“മാനവാത്മാവിലെ കണ്ണീര്‍ക്കണത്തെ നീ
മാനിപ്പീലിപ്പോഴുമെന്നെന്നോ?”
—ഗായകനും ഗായകനും
ദുഃഖത്തോടും ദുഃഖിതനോടും അനുതാപം പ്രകടിപ്പിക്കൽ (empathise) എക്കാലത്തും ഭാരതീയ കവിതയുടെ ഒരു ഗുണവൈശിഷ്ട്യം (attribute) ആയിരുന്നു. ദുഃഖങ്ങളുടെയും സങ്കടങ്ങളുടെയും കൂടെയായിരുന്നു (ആവണം) കവി എന്ന ചിന്ത ആദികാവ്യമായ രാമായണവും രോദനത്തെ പിന്തുടരുന്നവനാണു് (രുദിതാനുസാരി) കവി എന്നു കാളിദാസനും പറഞ്ഞുവച്ചിട്ടുണ്ടല്ലോ. മാത്രമല്ല; അനുവാചകനിൽ അശ്രു പൊടിപ്പിക്കുന്നതാണു് യഥാർത്ഥ കവിത എന്നു രാമകഥയെത്തന്നെ മുൻനിർത്തി കാളിദാസൻ പറഞ്ഞുവയ്ക്കുന്നുണ്ടു്. കവിതകേട്ടു് ഏതെങ്കിലും രാജസഭ ഒന്നടങ്കം കരഞ്ഞുപോയിട്ടുണ്ടെങ്കിൽ അതു് രാമായണ ശ്രവണത്തിലൂടെയാണു്. ലവകുശന്മാരുടെ വാത്മീകി രാമായണ പാരായണം കേട്ടു്, പരിത്യക്തയായ സീതയോടും ലവകുശന്മാരോടും അനുതാപം പ്രകടിപ്പിച്ചു് രാമന്റെ നൃപസഭ അപ്പാടെ, കാറ്റില്ലാത്ത പ്രാതകാലത്തു് മഞ്ഞുവീഴുന്ന വനസ്ഥലീപോലെ അശ്രു പൊഴിച്ചുവത്രേ!
“തദ്ഗീതശ്രവണൈകാഗ്രാ
സംസദശ്രുമുഖീ ബഭൗ
ഹിമനിഷ്യന്ദനീ പ്രാതര്‍
നിർവാതേവ വനസ്ഥലി”
(രഘുവംശം 15/65) എന്നു കാളിദാസന്‍.
തന്റെ കവിതയിലുടനീളം അശ്രുവിനെ വിഭിന്നാർത്ഥങ്ങളിൽ വിന്യസിച്ചു കൊണ്ടും മനുഷ്യ ജീവിതത്തിന്റെ ബഹുതലസ്പര്‍ശിയായ വ്യവഹാരരംഗങ്ങളിൽ നിന്നു് അതിനെ തന്റെ കവിതയുടെ ഭൂമികയിലേക്കു പറിച്ചു നട്ടുകൊണ്ടുമാണു് അക്കിത്തം അച്യുതൻ നമ്പൂതിരി എന്ന കവി മലയാളകവിതയിൽ അനന്യത (uniqueness) കൈവരിക്കുന്നതു്. അശ്രുവാരാശിയിൽ മുങ്ങിത്താഴാനല്ല; അതിൽ നിന്നു് ഉയിർത്തെഴുന്നേല്‍ക്കാൻ വേണ്ടിയാണു് അക്കിത്തം തന്റെ കവിതയിൽ കണ്ണുനീരിനെ പ്രതിഷ്ഠിക്കുന്നതു്.
“കാണായതപ്പടി കണ്ണുനീരെങ്കിലും
ഞാനുയിര്‍ക്കൊള്ളുന്നു വിശ്വാസശക്തിയാല്‍”
എന്നു് കവി ‘പണ്ടത്തെ മേശാന്തി’യിൽ തന്റെ കവിതയുടെ അശ്രുപ്രസക്തിയെ പുരസ്കരിക്കുന്നുണ്ടു്.
തന്റെ അന്തരാത്മാവിൽ സൗരമണ്ഡലങ്ങൾ ഉയിർപ്പിക്കാൻ വേണ്ടി മാത്രമല്ല; മർത്ത്യജീവിതത്തിന്റെ സാകല്യസങ്കീർണ്ണതകളെ വേർതിരിച്ചെടുക്കാനുള്ള ഉപാധികൂടിയാണു് അക്കിത്തത്തിനു കണ്ണുനീർ. പി. കുഞ്ഞിരാമൻ നായരുടെ കവിതയിലെ കേരളീയ ഭൂപ്രകൃതിപോലെ, ഇടശ്ശേരിക്കവിതയിലെ നീതിബോധത്തെപ്പോലെ അക്കിത്തം കവിതയിലെ കണ്ണുനീർ ഇഴവേര്‍പെടാതെ ആദ്യന്തം തന്റെ കവിതയുടെ രാസത്വരകമായി (catalyst) വർത്തിക്കുന്നു. ധർമ്മചിന്തയാകട്ടെ, പ്രാപഞ്ചികമായ ആത്മീയതയാകട്ടെ, സുഖദുഃഖങ്ങളാകട്ടെ; തന്റെ ഗുരുകല്പനായ ഇടശ്ശേരിക്കു് സമാന്തരങ്ങൾ വിന്യസിച്ചുകൊണ്ടാണു് അക്കിത്തം എന്നും കവിതയിലൂടെ സഞ്ചരിച്ചതു്.
“ഹാ! രക്ഷയ്ക്കാത്മകർമ്മം ശരണം” എന്ന ധർമ്മബോധം ഇടശ്ശേരി പ്രകടിപ്പിച്ചാല്‍, (‘മാപ്പില്ല’) “നിന്നിലിപ്പൊഴും ധർമ്മാനുഷ്ഠാനത്വര പക്ഷേ, നിർവ്വിശങ്കമാണു്…” എന്നും (‘ആര്യന്‍’—കരതലാമലകം)
“കനത്ത ധർമ്മക്കുരിശൊറ്റയ്ക്കു ചുമക്കുവാന്‍
കരുത്താര്‍ജ്ജിച്ചെൻ മുതുകെല്ലൊന്നു
നിവർന്നോട്ടെ”
എന്നും (‘നാമം’—നിമിഷക്ഷേത്രം) അക്കിത്തം പറയും.
“നിനക്കാവില്ലൊളിക്കാനീ
പ്രപഞ്ചക്കാട്ടു ചോലയില്‍
തൊട്ടാൽ തൊട്ടതു നീലയ്ക്കും
നീലക്കല്ലാകെ കാരണം”
എന്നു് ഇടശ്ശേരി പറയുമ്പോൾ (‘ഉണ്ണിക്കൃഷ്ണനോടു്’)
“മൂകതാമധുരം നിന്റെ
മണിവേണൂക്തിവൈഖരി
ജഡാന്തരത്തിലും
ജീവസ്സിനെത്തട്ടിയുണർത്തവേ
പ്രതീചിയിൽ പ്രാചിയിലും
ചക്രവാളതടങ്ങളിൽ
പാതിപൊങ്ങിക്കാണുമാറുതെളിഞ്ഞും
മാഞ്ഞുമങ്ങനെ
മാറിമാറിത്തുടിപ്പൂ നിൻ
നാനാവർണ്ണച്ചിലമ്പുകൾ”
എന്നു് അക്കിത്തവും പറയും. (‘ആകാശത്തിന്റെ മക്കള്‍’—മധുവിധുവിനുശേഷം)
ഈ ഗതാനുഗതികത്വം, ഈ പാരസ്പര്യം, ഈ സമസർഗ്ഗദീക്ഷ, ഈ ദർശനം, ഈ ലോകവീക്ഷണം—ഇവയെല്ലാം തന്നെയാണു്.
