images/The_Thinker_Rodin.jpg
The Thinker by Rodin located at the Musée Rodin in Paris, a photograph by AndrewHorne .
ബുദ്ധിജീവികൾക്കു് എന്തു സംഭവിച്ചു?
നിസ്സാർ അഹമ്മദ്
images/nissar-bujee-01.png

ആധുനിക പൗരസമൂഹങ്ങളിൽ ജാതി-മത-വർഗ്ഗ ഭേദമെന്യേ പൗരജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ടു് ഉയർന്നുവന്ന ഒരു പൊതുമണ്ഡലത്തിലാണു് ബുദ്ധിജീവി എന്നു കേരളീയർ വിളിക്കുന്ന സംവർഗത്തിന്റെ പ്രഭവസ്ഥാനം. വളരെയേറെ വിശേഷണങ്ങളോടെ കഴിഞ്ഞ നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിലും ഈ നൂറ്റാണ്ടിന്റെ തുടക്കത്തിലുമായി പൊതുമണ്ഡലങ്ങൾ പലതും കേരളത്തിലും ഉയർന്നുവന്നതായി നാം കാണുന്നു. ഏതെങ്കിലും ജാതിയിലെയോ മതത്തിലെയോ സാമൂഹിക-സാമ്പത്തിക വർഗ്ഗത്തിലെയോ ലിംഗവിഭാഗങ്ങളിലെയോ അംഗങ്ങളെയല്ല ഈ പൊതുമണ്ഡലങ്ങൾ അഭിസംബോധന ചെയ്യുന്നതു്. അതിനൊരു വിശ്വസ്വഭാവമുണ്ടു്. മനുഷ്യരാവുക. ഒരേ പൗരസമൂഹത്തിൽ അംഗമാവുക, ഒരേ ഭാഷ സംസാരിക്കുക എന്നിങ്ങനെ ചില മുൻവ്യവസ്ഥകൾ മാത്രമേ അതു വയ്ക്കുന്നുള്ളൂ. ഈ പൊതുമണ്ഡലത്തിന്റെ നിയമങ്ങളാണു് ബുദ്ധിജീവിയും നിർവ്വചനപ്രകാരം അനുസരിക്കുന്നതു്. അയാളെ ചരിത്രവുമായി ബന്ധിപ്പിക്കുന്ന ഒരേ ഒരു കണ്ണി ഭാഷയാണു്. അച്ഛനമ്മമാരെയോ മന്ത്രിയെയോ നീതിപതിയെയോ അദ്ധ്യാപകരെയോ ഉണ്ടാക്കുന്നതുപോലെ ബുദ്ധിജീവിയെ ഉണ്ടാക്കുന്ന ഒരു സാമൂഹികസ്ഥാപനം അല്ലെങ്കിൽ പ്രയോഗം ഇല്ല. അതുകൊണ്ടു് ബുദ്ധിജീവിയെന്നതു് ഒരു വ്യക്തി അയാളുടെ സ്വച്ഛന്ദമായ തെരഞ്ഞെടുപ്പിലൂടെ എത്തിച്ചേരുന്ന ഒരു സ്ഥാനമാണു്. ഒരു ജാതിയുടെയോ മതത്തിന്റെയോ സാമൂഹിക-സാമ്പത്തിക വിഭാഗത്തിന്റെയോ ലിംഗവിഭാഗത്തിന്റെയോ പ്രതിനിധിയായിട്ടല്ല അയാൾ ഈ സ്ഥാനത്തു് എത്തിച്ചേരുന്നതു് എന്നതിനാൽ അയാൾ ചരിത്രത്തെ ഒറ്റയ്ക്കാണു് എതിരിടുന്നതു്. അതുകൊണ്ടു് ബുദ്ധിജീവികൾ സാമാന്യേന സ്വയം മനുഷ്യവർഗ്ഗത്തിന്റെ പ്രതിനിധിയായി കാണുന്നു. ആരുടെ ചേരിയിൽ എന്ന ചോദ്യത്തിനു് എം.ഗോവിന്ദൻ കൊടുത്ത പ്രസിദ്ധമായ മറുപടി ബുദ്ധിജീവിയുടെ നിലപാടിന്റെ ഒരു മാതൃകയാണു്. ഒരു അമ്മയോ, ഭാര്യയോ, അഭിഭാഷകയോ, അധ്യാപികയോ, പത്രപ്രവർത്തകയോ, ചുമട്ടുതൊഴിലാളിയോ ആയിരുന്നുകൊണ്ടുതന്നെ ഒരാൾക്കു് ബുദ്ധിജീവിയാവാൻ അവസരവും സ്വാതന്ത്ര്യവും നൽകുന്ന ഒരു ഘടനയാണു് പൗരസമൂഹത്തിന്റേതു് എന്നു് പറയപ്പെടുന്നു. എന്നാൽ പൗരസമൂഹത്തെ ഒരു ബോധവിഷയമായി നിലനിർത്തുകയും പുനരുത്പാദിപ്പിക്കുകയും ചെയ്യുന്ന ആശയവിനിമയോപാധികൾ സ്വായത്തമാക്കുന്ന വിഭാഗങ്ങളിൽ നിന്നാണു് ബുദ്ധിജീവികൾ ഉണ്ടാവാൻ സാദ്ധ്യത. ഈ ആശയവിനിമയോപാധികളിൽ മുഖ്യം ഭാഷയായതുകൊണ്ടു് അതിൽ വിശിഷ്ടമായ ശിക്ഷണം നേടിയ വിഭാഗങ്ങൾ ബുദ്ധിജീവിപദത്തിലെത്തിച്ചേരാൻ കൂടുതൽ മൂലധനം ഉള്ളവരാണു്. അതുകൊണ്ടു് സാംസ്കാരികമായ അസമത്വവും ബുദ്ധിജീവികളെ സൃഷ്ടിക്കുന്നതിനുള്ള ഒരു അവശ്യനിലയാണു്. പൗരസമൂഹത്തിന്റെ ഘടന, വിവാദങ്ങളെയും സംവാദങ്ങളെയും അനുവദിക്കുന്നുവെന്നാണു് വയ്പ്പു്. അതേസമയം അത്തരം വിവാദങ്ങളിലേക്കു് കക്ഷികളായി കടന്നുവരാനുള്ള യോഗ്യതയും അർഹതയും എല്ലാ പൗരന്മാർക്കും അതു നൽകുന്നില്ല. ഈ സാംസ്കാരിക മൂലധനം സ്വായത്തമാക്കാൻ സാദ്ധ്യതയുള്ള മധ്യവർഗ്ഗത്തിൽ നിന്നാണു് അതുകൊണ്ടു് ബുദ്ധിജീവികൾ ഉണ്ടാകുന്നതു്.

മധ്യവർഗ്ഗത്തിൽ നിന്നുതന്നെ ബുദ്ധിജീവികൾ ഉണ്ടാവും എന്നതു് അനിവാര്യമല്ല. മധ്യവർഗ്ഗത്തിൽപ്പെടുന്നതുകൊണ്ടു് ഒരാൾ ബുദ്ധിജീവിയാകണമെന്നില്ല. അധ്യാപകർ മുതൽ അഭിഭാഷകർ വരെയുള്ള ഔദ്യോഗിക വിഭാഗങ്ങൾ ബൗദ്ധികവർഗ്ഗമാണു്. അതോടൊപ്പം മധ്യവർഗ്ഗത്തിന്റെ പ്രാതിനിധ്യസ്വഭാവമുള്ള വിഭാഗങ്ങളും. അതുപോലെ രാഷ്ട്രീയനേതാക്കളും എഴുത്തുകാരും ബൗദ്ധികവർഗ്ഗമാണു്. എന്നാൽ ആധുനികതയുടേയും അതിലൂടെ രൂപപ്പെട്ട പൗരസമൂഹസംകല്പത്തിന്റെയും തത്ത്വങ്ങൾ വച്ചു നോക്കിയാൽ ഒരു ബുദ്ധിജീവിക്കു് ബൗദ്ധികവർഗ്ഗത്തിലെ അംഗത്വത്തെക്കാൾ കൂടിയ ചില ഗുണങ്ങൾ ഉണ്ടാവേണ്ടിയിരിക്കുന്നു. സ്വന്തം പ്രവർത്തനമേഖലയ്ക്കു പുറത്തു് തന്റെ ധിഷണാപരമായ താത്പര്യത്തെ വ്യാപിപ്പിക്കുകയും ഭൗതികമായ ലാഭേച്ഛയ്ക്കു് പകരം ധാർമ്മികമായ പ്രതിജ്ഞാബദ്ധതയും സാമൂഹികമായ ഉത്തരവാദിത്തവും സ്വന്തം പ്രവർത്തനങ്ങളുടെ പ്രേരകമായിട്ടെടുക്കുകയും ചെയ്യുന്ന വ്യക്തിയാണു് ബുദ്ധിജീവി. ഈ അർത്ഥത്തിൽ നോക്കിയാൽ ഔദ്യോഗികമായ സമർപ്പണബുദ്ധി കാണിക്കുന്നതുകൊണ്ടോ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഭാഗമായി വർത്തിക്കുന്നതുകൊണ്ടോ മാത്രം ഒരാൾ ബുദ്ധിജീവിയാവുന്നില്ല. ബൗദ്ധികമായ പ്രവർത്തനം ഉപജീവനമാർഗ്ഗമായി സ്വീകരിച്ചവരാണു് ഔദ്യോഗിക ബൗദ്ധികവർഗ്ഗം. പാർട്ടിയുടെ ചട്ടങ്ങൾക്കും താത്പര്യങ്ങൾക്കും സ്വന്തം പ്രവർത്തനങ്ങളെ നിയന്ത്രിക്കാൻ വിട്ടുകൊടുക്കുന്നവരാണു് രാഷ്ട്രീയ പ്രവർത്തകർ. സാഹിത്യരചനയിലേർപ്പെടുന്നവരുടെ പ്രവർത്തനമേഖലയാകട്ടെ സാഹിത്യരൂപത്തോടുള്ള സൃഷ്ടിപരമായ സമർപ്പണത്താൽ സ്വാഭാവികമായി സംകുചിതമാണു്. ഒരാളെ ബുദ്ധിജീവിയായി തിരിച്ചറിയാൻ അയാളുടെ പ്രവർത്തനമേഖല ഒരു സൂചകമായിട്ടെടുത്തുകൂടാ എന്നു് ഇതുകൊണ്ടു് വ്യക്തമാണു്. എന്നാൽ ഒരാളെ ബുദ്ധിജീവിയായി അടയാളപ്പെടുത്തുന്ന കീഴ്‌വഴക്കങ്ങൾ ഒരു സമൂഹത്തിൽ നിലവിലുണ്ടാകും. ചില സാമൂഹികമായ കീഴ്‌വഴക്കങ്ങളെ ബൗദ്ധികമായ ന്യായീകരണങ്ങളോടെ, ലംഘിച്ചു ജീവിക്കുന്ന വ്യക്തികളെ ഇപ്രകാരം ബുദ്ധിജീവിയായി അടയാളപ്പെടുത്താറുണ്ടു്. അത്തരത്തിലുള്ള ഒരു വ്യക്തി സമൂഹത്തിൽ നിർവ്വഹിക്കുന്ന ധർമ്മത്തെ സംബന്ധിച്ചിടത്തോളം വളരെ അവ്യക്തത നിലനിൽക്കുന്നു.

