ഡാ…
ജോണിനെ അന്വേഷിക്കുന്നതിനിടയിലെ
ഒരു ബീഡി കത്തിക്കലിനിടയിലേക്കു്
അപ്സരാ തിയേറ്ററിൽ നിന്നു്
ഗന്ധർവ്വനെപ്പോലെ ഇറങ്ങിവന്ന ഷെൽവി
നക്ഷത്രങ്ങളെന്നപോൽ
ആകാശത്തടയാളപ്പെടുത്തിക്കാണിച്ച
രണ്ടു ചാരായഷാപ്പുകൾക്കിടയിലെ
ലഹരിയുടെ പ്രകാശവർഷങ്ങൾ
രണ്ടു് ബഹിരാകാശപേടകങ്ങളുടെ
പൊക്കിൾക്കൊടിയിൽ തൂങ്ങിയ
രണ്ടു് സഞ്ചാരികളായി
നമ്മൾ തുഴഞ്ഞുപോയതു്…
ഡാ…
മെസ്സ് ഫീ കൊടുക്കാതെ
പ്രീ പബ്ലിക്കേഷനിൽ മൾബറിയും
പിന്നെ കയ്യിൽക്കിട്ടുന്നതെന്തും തിന്നു്
മുഷിഞ്ഞുനടന്ന ഒരു പുഴുക്കാലം കഴിഞ്ഞു്
പൂമ്പാറ്റയാവുക എന്ന സാദ്ധ്യത
പെട്ടെന്നോർമ്മവന്നു്
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ
കൊക്കൂണുകളായി റജിസ്റ്റർ ചെയ്തിരിക്കെ
ഈയാമ്പാറ്റകളുടെ താൽക്കാലിക
വേക്കൻസിക്കായി
നീ ഡെൽഹി ജയന്തിക്കും
ഞാൻ ബോംബെ ജയന്തിക്കും
ടിക്കറ്റെടുക്കാൻ നിന്നതു്
ഡാ…
രണ്ടു നഗരങ്ങളിലും
ആൾക്കൂട്ടത്തിന്റെ
രണ്ടു് എഡിഷനുകളിലെ
ഏതെല്ലാമോ പേജുകളിലെ
ഏതെല്ലാമോ വരികളിൽ
നടന്നുപോകേണ്ട കഥാപാത്രങ്ങളെന്നു്
സ്റ്റേഷനിൽ തൂങ്ങിപ്പിടിച്ചിരിക്കെ
നായനാർ ഗവണ്മെന്റും നാടോടിക്കാറ്റും
രണ്ടുമുണ്ടായതു് എൺപത്തിയേഴിലെന്ന
യാദൃച്ഛികതയോർത്തു്
എത്ര സുന്ദരമായ നടക്കാത്ത സ്വപ്നമെന്നു്
ശ്രീനിവാസന്മാരായ് ചിരിച്ചു്
ആനന്ദിനെ കുടഞ്ഞുകളഞ്ഞതു്…
ഡാ…
മുപ്പതാം വയസ്സിൽ
ഒലവക്കോടു് സ്റ്റേഷനിൽ വെച്ചു്
അമിതാഭ് ബച്ചനും
ശശികപൂറുമായി
വീണ്ടും കണ്ടുമുട്ടുമെന്നും
ഹോസ്റ്റലിൽ നിന്നു മുറിച്ചുപങ്കിട്ട
ലൈഫ്ബോയ് ഓർമ്മകൾ ചേർത്തുവെച്ചു്
നമ്മൾ കെട്ടിപ്പിടിക്കുമെന്നും
മലയാളസാഹിത്യം
ഹേമമാലിനിയായി
ഡബിൾ റോളിൽ
നമ്മളെ പ്രേമിച്ചുകെട്ടുമെന്നും
ഒരുപോലിരിക്കുന്ന അവളുമാരെയെന്നപോലെ
ദിനേഷ്ബീഡിത്തീകൊണ്ടു് പരസ്പരം ഉമ്മവെച്ചു്
നമ്മൾ ചിരിച്ചുമറിഞ്ഞുപിരിഞ്ഞതു്
ഡാ…
അതൊക്കെക്കൂടിയോർത്തു്
മുപ്പതും നാല്പതുമൊക്കെക്കഴിഞ്ഞു്
പല തീച്ചൂടുകൾക്കരികെ
നിറമൊതുക്കിപ്പിടിച്ചുപറന്നു്
കരിഞ്ഞ ചിറകുകൾ നിഴലിക്കുന്ന
നമ്മുടെ വെള്ളെഴുത്തുകണ്ണുകളിൽ
പല വസന്തങ്ങളുടെ
ശലഭജീവിതം തിരഞ്ഞു്
കെട്ടിപ്പിടിക്കാനായുമ്പോൾ
ഡാ… എന്നു്
വെറുമൊരക്ഷരത്തിനു്
ഒരു ദീർഘം ചേർത്തുപറയുന്നതിനു്
ഇത്രയൊന്നും ഇടർച്ചയോ
ഇത്രയൊന്നും നനവോ
വേണ്ടാത്തതാണു്…
ഡാ…
പൂമരക്കൊമ്പിൽ
ചാരിക്കിടക്കുകയായിരുന്നു
ചന്ദ്രൻ
ചാരുകസേരയിൽ
മഹാമടിയനായി ഇരിക്കുന്ന
ചന്ദ്രേട്ടനെപ്പോലെ…
ചന്ദ്രികച്ചേച്ചിയുടെ
ചപ്പാത്തിവട്ടത്തിൽ നിന്നാണു്
ഒടുവിൽ നിലാവു് പരന്നതു്…
പെണ്ണുങ്ങൾ
കുഴച്ചുരുട്ടിപ്പരത്തുന്ന
ഈ വെളിച്ചമില്ലായിരുന്നെങ്കിൽ
ചന്ദ്രേട്ടന്മാരൊക്കെ
അമ്പിളിക്കല വയറുമായി
അങ്ങനെ കിടക്കുകയേയുള്ളൂ…!