“ഇടയ്ക്കു കണ്ണീരുപ്പുപുരട്ടാ-
തെന്തിനു ജീവിതപലഹാരം”
എന്നു് (‘അമ്പാടിയിലേക്കു് വീണ്ടും’) ഇടശ്ശേരി പറഞ്ഞുവെച്ചിടത്തുനിന്നു് ഉരുവം കൊണ്ട കണ്ണീരായി അക്കിത്തത്തിന്റെ കവിതയിലും രൂപം കൊണ്ടു് തന്റെ കാവ്യപ്രപഞ്ചത്തിന്റെ സകലകോണുകളിലും വ്യാപരിക്കുന്നതെന്നു കാണാം. എവിടെ കുഴിച്ചാലും കണ്ണീർ ലഭിക്കുന്ന ഈ പ്രാപഞ്ചിക ദർശനം മനുഷ്യന്റെ സ്ഥായീഭാവം ശോകമാണു് എന്നു തിരിച്ചറിയുന്നതിലൂടെ ലഭിക്കുന്നതത്രേ!
ജലഗന്ധ പുഷ്പാര്‍ച്ചനകൾ ചെയ്യേണ്ടുന്ന ശ്രാദ്ധക്കിണ്ടിയില്‍പോലും അക്കിത്തം കാണുന്നതു് ജലമല്ല; കണ്ണീരാണു്.
“കുക്ഷിയിലെന്തായിട്ടും
കൈവിടാൻ കഴിയാത്ത
ശിക്ഷയാം ശ്രാദ്ധക്കിണ്ടി;
കിണ്ടിയില്‍ക്കണ്ണീർ വെള്ളം”
എന്നു കവി ‘ബലിദർശന’ത്തില്‍!
മാത്രമല്ല;
“ഇതെന്താണസ്മൽ
ബാഷ്പബിന്ദുക്കളെല്ലാം കൂടി-
യിരമ്പിപ്പൊന്തും വെള്ളപ്പൊ-
ക്കമല്ലയോ ചുറ്റും!”
എന്നു കൂടി, അതേ കവിതയിൽ അദ്ദേഹത്തിന്റെ ഉദ്വേഗം തുടരുന്നുണ്ടു്.
അക്കിത്തത്തിനു ലോകമെന്ന സങ്കല്പം തന്നെ കണ്ണീരിൽ നിഴലിച്ചു കാണുന്നതെന്തോ അതാണു്.
“അശ്രുവിൽ നിഴലിച്ചു
കാണ്മതാമുലകിന്റെ-
യാഹ്ലാദക്ഷണങ്ങളാം
ഞങ്ങളീ നക്ഷത്രങ്ങള്‍”
എന്നദ്ദേഹം തന്റെ കന്നിസമാഹാരമായ ‘വീരവാദ’ത്തിൽത്തന്നെ പറയുന്നു (‘നക്ഷത്രചിന്ത’).
തന്റെ ആത്മാവിൽ സൗരമണ്ഡലങ്ങളുയിർപ്പിക്കുന്നതിനും അന്യരുടെ മനം അലിയിക്കുവാനും (“ഇനി ഞാനുറക്കെപ്പാടാം ഭദ്രേ! മനമലിയിച്ചിടും ഗീതം”—‘സംതൃപ്തി’—മധുവിധുവിനു ശേഷം) ആണു് അക്കിത്തം തന്റെ കവിതയിൽ അശ്രുവിനെ പലതരത്തിലും പല വിതാനത്തിലും വിന്യസിക്കുന്നതു്. പ്രത്യക്ഷത്തിൽ നാം കാണുന്ന നേത്രസ്രവത്തെ, അതു മാത്രമായല്ല അക്കിത്തം കാണുന്നതു്. സാധാരണ ഒരു കവി പറയുന്ന കണ്ണുനീരിനെക്കാൾ ആത്മീയാർത്ഥതലങ്ങളുള്ള ഒരു വിതാനത്തിലാണു് അക്കിത്തം തന്റെ ആർദ്രതയുടെ അശ്രുബിന്ദുക്കളെ പ്രതിഷ്ഠിക്കുന്നതു്.
ഭൗതികമായി കണ്ണുനീർത്തുള്ളി ഒരു വെള്ളത്തുള്ളിയോളമോ മഞ്ഞുതുള്ളിയോളമോ മാത്രമേ വരൂ. പക്ഷേ, അക്കിത്തത്തിന്റെ കണ്ണുനീര്‍, തന്റെ മനുഷ്യപക്ഷ ഭാഗധേയത്തിന്റെ ഉദാത്തസ്നേഹധാരയാൽ അതിന്റെ വ്യാസം ആകാവുന്നത്ര വർദ്ധിപ്പിക്കും. വ്യാസവർദ്ധനവു്, സ്വാഭാവികമായും അതിന്റെ വ്യാപ്തവും-വ്യാപ്തിയും വർദ്ധിപ്പിക്കുമല്ലോ.
പ്രകൃതി-പുരുഷ ദ്വന്ദ്വത്തിലധിഷ്ഠിതമായ കുടുംബം എന്ന വ്യവസ്ഥ, അല്ലെങ്കിൽ സാമൂഹ്യക്രമമാണു് ആദിമമനുഷ്യനിൽ (primitive man) നിന്നു് സംസ്കൃതമനുഷ്യനിലേക്കുള്ള (refined man) ആദ്യചുവടുവയ്പു്. നേടിയെടുക്കുമ്പോൾ മാറ്റു കുറഞ്ഞു പോകുന്ന മറ്റേതു ചരിത്രനേട്ടങ്ങളെയും പോലെ ഈ ആശയസ്വീകാര്യതയും ഇന്നത്തെ പുതിയ സാമൂഹ്യക്രമത്തിലോ കവിതാ പശ്ചാത്തലത്തിൽത്തന്നെയോ അത്രയേറെ പുതുമയൊന്നും അവകാശപ്പെടുന്നുണ്ടാവില്ല. ഏകപതി-പത്നി ബന്ധത്തിലധിഷ്ഠിതമായ കുടുംബം എന്ന പ്രതിഷ്ഠാപനത്തെ പുതിയ ലോകക്രമത്തിൽ അത്രത്തോളം മാറ്റുകൂടിയതായി ദര്‍ശിച്ചു് അക്കിത്തം ‘വാടാത്ത താമരയും കെടാത്ത സൂര്യനും’ എഴുതുന്നതു് തന്റെ യൗവനദശയിലാണു്.
വിവാഹത്തിലെ പാണിഗ്രഹണം എന്ന കർമ്മത്തെ മുൻനിർത്തി ‘മഞ്ചല്‍ക്കാര്‍’ (മാനസപൂജ) എന്ന കവിതയിലും ഏകപതി-പത്നിബന്ധമെന്ന മനുഷ്യകുലത്തിന്റെ സാംസ്കാരിക മുന്നേറ്റത്തെ ഇവ്വിധം കവി പുരസ്കരിക്കുന്നുണ്ടു്.
“ഒറ്റയ്ക്കു ചുമക്കുവാൻ ജന്തുവിന്നാകാ ഭാവി-
പ്പട്ടുമഞ്ചൽത്തണ്ടെന്നു നാമിപ്പോളറിയുന്നു.
ഇരുപേർ ചേർന്നാമഞ്ചൽ
പൊക്കുന്നവേർപ്പല്ലല്ലീ-
യിതഃപര്യന്തധ്രുവതാരമായസ്മല്‍ഭൂവില്‍?”
നേരത്തെ പറഞ്ഞുവച്ച വ്യാപ്തവിസ്തൃതികളേറുന്ന കണ്ണുനീരിലേക്കു തിരിച്ചുവരാം.
