സഹ്യപർവ്വതനിരയുടെയും അറബിക്കടലിന്റെയുമിടയ്ക്കു്, ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ദുർബലമായ ഒരു പേശികണക്കെ കിടക്കുന്ന ഭൂപ്രദേശത്തിലെ മനുഷ്യർ ഏറെക്കുറെ ഗൃഹസ്ഥാശ്രമികളായി മാറിയിരിക്കുന്നു. ഭൗതികമായ അർത്ഥത്തിൽ ഈ ഭൂപ്രദേശമാകെ വീടുകൾ നിർമ്മിക്കപ്പെട്ടുകാണുന്നതുകൊണ്ടല്ല ഇങ്ങനെ അനുമാനിക്കുന്നതു്. കെട്ടിട നിർമ്മാണ പ്രവർത്തനത്തിന്റെ ഒരു നല്ല ഭാഗം പഴയ വീടുകളുടെ മുഖച്ഛായ മാറ്റുന്നതിൽ നിരതമാവുന്നതുകൊണ്ടുമല്ല. വീടു കെട്ടാത്തപ്പൊഴും ഇവർ ഗൃഹസ്ഥാശ്രമികളാണു്; വിവാഹം കഴിക്കാത്തപ്പോഴും ഒരാൾക്കുള്ള ദാമ്പത്യൗന്മുഖ്യം പോലെ. ഇവിടത്തെ സ്ത്രീപുരുഷന്മാർ അണുകുടുംബമായി പരിണമിക്കുന്നതു് ഒരു നാട്ടുനടപ്പായിതീർന്നതുകൊണ്ടോ ഇവർ കുടുംബവ്യാപൃതരായിരിക്കുന്നതുകൊണ്ടോ അല്ല. വീടില്ലാതെയും കുടുംബമുണ്ടാവാം. കുടുംബമില്ലാത്തപ്പോഴും ഇവർ മനസ്സുകൊണ്ടു് ഗൃഹവാസികളാണു്. ഇവർ ഗൃഹസ്ഥാശ്രമികളാവുന്നതു് പ്രത്യക്ഷമായും പരോക്ഷമായും നമുക്കു് അനുമാനിക്കാവുന്ന ഇവരുടെ ഉപഭോഗശീലങ്ങൾ കൊണ്ടാണു്. ഭൗതികജീവിതത്തെ സംബന്ധിച്ചിടത്തോളം തങ്ങൾക്കിടയിലൂള്ള സാജാത്യത്തെ മറച്ചു വയ്ക്കുന്ന ഒരു നിഷ്പ്രത്യഭിജ്ഞാനം ഇവർ തങ്ങൾക്കിടയിലുള്ള വൈവിദ്ധ്യത്തെയും വ്യത്യാസത്തെയും കുറിച്ചു് പുലർത്തുന്നുണ്ടു്. തങ്ങളോരോരുത്തരും വ്യത്യസ്തരാണെന്നു് ‘ആത്മാർത്ഥമായി’ വിശ്വസിക്കുമ്പോൾത്തന്നെ ഇന്നാട്ടുകാർ ഗൃഹസ്ഥാശ്രമ സംസ്കാരത്തിന്റെ പിടിയിലാണു്. ഗൃഹസ്ഥാശ്രമത്തിലുള്ള ഈ ഉത്കണ്ഠ മതത്തെക്കാൾ മൗലികമായ ലോകവീക്ഷണമാണെന്നും ഇതു് സ്വയം ഒരു മതപരിവർത്തനാനുഭവമാണെന്നുമുള്ള തിരിച്ചറിവു് മറിച്ചിടുന്ന സംവേദനത്തെയാണു് ‘നിഷ്പ്രത്യഭിജ്ഞാനം’കൊണ്ടു വിവക്ഷിക്കുന്നതു്; നല്ല മലയാളത്തിൽ ‘പൊയ്ത്തിരിച്ചറിവ്.’[1]
അദ്ധ്വാനവിഭജനത്തെയും വിനിമയത്തെയും പൂർവ്വകല്പന ചെയ്യുകയും പണത്തിന്റെയും കമ്പോളത്തിന്റെയും മുൻവ്യവസ്ഥകളുമായി ആവിർഭവിക്കുകയും ചെയ്ത ഒരു ഭൗതികസാഹചര്യം ആധുനികലോകത്തിന്റെ വിശിഷ്ട ഗുണമാണു്. വിമുക്തമൂലധനമായി നിന്നുകൊണ്ടു് പ്രാപഞ്ചികമായി വ്യവഹരിക്കാൻ പണത്തിനു കഴിയുമെന്നതുകൊണ്ടും ഇന്നത്തെ കമ്പോളത്തിന്റെ പ്രാണവായുവായി അതു മാറിയതുകൊണ്ടും ഉപഭോഗശേഷി പണത്തിന്റെ ലഭ്യതയെ ആശ്രയിച്ചിരിക്കുന്നതുകൊണ്ടും കമ്പോളത്തെ ഭ്രമണം ചെയ്തു കൊണ്ടാണു് ആധുനിക സാമൂഹികരൂപങ്ങൾ ഉയർന്നുവന്നിട്ടുള്ളതു് എന്നതുകൊണ്ടും ആധുനികവത്കരിക്കപ്പെട്ട ഏതു സമൂഹവും ആത്യന്തികമായി ഉപഭോഗസമൂഹമായി മാറും. കഴിഞ്ഞ ഒരു നൂറ്റാണ്ടിലേറെക്കാലമായി ഈ ഭൂപ്രദേശത്തിലെ മനുഷ്യരുടെ ചരിത്രം ആധുനികവത്കരണത്തിന്റെ ചരിത്രമാണു്. ഇവിടത്തെ മനുഷ്യർ എവിടത്തെയും മനുഷ്യരെപ്പോലെ പണത്തിന്റെ മാന്ത്രികശക്തിക്കു വിധേയരാണെങ്കിലും സവിശേഷമായി കമ്പോളത്തിന്റെ ഗുരുത്വാകർഷണത്തിൽ അകപ്പെട്ടിരിക്കുന്നു. കഴിഞ്ഞ ഒന്നൊന്നര ദശകത്തിന്റെ കണക്കുകൾ കാണിക്കുന്നതു് ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങളെയപേക്ഷിച്ചു് ഇവിടെ കൂടുതൽ ഉപഭോഗവസ്തുക്കൾ, ഏറെയും ഈടുനില്ക്കുന്നവ, വിറ്റഴിയുന്നുണ്ടെന്നാണു്; പാശ്ചാത്യരുടെ ഉപഭോഗശീലത്തോടു് തൊട്ടുരുമ്മി നില്ക്കുന്നു മലയാളിയുടേതു്.
അധിനിവേശക്കാർ കൊണ്ടുവന്ന ആധുനിക സംകല്പങ്ങളിലൂടെയാണു് ഗൃഹത്തിന്റെ ഗൃഹപ്രവേശം. ആധുനികത തന്നെ ഒരു ഇടത്തരക്കാരന്റെ ദർശനമാണു്.
ഈടുനില്ക്കുന്നവയും അല്ലാത്തവയുമായ ഉപഭോഗസാധനങ്ങളുടെ ലക്ഷ്യസ്ഥാനം, അവയെ ആകർഷിച്ചെടുക്കുന്ന ഇടം, എന്ന നിലയ്ക്കാണു് ഗൃഹത്തെ മനസ്സിലാക്കേണ്ടതു്. പൗരാണിക ഗ്രീക്കുകാരുടെ നാഗരികപദസമുച്ചത്തിൽ ഒന്നാണു് ഇക്കണോമിക്സ്. ഗൃഹ (oeko) കാര്യനിർവ്വഹണം (nomos) എന്നാണു് അവരതുകൊണ്ടു് ഉദ്ദേശിക്കുന്നതു്. ഗൃഹപരിപാലനം കേന്ദ്രമാക്കിയുള്ള സാമൂഹിക പ്രയോഗങ്ങളിൽ നിന്നാണു് ആധുനിക ലോകത്തിന്റെ സംകീർണ്ണമായ സമ്പദ്വ്യവസ്ഥ നിഷ്പന്നമായിരിക്കുന്നതെന്നതു് ശ്രദ്ധേയമാണു്. ഗൃഹം എന്ന സംസ്കൃതപദത്തിനും ഇങ്ങനെയൊരർത്ഥം കാണുന്നു. സമ്പാദിക്കുന്നതെല്ലാം ഗ്രഹിക്കുന്നതു് അതായതു് പിടിച്ചെടുക്കുന്നതു് എന്നർത്ഥം. ആധുനിക സമ്പദ്വ്യവസ്ഥയുടെ മുഖ്യചോദകം ഗൃഹകേന്ദ്രിതമായ ലോകവീക്ഷണവും സംസ്കാരവുമാണു്. സാമ്പത്തികശാസ്ത്രത്തെ മാനവികശാസ്ത്രങ്ങളുടെ രാജ്ഞിയായിക്കാണുന്നതിന്റെ യുക്തി അതിന്റെ ശാസ്ത്രീയതയെക്കാൾ അതിന്റെ ഗൃഹകാര്യനിർവ്വഹണക്ഷമതയാകുന്നു. ഗൃഹം ഒരുപാർപ്പിടമായി ഒതുങ്ങാത്തതു് അതിന്റെ കുടുംബ സംസ്കാരം കൊണ്ടാണു്. ഒരു കുടുംബം ഗൃഹത്തിൽ വാസമുറപ്പിക്കുക മാത്രമല്ല ചെയ്യുന്നതു്, ഗൃഹം കുടുംബത്തിൽ നിവസിക്കുകയും ചെയ്യുന്നു. അതായതു് ഗൃഹസ്ഥാശ്രമത്തിൽ ഗൃഹം ഒരു മാനസിക ഇടമായിത്തീരുന്നു.
ഈ പ്രശ്നപരിസരം ഗൃഹത്തെയും വാസ്തുവിനെയുംകുറിച്ചുള്ള ഒരു വീണ്ടുവിചാരത്തിനു പ്രേരിപ്പിക്കുകയാണെങ്കിൽ അതിലേക്കുള്ള ഒരാമുഖമായിട്ടാണു് ഈ കുറിപ്പു്. ഗൃഹം ഒരു മാനസിക ഇടമായതുകൊണ്ടു് ഗൃഹനിർമ്മാണം മനഃസ്ഥിതിപരമാണു്. അതൊരു നിർമ്മാണം തന്നെ. കല്ലും കുമ്മായവും ഉപയോഗിച്ചല്ലെന്നു മാത്രം. ഗൃഹനിർമ്മാണം നമുക്കു നഷ്ടമാക്കുന്നതു് വാസ്തുവിന്റെ ഭവാത്മകമായ, നിലനില്പുമായി ഇടചേർന്നുകൊണ്ടുള്ള, അവസ്ഥാവിശേഷമാണു്. വസിക്കുന്ന ഇടത്തെ അല്ലെങ്കിൽ വസതിയെ, പാർക്കുന്ന ഇടത്തെ അല്ലെങ്കിൽ പാർപ്പിടത്തെ, കെട്ടിയുയർത്തുന്നതാണു് വാസ്തു. പാർക്കാൻ വേണ്ടി കെട്ടിയുണ്ടാക്കിയ ഇടമാണു് പാർപ്പിടം. അസംഗ്രഹീതവ്യമാണു് അതിന്റെ പ്രകൃതം.
