു. അവിടെ വേ­റെ­യും ഒ­രു­പാ­ടു പേ­രു­ണ്ടു്. ലീവിൽ നി­ന്നു വ­ന്ന­വർ, ആ­സ്പ­ത്രി­യിൽ നി­ന്നു വ­രു­ന്ന­വർ, ആ­സ്പ­തി­യിൽ പോ­കു­ന്ന­വർ…അ­ങ്ങി­നെ… അ­ങ്ങി­നെ…

“ഫാളിൻ സി­ങ്കിൾ ലൈൻ.”[10] റ­ജി­മെ­ന്റൽ ഹ­വിൽ­ദാർ മേജർ ആ­ജ്ഞാ­പി­ച്ചു. എ­ല്ലാ­വ­രും സി­ങ്കിൾ ലൈനിൽ ഫാ­ളി­നാ­യി നി­ന്നു. ഒരു നീളൻ തു­ണി­ക­ഷ­ണം കൊ­ണ്ടു താ­ടി­രോ­മ­ങ്ങൾ വ­രി­ഞ്ഞു­കെ­ട്ടി­യ കു­മ്പ­വ­യ­റ­നാ­യ ഒരു സി­ക്കു­കാ­രൻ ബം­ഗ്ലാ­വി­ന്റെ ഉ­ള്ളിൽ നി­ന്നു പു­റ­ത്തേ­ക്കു വന്നു. റെ­ജി­മ­ന്റൽ ഹ­വിൽ­ദാർ മേജർ പ­റ­ഞ്ഞു: “റോൾ­ക്കാൾ പരേഡ് അ…റ്റേ…ച്ചൻ. ഹിലോ മത്ത്.”[11]

എ­ന്നി­ട്ടു് എ­ബൌ­ട്ടേ­ണാ­യി സ­ല്യൂ­ട്ടു് ചെ­യ്തു. സു­ബേ­ദാർ മേജർ പ­റ­ഞ്ഞു: “ടീകെ? സ്റ്റാൻ­ഡ് അറ്റ് ഈസ്” റെ­ജി­മെ­ന്റൽ ഹ­വിൽ­ദാർ മേജർ വീ­ണ്ടും എ­ബൗ­ട്ടേ­ണാ­യി പ­റ­ഞ്ഞു: “ടീകെ, സ്റ്റാൻഡ്-​അറ്റ്-ഈസ്”

സു­ബേ­ദാർ മേജർ ആ­ദ്യ­ത്തെ ആളുടെ മു­മ്പിൽ വ­ന്ന­പ്പോൾ അയാൾ അ­റ്റൻ­ഷ­നാ­യി.

സു­ബേ­ദാർ മേജർ ചോ­ദി­ച്ചു: “ഊം, എന്താ?”

“സി­ക്കു് റി­പ്പോർ­ട്ട്.”

“എത്ര കാ­ല­മാ­യി?”

“രണ്ടു കൊ­ല്ല­മാ­യി.”

“ഇ­നി­യും മാ­റി­യി­ല്ലേ?”

“ഇല്ല, ഒ­രി­യ്ക്കൽ ഓ­പ്പ­റേ­ഷൻ ചെ­യ്തു. പക്ഷേ, ശ­രി­പ്പെ­ട്ടി­ല്ല.”

“അച്ഛാ, അച്ഛാ.”

ര­ണ്ടാ­മ­ത്തെ ആൾ അ­റ്റൻ­ഷ­നാ­യി.

“ഊം എന്താ?”

“എ­വി­ടെ­യാ സ്ഥലം”

“മ­ദ്രാ­സ് പ്ര­വി­ശ്യ­യിൽ.”

“മ­ല­യാ­ളോ, തെ­ലു­ങ്കോ, തമിഴോ, ആ­രാ­ണു് നീ!”

“മ­ല­യാ­ളം.”

“കൊ­ച്ചീ­ലാ?”

“അല്ല. തി­രു­വി­താം­കൂ­റിൽ.”

“നാ­ട്ടിൽ മ­ഴ­യു­ണ്ടോ?”

“ഇല്ല.”

“തുണി കി­ട്ടാ­നു­ണ്ടോ?

“കു­റേ­ശ്ശേ.”

“കൺ­ട്രോ­ളു­ണ്ടോ?”

“ഉ­ണ്ടു്.”

“വേറെ വല്ല ബു­ദ്ധി­മു­ട്ടും?”

“ഒ­ന്നു­മി­ല്ല.”

മൂ­ന്നാ­മ­ത്ത­വൻ അ­റ്റൻ­ഷ­നാ­യി.

“എന്താ?”

“ആ­സ്പ­ത്രി­യിൽ നി­ന്നു്”

“എന്തേ സു­ഖ­ക്കേ­ടു്?”

“അ­രി­ശ­സ്സു്.”

“ഭേ­ദ­മാ­യോ?”

അ­ങ്ങ­നെ ഓ­രോ­രു­ത്ത­രോ­ടും ചോ­ദി­ച്ചു ചോ­ദി­ച്ചു സു­ബേ­ദാർ മേജർ പി. കെ. നാ­യ­രു­ടെ അ­ടു­ത്തെ­ത്തി.

“എന്താ നായർ?” സു­ബേ­ദാർ മേജർ ചോ­ദി­ച്ചു. സു­ബേ­ദാർ മേ­ജർ­ക്കു നായരെ നല്ല പ­രി­ച­യ­മാ­ണു്. ഇ­ട­യ്ക്കി­ട­യ്ക്കു പി. കെ. നായർ റം വാ­ങ്ങി­ക്കൊ­ണ്ടു­വ­ന്നു കൊ­ടു­ക്കാ­റു­ണ്ടു്.

നായർ എ­ല്ലാം പ­റ­ഞ്ഞു. സു­ബേ­ദാർ മേജർ പ­റ­ഞ്ഞു. “പാഗൽ കഹീം കാ!”[12] എ­ന്നി­ട്ടു നാ­യ­രു­ടെ ഇഷ്ടം പോലെ മുറി മാ­റി­ക്കൊ­ള്ളു­വാൻ സ­മ്മ­തം കൊ­ടു­ത്തു.

റോൾ­കാൾ പരേഡ് ക­ഴി­ഞ്ഞ­പ്പോൾ പി. കെ. നായർ തോ­മ­സ്സി­ന്റെ മു­റി­യി­ലേ­ക്കു ധൃ­തി­വെ­ച്ചു ന­ട­ന്നു.

“ജ­സ്റ്റ് ലൈക് പാൽ­പാ­യ­സം. യൂ സീ.”[13] എ­ല്ലാ­വ­രും ശബ്ദം കേട്ട സ്ഥ­ല­ത്തേ­ക്കു നോ­ക്കി. പി. കെ. നായർ ചി­രി­ച്ചു­കൊ­ണ്ടു നി­ല്ക്കു­ന്നു. പി. കെ. നായർ സാ­ഹി­ത്യ­ത്തിൽ പ­റ­ഞ്ഞു:

“അ­ങ്ങ­നെ ചി­ര­കാ­ല പ്ര­തീ­ക്ഷി­ത­മാ­യ ആ ശു­ഭ­മു­ഹൂർ­ത്തം സ­മാ­ഗ­ത­മാ­യി­രി­യ്ക്കു­ന്നു.”

“ഏതു മു­ഹൂർ­ത്തം?” പ­ണി­ക്ക­രും വർ­ഗ്ഗീ­സും ഒപ്പം ചോ­ദി­ച്ചു.

പി. കെ. നായർ പ­റ­ഞ്ഞു: “ശ്രീ­മാൻ പി. കെ. നായർ ആ­യാ­ളു­ടെ കൂ­ട്ടു­കാ­രു­ടെ മു­റി­യി­ലേ­യ്ക്കു് ഇതാ വ­രി­ക­യാ­യി.”

“നേരോ” ക­രു­ണാ­ക­രൻ ജി­ജ്ഞാ­സ­യോ­ടെ ചോ­ദി­ച്ചു.

“ജി… ഹുസൂർ! നേരു്.”

തോ­മ­സ്സ് നോ­ക്കി­ക്കൊ­ണ്ടി­രു­ന്ന ‘ആൽബം’ അ­ട­ച്ചു­വെ­ച്ചു എ­ഴു­ന്നേ­റ്റു പ­റ­ഞ്ഞു: “എ­ല്ലാ­വ­രും വരിൻ, പി. കെ. യുടെ സാ­ധ­ന­ങ്ങ­ളെ­ല്ലാം ഇ­പ്പോൾ­ത്ത­ന്നെ കൊ­ണ്ടു­വ­ര­ണം.”

“ഓ റെഡി,” എ­ല്ലാ­വ­രും എ­ഴു­ന്നേ­റ്റു് ത­യാ­റാ­യി.

പി. കെ. നായർ ന­ട­ന്നു. പുറകെ മ­റ്റു­ള്ള­വ­രും.

‘ലൊ­ട്ടു­ലൊ­ടു­ക്ക്’ സാ­ധ­ന­ങ്ങ­ളെ­ല്ലാം കി­റ്റ് ബാഗിൽ നി­റ­ച്ചു ക­രു­ണാ­ക­രൻ ന­ട­ന്നു. പെ­ട്ടി തോ­മ­സ്സ് എ­ടു­ത്തു. ബെ­ഡ്ഡ് ചു­രു­ട്ടി­ക്കൂ­ട്ടി പ­ണി­ക്കർ ന­ട­ന്നു. വർ­ഗ്ഗീ­സ് വലിയ ഹ­വർ­സാ­ക്കു് എ­ടു­ത്തു. മെ­സ്സ് ടി­ന്നും വാ­ട്ടർ­ബോ­ട്ടി­ലും നാ­യ­രും എ­ടു­ത്തു. അതൊരു ഘോ­ഷ­യാ­ത്ര­യാ­യി­രു­ന്നു.

വർ­ഗ്ഗീ­സ് പാടി: “കദം ബഢേ ചലോ…”

എ­ല്ലാ­വ­രും മു­റി­യിൽ വ­ന്നു­ക­യ­റി. പി. കെ. നായർ ക­ട്ടി­ലി­ന്റെ അ­യ­ഞ്ഞു­കി­ട­ക്കു­ന്ന പുതിയ ചൂ­ടി­ക്ക­യ­റു­കൾ വ­ലി­ച്ചു മു­റു­ക്കി­ക്കെ­ട്ടി. ബെ­ഡ്ഡ് വി­രി­ച്ചു. എ­ന്നി­ട്ടു് ആ­ശ്വാ­സ­പൂർ­വ്വം ക­ട്ടി­ലിൽ ഇ­രു­ന്നു­കൊ­ണ്ടു് പ­റ­ഞ്ഞു: “ജ­സ്റ്റ് ലൈക് പാ­ല്പാ­യ­സം, യൂ സീ.

തോ­മ­സ്സി­ന്റെ ക­ട്ടി­ലിൽ കി­ട­ക്കു­ന്ന ‘ആൽബം’ പി. കെ. നായർ ക­ട­ന്നെ­ടു­ത്തു മ­റി­ച്ചു­നോ­ക്കി എ­ല്ലാം സി­നി­മാ­താ­ര­ങ്ങ­ളു­ടെ ഫോ­ട്ടോ­ക­ളാ­ണു്.

പി. കെ. നാ­യർ­ക്കു സി­നി­മ­യൊ­ന്നും അത്ര ഇ­ഷ്ട­മ­ല്ല. വ­ല്ല­വ­രും നിർ­ബ­ന്ധി­ച്ചാൽ പോവും. കുറെ ക­ഴി­ഞ്ഞാൽ ഉ­റ­ങ്ങു­ക­യും ചെ­യ്യും. തോ­മ­സ്സ് അ­ങ്ങി­നെ അല്ല. വലിയ സി­നി­മാ ഭ്രാ­ന്ത­നാ­ണു്. ഇം­ഗ്ലീ­ഷ് പ­ട­ങ്ങ­ളോ­ടാ­ണു് അധികം ഇഷ്ടം… എല്ലാ ഇം­ഗ്ലീ­ഷ് നടീ-​നടന്മാരുടേയും പേ­രു­കൾ തോ­മ­സ്സി­ന്നു് മ­നഃ­പാ­ഠ­മാ­ണു്. പി. കെ. നായർ ഒരു ഫോ­ട്ടോ­യിൽ വി­ര­ലു­ന്നി­ക്കൊ­ണ്ടു് ചോ­ദി­ച്ചു: “തോ­മ­സ്സേ, ഇതു് ഏതവളാ?”

“ഗ്രീ­യർ ഗാർസൻ.”

“ഇതോ?”

“ഗ്രേ­റ്റാ ഗാർബോ.”

“ഇതോ?”

“വി­വി­യൻ ലീ”

“ഇതോ?”

“ആവാ ഗാർ­ഡ്നർ”.

“ഇതോ?”

“ഇൻ­ഗ്രീ­ഡ് ബർ­ഗ്മേൻ”

“ഇതോ?”

“റൂ­ത്തു് റോമൻ.”

“അ­പ്പോൾ ആ­ണു­ങ്ങ­ളു­ടെ ഒ­ന്നു­മി­ല്ലേ?” പി. കെ. നായർ ചോ­ദി­ച്ചു.

“ഇല്ല. എ­ന്നാൽ ഇല്ലേ? ഉ­ണ്ടു്. മൂ­ന്നാ­ളു­ടെ മാ­ത്രം, ഒ­ടു­വി­ല­ത്തെ പേജ് നോ­ക്കു്.”

പി. കെ. നായർ ഒ­ടു­വി­ല­ത്തെ പേജ് നോ­ക്കി. “ആ­രൊ­ക്കെ­യാ­ണി­തു്?”

“ഗ്രെ­ഗ­റി പെക്, സ്റ്റൂ­വർ­ട്ടു് ഗ്ര­ഞ്ചർ, മാർ­ലിൻ ബ്രാൻ­ഡോ.”

പി. കെ. നായർ ആൽബം അ­ട­ച്ചു­വെ­ച്ചു പെ­ട്ടി­തു­റ­ന്നു് ഒ­ര­ളു­ക്കിൽ നി­ന്നു ക­ടു­കു­മ­ണി­യോ­ളം വ­രു­ന്ന ഒരു സാധനം നു­ള്ളി­യെ­ടു­ത്തു് ഉള്ളം ക­യ്യിൽ വെ­ച്ചു: ‘ക­ഞ്ചാ­വ്.’

“ഈ­യാൾ­ക്കു് ഈ പ­ണി­യു­ണ്ടോ?”

“പി. കെ. യ്ക്കു് എല്ലാ പ­ണി­യു­മു­ണ്ടു്. പി. കെ. സർ­വ്വ­ജ്ഞ­നാ­ണ്… ഓം ശാ­ന്തിഃ.” പി. കെ. നായർ ക­ണ്ണു­ക­ള­ട­ച്ചു. ഭ­ക്തി­നി­ലീ­ന­നാ­യി പ­റ­ഞ്ഞു.

ക­ഞ്ചാ­വി­ന്റെ മണം പ­ര­ന്നു. വർ­ഗ്ഗീ­സ് മൂ­ക്കു പൊ­ത്തി, പ­ണി­ക്കർ പ­റ­ഞ്ഞു: “കേ­ട്ടോ പി. കെ. ഇതു ന­ന്ന­ല്ല.”

“പ­ണി­ക്ക­രേ, ത­നി­യ്ക്കെ­ന്ത­റി­യാം? കു­ര­ങ്ങ­ന്മാ­രെ­ന്ത­റി­ഞ്ഞു വിഭോ! എ­ന്നാ­ണു് പു­രാ­ണം ഉ­ല്ഘോ­ഷി­ക്കു­ന്ന­തു്… ജ­സ്റ്റ് ലൈക് പാൽ­പാ­യ­സം. യൂ സീ. റാം ശാ­ന്തിഃ ശാ­ന്തിഃ.”

“പ­ണി­ക്കർ പ­റ­യു­ന്ന­തു ശ­രി­യാ­ണു്. ക­ഞ്ചാ­വു വലി ന­ന്ന­ല്ല.” തോ­മ­സ്സ് പ­റ­ഞ്ഞു.

“എടോ, മാ­പ്ലേ, ത­നി­യ്ക്കെ­ന്ത­റി­യാം? സ്വ­ല്പം ക­ഞ്ചാ­വു വ­ലി­ച്ചാൽ ഒരു ഡസൻ ച­പ്പാ­ത്തി ത­ട്ടി­വി­ടാം. തടി ഇ­ങ്ങ­ട്ടു് പോരും. ഓം ശാ­ന്തിഃ ശാ­ന്തിഃ.”

“നേരം എ­ട്ടു­ക­ഴി­ഞ്ഞു. വ­ല്ല­തും രണ്ടു പ­രു­ക്കൻ അ­ടി­യ്ക്കേ­ണ്ടെ?” ക­രു­ണാ­ക­രൻ ഓർ­മ്മി­പ്പി­ച്ചു. വർ­ഗ്ഗീ­സ് പാടി.

നി­ന്നാ­ത്മ­നാ­യ­ക­നി­ന്നു രാവിൽ

വ­ന്നി­ടും, വ­ന്നാൽ നീ എന്തു ചെ­യ്യും

കോ­ണി­ലെ­ങ്ങാ­നു­മൊ­ളി­ഞ്ഞി­രു­ന്നു…

“മതി, മതി, വർ­ഗ്ഗീ­സി­ന്നു പാ­ടാ­ന­റി­യാ­മ­ല്ലോ.”

പി. കെ. നായർ പ­റ­ഞ്ഞു: വർ­ഗ്ഗീ­സേ, നീ പാ­ട്ടും കൊ­ണ്ടു് ആ­യ­രു­തു് കേ­ട്ടോ.”[14] തോ­മ­സ്സ് ക­ളി­യാ­ക്കി. ക­രു­ണാ­ക­രൻ പ്ലേ­റ്റും ക­പ്പും കൂ­ട്ടി­മു­ട്ടി­ച്ചു ശ­ബ്ദ­മു­ണ്ടാ­ക്കി പ­റ­ഞ്ഞു:

“വരിൻ, വരിൻ. കു­റ­ച്ചു­കൂ­ടി ക­ഴി­ഞ്ഞാൽ മെ­സ്സിൽ ഒ­ന്നും കാ­ണു­ക­യി­ല്ല.”

എ­ല്ലാ­വ­രും പ്ലേ­റ്റും ക­പ്പു­മെ­ടു­ത്തു ത­യ്യാ­റാ­യി. മ­ഞ്ഞു­ക­ട്ട­ക­ളിൽ കാ­ല­ടി­കൾ എ­ടു­ത്തെ­ടു­ത്തു വെ­ച്ചു കൊ­ണ്ടു് അവർ മെ­സ്സി­ലേ­ക്കു പോയി…

മൂ­ന്നു്

കേബിൾ ഡ്ര­മ്മും ക­ട്ടി­ങ്ങ് പ്ലെ­യ­റും ഏ­ണി­യു­മാ­യി തോ­മ­സ്സ് പു­റ­പ്പെ­ട്ട­പ്പോൾ വർ­ഗ്ഗീ­സ് ചോ­ദി­ച്ചു: ഇ­ന്നു് എ­ങ്ങോ­ട്ടാ ഇത്ര നേ­ര­ത്തെ?”

“സോണ മാർ­ഗ്ഗി­ലേ­ക്കു്.”

“ഊം?”

“ട്ര­ങ്ക് ലൈൻ ഡൗൺ ആ­യി­രി­യ്ക്കു­ന്നു.”

“സോണ മാർ­ഗ്ഗിൽ നല്ല മീൻ കി­ട്ടും. കു­റ­ച്ചു വാ­ങ്ങി­ക്കൊ­ണ്ടു വാ.”

തോ­മ­സ്സ് കേൾ­ക്കാ­ത്ത ഭാ­വ­ത്തിൽ ന­ട­ന്നു പോയി. അ­വ­ന്നു മീൻ വേ­ണ­മ­ത്രേ! എ­പ്പോ­ഴും തി­ന്ന­ണ­മെ­ന്നേ വി­ചാ­ര­മു­ള്ളു. ഈ മ­ഞ്ഞു­കാ­ല­ത്തു് പു­റ­ത്തി­റ­ങ്ങി നോ­ക്ക­ണം ബു­ദ്ധി­മു­ട്ടു് അ­റി­യ­ണ­മെ­ങ്കിൽ…അവൻ ക്ലാർ­ക്കാ­ണു്. ഇ­രു­ന്നേ­ട­ത്തു് ഇ­രു­ന്നാൽ മതി.

തോ­മ­സ്സ് ലൈൻ­മേ­നാ­ണു്. ഈ ത­ണു­പ്പു­കാ­ല­ത്തു ‘ലൈൻമേ’ന്റെ പണി ക­ടു­ത്ത­താ­ണു്. ക­മ്പി­ക്കാ­ലു­ക­ളിൽ ക­യ­റു­മ്പോൾ ഉരസി വീഴും. എ­ന്തി­ന്നു് ക­മ്പി­ക്കാ­ലിൽ പി­ടി­യ്ക്കു­മ്പോ­ഴേ­യ്ക്കും കൈ മ­ര­വി­ച്ചു­പോ­വും. പി­ന്നെ, ക­മ്പി­ക്കാ­ലു­കൾ നാ­ട്ടി­യി­രി­യ്ക്കു­ന്ന­തു് കു­ന്നിൻ­പ­ള്ള­ങ്ങ­ളി­ലും മ­ല­മു­ക­ളി­ലു­മാ­ണു്. മലകൾ ക­യ­റി­യി­റ­ങ്ങി മ­ടു­ത്തു. ഒരു ദിവസം എത്ര പ്രാ­വ­ശ്യ­മാ­ണു് ഉരസി വീഴുക?

എ­ത്ര­യെ­ത്ര ക­മ്പി­ക്കാ­ലു­കൾ കു­ഴി­ച്ചി­ട്ടു? എ­ത്ര­യെ­ത്ര കേ­ബി­ളു­കൾ ഇട്ടു? ആദ്യം ഇവിടെ വ­ന്ന­പ്പോൾ വ­ല്ല­തു­മു­ണ്ടാ­യി­രു­ന്നു­വോ? ഇ­ന്നി­വി­ടെ­യു­ള്ള ‘എ­ക്സ്ചേ­ഞ്ചി­ന്റെ’ വ­യ­റി­ങ്ങ് മു­ഴു­വ­നും തോ­മ­സ്സ് ഒ­രു­ത്തൻ ചെ­യ്ത­താ­ണു്. “എ­ക്സ്ചേ­ഞ്ചി­ന­ടു­ത്തു­ള്ള ടെർ­മി­നൽ ബോ­ക്സിൽ­നി­ന്നു പോ­വു­ന്ന ഓരോ ലൈനും തോ­മ­സ്സി­ന്നു നല്ല നി­ശ്ച­യ­മാ­ണു്. എ­ന്താ­യി­ട്ടെ­ന്താ? ഒടുവൽ എ­ന്താ­ണു­ണ്ടാ­യ­ത്? ഒരു ‘വര’യു­ള്ള­തു പോയി.

അ­ന്ന­ത്തെ കുടി കു­റ­ച്ചു ക­ട­ന്നു­പോ­യി. ക­ല്പി­ച്ചു­കൂ­ട്ടി കു­ടി­ച്ച­തൊ­ന്നു­മാ­യി­രു­ന്നി­ല്ല. കു­ടി­ക്കു­മ്പോൾ അ­ങ്ങ­നെ­യാ­ണു്. ലഹരി ക­യ­റി­യാൽ ശ­ര­ശ­രാ­ന്നു കു­ടി­യ്ക്കു­വാൻ തോ­ന്നും. അതു് എ­ല്ലാ­വ­രു­ടേ­യും സ്വ­ഭാ­വ­മാ­ണു്.

ലാൻസ് നാ­യ്ക്കിൽ­നി­ന്നു് ശി­പ്പാ­യി­യാ­ക്കി ത­രം­താ­ഴ്ത്തു­മെ­ന്നൊ­ന്നും തോ­മ­സ്സ് വി­ചാ­രി­ച്ചി­രു­ന്നി­ല്ല. അത്ര വലിയ കു­റ്റം വ­ല്ല­തും ചെ­യ്തു­വോ? കു­റ­ച്ച­ധി­കം ക­ഴി­ച്ചു. വെ­ളി­വു­കെ­ട്ടു. വെ­ളി­വി­ല്ലാ­തെ എ­ന്തൊ­ക്കെ­യോ ചെ­യ്തു. ഒ­ന്നും ബോ­ധ­പൂർ­വ്വം ചെ­യ്ത­ത­ല്ല. ബോ­ധ­മി­ല്ലാ­തെ വ­ല്ല­തും ചെ­യ്യു­മ്പോൾ അതു കാ­ര്യ­മാ­യെ­ടു­ക്കാ­മോ?

ഒരു ‘വര’യു­ള്ള­തു പോ­യ­തി­ന്നു­ശേ­ഷം തോ­മ­സ്സി­ന്നു് ഉ­ത്സാ­ഹം കു­റ­ഞ്ഞി­രി­യ്ക്ക­യാ­ണു്. കു­ടി­യും കു­റ­ച്ചൊ­ന്നു നിർ­ത്തി­യി­രി­ക്കു­ന്നു. ഒ­ട്ടും കു­ടി­ക്കാ­തെ വയ്യ. ത­ണു­പ്പു സ­ഹി­യ്ക്ക­ണ്ടെ? ത­ണു­പ്പ­ത്തു് അ­ട­ച്ചി­രി­ക്കു­ക­യാ­ണെ­ങ്കിൽ കു­ടി­യ്ക്കാ­തി­രി­യ്ക്കാം. അതിനു സാ­ധി­ക്കു­മോ? നേരം പു­ലർ­ന്നാൽ ‘ലൈൻ’ നോ­ക്കു­വാൻ പോവണം. പു­റ­ത്തേ­ക്കി­റ­ങ്ങു­മ്പോ­ഴേ­യ്ക്കും ത­ണു­പ്പു കൂ­ടു­ത­ലാ­വും. മഞ്ഞു തെ­രു­തെ­രെ വീ­ഴു­മ്പോൾ ത­ണു­പ്പു സ­ഹി­യ്ക്കാം. മഞ്ഞു വീണു ക­ട്ടി­യാ­യി കി­ട­ക്കു­മ്പോ­ഴാ­ണു് ത­ണു­പ്പു ഭ­യ­ങ്ക­രം. അ­പ്പോൾ സ്വ­ല്പം കു­ടി­ക്കാ­തെ വയ്യ. ശ­രി­ക്കു പ­റ­ഞ്ഞാൽ കാ­ശ്മീ­രിൽ പ്ര­വൃ­ത്തി­യെ­ടു­ക്കു­ന്ന­തു് ‘റ’മ്മാ­ണു്. മ­നു­ഷ്യ­ര­ല്ല, യ­ന്ത്ര­വു­മ­ല്ല. കു­പ്പി­യു­ടെ അ­ട­പ്പു തു­റ­ന്നു ‘റം’ അ­ണ്ണാ­ക്കി­ലേ­യ്ക്കൊ­ഴി­ക്കു­ന്നു. പി­ന്നെ ഞ­ര­മ്പു­ക­ളി­ലെ­ല്ലാം ചു­ടു­ചോ­ര ഓ­ടു­ക­യാ­യി. പ­ഞ്ചേ­ന്ദ്രി­യ­ങ്ങ­ളും ക­രു­ത്തു് ഉൾ­ക്കൊ­ള്ളു­ന്നു. പി­ന്നെ എ­ന്തു­മാ­വാം. മ­ല­മു­ക­ളിൽ ഓ­ടി­ക്ക­യ­റാം. മ­ല­മു­ക­ളിൽ നി­ന്നു ചാ­ടി­വീ­ഴാം. എ­ല്ലാ­മാ­വാം. റ­മ്മി­ന്റെ ലഹരി നി­ന്നു­വോ, പി­ന്നെ ഒ­ന്നും വയ്യ…

തോ­മ­സ്സ് പു­റ­ത്തു പോ­വു­മ്പോ­ഴെ­ല്ലാം ഗ്രെ­യ്റ്റ് കോ­ട്ടി­ന്റെ കീ­ശ­യിൽ ഒരു കു­പ്പി ‘റം’ സൂ­ക്ഷി­ച്ചു വെ­ക്കും. ഇ­ട­യ്ക്കി­ട­ക്കു കു­റേ­ശ്ശേ ചൂ­ടാ­ക്കും. ര­ക്ത­ത്തി­നു ചൂ­ടു­പി­ടി­ക്കാൻ. തോ­മ­സ്സ് നാ­യ്ക്ക­ന്മാ­രെ­പ്പോ­ലെ പ­ണി­യെ­ടു­ക്കും…

തോ­മ­സ്സി­ന്റെ ജീ­വി­തം വളരെ ശോ­ച­നീ­യ­മാ­ണു്. ജീ­വി­ത­ത്തിൽ ഒ­ന്ന­ല്ല, ഒ­രാ­യി­രം പ്ര­ശ്ന­ങ്ങ­ളു­ണ്ടു് തോ­മ­സ്സി­ന്നു്. എ­ല്ലാം ന­ട­ക്കു­ന്ന പ്ര­ശ്ന­ങ്ങ­ളാ­ണു്. ആ­ലോ­ചി­ക്കു­മ്പോൾ അന്തം കി­ട്ടു­ക­യി­ല്ല. ത­ല­ക്കു വെ­ളി­വു തോ­ന്നു­മ്പോൾ ആ­ലോ­ചി­ച്ചു­പോ­വും. ആ­ലോ­ചി­ച്ചാ­ലോ­ചി­ച്ചു ഭ്രാ­ന്തു­പി­ടി­ക്കു­ന്ന­തു­പോ­ലെ തോ­ന്നും.

വീ­ട്ടിൽ ആ­ണു­ങ്ങ­ളാ­രു­മി­ല്ല. കെ­ട്ടി­യ്ക്കാ­റാ­യ രണ്ടു പെ­ങ്ങ­ന്മാ­രും പ്രാ­യം ചെന്ന അ­മ്മ­യും ക­ണ്ടു­കൊ­തി­തീ­രാ­ത്ത ഭാ­ര്യ­യു­മാ­ണു് വീ­ട്ടി­ലു­ള്ള­തു്. അവർ അ­രി­ഷ്ടി­ച്ചു ക­ഴി­യു­ക­യാ­ണു്. അ­വ­രെ­ക്കു­റി­ച്ചോർ­ക്കു­മ്പോൾ തോ­മ­സ്സ് ന­ടു­ങ്ങും… അധികം ഓർ­ക്കാ­തി­രി­ക്കാൻ ഇ­ത്തി­രി ‘റം’ കു­ടി­ക്കു­ന്ന­തു ന­ല്ല­താ­ണെ­ന്നാ­ണു് തോ­മ­സ്സി­ന്റെ പക്ഷം. അ­ല്ലാ­തെ ‘റം’ കു­ടി­ക്കു­ന്ന­തു് അ­വ­സ്ഥ­യ്ക്കു­വേ­ണ്ടി­യൊ­ന്നു­മ­ല്ല.

തോ­മ­സ്സ് വേഗം വേഗം ന­ട­ന്നു മെ­സ്സിൽ­ക്ക­യ­റി “ഡ്രൈ റേഷൻ വാ­ങ്ങി ഹാ­വർ­സാ­ക്കിൽ സൂ­ക്ഷി­ച്ചു­വെ­ച്ചു. എ­പ്പോ­ഴാ­ണു് മ­ട­ങ്ങു­ക എ­ന്ന­റി­യി­ല്ല.

ഗാ­രേ­ജിൽ ചെ­ന്ന­പ്പോൾ ട്ര­ക്ക് ത­യാ­റാ­യി­ക്ക­ഴി­ഞ്ഞി­ട്ടി­ല്ല. ഡ്രൈ­വർ എവിടെ പോ­യി­രി­ക്ക­യാ­ണാ­വോ? ചു­റ്റും നോ­ക്കി, കാ­ണു­ന്നി­ല്ല.

കേബിൾ ഡ്ര­മ്മും ഏ­ണി­യും ട്ര­ക്കിൽ എ­ടു­ത്തു വെ­ച്ചു.