‘വാടാത്ത താമരയും കെടാത്ത സൂര്യനും’ എന്ന സുഘടിതവും സുദൃഢവും സുന്ദരവുമായ കവിതയിലെ
“തടമുലനെഞ്ചിലുടക്കി ദൃഢകരബന്ധമിണക്കി-
ച്ചുടുകനലുമ്മകളേകിശ്ശരണം തന്നവള്‍…”
ആയ കിരാതസ്ത്രീയുടെ ആദികിരാതനു മുന്നിലുള്ള ത്മസർപ്പണത്തിനൊടുവിലാണു് തന്റെ കവിതയിലെ കണ്ണുനീരിനു് അക്കിത്തം ഇങ്ങനെ വ്യാപ്തവും, (volume) വ്യാപ്തിയും, (reach) ഘനവും (density) നല്‍കുന്നതു്.
“അവളേല്‍ക്കും വരെ
നോവും നൂതനമധുരസമാധി-
യിലാണ്ടാന്‍
അനുനിമിഷം കനമേറിവരുന്നോ-
രശ്രു കണക്കാക്കാടന്‍”
(‘വാടാത്ത താമരയും കെടാത്ത സൂര്യനും’— മധുവിധുവിനുശേഷം)
വിന്യസിക്കാൻ സാധ്യത തെല്ലുമില്ലാത്തിടത്താണു് അക്കിത്തം തന്റെ കണ്ണുനീരിനെ (അങ്ങനെ തന്നെ പറയണമല്ലോ) ഉത്തുംഗപദത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നതു്. പുരുഷന്റെ ദുഃഖമേറ്റെടുക്കുന്ന പ്രകൃതിക്കുമേല്‍, അവന്റെ അതുവരെയുള്ള അശ്രുസഞ്ചയത്തെ മുഴുവൻ ഇങ്ങനെയല്ലാതെ എങ്ങനെയാണു് ഒരു കവി കൊട്ടിക്കുടയുക?
അനുവാചകൻ ഒട്ടും പ്രതീക്ഷിക്കാത്ത ഒരിടത്തു് അക്കിത്തം തന്റെ കണ്ണുനീരിനെ പ്രതിഷ്ഠിച്ചെന്നിരിക്കും. ഈ ഭൂമി തന്നെയും കനം വെച്ച ഒരു അശ്രുകണമാണു് അക്കിത്തത്തിനു്! ഭൂമിയ്ക്കുമേൽ അക്കിത്തം ആരോപിക്കുന്ന ഈ കണ്ണുനീരിന്റെ അന്വയം മനുഷ്യകുലത്തിന്റെ ഒട്ടാകെയുള്ള കദനത്തിന്റെയും സങ്കടങ്ങളുടെയും ആകത്തുകയുടെ അധ്യാരോപമല്ലാതെ മറ്റെന്താണു്? പ്രകൃഷ്ടമായ ‘ആകാശത്തിന്റെ മക്കളി’ലെ (മധുവിധുവിനു ശേഷം) ആ വരികളിങ്ങനെയാണു്.
“ഒരിക്കൽ നിൻ
തീവ്രതാപമടർന്നുരുകിവീഴവേ
അതിന്നുണ്ടായ പേരല്ലോ
ഭൂമിയെന്നതനന്തമേ!”
സ്രഷ്ടാവായ വിശ്വാത്മകന്റെ ഉള്‍ത്താപം തന്നെയാണു് കണ്ണുനീരായി ബഹിര്‍ഗമിച്ചടർന്നുവീണു്, ഭൂമിയായതെന്നവാദം ഒരുപക്ഷേ, ഭീമസ്ഫോടനസിദ്ധാന്തം (big bang theory) പോലുള്ളവ മുന്നോട്ടുവയ്ക്കുന്ന ശാസ്ത്രത്തിനു സ്വീകരിക്കാൻ കഴിഞ്ഞില്ലെങ്കിലും, അനുവാചകൻ മനുഷ്യദുഃഖ സഞ്ചയത്തെ മുൻനിർത്തി എങ്ങനെ സ്വീകരിക്കാതിരിക്കും?
‘നിത്യമേഘം’ കാളിദാസീയതയ്ക്കു മുന്നിൽ ചെറുതിരി കൊളുത്തി വച്ചുള്ള തൊഴുതു പിന്‍വാങ്ങലാണു്. അവിടെയും തന്റെ ചിരാര്‍ജ്ജിതവും ചിരപ്രതിഷ്ഠിതവുമായ അശ്രുവിനെ വിന്യസിക്കാൻ അക്കിത്തം മടി കാണിക്കുന്നില്ല.
“പ്രിയാ വിരഹദുഃഖത്തിനഗ്നിയാൽ
ധൂമപാളിയാല്‍
നിശ്വാസവായുവാൽ
അശ്രുബിന്ദുവാല്‍ക്കാല പൂരുഷന്‍
മഴമേഘത്തെ നിർമ്മിച്ചു
പറപ്പിക്കുന്നു ലീലയായ്”
എന്ന ‘നിത്യമേഘ’ത്തിന്റെ തുടക്കം നോക്കുക. മേഘം കാളിദാസനു് “ധൂമഃജ്യോതിഃസലിലമരുതാം സന്നിപാതം” ആണു്. അഗ്നിക്കും ധൂമത്തിനും കാറ്റിനുമൊപ്പം യക്ഷന്റെ വിരഹദുഃഖത്തെ മുൻനിർത്തി അശ്രുബിന്ദു എന്നൊരു അവിഭാജ്യഘടകത്തിനാൽ കൂടി സമ്മാനിതമാണു് അക്കിത്തത്തിന്റെ മേഘം. ഭൂസ്ഥിതനായ യക്ഷന്റെ തപ്താശ്രു കൂടി ആവിയായി ഉയർന്നുപൊങ്ങി മേഘത്തിൽ ലയിച്ചു ചേർന്നതാണെന്നു അക്കിത്തത്തിന്റെ വാദമുഖത്തെ എങ്ങനെ സ്വീകരിക്കാതിരിക്കും അനുവാചകൻ?
“കാറ്റിലൂടൊരു കണ്ണീർമഴമേഘത്തിൻ തീരാ-
ച്ചീറ്റലായ് ശ്ലഥശുഷ്കപത്രമായ് പറക്കുമ്പോള്‍”
എന്നു പറഞ്ഞുകൊണ്ടു് ‘പുതിയ പുരാവൃത്തം’ (മാനസപൂജ) തന്റെ ബോധ്യത്തെ ഒരിക്കല്‍ക്കൂടി കവിതയിലുറപ്പിക്കുന്നുണ്ടു് അക്കിത്തം.
ശാസ്ത്രത്തിന്റെ വിയോജിപ്പുകളും വിസമ്മതങ്ങളും സർഗ്ഗക്രിയകളിൽ സാർത്ഥകമാവുന്നതിന്റെ മറ്റൊരു ദൃഷ്ടാന്തമാണു് ‘വെണ്ണക്കല്ലിന്റെ കഥ.’ കല്ലിനുപോലും കണ്ണീരു പൊടിയിക്കുന്നതത്രേ ‘വെണ്ണക്കല്ലിലെ’ ഗാതാവിന്റെ പാട്ടു്. രാജസദസ്സിൽ ‘ആടുംചിലമ്പുകള്‍ക്കൊപ്പിച്ച്’ പാടാൻ നിർബന്ധിതനായി, തനിക്കുതന്നെ ‘അദമ്യ’നാകെ വീണ അവന്റെ കണ്ണീരുറച്ചത്രേ വെണ്ണക്കല്ലുണ്ടായതു്!
“കണ്ണുനീർത്തുള്ളിയോ കാലത്തിൻ ശീതത്തില്‍-
ക്കല്ലായുറച്ചു വളർന്നു വന്നു.
