ഭാരതത്തിന്റെ പൗരാണികതയിൽ ഉടലെടുത്ത ഒരാശയമുണ്ടു്. സത്യമായുള്ളതു് മംഗളകരവും സുന്ദരവുമായിരിക്കും. സത്യം ശിവം സുന്ദരം! തത്വജ്ഞാനപരമായി ഈ മൂന്നുവാക്കുകൾ ജീവിതത്തിന്റെ ആഴങ്ങളിലേക്കു തന്നെ വെളിച്ചം വീശുന്നവയാണെന്നു് പറയാം. ഇവിടെ ഞാൻ ലാഘവത്തോടെ ഈ വാക്കുകളെ കടം കൊള്ളുകയും ഉപരിപ്ലവമായ രീതിയിൽ തിരിച്ചിടുകയുമാണു; സുന്ദരമായ ഒരുകാഴ്ചയെ അവതരിപ്പിക്കാൻ. ആ കാഴ്ചയിൽ മംഗളങ്ങൾ ഉൾച്ചേർന്നിരിക്കുന്നു എന്നും അതിലെന്തെല്ലാമോ നേരുകളുണ്ടെന്നതും എന്റെ ഭാവന മാത്രമായിരിക്കാം.
ലോകത്തെ മഹാമാരി ബാധിക്കുകയും ജനം പുറത്തിറങ്ങാൻ ഭയക്കുകയും (ഞാനും ആ ഭയത്തിൽ തന്നെ) ചെയ്യുന്ന അസാധാരണമായ ഈ കാലത്തു് ഒട്ടും നിനച്ചിരിക്കാതെ ഒരു യാത്ര പോകാൻ ഇട വന്നു. സുന്ദരമായ ഒരു മലമ്പ്രദേശത്തേയ്ക്കു്. തിരുവനന്തപുരത്തുനിന്നു് കാറിൽ പോകുമ്പോൾ രണ്ടുമണിക്കൂറിലേറെ ദൂരമുണ്ടു് (ഏകദേശം 99 കി. മീ.). നെടുമങ്ങാടു് വന്നു് കുളത്തൂപ്പുഴ കടന്നു് ആര്യങ്കാവിൽ (തമിഴ്‌നാടിന്റെ ബോർഡർ അടുത്താണു്) ചെന്നു് സെന്തുരുണിക്കാട്ടിലേക്കു തിരിഞ്ഞു് കാട്ടുവഴിയിലൂടെ പോകണം. മല കയറുകയാണു്, കയറ്റമാണെന്നു് വലിയതായി അറിയാതെ. കൊല്ലത്തുനിന്നു വരുന്നതു് പുനലൂർ ചെങ്കോട്ട റൂട്ടിൽ ആര്യങ്കാവിൽ എത്തി മല കയറിയാണു് (ഏകദേശം 95 കി. മീ.). പന്ത്രണ്ടു കിലോമീറ്ററിലേറെ നീണ്ടുകിടക്കുന്ന വനപ്രദേശത്തു് തുടക്കത്തിൽ ചില വീടുകളും തോട്ടങ്ങളുമുണ്ടു്. അതുകഴിഞ്ഞു് കുറച്ചുദൂരം വനംവകുപ്പിന്റെ തേക്കിൻ തോട്ടമാണു്. അതു് സ്വാഭാവിക വനമായ സെന്തുരുണിക്കാട്ടിൽ ചേരുന്നു.
