images/Happy_Human.jpg
Symbol of Secular Humanism., a painting by Humayun .
മാറുന്ന സാമൂഹിക ജീവിതം മാറേണ്ട കാഴ്ചപ്പാടുകൾ
നിസ്സാർ അഹമ്മദ്
ഈ മേഖലകളിൽ വരുന്ന മാറ്റങ്ങളെ പറ്റിയുള്ള കുറെ വിവരങ്ങളുണ്ടു്. അതു് എങ്ങനെയാണു് ക്രമപ്പെടുത്തുക? നമ്മൾ അവലംബിക്കാൻ പോകുന്ന രീതി കീഴ്‌നടപ്പനുസരിച്ചുള്ളതല്ല. അതായതു് ഇപ്പോൾ ആളുകൾക്കു് പരിചിതമായിട്ടുള്ള സാമൂഹികശാസ്ത്രത്തിന്റെയോ അല്ലെങ്കിൽ രാഷ്ട്രീയദർശനങ്ങളുടെയോ രീതിയിലുള്ളതല്ല. മാത്രമല്ല ലോകമാനുഷികജീവിതത്തിൽ വന്നുകൊണ്ടിരിക്കുന്ന പല മാറ്റങ്ങളും നമ്മുടെ പരമ്പരാഗതമായ സമീപനങ്ങളെ വളരെ മൗലികമായി പരിവർത്തിപ്പിക്കാൻ അല്ലെങ്കിൽ മാറ്റാൻ ആവശ്യപ്പെടുന്നവയാണു്. നമ്മുടെ ചിന്തകളെത്തന്നെ മാറ്റാൻ ആവശ്യപ്പെടുന്ന കാര്യങ്ങളാണു് സംഭവിച്ചുകൊണ്ടിരിക്കുന്നതു്.

സാമൂഹികജീവിതം വളരെ സംകീർണ്ണമായ ഒരു വിഷയമാണു്. അതിൽ എവിടെ, എന്തൊക്കെ മാറ്റങ്ങൾ വരുന്നു എന്നതു് വളരെ സമഗ്രമായ സാമൂഹികശാസ്ത്രഗവേഷണത്തിൽ കൂടിയല്ലാതെ പഠിക്കാൻ പറ്റില്ല. മാറ്റങ്ങൾ അങ്ങിങ്ങായി നമുക്കു് അനുഭവവേദ്യമാണു്. ചില മേഖലകളിൽ കാണുന്നതു് ചെറിയ സൂചനകളാണു്. അതിന്റെ അടിയൊഴുക്കുകളൊന്നും നമ്മൾ കാണുന്നുണ്ടാവില്ല. ഇവയെക്കുറിച്ചുള്ള ദത്തം നമുക്കു് ഉണ്ടാവാം. അവയെ എങ്ങനെ ക്രമപ്പെടുത്തണം? ഇതാണു് ഒരുപക്ഷേ, നിർദ്ദേശിക്കാനാവുക. എങ്ങനെയാണു് ഈ മാറ്റങ്ങളെ നമ്മൾ കാണുന്നതു? അല്ലെങ്കിൽ അനുഭവിക്കുന്നതു? എങ്ങനെ നമുക്കു് അതിൽ ഒരു ക്രമം കണ്ടുപിടിക്കാൻ പറ്റും? അതിനാണു് സൈദ്ധാന്തികമായ ചട്ടക്കൂടു് ആവശ്യമായി വരുന്നതു്. ദത്തം വിവരണത്തിനപ്പുറം പോവുന്നില്ല. വിദ്യാഭ്യാസകമ്പോളം വരുകയാണെന്നു് നമുക്കറിയാം. അതു നാം കാണുന്നു. സ്വാശ്രയകോളേജ് എന്നൊക്കെ പറഞ്ഞു് ചിലതു്. ഗവണ്മെന്റ്, സർവ്വകലാശാലാതലത്തിൽ മാറ്റങ്ങൾ വരുത്തിക്കൊണ്ടിരിക്കുകയാണു്. ഇതൊക്കെ നമുക്കു് കാണാം. പക്ഷേ, ഇതു് എന്താണു് അർത്ഥമാക്കുന്നതു് എന്നു് നമുക്കു് ശരിക്കും പിടികിട്ടുകയില്ല. മറ്റു് മേഖലകളിൽ നടക്കുന്ന സംഭവങ്ങളുമായിട്ടു് ഇതു് എങ്ങനെ ബന്ധപ്പെടുന്നു എന്നൊക്കെ കാണിക്കുന്ന ഒരു ചട്ടക്കൂടു് നമുക്കില്ല. ഇപ്പോൾ നിലനിൽക്കുന്ന പല സൈദ്ധാന്തികമായ ചട്ടക്കൂടുകളും പര്യാപ്തമാണെന്നു് എനിക്കു് തോന്നുന്നില്ല.

മറ്റൊന്നു്: ഈ മാറ്റങ്ങൾ കേരളത്തിൽ മാത്രം സംഭവിക്കുന്നതല്ല, ലോകവ്യാപകമായി നടക്കുന്ന ഒന്നാണു്. ഇന്ത്യയിൽ എല്ലാ സംസ്ഥാനങ്ങളിലും നടക്കുന്ന സംഭവങ്ങളാണു്. ഈ പശ്ചാത്തലത്തിൽ കേരളത്തിൽ നടക്കുന്നതു് എന്തു് എന്നു് നമ്മൾ മനസ്സിലാക്കണമെങ്കിൽ ആഗോളതലത്തിൽ തന്നെ എന്തു നടക്കുന്നു എന്നു് അറിയണം. എങ്ങനെയാണു് അതു മനസ്സിലാക്കേണ്ടതു? അതിലന്തർഭവിച്ച സൈദ്ധാന്തികപ്രശ്നങ്ങൾ തിരിച്ചറിയണം. നമ്മൾ പല മുൻവിധികളിലൂടെയാണു് സാമൂഹിക സംഭവവികാസങ്ങളെ നോക്കുന്നതു്. ഈ മുൻവിധികൾ നമ്മൾ മുൻപേ തന്നെ വിശ്വസിച്ചുപോന്നിട്ടുള്ള, അല്ലെങ്കിൽ നമ്മൾ ചോദ്യം ചെയ്യാതെ സ്വീകരിച്ചുപോന്നിട്ടുള്ള, പല കാഴ്ചപ്പാടുകളുടേയും ഫലമാണു്. ചിലപ്പോൾ ഈ കാഴ്ചപ്പാടുകൾ മാറ്റേണ്ടിവരും.

മാറിക്കൊണ്ടിരിക്കുന്ന കുറെ മേഖലകളെ എടുത്തുകൊണ്ടു് അവയെ എങ്ങനെയാണു് പഠിക്കുകയെന്നു് സൂചിപ്പിക്കാവുന്നതാണു്. മുഖ്യമായതു് രാഷ്ട്രീയം തന്നെ. ഭരണത്തിന്റെ പശ്ചാത്തലം ഒരുക്കുന്ന പ്രാതിനിധ്യരാഷ്ട്രീയം. പിന്നെയൊന്നു് കമ്പോളം. അടുത്തതു് വിദ്യാഭ്യാസമേഖല. പ്രധാനപ്പെട്ട മറ്റൊന്നു് സാംസ്കാരികമണ്ഡലം. അതു നമുക്കു നമ്മെപ്പറ്റി തന്നെയുള്ള സംകല്പങ്ങളെ, പ്രതിബിംബങ്ങളെ സംബന്ധിച്ചതാണു്. ഇത്തരം മേഖലകളിലെ മാറ്റങ്ങൾ വളരെ ദ്രുതഗതിയിൽ വന്നുകൊണ്ടിരിക്കുന്നുവെന്നു് നമുക്കു് ഏതാണ്ടു് വ്യക്തമാണു്. എങ്ങനെയാണു് അവയെ മനസ്സിലാക്കുക? ഈ മേഖലകളിൽ വരുന്ന മാറ്റങ്ങളെ പറ്റിയുള്ള കുറെ വിവരങ്ങളുണ്ടു്. അതു് എങ്ങനെയാണു് ക്രമപ്പെടുത്തുക? നമ്മൾ അവലംബിക്കാൻ പോകുന്ന രീതി കീഴ്‌നടപ്പനുസരിച്ചുള്ളതല്ല. അതായതു് ഇപ്പോൾ ആളുകൾക്കു് പരിചിതമായിട്ടുള്ള സാമൂഹികശാസ്ത്രത്തിന്റെയോ അല്ലെങ്കിൽ രാഷ്ട്രീയദർശനങ്ങളുടെയോ രീതിയിലുള്ളതല്ല. മാത്രമല്ല ലോകമാനുഷികജീവിതത്തിൽ വന്നുകൊണ്ടിരിക്കുന്ന പല മാറ്റങ്ങളും നമ്മുടെ പരമ്പരാഗതമായ സമീപനങ്ങളെ വളരെ മൗലികമായി പരിവർത്തിപ്പിക്കാൻ അല്ലെങ്കിൽ മാറ്റാൻ ആവശ്യപ്പെടുന്നവയാണു്. നമ്മുടെ ചിന്തകളെത്തന്നെ മാറ്റാൻ ആവശ്യപ്പെടുന്ന കാര്യങ്ങളാണു് സംഭവിച്ചുകൊണ്ടിരിക്കുന്നതു്. സംകീർണ്ണമായ പ്രശ്നങ്ങളിലേക്കു് അല്ലെങ്കിൽ ഈ തരത്തിലുള്ള ആഗോളപ്രശ്നങ്ങളുടെ പുനരുത്പാദനത്തിലേക്കു് നയിക്കുന്ന സമീപനങ്ങളാണു് നമ്മൾ ഇതുവരെ സ്വീകരിച്ചിട്ടുള്ളതു്. അതുകൊണ്ടു് ഇവിടെ കുറെ സംകല്പനങ്ങൾ, ആശയങ്ങൾ അവതരിപ്പിക്കുക മാത്രമേ ചെയ്യുന്നുള്ളു. അതു് കേരളീയ സാമൂഹിക പരിസ്ഥിതിയെ മാത്രമല്ല, ഏതൊരു സാമൂഹിക ജീവിതത്തിന്റെയും പഠനത്തിനു് ആവശ്യമായ ഒരു ചട്ടക്കൂടു് ആണു്. മാത്രമല്ല, ഇന്നത്തെ സാഹചര്യത്തിൽ, ഈ മാറ്റങ്ങൾക്കു് കാരണമായിട്ടുള്ള സാമൂഹിക ശക്തികളെ തിരിച്ചറിയാൻ സഹായിക്കുന്ന രീതിയിലുള്ള സമീപനം ആണു്. അങ്ങനെയാണു് ഇതിനെ കാണേണ്ടതു്. അല്ലാതെ ഒരു സിദ്ധാന്തത്തിന്റെ ദൃഷ്ടാന്തം എന്ന നിലയ്ക്കല്ല.

വിദ്യാഭ്യാസം മനുഷ്യവിഭവശേഷിയെ ഉണ്ടാക്കുന്ന സ്ഥാപനമായി ഇന്നു് അംഗീകരിക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നു. ഇതു് മൗലികമായ ഒരു മാറ്റമാണു്. കേരളത്തിലെ വിദ്യാഭ്യാസമേഖലയിൽ വന്നുകൊണ്ടിരിക്കുന്ന പരിഷ്കാരങ്ങളുടെ വിശദാംശങ്ങൾ പരിശോധിച്ചാൽ ഇതു് ബോധ്യമാവും.

നമ്മൾ ഒരു ഭൂപരിധിയിലുള്ള സമൂഹത്തെപ്പറ്റിയാണു് സംസാരിക്കുന്നതു്. കേരളം എന്നു പറയുന്നതു് ഒരു ഭൂപ്രദേശം ആണു്. ഈ ഭൂപ്രദേശത്തുള്ള സമൂഹത്തെ ഭരണകൂടവുമായി നമ്മൾ താദാത്മ്യപ്പെടുത്തുന്നതുകൊണ്ടാണു് കേരളസമൂഹം എന്നു പറയുന്നതു്. ഭരിക്കുന്ന ഒരു ഗവണ്മെന്റിനെ അല്ലെങ്കിൽ അതിൽ അടങ്ങിയിരിക്കുന്ന ഒരു സ്റ്റെയ്റ്റിന്റെ അടിസ്ഥാനത്തിൽ നിർവ്വചിക്കപ്പെടുന്ന ഒന്നായി സമൂഹത്തെ, ജനപഥത്തെ, സാമൂഹ്യജീവിതത്തെ കരുതുകയും ചെയ്യുന്നു. ഈ അർത്ഥത്തിലാണു് കേരളീയസമൂഹം എന്നു പറയുന്നതു്. നമ്മുടെ സാമൂഹ്യജീവിതത്തിൽ സംഗതമായ, നമ്മെ ബാധിക്കുന്ന പ്രശ്നങ്ങൾ ഉയർന്നുവരുന്നതു് പൌരസമൂഹത്തിൽ നിന്നാണു്. ഗ്രാംഷി പോലുള്ളവർ കൊടുക്കുന്ന അർത്ഥമല്ല പൗരസമൂഹത്തിന്നു ഇവിടെ നല്കുന്നതു്. പൊതുസ്ഥാപനങ്ങളിലൂടെ, സ്ഥാപനങ്ങളുമായി ഇടപെടുന്നതിലൂടെ, സ്ഥാപനങ്ങളുടെ മാധ്യമത്തിലൂടെ രൂപപ്പെടുന്ന സാമൂഹികജീവിതത്തെയാണു് പൌരസമൂഹം എന്നു് ഇവിടെ പറയുന്നതു്. അതു് ഒരു ചാക്രികമായ ഗതിയായിട്ടാണു് ഇവിടെ മനസ്സിലാക്കപ്പെടുന്നതു്.

സാധാരണ ഗതിയിൽ ഒരു കുടുംബത്തിൽ നിന്നാണു് ഒരാളുടെ ആദ്യകാലത്തെ അഭ്യസനം. മുൻനിർവ്വചനപ്രകാരമുള്ള പൌരസമൂഹത്തിന്റെ ലക്ഷണപരമായ ഒരംശമല്ല കുടുംബം. കുടുംബത്തിന്റെ കീടകോശത്തിൽനിന്നു് ജാതീയമോ മതപരമോ അല്ലെങ്കിൽ മറ്റു് സാംസ്കാരികവിഭാഗമോ ആയ ചില സമുദായങ്ങളാണു് വ്യക്തിയെ ആദ്യമായി പുറത്തേക്കെടുക്കുന്നതു്. ആളുകളുടെ ആദ്യകാലശിക്ഷണം, അവരുടെ മനഃസ്ഥിതി രൂപപ്പെടുത്തുന്നതിലുള്ള ആദ്യകാല സ്വാധീനം ഇതാണു്. എന്നുവച്ചാൽ പൌരസമൂഹത്തിൽ നിന്നല്ല അതാദ്യം വരുന്നത്—പിന്നീടു് അതു് പൌരസമൂഹത്തിൽനിന്നു് നിർണ്ണായകമായി സംഭവിക്കുമെങ്കിലും—അതു് എങ്ങനെയാണു് എന്നു് സ്വാധീനത്തിന്റെ പൂർണ്ണവൃത്തം പരിഗണിക്കുമ്പോൾ ബോധ്യമാവും. കുടുംബം പൌരസമൂഹത്തിൽനിന്നു് പൂർണ്ണമായി വിച്ഛേദിക്കപ്പെട്ട ഒന്നല്ല. ഒന്നിൽനിന്നു മറ്റതിലേക്കു് സ്വാധീനശക്തി പ്രവഹിക്കുന്നുണ്ടു്, നേർരേഖീയമായല്ലാതെയോ ചാക്രികമായോ.

വ്യക്തി എന്നു് ഇവിടെ പറയുന്നതു് ഒരു ജൈവികവ്യക്തിയെ, ശരീരത്തെ ആണു്. ശരീരമെന്നാൽ അവയവങ്ങൾ ജൈവികമായി ഒന്നിച്ചതു്. വ്യക്തികളുടെ ആദ്യകാലശിക്ഷണത്തെ നരവംശശാസ്ത്രത്തിൽ സാംസ്കാരികാനുശീലനം എന്നാണു് പറയുന്നതു്. എന്നുവച്ചാൽ ചെറുപ്പകാലം തൊട്ടുള്ള അഭ്യസനം എന്നാണു് ഉദ്ദേശിക്കുന്നതു്. ഈ അഭ്യസനത്തിന്റെ ഇടയിൽ വിദ്യാഭ്യാസം വരുന്നുണ്ടു്. വിദ്യാഭ്യാസസ്ഥാപനങ്ങൾ അതിനുവേണ്ടി നിലനിൽക്കുന്നുണ്ടു്. ഈ മേഖലയിൽ പലതരത്തിലുള്ള മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുന്നു.

പൌരസമൂഹത്തിന്റെ ചാക്രികമായ ഗതിയെ മനസ്സിലാക്കാൻ പൌരസ്ഥാപനങ്ങളെ നോക്കണം. നിയമനിർമ്മാണം, നീതിന്യായം, കമ്പോളം, ഉത്പാദനകേന്ദ്രങ്ങൾ, വിദ്യാഭ്യാസസ്ഥാപനങ്ങൾ തുടങ്ങിയ നിരവധി സ്ഥാപനങ്ങൾ; സാമൂഹികസംപ്രദായത്തെ നിർവ്വചിക്കുന്ന സ്ഥാപനങ്ങളുടെ ഒരു ഗണം. അതായതു് വ്യക്തികൾ കടന്നുവരുന്നതു് ഈ സ്ഥാപനങ്ങളുടെ അകത്തേയ്ക്കാണു്. അവയിൽ പല രീതിയിൽ ഭാഗഭാക്കാവുകയാണു്. ഒന്നുകിൽ അവയിലെ ജോലിക്കാരായി അല്ലെങ്കിൽ അതുമായി ഇടപെടുന്നവർ. ഏതെങ്കിലും രീതിയിൽ അവർ ഇവയുടെ സമീപത്തുണ്ടു്. ഉത്പാദനരംഗത്തു് തൊഴിൽ എന്നതു് അദ്ധ്വാനം വില്ക്കുന്നതു സംബന്ധിച്ചു് സംഭവിക്കുന്നു. പലരുടെയും അദ്ധ്വാനഫലമായി ഉത്പന്നമുണ്ടാവുന്നു. അവ കമ്പോളത്തിൽ വിനിമയത്തിനായി എത്തിക്കുന്നു. ഇപ്പോൾ പലതരത്തിലുള്ള സ്ഥാപനങ്ങൾ, ഭിന്നധർമ്മങ്ങളോടെ, വ്യത്യസ്തചട്ടങ്ങളോടെ നിലനില്ക്കുന്നു. കുടുംബത്തിൽ നിന്നു് ഈ മണ്ഡലത്തിലേക്കു് എത്തുന്ന വ്യക്തിയെ ഈ സ്ഥാപനങ്ങൾ രൂപപ്പെടുത്തും. വ്യക്തി തന്റെ വീക്ഷണങ്ങൾ മാറ്റാനും പെരുമാറ്റങ്ങൾ പരിഷ്കരിക്കാനും അനുനയിക്കപ്പെടുന്നു. ഇതു് വ്യവസ്ഥയെ ഉണ്ടാക്കുന്നു, വ്യവസ്ഥാ ജീവിതത്തെയും. ഒരു വ്യവസ്ഥ, സംപ്രദായം, ആയി സാമൂഹികജീവിതത്തെ കാണാൻ ഇടയാക്കുന്നതു് നമുക്കു് അനുഭവവേദ്യമാക്കുന്നതു്, സ്ഥാപനങ്ങൾ തമ്മിലുള്ള അന്യോന്യബന്ധമാണു്. ഈ സ്ഥാപനങ്ങൾ ഒന്നും ഒറ്റപ്പെട്ടു് നിലകൊള്ളുന്നവയല്ല. ഉദാഹരണത്തിനു്, നിയമനിർമ്മാണം മറ്റെല്ലാ സ്ഥാപനങ്ങളെയും ഏറെക്കുറെ നേരിട്ടു ബാധിക്കുന്നു. ഇതുപോലെ നീതിന്യായവും, കമ്പോളവും. ഇവ പല മേഖലകളിലും അങ്ങോട്ടും ഇങ്ങോട്ടും കണ്ണികളുള്ള സ്ഥാപനങ്ങളുടെ വലക്കെട്ടാണു്. തങ്ങൾ വ്യവസ്ഥയ്ക്കകത്താണെന്ന തോന്നൽ ഈ വലക്കെട്ടു് ആളുകളിലുണ്ടാക്കുന്നു. വ്യവസ്ഥാപരമായ ജീവിതം രണ്ടുതലത്തിൽ കാണാവുന്നതാണു്. ഒന്നു് ഘടനാപരമായ തലം, പിന്നെ ഒന്നു് പൌരസമൂഹത്തെ സ്ഥാപിക്കുന്ന വ്യത്യസ്ത മണ്ഡലങ്ങൾ.

images/sayahna.png

നിയമമണ്ഡലത്തെ എടുക്കുക. നമ്മുടെ പൌരസാമൂഹികജീവിതത്തെ നേരിട്ടും അല്ലാതെയും ബാധിക്കുന്ന നിയമങ്ങൾ അതിന്റെ ആധാരമായിട്ടുണ്ടു്. നീതിന്യായമേഖലയിൽ ഉണ്ടായിട്ടുള്ള വിധികളും നമ്മെ ബാധിക്കുന്നുണ്ടു്. മുമ്പേ നിർമ്മിതമായ നിയമങ്ങളും ഇനി നിർമ്മിക്കപ്പെടാനിരിക്കുന്ന നിയമങ്ങളും നിയമമണ്ഡലത്തെ ചലനാത്മകസ്വഭാവമുള്ള ഒരു മണ്ഡലമാക്കുന്നു. നിയമത്തിന്റെ ഒരു നോട്ടം നമ്മുടെ മിക്കവാറും എല്ലാ ചെയ്തികളുടേയുംമേൽ ഉണ്ടു്. നമ്മുടെ പൌരസാമൂഹിക ക്രയവിക്രയങ്ങൾ നിയമമണ്ഡലത്തിന്റെ പരാമർശങ്ങൾക്കു് അനുരൂപമായിരിക്കുന്നു. നമ്മുടെ ചില പ്രവൃത്തികൾ നിയമങ്ങളുടെ ചട്ടയ്ക്കു് അകത്തു് പെടണമോ വേണ്ടയോ എന്നുള്ളതു് നിയമനിർമ്മാണസഭകൾ പരിഷ്കരിക്കുകയോ അല്ലെങ്കിൽ പരിശോധിക്കുകയോ ചെയ്തുകൊണ്ടിരിക്കുകയാണു്.

നമ്മെ രൂപപ്പെടുത്തുന്നുവെന്നു് ഏറെക്കുറെ വ്യക്തമായി നമുക്കു് ബോധ്യമുള്ള ഒന്നാണു് സാംസ്കാരികമണ്ഡലം. നമ്മുടെ പെരുമാറ്റങ്ങളെ പരിഷ്കരിക്കുന്നതൊക്കെ സാംസ്കാരികമാണെന്നു പറയാം. മതങ്ങൾ, പരസ്യങ്ങൾ, കല, സാഹിത്യം, സിനിമ, വിദ്യാഭ്യാസം എന്നിവയെല്ലാം നമ്മുടെ പെരുമാറ്റങ്ങളെയും മനോഭാവങ്ങളെയും പരിഷ്ക്കരിക്കുന്നവയാണു്. പൌരസമൂഹത്തിൽ ചരിക്കാനും, സാമൂഹ്യലോകത്തു് അതിജീവിക്കാനും ആവശ്യമായ വിവരവും സംകേതങ്ങളും അഭ്യസിപ്പിക്കുന്നതുവഴി വിദ്യാഭ്യാസം ഒരാളുടെ വ്യക്തിത്വത്തെ വളരെ കാതലായ അർത്ഥത്തിൽ പരിഷ്കരിക്കാൻ, സംസ്കരിക്കാൻ പ്രാപ്തമാണു്. ഒരു കോടതിവിധി പോലും നമ്മുടെ പെരുമാറ്റങ്ങളെ പരിഷ്കരിക്കാൻ കെല്പുള്ളതാണു്. പ്ലാസ്റ്റിക് കവറുകൾ നിരോധിച്ചുകൊണ്ടുള്ള ഒരു കോടതിവിധി നമ്മുടെ പ്രവൃത്തിയുടെ മേൽ നിയന്ത്രണം ചെലുത്തുന്നു. അതു നാം പിൻതുടരുകയാണെങ്കിൽ നമ്മുടെ മനോഭാവം മാറും, പ്ലാസ്റ്റിക് കവർ പൊതുസ്ഥലത്തു് ഉപേക്ഷിക്കുന്ന സംസ്കാരം നാം ഉപേക്ഷിക്കും; തങ്ങളുടെ ശീലത്തെ അതിജീവിക്കാൻ ആളുകൾക്കു് പലപ്പോഴും കഴിയാറില്ലെങ്കിലും.

പ്രധാനപ്പെട്ട മറ്റൊരു മണ്ഡലം സാമ്പദികമാണു്. ഉത്പാദനപരമായും ഉപഭോഗപരമായും ഈ മണ്ഡലത്തിന്റെ വശങ്ങളെ പരിശോധിക്കാവുന്നതാണു്. ഉത്പന്നങ്ങളെ, മനുഷ്യരുടെ ഭൗതികജീവിതത്തെ ഉത്പാദിപ്പിക്കുന്ന ഉപാധികളായിട്ടെടുക്കാം. ഉത്പാദനത്തിന്റെ ഒരു വശം ഈ ഉപാധികളെ ഉത്പാദിപ്പിക്കുകയാണു്, ഈ ഉത്പാദനപ്രവർത്തനത്തിനായി ആളുകൾ ബന്ധപ്പെടുന്ന രീതിയാണു്. വിഭവങ്ങളെ—പ്രാകൃതവും അതിന്നുപരിയുള്ള ക്രമത്തിലുള്ളതുമായ വിഭവങ്ങളെയും മനുഷ്യാധ്വാനത്തെയും സാംകേതികവിദ്യകളെയും ഉപയോഗിച്ചുകൊണ്ടാണു് ഉപഭോഗ്യവസ്തുക്കൾ നിർമ്മിക്കപ്പെടുന്നതു്. സാമ്പത്തികമണ്ഡലത്തിന്റെ സ്വഭാവത്തെ ഈ ബന്ധങ്ങൾ ഒരു പരിധിവരെ നിർണ്ണയിക്കുന്നു. വൈദഗ്ദ്ധ്യത്തിന്റെ പല തലങ്ങളിലുള്ള മനുഷ്യാധ്വാനം ഉത്പാദനത്തിൽ വരുന്നതു് ഇതുവരെ ഒഴിവാക്കാൻ മൂലധനവ്യവസ്ഥയ്ക്കു് കഴിഞ്ഞിട്ടില്ല. അതുകൊണ്ടു് മനുഷ്യാധ്വാനവും ഉത്പാദനവുമായുള്ള ബന്ധം തുടരുന്നു. ഇന്നു് മാർക്കറ്റിന്റെ അർത്ഥം ഏറെ മാറിയിട്ടുണ്ടെങ്കിലും, സാമ്പദികമണ്ഡലത്തിന്റെ ഉപഭോഗപരമായ വശത്തിന്റെ ഏറ്റവും നിർണ്ണായകമായ രംഗമായിട്ടാണു് അതു് ഇന്നും നിലനില്ക്കുന്നതു്.