ഹൈഡഗ്ഗർ എന്ന തത്ത്വചിന്തകൻ ഭാഷയുടെ ആദിമ രൂപങ്ങളിലൂടെ പാർപ്പിടത്തിന്റെ അർത്ഥം തേടുന്നുണ്ടു്. പാർക്കുക, കെട്ടിപ്പടുക്കുക എന്നിവയ്ക്കു സമാന്തരമായ ഡ്വെല്ലിങ്ങ്, ബിൽഡിങ്ങ് എന്നീ വാക്കുകളാണു് ഹൈഡഗ്ഗർ പരിഗണിക്കുന്നതു്. കെട്ടിപ്പടുക്കുക എന്നർത്ഥം വരുന്ന ജർമ്മൻ വാക്കായ ‘ബോയൻ’ അതിന്റെ ആദിമ രൂപത്തിൽ ‘ബുവൻ’ ആണെന്നു് ഹൈഡഗ്ഗർ വാദിക്കുന്നു. ‘ബുവൻ’ എന്നാൽ പാർക്കുക എന്നു തന്നെയർത്ഥം. അതായതു് കെട്ടിപ്പടുക്കുകയെന്നാൽ യഥാർത്ഥത്തിൽ പാർക്കുകയാണു്. കുറേക്കൂടിക്കടന്നു് ഹൈഡഗ്ഗറുടെ തത്ത്വഭാഷ ‘ബോയൻ’ ‘ബുവൻ’ ‘ഭൂ’ തുടങ്ങിയ വാഗ്രൂപങ്ങളെ ജർമ്മൻ ഭാഷയിലെ ‘ബിൻ’ എന്ന വാക്കിനോടും ‘ബി’, ‘ഈസ്’, ‘ആം’ എന്നിങ്ങനെ രൂപങ്ങളുള്ള ഇംഗ്ലീഷ് വാക്കുകളോടും ഒരു നിരുക്ത ചർച്ചയിലൂടെ ബന്ധിപ്പിക്കുന്നു. അപ്പോൾ പാർക്കുകയെന്നതു് മനുഷ്യസത്വത്തിന്റെ ഭൂമിയിലുള്ള (അധി) വാസം തന്നെയാകുന്നു. മനുഷ്യർ ഭൂമിയിൽ ‘ആയിരിക്കു’ന്നതിന്റെ രീതിയായിട്ടാണു് പാർപ്പിനെ കാണേണ്ടതു്.[2] ഹൈഡഗ്ഗറുടെ ഈ തത്ത്വ-നിരുക്ത ചർച്ച കുറേയധികം ബലാൽകൃതമായി നമുക്കനുഭവപ്പെടുമ്പോഴും അതു പാർക്കുന്നതിന്റെയും കെട്ടിപ്പടുക്കുന്നതിന്റെയും ആദിമാനുഭവത്തെ നമ്മിലേക്കു പുനരാനയിക്കാൻ ഒരുപക്ഷേ, പ്രാപ്തമാണു്. എന്നാൽ പാർപ്പിടത്തെയും കെട്ടിടത്തെയും അത്രയെളുപ്പത്തിൽ കലർത്താൻ മലയാളത്തിനു കഴിയുകയില്ല. രണ്ടും വേറെവേറെയാണു്. കെട്ടിയ ഇടത്തിലാണു് മനുഷ്യർ പാർക്കുകയെങ്കിലും കെട്ടിയ ഇടമെല്ലാം പാർപ്പിടമാവുകയില്ല. പാർക്കുന്നതിനു വേണ്ടിയായിരിക്കാം മനുഷ്യർ ആദ്യമായി കെട്ടിപ്പടുത്തുതുടങ്ങിയിട്ടുണ്ടാവുക എന്നിരിക്കിലും കെട്ടിപ്പടുക്കുക, നിർമ്മിക്കുക എന്നിവ വ്യതിരിക്തമായ ഒരു കർമ്മവും ചോദനയുമാണു്. പക്ഷികൾക്കു കൂടുകൂട്ടാതെയും ചിലന്തികൾക്കു വലകെട്ടാതെയും പാർക്കാം.[3]
പാർക്കാൻവേണ്ടിയല്ലാതെയും അവയ്ക്കു് കൂടും വലയും കെട്ടാം. അതുകൊണ്ടു് ‘പാർക്കുക’, കെട്ടിപ്പടുക്കുക ഇവ രണ്ടും ഭാഷാപരമായും ഭവപരമായും ഒന്നിൽനിന്നു നിഷ്പന്നമാവേണ്ടതില്ല. പാർക്കുകയെന്നതു് അസംഗ്രഹീതവ്യമാണെന്നു പറയുന്നതിനു് മറ്റൊരു ന്യായമുണ്ടു്. നോക്കിയിരിക്കുക, സൂക്ഷിക്കുക എന്ന അർത്ഥത്തിൽ മലയാളത്തിനു് ഒരുപക്ഷേ നഷ്ടമായ പ്രയോഗങ്ങൾ അതിനുണ്ടു് (പാർ, പാരിടം). തമിഴർ ഇതു മറന്നിട്ടില്ല. പാർപ്പു് എന്നാൽ ഈയർത്ഥത്തിൽ മനുഷ്യസത്വത്തിന്റെ, മനുഷ്യ ഉണ്മയുടെ ശ്രദ്ധയാണു്. (‘സത്’ അഥവാ ഉള്ളതു് എന്നതിൽ നിന്നും സത്വം എന്നു വരുന്നു. ‘സ്വത്വ’വുമായി ഇതു കൂട്ടിക്കുഴയ്ക്കരുതു്. ‘സ്വ’മായിരിക്കുന്ന അവസ്ഥയാണു് സ്വത്വം. ‘സ്വ’മായിരിക്കുന്ന അവസ്ഥ ഒരേപ്രകാരത്തിൽ തുടരുമ്പോഴാണു് അതിനു് ‘തന്മ’താദാത്മ്യത ഉണ്ടാവുന്നതു്). സ്വന്തം ഉണ്മയോടുള്ള ശ്രദ്ധയാണതു്. സത്വത്തെ ഒരിടത്തു് (ശ്രദ്ധയോടെ) വയ്ക്കുന്നതുതന്നെ പാർപ്പ്; ചലനങ്ങൾക്കു് ഇടക്കാല ശമനവും. ഒരിടം എന്നതു ശ്രദ്ധേയമാണു്. ഏതെങ്കിലും ഇടമല്ല, പാർക്കുവാൻ പാകത്തിലൊരിടം; അതിനാൽ പാർപ്പിടം. ഇടത്തെക്കുറിച്ചുള്ള ചിന്ത ഇനിയും മൗലികമായാൽ: ഉൾക്കൊള്ളുക എന്ന സ്വഭാവമുള്ളതാണു് ഇടം. ‘ഇടുക’ എന്ന ക്രിയ പൂർവ്വകല്പന ചെയ്യുന്നതെന്തോ അതാണു് ഇടം. ഇടുന്നതിന്റെ മുൻവ്യവസ്ഥ. മനുഷ്യശരീരവും അതിന്റെ ദിശൗന്മുഖ്യവുമാണു് മനുഷ്യ ഉണ്മയെ വെളിപ്പെടുത്തുന്നതെങ്കിൽ, ആ അർത്ഥത്തിൽ അതിനെ ഉൾക്കൊള്ളാനാവുന്ന അന്തരീക്ഷത്തെ, ഭുവനത്തെ ഉണ്ടാക്കുകയാണു് ഇടം ചെയ്യുന്നതു്. ഉണ്മയെ വലയംചെയ്തു് എപ്പോഴും ഇല്ലായ്മയുണ്ടു്. സ്വന്തം ഉണ്മയെ എങ്ങനെയാണു് ഇല്ലായ്മ വലയം ചെയ്യേണ്ടതെന്നു തീരുമാനിക്കാൻ മനുഷ്യ സത്വത്തിനു കഴിയുന്നു. ഇല്ലായ്മ എങ്ങനെയാണു വലയം ചെയ്യേണ്ടതു് എന്നതു് അതുകൊണ്ടു് ഒരു വ്യാഖ്യാനമാണു്. ഈ വ്യാഖ്യാനം മനുഷ്യർ നിർവ്വഹിക്കുന്നതു് കെട്ടിപ്പടുത്തുകൊണ്ടാണു് (കെട്ടുകയും പടുക്കുകയും).
നാലുകെട്ടുകളെ ഭേദിച്ചുകൊണ്ടാണു് ഈ ഉയർച്ച സാധിച്ചതെന്നതു് വിരോധാഭാസമായിത്തോന്നാം. നാലുകെട്ടു് ഒരുഗൃഹമല്ല എന്നതും ശ്രദ്ധേയമാണു്. നാലുകെട്ടു് എന്തുതരം പാർപ്പിടമാണു്? ആധുനിക മനഃസ്ഥിതി എന്തൊന്നിന്റെ അഭാവമാണതിൽ കണ്ടതു്? ഇതിന്റെ ഉത്തരം കേരളത്തിലെ ആധുനികതയുടെ ചരിത്രത്തിന്റെ ഭാഗമാണു്.
നാലുകെട്ടുകളെ ഭേദിച്ചുകൊണ്ടാണു് ഈ ഉയർച്ച സാധിച്ചതെന്നതു് വിരോധാഭാസമായിത്തോന്നാം. നാലുകെട്ടു് ഒരുഗൃഹമല്ല എന്നതും ശ്രദ്ധേയമാണു്. നാലുകെട്ടു് എന്തുതരം പാർപ്പിടമാണു്? ആധുനിക മനഃസ്ഥിതി എന്തൊന്നിന്റെ അഭാവമാണതിൽ കണ്ടതു്? ഇതിന്റെ ഉത്തരം കേരളത്തിലെ ആധുനികതയുടെ ചരിത്രത്തിന്റെ ഭാഗമാണു്.
സത്വത്തെചൂഴ്‌ന്നുനില്ക്കുന്ന ശൂന്യതയെ ഒരു കെട്ടിപ്പടുക്കലിലൂടെ, നിർമ്മാണത്തിലൂടെ, വ്യാഖ്യാനിക്കുമ്പോഴാണു് ഒരു പാർപ്പിടമുണ്ടാവുന്നതു്. ഒരു പാർപ്പിടത്തിൽ അങ്ങനെ ശൂന്യമായ ഇടങ്ങൾ കെട്ടിപ്പടുക്കപ്പെടുന്നു. ശൂന്യതയെ വളച്ചുകൊണ്ടാണു് കെട്ടിപ്പടുക്കുന്നതു്; പാർക്കാൻ പാകത്തിൽ പാർപ്പിടം. ഈയർത്ഥത്തിൽ, മൗലികമായി ഭവപരമാണു്, നിലനില്ക്കുന്നതിന്റെ ഒരു മാനമാണു്. അതിലെ ‘ഇടം’ ഭവപരമായി നോക്കിയാൽ മനുഷ്യസത്വത്തോടു് ഏറെ സമീപസ്ഥവും. പണിയിടത്തിലും മനുഷ്യൻ ഈയർത്ഥത്തിൽ പാർക്കുകതന്നെയാണു ചെയ്യുന്നതു്; മനുഷ്യസത്വത്തിന്റെ ബഹുമുഖമായ ദിശൗന്മുഖ്യങ്ങളെ ഉൾക്കൊള്ളാനാവുന്ന ഇടം കെട്ടിപ്പടുക്കുന്നുവെന്നതിനാൽ. എങ്കിലും പടുത്തുയർത്തിയ കെട്ടിടങ്ങൾക്കു് മനുഷ്യസത്വത്തിന്റ ദിശൗന്മുഖ്യങ്ങളെ വികൃതമായി വിന്യസിക്കാനും തടസ്സപ്പെടുത്താനും പുതിയവയെ സൃഷ്ടിക്കാനും കഴിയുമെന്നതിനാൽ മനുഷ്യ ഉണ്മയുടെ വ്യാജമായ വെളിപ്പെടുത്തലുകളായും അവ തീരാം. ഇതിനർത്ഥം കെട്ടിടങ്ങൾക്കല്ല പ്രാഥമ്യം, പാർപ്പിടത്തിനാണു് എന്നത്രേ.
മനുഷ്യസത്വത്തിന്റെ വാസം, പാർപ്പു് എന്ന മൗലികമായ ഉത്കണ്ഠകളാൽ നിർവ്വചിതമായ ഒന്നു് എന്ന നിലയ്ക്കുള്ള വാസ്തു, വാസ്തു ശാസ്ത്രത്തിന്റെവിഷയമായിത്തീരുമ്പോൾ, അതിന്റെ ഘടനയെ നിർണ്ണയിക്കുന്ന അമൂർത്തമായ പ്രതിനിധാനരീതികളിൽ കുരുങ്ങിപ്പോകുന്നു. വാസ്തുശില്പിയുടെ താത്പര്യവിഷയമായ വാസ്തു പല സ്രോതസ്സുകളിൽനിന്നുള്ള സ്വാധീനങ്ങൾക്കു് തുറന്നു വയ്ക്കപ്പെടുന്നതാണു്. അതിൽ മുഖ്യം ബൂർഷ്വാമൂലധന വാദത്തിന്റേതാണെന്നു് ലെഫെബ്ര്വ്ര് പറയുന്നു.[4] മറിച്ചു്, ശരീരത്തോടുള്ള ഉത്കണ്ഠയെ പുനഃസ്ഥാപിക്കുകയാണു വേണ്ടതെന്നു് അദ്ദേഹം വാദിക്കുന്നു. എല്ലാ ഇന്ദ്രിയങ്ങളിലൂടെയും അനുഭവവേദ്യമാക്കപ്പെടുന്നതായിരിക്കണം ഇടം. മനുഷ്യഉണ്മയുടെ ദിശൗന്മുഖ്യങ്ങളുടെ ഒരു ഭൂരേഖയായി രൂപപ്പെടുന്നതിനു പകരം ഇടം വ്യാപാരതാത്പര്യങ്ങൾ പിൻതുടർന്നുകൊണ്ടു് ഉത്പാദിപ്പിക്കപ്പെടുന്നുവെന്നതു് സമകാല വാസ്തുവിദ്യയുടെ സ്വഭാവവിശേഷമായിരിക്കുന്നു. അതുകൊണ്ടു്, സമകാലവാസ്തുവിദ്യ, ഡിസൈനിനെ പരമ്പരാഗത-ആധുനികവാസ്തുവിദ്യകളുടെ ഡിസൈൻ ബോധത്തിൽനിന്നു വ്യത്യസ്തമായി, ഘടനാപരമായ മുൻവിധികളെക്കാൾ പ്രാധാന്യമുള്ള ഒരു അംശമായി വികസിപ്പിച്ചെടുക്കാൻ താത്പര്യപ്പെടുന്നു. വാസ്തുശാസ്ത്രത്തെ സംബന്ധിച്ചിടത്തോളം വാസ്തുശില്പത്തിന്റെ ശാസ്ത്രീയത ഒരു ക്ഷമാപണം മാത്രമായിത്തീരുന്നു. അതായതു് ലെഫെബ്ര്വ്ര് ഭയപ്പെട്ടതുപോലെ വാസ്തുശില്പത്തെകണക്കുകളിലേക്കു ന്യൂനീകരിക്കുകയല്ല ഇന്നത്തെ ശില്പി/ശാസ്ത്രജ്ഞൻചെയ്യുന്നതു്. നിർമ്മാണം നിർ-മാനം, ഒരു അളവു്, ആണെങ്കിലും സമകാല നിർമ്മിതി അതു നിങ്ങൾക്കു ഗോചരമാക്കുന്നില്ല. ഒരു സാംസ്കാരികസംഭവമായി വാസ്തുവിനെ ഏറ്റെടുക്കുകയെന്ന ചുമതല ശില്പി സ്വയം വഹിക്കുകയാണു്. ഇടത്തെ സംസ്കാരികമായി ഉത്പാദിപ്പിക്കാനുള്ളസാഹചര്യം, മുമ്പേ തന്നെ സംജാതമായ ഒരു സാമൂഹിക പരിതഃസ്ഥിതിയിൽ എങ്ങനെ ഇടപെടണമെന്നു്, കാലവിളംബം കൂടാതെ പഠിക്കുകയാണു് വാസ്തുശില്പി ചെയ്യുന്നതു്. ഇടം ഡിസൈൻ ചെയ്യപ്പെടുമ്പോൾ അതുവാസ്തുവിനെത്തന്നെ നിർവ്വചിക്കുന്നു. ഡിസൈൻ ഉപഭോഗ്യമായിരിക്കുന്നതിനാൽ അതു വ്യാപാരവത്കൃതമാകുന്നു. കമ്പോളത്തിന്റെ സാംസ്കാരികവ്യവസായികതയ്ക്കു് അതൊരു അപവാദമാകുന്നില്ല.