കാറിലും ബസ്സിലും യാത്ര ചെയ്യുന്നതു് എനിക്കു് വലിയ ബുദ്ധിമുട്ടാണു്. യാത്രച്ചൊരുക്കു് എന്നോ ട്രാവൽ സിക്ക്നെസ്സ് എന്നോ ഒക്കെ പറയുന്ന മഹാവിഷമം എന്നെ അവശയാക്കാറുണ്ടു്. തിരുവനന്തപുരത്തുനിന്നു് കുളത്തൂപ്പുഴ എത്തുമ്പോഴേക്കു തന്നെ എന്റെ സ്ഥിതി മോശമായിരുന്നു. കുളത്തുപ്പുഴയിലെ ‘മുടിപ്പിൻ വളവുകൾ’ എന്നെ അവശയാക്കിയാണു് ആര്യങ്കാവിൽ എത്തിച്ചതു്. അവിടെ വച്ചു് ഞങ്ങളെപ്പോലെ ഒരു കൊച്ചു സംഘം കൊല്ലത്തുനിന്നു് ഞങ്ങളെത്തുമ്പോഴേക്കു് അവിടെ എത്തുമെന്നും ഒപ്പം ചേരുമെന്നും ധാരണയുണ്ടായിരുന്നു. ഭാഗ്യത്തിനു അവർ എത്തിയില്ലായിരുന്നു. അതുകൊണ്ടു് ഞങ്ങൾക്കു് അവരെ കാത്തുനിൽക്കേണ്ടി വന്നു. അവർ വാക്കു തെറ്റിച്ചതു് എന്റെ ഭാഗ്യം… ഭാഗ്യാതിരേകം!
അങ്ങനെ ആര്യങ്കാവിൽ കുറെ വന്മരങ്ങളുടെ കുളിർമയുള്ള തണലിൽ പതിയെ ഞാൻ സുഖം പ്രാപിച്ചുകൊണ്ടിരുന്നു. മുക്കാൽ മണിക്കൂറോളം നീണ്ട ആ കാത്തിരുപ്പു് കൊണ്ടു് എനിക്കു് ജീവൻ ഏതാണ്ടു് തിരിച്ചുകിട്ടി. ഒടുവിൽ കൊല്ലത്തുകാർ വരികയും ഞങ്ങൾ കാട്ടിലേക്കുള്ള പാതയിൽ യാത്ര തുടങ്ങുകയും ചെയ്തു. ആരംഭത്തിലുള്ള ചെക്ക് പോസ്റ്റ് തടസ്സമോ ചോദ്യങ്ങളോ ഇല്ലാതെ കടന്നതിനു കാരണം ഞങ്ങളുടെ ടീം ലീഡർക്കു് ആ പ്രദേശവുമായി ഉള്ള ദീർഘ—സുദൃഢ ബന്ധമാണു്.
ആ കാട്ടുവഴി എന്നെ വല്ലാതെ മോഹിപ്പിച്ചു. (ഒന്നാ വനത്തിലെ കാഴ്ച കാണാൻ/എന്നെയും കൂടൊന്നു കൊണ്ടുപോകൂ എന്നു് ചന്ദ്രിക രമണനോടു പറഞ്ഞതു് ഓർമയിൽ വന്നു, കാടിനോടു് ആകർഷണം തോന്നിയാൽ ആരും അങ്ങനെ പറഞ്ഞു പോകും). തുടക്കത്തിലെ ടീക്ക് പ്ലാന്റേഷൻ പോലും നന്നായിത്തോന്നി. സ്വാഭാവിക വനത്തിലെത്തുമ്പോഴേക്കു് സംഗതി മാറി. മനുഷ്യനുണ്ടാക്കിയ എയർ കണ്ടീഷനിംഗ് എവിടെ, പ്രകൃതിയുടെ എയർ കണ്ടീഷനിംഗ് എവിടെ? താരതമ്യമില്ല, താരതമ്യപ്പെടുത്തിക്കൂടാ. അങ്ങിങ്ങായി വശങ്ങളിൽ കണ്ട പാറകളിലെ കിനിവും വഴിക്കു കുറുകെ കടന്നു പോകുന്ന നീർച്ചാലുകളും മനസ്സിനെ തണുപ്പിച്ചുകൊണ്ടിരുന്നു. കല്ലിന്റെ ഉള്ളിൽ നിന്നും കല്ലിന്റെ പുറത്തുകൂടിയും ഉള്ള നീരൊഴുക്കുകൾ. (ഒരിക്കൽ ഒരു ജലശാസ്ത്രജ്ഞനും മറ്റൊരിക്കൽ ഒരു ഫിസിക്സ് പ്രൊഫസറും പറഞ്ഞു കേട്ടതിൽ നിന്നു് ഞാൻ മനസ്സിലാക്കിയ ഒരു കാര്യം ഇവിടെ പരാമർശിക്കാൻ തോന്നുന്നു. കാട്ടുനീരൊഴുക്കുകളുടെ ബലതന്ത്രമാണതു്. പൗരാണികമായ പാറകൾക്കുള്ളിലൂടെ മഴവെള്ളം എത്രയോ കാലംകൊണ്ടു് താഴ്‌ന്നതു് ഭൂമിയിലേക്കു് ഇറങ്ങലുണ്ടു്, ഉറവ പൊട്ടലുണ്ടു്. ഉപരിതലത്തിലൂടെ ഒഴുകുന്ന നീർച്ചാലുകളോടൊപ്പം തന്നെ. എല്ലാം കൂടിയാണു ആറുകളാകുന്നതു്. തീരത്തു് മണൽ നിക്ഷേപിക്കുന്നതും കടലിലോട്ടു് പ്രവഹിക്കുന്ന ജലശക്തികൊണ്ടു് തീരത്തെ കടലിൽ നിന്നു് സംരക്ഷിക്കുന്നതും ഈ ആറുകളാണു്. മലകളുടെ ഈ പങ്കു വകവയ്ക്കാതെയാണു് അല്ലെങ്കിൽ ഗ്രഹിക്കാതെയാണു് ഈ നാട്ടിൽ മലകളെ അപ്രത്യക്ഷമാക്കിക്കൊണ്ടിരിക്കുന്നതു്).
വഴിക്കു കുറുകെ നീർച്ചാലുകൾ കടന്നുപോകുന്നതു് ചപ്പാത്തുകൾക്കു് (sub-path ആണത്രെ മലയാളീകരിച്ചു് ചപ്പാത്തു് ആയതു്, നമ്മുടെ നാട്ടിൽ പലയിടങ്ങളിലും ചപ്പാത്തുകൾ കാണാറുണ്ടല്ലൊ) മീതേക്കൂടിയാണു്. വാഹനങ്ങളൊന്നും തന്നെയെന്നു പറയാം വഴിയിൽ കണ്ടില്ല. കോവിഡ് നിയന്ത്രണങ്ങൾ കൊണ്ടാണെന്നു് ടീം ലീഡർ സൂചിപ്പിച്ചു. സവാരിക്കിറുക്കന്മാരായ ധാരാളം ചെറുപ്പക്കാർ മോട്ടാർസൈക്കിളുകളിൽ പറന്നു കയറുകയും—ഇറങ്ങുകയും—ചെയ്യുന്ന വഴിയാണത്രെ അതു്. രാവിലെയും വൈകുന്നേരവും ഓരോ കെ. എസ്. ആർ. ടി. സി. ബസ്സുകൾ സർവീസ് നടത്തുകയും ചെയ്യുന്നുണ്ടു്. അപൂർവം സ്വകാര്യ ജീപ്പുകളും മറ്റു വാഹനങ്ങളും ആവഴിയേ ഓടാറുമുണ്ടു്. തരക്കേടില്ലാത്ത വഴിയാണെങ്കിലും (കുറച്ചുകാലം മുമ്പു വരെ വളരെ മോശമായിരുന്നുവത്രെ) മെച്ചപ്പെടാനുണ്ടു്.
ഞങ്ങൾ കയറിച്ചെന്നതു് പശ്ചിമഘട്ടത്തിന്റെ പടിഞ്ഞാറു വശത്തായി മലകൾക്കിടയിൽ സ്ഥിതിചെയ്യുന്ന ഒരു താഴ്‌വരയിലേക്കാണു്. ഒരു ഇക്കോ-ടൂറിസം സ്പോട്ട് ആയ റോസ് മല. ആ പേരു വരാൻ റോസാപ്പു വിടർന്നതു പോലെയുള്ള അതിന്റെ കിടപ്പാണെന്നു പറയുന്നവരുണ്ടു്. അതല്ല പണ്ടു് അവിടത്തെ പ്രധാനിയായിരുന്ന സായ്പിന്റെ ഭാര്യയുടെ പേരാണതിനാധാരം എന്നും ചിലർ പറയുന്നു. ഈ അഭിപ്രായങ്ങളേക്കാൾ സ്വീകാര്യമായിത്തോന്നിയതു് മറ്റൊരു വസ്തുതയാണു്. ഈ മലകണ്ടെത്തി ഏലം കൃഷി ചെയ്തതു് റോസ്സ് (Ross) എന്ന ഒരു സായ്പാണു്. ചെറിയ വ്യത്യാസമല്ലേ ഉള്ളൂ rose-നും Ross-നും തമ്മിൽ. അതേതായാലും ഇന്ത്യയുടെ സ്വാതന്ത്യലബ്ധിയോടെ മലമുകളിലെ അറുന്നൂറിലേറെ ഏക്കർ കൃഷിഭൂമി എം. എം. കെ. എന്നൊരു വ്യക്തിക്കു് കൈമാറി റോസ്സ് സായ്പു് സ്വന്തം നാട്ടിലേക്കു പോയത്രെ.
