
നോക്കൂ ചങ്ങാതീ…
നീ
ഒരു രാഷ്ട്രത്തിന്റെ
ഉയിർപ്പുദിവസമാണല്ലോ
ഞാൻ
അതേ രാഷ്ട്രത്തിന്റെ
പിതാവിന്റെ ഓർമ്മദിവസവും
പറഞ്ഞുവരുമ്പോൾ നമ്മൾ
അടുത്ത ബന്ധുക്കളാണു്
നാലു ദിവസം ദൂരത്തിൽ
അടുത്ത അയൽക്കാരും
എങ്കിലും ചങ്ങാതീ
നമുക്കു് പൊതുവായി
ഒന്നുമില്ലെന്നു് പറയാൻ
സത്യത്തിൽ സങ്കടമുണ്ടു്
ഞാൻ ഒരു മിനിറ്റ് നേരത്തിന്റെ
നിശബ്ദപ്രാർത്ഥന
നീ ഒരു രാജവീഥി നിറയുന്ന
വാദ്യാരവഘോഷം
ഞാൻ നമ്രശിരസ്കമായ
ഒരു കൂപ്പുകൈ
നീ ആകാശത്തേക്കുയർത്തിയ
ഒരു പീരങ്കിവിരൽ
ഞാൻ കുനിഞ്ഞുകുനിഞ്ഞു്
ഒരു തോട്ടിപ്പണിക്കാരന്റെ ചൂൽ തിരയുമ്പോൾ
നീ നിവർന്നുവളഞ്ഞു്
ഒരു വിമാനവ്യൂഹത്തിന്റെ വിന്യാസമാസ്വദിക്കുന്നു

അതു മാത്രമല്ല ചങ്ങാതീ
ഈയിടെയായി നമുക്കിടയിൽ
അകൽച്ചയിത്തിരി കൂടുന്നുവെന്നതും
കാണാതിരിക്കാൻ വയ്യ
അതിനു കാരണം എന്തോ ആവട്ടെ
ഓർക്കാൻ വേണ്ടി പറയുകയാണു്
അമ്പേറ്റുവീണ ഒരു പക്ഷിയുടെ
കരച്ചിലിൽ പിറന്ന കഥയിലെ
കരുണയുടെ നായകനെയാണു്
അദ്ദേഹം “ഹേ റാം” എന്നു് വിളിച്ചതു്
യുദ്ധത്തിന്റെ ദൈവത്തെയല്ല
അരുതെന്നു തുടങ്ങിയ
ഇതിഹാസത്തിന്റെ കാവ്യനീതി
അതേ രാമനെ വിളിച്ചു്
അരുതെന്നു് ഒടുങ്ങിയ
ഒരു ജീവനിൽ കാണുന്നതിൽ
ഒരുപാടർത്ഥങ്ങളുണ്ടു്
വൈകുന്നേരം 5.17-നു്
എന്റെ ദിവസം ചുവപ്പിച്ച
ആ മൂന്നു് വെടിയുണ്ടകൾ
തീർച്ചയായും
വേട്ടക്കാരന്റേതായിരുന്നുതാനും
ഇനിയും
നിന്റെ ദിവസം
ആയുധങ്ങളാലങ്കരിക്കുമ്പോൾ
അവയെ അഭിവാദനം ചെയ്തു്
ആകാശത്തേക്കു് നെഞ്ചുവിരിച്ചുനിൽക്കുമ്പോൾ
അതെല്ലാം ഓർക്കുന്നതു നന്നു്…!

മഴയാണു് എന്നു്
പേരു പറഞ്ഞതുകൊണ്ടൊന്നും
ഇളവനുവദിക്കുന്നതല്ല
ചറപറാ പെയ്യുന്നതിനൊന്നും
അനുവാദമുണ്ടാവുന്നതല്ല
നിശ്ചയിച്ച നേരങ്ങളിൽ
വരി നിന്നു് പെയ്തുപോവുക
കൃത്യം സെന്റീമീറ്ററിൽ
അച്ചടക്കത്തോടെ നിർത്തുക
വസന്തത്തിനും
പൂക്കാനുള്ള സ്ഥലങ്ങൾ
മുൻകൂട്ടി നിശ്ചയിച്ചിട്ടുണ്ടു്
അതിർത്തി ലംഘിച്ചു്
പൊതുനിരത്തിൽ
പൂവിതറിനിറച്ചു്
ആവിഷ്കാരസ്വാതന്ത്ര്യമാണു്
ആശയപ്രകടനമാണു്
എന്നൊന്നും പറഞ്ഞേക്കരുതു്
മഞ്ഞുകാലം ഇനിമേൽ
ഇലകളോടു് സംസാരിക്കരുതു്
സദാചാരവിരുദ്ധമാണതു്
അതിരാവിലെ കുളിച്ചു്
മുഴുവൻ ശരീരവും മറയുന്ന
വെളുത്ത യൂണിഫോമിൽ
സൂര്യനമസ്കാരം ചെയ്തു്
പിരിഞ്ഞുപോകേണ്ടതാണു്
ക്രമസമാധാനം
ഇനിമേൽ
വേനലിന്റെ ചുമതലയാണു്
വെയിലിന്റെ ചൂരൽകൊണ്ടു്
ഇടക്കിടെ പ്രഹരിക്കുന്നുവെങ്കിൽ
നന്നായി എന്നേ പറയാനുള്ളൂ
സത്സ്വഭാവികളാവാനാണു്…
നന്നായി വളരാനാണു്…
രാജ്യനന്മക്കാണു്…!


പാക്കറ്റുപാലിൽപ്പോലും കത്തിരിത്തുളയിട്ടെന്നും
കറന്നാണെടുപ്പു്
രാവിലെ ദോശയ്ക്കു കൂട്ടാൻ ഉള്ളിച്ചമ്മന്തി
പുഴുങ്ങിയ നേന്ത്രപ്പഴം ഉച്ചയ്ക്കിടിച്ചക്കത്തോരൻ
ചുമരിൽ വാളും ചിലമ്പുമായ് മാങ്ങോട്ടുഭഗവതി
മാതൃഭൂമിക്കലണ്ടറിൽ നാളും പക്കവും നോക്കി
മുടക്കമില്ലാതെന്നും മാട്ടുംഗ അയ്യപ്പനെ
തൊഴുതാണിറക്കം
എങ്കിലുമെന്നും കാലത്തേഴേ പതിനൊന്നിന്റെ
അന്ധേരിലോക്കലിലേക്കിടിച്ചുകേറുന്നേരം
നഗരമാവേശിക്കും അടിമുതൽ മുടിവരെ
കൊടുങ്ങല്ലൂർ ഭരണിക്കു വാളെടുത്തപോൽ
ദേവ്യേ… അമ്മേ…!

പാലക്കാടു് അടയ്ക്കാപുത്തൂരിൽ ജനനം. മറൈൻ എൻജിനീയർ, വിവാഹിതൻ.
കലിഗ്രഫി: എൻ. ഭട്ടതിരി
ചിത്രങ്ങൾ: വി. മോഹനൻ