ഇക്കഴിഞ്ഞ, അസിസ്റ്റന്റ് സർജ്ജൻമാരെ തെരഞ്ഞെടുക്കാനുള്ള അഭിമുഖത്തിൽ പങ്കെടുത്തവർക്കു് സാമാന്യവിജ്ഞാനമില്ലെന്നു് കാണിച്ചു് പി.എസ്.സി. ചെയർമാൻ മുഖ്യമന്ത്രിക്കു് നൽകിയ റിപ്പോർട്ട് ശ്രദ്ധേയമായ ചില വസ്തുതകളിലേക്കു് വിരൽ ചൂണ്ടുന്നു. അടിയന്തിരമായ ചില നടപടികളും അതു് ആവശ്യപ്പെടുന്നു. മുമ്പു് ഭൂതപ്രേത പിശാചുക്കളാണു് അന്ധവിശ്വാസങ്ങളായിരുന്നതെങ്കിൽ ഇപ്പോൾ മധ്യവർഗത്തെയും ഉപരിവർഗത്തെയും ബാധിച്ചിരിക്കുന്ന അന്ധവിശ്വാസമാണു് മെഡിക്കൽ-എഞ്ചിനീറിംഗ് കോഴ്സുകൾ. വിദ്യാർത്ഥിയുടെ താത്പര്യമേതും നോക്കാതെയാണു് ഈ കോഴ്സുകളിലേക്കു് രക്ഷിതാക്കൾ മക്കളെ തള്ളിവിടുന്നതു്. സാധാരണ മലയാളിയെക്കാൾ സാമൂഹ്യബോധത്തിൽ വളരെ താഴെയാണു് ഈ കോഴ്സുകളിൽ നിന്നു് പുറത്തു വരുന്നവർ എന്നാണു് ചെയർമാന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നതു്. പൊതുവിജ്ഞാന പരീക്ഷ നടത്തിയാൽ മാത്രം ഈ കുറവു് പരിഹരിക്കാൻ കഴിയുമോ?
നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ അടിസ്ഥാനപരമായ കുറവുകളെ ഇതു് എടുത്തുകാട്ടുന്നു. മാതൃഭാഷയിൽ എഴുതാനോ വായിക്കാനോ അറിയാത്ത ആളുകളെയാണു് ഇംഗ്ലീഷ് മാധ്യമ വിദ്യാലയങ്ങളിൽ പലതും പുറത്തുവിടുന്നതു്. മലയാളത്തിൽ ഒരു പത്രമോ പുസ്തകമോ വായിക്കാൻ കഴിയാത്ത ബിരുദധാരിക്കു് എങ്ങിനെ കേരളത്തിലെ സാമൂഹ്യയാഥാർഥ്യങ്ങൾ വ്യക്തമാകും? ഏതൊരു തൊഴിലിനെക്കാളും ഭാഷ പ്രധാനമാകുന്ന മേഖലയാണു് വൈദ്യത്തിന്റേതു്. രോഗിയുടെ ഭാഷ ഡോക്റ്റർ അറിയുന്നില്ലെങ്കിൽ ചികിത്സ തെറ്റുമെന്നു മാത്രമല്ല, അപകടവും വരുത്തിവെക്കും. ഓക്കാനം എന്ന വാക്കിന്റെ അർത്ഥമറിയാത്ത ഡോക്റ്റർ അതു് വയറു വേദനയാണെന്നു് ധരിച്ചു് മരുന്നെഴുതിക്കൊടുത്തതുകൊണ്ടു് അനേക സ്ത്രീകളുടെ ഗർഭം അലസിയതായി ഐക്യമലയാള പ്രസ്ഥാനത്തിന്റെ ഒരു പ്രവർത്തകൻ ഈയിടെ പ്രസംഗിക്കുന്നതു് കേട്ടിരുന്നു. മെഡിക്കൽ വിദ്യാഭ്യാസം തന്നെ മാതൃഭാഷയിലാക്കണമെന്നാണു് പല വിദഗ്ധരും വാദിക്കുന്നതു്. എട്ടാംതരംവരെയെങ്കിലും മാതൃഭാഷയായിരിക്കണം വിദ്യഭ്യാസമാധ്യമം എന്നു് ഈയിടെ അംഗീകരിച്ച വിദ്യാഭ്യാസ അവകാശ നിയമം പറയുന്നുണ്ടു്. പക്ഷേ, അതൊന്നും സർക്കാരിന്റെ ശ്രദ്ധയിൽ വന്നിട്ടില്ല.