(ഫെബ്രുവരി 2011)
ശ്വാസച്ചൂടു് വിയർപ്പിച്ച
ഒരു മുഖക്കുരുത്തടിപ്പു്
മുടിയിഴകൾ കെട്ടുപിണഞ്ഞ
ഒരു മൂക്കുത്തിക്കുരുക്കു്
മൗനമായി വിറച്ചുനിന്ന
ഒരു കീഴ് ചുണ്ടുനനവു്…
വിരൽത്തുമ്പുകൊണ്ടു്
ബ്രെയിലിയാണു്
നിന്റെ മുഖത്തെ പ്രണയം
കൂട്ടിവായിച്ചെടുത്തതു്
എന്റെ പ്രണയത്തിനു്
കണ്ണുകാണാതായതു്
അതോടെയാണു്…!
കടുംനിറങ്ങളിൽക്കണ്ട കിനാവതൊക്കെയും
നരച്ചുപോയെന്ന വ്യഥമറക്കുവാൻ
ഒഴിച്ചുവെച്ചൊരീ നുരച്ചുപൊന്തുന്ന
ലഹരി ചാലിച്ച തണുത്ത സോഡയിൽ
കുതിർന്നുനിൽക്കുമീ പിരിച്ചമീശയിൽ
എഴുന്നുനിൽക്കുന്ന നരച്ച രോമമേ
പുളിച്ച ദ്രാവിഡത്തനിമയിൽ
തെറിച്ച പര്യായമെനിക്കുനീ…
ചവച്ചുതീർന്നൊരാ കടുത്തവാക്കുകൾ
പുകച്ചുതുപ്പിയ മുറിഞ്ഞബീഡികൾ
മുഷിഞ്ഞമുണ്ടുകൾ, അയഞ്ഞ സഞ്ചികൾ
അലഞ്ഞസന്ധ്യകൾ വരണ്ടചുണ്ടുകൾ
ഒക്കെ വെറുതെയെന്നെന്നെയിളിച്ചുകാട്ടിക്കൊ-
ണ്ടെഴുന്നുനിൽക്കുന്ന നരച്ചരോമമേ
പുളിച്ച ദ്രാവിഡത്തനിമയിൽ
തെറിച്ച പര്യായമെനിക്കുനീ…
കുടിച്ചതൊക്കെയും കിഴിച്ചുകൂട്ടിയീ
യുടുത്ത മുണ്ടൊന്നഴിച്ചുടുക്കട്ടെ
പിഴുതുമാറ്റാനീ മുടിഞ്ഞ ബാറിലെ
തിരക്കിലിത്തിരിപ്പഴുതുനോക്കട്ടെ
ചുവന്നമൂക്കിന്റെ ചൊറിഞ്ഞതുമ്പത്തേ
ക്കെഴുന്നുനിൽക്കുന്ന നരച്ചരോമമേ
പുളിച്ച ദ്രാവിഡത്തനിമയിൽ
തെറിച്ച പര്യായമെനിക്കുനീ…
(എഴുപതുകളിലെ യൗവനത്തെ
ആരാധനയോടെ നോക്കി നിന്ന
കൗമാരകൗതുകങ്ങൾക്ക്)
കരകരേ…കിടികിടീന്നൊരു
കടലവണ്ടിയൊച്ചയ്ക്കൊപ്പം
ടമാർ…പടാർ…ന്നൊരു സി. ഐ. ഡി. മൂസ[1]
ചിന്തയിൽ കേറിവരും
“ഹോ…വെടിയുണ്ട വരുന്നു മാറിക്കളയാം… ”
എന്നുറക്കെ ജാഗ്രതപ്പെടുത്തും
നിറമുള്ള ബാല്യത്തിലും
കറുപ്പിലും വെളുപ്പിലുമായിരുന്നു തോക്കുകൾ
എല്ലാ കറുത്ത കാഴ്ചകളേയും
സ്വപ്നത്തിൽ വെടിവെച്ചിട്ടു്
രാവിലെ ഉണരുമ്പോൾ
തോക്കിൻ കുഴൽ എന്നു്
പത്രത്തിലെവിടെയോ കണ്ടു്
ആവേശംകൊണ്ടു…
നന്മകൾ ജയിക്കുന്ന
ചിത്രകഥകൾ പലതും മാറിമാറി വന്നു
എങ്കിലും ഉള്ളിലിരുന്നു്
ഇപ്പോഴുമൊരു കണ്ണാടി വിശ്വനാഥൻ നിലവിളി
“അയ്യോ ഞാൻ ചത്തേ…”
(ജനുവരി 2011)
പ്ലേസ്റ്റേഷനിലെല്ലാ കളിയും
ജയിച്ചുനിൽക്കുന്ന മകനേ…
ഇതെന്റെ സമ്മാനം
യയാതി—വീയെസ് ഖാണ്ഡേക്കർ
വിവർത്തനം മാധവൻപിള്ള
ഏയെസ്സിൻ വരകൾക്കൊപ്പം
വളർന്നൊരെൻ നാലഞ്ചുനരയുടെ
വാർദ്ധക്യവുമുണ്ടു കൂട്ടത്തിൽ
കുഴപ്പമില്ലല്ലോ…
അപേക്ഷയൊന്നുമാത്രം…
എടുക്കുക നീയൊന്നെൻ
നരയ്ക്കുന്ന കിനാക്കളെ
പകരം തരികനീയിന്നു വെന്ന
ലോകത്തിൻ കളിപ്പാൻകളം
ഇടറുന്നു കാലം വീണ്ടും
തഴമ്പിച്ച വാക്കിങ്ങ് സ്റ്റിക്കിൽ
തീർക്കട്ടെ യുദ്ധങ്ങൾ ഞാൻ നിൻ
ബാല്യത്തിൻ രസികൻ സ്റ്റിക്കിൽ[2]
കളിക്കട്ടെ വീണ്ടുമൊന്നെൻ
