- കേശു:
- പുതിയൊരു നാളെയെപ്പറ്റി നാം ചിന്തിക്കുന്നമാതിരി എല്ലാവരും ചിന്തിക്കാറുണ്ടാകുമോ? സാറിനു് എന്തു തോന്നുന്നു.
- ഞാൻ:
- അവിടെയാണു് മാറ്റത്തിന്റെ തടസ്സക്കല്ല് കിടക്കുന്നതെന്നു് ഞാൻ കരുതുന്നു. നാം എന്തു വിചാരിക്കുന്നു എന്നതിനേക്കാൾ പ്രധാനം എല്ലാവരും വിചാരിക്കാറുണ്ടോ എന്നതുതന്നെയാണു്.
- കേശു:
- എല്ലാവരും വ്യവസ്ഥിതിയെ തള്ളിപ്പറയുന്നതായി കാണുന്നുണ്ടു്.
- രാജു:
- അതുകൊണ്ടായില്ല. നാളെയെപ്പറ്റി അവർക്കു വ്യക്തമായ ഒരു കാഴ്ചപ്പാടുണ്ടോ? അതിന്റെ സാക്ഷാത്കാരത്തിനായിട്ടാണോ ഇന്നിനെ വിമർശിക്കുന്നതു്? അതാണറിയേണ്ടതു്.
- ഞാൻ:
- എന്റെ വേദനാജനകമായ നിഗമനം പുതിയ ലോകത്തെപ്പറ്റി ഭാവന ചെയ്യുന്നവർ ഇന്നു ലോകത്തു വളരെ കുറവാണെന്നാണു്.
- രാജു:
- ഈ വ്യവസ്ഥിതിയുടെ വേദന നിത്യേന അറിഞ്ഞുകൊണ്ടിരിക്കുന്ന ലോകം എന്തുകൊണ്ടു് മോചനത്തെപ്പറ്റി ചിന്തിക്കുന്നില്ല.
- നവ:
- സ്വതന്ത്രചിന്താശീലം പൊതുവേ കുറഞ്ഞുവരികയാണു്. എന്നാൽ പഠനം കൂടിവരുന്നുണ്ടു്. പഠിപ്പിക്കുക, പഠിക്കുക ഇതു രണ്ടും വേണ്ടതിലെത്രയോ അധികം നടക്കുന്നുണ്ടു്. എന്നാൽ നവസമൂഹരചനയെ ലക്ഷ്യമാക്കിയുള്ള ചിന്തനം, ഭാവന, പ്രവർത്തനം ഇതൊക്കെ കുറഞ്ഞുകുറഞ്ഞുവരുന്നതായിട്ടാണു് കാണുന്നതു്.
- ഞാൻ:
- നവന്റെ അഭിപ്രായത്തോടു യോജിക്കാനാണു് എനിക്കു തോന്നുക. പഠനശാലകൾക്കു പകരം ചിന്താശാലകൾ ഉണ്ടാകണമെന്നു് ഞാൻ വിചാരിക്കാറുണ്ടു്. ആരോ ചിന്തിച്ചു കണ്ടെത്തിയതു് പഠിച്ചു് പഠിപ്പിക്കുന്നതുകൊണ്ടു് വ്യക്തിത്വം വികസിക്കാനിടയില്ല. ഭാവന വളരുകയില്ല. മൗലിക ചിന്ത തന്നെ ഇല്ലാതെ പോകും. അന്യരുടെ ചിന്തകൾ നമ്മുടെ ചിന്തകൾക്കു പകരം നിന്നുകൊള്ളും.
- രാജു:
- ജെ. കൃഷ്ണമൂർത്തിയുടെ സമീപനത്തിൽ ഇങ്ങനെയൊരു വശമുണ്ടു്. ഗുരുവും ശിഷ്യനും. രണ്ടുമാകാൻ അദ്ദേഹം ഇഷ്ടപ്പെടുന്നില്ല.
- ഞാൻ:
- ഉയർന്ന പഠനമുള്ള യുവ വിദ്യാർത്ഥി ഗ്രൂപ്പൂകൾക്കിടയിൽ ഞാൻ അയൽക്കൂട്ടമെന്ന ആശയം വച്ചിട്ടു് അഭിപ്രായം അന്വേഷിച്ചിട്ടുണ്ടു്. സ്വതന്ത്രമായ പ്രതികരണം ഞാൻ അധികം കേട്ടിട്ടില്ല.