കു­റ­ച്ച­ക­ലെ ‘ഗാർഡ് പ്രാ­ക്റ്റി­സ്’ ന­ട­ക്കു­ക­യാ­ണു്. റെ­ജി­മെ­ന്റ് ഹ­വിൽ­ദാർ മേ­ജ­റാ­ണു് ഗാഡ് പ്രാ­ക്റ്റി­സ് എ­ടു­ക്കു­ന്ന­തു്. തോ­മ­സ്സ് സൂ­ക്ഷി­ച്ചു നി­ന്നു.

“സ്ലോ­പ്പ് ആം ആഡർ ആം” ഒ­ന്നും ശ­രി­യാ­വു­ന്നി­ല്ല. ആർ.എച്ച്.എം.[15] പി­ന്നെ “ബൈ നം­ബ­റിൽ” ചെ­യ്യി­ക്കാൻ തു­ട­ങ്ങി: “സ്ലോ­പ്പ് ആം ബൈ നംബർ വൗൺ ടു ത്രീ”

ഈ ത­ണു­പ്പ­ത്തു കു­റ­ച്ചു ഭ­യ­ങ്ക­രം ത­ന്നെ­യാ­ണു് ഗാർഡ് പ്രാ­ക്റ്റീ­സ്, ഡ്രൈ­വർ വന്നു പ­റ­ഞ്ഞു: ‘ചലോ ചലോ.’ തോ­മ­സ്സ് ട്ര­ക്കിൽ കയറി ഇ­രു­ന്നു.

ട്ര­ക്ക് നീ­ങ്ങി­യ­പ്പോൾ ത­ണു­പ്പു് അ­ധി­ക­മാ­യി. തോ­മ­സ്സ് മഫ്ലർ എ­ടു­ത്തു തലയിൽ കെ­ട്ടി. എ­ങ്ങോ­ട്ടു നോ­ക്കി­യാ­ലും മ­ഞ്ഞു­ത­ന്നെ. മ­ര­ങ്ങ­ളിൽ ഒരില പോ­ലു­മി­ല്ല. മ­ര­ക്കൊ­മ്പു­ക­ളിൽ പ­ഞ്ച­സാ­ര­ക്ക­ട്ട­കൾ പോലെ മ­ഞ്ഞു­ക­ട്ട­കൾ കി­നി­ഞ്ഞു കി­നി­ഞ്ഞു നി­ന്നു. കാ­ശ്മീർ മ­ഞ്ഞു­കാ­ല­ത്തു് സു­ന്ദ­രി­യാ­യ ഒരു മൊ­ട്ട­ച്ചി അ­മ്മ്യാ­രെ­പ്പോ­ലെ­യാ­ണു്.

ലോറി പ­തു­ക്കെ­പ്പ­തു­ക്കെ ഓ­ടി­ക്കൊ­ണ്ടി­രു­ന്നു. ഒരു നാ­ല­ഞ്ചു നാഴിക ചെ­ന്ന­പ്പോൾ ചെ­റി­യൊ­രു ‘ബസാർ’ കണ്ടു. ട­ക്കു് നിർ­ത്തി തോ­മ­സ്സും, ഡ്രൈ­വ­റും ബ­സാ­റി­ലേ­യ്ക്കു പോയി. പ­ഴ­ങ്ങൾ നി­ര­ത്തി വ­ച്ചി­രി­യ്ക്കു­ന്ന ഒരു ക­ട­യി­ലേ­യ്ക്കു കയറി, നരച്ച വ­ട്ട­ത്താ­ടി­യിൽ ചു­വ­പ്പു­നി­റം ക­യ­റ്റി­യ ഒരു മു­സ്ലിം വൃ­ദ്ധൻ ഹുക്ക വ­ലി­ച്ചു­കൊ­ണ്ടി­രി­ക്ക­യാ­ണു്. രണ്ടു പ­ട്ടാ­ള­ക്കാ­രെ ക­ണ്ട­പ്പോൾ ആ കിഴവൻ ഉ­പ­ചാ­ര­പൂർ­വ്വം എ­ഴു­ന്നേ­റ്റു നി­ന്നു പ­റ­ഞ്ഞു:

“വരണം. വരണം ബാബൂ.”

തോ­മ­സ്സും ഡ്രൈ­വ­റും കി­ഴ­വ­ന്റെ അ­ടു­ത്തേ­ക്കു ചെ­ന്നു. സാ­മാ­ന്യം ഭേ­ദ­പ്പെ­ട്ട ഒരു ക­ട­യാ­ണ­തു്. ആ­പ്പിൾ പ­ഴ­ങ്ങൾ ഭം­ഗി­യിൽ നി­ര­ത്തി­വെ­ച്ചി­രി­ക്കു­ന്നു. പി­ന്നീ­ടു് അ­ക്രൂ­ട്ട്, ബദാം, മു­ന്തി­രി­ങ്ങ, എ­ല്ലാ­മു­ണ്ടു്.”

തോ­മ­സ്സ് കു­റ­ച്ചു ബ­ദാ­മും അ­ക്രൂ­ട്ടും വാ­ങ്ങി ഗ്രെ­യ്റ്റ് കോ­ട്ടി­ന്റെ കീ­ശ­യിൽ നി­റ­ച്ചു. പി­ന്നെ ഒരു പേ­ക്ക­റ്റ് സ്റ്റാർ സി­ഗ­ര­റ്റും വാ­ങ്ങി.

കിഴവൻ ചോ­ദി­ച്ചു: “നി­ങ്ങൾ മ­ദ്രാ­സി­ക­ളാ­ണു് അല്ലേ?”

“ജീ” തോ­മ­സ്സ് പ­റ­ഞ്ഞു.

“മ­ദ്രാ­സി­കൾ ന­ല്ല­വ­രാ­ണു്” കിഴവൻ അ­ഭി­പ്രാ­യ­പ്പെ­ട്ടു.

ന­ല്ല­വർ എല്ലാ സ്ഥ­ല­ത്തു­മു­ണ്ടു്. ചീ­ത്ത­വ­രു­മു­ണ്ടു്. അതു വേ­ണ്ട­താ­ണെ­ന്നാ­ണു് തോ­മ­സ്സി­ന്റെ അ­ഭി­പ്രാ­യം. ലോകം മു­ഴു­വ­നും, ന­ല്ല­വ­രെ­ക്കൊ­ണ്ടു നി­റ­ഞ്ഞ­താ­ണെ­ങ്കി­ലും ഒരു പ­ന്തി­യി­ല്ലാ­യ്മ­യു­ണ്ടാ­വും. ലോകം ന­ല്ല­വ­രെ­ക്കൊ­ണ്ടും ചീ­ത്ത­വ­രെ­ക്കൊ­ണ്ടും നി­റ­ഞ്ഞ­താ­വ­ണം.

കിഴവൻ സം­സാ­രം നിർ­ത്താ­നു­ള്ള ഭാ­വ­മി­ല്ല. ല­ഹ­ള­ക്കാർ തന്റെ ഗ്രാ­മ­ത്തെ വ­ള­ഞ്ഞാ­ക്ര­മി­ച്ച കഥ ആ­വേ­ശ­പൂർ­വ്വം പ­റ­യു­വാ­നാ­രം­ഭി­ച്ചു. ഒ­രർ­ദ്ധ­രാ­ത്രി­ക്കാ­ണ­ത്രെ ല­ഹ­ള­ക്കാർ ഗ്രാ­മ­ത്തിൽ ക­ട­ന്ന­തു്. അ­വ­രു­ടെ കൈ­ക­ളിൽ ആ­ളി­ക്ക­ത്തു­ന്ന പ­ന്ത­ങ്ങൾ, ക­ഠാ­രി­കൾ, വെ­ട്ടു­ക­ത്തി­കൾ, എ­ല്ലാ­മു­ണ്ടാ­യി­രു­ന്നു­വ­ത്രെ. അ­വ­രെ­ക്ക­ണ്ടാൽ­ത്ത­ന്നെ ഭയം തോ­ന്നും. നീ­ണ്ടു ചെ­മ്പി­ച്ച ത­ല­മു­ടി. താ­ടി­യെ­ല്ലു­കൾ­വ­രെ നീ­ണ്ടു­കി­ട­ക്കു­ന്ന കൃ­താ­വ്, ക­നൽ­ക്ക­ട്ട­കൾ പോ­ലെ­യു­ള്ള ക­ണ്ണു­കൾ. കിഴവൻ എ­ല്ലാം വി­സ്ത­രി­ച്ചു പ­റ­ഞ്ഞ­തു കേ­ട്ട­പ്പോൾ തോ­മ­സ്സു­ത­ന്നെ ഒന്നു ന­ടു­ങ്ങി.

ഒരു രാ­ത്രി­കൊ­ണ്ടു് അവർ ഗ്രാ­മം ഒരു ശ്മ­ശാ­ന­മാ­ക്കി മാ­റ്റി­യ­ത്രെ. ക്ഷേ­ത്ര­ങ്ങൾ ഇ­ടി­ച്ചു­നി­ര­ത്തി. പ­ശു­ക്ക­ളെ തു­ണ്ടം തു­ണ്ട­മാ­യി വെ­ട്ടി­നു­റു­ക്കി. അതു പോ­ലെ­ത്ത­ന്നെ മ­നു­ഷ്യ­രേ­യും തു­ണ്ടം തു­ണ്ട­മാ­യി വെ­ട്ടി എ­റി­ഞ്ഞു. ഖുദാ. എ­ന്തൊ­രു രം­ഗ­മാ­ണ­തു് ചു­ടു­ചോ­ര­യു­ടെ മണം, ദീ­നാ­ക്ര­ന്ദ­ന­ങ്ങൾ, അ­ട്ട­ഹാ­സ­ങ്ങൾ, ദൈ­വ­ങ്ങ­ളെ വി­ളി­ച്ചു­ള്ള പ്രാർ­ത്ഥ­ന­കൾ.

രാ­വി­ലെ­യാ­ണു് പ­ട്ടാ­ള­ക്കാർ വ­ന്ന­തു്. എ­ല്ലാം മ­ദ്രാ­സി പ­ട്ടാ­ള­ക്കാർ. അവർ ഗ്രാ­മ­ത്തിൽ മ­രി­ക്കാ­ത്ത­വ­രെ ര­ക്ഷി­ച്ചു. മ­രി­ച്ച­വ­രു­ടെ ശ­വ­ത്തു­ണ്ട­ങ്ങൾ ശേ­ഖ­രി­ച്ചു കു­ഴി­ച്ചി­ട്ടു… “ഞങ്ങൾ പ­ട്ടാ­ള­ക്കാ­രെ മ­റ­ക്കു­ക­യി­ല്ല.” അതു പ­റ­ഞ്ഞ­പ്പോൾ ആ കി­ഴ­വ­ന്റെ അ­ഗാ­ധ­ത­യിൽ­നി­ന്നു നോ­ക്കു­ന്ന ക­ണ്ണു­ക­ളിൽ നനവു പൊ­ടി­ഞ്ഞി­രു­ന്നു. തോ­മ­സ്സ് എ­ല്ലാം ശ്ര­ദ്ധി­ച്ചു­കേ­ട്ടു. കടയൽ നി­ന്നി­റ­ങ്ങി­യ­പ്പോൾ വെള്ള പെ­യി­ന്റ­ടി­ച്ച ഒരു ജീ­പ്പ് മു­ന്നിൽ വ­ന്നു­നി­ന്നു. അ­തിൽ­നി­ന്നു് ഒരു ക്യാ­പ്ട­നും ഒരു ശി­പ്പാ­യി­യും ചാടി ഇ­റ­ങ്ങി. അവർ കൈയിൽ ആറം ബാൻഡ് കെ­ട്ടി­യി­ട്ടു­ണ്ടു്. ആറം ബാൻ­ഡിൽ “എം.പി.” എ­ന്നെ­ഴു­തി­യി­ട്ടു­ണ്ടു്. അവർ മി­ലി­റ്റ­റി പോ­ലീ­സ്സാ­ണ്.

ക്യാ­പ്ടൻ തോ­മ­സ്സി­നോ­ടു് ചോ­ദി­ച്ചു: “ഡ്യൂ­ട്ടി സ്ലി­പ്പ്?”

തോ­മ­സ്സ് ഡ്യൂ­ട്ടി സ്ലി­പ്പ് ഡ്രൈ­വ­രു­ടെ പക്കൽ നി­ന്നു വാ­ങ്ങി കാ­ണി­ച്ചു­കൊ­ടു­ത്തു.

“ഓൾ റൈ­റ്റ്.”

ക്യാ­പ്റ്റൻ ജീ­പ്പിൽ ചാ­ടി­ക്ക­യ­റി പോയി. തോ­മ­സ്സ് ട്ര­ക്കിൽ യാ­ത്ര­തു­ടർ­ന്നു. ഒ­ര­ഞ്ചെ­ട്ടു നാഴിക പി­ന്നെ­യും പോ­യ­പ്പോൾ ട്ര­ക്ക് നിർ­ത്തി. അവിടെ റോ­ഡ­രു­കിൽ ഒരു ക­മ്പി­ക്കാ­ലു വീ­ണു­കി­ട­ക്കു­ക­യാ­ണു്. അ­തു­കൊ­ണ്ടാ­വ­ണം ടെ­ലി­ഫോൺ ലൈ­നി­നു ത­ക­രാ­റു പ­റ്റി­യി­രി­യ്ക്കു­ന്ന­തു്.

തോ­മ­സ്സും ഡ്രൈ­വ­റും ചേർ­ന്നു് ക­മ്പി­ക്കാ­ലു പി­ടി­ച്ചു പൊ­ക്കി ശ­രി­ക്കു കു­ഴി­ച്ചി­ട്ടു. അറ്റു പോ­യി­രു­ന്ന കേബിൾ ഏ­ച്ചു­കൂ­ട്ടി ശ­രി­പ്പെ­ടു­ത്തി. എ­ല്ലാം ശ­രി­യാ­യി ഹവർ സാ­ക്കിൽ നി­ന്നു് ബി­സ്ക­റ്റും ജാമും എ­ടു­ത്തു തി­ന്നു. എ­ന്നി­ട്ടു കു­റ­ച്ചു­നേ­രം വി­ശ്ര­മി­ച്ചു. നേരം വൈ­കു­ക­യാ­ണു്. തോമസ് ട്ര­ക്കിൽ കയറി തി­രി­ച്ചു ബാ­ക്കിൽ വ­ന്ന­പ്പോ­ഴേ­യ്ക്കും സ­ന്ധ്യ­മ­യ­ങ്ങി­യി­രു­ന്നു.

വർ­ഗ്ഗീ­സ് ചോ­ദി­ച്ചു: “മീൻ കൊ­ണ്ടു­വ­ന്നി­ല്ലേ?”

“മീൻ കൊ­ണ്ടു­വ­രു­ന്നു! മ­നു­ഷ്യ­ന്നു് ഇങ്ങു വ­ന്നു­പ­റ്റി­യാൽ മതി എ­ന്നാ­യി­രു­ന്നു.”

തോ­മ­സ്സ് കാ­ലിൽ­നി­ന്നു ഗിൽ­ഗ­ട്ടു ബൂ­ട്ടു് വ­ലി­ച്ചൂ­രി. സോ­ക്സ് ന­ല്ല­പോ­ലെ ന­ന­ഞ്ഞി­രി­യ്ക്കു­ന്നു. സോ­ക്സ് അ­ഴി­ച്ചു ബു­ക്കാ­രി­യു­ടെ കു­ഴ­ലിൽ ഉ­ണ­ങ്ങാ­നി­ട്ടു. എ­ന്നി­ട്ടു് ഇളം ചൂ­ടു­ള്ള വെ­ള്ള­ത്തിൽ ഉ­പ്പി­ട്ടു കാ­ല­ടി­കൾ വൃ­ത്തി­യാ­യി ക­ഴു­കി­ത്തു­ട­ച്ചു. പി­ന്നെ ‘ഫു­ട്പൗ­ഡർ’ ഇട്ടു. എ­ന്തെ­ന്നി­ല്ലാ­ത്തൊ­രു ആ­ശ്വാ­സം തോ­ന്നി. തോ­മ­സ്സ് ആ­രോ­ടെ­ന്നി­ല്ലാ­തെ പ­റ­ഞ്ഞു: “ക­ത്തു് കി­ട്ടി­യി­ട്ടു് മൂ­ന്നാ­ഴ്ച­യാ­യി.”

“എ­നി­യ്ക്കു് കത്തു കി­ട്ടി­യി­ട്ടു് മാസം ഒന്നര ക­ഴി­ഞ്ഞു. ഞാൻ എ­ഴു­താ­റു­മി­ല്ല.” പി. കെ. നായർ പ­റ­ഞ്ഞു.

“ഇ­യാ­ളു­ടെ നാ­ട്ടിൽ പോ­സ്റ്റാ­ഫീ­സു­ണ്ടോ?”

“അതു പോ­ട്ടെ, ന­മ്മ­ട­ടു­ത്താ ക­ളി­യ്ക്ക­ണ്”.

“നി­ങ്ങൾ ക­ത്ത­യ­ക്കാ­തി­രി­ക്കു­ന്ന­തു് മോ­ശ­മാ­ണു്. ഒ­ന്നു­മി­ല്ലെ­ങ്കി­ലും അ­മ്മ­യെ ഓർ­ക്ക­ണ്ടേ?” പ­ണി­ക്കർ പ­റ­ഞ്ഞു.

“അ­മ്മ­യ്ക്കു് എ­ന്നെ­ക്കൂ­ടാ­തെ വേ­റെ­യും മൂ­ന്നാൺ­മ­ക്ക­ളു­ണ്ടു്. ക­ണ്ടാൽ സ്റ്റെ­യ്റ്റ് ഫോ­ഴ്സു­കാ­രെ പോ­ലി­രി­യ്ക്കും. ജ­സ്റ്റ് ലൈ­ക്കു് പാ­ല്പാ­യ­സം, യൂ സീ.” പി. കെ. നായർ.

“അ­മ്മ­യ്ക്കു മ­ക്ക­ളെ­ല്ലാം ഒ­രു­പോ­ലെ­യാ­ണു്” പ­ണി­ക്കർ പ­റ­ഞ്ഞു.

“അതു ശ­രി­യാ­ണു്.” പി. കെ. നായർ.

“ക­ത്ത­യ­ക്കാൻ ക­ണി­ശ­ത­വേ­ണെ­ങ്കി ക­ല്യാ­ണം ക­ഴി­യ്ക്ക­ണം. തോ­മ­സി­നെ ശ്ര­ദ്ധി­ച്ചോ”—വർ­ഗ്ഗീ­സ്

“പ­ട്ടാ­ള­ത്തി­ലു­ള്ള­ട­ത്തോ­ളം കാലം ക­ല്യാ­ണം ന­മു­ക്കു വേണ്ട.”—പി. കെ. നായർ.

“പ­ട്ടാ­ള­ത്തിൽ­നി­ന്നു പി­രി­യു­മ്പോ­ഴേ­ക്കും വ­യ­സ്സാ­വും. അ­പ്പോൾ പെ­ണ്ണു കി­ട്ടി­ല്ല.”—വർ­ഗ്ഗീ­സ്.

“വേ­ണ്ടാ, തീർ­ന്നി­ല്ലേ?” പി. കെ. നായർ.

“ഒന്നു ചു­മ്മാ ഇ­രി­ക്ക്വോ?” തോ­മ­സ്സ് ചൊ­ടി­ച്ചു­കൊ­ണ്ടു പ­റ­ഞ്ഞു.

“സൈ­ലൻ­സ് പ്ലീ­സ്, സൈ­ലൻ­സ് പ്ലീ­സ്. തോ­മ­സ്സ് മ­റി­യ­മ്മ­യെ­ക്കു­റി­ച്ചാ­ലോ­ചി­ക്കു­മ്പോൾ ശ­ബ്ദ­മു­ണ്ടാ­ക്ക­രു­തു്.”—വർ­ഗ്ഗീ­സ്.

“ഐസീ, അ­പ്പോൾ തോ­മ­സ്സ് ഇ­പ്പോൾ മ­റി­യ­മ്മ­യെ­ക്കു­റി­ച്ചാ­ലോ­ചി­ക്കു­ക­യാ­ണോ?” പി. കെ. നായർ.

“ഒന്നു ചു­മ്മാ­തി­രു­ന്നേ, പി. കെ.” തോ­മ­സ്സ് അ­പേ­ക്ഷി­ച്ചു

എ­ല്ലാ­വ­രും ബെ­ഡ്ഡു­ക­ളിൽ വ­ന്നു­കി­ട­ന്നു. തോ­മ­സ്സ് ക­ണ്ണു­ക­ള­ട­ച്ചു മ­റി­യ­മ്മ­യെ­ക്കു­റി­ച്ചോർ­ത്തു. ഇ­പ്പോൾ അവൾ കി­ട­ന്നി­രി­യ്ക്കു­മോ? ഒ­രു­പ­ക്ഷേ, അവളും ത­ന്നെ­ക്കു­റി­ച്ചോർ­ക്കു­ന്നു­ണ്ടാ­യി­രി­ക്ക­ണം. അവളെ ‘നേരെ ചൊ­വ്വേ’ ഒന്നു കാണാൻ കൂടി സാ­ധി­ച്ചി­ട്ടി­ല്ല. വി­വാ­ഹ­ത്തി­നു­ശേ­ഷം വെറും ഒ­രാ­ഴ്ച­യേ നാ­ട്ടി­ലു­ണ്ടാ­യി­രു­ന്നു­ള്ളു. അ­പ്പോ­ഴേ­ക്കും ലീവ് അ­വ­സാ­നി­ച്ചു. പോ­രു­മ്പോൾ അ­വ­ളോ­ടു് യാ­ത്ര­പ­റ­ഞ്ഞ­തു­പോ­ലു­മി­ല്ല. ഹൃദയം വി­ങ്ങി­പ്പൊ­ട്ടാ­റാ­യി നി­ല്ക്കു­ക­യാ­യി­രു­ന്നു. അ­പ്പോൾ എ­ങ്ങ­നെ യാ­ത്ര­പ­റ­യാ­നാ­ണു്? പോ­രു­ന്ന ദിവസം രാ­വി­ലെ തോ­മ­സ്സ് പ­റ­ഞ്ഞു: “പോ­വു­മ്പോൾ ഞാൻ ഒ­ന്നും പ­റ­യി­ല്ല. എ­നി­ക്കു നി­ന്നെ നേരെ കാ­ണാ­നു­ള്ള ക­രു­ത്തി­ല്ല.”

അവൾ ചി­ണു­ങ്ങി­ക്ക­ര­യു­വാൻ തു­ട­ങ്ങി. ഓ! അ­ന്ന­വൾ എ­ത്ര­നേ­രം ക­ര­ഞ്ഞു. ഈ ഭാ­ര്യാ­ഭർ­ത്തൃ ബന്ധം വേ­ഗ­ത്തിൽ എ­ങ്ങ­നെ­യാ­ണു് വേ­രു­റ­യ്ക്കു­ന്ന­തു്? തോ­മ­സ്സ് അ­ന്നു് ആ­ലോ­ചി­യ്ക്കു­ക­യു­ണ്ടാ­യി. ആ­ലോ­ചി­ക്കേ­ണ്ട കാ­ര്യ­മാ­ണ­തു്. ഒരു പ­രി­ച­യ­വു­മി­ല്ലാ­ത്ത ഒ­രാ­ണും ഒരു പെ­ണ്ണും ഒ­ന്നി­യ്ക്കു­ന്നു. എത്ര വേ­ഗ­ത്തി­ലാ­ണു് ആ ജീ­വി­ത­ത്തിൽ വേ­രോ­ടു­ന്ന­തു്.

തോ­മ­സ്സ് ഒന്നു തി­രി­ഞ്ഞു­കി­ട­ന്നു. ഉ­റ­ക്കം വ­രു­ന്നി­ല്ല. എ­ങ്ങ­നെ ഉ­റ­ക്കം വ­രാ­നാ­ണു്? ഇ­ന്നു് ഒരു തു­ള്ളി കു­ടി­ച്ചി­ട്ടി­ല്ല. ത­ല­ക്കു വെ­ളി­വ് വീ­ണി­രി­യ്ക്ക­യാ­ണു്. എ­ല്ലാ­വ­രെ­പ്പ­റ്റി­യും ആ­ലോ­ചി­ച്ചു പോ­കു­ന്നു. ചി­ന്ത­കൾ മ­സ്തി­ഷ്ക­ത്തെ തല്ലി ഉ­ട­യ്ക്കു­ക­യാ­ണു്. വീ­ട്ടിൽ പ്രാ­യം ചെന്ന അ­മ്മ­യും കെ­ട്ടി­ക്കാ­റാ­യി നി­ല്ക്കു­ന്ന രണ്ടു പെ­ങ്ങ­ന്മാ­രു­മു­ണ്ടു്. പി­ന്നെ മ­റി­യാ­മ്മ­യു­മു­ണ്ടു്. ആ­ണു­ങ്ങ­ളാ­രു­മി­ല്ല. ആ­ലോ­ചി­ക്കു­മ്പോൾ ന­ടു­ങ്ങു­ന്നു.

രണ്ടു പെ­ങ്ങ­ന്മാ­രെ കെ­ട്ടി­ച്ചു­കൊ­ടു­ക്ക­ണം. അതൊരു വ­മ്പി­ച്ച പ്ര­ശ്ന­മാ­ണു്. പെ­ങ്ങ­ന്മാർ പ്രാ­യം തി­ക­ഞ്ഞു നി­ല്ക്കു­മ്പോൾ താൻ പെ­ണ്ണു­കെ­ട്ടി­യ­തു് ന­ന്നാ­യി­ല്ലെ­ന്നു തോ­മ­സ്സി­ന്ന­റി­യാം. വേ­ണ്ടി­വ­ന്ന­താ­ണു്. ഇന്നു തോ­മ­സ്സ് പെ­ണ്ണു­കെ­ട്ടി­യി­രു­ന്നി­ല്ലെ­ങ്കിൽ ഒരു കു­ടും­ബം മു­ഴു­വ­നും വ­ഴി­യാ­ധാ­ര­മാ­യി­ക്ക­ഴി­യു­മാ­യി­രു­ന്നു.

താ­മ­സി­ക്കു­ന്ന പു­ര­യി­ടം മാ­ത്യു മാ­പ്പി­ള­ക്കു പ­ണ­യ­മാ­യി­രു­ന്നു. അ­പ്പ­ന്നു് സു­ഖ­ക്കേ­ടാ­യ­പ്പോൾ അ­ഞ്ഞൂ­റു രൂപാ മാ­ത്യു മാ­പ്പി­ള­യോ­ടു കടം വാ­ങ്ങി. അ­തൊ­രാ­വ­ശ്യ­മാ­യി­രു­ന്നു. അ­പ്പ­നെ ചി­കി­ത്സി­ക്കേ­ണ്ടേ? വേ­ണ്ട­പ്പോൾ വേ­ണ്ട­തു ചെ­യ്യ­ണം. എ­ന്നി­ട്ടു് എ­ന്താ­ണു­ണ്ടാ­യ­ത്? ഭാ­ര­മെ­ല്ലാം തന്റെ ചു­മ­ലിൽ കേ­റ്റി­വെ­ച്ച് അപ്പൻ പോയി. അപ്പൻ മ­രി­ച്ച വാർ­ത്ത കേ­ട്ട­പ്പോൾ തോ­മ­സ്സ് മോ­ഹാ­ല­സ്യ­പ്പെ­ട്ടു വീണു. അ­ന്നു് കൽ­ക്ക­ത്ത­യി­ലാ­യി­രു­ന്നു. മ­ര­ണ­സ­മ­യ­ത്തു് അ­പ്പ­നെ ഒന്നു കാ­ണാ­നും കൂടി ക­ഴി­ഞ്ഞി­ല്ല.

ഇന്നു ഭാ­ര­മെ­ല്ലാം തോ­മ­സ്സി­ന്റെ ത­ല­യി­ലാ­ണു്. പ്രാ­യം തി­ക­ഞ്ഞു­നി­ല്ക്കു­ന്ന പെ­ണ്ണു­ങ്ങൾ അഗ്നി പർ­വ്വ­തം പോ­ലെ­യാ­ണു്. ഏതു നി­മി­ഷ­ത്തി­ലാ­ണു് പൊ­ട്ടി­ത്തെ­റി­യ്ക്കു­ക എ­ന്ന­റി­ഞ്ഞു­കൂ­ടാ, പെ­ങ്ങ­ന്മാ­രെ­ക്കു­റി­ച്ചാ­ലോ­ചി­ക്കു­മ്പോൾ തോ­മ­സ്സി­ന്നു് ഒ­രെ­ത്തും പി­ടി­യും കി­ട്ടി­ല്ല. അവർ മു­റ്റി വ­ളർ­ന്നു നിൽ­ക്കു­ക­യാ­ണു്. സൌ­ന്ദ­ര്യ­വു­മു­ണ്ടു്. സൌ­ന്ദ­ര്യ­ത്തെ­ക്കാൾ വില സ­മു­ദാ­യ­ത്തിൽ പ­ണ­ത്തി­ന്നാ­ണു്. എ­ത്ര­യെ­ത്ര സു­ന്ദ­രി­കൾ സ­മു­ദാ­യ­ത്തിൽ വ­ളർ­ന്നു നി­ല്ക്കു­ന്നു. പ­ണ­മി­ല്ലെ­ന്ന കാ­ര­ണ­ത്താൽ അ­വ­രാ­രും വി­വാ­ഹി­ത­രാ­വു­ന്നി­ല്ല. അ­തേ­സ­മ­യ­ത്തു് പ­ണ­മു­ള്ള വി­രൂ­പി­ണി­കൾ വി­വാ­ഹി­ത­രാ­കു­ന്നു. ലോകം നിൽ­ക്കു­ന്ന­തു് പ­ണ­ത്തി­ന്മേ­ലാ­ണു്. ഓരോ ലീവിൽ പോ­വു­മ്പോ­ഴും തോ­മ­സ്സ് സ­ഹോ­ദ­രി­മാ­രു­ടെ വി­വാ­ഹ­കാ­ര്യ­ത്തെ­ക്കു­റി­ച്ചു് അ­ന്വേ­ഷി­ച്ചു. പ­രി­ശ്ര­മി­ച്ചു. ഒ­ന്നും സാ­ധി­ച്ചി­ല്ല. അ­ങ്ങ­നെ നി­രാ­ശ­നാ­യി ലീവ് ക­ഴി­ഞ്ഞു തി­രി­ച്ചു­വ­രും. അവർ ചീ­ത്ത­ത്ത­ങ്ങ­ളി­ലേ­യ്ക്കൊ­ന്നും പോ­വ­രു­തേ എന്നു പ്രാർ­ത്ഥി­ക്കു­ക­യും ചെ­യ്യും. ചീ­ത്ത­ത്ത­ങ്ങ­ളി­ലേ­യ്ക്കു് മ­ന­സ്സു് തി­രി­ഞ്ഞാൽ എ­ല്ലാ­വ­രും കു­ര­യ്ക്കു­വാ­നും അ­ക­റ്റു­വാ­നും തു­ട­ങ്ങും.

മാ­ത്യു മു­ത­ലാ­ളി പ­ണ­ത്തി­നു­വേ­ണ്ടി ബു­ദ്ധി­മു­ട്ടി­ച്ചു­കൊ­ണ്ടി­രു­ന്നു. എ­വി­ടേ­യും സ­മാ­ധാ­ന­മി­ല്ല. ക­ത്തു­കൾ­ക്കു പുറകെ ക­ത്തു­കൾ. മാ­ത്യു മാ­പ്പി­ള­യു­ടെ ഭീ­ഷ­ണി­പ്പെ­ടു­ത്തു­ന്ന ക­ത്തു­കൾ, അ­മ്മ­യു­ടെ നി­സ്സ­ഹാ­യ­ത വെ­ളി­പ്പെ­ടു­ത്തു­ന്ന ക­ത്തു­കൾ, എ­ല്ലാം കൂടി തോ­മ­സ്സ് വീർ­പ്പു­മു­ട്ടി ച­ക്ര­ശ്വാ­സം വ­ലി­ച്ചു.