മന്നിലെമ്പാടും പരന്നു, നാം വെണ്ണക്ക-
ല്ലെന്നു വിളിപ്പതതിനെയത്രേ!”
ഗാതാവിനു് (കവിക്കു്) അഭിലഷണീയമായ ഗാനം കണ്ണീരിന്റേതാണെന്നു കൂടി വരികള്‍ക്കിടയിലൂടെ അക്കിത്തം പറഞ്ഞുവയ്ക്കുന്നുണ്ടു് ഇക്കവിതയിൽ. അക്കിത്തം കണ്ണീരിന്റെ കവിയായതിൽ എന്തത്ഭുതം?
എന്തിനു വേണ്ടിയാണു കവി തന്റെ കവിതയിൽ ആദ്യന്തം ഈ അശ്രുപ്രതിഷ്ഠാപനം നടത്തുന്നതു്? ഈ ചോദ്യത്തിന്റെ ഉത്തരവും അക്കിത്തം തന്നെ പറയും. സങ്കടത്തിന്റെ പ്രതിബിംബം മാത്രമല്ല അക്കിത്തത്തിനു കണ്ണുനീർ. അതു് ജീവിതത്തിന്റെ തിരിച്ചറിവും വെളിച്ചവും കൂടിയാണു്. ഈ കണ്ണുനീർ താനായി സർഗ്ഗക്രിയയിൽ കൊണ്ടുവന്നതല്ല. അതു് ചിരന്തനമാണു്. അതു് അമൃതോപമവുമാണു്.
“ആയിരമശ്രുതരംഗിണി ചേരുമൊരാഴി
കടഞ്ഞിട്ടുളവായീ
ഒരുവരസൗഭഗമൊരുവരസൗഭഗമൊരു സുധ
പൊരുളിൻ പൊരുള്‍പോലെ”
എന്നും “ആയിരമായിരമാണ്ടിനു മുന്നാലയത്തം തൽ പീയുഷം” എന്നും പറഞ്ഞുകൊണ്ടാണു് അക്കിത്തം തന്റെ കവിതയിലെ കണ്ണീരിനെ സമാശ്ലേഷിക്കുന്നതു്.
(‘ഭാരതീയന്റെ ഗാനം’—ഇടിഞ്ഞു പൊളിഞ്ഞ ലോകം)
മാത്രമല്ല, ഊറി വരുന്ന ഈ കണ്ണീരിനെ ലോകത്തെ ജയിക്കാനുള്ള മൗക്തികവുമാക്കുന്നുണ്ടു് കവി തന്റെ കവിതയിൽ.
“ഊറും കണ്ണീർ തനിയേ മുത്തായ്
മാറുന്നുണ്ടാ മുത്താലേ
നമ്മൾ ജയിപ്പൂ ശോകത്തെസ്സഖി
നമ്മൾ ജയിപ്പൂ നാകത്തെ”
ഒരിടത്തു് കണ്ണുനീരിനെ കവി ഇങ്ങനെ സുധയും മൗക്തികവുമാക്കുമ്പോൾ അതേ കണ്ണീരിനെ മനുഷ്യന്റെ അന്തരാത്മാവിനുള്ള ഭേഷജവുമാക്കുന്നുണ്ടു് അദ്ദേഹം.
“ആവോ തമസ്സാൽത്തളരുമെൻ നേത്രത്തി-
ലാവിർഭവിക്കുന്ന കണ്ണുനീരേ
നീയാവാമിജ്ജഡബ്രഹ്മാണ്ഡ-
കോടിയിൽ ജീവാതു
കത്തിയിടുന്ന സൂര്യന്‍!”
സ്രവണമാത്രയിൽ തനിക്കു് സൗരമണ്ഡലം കാണിച്ചുതന്ന അതേ കണ്ണീരിനെ കവി ജീവനൗഷധം ആക്കുന്നു ‘വെളിച്ചം തിരഞ്ഞു്’ എന്ന കവിതയിൽ. (ഇടിഞ്ഞുപൊളിഞ്ഞ ലോകം)
എങ്കിലും മനുഷ്യന്റെ വറ്റാത്ത കണ്ണുനീരിനെ പ്രതി കവി ആകുലനാണു്. ആരാണീ കണ്ണുനീരത്രയും മനുഷ്യനിൽ നിറച്ചു വെച്ചിരിക്കുന്നതു് ?
“മിന്നും സ്ഫടികപാത്രത്തിൽ
നിറച്ചു വെച്ചിരിക്കുന്നു
നിന്നശ്രുകണമൊക്കെയും
മുന്നിലജ്ഞാത പൂരുഷന്‍!”
എന്താണീയശ്രുക്കൾ ഒരിക്കലും വറ്റാത്തതു്?
“ഉറച്ചു മുത്തായ്ത്തീർന്നൂ നിന്നശ്രു
കാറ്റേറ്റമാത്രയില്‍
‘കാരണം?’ ഞാനുമാവിസ്മയത്താൽ
സ്തബ്ദ്ധൻ യുഗങ്ങളായ്”
ഒരുപക്ഷേ, ചുഴിഞ്ഞും ചാഞ്ഞും ചെരിഞ്ഞും നോക്കിയിട്ടും ഇഴവേര്‍പെട്ടു കിട്ടാത്ത ഈ കണ്ണുനീരിന്റെ പ്രഭവസ്ഥാനങ്ങൾ അന്വേഷിക്കാനുള്ള വിനീതോദ്യമങ്ങൾ കൂടിയാണു് അക്കിത്തത്തിന്റെ കണ്ണീർ കവിതകള്‍. ജനിമൃതികളുടെ നിഗൂഢവിസ്മയങ്ങൾ പോലെത്തന്നെ പ്രഹേളികാസ്വഭാവമാർന്നതാണു് മാനുഷശോകവും എന്നാവുമോ കണ്ണുനീരിനെ മുൻനിർത്തി അക്കിത്തം പറയാൻ ശ്രമിക്കുന്നതു്?
ഏകാത്മകവും ഏകാന്തവുമായ ദുഃഖത്തിൽ വിലയം കൊള്ളുന്നതോ, വൈയക്തികം മാത്രമോ അല്ല അക്കിത്തം കവിതകളിലെ അശ്രുപ്രവാഹം. പൊഴിച്ചുകളയേണ്ട കണ്ണുനീർ പൊഴിച്ചുതന്നെ കളയേണ്ട ദുഃഖമാണു്. തന്റെ മാത്രമല്ല സകല മനുഷ്യരുടെയും തിര്യക്കുകളുടെയും സങ്കടമാണു് അക്കിത്തം കവിതയിൽ പൊഴിച്ചുകളയുന്നതു്. ‘നീലിയാട്ടിലെ തണ്ണീർപ്പന്തല്‍’ എന്ന കവിതയിൽ (മനഃസാക്ഷിയുടെ പൂക്കള്‍) മൂസ എന്നയാൾ തന്റെ അനപത്യദുഃഖം മറച്ചുവയ്ക്കുന്നതിനായി തണ്ണീർപ്പന്തൽ നടത്തുന്നു. പൊടുന്നനെ “മക്കളില്ലേ?” എന്ന ഒറ്റച്ചോദ്യത്തിനു മുന്നിലാണു് അയാള്‍ക്കു് താനടക്കിവച്ചിരുന്ന അശ്രുക്കളത്രയും പൊഴിച്ചുകളയേണ്ടിവന്നതു്.
“ഒഴുകിച്ചേരും ധാരാവഹിയാം കണ്ണീരില-
ന്നെഴുതിക്കണ്ടേനൊരു മൂർത്തിമദ്വിഷാദത്തെ!”