ക്ഷോഭിച്ചു തീരാത്ത യൗവ്വനം
മുനിസിപ്പാലിറ്റിവെള്ളം പോലത്ര
തീർച്ചയില്ലാത്ത ജീവിതം
കിട്ടുമ്പോളൊഴിഞ്ഞപാത്രങ്ങളിലെല്ലാം
നിറച്ചുവെക്കുന്നിതാവതും
സുരക്ഷയ്ക്കു ക്ലോറിൻ മണമെന്നാരോ
പഠിപ്പിച്ചതോർത്തു നാമിരുവരും
പരസ്പരം സമാധാനിപ്പിച്ചു
പതിവുകൾ തീർക്കുന്നിതിങ്ങനെ
മുറിച്ചിട്ട രണ്ടു സോഡിയം
കട്ടകൾ പോലെയെന്തിനോ
വിഭ്രമിച്ചെരിഞ്ഞും പാഞ്ഞും
ഇടയ്ക്കൊക്കെപ്പുകഞ്ഞും
വിയർത്തുതീരുന്നുണ്ടാവാം നമ്മൾ
പകരമടിയുന്നുണ്ടാവാമുപ്പുപരലുകൾ
ബാക്കിയെന്തെന്നാരെങ്കിലും
വറ്റിച്ചെടുത്താലുമില്ലെങ്കിലും
തൽക്കാലമൊന്നായ് ചേർന്നെരിയുക
ഒരേ സോഡിയം മേനിയായ്
ഉപ്പുള്ള കിനാക്കളായ് പങ്കിടാം
രണ്ടു് ക്ലോറിന്റെ സ്വാതന്ത്ര്യം
മുനിസിപ്പാലിറ്റി ദയവായ് തന്ന
രണ്ടു് ക്ലോറിന്റെ സ്വാതന്ത്ര്യം
പെരിയാറിൽ
കുളിപ്പിച്ചുതുവർത്തിയ നിലാവിനെ
ചാരത്തുറക്കി
വസന്തം തിരിഞ്ഞുകിടന്നു
നനുത്തൊരു മുല്ലപ്പൂച്ചൂടു്
അരികിൽ ചതഞ്ഞുകിടപ്പുണ്ടായിരുന്നു
അവസാനത്തെ കസ്റ്റമറിൽ നിന്നും
കാശെണ്ണിവാങ്ങി
കെ. ടി. ഡി. സിയും കോട്ടുവായിട്ടു
കഴിഞ്ഞു
ഒരു സീസൺ…
ഒരു മരണവാർത്തയുണ്ടു്
മിനിഞ്ഞാന്നു വൈകുന്നേരം
കിങ് സർക്കിളിലെ ഒരു ഗലിയിലെ
തകരം മേഞ്ഞൊരു സൈബർ കഫേയിലേക്കു്
കരയുന്ന കോണി കയറിച്ചെന്നു്
പിന്നെയവിടെനിന്നു്
ആകാശമലയാളം മൊത്തമലഞ്ഞു്
നാലു കാലുള്ള ഒരു ബ്ലോഗിന്റെ ഉമ്മറത്തു്
പതിനാലു വരി കവിതയും തൂക്കി
ഒരു കമന്റിനും രണ്ടു കണ്ണുകൾക്കുമായി
ഒരു സ്മൈലി മാത്രം മറുപടിയിട്ടു്
ഇറങ്ങിപ്പോയ താടിക്കാരൻ 5’ 8” ഇരുനിറം
ഇന്നലെ രാവിലെ കല്യാൺ സ്റ്റേഷനടുത്തു്…
വലം കൈയിനോടൊപ്പം
ചുരുട്ടിപ്പിടിച്ച പത്രത്തിന്റെ
ക്ലാസിഫൈഡ് പേജും
ഓരത്തെഴുതിയ പതിനാലുവരി കവിതയും
ചതഞ്ഞരഞ്ഞുപോയിട്ടുണ്ടു്…
(ഷൊർണൂര് വിടും വരെ
ഇന്നലത്തെ നേത്രാവതിയുടെ എഞ്ചിൻ ചക്രങ്ങളിൽ
ചോര നനഞ്ഞ പതിനാലുവരി കവിത
പറ്റിപ്പിടിച്ചിരിക്കും
പുഴയെത്തുമ്പോൾ തണുത്ത കാറ്റിലേക്കു്
തെച്ചിപ്പൂവിതളുകൾ പോലെ
അതു് ചിതറി വീഴും…)
(ജനുവരി 2011)
വോട്ടുചോദിക്കാമ്പോയപ്പൊ ശ്രീധരമ്മാഷ്
കുട്ടിഷ്ണേട്ടാ നമ്മള് ചരിത്രത്തെ മറക്കാമ്പാട്വോ
എന്നൊന്നു ചോദിച്ചതിനു്
“നെന്റെ ചരിത്രത്തിനെ
പണ്ടു് കെട്ടിച്ചയച്ചതല്ലെടാ…
മറക്കാമ്പറ്റിണില്ല്യെങ്കിൽ
പോയി അവൾടെ അടിപ്പാവാട കഴുകെടാ”ന്നൊരു
ആട്ടുകിട്ടിയപ്പോഴാണു്
ചരിത്രം കല്യാണം കഴിച്ചിട്ടുണ്ടോ
എന്നൊന്നന്തംവിട്ടന്ന്വേഷിച്ചതു്
നോക്കുമ്പൊ ചരിത്രമാരാ മോള്…
ഇടക്കിടക്കോരോരുത്തരെയായി
വെച്ചുകൊണ്ടിരിക്ക്യാന്നല്ലാണ്ടെ
സ്ഥിരമായിട്ടൊരുത്തന്റെ കൂടെ… ങേഹെ…!