ഒ­ടു­വിൽ എ­ല്ലാം ശ­രി­ക്കു മ­ന­സ്സി­ലാ­ക്കി­ക്കൊ­ണ്ടു തന്നെ ഒരു പെ­ണ്ണു­കെ­ട്ടി. ഒ­രു­ദ്ദേ­ശ­ത്തെ മുൻ­നിർ­ത്തി­യാ­ണ­തു­ണ്ടാ­യ­തു്. സ്ത്രീ­ധ­നം അ­ഞ്ഞൂ­റു­രൂ­പാ കി­ട്ടും. മാ­ത്യു മു­ത­ലാ­ളി­യ്ക്കു കൊ­ടു­ക്കാം. പി­ന്നെ അ­ട­ച്ചു­കി­ട­ക്കു­ക­യെ­ങ്കി­ലും ചെ­യ്യാ­മ­ല്ലോ.

അ­ങ്ങ­നെ­യാ­ണു് തോ­മ­സ്സ് പെ­ണ്ണു­കെ­ട്ടി­യ­തു്. ബു­ദ്ധി­മു­ട്ടു­ക­ളു­ടെ ലോ­ക­ത്തി­ലേ­യ്ക്കു് ഒരു പെ­ണ്ണി­നെ­ക്കൂ­ടി വ­ലി­ച്ചി­ഴ­ച്ചു കൊ­ണ്ടു­വ­ന്നു. മ­റി­യ­മ്മ ന­ല്ല­വ­ളാ­ണു്. എ­ങ്ങ­നെ­യും ജീ­വി­ച്ചു­കൊ­ള്ളാ­മെ­ന്നാ­ണു് അവൾ പ­റ­യു­ന്ന­തു്. പക്ഷേ, അ­വൾ­ക്കു് ഒ­ര­ഭ്യർ­ത്ഥ­ന­യു­ണ്ടു്; അവളെ കൂടെ കൊ­ണ്ടു­പോ­ണം.

തോ­മ­സ്സ് പ­റ­ഞ്ഞു: “ഞാൻ കൊ­ണ്ടു­പോ­വാം. ര­ണ്ടു­മാ­സം കൂടി ക­ഴി­യ­ട്ടെ.” തോ­മ­സ്സ് അവളെ സ­മാ­ധാ­നി­പ്പി­ച്ചു.

ലീവു ക­ഴി­ഞ്ഞു ‘റാ­ഞ്ചി’യിൽ തി­രി­ച്ചു­വ­ന്ന ഉടൻ ഫാ­മി­ലി ക്വാർ­ട്ട­റി­ന്നു് അ­പ്ലി­ക്കേ­ഷൻ കൊ­ടു­ക്കു­ക­യും ചെ­യ്തു. അ­പ്പോ­ഴേ­ക്കും എ­ല്ലാം താ­റു­മാ­റാ­യി. പെ­ട്ടെ­ന്നു കാ­ശ്മീ­രി­ലേ­യ്ക്കൊ­രു പോ­സ്റ്റി­ങ്ങ്. കേ­ട്ട­പ്പോൾ തോ­മ­സ്സ് ഇ­രു­ന്നു­പോ­യി. എ­ത്ര­നേ­രം ആ ഇ­രു­പ്പിൽ ഇ­രു­ന്നു­വെ­ന്നോ. ബോ­ധ­മി­ല്ലാ­ത്ത ഒ­രി­രി­പ്പാ­യി­രു­ന്നു അതു്. ബോധം വ­ന്ന­പ്പോൾ ആ­ലോ­ചി­ച്ചു: ‘എന്താ വേ­ണ്ട­ത്?’ പ­ട്ടാ­ള­മാ­ണു്. അ­നു­സ­ര­ണ­മാ­ണാ­വ­ശ്യം. ട്രെ­യി­നി­ങ്ങ് ക­ഴി­ഞ്ഞ­പ്പോൾ സത്യം ചെ­യ്തി­ട്ടു­ണ്ടു്. ആ സ­ത്യ­വാ­ച­ക­ങ്ങൾ ഓർ­ത്തു. അ­ങ്ങ­നെ സ­മാ­ധാ­നി­ച്ചു.

കാ­ശ്മീ­രിൽ വ­ന്നി­ട്ടു കൊ­ല്ലം ഒന്നര ക­ഴി­ഞ്ഞു. ഇ­തു­വ­രേ­യും ലീവിൽ പോ­വാ­നൊ­ത്തി­ല്ല. ഇനി എ­ന്നാ­ണാ­വോ ലീവിൽ പോവാൻ സാ­ധി­ക്കു­ക? ഒ­ന്നും നി­ശ്ച­യ­മി­ല്ല. തോ­മ­സ്സ് ഒന്നു നി­വർ­ന്നു കി­ട­ന്നു നെ­ടു­വീർ­പ്പി­ട്ടു.

അതെ, ഇ­പ്പോൾ അവൾ അങ്ങു ദൂ­രെ­യു­ള്ള മ­ല­നാ­ട്ടിൽ, ചു­റ്റും മ­രി­ച്ചീ­നി­ച്ചെ­ടി­കൾ ത­ഴ­ച്ചു­വ­ളർ­ന്നു നി­ല്ക്കു­ന്ന ഒരു വീ­ട്ടിൽ, സ്വ­പ്ന­ങ്ങൾ ക­ണ്ടു­കൊ­ണ്ടു് ഉ­റ­ങ്ങു­ക­യാ­വും. ഉ­റ­ങ്ങ­ട്ടെ.

ഗാർ­ഡ്റൂ­മിൽ­നി­ന്നു പ­ന്ത്ര­ണ്ടു­മ­ണി­യ­ടി­ക്കു­ന്ന ശബ്ദം കേ­ട്ടു. തോ­മ­സ്സ് മൂ­ടി­പ്പു­ത­ച്ചു ചു­രു­ണ്ടു കി­ട­ന്നു.

നാലു്

ഉ­ണർ­ന്നു ക­ണ്ണു­കൾ തു­റ­ന്നു. പി. കെ. നായർ ചു­റ്റും നോ­ക്കി. കൂ­ട്ടു­കാ­രെ­ല്ലാം നല്ല ഉ­റ­ക്ക­മാ­ണു് ഉ­റ­ങ്ങ­ട്ടെ. ഞാ­യ­റാ­ഴ്ച­യ­ല്ലേ? എ­ന്നും ഉ­റ­ങ്ങാൻ സാ­ധി­ക്കു­ക­യി­ല്ല­ല്ലോ. ത­ല­യി­ണ­യു­ടെ അ­ടി­യിൽ നി­ന്നു് വാ­ച്ച് എ­ടു­ത്തു­നോ­ക്കി. ഒ­മ്പ­താ­വാ­റാ­യി­രി­ക്കു­ന്നു എ­ഴു­ന്നേ­ല്ക്കാൻ തോ­ന്നു­ന്നി­ല്ല. കി­ട­ക്കു­ന്ന കി­ട­പ്പിൽ തന്നെ ഉ­റ­ക്ക­സ്സ­ഞ്ചി­യു­ടെ നേർ­ത്ത ചങ്ങല നീ­ക്കി. ഈ ഉ­റ­ക്ക­സ­ഞ്ചി ഇ­ല്ലെ­ങ്കിൽ കാ­ശ്മീ­രിൽ ക­ഴി­ച്ചു­കൂ­ട്ടു­വാൻ പ്ര­യാ­സ­മാ­ണു്.

എ­ഴു­ന്നേ­റ്റു പെ­ട്ടി തു­റ­ന്നു ഒരു ബീഡി എ­ടു­ത്തു വ­ലി­ച്ചു. ബീഡി, ക­ഴി­ഞ്ഞ ആ­ഴ്ച­യിൽ നാ­ട്ടിൽ നി­ന്നു വ­രു­ത്തി­യ­താ­ണു്. വീ­ണ്ടും ക­മ്പി­ളി­ക്കു­ള്ളിൽ കയറി. മോ­ട്ടോർ സൈ­ക്കി­ളി­ന്റെ ഇൻ­സ്പെ­ക്ഷൻ അ­ടു­ത്തു­വ­രി­ക­യാ­ണു്. ഒ­രു­പാ­ടു പ­ണി­യു­ണ്ടു്. ‘ലോഗ് ബു­ക്കി’ന്റെ ചട്ട ഒന്നു മാ­റ്റി ശ­രി­പ്പെ­ടു­ത്ത­ണം. ക­ഴി­ഞ്ഞ പ്രാ­വ­ശ്യ­ത്തെ ഇൻ­സ്പെ­ക്ഷ­ന്നു അത്ര നല്ല റി­മാർ­ക്കു കി­ട്ടി­യി­ട്ടി­ല്ല. ഈ പ്രാ­വ­ശ്യം അ­ങ്ങ­നെ ആ­വ­രു­തു്. കി­ണ­ഞ്ഞു ശ്ര­മി­യ്ക്ക­ണം.

“തോ­മ­സ്സേ, എഴരൈ. ദാ­ണ്ടേ, നേരം ഒ­മ്പ­തു ക­ഴി­ഞ്ഞു.” പി. കെ. നായർ കി­ട­ന്ന കി­ട­പ്പിൽ തോ­മ­സ്സി­നെ വി­ളി­ച്ചു. തോ­മ­സ്സ് ക­മ്പി­ളി­യ്ക്കു­ള്ളിൽ­നി­ന്നു ത­ല­യൊ­ന്നു പൊ­ക്കി നോ­ക്കി വീ­ണ്ടും ചു­രു­ണ്ടു­കൂ­ടി­ക്കി­ട­ന്നു. പി. കെ. നായർ പി­ന്നെ­യും കു­റ­ച്ചു­നേ­രം ആ­ലോ­ചി­ച്ചു കി­ട­ന്നു. എ­ന്നി­ട്ടു് എ­ഴു­ന്നേ­റ്റു ബാ­ര­ക്കി­ന്നു പു­റ­ത്തേ­ക്കു വന്നു. ത­ണു­ത്ത കാ­റ്റു് അ­ടി­ക്കു­ന്നു. ആ­കാ­ശ­ത്തി­ന്നു ചാ­ര­നി­റ­മാ­ണു്. കുറേ നേരം ആ­കാ­ശ­ത്തേ­ക്കു നോ­ക്കി­നി­ന്നു. വീ­ണ്ടും മു­റി­ക്കു­ള്ളി­ലേ­യ്ക്കു വന്നു. കൂ­ട്ടു­കാ­രാ­രും എ­ഴു­ന്നേ­ല്ക്കു­ന്ന മ­ട്ടി­ല്ല. “ഉഠോ, ഉഠോ” നായർ ഉ­ച്ച­ത്തിൽ പ­റ­ഞ്ഞു. എ­ല്ലാ­വ­രും ക­മ്പി­ളി­ക്കു­ള്ളിൽ­നി­ന്നു പു­റ­ത്തു വന്നു.

പ്രാ­തൽ ക­ഴി­ഞ്ഞ­പ്പോൾ പ­ണി­ക്കർ പ­റ­ഞ്ഞു: “ഇന്നു ഞാ­യ­റാ­ഴ്ച­യാ­ണു്. വെ­റു­തെ ബ­ക്ക്വാ­സ്[16] അ­ടി­ച്ചി­രു­ന്നാൽ പോര. വെ­ബ്ബ് എ­ക്വി­പ്മെ­ന്റി­നെ­ല്ലാം ബ്ലാ­ങ്കോ അ­ടി­യ്ക്ക­ണം.”

“ശ­രി­യാ­ണ്,” എ­ല്ലാ­വ­രും സ­മ്മ­തി­ച്ചു, പ­ണി­ക്കർ ഒരു കട്ട ‘ബ്ളാ­ങ്കോ’ ത­ല്ലി­പ്പൊ­ട്ടി­ച്ചു മെ­സ്സ് ടി­ന്നി­ലി­ട്ടു വെ­ള്ള­മൊ­ഴി­ച്ചു ക­ല­ക്കി കൊ­ഴു­പ്പു കി­ട്ടു­വാൻ സ്വ­ല്പം ക­ഞ്ഞി­യും സോ­പ്പും ചേർ­ത്തു.

എ­ല്ലാ­വ­രും വ­ട്ട­മി­ട്ടി­രു­ന്നു. വർ­ഗ്ഗീ­സ് പ­റ­ഞ്ഞു: “എ­നി­ക്കു ബെൽ­ട്ടി­ന്നു മാ­ത്രം അ­ടി­ച്ചാൽ മതി. തോ­മ­സ്സേ, അതു നീ­യ­ങ്ങ് അ­ടി­ച്ചു ത­ന്നേ­രെ.”

“അ­തൊ­ഴി­ച്ചു് ഒ­ര­ഞ്ചു രൂ­പ­യു­ടെ കാ­ര്യം പറ”—തോ­മ­സ്സ്

“എടാ, ക­ണ്ണിൽ ചോ­ര­യി­ല്ലാ­ത്ത­വ­നേ!”

“വേറെ പണി വ­ല്ല­തും അറിയോ?”

“അ­റി­യാം”

“എ­ന്ന­താ?”

“കോ­ഴി­പ്പോ­രു്”

“പോടാ” തോ­മ­സ്സി­ന്നു ദേ­ഷ്യം വന്നു.

“ചു­പ്പ് ചാ­പ്പ്, ചു­പ്പ് ചാ­പ്പ്” ക­രു­ണാ­ക­രൻ ഉ­ച്ച­ത്തിൽ പ­റ­ഞ്ഞു.

“തോ­മ­സ്സ് എന്നാ ലീവിൽ പോ­വു­ന്ന­ത്?”

“ഒ­ന്നും തീ­രു­മാ­നി­ച്ചി­ട്ടി­ല്ല.”

“പി. കെ. തീ­രു­മാ­നി­ച്ചു­വോ?”

“ഉവ്വ്. ഇ­ക്കൊ­ല്ലം ആ­റ­ന്മു­ള വള്ളം ക­ളി­ക്കു പോകണം”

വള്ളം ക­ളി­യെ­ക്കു­റി­ച്ചു കേ­ട്ട­പ്പോൾ തോ­മ­സ്സ് ചമ്രം പ­ടി­ഞ്ഞി­രു­ന്നു പാ­ടു­വാൻ തു­ട­ങ്ങി.

“അ­ഞ്ചെ­ട്ടു നാഴികപ്പകൽ-​

തൈതൈ തകതൈ തൈതോ”

പി. കെ. നാ­യ­രും ക­രു­ണാ­ക­ര­നും വർ­ഗ്ഗീ­സും ഏ­റ്റു­പാ­ടി: “തൈതൈ തകതൈ തൈതോ.”

തോ­മ­സ്സ് മെ­സ്സ്ടി­ന്നിൽ താളം പി­ടി­ച്ചു­കൊ­ണ്ടു് വള്ളം ക­ളി­പ്പാ­ട്ടു തു­ടർ­ന്നു:

“അ­ഞ്ചെ­ട്ടു നാ­ഴി­ക­പ്പ­കൽ

തി­ത്താ തി­ത്തൈ­തോം…

അ­ഞ്ചെ­ട്ടു നാഴികപ്പക-​

ലു­ള്ള­പ്പോ­ളാ­ദി­ത്യ­ബിം­ബം

തൈ തൈകതക തി

ത്ത­ത്താ തിമി തി­ത്ത­ത്താ

അ­ഞ്ചാ­തെ തൃ­ച്ച­ക്രം­കൊ­ണ്ടു

മ­റ­ച്ചു കൃ­ഷ്ണൻ…”

അ­ടു­ത്ത മു­റി­യിൽ നി­ന്നു ബച്ചൻ സിം­ഗും ബാബു ലാലും മ­റ്റും പു­റ­ത്തു­വ­ന്നെ­ത്തി നോ­ക്കി.

ആ വ­ള്ളം­ക­ളി­പ്പാ­ട്ടു് പ­രി­സ­ര­ത്തി­നു സം­ഗീ­താ­ത്മ­ക­മാ­യ ഒരു പ­രി­വേ­ഷം നല്കി. അവർ എ­ല്ലാം മ­റ­ന്നു പാടി… പാ­ട്ടു നിർ­ത്തി­യ­പ്പോൾ വർ­ഗ്ഗീ­സു് പ­ണി­ക്ക­രോ­ടു ചോ­ദി­ച്ചു: “ഓന് വ­ള്ളം­ക­ളി­പ്പാ­ട്ടു് അ­റി­ഞ്ഞു­കൂ­ടെ?”

അതു് പ­ണി­ക്കർ­ക്കു് ഒരു കു­ത്താ­ണു്. വർ­ഗ്ഗീ­സി­ന്റെ സം­സാ­രം തന്നെ കു­ത്തി­ത്ത­റ­യ്ക്കു­ന്ന­താ­ണു്. പ­ണി­ക്കർ മ­ല­ബാ­റു­കാ­ര­നാ­ണു്. പ­ണി­ക്ക­രു­ടെ മ­ല­യാ­ളം മോ­ശ­മാ­ണെ­ന്നാ­ണു് വർ­ഗ്ഗീ­സി­ന്റെ അ­ഭി­പ്രാ­യം. അതു മ­നഃ­പൂർ­വ്വം പ­റ­യു­ക­യാ­ണു്. പ­ണി­ക്കർ ഓൻ, ഓല് എ­ന്നൊ­ന്നും പ­റ­യാ­റി­ല്ല. ആ­ദ്യ­മാ­ദ്യ­മെ­ല്ലാം പ­റ­ഞ്ഞി­രു­ന്നു. മ­ര­ച്ചീ­നി­ക്കു പൂ­ള­ക്കി­ഴ­ങ്ങു് എന്നു പ­ണി­ക്കർ പ­റ­ഞ്ഞ­പ്പോൾ, വർ­ഗ്ഗീ­സു പ­റ­യു­ക­യു­ണ്ടാ­യി: “പൂട എ­ന്നും മ­റ്റും ന­മ്മു­ടെ നാ­ട്ടിൽ പ­റ­ഞ്ഞാൽ വായേൽ പ­ല്ലു­ണ്ടാ­വി­ല്ല.” അ­തി­നു­ശേ­ഷം പ­ണി­ക്കർ പൂ­ള­ക്കി­ഴ­ങ്ങ് എന്ന വാ­ക്കു് ഉ­പ­യോ­ഗി­ച്ചി­ട്ടി­ല്ല. വായിൽ പ­ല്ലി­ല്ലാ­ഞ്ഞാൽ നന്നോ? എ­ന്നാ­ലും വർ­ഗ്ഗീ­സ് പ­ണി­ക്ക­രെ വി­ടി­ല്ല. എ­പ്പോ­ഴും ത­മാ­ശ­യാ­ക്കി­ക്കൊ­ണ്ടി­രി­ക്കും.

“ഓന് വള്ളം ക­ളി­പ്പാ­ട്ടു് അ­റി­ഞ്ഞു­കൂ­ടെ?” എന്നു വർ­ഗ്ഗീ­സു ചോ­ദി­ച്ച­പ്പോൾ പ­ണി­ക്കർ ഇ­രു­ന്ന ഇ­രു­പ്പിൽ­നി­ന്നു് ഒരു ചാ­ട്ടം ചാടി: “വർ­ഗ്ഗീ­സ്, ഓർ­ത്തു സം­സാ­രി­ച്ചോ. ഇതു് നൂ­റാ­മ­ത്തെ ത­വ­ണ­യാ­ണു് പ­റ­യു­ന്ന­തു്.”

“എന്താ ഓന് ദേ­ഷ്യം വ­രു­ക­യാ­ണോ?”

പി. കെ. നായർ മ­ദ്ധ്യ­സ്ഥം പ­റ­ഞ്ഞു:

“ഭാ­ഷ­യു­ടെ വൈ­ക­ല്യ­ങ്ങ­ളെ നമ്മൾ ചർ­ച്ച­ചെ­യ്യേ­ണ്ട. അ­തെ­ല്ലാം സാ­ഹി­ത്യ­കാ­ര­ന്മാർ­ക്കു വി­ട്ടു­കൊ­ടു­ത്തേ­ക്ക­ണം.”

ക­രു­ണാ­ക­രൻ എ­ഴു­ന്നേ­റ്റു മു­ഷ്ടി ചു­രു­ട്ടി­ക്കൊ­ണ്ടു് ആ­വേ­ശ­ത്തോ­ടെ പ­റ­ഞ്ഞു: “ഈ മുറി ചെ­റി­യൊ­രു ഐ­ക്യ­കേ­ര­ള­മാ­ണു്. ഞാൻ കൊ­ച്ചി­ക്കാ­രൻ, പ­ണി­ക്കർ മ­ല­ബാ­റു­കാ­രൻ, ബാ­ക്കി­യു­ള്ള­വർ തി­രു­വി­താം­കൂ­റു­കാർ. അതു് ഓർ­മ്മി­ക്ക­ണം.”

“നല്ല അ­ഭി­പ്രാ­യം. ജ­സ്റ്റ് ലൈ­ക്കു് പാൽ­പാ­യ­സം, യൂ സി,” പി. കെ. നായർ ക­രു­ണാ­ക­ര­നെ പി­ന്താ­ങ്ങി.

എ­ന്നി­ട്ടും പ­ണി­ക്കർ­ക്കു ദേ­ഷ്യം തീർ­ന്നി­ല്ല. പ­ണി­ക്കർ വി­സ്ത­രി­ച്ച് ഒരു വ­ട­ക്കൻ പാ­ട്ടു് മൂളി.

ബ്ളാ­ങ്കോ അടി ക­ഴി­ഞ്ഞ­പ്പോൾ പത്തു മ­ണി­യാ­യി.

“കു­ളി­യ്ക്കേ­ണ്ടേ?”

വേണം, കു­ളി­ക്ക­ണം. കുളി ആ­ഴ്ച­യിൽ രണ്ടു പ്രാ­വ­ശ്യ­ത്തി­ല­ധി­ക­മു­ണ്ടാ­വാ­റി­ല്ല. അ­തൊ­ന്നും വി­സ്ത­രി­ച്ചു് ആ­വു­ക­യു­മി­ല്ല. ടി­ന്നിൽ വെ­ള്ളം നി­റ­ച്ചാ­ണു കുളി. മു­ങ്ങി­ക്കു­ളി­യ്ക്കു­ന്ന സുഖം കി­ട്ടു­മോ?

ഓരോ ടി­ന്നു­കൾ തൂ­ക്കി­പ്പി­ടി­ച്ചു് എ­ല്ലാ­വ­രും വെ­ള്ളം ചൂ­ടാ­ക്കു­ന്ന സ്ഥ­ല­ത്തേ­ക്കു ന­ട­ന്നു.

“ഇ­ല്ലി­നി­ത്തോ­ഴി, വ­രി­ല്ലി­നി വീണ്ടുമ-​ സ്വർ­ല്ലോ­ക ഹർഷം തു­ളു­മ്പി­യ നാ­ളു­കൾ.” വർ­ഗ്ഗീ­സ് പാ­ടു­വാ­നാ­രം­ഭി­ച്ചു.

മെ­സ്സി­ന്റെ അ­ടു­ത്തു് മ­ര­പ്പ­ല­ക­കൾ കൊ­ണ്ടു­ണ്ടാ­ക്കി­യ ഒരു ഷെ­ഡ്ഡി­ലാ­ണു വെ­ള്ളം ചൂ­ടാ­ക്കു­ന്ന­തു്. അ­ടു­പ്പിൽ നീ­ള­ത്തിൽ വെ­ച്ചി­രി­യ്ക്കു­ന്ന പീ­പ്പ­യിൽ വെ­ള്ളം തി­ള­ച്ചു­മ­റി­ഞ്ഞു കി­ട­ക്കു­ക­യാ­ണു്. ഒരു ടിൻ പ­ച്ച­വെ­ള്ളം പീ­പ്പ­യിൽ പ­കർ­ന്നാ­ലേ ഒരു ടിൻ ചുടു വെ­ള്ളം കി­ട്ടു­ക­യു­ള്ളു. അതു് നി­യ­മ­മാ­ണു്. നിയമം ശ­രി­യ്ക്കു് അ­നു­ഷ്ഠി­ക്കു­ന്നു­ണ്ടോ എന്നു നോ­ക്കു­വാ­നാ­യി അവിടെ ഒരു സെൻ­ട്രി പാ­റാ­വു നി­ല്ക്കു­ന്നു­ണ്ടു്.

കു­ളി­യും ഊണും ക­ഴി­ഞ്ഞ­പ്പോ­ഴേ­ക്കും ഒ­രു­മ­ണി­യാ­യി. ഏ­മ്പ­ക്ക­മി­ട്ടു­കൊ­ണ്ടു വർ­ഗ്ഗീ­സ് പ­റ­ഞ്ഞു:

“ചീ­ട്ടു് ക­ളി­ക്കാ­മോ?”

“ഓ. യെ­സ്സ്.” എ­ല്ലാ­വ­രും ത­യാ­റാ­യി.

“ഞാനും പ­ണി­ക്ക­രും,” വർ­ഗ്ഗീ­സ് പ­റ­ഞ്ഞു.

“ഞാനും ക­രു­ണാ­ക­ര­നും” പി. കെ. നായർ.

“അ­പ്പോൾ തോ­മ­സ്സോ?’ പ­ണി­ക്കർ.

“തോ­മ­സ്സി­നെ വ­ല്ല­വ­രും കൂ­ട്ട­ത്തിൽ കൂ­ട്ടി­യി­ട്ടു­ണ്ടോ”

“പോടാ പു­ളി­രേ” തോ­മ­സ്സി­ന് ദേ­ഷ്യം വന്നു. തോ­മ­സ്സ് തു­ടർ­ന്നു­കൊ­ണ്ടു പ­റ­ഞ്ഞു: “അ­ല്ലേ­ലും ഞാൻ ക­ളി­ക്കു­ന്നി­ല്ല.”

പ­ണി­ക്കർ ബെ­ഡ്ഡിൽ­നി­ന്നു് ഒരു ക­മ്പി­ളി വ­ലി­ച്ചെ­ടു­ത്തു നി­ല­ത്തു വി­രി­ച്ചു. നാ­ലു­പേ­രും ഇ­രു­ന്നു.

“ആദ്യം എന്റെ കശ”

ക­രു­ണാ­ക­രൻ ചീ­ട്ടു കു­ത്തി­ന്നു കൈ­നീ­ട്ടി. വർ­ഗ്ഗീ­സ് കൊ­ടു­ത്തു. ക­രു­ണാ­ക­രൻ ചീ­ട്ടു ക­ശ­ക്കി ഇട്ടു.

പ­ണി­ക്കർ ശ­രി­ക്കൊ­ന്നു ചമ്രം പ­ടി­ഞ്ഞി­രു­ന്നു.

“പ­ണി­ക്കർ രാ­ശി­വെ­ക്കാൻ ഇ­രി­ക്ക്വാ?”

വർ­ഗ്ഗീ­സി­ന്നു പ­ണി­ക്ക­രെ ക­ളി­യാ­ക്കാ­തെ വയ്യ.

“നീ എന്റെ കൈ­യിൽ­നി­ന്നു വ­ല്ല­തും വാ­ങ്ങി­ക്കും.”

“പൊ­ന്ന­ച്ഛാ, എന്നെ ത­ല്ല­രു­തേ! പെ­ണ്ണു കെ­ട്ടാ­ത്ത­വ­നാ­ണേ.”

വർ­ഗ്ഗീ­സ് ചീ­ട്ടു­കൾ കൈ­യി­ലെ­ടു­ത്തു വി­ടർ­ത്തി നോ­ക്കി.

“ഏ­താ­യാ­ലും ആ­ദ്യ­ത്തെ വി­ളി­യ­ല്ലേ? പ­ത്തൊ­മ്പ­തു്. വേ­ണെ­ങ്കിൽ കേ­റ്റി വി­ളി­ച്ചോ. തോ­റ്റാൽ മൂ­ന്നു ചീ­ട്ടു തരണം.”

“വി­ട്ടു.” പി. കെ. നായർ പ­റ­ഞ്ഞു.

“പ­ണി­ക്ക­രെ, ഇ­വ­ന്മാ­ര് ന­മ്മ­ളെ കു­പ്പി­യി­ലെ­റ­ക്കീ­ന്നാ തോ­ന്നു­ന്ന­തു്. കൊ­ട്ടാ­രം ക­ളി­ക്കാ­രോ­ടാ നമ്മൾ എ­തി­രി­ടു­ന്ന­തു്. ഏ­താ­യാ­ലും ഇ­വ­നൊ­ന്നു പോയി വ­ര­ട്ടെ.” എന്നു പ­റ­ഞ്ഞു­കൊ­ണ്ടു വർ­ഗ്ഗീ­സ് ഇസ് പേഡ് ഗുലാൻ ക­ളി­ച്ചു.

“തു­രു­പ്പു്” പി. കെ. നായർ ചോ­ദി­ച്ചു.

“തു­രു­പ്പു് അ­തു­ത­ന്നെ,” എന്നു പ­റ­ഞ്ഞു­കൊ­ണ്ടു വർ­ഗ്ഗീ­സ് ഒരു ക്ലാ­വർ ഏഴാം കൂലി എ­ടു­ത്തു കാ­ണി­ച്ചു­കൊ­ടു­ത്തു. തോ­മ­സ്സ് പെ­ട്ടി തു­റ­ന്നു് പൊ­റ്റേ­ക്കാ­ട്ടി­ന്റെ ഒരു ചെ­റു­ക­ഥാ പു­സ്ത­ക­മെ­ടു­ത്തു വായന തു­ട­ങ്ങി.

നാ­ലു­മ­ണി­ക്കു ചീ­ട്ടു­ക­ളി അ­വ­സാ­നി­ച്ച­പ്പോൾ വർ­ഗ്ഗീ­സ് പ­റ­ഞ്ഞു: “ഔ­ട്ടു് പാ­സ്സി­ന്നു് എ­ഴു­തി­ക്കൊ­ടു­ത്തി­ട്ടു­ണ്ടു്. ഒ­രു­പ­ക്ഷേ, കി­ട്ടി­യേ­ക്കും. സി­നി­മ­ക്കു പോവാം.”

“ഈ ത­ണു­പ്പ­ത്തു ഞാ­നി­ല്ല,” ക­രു­ണാ­ക­രൻ പ­റ­ഞ്ഞു.

“എന്തു പടമാ? പി. കെ. നായർ അ­ന്വേ­ഷി­ച്ചു.

“പേര് ഓർ­മ്മി­ക്കു­ന്നി­ല്ല.”

“ഇം­ഗ്ലീ­ഷോ ഹി­ന്ദി­യോ?”

“ഹി­ന്ദി.”

“എ­ന്താ­യാ­ലും ഞാ­നി­ല്ല.”

പ­ണി­ക്കർ പ­റ­ഞ്ഞു: “ഞാൻ വ­രു­ന്നു­ണ്ടു്.”

പ­ണി­ക്കർ എ­ഴു­ന്നേ­റ്റു പാ­ന്റും ബ്ലൗ­സും എ­ടു­ത്തി­ട്ടു ഗ്രെ­യ്റ്റ് കോ­ട്ടു കൈ­ത്ത­ണ്ട­യിൽ തൂ­ക്കി­യി­ട്ടു. ഹാ­ന്റ് ഗ്ലൗ­സ് കീ­ശ­യിൽ തി­രു­കി­വെ­ച്ചു. പ­ണി­ക്കർ ന­ട­ന്നു. വർ­ഗ്ഗീ­സ് പ­ണി­ക്ക­രെ പി­ന്തു­ടർ­ന്നു.

“വേ­ണു­ഗാ­ന­ത്താ­ല­തു പൊ­തി­യും ന­വോ­ന്മേ­ഷ ശോ­ണ­മാം ചായം തൊ­ട്ടു­മി­നു­ക്കു പ്ര­ജ്ഞാ­കേ­ന്ദ്രം.”

പ­ണി­ക്ക­രും വർ­ഗ്ഗീ­സും ഹ­വിൽ­ദാർ മേ­ജ­രു­ടെ മു­റി­യിൽ ചെ­ന്നു. “ഔ­ട്ടു് പാ­സ്സി­ന്നു വ­ന്ന­താ­ണോ?”

“അതെ.”

“എവിടെ പോ­വാ­നാ?”

“സി­നി­മ­യ്ക്കു്.”

ഹ­വിൽ­ദാർ മേജർ അ­വ­രു­ടെ ഉ­ടു­പ്പു­കൾ പ­രി­ശോ­ധി­ച്ചു. എ­ന്നി­ട്ടു് അ­വ­ജ്ഞാ­പൂർ­വ്വം പ­റ­ഞ്ഞു:

“ഉ­ടു­പ്പു­കൾ­ക്ക്, ഇ­സ്ത്രി­പോ­രാ.” ആരും ഒ­ന്നും മി­ണ്ടി­യി­ല്ല.