images/nissar-bujee-02.png

ബുദ്ധിജീവികളായി വ്യക്തികളെ അടയാളപ്പെടുത്തുന്ന മുഖ്യ സന്ദർഭം മാധ്യമങ്ങളിൽ കടന്നുവരുന്ന അവരുടെ പ്രതിബിംബങ്ങളുമായി ബന്ധപ്പെട്ടതാണു്. മാധ്യമങ്ങൾ ഇന്നയിന്നയാളുകൾ ബുദ്ധിജീവികളാണെന്നു് അടയാളപ്പെടുത്തുന്നതിലൂടെ ബുദ്ധിജീവികളായി തിരിച്ചറിയപ്പെടുന്നവരാണു് ആ പേരിലറിയപ്പെടുന്ന മിക്കവരും. മാധ്യമങ്ങളിലൂടെ ആശയപ്രകാശനം നടത്തുന്ന ഒരാൾ സ്വാഭാവികമായി ഈ പദവിയിലേയ്ക്കു് എത്തിച്ചേരണമെന്നില്ല. അതിനു്, പത്ര-മാസികകളും (ഇപ്പോൾ) ഇലക്ട്രോണിക് മാധ്യമങ്ങളും അങ്ങനെത്തന്നെ അവരെ അടയാളപ്പെടുത്തിയിരിക്കണം. ഇപ്രകാരം നമ്മുടെ ബുദ്ധിജീവികളിൽ ഒരു വലിയ വിഭാഗം മാധ്യമങ്ങളുടെ ഉത്പന്നങ്ങളാണു്. മാധ്യമബുദ്ധിയാണു് ഫലത്തിൽ അവരുടെ ഉത്പാദകർ. വില്പനയുടെ നിരവധി തന്ത്രങ്ങളിൽ ഒന്നായി ഈ ഉത്പാദനത്തെ വിശേഷിപ്പിക്കാവുന്നതാണു്. തങ്ങൾക്കു് ഹിതകരമായ വിഷയങ്ങളെയും തങ്ങൾക്കു് നിയന്ത്രിക്കാവുന്ന ബുദ്ധിജീവിബിംബങ്ങളെയും ജനമധ്യത്തിലേക്കു് പ്രക്ഷേപിക്കാനും അഭിപ്രായസ്വരൂപണം നടത്താനും പത്രങ്ങളും ടെലിവിഷനും പോലുള്ള മീഡിയ ആർജ്ജിക്കുന്ന ശേഷിയെ മീഡിയയുടെ ഭരണം അഥവാ മീഡിയോക്രസി എന്നു വിളിക്കാം. മീഡിയോക്രിറ്റി എന്ന ഇംഗ്ലീഷ് വാക്കുമായുള്ള ഇതിന്റെ സാദൃശ്യം കൂടി കണക്കിലെടുത്തുകൊണ്ടാണു് ഈ വാക്കു് പ്രയോഗിക്കുന്നതു്. മാധ്യമോത്പന്നമായ ബുദ്ധിജീവി അതുകൊണ്ടു് സാധാരണത്വത്തിന്റെ പകർപ്പുകളാണു്. മീഡിയയുടെ അലങ്കാരങ്ങൾ അണിഞ്ഞ് നടത്തുന്ന പ്രകടനങ്ങളാണു് അവർ സാധാരണക്കാരിൽ നിന്നു് വ്യത്യസ്തരാണെന്ന പ്രതീതി ജനിപ്പിക്കുന്നതു്.

‘മാധ്യമങ്ങളുടെ ഉത്പന്നമാണു് ബുദ്ധിജീവി’ എന്ന ആശയം പ്രസക്തമാക്കുന്ന മറ്റൊരു സന്ദർഭം എന്തുതരം പ്രാഗല്ഭ്യമാണ്—ശേഷിയാണ്—ഒരു വ്യക്തിയെ ബുദ്ധിജീവിയാക്കുന്നതു് എന്ന ചോദ്യവുമായി ബന്ധപ്പെട്ടതാകുന്നു. ബുദ്ധിജീവിക്കു് ഒരു പ്രത്യേക തരം പ്രാഗല്ഭ്യം അനിവാര്യമാണു് എന്നതു് സത്യമാണു്. ഏതെങ്കിലും ബൗദ്ധികമേഖലയിലുള്ള ശിക്ഷണം അയാൾക്കു് അത്യാവശ്യമായും ഉണ്ടായിരിക്കണം. എന്നാൽ ഏതെങ്കിലും മേഖലയിലുള്ള തന്റെ ധിഷണാപരമായ ശിക്ഷണം കാര്യകാരണവിവേചനത്തോടെ മറ്റു മേഖലയിൽ വ്യാപിപ്പിക്കാനുള്ള കഴിവും (പ്രേരണയും) അയാളെ സംബന്ധിച്ചിടത്തോളം ഒഴിച്ചുകൂടാനാവാത്ത ഗുണമാണു്. ഈ ഗുണങ്ങളിൽ അല്പം സാംകേതികത്വം അന്തർഭവിച്ചിട്ടുണ്ടെന്നതു് ശരിയാണു്. അതുകൊണ്ടു്, ഒരു വ്യക്തിയുടെ ഏതദ്വിഷയകമായ പ്രാഗല്ഭ്യവും അയാൾ മാധ്യമദ്വാരാ ആർജ്ജിക്കുന്ന ബുദ്ധിജീവിപദവിയും തമ്മിലുള്ള താരതമ്യം പ്രസക്തമാണു്. ഈ താരതമ്യം നടത്തുമ്പോൾ മാത്രമേ, മാധ്യമോത്പന്നമായ ബുദ്ധിജീവിയുടെ യഥാർത്ഥശേഷികളും ബുദ്ധിജീവിയാവാൻ അയാൾക്കവശ്യം വേണ്ട പ്രാഗല്ഭ്യവും തമ്മിലുള്ള വിപരീതാനുപാതം തെളിഞ്ഞുവരൂ. ബുദ്ധിജീവികളെ ഉത്പാദിപ്പിക്കാൻ മാധ്യമങ്ങൾക്കു് പ്രസ്തുത പ്രാഗല്ഭ്യത്തെ കണക്കിലെടുക്കേണ്ടതായിട്ടില്ല എന്നതാണു് സത്യം. മറിച്ച് പ്രക്ഷേപണത്തിനാവശ്യമായ ഘടകങ്ങൾ ഒത്തുചേർന്നിട്ടുണ്ടോ എന്നു നോക്കിയാൽ മതി. പരസ്യചിത്രങ്ങളിൽ പ്രക്ഷേപിക്കപ്പെടുന്ന ഉത്പന്നങ്ങളുടെ പ്രതിബിംബങ്ങൾ നോക്കുക. ഉത്പന്നങ്ങളുടെ യഥാർത്ഥ ഗുണവും പ്രതിബിംബത്തിലൂടെ പ്രക്ഷേപിക്കപ്പെടുന്ന ഗുണവും തമ്മിൽ സമാനുപാതം ആവശ്യമേയില്ല. മാധ്യമങ്ങളിലെ പ്രതിബിംബങ്ങൾ അങ്ങനെയുള്ള ഒരു സമവാക്യത്തിലൂടെയല്ല ഉത്പാദിപ്പിക്കപ്പെടുന്നതു്.

images/nissar-bujee-03.png

ബുദ്ധിജീവികളുടെ പ്രതിബിംബം ഇപ്രകാരമല്ല മാധ്യമങ്ങളിൽ വരുന്നതു് എന്ന ഒരു വാദം കൊണ്ടുവരാം. മാധ്യമേതരമായ പൊതുമണ്ഡലങ്ങളിൽ മുമ്പേതന്നെ നിലനിൽക്കുന്ന ബന്ധങ്ങളിലൂടെ പ്രതിഷ്ഠാപിതമായ പ്രതിബിംബങ്ങളാണു് മാധ്യമങ്ങൾ ഒപ്പിയെടുക്കുന്നതു് എന്നാണു് വാദം. ഇതു് ഭാഗികമായി സത്യമാണു്, എന്നാൽ ഏതൊക്കെയാണു് ഈ പൊതുമണ്ഡലങ്ങൾ? ഈ പൊതുമണ്ഡലങ്ങളുമായി മാധ്യമങ്ങൾ എങ്ങനെ പരിചയപ്പെടുന്നു? മാധ്യമങ്ങൾ അവിടെയും ചില അടയാളപ്പെടുത്തലുകൾ നടത്തുന്നുണ്ടെന്നു് ഈ ചോദ്യങ്ങൾക്കു് ഉത്തരമന്വേഷിക്കുമ്പോൾ വ്യക്തമാകും. സാമൂഹികസംഭവങ്ങളുടെ മാധ്യമനിർദ്ധാരണം എന്നു് ഇതിനു പേരുകൊടുക്കാം. അതായതു് മാധ്യമങ്ങൾ സാമൂഹികസംഭവങ്ങളെ നിഷ്കളങ്കമായി ഒപ്പുകയല്ല, മറിച്ച് വിവേചനപൂർവ്വം തെരഞ്ഞെടുക്കുകയാണു്, നിർദ്ധാരണം നടത്തുകയാണു് ചെയ്യുന്നതു്. അത്തരത്തിലുള്ള ഒരു നിർദ്ധാരണവിഷയമാണു് ബുദ്ധിജീവിയുടെ പ്രതിബിംബം. ഇവിടെയാണു് പരസ്യങ്ങളുടെ തന്ത്രം വിജയിക്കുന്നതു്. വിവരം കൊടുക്കുകയാണെന്നു് തോന്നിപ്പിക്കും, സുഖാനുഭവം തരുകയാണെന്നു് തോന്നും. അതേ സമയം ഉൽപന്നങ്ങളുടെ ബിംബാരോഹണവും നടക്കും.

