ഈ ഓഫീസ് കെട്ടിടത്തിന്റെ മീറ്റിംഗ് മുറികൾക്കു് മൃഗങ്ങളുടെ പേരുകളാണു്. ആന, ഒട്ടകം, നീർനായ, കരടി, കുതിര, കടമാൻ, മുതല, പുലി, മുയൽ അങ്ങനെയങ്ങനെ. മൃഗത്തിന്റെയും മുറിയുടെയും വലിപ്പത്തിനും താരതമ്യമുണ്ടു് കേട്ടോ. മുയൽ മുറിയിലേക്കു് ബോസ് വിളിച്ചാൽ പ്രശ്നമാണു്. വൺ-ഓൺ-വൺ മീറ്റിംഗുകൾ മിക്കവാറും നല്ല വാർത്ത ആവാറില്ല. ആരെങ്കിലും കൊടുത്ത പരാതി, അല്ലെങ്കിൽ പിരിച്ചുവിടൽ അങ്ങനെയെന്തെങ്കിലും ആവും—കൊൺഫിഡൻഷ്യൽ! ഇന്നത്തെ മീറ്റിംഗ് ജോലിക്കാരെ മുഴുവനും കൂട്ടി അഞ്ചാംനില പകുതിയും ഉൾക്കൊള്ളുന്ന ആന മുറിയിലാണു്.
നാലാമത്തെ നിരയിൽ ഡെറിക്കിനും എല്ലനും നടുവിലാണു് ഞാനിരിക്കുന്നതു്. എല്ലൻ പരിഹാസപ്പേരല്ലാട്ടോ, സോഷ്യൽ സെക്കൂരിറ്റി ഫയലിലെ ശരിയായ പേരാണു്. എന്റെ മാനേജർ, പതുങ്ങിയ സ്വഭാവക്കാരി, നല്ല വണ്ണമുള്ള മദാമ്മ. പക്ഷേ, അങ്ങനെയൊന്നും പറയാമ്പാടില്ല. ആളുകളുടെ നിറം, വലിപ്പം, ഗോത്രം ഇതൊക്കെ സൂചിപ്പിക്കുന്നതു തന്നെ തെറ്റാണു്. അതാണു് ക്ലെയർ, ഹ്യൂമൻ റിസോഴ്സസിന്റെ ഡയറക്ടർ, അവിടെ പ്രസംഗിച്ചുകൊണ്ടിരിക്കുന്നതും.

“
ഇതു് അടിയന്തര മീറ്റിംഗാണു്. വംശീയമായ യാഥാസ്ഥിതികത്വം ഈ കമ്പനി അനുവദിക്കില്ല!”
അങ്ങനെയൊക്കെ കേട്ടുപഴകിയ കാര്യങ്ങൾ തന്നെ ക്ലെയർ ഉരുവിടുന്നു. ഇവിടെ ജോലിയിൽ പ്രവേശിച്ചാലുടൻ ഇതൊക്കെ വിവരിക്കുന്ന ഫയലും പേപ്പറുകളും കിട്ടും. അതൊക്കെ വായിച്ചു മനസ്സിലാക്കി എന്നു് ഒപ്പിട്ടു കൊടുക്കുകയും വേണം. കാനഡക്കാരൊക്കെ ഡീസന്റ് പാർട്ടികളാണു്. കച്ചറ സ്വഭാവോന്നും പൊറത്തു് കാണിക്കാറില്ല. എന്നാലും വംശവെറിയ്ക്കെതിരെ യുദ്ധം ചെയ്യുന്നുണ്ടെന്നു എല്ലാ ബിസിനസ്സുകളും ഔദ്യോഗികമായി പ്രഖ്യാപിച്ചുകൊണ്ടിരിക്കും. ഒരു കേസെങ്ങാനും വന്നാൽ പിന്നെ പൊല്ലാപ്പാണു്. ലക്ഷങ്ങളും കോടികളുമാണു് വരത്തവർഗ്ഗം കൊണ്ടു പോകുന്നതു്. കാലക്കേടിനു് ബിസിനസ്സ് ചെലപ്പോ പൂട്ടിപ്പോവേം ചെയ്യും. ഓറിയന്റെഷന്റെ ഭാഗമായി അത്തരം സംഭവങ്ങൾ വിവരിക്കുന്ന വീഡിയോകളും കാണണം.