ഹ­വിൽ­ദാർ മേജർ തു­ടർ­ന്നു പ­റ­ഞ്ഞു.

“ഡ­ബ്ബിൾ അപ് ടു ധോബി ഘാ­ട്ട്, ഏക് ദം.”[17]

ര­ണ്ടു­പേ­രും ധോബി ഘാ­ട്ടി­ലേ­ക്കു ന­ട­ന്നു. പ­ണി­ക്കർ പ­റ­ഞ്ഞു: അ­വ­ന­വ­ന്റെ പണം ചെ­ല­വാ­ക്കി സിനിമ കാണാൻ പോ­കു­മ്പോ­ഴ­ത്തെ ഒരു ബു­ദ്ധി­മു­ട്ടു്!”

“പ­റ­ഞ്ഞാൽ തീ­രി­ല്ല അല്ലേ? അ­തു­കൊ­ണ്ടാ­ണു് ഞാൻ പ­റ­യു­ന്ന­ത്:

“ദുഃ­ഖ­ജീ­വി­തം ഗാനശീകര-​

മ­ഗ്ന­മാ­ക്കു­ന്ന പൊ­ന്ന­ല്ല.”

അവർ ധോബി ഘാ­ട്ടി­ലു­ള്ള ഒരു ടെ­ന്റി­നു­ള്ളി­ലേ­ക്കു ന­ട­ന്നു. ധോബി ഹുക്ക വ­ലി­ച്ചു­കൊ­ണ്ടു ചി­ന്താ­ധീ­ന­നാ­യി­രി­യ്ക്ക­യാ­ണു്.

“കപ്ടാ ഥോഡാ പ്ര­സ്സു് കർണാ,”[18] വർ­ഗ്ഗീ­സ് ദേ­ഹ­ത്തിൽ­നി­ന്നു് ബ്ലൗ­സ് ഊരാൻ ഭാ­വി­ച്ചു­കൊ­ണ്ടു പ­റ­ഞ്ഞു.

“അഭി നഹി.”[19]

“ക്യൂം?”[20]

“ബോ­ക്ക­സ്സ് ഗരം നഹി.”[21]

“ഗരം കരോ.”[22]

“അഭി നഹീ.”[23]

“റി­പ്പോർ­ട്ടു് ക­രൂം­ഗാ.”[24]

“കരോ.”[25]

“മാ­രേൻ­ഗാ”[26] വർ­ഗ്ഗീ­സ്സി­ന്നു ദേ­ഷ്യം വന്നു, മു­ഷ്ടി ചു­രു­ട്ടി­ക്കൊ­ണ്ടു ധോ­ബി­യെ ഇ­ടി­യ്ക്കു­വാൻ ചെ­ന്നു. ധോബി ഭ­യ­ന്നു് എ­ഴു­ന്നേ­റ്റു് ഇ­സ്ത്രി­പ്പെ­ട്ടി­യിൽ ക­രി­യി­ട്ടു ചൂ­ടാ­ക്കി.

“ഇ­വ­ന്മാ­രെ­യെ­ല്ലാം കൊ­ങ്ങ­ക്കു പി­ടി­യ്ക്ക­ണം” വർ­ഗ്ഗീ­സ് മ­ല­യാ­ള­ത്തിൽ ആ­രോ­ടെ­ന്നി­ല്ലാ­തെ പ­റ­ഞ്ഞു.

“മ­ദ്രാ­സി മേം ഗാലി മ­ത്തു് ദോ”[27]

അര മ­ണി­ക്കൂ­റി­നു­ള്ളിൽ എ­ല്ലാം ശ­രി­പ്പെ­ട്ടു.

ഇ­സ്ത്രി­ക്കി­ട്ട ഉ­ടു­പ്പു­ക­ളി­ട്ടു­കൊ­ണ്ടു് അവൻ വീ­ണ്ടും അ­വ­രു­ടെ മു­റി­യി­ലേ­യ്ക്കു പോയി. കൂ­ട്ടു­കാ­രോ­ടു് ഒരു കാ­ര്യം പ­റ­യു­വാൻ മ­റ­ന്നു­പോ­യി­രു­ന്നു. രണ്ടു ചോറു വാ­ങ്ങി­ച്ചു വെ­യ്ക്കാൻ പറയണം. സിനിമ ക­ഴി­യു­മ്പോ­ഴേ­ക്കും ഒ­മ്പ­ത­ര­മ­ണി­യാ­വും, വർ­ഗ്ഗീ­സ് തോ­മ­സ്സി­നോ­ടു പ­റ­ഞ്ഞു:

“അ­തൊ­ഴി­ച്ചു അ­ഞ്ചു­രൂ­പ­യു­ടെ കാ­ര്യം പറ.”

“നീ പോടാ, പു­ളി­രേ”

“ശരി. വാ­ങ്ങി­ച്ചു വെ­ച്ചേ­ക്കാം.”

“താ­ങ്ക് യൂ.”

“നോ മെ­ഡി­സിൻ”[28]

അവൻ വീ­ണ്ടും ഹ­വിൽ­ദാർ മേ­ജ­രു­ടെ മു­റി­യി­ലേ­ക്കു ന­ട­ന്നു. ഔ­ട്ടു് പാ­സ്സ് വാ­ങ്ങി പു­റ­ത്തി­റ­ങ്ങി­യ­പ്പോ­ഴേ­ക്കും ക്വാ­ട്ടർ­ഗാർ­ഡിൽ­നി­ന്നു ‘റീ­ട്രീ­റ്റി­ന്റെ ബ്യൂ­ഗിൾ ശ­ബ്ദി­ച്ചു. അവർ അ­റ്റൻ­ഷ­നാ­യി നി­ന്നു.

ബ്യൂ­ഗിൾ വിളി ക­ഴി­ഞ്ഞ­പ്പോൾ അവർ ധൃ­തി­വെ­ച്ചു തി­യേ­റ്റ­റി­ലേ­യ്ക്കു ന­ട­ന്നു.

അ­ഞ്ചു്

ഉ­ച്ച­യ്ക്കു് ര­ണ്ട­ര­മ­ണി­യ്ക്കു് വി­സി­ല­ടി­ച്ചു. ക­മ്പ­നി മു­ഴു­വ­നും ഫാ­ളി­നാ­യി. മെ­സ്സ് മീ­റ്റിം­ഗ് ന­ട­ക്കു­വാൻ പോ­ക­യാ­ണു്. മാ­സാ­വ­സാ­ന­ത്തി­ലാ­ണു് മെ­സ്സ് മീ­റ്റിം­ഗ് ന­ട­ക്കു­ക. അന്നു മെ­സ്സ് സം­ബ­ന്ധ­മാ­യ എല്ലാ കാ­ര്യ­ങ്ങ­ളും ചർച്ച ചെ­യ്യ­പ്പെ­ടു­ന്നു. മീ­റ്റിം­ഗിൽ അ­ധ്യ­ക്ഷ­ത വ­ഹി­ക്കു­ക മെ­സ്സിം­ഗ് ഓ­ഫീ­സ­റാ­ണു്. മെ­സ്സിം­ഗ് ഓഫീസർ ക്യാ­പ്റ്റൻ മേ­ത്ത­യാ­ണു്.

ഹ­വീൽ­ദാർ മേജർ ആ­ജ്ഞാ­പി­ച്ചു:

“ക­മ്പ­നി അ­റ്റേ­ച്ഛൻ ബൈ, ദ റൈ­റ്റ് നമ്പർ.”

“വൺ, ടു, ത്രീ…”

എ­ല്ലാം എണ്ണി ശ­രി­പ്പെ­ടു­ത്തി ചെ­റി­യൊ­രു നോ­ട്ടു­ബു­ക്കിൽ കു­റി­ച്ചു­വെ­ച്ചു. എ­ന്നി­ട്ടു് എ­ല്ലാ­വ­രേ­യും ഒരു വലിയ ഹാ­ളി­ലേ­യ്ക്കു മാർ­ച്ച് ചെ­യ്യി­ച്ചു.

വീ­തി­യും നീ­ള­വു­മു­ള്ള ഒരു ഹാ­ളാ­ണ­തു്. അവിടെ മെ­സ്സ് മീ­റ്റിം­ഗി­ന്നു വേണ്ട എല്ലാ ഒ­രു­ക്ക­ങ്ങ­ളും ചെ­യ്തു തീർ­ത്തി­ട്ടു­ണ്ടു്. ഹാ­ളി­ന്റെ ഒ­ര­റ്റ­ത്തൊ­രു മേശ. മേ­ശ­മേൽ ഒരു ക­മ്പി­ളി വി­രി­ച്ചി­രി­ക്കു­ന്നു. മേ­ശ­ക്കു പി­ന്നിൽ ചൂ­രൽ­ക്ക­സേ­ര. അതു മെ­സ്സിം­ഗ് ഓ­ഫീ­സർ­ക്കു് ഇ­രി­ക്കാ­നു­ള്ള­താ­ണു്.

എ­ല്ലാ­വ­രും നി­ര­ന്നി­രു­ന്നു. ശ­ബ്ദ­ങ്ങൾ പൊ­ങ്ങി. “ചു­പ്പ് ചാ­പ്പ്,” ഹ­വിൽ­ദാർ മേജർ വീ­സി­ല­ടി­ച്ചു താ­ക്കീ­തു നൽകി. എ­ല്ലാ­വ­രും നി­ശ്ശ­ബ്ദ­രാ­യി­രു­ന്നു. ഹ­വീൽ­ദാർ മേജർ പ­റ­ഞ്ഞു:

“എ­ല്ലാ­വ­രും കേൾ­പ്പിൻ. മെ­സ്സിം­ഗ് ഓഫീസർ വ­രു­മ്പോൾ ‘റൈസ്’ എന്നു പറയും അ­പ്പോൾ ‘ഝ­ട്ട­ക്കിൽ എ­ഴു­ന്നേ­ല്ക്ക­ണം.” എ­ല്ലാ­വ­രും ത­യാ­റാ­യി­രു­ന്നു.

മെ­സ്സി­ങ്ങ് ഓഫീസർ ധൃ­തി­യിൽ ഹാ­ളി­ലേ­യ്ക്കു ക­ട­ന്നു­വ­ന്നു.

“റൈസ്,” ഹ­വിൽ­ദാർ മേജർ ഉ­ച്ച­ത്തിൽ പ­റ­ഞ്ഞു.

എ­ല്ലാ­വ­രും എ­ഴു­ന്നേ­റ്റു­നി­ന്നു. ക്യാ­പ്റ്റൻ സാബ് തലയിൽ നി­ന്നു തൊ­പ്പി­യൂ­രി മേ­ശ­പ്പു­റ­ത്തു­വെ­ച്ചു. എ­ന്നി­ട്ടു പ­റ­ഞ്ഞു സി­റ്റ് ഡൌൺ’ എ­ല്ലാ­വ­രും ഇ­രു­ന്നു. ഒരു മാ­സ­ത്തെ വ­ര­വു­ചി­ല­വ് ക­ണ­ക്കു് ആദ്യം വാ­യി­ച്ചു കേൾ­പ്പി­ച്ചു. പി­ന്നീ­ടു മെ­സ്സിൽ പ­രി­പാ­ലി­ക്കേ­ണ്ട അ­ച്ച­ട­ക്ക­ത്തെ­ക്കു­റി­ച്ചു പ­റ­ഞ്ഞു. എ­ല്ലാ­വ­രും ശ്ര­ദ്ധി­ച്ചു­കേ­ട്ടു.

“വ­ല്ല­വർ­ക്കും റി­പ്പോർ­ട്ടു­ണ്ടോ?” ക്യാ­പ്റ്റൻ ചോ­ദി­ച്ചു.

മുൻ­ഷി­റാം എ­ഴു­ന്നേ­റ്റു സ­ല്യൂ­ട്ടു ചെ­യ്തു പ­റ­ഞ്ഞു: “സാബ്, കാ­ല­ത്തു് അ­യ്യ­ഞ്ചു പൂരി കി­ട്ട­ണം.”

“അ­യ്യ­ഞ്ചു പൂരി?”

“ജീ, സാബ്.”

“നീ ഒരു ശാ­പ്പാ­ട്ടു് രാ­മ­നാ­ണ­ല്ലോ.” ഒരു കൂ­ട്ട­ച്ചി­രി.

“സൈ­ലൻ­സ്, സൈ­ലൻ­സ്.”

ക്യാ­പ്റ്റൻ സാബ് പ­റ­ഞ്ഞു: “ശരി. മുൻഷി റാ­മി­ന്നു കാ­ല­ത്തു അ­യ്യ­ഞ്ചു പൂരി കൊ­ടു­ക്ക­ണം.”

“സാബ്. എ­നി­ക്കു­മാ­ത്രം പോരാ, എ­ല്ലാ­വർ­ക്കും വേണം.”

“ഓ­രോ­രു­ത്ത­രു­ടെ റേഷൻ സ്കെ­യിൽ അ­റി­യാ­മോ?”

“ഇല്ലാ, സാബ്.”

“നോൺ­സെൻ­സ് സി­റ്റ് ഡൌൺ.” മുൻ­ഷി­റാം ഇ­രു­ന്നു.

പ­ണി­ക്കർ എ­ഴു­ന്നേ­റ്റു നി­ന്നു പ­റ­ഞ്ഞു: “ആ­ഴ്ച­യിൽ ഒരു ദി­വ­സ­മെ­ങ്കി­ലും സാ­മ്പാ­റിൽ നാ­ളി­കേ­രം ചേർ­ക്ക­ണം.”

“ഇവിടെ നാ­ളി­കേ­രം ഇല്ല. ആ­പ്പിൾ­പ­ഴ­ങ്ങൾ അ­ര­ച്ചു ചേർ­ത്താൽ മതിയോ?”

“നാ­ളി­കേ­രം പ­ത്താൻ­കോ­ട്ടിൽ നി­ന്നു കൊ­ണ്ടു­വ­ര­ണം.”

“നി­ന­ക്ക­റി­ഞ്ഞു­കൂ­ടെ പ­ത്താൻ­കോ­ട്ടി­ലേ­യ്ക്കു­ള്ള റോഡ് ബ്ലോ­ക്കാ­യി കി­ട­യ്ക്കു­ക­യാ­ണെ­ന്നു്?”

“അ­റി­യാം.”

“അ­റി­ഞ്ഞു­കൊ­ണ്ടു പ­റ­യു­ക­യാ­ണു് അല്ലേ? നോൺ­സെൻ­സ് സി­റ്റ് ഡൌൺ.”

പ­ണി­ക്കർ ഇ­രു­ന്നു.

കു­പ്പു­സ്വാ­മി എ­ഴു­ന്നേ­റ്റു പ­റ­ഞ്ഞു: ഞാ­യ­റാ­ഴ്ച മ­സാ­ല­ദോ­ശ വേണം.”

“നല്ല അ­ഭി­പ്രാ­യം. ശ്ര­മി­ക്കാം.”

മൂ­ക്കർ­ജി പ­റ­ഞ്ഞു: മെ­സ്സിൽ പ്ലേ­റ്റ് ബോയ് വേണം.”

“ഇതു ഫീൽഡ് ഏ­രി­യ­യാ­ണ്; സാ­ധി­ക്കി­ല്ല.”

അ­ടു­ത്ത ഇനം, വരാൻ പോ­കു­ന്ന മാ­സ­ത്തേ­യ്ക്കു് മെ­സ്സ് ക­മാൻ­ഡ­റെ തി­ര­ഞ്ഞെ­ടു­ക്ക­ലാ­ണു്. മെ­സ്സിൽ ഒരു മെ­സ്സ് ക­മാൻ­ഡ­രും ഒരു മെ­സ്സ് ഓർ­ഡർ­ലി­യും വേണം. മെ­സ്സ് ക­മാൻ­ഡർ എൻ.സി.ഒ. (നോൺ ക­മ്മീ­ഷൻ­ഡ് ഓഫീസർ) ആ­യി­രി­ക്കും. മെ­സ്സ് ഓർ­ഡർ­ലി ശി­പ്പാ­യി­യും. ദൗ­ല­ത്തു് റാം എ­ഴു­ന്നേ­റ്റു പ­റ­ഞ്ഞു: “മെ­സ്സ് ക­മാൻ­ഡ­രാ­യി ഞാൻ നായക് ഖുഷാൻ ച­ന്ദി­നെ നിർ­ദ്ദേ­ശി­ക്കു­ന്നു.”

രാ­മ­റെ­ഡ്ഡി പ­റ­ഞ്ഞു: “നാ­യ­ക്കു് സു­ബ്ബ­യ്യ”

മെ­സ്സ് ക­മാൻ­ഡർ സ്ഥാ­ന­ത്തേ­ക്കു് ഇ­പ്പോൾ രണ്ടു പേർ മ­ത്സ­രി­ക്കേ­ണ്ട­താ­യി­ട്ടു­ണ്ടു്. ഖുഷാൻ ച­ന്ദും സു­ബ്ബ­യ്യ­യും.

“ഖുഷാൻ ച­ന്ദി­നെ ഇ­ഷ്ട­പ്പെ­ടു­ന്ന­വർ കൈ­പൊ­ക്കു­ക” ക്യാ­പ്റ്റൻ സാബ് പ­റ­ഞ്ഞു. കു­റ­ച്ചു­പേർ കൈ പൊ­ക്കി. ക്യാ­പ്റ്റൻ സാബ് എ­ണ്ണി­നോ­ക്കി

“റൈ­റ്റ്. സു­ബ്ബ­യ്യ വേ­ണ­മെ­ന്നു­ള്ള­വർ.”

അ­പ്പോ­ഴും കു­റ­ച്ചു­പേർ കൈ­പൊ­ക്കി. എണ്ണി നോ­ക്കി.

“വോ­ട്ടു് അധികം കി­ട്ടി­യ­ത­നു­സ­രി­ച്ച് ഖുഷാൻ ച­ന്ദി­നെ മെ­സ്സ് ക­മാൻ­ഡ­റാ­യി തി­ര­ഞ്ഞെ­ടു­ത്തി­രി­ക്കു­ന്നു.”

ക്യാ­പ്റ്റൻ സാബ് ഫലം പ്ര­ഖ്യാ­പി­ച്ചു. ഇനി മെ­സ്സിം­ഗ് ഓർ­ഡ­ലി­യെ തി­ര­ഞ്ഞെ­ടു­ക്ക­ണം.

ചരൻ സിംഗ് എ­ഴു­ന്നേ­റ്റു പ­റ­ഞ്ഞു: “പി. കെ. നായർ”

“വേറെ വ­ല്ല­വ­രും?”

ആരും ഇല്ല, പി. കെ. നായർ എതിർ കൂ­ടാ­തെ തി­ര­ഞ്ഞെ­ടു­ക്ക­പ്പെ­ട്ടു.

മെ­സ്സ് മീ­റ്റിം­ഗ് ക­ഴി­ഞ്ഞു. ഉടൻ പി. കെ. നായർ മെ­സ്സി­ലേ­യ്ക്കൊ­ന്നു പോയി. കു­ക്കു­കൾ എ­ല്ലാ­വർ­ക്കും കു­റേ­ശ്ശെ വാ­ലു­ണ്ടു്. അതു മു­റി­യ്ക്ക­ണം. നാ­യർ­ക്കു മു­മ്പേ­യു­ള്ള ആ­ശ­യാ­ണ­തു്. മ­നഃ­പൂർ­വ്വം ഇ­റ­ച്ചി ക­രി­യി­പ്പി­ച്ചു­ക­ള­യു­ക, ചോറു് അധികം വേ­വി­യ്ക്കു­ക എ­ന്നി­ങ്ങ­നെ ചി­ല്ല­റ അ­ഴി­മ­തി­കൾ അവർ ന­ട­ത്തു­ന്നു­ണ്ടു്. എ­ല്ലാം ശ­രി­പ്പെ­ടു­ത്ത­ണം.

നായർ എല്ലാ കു­ക്കു­ക­ളേ­യും വി­ളി­ച്ചു­നിർ­ത്തി പ­രി­ശോ­ധി­ച്ചു. ചി­ല­രു­ടെ മു­ടി­ക്കു് അധികം നീ­ള­മു­ണ്ടു്. ചി­ല­രു­ടെ ന­ഖ­ങ്ങൾ ക്ര­മ­ത്തി­ല­ധി­കം നീ­ണ്ടി­രി­ക്കു­ന്നു. ഇ­തൊ­ന്നും ന­ന്ന­ല്ല. വൃ­ത്തി­യും വെ­ടി­പ്പും കു­റ­ച്ചു­കൂ­ടി വേണം എ­ന്നു് മ­ന­സ്സിൽ വി­ചാ­രി­ക്കു­ക­യും ചെ­യ്തു. നായർ ഓ­രോ­രു­ത്ത­രു­ടേ­യും പേരു ചോ­ദി­ച്ചു മ­ന­സ്സി­ലാ­ക്കി. കൂ­ട്ട­ത്തിൽ ഒരു മ­ല­യാ­ളി­യു­മു­ണ്ടു്.

“എ­വി­ട്യാ സ്വ­ദേ­ശം?”

“മ­ല­ബാ­റി­ലാ.”

“മ­ല­ബാ­റി­ലെ­വി­ടെ?”

“ഒ­ല­വ­ക്കോ­ടു്.”

“പേരു്?”

“രാമൻ നായര്.”

“സാ­മ്പാ­റു വെ­ക്കാൻ അ­റി­യ്യോ?”

“അ­റി­യാം.”

“പ്ര­ഥ­മൻ?”

“എ­ല്ലാ­മ­റി­യാം.”

നായർ പ­റ­ഞ്ഞു: “ന­മു­ക്കു് അ­ടി­ച്ചു­ക­സ­റ­ണം. എ­ല്ലാം ചൊ­വ്വി­നു ചെ­യ്യ­ണം. മ­ന­സ്സി­ലാ­യോ?”

രാമൻ നായർ ത­ല­യാ­ട്ടി. മെ­സ്സ് ജോ­റാ­യി. എ­ല്ലാ­റ്റി­നും നല്ല ചിട്ട. ദി­വ­സ­വും രാ­വി­ലെ മു­മ്മൂ­ന്നു. പൂരി. പി­ന്നെ സബ്ജി[29], വി­ഭ­വ­സ­മൃ­ദ്ധ­മാ­യ ഊണു്. എ­ല്ലാ­മൊ­ന്നു തെ­ളി­ഞ്ഞു. എ­ല്ലാ­വ­രും പി. കെ. നായരെ സ്തു­തി­ഗീ­ത­ത്തിൽ മു­ക്കി.

വർ­ഗ്ഗീ­സ് പ­റ­ഞ്ഞു: “പി. കെ., മെ­സ്സ് പൊ­ടി­പാ­റു­ന്നു.”

“മ­ന­സ്സി­ലി­രി­ക്ക­ട്ടെ.”

ക­രു­ണാ­ക­രൻ ഇടയിൽ ക­ട­ന്നു പ­റ­ഞ്ഞു: “അ­ടി­ച്ച­ല്ലോ ഭാ­ഗ്യ­വാൻ ത­ല­യു­ള്ള മൊ­ട്ടു­സൂ­ചി ഒ­ന്നു്.”

“ചു­മ്മാ കെടാ. പൊ­ക്കാ­തെ.”—വർ­ഗ്ഗീ­സ്.

“ജ­സ്റ്റ് ലൈ­ക്കു് പാ­ല്പാ­യ­സം യൂ സി.” പി. കെ. നായർ.

മേ­ത്താ സാബ് ഒരു ഞാ­യ­റാ­ഴ്ച മെ­സ്സിൽ വന്നു. എ­ല്ലാ­വ­രും ഉ­ണ്ടു­കൊ­ണ്ടി­രി­യ്ക്ക­യാ­ണു്.

“ആഹാരം എ­ങ്ങ­നെ ഉ­ണ്ടു്?” മേ­ത്താ സാബ് ചോ­ദി­ച്ചു.

“ഈ മാസം ഭേ­ഷാ­ണു്,” എ­ല്ലാ­വർ­ക്കും നല്ല അ­ഭി­പ്രാ­യ­മാ­ണു്. സ­ന്തോ­ഷ­മാ­ണു്.

ക്യാ­പ്റ്റൻ സാബ് വി­ഭ­വ­ങ്ങൾ പ­രി­ശോ­ധി­യ്ക്കു­വാൻ മെ­സ്സി­ന്റെ ഉ­ള്ളി­ലേ­ക്കു ചെ­ന്നു. പി. കെ. നായർ അ­റ്റൻ­ഷ­നാ­യി നി­ന്നു.

“ഇ­തെ­ന്താ?” ക്യാ­പ്റ്റൻ സാബ് ചോ­ദി­ച്ചു.

പി. കെ. നായർ പ­റ­ഞ്ഞു: “കാളൻ.”

പി­ന്നെ എ­ല്ലാം കു­റേ­ശ്ശ എ­ടു­ത്തു രു­ചി­നോ­ക്കി.

“ഇ­തെ­ല്ലാം ഞങ്ങൾ മ­ല­യാ­ളി­ക­ളു­ടെ വി­ഭ­വ­ങ്ങ­ളാ­ണ്,” പി. കെ. നായർ അ­ഭി­മാ­ന­പൂർ­വ്വം പ­റ­ഞ്ഞു.

മേ­ത്താ­സാ­ബ്ബ് നാ­യ­രു­ടെ പു­റ­ത്തു ത­ട്ടി­ക്കൊ­ണ്ടു പ­റ­ഞ്ഞു: “വെൽ ഡൺ”

ആറു്

മ­ഞ്ഞു­കാ­ലം ക­ഴി­ഞ്ഞു. ഉ­റ­ച്ചു­കി­ട­ന്നി­രു­ന്ന മ­ഞ്ഞിൻ ക­ട്ട­കൾ സൂ­ര്യ­ര­ശ്മി­ക­ളേ­റ്റ് ഉരുകി ഒ­ഴു­കി­പ്പോ­യി. വൃ­ക്ഷ­ല­താ­ദി­കൾ ത­ളിർ­ക്കു­വാൻ തു­ട­ങ്ങി പു­ല്ലു­കൾ പ­ച്ച­പ്പൂ­മ്പ­ട്ടു വി­രി­ച്ചു. പ­ക്ഷി­ക­ളു­ടെ ക­ള­കൂ­ജ­നം പ­രി­സ­ര­ങ്ങ­ളി­ലെ­ല്ലാം സം­ഗീ­തം ഒ­ഴു­ക്കി.

ഇനി അ­ടു­ത്ത മാ­സ­മാ­വു­മ്പോ­ഴെ­ക്കും പൂ­ക്കാ­ല­മാ­വു­ക­യാ­യി. എങ്ങു നോ­ക്കി­യാ­ലും പൂ­ക്കൾ ത­ന്നെ­യാ­യി­രി­ക്കും. വി­ടർ­ന്നു സൌരഭം പ­ര­ത്തു­ന്ന പൂ­ങ്കു­ല­കൾ­കൊ­ണ്ടു മ­ര­ക്കൊ­മ്പു­ക­ളൊ­ക്കെ കനം തൂ­ങ്ങും. കാ­റ്റി­ന്നു മാ­ദ­ക­മാ­യ വ­സ­ന്ത­സൌ­ര­ഭ്യ­മു­ണ്ടാ­വും.

പി­ന്നെ പ­ഴ­ങ്ങ­ളു­ടെ കാ­ല­മാ­വു­ക­യാ­യി. എ­ന്തെ­ല്ലാം പ­ഴ­ങ്ങൾ പ്ലം, ആ­പ്രി­കോ­ട്ട്, ആ­പ്പിൾ. ഇ­ത്ര­യ­ധി­കം പ­ഴ­ങ്ങൾ ഉ­ണ്ടാ­വു­ന്ന നാടു വേറെ ഉണ്ടോ? ഇ­ത്ര­യു­മ­ധി­കം പു­ഷ്പ­ങ്ങൾ ഉ­ണ്ടാ­വു­ന്ന നാടു വേറെ ഉണ്ടോ?

മ­ഞ്ഞു­കാ­ലം ക­ഴി­ഞ്ഞ­തോ­ടെ എല്ലാ പ­ട്ടാ­ള­ക്കാർ­ക്കും സ­ന്തോ­ഷ­മാ­യി. ലീവിൽ പോ­വാ­മ­ല്ലോ. ക­ഴി­ഞ്ഞ നാലു മാ­സ­മാ­യി ശ്രീ­ന­ഗ­റിൽ­നി­ന്നു ജ­മ്മു­വി­ലേ­ക്കു റോഡ് മ­ഞ്ഞു­മൂ­ടി­ക്കി­ട­ക്കു­ക­യാ­യി­രു­ന്നു. ഗ­താ­ഗ­ത­ങ്ങൾ അ­പ്പ­ടി നി­ല­ച്ചി­രി­യ്ക്ക­യാ­യി­രു­ന്നു. ഇ­പ്പോൾ റോഡ് ഗ­താ­ഗ­ത­ത്തി­നു പ­റ്റി­യ­താ­ണു്. പ­ണി­ക്ക­രും ക­രു­ണാ­ക­ര­നും ലീവിൽ പോ­വു­ക­യാ­ണു്.

ക­രു­ണാ­ക­രൻ പ­റ­ഞ്ഞു: “നാ­ട്ടിൽ ഉ­ത്സ­വ­ങ്ങ­ളു­ടെ കാ­ല­മാ­ണു്. പി­ന്നെ ച­ക്ക­യും മാ­ങ്ങ­യും തി­ന്നു മ­ടു­ക്കാം.”

“പ­ണി­ക്കർ പോ­കു­ന്ന­തു് അ­തി­നൊ­ന്നു­മ­ല്ല വർ­ഗ്ഗീ­സ് അ­ഭി­പ്രാ­യ­പ്പെ­ട്ടു.

“എന്താ, പ­ണി­ക്കർ­ക്കു് ഉ­ത്സ­വ­വും ച­ക്ക­യും മാ­ങ്ങ­യും ഒ­ന്നും ഇ­ഷ്ട­മാ­വി­ല്ലേ?” പി. കെ. നായർ.

“എന്നു പ­റ­ഞ്ഞി­ല്ല. അ­തി­നെ­ക്കാ­ളെ­ല്ലാം ഇ­ഷ്ട­പ്പെ­ടു­ന്ന ഒ­ന്നു­ണ്ടു്. ശ്രീ­മാ­ന്റെ സ­ഹ­ധർ­മ്മി­ണി.”

“ഓ, ശ­രി­യാ­ണു്. ച­ക്ക­യും മാ­ങ്ങ­യും തി­ന്നു ഉ­ത്സ­വ­ങ്ങൾ കാ­ണു­ന്ന­തി­നേ­ക്കാ­ളും സു­ഖ­മു­ള്ള ഒ­ന്നാ­ണു് ഒരു ഭാ­ര്യ­യു­ടെ സാ­മീ­പ്യം.”

‘ഒരു ഭാ­ര്യ­യ്ക്കു് ച­ക്ക­യെ­ക്കാ­ളും മാ­ങ്ങ­യെ­ക്കാ­ളും സ്വാ­ദു­ണ്ടു്.”

“എന്താ, ഭാര്യ ഒരു പ­ഴ­മാ­ണോ?”

“അതെ, മ­ധു­ര­വും ജീ­വ­നു­മു­ള്ള പഴം.”

പ­ണി­ക്കർ പ­റ­ഞ്ഞു: “എ­പ്പോ­ഴും ക­ളി­യാ­ക്കു­ന്ന­തു ന­ന്ന­ല്ല.”

“ക­ളി­യാ­ക്കു­ക­യാ­ണോ? കാ­ര്യ­മ­ല്ലേ പ­റ­യു­ന്ന­ത്?”

“എന്നെ സം­ബ­ന്ധി­ച്ചേ­ട­ത്തോ­ളം ഇതു ക­ളി­യാ­ക്ക­ലാ­ണു്.”

“അ­പ്പോൾ മാഫ് കരോ.”

നായർ ചോ­ദി­ച്ചു: “ക­രു­ണാ­ക­രൻ ക­ല്യാ­ണം ക­ഴി­ക്ക്വോ?

“ഞാൻ കു­ട്ടി­യാ­ണെ­ന്ന­ല്ലേ അമ്മ പ­റ­യു­ന്ന­ത്?”

