(കടലിൽപ്പോയ ജോണിക്കുട്ടി കരയിലിരിക്കുന്ന ലില്ലിക്കുട്ടിക്കു് എഴുതുന്നതു്)

ഭൂമി, മഴ
കടൽ, കര
ആ ക്രമത്തിലായിരുന്നു
അതെ… അങ്ങനെത്തന്നെയായിരുന്നു
ആദ്യം ചലിച്ച ഏകകോശം
ആദ്യം കരയിലെത്തിപ്പിടഞ്ഞ മത്സ്യം
ആദ്യം പൂത്ത ചെടി
ആദ്യം കായ്ച്ച മരം
ആദ്യം ചിറകടിച്ചുയർന്ന പക്ഷി
ആദ്യം കാടുകയറിയ മുരൾച്ച
ആദ്യം കീഴ്പ്പെടുത്തപ്പെട്ട കരച്ചിൽ
ആദ്യം നിവർന്നുനിന്ന മനുഷ്യൻ
ആദ്യം ഉരഞ്ഞുകത്തിയ തീ
ആദ്യം ഉരുണ്ടുനീങ്ങിയ ചക്രം…
പിന്നെയും ചലിച്ചുകൊണ്ടേയിരുന്ന ലോകം
അതൊക്കെ പിന്നെയാണു്
ഭൂമി, മഴ
കടൽ, കര
അതെ… അങ്ങനെത്തന്നെയായിരുന്നു
ഒരു കടലും ഇന്നേവരെ
മുഴുവനും വറ്റിപ്പോയിട്ടില്ലെങ്കിൽ
ചുട്ടുപഴുത്ത ഒരു ഭൂമിയിലേക്കു് പെയ്ത
ആദിമമായ ആ മഴയും
കടലിന്റെ ഹൃദയത്തിലുണ്ടാവണം
ഒരേ നിലാവിനും
ഒരേ വെയിലിനും കീഴിലെന്നു്
ഒരേ നക്ഷത്രങ്ങൾ കാണുന്നെന്നു്
ഒരേ നേരം വിങ്ങുന്ന,
ഒരു മേഘത്തിന്റെ തണുപ്പുകൊണ്ടു്
ഒരു പുഴയുടെ ഒഴുക്കുകൊണ്ടു്
പരസ്പരം തൊടാൻ വെമ്പുന്ന
ആ ഒരു വാക്കുണ്ടായതും
കരയ്ക്കും കടലിനുമിടക്കായിരിക്കണം
ആദിയിൽ ഭൂമിയിൽ വീണ മഴയുടെ
തിളയ്ക്കുന്ന നെടുവീർപ്പെന്നപോലെ
വിരഹമെന്ന വാക്കു്…!

കൂർക്കം വലിച്ചുറങ്ങുന്ന
ഒരു കുന്നിൻ മുകളിലേക്കു്
കുഞ്ഞിക്കാൽ കയറ്റിവെക്കുന്നു
ഷിമ്മീസിട്ട ഒരു പുലരിവെയിൽ
തിരക്കിട്ടു് ഇടവഴിയിലേക്കിറങ്ങിയ
ഇരുട്ടിനു പിന്നാലെ
മരച്ചില്ലയിൽ മുന്താണിയുടക്കിയ
കസവുപുടവയുടുത്ത നിലാവു്
കുന്നിനെ വികാരം കൊള്ളിച്ച
വെയിലും
ഇരുട്ടിനോടൊപ്പം നടന്നെത്താത്ത
നിലാവും
ഒരുപോലെ കുറ്റക്കാരാണു് എന്നിരിക്കെ
അല്പനേരമാണെങ്കിലും
കയ്യിലോ കഴുത്തിലോ
മതചിഹ്നങ്ങളൊന്നുമില്ലാതെ
രാത്രിയും പകലും തമ്മിൽ
അടുത്തിടപഴകി മിണ്ടിപ്പറഞ്ഞിരുന്നതു്
ക്ഷമിക്കാനാവാത്ത കുറ്റം തന്നെ…!
ചോരയിൽത്തന്നെ
കീറിപ്പറിഞ്ഞുചുവക്കണം
അവരിലാരുടേതെന്നറിയാത്ത
ഈ ഉടുവസ്ത്രം…!

പുലരിയിലേക്കു് പറന്നുയരുന്ന പക്ഷികൾ നിറഞ്ഞ
നിന്റെ ആകാശത്തിലേക്കു്
കടലിലേക്കു് കണ്മിഴിക്കുന്ന ക്ഷത്രങ്ങൾ നിറഞ്ഞ
എന്റെ ആകാശത്തിലൂടെ
ഞാൻ ഫോൺ വിളിക്കുന്നു
രാത്രിയെ അടുക്കിയൊതുക്കിവെച്ചു് ഞാനും
പകലിനെ അടുപ്പത്തുവെച്ചുകൊണ്ടു് നീയും
ഹലോ പറയുന്നു
ഇപ്പോൾ പിറന്നുവീണ ഒരു കുഞ്ഞുനക്ഷത്രം
കവിൾത്തുടുപ്പോടെ പെട്ടെന്നു് ചിരിച്ചു തുടങ്ങുന്നു
ഇപ്പോൾ പറക്കാൻപഠിച്ച ഒരു കുഞ്ഞിക്കിളി
ചിറകൊന്നുലച്ചു് പെട്ടെന്നു് ആയമെടുത്തുയരുന്നു
പിന്നെ…
വലിച്ചുകെട്ടിയ കമ്പികളിലെന്നപോലെ
രണ്ടു സമയരേഖകൾ മീട്ടിപ്പാടുന്ന നർത്തകിയായി
ഭൂമി ഒരു പാവാടച്ചുറ്റുയർത്തി തിരിയുന്നു.

ലബ്ബെന്നും ഡബ്ബെന്നും വാതിൽ തുറന്നടച്ചു്
പരസ്പരം പിടികൊടുക്കാതെ
ഒളിച്ചുകളിക്കുന്ന രണ്ടർത്ഥങ്ങളുണ്ടു്
ഹൃദയത്തിൽ.

കപ്പൽപ്പാതകൾക്കിപ്പോൾ
നക്ഷത്രങ്ങളുടെ അടയാളങ്ങളൊന്നും വേണ്ട
ഒരുവിരൽത്തുമ്പിൽ തെളിയാവുന്നതേയുള്ളൂ
ഒരുനൂറുവഴികൾ
എങ്കിലും
മുങ്ങുന്നതിന്റെ സാങ്കേതികവിദ്യ
ഇപ്പോഴും പഴയപോലെയൊക്കെത്തന്നെ
അവനവന്റെ ഭാരം എത്രയെന്നതിലല്ല
ആദേശം ചെയ്യുന്നതിന്റെ വ്യാപ്തം
എത്രയെന്നനുസരിച്ചുതന്നെയാണു്
ഇപ്പോഴും അതു് സംഭവിക്കുന്നതു്.