വിദ്യാഭ്യാസ മാധ്യമത്തെ സംബന്ധിച്ച കാര്യങ്ങൾ പോലെ തന്നെ പ്രധാനമാണു് സാഹിത്യമുൾപ്പെടെയുള്ള മാനവിക പഠനമേഖലയോടു് കാണിക്കുന്ന അവഗണന. കഴിഞ്ഞ സർക്കാരിന്റെ കാലത്താണു് ഉന്നതവിദ്യാഭ്യാസ കൗൺസിൽ ബിരുദപഠനത്തിൽ നിന്നു് സാഹിത്യപഠനം മിക്കവാറും ഒഴിവാക്കിയതു്. സാഹിത്യസാംസ്കാരിക മേഖലയിൽ നിന്നു് ഇതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നിട്ടും സർവകലാശാലയിലെ ബിരുദകോഴ്സുകളിൽ ഇനിയും സാഹിത്യം തിരിച്ചു വന്നിട്ടില്ല. ഇതു് സർവകലാശാലയിലെ സാധാരണ കോഴ്സുകളുടെ സ്ഥിതി. പ്രൊഫഷണൽ വിദ്യാഭ്യാസ മേഖലയിലാകട്ടെ സാഹിത്യപഠനമേയില്ല. ഇംഗ്ലീഷ് മധ്യമ വിദ്യാലയങ്ങളിലൂടെ മലയാളം എഴുതാനും വായിക്കാനും അറിയാതെ പുറത്തു വരുന്ന, ഒരു മലയാളസാഹിത്യകൃതി പോലും വായിച്ചിട്ടില്ലാത്ത വിദ്യാർത്ഥിക്കുള്ള കുറവു് സാമാന്യവിജ്ഞാനത്തിന്റേതു മാത്രമല്ല, സൗന്ദര്യബോധത്തിന്റേതു കൂടിയാണു്.

സാഹിത്യബോധമുണ്ടാകാൻ സാഹിത്യം ഒരു കോഴ്സായി പഠിക്കണോ എന്നു് പലരും ചോദിക്കുന്നുണ്ടു്. സാഹിത്യം ക്ലാസ് മുറിയിലിരുന്നു് പഠിക്കാതെയും സാഹിത്യബോധമുണ്ടാകാം എന്നതു് ശരി തന്നെയാണു്. എന്നാൽ ഈ വാദം ശാസ്ത്രത്തിനും സാങ്കേതികവിദ്യക്കും കൂടി ബാധകമാണെന്നോർക്കണം. നൂറു കണക്കിനു് ശാസ്ത്രീയ കണ്ടുപിടുത്തങ്ങൾ നടത്തിയ എഡിസൻ ആറു മാസം തികച്ചു് സ്കൂളിൽ പോയിട്ടില്ല എന്ന ഉദാഹരണം ചൂണ്ടിക്കാട്ടി സ്കൂളിലോ കോളേജുകളിലോ ശാസ്ത്രമേ പഠിപ്പിക്കേണ്ടതില്ല എന്നു് ആരും വാദിക്കാറില്ലല്ലോ.