ഇപ്പൊ, എല്ലന്റെ കാര്യം തന്നെ പറയട്ടെ. ഹൈസ്കൂൾ കഴിഞ്ഞു ജോലിയിൽ കയറിയ ആളാണു്. എന്റെ ഡിഗ്രിയേക്കാൾ മുന്നിൽ അവരുടെ എക്സ്പീരിയൻസാണു് ജയിച്ചതു്. തന്നെയല്ല, ഇവിടെ പെണ്ണുങ്ങൾ ഐ. ടി. ഫീൽഡിൽ കുറവാണു്. അതുംകൂട്ടി അവരെ മാനേജരാക്കി. ബോസാണെങ്കിലും എന്നോടുള്ള ബഹുമാനത്തിനൊന്നും ഒരു കൊറവും ഇല്ല. എല്ലാ ചെറിയ കാര്യങ്ങളും എന്നൊടന്വേഷിച്ചിട്ടേ തീരുമാനം എടുക്കൂ. “
ഏജേ, ഇതു് ഇങ്ങനെ പോരെ?” “
നിന്റെ അഭിപ്രായം എന്താണു് ഏജേ?”
ഡെറിക്കു പറയുന്നതു് അവർക്കു് വിവരമില്ലാത്തതുകൊണ്ടാണു് എന്നോടു എല്ലാം ചോദിക്കുന്നതു് എന്നാണു്.
ഈ മീറ്റിംഗിന്റെ കാരണം പറഞ്ഞില്ലല്ലോ. രണ്ടു ദിവസം മുൻപു് സിൻഡിയുടെ പാർക്കിംഗ് ഇടത്തിനു മുന്നിൽ പാക്കി-പ്രിൻസസ് എന്നൊരു കടലാസിൽ പ്രിന്റ് ചെയ്തു് ആരോ ഒട്ടിച്ചതിന്റെ ബഹളമാണിതൊക്കെ. പാക്കി എന്നതു് പാക്കിസ്ഥാനി എന്നതിന്റെ ചുരുക്കമാണെങ്കിലും ദേശികൾക്കെല്ലാമായിട്ടുള്ള അധിക്ഷേപപ്പേരാണു്. നിഗറിന്റെ തവിട്ടു പതിപ്പു്.

ഭരണതലത്തിലെ ഉപരിവിഭാഗത്തിനു മാത്രമാണു് കെട്ടിടത്തിനുള്ളിൽ തന്നെ ബേസ്മെന്റിൽ പാർക്കിംഗ് ഉള്ളതു്. സി. ഇ. ഒ., സി. എഫ്. ഒ., പ്രസിഡന്റ്മാർ, വൈസ് പ്രസിഡന്റ്മാർ അങ്ങനെയൊക്കെയുള്ള അപ്പർ മാനേജ്മെന്റ്ന്റെ പാർക്കിംഗ് ലോട്ടിന്റെ അറ്റത്തു കമ്പനിവക വാനുകളും ഇടാനുള്ള സ്ഥലമുണ്ടു്. മറ്റു് ഓഫീസുകളിലേക്കു് പോകേണ്ട ആവശ്യം വരുമ്പോൾ ഞങ്ങൾ ഐ. ടി.-ക്കാരും ഈ വാനുകൾ എടുക്കാറുള്ളതാണു്. പക്ഷേ, പേരുകളൊന്നും എഴുതിവെച്ചിട്ടില്ലെങ്കിലും ഭിത്തിയോടടുത്തുള്ള അഞ്ചു ഇടങ്ങളാണു് കമ്പനി വാനുകളുടെതെന്നു് എല്ലാവർക്കും അറിയും. ബാക്കിയൊക്കെ മാനേജ്മെന്റിനും.