വാസ്തുശില്പത്തിലെ കലയെ ആസ്വാദ്യതയിൽനിന്നു് ഉപഭോഗ്യതയിലേക്കും വാസ്തുശില്പത്തിന്റെ സൗന്ദര്യസംകല്പങ്ങളെ ഉപഭോഗസംസ്കാരത്തിന്റെ പരിഗണനകളിലേക്കും ന്യൂനീകരിച്ചുകൊണ്ടു് സമകാലവാസ്തുവിദ്യ ഇടത്തെ മനുഷ്യസത്വം നിരന്തരം എതിരിടുന്ന ഒരു പ്രതിദ്വന്ദിയാക്കി മാറ്റിയിരിക്കുന്നു. ഗദാമർ പറയുന്നു: കെട്ടിടം ഒരിക്കലും പ്രാഥമികമായി ഒരു കലാസൃഷ്ടിയല്ല. അതിനെ ജീവിത സന്ദർഭത്തിന്റെ അങ്കമാക്കുന്ന അതിന്റെ ഉദ്ദേശ്യം അതിൽനിന്നു വേർപെടുത്താനാവില്ല. അങ്ങനെ വരുമ്പോൾ അതിന്റെ യാഥാർത്ഥ്യം അതിനു നഷ്ടമാവുന്നു. അതു സൗന്ദര്യബോധത്തിന്റെ ഒരു വിഷയം മാത്രമായി തീരുകയാണെങ്കിൽ അതു വെറുമൊരു നിഴൽമാത്ര യാഥാർത്ഥ്യമായിരിക്കും. അപ്പോൾ ടൂറിസ്റ്റുകൾക്കു താത്പര്യമുള്ള ഒരു വിഷയമായോ ഫോട്ടോഗ്രാഫിയുടെ വിഷയമായോ ഒരു ജീർണ്ണിച്ച രൂപത്തിലുള്ള വികലമായ ജീവിതമേ അതിനുണ്ടാവൂ.[5]
ഉദ്ദേശ്യം അവശ്യം നിലനിർത്തുമ്പോൾത്തന്നെ വാസ്തുശില്പം സ്വതന്ത്രമാവേണ്ടതുണ്ടെന്നു്, ഉദ്ദേശ്യത്തെ ഭാവനാസേകം ചെയ്യേണ്ടതുണ്ടെന്നു്, അഡോണൊ യും പറയുന്നു.[6] അതുകൊണ്ടു്, വാസ്തുവിലെ ‘കല കലയ്ക്കുവേണ്ടി’ വാദം മനുഷ്യാസ്തിത്വത്തെ സംബന്ധിച്ചിടത്തോളം മറ്റു സന്ദർഭങ്ങളിൽനിന്നു വ്യത്യസ്തമായി അപകട സ്വഭാവമുള്ളതാണു്. കെട്ടിടത്തിന്റെ അലങ്കാരത്തെ അതിന്റെ സത്തയിൽനിന്നു ഭിന്നമായി കാണാതിരിക്കുകയെന്നതാണു് ഈ തത്ത്വം. എന്നാൽ ഗദാമറുടെ ഈ പ്രശ്നം സമകാലവാസ്തുശില്പം പരിഹരിക്കുന്നു! എന്താണു് വാസ്തുവിന്റെ ഉദ്ദേശ്യം?സമകാലികർക്കു് ഇന്നതു വ്യാഖ്യേയവും അനിർണ്ണീതവുമായി അനുഭവപ്പെടുന്നു. അതുകൊണ്ടു് വാസ്തുശില്പിയുടെ ഡിസൈനിൽത്തന്നെ ഉദ്ദേശ്യം നിഗൂഹനം ചെയ്യപ്പെട്ടുകൊണ്ടു് നമുക്കു് ലഭ്യമാകുന്നു. വാസ്തുശില്പ ഡിസൈന്റെ, രൂപകല്പനയുടെ, വ്യവഹാരത്തിൽ അതിന്റെ ഉദ്ദേശ്യവും നിർവ്വചിക്കപ്പെടുന്നു. ഗദാമർ ഭയപ്പെടുന്നതു പോലെ വാസ്തുവിന്റെ സൗന്ദര്യത്തെ അതിന്റെ ഉദ്ദേശ്യത്തിൽ നിന്നു വേർപെടുത്തേണ്ടതില്ല. അതുകൊണ്ടു് സമകാല വാസ്തുശില്പിക്കു് വാസ്തുവിന്റെ കലാംശത്തെ ഒരു നിഴൽമാത്ര യാഥാർത്ഥ്യ പദവിയിൽ നിന്നു് അതിന്റെ സാരാംശമായി പരിവർത്തിപ്പിക്കാൻ കഴിയും. പക്ഷെ ഒരു വ്യവസ്ഥയിൽ: ഉദ്ദേശ്യംതന്നെ ഉത്പാദിപ്പിക്കപ്പെടാം, സാമൂഹികമായും സംസ്കാരികമായും. എങ്ങനെയെന്നാൽ, സംസ്കാരത്തിന്റെയും സാമൂഹികതയുടെയും നിർവ്വചനങ്ങൾ കമ്പോളത്തിലേക്കു മാറ്റി പ്രതിഷ്ഠിച്ചു കൊണ്ടു്. വാസ്തുശില്പി മാത്രമല്ല സാധാരണക്കാരും അവിടെ നിന്നാണു് ഔന്മുഖ്യങ്ങളും ഉദ്ദേശ്യ-ലക്ഷ്യങ്ങളും മൊത്തമായും ചില്ലറയായും വിലയ്ക്കെടുക്കുന്നതു്. വാസ്തുശില്പി, അതുകൊണ്ടു് വില്ലനായല്ല പ്രത്യക്ഷപ്പെടുന്നതു്; സഹവർത്തിയായിട്ടാണു്. ഉദ്ദേശ്യം കൈമോശം വന്നു പോവുകയല്ല, അതു കമ്പോളവത്കൃതമായി ലഭ്യമാവുകയാണു്.
വാസ്തുവിന്റെ ശാസ്ത്രീയത വാസ്തുശില്പിക്കോ വാസികൾക്കോ ഇന്നൊരു ഭാരമല്ല. വാസ്തുശില്പി അതു് സൗഹൃദപൂർവ്വം മറക്കുകയും ചെയ്യുന്നു. അതായതു് വാസ്തുവിൽ കെട്ടിടത്തിനല്ല പ്രാഥമ്യം പാർപ്പിടത്തിനാണെന്നു് അംഗീകരിക്കുമ്പോൾത്തന്നെ പാർപ്പു് എന്താണെന്നു നിർവ്വചിച്ചുകൊണ്ടു് കെട്ടിടത്തിന്റെ രൂപകല്പനയെ ന്യായീകരിക്കാം. പാർപ്പിൽ, വാസത്തിലുള്ള ആധാരികമായ അധികാരം മനുഷ്യ സത്വത്തിനു് കൈമോശം വന്നുവെന്നു് നമ്മൾ പറയും. എന്നാൽ ഇടം, പാർപ്പു് എന്നിവ മനുഷ്യസത്വത്തോടു് സമീപസ്ഥമായിരിക്കെത്തന്നെ നിർണ്ണീതമോ സുനിശ്ചിതമോ അല്ല. അവയെഭരിക്കുന്ന മുൻധാരണകൾ സംസ്കാരികമായി മാത്രം ലഭ്യമാണു്. ഇടത്തെയും പാർപ്പിനെയും പറ്റിയുള്ള സംകല്പനങ്ങൾ മനഃസ്ഥിതിപരമാണു്. മനുഷ്യാസ്തിത്വം അഥവാ മനുഷ്യ ഉണ്മയുടെ കാലികത, അസംവൃതമായതുകൊണ്ടു്, അടഞ്ഞ ഒന്നായിരിക്കാത്തതുകൊണ്ടു്, മനുഷ്യസത്വം എങ്ങനെയായിരിക്കണമെന്ന ബഹുല വ്യാഖ്യാനങ്ങൾ സാദ്ധ്യമായിരിക്കുന്നതുകൊണ്ടു്, അതു് ആദിമമായിത്തന്നെ അനീർണ്ണിതമായതുകൊണ്ടു്, മനുഷ്യസത്വവുമായി ഇടത്തെയും പാർപ്പിനെയും ഇണക്കുന്ന വ്യവഹാരങ്ങൾ മനഃസ്ഥിതിപരമായിത്തീരുന്നു. പരമ്പരാഗതസാമൂഹികതയിലെ അനുഷ്ഠാനങ്ങളിൽ നിന്നും ആധുനികതയിലെ യുക്തി ഭദ്രതയിൽനിന്നും വ്യവഹാരങ്ങൾ സമകാലികതയുടെ അസ്ഥായിയിലേക്കു വിമുക്തമാവുന്നു. നമ്മൾ വിചാരിക്കും സമകാലികതയുടെ ഈ അസ്ഥിരത വിമോചകമാണെന്നു്. നമ്മുടെ ആഗ്രഹങ്ങൾക്കു് യുക്തിയുടെയോ അനുഷ്ഠാനങ്ങളുടെയോ വിലങ്ങുകളില്ലെന്നു്. മനുഷ്യസത്വം അതിന്റെ നിർണ്ണയനങ്ങളിൽനിന്നു് ഒടുവിൽ മുക്തമായെന്നു്. പക്ഷേ, കമ്പോളവും ഉപഭോഗസംസ്കാരവും പൂർണ്ണമായ ക്രമരാഹിത്യത്തിൽനിന്നു് നമ്മുടെ രക്ഷയ്ക്കായി വിരോധാഭാസേന എത്തിപ്പെടുന്നു. ബഹുലമായവ്യാഖ്യാനങ്ങളിൽ കൊച്ചുകൊച്ചു നിർണ്ണയനങ്ങൾ കൊച്ചുകൊച്ചു ഇടവേളകളിലായി നമുക്കു ലഭ്യമാവുന്നു. അതായതു് ഉണ്മയുടെ നിർണ്ണയനങ്ങൾ കമ്പോളപരമായും ഉപഭോഗപരമായും സാദ്ധ്യമാവുന്നു. നിങ്ങൾ എന്തു കഴിക്കണമെന്നോ എങ്ങനെയിരിക്കണമെന്നോ എങ്ങനെ വസിക്കണമെന്നുതന്നെയോ കമ്പോളാവലംബിതമായ ഉപഭോഗത്തിലൂടെ ഒരു താത്കാലിക നിർണ്ണയനത്തിനു വിധേയമാവുന്നു. മനുഷ്യസത്വത്തിന്റെ കാലികതയുടെ തുറന്ന കിടപ്പു് താത്കാലികമായ അടഞ്ഞു കിടപ്പാക്കിക്കൊണ്ടു് നിലനിറുത്തപ്പെടുന്നുവെന്ന തോന്നൽ നമ്മിലുളവാക്കുന്നു. മനുഷ്യസത്വം, ഈയർത്ഥത്തിൽ, പാട്ടത്തിനു കൊടുത്ത സത്വമായിത്തീരുന്നു.
സമകാലമനഃസ്ഥിതി വ്യാപാരം മുമ്പേ തന്നെ മനുഷ്യസത്വത്തെ എണ്ണമറ്റ വ്യത്യസ്ത താത്കാലിക നിർണ്ണയനങ്ങൾക്കു വഴക്കിക്കൊണ്ടിരുന്നതു് പാർപ്പു്, ഇടം എന്നിവയെ സംബന്ധിച്ചും പ്രസക്തമാണു്. പാരമ്പര്യത്തിന്റെയോ ആധുനികതയുടെയോ ക്രമബദ്ധതയിൽ നിന്നു് സമകാലികതയുടെ ക്രമഭംഗത്തിലേക്കു്, അവ്യവസ്ഥയിലേക്കു്, നമ്മൾ അരക്ഷിതരായി എറിയപ്പെട്ടുവെന്നു പറയുന്നതു ശരിയല്ല. സമകാലികതയുടെ അസ്ഥിരതപാരമ്പര്യത്തിന്റെയും ആധുനികതയുടെയും പുനരുജ്ജീവനത്തിനോ പുനരുദ്ധാരണവാദത്തിനോ നീതീകരണം നല്കുന്നില്ല. മനുഷ്യാസ്തിത്വത്തിന്റെ, മനുഷ്യസത്വത്തിന്റെ കാലികതയുടെ, തുറന്നുകിടപ്പിനെ അടയ്ക്കുന്നുവെന്നതു തന്നെയാണല്ലോ പാരമ്പര്യത്തിന്റെയും ആധുനികതയുടെയും കുഴപ്പം. സമകാലികതയിൽനിന്നു് അവ വ്യത്യസ്തമായിരിക്കുന്നുവെന്നതിൽ കവിഞ്ഞ മുൻഗണന അതിനില്ല. അതുകൊണ്ടു് പാരമ്പര്യവും ആധുനികവുമായ മനഃസ്ഥിതികൾ മറികടക്കേണ്ടതുണ്ടെങ്കിൽ അതു് ഉപാധികളോടെയായിരിക്കരുതു്. പാരമ്പര്യവാദത്തോടും ആധുനികവാദത്തോടും ഈ പ്രതികരണമാവാമെങ്കിൽ സമകാലവാദത്തോടും മറിച്ചാവേണ്ടതില്ല. സമകാലികതയും ബഹുമടങ്ങായ മനഃസ്ഥിതി വ്യാപാരത്തിലൂടെ മനുഷ്യസത്വത്തിന്റ കാലികതയുടെ തുറന്നുകിടപ്പിനെ കമ്പോളവത്ക്കരണത്തിലൂടെ ഇടവിട്ടിടവിട്ടു് അടച്ചുകളയുകയാണു ചെയ്യുന്നതു്. ബഹുമടങ്ങായ നിർണ്ണയനങ്ങളിലൂടെ വ്യത്യസ്തതകൾപരത്തിക്കൊണ്ടു് സമകാലികതയുടെ വിമർശനം ചരിത്രത്തിന്റെ തർക്കത്തിന്നതീതമായി അതിനെ മറികടക്കുന്നതിലൂടെ മാത്രമേ, ഒരുപക്ഷേ, ഫലവത്താവൂ.