ഒരു പീഡനക്കേസുപരാതിയോ
ഒരു ദുർന്നടപ്പുകേസറസ്റ്റോ
ഒന്നുമില്ലാതെ സുഖിച്ചു കഴിയുന്നു…
ഒരുമ്പെട്ടവൾ…!
ഇപ്പോൾ ചരിത്രമെന്നു കേട്ടാൽ
കാർക്കിച്ചു തുപ്പും ഞങ്ങൾ…
ത്ഫൂ…!
രക്തസാക്ഷിമണ്ഡപത്തിനു മുമ്പിൽ
മുഷ്ടി ചുരുട്ടിയുയർത്തി
കാലഘട്ടത്തിന്റെ ഗൗരവം
മൗനമായ് ചാർത്തി
ഓർമ്മകളിലേക്കു കൂർത്തു നിൽക്കുന്ന
സ്തൂപികാഗ്രിതവനങ്ങൾ…
പോക്കുവെയിലിന്റെ ഇളം ചൂടിലും
പാർക്കിൽ നിലം പതിഞ്ഞു്
പുലരിമഞ്ഞു തേടി വിരലുകളിഴയുന്ന
പ്രണയത്തിന്റെ സാവന്നകൾ
പെൻഷൻ പരിഷ്കരണത്തിന്റെ
സായാഹ്നചർച്ചയിൽ വേരാഴ്ത്തി
തഴമ്പുവന്നു തേഞ്ഞ
സിമന്റു ബെഞ്ചിനു ചുറ്റും
വട്ടം കൂടി നിൽക്കുന്ന
ഇലപൊഴിയും കാടുകൾ
അമ്പതു കഴിഞ്ഞ
സൈബീരിയൻ ശൈത്യം
കുശുകുശുപ്പിലുരഞ്ഞു
തീപ്പിടിച്ചകറ്റുന്ന
കൊച്ചമ്മമാരുടെ ക്ലബ്ബിലെ
തുന്ദ്രാ പ്രദേശം
പരുക്കൻ ലഹരിയുടെ
നില്പൻ കൗണ്ടറിൽ
ആടിയുലഞ്ഞു കത്തുന്ന
ആൺവിയർപ്പിന്റെ
ഉഷ്ണമേഖലാവനങ്ങൾ
നഗരഭൂപടത്തിന്റെ
അരികുപറ്റിയൊഴുകുന്ന
അഴുക്കുചാൽ ചെരുവിൽ
ചതഞ്ഞരഞ്ഞ വസന്തം
പാടുകൾ വീഴ്ത്തിയ
പച്ചപ്പാവാടയ്ക്കൊപ്പം
കീറിപ്പറിഞ്ഞ ഭൂമിശാസ്ത്രം ടെക്സ്റ്റ്…
(ഏപ്രിൽ 2011)
ചെറുതുരുത്തി കഴിഞ്ഞു്
പുഴയെത്താറാവുമ്പോൾ
ഷൊർണൂരിറങ്ങാൻ
വാതിലിന്റട്ത്ത്
കസവുചുരിദാറിട്ട നിലാവു്
ടോയ്ലറ്റിൽ നിന്നിറങ്ങിപുകയൂതിവിട്ടു്
വേച്ചുവെച്ചു പുറത്തേക്കുവന്ന
കോട്ടയത്തൂന്നു കേറിയ ഇരുട്ടു്
‘അനാഘ്രാതകുസുമമാണു സാർ’
അച്ചടിമലയാളമാണു്
കൂട്ടിക്കൊടുത്തതു്…
പിന്നെ
പുഴ നിറയെ
വാർത്തയായിരുന്നു…
നീ ചെമ്മീനിലഭിനയിച്ച
കാലമോർക്കുകയായിരുന്നു ഞാൻ…
നാട്ടിക ബീച്ചിന്റെ
അടിവയറ്റിലുമ്മവെച്ചുകൊണ്ടു് കടൽ പറഞ്ഞു…
ഷീലക്കണ്ണുകളുടെ മീൻപെടപ്പു്
മധുവിന്റെ ഉറുമാൽ കെട്ടിയ കുരുവിക്കൂടു്
അവരുടെ പ്രണയം
ചതുക്കിപ്പിതുക്കി നടന്നു പോയ നിന്റെ കവിളുകൾ
ഓരോ ഷോട്ട് കഴിഞ്ഞും
ഞാൻ തഴുകിക്കൊണ്ടേയിരുന്നതു്…
കരയാകെ ഒന്നുലഞ്ഞുചിരിച്ചു…
പിന്നെയെന്തോ
ഇടവപ്പാതിയുടെ ചുടുനനവുള്ള നെടുവീർപ്പിട്ടു്
ഇരുണ്ടുകൂടി വിഷാദിച്ചു
എന്റെ ചന്തമൊക്കെപ്പോയി പൊന്നേ
നീയോ… ദ്വീപിലെ ജോസിന്റെ കൂടെ
തലത്തിന്റെ പാട്ടിനൊപ്പം
അന്നൊക്കെ അഭിനയിച്ചപോലെത്തന്നെ
ഇപ്പോഴും ചെറുപ്പമായിട്ടിരിക്കുന്നു
നിത്യഹരിതനായകൻ…
കടൽ പ്രേംനസീറായി…
ഞാൻ ചെറുപ്പമായിട്ടിരിക്കുന്നതു്
നിനക്കുവേണ്ടിയല്ലേ…
പിന്നെയീ ദ്വീപുകൾ…
പാവങ്ങൾക്കെല്ലാം കൂടി
ഞാനൊരു കടലല്ലേയുള്ളൂ…
മണ്ടിപ്പെണ്ണേ…!