ആ മാറ്റത്തിന്റെ മുൻനിലമ എന്തെന്നാൽ, സമ്പത്തു് ഉണ്ടാക്കുന്നതിനെക്കുറിച്ചുള്ള സംകല്പങ്ങൾ മാറിപ്പോയിട്ടുണ്ടെന്നതാണു്. ഈ പശ്ചാത്തലത്തിൽ മനുഷ്യവിഭവങ്ങളുടെ പരിശീലനത്തിനുള്ള കേന്ദ്രമായി വിദ്യാഭ്യാസസ്ഥാപനങ്ങൾ മാറുമ്പോൾ സ്വകാര്യമേഖലകൾ അതിൽ കണ്ണുവെയ്ക്കുകയും ആ കച്ചവടത്തിലേയ്ക്കു് പ്രവേശിക്കാൻ തയ്യാറാവുകയും ചെയ്യും.

സാമ്പത്തിക മണ്ഡലത്തിനെ മാർക്കറ്റിന്റെ ഉപഭോഗപരമായ സ്വഭാവത്തെ ആസ്പദമാക്കി മനസ്സിലാക്കേണ്ടതു് അത്യാവശ്യമാണു്. മാർക്കറ്റിനെ സാധനങ്ങളുടെ കൈമാറ്റം നടത്തപ്പെടുന്ന ഒരു മണ്ഡലമായിട്ടെടുക്കുന്നതിനു പകരം, ജീവിതശൈലികളുടെ ഉപഭോഗരംഗമായി കാണുക എന്നതു് കീഴ്‌വഴക്കമനുസരിച്ചുള്ള ഒന്നല്ല. കാരണം, ജീവിതത്തെക്കുറിച്ചുള്ള മാറി മാറി വരുന്ന പ്രതിബിംബങ്ങളെ വിൽക്കുകയും വാങ്ങുകയും ചെയ്യുകയെന്നതു് അടുത്തകാലത്തു് വേരുറച്ചുവന്ന ഒരു പ്രതിഭാസമാണു്. ഒരു ഉൽപന്നം നാം വാങ്ങുമ്പോൾ, മാർക്കറ്റ് ഒരു പുതിയ ജീവിതശൈലിയെ വില്ക്കുകയുമാണു്. പഴയ ജീവിതശൈലിയിൽനിന്നു് പുതിയതിലേക്കു് നാം പ്രവേശിക്കുമ്പോൾ ആ സംക്രമണത്തിന്റെ നിർണ്ണായകഘടകം സാമ്പദികമണ്ഡലത്തിലെ ഉപഭോഗത്തിലാണു്, കമ്പോളത്തിൽ ലഭ്യമായ ഉൽപന്നങ്ങളിലാണു്, കമ്പോളത്തിന്റെ ശുപാർശകളുടെയും ഉപഭോക്താക്കളുടെ മനഃപരിവർത്തനത്തിന്റെയും പ്രകരണത്തിലാണു് അടങ്ങിയിട്ടുള്ളതു്. ഇത്തരത്തിലുള്ള മണ്ഡലത്തിനുള്ളിൽ പരിചരിക്കുന്ന വ്യക്തി വീണ്ടും താൻ ഭാഗമായ കുടുംബത്തിന്റെയും സമുദായത്തിന്റെയും ഉപഭോഗശീലങ്ങളെ പരിഷ്ക്കരിക്കുകയും അതുവഴി സ്വന്തം പാരമ്പര്യത്തെയും സമുദായമൂല്യങ്ങളെയും പരിവർത്തിപ്പിക്കുകയും ചെയ്യുന്നു. ഈ പ്രക്രിയ വീണ്ടും ആവർത്തിക്കുകയും ചാക്രികമായ മാറ്റങ്ങളെ വിവക്ഷിക്കുകയും ചെയ്യുന്നു. ഈ പ്രഭാഷണത്തിൽ ഞാൻ ശ്രമിക്കുന്നതു് ഈ പ്രക്രിയയുടെ ഘടനാപരമായ ലക്ഷണങ്ങൾ പരിശോധിക്കാനാണു്—മനഃസ്ഥിതി, ശക്തി, നീതീകരണം തുടങ്ങിയവ.

വ്യവസ്ഥാജീവിതം വ്യത്യസ്തമായ കുറെ മണ്ഡലങ്ങളിലൂടെയാണു് മാറ്റങ്ങൾക്കു് വിധേയമാകുന്നതെന്നു് സൂചിപ്പിച്ചു. നിലനില്ക്കുകയോ മാറിക്കൊണ്ടിരിക്കുകയോ ചെയ്യുന്ന ജീവിതരീതിയിൽ ഏർപ്പെടാൻ ആളുകളെ സജ്ജരാക്കുന്ന അല്ലെങ്കിൽ അവരെ വിധേയരാക്കുന്ന അല്ലെങ്കിൽ ആളുകളെ നിർമ്മിക്കുന്ന, അവരുടെ പ്രവർത്തനങ്ങൾക്കു് വിലക്കു് കൽപ്പിക്കുകയോ, അനുമതിയേകുകയോ ചെയ്യുന്ന ഘടനാപരമായ സ്രോതസ്സുകളെയാണു് മനഃസ്ഥിതി, ശക്തി തുടങ്ങിയവ കൊണ്ടുദ്ദേശിക്കുന്നതു്. ഈ സ്രോതസ്സുകളുമായി നിയന്ത്രണാത്മകവും ഫലപ്രദവുമായ ബന്ധത്തിൽ ഏർപ്പെടുന്ന ഏറെക്കുറെ സ്വച്ഛന്ദമായ മേഖലയെന്ന നിലയ്ക്കാണു് സ്റ്റെയ്റ്റ്, ഭരണവ്യവസ്ഥ, നമ്മുടെ പഠനത്തിൽ കടന്നുവരുന്നതു്. ഒരു ഭരണവ്യവസ്ഥയെ സംബന്ധിച്ചിടത്തോളം അതിന്റെ നീതീകരണസ്രോതസ്സുകളിൽ ഒന്നു്, മുഖ്യമായതു തന്നെ, ഭൂപ്രദേശം, ടെറിട്ടറി ആണു്. പുറത്തു നിന്നുള്ള കാഴ്ചയിൽ ഭൂപ്രദേശത്തെ കാക്കുന്ന ശക്തിയാണു് സ്റ്റെയ്റ്റ്. രാഷ്ട്രീയമായ അധികാരത്തിന്റെ പ്രത്യക്ഷരൂപമാണതു്. സൈനികശക്തി, ആയുധശക്തി. ഒരു ഭൂപ്രദേശം നിർവ്വചിക്കുന്ന സ്റ്റെയ്റ്റിനെ അതിന്റെ ആയുധശക്തിയുടെ മാനദണ്ഡത്തിലാണു് ബാഹ്യവീക്ഷണത്തിൽ താദാത്മ്യപ്പെടുത്തുന്നതു്. ഈ വശത്തെ ഭൂപ്രദേശ ശക്തിയെന്നും പറയാം. സ്റ്റെയ്റ്റിന്റെ ഭൂപ്രദേശ ശക്തി മാനുഷിക, സാമൂഹികചരിത്രത്തിൽ വളരെ പ്രാകൃതികവും എന്നാൽ ഏറെ സ്വാധീനമുള്ളതും ആയ ഘടകമാണു്. കൈയ്യൂക്കുള്ളവർ ഒരു പ്രദേശം കയ്യടക്കി അതിന്മേലുള്ള അധികാരം ഒരു സൈന്യത്തിന്റെ സഹായത്തോടെ നിലനിർത്തുന്നതിലൂടെയാണു് ഇന്നത്തെ ഭരണവ്യവസ്ഥകളുടെ നിർവ്വചനത്തിന്നാധാരമായ, അതിന്റെ പരിധികളെ നിർണ്ണയിക്കുന്ന ഭൂപ്രദേശം സംസ്ഥാപിക്കപ്പെടുന്നതു്.

പക്ഷേ, ഭരണവ്യവസ്ഥയെ പരാമർശിക്കുമ്പോഴും ഈ പ്രഭാഷണത്തിലുടനീളം ഒരു മുഖ്യസംകല്പനമായി കടന്നുവരുമ്പോഴും നാം ശക്തിയെ ഈ അർത്ഥത്തിലല്ല ഉപയോഗിക്കുന്നതു്. സാമൂഹികജീവിതത്തിന്റെ ഗത്യാത്മകതയിൽനിന്നു പൊന്തിവരുന്ന ശക്തി, ഈ ഭൂപ്രദേശശക്തിയിൽ നിന്നു് വ്യത്യസ്തമായി കാണണം. വ്യത്യസ്തമായ സാമൂഹികമണ്ഡലങ്ങളിൽ മനുഷ്യർ ചരിക്കുന്ന ഇടങ്ങളിൽ എല്ലാം വളരെ സൂക്ഷ്മമായി സന്നിധമായ ഒന്നാണു് നാം ഉദ്ദേശിക്കുന്ന ശക്തി, മനുഷ്യർ തമ്മിലുള്ള ബന്ധങ്ങളിൽ കടന്നുവരുന്ന ശക്തി. ഈ ശക്തിമണ്ഡലത്തിൽ സ്റ്റെയ്റ്റിന്റെ സാന്നിധ്യം മനസ്സിലാക്കുകയെന്നതു് സൂക്ഷ്മമായ വിശകലനത്തിന്റെ പ്രശ്നമാണു്. അതിനു മുമ്പു്, വിശകലനത്തിനു് ഉപാധിയായി നാം സ്വീകരിച്ച സംകല്പനങ്ങളിലൊന്നായ മനഃസ്ഥിതിയെക്കുറിച്ചു് ചില പരാമർശങ്ങൾ നടത്തേണ്ടതുണ്ടു്.

ആദ്യമായി, മാറിക്കൊണ്ടിരിക്കുന്ന സാമൂഹികജീവിതത്തെ മനസ്സിലാക്കാൻ, അവധാരണം ചെയ്യാൻ, മനഃസ്ഥിതി എന്ന സംകല്പനം എങ്ങനെയാണു് സഹായകമാകുക? സാമൂഹ്യജീവിതത്തെ ഒരു പ്രത്യേക രീതിയിൽ കാണാൻ നമ്മെ പ്രാപ്തരാക്കുന്ന കാഴ്ചപ്പാടുകളുടേയും സാമൂഹികബന്ധങ്ങളിൽ പ്രവേശിക്കുമ്പോൾ നമ്മുടെ പെരുമാറ്റങ്ങൾക്കു് ചില സവിശേഷ സ്വഭാവം കൊടുക്കുന്ന മനോഭാവങ്ങളുടേയും നമ്മൾ ഏർപ്പെടുന്ന പ്രവൃത്തികൾ ചെയ്യാൻ നമ്മെ പ്രാപ്തരാക്കുന്ന ശേഷികളുടേയും മറ്റും ആന്തരവത്കൃതരൂപത്തെയാണു് മനഃസ്ഥിതി എന്നു പറയുന്നതു്. മനഃസ്ഥിതി എന്നതു് ഒരു വ്യക്തിയുടെ പരിധിയിൽ മാത്രമുള്ള ഒന്നല്ല. അതു് പ്രാഥമികമായി സാമൂഹികമാണു്. സാമൂഹികമായി പരിഗണിക്കുമ്പോൾ വ്യക്തിതലം മനഃസ്ഥിതിയുടെ ഉപരിതലം മാത്രമാണു്. അതിന്റെ അന്തർഭാഗം, അങ്ങ് അടിയിൽ ഊറി കിടക്കുന്നതു്, സാമൂഹികതയുടെ നിലനില്പിലും ചലനത്തിലുമാണു്. ഈ അർത്ഥത്തിലുള്ള മനഃസ്ഥിതി ഘടനാപരമായ സ്വഭാവങ്ങൾ കാണിക്കുന്നു. ഉദാഹരണത്തിനു്, കേരളീയസാമൂഹികജീവിതത്തിൽ കഴിഞ്ഞ നൂറ്റാണ്ടിൽ അധിനിവേശകാലത്തു് ഉണ്ടായ (മനഃസ്ഥിതിപരമായ) മാറ്റങ്ങളെ കുറിക്കാൻ ആധുനികതയെന്ന സംകല്പം ഉപയോഗിക്കാറുണ്ടു്. അവിടെ പരമ്പരാഗത മനഃസ്ഥിതിയിൽ നിന്നു് ആധുനികതയിലേക്കു് വലിയ കമ്പനത്തോടെയുള്ള വരവിനാണു് ചരിത്രം സാക്ഷ്യം വഹിച്ചതു്. ഇപ്പോൾ അതിനു സമാനമായ ഒരു കമ്പനം കേരളീയ മനഃസ്ഥിതിയിൽ വന്നുകൊണ്ടിരിക്കുകയാണെന്നാണു് എനിക്കു തോന്നുന്നതു്. ഭൂകമ്പശാസ്ത്രജ്ഞർ ഭൂകമ്പം പ്രവചിക്കുന്നതുപോലെ, ഉപരിതലങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ലക്ഷണങ്ങളിൽനിന്നു അത്തരം മനഃസ്ഥിതിപരമായ കമ്പനം ഉണ്ടാവാം എന്ന പ്രവചനം അസാധ്യമായിരിക്കുകയില്ല ചിലപ്പോൾ.

സാമൂഹികജീവിതത്തിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ, നാം പുലർത്തിക്കൊണ്ടിരിക്കുന്ന ചില മൂല്യങ്ങൾ പുനഃപരിശോധിക്കാൻ വേണ്ടി നമ്മോടു് ആവശ്യപ്പെടുകയോ, പുതിയ തരത്തിലുള്ള ജീവിതശൈലികളിലേക്കു് മാറാൻ നമ്മോടു് ആവശ്യപ്പെടുകയോ ചെയ്യുന്ന സമയത്തു് മനഃസ്ഥിതിപരമായ മാറ്റം വന്നുകൊണ്ടിരിക്കുന്നുവെന്നാണു് മനസ്സിലാക്കേണ്ടതു്. സാമൂഹികജീവിതത്തിൽ നാം ചരിക്കുന്ന മണ്ഡലങ്ങളിൽ പലതിലും ഉണ്ടാവുന്ന മാറ്റങ്ങൾ മനഃസ്ഥിതിയോടാണു് പ്രതിസ്പന്ദിക്കുന്നതു്.

