പെൻഷൻ വാങ്ങാൻ കാത്തുനിൽക്കുന്ന
വിധവയെപ്പോലെ
വിളറി ക്ഷീണിച്ച
അഞ്ചുമണിവെയിൽ
വിശേഷങ്ങൾക്കു് പതാകയുയർത്തുന്ന
തൊഴിലുറപ്പിന്റെ കൂലിവാങ്ങിക്കാൻ
ചവിട്ടുപടിയിൽ ഒടിഞ്ഞുമടങ്ങിയിരിക്കുന്ന
അവശനായ കൊടിമരനിഴൽ
ഭവനപദ്ധതിയിൽപ്പെടുത്താൻ
നൂറായിരാമത്തെത്തവണ
പഞ്ചായത്താപ്പീസിൽ ചുറ്റിക്കറങ്ങുന്ന
ശ്വാസം മുട്ടലുള്ള വയസ്സൻ കാറ്റു്
ആരെയും ഗൗനിക്കാതെ
വാനിറ്റിബാഗ് വള്ളിയും
പുള്ളിക്കുടയും തൂക്കി
ആപ്പീസുപൂട്ടിയിറങ്ങുന്ന
വേഷ്ടിയും മുണ്ടുമുടുത്ത
തടിച്ചുരുണ്ട മലയാളം
പടിഞ്ഞാറൊരുങ്ങുന്നുണ്ടു്
ചുവന്ന ബ്ലൗസിട്ട
കുടുംബശ്രീമേഘങ്ങളുടെ
പ്രതിഷേധപ്രകടനം.
ഏറെ നേരമായ് രാവിന്റെ മൗനമീ
നീലപ്പരപ്പിൽ പൊഴിഞ്ഞുവീഴുന്നു
ഒരുനിലാച്ചീളിന്റെ ചിരിയിളക്കം
ഒരു കുഞ്ഞുകാറ്റിന്റെ കയ്യിളക്കം
അത്ര മാത്രം മതി
ഒരു കടലോളമോർമ്മകൾ
തിരയടിച്ചെത്തുവാൻ
ആഴത്തിലായിരം
കണ്ണീർപ്പൊടിപ്പുകൾ
മുത്തായി മാറുവാൻ
പവിഴത്തുരുത്തുകൾ
താനേ കുരുക്കാൻ
അടിത്തട്ടിലെന്തോ
തുടിക്കുന്ന മാത്രയിൽ
തീ തിന്നുവിങ്ങുമൊരു
ദ്വീപായൊതുങ്ങാൻ
ഒരു നിലാച്ചീളിന്റെ ചിരിയിളക്കം
ഒരു കുഞ്ഞുകാറ്റിന്റെ കയ്യിളക്കം
അത്ര മാത്രം മതി…
(ജനുവരി 2011)
ശിരസ്സരിഞ്ഞിട്ട സ്വപ്നങ്ങൾക്കൊപ്പം
മുറിഞ്ഞുപോയ നിദ്രയുടെ
അനേകരാവുകൾക്കൊടുവിൽ
ശയനശയ്യയിലൊരുവൾ
കൂടെയിരിക്കാൻ വന്നു
നിലാവു് പൊടിച്ചുവാർത്ത ഗുളികകൾക്കൊപ്പം
ആയിരത്തൊന്നു് കഥകൾ പറഞ്ഞു
നൂറായിരം വിരൽസ്പർശങ്ങൾ
ഇഴചേർത്തുതുന്നിയ
മൃദുവായ പുതപ്പുകൾക്കടിയിൽ
അത്തറിന്റെ മണമുള്ള ചുംബനങ്ങൾ
പൂക്കളെന്നപോൽ വിതറിയിട്ടു
നനഞ്ഞ നീല പടർന്ന ആകാശത്തിലേക്കു്
അലക്ഷ്യമായ് നിവർത്തിയിട്ട
അബോധത്തിന്റെ കപ്പൽപ്പായകൾക്കൊത്തു്
