(ഞെക്കിയാൽ തെളിയാതെയും
അമർത്തിയാലറിയാതെയും
ഉപയോഗശൂന്യമായ
ഏതൊക്കെയോ
ഏടിയെം മഷീനുകളുടെ
വൃദ്ധമായ ഓർമ്മകളിൽ
ഗോപാലകൃഷ്ണൻ മാഷുടേയും
ഭാഗീരഥിട്ടീച്ചറുടേയും
പെൻഷൻ വലിച്ച ദിവസങ്ങൾ
സൂക്ഷിച്ചുവെച്ചിട്ടുണ്ടു്.
ബ്രാക്കറ്റിനുള്ളിലാണെങ്കിലും
ഇങ്ങനെ പറഞ്ഞുതുടങ്ങിയതു്
ഏ.ടീ.യെം മഷീനുകൾക്കും വാർദ്ധക്യമുണ്ടെന്നും
വാർദ്ധക്യമടക്കം മനുഷ്യമ്മാരുടെ
പലപല അവസ്ഥകളുമായി ഇടപെട്ട ശീലമൊക്കെ
അവയ്ക്കുമുണ്ടെന്നും
തുടക്കത്തിൽത്തന്നെ
പറഞ്ഞുവെക്കേണ്ടതുള്ളതുകൊണ്ടാണു്.
പെൻഷൻ തുകയായതുകൊണ്ടു്
സഹചരാദി കുഴമ്പെന്നോ
സപ്ലൈകോ ബില്ലെന്നോ ഉള്ള
വലിച്ചുനീട്ടൽ സാദ്ധ്യതകൾ ഒഴിവാക്കിക്കൊണ്ടു്
സത്യത്തിൽ കേന്ദ്രകഥാപാത്രം
പെൻഷനായ മാഷുടേയും ടീച്ചറുടേയും
വീട് അടിച്ചുവാരിത്തുടയ്ക്കുകയും
പാത്രം കഴുകുകയും ചെയ്യുന്ന വിജയലക്ഷ്മിയാണു്
എന്നുമാത്രം പറഞ്ഞുകൊണ്ടു്
ബ്രാക്കറ്റ് അവസാനിപ്പിക്കുകയാണു്.)
പറഞ്ഞുവരാനുദ്ദേശിച്ചതു്
എന്താന്നു വെച്ചാൽ
പഴയന്നൂർക്കാവിന്റെ ഓപ്പോസിറ്റ്
റോഡിനപ്പുറത്തുള്ള
കാനറാ ബാങ്ക് ഏട്ടീയെം മഷീനിൽ
ചൊവ്വയും വെള്ളിയും കാവിൽ തൊഴാനെത്തുന്ന
വിജയലക്ഷ്മി കയറിവരാൻ തുടങ്ങിയ ശേഷം
ഉണ്ടായിത്തുടങ്ങിയ
സാങ്കേതികത്തകരാറുകളെക്കുറിച്ചാണു്.
പേരിൽ വിജയവും
സാമ്പത്തികകാര്യങ്ങൾ കൈകാര്യം ചെയ്തുപോരുന്ന
ലക്ഷ്മീദേവിയും ഒക്കെയുണ്ടെങ്കിലും
ഭണ്ഡാരത്തിൽ കാശിടാനില്ലാത്തതുകൊണ്ടു്
കാവിലാണോ ഏട്ടീയെമ്മിലാണോ
ആദ്യം കയറേണ്ടതു് എന്ന
വിജയലക്ഷ്മിയുടെ ആശയക്കുഴപ്പത്തിൽനിന്നാണു്
പ്രശ്നങ്ങൾ ആരംഭിക്കുന്നതു്.
ഭഗവതിയുടെ ഭാഗത്തുനിന്നോ
ബാങ്കിന്റെ ഭാഗത്തുനിന്നോ
സാമ്പത്തികകാര്യങ്ങളിൽ
സഹായസഹകരണങ്ങളൊന്നും ഇല്ലെന്നിരിക്കെ
എന്നാൽപ്പിന്നെ സങ്കടം പറയാനെങ്കിലുമുള്ള
സൗകര്യമാണല്ലോ വിജയലക്ഷ്മി നോക്കേണ്ടതു്…!