വരികള്‍ക്കൊടുവിലെ മൂർത്തിമദ്വിഷാദം വിഷാദത്തിന്റെ മൂർത്തിമദ്ഭാവമായും ഒരു മൂർത്തിയുടേതിനു സമാനമായ വിഷാദവുമായിത്തീരുന്നു അക്കിത്തത്തിന്റെ കൃതഹസ്തതയ്ക്കുമുന്നിൽ.
അന്നന്നത്തെ കൊറ്റിനു വക കണ്ടെത്താൻ വേണ്ടി ഓത്തുവായ് കൊണ്ടു് മീനുമിറച്ചിയും വിഴുങ്ങേണ്ടിവന്ന പണ്ടത്തെ മേശാന്തിക്കു് ഭൗതിക ജീവിതത്തിനുവേണ്ടി ആത്മീയത പണയം വയ്ക്കേണ്ടിവരുന്ന വിപര്യയം അക്കിത്തം തന്റെ പ്രകൃഷ്ടമായ കവിതയിൽ കൃതതയോടെ വരച്ചു വച്ചിട്ടുണ്ടു്. ആത്മീയതയോ ഭൗതികതയോ ഏതാണു് മനുഷ്യൻ മുറുകെപ്പിടിക്കേണ്ടതെന്ന ചോദ്യത്തിനുത്തരം തേടാനും അക്കിത്തത്തിനു് തന്റെ കവിതയുടെ എക്കാലത്തെയും വലിയ രാസത്വരകമായ (catalyst) കണ്ണീരിനെത്തന്നെയാണു് കൂട്ടുപിടിക്കേണ്ടിവരുന്നതു്.
നാമം ജപിക്കാൻ നല്‍കിയ തുളസിമാലയുടെ കുരുക്കൾ ഊണരി നേടുന്ന തിരക്കിൽ തന്റെ കൈയിൽ നിന്നു് ഊർന്നു വീഴുകയാണു്, ‘തുളസിമാല’ എന്ന കവിതയിൽ (കരതലാമലകം). കുരുക്കൾ മുഴുവൻ ഊർന്നു വീണു് അതിന്റെ നൂൽ മാത്രമായി കാരണപൂരുഷന്റെ മുന്നിൽ വീണ്ടുമെത്തിയാൽ അവിടെ നിന്നു് മറ്റൊന്നു കിട്ടിയേക്കാം. അപ്പോഴും വിശപ്പു തന്നെ മഥിക്കുന്നുണ്ടാകും. വിശപ്പു് ശാശ്വതസത്യമെന്നിരിക്കേ (“നിത്യസത്യമേ ജന്തുവിൻ പള്ളയിൽ കത്തിനില്‍ക്കുമനശ്വര ശൂന്യത” എന്നു് ‘കല്ലുടയ്ക്കുന്നവര്‍’—മാനസപൂജ, എന്ന കവിതയില്‍) ഭൗതികമായി അതിന്റെ പൂരണത്തിനുദ്യമിക്കെത്തന്നെ,
“ഊണരിനേടും തിരക്കിലെൻ കയ്യില്‍നി-
ന്നൂർന്നു വീണീടും തുളസിക്കുരുക്കളെ”
“കണ്ണീരുകൊണ്ടു കഴുകുക” എന്നതുമാത്രമാണു് കരണീയം എന്നു കവി പറയുമ്പോൾ ഒരേ സമയം ഭൗതികതയിലഭിരമിക്കുകയും ആത്മീയതയെ പുറം തള്ളാതിരിക്കുകയും ചെയ്യുന്നതിനുള്ള ആധുനിക മനുഷ്യന്റെ ഉപാധിയായി അക്കിത്തം കൂട്ടു പിടിക്കുന്നതു് കണ്ണീരിനെത്തന്നെയാണു്.
ഒരൊറ്റ കവിതയിൽത്തന്നെ അക്കിത്തം കണ്ണീരിനെ ഹര്‍ഷാശ്രുവായും തപ്താശ്രുവായും ചിത്രീകരിക്കുന്നുണ്ടു്. ‘കടമ്പിൻ പൂക്കള്‍’ ആണു് ആ കവിത. ഹർഷം പകരുന്നതിനുപകരം ആദ്യകവിതാ സന്ദർഭത്തിൽ സ്വപ്നത്തിലെ കൃഷ്ണദർശനം രാധയിൽ കണ്ണീരാണുയിർപ്പിക്കുന്നതു്.
“അവനുടെ പവിഴച്ചുണ്ടെൻ
കവിളത്തുരസും നേരം
എന്നുടെ കണ്ണുനിറഞ്ഞൂ, പീലി-
ക്കണ്ണുനനഞ്ഞും പോയി.”
ജഗന്നിയാന്താവിന്റെ മൗലിയിലെ മയിൽപ്പീലി പ്രണയിനിയുടെ (ഭക്തയുടെ) അശ്രുക്കളാൽ നനയുന്ന കവിതയിലെ ഈ ചാരുദൃശ്യം അക്കിത്തം കവിതയിലല്ലാതെ വേറെയെവിടെ കാണും? ജഗത്ചൈതന്യവും മനുഷ്യ ചേതനയും തമ്മിലുള്ള ഉപസ്ഥിത സംയോഗമല്ലാതെ (close encounter) മറ്റെന്താണിതു്?
തുടർന്നു കവി പറയുന്ന ആധുനികഹൃദയം തന്റെ കണ്ണുനീർ (തപ്താശ്രു) ആ കാരുണ്യവാരിധിക്കു മുമ്പിൽ (കൃഷ്ണസങ്കല്പത്തിനുമുന്നില്‍) സമർപ്പിക്കാൻ വേണ്ടിയുള്ളതാണെന്നു പറയുന്നു.
“ഒരു ചെറുതുള്ളിക്കണ്ണീരുണ്ടതു
കരുണാവാരിധി തൻ തിരുമുമ്പില്‍
അടിയറ വെയ്ക്കാൻ വന്നേൻ നിങ്ങളി-
ലാരാനവനെക്കണ്ടായോ?”
പ്രകൃഷ്ടവും അല്ലാത്തതുമായ ഒട്ടേറെ കവിതകളിൽ അക്കിത്തം തന്റെ കവിതയുടെ അവിഭാജ്യഘടകമായി കണ്ണീരിനെ പ്രതിഷ്ഠിക്കുമ്പോഴും കണ്ണുനീർ എന്ന വാക്കു തന്നെ പരാമൃഷ്ടമല്ലാത്ത കവിതകളിൽ പോലും മിഴിനീരിനെ തന്റെ കവിതയിലൂടെ അടിയൊഴുക്കാക്കി നിർത്താൻ അക്കിത്തം നടത്തുന്ന ബോധപൂർവ്വമായ ഉദ്യമങ്ങളും പ്രസക്തമത്രേ!
‘ഇരുപതാം നൂറ്റാണ്ടി’ലെ വിഖ്യാതമായ ആ വരികളില്ലേ?
“നിരത്തിൽ കാക്ക കൊത്തുന്നു
ചത്ത പെണ്ണിന്റെ കണ്ണുകള്‍
മുല ചപ്പി വലിക്കുന്നു
നരവർഗ്ഗനവാതിഥി”
എന്നതു്. എവിടെയുണ്ടിതിൽ കണ്ണുനീർ എന്നു ചോദിച്ചാൽ ആ വരികൾ അനുവാചകഹൃദന്തങ്ങളിൽ ബാക്കിവയ്ക്കുന്നതാണു് അന്യനുവേണ്ടി അക്കിത്തം പൊഴിക്കുന്ന കണ്ണുനീർ എന്നു് ഉത്തരം പറയേണ്ടി വരും.