സിൻബാദു് യാത്രയാരംഭിച്ചു
കുടത്തിലേക്കു് തിരിച്ചുകയറിയ
അഹങ്കാരിയായ ഭൂതത്തെപ്പോലെ
എടുത്തെറിയപ്പെടാൻ പോകുന്ന ഒരു ജീവിതം
കപ്പൽത്തട്ടിൽ കാത്തുകിടന്നു
(ഓർമ്മപ്പുസ്തകങ്ങൾ അടുക്കിവെച്ച
കണ്ണാടിയലമാരയ്ക്കുള്ളിലെ
അറേബ്യൻ രാവുകളിൽ നിന്നു്
നിശാവസ്ത്രമണിഞ്ഞ പിംഗളകേശിനി
മുഖപടമഴിച്ചുവെച്ചു്
ആരോഗ്യനികേതനിലേക്കു് നടന്നുകയറി)
ഒടുവിൽ
അടയാളങ്ങൾ ബാക്കിവെയ്ക്കാതെ
തുറന്നടഞ്ഞുപോയ ഒരു നിലവറയ്ക്കുമുമ്പിൽ
ഉപേക്ഷിക്കപ്പെട്ടപോലെ
ഉണർന്നെണീക്കുന്ന വരെ
ഏകാകിയായ ഷഹരിയാറിന്റെ
നാഡിയിൽ വിരൽ തൊട്ടിരുന്നതു്
ആരാണു്…!?
മഴയിലേക്കു്
മല കയറുമ്പോഴും
കിതയ്ക്കുന്ന തീയിനു്
വിയർക്കുന്നുണ്ടു്
എങ്കിലും
ഒരായിരം ജനാലകളിൽ
മഴയുടെ ചതുരക്കാഴ്ചയിലേക്കു്
ഒട്ടേറെ നോട്ടങ്ങളുടെ കൗതുകം
കൂടെ വരുന്നുണ്ടെന്ന തോന്നൽ…
കിതപ്പിനു്
ഒരർത്ഥമുണ്ടു്…
വിയർപ്പു മാറാത്തതു്…
മഴനനവുള്ളതു്…
(ജനുവരി 2011)
ഭൂമി… ജലം… വായു… അഗ്നി… ആകാശം
ഞാൻ എന്ന അവസ്ഥയുടെ
കാരണങ്ങളത്രയും
പല പെരുക്കങ്ങളായി
ഇപ്പോൾ വിരൽത്തുമ്പിലുണ്ടു്
ഒരുകോടി അഗ്നിപർവ്വതങ്ങളെ
പൊട്ടിത്തെറിക്കാതെയൊതുക്കിയ ഭൂമി
ഒരുകോടി തിരകളെ
പ്രക്ഷുബ്ധമാവാതെയൊതുക്കിയ ജലം
ഒരുകോടി നിശ്വാസങ്ങളെ
പൊള്ളാതെയൊതുക്കിയ വായു
ഒരു കോടി മരച്ചില്ലകളിലായി
ഉരഞ്ഞുകത്താതെയൊതുങ്ങിയ അഗ്നി
ഒരു കോടി മേഘങ്ങളെ
പെയ്യാതെയൊതുക്കിയ ആകാശം
തൊടണമെന്ന തോന്നലിനെ
ഞാനെന്ന അവസ്ഥയുടെ
സ്ഥലകാലങ്ങളിൽ നിന്നു്
ഇതിലുമെളുപ്പത്തിൽ
വിശദീകരിക്കുന്നതെങ്ങിനെ…!?
പാലക്കാടു് അടയ്ക്കാപുത്തൂരിൽ ജനനം. മറൈൻ എൻജിനീയർ, വിവാഹിതൻ.
കലിഗ്രഫി: എൻ. ഭട്ടതിരി
ചിത്രങ്ങൾ: വി. മോഹനൻ