ഞങ്ങളെപ്പോലെ സാധാരണ ജീവനക്കാരെല്ലാം ഓഫീസിനു പിന്നിലുള്ള തുറന്ന പാർക്കിംഗ് ലോട്ടിൽ വണ്ടിയിട്ടിട്ടു് നടപ്പാത കടന്നു ഓഫീസിലെത്തും. വൈകുന്നേരം ചെല്ലുമ്പോൾ പകൽ വീണ മഞ്ഞും ഐസും കാറു് മൂടികിടക്കുന്നുണ്ടാവും. അതൊക്കെ മഞ്ഞുബ്രഷ് കൊണ്ടു് തട്ടിയിറക്കി, മുന്നിലെ ചില്ലിൽ പറ്റിപ്പിടിച്ചിരിക്കുന്ന ഐസ് ബ്രഷിന്റെ പല്ലുപോലുള്ള അറ്റംകൊണ്ടു് കുത്തിമാറ്റി ഒന്നു് ഡ്രൈവ് ചെയ്യാൻ പാകമാക്കുമ്പോഴേക്കും കൈയും മുഖവും ചെവിയും കാൽവിരലുകളും ചിലപ്പോൾ മരവിച്ചു പോകും. കാറ്റുണ്ടെങ്കിൽ കൈയുറയും തൊപ്പിയും ബൂട്ട്സും ഒന്നും മതിയാവില്ല തണുപ്പിനെ ചെറുക്കാൻ. ഇതെല്ലാം കാനഡയിലെ സാധാരണ ജീവിതത്തിന്റെ ഭാഗമാണു്.
എൻജിനീയറിംഗിലെ ടെക്നീഷ്യന്മാരാരോ വൈകുന്നേരം കമ്പനിവാൻ ആറാമത്തെ കള്ളിയിൽ പാർക്ക് ചെയ്തു. നവംബറായിരുന്നില്ലേ, സമയം ഒരു മണിക്കൂർ പിന്നിലാക്കിയതുകൊണ്ടു് നേരത്തെ ഇരുട്ടാവും. മഞ്ഞു വീഴാനും തുടങ്ങിയിരുന്നു. വീട്ടിൽ പോവാനുള്ള തിരക്കിൽ ശ്രദ്ധിക്കാതെ ചെയ്തതാവും. പർച്ചേസിംഗ് വിഭാഗത്തിന്റെ വൈസ് പ്രസിഡണ്ടായി സിൻഡി ജോലിയിൽ ചേർന്നിട്ടു് രണ്ടാമത്തെ ആഴ്ചയാണു് ഈ സംഭവം. കാലത്തെവന്ന സിൻഡി തന്റെ പാർക്കിംഗ് ഇടത്തിൽ കമ്പനിവാൻ കണ്ടു ചൂടായി. വെറുതെയങ്ങു ചൂടായീന്നു പറഞ്ഞാൽ പോരാ! ഫക്കിംഗിൽ തുടങ്ങി തെറിയുടെ പ്രളയം. അവരുടെ കാറ് മൂന്നു് കമ്പനി വാനുകൾക്കും കുറുകെ ബ്ലോക്ക് ചെയ്തു് പാർക്കു ചെയ്തിട്ടിട്ടു് സിൻഡി പൊയ്ക്കളഞ്ഞു.