- രാജു:
- ചിന്തനവും പഠനവും ബന്ധമുള്ള രണ്ടു പ്രവർത്തനങ്ങളാണു്. ചിന്തിക്കുന്നതുകൊണ്ടാണു് പഠനം ആവശ്യമായി വരേണ്ടതു്. പഠിച്ചതിനെപ്പറ്റി ചിന്തിക്കുകയുമാകാം. ഇപ്പോൾ പഠനം മാത്രമായി. പിന്നാലെ ചിന്ത വരുന്നില്ല.
- ഞാൻ:
- ജീവികളുടെ ഇടയിലും പഠനമുണ്ടു്. പൂച്ചക്കുട്ടിയെ തള്ളപ്പൂച്ച എലിയെ പിടിക്കേണ്ട വിധം പഠിപ്പിക്കും. ചിന്തിപ്പിക്കാറില്ല. മനുഷ്യന്റെ പ്രത്യേക കഴിവാണു് മനനം. പഠനവും ചിന്തനവും തമ്മിൽ എവിടെയാണു് വേർതിരിയുന്നതു് എന്നു നാം കണ്ടെത്തണം. ഒരുദാഹരണം പറയാം. നവസമൂഹത്തിൽ നാണയത്തിനു സ്ഥാനമുണ്ടായിരിക്കുകയില്ല എന്നു് ദർശനം പറയുന്നു. അതു് ഒരു വായനക്കാരൻ മനസ്സിലാക്കുന്നു. ദർശനം ഭാവനചെയ്യുന്ന സമൂഹത്തിൽ നാണയത്തിനു സ്ഥാനമുണ്ടായിരിക്കുമോ എന്ന ചോദ്യത്തിനു് ‘ഉണ്ടായിരിക്കില്ല’ എന്നെഴുതിയാൽ മുഴുവൻ മാർക്കും കിട്ടും. ഇതാണു പഠനം. എന്നാൽ ചിന്തനം ഒന്നു വേറെയാണു്. നാണയം ഇല്ലാതെ വന്നാൽ ടിക്കറ്റ് വേണ്ടിവരില്ല. വിലയും കൂലിയും ഇല്ലാതാകും. അപ്പോൾ ജോലിയും വിതരണവും എങ്ങനെ നടക്കും? ഇത്തരത്തിൽ പഠിച്ചതിനെ മറികടക്കുന്നതാണു് ചിന്തനം. വിദ്യാഭ്യാസത്തിലെന്നല്ല ജീവിതത്തിലാകെ മനുഷ്യനു് ചിന്തിക്കേണ്ട സാഹചര്യം കുറഞ്ഞുവരുന്നു. പഠിച്ചു് ഓർമിച്ചാൽ മതി. പരീക്ഷാരംഗം നോക്കൂ. ഒറ്റപദത്തിലാണുത്തരം. എന്റെ ചോദ്യത്തിനുത്തരം പറഞ്ഞാൽ മതി എന്നാണു് രോഗിയോടു് ഡോക്ടറും പറയുന്നതു്.
- കേശു:
- അതുകൊണ്ടു് ചിന്തനം ആവശ്യമില്ലാതെയായി. നമ്മുടെ വിദ്യാർത്ഥിലോകം ഇനി ചിന്തിച്ചുതുടങ്ങാൻ വളരെ പ്രയാസമാണു്. പുതിയ ലോകത്തെപ്പറ്റിയും അവരെ പഠിപ്പിക്കണം. സിലബസ്സിൽ വരുന്നത്രയും കാര്യം നല്ല അദ്ധ്യാപകർ പഠിക്കും, പഠിപ്പിക്കും. ഉത്സാഹമുള്ള കുട്ടികൾ കാണാതെ പഠിക്കും. അതിനപ്പുറം ഇരുകൂട്ടരും ചിന്തിക്കില്ല. ചിന്തിക്കേണ്ട ആവശ്യവുമില്ല. സ്വതന്ത്രചിന്തയും ഭാവനയും അത്ര മുരടിച്ചുപോയി.
- നവ:
- അപ്പോൾ നവലോകത്തെപ്പറ്റി ബഹുഭൂരിപക്ഷം പേരും ചിന്തിക്കാതിരിക്കുന്നതിനുള്ള ഒരു കാരണം ഇത്തരമൊരു പഠനപദ്ധതിയെ അടിയൂന്നിയുള്ള ഇന്നത്തെ വിദ്യാഭ്യാസം ആണെന്നു പറയാമല്ലോ.