ഈ ബുദ്ധിജീവി നിർമ്മിതിയിൽ പ്രത്യയശാസ്ത്രങ്ങളുടെ ഭൂമിക എന്താണു് എന്നന്വേഷിക്കുമ്പോൾ മറ്റൊരു പ്രധാന വസ്തുത തെളിഞ്ഞുവരും. ബുദ്ധിജീവികളുടെ ഒരു മുഖ്യ ധർമ്മമായി പറയപ്പെടുന്നതു് അവർ പൊതുജനങ്ങളുടെ അഭിപ്രായത്തെ സ്വരൂപിക്കുന്നുവെന്നതാണല്ലോ. ഇന്നവർക്കു് അതിനു് കഴിയുന്നുണ്ടോ എന്ന ചോദ്യം ബുദ്ധിജീവികളുടെ മാധ്യമനിരപേക്ഷപരമായ ശക്തിയേയും മാധ്യമങ്ങളുടെ സാമൂഹികമായ നിഷ്കളങ്കതയേയും സംശയിക്കാവുന്ന ഒരു സാഹചര്യത്തിലാണു് ഉന്നയിക്കപ്പെടേണ്ടതു്. ഏതു തരത്തിലുള്ള അഭിപ്രായങ്ങളാണു് പ്രക്ഷേപിക്കപ്പെടാൻ യോഗ്യമായി മാധ്യമങ്ങൾ കാണുന്നതു് എന്നതു് പ്രത്യയശാസ്ത്രപരമായ പ്രശ്നമാണു്. വില്പന മാത്രമല്ല പ്രശ്നമാവുക എന്നർത്ഥം. തെരഞ്ഞെടുപ്പു് ഇവിടെയും നടക്കുന്നു. അഭിപ്രായ സംഘട്ടനങ്ങൾ ഉദ്വേഗപൂർണ്ണമാണു്. അവ വില്പനയ്ക്കു് ആക്കവും കൂട്ടാം. എന്നാൽ ഏതൊക്കെയാണു് ഈ അഭിപ്രായങ്ങൾ എന്നതു് നിർദ്ധാരണം ചെയ്യപ്പെടുന്നു. ശ്രദ്ധാപൂർവ്വമായ ഒരു സെൻസറിങ് പ്രവർത്തിക്കുന്നുവെന്നല്ല വിവക്ഷ. മുൻകൂട്ടി തയ്യാറാക്കിയതും ചോദ്യം ചെയ്യാതെ പിൻതുടർന്നുപോന്നതുമായ ചില സമവാക്യങ്ങൾക്കോ ഫോർമാറ്റിനോ ഒപ്പിച്ചായിരിക്കും ഈ നിർദ്ധാരണം. ഈ അർത്ഥത്തിൽ മാത്രമേ അതു നിഷ്കളങ്കമാകുന്നുള്ളൂ. ഫോർമാറ്റിലാണു് പ്രത്യയശാസ്ത്രം അടങ്ങിയിരിക്കുന്നതു്. മാധ്യമങ്ങൾ എന്തു വിശ്വസിക്കുന്നുവെന്നതു് അവർ ഏതു തരം അഭിപ്രായങ്ങൾ പറയുന്നവരെ, ഏതാളുകളായാലും അവർ പറയുന്ന ഏതു് അഭിപ്രായങ്ങളെ, പ്രക്ഷേപിക്കാൻ പ്രവണത കാട്ടുന്നു എന്നതിൽ പ്രതിഫലിക്കുന്നു.

മാധ്യമലോകത്തിലെ ബുദ്ധിജീവി (അങ്ങനെ മാത്രമേ നമുക്കിന്നു് ബുദ്ധിജീവികൾ ഉള്ളൂ എന്നു വരാം) എന്തു ചെയ്യുന്നുവെന്ന ചോദ്യത്തിനു് നാം ഉത്തരമന്വേഷിക്കുമ്പോൾ, ബുദ്ധിജീവിയുടെ നിർവ്വചനത്തിലെ അവശ്യാംശമായ ധാർമ്മികമായ പ്രതിജ്ഞാബദ്ധതയുടെ സാംഗത്യം നമുക്കു് അവ്യക്തമായിത്തീരുന്നു. മാധ്യമങ്ങളിലെ ബുദ്ധിജീവിബിംബങ്ങൾക്കു് ധാർമ്മികമായ പ്രതിജ്ഞാബദ്ധതയെന്ന മാനത്തിന്റെ ആവശ്യം ഇല്ല. അപ്രകാരമാണെന്ന തോന്നൽ സൃഷ്ടിക്കുകയാണു് അവിടെ ആവശ്യം. ഇന്നത്തെ ബുദ്ധിജീവികളുടെ സ്വഭാവത്തേയും മാധ്യമങ്ങളുടെ പ്രബലമായ ഒരു ഗുണത്തേയും ഈ പ്രശ്നവിഷയം നമ്മുടെ ശ്രദ്ധയിൽ പെടുത്തുന്നു. മാധ്യമങ്ങളിൽ പ്രക്ഷേപിക്കപ്പെടുന്ന ബിംബങ്ങളുടെ പ്രകടനവും പ്രകടനത്തിന്റെ പ്രകരണവും പ്രക്ഷേപണസംകേതങ്ങളും ചേർന്നാണു് പ്രതിബിംബങ്ങൾ നിർമ്മിക്കപ്പെടുന്നതു്. സിനിമയിലെ സൂപ്പർതാരങ്ങൾ ഉത്പാദിപ്പിക്കപ്പെടുന്നതിനെ താരതമ്യമായിട്ടെടുക്കാം. മോഹൻലാലിന്റെ പ്രകടനങ്ങൾ മാത്രമല്ല, ആ പ്രകടനങ്ങളുടെ പ്രകരണമായ കഥാവിഷയകഥാപാത്രങ്ങളും പ്രക്ഷേപണസംകേതങ്ങളും (ഇവയിൽ സിനിമാപ്രസിദ്ധീകരണങ്ങളും സിനിമയെ അവലംബിക്കുന്ന പത്രമാസികകളും ഇലക്ട്രോണിക് മാധ്യമങ്ങളും ഉൾപ്പെടുന്നു) ചേർന്നാണു് മോഹൻലാൽ എന്ന സൂപ്പർതാരത്തെ നിർമ്മിക്കുന്നതു്. യഥാർത്ഥ മോഹൻലാലും (അങ്ങനെയൊന്നുണ്ടോ എന്നു് സംശയമാണു്) ഈ സൂപ്പർതാരബിംബവും തമ്മിൽ ഗുണപരമായ സമാനുപാതം ഉണ്ടാവണമെന്നില്ല. ആളുകൾ അനുഭവിക്കുകയും ഉപഭോഗിക്കുകയും ചെയ്യുന്നതു് ഒരു പ്രതിബിംബം മാത്രമായ മോഹൻലാൽ എന്ന സൂപ്പർതാരത്തെയാണെന്നു് വ്യക്തം. പ്രകടനമാണു്, ചില ഭൂമികകളുടെ സവിശേഷമായ നിർവ്വഹണമാണു് സിനിമാതാരങ്ങളുടെ ആരോഹണാവരോഹണക്രമങ്ങൾ നിർണ്ണയിക്കുന്നതിൽ മുഖ്യശക്തി. ഇതിനോടു് സദൃശമാണു് ബുദ്ധിജീവികളുടെ കാര്യവും. മാധ്യമങ്ങളിലെ ബുദ്ധിജീവികളുടെ പ്രകടനവും ഏതു പ്രമേയത്തെച്ചൊല്ലിയാണു് അതെന്നതും ഏതു വിധമാണു് അതു പ്രക്ഷേപിക്കപ്പെടുന്നതെന്നതും ബുദ്ധിജീവിയുടെ പ്രതിബിംബത്തെ നിർമ്മിക്കുന്നതിൽ നിർണ്ണായകമാണു്. ഈ സാദൃശ്യകല്പനയുടെ ധ്വനി ഇതാണു്: പ്രകടനത്തിൽ അതുപോലെയാണെന്ന തോന്നൽ ഉളവാക്കിയാൽ മതി, അതു് ആവേണ്ടതില്ല. ബുദ്ധിജീവികൾ ധാർമ്മികമായി പ്രതിജ്ഞാബദ്ധരാവേണ്ടതില്ല. ഏതൽ സദൃശ്യമായാൽ മതി.