കാഫിറ്റെറിയയിലെ അന്നത്തെ വിഷയം അതായിരുന്നു. അതു് മാത്രമായിരുന്നു. ആദ്യമായിട്ടാണു് അങ്ങനെയൊരു സംഭവം. ഒരു വി. പി., അതും തവിട്ടു നിറക്കാരി പരസ്യമായി അത്രയും തെറി പറഞ്ഞതായിരുന്നു ചർച്ചകളുടെ കാതൽ. അന്നേ എനിക്കിഷ്ടപ്പെട്ടതാണു് സിൻഡിയെ. ലാപ്ടോപ്പും ഡോക്കിംഗ് സ്റ്റേഷനും ശരിയായി പ്രവർത്തിക്കുന്നുണ്ടോ എന്നു് ഉറപ്പാക്കനെന്ന മട്ടിൽ ചെന്നു് അന്നു തന്നെ ഞാൻ സിൻഡിയെ നേരിട്ടു പരിചയപ്പെടുകയും ചെയ്തു. ഇന്ത്യക്കാരന്റെ തുറിച്ചു നോട്ടവും അനാവശ്യ വിനയവും ഒഴിവാക്കി സംസാരിക്കാൻ ഞാൻ പ്രത്യേകിച്ചും ശ്രമിച്ചു കേട്ടോ.
എന്നെ അടിമുടിയൊന്നു നോക്കിയതല്ലാതെ പ്രത്യേകിച്ചൊന്നും പറഞ്ഞില്ല. ദേശിയാണല്ലേ എന്ന കുശലമൊന്നും ഞാനും പ്രതീക്ഷിച്ചില്ല. എട്ടാം നിലയിലെ മൂലമുറിയാണു സിൻഡിയുടെ ഓഫീസ്. രണ്ടു വശത്തും കണ്ണാടി ഭിത്തിയുള്ള ഗംഭീരൻ സാധനം. അതാണെങ്കിൽ നല്ല നീറ്റായി അലങ്കരിച്ചിരിച്ചിട്ടുമുണ്ടു്. കുടുംബ ഫോട്ടോകളും കണ്ടു. ഓ, സായിപ്പല്ല, ദേശിതന്നെയാണു് ഭർത്താവു്! ഡെസ്ക്കിൽ കമഴ്‌ന്നു കിടന്ന ഫോൺ കണ്ടപ്പോൾ എനിക്കു ചെറിയൊരു ക്ഷീണം തോന്നിയെന്നതു് ശരിയാണു്. മറിയ ഖമാർ ഡിസൈൻ ചെയ്ത ഡെത്ത് സ്റ്റെയറാണു് ഫോണിന്റെ കവർ.
മറിയയെ അറിയില്ലേ, ഓ, ടോറൊന്റോക്കാരി പോപ്പ് ആർട്ടിസ്റ്റ്. ഒൻപതാം വയസ്സിൽ പാകിസ്ഥാനിൽ നിന്നും കുടിയേറിയതാണു് മറിയ. ഹൈസ്കൂൾക്കാലത്തെ കളിയാക്കലും പാക്കിവിളിയും ഒക്കെ സഹിച്ചു് നമ്മളെപ്പോലൊക്കെത്തന്നെ പതുങ്ങിക്കൂടിയങ്ങു ജീവിച്ചു. പഠിത്തവും ജോലിയും ആയിക്കഴിഞ്ഞിട്ടല്ലേ വരച്ചു പ്രതിഷേധിക്കാൻ തുടങ്ങിയതു്. വരക്കുന്നതൊക്കെ നമ്മൾ ദേശികളുടെ ചേഷ്ടകൾ തന്നെ! Don’t Worry Aunty, Trust No Aunty എന്നൊക്കെ എഴുതി ആന്റിമാരുടെ പടമുള്ള ടീഷർട്ടുകൾ ടീനേജുകാരുടെ ഇടയിൽ ഹരമാണു്. കറുത്ത മുടി നടുവിൽ പകുത്തു്, പൊട്ടും സീമന്തക്കുറിയുമുള്ള ദേശിപ്പെണ്ണിന്റെ മുഖം നിരനിരയായി മഴവില്ലു നിറങ്ങളിലുള്ളതാണു് ഈ ഡെത്ത് സ്റ്റെയർ ഫോൺ കവർ.