- രാജു:
- ആ അഭിപ്രായം ശരിയായിരിക്കുമെന്നു് എനിക്കു തോന്നുന്നു. ഒരു മതക്കാരനായി ജനിക്കുന്നതു് പോലെയാണു് ഒരു ശിശു വിദ്യാർത്ഥിയാകുന്നതു്. ഒരാൾ സ്വയം പഠിച്ചോ ചിന്തിച്ചോ സ്വീകരിക്കുന്നതല്ലല്ലോ അയാളുടെ മതം. അതുപോലെ കുട്ടികളുടെ വാസനയോ, മാനസികാവസ്ഥയോ കുട്ടി വളരുന്ന സാഹചര്യത്തിൽ കുട്ടിക്കാവശ്യമുള്ള അറിവുകളെ അടിസ്ഥാനപ്പെടുത്തിയോ ഒന്നുമല്ല കുട്ടിയെ സ്കൂളിൽ ചേർക്കുന്നതു്. അവിടെ പഠിക്കുന്നതു്. പഠിക്കാൻ ഓരോ കുട്ടിയും നിർബന്ധിതനാകുകയാണു്. കുട്ടിക്കു് സ്വയം അറിയാൻ അവസരം കിട്ടുന്നതേയില്ല. ഒടുവിൽ അറിവുതന്നെ കുട്ടിക്കു് ഭാരമായി തീരുന്നു.
- കേശു:
- വിദ്യാഭ്യാസം കഴിഞ്ഞാൽ താൻ ജീവിക്കുന്ന ലോകത്തെ വിമർശനബുദ്ധ്യാ കാണുവാനോ കൂടുതൽ ഉത്തമമായ മറ്റൊന്നിനെപ്പറ്റി ചിന്തിക്കുവാനോ യുവാക്കൾക്കു് കഴിയുന്നില്ല. ഭാവന വിടരാനുള്ള പരിശീലനമേ കിട്ടിയിട്ടില്ലല്ലോ. നിത്യജീവിതത്തിൽ ഒരുപയോഗവുമില്ലാത്ത അറിവിന്റെ ഒരു ഭാരിച്ച ഭാണ്ഡം തലയിലുണ്ടു്. അതു് വില്ക്കാൻ ഒരു മാർക്കറ്റന്വേഷിക്കുകയാണു് പിന്നീടു് യുവാക്കൾ. അവർ സ്വയം കണ്ടെത്തുന്ന മാർക്കറ്റുകളാണു് ട്യൂഷൻസെന്ററുകൾ. പതിനാറുവർഷം നന്നായി പഠിച്ചു് എം. എ. പാസ്സായ ഒരു വിദ്യാർത്ഥിക്കു് ആദ്യം കണ്ടെത്താവുന്ന ജോലി പഠിപ്പിക്കുകയല്ലാതെ മറ്റെന്താണു്. കൃഷിഭൂമി സ്വന്തമായിട്ടുണ്ടായിരുന്നാലും അതിലേക്കു് തിരിയാൻ പറ്റുമോ? പാരമ്പര്യതൊഴിലുകൾ വശമാക്കിയിട്ടില്ല. വിദ്യാലയങ്ങൾ വർഷംതോറും ഉപരിപഠനം പൂർത്തിയാക്കിയ യുവാക്കളെ വ്യർത്ഥതയുടെ പെരുവഴിയിലേക്കു് കൊണ്ടുചെന്നു് വിടുന്നു.
- ഞാൻ:
- നമ്മുടെ കാലഘട്ടത്തിലെ ഏറ്റവും ദയനീയമായ ഗതികേടിലേക്കാണു് കേശു വിരൽചൂണ്ടുന്നതു്. തെറ്റായ ദിശയിലേക്കാണു് തലമുറ നീങ്ങിക്കൊണ്ടിരിക്കുന്നതെന്നു് കണ്ടെത്താൻ അദ്ധ്യാപകർക്കോ, വിദ്യാർത്ഥികൾക്കോ, ഉദ്യോഗസ്ഥർക്കോ, രാഷ്ട്രീയക്കാർക്കോ ആർക്കും സാധിക്കാത്ത ഒരവസ്ഥയിൽ ലോകം അകപ്പെട്ടുപോയിരിക്കുന്നു. പാഠഭാഗം പഠിപ്പിച്ചുതീർക്കുന്നതിനുള്ള ബദ്ധപ്പാടിലാണു് ആത്മാർത്ഥതയുള്ള അദ്ധ്യാപകർ. മേലെനിന്നു വരുന്ന ഓർഡറുകൾ നടപ്പാക്കുകയാണു് ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥന്റെ ചുമതല. നേതാക്കന്മാരുടെ അഭിപ്രായങ്ങളറിഞ്ഞു് അതു പ്രചരിപ്പിച്ചാൽമതി രാഷ്ട്രീയ പ്രവർത്തകർക്കു്. സ്വതന്ത്രമായി ചിന്തിക്കുവാനോ തീരുമാനമെടുക്കുവാനോ പ്രവർത്തിക്കുവാനോ ആർക്കാണു കഴിയുക. ഇതിനിടയിൽ ആരെങ്കിലും വ്യത്യസ്തമായി ചിന്തിച്ചുപോയാൽ പ്രോത്സാഹനം നൽകുന്നതിനുപകരം അടിച്ചമർത്താനാവും അധികാരികൾ ശ്രമിക്കുക. ആദ്ധ്യാത്മികരംഗംപോലും വ്യക്തിത്വവികസനത്തിനു് അനുവദിക്കാത്ത ആചാരക്രമങ്ങളുടെ ഏടാകൂടത്തിൽ പെട്ടുപോയിരിക്കുന്നു.