അക്കിത്തം എന്ന മനുഷ്യൻ തകഴിയോടും ഉറൂബിനോടും മംഗളോദയത്തിലെ ഗോപാലൻ നായരോടുമൊപ്പം ഊണുകഴിഞ്ഞുവരുമ്പോൾ നട്ടുച്ചയ്ക്കു തൃശൂർ റൗണ്ടിൽ കണ്ട ദാരുണദൃശ്യം തന്റെ അന്തർമണ്ഡലങ്ങളിൽ രാസപരിണാമ വിധേയമായി ‘ഇതിഹാസ’ത്തിൽ വരികളായെത്തുമ്പോൾ അതു കുറെക്കൂടി ഭീതിദവും ദാരുണവും ഇന്ത്യൻ വ്യവസ്ഥിതികളെക്കുറിച്ചുള്ള ചോദ്യം ചെയ്യലുമാവുന്നു. മരിച്ച ഒരു സ്ത്രീയുടെ കണ്ണിലുണ്ടായിരുന്ന വെളിച്ചമാണു് ഒരു തിര്യക്കു് കൊത്തിയെടുക്കുന്നതു്. സ്തന്യപ വറ്റിയ, ജീവനറ്റ, ഒരു മുലഞെട്ടിൽ അതുണ്ടെന്നു കരുതിയാണു് ഒരു നവജാതശിശു തന്റെ പശിയടക്കാനായി അതു വലിച്ചെടുക്കാൻ ഉദ്യമിക്കുന്നതു്. ഉള്ളടരുകളിൽ രോഗവും പീഡയും ദാരിദ്ര്യവും വികൃതചിത്രം വരച്ചു വച്ച ഈ ഉപഗ്രഹചിത്രസമാനമായ ദൃശ്യം (aerial picture) അന്യനോടുള്ള ആത്മാനുതാപത്തിലധിഷ്ഠിതമായ കണ്ണുനീരല്ലാതെ മറ്റെന്താണു്?
പൂർണ്ണമായും അർത്ഥകല്പനകൾ വ്യവച്ഛേദിച്ചു നൽകാത്ത (നൽകാൻ പാടില്ലാത്ത) ‘ഇതിഹാസ’ത്തിലെ തന്നെ
“അരിവെപ്പോന്റെ തീയില്‍ച്ചെ-
ന്നീയാം പാറ്റ പതിക്കയാല്‍
പിറ്റേന്നിടവഴിക്കുണ്ടില്‍
കാണ്മൂ ശിശുശവങ്ങളെ”
എന്ന വരികളിലും നിലീനമായി നിലകൊള്ളുന്നതു് മനുഷ്യകുലത്തെ മുൻനിർത്തി കണ്ണുനീരിനെ പ്രതിയുള്ള അക്കിത്തത്തിന്റെ ഉദ്വിഗ്നതകളല്ലോ? ഒരു വസ്തുവിനെക്കുറിച്ചു് (അശ്രു) ഒട്ടും പരാമര്‍ശിക്കാതെ, ആ വസ്തുവിന്റെ സ്വഭാവം വരികളിലാരോപിക്കുന്ന ഈ ഒരു മാന്ത്രികത, കവിയുടെ ധർമ്മബോധത്തിൽ നിന്നും ഉടലെടുക്കുന്നതല്ലാത്ത മറ്റെന്താണു്?
‘സ്പർശമണി’കളിൽ പറയുന്നപോലെ തന്നിൽ തളം കെട്ടിനിന്ന സ്ഥാവരമായ അശ്രുക്കളേക്കാൾ അന്യന്റെ കാരിരുമ്പോളം കനത്ത തപ്താശ്രുക്കളെയത്രേ ഒരുപക്ഷേ, ഇക്കവി തന്റെ ധർമ്മവ്യസനമാർന്ന നണുത്ത കാവ്യസ്പര്‍ശം കൊണ്ടു് ഹിരൺമയമാക്കി മാറ്റുന്നതു്.
“കൈയിൽപ്പിടിച്ചതെഴുത്താണിതന്നെയോ
കാരിരുമ്പായ്ത്തീർന്ന കണ്ണീരോ”
എന്നാണല്ലോ കവിയുടെ തന്നെ വാഗ്സാക്ഷ്യം (‘വിദ്യാരംഭം’—മാനസപൂജ).
എന്തുകൊണ്ടാണു് അക്കിത്തം എന്ന വലിയ കവി തന്റെ കവിതകളുടെ ഒഴിച്ചുകൂടാനാവാത്ത ലവണെകസാരമായി കണ്ണീരിനെ വിടാതെ കൂടിയിരുത്തുന്നതു്? ദുഃഖത്തിന്റെ ചിരസ്ഥായിത്വം കവി തന്നെ തന്റെ ഒരു കവിതയിൽ പറയുന്നുണ്ടു്. “സത്യമനാദ്യവിഷാദതമിസ്രം താനോ?” (‘ക്വ ഭവൻ?’—മാനസപൂജ) എന്ന തിരിച്ചറിവായിരിക്കാം അതു് ഉദ്ഘോഷിക്കാൻ ഉന്നമിക്കുന്നതു്. അതോടൊപ്പം തന്നെ ജീവിതത്തിലുടനീളം പരിചരിച്ച ധർമ്മവ്യസനിതയും ആവാം ഈയൊരു തിരിച്ചറിവിലേക്കു് അദ്ദേഹത്തിന്റെ കവിതയെ നയിച്ചതു്.
കണ്ണുനീർ തരുന്ന തിരിച്ചറിവിനെക്കുറിച്ചു് പ്രാണായാമം എന്ന കവിതയിലും (മാനസപൂജ) അക്കിത്തം പറയുന്നുണ്ടു്.
“കണ്ണുനീര്‍കൊണ്ടു കുതിർത്തിക്കുഴച്ചൊരു
മണ്ണുരുളയ്ക്കു മേലല്ലോ
മുറ്റിത്തഴച്ചുവളരുന്നു നമ്മൾ തന്‍
മുജ്ജന്മസൗഹൃദാവേശം.”
കണ്ണുനീർ നനച്ചു കുഴച്ച മണ്ണിൽ വളരുന്ന സൗഹൃദത്തിന്റെ ഓരോ ചിനപ്പും ഓരോ പുതിയ വെളിച്ചമത്രേ നമുക്കു പ്രദാനം ചെയ്യുന്നതു്.
“ഓരോ ചിനച്ചത്തിൻ കമ്പിലും
പൂക്കുന്നതോരോ പുതിയ വെളിച്ചം”
എക്കാലത്തും അക്കിത്തം കവിതയുടെ തായ്ത്തടി വേർപിരിഞ്ഞു് ദ്വിമുഖഭാവമാർന്നതു് (dichotomous) കണ്ണീരുറയുന്ന അധർമ്മത്തിലേക്കും പുഞ്ചിരി കായ്ക്കുന്ന ധർമ്മത്തിലേക്കും ആയിരുന്നു.
അക്കിത്തത്തിന്റെ കാവ്യസപര്യ എന്നെന്നും ഒരു ധർമ്മസമരമായിരുന്നു. ‘ധർമ്മസമരം’ (നിമിഷ ക്ഷേത്രം) എന്ന കവിതയിൽ അക്കിത്തം അതു പറയുന്നുണ്ടു്.