ജനത്തെപ്പറ്റിയുള്ള ഏതു വിവരവും അതിനെ ഭരിക്കാൻ അല്ലെങ്കിൽ നിയന്ത്രിക്കാനുള്ള ഉപാധികൾ ആവിഷ്ക്കരിക്കാൻ ഗവൺമെന്റിനെ സഹായിക്കുന്നു. ഒരു ജനായത്തഭരണക്രമത്തിൽ ഗവൺമെന്റിന്റെ ഏറ്റവും വലിയ തലവേദന ജനപദത്തിന്റെ അപ്രവചനീയതയാണു്. അതിനെ പ്രവചനീയമാക്കുകയെന്നാൽ അതിനെ നിയന്ത്രിക്കാൻ കഴിയുകയെന്നതാണു്.

സാമ്പദികമണ്ഡലത്തിൽ നാം കാണുന്ന മാറ്റം എന്താണു്? സാധാരണഗതിയിൽ സാമ്പദിക പെരുമാറ്റങ്ങൾ ചരക്കുകൾ, ഉൽപന്നങ്ങൾ, വിൽക്കുകയും വാങ്ങുകയും ചെയ്യുന്നതിലാണു് അടങ്ങിയിട്ടുള്ളതു്. പഴയ അർത്ഥത്തിലുള്ള ഉപഭോഗത്തിൽ വന്ന മാറ്റം ശ്രദ്ധേയമാണു്. ഏറെക്കുറെ പൂർവ്വനിർവ്വചിതമായ ആവശ്യങ്ങളുടെയും, സ്ഥിരസ്വഭാവമുള്ള ജീവിതശൈലിയുടെയും പശ്ചാത്തലത്തിൽ നിന്നാണു് ഗതാനുഗതിക ഉപഭോഗത്തിന്റെ ലക്ഷണങ്ങൾ രൂപപ്പെട്ടതു്. കമ്പോളവും ഉത്പാദനവും അവയോടു് അനുരൂപപ്പെട്ടാണു് വിനിമയത്തിൽ പ്രവേശിക്കുന്നതു്. ഇന്നു്, ഉത്പാദനം ജീവിതശൈലീനിർമ്മാണത്തിലും കമ്പോളം അതിന്റെ വിനിമയത്തിലും കേന്ദ്രീകരിക്കുന്നതിലൂടെ ഉപഭോഗം കമ്പനപരമായ മാറ്റത്തിനു വിധേയമായി. ഉപഭോഗത്തിൽ തങ്ങൾ അവതരിപ്പിക്കാൻ പോകുന്ന പുതിയ പരീക്ഷണങ്ങൾക്കു വേണ്ടി മുൻകൂട്ടി ആസൂത്രിതമാണു് ഉൽപാദനം ഇന്നു്. ഉപഭോഗത്തിന്റെ രൂപവും ഭാവവും സമൂലമായി മാറുന്ന, ആ പ്രക്രിയ അനവരതം തുടർന്നുകൊണ്ടിരിക്കുന്ന ഒരു മേഖലയായി കമ്പോളം മാറി. സാമ്പദികമണ്ഡലത്തിൽ നടക്കുന്ന ഈ മാറ്റത്തെ സാമ്പദികാടിസ്ഥാനത്തിൽമാത്രം അവധാരണം ചെയ്യാൻ കഴിയുകയില്ല. ഈ മണ്ഡലത്തിൽ വരുന്ന മാറ്റത്തെ മനസ്സിലാക്കണമെങ്കിൽ, മനഃസ്ഥിതിയെ മാറ്റുകയും അതിനെ പുനർനിർവ്വചിക്കുകയും ചെയ്യുന്ന എന്താണു് സാമ്പദികമണ്ഡലത്തിൽ സംഭവിക്കുന്നതെന്നു പരിശോധിക്കണം.

കമ്പോളത്തെ മാത്രം പരിശോധിക്കുകയാണെങ്കിൽ ആഗോളതലത്തിൽ അതിന്റെ സ്വരൂപത്തിൽ കൊണ്ടുവരപ്പെടുന്ന മാറ്റം സാമൂഹികജീവിതത്തിൽ അതിന്റെ സ്ഥാനത്തെ സംബന്ധിച്ചതാണു്. സാമൂഹികജീവിതത്തിന്റെ എല്ലാ മേഖലകളെയും ആകർഷിക്കുന്ന ഒരു ഗുരുത്വകേന്ദ്രം ആയിട്ടാണു് കമ്പോളം ഇന്നു് നിൽക്കുന്നതു്. കേരളീയജീവിതം ഇതിനപവാദമല്ല. കമ്പോളം വേറെ, രാഷ്ട്രീയം-ഭരണവ്യവസ്ഥ-വേറെ ആയിട്ടാണു് നമ്മൾ ഇന്നു് സംകല്പിക്കുന്നതു്. എന്നാൽ ഇതു്, ഒന്നു് ഒന്നര നൂറ്റാണ്ടിന്റെ ഭഗീരഥപ്രയത്നത്തിനുശേഷം യൂറോപ്യൻലോകം ഉണ്ടാക്കിയെടുത്ത വിഭാജനമാണു്. പ്രായോഗികതലത്തിൽ തന്നെ കമ്പോളവും സ്റ്റെയ്റ്റും വേർപെട്ടിരിക്കണമെന്ന വാദം കമ്പോളത്തിന്റെ വികസനദശയിൽ ഉയർന്നുവന്നതാണു്. സ്റ്റെയ്റ്റ്, കമ്പോളത്തിൽ ഇടപെടരുതു് എന്നതു് ദീർഘകാലത്തെ ശ്രമങ്ങളിലൂടെ യൂറോപ്യൻ മൂലധനവാദികൾ നേടിയെടുത്ത ഒരു സ്ഥിതിവിശേഷമാണു്. പഠനമേഖലയിൽ ഈ വിഭാജനം രാഷ്ട്രമീമാംസയും സാമ്പത്തികശാസ്ത്രവും തമ്മിലുള്ള അനുശീലനപരമായ വേർപെടലിൽ ലക്ഷ്യം കണ്ടു.

അതായതു് കമ്പോളത്തിന്റെ ചരിത്രത്തിൽ ഭൗതികവും ബൗദ്ധികവുമായ തലങ്ങളിൽ അതിന്റെ സ്വാശ്രയത്വത്തിനുവേണ്ടിയുള്ള ശ്രമങ്ങളുണ്ടായിരുന്നിട്ടുണ്ടു്. ഈ അർത്ഥത്തിൽ കമ്പോളം സ്വതന്ത്രശക്തിയായി വികസിച്ചു വന്ന സമയത്തുതന്നെ സ്റ്റെയ്റ്റിന്റെ അതിരുകൾക്കു് അപ്പുറത്തു് ചരിക്കാനുള്ള പ്രവണത അതു് കാണിച്ചിട്ടുണ്ടു്. ഇന്നു നമ്മൾ കാണുന്നതു് കോർപ്പറേറ്റ് സമ്പദ്വ്യവവസ്ഥയിൽ കമ്പോളം അതിന്റെ ഏറ്റവും ശക്തമായ ആവിഷ്കാരം തേടുന്നതാണു്; സ്റ്റെയ്റ്റുകളുടെ, ഭരണവ്യവസ്ഥകളുടെ മേൽ സമ്മർദ്ദമേൽപ്പിച്ചുകൊണ്ടു് ഭൂപ്രദേശപരിധിയ്ക്കു് പുറത്തു് കമ്പോളത്തെ വ്യാപിപ്പിക്കാനുള്ള അതിന്റെ ശ്രമം വിജയിക്കുന്നതാണു്. പ്രാദേശികഭരണവ്യവസ്ഥയിൽ നിയമപരമായ ഭേദങ്ങൾ വരുത്തിക്കൊണ്ടു് നേടിയ സാമ്പദികമണ്ഡലത്തിന്റെ ആഗോളവത്ക്കരണമാണു് അതിലെ എറ്റവും നിർണ്ണായകമായ വിജയം.

ഈ പശ്ചാത്തലത്തിൽ കേരളത്തിലെ കമ്പോളം നാം പഠിക്കുമ്പോൾ അതിന്റെ ഘടന മാറുന്നുവെന്ന അനുമാനത്തിൽ എത്തിച്ചേരാൻ നമ്മെ സഹായിക്കുന്ന സൂചകങ്ങൾ, മിക്കവാറും എല്ലാം തന്നെ, കേരളത്തിന്റെ പ്രാദേശിക പ്രത്യേകതകളിൽനിന്നു വരുന്നതല്ലെന്നു കാണാം. അവയെല്ലാം ആഗോളതലത്തിൽ കാണാവുന്നവയാണു്. അതിർത്തികടന്നുള്ള മൂലധനത്തിന്റെ നീക്കം: ആ നീക്കത്തിന്റെ ഫലമായിട്ടാണു് ഇന്നു് ലോകത്തു് കമ്പോളത്തിലെ മാറ്റങ്ങൾ ഉണ്ടാവുന്നതു്. ഈ ലക്ഷണങ്ങളുള്ള കമ്പോളത്തെ ആഗോളതലത്തിൽ നിലനിർത്താൻ, മനുഷ്യരുടെ ജീവിതത്തെ രൂപപ്പെടുത്തുന്ന ശക്തിയായി അതുമാറേണ്ടതുണ്ടു്. ജീവിതത്തെക്കുറിച്ചുള്ള പ്രതിബിംബം സൃഷ്ടിച്ചുകൊണ്ടു്, ജീവിതശൈലിയെ സംബന്ധിച്ച പുതിയ ശുപാർശകൾ വ്യാപരിപ്പിച്ചുകൊണ്ടു് മാത്രമെ അതു സാധിക്കൂ. കമ്പോളത്തിന്റെ ശുപാർശകളിലൂടെ നിർമ്മിക്കപ്പെടുന്ന ഒരു മനഃസ്ഥിതി അതിനു ആവശ്യമാണു്.

രണ്ടാമതായി വിദ്യാഭ്യാസമണ്ഡലത്തിൽ വന്ന മാറ്റങ്ങളാണു് ശ്രദ്ധേയമാവുന്നതു്. പരമ്പരാഗതമായി വിദ്യാഭ്യാസം എന്നതു് മനുഷ്യവ്യക്തിയുടെ വികാസത്തെ ലക്ഷ്യംവയ്ക്കുന്ന ഒന്നായി സംകല്പിക്കപ്പെടുന്നു. യുവ അംഗങ്ങളുടെ സാമൂഹികവത്ക്കരണം. ഈ സംകല്പം ഇന്നു് മാറിക്കൊണ്ടിരിക്കയാണു്. മനഃസ്ഥിതി ഈ മണ്ഡലത്തിലും മാറുകയാണു്. വിദ്യാഭ്യാസം മനുഷ്യവിഭവശേഷിയെ ഉണ്ടാക്കുന്ന സ്ഥാപനമായി ഇന്നു് അംഗീകരിക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നു. ഇതു് മൗലികമായ ഒരു മാറ്റമാണു്. കേരളത്തിലെ വിദ്യാഭ്യാസമേഖലയിൽ വന്നുകൊണ്ടിരിക്കുന്ന പരിഷ്കാരങ്ങളുടെ വിശദാംശങ്ങൾ പരിശോധിച്ചാൽ ഇതു് ബോധ്യമാവും.

അതെന്തായാലും ഈ മാറ്റങ്ങൾ ആഗോളതലത്തിൽ വിദ്യാഭ്യാസരംഗത്തു് സംഭവിച്ച രൂപപരവും ഭാവപരവും ആയ ഭേദങ്ങളിൽനിന്നു് വ്യത്യസ്തമായി കാണേണ്ടതില്ല. കുറച്ചുകാലം മുമ്പുവരെ നാം ധരിച്ചിരുന്നതു് ഒരു സമ്പദ്വ്യവസ്ഥയുടെ വളർച്ച, ഭൗതികവിഭവങ്ങളും പ്രകൃതിവിഭവങ്ങളും ഉപയോഗിച്ചു് നിർമ്മിക്കുന്ന ഉത്പന്നങ്ങളിലൂടെയാണു് എന്നായിരുന്നു. സമ്പത്തിന്റെ സ്രോതസ്സു് ഈ പ്രഥമക്രമഉൽപാദനമാണെന്നു് ആയിരുന്നു. എന്നാൽ അടുത്തകാലത്തു് ലോകത്തിലെ 192 രാജ്യങ്ങളുടെ കണക്കെടുത്തപ്പോൾ, അവിടെ ഉത്പാദിപ്പിക്കപ്പെടുന്ന മൊത്തം സമ്പത്തിന്റെ 16% പ്രകൃതിവിഭവങ്ങളും 20% ഭൗതികവിഭവങ്ങളും ബാക്കി 64% മനുഷ്യവിഭവങ്ങളുടെ ഉപയോഗത്തിലൂടെ കൈവന്നതും ആണു് എന്നാണു് കണ്ടതു്. അതായതു് സേവനങ്ങളുടെ വ്യാപാരത്തിലൂടെ. സേവനങ്ങളുടെ വ്യാപാരത്തിന്റെ ഒരു മുൻനിലമ അനുയോജ്യമായ മനുഷ്യവിഭവങ്ങളെ ഉൽപാദിപ്പിക്കുക എന്നാണു്. പല സേവനങ്ങൾക്കുമായി അവയെ വിതരണംചെയ്യാൻ പ്രാപ്തമാവുക.

മനഃസ്ഥിതിപരമായി നിയന്ത്രണത്തിനു വിധേയമാകുന്ന ആൾക്കാർ അത്തരത്തിൽ വിധേയപ്പെട്ട മനഃസ്ഥിതി സ്വീകരിച്ചുകൊണ്ടു് ഇതാണു് രാഷ്ട്രീയം എന്ന തെറ്റായ തിരിച്ചറിവോടെ പ്രവർത്തിക്കുന്നതിലൂടെ ഫലത്തിൽ വരുന്നതത്രെ ഇന്നത്തെ രാഷ്ട്രീയം. നമ്മുടെ മനഃസ്ഥിതിയെ നിയന്ത്രിക്കാൻ ‘രാഷ്ട്രീയക്കാർ’ മെനഞ്ഞെടുത്ത തന്ത്രങ്ങൾ സ്വയം നമ്മുടെതാണെന്നു് ധരിച്ചു് നമ്മൾ പ്രവർത്തിക്കുകയെന്നതാണു് ഈ രാഷ്ട്രീയം.