- രാജു:
- ബഹുജനങ്ങളുടെ ഇന്നത്തെ മാനസികാവസ്ഥ ഒന്നു് വിശകലനം ചെയ്തു നോക്കേണ്ടതാണെന്നെനിക്കു തോന്നുന്നു.
- കേശു:
- എന്റെ നോട്ടത്തിൽ ബഹുജനങ്ങൾ സ്വതന്ത്രരാണു്. ഉദ്യോഗസ്ഥരുടെയോ, ജനപ്രതിനിധികളുടെയോ, പുരോഹിതന്മാരുടേയോ പരിമിതികൾ ജനങ്ങൾക്കില്ല. അവർക്കു യഥേഷ്ടം ചിന്തിക്കാം. പറയാം. പ്രവർത്തിക്കാം. എന്നാൽ അവർ ആത്മഹത്യയ്ക്കു തുല്യമായ ഒരു തെറ്റിദ്ധാരണയിൽ പെട്ടിരിക്കുന്നു. തങ്ങളുടെ ആവശ്യങ്ങൾ നിർവഹിച്ചുതരേണ്ടതു് ഗവണ്മെന്റാണു്, പുരോഹിതന്മാരാണു്, നേതാക്കന്മാരാണു് എന്നെല്ലാമുള്ള തെറ്റിദ്ധാരണയിൽ പെട്ടുപോയി സാമാന്യജനത. നാട്ടുകാരുടെ ഉത്തരവാദിത്വം അവരറിയുന്നതേയില്ല. അപേക്ഷിക്കുക. സാധിച്ചില്ലെങ്കിൽ സമരം നടത്തുക. ഇത്രയുമാണു് സാധാരണക്കാരുടെ ധർമം എന്നൊരബദ്ധധാരണ പരക്കെ ഉണ്ടു്. മാറ്റിത്തീർക്കാനുള്ള ഉത്തരവാദിത്വം തങ്ങൾക്കുള്ളതാണെന്നു കരുതുന്നില്ല. അതുകൊണ്ടു് അവർ ഭാവിയെപ്പറ്റി ചിന്തിക്കുവാനോ ഒരു വഴി കണ്ടെത്തുവാനോ തയ്യാറാകുന്നതേയില്ല. തന്നെയല്ല സ്വകാര്യജീവിതാവശ്യങ്ങൾ സാധിക്കുവാനുള്ള ബദ്ധപ്പാടിലാണു് ഓരോരുത്തരും. അതിനിടയ്ക്കു് കിട്ടുന്ന നേരം സിനിമയ്ക്കോ ടെലിവിഷനോ പന്തുകളി കാണാനോ ചിലവാക്കും. അവർ ലഹരികഴിച്ചും, വിനോദങ്ങളിൽ ഏർപ്പെട്ടും, അടിസ്ഥാനാവശ്യങ്ങൾക്കുവേണ്ടി അലഞ്ഞും, ലൈംഗിക അരാജകത്വത്തിൽ മുഴുകിയും, തമ്മിൽ കലഹിച്ചു ജീവിച്ചുകൊള്ളട്ടെ എന്നു് നേതൃത്വവും കരുതുന്നതുപോലെ തോന്നുന്നു.