“അ­പ്പോൾ വേ­ലി­ചാ­ട­ല് തന്നെ, അല്ലേ?”

എ­ല്ലാ­വ­രും പൊ­ട്ടി­ച്ചി­രി­ച്ചു.

“തോ­മ­സ്സ് എന്നാ ലീവിൽ പോണത്?” ക­രു­ണാ­ക­രൻ ചോ­ദി­ച്ചു. തോ­മ­സ്സ് ഒ­ന്നും മി­ണ്ടി­യി­ല്ല. ലീവിൽ പോവണം. പോ­വു­മ്പോൾ കൈയിൽ കു­റ­ച്ചു പണം വേ­ണ്ടേ? വേ­ണ­മെ­ങ്കിൽ ഇ­പ്പോൾ ലീവു കി­ട്ടും. അ­ങ്ങ­നെ കൈ വീശി പോ­വു­ന്ന­തു് ശ­രി­യാ­ണോ? തോ­മ­സ്സ് കു­റേ­ശ്ശേ കു­റേ­ശ്ശേ­യാ­യി പണം കരുതി വെ­യ്ക്കു­ന്നു­ണ്ടു്. വി­വാ­ഹ­ത്തി­നു­ശേ­ഷം ആ­ദ്യ­ത്തെ ലീവിൽ പോ­വു­മ്പോൾ കു­റ­ച്ചൊ­രു സ്ഥി­തി­യിൽ തന്നെ പോവണം. ആ­രേ­യും ബോ­ദ്ധ്യ­പ്പെ­ടു­ത്താ­ന­ല്ല. തന്റെ ഇ­ല്ലാ­യ്മ എ­ല്ലാ­വർ­ക്കു­മ­റി­യാം. ഇ­ല്ലാ­യ്മ­യി­ലേ­യ്ക്കു് ഒരു പ­ങ്കു­കാ­രി­കൂ­ടി വ­ലി­ഞ്ഞു­കേ­റി വ­ന്നി­രി­ക്ക­യാ­ണു്. അവൾ എ­ങ്ങി­നേ­യും ജീ­വി­ക്കാൻ ത­യ്യാ­റു­മാ­ണു്. അതവൾ പ­ല­വു­രു പ­റ­ഞ്ഞി­ട്ടു­മു­ണ്ടു്.

തോ­മ­സ്സ് ഒരു ചി­ല്ലി­കൂ­ടി അ­നാ­വ­ശ്യ­മാ­യി ചെ­ല­വാ­ക്കാ­റി­ല്ല. പ­ണ­ത്തി­ന്റെ വില ന­ല്ല­പോ­ലെ അ­റി­യാം. കുറേ കു­ടി­യ്ക്ക­ണം. അതു് അ­നാ­വ­ശ്യ­മാ­ണോ? മ­ര­വി­പ്പി­യ്ക്കു­ന്ന ത­ണു­പ്പിൽ കു­റ­ച്ചു കു­ടി­യ്ക്കു­ന്ന­തു്. ആ­വ­ശ്യ­മാ­ണു്. ജീവൻ കി­ട­ക്കേ­ണ്ടെ?

എ­ന്നി­ട്ടും, ഒ­രു­ക്കു­കൂ­ട്ടി കു­റ­ച്ചു പണം സൂ­ക്ഷി­ച്ചു വെ­ച്ചി­ട്ടു­ണ്ടു്. ക­ഷ്ടി­ച്ച് ഇ­രു­നൂ­റു രൂ­പ­യോ­ളം കാണും. അ­ഞ്ഞൂ­റു­രൂ­പ തി­ക­ഞ്ഞി­ട്ടു­വേ­ണം ലീവിൽ പോവാൻ എന്നു വി­ചാ­രി­ച്ചി­രി­ക്ക­യാ­ണു്. സാ­ധി­ച്ചാൽ ഒരു പെ­ങ്ങ­ളെ­യെ­ങ്കി­ലും കെ­ട്ടി­ക്കാൻ നോ­ക്കു­ക­യും വേണം.

പ­ണി­ക്ക­രും ക­രു­ണാ­ക­ര­നും ലീവിൽ പോവാൻ കൊ­ണ്ടു­പി­ടി­ച്ച ശ്ര­മ­മാ­ണു്. അവർ ഓരോ പെ­ട്ടി ആ­പ്പിൾ­പ്പ­ഴം വാ­ങ്ങി. സിൽ­ക്കു തു­ണി­കൾ വാ­ങ്ങി. കു­ങ്കു­മ­പ്പൂ­വും ഗോ­രോ­ച­ന­വും വാ­ങ്ങി. ഭ­ദ്ര­മാ­യി സൂ­ക്ഷി­ച്ചു­വെ­ച്ചു.

“വ­ല്ല­തും കൊ­ണ്ടു­വ­ര­ണോ? അവർ ചോ­ദി­ച്ചു.

“എ­നി­ക്കു രണ്ടു തോർ­ത്തു­മു­ണ്ടു വേണം.” പി. കെ. നായർ പ­റ­ഞ്ഞു.

“പി­ന്നെ വ­ല്ല­തും?”

“ക­ടു­മാ­ങ്ങ കൊ­ണ്ടു­വ­രാ­മോ?”

“നോ­ക്ക­ട്ടെ.”

അവർ പു­റ­പ്പെ­ട്ടു. പെ­ട്ടി­യും കെ­ട്ടും ലോ­റി­യിൽ എ­ടു­ത്തു­വെ­ച്ചു പുറകെ അവരും കയറി. ലോറി നീ­ങ്ങി.

തോ­മ­സ്സും, പി. കെ. നാ­യ­രും, വർ­ഗ്ഗീ­സും കർ­ചീ­ഫ് എ­ടു­ത്തു വീശി. “അ­വ­ധി­ദി­വ­സ­ങ്ങൾ സ­ന്തോ­ഷ­ക­ര­മാ­വ­ട്ടെ!”

ഏഴു്

“വർ­ഗ്ഗീ­സേ, വേഗം വന്നേ, തോ­മ­സ്സ് ക­മ്പി­ക്കാ­ലിൽ നി­ന്നു വീണു. ദാ, ഇപ്പോ ആ­ശു­പ­ത്രി­യി­ലേ­യ്ക്കു കൊ­ണ്ടു­പോ­യി­രി­ക്കു­ന്നു.” പി. കെ. നായർ ഓ­ടി­ക്കി­ത­ച്ചു­കൊ­ണ്ടു പ­റ­ഞ്ഞു.

വർ­ഗ്ഗീ­സ് പ­രി­ഭ്ര­മ­ത്തോ­ടെ ചാടി എ­ഴു­ന്നേ­റ്റു.

പി. കെ. നായർ മോ­ട്ടോർ സൈ­ക്കിൾ സ്റ്റാർ­ട്ടു് ചെ­യ്തു. വർ­ഗ്ഗീ­സ് പി­ന്നി­ല­ത്തെ സീ­റ്റിൽ ഇ­രു­ന്നു. മോ­ട്ടോർ സൈ­ക്കിൾ കു­തി­ച്ചു പാ­ഞ്ഞു.

രണ്ടു പേ­രു­ടേ­യും ഹൃദയം ആ­ശ­ങ്കാ­കു­ല­മാ­യി­രു­ന്നു. പി. കെ. നായർ ക­ഴി­യു­ന്ന­ത്ര സ്പീ­ഡ് കൂ­ട്ടി. എ­ന്നി­ട്ടും സൈ­ക്കി­ളി­നു സ്പീ­ഡി­ല്ലെ­ന്നു തോ­ന്നി. ചു­റ്റു­പാ­ടു­കൾ മ­റ­ന്നു­ള്ളൊ­രു പോ­ക്കാ­യി­രു­ന്നു അതു്. ഒ­ന്നും ക­ണ്ടി­രു­ന്നി­ല്ല. കേ­ട്ടി­രു­ന്നി­ല്ല. ശ്ര­ദ്ധി­ച്ചി­രു­ന്നി­ല്ല. ഒ­ര­ലർ­ച്ച­യോ­ടെ മോ­ട്ടോർ സൈ­ക്കിൾ ആ­സ്പ­ത്രി­യി­ലെ പാർ­ക്കിൽ വ­ന്നു­നി­ന്നു. അവർ ര­ണ്ടു­പേ­രും ധൃ­തി­യിൽ സൈ­ക്കി­ളിൽ നി­ന്നി­റ­ങ്ങി.

ആ­സ്പ­ത്രി ഒരു കു­ന്നിൻ പ­ള്ള­ത്തി­ലാ­ണു്. ഉ­യ­ര­ത്തി­ലേ­യ്ക്കു കയറണം. പ­ട­വു­കൾ വെ­ട്ടി ഉ­യർ­ത്തി­യി­രി­ക്ക­യാ­ണു്. അവർ ചാ­ടി­ക്ക­യ­റി എൻ­ക്വ­യ­റി ഓഫീസി’ൽ ചെ­ന്നു ചോ­ദി­ച്ചു.

“തോ­മ­സ്സ് കിധർ.”[30]

“കോൻ തോ­മ­സ്സ്?”[31]

“അഭീ അഭീ ജോ സ്പെ­ഷ്യൽ സിക് ആയാ.”[32]

എൻ­ക്വ­യ­റി ഓ­ഫീ­സി­ലെ ക്ലർ­ക്കു് ത­ടി­ച്ചൊ­രു പു­സ്ത­ക­ത്തി­ന്റെ ഏടുകൾ മ­റി­ച്ചു­നോ­ക്കി. എ­ന്നി­ട്ടു പ­റ­ഞ്ഞു: “അ­ക്യൂ­ട്ടു് സർ­ജ്ജി­ക്കൽ വാർഡ്.”

അവർ കി­ത­ച്ചു­കൊ­ണ്ടോ­ടി സർ­ജി­ക്കൽ വാർ­ഡി­ന്റെ ഉ­ള്ളി­ലേ­യ്ക്കു് ഒരു കാ­റ്റി­ന്റെ ശ­ക്തി­യോ­ടെ ത­ള്ളി­ക്ക­ട­ന്നു. ചു­വ­ചു­വ­ന്നു­ള്ള ക­മ്പി­ളി­കൾ ആ വാർ­ഡി­ന് എ­ന്തെ­ന്നി­ല്ലാ­ത്തൊ­രു ഭീകരത തോ­ന്നി­ച്ചി­രു­ന്നു. പി­ന്നെ ഞ­ര­ക്ക­ങ്ങൾ… ഹാവു… മർഗയാ…

വാർ­ഡി­ന്റെ ഒ­ര­റ്റ­ത്തു­ള്ള ക­ട്ടി­ലി­ലാ­ണു് തോ­മ­സ്സ് കി­ട­ക്കു­ന്ന­തു്. പി. കെ. നാ­യ­രും വർ­ഗ്ഗീ­സും ക­ട്ടി­ലി­ന്റെ അ­ടു­ത്തേ­ക്കു കു­തി­ച്ചു. സർ­ജി­ക്കൽ സ്പെ­ഷ­ലി­സ്റ്റും ഒരു സി­സ്റ്റ­റും നെ­ഴ്സി­ങ് ഓർ­ഡർ­ലി­യും ക­ട്ടി­ലി­ന്റെ അ­ടു­ത്തു­ത­ന്നെ നി­ല്ക്കു­ന്നു­ണ്ടു്.

തോ­മ­സ്സി­ന്നു ബോ­ധ­മി­ല്ല. ക­ണ്ണു­കൾ തു­റ­ന്നി­ട്ടി­ല്ല. വി­യർ­ത്തു കു­ളി­ച്ചി­രി­ക്ക­യാ­ണു്. വി­യർ­പ്പു തു­ള്ളി­കൾ ക­ഴു­ത്തിൽ­ക്കൂ­ടി ഒ­ഴു­കി­വീ­ഴു­ന്നു. ഡോ­ക്ടർ ഇ­ട­യ്ക്കി­ട­യ്ക്ക നാഡി മി­ടി­പ്പു പ­രി­ശോ­ധി­ച്ചു നോ­ക്കു­ന്നു­ണ്ടു്. എ­ല്ലാ­വർ­ക്കും ആ­ശ­ങ്ക­യു­ണ്ടു്. പി. കെ. നാ­യ­രും വർ­ഗ്ഗീ­സും ക­ട്ടി­ലി­നോ­ടു തൊ­ട്ടു­നി­ന്നു­കൊ­ണ്ടു തോ­മ­സ്സി­ന്റെ മു­ഖ­ത്തേ­ക്കു നോ­ക്കി.

“കോൻ?” ഡോ­ക്ടർ ചോ­ദി­ച്ചു.

“ഈ കി­ട­ക്കു­ന്നാ­ളു­ടെ സ്നേ­ഹി­ത­ന്മാ­രാ­ണു്. വർ­ഗ്ഗീ­സ് പ­റ­ഞ്ഞു.

“ദിസ് ഈസ് നോ­ട്ടു് വി­സി­റ്റി­ങ് ടൈം, യു നോ?”[33]

“യേ­സ്സ്, സാർ”

“ദെൻ വാ­ട്ട് ?”

“ഞങ്ങൾ ഒരു മു­റി­യിൽ കി­ട­ക്കു­ന്ന­വ­രാ­ണു്. സ്നേ­ഹി­ത­ന്മാ­രാ­ണു്. ഒരേ നാ­ട്ടു­കാ­രാ­ണു്. ഞങ്ങൾ…”

പെ­ട്ടെ­ന്നു് തോ­മ­സ്സ് ക­ണ്ണു­കൾ തു­റ­ന്നു. ഡോ­ക്ട­രും സി­സ്റ്റ­റും മ­റ്റെ­ല്ലാ­വ­രും തോ­മ­സ്സി­ന്റെ മു­ഖ­ത്തേ­യ്ക്കു നോ­ക്കി. തോ­മ­സ്സ് കി­ട­ന്ന കി­ട­പ്പിൽ നി­ന്നു് അ­ന­ങ്ങു­ന്നി­ല്ല. അ­ന­ങ്ങാൻ വയ്യ. ചു­റ്റും പ­ക­ച്ചു­നോ­ക്കി. താൻ എ­വി­ടെ­യാ­ണു്? ആ­ലോ­ചി­ച്ചു­നോ­ക്കി. മു­മ്പിൽ നി­ല്ക്കു­ന്ന­വ­രിൽ അ­ധി­ക­വും അ­പ­രി­ചി­ത­രാ­ണു്.

ശ­ബ്ദി­ക്ക­ണ­മെ­ന്നു­ണ്ടു്. ശബ്ദം പൊ­ങ്ങു­ന്നി­ല്ല. തൊ­ണ്ട­യിൽ നീ­രി­ല്ല. നാ­ക്കി­ന്നു ശ­ക്തി­യി­ല്ല എ­ന്തി­ന്ന്? ഒ­ന്നും വ്യ­ക്ത­മാ­വു­ന്നി­ല്ല. മി­ഴി­ച്ചു കി­ട­ക്കു­ക­യാ­ണു്. എ­ല്ലാ­വ­രും ഉ­റ്റു­നോ­ക്കി. ഒ­ടു­വിൽ തോ­മ­സ്സ് വളരെ നേരിയ സ്വ­ര­ത്തിൽ ശ­ബ്ദി­ച്ചു: “പി. കെ.”

പി. കെ. നാ­യ­രും വർ­ഗ്ഗീ­സും തോ­മ­സ്സി­ന്റെ മു­ഖ­ത്തേ­യ്ക്കു തല കു­നി­ച്ചു.

പി. കെ. നായർ പ­റ­ഞ്ഞു: “തോ­മ­സ്സേ, പ­രി­ഭ്ര­മി­ക്കാ­നി­ല്ല. ഞങ്ങൾ അ­ടു­ത്തു­ണ്ടു്.”

“പി. കെ., ഞാൻ എ­പ്പോ­ഴാ­ണു് ഇവിടെ വ­ന്ന­തു്?” തോ­മ­സ്സ് വി­ക്കി­വി­ക്കി­ക്കൊ­ണ്ടു ചോ­ദി­ച്ചു.

ഡോ­ക്ടർ ഇ­ട­യിൽ­ക്ക­യ­റി പ­റ­ഞ്ഞു: “സം­സാ­രി­ക്ക­രു­തു്.”

എ­ന്നി­ട്ടു വർ­ഗ്ഗീ­സി­ന്റേ­യും പി. കെ. നാ­യ­രു­ടെ­യും നേരെ തി­രി­ഞ്ഞു പ­റ­ഞ്ഞു:

“പ്ലീ­സ്, ഗെ­റ്റ് ഔട്ട് ഫ്രം ഹിയർ, ഫോർ ഗോ­ഡ്സ് സെ­യ്ക്ക്”[34]

അവർ അ­വി­ടെ­നി­ന്നു പോ­ന്നു.

അവർ പോ­യ­പ്പോൾ തോ­മ­സ്സി­ന്നു് പ­രി­ഭ്ര­മം തോ­ന്നി. ആ­സ്പ­ത്രി­യി­ലാ­ണു കി­ട­ക്കു­ന്ന­തു്. ആ­സ്പ­ത്രി എന്നു കേ­ട്ടാൽ­ത്ത­ന്നെ തോ­മ­സ്സി­ന്നു അ­വ­ജ്ഞ­യും ഭ­യ­വു­മാ­ണു്. ഇ­തു­വ­രെ­യാ­യി ആ­സ്പ­ത്രി­യിൽ കി­ട­ക്കു­ക­യു­ണ്ടാ­യി­ട്ടി­ല്ല.

തോ­മ­സ്സി­ന്നു എ­ഴു­ന്നേ­റ്റി­രി­യ്ക്ക­ണ­മെ­ന്നു­ണ്ടു്. ശ­ക്തി­യി­ല്ല. നാ­ഡി­ക­ളെ­ല്ലാം ത­കർ­ന്നു­പോ­യ­പോ­ലെ തോ­ന്നു­ക­യാ­ണു്. കണ്ണു മി­ഴി­ച്ച­ങ്ങി­നെ നോ­ക്കി­ക്കൊ­ണ്ടി­രി­യ്ക്കു­മ്പോൾ ചി­ല­പ്പോൾ കാ­ഴ്ച­ത­ന്നെ മ­ങ്ങു­ന്നു.

നേ­ഴ്സ് ടെ­മ്പ­റേ­ച്ചർ ചാർ­ട്ട് ആ­ണി­യിൽ തൂ­ക്കി പോയി. തോ­മ­സ്സി­ന്നു ഒന്നു ച­രി­ഞ്ഞു കി­ട­ക്കു­വാൻ തോ­ന്നി. ശ്ര­മി­ച്ചു­നോ­ക്കി… സാ­ധി­യ്ക്കു­ന്നി­ല്ല… അ­ന­ങ്ങി­യ­പ്പോൾ ഇ­ട­ത്തെ കാല് വേ­ദ­നി­ച്ചു… ഭ­യ­ങ്ക­ര­മാ­യ വേദന… എ­ല്ലു­ക­ളെ­ല്ലാം ത­കർ­ന്നി­രി­ക്ക­യാ­ണോ?… ര­ക്ത­മോ­ടു­ന്നി­ല്ലേ? ഞ­ര­മ്പു­ക­ളെ­ല്ലാം അ­റ്റു­പോ­യി­രി­യ്ക്കു­മോ? ഒന്നു തൊ­ട്ടു­നോ­ക്കി­യാ­ലോ?

“അ­ന­ങ്ങ­രു­ത്.” നേ­ഴ്സ് വന്നു പ­റ­ഞ്ഞു. എ­ന്നി­ട്ടു നേ­ഴ്സ് കു­റ­ച്ചു­നേ­രം അ­വി­ടെ­ത്ത­ന്നെ നോ­ക്കി നി­ന്നു.

വേദന സ­ഹി­യ്ക്കു­ന്നി­ല്ല. ചു­ണ്ടു­കൾ ക­ടി­ച്ചു വേദന തി­ന്നു… വയ്യ… അ­മ്മ­ച്ചീ വയ്യ. ഹാവൂ.

നേ­ഴ്സ് തോ­മ­സ്സി­ന്റെ കൈകൾ പി­ടി­ച്ചു വാ­ത്സ­ല്യ­പൂർ­വ്വം തലോടി.

തോ­മ­സ്സ് കി­ട­ന്നു ഞ­ര­ങ്ങി… എ­ന്തൊ­രു വേദന…

ഡോ­ക്ടർ ഓ­ടി­വ­ന്നു നേ­ഴ്സി­നോ­ടു് ഇം­ഗ്ലീ­ഷിൽ എന്തോ ചോ­ദി­ച്ചു. എ­ന്നി­ട്ടു് ഡ്ര­സ്സിം­ഗ് റൂ­മി­ലേ­ക്കു പോയി. സി­റി­ഞ്ചു­മാ­യി വന്നു.

“ഇനി വേ­ദ­നി­യ്ക്കി­ല്ല. ഉ­റ­ങ്ങാ­നു­ള്ള ഇ­ഞ്ച­ക്ഷ­നാ­ണു ത­രു­ന്ന­തു്. “ എന്നു പ­റ­ഞ്ഞു ഇൻ­ജെ­ക്ട് ചെ­യ്തു.

കുറെ ആ­ശ്വാ­സ­മാ­യ­തു പോലെ തോ­ന്നി. വാർ­ഡി­ന്റെ ന­ടു­ക്കു­ള്ള മെർ­ക്കു­റി ലൈ­റ്റിൽ മി­ഴി­ന­ട്ടു കൊ­ണ്ടു കി­ട­ന്നു. ഉ­റ­ക്കം വ­രി­ക­യാ­ണു്… അ­ങ്ങ­നെ ഉ­റ­ങ്ങി.

രാ­വി­ലെ ഉ­ണർ­ന്ന­പ്പോൾ ഡോ­ക്ടർ അ­ടു­ത്തു­ണ്ടാ­യി­രു­ന്നു. ഒ­മ്പ­തു മ­ണി­ക്കു് എ­ക്സ്റേ റൂ­മി­ലേ­ക്ക­യ­യ്ക്കു­വാൻ വാർഡ് ഇൻ ചാർ­ജ്ജി­നോ­ടു നിർ­ദ്ദേ­ശി­ച്ചു ഡോ­ക്ടർ പോയി.

ഡോ­ക്ടർ പോ­യ­പ്പോൾ തോ­മ­സ്സ് ക­ട്ടി­ലിൽ തന്നെ എ­ഴു­ന്നേ­റ്റി­രു­ന്നു. ചു­റ്റും നോ­ക്കി വാർ­ഡിൽ വലിയ ബ­ഹ­ള­മാ­ണു്. സ്വീ­പ്പർ ന­ന­ച്ച­തു­ണി­കൊ­ണ്ടു് നിലം തു­ട­ച്ചു മി­നു­ക്കു­ന്നു. നേ­ഴ്സി­ങ്ങ് സി­പ്പാ­യി ക­ണ്ണാ­ടി­ച്ചി­ല്ലു­ക­ളും വാ­തി­ലു­ക­ളും തു­ട­ച്ചു വൃ­ത്തി­യാ­ക്കു­ന്നു. നേ­ഴ്സു­മാർ വാ­തി­ലു­കൾ­ക്കെ­ല്ലാം പുതിയ കർ­ട്ടൻ ഇ­ടു­ന്നു.

തോ­മ­സ്സ് ത­ലേ­ദി­വ­സ­ത്തെ­ക്കു­റി­ച്ചോർ­ത്തു. എ­ന്താ­ണു­ണ്ടാ­യ­ത്? താൻ എ­ങ്ങി­നെ­യാ­ണു് ആ­ശു­പ­ത്രി­യിൽ എ­ത്തി­യ­ത്?

രാ­വി­ലെ തോ­മ­സ്സ് ഹവർ സാ­ക്കു് റേ­ഷ­നു­മാ­യി ലൈൻ ടെ­സ്റ്റ് ചെ­യ്യാൻ പോ­ന്ന­താ­യി­രു­ന്നു. പ്ര­ധാ­ന­പ്പെ­ട്ട ലൈൻ എ­ല്ലാം ആ­ദ്യ­മേ ടെ­സ്റ്റ് ചെ­യ്തു. അതു് എ­ന്നും പ­തി­വു­ള്ള­താ­ണു്. സ്റ്റാ­ഫ് ഓ­ഫീ­സർ­മാർ ഡി­വി­ന്റെ ജീ­വ­നാ­ണു്. അ­വ­രു­ടെ ടെ­ലി­ഫോൺ ലൈൻ കേ­ടു­വ­ര­രു­തു്. അ­വ­രു­ടെ ടെ­ലി­ഫോൺ നംബർ തോ­മ­സ്സി­ന്നു മ­നഃ­പാ­ഠ­മാ­ണു്. സ്റ്റാ­ഫ് ഓ­ഫീ­സർ­മാ­രാ­യി പ­രി­ച­യ­വു­മാ­ണു്.

ഒ­ടു­വിൽ സ്റ്റേ­ഷൻ സ്റ്റാ­ഫ് ക്യാ­പ്റ്റൻ ഓ­ഫീ­സി­ലേ­യ്ക്കു പോയതു മാ­ത്ര­മ­റി­യാം. സ്റ്റേ­ഷൻ സ്റ്റാ­ഫ് ക്യാ­പ്റ്റ­ന്റെ ഓഫീസ് ഒരു കു­ന്നിൻ ചെ­രി­വി­ലാ­ണു്. വളരെ ബു­ദ്ധി­മു­ട്ടി­യാ­ണു് അ­ങ്ങോ­ട്ടു് ലൈൻ ഇ­ട്ട­തു­ത­ന്നെ. ക­മ്പി­ക്കാ­ലു­കൾ പോ­വു­ന്ന­തു് കു­ന്നിൻ ചെ­രി­വിൽ­ക്കൂ­ടെ­യും കു­ന്നിൻ­മു­ക­ളിൽ­കൂ­ടെ­യു­മാ­ണു്.

അവിടെ ചെ­ന്ന­പ്പോൾ ഒരു ക­മ്പി­ക്കാ­ലിൽ നി­ന്നു കേബിൾ താഴെ വീണു കി­ട­ക്കു­ന്ന­തു കണ്ടു.

ക­മ്പി­ക്കാ­ലി­ന്നു നല്ല ഉ­യ­ര­മു­ണ്ടു്. ഏണി കൊ­ണ്ടു വ­ന്നി­രു­ന്ന­തു­മി­ല്ല. തോ­മ­സ്സ് ആ­ലോ­ചി­ച്ചു­നി­ന്നു. എന്താ വേ­ണ്ട­ത്? പൊ­ത്തി­പ്പി­ടി­ച്ചു ക­യ­റു­ക­ത­ന്നെ. താഴെ വീ­ണു­കി­ട­ക്കു­ന്ന കേബിൾ കൈയിൽ മു­റു­ക്കി എത്ര ദൂരം ക­യ­റി­യെ­ന്നൊ­ന്നും തോ­മ­സ്സി­ന്നു് ഓർ­മ്മ­യി­ല്ല. കണ്ണു തു­റ­ന്ന­പ്പോൾ ആ­ശു­പ­ത്രി­യി­ലാ­ണു്. തോ­മ­സ്സ് ആ­ലോ­ചി­ച്ചു­നോ­ക്കി. താൻ ക­മ്പി­ക്കാ­ലി­ന്റെ എത്ര ഉ­യ­ര­ത്തിൽ നി­ന്നാ­വും വീ­ണി­രി­ക്കു­ക? എ­ന്താ­യാ­ലും ബോ­ധ­മി­ല്ലാ­ഞ്ഞ­തു ന­ന്നാ­യി. വേദന അ­റി­യാ­തെ ക­ഴി­ഞ്ഞു­വ­ല്ലോ. താഴെ കു­ന്നിൻ ചെ­രി­വിൽ വാ­പി­ളർ­ന്നു നിൽ­ക്കു­ന്ന പാ­റ­കെ­ട്ടു­ക­ളി­ലേ­യ്ക്കാ­യി­രി­ക്കും വീ­ണി­രി­ക്കു­ക.

നേ­ഴ്സി­ങ്ങ് ഓർ­ഡർ­ലി സ്റ്റ്രെ­ച്ച­റു­മാ­യി വന്നു. എ­ക്സ്റേ റൂ­മി­ലേ­യ്ക്കു കൊ­ണ്ടു പോ­വാ­നാ­ണു്. തോ­മ­സ്സ് എ­ഴു­ന്നേ­ല്ക്കാൻ ശ്ര­മി­ച്ചു. ശ­ക്തി­യി­ല്ല, ക­ണ്ണു­ക­ളിൽ ഇ­രു­ട്ടു ക­യ­റി­യി­രി­ക്ക­യാ­ണു്.

നേ­ഴ്സി­ങ്ങ് ഓർ­ഡർ­ലി തോ­മ­സ്സി­നെ താ­ങ്ങി­യെ­ടു­ത്തു സ്റ്റ്രെ­ച്ച­റിൽ കി­ട­ത്തി എ­ക്സ്റേ റൂ­മി­ലേ­ക്കു കൊ­ണ്ടു­പോ­യി.

എ­ട്ടു്

ഫോ­ട്ടോ പ­രി­ശോ­ധി­ച്ചു­കൊ­ണ്ടു് സർ­ജ്ജി­ക്കൽ സ്പെ­ഷ്യ­ലി­സ്റ്റ് വാർഡ് ക്യാ­പ്ട­നോ­ടു പ­റ­ഞ്ഞു:

“സീ­രി­യ­സ്സാ­ണു്.”

തോ­മ­സ്സ് ഉ­ല്ക്ക­ണ്ഠ­യോ­ടെ അ­വ­രു­ടെ മു­ഖ­ത്തേ­യ്ക്കു മാ­റി­മാ­റി നോ­ക്കി. ദ­യ­നീ­യ­ത ക­ലർ­ന്ന നോ­ട്ട­മാ­യി­രു­ന്നു അതു്. ‘എന്നെ ര­ക്ഷി­ക്ക­ണേ’ എ­ന്നൊ­ര­ഭ്യർ­ത്ഥ­ന ആ നോ­ട്ട­ത്തി­ലു­ണ്ടാ­യി­രു­ന്നു.

“പക്ഷേ, ഡോ­ക്ടർ­ക്കു തോ­മ­സ്സി­നെ ര­ക്ഷി­ക്കാൻ ക­ഴി­ഞ്ഞി­ല്ല.

ഭ­യ­ങ്ക­ര­മാ­യ ഒ­രോ­പ്പ­റേ­ഷ­നു ശേഷം ബോധം വീ­ഴാ­ത്ത തോ­മ­സ്സി­നെ ക­ട്ടി­ലിൽ കൊ­ണ്ടു­വ­ന്നു കി­ട­ത്തി. ഡോ­ക്ട­രും നേ­ഴ്സും അ­ടു­ത്തു­ത­ന്നെ നി­ല്ക്കു­ക­യാ­ണു്. തോ­മ­സ്സ് കണ്ണു തു­റ­ക്കു­ന്ന­തു കാ­ത്തു­കൊ­ണ്ടാ­ണ­വർ നി­ല്ക്കു­ന്ന­തു്.

നി­മി­ഷ­ങ്ങൾ ഇ­ഴ­ഞ്ഞു നീ­ങ്ങി­ക്കൊ­ണ്ടി­രു­ന്നു. ഒ­ടു­വിൽ തോ­മ­സ്സ് ക­ണ്ണു­തു­റ­ന്നു. ഉ­റ­ക്ക­ത്തിൽ­നി­ന്നു ഞെ­ട്ടി­യു­ണർ­ന്ന­പോ­ലെ­യു­ള്ള ഒ­ര­നു­ഭ­വ­മാ­ണു തോ­മ­സ്സി­ന്നു്. എതിരെ കാ­ണു­ന്ന ചു­മ­രിൽ ക്ലോ­ക്കു് അ­തേ­പോ­ലെ­ത്ത­ന്നെ­യു­ണ്ടു്. തൊ­ട്ട­ടു­ത്തു­ള്ള വാ­തി­ലി­ന്റെ നീ­ല­കർ­ട്ടൻ ഒരു ബ­ലൂ­ണി­ന്റെ രൂ­പ­ത്തിൽ കാ­റ്റിൽ കി­ട­ന്നു ക­ളി­യ്ക്കു­ന്നു. ഡോ­ക്ട­രും നേ­ഴ്സും അ­ടു­ത്തു­ണ്ടു്.

