
കയ്പില്ലാത്തതെന്നു്
ഒരു കിളി മധുരിച്ചുപാടുന്ന
കാഞ്ഞിരമരത്തിൽ നിന്നു്
കൊളുത്തുപൊട്ടിവന്ന
കവിതയുടെ കാൽച്ചങ്ങല
മുറിവുനീറ്റങ്ങളിൽ ഇഴയുമ്പോഴും
കിലുങ്ങുന്നതുകേൾക്കും
കട്ടുറുമ്പുകളെപ്പോലെ
സ്വപ്നത്തിലെ കറുത്ത സെക്കന്റുകൾ
ഒന്നിനുപിറകെ ഒന്നായി
വരിയിൽ നടന്നുപോവുന്നതുകാണും
എണ്ണിക്കൊണ്ടിരിക്കും
കല്ലുരുട്ടിക്കൊണ്ടു്
പതിവായി കനം തൂങ്ങി
മല കയറിക്കൊണ്ടിരിക്കുന്ന ഹൃദയം
കിതച്ചുകിതച്ചുകൊണ്ടു്
ലബ്ബെന്നും ഡബ്ബെന്നും മിടിക്കുന്നതു്
ഇടത്തെന്നുള്ള വേദന
വലത്തെന്നുള്ള വേദനയോ
തിരിച്ചോ ആവുന്നതിലെ ആഹ്ലാദം
ഉടുക്കുകൊട്ടുന്നതാണെന്നൊക്കെ തോന്നും
മുകളിലെത്തും
കൈവിട്ടുകളയും
കൈകൊട്ടിച്ചിരിക്കും
ഉണരും…!

ഹോ… ചേട്ടാ…
അങ്ങനീമിങ്ങനീം
നോക്കിപ്പേടിപ്പിക്കാതെ…!
ആതിരക്കുളിരോടന്നു
വൃത്തത്തിൽ കളിച്ചതാണു്
സെറ്റുമുണ്ടുടുത്തതാണു്
ഓണത്തിനു്, പെരുന്നാളിനു്, ക്രിസ്മസിനു്,
പറഞ്ഞ പോലൊക്കെത്തന്നെ
താളത്തിലാടിയതാണു്
ഇനിയെങ്കിലും എനിക്കു തോന്നുമ്പോലിരുന്നോട്ടെ
ഛന്ദസ്സിൻ പുറത്തേക്കൊന്നു്
കാൽമുട്ടു് നിവർത്തട്ടെ
മാത്ര തെറ്റാതെ നോക്കി കഴച്ചുനീറുന്നു
ഈ നോട്ടമൊന്നയച്ചോട്ടെ
നടുപ്പേജിലിരുന്നെങ്കിലും
പണ്ടുണ്ണിമേരിയെ സീമയെ ഷക്കീലയെ
കണ്ണുകൊണ്ടറുത്തപോൽ
പെർവെർഷം വർഷിക്കാതെ
നിങ്ങടെ പെങ്ങളെപ്പോലെനിക്കും
പേരുണ്ടല്ലോ! പി. കവിത ബി. ഏ
‘മാതൃഭാഷായിൽ’:-) തന്നെ
- - - - v v v v v - - v - - v - -
(അതു് മന്ദാക്രാന്തയാ…
മനസ്സിലായോ വൃത്തം…?)
ആക്രാന്തമൊട്ടും വേണ്ട
മന്ദമായ് ഗമിച്ചാട്ടെ…!

110 കെ. വി ലൈനിലെ
രണ്ടു കമ്പികളിലിരിക്കുന്ന
രണ്ടു പക്ഷികൾക്കു്
പരസ്പരം കൊക്കുരുമ്മാനുള്ള
ആ ഒരു തോന്നലിന്റെ
വോൾട്ടേജിലാണു്
പ്രണയം അളക്കപ്പെടുന്നതു്…!

നിന്റെ കാൽവിരൽ തൊട്ട
ഈ കടൽ മുറിച്ചു് കടന്നുപോവുമ്പോൾ
മണൽത്തരിനീറ്റമുള്ള ഒരു മുറിവു ബാക്കിയാക്കി
നെഞ്ചിൽ നിന്നൊരു തിര
വിഷാദത്തിന്റെ ഇരുണ്ട നീലയിലേക്കു്
പിൻവലിഞ്ഞുപോവുന്നുണ്ടു്…
നഷ്ടപ്പെട്ട നങ്കൂരങ്ങൾ തുരുമ്പിച്ചടിഞ്ഞ
ആഴമില്ലാതെ അടഞ്ഞുപോയ
ഒരു തുറമുഖത്തിന്റെ
പഴയ വിളക്കുമാടത്തിനു്
വെറുതേ കാവലിരിക്കുന്ന
നരച്ച കുപ്പായമിട്ട ജീവിതം
ചോറ്റുപാത്രവുമായെത്തുന്ന
ഒരു ആഹ്ലാദത്തെ കാത്തിരിക്കുന്നതുപോലെ
പച്ചയുടെ തീരത്തുനിന്നും
നീ വെളിച്ചത്തിന്റെ തൂവാല വീശുമെന്നു്
ഞാനും പ്രതീക്ഷിക്കുന്നുണ്ടു്
പക്ഷേ…
പരാജയങ്ങളുടെ കപ്പൽച്ചേതങ്ങളാലും
പലായനങ്ങൾ ഉപേക്ഷിച്ചിട്ട
പടക്കോപ്പുകളാലും
അടയാളപ്പെടുത്തപ്പെട്ട
പുരാതനമായൊരു കടൽപ്പാതയിലൂടെ
ദുർബലമായ സൈറൺ മുഴക്കി
അകന്നകന്നു്… അകന്നകന്നു് പോകുന്ന
ഈ കപ്പലിൽ ഞാനുണ്ടെന്നു്
നീയെങ്ങനെ അറിയാനാണു്…!?

പാലക്കാടു് അടയ്ക്കാപുത്തൂരിൽ ജനനം. മറൈൻ എൻജിനീയർ, വിവാഹിതൻ.
ചിത്രങ്ങൾ: പോൾ ക്ലീ