- നവ:
- മറ്റൊരു കാരണം എനിക്കു തോന്നിയിട്ടുണ്ടു്. ഈ വ്യവസ്ഥയിൽതന്നെ പലരും സംതൃപ്തരാണു്. സൗകര്യമായ വീടു്, ഉപകരണങ്ങൾ, വാഹനങ്ങൾ, പണം എല്ലാമുണ്ടു്. ഒന്നിനും ഒരു കുറവുമില്ല. ഇനി പുതിയൊരു ലോകത്തെപ്പറ്റി എന്തിനു ചിന്തിക്കണം? പ്രയാസമുള്ളവരാകട്ടെ അതിനൊരു പരിഹാരം ഇവിടെത്തന്നെ കണ്ടെത്താമെന്നുള്ള വിശ്വാസത്തിലും ശ്രമത്തിലുമാണു്. ധനികരും ദരിദ്രരും ഈ വ്യവസ്ഥിതിയിൽതന്നെ സന്തോഷം കണ്ടെത്തുന്നുവെന്നു പറയാം. ദരിദ്രർക്കു് സ്വന്തം ക്ലേശങ്ങൾ മാറിക്കിട്ടണമെന്നല്ലാതെ ആ ക്ലേശം മറ്റൊരാൾ അനുഭവിക്കാനിടവരാത്ത ഒരു പുതിയ ലോകം ഉണ്ടാവണമെന്ന വിചാരമില്ല. അതുകൊണ്ടു് പുതിയ ലോകം ആരുടേയും ചിന്താവിഷയമാകാനിടവരുന്നില്ല. ജീവിതവീക്ഷണം അത്രമാത്രം സങ്കുചിതമായിപ്പോയി. ഇന്ത്യയെ ചൈനക്കാരോ പാകിസ്താൻകാരോ ആരുവേണമെങ്കിലും ഭരിച്ചുകൊള്ളട്ടെ എനിക്കു സ്വസ്ഥത കിട്ടിയാൽ മതി എന്ന ഭാവത്തിലാണു് ഇന്നു് പല ഇന്ത്യൻപൗരന്മാരും. ആരു നിർദ്ദേശിക്കുന്ന ഏതു ജോലിയും; ചെയ്യുവാൻ തയ്യാറാണു്. പണം കിട്ടിയാൽ സന്തോഷമായി ജീവിക്കാം. അടിമത്തമാണു് സ്വാതന്ത്ര്യത്തേക്കാൾ സുഖമെന്നു കരുതുന്ന ഒരു ലോകമാണു് യഥാർത്ഥത്തിൽ നമ്മുടെ മുമ്പിലുള്ളതു്. സ്വാതന്ത്ര്യത്തിന്റെ കൂടെ വരുന്ന ഉത്തരവാദിത്വത്തേക്കാൾ അടിമത്തത്തിന്റെ കൂടെവരുന്ന നിരുത്തരവാദിത്വമാണു് പലർക്കും ഇഷ്ടം.
- ഞാൻ:
- ഇതാരുടെയും ദോഷമല്ല. ഒരവസ്ഥയാണു്. ഒരു മനുഷ്യനിൽ നാം കാണുന്നതു പലരിലും ഉള്ളതു തന്നെയാണു്. കാലഗതിക്കനുസരിച്ചാണു് ആകെ നീക്കം സംഭവിക്കുന്നതു്. ആരെയും പ്രത്യേകമായി കുറ്റം പറയാനില്ല. മനുഷ്യർ ആകെ നിരാശരും ഉദാസീനരും തൻകാര്യക്കാരുമായിപ്പോയ ഒരവസ്ഥാവിശേഷം ഈ കാലഘട്ടത്തിന്റേതായി തീർന്നിരിക്കുന്നു. എല്ലാ രംഗങ്ങളിലും അർത്ഥശൂന്യത വ്യാപിച്ചുപോയി.
- നവ:
- ഉദ്യോഗസ്ഥലോകത്തിൽ ഇന്നു കാണുന്ന വിരസതയ്ക്കു പ്രധാനകാരണവും ഇതുതന്നെ. നിർദ്ദേശാനുസരണം ജോലി ചെയ്താൽ മതിയെന്നുവന്നപ്പോൾ ബുദ്ധിയും ഭാവനയും വളർച്ചകിട്ടാനാവാതെ മുരടിച്ചുപോകുന്നു.
- കേശു:
- കാർഷികവ്യാവസായിക രംഗങ്ങളിലും ഇതു സംഭവിച്ചിരിക്കുകയാണു്. കൃഷിക്കാരനു് മണ്ണിൽ സ്വന്തമായ സംഭാവനകളൊന്നും വേണ്ടെന്നായി. ഉഴവ്, വിത്ത്, വളം, വിഷം എല്ലാം ഉദ്യോഗസ്ഥന്മാരും കമ്പനിക്കാരും നിശ്ചയിച്ചു പറഞ്ഞുതരും. പറമ്പിൽ വച്ചു പിടിപ്പിക്കേണ്ട വൃക്ഷം ഏതെന്നുപോലും കമ്പനിക്കാരൻ നിശ്ചയിക്കുന്നു. ഒരു സുഹൃത്തിനെ സമീപിച്ചു് കടം ചോദിക്കേണ്ട ആവശ്യംപോലുമില്ല. ബാങ്കുകളുടെ തീരുമാനം അനുസരിച്ചാൽ പണം കടം കിട്ടും. കൃഷിയിൽ കൃഷിക്കാരൻ ഒരുപകരണമായാൽ മതി.