തോ­മ­സ്സ് ശ­ബ്ദി­യ്ക്കു­വാൻ ശ്ര­മി­ച്ചു. ശബ്ദം വ­രു­ന്നി­ല്ല. തൊണ്ട വ­ര­ണ്ടു­പോ­യി­രി­ക്ക­യാ­ണു്.

“വെ­ള്ളം…” ഒരു വി­ധ­ത്തിൽ പ­റ­ഞ്ഞൊ­പ്പി­ച്ചു.

“വെ­ള്ളം കു­ടി­ച്ചാൽ ഛർ­ദ്ദി­ക്കും.” ഡോ­ക്ടർ പ­റ­ഞ്ഞു.

“വെ­ള്ളം… വെ­ള്ളം…” സം­സാ­രി­ക്കാ­നു­ള്ള ശക്തി എ­വി­ടെ­നി­ന്നോ വ­ന്ന­തു­പോ­ലെ തോ­ന്നി, ഡോ­ക്ടർ മ­ഗ്ഗിൽ നി­ന്നു കു­റ­ച്ചു വെ­ള്ളം വാ­യി­ലേ­യ്ക്കൊ­ഴി­ച്ചു കൊ­ടു­ത്തു.

തോ­മ­സ്സ് ആർ­ത്തി­യോ­ടെ വെ­ള്ള­മി­റ­ക്കി. ഉടൻ വെ­ള്ള­മെ­ല്ലാം ഛർ­ദ്ദി­ക്കു­ക­യും ചെ­യ്തു. ദേ­ഹ­മെ­ല്ലാം ഇളകി. അ­പ്പോൾ ഇ­ട­ത്തെ കാലു വ­ല്ലാ­തെ വേ­ദ­നി­യ്ക്കു­വാൻ തു­ട­ങ്ങി. പ­ഴു­ത്ത വ്ര­ണ­ത്തിൽ മുളകു പൊടി വി­ത­റി­യ­പോ­ലെ­യു­ള്ള വേദന. തോ­മ­സ്സ് കി­ട­ന്നു പു­ള­ഞ്ഞു. കൈകൾ ക­ട്ടി­ലിൽ വെ­ച്ച­ടി­ച്ചു.

ഡോ­ക്ടർ പ­റ­ഞ്ഞു: “അ­ന­ങ്ങ­രു­തു്, അധികം നോവും.”

വേദന കൊ­ണ്ടു തോ­മ­സ്സി­ന്റെ ക­ണ്ണു­ക­ളിൽ വെ­ള്ളം പൊ­ടി­ഞ്ഞു. ശരീരം മു­ഴു­വ­നും വി­യർ­ത്തൊ­ഴു­കി.

ഡോ­ക്ടർ അ­ന­ങ്ങ­രു­തെ­ന്നു് ഒരു പ്രാ­വ­ശ്യ­വും കൂടി ഓർ­മ്മി­പ്പി­ച്ചു വാർ­ഡിൽ­നി­ന്നു പോയി.

തോമസ് ചു­ണ്ടു­കൾ ക­ടി­ച്ച­മർ­ത്തി. വേദന സ­ഹി­ച്ചു­കൊ­ണ്ടു കി­ട­ന്നു. ഡോ­ക്ടർ പ­റ­യു­ന്ന­തു് അ­ന­ങ്ങ­രു­തെ­ന്ന­ല്ലേ? വേദന സ­ഹി­ക്കു­ക­ത­ന്നെ…

എത്ര നേ­ര­മാ­ണി­ങ്ങി­നെ എ­രി­പൊ­രി സ­ഞ്ചാ­രം കൊ­ണ്ടു കി­ട­ക്കു­ക? തോ­മ­സ്സ് ഒരു വി­ധ­ത്തിൽ ഒന്നു ചെ­രി­ഞ്ഞു കി­ട­ന്നു. എ­ന്നി­ട്ടു വേദന തോ­ന്നു­ന്ന കാ­ലൊ­ന്നു തൊ­ട്ടു­നോ­ക്കി… തോ­മ­സ്സ് ഞെ­ട്ടി­ത്തെ­റി­ച്ചു… കൈ­വി­ര­ലിൽ പാ­മ്പു­ക­ടി കൊ­ണ്ട­പോ­ലെ തോ­ന്നി. മു­ട്ടി­ന്നു താ­ഴെ­യു­ള്ള ഭാഗം എവിടെ? മു­ട്ടി­ന്നു താഴെ ഒ­ന്നു­മി­ല്ലേ? തോ­മ­സ്സ് കി­ത­ച്ചു കി­ത­ച്ചു­കൊ­ണ്ടു് ആ­ലോ­ചി­ച്ചു നോ­ക്കി. ഒ­ന്നു­കൂ­ടി തൊ­ട്ടു­നോ­ക്കി­യാ­ലോ? ഇല്ല. ധൈ­ര്യ­മി­ല്ല… തോ­മ­സ്സി­ന്നു ബോധം ഇ­ല്ലാ­താ­വു­ന്ന­തു­പോ­ലെ തോ­ന്നി. ചു­റ്റു­പാ­ടു­കൾ മ­ങ്ങി­യും തെ­ളി­ഞ്ഞും കൊ­ണ്ടു് അ­തി­വേ­ഗ­ത്തിൽ ക­റ­ങ്ങു­ക­യാ­ണു്. ലോ­ക­ത്തി­ലെ ശ­ബ്ദ­ങ്ങ­ളെ­ല്ലാം നി­ല­ച്ചി­രി­ക്ക­യാ­ണു്. എ­ല്ലാം…എ­ല്ലാം ഒരു നി­ശ്ച­ലാ­വ­സ്ഥ­യി­ലേ­യ്ക്കു വ­രു­വാൻ പോ­ക­യാ­ണു്.

അ­ങ്ങ­നെ തി­ക­ച്ചും അ­ബോ­ധ­മ­ല്ലാ­ത്ത ആ അ­വ­സ്ഥ­യിൽ അയാൾ ഒ­രു­പാ­ടു­നേ­രം ഇ­രു­ന്നു.

കു­റെ­ക്ക­ഴി­ഞ്ഞ­പ്പോൾ അ­ര­വ­രെ­യി­ട്ട ര­ണ്ട­റ്റ­വും കി­ട­ക്ക­യു­ടെ ചു­വ­ട്ടി­ലേ­യ്ക്കു തി­രു­കി വെ­ച്ചി­രു­ന്ന ക­മ്പി­ളി വ­ലി­ച്ചു ദൂരെ മാ­റ്റി. അ­പ്പോൾ എ­ല്ലാം കണ്ടു. ഇ­ട­ത്തെ കാലിൽ ‘ബാൻ­ഡേ­ജ്’ മു­റു­ക്കി കെ­ട്ടി­യി­രി­ക്ക­യാ­ണു്. മു­ട്ടി­നു താഴെ ഒ­ന്നു­മി­ല്ല. സ്പി­രി­റ്റി­ന്റെ മണം നാ­സാ­ര­ന്ധ്ര­ങ്ങ­ളി­ലേ­യ്ക്കു് അ­ടി­ച്ചു ക­യ­റു­ക­യാ­ണു്. ബാൻ­ഡേ­ജി­ല്ലാ­ത്ത ഭാഗം മു­ഴു­ക്കെ മ­ഞ്ഞ­നി­റ­മാ­ണു്. തോ­മ­സ്സ് തു­ടി­യ്ക്കു­ന്ന ഹൃ­ദ­യ­ത്തോ­ടെ എ­ല്ലാം നോ­ക്കി­ക്ക­ണ്ടു. ക­ണ്ണു­കൾ നി­റ­ഞ്ഞു. അ­വ­യിൽ­നി­ന്നു നീർ­ച്ചാ­ലു­കൾ ക­വി­ളു­ക­ളിൽ­കൂ­ടെ കീ­ഴോ­ട്ടൊ­ഴു­കി.

ആ ക­ണ്ണു­നീർ പ്ര­വാ­ഹ­ത്തി­ലൂ­ടെ തോ­മ­സ്സ് ആ­ലോ­ചി­ച്ചു. താൻ ഒ­റ്റ­ക്കാ­ല­നാ­യി­രി­ക്ക­യാ­ണു്. അതൊരു പ­ര­മാർ­ത്ഥ­മാ­ണു്. ഇനി തന്റെ ഇ­ട­ത്തെ കാ­ലു­കൊ­ണ്ടു യാ­തൊ­രു­പ­യോ­ഗ­വു­മി­ല്ല. ഇ­ട­ത്തെ കാ­ലി­ന്റെ മു­ട്ടി­നു താഴെ ഒ­ന്നു­മി­ല്ല. മു­ട്ടി­നു താ­ഴെ­യു­ള്ള ഭാഗം മു­റി­ച്ചു­ക­ള­ഞ്ഞു. അതവർ മ­ണ്ണിൽ കു­ഴി­ച്ചി­ട്ടി­രി­ക്കും. അ­ത­വി­ടെ ചീ­ഞ്ഞു നാ­റി­ക്കി­ട­ക്കു­ന്നു­ണ്ടാ­വും. അഞ്ചു വി­ര­ലു­കൾ, കാലടി. എ­ല്ലാം ചീ­ഞ്ഞ­ളി­ഞ്ഞു കി­ട­ക്കു­ന്നു­ണ്ടാ­വും. എ­ല്ലാം ക­ഴി­ഞ്ഞു. ഇനി ന­ട­ക്കാൻ സാ­ദ്ധ്യ­മ­ല്ല. പ­ട്ടാ­ള­ത്തിൽ നി­ന്നു ‘ബോർ­ഡൌ­ട്ട്’ ചെ­യ്യും. ഒ­റ്റ­ക്കാ­ല­നെ പ­ട്ടാ­ള­ത്തിൽ എ­ന്തി­നാ­ണു് ? ‘ബോർ­ഡൌ­ട്ട്’ ചെ­യ്യും—എ­ന്നി­ട്ടു വീ­ട്ടി­ലേ­യ്ക്കു­ത­ന്നെ മ­ട­ങ്ങും—വീ­ട്ടി­ലേ­യ്ക്കു മ­ട­ങ്ങു­ക—അ­തോർ­ത്ത­പ്പോൾ തോ­മ­സ്സി­ന്നു പൊ­ട്ടി­ക്ക­ര­യു­വാൻ തോ­ന്നി. വീ­ട്ടിൽ അ­മ്മ­യും കെ­ട്ടി­ക്കാ­റാ­യി നി­ല്ക്കു­ന്ന പെ­ങ്ങ­ന്മാ­രും ഭാ­ര്യ­യു­മു­ണ്ടു്. അ­വ­രു­ടെ അ­ടു­ത്തേ­യ്ക്കാ­ണു് പോ­വു­ന്ന­തു്. എ­ന്തി­നു്? വെ­റു­തെ കു­ത്തി­യി­രി­ക്കു­വാൻ. ഓ­പ്പ­റേ­ഷൻ­ചെ­യ്ത­പ്പോൾ എ­ന്തു­കൊ­ണ്ടു താൻ മ­രി­ച്ചി­ല്ല? ഇ­ങ്ങ­നെ ജീ­വി­ച്ചി­രു­ന്നി­ട്ടു് എ­ന്താ­ണൊ­രു ഫലം? ഒരു കു­ടും­ബ­ത്തി­ന്നു താ­ങ്ങാ­യി നി­ന്നി­രു­ന്ന­വൻ ഇ­പ്പോൾ വീ­ണി­രി­യ്ക്ക­യാ­ണു്. ഇനി എ­ഴു­ന്നേ­ല്ക്കു­ക­യി­ല്ല. മ­രി­ക്കു­ന്ന­തു­വ­രെ വീ­ണു­കി­ട­ക്കേ­ണ്ട­താ­യി­ട്ടാ­ണു് വ­ന്നി­രി­ക്കു­ന്ന­തു്. എ­ല്ലാം തു­ല­ഞ്ഞു. എ­ല്ലാം പോ­ക­ട്ടെ എന്നു വെ­യ്ക്കാം. തന്റെ ഭാര്യ! വെ­റു­തെ ഒരു പെ­ണ്ണി­നെ വ­ഴി­യാ­ധാ­ര­മാ­ക്കി. വെറും ഒ­രാ­ഴ്ച­യാ­ണു് അ­വ­ളോ­ടൊ­ന്നി­ച്ചു ക­ഴി­ച്ച­തു്. അ­ന്നു് എ­ന്തെ­ല്ലാം പ്ര­തീ­ക്ഷ­ക­ളു­ണ്ടാ­യി­രു­ന്നു. ഇന്നോ? അവൾ തന്നെ ഈ വി­ധ­ത്തിൽ ഇ­ഷ്ട­പ്പെ­ടു­മോ? ഇ­ഷ്ട­പ്പെ­ടു­ന്നു­വെ­ങ്കിൽ­ത്ത­ന്നെ ആ­ത്മാർ­ത്ഥ­മാ­യ ഒ­രി­ഷ്ട­പ്പെ­ട­ലാ­യി­രി­യ്ക്കു­മോ അത്? അ­വൾ­ക്കു ചെ­റു­പ്പ­മാ­ണു്. ആ­രോ­ഗ്യ­മു­ണ്ടു്. സ്വ­പ്ന­ങ്ങ­ളു­ണ്ടാ­വും. അ­വ­ളു­ടേ­താ­യ എ­ല്ലാം താൻ ത­കർ­ത്തി­രി­യ്ക്കു­ക­യാ­ണോ?

ഒരു “റെഡ് ക്രോ­സ്കാ­രി മി­ഠാ­യി­യും ബി­സ്ക­റ്റു­മാ­യി തോ­മ­സ്സി­ന്റെ അ­ടു­ത്തു­വ­ന്നു ചോ­ദി­ച്ചു.

“ജവാൻ, കൈസാ ഹൈ?”

തോ­മ­സ്സ് ചി­ന്ത­യിൽ നി­ന്നു­ണർ­ന്നു് ആ സ്ത്രീ­യെ തു­റി­ച്ചു­നോ­ക്കി. അവൾ ഒരു പാ­ക്ക­റ്റ് ബി­സ്ക്ക­റ്റും കു­റ­ച്ചു മി­ഠാ­യി­യും ക­ട്ടി­ലിൽ വെ­ച്ചു പോയി.

റേ­ഡി­യോ ഓൺ ആയി. കുറേ ഭേദം. പാ­ട്ടു് ഏതു വേ­ദ­ന­ക­ളേ­യും കു­റ­ച്ചൊ­ന്നു ശ­മി­പ്പി­ക്കു­ന്നു.

“ഏ രാ­ത്തു് ഹേ ചാ­ന്ദ്നി തു ക­ഹാ­ങ്ങ്—

സ്സുൻ ജാൻ ദിൽകി ദാ­സ്താൻ”

തോ­മ­സ്സി­ന്നു വളരെ ഇ­ഷ്ട­പ്പെ­ട്ട പാ­ട്ടു­ത­ന്നെ. അ­ത­യാൾ­ക്കു കാ­ണാ­പ്പാ­ഠ­വു­മാ­ണു്. പക്ഷേ, രാഗം ശ­രി­യാ­വു­ക­യി­ല്ല. തോ­മ­സ്സ് ശ്ര­ദ്ധി­ച്ചു­കൊ­ണ്ടു് മ­ലർ­ന്നു കി­ട­ന്നു. ഒ­ന്നി­നെ പുറകെ മ­റ്റൊ­ന്നാ­യി പാ­ട്ടു­കൾ വ­ന്നു­കൊ­ണ്ടി­രു­ന്നു. പാ­ട്ടു­ക­ള­വ­സാ­നി­ച്ചു. വാർ­ത്താ പ്ര­ക്ഷേ­പ­ണ­മാ­രം­ഭി­ച്ച­പ്പോൾ തോ­മ­സ്സി­ന് ഒ­ര­സു­ഖം തോ­ന്നി, ക­ണ്ണു­ക­ള­ട­ച്ചു കി­ട­ന്നു.

പി. കെ. നാ­യ­രും വർ­ഗ്ഗീ­സും തോ­മ­സ്സി­നെ കാണാൻ വീ­ണ്ടും വന്നു. അവർ കൊ­ണ്ടു­വ­ന്നി­രു­ന്ന ആ­പ്പിൾ­പ­ഴ­ങ്ങ­ളും ചോ­ക്ലേ­റ്റും ക­ട്ടി­ലി­ന്റെ അ­ടു­ത്തു­ള്ള സ്റ്റൂ­ളിൽ വെ­ച്ചു. തോ­മ­സ്സ് ക­ണ്ണു­കൾ തു­റ­ന്നു കൂ­ട്ടു­കാ­രെ നോ­ക്കി.

പി. കെ. നായർ ചോ­ദി­ച്ചു: “എ­ങ്ങി­നെ­യി­രി­ക്കു­ന്നു? സു­ഖ­മു­ണ്ടോ?”

തോ­മ­സ്സ് ഒ­ന്നും ശ­ബ്ദി­ച്ചി­ല്ല.

പി. കെ. നായർ വീ­ണ്ടും ചോ­ദി­ച്ചു: “എന്താ മി­ണ്ടാ­ത്ത­തു്? ക്ഷീ­ണ­മു­ണ്ടോ?” അ­പ്പോൾ തോ­മ­സ്സ് നി­റ­ഞ്ഞ ക­ണ്ണു­ക­ളോ­ടെ കാ­ലിൽ­നി­ന്നു ക­മ്പി­ളി മാ­റ്റി­യി­ട്ടു.

നാ­യ­രും വർ­ഗ്ഗീ­സും പ­ക­ച്ചു­നി­ന്നു. അവർ ഒ­ന്നും ശ­ബ്ദി­ച്ചി­ല്ല.

തോ­മ­സ്സ് വി­ക്കി­വി­ക്കി­ക്കൊ­ണ്ടു ഗ­ദ്ഗ­ദ­ത്തോ­ടെ പ­റ­ഞ്ഞു:

“ഞാൻ… എ…ന്തു… മി­ണ്ടാ­നാ­ണു്? ഇ…താണു് എന്റെ സ്ഥി­തി.”

കു­റ­ച്ചു നേ­ര­ത്തി­നു് ആരും ഒ­ന്നും ശ­ബ്ദി­ച്ചി­ല്ല.

തോ­മ­സ്സ് തേ­ങ്ങി­ക്ക­ര­യു­വാൻ തു­ട­ങ്ങി­യ­പ്പോൾ നാ­യ­രു­ടെ­യും വർ­ഗ്ഗീ­സി­ന്റേ­യും ക­ണ്ണു­കൾ നി­റ­ഞ്ഞു. തോ­മ­സ്സി­ന്റെ സ്ഥി­തി ദ­യ­നീ­യ­മാ­ണു്. ശോ­ച­നീ­യ­മാ­ണു്. അവനെ സ­മാ­ധാ­നി­പ്പി­യ്ക്കു­ക­യാ­ണു വേ­ണ്ട­തു്. ജ­നി­ച്ച നാ­ട്ടിൽ­നി­ന്നു ര­ണ്ടാ­യി­രം നാഴിക ദൂ­ര­ത്തു­ള്ള ഒ­രാ­സ്പ­ത്രി­യിൽ കി­ട­ക്കു­ക­യാ­ണു് ഒരു കാ­ലു­പോ­യ പ­ട്ടാ­ള­ക്കാ­രൻ.

വർ­ഗ്ഗീ­സ് പ­റ­ഞ്ഞു: “തോ­മ­സ്സേ ക­ര­യ­രു­ത്.”

“എന്റെ ജീ­വി­തം മു­ഴു­വ­നും ക­ര­യു­വാ­നും ക­ണ്ണീ­രൊ­ഴു­ക്കു­വാ­നു­മു­ള്ള­താ­ണു്. ഞാൻ മ­രി­യ്ക്ക­യാ­ണു് വേ­ണ്ടി­യി­രു­ന്ന­തു്. ഞാൻ ഇനി ജീ­വി­ക്കു­ന്ന­തു­കൊ­ണ്ടു് എ­ന്താ­ണൊ­രു ഫലം?” തോ­മ­സ്സ് ഒന്നു നിർ­ത്തി­ക്കൊ­ണ്ടു വീ­ണ്ടും തു­ടർ­ന്നു:

അമ്മ, പെ­ങ്ങ­ന്മാർ, ഭാര്യ അ­വ­രു­ടെ അ­ടു­ത്തേ­യ്ക്കു ഞാൻ പോ­കു­ന്ന­തു് ഇ­ങ്ങ­നെ­യാ­ണു്.”

“കർ­ത്താ­വു­ണ്ടു്. നീ ക­ഷ്ട­പ്പെ­ടു­ക­യി­ല്ല.” വർ­ഗ്ഗീ­സ് സ­മാ­ധാ­ന വചനം പ­റ­ഞ്ഞു.

“നീ എന്നെ സ­മാ­ധാ­നി­പ്പി­ക്കാൻ വേ­ണ്ടി പ­റ­ക­യാ­ണു്. എ­ല്ലാം പോ­ക­ട്ടെ. പ­ണി­ക്ക­രും ക­രു­ണാ­ക­ര­നും തി­രി­ച്ചു­വ­രാ­റാ­യി­ല്ലെ?”

“അവർ ര­ണ്ടാ­ഴ്ച­ക്കു­ള്ളിൽ വരും.” പി. കെ. നായർ പ­റ­ഞ്ഞു.

തു­ടർ­ന്നു അവർ പലതും സം­സാ­രി­ച്ചു. റെ­ജി­മെ­ന്റിൽ പു­തു­താ­യി വന്ന ഹ­വിൽ­ദാർ മേ­ജ­രു­ടെ ‘കോഷ’നെ­ക്കു­റി­ച്ചും, അ­ടു­ത്തു ന­ട­ക്കാൻ പോ­കു­ന്ന ഇന്റർ ക­മ്പ­നി സ്പോർ­ട്ട്സി­നെ­ക്കു­റി­ച്ചും മ­റ്റും. പി. കെ. നായർ ഫ­ലി­ത­മ­യ­മാ­യി സം­സാ­രി­ച്ചു. തോ­മ­സ്സ് എ­ല്ലാം മൂ­ളി­കേ­ട്ടു.

കു­റെ­ക്ക­ഴി­ഞ്ഞ­പ്പോൾ അവർ യാത്ര പ­റ­ഞ്ഞു പോ­ന്നു.

കു­റി­പ്പു­കൾ

[1] കു­റ­ച്ചു­ണ­ങ്ങി­യ വിറകു തരു, സഹോദര.

[2] ഇനി ചോ­ദി­യ്ക്ക­രു­തു്, കെ­ട്ടോ.

[3] ബഹു സ്വാ­ദ്.

[4] വി­ഡ്ഢി­ക­ളെ, ല­ഹ­ള­കൂ­ട്ട­രു­തു്.

[5] ചി­ല­ക്ക­രു­തു്.

[6] ഇയാളെ ഗാ­ഡ്റൂ­മിൽ അ­ട­ച്ചി­ടൂ.

[7] ഡി­വി­ഷൻ.

[8] സാ­ധാ­ര­ണ പ­ട്ടാ­ള­ക്കാ­രൻ.

[9] വരണം മി. നായർ അ­വർ­ക­ളേ.

[10] ഒരു വ­രി­യാ­യി നി­ല്ക്കു­ക.

[11] അ­ന­ങ്ങ­രു­തു്.

[12] എ­ന്തൊ­രു ഭ്രാ­ന്തൻ.

[13] പാ­ല്പാ­യ­സം പോ­ലെ­ത­ന്നെ നോ­ക്കു.

[14] ‘ചൊ­റി­ച്ചു­മ­ല്ലൽ’ എന്ന പ്ര­യോ­ഗം. ആ­ട്ടും കൊ­ണ്ടു പാ­യ­രു­തു് എ­ന്നർ­ത്ഥം.

[15] റെ­ജി­മെ­ന്റൽ ഹ­വിൽ­ദാർ മേജർ.

[16] ച­പ്പ­ടാ­ച്ചി.

[17] ഉടനെ ധോ­ബി­യു­ടെ അ­ടു­ത്തു പോവിൻ. വേഗം.

[18] വ­സ്ത്ര­മൊ­ന്നു് ഇ­സ്ത്രി­യി­ട­ണം.

[19] ഇ­പ്പോൾ വയ്യ.

[20] എന്തേ?

[21] പെ­ട്ടി­യ്ക്കു ചൂ­ടി­ല്ല.

[22] ചൂ­ടാ­ക്കു്.

[23] ഇ­പ്പോൾ വയ്യ.

[24] റി­പ്പോർ­ട്ടു് ചെ­യ്യും.

[25] ഓഹോ.

[26] അ­ടി­ക്കും.

[27] മ­ദ്രാ­സി ഭാ­ഷ­യിൽ ശ­കാ­രി­യ്ക്ക­രു­തു്.

[28] നോ മെൻഷൻ എന്നു പ­റ­യു­ക­യാ­ണാ­ചാ­രം.

[29] പ­ച്ച­ക്ക­റി.

[30] തോ­മ­സ്സ് എവിടെ?

[31] ഏതു തോ­മ­സ്സ് ?

[32] ഇ­പ്പോൾ പ്ര­ത്യേ­ക രോ­ഗി­യാ­യി വ­ന്ന­വൻ.

[33] ഇതു രോ­ഗി­ക­ളെ കാ­ണാ­നു­ള്ള സ­മ­യ­മ­ല്ല, അ­റി­യി­ല്ലേ?

[34] ദൈ­വ­ത്തെ കരുതി പു­റ­ത്തു­പോ­വിൻ.

ഒ­മ്പ­തു്

പ­ണി­ക്ക­രും ക­രു­ണാ­ക­ര­നും ലീവ് ക­ഴി­ഞ്ഞു വന്നു. തോ­മ­സ്സ് ആ­സ്പ­ത്രി­യി­ലാ­ണെ­ന്ന വിവരം അവർ ലീ­വി­ലി­രി­യ്ക്കു­മ്പോൾ തന്നെ അ­റി­ഞ്ഞി­രു­ന്നു. പക്ഷേ, തോ­മ­സ്സി­ന്റെ കാലു മു­റി­ച്ച കഥ ലീവ് ക­ഴി­ഞ്ഞു വ­ന്ന­തി­ന്നു ശേ­ഷ­മാ­ണു് അ­റി­യു­ന്ന­തു്.

അവർ ഉടൻ ആ­സ്പ­ത്രി­യി­ലേ­യ്ക്കു പു­റ­പ്പെ­ട്ടു. നാ­ട്ടിൽ­നി­ന്നു കൊ­ണ്ടു­വ­ന്നി­രു­ന്ന അ­വ­ലോ­സ് പൊ­ടി­യും ഏ­ത്ത­ക്കാ വ­റു­ത്ത­തും എ­ടു­ക്കാൻ മ­റ­ന്നി­ല്ല. അവർ ബാ­ര­ക്കിൽ­നി­ന്നു് പു­റ­ത്തി­റ­ങ്ങി­യ­പ്പോൾ പി. കെ. നായർ പ­റ­ഞ്ഞു: “ഞ­ങ്ങ­ളും വ­രു­ന്നു.”

നാ­ലു­പേ­രും കൂടി ആ­സ്പ­ത്രി­യി­ലേ­യ്ക്കു ന­ട­ന്നു.

തോ­മ­സ്സ് ക­ട്ടി­ലിൽ എ­ഴു­ന്നേ­റ്റി­രി­യ്ക്ക­യാ­യി രു­ന്നു. കൂ­ട്ടു­കാ­രെ­ക്ക­ണ്ട­പ്പോൾ ഒന്നു പ്ര­യാ­സ­പ്പെ­ട്ടു ചി­രി­ച്ചു. പ­ണി­ക്കർ­ക്കും ക­രു­ണാ­ക­ര­നും ആ ഇ­രി­ക്കു­ന്ന­തു് തോ­മ­സ്സാ­ണെ­ന്നു വി­ശ്വ­സി­ക്കാൻ കൂടി സാ­ധി­ച്ചി­ല്ല. തോ­മ­സ്സ് അ­ത്ര­യ്ക്കു മാ­റി­യി­രു­ന്നു. ദേ­ഹ­ത്തിൽ എ­ല്ലും തോലും മാ­ത്ര­മേ­യു­ള്ളു. മു­ഖ­ത്തി­ന്നു നല്ല മ­ഞ്ഞ­നി­റ­മാ­ണു്. ത­ല­മു­ടി­യെ­ല്ലാം പറ്റെ വെ­ട്ടി­യി­രി­ക്കു­ന്നു.

പ­ണി­ക്കർ അ­വ­ലോ­സ് പൊ­ടി­യും ഏ­ത്ത­ക്കാ വ­റു­ത്ത­തും സ്റ്റൂ­ളിൽ വെ­ച്ചു.

“എന്റെ കാ­ലി­ന്റെ സ്റ്റി­ച്ച­സ്സും ബാൻ­ഡേ­ജു­മെ­ല്ലാം അ­ഴി­ച്ചു.” തോ­മ­സ്സ് കാലു പു­റ­ത്തേ­ക്കെ­ടു­ത്തു. ആ­ന­യു­ടെ തു­മ്പി­ക്കൈ പോ­ലെ­യു­ള്ള ആ കാലു ക­ണ്ട­പ്പോൾ പ­ണി­ക്കർ ഒ­ന്ന­റി­യാ­തെ നെ­ടു­വീർ­പ്പി­ട്ടു പോയി. ഓ­പ്പ­റേ­ഷൻ ചെയ്ത സ്ഥലം ശ­രി­ക്കു് ഉ­ണ­ങ്ങി­യി­ട്ടി­ല്ല. മ­ഞ്ഞ­യും ചു­വ­പ്പും ക­ലർ­ന്ന ഒരു നി­റ­മാ­ണു് ആ സ്ഥ­ല­ത്തി­നു­ള്ള­ത്.

തോ­മ­സ്സ് തു­ടർ­ന്നു പ­റ­ഞ്ഞു: “അ­ടു­ത്താ­ഴ്ച­യിൽ ഞാൻ ഇ­വി­ടെ­നി­ന്നു പൂ­ന­യ്ക്കു പോവും. അ­വി­ടെ­നി­ന്നു് എ­നി­ക്കു കൃ­ത്രി­മ മ­ര­ക്കാ­ലു കി­ട്ടും. എ­ന്നി­ട്ടു് ബോർ­ഡൌ­ട്ടിൽ പോവും… ബോർ­ഡൌ­ട്ട്… എ­ന്നി­ട്ടു്…

ആരും മ­റു­പ­ടി പ­റ­ഞ്ഞി­ല്ല. എ­ങ്ങ­നെ മ­റു­പ­ടി പ­റ­യാ­നാ­ണു്? തോ­മ­സ്സ് മ­ന­മു­രു­ക്കു­ന്ന പ­ര­മാർ­ത്ഥ­ങ്ങൾ പ­റ­യു­ക­യാ­ണു്. വെറും പ­ര­മാർ­ത്ഥ­ങ്ങൾ…

“എ­ല്ലാം പോ­ട്ടെ, നാ­ട്ടു­വർ­ത്ത­മാ­ന­ങ്ങൾ എ­ന്തെ­ല്ലാ­മാ­ണു്.” തോ­മ­സ്സ് സം­സാ­രം വേ­റൊ­രു വി­ഷ­യ­ത്തി­ലേ­ക്കു മാ­റ്റി.

“എന്താ നെ­ല്ലും അ­രി­യും ഒക്കെ കി­ട്ടാ­നു­ണ്ടോ?” തോ­മ­സ്സ്.

“ക­രി­ഞ്ച­ന്ത­യിൽ എ­ത്ര­വേ­ണ­മെ­ങ്കി­ലും കി­ട്ടും” പ­ണി­ക്കർ പ­റ­ഞ്ഞു

“ക­രി­ഞ്ച­ന്ത­യിൽ എന്താ വില?”

“ഒ­രു­റു­പ്പി­ക­യ്ക്കു രണ്ടു നാ­രാ­യം നെ­ല്ലു്.”

“ഒ­രു­റു­പ്പി­ക­യ്ക്കു രണ്ടു നാ­രാ­യം” തോ­മ­സ്സ് അതു് ഒ­ന്നു­ര­ണ്ടു പ്രാ­വ­ശ്യം ഉ­രു­വി­ട്ടു. എ­ന്നി­ട്ടു് ചോ­ദി­ച്ചു: “തു­ണി­ത്ത­ര­ങ്ങ­ളോ?”