പാർപ്പിടം മനുഷ്യസത്വത്തിന്റെ ഭവപരമായ ഇടമായിട്ടാണു് നമ്മൾ കാണുന്നതെങ്കിലും അത്രയും ശുദ്ധരൂപത്തിൽ അതു് അനുഭവവേദ്യമാകണമെന്നില്ല. സംസ്കാരത്തിന്റെ കമ്മട്ടത്തിൽ നിർണ്ണയിക്കപ്പെടാനുള്ള പ്രവണത അതെപ്പോഴും കാട്ടുന്നു. പാർപ്പിടം, പുരയും വീടും ഭവനവും ഗൃഹവുമാവുന്നതു് അതു സാമൂഹിക ഇടത്താൽ വ്യവസ്ഥപ്പെടുന്നതുകൊണ്ടാണു്. ദരിദ്രരുടെ പുരയും ഇടത്തരക്കാരുടെ വീടും കുബേരരുടെ ഭവനവും സാമൂഹിക ഇടത്തിലെ സ്ഥാനങ്ങളാണു്. സാംസ്കാരികവും ഭൗതികവുമായ വിഭവങ്ങളുടെ ജന്മാവകാശമാണു് ഭവനത്തെ ഭവിക്കുന്ന ഇടമായിത്തീർക്കുന്നതു്. ജന്മിയുടെ പാർപ്പിടത്തെയാണു് ഭവനമെന്നു വിളിച്ചിരുന്നതു്. ഭവനം അപ്പോൾ ഒരു മാനസിക ഇടമാണു്, അതായതു് പാർപ്പിടത്തിനു് സാമൂഹികവും സാംസ്കാരികവുമായ നിർണ്ണയനങ്ങൾ കിട്ടുന്നതിന്റെ മാനമാണു്. വീടുന്നതുകൊണ്ടാവാം ഇടത്തരക്കാരുടെ പാർപ്പിടം വീടായതു്. വീടു് കെട്ടിപ്പടുക്കേണ്ടതുണ്ടെങ്കിലും പുരമേഞ്ഞാൽ മതി. അതായതു് കെട്ടിപ്പടുക്കുന്നതിന്റെ ശാസ്ത്രം, കെട്ടിടത്തിന്റെ ദൃശ്യപരത, ഏറ്റവും കുറഞ്ഞയളവിൽ ആവശ്യമായ പാർപ്പിടമെന്ന നിലയിൽ പുര മനുഷ്യസത്വത്തിന്റെ പൗരാണികമായ പാർപ്പിനെ അനുസ്മരിപ്പിക്കുന്നു. എന്നാൽ സാംസ്കാരികവും ഭൗതികവുമായ വിഭവങ്ങളുടെ പരമമായ അപ്രാപ്തി പുരയെ സാമൂഹികമായ ഇടമെന്ന നിലയിൽ സംകുചിതമാക്കുന്നു. പാർക്കുക എങ്ങനെയാണെന്നു് വിഭവങ്ങളുടെ മേലുള്ള നിങ്ങളുടെ അധികാരം തീരുമാനിക്കുന്നു. പുര അതുകൊണ്ടു് സാമൂഹികമായ ഭൂരേഖയിൽ മാന്യതയില്ലാത്ത ഇടമായി കുറിക്കപ്പെടുന്നു.
മലയാളിയുടെ ഗൃഹപുരാണം ഇരട്ട അടരുകളുള്ള ഒരു കഥയാണു്. ഇടത്തരക്കാരുടെ വീടാണു് നാമിന്നു് ഗൃഹമായി വ്യവഹരിക്കുന്നതു്. ഇടത്തരക്കാരനാണല്ലോ താൻ മലയാളിയാണെന്നു് അവകാശപ്പെ ടുന്നതു്. ദരിദ്രരും ജന്മിമാരും അതു പറഞ്ഞു നടക്കാറില്ല. മലയാളദേശീയതയും ഇടത്തരക്കാരന്റെ (പുരുഷന്റെ) പദ്ധതിയാണു്. അതുകൊണ്ടാണു് മലയാളിയുടെ ഗൃഹം എന്നുവന്നതു്. കേരളത്തിൽ ഗൃഹം ജാതി-മതവ്യത്യാസങ്ങളെ മറയ്ക്കുകയും മായ്ക്കുകയും ചെയ്യുന്ന ഒരു ഗുരുത്വകേന്ദ്രമാണു്. ഇതിനെപ്പറ്റിയുള്ള ആദ്യകാലവ്യവഹാരങ്ങൾ ബ്രിട്ടീഷ് അധിനിവേശകാലത്തു തുടങ്ങി. അധിനിവേശക്കാർ കൊണ്ടുവന്ന ആധുനിക സംകല്പങ്ങളിലൂടെയാണു് ഗൃഹത്തിന്റെ ഗൃഹപ്രവേശം. ആധുനികത തന്നെ ഒരു ഇടത്തരക്കാരന്റെ ദർശനമാണു്. ഗൃഹപുരാണത്തിലെ ഇരട്ട അടരുകൾ എന്നു പറഞ്ഞതിലെ ഒരു അടരു് ഭൗതികമായ വിഭവങ്ങളുടെ ആശ്രയമാണു്. ഇടത്തരക്കാരനിലെ ‘ഇട’ വരുന്നതു് ആ വിഭവത്തെ മുൻനിറുത്തിയാണു്. മറ്റേ അടരു് സാംസ്കാരിക വിഭവവുമായി ബന്ധപ്പെട്ടതാണു്. പരമ്പരാഗതസമൂഹത്തിൽ ജാതി-മതപരമായ അംഗീകാരങ്ങളുടെ ഒരു വ്യവസ്ഥയിലുള്ള സ്ഥാനമാണതു്. സവർണ്ണ-അവർണ്ണ വ്യത്യാസങ്ങളുടെ ഒരു സാംസ്കാരിക ഭൂപടത്തിൽ നിങ്ങളുടെ സ്ഥാനം അതു നിർണ്ണയിക്കുന്നു.
അധിനിവേശ ഭരണത്തിന്റെ തുടക്കത്തിൽ രണ്ടുതരം വിഭവങ്ങളും ഫലപ്രദമായി കൈയാളിയ ഒരു വിഭാഗമായിരുന്നു നായർ സമുദായം. ബ്രാഹ്മണരെയും ഉൾപ്പെടുത്തിയാണു് സവർണ്ണർ എന്നു് കുറിക്കാറുള്ളതെങ്കിലും ജന്മിവ്യവസ്ഥയുടെ ക്ഷയവും രാജഭരണത്തിന്റെ ദൗർബ്ബല്യവും സാമൂഹികവും രാഷ്ട്രീയവുമായി ലീനശക്തിയുള്ള വിഭാഗമെന്നനിലയ്ക്കു് നായർ സമുദായത്തെ ഉയർന്നുവരാനിടയാക്കി. അധിനിവേശ ഭരണത്തിൻ കീഴിൽ കേരളത്തിൽ വേരൂന്നിയ ആധുനികതയിൽ അതുകൊണ്ടു് നായർ സമുദായം സമഗ്രമായി മുന്തിനിന്നു. നാലുകെട്ടുകളെ ഭേദിച്ചുകൊണ്ടാണു് ഈ ഉയർച്ച സാധിച്ചതെന്നതു് വിരോധാഭാസമായിത്തോന്നാം. നാലുകെട്ടു് ഒരു ഗൃഹമല്ല എന്നതും ശ്രദ്ധേയമാണു്. നാലുകെട്ടു് എന്തുതരം പാർപ്പിടമാണു്? ആധുനിക മനഃസ്ഥിതി എന്തൊന്നിന്റെ അഭാവമാണതിൽ കണ്ടതു്? ഇതിന്റെ ഉത്തരം കേരളത്തിലെ ആധുനികതയുടെ ചരിത്രത്തിന്റെ ഭാഗമാണു്. നാലുകെട്ടിലെ ശരീരങ്ങളുടെ വിന്യാസം വ്യക്തികളെ അംഗീകരിക്കുന്നില്ല. വ്യക്തികളായിത്തീർന്നവർ അതിൽ നിന്നു പുറത്തുകടക്കാനും നാലുകെട്ടിന്റെ കേന്ദ്രീയത മാറാനും തുടങ്ങിയതോടുകൂടിയാണു് ആധുനികത കേരളത്തിൽ ഗൃഹപ്രവേശം ചെയ്തതെന്നു പറയാം. പക്ഷെ, ആധുനികത ജാതീയമോ മതപരമോ ആയ സവർണ്ണതയെ കാണുകയില്ല; അതു് സ്വന്തം മനഃസ്ഥിതിയിലേക്കു് ‘വ്യക്തി’കളെ ചേർക്കാൻ തുടങ്ങിയതോടെ കേരളത്തിൽ തിരക്കിട്ട ജാതി-മതസമുദായ പരിഷ്കരണപ്രസ്ഥാനങ്ങളും ആരംഭിച്ചു. മാനസികമായ സമഭാവന ആധുനികതയുടെ ഒരു തത്ത്വമാണു്. ആധുനികതയിൽ സാംസ്കാരിക വിഭവം ജാതിയോ മതമോ അല്ല; വിദ്യാഭ്യാസമാണു്. സമഭാവന സാർവ്വത്രിക വിദ്യാഭ്യാസം സാദ്ധ്യമാക്കുന്നു. സാംസ്കാരിക വിദ്യാഭ്യാസത്തെ സംബന്ധിച്ചിടത്തോളം അതു് ജാതിമതഭേദമെന്യേ ഏവർക്കും ആർജ്ജിക്കാനാവുന്ന ഒരു അന്തരീക്ഷം, സംഘർഷങ്ങളിലൂടെയാണെങ്കിലും, കേരളത്തിൽ നിലവിൽ വന്നു. ആധുനികതയുടെ സാംസ്കാരിക വിഭവം ആർജ്ജിക്കാനും അങ്ങനെ വ്യക്തികളായിത്തീരാനും തയ്യാറായവരുടെയെല്ലാം മനഃസ്ഥിതിയിൽ ഗൃഹം ഒരു മുഖ്യ പ്രതിപാദ്യ വിഷയമായി.
ഇങ്ങനെ വരാൻ തയ്യാറായവരെല്ലാം ഇടത്തരക്കാരാണു്. കാരണം പാരമ്പര്യം അവർക്കായി വലുതായൊന്നും നീക്കിവെയ്ക്കുന്നില്ല. ഒന്നുമില്ലാത്തവരും ഏറെയുള്ളവരും ആധുനികതയിലേക്കു് ആകർഷിക്കപ്പെടുന്നില്ല. ഈയർത്ഥത്തിലാണു് ആധുനികത ഇടത്തരക്കാരന്റെ ദർശനമെന്നു പറഞ്ഞതു്. പില്ക്കാലത്തു് ഗൃഹത്തെ അപ്രതിരോധ്യമായ മാനസികാനുഭവമാക്കി മലയാളിക്കു സമ്മാനിച്ചതു് ഈ വീക്ഷണമാണു്. ചരിത്രപരമായി ശരിയാവാൻ വഴിയില്ലെങ്കിലും വീടിനെക്കുറിച്ചു് ഇങ്ങനെയൊരു വ്യാഖ്യാനവുമാവാം: മുൻപാർപ്പിടങ്ങൾ വ്യക്തികൾ വിടാൻ തുടങ്ങിയപ്പോഴാവാം അവർ വിട്ടുപോയതു് എന്ന അർത്ഥത്തിൽ അവയെ കുറിക്കാൻ ‘വീട്’ എന്നു് ആളുകൾ പ്രയോഗിച്ചതു്. അല്ലെങ്കിൽ പുതിയ പാർപ്പിടം വീട്ടിത്തീർക്കേണ്ട ഒരു ബാദ്ധ്യതയായിത്തീരുന്നതുകൊണ്ടു് വീടുക എന്ന അർത്ഥത്തിലാവാം അതു വീടാവുന്നതു്. അതെന്തായാലും കേരളത്തിൽ ഒരു രണ്ടാംഘട്ട ആധുനികത, പേരുകൊണ്ടുമാത്രം അധിനിവേശാധുനികതയോടു് സാമ്യമുള്ള ഒന്നു്, അറുപതുകളിൽ അനുഭവപ്പെടാൻ തുടങ്ങി. വികസനാധുനികതയെന്നു് അതിനെ വിളിക്കാം. നെഹ്രുവിന്റെ പഞ്ചവത്സര പദ്ധതികളിലൂടെ നടപ്പാക്കിയ ഒരു ആസൂത്രിത മൂലധനവ്യവസ്ഥയും മുഴുക്കെ തുറന്നുകൊടുക്കാത്ത കമ്പോളത്തിന്റെ വ്യാപനവും ഇടത്തരക്കാരെ പ്രീണിപ്പിക്കാനുള്ള കേരളത്തിലെ ഇടതു-വലതു രാഷ്ട്രീയകക്ഷികളുടെ മത്സരവുമെല്ലാം ഈ വികസനാധുനികതയുടെ ലക്ഷണങ്ങൾ തീർത്തു. ഇതിനു പുറമേ പ്രവാസിമലയാളികളുടെ, വിശേഷിച്ചു് ഗൾഫ് രാജ്യങ്ങളിൽനിന്നുള്ള, സംപാദ്യം വർദ്ധമാനമായതോതിൽ കേരളത്തിലെത്താൻ പാകമാവുകയും ചെയ്തതോടെ വികസനാധുനികത മലയാളിയുടെ ഗൃഹസ്വപ്നത്തെ സാക്ഷാത്കരിക്കാനുള്ള തയ്യാറെടുപ്പിലായി.