- ഞാൻ:
- ഒടുവിൽ നിരാശപ്പെട്ട ബുദ്ധി, എല്ലാത്തിനേയും വെറുക്കുന്ന സ്വഭാവത്തിലെത്തിയിരിക്കുകയാണു്. എല്ലാവരും മറ്റുള്ളവരെ കുറ്റപ്പെടുത്തി സ്വയം തൃപ്തിപ്പെടുകയാണിപ്പോൾ.
- രാജു:
- ചിന്തിക്കുന്തോറും ഭയങ്കരമാണീയവസ്ഥ. എന്താണൊരു പോംവഴി.
- ഞാൻ:
- സ്വതന്ത്രചിന്തനത്തിനു പ്രേരിപ്പിക്കുക തന്നെയാണു് ആദ്യം വേണ്ടതു്. കൂടിയാലോചനയിലൂടെ സാമൂഹ്യപരിവർത്തനം എന്നു് ദർശനം പറയാറുണ്ടു്. ചുറ്റുവട്ടത്തിലുള്ളവർ ഒന്നിച്ചു കൂടണം? ചെറിയ സമൂഹത്തിൽ എല്ലാവർക്കും ചിന്തിക്കാൻ അവസരം കിട്ടും. ലോകമാകെ പുതിയ ലോകത്തെപ്പറ്റി ചിന്തിക്കുന്ന പ്രാദേശികസമൂഹങ്ങളുണ്ടായാൽ പുതിയ ലോകത്തിലേക്കുള്ള ഗൃഹപ്രവേശനകർമം നടന്നുവെന്നു കരുതാം.
- നവ:
- ഗാന്ധിജിയുടെ സാമൂഹ്യപ്രവർത്തനങ്ങളുടെ ലക്ഷ്യം നാം ഇപ്പറഞ്ഞ ഗ്രാമസ്വരാജ് ആയിരുന്നു. ഭാരതത്തിനു സ്വാതന്ത്ര്യം നേടാൻ ഗാന്ധിജി ശ്രമിച്ചതു് ലോകത്തിനു മുമ്പിൽ ഗ്രാമസ്വരാജ് അവതരിപ്പിക്കുവാൻ ഭാരതത്തിനെ ഒരു വേദിയാക്കാം എന്ന പ്രതീക്ഷയോടെയായിരുന്നു. 1947 ഓഗസ്റ്റ് 15 മുതൽ 48 ജനുവരി 30 വരെ വെറും അഞ്ചരമാസക്കാലമേ സ്വതന്ത്രഭാരതത്തിൽ ജീവിക്കുവാൻ നാം അദ്ദേഹത്തെ അനുവദിച്ചുള്ളു. അതും വർഗീയ ലഹളകളുടെ നടുക്കു്.
- കേശു:
- ഞാൻ കുറച്ചുകാലം വിനോബാജിയുടെ കൂടെയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഗ്രാമസഭാസങ്കല്പം ദർശനം ഉന്നയിക്കുന്ന അയൽക്കൂട്ട സങ്കല്പത്തോടു് നന്നായി ഇണങ്ങുന്നുണ്ടു്.
- രാജു:
- പ്രാദേശികസമൂഹം എന്ന ഈ സങ്കല്പം ചരിത്രാരംഭം മുതലേയുള്ളതാണു്. പ്ലേറ്റോയുടെ ‘റിപ്പബ്ലിക്കി’ൽ ഈ സങ്കല്പം തെളിഞ്ഞുകാണാം.
- കേശു:
- സി. അച്യുതമേനോന്റെ ‘സോവിയറ്റുകളുടെ നാട്’ എന്നൊരു പുസ്തകമുണ്ടു്. പ്രാദേശികസമൂഹങ്ങളുടെ അടിസ്ഥാനത്തിലേ പുതിയ ലോകത്തിനു നിലനില്ക്കാൻ കഴിയൂ എന്നാണു് അതു വായിച്ചപ്പോൾ എനിക്കു തോന്നിയതു്.
- നവ:
- ഇത്തരം ചെറുസമൂഹങ്ങളെ ഉദ്ദേശിച്ചാണു് മാർക്സ് കമ്യൂൺ എന്നു പറഞ്ഞതു്. കമ്യൂണുകളുടെ ലോകമാണു് കമ്യൂണിസം എന്നു പറയാം. ഗ്രാമസ്വരാജ് പോലെ തന്നെ അടിസ്ഥാന കമ്യൂണുകളും ലോകത്തു് ഒരിടത്തും ഉണ്ടായിട്ടില്ല.