“താണ കോറ കു­ത്തി­നു് ഇ­രു­പ­ത്തി­യേ­ഴു­റു­പ്പി­ക.”

“തേങ്ങ, കു­രു­മു­ള­കു്, ചു­ക്കു്—എ­ല്ലാ­റ്റി­നും നല്ല വി­ല­യു­ണ്ടാ­വും ഇല്ലേ?”

“ഭ­യ­ങ്ക­ര വില. പ­ണ­ക്കാ­രെ­ല്ലാം പി­ന്നേ­യും പ­ണ­ക്കാ­രാ­വു­ക­യാ­ണു്.”

“ക­യ­റു­വ്യ­വ­സാ­യം?”

“ഫാ­ക്ട­റി­കൾ അ­ധി­ക­വും പൂ­ട്ടി­ക്കി­ട­ക്കു­ന്നു.”

തോ­മ­സ്സ് ഒന്നു നെ­ടു­വീർ­പ്പി­ട്ടു. ഫാ­ക്ട­റി­കൾ പൂ­ട്ടി­ക്കി­ട­ക്കു­ക. അ­പ്പോൾ എ­ത്ര­പേർ പ­ട്ടി­ണി­കി­ട­ക്കു­ന്നു­ണ്ടാ­വും. പ­ട്ടി­ണി­യു­ടെ നാ­ട്ടി­ലാ­ണു ജ­നി­ച്ച­തു്. പ­ട്ടി­ണി­യു­ള്ള നാ­ട്ടി­ലേ­യ്ക്കു് അം­ഗ­ഭം­ഗം വന്ന ഒരു പ­ട്ടാ­ള­ക്കാ­രൻ തി­രി­ച്ചു പോ­ക­യാ­ണു്. ജീ­വി­ക്ക­ണം… എ­ങ്ങി­നെ?

“പ­ണി­ക്ക­രു­ടെ കു­ട്ടി­കൾ­ക്കും മ­റ്റും സു­ഖ­മ­ല്ലേ?” തോ­മ­സ്സ് ചോ­ദി­ച്ചു.

“ദൈ­വ­മ­നു­ഗ്ര­ഹി­ച്ചു സു­ഖ­ക്കേ­ടൊ­ന്നു­മി­ല്ല.”

“ക­രു­ണാ­ക­രൻ ക­ല്യാ­ണം ക­ഴി­ച്ചോ?’

“ഇല്ല.” ക­രു­ണാ­ക­രൻ പ­റ­ഞ്ഞു.

“ക­രു­ണാ­ക­രൻ കു­ട്ടി­യാ­ണെ­ന്ന­ല്ലേ അ­വ­ന്റെ അമ്മ പ­റ­യു­ന്ന­തു്?” പി. കെ. നായർ പ­റ­ഞ്ഞു.

“ജ­സ്റ്റ് ലൈക് പാ­ല്പാ­യ­സം. അല്ലെ പി.കെ?” തോ­മ­സ്സ് ചി­രി­ച്ചു­കൊ­ണ്ടു് പ­റ­ഞ്ഞു. ഉടൻ കൺ­പീ­ലി­കൾ ന­ന­യു­ക­യും ചെ­യ്തു.

കൂ­ട്ടു­കാർ പു­റ­പ്പെ­ട്ട­പ്പോൾ തോ­മ­സ്സ് പ­റ­ഞ്ഞു: “ഞാൻ അ­ടു­ത്താ­ഴ്ച­യിൽ തന്നെ പോകും.”

തോ­മ­സ്സ് പൂ­ന­യി­ലേ­യ്ക്കു പോ­വു­ന്ന­തു ഡ­ക്കോ­ട്ടാ വി­മാ­ന­ത്തി­ലാ­ണു്. രാ­വി­ലെ ഒ­മ്പ­തു­മ­ണി­ക്കു തന്നെ പി. കെ. നാ­യ­രും വർ­ഗ്ഗീ­സും പ­ണി­ക്ക­രും ക­രു­ണാ­ക­ര­നും ഏ­റോ­ഡ്രോ­മിൽ എത്തി. ഒ­മ്പ­തു മ­ണി­ക്കു് ഒരു ആം­ബു­ലൻ­സ് ട്ര­ക്ക് ഏറോ ഡ്രോ­മിൽ വന്നു നി­ന്നു. ഡ്രൈ­വർ ട്ര­ക്കി­ന്റെ പി­ന്നി­ലു­ള്ള പട്ട തു­റ­ന്നു. അതിൽ നി­ന്നു രണ്ടു നേ­ഴ്സിം­ഗ് ഓർ­ഡർ­ലി­മാ­രു­ടെ തോളിൽ പി­ടി­ച്ചു­കൊ­ണ്ടു തോ­മ­സ്സ് മെ­ല്ലെ ഇ­റ­ങ്ങി… കൂ­ട്ടു­കാ­രെ നോ­ക്കി അയാൾ പു­ഞ്ചി­രി­ച്ചു. അ­വ­രെ­ല്ലാം ചു­റ്റും വ­ള­ഞ്ഞു­നി­ന്നു സം­സാ­രി­ച്ചു… അ­ധി­ക­നേ­രം സം­സാ­രി­യ്ക്കാൻ സ­മ­യ­മു­ണ്ടാ­യി­രു­ന്നി­ല്ല. വി­മാ­നം പു­റ­പ്പെ­ടാ­റാ­യി. സ്റ്റ്രെ­ച്ച­റിൽ കി­ട­ത്തി തോ­മ­സ്സി­നെ വി­മാ­ന­ത്തി­നു­ള്ളി­ലേ­യ്ക്കു കൊ­ണ്ടു­പോ­യി.

വി­മാ­നം പ­റ­ക്കാ­റാ­യി. എ­ഞ്ചിൻ ശ­ബ്ദി­ച്ചു. വി­മാ­നം ആ­കാ­ശ­ത്തി­ലേ­യ്ക്കു­യർ­ന്ന­പ്പോൾ തോ­മ­സ്സ് നി­റ­ഞ്ഞ ക­ണ്ണു­ക­ളോ­ടെ പു­റ­ത്തേ­യ്ക്കു നോ­ക്കി. കൂ­ട്ടു­കാർ കർ­ചീ­ഫെ­ടു­ത്തു വാ­യു­വിൽ വീശി. വി­മാ­ന­ത്തി­ന്നു വേഗം കൂടി. കാ­ഴ്ച­യിൽ നി­ന്നു മ­റ­ഞ്ഞു. ഇ­ര­മ്പം മാ­ത്രം ബാ­ക്കി­യാ­യി. ഒ­ടു­വിൽ ഇ­ര­മ്പ­വും കേൾ­ക്കാ­താ­യി.

പ­ത്തു്

അ­ഞ്ചു­പേർ കി­ട­ന്നി­രു­ന്ന ആ മു­റി­യിൽ ഇന്നു നാ­ലു­പേ­രേ­യു­ള്ളു. പക്ഷേ, ക­ട്ടി­ലു­കൾ ഇ­പ്പോ­ഴും അ­ഞ്ചെ­ണ്ണ­മു­ണ്ടു്. തോ­മ­സ്സ് കി­ട­ന്നി­രു­ന്ന ക­ട്ടിൽ ഒ­ഴി­ഞ്ഞു­കി­ട­ക്കു­ക­യാ­ണു്. അ­തി­ന്റെ ചൂ­ടി­ക്ക­യ­റു­കൾ അ­യ­ഞ്ഞു­തൂ­ങ്ങി അ­നാ­ഥ­മാ­യി കി­ട­ക്കു­ന്നു. ഇനി ആ ക­ട്ടിൽ വേ­റൊ­രു മു­റി­യി­ലേ­യ്ക്കു കൊ­ണ്ടു­പോ­യെ­ന്നു വരും. അ­ല്ലെ­ങ്കിൽ വേ­റൊ­രാൾ ആ മു­റി­യി­ലേ­യ്ക്കു വ­ന്നു­വെ­ന്നും വരും. അതു് അ­വർ­ക്കാർ­ക്കും സ­മ്മ­ത­മ­ല്ല. അ­വ­രു­ടെ സ്നേ­ഹി­തൻ കി­ട­ന്നി­രു­ന്ന ക­ട്ടി­ലിൽ വേ­റൊ­രാൾ വന്നു കി­ട­ക്കു­ക—അ­തി­നെ­ക്കു­റി­ച്ച­വർ­ക്കാർ­ക്കും ആ­ലോ­ചി­യ്ക്കാൻ കൂടി വയ്യ. തോ­മ­സ്സി­ന്റെ അഭാവം നി­ക­ത്താൻ വേറെ ആർ­ക്കാ­ണു സാ­ധി­ക്കു­ക.

തോ­മ­സ്സ് പോ­യ­തി­നു ശേഷം ആ മു­റി­യിൽ ഒരു ശൂ­ന്യ­ത­യാ­ണു്. ആ­രു­മ­ധി­കം സം­സാ­രി­ച്ചി­ല്ല. സം­സാ­രി­ക്കാൻ വ­യ്യാ­യി­രു­ന്നു. അ­ത്ര­യ്ക്ക­ധി­ക­മു­ണ്ടാ­യി­രു­ന്നു ഹൃ­ദ­യ­വേ­ദ­ന. എ­ല്ലാ­വ­രും നേർ­ത്തെ എ­ഴു­ന്നേ­ല്ക്കു­ന്നു. ദി­ന­കൃ­ത്യ­ങ്ങൾ­ക്കു­ശേ­ഷം യൂ­നി­ഫോ­മി­ട്ടു പ­രേ­ഡി­ന്നും പാ­റാ­വി­ന്നും മറ്റു ഡ്യൂ­ട്ടി­കൾ­ക്കു­മാ­യി പോ­വു­ന്നു. രാ­ത്രി­യിൽ വീ­ണ്ടും ഒ­രു­മി­യ്ക്കു­ന്നു. ആ ഒ­ഴി­ഞ്ഞ ക­ട്ടി­ലി­ലേ­യ്ക്കു നോ­ക്കു­മ്പോൾ അ­വ­രു­ടെ­യെ­ല്ലാം ക­ണ്ണു­കൾ നി­റ­യു­ന്നു.

റെ­ജി­മ­ന്റിൽ എ­ല്ലാം ശ­രി­യ്ക്കു ന­ട­ന്നു­കൊ­ണ്ടി­രു­ന്നു. പു­ല­രാൻ കാ­ല­ത്തു ‘റി­വാ­ലി’യുടെ ബ്യൂ­ഗിൾ ശ­ബ്ദി­ക്കു­ന്ന­തോ­ടൊ­പ്പം പ്ര­വൃ­ത്തി­ക­ളാ­രം­ഭി­ക്കു­ന്നു. വൈ­കു­ന്നേ­രം റി­ട്രീ­റ്റി­ന്റെ ബ്യൂ­ഗിൾ ശ­ബ്ദി­ക്കു­ന്ന­തോ­ടൊ­പ്പം പ്ര­വൃ­ത്തി­ക­ള­വ­സാ­നി­ക്കു­ന്നു. നേ­ര­ത്തി­നു ചോറും ചാ­യ­യും കി­ട്ടു­ന്നു. മാ­സാ­രം­ഭ­ത്തിൽ ശ­മ്പ­ള­വും. ഒ­ന്നി­ന്നും ഒരു നീ­ക്കു­പോ­ക്കു­മി­ല്ല. തോ­മ­സ്സ് കി­ട­ന്നി­രു­ന്ന മു­റി­യി­ലു­ള്ള­വർ­ക്കൊ­ഴി­കെ ആർ­ക്കും ഒ­ര­സു­ഖ­വും തോ­ന്നി­യി­രു­ന്നി­ല്ല. അ­വ­രു­ടെ ജീ­വി­തം വി­ര­സ­മാ­യ­ങ്ങി­നെ നീ­ങ്ങു­ക­യാ­ണു്.

അ­ങ്ങ­നെ ദി­വ­സ­ങ്ങൾ നീ­ങ്ങി­ക്കൊ­ണ്ടി­രി­ക്കു­മ്പോ­ഴാ­ണു് ആ റെ­ജി­മെ­ന്റിൽ വേ­റൊ­ര­ത്യാ­ഹി­തം കൂ­ടി­യു­ണ്ടാ­യ­തു്. സം­ഭ­വ­മെ­ന്താ­ണെ­ന്ന­ല്ലേ? ഒരു ‘സ്കീം’ ന­ട­ന്നു­കൊ­ണ്ടി­രി­ക്കു­മ്പോ­ഴാ­ണ­തു­ണ്ടാ­യ­തു്. സ്കീ­മി­ന്നു പോ­വാ­നു­ള്ള കല്പന പെ­ട്ടെ­ന്നാ­ണു് കി­ട്ടി­യ­തു്. പ­ന്ത്ര­ണ്ടു മ­ണി­ക്കൂ­റി­നു­ള്ളിൽ പു­റ­പ്പെ­ടാൻ തെ­യ്യാ­റാ­വ­ണം. ‘ഡീവ്’ മു­ഴു­ക്കെ അ­ജ്ഞാ­ത­മാ­യ ഒരു സ്ഥ­ല­ത്തേ­ക്കു മൂ­വാ­ക­ണം. സ്ഥ­ല­ത്തി­ന്റെ മാ­പ്പ് റ­ഫ­റൻ­സ് മാ­ത്രം ഒ­ഫീ­സർ­മാർ­ക്ക­റി­യാം. അതു വളരെ ര­ഹ­സ്യ­മാ­യി വെ­ച്ചി­രി­ക്കു­ക­യാ­ണു്.

സ്കീം എന്നു വെ­ച്ചാൽ യു­ദ്ധ­ക്ക­ള­ത്തിൽ പോ­രാ­ടേ­ണ്ട­തി­ന്നു­ള്ള പ­രി­ശീ­ല­നം ന­ല്കു­ക എ­ന്നർ­ത്ഥ­മാ­ണു്. പ­ട്ടാ­ള­ത്തെ­സ്സം­ബ­ന്ധി­ച്ചേ­ട­ത്തോ­ളം സ്കീം വലിയ പ്രാ­ധാ­ന്യ­മർ­ഹി­ക്കു­ന്നു. സ്കീ­മി­ന്നു പോ­വാ­ത്ത­വർ പ­ട്ടാ­ള­ക്കാ­ര­ല്ല.

നന്നെ രാ­വി­ലെ­യാ­ണു് റെ­ജി­മെ­ന്റ് മൂ­വാ­വാൻ പോ­വു­ന്ന­തു്. എ­ല്ലാം ത­യ്യാ­റാ­യി നി­ല്ക്കു­ന്നു. ഓരോ ‘കോറി’ന്റേ­യും ട്ര­ക്കു­ക­ളും പ­ട്ടാ­ള­ക്കാ­രും മ­റ്റു­പ­ക­ര­ണ­ങ്ങ­ളും വെ­വ്വേ­റെ വെ­വ്വേ­റെ­യാ­യി തരം തി­രി­ഞ്ഞു നി­ല്ക്കു­ന്നു. ട്ര­ക്കു­കൾ­ക്കു പു­റ­ത്തെ­ല്ലാം മ­ര­ക്കൊ­മ്പു­കൾ വെ­ച്ചു കെ­ട്ടി­യി­ട്ടു­ണ്ടു്. കാ­മോ­ഫ്ലേ­ജി­ന്റെ കാ­ര്യ­ത്തിൽ പ്ര­ത്യേ­കം നി­ഷ്കർ­ഷ­വേ­ണം. മു­മ്പി­ലു­ള്ള അ­ണി­യിൽ സി­ഗ്നൽ കോ­റി­ന്റെ ട്ര­ക്കു­ക­ളാ­ണു്. അ­വ­യി­ലെ­ല്ലാം വ­യർ­ല­സ്സ് സെ­റ്റ് ഘ­ടി­പ്പി­ച്ചി­രി­ക്കു­ന്നു. ഓ­ടി­ക്കൊ­ണ്ടി­രി­ക്കു­മ്പോ­ഴും ക­മ്യൂ­നി­ക്കേ­ഷൻ ന­ട­ത്താ­വു­ന്ന വി­ധ­ത്തി­ലാ­ണു് സെ­റ്റ് ഘ­ടി­പ്പി­ച്ചി­രി­ക്കു­ന്ന­തു്. ഓരോ സെ­റ്റി­ന­ടു­ത്തും രണ്ടു ഓ­പ്പ­റേ­റ്റർ വീ­ത­മു­ണ്ടു്. അ­വ­രു­ടെ­യെ­ല്ലാം തലയിൽ ഹെൽ­മെ­റ്റും പു­റ­ത്തും അ­ര­ക്കെ­ട്ടി­ലു­മാ­യി വ­ലി­യ­തും ചെ­റി­യ­തു­മാ­യ ഹവർ സാ­ക്കും വാ­ട്ടർ ബോ­ട്ടി­ലു­മു­ണ്ടു്. ചു­മ­ലിൽ അയഞ്ഞ സ്ലി­ങ് കൊ­ണ്ടു ബ­ന്ധി­ച്ച റൈ­ഫി­ളു­മു­ണ്ടു്.

സി­ഗ്നൽ കോ­റി­ന്റെ അ­ണി­യ്ക്കു പി­ന്നിൽ സപ്ലൈ കോർ, ഓർ­ഡ­നൻ­ഡ് കോർ, മെ­ഡി­യ്ക്കൽ കോർ, ഇൻ­ഫൻ­ട്രി… അ­ങ്ങ­നെ അ­ണി­നി­ര­ന്നു നി­ല്ക്കു­ന്നു. എല്ലാ പ­ട്ടാ­ള­ക്കാ­രും മു­ഴു­വൻ എഫ്.എസ്.എം.ഒ. ധ­രി­ച്ചാ­ണു് നി­ല്ക്കു­ന്ന­തു്. സ­ഹി­യ്ക്കാ­നാ­വാ­ത്ത ഭാരം കൊ­ണ്ടു് അ­വ­രു­ടെ ചു­മ­ലു­കൾ ഉ­യർ­ന്നും താ­ഴ്‌­ന്നും കൊ­ണ്ടി­രു­ന്നു.

ജി. വൺ ഓരോ കോ­റി­ന്റെ പ്ര­ധാ­ന­പ്പെ­ട്ട ഓ­ഫീ­സർ­മാ­രേ­യും വി­ളി­ച്ചു ചില നിർ­ദ്ദേ­ശ­ങ്ങൾ കൊ­ടു­ത്തു. അ­റ്റൻ­ഷ­നാ­യി നി­ന്നു അ­വ­ര­തെ­ല്ലാം കേ­ട്ടു.

‘മൂവ്’ ആ­കാ­നു­ള്ള സ­മ­യ­മാ­യി. ആദ്യം മി­ലി­റ്റ­റി പോ­ലീ­സി­ലെ രണ്ടു എൻ.സി.ഒ.മാർ മോ­ട്ടോർ സൈ­ക്കിൾ സ്റ്റാർ­ട്ടു് ചെ­യ്തു, ത­യ്യാ­റാ­യി ക­യ­റി­യി­രു­ന്നു. അവർ വ­ഴി­കാ­ട്ടി­ക­ളാ­ണു്. അ­വർ­ക്കു പി­ന്നാ­ലെ, ജി.വൺ ജീ­പ്പിൽ കയറി… തു­ടർ­ന്നു എല്ലാ പ­ട്ടാ­ള­ക്കാ­രും നിർ­ദ്ദേ­ശ­മ­നു­സ­രി­ച്ചു ട്ര­ക്കു­ക­ളിൽ കയറി ഇ­രു­ന്നു. ഡീവ് മൂ­വാ­യി. ഒ­ന്നി­ന്നു പി­ന്നാ­ലെ മ­റെ­റാ­ന്നാ­യി ട്ര­ക്കു­കൾ മന്ദം മ­ന്ദ­മാ­യി നീ­ങ്ങി. കോ­രി­ത്ത­രി­പ്പു­ണ്ടാ­ക്കു­ന്ന ഒരു കാ­ഴ്ച­യാ­യി­രു­ന്നു അതു്.

ന­ട്ടു­ച്ച­യ്ക്കു­ശേ­ഷ­മാ­ണു് ഡിവ് സ്കീ­മി­നു­ള്ള സ്ഥ­ല­ത്തെ­ത്തി­യ­തു്. എ­ല്ലാ­വർ­ക്കും നന്നെ ക്ഷീ­ണ­മു­ണ്ടാ­യി­രു­ന്നു. ലോ­റി­കൾ­ക്കു ശ­രി­ക്കു പോ­കാ­വു­ന്ന റോ­ഡിൽ­ക്കൂ­ടെ­യൊ­ന്നു­മാ­യി­രു­ന്നി­ല്ല യാത്ര. കു­ണ്ടും കു­ഴി­യും പാ­റ­ക്ക­ല്ലു­ക­ളും നി­റ­ഞ്ഞ റോഡ്. ഉ­ച്ച­വെ­യി­ലിൽ കു­ലു­ങ്ങി­ക്കു­ലു­ങ്ങി­ക്കൊ­ണ്ടു ലോ­റി­കൾ നീ­ങ്ങു­മ്പോൾ എ­ല്ലു­കൾ പൊ­ടി­ഞ്ഞു ത­ക­രു­ന്ന­തു പോലെ തോ­ന്നി­യി­രു­ന്നു.

ലോ­റി­ക­ളെ­ല്ലാം വൃ­ക്ഷ­ച്ഛാ­യ­ക­ളിൽ ഹാൾ­ട്ടു ചെ­യ്തു നിർ­ത്തി. എല്ലാ പ­ട്ടാ­ള­ക്കാ­രും ലോ­റി­ക­ളിൽ­നി­ന്നു ചാ­ടി­യി­റ­ങ്ങി. ഓരോ കോ­റി­ലേ­യും പ­ട്ടാ­ള­ക്കാർ അ­വ­ര­വ­രു­ടെ ഉ­യർ­ന്ന ഉ­ദ്യോ­ഗ­സ്ഥ­ന്മാർ­ക്കു പി­ന്നാ­ലെ ഫാ­ളി­നാ­യി നി­ന്നു നിർ­ദ്ദേ­ശ­ങ്ങൾ ശ്ര­ദ്ധി­ച്ചു കേ­ട്ടു. നിർ­ദ്ദേ­ശ­ങ്ങൾ കേ­ട്ട­തി­ന്നു ശേഷം അവർ ഡി­സ്മി­സ് ചെ­യ്യ­പ്പെ­ട്ടു. പി­ന്നെ പണികൾ തന്നെ… ട്ര­ഞ്ചു­കൾ കു­ഴി­ക്കു­ക. ടെ­ന്റു­ക­ള­ടി­ക്കു­ക. ടെ­ന്റു­ക­ളു­ടെ മീതെ പ­ച്ചി­ല­ക്കൊ­മ്പു­കൾ ഒ­ടി­ച്ചി­ടു­ക. അ­ങ്ങ­നെ… അ­ങ്ങ­നെ…

ഓരോ കോ­റി­ലെ ആൾ­ക്കാ­രും അ­വ­ര­വ­രു­ടെ കോ­റി­ന്റ പേ­രി­നു­വേ­ണ്ടി ക­ഠി­ന­മാ­യി യ­ത്നി­ക്കു­ക­യാ­ണു്.

സി­ഗ്നൽ കോ­റി­ലെ പ­ട്ടാ­ള­ക്കാ­രും ഉ­ഷാ­റാ­യി ജോ­ലി­കൾ ചെ­യ്യു­ക­യാ­ണു്. വ­യർ­ല­സ്സ് സെ­റ്റ് സ്ഥാ­പി­ച്ചി­ട്ടു­ള്ള ലോ­റി­കൾ വൃ­ക്ഷ­ച്ഛാ­യ­ക­ളിൽ കൊ­ണ്ടു നിർ­ത്തി. ഡ­യ­റ­ക്ഷൻ നോ­ക്കി ‘ഏരിയൽ’ സ്ഥാ­പി­ച്ചു. ലോ­റി­കൾ നിർ­ത്തി­യി­രി­യ്ക്കു­ന്ന സ്ഥ­ല­ത്തി­നു ചു­റ്റും ട്ര­ഞ്ചു­കൾ കു­ഴി­ച്ചു. ഓരോ ട്ര­ഞ്ചി­നും ക­ഴു­ത്തു­വ­രെ ആ­ഴ­മു­ണ്ടു്.

കേണൽ അ­ഗർ­വാൾ പി. കെ. നായരെ അ­ന്വേ­ഷി­ച്ചു. പി. കെ. നായർ ഓ­ടി­വ­ന്നു സ­ല്യൂ­ട്ടു ചെ­യ്തു. കേണൽ സാബ് പ­റ­ഞ്ഞു: “നീ ജി.ഓ.സി.യുടെ ഡി­സ്പാ­ച്ച് റൈഡർ ആണു്. മ­ന­സ്സി­ലാ­യോ?”

“ജീ, സാ­ബ്ബ്.”

ജ.ഒ.സി.യുടെ ടെ­ന്റ് സ്കീം സ­ഥ­ല­ത്തു­നി­ന്നു് അ­ര­നാ­ഴി­ക ദൂ­ര­ത്തു­ള്ള ഒരു കു­ന്നിൻ പ­ള്ള­ത്തി­ലാ­ണു്. പി. കെ. നായർ മോ­ട്ടോർ സൈ­ക്കിൾ സ്റ്റാർ­ട്ടു് ചെ­യ്തു് അ­ങ്ങോ­ട്ടു­പോ­യി. ജി.ഓ.സി.യും മറ്റു പ്ര­ധാ­ന­പ്പെ­ട്ട ഓ­ഫീ­സർ­മാ­രും ചേർ­ന്നു് വ­ലി­യൊ­രു മേ­പ്പ് നി­വർ­ത്തി­വെ­ച്ചു് എ­ന്തൊ­ക്കെ­യോ കാ­ര്യ­മാ­യി സം­സാ­രി­ക്കു­ക­യാ­ണു്. പെൻ­സിൽ കൊ­ണ്ടു് മേ­പ്പി­ന്റെ ചില സ്ഥ­ല­ങ്ങ­ളിൽ അ­ട­യാ­ള­പ്പെ­ട­ത്തു­ക­യും ചില മേ­പ്പ് റ­ഫ­റൻ­സ് പ­റ­യു­ക­യും മ­റ്റും ചെ­യ്യു­ന്നു. പി. കെ. നാ­യർ­ക്കു് മ­ന­സ്സി­ലാ­യി അവിടെ രഹസ്യ സം­ഭാ­ഷ­ണ­ങ്ങൾ ന­ട­ക്ക­യാ­ണെ­ന്നു്. പി. കെ. നായർ മോ­ട്ടോർ സൈ­ക്കി­ളി­ന്റെ അ­ടു­ത്തു വന്നു നി­ന്നു ചു­റ്റും നോ­ക്കി. ക­ണ്ണി­നും ക­ര­ളി­നും കു­ളുർ­മ്മ തോ­ന്നി­യ്ക്കു­ന്ന കാ­ഴ്ച­കൾ. സ­സ്യ­ശ്യാ­മ­ള­മാ­യ ഭൂ­വി­ഭാ­ഗം, പു­ഞ്ചി­രി­ച്ചു നി­ല്ക്കു­ന്ന പൂ­ക്കൾ, മു­ഴു­ത്തു തൂ­ങ്ങു­ന്ന പ­ഴ­ങ്ങൾ. പ­ത­ഞ്ഞൊ­ഴു­കു­ന്ന പൂ­ഞ്ചോ­ല­കൾ, പി. കെ. നായർ തി­രി­ഞ്ഞു നോ­ക്കി. ടെ­ന്റി­ന്റെ ഫ്ളാ­പ്പ് പൊ­ക്കി ഒരു ക്യാ­പ്റ്റൻ വി­ളി­യ്ക്കു­ക­യാ­ണു്. നായർ ഓ­ടി­ച്ചെ­ന്നു. ക്യാ­പ്റ്റൻ സീൽ­വെ­ച്ച ഒരു കവർ നീ­ട്ടി­ക്കൊ­ണ്ടു പ­റ­ഞ്ഞു: “ഈ കവർ ജാ­ട്ടു് റെ­ജി­മെ­ന്റിൽ കൊ­ണ്ടു­പോ­യി കൊ­ടു­ക്ക­ണം.” ജാ­ട്ടു് റെ­ജി­മെ­ന്റ് പത്തു നാഴിക ദൂ­ര­ത്താ­ണു്. അ­ങ്ങോ­ട്ടു­ള്ള വഴി ദുർ­ഘ­ടം പി­ടി­ച്ച­തും. ശ­ത്രു­ക­ളു­ടെ കൈ­യിൽ­നി­ന്നു് ആ സ്ഥലം വീ­ണ്ടെ­ടു­ത്തി­ട്ടു മാ­സ­ങ്ങൾ കു­റെ­യാ­യെ­ങ്കി­ലും ക­ഴി­ഞ്ഞ മാസം വരെ അവിടെ ഒരു പ­ട്ടാ­ള­ഡി­റ്റാ­ച്ച്മെ­ന്റു പോ­ലു­മു­ണ്ടാ­യി­രു­ന്നി­ല്ല. ഒരു മാസം മു­മ്പാ­ണു് അ­ങ്ങോ­ട്ടു് ഒരു ജാ­ട്ടു് റെ­ജി­മെ­ന്റ് അ­യ­ച്ച­തു്. ‘വെ­ടി­നിർ­ത്തൽ രേഖ’യുടെ അ­ടു­ത്തു കി­ട­ക്കു­ന്ന ഒരു സ്ഥ­ല­മാ­ണ­ത്.

പി. കെ. നായർ പു­റ­പ്പെ­ട്ടു. തലയിൽ ‘ഹെൽ­മെ­റ്റ്’ ശ­രി­യ്ക്കു വെ­ച്ചു. സീൽഡ് കവർ മോ­ട്ടോർ സൈ­ക്കി­ളി­ന്റെ പി­ന്നി­ലു­ള്ള ഹവർ സാ­ക്കിൽ ഭ­ദ്ര­മാ­യി വെ­ച്ചു. മോ­ട്ടോർ സൈ­ക്കിൾ സ്റ്റാർ­ട്ടു് ചെ­യ്തു് ഓ­ടി­ച്ചു പോയി. നാ­ലു­നാ­ഴി­ക ദൂരം വ­രെ­യു­ള്ള റോഡ് ന­ല്ല­താ­യി­രു­ന്നു. അവിടെ നി­ന്ന­ങ്ങോ­ട്ടു വീ­തി­ക­റ­ഞ്ഞ ക­ച്ചാ­റോ­ഡാ­ണു്. കച്ച റോ­ഡി­ലെ­ത്തി­യ­പ്പോൾ നായർ മോ­ട്ടോർ സൈ­ക്കി­ളി­ന്റെ സ്പീ­ഡ് കു­റ­ച്ചു. സൈ­ക്കിൾ നീ­ങ്ങി­യും നി­ര­ങ്ങി­യു­മാ­ണു് പോ­വു­ന്ന­തു്. നാ­യ­രു­ടെ ദേഹം മു­ഴു­വൻ വേ­ദ­നി­ക്കാൻ തു­ട­ങ്ങി. ശക്തി ന­ശി­യ്ക്കു­ന്ന­തു­പോ­ലെ തോ­ന്നി. ‘ഇനി ആറു നാഴിക പോകണം. വി­ഷ­മ­മാ­ണു്. ഇതിനു മു­മ്പ് മോ­ട്ടോർ സൈ­ക്കിൾ ഈ റോ­ട്ടിൽ കൂടി പോ­യി­ട്ടു­ണ്ടാ­വി­ല്ല. ക­ഴു­ത­പ്പു­റ­ത്താ­യി­രി­ക്കും റെ­ജി­മെ­ന്റി­ലേ­ക്കു് ആ­വ­ശ്യ­മു­ള്ള സാ­ധ­ന­ങ്ങൾ കൊ­ണ്ടു പോ­വു­ന്ന­തു്…’ നായർ മ­ന­സ്സിൽ വി­ചാ­രി­ച്ചു.