ഷൊർണൂരിൽ മഴയത്തു്…
വിരഹത്തിന്റെ ഞാറ്റുവേലകളിൽ
കിതച്ചുകൊണ്ടോടിവന്ന
ഞായറാഴ്ചത്തീവണ്ടികൾ
സ്റ്റേഷനിൽ നില്പുണ്ടു്
തിരിമുറിയാതെ പെയ്യുന്ന
തിരുവാതിരമഴയിലേക്കു്
ഓർമ്മയുടെ കമ്പാർട്ട്മെന്റുകൾ
ചില്ലുകണ്ണുകൾ തുറക്കുന്നുണ്ടു്
വൈകിയെത്തിയ ധൻബാദിന്റെ
S1 കോച്ചിലൊരുവൾ
രൂപമില്ലാത്തൊരു ബാഗിൽ നിന്നു്
ഒരൊഴിഞ്ഞ സിഗററ്റുകൂടെടുത്തു്
മണം പിടിക്കുന്നുണ്ടു്
കണ്ണൂർ ഫാസ്റ്റിലേക്കു്
ഓടിക്കയറുന്ന ഒരാൾ
ചുരുട്ടിയ ആഴ്ച്ചപ്പതിപ്പിൽ
ഒരു വാടിയ മുല്ലമാല
തിരുകിവെച്ചിട്ടുണ്ടു്
കോയമ്പത്തൂർ പാസഞ്ചറിലിരുന്നു്
വാട്ടിപ്പൊതിഞ്ഞ
ഇഡ്ഡലികളിലൊരാൾ
പൂവിനെയെന്ന പോലെ
തൊട്ടുനോക്കുന്നുണ്ടു്
മുല്ലപ്പൂവിനും സിഗററ്റുകൂടിനും ഇഡ്ഡലിക്കും
ഇപ്പോൾ ഒരേ മണമാണു്
നിർത്താതെ പെയ്യുന്ന പ്രണയത്തിലും
ഒരു തീവണ്ടിയിൽ അടച്ചുമൂടിയിരിക്കേണ്ടിവരുന്ന
ജീവിതത്തിന്റെ മണം…
ഒരേ പാളത്തിലെന്നറിഞ്ഞുള്ള
നെഞ്ചിടിപ്പോടെ
രണ്ടു ബോഗികൾ ഉമ്മവെയ്ക്കുമ്പോൾ
അതുവരെ തേഞ്ഞതിന്റെ
എല്ലാം ചേർത്തെന്നപോലെ
ചക്രങ്ങളുടെ ഒരു തേങ്ങിക്കരച്ചിലുണ്ടു്…!
മഴയും നിലാവും ചേർന്നു് ഇഴനെയ്തെടുത്ത
കണ്ണാടിയലുക്കുകൾ വകഞ്ഞു മാറ്റി
നീ കയറിവന്നതു്, ഒരു നിമിഷം ലജ്ജിച്ചു നിന്നതു് ഓർമ്മയുണ്ടു്
മന്ത്രവിദ്യയാലെന്ന പോലെ ഉടുപ്പൊന്നുമുലയാതെ, നനയാതെ
എങ്ങനെ എന്നതിശയപ്പെടുമ്പോഴേക്കും
മഴയും നിലാവും നിറഞ്ഞ കണ്ണുകളുയർത്തി
നീ നോക്കിയതും ഓർമ്മയുണ്ടു്
പാതിര വരെ നൃത്തം ചെയ്തു്
എങ്ങോ മറഞ്ഞുപോയ
കവിതയുടെ രാജകുമാരീ…
സ്വപ്നമായിരുന്നോ
എന്നത്ഭുതപ്പെടുമ്പോൾ
നീ മറന്നിട്ടുപോയ
വാക്കിന്റെ ഒറ്റച്ചെരുപ്പിൽ
പ്രഭാതസൂര്യന്റെ വജ്രത്തിളക്കം…!
(കടലിൽപ്പോയ ജോണിക്കുട്ടി കരയിലിരിക്കുന്ന ലില്ലിക്കുട്ടിക്കു് എഴുതുന്നതു്)
ഭൂമി, മഴ
കടൽ, കര
ആ ക്രമത്തിലായിരുന്നു
അതെ… അങ്ങനെത്തന്നെയായിരുന്നു
ആദ്യം ചലിച്ച ഏകകോശം
ആദ്യം കരയിലെത്തിപ്പിടഞ്ഞ മത്സ്യം
ആദ്യം പൂത്ത ചെടി
ആദ്യം കായ്ച്ച മരം
ആദ്യം ചിറകടിച്ചുയർന്ന പക്ഷി
ആദ്യം കാടുകയറിയ മുരൾച്ച
ആദ്യം കീഴ്പ്പെടുത്തപ്പെട്ട കരച്ചിൽ
ആദ്യം നിവർന്നുനിന്ന മനുഷ്യൻ
ആദ്യം ഉരഞ്ഞുകത്തിയ തീ
ആദ്യം ഉരുണ്ടുനീങ്ങിയ ചക്രം…
പിന്നെയും ചലിച്ചുകൊണ്ടേയിരുന്ന ലോകം
അതൊക്കെ പിന്നെയാണു്
ഭൂമി, മഴ
കടൽ, കര
അതെ… അങ്ങനെത്തന്നെയായിരുന്നു
ഒരു കടലും ഇന്നേവരെ
മുഴുവനും വറ്റിപ്പോയിട്ടില്ലെങ്കിൽ
ചുട്ടുപഴുത്ത ഒരു ഭൂമിയിലേക്കു് പെയ്ത
ആദിമമായ ആ മഴയും
കടലിന്റെ ഹൃദയത്തിലുണ്ടാവണം
ഒരേ നിലാവിനും
ഒരേ വെയിലിനും കീഴിലെന്നു്
ഒരേ നക്ഷത്രങ്ങൾ കാണുന്നെന്നു്
ഒരേ നേരം വിങ്ങുന്ന,
ഒരു മേഘത്തിന്റെ തണുപ്പുകൊണ്ടു്
ഒരു പുഴയുടെ ഒഴുക്കുകൊണ്ടു്
പരസ്പരം തൊടാൻ വെമ്പുന്ന
ആ ഒരു വാക്കുണ്ടായതും
കരയ്ക്കും കടലിനുമിടക്കായിരിക്കണം
ആദിയിൽ ഭൂമിയിൽ വീണ മഴയുടെ
തിളയ്ക്കുന്ന നെടുവീർപ്പെന്നപോലെ
വിരഹമെന്ന വാക്കു്…!