- ഞാൻ:
- കോടിക്കണക്കിനു ജീവൻ ബലി നൽകിയിട്ടും, നിരവധി മഹാപുരുഷന്മാർ ശ്രമിച്ചിട്ടും എന്തുകൊണ്ടിതു സംഭവിക്കുന്നില്ല? നാമിനിയെന്തു ചെയ്യണം? മനുഷ്യവർഗത്തിന്റെ ആധുനിക അന്വേഷണവിഷയം പ്രാദേശിക സമൂഹജീവിതമാതൃകകളുടെ സൃഷ്ടി എങ്ങനെ സാധിക്കാം എന്നതായിരിക്കണം. അത്തരം ചില അന്വേഷണങ്ങൾ ലോകത്തിന്റെ പല ഭാഗങ്ങളിലും മുളയിട്ടു തുടങ്ങിയിട്ടുണ്ടു്. അതിലൊന്നാണു് നമ്മുടെ അയൽക്കൂട്ട പരീക്ഷണവും.
- രാജു:
- ആനിബസന്റ് ചെറുസമൂഹത്തെക്കുറിച്ചാഴത്തിൽ ചിന്തിച്ചിട്ടുണ്ടു്. അതിലാണു് ബസന്റ് വിശ്വാസം അർപ്പിച്ചിരുന്നതു്.
- കേശു:
- ടോൾസ്റ്റോയിയുടെ ‘ഇവാൻ ദ ഫൂൾ’ എന്നൊരു ചെറുകഥയുണ്ടു്. പുതിയ സമൂഹജീവിതത്തിന്റെ സുന്ദരമായൊരു ചിത്രം അദ്ദേഹം അതിൽ കൊടുത്തിട്ടുണ്ടു്. നോട്ടും, വോട്ടും വേണ്ടാത്ത ലോകത്തെപ്പറ്റി ദർശനത്തിൽ വായിക്കുമ്പോൾ ഇവാന്റെ കഥയാണു് എന്റെ ഓർമയിൽ വരാറുള്ളതു്. ലിയോ ടോൾസ്റ്റോയിയുടെ സങ്കല്പത്തോടു് ഇക്കാലത്തു് ഏറ്റവും അടുത്ത ബന്ധം പുലർത്തുന്നതു് അയൽക്കൂട്ടസങ്കല്പമാണെന്നു് എനിക്കു തോന്നുന്നു.
- നവ:
- ബൈബിളിനോടും, ഖുറാനോടും അതിന്റെയൊന്നും പേരിൽ അല്ലാതെതന്നെ അയൽക്കൂട്ടം ബന്ധപ്പെട്ടിരിക്കുന്നു. ബൈബിളിൽ “നിന്നെപ്പോലെ നിന്റെ അയൽക്കാരനെ സ്നേഹിക്കാൻ പറഞ്ഞു”. ഖുറാനിൽ പലേ ഭാഗത്തും അയൽക്കാരെക്കൂടി പരിഗണിച്ചു ജീവിക്കണമെന്നു പറയുന്നുണ്ടു്.
- രാജു:
- ഷുമാക്കറുടെ ‘സ്മാൾ ഈസ് ബ്യൂട്ടിഫുൾ’ എന്നൊരു പുസ്തകമുണ്ടു്. ‘ചെറുതാണു് സുന്ദരം’ എന്ന ഷുമാക്കറുടെ വീക്ഷണം, വലുപ്പത്തെപ്പറ്റിയുള്ള ഇന്നത്തെ ധാരണയ്ക്കു് നല്ലൊരു പാഠഭേദമാണു്.
- കേശു:
- ലണ്ടൻ നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിൽ നൈബർഹുഡ് സൊസൈറ്റികൾ രൂപപ്പെട്ടുവരുന്നുണ്ടു്. അതിന്റെ ശരിക്കുള്ള മലയാളം പേരാണു്, ‘അയൽക്കൂട്ടം’ എന്നു പറയാം. ബ്രസീലിലുമുണ്ടു് മാനുഷികാടിസ്ഥാനത്തിലുള്ള പ്രാദേശിക സമൂഹങ്ങൾ. അമേരിക്കയിലെ ചില നഗരപ്രാന്തങ്ങളിൽ അയൽക്കാർ കൂടാൻ തുടങ്ങിയിരിക്കുന്നു. തോറോ എന്ന ചിന്തകൻ അമേരിക്കയിൽ വോൾഡൻ പോണ്ടിൽ ഇതുപോലൊരു ചിന്തനമാണു് നടത്തിയതു്. അടുത്തകാലത്തു് കേരളത്തിലെ ഇടവകകളിൽ ഈ സംരംഭം മതാടിസ്ഥാനത്തിലാണെങ്കിലും മൊട്ടിട്ടുവരുന്നുണ്ടു്. ഫ്രാൻസിൽ ഡോ. പിയരെ പരോഡി ‘ആർക്ക്’ എന്ന പേരിൽ ചെറുസമൂഹങ്ങൾ നിർമിച്ചു് പുതിയ ജീവിതം നയിക്കുന്നു. ഇസ്രായേലിന്റെ ബലം അവിടുത്തെ കിബ്യൂട്സുകളാണു്. പല കുടുംബങ്ങൾക്കു് ഒരടുക്കള. താമസംവിനാ ഈ ചെറുഗോളത്തിൽ മനുഷ്യൻ ഒത്തുകൂടും എന്നെനിക്കു തോന്നുന്നു. അതിനുള്ള തെളിവുകളാണിതെല്ലാം.