അ­ങ്ങ­നെ സൈ­ക്കിൾ നി­ര­ങ്ങി നീ­ങ്ങി­ക്കൊ­ണ്ടി­രി­ക്കു­മ്പോൾ അ­തി­ഭ­യ­ങ്ക­ര­മാ­യ ഒരു പൊ­ട്ടി­ത്തെ­റി­യോ­ടെ നാ­യ­രും മോ­ട്ടോർ സൈ­ക്കി­ളും മ­റി­ഞ്ഞു വീണു. നായർ ര­ക്ത­ത്തിൽ കു­ളി­ച്ചു ബോ­ധ­ര­ഹി­ത­നാ­യി കി­ട­ക്കു­ന്ന­തി­ന്റെ അ­ടു­ത്തു തന്നെ മോ­ട്ടോർ സൈ­ക്കി­ളും ചെ­രി­ഞ്ഞു വീ­ണു­കി­ട­ക്കു­ക­യാ­ണു്. എ­ങ്ങും വിജനത.

ക­ഴു­ത­പ്പു­റ­ത്തു കയറി അ­ടു­ത്ത ഗ്രാ­മ­ങ്ങ­ളി­ലേ­ക്കു പോ­കു­ന്ന ഒരു വൃ­ദ്ധൻ മു­സൽ­മാ­നാ­ണു് ര­ക്ത­ത്തിൽ മു­ങ്ങി­ക്കി­ട­ക്കു­ന്ന പി. കെ. നായരെ ക­ണ്ട­തു്. അയാൾ പ­രി­ഭ്ര­മ­ത്തോ­ടെ ചു­റ്റും നോ­ക്കി. ആരും ഇല്ല. അയാൾ ധൃ­തി­പ്പെ­ട്ടു ക­ഴു­ത­പ്പു­റ­ത്തു കയറി വിവരം ജാ­ട്ടു് റെ­ജി­മെ­ന്റിൽ അ­റി­യി­ച്ചു. ജാ­ട്ടു് റെ­ജി­മ­ന്റ­റി­ലെ സി.ഒ.വും കു­റ­ച്ചു ജ­വാൻ­മാ­രും കു­തി­ച്ചു വ­ന്നു­നോ­ക്കി.

സി.ഒ.വിനു സംഗതി മ­ന­സ്സി­ലാ­യി. അ­ദ്ദേ­ഹം പ­റ­ഞ്ഞു: “മൈൻ പൊ­ട്ടി­ത്തെ­റി­ച്ചു.”

നായരെ സി.ഒ. ഒ­ന്നു­കൂ­ടി നോ­ക്കി. നെ­റ്റി­യിൽ നി­ന്നാ­ണു് രക്തം അ­ധി­ക­മാ­യി ഒ­ഴു­കു­ന്ന­തു്. ഫ­സ്റ്റ് ഫീൽഡ് ഡ്ര­സ്സിം­ഗ് പു­റ­ത്തെ­ടു­ത്തു നെ­റ്റി­യിൽ വെ­ച്ചു കെ­ട്ടി.

പി. കെ. നായർ ക­ണ്ണു­മി­ഴി­ച്ചു വീ­ണ്ടും അ­ട­ച്ചു. ബോധം വ­ന്നി­രി­യ്ക്ക­യാ­ണു്. സ്കീം ന­ട­ക്കു­ന്ന സ്ഥ­ല­ത്തേ­ക്കു് ഉടൻ നായരെ കൊ­ണ്ടു­വ­ന്നു. കേണൽ അ­ഗർ­വാൾ തന്റെ ജീ­പ്പിൽ നായരെ ആ­സ്പ­ത്രി­യി­ലേ­യ്ക്കു കൊ­ണ്ടു­പോ­യി.

ര­ണ്ടു­ദി­വ­സ­ത്തി­നു­ശേ­ഷം സ്കീം ക­ഴി­ഞ്ഞു. സ്കീം ക­ഴി­ഞ്ഞു തി­രി­ച്ചു­വ­ന്ന അ­ന്നു­ത­ന്നെ നായർ ആ­സ്പ­ത്രി­യിൽ വെ­ച്ചു മ­രി­ച്ചു. ഡോ­ക്ടർ അ­ദ്ദേ­ഹ­ത്തി­ന്റെ എല്ലാ ക­ഴി­വു­ക­ളും വി­നി­യോ­ഗി­ച്ചു നോ­ക്കി. എ­ന്നി­ട്ടും ഫ­ലി­ച്ചി­ല്ല.

ആ­സ്പ­ത്രി­യിൽ­നി­ന്നു നാ­യ­രു­ടെ ശവം കേണൽ അ­ഗർ­വാൾ ഏ­റ്റു­വാ­ങ്ങി ജീ­പ്പിൽ കി­ട­ത്തി. റെ­ജി­മെ­ന്റി­ലു­ള്ള­വ­രിൽ അധികം പേരും ആ­സ്പ­ത്രി­യിൽ വ­ന്നി­രു­ന്നു. ജീ­പ്പ് ആ­സ്പ­ത്രി വ­ള­പ്പിൽ നി­ന്നു മന്ദം മന്ദം മു­ന്നോ­ട്ടു­നീ­ങ്ങി. ജീ­പ്പി­നു പുറകെ നി­ശ്ശ­ബ്ദ­രാ­യി ആ റെ­ജി­മെ­ന്റി­ലെ പ­ട്ടാ­ള­ക്കാ­രും.

റോ­ട്ടി­ന്റെ ഇ­രു­വ­ശ­ങ്ങ­ളി­ലു­മു­ള്ള മ­റ്റു­ള്ള റെ­ജി­മെൻ­റു­ക­ളി­ലെ ആളുകൾ പു­റ­ത്തു­വ­ന്നു നോ­ക്കി. “പി. കെ. നായർ, പി. കെ. നായർ” പലരും പ­റ­ഞ്ഞു. നായരെ അ­റി­യാ­ത്ത­വ­രാ­യി ആ­രാ­ണു് അ­വി­ടെ­യു­ള്ള­ത്? ഒരു കാൻ­റീൻ­കാ­രൻ സ­ഹ­താ­പ­പൂർ­വ്വം പ­റ­ഞ്ഞു: ‘പാവം ഒരു കു­പ്പി റം വേ­ണ­മെ­ന്നു് ഒ­രാ­ഴ്ച മു­മ്പു് എ­ന്നോ­ടു പ­റ­ഞ്ഞി­രു­ന്നു. കൊ­ടു­ക്കാ­നൊ­ത്തി­ല്ല. ഇ­താ­ണു് മ­നു­ഷ്യ­ന്റെ സ്ഥി­തി.”

ഝലം ന­ദീ­തീ­ര­ത്തിൽ പി. കെ. നാ­യ­രു­ടെ ശവം സം­സ്ക­രി­ച്ചു. പ­ട്ട­ട­ക്കു ചു­റ്റും റെ­ജി­മെ­ന്റി­ലെ പ­ട്ടാ­ള­ക്കാർ ഫാ­ളി­നാ­യി നി­ന്നു. പ­ട്ട­ട­യിൽ തീ കൊ­ടു­ത്ത­പ്പോൾ ആ റെ­ജി­മെ­ന്റ് മു­ഴു­വ­നും അ­റ്റൻ­ഷ­നാ­യി സ­ല്യൂ­ട്ടു് ചെ­യ്തു. പാ­ല്പാ­യ­സം പോലെ മ­ധു­ര­മാ­യ ആ ജീ­വി­തം ക­ത്തി­ക്ക­ത്തി ന­ശി­യ്ക്കു­ക­യാ­ണു്. അ­തോ­ടൊ­പ്പം തന്നെ പ­ണി­ക്ക­രും ക­രു­ണാ­ക­ര­നും വർ­ഗ്ഗീ­സും തേ­ങ്ങി­ത്തേ­ങ്ങി­ക്ക­ര­യു­ന്നു­ണ്ടാ­യി­രു­ന്നു.

പ­തി­നൊ­ന്നു്

ആ റെ­ജി­മെ­ന്റ് ഇ­ന്ത്യ­യി­ലേ­യ്ക്കു് തി­രി­ച്ചു­പോ­രി­ക­യാ­ണു്. മൂ­ന്നു കൊ­ല്ല­ത്തെ സം­ഭ­വ­ബ­ഹു­ല­മാ­യ ജീ­വി­ത­ത്തി­നു ശേഷം ഇ­ന്ത്യ­യിൽ ചെന്ന ഉടൻ റെ­ജി­മെ­ന്റ് ഡി­സ്ബാൻ­ഡ് ചെ­യ്യും. എ­ന്നി­ട്ടു് ഓരോ പ­ട്ടാ­ള­ക്കാ­ര­നും വേറെ ഓരോ റെ­ജി­മെ­ന്റി­ലേ­യ്ക്കു് പോവും.

പോ­യ­വ­രിൽ പലരും യു­ദ്ധ­ഭൂ­മി­യിൽ വെ­ച്ചു മ­രി­ച്ചു. ചിലർ ബോർ­ഡൌ­ട്ട്’ ആ­യി­പ്പോ­യി. അ­വ­രെ­ല്ലാം അ­റി­യ­പ്പെ­ടാ­ത്ത മ­നു­ഷ്യാ­ത്മാ­ക്ക­ളും മ­നു­ഷ്യ ജീ­വി­ക­ളു­മാ­ണു്.

കാ­ശ്മീ­രിൽ നി­ന്നു പോ­രു­ന്ന­തു സം­ബ­ന്ധി­ച്ച് ഒരു ‘ബ­ഡാ­ഖാ­നാ’ (വലിയ സദ്യ) ന­ട­ക്കു­വാൻ പോ­കു­ന്നു. അതിൽ എ­ല്ലാ­വ­രും സം­ബ­ന്ധി­യ്ക്കും. കേണൽ അ­ഗർ­വാൾ തൊ­ട്ടു സ്വീ­പ്പർ വ­രെ­യു­ള്ള­വർ. ബഡാ ഖാ­ന­യെ­ക്കു­റി­ച്ചു ര­ണ്ടാ­ഴ്ച­യ്ക്കു­മു­മ്പു­ത­ന്നെ ഓർ­ഡ­റിൽ പ­ര­സ്യ­പ്പെ­ടു­ത്തി­യി­രു­ന്നു.

എ­ല്ലാ­വ­രേ­യും വ­ലി­യൊ­രു ഹാ­ളി­ലേ­യ്ക്കു മാർ­ച്ചു ചെ­യ്യി­ച്ചു. അവിടെ ബഡാ ഖാ­ന­യ്ക്കു­വേ­ണ്ട എല്ലാ ഒ­രു­ക്ക­ങ്ങ­ളും ചെ­യ്തി­ട്ടു­ണ്ടു്. മേ­ശ­പ്പു­റ­ത്തു നി­റ­ച്ചു കു­പ്പി­ക­ളും പ്ലെ­യി­റ്റു­ക­ളും ഗ്ലാ­സു­ക­ളും നി­ര­ത്തി വെ­ച്ചി­രി­യ്ക്കു­ന്നു. ലൌ­ഡ്സ്പീ­ക്ക­റിൽ­നി­ന്നു പാ­ട്ടു­കൾ തു­രു­തു­രെ പ്ര­വ­ഹി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്നു. ബഡാ ഖാ­ന­യു­ടെ ഉ­ത്ത­ര­വാ­ദി­ത്വ­മേ­റ്റി­രി­ക്കു­ന്ന എൻ.സി.ഓ.മാരും തി­രു­ത­കൃ­തി­യിൽ അ­ങ്ങു­മി­ങ്ങും ന­ട­ക്കു­ന്നു.

ഹാ­ളി­ന്റെ ഒ­ര­രി­കി­ലാ­യി ചെ­റി­യൊ­രു സ്റ്റൂ­ളിൽ പ­നി­നീർ­പ്പൂ­മാ­ല വെ­ച്ചി­ട്ടു­ണ്ടു്. അതു കേണൽ സാ­ബ്ബി­നെ ഇ­ടു­വി­ക്കാ­നു­ള്ള­താ­ണു്. എ­ല്ലാം ഒ­രു­ങ്ങി­യി­രി­യ്ക്കു­ന്നു.

“സൈ­ലൻ­സ്, ഖാ­മോ­ഷ്.” സു­ബേ­ദാർ മേജർ വി­സി­ല­ടി­ച്ചു വി­ളി­ച്ചു­പ­റ­ഞ്ഞു. അ­തി­നെ­ത്തു­ടർ­ന്നു കേണൽ അ­ഗർ­വാൾ ഹാ­ളി­ലേ­യ്ക്കു വന്നു. ഒരു എൻ.സി.ഒ. അ­ദ്ദേ­ഹ­ത്തെ പ­നി­നീർ­പ്പൂ മാ­ല­യി­ട്ടു സ്വീ­ക­രി­ച്ചു.

ഓഫീസർ, ജെ. സി. ഒ., എൻ. സി. ഒ., സി­പ്പാ­യി എ­ല്ലാം ഒ­രു­മി­ച്ചി­രു­ന്നാ­ണു് ഊണു ക­ഴി­ച്ച­തു്. ‘ബഡാ ഖാന’യ്ക്കു ശേഷം കേണൽ സാബ് നാ­ലു­വാ­ക്കു പ­റ­യു­വാ­നാ­യി എ­ഴു­ന്നേ­റ്റു. അ­ദ്ദേ­ഹം പ­റ­ഞ്ഞു: “എല്ലാ ഓ­ഫീ­സർ­മാർ­ക്കും ജെ. സി. ഒ.വി­ന്നും എൻ. സി. ഒ. മാർ­ക്കും സി­പ്പാ­യി­കൾ­ക്കും എന്റെ ഹാർ­ദ്ദ­മാ­യ അ­ഭി­ന­ന്ദ­നം. നി­ങ്ങ­ളെ­ല്ലാ­മ­റി­ഞ്ഞി­രി­ക്കും, നമ്മൾ അ­ടു­ത്താ­ഴ്ച­യിൽ ഇവിടെ നി­ന്നു് ഇ­ന്ത്യ­യി­ലേ­യ്ക്കു പോ­ക­യാ­ണെ­ന്നു്. ക­ഴി­ഞ്ഞ മൂ­ന്നു കൊ­ല്ല­ക്കാ­ലം ന­മ്മ­ളി­വി­ടെ സ­ഹ­ക­രി­ച്ചു പ്ര­വർ­ത്തി­ച്ചു. ന­മ്മു­ടെ ഗ­വർ­മ്മെ­ണ്ടി­ന്റെ പേരും പെ­രു­മ­യും ഉ­യർ­ത്തി­ക്കാ­ണി­ച്ചു. സു­ഖ­മാ­യ ഒരു ജീ­വി­ത­മ­ല്ല നമ്മൾ ക­ഴി­ച്ച­തു്. അ­തെ­നി­ക്ക­റി­യാം. ന­മ്മ­ളെ­ല്ലാം ക­ഷ്ട­പ്പെ­ട്ടി­ട്ടു­ണ്ടു്, വളരെ വളരെ. ക­ഷ്ട­പ്പാ­ടു­ക­ളിൽ കൂ­ടി­യ­ല്ലാ­തെ ഏതൊരു കാ­ര്യ­ത്തി­ലും വിജയം നേടുക സാ­ധ്യ­മ­ല്ല. ഏതൊരു ക­ഷ്ട­പ്പാ­ടി­ലും നി­ങ്ങൾ കാ­ണി­ച്ച ആ­ത്മ­ധൈ­ര്യ­വും സ­ഹ­ക­ര­ണ­ബോ­ധ­വു­മോർ­ക്കു­മ്പോൾ ഞാൻ കോൾ­മ­യിർ­ക്കൊ­ള്ളു­ന്നു. നി­ങ്ങ­ളു­ടെ കൂടെ, നി­ങ്ങ­ളു­ടെ സി. ഒ. ആയി പ്ര­വർ­ത്തി­ക്കു­വാൻ സാ­ധി­ച്ച­തു ജീ­വി­ത­ത്തി­ലെ വ­ലി­യൊ­രു നേ­ട്ട­മാ­യി ഞാൻ ക­ണ­ക്കാ­ക്കു­ന്നു. നി­ങ്ങൾ ഓ­രോ­രു­ത്ത­രെ­ക്കു­റി­ച്ചു­മു­ള്ള ഓർ­മ്മ­കൾ എന്റെ ഹൃ­ദ­യ­ത്തിൽ എ­ന്നും പ­ച്ച­ച്ചു­ത­ന്നെ നി­ല്ക്കും.”

“നി­ങ്ങൾ­ക്ക­റി­യാം ഇ­ന്ത്യ­യി­ലെ­ത്തി­യാൽ ഈ റ­ജി­മെ­ന്റ് ഡി­സ്ബാ­ന്റ്” ചെ­യ്യു­മെ­ന്നു്. പി­ന്നെ നി­ങ്ങ­ളെ­ല്ലാം പുതിയ പുതിയ റെ­ജി­മെ­ന്റു­ക­ളി­ലേ­ക്കു പോവും. എ­നി­ക്കും ക­മാൻ­ഡ് ചെ­യ്യു­വാൻ പു­തി­യൊ­രു റെ­ജി­മെ­ന്റ് കി­ട്ടി­യേ­യ്ക്കും.

“നി­ങ്ങൾ എ­വി­ടെ­പ്പോ­യാ­ലും നല്ല പ­ട്ടാ­ള­ക്കാ­രാ­യി­രി­യ്ക്കു­മെ­ന്നു് എ­നി­ക്കു നല്ല ഉ­റ­പ്പു­ണ്ടു്. എ­നി­ക്കു ത­ന്ന­തു­പോ­ലെ­യു­ള്ള സ­ഹാ­യ­വും സ­ഹ­ക­ര­ണ­വും നി­ങ്ങൾ ഓരോ സി. ഒ.വി­ന്നും കൊ­ടു­ക്കു­മെ­ന്നും എ­നി­ക്കു­റ­പ്പു­ണ്ടു്.

“ഞാൻ നി­ങ്ങ­ളെ ഒ­രി­ക്ക­ലും, ഒ­രി­ക്ക­ലും മ­റ­ക്കു­ക­യി­ല്ലെ­ന്നു ഒ­രാ­വർ­ത്തി­കൂ­ടി പ­റ­ഞ്ഞു­കൊ­ണ്ടു് അ­വ­സാ­നി­പ്പി­ക്കു­ന്നു. ജ­യ്ഹി­ന്ദ്”

കൈ­യ­ടി­ശ­ബ്ദ­ങ്ങൾ ഹാളിൽ മു­ഴ­ങ്ങി.

റെ­ജി­മെ­ന്റ് തി­രി­ച്ചു­പോ­രു­ന്ന­തി­ന്റെ ത­ലേ­ദി­വ­സം പ­ണി­ക്ക­രും വർ­ഗ്ഗീ­സും ക­രു­ണാ­ക­ര­നും പി. കെ. നായരെ സം­സ്ക­രി­ച്ച സ്ഥലം കാണാൻ പോയി. ചു­റ്റും പൂ­ത്തും ത­ളിർ­ത്തും നി­ല്ക്കു­ന്ന വൃ­ക്ഷ­ല­താ­ദി­കൾ ഇളം കാ­റ്റി­ലാ­ടി­ക്ക­ളി­ക്കു­ക­യാ­ണു്. ഝലം നദി പ്ര­ശാ­ന്ത­മാ­യി ഒ­ഴു­കു­ന്നു. ന­ദി­യു­ടെ ഓ­ര­ങ്ങ­ളിൽ വൃ­ക്ഷ­ങ്ങൾ വെ­ള്ള­പ്പൂ­ക്ക­ള­ണി­ഞ്ഞു നി­ല്ക്കു­ന്നു. തി­ക­ച്ചും പ്ര­ശാ­ന്ത­ര­മ­ണീ­യ­മാ­യ ചു­റ്റു­പാ­ടു്.

അവർ മൂ­ന്നു­പേ­രും നി­ശ്ശ­ബ്ദ­രാ­യി കു­റേ­നേ­രം അവിടെ നി­ന്നു.

പ­ണി­ക്കർ ആ­രോ­ടെ­ന്നി­ല്ലാ­തെ പ­റ­ഞ്ഞു: “പി. കെ. ഞങ്ങൾ നാളെ പോ­ക­യാ­ണു്. നി­ങ്ങ­ളെ­ക്കൂ­ടാ­തെ പോ­ക­യാ­ണു്.” ഗ­ദ്ഗ­ദം അ­യാ­ളു­ടെ വാ­ക്കു­ക­ളെ ഇ­ട­യ്ക്കി­ട­ക്കു ത­ട­ഞ്ഞി­രു­ന്നു.

വർ­ഗ്ഗീ­സ് മു­ട്ടു­കു­ത്തി­യി­രു­ന്നു ഹൃ­ദ­യ­ത്തിൽ കു­രി­ശു­വ­ര­ച്ചു. പ­ണി­ക്ക­രും ക­രു­ണാ­ക­ര­നും പി. കെ.നാ­യർ­ക്കു വേ­ണ്ടി പ്രാർ­ത്ഥി­ച്ചു.

വൃ­ക്ഷ­ങ്ങ­ളിൽ­നി­ന്നു കുറെ വെ­ള്ള­പ്പൂ­ക്കൾ ന­ദി­യി­ലേ­ക്കു കൊ­ഴി­ഞ്ഞു­വീ­ണു. ഒരു പക്ഷി വൃ­ക്ഷ­ശി­ഖി­ര­ത്തിൽ­നി­ന്നു് ആ­കാ­ശ­ത്തി­ന്റെ നീ­ലി­മ­യി­ലേ­യ്ക്കു ചി­റ­ക­ടി­ച്ചു പ­റ­ന്നു­പോ­യി. ന­ദി­യിൽ ഒ­ഴു­ക്കി­നെ­തി­രാ­യി ഒരു കൊ­ച്ചു­വ­ള്ളം തു­ഴ­ഞ്ഞു­കൊ­ണ്ടു് ഒരു പെൺ­കു­ട്ടി പോ­ക­യാ­ണു്. ന­ദി­ക്ക­രെ­യു­ള്ള ഒരു കു­ടി­ലിൽ നി­ന്നു് ഒരു ഗ്രാ­മീ­ണ­ഗാ­ന­ത്തി­ന്റെ ഈ­ര­ടി­കൾ അ­വ്യ­ക്ത­മാ­യി കേൾ­ക്കു­ന്നു­ണ്ടു്.

ക­രു­ണാ­ക­രൻ പ­റ­ഞ്ഞു: “പി. കെ. നായർ പ­റ­യാ­റു­ള്ള­തു­പോ­ലെ, ‘ജ­സ്റ്റ് ലൈ­ക്ക്, പാ­ല്പാ­യ­സ­മാ­യ ഒരു സ്ഥ­ല­മാ­ണി­വി­ടം.”

“ശരി, ഇനി ന­മു­ക്കു പോകാം.” പ­ണി­ക്കർ ഓർ­മ്മി­പ്പി­ച്ചു.

അവർ മൂ­ന്നു­പേ­രും ആ ചു­റ്റു­പാ­ടു­ക­ളിൽ ഒ­ന്നു­കൂ­ടി നോ­ക്കി. അ­വി­ടെ­നി­ന്നു് ന­ട­ന്ന­ക­ന്നു.

ന­ന്ത­നാർ

നോ­വ­ലി­സ്റ്റ്, ചെ­റു­ക­ഥാ­കൃ­ത്തു് എന്നീ നി­ല­ക­ളിൽ പ്ര­ശ­സ്ത­നാ­യ ഒരു മ­ല­യാ­ള­സാ­ഹി­ത്യ­കാ­ര­നാ­ണു് ന­ന്ത­നാർ എന്ന തൂ­ലി­കാ നാ­മ­ത്തിൽ അ­റി­യ­പ്പെ­ടു­ന്ന പൂ­ര­പ്പ­റ­മ്പിൽ ചെ­ങ്ങ­ര ഗോ­പാ­ലൻ (1926–1974). ആ­ത്മാ­വി­ന്റെ നോ­വു­കൾ എന്ന നോവൽ 1963-ൽ കേരള സാ­ഹി­ത്യ അ­ക്കാ­ദ­മി അ­വാർ­ഡ് നേടി. തമിഴ് ശി­വ­ഭ­ക്ത­സ­ന്യാ­സി­യാ­യി­രു­ന്ന ന­ന്ദ­നാ­രോ­ടു­ള്ള ആ­ദ­ര­സൂ­ച­ക­മാ­യാ­ണു് അ­ദ്ദേ­ഹം തൂ­ലി­കാ­നാ­മം സ്വീ­ക­രി­ച്ച­തു്.

ജീ­വി­ത­രേ­ഖ

1926-ൽ ഇ­ന്ന­ത്തെ മ­ല­പ്പു­റം ജി­ല്ല­യി­ലെ അ­ങ്ങാ­ടി­പ്പു­റ­ത്തു് പ­ര­മേ­ശ്വ­ര ത­ര­ക­ന്റേ­യും, നാ­ണി­ക്കു­ട്ടി­യ­മ്മ­യു­ടെ­യും മ­ക­നാ­യി ജ­നി­ച്ചു. തി­രു­മാ­ന്ധാം­കു­ന്നു് ക്ഷേ­ത്ര­ത്തി­ന്റെ കി­ഴ­ക്കേ ന­ട­യി­ലാ­യി­രു­ന്നു അ­ദ്ദേ­ഹ­ത്തി­ന്റെ കു­ടും­ബ­വീ­ടു്. വീ­ടി­ന­ടു­ത്തു­ള്ള തരകൻ ഹയർ എ­ലി­മെ­ന്റ­റി സ്കൂ­ളി­ലാ­യി­രു­ന്നു വി­ദ്യാ­ഭ്യാ­സം. 1942 മുതൽ 1964 വരെ പ­ട്ടാ­ള­ത്തിൽ സി­ഗ്നൽ വി­ഭാ­ഗ­ത്തിൽ ജോലി നോ­ക്കി. 1965 മുതൽ മൈ­സൂ­രിൽ എൻ. സി. സി. ഇൻ­സ്ട്ര­ക്ട­റാ­യി­രു­ന്നു. 1967 മുതൽ ഫാ­ക്റ്റിൽ പ­ബ്ലി­സി­റ്റി വി­ഭാ­ഗ­ത്തി­ലാ­യി­രു­ന്നു. ജോ­ലി­യി­ലി­രി­ക്ക­വേ 1974-ൽ പാ­ല­ക്കാ­ട്ടെ ഒരു ലോ­ഡ്ജ് മു­റി­യിൽ വ­ച്ചു് ന­ന്ത­നാർ ആ­ത്മ­ഹ­ത്യ ചെ­യ്തു. ഈ ക­ടും­കൈ ചെ­യ്യു­മ്പോൾ അ­ദ്ദേ­ഹ­ത്തി­നു് 48 വ­യ­സ്സേ ആ­യി­രു­ന്നു­ള്ളൂ.

ഏഴു നോ­വ­ലു­ക­ളും ഒരു നാ­ട­ക­വും പ­തി­നൊ­ന്നു് ക­ഥാ­സ­മാ­ഹാ­ര­ങ്ങ­ളും ഇ­ദ്ദേ­ഹം ര­ചി­ച്ചി­ട്ടു­ണ്ടു്. ബാ­ല്യം മുതൽ താൻ അ­നു­ഭ­വി­ച്ച­റി­ഞ്ഞ ക­ഷ്ട­പ്പാ­ടു­കൾ കഥയിൽ അ­വ­ത­രി­പ്പി­ച്ചി­ട്ടു­ള്ള ന­ന്ത­നാ­രു­ടെ ക­ഥാ­പാ­ത്ര­ങ്ങൾ പാ­വ­പ്പെ­ട്ട­വ­രും സാ­ധാ­ര­ണ­ക്കാ­രും മ­ണ്ണി­ന്റെ മണവും പ്ര­കൃ­തി­യു­ടെ ക­നി­വും അ­റി­ഞ്ഞ ഹൃദയ നൈർ­മ­ല്യ­വു­മു­ള്ള­വ­രു­മാ­ണു്. മലബാർ ക­ലാ­പ­വും ഇന്ത്യാ-​പാക് വി­ഭ­ജ­ന­വും ഹി­ന്ദു­മു­സ്ലീം ല­ഹ­ള­യും ന­ന്ത­നാർ ക­ഥ­ക­ളു­ടെ ജീവത് സ്പ­ന്ദ­ന­ങ്ങ­ളാ­യി മാ­റു­ന്നു­ണ്ടു്. യു­ദ്ധ­ക്കെ­ടു­തി­ക­ളും പ­ട്ടാ­ള­ക്യാ­മ്പു­ക­ളി­ലെ മനം മ­ടു­പ്പി­ക്കു­ന്ന ജീ­വി­ത­വും ക­ഥ­ക­ളു­ടെ ശ­ക്തി­കേ­ന്ദ്ര­ങ്ങ­ളാ­ണു്. ആ­ത്മാ­വി­ന്റെ നോ­വു­കൾ ഇം­ഗ്ലീ­ഷി­ലും ഹി­ന്ദി­യി­ലും വി­വർ­ത്ത­നം ചെ­യ്യ­പ്പെ­ട്ടി­ട്ടു­ണ്ടു്. ഇ­ദ്ദേ­ഹ­ത്തി­ന്റെ ചെ­റു­ക­ഥ­ക­ളും അനേകം ഭാ­ഷ­ക­ളി­ലേ­ക്കു് വി­വർ­ത്ത­നം ചെ­യ്യ­പ്പെ­ട്ടി­ട്ടു­ണ്ടു്. പ്ര­മു­ഖ ക­വി­യും ഗാ­ന­ര­ച­യി­താ­വു­മാ­യ പി. സി. അ­ര­വി­ന്ദൻ ന­ന്ത­നാ­രു­ടെ അ­ന­ന്ത­ര­വ­നാ­ണു്.

പ്ര­ധാ­ന കൃ­തി­കൾ
നോവൽ
  • ആ­ത്മാ­വി­ന്റെ നോ­വു­കൾ (1965)
  • അ­നു­ഭൂ­തി­ക­ളു­ടെ ലോകം (1965)
  • ഉ­ണ്ണി­ക്കു­ട്ട­ന്റെ ഒരു ദിവസം (1966)
  • ഉ­ണ്ണി­ക്കു­ട്ടൻ സ്കൂ­ളിൽ (1967)
  • മ­ഞ്ഞ­ക്കെ­ട്ടി­ടം (1968)
  • ഉ­ണ്ണി­ക്കു­ട്ടൻ വ­ള­രു­ന്നു (1969)
  • ആ­യി­ര­വ­ല്ലി­ക്കു­ന്നി­ന്റെ താ­ഴ്‌­വ­ര­യിൽ (1971)
  • അ­നു­ഭ­വ­ങ്ങൾ (1975)
ചെ­റു­ക­ഥ­കൾ
  • തോ­ക്കു­കൾ­ക്കി­ട­യി­ലെ ജീ­വി­തം (1957)
  • നി­ഷ്ക­ള­ങ്ക­ത­യു­ടെ ആ­ത്മാ­വ് (1961)
  • മി­സ്റ്റർ കുൽ­ക്കർ­ണി (1965)
  • കൊ­ന്ന­പ്പൂ­ക്കൾ (1971)
  • ഇര (1972)
  • ഒരു സൗഹൃദ സ­ന്ദർ­ശ­നം (1974)
  • നെ­ല്ലും പ­തി­രും
  • വി­ലാ­സി­നി

ന­ന്ത­നാ­രു­ടെ യഥാർഥ ജീവിത സ­ന്ദർ­ഭ­ങ്ങ­ളെ­യും ക­ഥാ­സ­ന്ദർ­ഭ­ങ്ങ­ളെ­യും കോർ­ത്തി­ണ­ക്കി എം. ജി. ശശി സം­വി­ധാ­നം ചെയ്ത ച­ല­ച്ചി­ത്ര­മാ­ണു് സം­സ്ഥാ­ന പു­ര­സ്കാ­രം നേടിയ അ­ട­യാ­ള­ങ്ങൾ.

Colophon

Title: Ariyappedaththa Manushyajeevikal (ml: അ­റി­യ­പ്പെ­ടാ­ത്ത മ­നു­ഷ്യ­ജീ­വി­കൾ).

Author(s): Nandanar.

First publication details: Sayahna Foundation; Trivandrum, Kerala; 2023-01-17.

Deafult language: ml, Malayalam.

Keywords: Novel, Nandanar, Ariyappedaththa Manushyajeevikal, ന­ന്ത­നാർ, അ­റി­യ­പ്പെ­ടാ­ത്ത മ­നു­ഷ്യ­ജീ­വി­കൾ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: January 17, 2023.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: An army officer with a baton, a painting by William Lionel Wyllie (1851–1931). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.