images/nissar-bujee-04.png

മുമ്പു പറഞ്ഞതുപോലെ ബുദ്ധിജീവിയുടെ ഉത്പാദനമല്ല, ബുദ്ധിജീവിയുടെ സാദൃശ്യവത്കരണമാണു്. നടക്കുന്നതു്. ബുദ്ധിജീവിയെന്ന തോന്നൽ മാത്രം സൃഷ്ടിക്കപ്പെടുന്നു. സാംകേതികവിദ്യയുടെ ഏറ്റവും ഉയർന്ന രൂപങ്ങളെ അവലംബിക്കുന്ന വിനിമയ മാധ്യമങ്ങൾക്കു് എന്തിനേയും സാദൃശ്യവത്ക്കരിക്കാനുള്ള കഴിവു് ജന്മസിദ്ധമാണു്. പത്രങ്ങൾ പോലുള്ള പൗരാണിക മാധ്യമങ്ങൾ പോലും ഇവയെ അനുകരിക്കാൻ ശ്രമിക്കുന്നു. അതിനാൽ എല്ലാ മാധ്യമങ്ങൾക്കും പ്രത്യക്ഷത്തിൽ ഒരു ഐകരൂപ്യം കാണാം. എന്നാൽ ഈ ഐകരൂപ്യം പ്രത്യക്ഷത്തിൽ മാത്രമേയുള്ളു എന്നതാണു് വാസ്തവം. മാധ്യമങ്ങളെ ഭരിക്കുന്ന ബലതന്ത്രം അവയ്ക്കിടയിൽ വൈരുദ്ധ്യങ്ങളെയും നിലനിർത്തുന്നു. ഈ വസ്തുത ബുദ്ധിജീവികളെ സംബന്ധിച്ച മറ്റൊരു പ്രധാന സത്യത്തിലേക്കു് ജനൽ തുറക്കുന്നു. ഉത്പാദിപ്പിക്കുകയെന്നതിനു പകരം സാദൃശ്യപ്പെടുകയെന്നതാണു് മാധ്യമങ്ങളിൽ സംഭവിക്കുന്നതെങ്കിൽ മാധ്യമങ്ങൾ അതു് ചെയ്യുന്നതു് അന്യോന്യം വ്യത്യാസപ്പെടുത്തിക്കൊണ്ടാണു്. ഓരോന്നിനേയും അടയാളപ്പെടുത്തുമ്പോൾ അവ സ്വയം അടയാളപ്പെടുത്തിക്കൊണ്ടിരിക്കും. മാധ്യമങ്ങളിൽ ആവിർഭൂതരാകുന്ന ബുദ്ധിജീവികൾ ഇപ്രകാരം ഒരു ഇരട്ട മുദ്രണത്തിനു് വിധേയരാകുന്നു. ഈ വസ്തുത മനസ്സിലാക്കാൻ പരസ്പരബദ്ധമായ മൂന്നു സംഗതികൾ ശ്രദ്ധിക്കേണ്ടതാണു്. ഒന്നു്, മാധ്യമങ്ങൾക്കു് നിലനിൽക്കാൻ അവയുടേതായ നിയോജകമണ്ഡലങ്ങൾ സൃഷ്ടിക്കപ്പെടേണ്ടതുണ്ടു്. രണ്ടു്, ഈ നിയോജകമണ്ഡലങ്ങൾ നിലനിൽക്കാൻ ഓരോ മാധ്യമത്തിനും മറ്റു മാധ്യമങ്ങളിൽ നിന്നു വ്യത്യസ്തമാകേണ്ടതുണ്ടു്. മൂന്നു്, ഈ നിയോജകമണ്ഡലങ്ങളുടെ ഉള്ളടക്കം പൊതുജനം എന്ന സംവർഗ്ഗം ആയിരിക്കരുതു്. ദീപികയ്ക്കും ചന്ദ്രികയ്ക്കും ദേശാഭിമാനിക്കും സ്വന്തമായ നിയോജകമണ്ഡലങ്ങൾ ഉണ്ടെന്നു് ആരും സമ്മതിക്കും. എന്നാൽ മാതൃഭൂമിയും മലയാളമനോരമയും ഇത്തരം നിയോജകമണ്ഡലങ്ങളുടെ ബലത്തിൽത്തന്നെ യാണു് ഓടുന്നതെന്നു് ഈ പത്രങ്ങളുടെ ഉള്ളടക്കം ദീർഘകാലയളവിൽ അപഗ്രഥിച്ചു പഠിച്ചാൽ ബോദ്ധ്യമാവും. ഇതരരുടെ നിയോജകമണ്ഡലങ്ങളിലേക്കു് എങ്ങനെ അധിനിവേശം നടത്താം എന്നതാണു് ഓരോരുത്തരും നോക്കുന്നതു്. ഇവയെല്ലാം പൊതുജനത്തെ അഭിസംബോധന ചെയ്യാനാണു് ശ്രമിക്കുന്നതു് എന്ന വാദം ശരിയല്ല. ‘പൊതുജനം’ ഒരു യാഥാർത്ഥ്യത്തെയും സൂചിപ്പിക്കുന്നില്ല. രാഷ്ട്രീയപാർട്ടികളുടെയും മറ്റും പ്രവർത്തനങ്ങളെ മുൻനിർത്തി നോക്കിയാൽ തന്നെ സുവ്യക്തമാകുന്ന ഒരു കാര്യമാണിതു്. വ്യക്തികളുടെ ഒരു സമൂഹത്തെയല്ല വ്യക്തികളിലൂടെ പ്രതിഫലിക്കുന്ന ചില ഗുണങ്ങളുടെ ശേഖരമാണു് ജനമെന്ന പേരിൽ അനുഭവസിദ്ധമാകുന്നതു്. എന്തൊക്കെ ഗുണങ്ങളുടെ ശേഖരമാണു് ആവശ്യമായിട്ടുള്ളതെന്നു് ഓരോ പാർട്ടിയും തീരുമാനിക്കുന്നു. ഈ ഗുണങ്ങൾ വഹിക്കാൻ ആളുകളെ ലഭ്യമാക്കുന്നതിലൂടെ ഓരോ പാർട്ടിയും അവരവരുടെ നിയോജകമണ്ഡലവും (അനുഭാവികളുടെ സംഘം) സൃഷ്ടിക്കുന്നു. പൊതുജനം എന്നതിനുപകരം ഓരോ പാർട്ടിയുടെയും നിക്ഷിപ്തജനം—നിയോജകമണ്ഡലം—ആണു് ഉണ്ടാവുന്നതു്. ഈ നിയോജകമണ്ഡലങ്ങൾ യഥാർത്ഥമല്ല, പ്രതിബിംബങ്ങൾ യഥാർത്ഥമല്ലാത്തതുപോലെ. യഥാർത്ഥമായതു് രാഷ്ട്രീയപാർട്ടികൾ പ്രതിബിംബിച്ച് കാണാൻ ആഗ്രഹിക്കാത്ത മറ്റനവധി ഗുണങ്ങൾ സ്വാംശീകരിച്ച മൂർത്ത മനുഷ്യജീവികളാണു്. അവരോടു് സംവദിക്കാൻ പ്രാപ്തമല്ലാത്ത സമ്പർക്കപരിപാടികളാണു്-മാധ്യമങ്ങളാണു്-പാർട്ടികളുടേതു്. പത്രങ്ങളുടെയും ഇലക്ട്രോണിക് മാധ്യമങ്ങളുടെയും സ്ഥിതി ഇതുതന്നെയാകുന്നു. അവ തങ്ങളുടെ നിയോജകമണ്ഡലങ്ങളെ സൃഷ്ടിക്കുന്നു. (ചില വ്യവസായ കമ്പനികൾ തങ്ങളുടെ ഉത്പന്നങ്ങളുടെ വിപണനം ഭദ്രമാക്കാൻ ഉപഭോക്താക്കളുടെ കുടുംബം ഉണ്ടാക്കുന്നു. ഇപ്പോൾ മനോരമ കുടുംബവും മാതൃഭൂമി കുടുംബവും ഉണ്ടു്.) ഈ നിയോജകമണ്ഡലങ്ങൾ വ്യക്തികളുടെ ഒരു സംഘം അല്ല. മാധ്യമങ്ങൾ ആവശ്യപ്പെടുന്ന ചില ഗുണങ്ങളുടെ ശേഖരമാണു്. ഇത്തരത്തിലുള്ള ഗുണങ്ങളുടെ ശേഖരമായതുകൊണ്ടാണു് ജനത്തെ ഇംഗ്ലീഷിൽ മാസു് എന്നു വിളിക്കുന്നതു്. അതു് ‘പബ്ലിക്’ അല്ല. മലയാളത്തിൽ പിണ്ഡം എന്നു പറയും. പിണ്ഡത്തിനു് ഒറ്റമനസ്സാണു്. അതുകൊണ്ടു് അതിനെ പ്രത്യായനം ചെയ്യാൻ എളുപ്പമാണു്. മൂർത്തമനുഷ്യ ജീവികൾ തീർത്തും അപ്രത്യക്ഷമാവുകയും പിണ്ഡം മാത്രം നിലനിൽ ക്കുകയും ചെയ്യുന്ന ഒരു സാമൂഹികാവസ്ഥയിലാണു് ഫാഷിസം വിജയിക്കുന്നതു്. കാരണം നിയന്ത്രണം എളുപ്പമാകുന്നതു് അപ്പോഴാണു്. എല്ലാ പാർട്ടികളുടെയും പരമലക്ഷ്യവും അതാണു്. ഈ വഴിക്കു് പോകുന്നവരാണു് മാധ്യമങ്ങൾ. എന്നാൽ ഈ ലക്ഷ്യപ്രാപ്തിയിൽ നിന്നു് മാധ്യമങ്ങളെ വിദൂരമാക്കുന്ന ഒരു ബലതന്ത്രം മാധ്യമങ്ങൾക്കിടയിൽത്തന്നെയുണ്ടു്. അതു് ഓരോ മാധ്യമത്തിനും മറ്റുള്ളവയിൽ നിന്നു് സ്വയം വ്യത്യസ്തമാവാനുള്ള പ്രവണതയാണു്. ഓരോ മാധ്യമവും മറ്റുള്ളവരെ അനുകരിക്കുന്നതോടൊപ്പം അവയിൽ നിന്നു് വ്യത്യസ്തമാകാനും ആഗ്രഹിക്കുന്നു. സ്വയം നിലനിൽക്കാൻ അതിസൂക്ഷ്മമായ വ്യത്യാസങ്ങൾ മാധ്യമലോകത്തു് പെരുകുന്നു. ഇതേ അതിജീവനതന്ത്രം തന്നെ ‘സാദൃശ്യവത്ക്കരിച്ചും’ ‘അനുകരിച്ചും’ വ്യത്യാസങ്ങളെ നിർജ്ജീവമാക്കുകയും ചെയ്യുന്നു. അനുകരണവും നിരനുകരണവും ഇപ്രകാരം മാധ്യമങ്ങളുടെ സ്വഭാവത്തെ സംകീർണ്ണതരമാക്കുന്നു; നിയോജകമണ്ഡലങ്ങളെ പുനർനിർവചനം ചെയ്തുകൊണ്ടിരിക്കുന്നു. ഈ അർത്ഥത്തിൽ നോക്കിയാൽ ബുദ്ധിജീവി ഒരു പ്രത്യേക നിയോജകമണ്ഡലത്തെ അഭിസംബോധന ചെയ്യുന്ന സവിശേഷ പ്രതിബിംബമായി നിർമ്മിക്കപ്പെടുക മാത്രമല്ല ചെയ്യുന്നതു്, മറിച്ച് മാധ്യമങ്ങൾക്കിടയിലെ വ്യത്യാസങ്ങളെ നിലനിർത്താൻ സഹായിക്കുന്ന ഒരിനമായി നിൽക്കുകയും ചരിക്കുകയും ചെയ്യുന്നു. അതുകൊണ്ടാണയാൾ ഇരട്ടച്ചിഹ്നമായിരിക്കുന്നതു്.