തുടർന്നു് ഇ. എം. എസ്സിന്റെ ഭരണകാലത്തു് റോസ് മലയിലെ എം. എം. കെ.-യുടെ ഭൂമി സർക്കാർ മിച്ചഭൂമിയായി ഏറ്റെടുക്കുകയും അന്നവിടെ താമസിച്ചിരുന്നവർക്കും സ്വന്തമായി ഭൂമി ഇല്ലാത്ത പുറം പ്രദേശക്കാർക്കും ഒരേക്കർ വീതം പതിച്ചു നൽകുകയും ചെയ്തുവത്രെ. അങ്ങനെ റോസ് മല സമൃദ്ധമായ കൃഷിഭൂമിയായി മാറി. കാലക്രമേണ കുരുമുളകും ഇഞ്ചിയും വാഴയും നിറഞ്ഞ റോസ് മലയുടെ ഭാഗങ്ങൾ മനുഷ്യന്റെ ആർത്തിക്കു വഴങ്ങി റബറിനു വഴിമാറി. പണ്ടുണ്ടായിരുന്ന ജോലിക്കാരുടെ പിന്മുറക്കാരും അതിലേറെ കുടിയേറിയവരും ഒക്കെയായി കുറെപ്പേർ റോസ് മലയിൽ ഇപ്പോഴും താമസമുണ്ടു്. അവർക്കിടയിൽ ഗ്രാമീണമായ ഒരു സൗഹാർദ്ദം ഇനിയും മാഞ്ഞിട്ടില്ല. പുല്ലുമേഞ്ഞ ചെറുവീടുകളിലായിരുന്നു പണ്ടു് ആളുകൾ താമസിച്ചിരുന്നതു്. (പുല്ലുമേയാൻ അറിയുന്നവർ ഇന്നു് ഇല്ല). ഇന്നും ചെറുവീടുകൾ തന്നെയാണവിടെ ഉള്ളതു്. കുറെപ്പേർക്കു് സർക്കാർ പട്ടയം കൊടുത്തിട്ടുണ്ടു്. കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടിയാണു ആളുകൾ റോസ് മല വിടുന്നതു് എന്നു് അറിയാൻ കഴിഞ്ഞു.
അങ്ങനെ സ്ഥലം വിട്ടു് ആര്യങ്കാവിൽ താമസമാക്കിയ ഒരു കുടുംബത്തിന്റെ രണ്ടു കൊച്ചുമുറികളുള്ള വീടു് ഞങ്ങളുടെ ടീം ലീഡർ കുറച്ചുനാളായി വാടകയ്ക്കു് എടുത്തിട്ടുണ്ടു്. ഞങ്ങൾ അവിടേക്കാണു് ആദ്യം ചെന്നതു്. കനത്ത മഴയുണ്ടായിരുന്നു ആ ഉച്ചക്കു്. അപ്പോഴേക്കു് എന്റെ അസ്വസ്ഥത ഒരുവിധം മാറിയിരുന്നു. ഞങ്ങൾ കരുതിയിരുന്ന ഭക്ഷണം കഴിച്ചു് കുറച്ചുനേരം ഇരുന്നു് മഴ അൽപമൊന്നു ശമിച്ചപ്പോൾ മിക്കപേരും കാറിൽ കയറി സ്ഥലമൊന്നു ചുറ്റിക്കണ്ടു് തിരിച്ചുപോയി. ഞാൻ ആ വീട്ടിൽ വീട്ടുകാരോടൊപ്പം തങ്ങി. പിറ്റേന്നു് തിരുവനന്തപുരത്തേക്കു് തിരിച്ചുപോരാം എന്നു കരുതി. ഇറങ്ങുമ്പോൾ ഒന്നു ചുറ്റിക്കാണാം എന്നായിരുന്നു പ്ലാൻ. അതുകൊണ്ടു് ആദ്യം കാണാൻ ഇറങ്ങിയവരുടെ കൂടെ ഞാൻ കൂടിയിരുന്നില്ല.