വികസനാധുനികഘട്ടത്തിൽ കേരള ഭൂപ്രദേശത്തു് അങ്ങിങ്ങു് പെട്ടിവീടുകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങി. ഏറെക്കുറെ പെട്ടികളുടെ ആകൃതിയിൽ പണിത കോൺക്രീറ്റ് കെട്ടിടങ്ങളാണു് പെട്ടി വീടുകൾ. ഗൃഹപുരാണത്തിന്റെ രണ്ടാംഭാഗം അവിടെ തുടങ്ങുന്നു. ഈ സിമന്റ് പെട്ടികളിൽ നിന്നു ചുട്ടെടുക്കപ്പെട്ട പുതിയതരം മനുഷ്യസത്വങ്ങൾ മലയാളിയുടെ പുതിയ നിർവ്വചനം തീർത്തു. ഈ കെട്ടിടങ്ങൾ പൊതുവെ വാസ്തുശില്പകലയിലെ ആധുനികതയുടെ ഏറ്റവും ലളിതമായ വ്യാഖ്യാനങ്ങളായിരുന്നു. വേഗത്തിൽ വ്യക്തിവത്കൃതമായിക്കൊണ്ടിരിക്കുന്ന ഒരുവ്യവസ്ഥയിൽ എങ്ങനെയെങ്കിലും സ്വയം രക്ഷിച്ചുകൊള്ളുകയെന്ന സമ്മർദ്ദം ഈ കെട്ടിടങ്ങളുടെ നിർമ്മാണത്തിനു ചോദകമായിത്തീർന്നിരിക്കാം. തമ്മിൽത്തമ്മിൽ വ്യത്യാസപ്പെടുന്ന ഒരു ചിഹ്നവ്യവസ്ഥയിലേക്കു് ഈ പാർപ്പിടങ്ങളെ നയിക്കുന്ന ചോദകങ്ങൾ ഇനിയും ഗൃഹപുരാണത്തിന്റെ രണ്ടാം ഭാഗത്തിൽ ഇടം നേടിയിട്ടില്ലായിരുന്നു. മത്സരയോട്ടത്തിനു മനുഷ്യർ തയ്യാറെടുക്കുന്ന ഒരു സാമൂഹിക വ്യവസ്ഥയിൽ ലക്ഷ്യസ്ഥാനത്തു് തങ്ങളെ ആരും എത്തിക്കുകയില്ലെന്നും തങ്ങൾതന്നെ തനിത്തനിയായി ഓടണമെന്നും തിരിച്ചറിഞ്ഞു തുടങ്ങുന്ന മനുഷ്യസത്വങ്ങളുടെ പങ്കപ്പാടു് ഈ പാർപ്പിടങ്ങളുടെ സംകല്പത്തിൽ കാണാം.
ഈ കെട്ടിടങ്ങൾ ലളിതമെന്നു പറഞ്ഞതു് അവയുടെ വ്യക്തികേന്ദ്രിതമായ ഏകാഗ്രത മൂലമാണു്.[7] നാലുകെട്ടിലെ ഇരുൾമുറികളിൽ മാത്രം പ്രാപ്യമായിരുന്ന സ്വകാര്യതയ്ക്കു് ഇപ്പോൾ പാർക്കാൻ ഒരു ഇടം എന്നയർത്ഥത്തിലാണു്. പാരമ്പര്യത്തിന്റെ ഇരുട്ടാണു് ആധുനികതയുടെ വെളിച്ചമായി ഇപ്പോൾ പ്രകാശിച്ചതു്. വയ്ക്കാവുന്നിടത്തൊക്കെ ജനലുകൾ വച്ചു് ഈ കെട്ടിടങ്ങൾ കൂടുതൽ വെളിച്ചം തേടി; സ്വകാര്യതയെ നിലനിർത്തിത്തന്നെ. അകത്തെ ഊഷ്മാവുയർത്താൻ അതിടയാക്കിയെന്നതു് അതിന്റെ ആസൂത്രണത്തിന്റെ ഭാഗമായിരുന്നില്ല. പൊതുമുറി, കിടപ്പുമുറി, അടുക്കള, കക്കൂസ്, കുളിമുറി തീർന്നു പെട്ടിവീടിന്റെ ഇടവിന്യാസം. കേരളത്തിൽ ഏതാണ്ടിക്കാലത്തുതന്നെ നടപ്പാക്കി തുടങ്ങിയ കുടുംബാസൂത്രണവും ഇതോടു ചേർത്തു വായിക്കുക: ‘നമ്മളൊന്നു് നമുക്കൊന്നു്’. ആധുനികതയുടെ വരണ്ട തർക്കശാസ്ത്രം അതിന്റെ രചനകളിലെല്ലാത്തിലും പോലെ പെട്ടിവീടുകളിലും പ്രകടമാവുന്നു. ഒതുക്കം അതിന്റെ പ്രത്യേകതയാണു്; അപരർക്കു് അതിൽ ഇടമില്ല. ആധുനികതയുടെ മിതത്വം, മിതവ്യയം, പെട്ടിവീടുകളുടെ നിർമ്മാണത്തിലും കാണുമെങ്കിലും സിമന്റിന്റെ അമിതമായ ഉപയോഗം ഒരു അലംഘനീയ കീഴ്‌വഴക്കംപോലെ അതുപിൻതുടരുന്നു. ഈ സിമന്റു തേപ്പും വെള്ളപൂശലും മാന്യതയുടെ സൂചകങ്ങളായതുകൊണ്ടാവാം ഇതു് മനഃസ്ഥിതിപരമായിത്തന്നെ മലയാളിയുടെ ഗൃഹസംകല്പത്തിൽ വന്നതു്. അവയുടെ പ്രയോജനത്തെ സംബന്ധിച്ച ന്യായീകരണങ്ങൾ യുക്തിവത്ക്കരണമായിക്കാണാം. അവ യുക്തിവത്ക്കരണങ്ങൾതന്നെയാണെന്നു കാണിക്കുന്ന തെളിവുകളും ഇക്കാലത്തുണ്ടായി. പഴയ ഓടിട്ട വീടുകൾ പലതും പെട്ടിവീടുകളുടെ വർദ്ധമാനമായ കടന്നുവരവോടെ സ്വന്തംമുഖച്ഛായ മാറ്റാൻ മേൽക്കൂര മറയ്ക്കുന്ന ഫസാഡുകളുയർത്തി സിമന്റ് തേച്ചു് വെടുപ്പാക്കി, അവയും പെട്ടി വീടുകളാണെന്ന പ്രതീതിയുളവാക്കി.
ഇതു് ഗൃഹപുരാണത്തിലെ രസകരമായൊരു അദ്ധ്യായമാണു്. എത്രയും സഹാനുഭൂതിയോടെ പരിഗണിക്കുകയാണെങ്കിൽ ഇതിലെ മനഃസ്ഥിതിപരമായ നിസ്സഹായത നമുക്കു ബോദ്ധ്യമാവും. ആധുനികതയുടെ സമഭാവനകൊണ്ടായിരിക്കാം എല്ലാ പെട്ടിവീടുകളും ഒരുപോലെയാണു്, ഇടത്തരക്കാരെല്ലാം കണ്ടാൽ ഒരുപോലെയാവുന്നതുപോലെ, തമ്മിൽത്തമ്മിൽ തിരിച്ചറിയാൻ പ്രയാസമായവ. അതാണവയുടെ ലാളിത്യം. പെട്ടിവീടുകളുടെ നിർമ്മാണത്തിൽ അന്തർഭവിച്ച ആധുനിക വാസ്തുവിദ്യയുടെ യുക്തി അതിന്റെ പ്രാദേശിക പ്രയോഗത്തിൽ ഒരു അയുക്തിയായി പരിണമിക്കുമെന്നു തിരിച്ചറിയാൻ ആധുനികശില്പിക്കു കഴിഞ്ഞില്ലെന്നതു സത്യമാണു്. ഓടിട്ടു ചായ്ച്ച മേൽക്കൂരയ്ക്കു പകരം കല്ലും കമ്പിയും സിമൻറും ചേർത്തു പരത്തിയവ കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ യുക്തിക്കുനേരെ കൊഞ്ഞനം കുത്തിനില്ക്കുന്നവയായി മാറി.
അവരിൽ സമ്പന്നരായ ഇടത്തരക്കാരെ സംബന്ധിച്ചിടത്തോളം കെട്ടിടത്തിനകവും തങ്ങളുടെ സാമൂഹ്യപദവിയുംഅഭിരുചിയും വിതിർത്തിക്കാട്ടാനുള്ള പ്രദർശന സ്ഥലമായി വ്യവഹരിക്കപ്പെട്ടു. ‘ഉയർന്ന’ ‘താഴ്‌ന്ന’ സംസ്കാരങ്ങളുടെ ഏറ്റക്കുറച്ചിലനുസരിച്ചു് ഈ ആലങ്കാരികതകൾ ‘ഉറക്കെ’യും ‘പതിഞ്ഞും’ ‘മിതഭാഷി’യുമായി അല്പസ്വല്പം വ്യത്യാസങ്ങളനുവദിച്ചു. ഈ പാർപ്പിടങ്ങളുൾക്കൊള്ളുന്ന ഇടം ബേക്കറുടെ ‘മൗനസൗഹൃദ’ത്തിനു പകരമായി ചിലച്ചുകൊണ്ടിരിക്കുന്ന പരിഭവമാണു് മനുഷ്യസത്വത്തിനു് അനുഭവവേദ്യമാക്കുക.
അവരിൽ സമ്പന്നരായ ഇടത്തരക്കാരെ സംബന്ധിച്ചിടത്തോളം കെട്ടിടത്തിനകവും തങ്ങളുടെ സാമൂഹ്യപദവിയുംഅഭിരുചിയും വിതിർത്തിക്കാട്ടാനുള്ള പ്രദർശന സ്ഥലമായി വ്യവഹരിക്കപ്പെട്ടു. ‘ഉയർന്ന’ ‘താഴ്‌ന്ന’ സംസ്കാരങ്ങളുടെ ഏറ്റക്കുറച്ചിലനുസരിച്ചു് ഈ ആലങ്കാരികതകൾ ‘ഉറക്കെ’യും ‘പതിഞ്ഞും’ ‘മിതഭാഷി’യുമായി അല്പസ്വല്പം വ്യത്യാസങ്ങളനുവദിച്ചു. ഈ പാർപ്പിടങ്ങളുൾക്കൊള്ളുന്ന ഇടം ബേക്കറുടെ ‘മൗനസൗഹൃദ’ത്തിനു പകരമായി ചിലച്ചുകൊണ്ടിരിക്കുന്ന പരിഭവമാണു് മനുഷ്യസത്വത്തിനു് അനുഭവവേദ്യമാക്കുക.
വികസനാധുനികതയോടുകൂടി കേരളത്തിൽ അനുഭവപ്പെട്ടു തുടങ്ങിയ ചൂടു്, വികസനത്തിന്റെ ചൂടു് എന്നതിനേക്കാൾ, കോൺക്രീറ്റ് കെട്ടിടങ്ങൾ ആഗിരണം ചെയ്തുണ്ടാവുന്നതാണെന്നു് ഇന്നു് അംഗീകരിക്കപ്പെട്ട വസ്തുതയാണു്. മഴ പെയ്താൽ എളുപ്പം ഒലിച്ചുപോകാനുണ്ടാക്കിയ ചായ്ച്ച മേൽക്കൂര കാലവർഷം പതിവായ പ്രദേശങ്ങളിൽ കെട്ടിടങ്ങളുടെ മുഖമുദ്രയെന്നോണം കാണപ്പെടുന്നതിന്റെ യുക്തിയും ആധുനിക ശില്പിയുടെ വാസ്തുബോധത്തിൽ പ്രവേശിച്ചില്ല. ആധുനിക ശില്പിയുടെ കെട്ടിട സംകല്പത്തെ ഉണ്ടാക്കിയ ആധുനികത മറ്റൊരു ഭൂപ്രദേശത്തെ പരിതഃസ്ഥിതിയുടെയും കാലാവസ്ഥയുടെയും പ്രകരണത്തിൽ യുക്തമായിരിക്കാവുന്ന സംകല്പങ്ങൾ അടങ്ങിയതാവാം. ആധുനികതയുടെ ഏകശിലാരൂപം തകരുമ്പോൾ മാത്രമേ ഈ യുക്തി നമുക്കു് ബോദ്ധ്യമാവൂ എന്നും വരാം.