ഞാൻ വളർന്ന എൺപതുകളിൽ ഇതൊന്നും ആലോചിക്കാനേ വയ്യേരുന്നു. പഠിച്ചു പഠിച്ചു ജോലിയാവുക എന്നല്ലാതെയെന്താ! ഒരു ദിവസം മാത്ത് ചലഞ്ചിന്റെ പ്രാക്ടീസ് കഴിഞ്ഞപ്പോ സ്കൂൾബസ് സമയം കഴിഞ്ഞിരുന്നതുകൊണ്ടു് ഞാൻ മോഹോക്ക് പാർക്കു മുറിച്ചു കടന്നു വീട്ടിലേക്കു് പോകുമ്പോഴാണു് ഫുട്ബോൾ പ്രാക്ടീസു കഴിഞ്ഞു വന്ന കുട്ടികളെന്റെ ബാഗു പിടിച്ചു വാങ്ങി, പാക്കീ കറിയുണ്ടോന്നു ചോദിച്ചു പുസ്തകങ്ങളൊക്കെ പുറത്തിട്ടതു്. ലയണൽ എന്നെ ഉന്തി മറിച്ചിട്ടപ്പോ ഞാൻ തൊഴിക്കാൻ ശ്രമിച്ചതിനു വിൻസ് എന്റെ ഷൂസ് രണ്ടും ഊരിയെടുത്തു. പിന്നെ അവരതു കൂട്ടിക്കെട്ടി ഇലക്ട്രിക് വയറിൽ എറിഞ്ഞു പിടിപ്പിച്ചു. കുറെ പ്രാവശ്യം ശ്രമിച്ചിട്ടാണു് അതു് കമ്പിയുടെ മുകളിൽപ്പൊങ്ങിയിട്ടു് താഴോട്ടു് തൂങ്ങിക്കിടന്നതു്. അവരൊക്കെ ആർത്തുവിളിച്ചു പോയിക്കഴിഞ്ഞപ്പോൾ പുസ്തകങ്ങൾ പെറുക്കിയെടുത്തു ബാഗിലിടുന്നതിനിടയിൽ കരഞ്ഞകാര്യം ഇതുവരെ ഞാൻ ആരോടും പറഞ്ഞിട്ടില്ല. പതിനാലു വയസ്സുള്ള ആൺകുട്ടി കരയുന്നതു് വിളംബരം ചെയ്യേണ്ട കാര്യമല്ല. വീട്ടിൽ ചെന്നപ്പോൾ കാലിൽ കിടന്ന ഷൂസ് എങ്ങനെ കളഞ്ഞു പോയീന്നു അമ്മേടെ വക കുതിരകയറ്റം!

മറിയ മിടുക്കത്തിയാണു്, ഇതാ ഞാൻ പാക്കി തന്നെ എന്നങ്ങു വിളംബരം ചെയ്തു ജയിക്കുന്നു.
സിൻഡിയുടെ പരിഹാസപ്പേരു് പാക്കി പ്രിൻസസ് എന്നാണെനു് എന്നോടു് പറഞ്ഞതു് ഡെറിക്കാണു്. ഡെറിക്ക് സായിപ്പാണെങ്കിലും ഞങ്ങൾക്കിടയിൽ അതിർത്തികളില്ല. ഈ ഐ. ടി.-ക്കാർക്കു തമ്മിലുള്ള വിശ്വാസോം അടുപ്പോമില്ലേ, അതു് തന്നെ! ഇവിടുത്തെ ജോലിക്കാരുടെ എന്തൊക്കെ രഹസ്യങ്ങളാണു് ഞങ്ങൾ കണ്ടു ചിരിക്കാറുള്ളേന്നോ!