എന്തൊക്കെയാണു് സേവനങ്ങൾ? ഗതാഗതം, വിനിമയം, നിയമസംവിധാനം, ടൂറിസം, വിവരസാംകേതികത, ആരോഗ്യപ്രവർത്തനം, നിർമ്മാണപ്രവർത്തനം എന്നിങ്ങനെ ഒരു വലിയ പട്ടിക അതുൾക്കൊള്ളുന്നു. ഇതൊക്കെ മനുഷ്യവിഭവങ്ങളുടെ സേവനമാണു്. ഇവിടെ സമ്പത്തു് ഉത്പാദിപ്പിക്കുന്ന സ്രോതസ്സു് മനുഷ്യവിഭവങ്ങൾ തന്നെ. അതായതു് ചരക്കുകൾ ഉത്പാദിപ്പിക്കുന്നതുവഴിയല്ല ഇവിടെ സമ്പത്തു് ഉണ്ടാക്കുന്നതു്. ഇതു് കാതലായ മാറ്റമായി കാണേണ്ടതാണു്. GATT-ന്റെ 1988-ലെ രേഖയിൽ, ട്രെയ്ഡ്-ഇൻ-സെർവീസ് പരാമർശിക്കുന്ന ഒരു ഭാഗമുണ്ടു്. പക്ഷേ, ഇനി 2005-ൽ വരാൻ പോകുന്നതു് GATS (ജെനറൽ എഗ്രിമെന്റ് ഓൺ ട്രെയ്ഡ് ഇൻ സെർവീസസ്) തന്നെയാണു്. അതു് എല്ലാ അംഗരാജ്യങ്ങൾക്കും ബാധകമായിട്ടുള്ള ചട്ടങ്ങളാണു്. സ്വാഭാവികമായി അമേരിക്കയ്ക്കു് കൂടുതൽ ആനുകൂല്യം ഉണ്ടാവുന്ന ചട്ടങ്ങളിലേക്കു് അതു് ഇതര രാജ്യങ്ങളെ നയിക്കും. അമേരിക്കൻ കമ്പനികളാണു് ലോകത്തിൽ വിദഗ്ദ്ധസേവനങ്ങൾ ഏറ്റവുമധികം രാജ്യങ്ങളിലേക്കു് കൊണ്ടുപോകുന്നതു്. അപ്പോൾ സേവനത്തിലുള്ള വ്യാപാരം അവർക്കു് വളരെ പ്രധാനമാണു്. സേവനങ്ങളിലൂടെ ഉണ്ടാകുന്ന സമ്പത്തു് നേടുന്നതിനുവേണ്ടി രാജ്യങ്ങൾ തമ്മിൽ മത്സരിക്കേണ്ടിവരും. ഇപ്പോൾ ബുഷ് ഭരണസംവിധാനത്തിനു് ചൈനയെപ്പറ്റിയുള്ള ഒരു പരാതി എന്തെന്നുവെച്ചാൽ, അമേരിക്കൽ സേവനമേഖലകളുടെ ഉപയോഗത്തിനുവേണ്ടി ചൈനീസ് കമ്പോളം തുറക്കുന്നില്ല എന്നാണു്. ചൈനയ്ക്കു് അമേരിക്കയുടെ സേവനം ആവശ്യമില്ല (അപവാദങ്ങൾ ഇല്ലെന്നില്ല).

പക്ഷേ, GATS വന്നുകഴിഞ്ഞാൽ ഒരു രാജ്യത്തിനും രക്ഷയില്ല. കാരണം, വിദേശീയമായ സേവനമേഖലകളെ ദേശീയമായവയോടു് തുല്യമായി കണക്കാക്കണം എന്ന അനുശാസനം GATS-ൽ ഉണ്ടു്. വിദ്യാഭ്യാസമണ്ഡലത്തിൽ വരുന്ന മാറ്റത്തിന്റെ പശ്ചാത്തലം ഇതാണു്. സേവനത്തിന്റെ ഉൽപാദനത്തിൽ മനുഷ്യവിഭവങ്ങളുടെ പരിശീലനം ആവശ്യമാണു്. കാരണം, ഇത്രയും സമ്പത്തു് ലോകത്തു് ഉണ്ടാക്കുന്ന ഒരു മേഖലയ്ക്കു് ആവശ്യമായ മനുഷ്യവിഭവങ്ങളെ എങ്ങനെ ഉൽപാദിപ്പിക്കും? അത്തരം വിഭവത്തെ മനുഷ്യരൂപത്തിൽ ഉൽപാദിപ്പിക്കുകയെന്നതു്, മൂല്യം കൊടുക്കുകയെന്നതു്, കച്ചവടമാണു്. അതുകൊണ്ടാണു് വിദ്യാഭ്യാസം ഒരു കമ്പോളമായി മാറുന്നതു്. അതായതു്, പരമ്പരാഗതമായി നാം സംകല്പിച്ചുപോരുന്ന വിദ്യാഭ്യാസം, സമൂഹത്തിലേക്കു് വ്യക്തിയെ സ്വാംശീകരിക്കുന്ന, ഉപനയിക്കുന്ന പ്രക്രിയ, വളരെ മൗലികമായ, കമ്പനപരമായ മാറ്റത്തിനു വിധേയമായിരിക്കുകയാണു്. ആ മാറ്റത്തിന്റെ മുൻനിലമ എന്തെന്നാൽ, സമ്പത്തു് ഉണ്ടാക്കുന്നതിനെക്കുറിച്ചുള്ള സംകല്പങ്ങൾ മാറിപ്പോയിട്ടുണ്ടെന്നതാണു്. ഈ പശ്ചാത്തലത്തിൽ മനുഷ്യവിഭവങ്ങളുടെ പരിശീലനത്തിനുള്ള കേന്ദ്രമായി വിദ്യാഭ്യാസസ്ഥാപനങ്ങൾ മാറുമ്പോൾ സ്വകാര്യമേഖലകൾ അതിൽ കണ്ണുവെയ്ക്കുകയും ആ കച്ചവടത്തിലേയ്ക്കു് പ്രവേശിക്കാൻ തയ്യാറാവുകയും ചെയ്യും.

മാനവവിഭവശേഷി വികസനം

സംഭവങ്ങൾ ഒരു തിരക്കഥയിലെന്നവണ്ണം പ്രവചനീയമായാണു് നീങ്ങുന്നതു്. കഴിഞ്ഞമാസം ഇംഗ്ലണ്ടിലെ വിദ്യാഭ്യാസമന്ത്രി ക്യാബിനറ്റിന്റെ ഔദ്യോഗികറിപ്പോർട്ടിനെ മറികടന്നുകൊണ്ടു്, അതായതു് വിദ്യാഭ്യാസം സ്വകാര്യമേഖലയിൽ അനുവദിക്കുന്നതിൽ നിയന്ത്രണങ്ങൾ വേണം എന്ന വാദത്തെ മറികടന്നു്, അതിന്റെയൊന്നും ആവശ്യമില്ല എന്നും വിദ്യാഭ്യാസകമ്പോളം വന്നുകഴിഞ്ഞാൽ ഗുണമേന്മ ഉറപ്പാക്കാത്ത സ്ഥാപനങ്ങളെ വിദ്യാർത്ഥികൾ സ്വാഭാവികമായി വർജ്ജിക്കുമെന്നും വാദിക്കുകയുണ്ടായി. ഇതിൽ കൂടുതൽ ഒന്നും ഈ വിഷയത്തെക്കുറിച്ചു് പറയേണ്ടാത്തവിധം അത്ര വ്യക്തമാണു് കാര്യം. പക്ഷേ, ശ്രദ്ധിക്കേണ്ടതു്, ഇവിടെ മനഃസ്ഥിതിയിൽ വന്ന മാറ്റമാണു്. സാമൂഹികമാറ്റം സുകരമാക്കുകയോ, അതു് പ്രതിഫലിപ്പിക്കുകയോ, ഭദ്രമാക്കുകയോ, അല്ലെങ്കിൽ മാറ്റങ്ങളെക്കുറിച്ചു് ശുപാർശകൾ അവതരിപ്പിക്കുകയോ ചെയ്യുന്നതു് മനഃസ്ഥിതിയുടെ വൃത്തിയാണെന്നു് സൂചിപ്പിച്ചു. കമ്പോളത്തിന്റെ കാര്യത്തിൽ പ്രത്യേകിച്ചു് പുതിയ ജീവിതശൈലികളുടെ ശുപാർശകൾ ഏറെക്കുറെ ഭദ്രമായി ഒരു മനഃസ്ഥിതിയായി ഉപഭോക്താക്കളിൽ ആഴ്‌ന്നിറങ്ങുന്നതോടെയാണു് അതിലെ മാറ്റങ്ങളും ഉറപ്പാക്കപ്പെടുന്നതു്.

ഈ മനഃസ്ഥിതിയെ നിയന്ത്രിക്കുന്ന ഒരു പ്രസ്ഥാനമായി പരസ്യമേഖലയെ കാണാം. കമ്പോളത്തിൽ മത്സരിക്കാൻ തയ്യാറാവുന്ന എല്ലാ കമ്പനികൾക്കും ഒഴിച്ചുകൂടാത്ത ഒന്നാണു് ഉൽപന്നങ്ങളുടെ പരസ്യം. നമ്മെ അത്ഭുതപ്പെടുത്തുന്ന തരത്തിലാണു് ഓരോ കമ്പനിയും പരസ്യത്തിനുവേണ്ടി ചെലവഴിക്കുന്ന തുക. ഈ പരസ്യങ്ങൾ, നിർദ്ദേശങ്ങൾ, കുറിപ്പടികൾ, പ്രേരണകളാണെന്നു് നമുക്കറിയാം. ‘നല്ല’ ജീവിതത്തെക്കുറിച്ചുള്ള ശുപാർശകൾ. മനഃസ്ഥിതിയിൽ മാറ്റം വരുന്നുണ്ടെന്നതു് അവിതർക്കിതമാണു്. കമ്പോളത്തിലും വിദ്യാഭ്യാസത്തിലും അതു് എങ്ങനെ സംഭവിക്കുന്നുവെന്നതിന്റെ ഒരു ദിങ്മാത്രദൃശ്യം നമ്മൾ കാണുകയുണ്ടായി. വ്യത്യസ്തമണ്ഡലങ്ങളിൽ സംഭവിക്കുന്ന മനഃസ്ഥിതിമാറ്റങ്ങൾ ഒറ്റപ്പെട്ട സംഭവങ്ങളല്ല. അവയെ കോർത്തിണക്കുന്ന ഒരു കമ്പനപരമായ മാറ്റം സാമൂഹികതയുടെ എല്ലാ അംശങ്ങളിലും സംഭവിക്കുന്നുണ്ടാകാം. ഇവ തമ്മിലുള്ള പരസ്പരബന്ധങ്ങളെ വിശദീകരിക്കാവുന്നതുമാണു്. കമ്പോളം സ്വയം ഇത്തരത്തിൽ വ്യത്യസ്തതലങ്ങളിലുള്ള മാറ്റങ്ങളെ ബന്ധപ്പെടുത്താനുള്ള തത്വം പ്രദാനം ചെയ്യുന്നതായി നാം കണ്ടു.

മനഃസ്ഥിതിയെ സൃഷ്ടിക്കാനും നിലനിർത്താനും മാത്രമല്ല അതിനെ നിയന്ത്രിക്കാനുമുള്ള ഒരു യത്നം കമ്പോളത്തിന്റെ കാര്യത്തിൽ നമുക്കു് കാണാവുന്നതാണു്. മനഃസ്ഥിതിയുടെ നിയന്ത്രണത്തിൽ താൽപര്യമുള്ള, അതിൽ ഇടപെടുന്ന മറ്റൊരു കർതൃത്വം ഗവൺമെന്റ് ആണെന്നു പറയാം. അമൂർത്തമായി മാത്രം നാം ഗ്രഹിക്കുന്ന സ്റ്റെയ്റ്റിന്റെ, മൂർത്തമായ, യഥാർത്ഥസമയത്തിലുള്ള കാര്യസ്ഥതയാണു് ഗവണ്മെന്റ്. മുമ്പു് സൂചിപ്പിച്ചതുപോലെ സ്റ്റേറ്റിനു് ഭൂപ്രദേശപരമായ ഒരു പരിധിയുണ്ടു്. അതിനു് പുറത്തേക്കും അകത്തേക്കും തിരിയുന്ന ആയുധശക്തിയുണ്ടു്; സൈന്യവും പോലീസും. ഇതിൽ ആദ്യത്തേതു് പുറത്തു നിന്നു് ബാഹ്യശക്തികൾ ഭൂപ്രദേശത്തിൽ അധിനിവേശം ചെയ്യുന്നതു് ചെറുക്കാൻ ആണെന്നു് അംഗീകരിക്കപ്പെടുന്നു. വേണ്ടിവന്നാൽ അകത്തുനിന്നുള്ള ഭീഷണിയെ നേരിടാനും സൈന്യത്തെ ഉപയോഗിക്കാം.

രണ്ടാമത്തേതു് അകത്തെ, വ്യവസ്ഥയുടെ നിയമക്രമങ്ങൾ സുരക്ഷിതമാക്കാൻ. ഗവൺമെന്റിന്റെ തത്സമയകാര്യസ്ഥത ഇവ രണ്ടിനെയും അവലംബിക്കാം. ഈ അർത്ഥത്തിൽ അന്തർഹിതമായ ബലപ്രയോഗക്ഷമതയോടെ ഭരണകാര്യനിർവ്വഹണം നടത്തുന്ന ഒരു സംവിധാനത്തെയാണു് നാം ഗവൺമെന്റ് എന്നു് വിളിക്കുന്നതു്. എന്നാൽ മനഃസ്ഥിതിയുടെ നിയന്ത്രണവുമായി ബന്ധപ്പെടുത്തി ഗവൺമെന്റിനെ മനസ്സിലാക്കാൻ ഗവൺമെന്റിനെപ്പറ്റിയുള്ള നമ്മുടെ ചിത്രം ഒന്നുകൂടി മിഴിവുറ്റതാക്കണം. ഭൂപ്രദേശത്തോടൊപ്പം സ്റ്റെയ്റ്റിന്റെ ആധാരമായി എണ്ണപ്പെടുന്ന ജനപദത്തെ, ജനസംഖ്യയെ, ഒരു പ്രത്യേക ക്രമത്തിൽ നിറുത്തുക എന്നതാണു് ഗവൺമെന്റിന്റെ സ്വയം നിയുക്തമായ പ്രവൃത്തി: ജനസംഖ്യാനിർണ്ണയം, വർഗ്ഗീകരണം. വയസ്സു്, പ്രവൃത്തി, ജാതി, ലിംഗം, ഭാഷ ഇങ്ങനെ പല മാനദണ്ഡങ്ങളിൽ വർഗ്ഗീകരിക്കുന്നതിൽ അതു താത്പര്യപ്പെടുന്നു.