സാമൂഹിക ഇടത്തിൽ വന്ന ഈശൽ ഭേദങ്ങൾ പെട്ടിവീടിന്റെ വലുപ്പത്തിലും ആലങ്കാരികതയിലും ഈശൽ വ്യത്യാസങ്ങൾ ഉണ്ടാക്കി എന്നതൊഴിച്ചാൽ അവയുടെ ഏകതാനത അഭംഗം തുടർന്നു. അത്തരം ദൃഷ്ടാന്തങ്ങളിൽ വീട്ടിനകം വ്യക്തമായ ദിശാബോധമില്ലാതെ കൂടുതൽ വിസ്തൃതമാക്കപ്പെട്ടു; വരാൻപോകുന്ന ഉപഭോഗശീലത്തെ അവ മുൻകൂർ പ്രതീക്ഷിക്കുന്നതു പോലെ. വികസനാധുനികശില്പി ബാഹ്യവും ആന്തരികവുമായ രണ്ടു സമ്മർദ്ദങ്ങളിലാണു പ്രവർത്തിച്ചതു്. ഒന്നു്, വീടു് കെട്ടുന്നവരുടെ സാമ്പത്തിക ഞെരുക്കം. രണ്ടു് ആധുനിക വാസ്തുശാസ്ത്ര മുൻവിധികളോടുള്ള വിധേയത്വം. ഇവ രണ്ടും ചേർന്നു് അയാളുടെ ശില്പത്തെ അസുന്ദരവും പരിതോവസ്ഥാവിരുദ്ധവുമാക്കി. അയാൾ മിതവ്യയമാണെന്നുഗ്രഹിച്ചതുപോലും മിതവ്യയമായിരുന്നില്ല. മിതവ്യയം വികസനാധുനികതയുടെ നിർവ്വചനത്തിന്റെ സാരാംശമല്ലെന്നു് പ്രവാസി മലയാളികളുടെ സമ്പാദ്യം കേരളത്തിൽ തൊടുത്തുവിട്ട നിർമ്മാണ പ്രളയം കാണിക്കുന്നു. പ്രവാസി ധനാഗമത്തോടെ ആധുനികശില്പിയുടെ ഒരു സമ്മർദ്ദം ആപേക്ഷികമായി നീങ്ങുകയും അയാൾ ദുർവ്യയത്തിനു സന്നദ്ധമാണെന്നു വ്യക്തമാവുകയും ചെയ്തു. നിർമ്മാണ സാധനങ്ങളുടെ തെരഞ്ഞെടുപ്പിലും അവ ഉപയോഗിക്കുന്നതിലും അയാളുടെ ഭാഷ പഴയതു തന്നെയായിരുന്നു; ഒന്നുകൂടി ആർഭാടമായെന്നു മാത്രം. ഈ ആന്തരികസമ്മർദ്ദം മാധ്യമത്തിന്റെയും പണിയുടെയും പണിതുകഴിഞ്ഞാൽ ആ കെട്ടിടംചെലവഴിക്കാൻ പോകുന്ന ഊർജ്ജത്തിന്റെയും ദുർവ്യയത്തെ വാസ്തുവിന്റെ പരിവേഷമാക്കി മാറ്റി.
ഈ സാഹചര്യത്തിലാണു് വാസ്തു ഒരു ഭാഷയാണെന്നു് നമ്മെ ഓർമ്മിപ്പിച്ചുകൊണ്ടു് വാസ്തുശില്പത്തെ പുതിയ സംവേദനക്ഷമതയായി എഴുപതുകളിൽ ലാറി ബേക്കറുടെ നിർമ്മിതികൾ കേരളത്തിലുയർന്നുവന്നതു്. എഴുപതുകളിൽത്തന്നെയാണു് കേരളത്തിൽ സാമൂഹിക വീക്ഷണത്തിലും കലാസാഹിത്യരംഗത്തും ആധുനികതയെ വിമർശനാത്മകമായി വിലയിരുത്തുന്ന സംരംഭങ്ങളുണ്ടായതെന്നതു് അപ്രതീക്ഷിതമല്ല. ആധുനികതയെ കൈവെടിയാതെതന്നെ അതിന്റെ ഭാഗമായ തങ്ങളുടെ തന്നെ സ്വത്വത്തെ അലോസരപ്പെടുത്തുന്ന രീതിയിൽ കൃതികൾ രചിക്കാൻ ഇവിടത്തെ കലാകാരന്മാരും കവികളും മുന്നോട്ടു വന്നു. അവർ ആധുനികതയിൽ വ്യതിചലിച്ചതു് എന്തിൽ, നിലനിറുത്തിയതു് എന്തിൽ എന്നതു് ഒരു പഠനവിഷയമാകയാൽ അതു് ഈ ആമുഖത്തിന്റെ പരിധിയിൽ വരുന്നില്ല. എന്നാൽ ബേക്കർ വാസ്തുശില്പങ്ങളുടെ ചരിത്രസന്ദർഭം ഇതു തന്നെയാണെന്നു വാദിക്കാവുന്നതാണു്. ഈ ശില്പങ്ങളുടെ പ്രത്യേകതകൾ സുവിദിതമാകയാൽ അതിവിടെ എടുത്തു പറയുന്നില്ല.
എടുത്തു പറയേണ്ട കാര്യം അതിന്റെ മിതവ്യയ ശ്രദ്ധയാണു്. മറ്റൊന്നു് അതിന്റെ തദ്ദേശീയ ബിംബങ്ങളോടുള്ള ആഭിമുഖ്യവും. ചായ്പ്പു് മേൽക്കൂരകളും ഓടുകളും ശില്പത്തിൽ പുനർസന്നിവേശിപ്പിക്കുക, സിമന്റിന്റെയും കമ്പിയുടെയും ഉപയോഗം ഗണ്യമായി കുറയ്ക്കുക, വായുവും വെളിച്ചവും കടക്കാനനുവദിച്ചുകൊണ്ടു് ഊർജ്ജോപയോഗം ന്യൂനതമമാക്കുക എന്നിവ മിതവ്യയത്തെ പ്രതിനിധാനം ചെയ്തു. ഈ മിതവ്യയം ആധുനികവാദത്തിന്റേതാണോ എന്നതു് തർക്കവിഷയമാണു്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഗ്രാമങ്ങളിൽ നിന്നു് ഗാന്ധി പഠിച്ചതും[8] തോറോയെപ്പോലുള്ള[9] പ്രകൃതിവാദികൾ പിൻതുടർന്നതുമായ ലാളിത്യമാവാം ഈ മിതവ്യയത്തിന്റെ മാതൃകകൾ. അതുപോലെ തദ്ദേശീയ ബിംബങ്ങളോടുള്ള പ്രതിപത്തി തദ്ദേശീയ വാദത്തിന്റെയും വെച്ചുകെട്ടിയ അലങ്കാരത്തിന്റെയുമിടയിൽ—ഇവ രണ്ടിനേയും സമദൂരത്തിൽ നിറുത്തിക്കൊണ്ടും —സ്ഥാനം തേടുന്നു; വാസ്തുശില്പത്തിന്റെ പ്രത്യേകതയെത്തന്നെ പ്രതിനിധാനം ചെയ്തുകൊണ്ടു് തത്വപരമായ നിലപാടുകളിൽ കാണിക്കുന്ന ഈ സ്വാതന്ത്ര്യവും ഉൾക്കൊള്ളൽ മനഃസ്ഥിതിയും ലാറിബേക്കറുടെ സൃഷ്ടികളെ ആധുനികേതരമാക്കുന്നു. അതുകൊണ്ടു് ഇത്തരം ശില്പങ്ങളുടെ വിലയിരുത്തലിൽ എന്തു്, എവിടെനിന്നു് ഉൾക്കൊണ്ടുവെന്ന ചോദ്യം അസ്ഥാനത്താണു്. എന്തും എവിടെനിന്നും എടുക്കാം. എന്നാൽ ഗാന്ധിയെ സംബന്ധിച്ചെന്നപോലെ ബേക്കർ ശില്പങ്ങളിലെ എതിക്സ് അവയെ ഉത്തരാധുനിക അവകാശവാദങ്ങൾക്കു് ഭാഗ്യവശാൽ അയോഗ്യമാക്കുന്നു. കേരളത്തിന്റെ വാസ്തുശില്പത്തിന്റെ സാംസ്കാരികവും കലാപരവുമായ ചരിത്രത്തിന്റെ ഭാഗമായി ഈ ചർച്ച മറ്റൊരിടത്താണു പ്രസക്തമാവുന്നതു്.
ഗാന്ധിജിയുടെ സബർമതി ആശ്രമത്തിലെ വാസ്തുവിന്റെ സുഖഭോഗവിരക്തിയെ അനുസ്മരിപ്പിക്കുന്ന എന്തോ ഒന്നു് ബേക്കറുടെ ശില്പങ്ങളിൽ അനുഭവവേദ്യമാണു്; അതിന്റെ കാഠിന്യമില്ലാതെ. ഈ വാസ്തുശില്പങ്ങൾ സൃഷ്ടിക്കുന്ന ഇടം മനുഷ്യസത്വത്തോടുള്ള ഒരു മൗനസൗഹൃദം സ്ഥാപിക്കുന്നു. ഗൃഹമാനസികതയ്ക്കു് അന്യമായ ഒരു വിശ്രമം അതു് ഉണ്മയ്ക്കുവേണ്ടിയൊരുക്കുന്നു. എന്നാൽ കേരളത്തിന്റെ സാംസ്കാരിക ഭൂപടത്തിൽ ബേക്കറുടെയും തുടർന്നു് എം. വി. ദേവന്റെയും മറ്റും കെട്ടിടങ്ങൾ തങ്ങളുടെ ഉപഭോക്താക്കളുടെ, ഈ പാർപ്പിടങ്ങളിൽ പാർക്കാൻ പോകുന്നവരുടെ, മനോഭാവത്തെ പ്രതിനിധാനം ചെയ്യുന്നുവെന്ന നിലയ്ക്കാണു് സ്ഥാനനിർണ്ണയം ചെയ്യപ്പെട്ടതു്; പാർക്കുന്നവരുടെ ശൈലിയിലും വീക്ഷണത്തിലുമുള്ള വ്യത്യാസത്തെ കുറിക്കുന്ന ചിഹ്നങ്ങൾ.
വാസ്തുശില്പപരമായി നോക്കിയാൽ ബേക്കറുടെ നിർമ്മിതികളിൽ വാസ്തു ഒരു പ്രസ്താവനയായി എഴുന്നു നില്ക്കുകയും മറ്റു വാസ്തുശില്പങ്ങളെ സംസാരിക്കാൻ നിർബന്ധിക്കുകയും ചെയ്തു. എൺപതുകളിലും തൊണ്ണൂറുകളിലും നിർമ്മിതമായ പാർപ്പിടങ്ങൾ കഴിയുന്നത്ര പെട്ടിയാകൃതി ഉപേക്ഷിച്ചും തദ്ദേശീയച്ചുവയുള്ള അലങ്കാരങ്ങൾ പിടിപ്പിച്ചും പ്രത്യക്ഷപ്പെടാൻ തുടങ്ങി. മേൽക്കൂരകൾക്കു കോൺക്രീറ്റ് ചായ്പ്പുകളുണ്ടാക്കി, ഓടുകൾ പാകി പരമ്പരാഗത വാസ്തുശൈലിയെ സൂചിപ്പിച്ചു. കെട്ടിടങ്ങൾ സ്വന്തം ആകാരത്തിലേക്കു നോക്കാൻ നിങ്ങളെ ക്ഷണിക്കുന്ന ഘടകങ്ങൾ അവയുടെ ബാഹ്യമോടികളിൽ ചേർക്കാൻ ശ്രമിച്ചു കൊണ്ടുള്ള രചനകൾ കൂടുതൽകൂടൂതൽ പ്രത്യക്ഷപ്പെടാൻ തുടങ്ങി. ഈ പാർപ്പിടങ്ങളുടെ ഉടമസ്ഥരെ സംബന്ധിച്ചിടത്തോളം തങ്ങളുടെ സാമൂഹിക ഇടത്തെയും പദവിയേയും വ്യഞ്ജിപ്പിക്കുന്ന ധർമ്മവും ഈകെട്ടിടങ്ങൾ ഏറ്റെടുത്തു. അവരിൽ സമ്പന്നരായ ഇടത്തരക്കാരെ സംബന്ധിച്ചിടത്തോളം കെട്ടിടത്തിനകവും തങ്ങളുടെ സാമൂഹ്യപദവിയും അഭിരുചിയും വിതിർത്തിക്കാട്ടാനുള്ള പ്രദർശന സ്ഥലമായി വ്യവഹരിക്കപ്പെട്ടു. ‘ഉയർന്ന’ ‘താഴ്‌ന്ന’ സംസ്കാരങ്ങളുടെ ഏറ്റക്കുറച്ചിലനുസരിച്ചു് ഈ ആലങ്കാരികതകൾ ‘ഉറക്കെ’യും ‘പതിഞ്ഞും’ ‘മിതഭാഷി’യുമായി അല്പസ്വല്പം വ്യത്യാസങ്ങളനുവദിച്ചു. ഈ പാർപ്പിടങ്ങളുൾക്കൊള്ളുന്ന ഇടം ബേക്കറുടെ ‘മൗനസൗഹൃദ’ത്തിനു പകരമായി ചിലച്ചുകൊണ്ടിരിക്കുന്ന പരിഭവമാണു് മനുഷ്യസത്വത്തിനു് അനുഭവവേദ്യമാക്കുക. ചുറ്റിനാലും ഭവിക്കപ്പെടുന്ന ഒന്നായിസത്വം മാറുമ്പോഴാണു് അതു പരിഭവമാവുന്നതു്. വാസ്തുവിന്റെ ശബ്ദായമാനത ഉണ്മയുടെ ഭവപരമായ പ്രകാശത്തെ അനുവദിക്കുകയില്ല. ഇക്കാലത്തു തന്നെ ‘ബേക്കർ മോഡൽ’, ‘ലോ കോസ്റ്റ്’ എന്നിങ്ങനെ പേരുകൾ വീണ ബേക്കറുടെ ശില്പങ്ങൾക്കു് കേരളത്തിൽ പല അനുകരണങ്ങളുമുണ്ടായി. ബേക്കർമോഡൽ കെട്ടിടങ്ങൾ നിർമ്മിക്കാനായി ഒരുങ്ങിയവരിൽ പലരും തങ്ങളുടെ പാർപ്പിട മനോഭാവത്തിൽ ആ മോഡൽ ആവശ്യപ്പെടുന്ന കലർപ്പില്ലാത്ത ലാളിത്യം വച്ചുപുലർത്താൻ തയ്യാറായിരുന്നില്ലെന്നതു് ഒരു വസ്തുതയാണു്. അകം മുഴുക്കെ നല്ലവണ്ണം സിമന്റു പൂശിയും കുളിമുറികൾ (ചിലപ്പോൾ അടുക്കളയും) വില കൂടിയ ഇണക്കുസാമഗ്രികൾ പിടിപ്പിച്ചും മറ്റും ലാളിത്യത്തെ വക്രീകരിക്കാൻ അവരും ശില്പികളും സന്നദ്ധരായി. ലാളിത്യം സൗകര്യത്തെക്കുറിച്ചുള്ള സമകാലവീക്ഷണവുമായി എപ്പോഴും കലഹത്തിലേർപ്പെട്ടു. ഇതു് ബേക്കർ മോഡൽ പാർപ്പിടങ്ങളിലെ ഇടത്തിന്റെ അന്തരീക്ഷത്തെ വീർപ്പുമുട്ടിക്കാനിടയാക്കി. അതുപോലെതന്നെ, പാരമ്പര്യ സൂചകങ്ങളായി സമകാല കെട്ടിടത്തിൽ പ്രത്യക്ഷപ്പെട്ട അലങ്കാരങ്ങളും മറ്റും പാരമ്പര്യത്തോടുള്ള തത്ത്വാധിഷ്ഠിത സമർപ്പണ ബുദ്ധി കാണിച്ചില്ല. അത്തരം പാർപ്പിടങ്ങളിലെ ആന്തരികമായ ഇടം ഉപഭോഗ സംസ്കാരത്തിന്റെ പരീക്ഷണശാലകളായിത്തീർന്നു.