സാഹിത്യത്തിനും കലയ്ക്കും വിദ്യാഭ്യാസത്തിൽ എന്തു പങ്കാണുള്ളതു് എന്ന ചോദ്യത്തിനു് ഏറ്റവും നല്ല വിശദീകരണം നൽകിയതു് ജർമ്മൻ കവിയും ചിന്തകനുമായിരുന്ന ഫ്രഡറിക് ഷില്ലറാ ണു്. സാഹിത്യവും കലയും നൽകുന്നതു് സൗന്ദര്യാത്മക വിദ്യാഭ്യാസമാണു് എന്നു് മനുഷ്യന്റെ സൗന്ദര്യാത്മകവിദ്യാഭ്യാസത്തെപ്പറ്റി (1795) എന്ന കൃതിയിൽ അദ്ദേഹം വാദിച്ചു. ബുദ്ധികൊണ്ടു മാത്രമല്ല, വികാരം കൊണ്ടു കൂടിയാണു് മനുഷ്യൻ ജീവിക്കുന്നതു് എന്നും വികാരമണ്ഡലത്തെ വികസിപ്പിക്കുന്നതും സമകാലികമാക്കുന്നതും സൗന്ദര്യാത്മക വിദ്യാഭ്യാസമാണു് എന്നും അദ്ദേഹം പറഞ്ഞു. ഭൗതിക വസ്തുക്കളും ചരക്കുകളും മാത്രമല്ല, മനുഷ്യരെ ഒരു സമൂഹമാക്കി പരസ്പരം ബന്ധിപ്പിക്കുന്നതു്. സൗന്ദര്യാത്മകമായ ഉല്പന്നങ്ങൾ കൊണ്ടു കൂടിയാണു് മനുഷ്യർ പരസ്പരം ബന്ധിതരായിരിക്കുന്നതു്. സാഹിതീയവും സൗന്ദര്യാത്മകവുമായ ഉല്പന്നങ്ങളാൽ പരസ്പരം ബന്ധിപ്പിക്കപ്പെട്ട മനുഷ്യരുടെ സമുദായത്തെ അദ്ദേഹം സൗന്ദര്യാത്മക സമുദായം എന്നു വിളിച്ചു. സാമൂഹ്യബന്ധത്തിന്റെയും സാമൂഹ്യവിനിമയത്തിന്റെയും ഉയർന്ന രൂപമാണതു്. ഏറ്റവും പുതിയ സാങ്കേതിക വിദ്യാഭ്യാസം കിട്ടുന്ന വിദ്യാർത്ഥി വികാരം കൊണ്ടു് ഏറ്റവും പ്രാകൃതനാണെങ്കിൽ അവനു് ശരിയായ വിദ്യാഭ്യാസം കിട്ടി എന്നു പറയാനാവുകയില്ല. ഏറ്റവും പുതിയ ഉല്പന്നങ്ങൾ വീട്ടിൽ കുമിഞ്ഞുകൂടുമ്പോഴും ഏറ്റവും പ്രാകൃതമായ സൗന്ദര്യബോധമാണു് ഒരാളെ നയിക്കുന്നതെങ്കിൽ അയാളെ പുതിയ കാലത്തെ മനുഷ്യനായി പരിഗണിക്കാൻ കഴിയില്ല.
ബൗദ്ധികവിദ്യാഭ്യാസം വിവരശേഖരത്തെ മാത്രമാണു് അടിസ്ഥാനമാക്കുന്നതെങ്കിൽ സൗന്ദര്യാത്മകവിദ്യാഭ്യാസം വികാരമണ്ഡലത്തെയാണു് സംബോധന ചെയ്യുന്നതു്. ആ നിലയിൽ അതു് വൈകാരികവിദ്യാഭ്യാസം തന്നെ. പ്രകൃതിയോടും സമൂഹത്തോടും എതിർലിംഗത്തോടുമുള്ള പെരുമാറ്റത്തെയും വികാരപരമായ ബന്ധത്തെയും നവീകരിക്കുകയാണു് സൗന്ദര്യാത്മക വിദ്യാഭ്യാസത്തിൽ സംഭവിക്കുന്നതു്. ലൈംഗികവിദ്യാഭ്യാസം നൽകിയാൽ ആൺ പെൺ ബന്ധം മെച്ചപ്പെടുമെന്നും സ്ത്രീപീഡനം കുറയുമെന്നുമുള്ളതു് തെറ്റിദ്ധാരണയാണു്. കാമത്തിന്റെ പ്രവർത്തനത്തെക്കുറിച്ചുള്ള ബുദ്ധിപരമായ അറിവല്ല, കാമത്തെ പ്രേമമാക്കുന്ന സൗന്ദര്യാത്മകമായ വിദ്യാഭ്യാസമാണു് ഇണയോടുള്ള ബന്ധത്തെ നവീകരിക്കുന്നതു്. കുമാരനാശാന്റെ കൃതികൾ ഒരു മലയാളി എന്തിനു് പഠിക്കണം എന്നുള്ളതിന്റെ ഉത്തരം ഇവിടെയാണു്. യഥാർത്ഥത്തിൽ പത്താംതരം വരെ മാത്രമുള്ള ഭാഷാപഠനമല്ല, അതും കഴിഞ്ഞു് വികാരവളർച്ചയുടെ പ്രായത്തിൽ ലഭിക്കുന്ന സൗന്ദര്യാത്മക വിദ്യാഭ്യാസമാണു് സ്ത്രീപീഡകനായിത്തീരുമായിരുന്ന ഒരു യുവാവിനെ പ്രേമവായ്പുള്ള കാമുകനാക്കി മാറ്റുന്നതു്. ഇണയോടുള്ള ഏകപക്ഷീയമായ വികാരമാണു് കാമമെങ്കിൽ ഇണയുടെ ആഗ്രഹപാത്രമായി താൻ മാറിത്തീരണം എന്നുള്ള വികാരം കൂടി ചേരുമ്പോഴാണു് അതു് പ്രേമമാകുന്നതു്. കോളജ് ക്ലാസുകളിലും സാഹിത്യം നിർബന്ധപഠനവിഷയമാക്കണമെന്നു് പലരും വാദിച്ചതു് സൗന്ദര്യാത്മക വിദ്യാഭ്യാസത്തിന്റെ ഈ പ്രസക്തി മനസ്സിലാക്കുന്നതുകൊണ്ടാണു്.