ജനായത്തഭരണത്തിൽപോലും ബലപ്രയോഗത്തിനുള്ള ഏക അപവാദം സ്റ്റെയ്റ്റ് ആണു്. അതായതു് സ്റ്റെയ്റ്റിന്റെ ബലപ്രയോഗം നിയമത്തിനു് എതിരല്ല. ഈ അപവാദത്തിന്റെ ആനുകൂല്യം സ്റ്റെയ്റ്റ് സൈന്യത്തിന്റെയും പോലീസിന്റെയും സഹായത്തോടെ പിടിച്ചടക്കിയതാണെന്നു് പറയാം. ഈ ആയുധശക്തികൾ ജനായത്തമല്ലാത്ത ഒരു പ്രാക്തനഭരണക്രമത്തിൽനിന്നു് ഇന്നത്തെ (ആധുനിക) സ്റ്റെയ്റ്റുകൾക്കു് പരമ്പരാഗതമായി കിട്ടിയതാണു്.

ജനത്തെപ്പറ്റിയുള്ള ഏതു വിവരവും അതിനെ ഭരിക്കാൻ അല്ലെങ്കിൽ നിയന്ത്രിക്കാനുള്ള ഉപാധികൾ ആവിഷ്ക്കരിക്കാൻ ഗവൺമെന്റിനെ സഹായിക്കുന്നു. ഒരു ജനായത്തഭരണക്രമത്തിൽ ഗവൺമെന്റിന്റെ ഏറ്റവും വലിയ തലവേദന ജനപദത്തിന്റെ അപ്രവചനീയതയാണു്. അതിനെ പ്രവചനീയമാക്കുകയെന്നാൽ അതിനെ നിയന്ത്രിക്കാൻ കഴിയുകയെന്നതാണു്. നിയന്ത്രിക്കാൻവേണ്ടി ഗവൺമെന്റ് നോക്കേണ്ടതു് മനഃസ്ഥിതിയിൽതന്നെ. ജനായത്തക്രമത്തിൽ ഭരണകാര്യകർത്താക്കളായി ഗവൺമെന്റ് രൂപീകരിക്കുന്നതു് തെരഞ്ഞെടുപ്പിൽ വിജയിച്ച രാഷ്ട്രീയപാർട്ടികളാണു്. ഈ അർത്ഥത്തിൽ, ഗവൺമെന്റിന്റെ മനഃസ്ഥിതിയിലുള്ള താത്പര്യം മുമ്പേതന്നെ, രാഷ്ട്രീയപാർട്ടികളുടെ സമീപനത്തിൽ പ്രതിഫലിച്ചിട്ടുണ്ടാവണം. സമകാലരാഷ്ട്രീയം, ഈ അർത്ഥത്തിൽ, ഈ നിയന്ത്രണം ഫലപ്രദമാക്കുന്ന ഒരു പ്രത്യേക പ്രക്രിയയായി രൂപാന്തരപ്പെട്ടിരിക്കുന്നു. രാഷ്ട്രീയകക്ഷികളൊക്കെ ചെയ്യുന്നതു് മനഃസ്ഥിതിയുടെ മേലുള്ള നിയന്ത്രണം ഉറപ്പുവരുത്തുകയാണു്. മനഃസ്ഥിതിയുടെ മേലുള്ള നിയന്ത്രണത്തിനുവേണ്ടി പലതരം തന്ത്രങ്ങൾ ഗവൺമെന്റുകൾ എല്ലാകാലത്തും ആവിഷ്ക്കരിക്കാറുണ്ടു്.

നാം ഇന്നു് രാഷ്ട്രീയമെന്നു് വിളിക്കുന്ന പ്രക്രിയ രാഷ്ട്രീയകക്ഷികളുടെ പ്രവർത്തനത്തിൽ നിന്നു് സ്വാഭാവികമായി ആവിർഭവിക്കുന്ന, അല്ലെങ്കിൽ അതിൽ പ്രതിഫലിക്കുന്ന ഒരു പ്രതിഭാസമല്ല, മറിച്ചു്, ഗവൺമെന്റിന്റെ ജനമനഃസ്ഥിതിനിയന്ത്രണത്തെ അപേക്ഷിച്ചു് നിലനിൽക്കുന്ന ഒരു പ്രതിഭാസമാണു്. രാഷ്ട്രീയം അതിന്റെ ആധാരികാർത്ഥത്തിൽ മനുഷ്യബന്ധങ്ങളിലെ, പ്രയോഗങ്ങളിലെ, സ്ഥാപനങ്ങളിലെ, സ്ഥാപനങ്ങൾ തമ്മിലുള്ള ബന്ധങ്ങളിലെ ക്രമീകരണങ്ങളും ആ ക്രമീകരണത്തിലെ മാറ്റത്തെയോ യഥാസ്ഥിതിയെയോ സംബന്ധിച്ച തീരുമാനമെടുക്കലും ആയി ബന്ധപ്പെട്ടതാണു്. സാമൂഹികജീവിതത്തിന്റെ സൂക്ഷ്മവും സ്ഥൂലവുമായ ഇടങ്ങളിലെല്ലാം രാഷ്ട്രീയം ഈ അർത്ഥത്തിൽ ആധാരികമായി സന്നിധമായിരിക്കുന്നു.

മനഃസ്ഥിതിപരമായി നിയന്ത്രണത്തിനു വിധേയമാകുന്ന ആൾക്കാർ അത്തരത്തിൽ വിധേയപ്പെട്ട മനഃസ്ഥിതി സ്വീകരിച്ചുകൊണ്ടു് ഇതാണു് രാഷ്ട്രീയം എന്ന തെറ്റായ തിരിച്ചറിവോടെ പ്രവർത്തിക്കുന്നതിലൂടെ ഫലത്തിൽ വരുന്നതത്രെ ഇന്നത്തെ രാഷ്ട്രീയം. നമ്മുടെ മനഃസ്ഥിതിയെ നിയന്ത്രിക്കാൻ ‘രാഷ്ട്രീയക്കാർ’ മെനഞ്ഞെടുത്ത തന്ത്രങ്ങൾ സ്വയം നമ്മുടെതാണെന്നു് ധരിച്ചു് നമ്മൾ പ്രവർത്തിക്കുകയെന്നതാണു് ഈ രാഷ്ട്രീയം. ഈ രാഷ്ട്രീയവും സാമൂഹികജീവിതത്തിന്റെ അന്യവത്ക്കരിക്കാൻ കഴിയാത്ത ഘടകമെന്ന നിലയ്ക്കുള്ള രാഷ്ട്രീയവും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാൻ ഇന്നു് രാഷ്ട്രീയമണ്ഡലത്തെ നിർവ്വചിക്കുന്ന മനഃസ്ഥിതി അനുവദിക്കുന്നില്ല.

സാമൂഹികമാറ്റത്തിന്റെ ഒരു പ്രധാന ഉറവിടം ആധാരികമായ രാഷ്ട്രീയമാണു്. ആധാരികരാഷ്ട്രീയം സാമൂഹികമായി ജീവിക്കുന്ന മനുഷ്യർ ഏർപ്പെടുന്ന പ്രയോഗങ്ങളുടെ നിലനിൽപ്പും തുടർച്ചയും രൂപാന്തരണവും നിർണ്ണയിക്കുന്ന ശക്തിബന്ധങ്ങളിലാണു് ആത്യന്തികമായി അവലംബിക്കുന്നതു്. അത്തരം രാഷ്ട്രീയത്തിൽ ഗവൺമെന്റ് വിദൂരസ്ഥമായ സാധ്യതയാണു്. ഇന്നത്തെ രാഷ്ട്രീയം, ഗവൺമെന്റുകളുടെ നിലനിൽപ്പും ഭരണകാര്യനിർവ്വഹണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ദേശീയവും അന്തർദേശീയവുമായ തലങ്ങളിലുള്ള അതിന്റെ പ്രകടനവും കക്ഷിരാഷ്ട്രീയരംഗത്തേക്കു് സന്നിവേശിക്കുന്നതിലൂടെ രൂപംകൊള്ളുന്നതാണു്. ഇന്നത്തെ രാഷ്ട്രീയത്തിന്റെ ഗുരുത്വകേന്ദ്രം ഗവൺമെൻറാണു്, ജനജീവിതമല്ല. ആഗോളതലത്തിൽ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ ഗവൺമെന്റിന്റെ മേൽ ചെലുത്തുന്ന സമ്മർദ്ദം ഭരണകാര്യകർതൃത്വത്തിൽ പ്രവേശിക്കുന്ന കക്ഷിരാഷ്ട്രീയത്തിനു് ജനങ്ങളെ കേൾക്കാനുള്ള സാധ്യതയിൽ നിന്നകറ്റി. കാരണം, ജനങ്ങളുടെ രാഷ്ട്രീയം എന്നതു് ഗവൺമെന്റിന്റെ ഇന്നത്തെ നിലമയിൽ അപ്രസക്തവും അസാധ്യവുമാണു്. ‘ഗവൺമെന്റ് രാഷ്ട്രീയ’ത്തിന്റെ ഒരേയൊരു പോംവഴി അതുകൊണ്ടു് ജനമനഃസ്ഥിതിയെ നിയന്ത്രിക്കുക, രൂപപ്പെടുത്തുക എന്നതായിത്തീരുന്നു.

ഇപ്പോൾ വളരെ പരിമിതമായ ചില മേഖലകളെ സ്പർശിക്കുക മാത്രമേ നാം ചെയ്തിട്ടുള്ളൂ; എന്താണു് കേരളീയസാമൂഹികജീവിതത്തിൽ സംഭവിക്കുന്നതു് എന്നു് മനസ്സിലാക്കണമെങ്കിൽ സാമൂഹികജീവിതത്തെ പുനരുത്പാദിപ്പിക്കുന്ന പരസ്പരബദ്ധമായ ഒരു വലക്കെട്ടിനെ പൂർവ്വകല്പനചെയ്തുകൊണ്ടു് മാത്രമേ കഴിയൂ എന്ന വാദം അവതരിപ്പിക്കാനാണു്. മനഃസ്ഥിതി എന്ന ആശയം ഈ പരസ്പരബദ്ധതയെ തെളിച്ചു കാട്ടിത്തരുന്നു.

രണ്ടാമതായി, കേരളീയസാമൂഹികമാറ്റത്തിന്റെ മാധ്യമവും ഒപ്പം ലക്ഷണവുമായി പരിഗണിക്കപ്പെട്ട മനഃസ്ഥിതി കേരളത്തിന്റെ ഭൂപ്രദേശപരിധിയിൽ ഒതുങ്ങുന്ന ഒന്നല്ല. ഈ മനഃസ്ഥിതി മുമ്പേത്തന്നെ ഭൂപരിധികൾക്കു് പുറത്തുള്ളതാണു്. ലോകത്തു് മറ്റിടങ്ങളിലുണ്ടാകുന്ന മാറ്റങ്ങൾക്കൊപ്പമാണു് ഇവിടെയും ഉണ്ടാകുന്നതു്. എന്നാൽ നമ്മുടെ തന്നെ ഈ മനഃസ്ഥിതിയെക്കുറിച്ചു് ഒരു തിരിച്ചറിവുണ്ടാകുന്നതിൽനിന്നു് നാം വളരെ ദൂരത്താണു്. കാരണം വളരെ ഉപരിപ്ലവമായ വിഷയങ്ങളിൽ, നമ്മുടെ ശ്രദ്ധയെ കോർക്കുന്ന, നിലനിർത്തുന്ന ഒരു സ്ഥിതിവിശേഷം ഇന്നു് നിലവിലുണ്ടു്. പുതിയ കമ്പോളത്തിന്റെ മാതൃക അവലംബിച്ചു് ഉപഭോഗശൈലിയിലാണു് ഇന്നു് വിഷയങ്ങൾ നാം ഗ്രഹിക്കുന്നതു്. നമുക്കു കടിക്കാൻ എന്തെങ്കിലും വിഷയക്കഷ്ണമായി നമ്മുടെ മുമ്പിൽ കമ്പോളം—മാധ്യമദ്വാരാ—-ഇട്ടുതന്നുകൊണ്ടിരിക്കുന്ന, നമ്മുടെ സാമൂഹികജീവിതത്തെ സംബന്ധിച്ചിടത്തോളം കാതലായ അനന്തരഫലങ്ങൾ ഉളവാക്കാത്ത, നിസ്സാരപ്രശ്നങ്ങളായിരിക്കും അവ. ശ്രദ്ധയെ സംബന്ധിച്ചിടത്തോളം സ്വതന്ത്രമായ ഇടം അനുവദിക്കാത്ത വിധം ക്ഷണായുസ്സുകളായ വിഷയങ്ങളാൽ നിബിഡമാക്കിത്തീർക്കുക എന്നതാണു് ഫലം. തീർത്തും അസംബന്ധങ്ങളായ കാര്യങ്ങളെക്കുറിച്ചു് ഗൌരവനാട്യത്തോടെ തർക്കിക്കാനും അവയെക്കുറിച്ചുള്ള ചില നിലപാടെടുത്തു് പോരാടാനും വ്യാകുലപ്പെടാനും, സമയം ചെലവഴിക്കാനും പ്രേരിപ്പിക്കുന്ന ഒരു സ്ഥിതിവിശേഷം, മനഃസ്ഥിതിയുടെ സ്വയം തിരിച്ചറിവിനെ തുടർച്ചയായി നീട്ടിവെയ്ക്കുന്നു.