“ധർമ്മം ധർമ്മം ധർമ്മം
തുരുതുരെ വന്നെന്റെ വീടുവളയുന്നു
അവയൊടു പൊരുതാനായ് ഞാന്‍
കാക്ക കരഞ്ഞാൽപ്പിടഞ്ഞെണീക്കുന്നു”
(ധർമ്മം എന്ന പദത്തിന്റെ ആദ്യപാദത്തിലെ ആവർത്തനം മറ്റു വാക്കുകൾ കിട്ടാഞ്ഞല്ല അതു് തനിക്കത്രമേൽ പ്രിയങ്കരമാണെന്നു കാട്ടാൻ വേണ്ടി കൂടിയാണു്)
സാധാരണ മനുഷ്യനു പ്രത്യക്ഷത്തിൽ അധർമ്മമല്ലാത്ത പലതും അക്കിത്തത്തിനു് അധർമ്മമായിരുന്നു. ‘കാട്ടെലി’കളിൽ (നിമിഷ ക്ഷേത്രം) അവയെ
“തല്ലിടുമ്പോൾ തെറിക്കുകയില്ലയോ
തെല്ലുചെന്നിണമെന്റെ ദേഹത്തിലും?”
എന്ന ധർമ്മചിന്തയും പാല്‍വേണമെന്നുള്ളതു കൊണ്ടു് ഇറച്ചി ഉപേക്ഷിച്ചുകൂടെ എന്നുള്ള ചോദ്യവും (‘കോലാടുകള്‍’—നിമിഷക്ഷേത്രം) ഓടക്കുഴലിലല്ലേ വേട്ടാളൻ കൂടുവെച്ചുള്ളൂ; തന്റെ തൊണ്ടയിൽ കൂടുവെച്ചില്ലല്ലോ, അതുകൊണ്ടു് അതിനെ എന്തിനു കൊല്ലണം എന്ന ചോദ്യവുമെല്ലാം കവിയുടെ ധർമ്മചിന്തോപാസനയുടെ നിദർശനങ്ങളാണു്.
അധർമ്മത്തെ അപലപിക്കുക എന്നതു തന്നെയാണു് കവിക്കു ധർമ്മപാലനം. മനുഷ്യന്റെ നിത്യസ്രവന്തിയായ അശ്രുവിനെ തന്റെ കവിതയിലുടനീളം പ്രതിഷ്ഠിച്ചും അതിനെ സൂക്ഷ്മവേദിയായ തന്റെ വരികള്‍ക്കിടയിൽ വിന്യസിച്ചുമാണു് അക്കിത്തം തന്റെ അധർമ്മത്തിനെതിരായുള്ള പോരാട്ടം സാധ്യമാക്കുന്നതു്.
പ്രത്യക്ഷമായ പോരിനു് കെൽപ്പില്ലാതെ വരുമ്പോൾ മറ്റെന്തല്ല കവിക്കു് കരണീയം? അത്രതന്നെ സുവിദിതല്ലാത്ത തന്റെ കണ്ണുനീര്‍ക്കവിതകളിൽ പ്പോലും അക്കിത്തം ശ്രദ്ധയോടെയും പ്രതിബദ്ധതയോടെയും ആണു് അശ്രുവിന്റെ പരിചരണം സാധ്യമാക്കുന്നതു്. മുറുകെപ്പിടിക്കാൻ ഒരു ധർമ്മബോധമുണ്ടെങ്കില്‍, അതിനെ വരികളിലേറ്റി, ഒരു ഈടുവയ്പായി വരും തലമുറയ്ക്കു് കവിതയിലൂടെ പകർന്നുനൽകാനാവുമെങ്കിൽ കവി എന്തിനു് ആക്ടിവിസ്റ്റ് ആകണം?
“കരളിലുദിപ്പൂ നിഭൃതം
കണ്ണീരിലെ മർത്ത്യജന്മസായൂജ്യം”
(അതേകവിത)
എന്ന ആത്യന്തികതയിലേക്കു് കവി ഒടുവിലെത്തിച്ചേരുന്നതു് അങ്ങനെയാണു്.
കുഴിച്ചിടത്തും കുഴിക്കാത്തത്തിടത്തും കണ്ണീരിന്റെ ഉറവുചാലുകൾ കണ്ടെത്തുന്ന അശ്രു പര്യവേക്ഷകനായ ഇക്കവിക്കു് കണ്ണീർ കണ്ടെത്താനാവാത്ത ഒരേ ഒരിടം ധർമ്മപാലന രംഗങ്ങളാണു്.
“എന്നിട്ടും പൊടിവീല കണ്ണുനീർ ഗിരികളെ-
യെന്നപോൽ സ്വധർമ്മരേണുക്കളെ-
ത്താണ്ടിപ്പോകെ”
(‘പുഴു’—സഞ്ചാരികള്‍)
സന്ദേശം രേഖീയവും (linear) വ്യക്തവും (clear) ആണു്. ധർമ്മപാലനമത്രേ ദുഃഖവിനാശ പരിഹാരം!
ധർമ്മമെന്തെന്നറിഞ്ഞുകൊണ്ടുള്ള അധർമ്മാനുഷ്ഠാനം (“ജാനാമി ധർമ്മം ന ചമേ പ്രവൃത്തി; ജാനാമ്യധർമ്മം ന ചമേ നിവൃത്തി”—ധൃതരാഷ്ട്ര വചനം) വെല്ലുവിളിയാകുന്നിടത്തു് ഗുഹകളിലൊളിച്ചിരിക്കുന്ന ധർമ്മത്തെ തേടാതെ (“ധർമസ്യ തത്വം നിഹിതം ഗുഹായാം”) ദുഃഖത്തിനു് (അശ്രുവിനു്) മറുവാക്കായി ധർമ്മാനുഷ്ഠാനം നടത്താനാണു് അക്കിത്തത്തിന്റെ ആഹ്വാനം. ഹ്രസ്വമായ തന്റെ ‘വാഴ്‌വ്’ പ്രപഞ്ചസ്രഷ്ടാവിനുള്ള ‘സാഷ്ടാംഗനമസ്കാര’മാകുന്നതും ഈ ധർമപാലനത്തെ മുറുകെ പിടിക്കുന്നതുകൊണ്ടാണു്. കണ്ണുനീരിനെ വെല്ലുവാൻ ധർമ്മപാലനം എന്ന സങ്കേതം ഉണ്ടെന്ന തിരിച്ചറിവു് അക്കിത്തത്തിനു ലഭിക്കുന്നതു് വിട്ടുവീഴ്ചയില്ലാത്ത അതിന്റെ ആചരണത്തിലൂടെത്തന്നെയാണു്. മറ്റേതു കവിക്കുണ്ടാകും ധർമപാലനത്തെപ്പറ്റി ഇങ്ങനെ പറയാനുള്ള ചങ്കൂറ്റം?
“ലോകത്തെ തിരിച്ചറിയലാണു് കവിത; ജീവിതത്തെ യാർത്ഥ്യത്തോടു ബന്ധിപ്പിക്കാനുള്ള തനതായ മാർഗ്ഗം (Poetry is an awareness of the world; a particular way of relating to reality) എന്നു് ആന്ദ്രെ തര്‍ക്കോവ്സ്ക്കി; Sculpting in time-ൽ പറയുന്നു. കണ്ണുനീർ എന്ന ഒറ്റരൂപകത്തെ മുൻനിർത്തി ജീവിതത്തെയും കവിതയെയും പുനർനിർവചിച്ചു തിരിച്ചറിഞ്ഞ ഒരേയൊരു കവിയേ മലയാളത്തിലുള്ളൂ. അദ്ദേഹത്തിന്റെ പേരു് അക്കിത്തം അച്യുതൻ നമ്പൂതിരി എന്നു തന്നെയാണു്.
കണ്ണുനീരിന്റെ ഉറവിൽ താൻ നക്ഷത്രങ്ങളെ കണ്ടെത്തുന്നു എന്നു പറയുന്നു അക്കിത്തം തന്റെ ‘നിത്യതയുടെ മന്ത്രം’ (ആലഞ്ഞാട്ടമ്മ) എന്നകവിതയിൽ. കവിതയുടെ ഏകകാചത്തിലൂടെ വിദൂരസ്ഥമായ ധർമ്മത്തിന്റെയും സമീപസ്ഥമായ അശ്രുവിന്റെയും വിശ്ലേഷിതദർശനം അക്കിത്തം കവിതയുടെ അനേക ദൗത്യങ്ങളിലൊന്നാകുന്നു.