ഭൗതികവിദ്യാഭ്യാസത്തിന്റെ കുറവു് പരിഹരിക്കാൻ ആത്മീയ വിദ്യാഭ്യാസം മതി എന്നു് മതസംഘടനകളുടെയും ആത്മീയ പ്രസ്ഥാനങ്ങളുടെയും ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളുടെ അധികാരികൾ വിചാരിക്കുന്നുണ്ടു്. എന്നാൽ മതപരമായ വിദ്യാഭ്യാസം സൗന്ദര്യാത്മകവിദ്യാഭ്യാസത്തിനു് പകരമാകുന്നില്ല. മോശയുടെ പത്തു പ്രമാണങ്ങൾ അക്കമിട്ടു പഠിപ്പിക്കുന്ന ബൗദ്ധികവിദ്യാഭ്യാസത്തെക്കാൾ ഫലപ്രദമാണു് ക്രിസ്തു പറഞ്ഞുതരുന്ന കഥകൾ നൽകുന്ന വൈകാരികവിദ്യാഭ്യാസം. മതവിദ്യാഭ്യാസമാണു് മൂല്യവിദ്യാഭ്യാസമെന്നും തെറ്റിദ്ധാരണയുണ്ടു്. മതവിദ്യാഭ്യാസത്തിലുൾച്ചേർന്ന മാനുഷിക മൂല്യങ്ങൾ ഏറ്റവും സമകാലികമാവുകയാണു് സാഹിത്യവിദ്യാഭ്യാസത്തിലൂടെ. ഏറ്റവും പുതിയ സാഹിത്യകൃതികൾ ഏറ്റവും പുതിയ ധാർമ്മികസമസ്യകളെയാണു് വിദ്യാർത്ഥിക്കു് സൗന്ദര്യാനുഭവമായി നൽകുന്നതു്. സാഹിത്യം എന്നു് ഇവിടെ ഉദ്ദേശിക്കുന്നതു് വാമൊഴി, വരമൊഴി വ്യത്യാസമില്ലാതെ എല്ലാ സാഹിത്യരൂപങ്ങളും കലാസൃഷ്ടികളും ആധുനിക മാധ്യമസംസ്കാരവും മാനവികശാസ്ത്രങ്ങളുമെന്നാണു്. മൂല്യവിദ്യാഭ്യാസം മതവിദ്യാഭ്യാസമല്ല, സൗന്ദര്യാത്മക വിദ്യാഭ്യാസമാണു്. മുമ്പു് പണ്ഡിറ്റ് കെ. പി. കറുപ്പൻ പറഞ്ഞതുപോലെ ഭാഷയുടെയും സാഹിത്യത്തിന്റെയും ആരാധനാലയത്തിലേയ്ക്കു് എല്ലാവർക്കും പ്രവേശനമുണ്ടു്. അതു് എല്ലാവർക്കും പൊതുവായുള്ളതുമാണു്.