മാധ്യമങ്ങൾ മറ്റു് വിനോദപരിപാടികളുടെ ഭാഗമോ വാലറ്റങ്ങളോ ആയാണു് പ്രശ്നവിഷയങ്ങളെ ഉപഭോഗം ചെയ്യാനായി ജനമദ്ധ്യെ പ്രക്ഷേപണം ചെയ്യുന്നതു്. രാഷ്ട്രീയകക്ഷികൾ ജനശ്രദ്ധ മർമ്മസ്ഥാനത്തുനിന്നുമാറ്റി തങ്ങൾക്കു് കൈകാര്യം ചെയ്യാൻ എളുപ്പമായ പ്രശ്നവിഷയങ്ങളിലേക്കു് തിരിച്ചുവിടുന്നു. കമ്പോളവും ഗവൺമെൻറും എങ്ങനെ മനഃസ്ഥിതിപരമായ ഉണർവ്വിനു പ്രതിബന്ധമാകുന്ന തരത്തിൽ പ്രവർത്തിക്കുന്നുവെന്നും നാം കണ്ടു. വ്യവസ്ഥാപിത രാഷ്ട്രീയകക്ഷികളും ഗവൺമെൻറും കമ്പോളവും മാധ്യമങ്ങളും ഈ അർത്ഥത്തിൽ പരസ്പരബദ്ധമായി പ്രവർത്തിച്ചുകൊണ്ടു് മനഃസ്ഥിതിയുടെ സ്വയം തിരിച്ചറിവിനെ നീട്ടിവയ്ക്കുന്നു.

മനഃസ്ഥിതിയിലേക്കു് ആളുകളെ അനുനയിക്കാനും അതിനെ നിയന്ത്രിക്കാനും ഗവൺമെന്റു പോലുള്ള കർതൃത്വത്തിനു് കഴിയും. എന്നാൽ മനഃസ്ഥിതി എങ്ങനെയാണു് നടപ്പാക്കുക? ഒരു ചട്ടം, നിയമം, നടപ്പാക്കണമെങ്കിൽ എന്താണു് ചെയ്യുക? നിയമം ഉണ്ടാക്കാം. അതു് നിയമനിർമ്മാണപരമായി സാധുവാക്കാം. നിയമമുണ്ടാക്കുന്നതു് മനഃസ്ഥിതിപരമായ വൃത്തിയാണു്. എന്നാൽ അതു് നടപ്പാക്കണമെങ്കിൽ ബലപ്രയോഗം തന്നെ വേണ്ടിവരും. ജനായത്തഭരണത്തിൽപോലും ബലപ്രയോഗത്തിനുള്ള ഏക അപവാദം സ്റ്റെയ്റ്റ് ആണു്. അതായതു് സ്റ്റെയ്റ്റിന്റെ ബലപ്രയോഗം നിയമത്തിനു് എതിരല്ല. ഈ അപവാദത്തിന്റെ ആനുകൂല്യം സ്റ്റെയ്റ്റ് സൈന്യത്തിന്റെയും പോലീസിന്റെയും സഹായത്തോടെ പിടിച്ചടക്കിയതാണെന്നു് പറയാം. ഈ ആയുധശക്തികൾ ജനായത്തമല്ലാത്ത ഒരു പ്രാക്തനഭരണക്രമത്തിൽനിന്നു് ഇന്നത്തെ (ആധുനിക) സ്റ്റെയ്റ്റുകൾക്കു് പരമ്പരാഗതമായി കിട്ടിയതാണു്. അതുകൊണ്ടു്, മനഃസ്ഥിതിയിലേക്കു് പ്രജകളെ അനുനയിപ്പിക്കാൻ മാത്രമല്ല വടികാട്ടി അവരെ ആ ദിശയിൽ തെളിക്കാനും ഭരണവ്യവസ്ഥക്കു് കഴിയും.

തങ്ങൾ ചെയ്യുന്ന പ്രവൃത്തികൾക്കു് നീതീകരണത്തിനായി ഗവൺമെന്റിനു് നോക്കേണ്ടതു് ജനങ്ങളുടെ നേരെതന്നെയാണു്. ജനതയുടെ മനഃസ്ഥിതി ഏകീകരിക്കുകയും ആ മനഃസ്ഥിതിയുടെ പേരിൽ അധികാരത്തിൽ വരികയും ചെയ്താൽ, അല്ലെങ്കിൽ ഒരു പ്രതിബിംബത്തെ കേന്ദ്രമാക്കി മനഃസ്ഥിതിയെ ഏകീകരിച്ചാൽ ബലപ്രയോഗമില്ലാതെ തങ്ങളുടെ പ്രവൃത്തികൾക്കു് നീതീകരണം തേടാം.

സ്റ്റെയ്റ്റിന്റെ പരിധി ഒരു ഭൂപ്രദേശമാണെന്നും അതിനെ കാക്കുകയെന്ന നീതീകരണമാണു് സ്റ്റെയ്റ്റിൽ ആയുധശക്തിക്കുള്ളതെന്നും മുമ്പു് പറഞ്ഞു. പക്ഷേ, ജനത്തിന്റെ ഭൂമിക ഇതിലെന്താണു്? വാസ്തവത്തിൽ ഈ നീതീകരണം ജനായത്തഭരണക്രമത്തിനു് മുമ്പു് രാജഭരണത്തിലുണ്ടായിരുന്നിട്ടുണ്ടു്. ബലപ്രയോഗത്തിനുള്ള ആധുനിക സ്റ്റെയ്റ്റിന്റെ നീതീകരണം ദേശത്തിൽ നിന്നാണു് വരുന്നതു്. ഒരു ജനത തങ്ങളുടെ ആവാസസ്ഥലമായി ഒരു ഭൂപ്രദേശത്തെ സ്വീകരിക്കുന്നതിലൂടെയാണു് ദേശം എന്ന സംകല്പം വരുന്നതു്. വാസ്തവത്തിൽ ജനതതന്നെ പര്യാപ്തമാണു്. ഒരു ഭൂപ്രദേശത്തിന്റെ അഭാവത്തിലും ഒരു ജനത ദേശമായിത്തീരാവുന്നതാണു്. ഒരു ഭൂപ്രദേശത്തിൻമേൽ ഒരു ജനതയുടെ അവകാശവാദമെന്ന നിലയ്ക്കു് ദേശം ഒരു മനഃസ്ഥിതിയാണു്. അവകാശവാദത്തിനു് അവശ്യം വേണ്ട ഐക്യം അതു് ഏകുന്നു. അത്തരം ഒരു മനഃസ്ഥിതി ഭരണകാര്യകർതൃത്വത്തെ സ്വയം ഏൽക്കുമ്പോൾ, പരാധീനമല്ലാതെ സ്വയം ഒരു സ്റ്റെയ്റ്റായി സംസ്ഥാപിക്കുമ്പോഴാണു് ദേശരാഷ്ട്രങ്ങൾ ഉണ്ടാകുന്നതു്.

മിക്ക ആധുനിക സ്റ്റെയ്റ്റുകളും ഈ അർത്ഥത്തിൽ ദേശരാഷ്ട്രങ്ങളാണു്. ഭൂപ്രദേശത്തിന്മേലുള്ള നിയന്ത്രണം, ബലപ്രയോഗം എന്നിവയെ നീതീകരിക്കുന്നതു് ഒരു ഭരണകൂടം ജനതയ്ക്കുവേണ്ടി നിലകൊള്ളുന്നു എന്ന അർത്ഥത്തിലാണു്. ആ ജനത്തിന്റെ തന്മ മനഃസ്ഥിതിപരമായി ഏകീകരിക്കപ്പെട്ടിരിക്കുന്നു. ഒരു ജനായത്തഭരണക്രമത്തിൽ, ജനം തെരഞ്ഞെടുത്ത ഗവൺമെന്റ് ആ ജനത്തിനുമേൽ തന്നെ ബലപ്രയോഗം ചെയ്യുന്നതു് വിചിത്രവും പരസ്പരവിരുദ്ധവുമാണെന്നു് കരുതപ്പെടുന്നു. തങ്ങൾ ചെയ്യുന്ന പ്രവൃത്തികൾക്കു് നീതീകരണത്തിനായി ഗവൺമെന്റിനു് നോക്കേണ്ടതു് ജനങ്ങളുടെ നേരെതന്നെയാണു്. ജനതയുടെ മനഃസ്ഥിതി ഏകീകരിക്കുകയും ആ മനഃസ്ഥിതിയുടെ പേരിൽ അധികാരത്തിൽ വരികയും ചെയ്താൽ, അല്ലെങ്കിൽ ഒരു പ്രതിബിംബത്തെ കേന്ദ്രമാക്കി മനഃസ്ഥിതിയെ ഏകീകരിച്ചാൽ ബലപ്രയോഗമില്ലാതെ തങ്ങളുടെ പ്രവൃത്തികൾക്കു് നീതീകരണം തേടാം. ഇതു് ഞങ്ങളുടെ ഗവൺമെൻറാണു് എന്നു് ജനത്തിനു് പറയാവുന്ന അന്തരീക്ഷം സൃഷ്ടിക്കുകയും ആ ജനതയ്ക്കു വേണ്ടിയാണു് തങ്ങൾ ഭരിക്കുന്നതു് എന്നും ഗവൺമെന്റ് ബോധ്യപ്പെടുത്തുകയും ചെയ്താൽ പ്രതിരോധം ഉണ്ടാവുകയില്ല.

അതായതു് ഇപ്പോൾ ഗവൺമെന്റിനു് കോർപ്പറേറ്റ് പദ്ധതികൾ പ്രതിരോധമില്ലാതെ നടപ്പാക്കാം. സാമ്പത്തിക മണ്ഡലത്തിൽ നിന്നുള്ള ആഗോളസമ്മർദ്ദം ഗവൺമെന്റിനു് പ്രശ്നമാവുകയില്ല. ജനങ്ങൾക്കു് യഥാർത്ഥത്തിൽ വേണ്ടതു് ഒന്നും, ഗവൺമെന്റ് ചെയ്തുകൊടുക്കുന്നതു് മറ്റൊന്നും എന്ന വൈരുദ്ധ്യത്തിൻമേൽ, അതു തിരിച്ചറിയാത്തവണ്ണം, മനഃസ്ഥിതിയുടെ ആവരണം അപ്പോൾ വീണിരിക്കും. ഇപ്പറഞ്ഞതിനു് ഒരു അടിക്കുറിപ്പും ആവശ്യമാണു്: എന്നിട്ടും പ്രതിരോധമുണ്ടായാൽ അടിച്ചമർത്താം. ഏറ്റവും ലളിതമായ ഒരു അടിമവ്യവസ്ഥയെ വിഭാവനം ചെയ്യുക. ഒരാൾ ഉടമയും മറ്റെയാൾ അടിമയും ആണു്. ഞാൻ ഉടമയാണെന്നതും മറ്റേ ആൾ അടിമയാണെന്നതും മനഃസ്ഥിതിയാണു്. ഈ മനഃസ്ഥിതി ഇതരരിൽ എനിക്കു് ഉണ്ടാക്കേണ്ടതുണ്ടു്, മറ്റൊരാളെ അനുസരിപ്പിക്കാൻ. അനുസരിപ്പിക്കുന്നതു് അടിമത്തത്തിനു് വേണ്ടിയല്ല. എനിക്കു് ഇതരരെക്കൊണ്ടു് കുറെക്കാര്യങ്ങൾ ചെയ്യിപ്പിക്കാനാണു്. ഇങ്ങനെ അവരെക്കൊണ്ടു് ചെയ്യിക്കാൻ എനിക്കു് അവരുടെ മേൽ ശക്തിയുണ്ടായിരിക്കേണ്ടതുണ്ടു്. ഈ ശക്തിപ്രയോഗത്തിനു് നീതീകരണം തരുന്നതു് അവരും ഞാനും അടിമത്തം എന്ന സ്ഥാപനത്തിന്റെ ഭാഗങ്ങളാണു് എന്നതാണു്. അവിടെ അവർക്കു് ചോദ്യം ചെയ്യാൻ അവകാശമില്ല. അങ്ങനെ എന്റെ പ്രവർത്തനങ്ങളുടെ നീതീകരണമായി അടിമവ്യവസ്ഥ നിൽക്കുന്നു. അതു് മനഃസ്ഥിതിക്കപ്പുറമൊന്നും അല്ല. പക്ഷേ, അവർ പ്രതിരോധിക്കുകയാണെങ്കിലോ? മനഃസ്ഥിതിപരമായ അവരുടെ സമ്മതി ലഭ്യമല്ലെങ്കിലോ? അവരെ ഞാൻ മർദ്ദിക്കുന്നു. ബലം പ്രയോഗിച്ചു് അവരെക്കൊണ്ടു് പണിയെടുപ്പിക്കുന്നു. പ്രതിരോധം ഉണ്ടാകുമ്പോൾ, ഉടമ ഇവിടെ ചെയ്തതുപോലെ സ്റ്റെയ്റ്റിൽ അന്തർഭൂതമായ മൃഗീയശക്തി എപ്പോഴും പുറത്തുവരാം. അപ്പോൾ ജനം വേറെ, സ്റ്റെയ്റ്റ് വേറെയെന്ന സത്യം തെളിഞ്ഞുവരും.

വളരെ ഭൗതികമായ അർത്ഥത്തിലുള്ള ഭൂപ്രദേശാതിർത്തിക്കു് ഭീഷണിയില്ലെങ്കിൽ സ്റ്റെയ്റ്റ് നവോദാരപരിഷ്കരണങ്ങളെ സ്വാഗതം ചെയ്യും. നാം പരിശോധിക്കാത്ത ഒരു വസ്തുത ഇന്നത്തെ നവോദാരപരമായ ആഗോളവൽക്കരണം ലോകരാഷ്ട്രങ്ങളുടെ-ഭരണകൂടങ്ങളുടെ-അനുമതിയോടെയും പിന്തുണയോടെയും ഉണ്ടായതെന്നതാണു്.