പ്രശസ്ത കഥാകൃത്ത് ശ്രീ സക്കറിയ ‘ഇന്ത്യാ ടുഡെ’ യിൽ ഫെബ്രുവരി 2000-ാമാണ്ടു് ശ്രീ ഡി. പങ്കജാക്ഷനെപ്പറ്റി എഴുതിയ ലേഖനത്തിൽ നിന്നു്:
ഡി. പങ്കജാക്ഷക്കുറുപ്പിനെ അധികമാളുകൾ അറിയില്ല. അത്തരമൊരു അറിയൽ അദ്ദേഹം ആഗ്രഹിക്കുന്നുണ്ടെന്നും തോന്നുന്നില്ല. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ മാധ്യമങ്ങളുടെ പ്രത്യേകശ്രദ്ധ ആകർഷിച്ചിട്ടുള്ളതായും എനിക്കറിവില്ല. വർഷങ്ങൾക്കുമുമ്പാണു് ഒരിക്കൽ ഞാൻ അദ്ദേഹത്തെ നേരിട്ടുകണ്ടതു്.
പങ്കജാക്ഷക്കുറുപ്പ് ഒരു റിട്ടയേഡ് അദ്ധ്യാപകനാണു്. ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴയ്ക്കടുത്തുള്ള കഞ്ഞിപ്പാടം എന്ന സ്ഥലത്താണു് അദ്ദേഹത്തിന്റെ താമസം. അദ്ദേഹം നേതൃത്വം കൊടുക്കുന്ന പ്രസ്ഥാനത്തിന്റെ പേരു് ‘അയൽക്കൂട്ടം’ എന്നാണു്. (നേതൃത്വം എന്ന വാക്കു് പങ്കജാക്ഷക്കുറുപ്പു് അംഗീകരിക്കുമെന്നു തോന്നുന്നില്ല. കാരണം അദ്ദേഹത്തിന്റെ വാക്കുകളിൽതന്നെയുണ്ടു്: “പാരിറ്റി വേണ്ടതു് ശമ്പളത്തിലല്ല, ജീവതത്തിലാണു് എന്നു കാണണം. നാട്ടിൽ നമ്മളോടൊപ്പം ജീവിക്കുന്നവരുമായി നമുക്കു് പാരിറ്റി വേണം”.
സക്കറിയ തന്റെ ലേഖനം ഇങ്ങനെ അവസാനിപ്പിക്കുന്നു:

പങ്കജാക്ഷക്കുറുപ്പിന്റെ സ്ഥിതപ്രജ്ഞയുടെയും ഹൃദയനൈർമ്മല്യത്തിന്റെയും ആദർശശുദ്ധിയുടെയും മാനവികതയുടെയും മുമ്പിൽ ഞാൻ, ഇങ്ങനെയൊരു മനുഷ്യനും നമ്മോടൊപ്പമുണ്ടു് എന്നു് അഭിമാനത്തോടെയും ആ തിരിച്ചറിവു നല്കുന്ന എളിമയോടെയും തലകുനിക്കുന്നു. അദ്ദേഹത്തിന്റെ, അസാധ്യമെന്നു തോന്നുന്ന സ്വപ്നങ്ങൾ സാക്ഷാത്കരിക്കപ്പെടട്ടെ എന്നു് ആശംസിക്കുന്നു. അദ്ദേഹത്തിന്റെ വാക്കുകളിൽ ഈകുറിപ്പു് അവസാനിപ്പിക്കട്ടെ: “സംഭവിക്കുകയോ ഒരിക്കലും സംഭവിക്കാതിരിക്കുകയോ ചെയ്യട്ടെ. നമ്മളാലാവതു് നമുക്കു ചെയ്തുകൊണ്ടിരിക്കാം”.
—ഇന്ത്യാ ടുഡെ, ഫെബ്രുവരി 2000