“ഇന്റെ ഭഗോതി…” എന്നു് അടക്കിപ്പറയേണ്ടതു്
“ന്നാലും ന്റെ ഏട്ടീയെം മെഷീനേ…”
എന്നിത്തിരി ഉറക്കെത്തന്നെപ്പറയാനുള്ള
കണ്ണാടിക്കൂടു് സൗകര്യം
കണക്കിലെടുക്കേണ്ടതുമാണല്ലോ
“ന്നാലും ന്റെ ഏട്ടീയെം മെഷീനേ…” എന്നു്
ഞെരിയാണിക്കു മുകളിൽ
കീറിയ അടിപ്പാവാടയുടെ വെളുത്ത തിരകളായടിച്ചു്
കടൽ പോലെ സാരിഞൊറിവുകളുലച്ചു്
വിജയലക്ഷ്മി കയറിവരികയും
0411 എന്ന പിൻ നമ്പറടിച്ചു്
നൂറ്റിഅയമ്പത്തിനാലുരൂപ ബാലൻസുള്ള
അക്കൗണ്ടിൽ നിന്നു്
രണ്ടായിരം രൂപ ആവശ്യപ്പെടുകയും ചെയ്യുമ്പോൾ
ഒരു ഏട്ടീയെം മഷീനിലും
വികാരവിചാരങ്ങൾ ഉണ്ടാവുന്നുണ്ടു്
എന്നുതന്നെയാണു് നമുക്കു് ബോദ്ധ്യപ്പെടേണ്ടതു്.
അല്ലെങ്കിൽ പിന്നെ
“നെനക്ക് മനസ്സിലാവ്ണുണ്ടോ…?”
എന്നു പിന്നെയും വിജയലക്ഷ്മി
ആവലാതി പറയുമ്പോൾ
“ഗുർർർ… ഗിർർർ…” എന്നു്
ഒരു മെഷീൻ വെറുതേ വിറകൊള്ളേണ്ടതില്ല
നാളും പേരും പറഞ്ഞില്ലെങ്കിലും
0411 എന്നു ജനനത്തീയതിയടിക്കുമ്പോൾ
ഒരു പുഷ്പാഞ്ജലി ശീട്ടാക്കിയ
സംതൃപ്തിയും സന്തോഷവും
വിജയലക്ഷ്മിക്കും തോന്നേണ്ടതില്ല.
പറഞ്ഞുവന്നതു്
എന്താന്നു വെച്ചാൽ
പഴയന്നൂർക്കാവിന്റെ ഓപ്പോസിറ്റ്
റോഡിനപ്പുറത്തുള്ള
കാനറാ ബാങ്ക് ഏട്ടീയെം മഷീൻ
കുറച്ചുദിവസമായി
“ഗുർർർ… ഗിർർർ…” എന്നു
വെറുതേ ശബ്ദം മാത്രം ഉണ്ടാക്കുന്നുവെന്നും
ഏസി ഓണായിട്ടുപോലും
രാത്രി മുഴുവൻ ഒറ്റയ്ക്കു നിന്നു ചൂടായി
കണ്ണാടിക്കൂടാകെ വിയർത്തൊലിക്കുന്നുവെന്നും
ബഹുമാനപ്പെട്ട ഭഗവതിയേയും ബാങ്കിനെയും
തെര്യപ്പെടുത്താനുള്ള അപേക്ഷയെന്ന നിലയിൽ
ഈ പോസ്റ്റ് കണക്കാക്കണമെന്നാണു്.
പ്രസ്തുത വിജയലക്ഷ്മിക്കു്
ധനലക്ഷ്മി ബാങ്കിലെങ്കിലും
ഒരു ലോൺ ശരിയാക്കുന്നതിനും
അതുവഴി ഈ ഏട്ടീയെം മഷീൻ
ശരിയായി പ്രവർത്തിക്കുന്നതിനും
പഴയന്നൂർ ഭഗവതി
വേണ്ട നടപടികൾ സ്വീകരിക്കണമെന്നുമാണു്.
(ഒക്ടോബർ 2014)
(രോഗഭീതിക്കൊപ്പം സാമ്പത്തികമായി നാട്ടിൽ ദുരിതകാലമാണു്. അടുക്കളവീതനയിലെ മൂലയ്ക്ക് ഓർക്കാപ്പുറത്ത് കണ്ടെടുക്കുന്ന ഒരു ഞണുങ്ങിയ അളുക്കിനുള്ളിലെ മറന്നുപോയ സൂക്ഷിപ്പു പോലെ അത്ഭുതമൊളിപ്പിച്ച പെട്ടികളായിരുന്നു എടിഎം മെഷീനുകളെങ്കിൽ എത്ര നന്നായേനെ… പഴയ ഒരു കഥയോർമ്മ.)

പാലക്കാടു് അടയ്ക്കാപുത്തൂരിൽ ജനനം. മറൈൻ എൻജിനീയർ, വിവാഹിതൻ.