സ്റ്റെയ്റ്റിന്റെ ആധാരികമായ സ്രോതസ്സുകളിൽ ഒന്നു ഭൂപ്രദേശമാണെന്നു് നാം കണ്ടു. ഇന്നു ആ ഭൂപ്രദേശത്തിന്റെ അതിർത്തികൾ ഒരു പ്രത്യേകഅർത്ഥത്തിൽ മായ്ക്കപ്പെടുന്നതായി പറയപ്പെടുന്നു. അതായതു്, അതിർത്ത്യതിഗമനം നടക്കുന്നു. ചരക്കുകളുടെ, സാംസ്കാരികവസ്തുക്കളുടെ, ആശയങ്ങളുടെ, അധ്വാനത്തിന്റെ, മൂലധനത്തിന്റെ, സേവനങ്ങളുടെ, മൂല്യങ്ങളുടെ നീക്കം അതിർത്തി കടന്നു സംഭവിക്കുന്നു. ചില അന്താരാഷ്ട്രകരാറുകൾ ഇത്തരം ഇനങ്ങൾക്കു് ഭൂപ്രദേശാതിർത്തി കടക്കാനുള്ള ചില തടസ്സങ്ങൾ നീക്കിയെന്നതാണു് യഥാർത്ഥത്തിൽ സംഭവിച്ചതു്. പ്രധാനമായി, മൂലധനത്തിന്റെയും അധ്വാനത്തിന്റെയും സേവനങ്ങളുടെയും, ഭൂപ്രദേശങ്ങൾ മറികടന്നുകൊണ്ടുള്ള, ചലനാത്മകതയാണു് ആഗോളതയായി നാം കണക്കാക്കുന്നതു്. പക്ഷേ, ഇതെത്രത്തോളം ശരിയാണു്? ഭൂപ്രദേശം ആരും വിട്ടുകൊടുക്കുന്നില്ല; പല്ലും നഖവും ഉപയോഗിച്ചു് രാഷ്ട്രങ്ങൾ അതു സൂക്ഷിക്കുന്നു. ഭൂപ്രദേശം നിലനിർത്താൻ കഴിയുമെങ്കിൽ മറ്റുള്ള ഭൂപ്രദേശങ്ങളിലേയ്ക്കു് അതിക്രമിച്ചു കയറാനുമുള്ള ത്വരകൾ മനുഷ്യർ കൈവെടിഞ്ഞിട്ടുണ്ടോ എന്നു് സംശയമാണു്. മനുഷ്യരുടെ വയറിങ്ങിൽത്തന്നെ ഒരുപക്ഷേ, അതുണ്ടാകാം.

ആഗോളത സ്റ്റെയ്റ്റിനെ ദുർബലമാക്കിയെന്ന ഒരു വാദമുണ്ടു്. സ്റ്റെയ്റ്റിന്റെ ആധാരികശക്തിയെ അതു് ഒട്ടും ബാധിച്ചിട്ടില്ല എന്നതാണു് സത്യം. ജനവും ഗവൺമെൻറും (ഭരണകൂടം, രാഷ്ട്രം) തമ്മിൽ മനഃസ്ഥിതിപരമായി സ്ഥാപിക്കപ്പെട്ട ബന്ധം വേർപ്പെട്ടാൽ ഗവൺമെന്റിനു സ്വേച്ഛാപരമാകാൻ തടസ്സമില്ല. അങ്ങനെവന്നാൽ ആഗോളത അതിന്നു ഭീഷണമല്ലെന്നു മാത്രമല്ല, ഇന്നുകാണുന്ന അതിർത്ത്യതിഗമനം അതു് സ്വമേധയാ അംഗീകരിക്കും. വളരെ ഭൗതികമായ അർത്ഥത്തിലുള്ള ഭൂപ്രദേശാതിർത്തിക്കു് ഭീഷണിയില്ലെങ്കിൽ സ്റ്റെയ്റ്റ് നവോദാരപരിഷ്കരണങ്ങളെ സ്വാഗതം ചെയ്യും. നാം പരിശോധിക്കാത്ത ഒരു വസ്തുത ഇന്നത്തെ നവോദാരപരമായ ആഗോളവൽക്കരണം ലോകരാഷ്ട്രങ്ങളുടെ-ഭരണകൂടങ്ങളുടെ-അനുമതിയോടെയും പിന്തുണയോടെയും ഉണ്ടായതെന്നതാണു്.

വാസ്തവത്തിൽ, സ്റ്റെയ്റ്റിന്റെ ശക്തി മുമ്പത്തേതിനേക്കാൾ വർദ്ധിക്കുകയാണു് ചെയ്തതു്. നമ്മുടെ പ്രതിരോധങ്ങളെ എടുത്തു പുറത്തെറിയാനുള്ള ശക്തി ഇന്നു് ഗവൺമെന്റുകൾ ആർജ്ജിച്ചിരിക്കുന്നു. അമേരിക്കയിൽ ഈയിടെ സ്ഥിരമായ അദ്ധ്വാനസ്ഥാനമാറ്റം (permanent replacement of labour) ആവിഷ്ക്കരിക്കപ്പെട്ടപ്പോൾ അതു് അന്തർദേശീയമായി അംഗീകരിക്കപ്പെട്ട നിയമങ്ങൾക്കെതിരാണെന്നു ഏവർക്കും അറിയാമായിരുന്നു. എന്നാൽ, ചിലകാര്യങ്ങളെ സംബന്ധിച്ചിടത്തോളം നിയമം പ്രാബല്യത്തിൽ വരുത്തേണ്ടതില്ലെന്നു ഗവൺമെന്റ് തീരുമാനിച്ചു. ഒരു നിയമം സാധുവായി നിൽക്കുന്ന സാഹചര്യത്തിലാണു് ഈ തീരുമാനം എന്നു ഓർക്കണം. തൊഴിലാളികളെ നിയമാനുസൃതമല്ലാതെ സ്ഥാനമാറ്റം ചെയ്യരുതു്, പിരിച്ചുവിടരുതു്. കുറേക്കാലം ഒരു പ്രത്യേക തൊഴിലിൽ ഏർപ്പെട്ടുകൊണ്ടിരുന്ന ആളുകളെ മാറ്റിയിട്ടു് വേറെയാളുകളെ തൽക്കാലവേതനം നൽകി ആ ജോലി ചെയ്യിപ്പിക്കരുതു് എന്നു് അനുശാസിക്കുന്ന നിയമമാണതു്. ഈ നിയമം പ്രാബല്യത്തിൽ വരുത്തേണ്ടതില്ലെന്നു് ഗവൺമെൻറ്തീരുമാനിക്കുമ്പോൾ കോടതി ഗവൺമെന്റിനങ്ങനെ ചെയ്യാം എന്നു് വിധിക്കുമ്പോൾ ഗവൺമെന്റ്, കോടതി എന്നിവ എല്ലാകാലത്തേക്കാളും ശക്തമാവുകയല്ലേ ചെയ്യുന്നതു?

പെന്റഗണും നാഷണൽ സയൻസ് ഫൗണ്ടേഷനുമാണു് അന്നത്തെ മിക്കവാറും എല്ലാ പ്രധാനപ്പെട്ട സോഫ്റ്റ്വെയറും വികസിപ്പിച്ചിരുന്നതു്. ഈ രംഗത്തെ ഏറ്റവും അടിസ്ഥാനപരമായ അറിവും സാംകേതികവിദ്യയും ഹാർഡ്വെയറും വികസിപ്പിച്ചതു് അമേരിക്കൻ ഭരണകൂടത്തിന്റെ സൈനികകേന്ദ്രമാണു്, യുദ്ധാവശ്യത്തിനുവേണ്ടി.

മൈക്രോസോഫ്റ്റ് പോലെയുള്ള വിവരസാംകേതികവിദ്യയിലെ രാക്ഷസശക്തികൾ, സംരംഭകർ, വ്യാപാരരംഗത്തേക്കു് വരുന്നതിനു് മുമ്പു് ആരായിരുന്നു ആ മേഖലയിൽ പ്രവർത്തിച്ചിരുന്നതു്. അമേരിക്കൻസ്റ്റെയ്റ്റാണു് അതു് ചെയ്തിരുന്നതു്. പെന്റഗണും നാഷണൽ സയൻസ് ഫൗണ്ടേഷനുമാണു് അന്നത്തെ മിക്കവാറും എല്ലാ പ്രധാനപ്പെട്ട സോഫ്റ്റ്വെയറും വികസിപ്പിച്ചിരുന്നതു്. ഈ രംഗത്തെ ഏറ്റവും അടിസ്ഥാനപരമായ അറിവും സാംകേതികവിദ്യയും ഹാർഡ്വെയറും വികസിപ്പിച്ചതു് അമേരിക്കൻ ഭരണകൂടത്തിന്റെ സൈനികകേന്ദ്രമാണു്, യുദ്ധാവശ്യത്തിനുവേണ്ടി. ഓർമ്മ ശരിയാണെങ്കിൽ 1995-നു ശേഷമാണു്, അതു് വ്യവസായലോകത്തിനു തുറന്നുകൊടുത്തതു്. അതായതു് വിവരസാംകേതികവിദ്യ ഒരു സ്വതന്ത്രവ്യാപാര വിഷയമായി വരുന്നതു് ഭരണകൂടത്തിന്റെ അനുഗ്രഹാശിസ്സുകളോടുകൂടിയാണു്. രാജ്യത്തിന്റെ പൊതു സ്വത്തു് വികസനത്തിന്റെ പേരിൽ സ്വകാര്യകരങ്ങളിൽ ഏൽപിക്കുകയെന്നതു് ആധുനികരാഷ്ട്രങ്ങളിൽ സാധാരണമായിത്തീർന്നിരിക്കുന്നു. സമ്പദ്വ്യവസ്ഥയെ ഉജ്ജീവിപ്പിക്കാൻ പൊതുമേഖലയിൽനിന്നു സാമ്പത്തികപ്രവർത്തനം സ്വകാര്യമേഖലയിലേക്കു് മാറ്റണം എന്ന സിദ്ധാന്തത്തിൽ നിന്നായിരിക്കാം ഈ നടപടികൾ ഉണ്ടാവുന്നതു്. പറയാനുദ്ദേശിച്ചതു്, തുറന്നുകൊടുക്കലും നവോദാരതയും നിയന്ത്രണം നീക്കലും ഗവൺമെന്റുകളുടെ രക്ഷാകർതൃത്വത്തിനു് കീഴെ സംഭവിച്ചതാണു് എന്നാണു്.

കേരളത്തിലെ സാമൂഹികജീവിതത്തിൽ സംഭവിക്കുന്ന മാറ്റങ്ങൾ എന്നതു് കാര്യമായി ഇവിടെ സ്പർശിച്ചിട്ടില്ല. വളരെ വിശാലമായൊരു ചട്ടക്കൂടിന്റെ അകത്തു് ആ പഠനത്തെ ഉൾപ്പെടുത്തുകമാത്രമാണു് ചെയ്തതു്. വിശദാംശങ്ങളിലേക്കു് പോയിട്ടില്ല. സാധ്യതകൾ ആരായുന്നതിനു് ആദ്യം വേണ്ടതു് എന്താണു് യഥാർത്ഥപ്രശ്നം എന്നതു് തിരിച്ചറിയലാണു്. കാരണം, ഒരു അപഗ്രഥനത്തിന്റെ ആവശ്യം വരുന്നതു്, ഇങ്ങനെയൊരു ചട്ടക്കൂടിന്റെ ആവശ്യം വരുന്നതു്, നമ്മൾ എന്തു് തിരിച്ചറിവിൽനിന്നാണു് പഠനം നടത്തേണ്ടതു് എന്നു് ചോദിക്കുമ്പോഴാണു്. ഇതു് സ്വീകാര്യമാകണമെന്നില്ല. ഒരു നിർദ്ദേശം വെയ്ക്കുകമാത്രമാണു്. ഇതിൽ സൂചിപ്പിച്ച രീതിയിൽ ആണു് കാര്യമെങ്കിൽ രാഷ്ട്രീയപ്രവർത്തനത്തിന്റെ ഒരു പ്രധാന ഇടം മനഃസ്ഥിതിയായിരിക്കും. രണ്ടാമതു്, രാഷ്ട്രീയത്തിന്റെ സാന്നിദ്ധ്യം തിരിച്ചറിയലാണു് ആധാരികമായ രാഷ്ട്രീയമെന്നു് മുമ്പു് സൂചിപ്പിച്ചതു്.

(14-12-2002-നു് അങ്കമാലി ഹരിതമൈത്രി വാർഷികയോഗത്തിൽ ചെയ്ത പ്രഭാഷണത്തിൽ നിന്നു്)

നിസാർ അഹമ്മദ്
images/nisar.jpg

നിരവധി ലേഖനങ്ങള്‍, പേര് വെയ്ക്കാത്ത ഗ്രന്ഥങ്ങള്‍, പ്രഭാഷണങ്ങൾ… ഇവയിലൂടെ പ്രസരിച്ച അദ്ദേഹത്തിന്റെ ചിന്തകൾ ഇന്നത്തെ ബൗദ്ധിക ലോകത്തു്, പ്രത്യേകിച്ചും കേരളത്തിന്റെ, വ്യക്തതയുടെ വെളിച്ചമായി നിലനില്ക്കുന്നു.

Colophon

Title: Marunna Samoohika Jeevitham Marenda Kazhchapadukal (ml: മാറുന്ന സാമൂഹിക ജീവിതം മാറേണ്ട കാഴ്ചപ്പാടുകൾ).

Author(s): Nisar Ahamed.

First publication details: Sayahna Foundation; Trivandrum, Kerala; 2020-11-28.

Deafult language: ml, Malayalam.

Keywords: Article, Nisar Ahamed, Marunna Samoohika Jeevitham Marenda Kazhchapadukal, നിസ്സാർ അഹമ്മദ്, മാറുന്ന സാമൂഹിക ജീവിതം മാറേണ്ട കാഴ്ചപ്പാടുകൾ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 21, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Symbol of Secular Humanism., a painting by Humayun . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.