അതായതു് വാസ്തുശില്പത്തിലെ തദ്ദേശീയ പ്രതിപാദ്യവും പാരമ്പര്യ സൂചകങ്ങളും ആത്യന്തികമായി ഉപരിപ്ലവപരമാകാനും അവയെല്ലാം തന്നെ ഉപഭോഗസംസ്കാരത്തോടു് ചെറുത്തുനില്പു കാണിക്കാതെ ഉന്മുഖമാകാനും പ്രവണത കാട്ടി. ആധുനിക ശൈലിയിലുള്ള പാർപ്പിടം ആസൂത്രണം ചെയ്യുമ്പോൾപോലും അതിന്റെ സ്ഥാനത്തെയും ദിക്കുകളെയും നിർമ്മാണത്തെയും അലംകാരങ്ങളെയും കുറിച്ചുള്ള പാരമ്പര്യചിന്തകളോടു് ഫെറ്റിഷിസപരമായി അള്ളിപ്പിടിച്ചുകൊണ്ടു് തങ്ങളുടെ പാർപ്പിട മനോഭാവത്തെ ലക്ഷണംകെട്ടതാക്കിത്തീർക്കാൻ മലയാളികൾക്കു കഴിയുന്നുണ്ടു്. യുക്തിക്കു് ചേരാത്തവിധം അമിതമായ ഭക്തിയോ ഭ്രമമോ സാധനങ്ങളോടു് കാണിക്കുന്ന സമീപനമാണു് ഫെറ്റിഷിസം. ഉപഭോഗസാധനങ്ങളുടെ ഫെറ്റിഷ് വത്ക്കരണത്തെക്കുറിച്ചു് മാർക്സി നെ പിൻതുടർന്നുകൊണ്ടു് വാൾട്ടർ ബെൻയമിൻ പറയുന്നതു് ശില്പകലയുടെ പരിണതിയെക്കുറിച്ചും പ്രസക്തമാണു്. പുരോഗമനപരമെന്നോ പരിഷ്കൃതമെന്നോ തോന്നിപ്പിക്കുന്ന ഉപഭോഗോത്പന്നങ്ങളുടെ ലോകത്തിൽ, പുതിയ വേഷങ്ങളിൽ, ആധുനികത ആട്ടിപ്പായിച്ചുവെന്നു് അവകാശപ്പെടുന്ന മിത്തു് പുനർപ്രവേശിക്കുന്നതായി അദ്ദേഹം നിരീക്ഷിക്കുന്നു. ഉപഭോഗ സാധനങ്ങളോടുള്ള യുക്തിസഹമല്ലാത്ത പ്രതിപത്തി, അവ എന്തോ ഗൂഢശക്തി നിറഞ്ഞതാണെന്നപോലെ ഉപഭോഗിക്കാനുള്ള ഔന്മുഖ്യം, പരമ്പരാഗത മിത്തുകൾക്കു പകരമായി ആധുനികതയ്ക്കു കൈവന്നതാണെന്നു പറയാം. ബെൻയമിന്റെ ഈ ഉൾക്കാഴ്ച വാസ്തുശില്പത്തിന്റെ സമകാല രൂപവിചിന്തനത്തിലേക്കു് നീട്ടിയാൽ അതു് ഈ അർത്ഥത്തിൽ ഫെറ്റിഷിസ്റ്റിക് ആണെന്നു കാണാം. പരമ്പരാഗത വാസ്തുബിംബങ്ങളെയും വാസ്തുപരിഗണനകളെയും ഗൃഹനിർമ്മാണത്തിന്റെ ഘടകമാക്കി മാറ്റുന്നതു സമകാലസാംസ്കാരിക ഫെറ്റിഷിസം തന്നെ; കമ്പോളത്തിൽ വാർക്കപ്പെട്ട ഒന്നു്. മാർക്സിസത്തിന്റെ ഉൾക്കാഴ്ച ഒരു നൂറ്റാണ്ടു് പിന്നിട്ടു് ഉപഭോഗസംസ്കാരത്തിന്റെ സമകാല വിമൃഷ്ടിയിൽ പ്രസക്തമായിരിക്കുന്നുവെന്നതും ശ്രദ്ധേയമാണു്.[10]
ഈ സന്ധിയിൽ വെച്ചു് നാം ഗൃഹസ്ഥാശ്രമത്തിന്റെ മൂന്നാം ഘട്ടത്തിലേക്കു് കടക്കുന്നു. അധിനിവേശകാലത്തു് ആരംഭിച്ച ഗൃഹപ്രസ്ഥത്തിന്റെ ലക്ഷ്യപ്രാപ്തിയായി, ഗൃഹമാനസികതയുടെ പരിപാകമായി നമുക്കു് ഈ ഘട്ടത്തെ കാണാവുന്നതാണു്. സമകാല വാസ്തു ശില്പിയുടെ/ഡിസൈനറുടെ ഉൽസവകാലമായും ഈ ഘട്ടത്തെ വ്യാഖ്യാനിക്കാം. ഗൃഹം ഒരു മാനസിക ഇടമാണെന്നും അതു് പാർക്കുന്ന ഇടവുമായി താദാത്മ്യപ്പെടുന്നില്ലെന്നും തിരിച്ചറിയാൻ, ഭൗതികമായ ഇടത്തിൽ നിന്നു് പാർപ്പിടം എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്നു് കാണണം. ഭൗതികമായ ഇടത്തെ പാർക്കാനായി രൂപപ്പെടുത്തുമ്പോഴാണു് പാർപ്പിടം ആകുന്നതു്. ഇതു് ഒരർത്ഥത്തിൽ ശൂന്യതയ്ക്കുവടിവു് വരുത്തലാണു്; അതിന്റെ ആകാരം ക്രമപ്പെടുത്തലും നിർണ്ണയിക്കലുമാണു്. ഇതു് മനുഷ്യ ഉണ്മയുടെ തന്നെ നിർണ്ണയനമാവരുതു്. അതുകൊണ്ടു് പാർപ്പിടം മനുഷ്യ ഉണ്മയെപ്പോലെ തന്നെ അസംവൃതമായിരിക്കുന്നു. പാർക്കുന്ന ഇടത്തെ ആവരണം ചെയ്തിരിക്കുന്ന കെട്ടിടംപോലെ സംവൃതമല്ല പാർപ്പിടം. മനുഷ്യർക്കു് അവരുടെ സത്വത്തെ കാത്തുസൂക്ഷിക്കാനായി, അതായതു് സത്വത്തിന്റെ അനീർണ്ണീതവും അവ്യവസ്ഥവുമായ ഭാവത്തെ ശ്രദ്ധയോടെ നോക്കുവാനായി കെട്ടിടനിർമ്മാണത്തിലൂടെ രൂപംകൊള്ളുന്ന ഇടമാണു് പാർപ്പിടം. എന്നാൽ മനുഷ്യസത്വത്തെതന്നെ അധിനിവേശിക്കുന്ന ഒന്നാണു് മാനസികമായ ഇടം. ഭാഷയിലൂടെയും പ്രതിനിധാനങ്ങളിലൂടെയും മനുഷ്യസത്വത്തിൽ കയറി‘ക്കൂടു’ന്ന ഒന്നു്; മനഃസ്ഥിതി. ഇതിനെ സംസ്കാരമെന്നു് ശങ്കരനും ശീലമെന്നു് മറ്റുള്ളവരും വിളിക്കും. തത്ത്വചിന്തകൾ തലകീഴ്മേൽ മറിച്ചിട്ടാണു് ഭാഷയെ കാണുന്നതു്. ഹൈഡഗ്ഗർ “ഉണ്മയുടെ വീടു്” എന്നു് ഭാഷയെ വിളിച്ചു. മറിച്ചു് ‘ഭാഷയുടെ വീടു്’ എന്നു് ഉണ്മയെ കാണുക. ഭാഷയുടെ കുടിയേറിപാർപ്പിടമാണു് സത്വം. ഈ കുടിയേറിപാർപ്പു് ഒരു അധിനിവേശമായി മാറുമ്പോൾ ഒരു മനഃസ്ഥിതി ഉണ്ടാകുന്നു. അതുകൊണ്ടു് എല്ലാ ശീലങ്ങളും സംസ്കാരങ്ങളും അവ മനഃസ്ഥിതിപരമായതുകൊണ്ടു് മനുഷ്യസത്വത്തെ അധിനിവേശം ചെയ്യലാണു്. ഗൃഹം ഒരു പാർപ്പിടമാവാത്തതു് അതുകൊണ്ടാണു്. അതു് മനുഷ്യ സത്വത്തെ അധിനിവേശിക്കുകയും മാനസികമായ ഇടം എന്ന അർത്ഥത്തിൽ അതിനെ നിർണ്ണയിക്കുകയും ചെയ്യുന്നു.
പഴയ പാർപ്പിടങ്ങൾക്കു് വ്യക്തമായ കേന്ദ്രീയത ഉണ്ടു്, അല്ലെങ്കിൽ ഏകാഗ്രതയുണ്ടു്. അതിലെ ഇടവിന്യാസത്തിന്റെ തന്നെ ഏകാഗ്രതയാണതു്. ഒഴിഞ്ഞ ഇടങ്ങളെല്ലാം ഒരിടത്തു് ഒഴുകിച്ചേരുന്നതിനെ, കേന്ദ്രീകരിക്കുന്നതിനെയാണു് ഇവിടെ ഏകാഗ്രതയെന്നു് പറയുന്നതു്. അതു് കെട്ടിടത്തിന്റെ തന്നെ ഏകാഗ്രതയല്ലെങ്കിലും കെട്ടിപ്പടുക്കുന്നതിലൂടെ ഉരുവം കൊള്ളുന്നതാണു്. പഴയ നാലുകെട്ടിനു് സ്വാഭാവികമായി ഈ കേന്ദ്രീയതയുണ്ടു്. പാർപ്പിടത്തിലെ പൊതു ഇടമായി ഒരു അകത്തളം രൂപമെടുക്കുന്നു. അതിൽ വ്യഞ്ജിപ്പിക്കപ്പെടുന്നതു് സാമൂഹികതയുടെ സൂക്ഷ്മ പ്രപഞ്ചമാണു്. സ്വകാര്യതയെ ഇരുട്ടിൽ ഒരു മൂലയിൽ താത്കാലികമാക്കുകയും പൊതുമേഖലയെ വെളിച്ചത്തിൽ തുറന്നു് സ്ഥായിയാക്കുകയും ചെയ്തുകൊണ്ടു് ആഗ്രഹങ്ങളുടെയും വിഷയസുഖങ്ങളുടെയും വ്യക്ത്യേതരമായ, പാരമ്പര്യനിഷ്ഠമായ ഉപചയം അതുസാധിക്കുന്നു. ഇതു് അനുവദിക്കുന്ന മാനസിക ഇടത്തിനും പല സമാന്തരങ്ങളുണ്ടു്.
കാരണവരെ കേന്ദ്രീകരിച്ചുള്ള അല്ലെങ്കിൽ പിതൃകേന്ദ്രീകൃതമായ ഒരു ശക്തിബന്ധത്തിൽ ഈ മാനസിക ഇടം വിന്യസിക്കപ്പെടുന്നു. ഇന്നു് അതു് പുരുഷകേന്ദ്രിതമാണെന്നു് തിരിച്ചറിയപ്പെട്ടിട്ടുണ്ടു്. കാരണവരുടെ കണ്ണുപായിക്കുന്ന ഇടമായി ഈ സൂക്ഷ്മപ്രപഞ്ചത്തിലെ എല്ലാ ഇടവും മാറുന്നു. അതായതു് പാർപ്പിടത്തിലെ ഏതൊരംഗവും പറയുന്നതും ചെയ്യുന്നതും ചരിക്കുന്നതും സ്വതന്ത്രമായിട്ടല്ല, പരമ്പരാഗത തന്ത്രമായിട്ടാണു്. ഓരോ അംഗത്തിന്റെയും കർത്തൃത്വം കാരണവരിൽച്ചെന്നുമുട്ടുന്നു. അതുകൊണ്ടാണു് ആ മാനസിക ഇടം കാരണവർ-കേന്ദ്രിതമാവുന്നതു്. മുമ്പുപറഞ്ഞ സമാന്തരത്വം ഇവിടെ അവസാനിക്കുന്നു. കാരണം കാരണവർ പാരമ്പര്യത്തിന്റെ പ്രതിനിധി മാത്രമായതുകൊണ്ടു് കേന്ദ്രീയത പുറത്തായിരിക്കുന്നു. ഈ മനഃസ്ഥിതി പുരുഷകേന്ദ്രിതമാണെന്നു് പറയുന്നതിലെ ന്യായങ്ങളിൽ ഒന്നാണു് ഇതു്. ഈ തർക്കമനുസരിച്ചു് സാമൂഹികതയുടെ സ്ഥൂലപ്രപഞ്ചം പുറത്തു് വിരാട്പുരുഷനിൽ കേന്ദ്രീകരിക്കുന്നു. അയാൾ ഒരിടത്തുമില്ലാത്തപ്പോഴും എല്ലായിടത്തുമുണ്ടു്.