ഇതിപ്പഴിങ്ങനെ
കുറവനും കുറത്തിക്കുമിടയിലെ
ഇടുക്കി ഡാം പോലെ
നെഞ്ചിലിങ്ങനെ കെട്ടിക്കിടന്നിട്ടു്
നിനക്കെന്താണുപകാരമെന്നോർക്കുമ്പഴാണു്…
എന്നാപ്പിന്നെ
അതങ്ങോട്ടൊഴുക്കിവിട്ടു്
ആ ടർബൈനൊന്നു കറക്കിത്തിരിച്ചു്
കമ്പികളിൽ ഊഞ്ഞാലാടിവന്നു്
ചുവപ്പുലൈറ്റ് കത്തുന്ന
മീറ്ററിനേം കളിപ്പിച്ചു്
ഒച്ചയുണ്ടാക്കാതെ
വീട്ടിൽ വന്നുകയറി
മിക്സിയുടെ സ്വിച്ചും ചാടി
ഗുർർർർർർർർർർർ… എന്നു്
നിനക്കു് ചട്ണിയരച്ചുതരാൻ തോന്നുന്നതു്…
ശുർർർർർർർർർർർ… എന്നു്
ഫാനായിത്തിരിഞ്ഞു്
നിന്റെ മൂക്കിൻതുമ്പിലെ വിയർപ്പിൽ
തുരുതുരുന്നനെ…,
ശ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്… എന്നു്
ഇസ്തിരിച്ചൂടായി
നീ മടക്കിവെച്ച കുപ്പായങ്ങളിൽ
പതുപതുങ്ങനെ…,
ഉമ്മവെക്കണമെന്നു തോന്നുന്നതു്…
ടാങ്കിലേക്കുള്ള മോട്ടോർ
സിങ്കിലെ വെള്ളം
കുളിമുറിയിലെ വെളിച്ചം
മൊബൈലിന്റെ ചാർജ്ജ്…
പതുക്കെവെച്ച പാട്ടു്
നീ തൊടുന്നതെല്ലാം
നിന്നെത്തൊടുന്നതെല്ലാം
തൊട്ടുകൊണ്ടേയിരിക്കാൻ തോന്നുന്നതു്
രാത്രിയിൽ നെടുവീർപ്പുകളോടൊപ്പം
നീയടച്ചുവെക്കുന്നതെല്ലാം
ങുർർർർർർർർർർർ… എന്നു് ഫ്രിഡ്ജായി മൂളി
തണുപ്പിക്കാൻ തോന്നുന്നതു്
രാവിലെ പാൽപ്പാത്രമെടുക്കാൻ
നിന്റെ കൈച്ചൂടുവരുന്നതും കാത്തു്
വെറുതേ ഇരിക്കാൻ തോന്നുന്നതു്…
വഴന്ന ഉള്ളിയുടെ നിറം
മല്ലി മൂപ്പിച്ച മണം
കടുകുപൊട്ടിയമരുന്ന ശബ്ദം
ചപ്പാത്തിമാവിന്റെ മയം
ഉള്ളം കയ്യിൽ ഇറ്റിച്ചുനോക്കിയ
ഉപ്പു്, എരിവു്, പുളി, മധുരം
അടുക്കളയിലെ ആണറിവുകൾ,
ഇന്ദ്രിയജ്ഞാനങ്ങൾ…
നാം പകുത്ത അടുക്കളയിൽ
അറുനൂറ്റിമുപ്പത്കിലോഹെർട്സിലെ
തൃശ്ശൂർ നിലയത്തിനൊപ്പം
നമുക്കിടയിലുണ്ടായിരുന്ന
ആറാമിന്ദ്രിയങ്ങളുടെ
തരംഗദൈർഘ്യങ്ങൾ,
ആവൃത്തികൾ, അനുനാദങ്ങൾ…
കുക്കറിലെ ബിരിയാണിക്കൂട്ടിൽ
മലമ്പുഴ ഡാമിലെ
ജലനിരപ്പടയാളമോർത്തുകൊണ്ടു്
ഒരാൾ വെള്ളത്തിന്റെ വിരലളവെടുക്കുമ്പോൾ
മറ്റയാൾ റോപ് വേയിലെ
ഒരു കിനാവിൽ സഞ്ചരിച്ചുചിരിക്കുകയും
പിന്നെ ഒന്നിച്ചൊരു ബൈക്കിൽ
മഴകൊണ്ടു് ഒലവക്കോട്ടേക്കു പോകുന്ന
ചറപറാപെയ്യുന്ന ചിരിയിൽ
പരസ്പരം നനഞ്ഞൊട്ടുകയും ചെയ്യുന്ന
അതീന്ദ്രിയാത്ഭുതങ്ങൾ
കാണാതെയും കേൾക്കാതെയും
തൊടാതെയും രുചിക്കാതെയും
ആവിയടങ്ങാൻ കാത്തു്
ഇരുന്നു വിങ്ങുന്ന നേരങ്ങളിൽ
നമുക്കിടയിൽ നിറയുന്ന
മുരിങ്ങടെലെൽശ്ശേരിയിൽ[3] ഉള്ളി വറുത്തിടുന്ന മണമാണു്
ലോകത്തിലെ
ഏറ്റവും കാല്പനികമായ മണം…!