പക്ഷേ, പിറ്റേന്നു് പുലർന്നപ്പോൾ മഴയില്ല. തെളിഞ്ഞ കാലാവസ്ഥ. തണുപ്പുകലർന്ന വെയിൽ. എനിക്കു് രണ്ടു ദിവസമെങ്കിലും അവിടെ തുടർന്നാൽ കൊള്ളാം എന്നായി. ഞങ്ങൾ വർത്തമാനം പറഞ്ഞും ഒരുമിച്ചു പാചകം ചെയ്തും മുറ്റത്തു് വെയിൽ കാഞ്ഞും വീട്ടിൽ കൂടി. കുട്ടിക്കാലത്തേക്കു് മടങ്ങിയ പോലെയാണു് തോന്നിയതു്. ഉൾനാടൻ ഗ്രാമജീവിതം. പാലക്കാടു് ഞാൻ വളർന്നഗ്രാമത്തിൽ നിന്നു് നോക്കിയാൽ വടക്കും തെക്കും മലനിര കാണാമായിരുന്നു, കുറച്ചകലെയായിട്ടു്. റോസ് മലയുടെ മുകളിൽ രൂപപ്പെട്ട ഗ്രാമമാകട്ടെ മലമടക്കുകൾക്കുള്ളിലാണു്. എന്റെ താമസം ഒരാഴ്ചയോളം നീണ്ടു. തിരികെപ്പോരുന്നതിന്റെ തലേന്നാണു് അവിടത്തെ പ്രധാന ആകർഷണകേന്ദ്രമായ വനം വകുപ്പിന്റെ വാച്ച് ടവർ കാണാൻ പുറപ്പെട്ടതു്. ടവറിൽ നിന്നു് തെന്മല ഡാമിന്റെ ജലപ്പരപ്പു് തടാകം പോലെ കിടക്കുന്ന മനോഹാരിത കാണാമെന്നറിഞ്ഞു. താഴെ ടിക്കറ്റ് കൗണ്ടറിനോടടുത്തു് കണ്ട ചെറിയ ചായക്കടയുടെ മുറ്റത്തു് ഒരു ചായയും കുടിച്ചു് വെറുതെ ഇരുന്നു. അവിടെ നിന്നു കണ്ട മലനിരയുടെ കാഴ്ച കൊണ്ടു് മനസ്സുനിറഞ്ഞു. ടവർ വരെ കയറിയില്ല. പിന്നീടു് മറ്റൊരവസരത്തിൽ കാണാമെന്നു് നിശ്ചയിച്ചു. കാരണം വീണ്ടും ചെല്ലും എന്നു തന്നെയായിരുന്നു എന്റെ മനസ്സ് പറഞ്ഞതു്.
റോസ് മലയിലെ ഒരാഴ്ച എനിക്കു് ഒരു പുതുജീവൻ കിട്ടിയ പ്രതീതി നൽകി. ഓക്സിജന്റെ ഉയർന്ന സാന്നിധ്യമായിരിക്കണം ആ ഉന്മേഷത്തിനു കാരണം. താഴെ കാടുകളിൽ ധാരാളം ഔഷധസസ്യങ്ങൾ ഉണ്ടെന്നു പരിചയപ്പെട്ട നാട്ടുകാർ പറഞ്ഞു. അവയുടെ ഔഷധപ്രസരം കൂടി വായുവിൽ കലർന്നിരിക്കണം. മയിൽ അടക്കമുള്ള പക്ഷികളുടെ സാന്നിധ്യവും ശബ്ദങ്ങളും ആ വായുവിൽ സംഗീതവും മൗനവും നിറച്ചു.