ഏതൊക്കെ വെബ്സൈറ്റുകളിലാണു് ജോലിസമയത്തു് ആളുകൾ കറങ്ങുന്നതു് എന്നു് ഇടക്കൊക്കെ ഞങ്ങൾ പരിശോധിക്കും. ഓസ്റ്റിനും ക്ലെയറും ഹോട്ടൽ മുറിബുക്കുചെയ്യുന്നതു്, എപ്പോൾ എങ്ങനെ എവിടെ വെച്ചു കാണണം എന്നു് പരിപാടിയിടുന്നതു്, അങ്ങനെയും ചില തമാശകൾ. ചില ദിവസങ്ങളിൽ ഞങ്ങളിലൊരാൾ വഴിമുടക്കികളായി ഇവരിൽ ആരുടെയെങ്കിലും ഓഫീസിൽ അവർ പുറപ്പെടാൻ ഉറപ്പിച്ചിരുന്നു സമയത്തു് പ്രത്യക്ഷപ്പെടും. മറ്റെയാളുടെ കാത്തുനിൽപു നോക്കി ആസ്വദിക്കാൻ. ഇത്തരം തമാശകളൊക്കെ ഇല്ലെങ്കിൽ ഞങ്ങൾ വെറും ഐ. ടി. ഗീക്കുകളായിപ്പോവില്ലേ?
പാർക്കിംഗ് ഇടത്തിന്റെ പ്രശ്നത്തോടെ സിൻഡിയെ എല്ലാവർക്കും ഭയമായി എന്നതാണു് സത്യം. അവൾ ഫയലുകൾ കിട്ടാൻ വൈകിയതിനു ഹ്യൂമൻ റിസോഴ്സസ് ഡയറക്ടർക്ക് എതിരെ പരാതി കൊടുത്തത്രേ. ജോലി തുടങ്ങി രണ്ടാമത്തെ ആഴ്ചയിലാണു് ഇതൊക്കെ! ആളൊരു തീപ്പൊരിയാണു്, സൂക്ഷിക്കണം. രാജകീയ പരിഗണന വേണം. അങ്ങനെയാണു് പാക്കി പ്രിൻസസ് എന്ന പേരു വീണതു്.
അതറിഞ്ഞപ്പോ മുതൽ അവളെന്റെ രാജകുമാരിയായി. ചവിട്ടുകൊള്ളാൻ നിന്നുകൊടുക്കാത്ത തലമുറയെ ബഹുമാനിക്കെണ്ടേ? ആ പേരു് അവളെ അറിയിക്കണമെന്നു കരുതിയാണു് അന്നു് ഞാൻ ഓഫീസിൽ പോയതു തന്നെ. പക്ഷേ, ഇതൊക്കെയെങ്ങനെ നേരിട്ടങ്ങു പറയും. അതുകൊണ്ടു് പരുങ്ങിപ്പമ്മി ഞാൻ മടങ്ങിപ്പോന്നു.
ഞാനങ്ങനെ ക്ലെയറിനെ കേൾക്കാതെ ഇരിക്കുമ്പോൾ എല്ലൻ പറഞ്ഞു. “
എന്നാലും ആരായിരിക്കും അതു് ചെയ്തതു്?” “
ആവോ”
ഞാൻ കൈമലർത്തി ക്ലെയർ പറയുന്നതു് ശ്രദ്ധിക്കാൻ ശ്രമിച്ചു. മൂന്നാമത്തെ നിരയിൽ നിന്നും അക്കൗണ്ടിംഗിലെ ഗ്രെഗറി എഴുന്നേറ്റു നിന്നു് സംശയം ചോദിച്ചു. “
പാർക്കിംഗ് ഗാരേജിൽ വീഡിയോ ക്യാമറ ഉള്ളതല്ലേ. ആരാണു് ആ പോസ്റ്റർ ഒട്ടിച്ചതെന്നു കണ്ടു പിടിക്കാൻ പറ്റില്ലേ?”
സ്വെറ്ററിനു പുറത്തു് കഴുത്തിനെ ചുറ്റിക്കിടക്കുന്ന സ്കാർഫ് നേരയാക്കി ക്ലെയർ വിശദീകരിച്ചു. “
ഞങ്ങൾ അതു് പരിശോധിച്ചു. പക്ഷേ, ആരും അതൊട്ടിക്കുന്നതോ സിൻഡിയുടെ കാറിനടുത്തേക്കു് പോകുന്നതോ കാണാനില്ല.”