കയ്പില്ലാത്തതെന്നു്
ഒരു കിളി മധുരിച്ചുപാടുന്ന
കാഞ്ഞിരമരത്തിൽ നിന്നു്
കൊളുത്തുപൊട്ടിവന്ന
കവിതയുടെ കാൽച്ചങ്ങല
മുറിവുനീറ്റങ്ങളിൽ ഇഴയുമ്പോഴും
കിലുങ്ങുന്നതുകേൾക്കും
കട്ടുറുമ്പുകളെപ്പോലെ
സ്വപ്നത്തിലെ കറുത്ത സെക്കന്റുകൾ
ഒന്നിനുപിറകെ ഒന്നായി
വരിയിൽ നടന്നുപോവുന്നതുകാണും
എണ്ണിക്കൊണ്ടിരിക്കും
കല്ലുരുട്ടിക്കൊണ്ടു്
പതിവായി കനം തൂങ്ങി
മല കയറിക്കൊണ്ടിരിക്കുന്ന ഹൃദയം
കിതച്ചുകിതച്ചുകൊണ്ടു്
ലബ്ബെന്നും ഡബ്ബെന്നും മിടിക്കുന്നതു്
ഇടത്തെന്നുള്ള വേദന
വലത്തെന്നുള്ള വേദനയോ
തിരിച്ചോ ആവുന്നതിലെ ആഹ്ലാദം
ഉടുക്കുകൊട്ടുന്നതാണെന്നൊക്കെ തോന്നും
മുകളിലെത്തും
കൈവിട്ടുകളയും
കൈകൊട്ടിച്ചിരിക്കും
ഉണരും…!
ഹോ… ചേട്ടാ…
അങ്ങനീമിങ്ങനീം
നോക്കിപ്പേടിപ്പിക്കാതെ…!
ആതിരക്കുളിരോടന്നു
വൃത്തത്തിൽ കളിച്ചതാണു്
സെറ്റുമുണ്ടുടുത്തതാണു്
ഓണത്തിനു്, പെരുന്നാളിനു്, ക്രിസ്മസിനു്,
പറഞ്ഞ പോലൊക്കെത്തന്നെ
താളത്തിലാടിയതാണു്
ഇനിയെങ്കിലും എനിക്കു തോന്നുമ്പോലിരുന്നോട്ടെ
ഛന്ദസ്സിൻ പുറത്തേക്കൊന്നു്
കാൽമുട്ടു് നിവർത്തട്ടെ
മാത്ര തെറ്റാതെ നോക്കി കഴച്ചുനീറുന്നു
ഈ നോട്ടമൊന്നയച്ചോട്ടെ
നടുപ്പേജിലിരുന്നെങ്കിലും
പണ്ടുണ്ണിമേരിയെ സീമയെ ഷക്കീലയെ
കണ്ണുകൊണ്ടറുത്തപോൽ
പെർവെർഷം വർഷിക്കാതെ
നിങ്ങടെ പെങ്ങളെപ്പോലെനിക്കും
പേരുണ്ടല്ലോ! പി. കവിത ബി. ഏ ‘മാതൃഭാഷായിൽ’:-) തന്നെ
- - - - v v v v v - - v - - v - -
(അതു് മന്ദാക്രാന്തയാ… മനസ്സിലായോ വൃത്തം…?)
ആക്രാന്തമൊട്ടും വേണ്ട
മന്ദമായ് ഗമിച്ചാട്ടെ…!
കടപുഴകിവീഴാൻ പോകുന്ന
ഒരു മരത്തിനു്
എന്റെ ആഴമേയെന്നു്
വേരുകളാൽ കൂട്ടിപ്പിടിച്ച മണ്ണിൽ നിന്നു്
പിടിവിട്ടുപോകുന്ന നിമിഷത്തിൽ
തകർന്നമരാൻ പോകുന്ന
ഒരു ചില്ലയുടെയറ്റത്തു്
അവസാനത്തെ നനവും
ശ്വാസവുമെടുത്തു്
പൂക്കുന്ന പൂവു പോലെ
ഒരൊറ്റ വാക്കു്
നിനക്കു്
തരാൻ വേണ്ടി തിരയുന്നതു്
അതാണു്
കൂർക്കം വലിച്ചുറങ്ങുന്ന
ഒരു കുന്നിൻ മുകളിലേക്കു്
കുഞ്ഞിക്കാൽ കയറ്റിവെക്കുന്നു
ഷിമ്മീസിട്ട ഒരു പുലരിവെയിൽ
തിരക്കിട്ടു് ഇടവഴിയിലേക്കിറങ്ങിയ
ഇരുട്ടിനു പിന്നാലെ
മരച്ചില്ലയിൽ മുന്താണിയുടക്കിയ
കസവുപുടവയുടുത്ത നിലാവ്
കുന്നിനെ വികാരം കൊള്ളിച്ച
വെയിലും
ഇരുട്ടിനോടൊപ്പം നടന്നെത്താത്ത
നിലാവും
ഒരു പോലെ കുറ്റക്കാരാണു് എന്നിരിക്കെ
അല്പനേരമാണെങ്കിലും
കയ്യിലോ കഴുത്തിലോ
മതചിഹ്നങ്ങളൊന്നുമില്ലാതെ
രാത്രിയും പകലും തമ്മിൽ
അടുത്തിടപഴകി മിണ്ടിപ്പറഞ്ഞിരുന്നതു്
ക്ഷമിക്കാനാവാത്ത കുറ്റം തന്നെ…!
ചോരയിൽത്തന്നെ
കീറിപ്പറിഞ്ഞുചുവക്കണം
അവരിലാരുടേതെന്നറിയാത്ത
ഈ ഉടുവസ്ത്രം…!