images/nissar-bujee-05.png

ഈ സ്ഥിതിവിശേഷത്തിലാണു് ബുദ്ധിജീവികൾ കേൾക്കപ്പെടുന്നുണ്ടോ എന്ന ചോദ്യം പ്രസക്തമാകുന്നതു്. ഈ ചോദ്യത്തെ എങ്ങനെയാണു് സമീപിക്കേണ്ടതു? ബുദ്ധിജീവി ആരാണു് (എന്താണു്?) അയാൾ ആരെയാണു് (എന്തിനെയാണു്) അഭിസംബോധന ചെയ്യുന്നതു? എന്താണു് വിനിമയം ചെയ്യുന്നതു? എന്നീ ചോദ്യങ്ങൾ വിശദമാക്കുകയാണു് അതിന്നാദ്യം വേണ്ടതു്. മാധ്യമനിഷ്ഠമായ ഒരു ബിംബമാണു് ബുദ്ധിജീവിയെങ്കിൽ, അതു് (ബുദ്ധിജീവി) അഭിസംബോധന ചെയ്യുന്നതു് ഒരു പ്രത്യേക നിയോജകമണ്ഡലത്തെയാണെങ്കിൽ (ഒരു ഗുണശേഖരത്തെ), വിനിമയം ചെയ്യുന്നതു് സാദൃശ്യവത്ക്കരണങ്ങളെ (സ്വന്തം ചിഹ്നത്തെ) തന്നെയാണെങ്കിൽ, ആധുനിക മാതൃകയിൽ ഉന്നയിക്കപ്പെട്ട വ്യക്തികളെയും അവർക്കിടയിലുള്ള സാമൂഹികമായ ഉത്തരവാദിത്തങ്ങളെയും ആസ്പദമാക്കിയുള്ള ചോദ്യങ്ങൾ (ബുദ്ധിജീവിയുടെ, വിശ്വാസ്യതയെ സംബന്ധിച്ച പ്രശ്നങ്ങൾ) അപ്രസക്തമായിരിക്കും. തങ്ങളെ സംബന്ധിച്ച സത്യം ഇതല്ല എന്നു തെളിയിക്കാൻ ബുദ്ധിജീവികൾക്കു് എന്തു ചെയ്യാൻ കഴിയും എന്നു് നമുക്കു് അത്ഭുതപ്പെടാം. അതിനായി അവരെ ആരെങ്കിലും വെല്ലുവിളിക്കേണ്ടതാണു്. ബുദ്ധിജീവികൾ ഒരു യാഥാർത്ഥ്യമാണെങ്കിൽ.

മാധ്യമങ്ങൾക്കിടയിലെ വ്യത്യാസവത്ക്കരണത്തിനാനുപാതികമായി ബുദ്ധിജീവികൾക്കിടയിലുള്ള വ്യത്യാസവത്ക്കരണവും ത്വരിതപ്പെടുന്നു. വ്യത്യാസങ്ങളെ കുറിക്കുന്ന എന്തുപായങ്ങളും അതുകൊണ്ടു് സ്വാഗതാർഹ മായിത്തീരുന്നു. ഈ പ്രകരണത്തിലാണു് സാമൂഹികമായ വിള്ളലുകൾ ബുദ്ധിജീവികൾക്കിടയിലെ വ്യത്യാസങ്ങളെ അടയാളപ്പെടുത്താൻ ഉപയോഗിക്കപ്പെടുന്നുവെന്ന വസ്തുത കാണേണ്ടതു്. ജാതി, മതം, രാഷ്ട്രീയകക്ഷി തുടങ്ങിയ നിരവധി വ്യത്യസ്ത നിയോജകമണ്ഡലങ്ങൾക്കനുസൃതമായി ബുദ്ധിജീവികൾക്കിടയിലുള്ള വ്യത്യാസങ്ങൾക്കു് മറ്റൊരു മാനം കൂടി ലഭിക്കുന്നു. കേരളത്തിൽ, ജാതിയുടേയും മതത്തിന്റെയും രാഷ്ട്രീയകക്ഷി വിധേയത്വത്തിന്റെയും പ്രകടമല്ലെങ്കിലും ഫലക്ഷമമായ വിവേചനങ്ങൾ ബുദ്ധിജീവികളെ വ്യത്യസ്തതയോടെ അടയാളപ്പെടുത്തുന്നതിൽ അന്തർഭവിച്ചിട്ടുണ്ടു്. ബുദ്ധിജീവികൾക്കു് ചരിക്കാനുള്ള ഇടത്തെ ഈ സ്ഥിതിവിശേഷം ചുരുക്കുമെങ്കിലും വ്യത്യസ്തതകളെ അടയാളപ്പെടുത്താനുള്ള മറ്റൊരു ഉപായം കൂടി ലബ്ധമാകുന്നു എന്ന അർത്ഥത്തിൽ അഭിലഷണീയമായിത്തീരുന്നു. സ്വന്തം നിലപാടുകളെ സംബന്ധിച്ച അവ്യക്തത, സ്വന്തം സ്ഥാനത്തെ ഭദ്രമാക്കാനുതകുന്ന രീതിയിൽ നിലനിർത്താനും ബുദ്ധിജീവിയെ ഈ സാദ്ധ്യത സഹായിക്കുന്നു. മറ്റൊരു ഭാഷയിൽ പറഞ്ഞാൽ, ജാതി-മത-രാഷ്ട്രീയ നിയോജകമണ്ഡലങ്ങളിൽ നിന്നുള്ള വലി, ബുദ്ധിജീവിയുടെ മാധ്യമനിഷ്ഠമായ പ്രതിബിംബത്തെ സംകീർണ്ണമാക്കാനും വ്യത്യസ്തതകളെ കൂടുതൽ ഫലപ്രദമായി (അതായതു് ഭൗതികമായ നേട്ടങ്ങൾക്കു് അല്ലെങ്കിൽ സാമൂഹികപദവികൾ ആർജ്ജിക്കാൻ സഹായിക്കുന്ന വിധത്തിൽ) പ്രക്ഷേപിക്കാനും ഇടവരുത്തുന്നു. ഇപ്രകാരം ബുദ്ധിജീവി, തനിക്കു് പുറത്തുള്ള സംകീർണ്ണമായ ബന്ധങ്ങളുടെ ഘടനയുടെ ഒരു ഉത്പന്നം മാത്രമാണെന്നു വരാം. ഇങ്ങനെ സംഭവിക്കുകയാണെങ്കിൽ ബുദ്ധിജീവി സ്വതന്ത്രനാണെന്ന ആധുനികവിശ്വാസത്തിനു ഉലച്ചിൽ തട്ടും.

images/nissar-bujee-06.png

വിനിമയ-മാധ്യമ-മത-ജാതി-രാഷ്ട്രീയ നിയോജകമണ്ഡലങ്ങൾക്കു പുറത്തു് ഇവയിൽനിന്നു് സ്വതന്ത്രമായി ചരിക്കാൻ ഒരു ബുദ്ധിജീവി തയ്യാറാവുകയാണെങ്കിൽ, അയാൾ എന്താവും ചെയ്യുക എന്നു വ്യക്തമാവാത്ത തരത്തിൽ ഘടനാവത്കൃതമാണു് ഇന്നത്തെ സാമൂഹികാന്തരീക്ഷം. ഈ അവസ്ഥയെ മറികടക്കാൻ, സ്വന്തം സ്വാതന്ത്ര്യത്തെ സ്ഥാപിക്കാനാഗ്രഹിക്കുന്ന ബുദ്ധിജീവി ഒരു പൊതുമണ്ഡലം സൃഷ്ടിക്കാനാണോ ശ്രമിക്കുക? ഇന്നു് ഓരോ നിയോജകമണ്ഡലവും ഓരോ പിണ്ഡത്തെയാണു് (മനുഷ്യജീവികളിലൂടെ പ്രതിഫലിക്കുന്ന ഗുണശേഖരത്തെ) സൃഷ്ടിക്കുന്നതു് എന്നു് എടുത്താൽ തുണ്ടമാക്കപ്പെട്ട ഫാഷിസത്തെയാണു് ആ സാമൂഹികാന്തരീക്ഷം സ്വഭാവവത്കരിക്കുന്നതെന്നു കാണാം. അതായതു് ഫാഷിസം നമ്മുടെ മധ്യത്തിലില്ല എന്നു പറയുന്നതു് ശരിയല്ല. അതു് ഹിന്ദുത്വവാദത്തിലാണു് ഇന്നു കേന്ദ്രീകരിച്ചിരിക്കുന്നതു് എന്നു് പറയുന്നതിലും കഴമ്പില്ല. പിണ്ഡങ്ങളും അവയുടെ മേലുള്ള പ്രത്യായനശക്തികളും നിലനിൽക്കുന്ന സ്ഥിതിക്കു് അതു് നമുക്കിടയിലെല്ലാം സന്നിഹിതമാണു്. പക്ഷേ അതു് തുണ്ടം തുണ്ടമാക്കപ്പെട്ടതാണെന്നു മാത്രം. ‘ഒറ്റക്കെട്ടു്’ എന്നർത്ഥം വരുന്ന ഫാഷിസം തുണ്ടം തുണ്ടമാക്കപ്പെട്ടാൽ നിർവീര്യമാവാം എന്ന പ്രത്യാശയിൽ നിന്നാവാം പലരും പോസ്റ്റ് മോഡേൺ അവസ്ഥയെ എതിരേൽക്കുന്നതു്. തുണ്ടം തുണ്ടമാക്കപ്പെട്ട ഫാഷിസത്തിനെതിരായി സംസാരിക്കുന്ന ഒരു ബുദ്ധിജീവി ഒരു സാർവജനീന ഫാഷിസത്തിന്റെ വക്താവായിത്തീരുമോ? ഒരു പിണ്ഡത്തെ അഭിസംബോധന ചെയ്യാതെ എങ്ങനെയാണു് ബുദ്ധിജീവിക്കു് സമൂഹമധ്യത്തിൽ പ്രവർത്തിക്കാൻ കഴിയുക?