ഈ സൗന്ദര്യാത്മക വിദ്യാഭ്യാസം മെഡിക്കൽ-എഞ്ചിനീയറിംഗ് കോഴ്സുകളിലുമുണ്ടായിരിക്കണം. ആരോഗ്യനികേതനം എന്ന താരാശങ്കർ ബാനർജിയുടെ നോവൽ എം. ബി. ബി. എസ്. കോഴ്സിന്റെ ഭാഗമാകണം. ഭൂമിയുടെ അവകാശികൾ എന്ന ബഷീറി ന്റെ കഥ എഞ്ചിനീയറിംഗ് കോഴ്സിന്റെ കൂടെ പഠിപ്പിക്കണം. മനുഷ്യനോടും ഭൂമിയോടും ആരോഗ്യകരമായ ബന്ധം സൂക്ഷിക്കുന്ന ഡോക്റ്ററും എഞ്ചിനീയറും അതുവഴിയാണു് പുറത്തു വരിക. ഈ തിരിച്ചറിവു് ഇപ്പോൾ പാശ്ചാത്യ സർവ്വകലാശാലകളിൽ ഉണ്ടായിത്തുടങ്ങിയിട്ടുണ്ടു്. വൈദ്യമാനവികശാസ്ത്രം (മെഡിക്കൽ ഹ്യൂമാനിറ്റീസ്) എന്ന ഒരു പഠനശാഖ തന്നെ ഉയർന്നുവന്നിട്ടുണ്ടു്.

സൗന്ദര്യാത്മക വിദ്യാഭ്യാസമില്ലാതെ എത്ര വലിയ ശാസ്ത്രീയ വിദ്യാഭ്യാസമുണ്ടായിട്ടും കാര്യമില്ലെന്നതിനു് നിരവധി ഉദാഹരണങ്ങളുണ്ടു്. ജനിതക ശാസ്ത്രത്തിലെ ഏറ്റവും വലിയ കുതിച്ചുചാട്ടങ്ങളിലൊന്നായ വാട്സൻ-ക്രിക്ക് കണ്ടുപിടുത്തത്തിനു് കാരണക്കാരിലൊരാളായ ജെയിംസ് വാട്സനെ വംശീയ വിരോധം പ്രചരിപ്പിക്കുന്നതിന്റെ പേരിൽ ലബോറട്ടറിയിൽ നിന്നു് പുറത്താക്കുകയുണ്ടായി. ഡി. എൻ. എ. പ്രകാരം മനുഷ്യരെ വേർതിരിച്ച വാട്സനു് മനുഷ്യരെ ഐക്യപ്പെടുത്തുന്ന വിശാലമായ സൗന്ദര്യബോധത്തിന്റെ കുറവു മാത്രമാണു് ഉണ്ടായിരുന്നതു്. മഹാനായ ശാസ്ത്രജ്ഞനാകുമ്പോഴും നീചനായ മനുഷ്യനായി മാറാമെന്നു് ഇതു കാണിക്കുന്നു.

അറുപതുകളിൽത്തന്നെ അമേരിക്കയിലും തുടർന്നുള്ള ദശകങ്ങളിൽ യൂറോപ്പിലാകെയും പലയിടത്തും വൈദ്യമാനവികശാസ്ത്ര കോഴ്സുകൾ അവിടത്തെ മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ ഭാഗമായി. ഡോക്റ്റർമാരുടെ കോഴ്സിൽ സാഹിത്യവും കലയും സാമാന്യവിജ്ഞാനങ്ങളും ഉൾപ്പെടുത്തുന്ന പാഠ്യപദ്ധതിയാണിതു്. ന്യൂയോർക്ക് സർവ്വകലാശാലയിലെ വൈദ്യശാസ്ത്രപഠനത്തിൽ ഫെലിസ് ഔളും ജോർജ്ജ് വാഷിംഗ്ടൺ സർവ്വകലാശാല യിൽ ലിന്റ റാഫേലും നിരവധി വർഷങ്ങൾ ഈ കോഴ്സ് നടത്തിയിട്ടുണ്ടു്. ഉയർന്ന ഡോക്റ്റർമാരെ ഉന്നതരായ മനുഷ്യരുമാക്കി തീർക്കുന്നതാണു് ഈ കോഴ്സ് സംവിധാനം. വൈദ്യധാർമ്മികത (മെഡിക്കൽ എതിക്സ്) വൈദ്യമാനവികശാസ്ത്രം എന്ന വിശാലമേഖലയിലെ ഒരു ഘടകം മാത്രമാണെന്നു് ഇന്നു് പലരും തിരിച്ചറിഞ്ഞിട്ടുണ്ടു്. എഞ്ചിനീയറിംഗ് കോഴ്സിലും പലയിടത്തും സാഹിത്യമുൾപ്പെടുന്ന മാനവികവിഷയങ്ങൾ പഠനപദ്ധതിയുടെ ഭാഗമാണു്.