ക്ലെയർ ശരീരത്തിന്റെ ഭാരം ഒരു കാലിൽ നിന്നും മറ്റേകാലിലേക്കും തിരിച്ചും മാറ്റിക്കൊണ്ടു് ആടിയാടിയാണു് സംസാരിക്കുന്നതു്. പോസ്റ്റർ! ഹ, എനിക്കു ചിരിവന്നു. ഒരു തുണ്ടുകടലാസാണു് പോസ്റ്ററായി വളർന്നിരിക്കുന്നതു്. ഇതു് ശരിക്കും കാക്കയെ ഛർദ്ദിച്ച കഥയാവും! “
വീഡിയോ പോലീസിനു കൈമാറിക്കൂടെ? ഏതെങ്കിലും തരത്തിലുള്ള തിരിമറി നടന്നിട്ടുണ്ടോ എന്നറിയാൻ.”
ഈ ഗ്രെഗറി അല്ലെങ്കിലും ഇങ്ങനെയാണു്. ഓരോ പെനിയും പോയ വഴി നോക്കി അക്കൗണ്ടിംഗ് ബുക്കുകൾ ബാലൻസ് ചെയ്യുന്നതു പോലെയാണോ ജീവിതം? എന്തായാലും ഞാൻ ശ്രദ്ധിച്ചിരുന്നു. ക്ലെയറിനു ഉത്തരം പറയാൻ അവസരം കൊടുക്കാതെ മുൻ നിരയിലെ വി. പി.-കളുടെ ഇടയിൽ നിന്നും എഴുന്നേറ്റു് സിൻഡി മൈക്ക് വാങ്ങി. തൊണ്ടയൊന്നു ശുദ്ധമാക്കുക പോലും ചെയ്യാതെ നല്ല തെളിഞ്ഞ ശബ്ദത്തിൽ സിൻഡി പറയാൻ തുടങ്ങി. “
Folks, let us not get carried away!”
ചാരനിറമുള്ള സൂട്ടിനകത്തു് പ്രകാശിക്കുന്ന നീല നിറത്തിലുള്ള ബ്ലൌസ്, അതെ നിറത്തിലുള്ള ഹൈഹീൽ ഷൂസ്. ആ പ്രകാശത്തിൽപ്പെട്ടു് ഞാനിരുന്നു പോയി. “
ഇവളിന്നെങ്ങാനും നിർത്തുമോ?”
ഡെറിക്ക് ശബ്ദമടക്കി എന്നോടു് ചോദിച്ചപ്പോഴാണു് ഞാനുണർന്നതു്. സിൻഡിയുടേതു് പരുങ്ങലില്ലാത്ത ഉറച്ച ശബ്ദമാണു്. ഭരണാധികാരികളുടെ പ്രാമാണികമായ ഭാഷയിൽ അവൾ സംസാരിക്കുകയാണു്. കമ്പനിയുടെ ഭാവിയെപ്പറ്റി, വളർച്ചയ്ക്കു് ഒറ്റക്കെട്ടായി നിന്നു് പ്രവർത്തിക്കാം എന്നതിനെപ്പറ്റി. എന്തായാലും പോലീസ് കേസിനൊന്നും പോവേണ്ട എന്നു തീരുമാനിച്ചതു് സിൻഡിതന്നെയാണെന്നു് ഹ്യൂമൻ റിസോഴ്സസുമായുള്ള ഇമെയിൽ വായിച്ചു് ഞാൻ നേരത്തെ അറിഞ്ഞിരുന്നു.
ഉച്ചതിരിഞ്ഞു ഞാൻ വീണ്ടും സിൻഡിയുടെ ഓഫീസിൽ ചെന്നു. “
പോലീസും ബഹളവും ആക്കാതിരിക്കാനുള്ള നിന്റെ തീരുമാനം തന്നെയാണു നല്ലതു്.”