ബുദ്ധിജീവിയുടെ സ്വാതന്ത്ര്യത്തെക്കുറിച്ച് വീണ്ടും പരാമർശിക്കുന്നതിനു മുമ്പായി കേരളത്തിലെ ബുദ്ധിജീവികൾക്കു് പലപ്പോഴും ആവശ്യമാണെന്നും എല്ലായ്പ്പോഴും അഭീലഷണീയമാണെന്നും കരുതപ്പെടുന്ന ഒരു ലക്ഷണം ചർച്ചയ്ക്കായി പരിഗണിക്കപ്പെടേണ്ടതുണ്ടു്. അവരുടെ സാഹിത്യസംസ്കാരം. ഈ സാഹിത്യസംസ്കാരം ചരിത്രപരമായി ബുദ്ധിജീവികളുടെ പരിമിതിയായി എങ്ങനെ സംഭവിക്കുന്നു എന്നു നോക്കേണ്ടതാണു്. ഇതിൽ പത്ര-മാസികാദി മാധ്യമങ്ങളുടെയും അക്കാദമികളുടെയും സാഹിത്യവേദികളുടെയും കലാശാലകളുടേയും മറ്റും പങ്കു് അവഗണിക്കാനാവാത്തതാണു്. സാഹിത്യകാരന്മാരുടേയും സാഹിത്യനിരൂപകരുടെയും മറ്റും സാഹിത്യേതര വിഷയങ്ങളെക്കുറിച്ചുമുള്ള അഭിപ്രായങ്ങൾ വളരെ ആധികാരിക സ്വഭാവമുള്ളവയായി അവതരിപ്പിക്കുന്നതിൽ ഏറ്റവും കൂടുതൽ മുൻകൈയെടുക്കുന്നതു് പത്ര-മാസികകളാണു്. കേരളത്തിലെ സാംസ്കാരിക വിഷയങ്ങൾ ചർച്ച ചെയ്യുന്ന പൊതുവേദികളുടെ ചരിത്രം പരിശോധിച്ചാൽ, അവയ്ക്കു് അഭിപ്രായസ്വരൂപണത്തിൽ നിർണ്ണായക പങ്കുണ്ടെന്നു വ്യക്തമാകും. അത്തരം വേദികളിൽ സാംസ്കാരിക നായകന്മാരായി സ്വാഭാവികമായും രംഗപ്രവേശം ചെയ്യുന്നതു് സാഹിത്യകാരന്മാരോ സാഹിത്യനിരൂപകന്മാരോ ആണു്. ഇവിടെ രണ്ടു കാര്യങ്ങളാണു് ശ്രദ്ധേയം. ഒന്നു്: ചില അപവാദങ്ങൾ ഒഴിച്ചാൽ, പൊതുവിൽ സാഹിത്യേതര വിഷയങ്ങളെ സംബന്ധിച്ച് അഭിപ്രായം പുറപ്പെടുവിക്കാനുള്ള സാഹിത്യരചയിതാക്കളുടെ (നിരൂപകരുടെയും) അർഹത അല്ലെങ്കിൽ ആധികാരികത സംശയാസ്പദമാണു്. ഇതിനുകാരണം സാഹിത്യരചയിതാക്കൾക്കു് സ്വന്തം സൃഷ്ടികളെ സംബന്ധിച്ചുപോലും ഒരു സൂക്ഷ്മദൃക്കായ നിരൂപകനേക്കാൾ വിശേഷജ്ഞാനം ഉണ്ടാകണമെന്നില്ല എന്ന സ്ഥിതിവിശേഷമാണു്. ഒരു സാഹിത്യരചയിതാവു് താൻ മനുഷ്യാനുഭവങ്ങളെക്കുറിച്ചാണു് എഴുതുന്നതെന്നു് ശഠിച്ചാൽപോലും അയാളുടെ എഴുത്തു് എന്തു് കാണിക്കുന്നു എന്നു പരിശോധിക്കാനും അതിനെ മൊത്തം സാഹിത്യസംസ്കാരത്തിന്റെ പശ്ചാത്തലത്തിൽ വിലയിരുത്താനും ഒരു നിരൂപകനു്/ നിരൂപകയക്കു് കഴിയും. താൻ എഴുതുമ്പോൾ എന്തുദ്ദേശിച്ചുവെന്നും എഴുതിയപ്പോൾ അതെന്തായി എന്നും പറയാൻ ഒരാളെ പ്രാപ്തമാക്കുന്ന ശേഷിയല്ല ഒരു സാഹിത്യരചയിതാവിന്റേതു്. അയാളുടെ സർഗ്ഗാത്മകത വിശിഷ്ടവും നിഗൂഢവുമായിത്തീരുന്നതു് അതുകൊണ്ടാണു്. സാമൂഹികജീവിതത്തെ അതിന്റെ സംകീർണ്ണതയോടുകൂടി ഗ്രഹിക്കാനും അപഗ്രഥിക്കാനും വിലയിരുത്താനും ഒരു സർഗ്ഗാത്മകത ആവശ്യമാണു്. എന്നാൽ അതിനുവേണ്ട സാംകേതിക പരിജ്ഞാനവും പാണ്ഡിത്യവും തികച്ചും വ്യത്യസ്തമായ ഉറവിടങ്ങളിൽ നിന്നു വരുന്നതാണു് (അവ സ്വയം പര്യാപ്തമല്ലെങ്കിലും). ഒരു സാഹിത്യകാരൻ/ സാഹിത്യകാരി ലബ്ധപ്രതിഷ്ഠ നേടിയാൽ സംകീർണ്ണമായ നിരവധി സാമൂഹികപ്രശ്നങ്ങളെ സംബന്ധിച്ച് അയാളുടെ അഭിപ്രായം ആരായുന്ന മാധ്യമങ്ങളുടെയും പൊതുവേദികളുടെയും ഇടപെടലുകളാണു് കാര്യങ്ങൾ വഷളാക്കുന്നതു്. നമ്മുടെ ഗവൺമെൻറും ഇതുതന്നെയാണു് ചെയ്യുന്നതു്.