സെന്തുരുണിക്കാടുകളിൽ മരുന്നുകൾ മാത്രമല്ല ആനയും പുലിയും വലിയ സർപ്പങ്ങളും എല്ലാമുണ്ടു്. ഇവ പക്ഷേ, കാട്ടുവഴിയിൽ വന്നു് മനുഷ്യനെ ഉപദ്രവിച്ചതായി അറിവില്ല. മനുഷ്യനും മൃഗങ്ങളുമായുള്ള ഏറ്റുമുട്ടലുകളെ പറ്റി ഞാൻ ഇടയ്ക്കു് ഓർത്തു അപ്പോഴൊക്കെ ചട്ടമ്പി സ്വാമികളെയും ഓർമ്മ വന്നു. കാട്ടിലെ പുലിയോടു ന്യായം പറഞ്ഞുനിന്നതു്, പാമ്പിൻ കൂട്ടത്തെ വരിൻ മക്കളെ എന്നു വിളിച്ചുവരുത്തിയതു്… അവ വന്നു സ്വാമിയെ പൊതിഞ്ഞതു്, ഉറുമ്പിൻ പറ്റത്തെ വരിൻ മക്കളെ എന്നുപറഞ്ഞു് കാൽ പടത്തിൽ കയറ്റുകയും പൊടിയരി കൊണ്ടുവരുവിച്ചു് ഇനി പൊയി തിന്നോളാൻ പറഞ്ഞു് ഇറക്കിവിടുകയും ചെയ്തതു്…
കുറെ ദൃൿസാക്ഷി വിവരണങ്ങളുണ്ടു്. അങ്ങനെ വിശുദ്ധർ പലരുമുണ്ടു്, ജീവജാലങ്ങളോടു സംവദിച്ചവർ… അസ്സീസിയിലെ ഫ്രാൻസിസ്, ശ്രീനാരായണഗുരു, രമണമഹർഷി തുടങ്ങി ചില പേരുകൾ ഓർമ്മ വരുന്നു. പ്രകൃതിയിൽ പരസ്പര ധാരണകൾക്കു് സാധ്യതയുണ്ടു്.
ഇപ്പോൾ നമുക്കതിനു കഴിയുന്നില്ല എന്നു വേണം ചിന്തിക്കാൻ. അല്ലെങ്കിൽ ആ കഴിവു വളർത്തിയെടുക്കാനുള്ള കഴിവു നമുക്കില്ല. മനുഷ്യർക്കിടയിലുള്ള സംവേദനങ്ങൾ പോലും തടസ്സപ്പെട്ടു കിടക്കുകയല്ലേ? ആ തടസ്സങ്ങൾ വിട്ടുവീഴ്ചയില്ലായ്മകളായി യുദ്ധങ്ങളിലേക്കു പോലും നമ്മെ നയിക്കുന്നു.
ഇന്നത്തെ ലോകജീവിതത്തിന്റെ കാലുഷ്യങ്ങളെക്കുറിച്ചുള്ള ആധികൾക്കിടയിൽ റോസ് മലയിലെ പ്രകൃതിയോടു് കൃതജ്ഞത തോന്നി. അവിടത്തെ സൗന്ദര്യം ആന്തരികമായ സൗന്ദര്യാനുഭൂതിയായി പകർന്നു കിട്ടി. ആ അനുഭൂതി മംഗളകരമായി തോന്നി. അതു് പ്രകൃതിയുടെ കാരുണ്യഭവത്തിന്റെ സത്യം പ്രകാശിപ്പിച്ചു. സുന്ദരം… ശിവം… സത്യം…
മനുഷ്യൻ തകർത്തുകഴിഞ്ഞിട്ടില്ലാത്ത റോസ് മലയെപ്പോലുള്ള അനേകം തുരുത്തുകൾ കേരളത്തിൽ എന്നല്ല ഇന്ത്യയിലും ലോകത്തും കാണും. ഭൂമിതന്നെയായിരിക്കണം വേദപുസ്തകത്തിൽ പറയുന്ന പറുദീസ. പണ്ടു് സൃഷ്ടി, ഈ പ്രപഞ്ചം, മധുമയമായും ആനന്ദം നിറഞ്ഞതായും അനുഭവശാലികളായ പൗരാണികർ അറിഞ്ഞു എന്നു വെളിവാക്കുന്ന ഒരു മനോഹരമായ മധുമതീ സൂക്തം അഥവാ മധുമന്ത്രം (ഋഗ്വേദം) ഉണ്ടു്. അതു് ഇങ്ങനെ തുടങ്ങുന്നു:
മധു വാതാ: ഋതായതേ
മധു ക്ഷരന്തി സിന്ധവ…
കാറ്റുകളിൽ, ജലങ്ങളിൽ, മണ്ണിൽ എല്ലാം മധുരം കലരട്ടെ… എന്ന മോഹനമയ കവിതയായിട്ടാണു് ആ പ്രാർത്ഥന പ്രകാശിക്കപ്പെട്ടിരിക്കുന്നതു്. ഇങ്ങനെ അനുകൂലമായി നിൽക്കുന്ന പ്രകൃതിയെ ബലം പ്രയോഗിച്ചു് കീഴടക്കുക, ചൊൽപ്പടിക്കാക്കുക എന്ന ആഗ്രഹമായിരിക്കാം ആദ്യപാപം. ഓരോ തത്വവും ഗ്രഹിക്കുകയും അതിനെ നമ്മുടെ സുഖസൗകര്യങ്ങൾക്കുപയോഗിക്കുകയുമാണല്ലോ നാം ചെയ്യുന്നതു്. ചെയ്തുചെയ്തു് നാം പരിധികൾ ലംഘിച്ചിരിക്കുന്നു. അതുകൊണ്ടാവാം ഒരു വേള നമ്മുടെ വല്ലാതെ വളരുന്ന അഹന്തയെ നശിപ്പിക്കാൻ ഒരു ഇത്തിരിക്കുഞ്ഞൻ അണുവിനെ യഥേഷ്ടം വിഹരിക്കാൻ പ്രകൃതി അനുവദിക്കുന്നതു്!
മലയാളത്തിലെ പ്രശസ്തയായ കവയിത്രിയാണു് ഊട്ടുപുലാക്കൽ വേലുക്കുട്ടി ഉഷ എന്ന ഒ. വി. ഉഷ. കവിതകൾക്കു പുറമെ ചലച്ചിത്രങ്ങൾക്കു ഗാനങ്ങളും രചിച്ചിട്ടുണ്ടു്.
1948-നു് പാലക്കാടു് ജില്ലയിലെ മങ്കരയിലാണു് ഉഷയുടെ ജനനം. അച്ഛൻ വേലുക്കുട്ടി മലബാർ സ്പെഷ്യൽ പോലീസിൽ സുബേദാർ മേജർ ആയിരുന്നു. അമ്മ കമലാക്ഷിയമ്മ. മലയാളത്തിലെ പ്രശസ്തസാഹിത്യകാരൻ ഒ. വി. വിജയന്റെ സഹോദരിയാണു് ഒ. വി. ഉഷ.
ഡൽഹി സർവ്വകലാശാലയിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും ബിരുദാനന്തരബിരുദവും നേടി. ടാറ്റാ മക്ഗ്രോഹിൽ ബുക്ക് കമ്പനി, വികാസ് പബ്ലിഷിംഗ് ഹൗസ് എന്നീ പുസ്തകപ്രസാധനശാലകളിൽ എഡിറ്റോറിയൽ അസിസ്റ്റന്റ്, എഡിറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചു. കോട്ടയത്തു് മഹാത്മാഗാന്ധി സർവ്വകലാശാല ആരംഭിച്ചപ്പോൾ പ്രസിദ്ധീകരണവകുപ്പിൽ അദ്ധ്യക്ഷയായി നിയമിതയായി. ഇപ്പോൾ ശാന്തിഗിരി റിസേർച്ച് ഫൗണ്ടഷേനിൽ എഡിറ്റർ ആയി പ്രവർത്തിക്കുന്നു. 2000-ലെ ഏറ്റവും നല്ല ചലച്ചിത്രഗാനരചനയ്ക്കുള്ള സംസ്ഥാന സർക്കാർ അവാർഡ് ലഭിച്ചു.
(ചിത്രത്തിനും വിവരങ്ങൾക്കും വിക്കിപ്പീഡിയയോടു് കടപ്പാടു്.)