പരമ്പരാഗത പാർപ്പിടത്തിന്റെ ആധാരമായി അതുകൊണ്ടു് പുരുഷനുണ്ടു്. ആധുനികതയിൽ പരമ്പരാഗത പാർപ്പിടത്തിലെ സ്വകാര്യ ഇടത്തെ, ആഗ്രഹങ്ങളുടെയും വിഷയസുഖങ്ങളുടെയും ഇരുണ്ട വാസസ്ഥലത്തെ, അടർത്തിയെടുത്തു് അത്തന്നെ പാർപ്പിടവും അതിന്റെ ബലതന്ത്രവുമാക്കുന്നു. പുരുഷൻ അങ്ങനെ വ്യക്തിയും ഗൃഹനാഥനുമാകുന്നു. ആധുനിക പാർപ്പിടത്തിന്റെ കേന്ദ്രീയത കിടപ്പുമുറിയുടെയും സ്വീകരണമുറിയുടെയും ഇടയ്ക്കുള്ള ഇടമായാണു് ചായുന്നതു്. ഗൃഹനാഥനായ പുരുഷൻ വ്യവഹരിക്കുന്ന ഇടമാകയാൽ ഒരു പക്ഷത്തേക്കു് പതിക്കുന്ന ഒന്നായി ഈ കേന്ദ്രീയത, ഏകാഗ്രത, അനുഭവേദ്യമാകുന്നു. അടുക്കളയുടെയും പണിസ്ഥലത്തിന്റെയും കുളിമുറിയുടെയും ഭാരം മറു പക്ഷത്തേക്കു് നീങ്ങുന്നു. ആധുനിക പാർപ്പിടത്തിന്റെ കേന്ദ്രീയതക്കു് സമാനമായി ഗൃഹനാഥനെ കേന്ദ്രീകരിച്ചുകൊണ്ടുള്ള ഗൃഹമാനസികതയുടെ ഇടവും നിർമ്മിക്കപ്പെടുന്നു. ഈ മനഃസ്ഥിതിയിൽ പുരുഷൻ—വ്യക്തി—ആരെയാണു്, എന്തിനെയാണു് പ്രതിനിധാനം ചെയ്യുന്നതു്? അയാൾ സ്വയം പ്രതിനിധാനം ചെയ്യുന്നു. പക്ഷേ പുറത്തു് സാമൂഹികത പുരുഷനെ പ്രതിനിധാനം ചെയ്യുന്നു. പൊതു ഇടങ്ങൾ—ഗവൺമെന്റ്, കമ്പോളം, നീതിന്യായം, വിദ്യാഭ്യാസം തുടങ്ങിയവ—എല്ലാംതന്നെ പുരുഷവ്യക്തിയുടെ ഇടപാടു് കേന്ദ്രമായി പുറത്തു് വിരാട് രൂപം കൈക്കൊള്ളുന്നു. ഈയർത്ഥത്തിൽ പുരുഷൻ തിരിച്ചു് പൊതു ഇടത്തിന്റെ പ്രതിനിധിയായിതീരുന്നു.
ഗൃഹമാനസികതയുടെ ബലതന്ത്രം ആധുനികതയിൽ രൂപപ്പെടുന്നതു് ഇപ്രകാരം പൊതു ഇടത്തെ, വിരാടു് സമൂഹത്തെ കേന്ദ്രമാക്കിയാണു്. ആധുനികതയിൽ മലയാളി ഗൃഹസ്ഥാശ്രമത്തിന്റെ പടിവാതിൽക്കൽ എത്തിനിന്നുവെന്നു് പറയാം. പൊതുവ്യവഹാര ഇടത്തിന്റെ ബലതന്ത്രം കൂടുതൽ ‘പൊതു’ എന്നതു് പാർപ്പിടത്തിന്റെ കൂടുതൽ കമ്പോള കേന്ദ്രീകൃതമായതോടെ ഓരോ കോണിലേക്കും ഗൃഹത്തിന്റെ ഓരോ മൂലയിലേക്കും പ്രവേശിക്കാൻ തുടങ്ങിയതാണു് ആധുനികതയുടെ മങ്ങൂഴത്തിൽ നാം കണ്ടതു്. സമകാലികതയിലാവട്ടെ ഗൃഹത്തിൽ ഒളിക്കപ്പെടേണ്ടതായി ഒന്നുമില്ലാതായി. പൊതു-സ്വകാര്യദ്വന്ദ്വം പിൻവാങ്ങി. പുരുഷനു് വ്യക്തിയെന്ന നിലയിൽ നിന്നു് ഉപഭോക്താവെന്ന നിലയിലേക്കു് സ്ഥാനചലനം കിട്ടി. പൊതു ഇടം കമ്പോളവത്ക്കരിക്കപ്പെട്ടപ്പോൾ പുരുഷനെ അതു വിശിഷ്യ, പ്രതിനിധാനം ചെയ്യാതായി. പുരുഷനു് കമ്പോളത്തെ പ്രതിനിധാനം ചെയ്യാൻ പ്രത്യേകിച്ചൊരു യോഗ്യതയില്ലാതായി. സമകാലികതയിൽ ഗൃഹമാനസികത നേരിട്ടു്, ഇടനിലക്കാരില്ലാതെ, കമ്പോളത്തിന്റെ ഭാഗമായി.
സ്ത്രീ ചില പഴയ കണക്കുകൾ തീർക്കാൻ പുറത്തുവരികയും ലിംഗവിവേചനത്തിന്റെ അപ്രസക്തി ബോദ്ധ്യപ്പെടുത്തുകയും ചെയ്തു. പാർപ്പിടത്തെ സംബന്ധിച്ചിടത്തോളം അടുക്കളയിലേക്കും കിടപ്പുമുറിയിലേക്കും സ്വീകരണമുറിയിലേക്കും എന്തിനു് കുളിമുറിയിലേക്കും കമ്പോളം അധിനിവേശിച്ചു. സ്ത്രീയും പുരുഷനും മുതിർന്നവരും കുട്ടികളും തുല്യ ആനുകൂല്യങ്ങൾക്കർഹരായ ഉപഭോക്താക്കളായി. ഈ അർത്ഥത്തിൽ സമകാലപാർപ്പിടം ഏകാഗ്രമല്ല, വികേന്ദ്രിതമാണു്; അല്ലെങ്കിൽ സർവ്വകേന്ദ്രിതമാണു്.
[1] ഒരാൾ തന്നെപ്പറ്റിത്തന്നെ സ്വാഭാവികമാണെന്നു കരുതി വച്ചുപുലർത്തുന്നതിരിച്ചറിവു് അയഥാർത്ഥവും അസ്ഥാനത്തുമായിരിക്കുകയും അതു് അയഥാർത്ഥമാണെന്നു് അയാൾ തിരിച്ചറിയാതിരിക്കുകയും ചെയ്താൽ പൊയ്ത്തിരിച്ചറിവാകുന്നു.
[2] മാർട്ടിൻ ഹൈഡഗർ, പൊയട്രി, ലാങ്ഗ്വേജ്, ഥോട്ട്, ലണ്ടൻ: 1971.
[3] പക്ഷിമൃഗാദികൾക്കു മാത്രമല്ല മനുഷ്യർക്കും കെട്ടിടമില്ലാതെതന്നെ പാർക്കാം. തോറോ പറയുന്നു: “പാർപ്പിടത്തെ സംബന്ധിച്ചാണെങ്കിൽ, ഇപ്പോൾ അതൊരു ജീവിതാവശ്യമാണെന്നകാര്യം ഞാൻ നിഷേധിക്കുന്നില്ല. എന്നാൽ ഇതിനേക്കാൾ തണുപ്പുള്ള രാജ്യങ്ങളിൽ നീണ്ടകാലത്തേക്കു് അതു കൂടാതെതന്നെ മനുഷ്യൻ കഴിച്ചുകൂട്ടിയിട്ടുള്ളതിനു് ഉദാഹരണങ്ങളുണ്ടു്”. ഡേവിഡ് തോറോ, വാൽഡൺ (ശ്രീകൃഷ്ണശർമ്മയുടെ പരിഭാഷ).
[4] ഓന്റി ലെഫെബ്ര്വ്ര്, ദ പ്രൊഡക്ഷൻ ഓഫ് സ്പേയ്സ്, ഓക്സ്ഫോഡ്: 1991.
[5] ഹാൻസ്-ഗിയോർഗ് ഗദാമർ, ട്രൂത്തു് ആൻഡ് മെത്തേഡ് ലണ്ടൻ: 1979.
[6] “ഒരു ഉദ്ദേശ്യത്തിനു് എങ്ങനെ ഇടമായിത്തീരാൻ കഴിയും, ഏതു് രൂപങ്ങളിലൂടെ, ഏതു പദാർത്ഥങ്ങളിലൂടെ? എല്ലാ ഘടകങ്ങളും ഒന്നു് മറ്റൊന്നിനോടു് പരസ്പരപൂരകമായി ബന്ധപ്പെടുന്നു. വാസ്തുശില്പപരമായ ഭാവന ഈ സംകല്പപ്രകാരം ഇടത്തെ ഉദ്ദേശ്യപൂർവ്വം സ്പഷ്ടമാക്കാനുള്ള കഴിവാണു്”. തിയോഡർ അഡോണൊ, “ഫങ്ഷണലിസം റ്റുഡെ”. ഓപ്പൊസിഷൻസ്, നമ്പർ 17, 1979. വാസ്തുശില്പം ഒരേ സമയം സ്വതന്ത്രവും ഉദ്ദേശ്യോന്മുഖവുമായതുകൊണ്ടു് മനുഷ്യരെ മനുഷ്യരെന്ന നിലയിൽവെറുതെയങ്ങു നിഷേധിക്കാനും അതിനു കഴിയുകയില്ലെന്നു് അഡോണൊ കൂട്ടിചേർക്കുന്നു.
[7] വീടിനു് സ്വയമേവ ഒരു കേന്ദ്രീയതയുണ്ടു്. വീടിനെ സംബന്ധിച്ചിടത്തോളം അന്യോന്യ ബന്ധമുള്ള രണ്ടു് പ്രധാന പ്രമേയങ്ങൾ ബാഷ്ലാദ് പരിഗണിക്കുന്നതിൽ ഒന്നു് കേന്ദ്രീയതയാണു്. മറ്റൊന്നു് അതു ലംബമാനമായിട്ടാണു ഭാവന ചെയ്യപ്പെടുന്നതു് എന്നതും. അതു് ഊർദ്ധ്വമുഖമായി ഉയരുന്നു. അദ്ദേഹം പറയുന്നു: “രണ്ടാമതായി വീടു് ഒരു സംകേന്ദ്രിതമായ സത്വമായി ഭാവന ചെയ്യപ്പെടുന്നു. കേന്ദ്രീയതയെ സ്സംബന്ധിച്ച നമ്മുടെ ബോധത്തോടാണു് അതു് അർത്ഥിക്കുന്നത്”. ഗസ്തോം ബാഷ്ലാദ് പൊയറ്റിക്സ് ഓഫ് സ്പേയ്സ്, ബോസ്റ്റൺ: 1969.
[8] ഗാന്ധിയുടെ സബർമതി ആശ്രമത്തിന്റെ വാസ്തുരീതി ശ്രദ്ധിക്കുക.
[9] തോറോ പറയുന്നു: “പരിഷ്കൃത മനുഷ്യന്റെ അഭിലാഷങ്ങൾ അപരിഷ്കൃതന്റേതിനേക്കാളും യോഗ്യങ്ങളല്ലെങ്കിൽ, അയാൾ തന്റെ ജീവിതത്തിലെ ഏറിയഭാഗവും പ്രകടങ്ങളായ ജീവിതാവശ്യങ്ങളും സുഖങ്ങളും സമ്പാദിക്കുന്നതിൽ മാത്രം വ്യാപൃതനാണെങ്കിൽ, എന്തിനയാൾക്കു് മറ്റവനേക്കാളും മെച്ചപ്പെട്ട പാർപ്പിടം ഉണ്ടാകണം?” “സുഖിയന്മാരും തുമ്പില്ലാത്തവരുമാണു് പുതുമോടികളുണ്ടാക്കിവയ്ക്കുന്നതു്. അവയെപിന്നെ ‘മറ്റുള്ള ഗോക്കൾ’ ശ്രദ്ധയോടെ അനുഗമിക്കുന്നു. ഒന്നാന്തരം എന്നുവച്ചിട്ടുള്ള വീടുകളിൽ തങ്ങുന്ന യാത്രക്കാരൻ ഈ കാര്യം വളരെ വേഗം കണ്ടുപിടിക്കുന്നു”. തോറോ, വാൽഡൺ.
[10] വാൾട്ടൻ ബെൻയമിൻ, ഇല്ല്യൂമിനേഷൻസ്.
ഈ ലേഖനം സായാഹ്ന ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന ‘ഒരു സാമൂഹിക കാഴ്ചപ്പാടിൽ നിന്നു്’ എന്ന പുസ്തകത്തിലുള്ളതാണു്.