ഡോക്റ്റർമാർക്കും എഞ്ചിനീയർമാർക്കും മാത്രമല്ല, എല്ലാ പ്രൊഫഷണൽ കോഴ്സുകൾക്കും സൗന്ദര്യാത്മക വിദ്യാഭ്യാസം ആവശ്യമാണു്. വക്കീലന്മാർക്കും ന്യായാധിപന്മാർക്കും ഇതു ബാധകമാണു്. സാഹിത്യത്തെയും സൗന്ദര്യമേഖലയെയും മനസ്സിലാക്കാൻ കഴിയാത്തതു് നീതിന്യായമേഖലയിൽ പ്രശ്നങ്ങളുണ്ടാക്കുന്നുണ്ടു്. സ്ഥലവും കാലവും കണക്കാക്കിയുള്ള ആധുനിക യുക്തിയിൽ നിന്നു് വ്യത്യസ്തമായാണു് ഭാവനാലോകം നിലനില്ക്കുന്നതു് എന്നു് തിരിച്ചറിയാതിരിക്കുന്നതു് വലിയ സാമൂഹ്യപ്രശ്നങ്ങളിലേക്കു് നയിക്കുന്നുണ്ടു്. സാഹിതീയ പാഠങ്ങളെ ചരിത്രപാഠങ്ങളായി തെറ്റിദ്ധരിച്ചതാണു് ബാബറി മസ്ജിദ് പൊളിച്ചുമാറ്റുന്നതിലെന്ന പോലെ തന്നെ അതു് കുഴിച്ചുനോക്കി ചരിത്രാവശിഷ്ടം പരിശോധിക്കാനുള്ള വിധിയിലും വ്യക്തമായതു്. രാമൻ ജനിച്ചതു് വാത്മീകി യുടെ മനസ്സിലാണെന്നു് മനസ്സിലാക്കണമെങ്കിൽ ചരിത്രവിദ്യാഭ്യാസം പോര. സൗന്ദര്യാത്മക വിദ്യാഭ്യാസം തന്നെ വേണം. സാഹിത്യകൃതികളെയും സാഹിത്യകാരന്മാരെയും മതങ്ങളും നീതിപീഠങ്ങളും വിചാരണയ്ക്കു് വിധേയമാക്കുന്നതു് സൗന്ദര്യാത്മക വിദ്യാഭ്യാസത്തിന്റെ കുറവുകൊണ്ടാണു്. യൂറോപ്പിൽനിന്നു് വ്യത്യസ്തമായി സാഹിത്യസംസ്കാരം ഇന്ത്യൻ സമൂഹത്തിലും ഇന്ത്യൻ ഭാഷകളിലും ആഴത്തിൽ വേരോടിയിട്ടുള്ളതാണെന്ന തിരിച്ചറിവു് ഇന്നു് ഉണ്ടായിട്ടുണ്ടു്. ഇന്ത്യൻഭാഷകളും സാഹിത്യവും അറിയാതിരിക്കുന്നതു് സമൂഹത്തെയും സമൂഹമനസ്സിനെയും മനസ്സിലാക്കുന്നതിനു് തടസ്സമാകുന്നുണ്ടു്.
ഹിപ്പോക്രാറ്റസിന്റെ പ്രതിജ്ഞ ഹിപ്പോക്രസിയാകാതിരിക്കണമെങ്കിൽ ആ മൂല്യങ്ങൾ സൗന്ദര്യാത്മകതലത്തിൽ വിദ്യാർത്ഥിയിലേക്കു് വിനിമയം ചെയ്യപ്പെടണം.
(മാതൃഭൂമി ദിനപത്രം, 2013 ഏപ്രിൽ 24.)