കണ്ണീരുപോലെ തെളിച്ചമുള്ള വെള്ളം എന്നൊരു പ്രയോഗം പ്രാദേശിക മലയാളത്തിലുണ്ടു്. കണ്ണീരിനാൽ തെളിഞ്ഞ വാക്കുമാത്രമല്ല അക്കിത്തത്തിന്റേതു്. ആചമശുദ്ധിയുള്ളതും ആമഗ്നമാക്കും തോറും കാവ്യപിപാസ വർദ്ധിപ്പിക്കുന്നതുമാണതു്. പുനർവായനകളിൽ വിഭിന്നാർത്ഥദ്യോതകങ്ങളായ എത്രയെത്ര അക്കിത്തം കവിതകളില്ല? അതിസാധാരണ മനുഷ്യരിൽ നിന്നും ആണു് അക്കിത്തം കവിത കണ്ടെടുക്കുന്നതു് എന്നതാവാം ഇതിന്റെ ബലതന്ത്രം. ഒരുപക്ഷേ, അക്കിത്തം കവിതകൾ മലയാളത്തിൽ ചിരപ്രതിഷ്ഠ നേടുന്നതു്; കാലത്തെ അതിജീവിക്കുന്നതു മേൽപ്പറഞ്ഞ സർഗ്ഗചൈതന്യം കൊണ്ടും ചിരസ്ഥായിയായ ജീവിതവീക്ഷണം കൊണ്ടും സർവ്വതലസ്പര്‍ശിയായ മനുഷ്യാനുഭവങ്ങളുടെ അനുധാവനം കൊണ്ടുമാണു്.
കണ്ണുനീർഗ്രന്ഥികൾ (Lachrymal Glands) സ്രവിപ്പിക്കുന്നു എന്നു ശരീരശാസ്ത്രം നിർവ്വികാരമായി പറയുന്നതിനുമപ്പുറത്തെ കണ്ണീരാണു് അക്കിത്തത്തിന്റെ കാവ്യഗ്രന്ഥികൾ സ്രവിപ്പിക്കുന്നതു്. കവി ബഹുഭൂരിപക്ഷത്തിന്റെ പ്രതിനിധികൂടി ആയതുകൊണ്ടു് അതു തന്റെ മാത്രം ശോകത്തില്‍നിന്നു് ആവിർഭവിക്കുന്നതല്ല. ഭൂമിയിലെ സമസ്തമാനുഷരുടെയും (ചിലപ്പോൾ തിര്യക്കുകളുടെയും) കണ്ണീരു കൂടിയാണതു്. ഈ കണ്ണീരിന്റെ അടിയൊഴുക്കായി വർത്തിക്കുന്നതാകട്ടെ കവിയിൽ രൂഢമൂലമായിരിക്കുന്ന, ഇടിവാളുകളെപ്പോലും കൂസാത്ത (“ഇതിനുള്ളിൽ ഞാൻ ചൂളിപ്പിടിച്ചാൽ ചൂളന്നുന്നുണ്ടിടിവാളുകൾ പോലും വീശുന്നതാരായാലും”—ആമ—കരതലാമലകം) ധർമപാലന വ്യഗ്രതയും ഹിംസവിരോധവുമാണു്.
ഏതു ധർമ്മത്തിന്റെ തത്വം ആണോ നാം ഗുഹകളിൽ ഒളിച്ചുവെക്കപ്പെട്ടിരിക്കുന്നു എന്നു പറയുന്നതു് (‘ധർമസ്യ തത്വം നിഹിതം ഗുഹായാം’) അതിനെ ഒട്ടൊക്കെ മനുഷ്യ ജീവിത കേന്ദ്രത്തിലേക്കു് അക്കിത്തം എന്ന മഹാകവി ആനയിക്കുന്നതു് തന്റെ കവിതകളിലെ നിത്യസ്രവന്തിയായ അശ്രുസാന്നിധ്യത്താലാണു്. വിശാലമായ അർത്ഥത്തിൽ താൻ മനസ്സിൽ മൂർത്തിയായി കുടിവെച്ചിരിക്കുന്ന ധർമസൂര്യന്റെ രശ്മികൾ തന്നെയാണു് അക്കിത്തം കവിതകളിലെ കണ്ണുനീർ. ധർമ്മാശ്രു സമന്വയത്തിലൂടെ ഇത്രമാത്രം തന്റെ ജീവിതത്തിന്റെ പത്തു പതിറ്റാണ്ടും കാവ്യസപര്യയിൽ വ്യാപരിച്ച മറ്റേതു കവിയുണ്ടു് മലയാളത്തില്‍?
(‘കണ്ണുനീരിന്റെ സൗന്ദര്യം അക്കിത്തം കവിതകളില്‍’ എന്ന വിഷയത്തെ അധികരിച്ചു് വള്ളത്തോൾ വിദ്യാപീഠം നടത്തിയ പ്രബന്ധമത്സരത്തിൽ ഒന്നാം സമ്മാനത്തിനു നല്‍കുന്ന പൗർണ്ണമി പുരസ്കാരത്തിനര്‍ഹമായ പ്രബന്ധം).

തൃശ്ശൂർ ജില്ലയിലെ പെരിങ്ങണ്ടൂരിൽ 1963ൽ ജനിച്ചു. തൃശ്ശൂർ കേരളവർമ്മ കോളേജിൽ നിന്നു് ബിരുദം. പബ്ലിക് റിലേഷൻസ്, ബിസിനസ് അഡ്മിനിസ്ട്രേഷൻ എന്നിവയിൽ പി. ജി. ഡിപ്ലോമ. ഇന്ത്യൻ റെയിൽവേ ട്രാഫിക് സർവ്വീസിൽ നിന്നു് ഡെപ്യൂട്ടി ചീഫ് കൊമേഴ്സ്യൽ മാനേജരായി സ്വയം വിരമിച്ചു. ‘നഗരയക്ഷി’, ‘ദേവീവിലാസം സ്കൂൾ’, ‘ഗുരുവായൂർ’, ‘ആൽബട്രോസ്’, ‘പൂക്കാതെയും വാസനിക്കാം’, ‘സ്വപ്നത്തീവണ്ടി’ എന്നീ കവിതാസമാഹാരങ്ങൾ. കുട്ടികൾക്കു വേണ്ടി ‘പന്ത്രണ്ടു സോദരരും ഒരു പെങ്ങളും’ എന്ന കവിതാപുസ്തകം. ‘അനുസ്മൃതികളുടെ സൗഗന്ധികങ്ങൾ’ എന്ന വിഷ്ണുനാരായണൻ നമ്പൂതിരിയുടെ ഓർമ്മക്കുറിപ്പുകളുടെ എഡിറ്റർ. സ്വാതി അയ്യപ്പപ്പണിക്കർ കവിതാ പുരസ്ക്കാരം, മലപ്പുറം ജില്ലാ അഡ്വക്കറ്റ്സ് ക്ലർക്ക്സ് അസോസിയേഷന്റെ ഇടശ്ശേരി അവാർഡ്, സംഘമിത്രം കവിതാപുരസ്ക്കാരം, ഒ. വി. വിജയൻ കവിതാ പുരസ്ക്കാരം, സംഗമസാഹിതി കവിതാ പുരസ്ക്കാരം, സൃഷ്ടി കവിതാ അവാർഡ്, അക്കിത്തം കവിതാപ്രബന്ധത്തിനുള്ള പൗർണ്ണമി പുരസ്ക്കാരം എന്നിവ ലഭിച്ചു.