ഇന്നേവരെ ഒരു വി. പി.യോടും ചോദിക്കാതെ അഭിപ്രായം പറഞ്ഞിട്ടില്ലാത്ത ഞാനാണു് കേട്ടോ ഇതു പറയുന്നതു്. “
ഓ നന്ദി അജയ്!” “ “
ഇതൊരു കോംപ്ലിമെന്റ് ആയിട്ടെടുക്കണം. ബിയിംഗ് പ്രൌഡ് ടു ബി ഇന്ത്യൻ.”
എന്നിട്ടു് അജയ് എന്തിനാണു് ഏജെ എന്ന വിളിക്കു് നിന്നു കൊടുക്കുന്നതു്?” “
അതു്, ഇവരുടെ പ്രോനൌൻസെയെഷൻ അങ്ങനെയല്ലേ?” “
എന്നിട്ടു് Tomനെ ആരും To-M എന്നു് വിളിക്കാറില്ലല്ലോ.”
ഡെത്ത് സ്റ്റെയർ തടയാൻ സാധാരണപോലെ ഞാൻ ഉറക്കെ ചിരിച്ചു. പിന്നെ ബൈ പ്രിൻസസ് എന്നു പറയാനുള്ള ധൈര്യം കാണിച്ചതു് ഇപ്പോഴും എനിക്കു് വിശ്വസിക്കാൻ വിഷമമുള്ള കാര്യമാണു്.
അടുത്ത അവധിക്കു് ഡാഡിയേയും മമ്മിയേയും കാണാൻ പോവുമ്പോൾ മക്കളെ മോഹോക്ക് പാർക്കിൽ കൊണ്ടു് പോവണം. എത്ര വർഷങ്ങളായി ഞാൻ ആ വഴി മാറിനടക്കുന്നു—തലയ്ക്കുമുകളിലെ രണ്ടു ഷൂസുകളെ ഭയപ്പെട്ടു് !
രാജകുമാരിയോടു് പറയാത്ത ഒരു കാര്യം കൂടിയുണ്ടു്, സെക്യൂരിറ്റി ക്യാമറയുടെ രണ്ടു മിനിട്ടു് നേരത്തെ റെക്കോർഡിംഗ് മാറ്റി മറിക്കാൻ ഐ. ടി.-ക്കാരനു് കഴിയുംന്നു്.

ജനിച്ചു വളർന്നതു് എറണാകുളത്തിനടുത്തു് കളമശ്ശേരിയിൽ. ഇപ്പോൾ കാനഡയിൽ കുടുംബ സമേതം താമസിക്കുന്നു. കാനഡയിൽ ഐ. ടി. പഠനം നടത്തിയ നിർമ്മല ഇപ്പോൾ പ്രോജക്ട് മാനേജരായി ജോലി ചെയ്യുന്നു. പ്രഥമ കഥസമാഹാരം, ‘ആദ്യത്തെ പത്തു്’ പോഞ്ഞിക്കര റാഫി പ്രത്യേക പുരസ്ക്കാരം നേടി. 2002-ലെ തകഴി പുരസ്ക്കാരം, അങ്കണം സാഹിത്യ അവാർഡ്, നോർക്ക പ്രവാസി പുരസ്ക്കാരം, ഉത്സവ് കഥ പുരസ്കാരം, ലാന കഥ അവാർഡ് എന്നിവ കിട്ടിയിട്ടുണ്ടു്. ‘ചില തീരുമാനങ്ങൾ’ എന്ന കഥ ശ്യാമപ്രസാദ് തന്റെ ‘ഇംഗ്ലീഷ്’ എന്ന ചലച്ചിത്രത്തിനു ആധാരമാക്കി. പുസ്തകങ്ങൾ: ആദ്യത്തെ പത്തു്, നിങ്ങളെന്നെ ഫെമിനിസ്റ്റാക്കി, സ്ട്രോബറികൾ പൂക്കുമ്പോൾ, പാമ്പും കോണിയും, മഞ്ഞമോരും ചുവന്ന മീനും.
ചിത്രീകരണം: വി. പി. സുനിൽകുമാർ