images/nissar-bujee-07.png

അല്ലെങ്കിൽ ഒരു സാഹിത്യകാരിയെ വനിതാകമ്മീഷന്റെ അദ്ധ്യക്ഷയാക്കാൻ ധൈര്യം കാണിക്കുമോ? എന്നാൽ ഇതു് ഒരു സംസ്കാരമാവുകയും ഒരു സംപ്രദായമായി ആവർത്തിക്കപ്പെടുകയും ചെയ്യുമ്പോൾ, കൂട്ടിചേർത്ത തന്റെ ഈ ഭൂമികയെ ആന്തരവത്ക്കരിക്കാൻ സാഹിത്യകാരൻ/ സാഹിത്യകാരി പ്രവണത കാണിക്കുന്നു. ഇതിന്റെ ഫലമായി സാമൂഹികകാര്യങ്ങളെക്കുറിച്ച് വളരെ അസ്ഥാനത്തുള്ളതും അപക്വവുമായ ആശയങ്ങൾ പ്രചരിപ്പിക്കപ്പെടാൻ ഇടയാകുന്നു. സാഹിത്യനിരൂപകരെ സംബന്ധിച്ചും നില വ്യത്യസ്തമല്ല. കൂടുതൽ വഴി തെറ്റിപ്പിക്കുന്നതിനായിരിക്കും സാഹിത്യനിരൂപകരുടെ ഇടപെടൽ എന്ന വ്യത്യാസം ഉണ്ടു്. സാഹിത്യകൃതിയെ വിലയിരുത്താൻ, അതു സ്ഥിതി ചെയ്യുന്ന മൊത്തം സാഹിത്യസംസ്കാരത്തിന്റെ സവിശേഷതകൾ മനസ്സിലാക്കാനുള്ള പാണ്ഡിത്യം അയാൾക്കാവശ്യമായേക്കാം. അപഗ്രഥനപാടവവും അതിനു് ആവശ്യമായ സാംകേതികപദാവലിയും അയാൾ ആർജ്ജിക്കേണ്ടതുണ്ടാവാം. ഈ ആവശ്യകത അയാളുടെ പ്രവർത്തനങ്ങൾക്കു് ബൗദ്ധികമായ ഒരു മാറ്റം കൈവരുത്തുന്നു. സ്പഷ്ടവത്ക്കരണത്തിൽ നിരൂപകർ കാണിക്കുന്ന ചായ്വും കഴിവും ബൗദ്ധികവിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിൽ അവർക്കുള്ള ശേഷിയിൽ വിശ്വാസ്യത വളർത്താൻ ഉപകരിക്കും. അത്തരം പ്രവൃത്തികൾക്കായി അവർ ക്ഷണിക്കപ്പെട്ടാൽ തങ്ങളുടെ കൈവശമുള്ള സാംകേതിക കഠിനപദങ്ങൾ ഉപയോഗിച്ച് സാമാന്യം ഭംഗിയായി അവർ അവയൊക്കെ നിർവ്വഹിച്ചുവെന്നും വരാം. പക്ഷേ ഇതൊരു സാദ്യശ്യവത്കരണമാണു്, ചെയ്തുവെന്ന തോന്നൽ. കാരണം, ഒരു സാഹിത്യകൃതിയെയും ഒരു സാമൂഹികാവസ്ഥയെയും പഠിക്കാനും വിലയിരുത്താനും ആവശ്യമായ പാണ്ഡിത്യവും സാംകേതിക പരിജ്ഞാനവും ഉൾക്കാഴ്ചയും വെവ്വേറെയാകുന്നു. ഇവ തമ്മിൽ ഘടനാപരമായ സാദൃശ്യങ്ങൾ കണ്ടേക്കാമെങ്കിലും. അതുകൊണ്ടു്, സാമൂഹികകാര്യങ്ങളെക്കുറിച്ചുള്ള വിദഗ്ധാഭിപ്രായങ്ങൾക്കായി സാഹിത്യ രചയിതാക്കളെയും നിരൂപകരേയും പ്രതീക്ഷിക്കുന്ന സാംസ്കാരികാന്തരീക്ഷം കേരളത്തിലെ ബൗദ്ധികമണ്ഡലത്തെ പൊതുവെ ബലഹീനമാക്കിയിട്ടുണ്ടു്. ബുദ്ധിജീവികൾ എത്രമാത്രം സ്വതന്ത്രരാണെന്നു് നിർണ്ണയിക്കാൻ, നിലവിലുള്ള സാംസ്കാരികചരിത്രം എന്തു തരത്തിലുള്ള സിദ്ധികളും ആഭിമുഖ്യങ്ങളുമാണു് അയാളിലുണ്ടാവാൻ സമ്മർദ്ദം ചെലുത്തുന്നതു് എന്നു് ആരായേണ്ടതുണ്ടെന്നു് ഇതു സൂചിപ്പിക്കുന്നു. കേരളത്തിലെ ബൗദ്ധികമണ്ഡലത്തിന്റെ മറ്റൊരു സവിശേഷതയും ഇതിനോടൊപ്പം വെളിപ്പെടുന്നുണ്ടു്. സാഹിത്യമണ്ഡലത്തിലെ പിരിമുറുക്കത്തിന്റെ ചരിത്രവും അതിന്റെ തുടർന്നുകൊണ്ടിരിക്കുന്ന ബലതന്ത്രവും കേരളത്തിലെ സാംസ്കാരികാന്തരീക്ഷത്തെ സവിശേഷമായും ബൗദ്ധികമണ്ഡലത്തെ സാമാന്യമായും ഘടനാവത്കരിക്കാനുള്ള പ്രവണത കാണിക്കുന്നു. സാഹിത്യമണ്ഡലത്തിനു് ഒരു അടഞ്ഞ സ്വഭാവവും ഒരു തുറന്ന സ്വഭാവവുമുണ്ടു്. അതിന്റെ തുറന്ന സ്വഭാവം മറ്റു സാംസ്കാരിക മേഖലകളിലേക്കും രാഷ്ട്രീയത്തിലേക്കു പോലും വ്യാപിക്കാനുള്ള അതിന്റെ പ്രവണതയാകുന്നു. അതിന്റെ അടഞ്ഞ സ്വഭാവം അതിനകത്തെ സാഹിത്യരചയിതാക്കളുടെ സ്ഥാനങ്ങളും പദവികളും നേട്ടങ്ങളും കോട്ടങ്ങളും ഇവയെല്ലാം തമ്മിലുള്ള സമവാക്യങ്ങളുമായി ബന്ധപ്പെട്ട ഒന്നാണു്. ഈ അടഞ്ഞ സ്വഭാവത്തെക്കുറിച്ച് പറയുകയാണെങ്കിൽ, സാഹിത്യരചയിതാക്കളുടെ (ലബ്ധപ്രതിഷ്ഠരും അല്ലാത്തവരുമായവരുടെ) പ്രയത്നം മുഖ്യമായും തിരിച്ചു വിടുന്നതു് നേടിയെടുത്ത സ്ഥാനങ്ങൾ നിലനിർത്താനോ ഇല്ലാത്തതു് നേടാനോ വേണ്ടിയാണു്. അംഗീകാരം, പ്രശസ്തി, പൊതുസാംസ്കാരികതലത്തിലുള്ള ബഹുമാന്യത ഇവയാണു് സാഹിത്യകാരന്മാരുടെ അപ്രഖ്യാപിത അന്തിമലക്ഷ്യം. (പൈങ്കിളി സാഹിത്യനിർമ്മാതാക്കൾ ഇതിൽ പെടുന്നില്ല. അവരെ സംബന്ധിച്ചിടത്തോളം സാമ്പത്തികലാഭമാവാം ലക്ഷ്യം). അംഗീകാരം, പ്രശസ്തി, സാഹിത്യരചയിതാക്കൾക്കിടയിലെ വീക്ഷണങ്ങളുടെയും ശൈലികളുടേയും ആഭിമുഖ്യങ്ങളുടെയും വൈജാത്യങ്ങളെ സംകീർണ്ണമാക്കുന്നു. സാഹിത്യമണ്ഡലം കൈയടക്കുന്നതിനായി ചേരിതിരിവുകളും ഐക്യമുന്നണികളും തദാസ്പദമായ സംഘർഷങ്ങളും സംഘട്ടനങ്ങളും (ബൗദ്ധികമണ്ഡലത്തിൽ) സ്വാഭാവികമായി ഉയർന്നു വരുന്നു. ഇസങ്ങളും ഇസങ്ങളുടെ നിരാകരണവും സാഹിത്യമൂല്യങ്ങളെ സംബന്ധിച്ച തർക്കങ്ങളും അന്തിമ വിശകലനത്തിൽ സാഹിത്യമണ്ഡലത്തിലെ നേട്ടങ്ങളുമായി ബന്ധപ്പെട്ട അധികാര വടംവലികളായി അവശേഷിക്കുന്നു. കേരളീയ സാഹിത്യമണ്ഡലത്തെ ഘടനാവത്കരിക്കുന്നതു് മുഖ്യമായും അതിന്റെ ഈ അടഞ്ഞ സ്വഭാവമാണു്. അതുകൊണ്ടു് സാഹിത്യമണ്ഡലത്തിന്റെ പിരിമുറുക്കവും ബലതന്ത്രവും ബൗദ്ധികമണ്ഡലത്തെ ആദേശിക്കാൻ ഇടവരുത്തുന്ന ഒന്നാണു് കേരളത്തിലെ ബുദ്ധിജീവികളുടെ പരമ്പരാഗതമായ സാഹിത്യപാരവശ്യം. ബുദ്ധിജീവികൾ എത്ര സ്വതന്ത്രരാണു് എന്നചോദ്യം ആവർത്തിക്കുകയാണെങ്കിൽ അതിനുത്തരം അവർ എത്രത്തോളം തങ്ങൾ ചരിക്കുന്ന മണ്ഡലത്തിൽ, അംഗീകാരം, പ്രശസ്തി, സ്ഥാനം, പദവി തുടങ്ങിയ നേട്ടങ്ങൾക്കായി യത്നിക്കാൻ ആഭിമുഖ്യം കാണിക്കുന്നവരാണു് എന്ന അന്വേഷണത്തിൽ നിന്നു തുടങ്ങണം. അതായതു് അവരുടെ പ്രവർത്തനങ്ങളും സമർപ്പണങ്ങളും ചായ്വുകളും എത്രമാത്രം അവർ ചരിക്കുന്ന മണ്ഡലത്തിന്റെ ഘടനാവത്ക്കരണങ്ങളാൽ നിയന്ത്രിതമാണു് എന്നറിയണം. ബുദ്ധിജീവികളുടെ പ്രവർത്തനം ജാതി-മത-രാഷ്ട്രീയ-വിനിമയ-മാധ്യമ നിയോജകമണ്ഡലങ്ങളാൽ ഘടനാവത്കൃതമാവാം എന്നതിനു പുറമെയാണിതു്. അതായതു് ബുദ്ധിജീവികൾക്കു് സ്വതന്ത്രമായ ചിന്താഗതിയും, അഭിപ്രായസ്വരൂപണവും, ആഭിമുഖ്യങ്ങളും മറ്റും ഉണ്ടോ എന്നു ന്യായമായി സംശയിക്കാവുന്ന സാഹചര്യം ഇന്നത്തെ കേരളീയ സാമൂഹ്യ സാഹചര്യത്തിൽ ഉണ്ടു് എന്ന വസ്തുത, ബുദ്ധിജീവികൾക്കു് എന്തു് സംഭവിച്ചു, അവർ എന്തു ചെയ്യുന്നു, അവർക്കു് എന്തുചെയ്യാൻ കഴിയും എന്നീ ചോദ്യങ്ങൾ ഉന്നയിക്കുന്നതിനു മുമ്പായി മനസ്സിലാക്കേണ്ടതുണ്ടു്.

അക്കാദമിക് ബുദ്ധിജീവികളുടെ സാമൂഹികമായ ഉത്ക്കണ്ഠയെക്കുറിച്ച് നമുക്കധികമൊന്നും പറയാനില്ല. വളരെ ശുഷ്കമായ അക്കാദമിക് സംസ്കാരമാണു് കേരളത്തിലുള്ളതു്. യൂറ്യോപ്യൻ മാതൃകയിൽ കാണുന്നതു പോലുള്ള ഒരു അക്കാദമിക് സമൂഹം കേരളത്തിലില്ല. നമ്മുടെ കലാലയങ്ങളിലാവട്ടെ അക്കാദമിക് സംസ്കാരം വളരാനുള്ള സാഹചര്യവും ഇല്ല. സ്ക്കൂൾ കോളേജ് അദ്ധ്യാപകരെ സംബന്ധിച്ചു പറയുകയാണെങ്കിൽ ഉദരംഭരികള ല്ലാത്ത ഒരു ന്യൂനപക്ഷം, സാഹിത്യമണ്ഡലത്തിന്റെയും രാഷ്ട്രീയമണ്ഡലത്തിന്റെയും ആകർഷണവലയത്തിലാണു്. സാധാരണഗതിയിൽ നോക്കിയാൽ തന്നെ കാലഹരണപ്പെട്ടതും ഭാവനാരഹിതവുമായ പഠനസംപ്രദായത്തിന്റെ ഭാരത്താൽ അമർന്നുപോയവരും ബൗദ്ധികയത്നങ്ങൾ സാഹസികമോ വിപ്ലവാത്മകമോ അല്ലെങ്കിൽ തലതിരിഞ്ഞതോ ആയ എന്തോ കാര്യമാണെന്നു് ധരിച്ചവരുമായ ശുദ്ധാത്മാക്കളാണു് നമ്മുടെ വിദ്യാമന്ദിരങ്ങളിൽ കുടികൊള്ളുന്നതു്. സർവ്വകലാശാലകളിലെ ശുഷ്കമായ അക്കാദമിക്താത്പര്യങ്ങൾ മിക്കതും ഔദ്യോഗികാഭ്യുദയകാംക്ഷികളുടെ സംരംഭങ്ങളായി മാറുകയാണു് ചെയ്യുന്നതു്. അവിടെപ്പോലും ഒരു ഔദ്യോഗികാഭ്യുദയത്തിനു് അക്കാദമിക് മികവിനേക്കാൾ ജാതി-മത-രാഷ്ട്രീയമണ്ഡലങ്ങളിൽ അക്കാദമിക്കുകൾക്കുള്ള സ്വാധീനമാണു് നിർണ്ണായകശക്തി യാവുന്നതു്. കേരളത്തിലെ സർവ്വകലാശാലകളിൽ വി.സി.മാരെ നിർണ്ണയിക്കുന്ന രീതി തന്നെ നല്ല ദൃഷ്ടാന്തം.