കോഴിക്കോട് ജില്ലയിൽ, 1964-ൽ വടകരക്കടുത്തു് മേമുണ്ടയിൽ, ടി എച്ച് കുഞ്ഞിരാമൻ നമ്പ്യാരുടെയും പി പി ദേവിയമ്മയുടെയും മകനായി ജനനം. കാലടി സംസ്കൃത സർവകലാശാലയിലെ മലയാള വിഭാഗം അധ്യാപകൻ. സാഹിത്യനിരൂപകൻ, സാംസ്കാരിക നിരൂപകൻ, മാതൃഭാഷാവകാശ പ്രവർത്തകൻ, പ്രഭാഷകൻ എന്നീ നിലകളിൽ 1990-കൾ മുതൽ പ്രവർത്തിച്ചുവരുന്നു. ഭാര്യ-ഡോ. പി ഗീത. മക്കൾ-അപർണ പ്രശാന്തി, അതുൽ പി.
മേമുണ്ട ഈസ്റ്റ് എൽ. പി. സ്കൂൾ, മേമുണ്ട ഹൈസ്കൂൾ, മടപ്പള്ളി ഗവ. കോളേജ്, തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജ്, കാലിക്കറ്റ് സർവകലാശാല ക്യാമ്പസ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ‘ആത്മാന്വേഷണം ആനന്ദിന്റെ നോവലുകളിൽ’ എന്ന വിഷയത്തിൽ 1988–89 ൽ എം. ഫിൽ ഗവേഷണം. ‘കുമാരനാശാന്റെ കാവ്യജീവിതത്തിന്റെ പരിണാമം—മനഃശാസ്ത്രപരവും, തത്വശാസ്ത്രപരവുമായ അന്വേഷണം’ എന്ന വിഷയത്തിൽ 1990–94 പി. എച്ച്. ഡി. തല ഗവേഷണം. ‘മഹാത്മാ ഗാന്ധി, കാൾ മാർക്സ്, ബി. ആർ. അംബേദ്കർ എന്നിവരുടെ ആശയങ്ങളുടെ സ്വാധീനം ആധുനികതാവാദ നോവലുകളിൽ’ എന്ന വിഷയത്തിൽ യു. ജി. സി. ഗവേഷണ അവാർഡിൽ 2006–09-ൽ പോസ്റ്റ് ഡോക്ടറൽ ഗവേഷണം.
- ആധുനികതയുടെ കുറ്റസമ്മതം (2000)
- ആശാൻ കവിത—ആധുനികാനന്തര പാഠങ്ങൾ (2002)
- എം എൻ വിജയൻ എന്ന കേരളീയ ചിന്തകൻ (2013)
- മാതൃഭാഷയ്ക്കു വേണ്ടിയുള്ള സമരം (2014)
- പ്രണയരാഷ്ട്രീയം—ആശാൻ കവിതാപഠനങ്ങൾ (2018)
- കോളനിയാനന്തരവാദം—സംസ്കാരപഠനവും സൗന്ദര്യശാസ്ത്രവും (2019)
- മാർക്സ് ഗാന്ധി അംബേദ്കർ ആധുനികതാവാദത്തിന്റെ രാഷ്ട്രീയ സൗന്ദര്യശാസ്ത്രം (2020)
- ഭൂപടം തല തിരിക്കുമ്പോൾ—നോവൽ പഠനങ്ങൾ, ഡി. സി. ബുക്സ് (2022)
- Wtp live സാഹിത്യവിമർശന പുരസ്കാരം (മാർക്സ് ഗാന്ധി അംബേദ്കർ ആധുനികതാവാദത്തിന്റെ രാഷ്ട്രീയ സൗന്ദര്യശാസ്ത്രം—2021)
- ഡോക്ടർ സി പി ശിവദാസൻ പുരസ്കാരം (പ്രണയരാഷ്ട്രീയം—ആശാൻ കവിതാപഠനങ്ങൾ—2018)
- പ്ലാവില സാഹിത്യ പുരസ്കാരം (2017)
- കേരള സാഹിത്യ അക്കാദമി ഐ. സി. ചാക്കോ അവാർഡ് (മാതൃഭാഷയ്ക്കു വേണ്ടിയുള്ള സമരം—2017)
- പയ്യപ്പിള്ളി ബാലൻ പുരസ്കാരം (2015)
- ഡോക്ടർ സി പി മേനോൻ സ്മാരക പുരസ്കാരം (2015)