പുലരിയിലേക്കു് പറന്നുയരുന്ന പക്ഷികൾ നിറഞ്ഞ
നിന്റെ ആകാശത്തിലേക്കു്
കടലിലേക്കു് കണ്മിഴിക്കുന്ന ക്ഷത്രങ്ങൾ നിറഞ്ഞ
എന്റെ ആകാശത്തിലൂടെ
ഞാൻ ഫോൺ വിളിക്കുന്നു
രാത്രിയെ അടുക്കിയൊതുക്കിവെച്ചു് ഞാനും
പകലിനെ അടുപ്പത്തുവെച്ചുകൊണ്ടു് നീയും
ഹലോ പറയുന്നു
ഇപ്പോൾ പിറന്നുവീണ ഒരു കുഞ്ഞുനക്ഷത്രം
കവിൾത്തുടുപ്പോടെ പെട്ടെന്നു് ചിരിച്ചു തുടങ്ങുന്നു
ഇപ്പോൾ പറക്കാൻപഠിച്ച ഒരു കുഞ്ഞിക്കിളി
ചിറകൊന്നുലച്ചു് പെട്ടെന്നു് ആയമെടുത്തുയരുന്നു
പിന്നെ…
വലിച്ചുകെട്ടിയ കമ്പികളിലെന്നപോലെ
രണ്ടു സമയരേഖകൾ മീട്ടിപ്പാടുന്ന നർത്തകിയായി
ഭൂമി ഒരു പാവാടച്ചുറ്റുയർത്തി തിരിയുന്നു
വസന്തത്തിന്റെ സാരിക്കു്
ഞൊറിപിടിച്ചുകൊടുക്കുന്നു
മുന്താണിത്തുമ്പിൽ തലതുവർത്തിയ
മഴ നനഞ്ഞ ഒരു കാറ്റു്…
ഒരു കുഞ്ഞുസന്തോഷത്തിന്റെ
പഞ്ചസാരത്തരിയുമായി
ഒരു കുഞ്ഞുറുമ്പുചിന്ത…
മണൽത്തരിപ്പോറലുകൾ
എറ്റിച്ചു കളിക്കുന്ന
വിഷാദത്തിന്റെ
ആയിരം കുഴിയാനകൾ
ലബ്ബെന്നും ഡബ്ബെന്നും വാതിൽ തുറന്നടച്ചു്
പരസ്പരം പിടികൊടുക്കാതെ
ഒളിച്ചുകളിക്കുന്ന രണ്ടർത്ഥങ്ങളുണ്ടു്
ഹൃദയത്തിൽ
കപ്പൽപ്പാതകൾക്കിപ്പോൾ
നക്ഷത്രങ്ങളുടെ അടയാളങ്ങളൊന്നും വേണ്ട
ഒരുവിരൽത്തുമ്പിൽ തെളിയാവുന്നതേയുള്ളൂ
ഒരുനൂറുവഴികൾ
എങ്കിലും
മുങ്ങുന്നതിന്റെ സാങ്കേതികവിദ്യ
ഇപ്പോഴും പഴയപോലെയൊക്കെത്തന്നെ
അവനവന്റെ ഭാരം എത്രയെന്നതിലല്ല
ആദേശം ചെയ്യുന്നതിന്റെ വ്യാപ്തം
എത്രയെന്നനുസരിച്ചുതന്നെയാണു്
ഇപ്പോഴും അതു് സംഭവിക്കുന്നതു്
110 കെ. വി ലൈനിലെ
രണ്ടു കമ്പികളിലിരിക്കുന്ന
രണ്ടു പക്ഷികൾക്കു്
പരസ്പരം കൊക്കുരുമ്മാനുള്ള
ആ ഒരു തോന്നലിന്റെ
വോൾട്ടേജിലാണു്
പ്രണയം അളക്കപ്പെടുന്നതു്…!
നിന്റെ കാൽവിരൽ തൊട്ട
ഈ കടൽ മുറിച്ചു് കടന്നുപോവുമ്പോൾ
മണൽത്തരിനീറ്റമുള്ള ഒരു മുറിവു ബാക്കിയാക്കി
നെഞ്ചിൽ നിന്നൊരു തിര
വിഷാദത്തിന്റെ ഇരുണ്ട നീലയിലേക്കു്
പിൻവലിഞ്ഞുപോവുന്നുണ്ടു്…
നഷ്ടപ്പെട്ട നങ്കൂരങ്ങൾ തുരുമ്പിച്ചടിഞ്ഞ
ആഴമില്ലാതെ അടഞ്ഞുപോയ
ഒരു തുറമുഖത്തിന്റെ
പഴയ വിളക്കുമാടത്തിനു്
വെറുതേ കാവലിരിക്കുന്ന
നരച്ച കുപ്പായമിട്ട ജീവിതം
ചോറ്റുപാത്രവുമായെത്തുന്ന
ഒരു ആഹ്ലാദത്തെ കാത്തിരിക്കുന്നതുപോലെ
പച്ചയുടെ തീരത്തുനിന്നും
നീ വെളിച്ചത്തിന്റെ തൂവാല വീശുമെന്നു്
ഞാനും പ്രതീക്ഷിക്കുന്നുണ്ടു്
പക്ഷേ…
പരാജയങ്ങളുടെ കപ്പൽച്ചേതങ്ങളാലും
പലായനങ്ങൾ ഉപേക്ഷിച്ചിട്ട
പടക്കോപ്പുകളാലും
അടയാളപ്പെടുത്തപ്പെട്ട
പുരാതനമായൊരു കടൽപ്പാതയിലൂടെ
ദുർബലമായ സൈറൺ മുഴക്കി
അകന്നകന്നു്… അകന്നകന്നു് പോകുന്ന
ഈ കപ്പലിൽ ഞാനുണ്ടെന്നു്
നീയെങ്ങനെ അറിയാനാണു്…!?
പാലക്കാടു് അടയ്ക്കാപുത്തൂരിൽ ജനനം. മറൈൻ എൻജിനീയർ, വിവാഹിതൻ.
കലിഗ്രഫി: എൻ. ഭട്ടതിരി