അക്കാദമിക് രംഗമടക്കമുള്ള ഔദ്യോഗികമേഖലകളിൽ നിന്നു് ബുദ്ധിജീവിയുടെ ഉദയത്തെ പ്രതീക്ഷിക്കാൻ ദുസ്സാധ്യമായ വിധം അങ്ങേയറ്റം ഘടനാവത്കൃതമാണു് ഔദ്യോഗികമണ്ഡലങ്ങൾ എല്ലാം. അച്ചടി-ഇലക്ട്രോണിക് മാധ്യമങ്ങളിൽ വർത്തിക്കുന്ന ബുദ്ധിജീവികളെ സംബന്ധിച്ചും ഇതു ശരിയാണു്. അവർക്കു് സ്വതന്ത്രമായ ആത്മാവിഷ്ക്കാരത്തോടെ വളരാൻ സാഹചര്യം ഇല്ലെന്നു മാത്രമല്ല, തങ്ങളുടെ മേഖലയിൽ അവശ്യം ആവശ്യമായ സൂക്ഷ്മവും നിഷ്കൃഷ്ടവുമായ ഔദ്യോഗികത അവരുടെ ഔദ്യോഗികമായ ഉയർച്ചയെ നിർണ്ണയിക്കാൻ ഇട നൽകാത്തവണ്ണം കച്ചവടതാത്പര്യത്തിന്റെയോ, സ്ഥാപനത്തിനകത്തെ അധികാര താൽപര്യങ്ങളുടെയോ ആജ്ഞാനുവർത്തികളാകാൻ സമ്മർദ്ദമേൽക്കുന്നവരാണവർ.

images/nissar-bujee-08.png

കാര്യനിർവ്വഹണശേഷിയിലും ഫലക്ഷമതയിലും ഊന്നുന്ന ഔദ്യോഗികതയുടെ സാന്നിദ്ധ്യം കേരളത്തിലെ ഔദ്യോഗികരംഗത്തു് അനുഭവപ്പെടാത്തതിനു ഒരു കാരണം ഏതായാലും ജാതി-മത-രാഷ്ട്രീയ മണ്ഡലങ്ങളിൽ നിന്നുള്ള ശക്തി പ്രസരണമാണു്. നല്ല സാമ്പത്തികസംസ്കാരം പോലും നമുക്കില്ലാത്തതിന്റെ കാരണവും അതാകാം. മറ്റു പ്രകാരത്തിൽ അനഭിലഷണീയമാണു് മുരത്ത ഔദ്യോഗികതയും പ്രബലമായ സാമ്പത്തികസംസ്കാരവും എന്നു ഓർക്കുമ്പോൾ, എത്ര പിന്നോക്കമാണു് സാംസ്കാരികമായി കേരളീയർ—ഉയർന്ന സാമൂഹികവികസനം നേടിയവരെന്നു് പാശ്ചാത്യർ വിശേഷിപ്പിക്കുന്ന കേരളീയർ—എന്നു് നമുക്കു് ആശ്ചര്യപ്പെടാൻ വകയുണ്ടു്. കാരണം തികച്ചും ആധുനികമായ ഔദ്യോഗികതയും പ്രബലമായ സാമ്പത്തിക സംസ്കാരവും സാമൂഹികജീവിതത്തിന്റെ സ്വഭാവങ്ങളാവുന്നതിൽ നിന്നു ബഹുദൂരം പിന്നിൽ നിൽക്കുന്ന കേരളീയർ പോസ്റ്റ് മോഡേണിസ്റ്റുകാർക്കു് ആഹ്ലാദിക്കാവുന്ന ഒരു ജാതി-മത-രാഷ്ട്രീയ-ചെറുകിട മുതലാളിത്ത സംസ്കാരത്തിന്റെ വൈരുദ്ധ്യാത്മക കൂട്ടുകെട്ടിനകത്താണു്.

തനിക്കു ചുറ്റുമുള്ളവരെ ഉദ്ബുദ്ധരാക്കാൻ സ്വയം നിയുക്തമായ ദൗത്യം ഏറ്റെടുക്കുന്ന ബുദ്ധിജീവി ആ മനുഷ്യരെപ്പോലെത്തന്നെ ഒരു പ്രത്യേക സംസ്കാരത്തിന്റെ തടവറയിലായിരിക്കാം. അതയാൾ മറ്റുള്ളവരെപ്പോലെത്തന്നെ തിരിച്ചറിഞ്ഞില്ലെന്നുവരാം. ബുദ്ധിജീവികൾ നമുക്കിടയിലുണ്ടെന്നു് സാധാരണക്കാരായ നാം അംഗീകരിക്കുകയാണെങ്കിൽ, നമ്മെ വിമുക്തരാക്കാനുള്ള അർഹത കൈവരിക്കാൻ അവർ ആദ്യമായി ചെയ്യേണ്ടതു് സ്വന്തം തടവറയുടെ സുരക്ഷിതത്വം കൈവെടിയുകയാണു്. നമ്മെയൊക്കെ വെറും, സാധാരണക്കാരാക്കുന്നതു് നാമെല്ലാം സ്വന്തം സംസ്കാരങ്ങളുടെ തടവറകളിലാണെന്നതത്രെ. ബുദ്ധിജീവികളെ നാം ശ്രവിക്കുകയും ആദരിക്കുകയും ചെയ്യണമെങ്കിൽ അവർ നമ്മെപ്പോലെ പാരമ്പര്യങ്ങളുടെയും സംകുചിത താത്പര്യങ്ങളുടെയും ബന്ധനത്തിൽ ആയിരിക്കരുതു്. അതുകൊണ്ടു് ബുദ്ധിജീവികൾ സ്വയം മോചിതരാവുകയോ അല്ലെങ്കിൽ നമ്മൾ ബുദ്ധിജീവികളെ മോചിപ്പിക്കുകയോ ചെയ്യേണ്ടതു് ആവശ്യമായിത്തീർന്നിരിക്കുന്നു. ബന്ധനസ്ഥനായ പ്രൊമിത്യൂസിന്റെ പ്രതിബിംബം പിൻതുടർന്നു് മാർക്സു് തൊഴിലാളികളെ യന്ത്രബന്ദിയായി ചിത്രീകരിച്ചിട്ടുണ്ടായിരുന്നു. തൊഴിലാളിവർഗ്ഗത്തിന്റെ മോചനം മനുഷ്യരാശിയുടെയും മോചനമായിരിക്കുമെന്നു് അദ്ദേഹം വിശ്വസിച്ചു. അത്തരമൊരു അവസ്ഥയിലാണോ ആധുനികബുദ്ധിജീവി? അയാൾ പാരമ്പര്യങ്ങളുടെയും മാധ്യമങ്ങളുടെയും ബന്ദിയാണോ? അങ്ങനെയാണെങ്കിൽ നമ്മുടെ അവസാനത്തെ പ്രത്യാശ ബുദ്ധിജീവിയുടെ മോചനം ആയിരിക്കും. പക്ഷേ അതിനു തയ്യാറാവേണ്ടതു് നാം തന്നെയായിരിക്കും എന്നതിനാൽ ബുദ്ധിജീവികളേക്കാൾ ഉത്തരവാദിത്തബോധം നമുക്കുണ്ടാവേണ്ടിയിരിക്കുന്നു. നേരെമറിച്ച് ഈ അവസ്ഥയിലല്ല ബുദ്ധിജീവിയെന്നും ആധുനികോത്തരമായ ഒരു പരിണാമത്തിനു് അയാൾ വിധേയമായിക്കൊണ്ടിരിക്കുകയാണെന്നും വിശ്വസിക്കാനാണു് നാമിഷ്ടപ്പെടുന്നതെങ്കിൽ, നമുക്കിടയിൽ തന്നെ സാംസ്കാരികമായും പ്രതീകാത്മകമായും സവിശേഷാനുകൂല്യങ്ങൾ നേടാൻ ശ്രമിക്കുകയും നേടുകയും ചെയ്യുന്ന വിഭാഗങ്ങളിൽ ഒന്നിനെ കുറിക്കാനുള്ള ഒരു പദം മാത്രമായി അവശേഷിക്കും ‘ബുദ്ധിജീവി’.

images/nissar-bujee-09.png

സായാഹ്ന പ്രസിദ്ധീകരിക്കുന്ന ‘ഒരു സാമൂഹിക കാഴ്ചപ്പാടിൽ നിന്നു്’ എന്ന പുസ്തകത്തിലെ രണ്ടദ്ധ്യായങ്ങളാണു് ഈ ലേഖനത്തിന്റെ രണ്ടു ഭാഗങ്ങളായി പ്രസിദ്ധീകരിച്ചതു്.

ബുദ്ധിജീവികൾക്കു് എന്തു സംഭവിച്ചു? (ഭാഗം I)

നിസാർ അഹമ്മദ്
images/nisar.jpg

ഒരു പക്ഷെ ആദ്യത്തെ ഉത്തരാധുനികരിൽ ഒരാൾ. ജീവിക്കേണ്ടതു് സ്വന്തം ആഗ്രഹങ്ങളനുസരിച്ചാണോ അതോ സാമൂഹികമായാണോ എന്നു് വ്യക്തമല്ലാതിരുന്ന, സ്വത്വ പ്രതിസന്ധികളാൽ ബാധിക്കപ്പെട്ട കാലത്തു് അദ്ദേഹം മദ്രാസിലേയ്ക്കു് പോയി. സാമ്പ്രദായിക ജീവതശൈലി ഉപേക്ഷിച്ചു് പഠനങ്ങളിൽ മുഴുകി. എം. ഗോവിന്ദനോടൊപ്പം അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളിൽ പങ്കുകൊണ്ടു. പഠന സൗകര്യങ്ങൾ തേടി അദ്ദേഹം കാണ്‍പൂർ ഐ ഐ ടി യില്‍ ചേര്‍ന്നു് തത്ത്വചിന്തയിൽ പിഎച്ച്ഡി നേടി. തൊഴിലന്വേഷിക്കാത്തതുകൊണ്ടു് കുറേ കാലം തൊഴിലില്ലാതെ ജീവിച്ചു. യു ആര്‍ അനന്തമൂര്‍ത്തി എം ജി യൂനിവേഴ്സിറ്റിയിൽ ഉണ്ടായിരുന്ന സമയത്തു് അദ്ദേഹം തുടങ്ങിവെച്ച സ്കൂള്‍ ഓഫ് സോഷ്യൽ സയൻസിൽ നിസാർ അദ്ധ്യാപകനായി ചേര്‍ന്നു. പിന്നീടു് കാലടി സംസ്കൃത സർവ്വകലാശാലയില്‍നിന്നു് തത്ത്വചിന്താ വിഭാഗം തലവനായി പിരിഞ്ഞു.

നിരവധി ലേഖനങ്ങള്‍, പേര് വെയ്ക്കാത്ത ഗ്രന്ഥങ്ങള്‍, പ്രഭാഷണങ്ങൾ… ഇവയിലൂടെ പ്രസരിച്ച അദ്ദേഹത്തിന്റെ ചിന്തകൾ ഇന്നത്തെ ബൗദ്ധിക ലോകത്തു്, പ്രത്യേകിച്ചും കേരളത്തിന്റെ, വ്യക്തതയുടെ വെളിച്ചമായി നിലനില്ക്കുന്നു.

ചിത്രങ്ങൾ: വി. മോഹനൻ

Colophon

Title: Budhijeevikalkku Enthu Sambhavichu? II (ml: ബുദ്ധിജീവികൾക്കു് എന്തു സംഭവിച്ചു? II).

Author(s): Nissar Ahmed.

First publication details: Sayahna Foundation; Trivandrum, Kerala; 2020-07-31.

Deafult language: ml, Malayalam.

Keywords: Article, Nissar Ahmed, Budhijeevikalkku Enthu Sambhavichu? II, നിസ്സാർ അഹമ്മദ്, ബുദ്ധിജീവികൾക്കു് എന്തു സംഭവിച്ചു? II, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 13, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: The Thinker by Rodin located at the Musée Rodin in Paris, a photograph by AndrewHorne . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.