‘എടാ നിന്ദക്കഴുവേറീ, ഇവൻ നിമിത്തം ഒരു കാര്യത്തിൽ മനസ്സിരുത്തുവാൻ പാടില്ലെന്നായല്ലൊ. കച്ചേരിക്കു പോകുന്ന കാര്യം അന്വേഷിക്കേണ്ടവർ നീയോ ഞാനോ? എന്തെടാ? കഴുവേറി, പറ. ഇനിക്കറിഞ്ഞുകൂടേ അതിനുള്ള നേരം? നിന്നെ ഇങ്ങനെ കൂടെക്കൂടെ ഇതിന്റെ മുകളിലേക്കു് വലിച്ചുകൊണ്ടു വരണോ?’ സാഹിത്യത്തിന്റെ പുതിയ പൊതുമണ്ഡലവും ജനപ്രിയസംസ്കാരത്തിന്റെ പൊതുമണ്ഡലവും തമ്മിലുള്ള സംഘർഷങ്ങളും പിരിമുറുക്കങ്ങളും നിറഞ്ഞകാലഘട്ടത്തിൽ, അച്ചടിയുടെയും എഴുത്തിന്റെയും ജനാധിപത്യവൽക്കരണഘട്ടത്തിൽ എഴുതപ്പെട്ട[1] ‘നാലുപേരിലൊരുത്തൻ അഥവാ നാടകാദ്യം കവിത്വം’ എന്ന പേരിൽ സി. അന്തപ്പായി എഴുതിയ നോവൽ ആരംഭിക്കുന്നതു് കിഴക്കേസ്രാമ്പിയിൽ കരുണാകരമേനോൻ എന്ന കഥാപാത്രം ഇപ്രകാരം ഭൃത്യനെ തെറി പറഞ്ഞുകൊണ്ടാണു്. മാന്യരേ… മാന്യമഹാജനങ്ങളേ, മാന്യവായനക്കാരേ എന്നിങ്ങനെയുള്ള സംബോധനകൾകേട്ടു തഴമ്പിച്ച മലയാളികളുടെ കാതുകളിലാണു് ഇതുവന്നുവീഴുന്നതു്. സ്വാമി-ഭൃത്യബന്ധത്തിൽ അധിഷ്ഠിതമായ അധികാര-വിധേയത്വത്തിന്റെ കാലഘട്ടത്തിൽ തെറി പറഞ്ഞുകൊണ്ടൊരു നോവൽ ആരംഭിക്കുകയെന്നതു് അമാന്യമായി കാണാനിടയില്ലല്ലോ. സാഹിത്യത്തിന്റെ നിലവാരം കുറയുന്നതു് അമാന്യമാണെന്നു് കരുതി, നിലവാരംകുറഞ്ഞ നാടകങ്ങളോടുള്ള പ്രതിഷേധമായി എഴുതപ്പെട്ട ഈ നോവൽ ആരംഭിക്കുന്നതുതന്നെ അമാന്യമായ രീതിയിലാണെന്നു് കരുതുന്നവരുണ്ടാകാം. അങ്ങനെയല്ലാത്തവരും കാണാം. മാന്യാമാന്യവിവേചനം എങ്ങനെ ഉൾക്കൊള്ളുന്നുവെന്നതാണു് ഈ തോന്നലുകൾക്കു് അടിസ്ഥാനം.
ബഹുമാനം അർഹിക്കുന്ന സ്വഭാവമോ പ്രവൃത്തിയോ ആണു് മാന്യം. അങ്ങനെയല്ലാത്തവ അമാന്യം. ധനം, ബന്ധുബലം, പ്രായം, ധർമാചാരം, വേദാർഥജ്ഞാനം എന്നിവയാണു് മാന്യതാഹേതുക്കളെന്നു് ശബ്ദതാരാവലി.[2] മാന്യം/അമാന്യം എന്ന സങ്കല്പത്തിന്റെ അടിസ്ഥാനം ഏറെക്കുറെ ആപേക്ഷികവും സന്ദർഭാധിഷ്ഠിതവുമാണു്. സംസ്കാരത്തിനനുസരിച്ചും കാലഘട്ടത്തിനനുസൃതമായും മാന്യതാസങ്കല്പങ്ങൾ മാറും.
മാന്യമായ പെരുമാറ്റമാണു് അഭികാമ്യം. മറ്റുള്ളവരെ അലോസരപ്പെടുത്താതെ, ശരീരചേഷ്ടകളും വാക്കും നിയന്ത്രിച്ചുകൊണ്ടുള്ള പെരുമാറ്റമാണു് മാന്യമായി കല്പിക്കപ്പെടുന്നതു്. സ്വയം ബഹുമാനവും മറ്റുള്ളവർക്കു് അവർ അർഹിക്കുന്ന തരത്തിൽ കൊടുക്കുന്ന ബഹുമാനവുമാണു് മാന്യം. അർഹതയ്ക്കു് ഇവിടെ വളരെ പ്രാധാന്യമുണ്ടു്. അനർഹരായവരെ ബഹുമാനിക്കുന്നതു് അമാന്യമാണെന്നും മലയാളിക്കറിയാം. സമൂഹത്തിലെ മറ്റു് അംഗങ്ങളോടുള്ള പെരുമാറ്റമാണു് മാന്യതയെ നിശ്ചയിക്കുന്ന ഘടകങ്ങളിലൊന്നു്; അമാന്യമുണ്ടെങ്കിലേ മാന്യമുള്ളൂ.
മാന്യം/അമാന്യം എന്ന ദ്വന്ദ്വകല്പന സാമൂഹികബോധത്തിന്റെ അടിസ്ഥാനത്തിൽ രൂപപ്പെടുന്ന വർഗ്ഗീകരണത്തിന്റെ ആവിഷ്കാരമാണു്. അതുകൊണ്ടുതന്നെ അതു് നമ്മുടെ സമൂഹത്തിൽ എപ്രകാരം രൂപപ്പെട്ടുവെന്നു് അന്വേഷിക്കുന്നതു് കൗതുകകരമാണു്. ദായക്രമത്തിന്റെ അടിസ്ഥാനത്തിൽ ചിന്തിക്കുമ്പോൾ ‘അമ്മ വഴി’ വന്നതാണോ ‘അച്ഛൻ വഴി’ വന്നതാണോ എന്ന ചോദ്യം പ്രസക്തമാണു്. മറ്റൊരുതരത്തിൽ പറഞ്ഞാൽ മക്കത്തായമാണോ മരുമക്കത്തായമാണോ ഇതിനു് അടിസ്ഥാനമെന്നർഥം.
ദായക്രമത്തെക്കുറിച്ചു് രാഘവവാരിയർ ചൂണ്ടിക്കാണിച്ച കാര്യം ഈ സന്ദർഭത്തിൽ പ്രസക്തമാകുന്നു. ‘അമ്മവഴിയെത്തന്നെ അനുസരിക്കുന്നതാണു് മലയാളികളുടെ കുടുംബവ്യവസ്ഥ. അതു് അവന്റെ ഉല്പാദനബന്ധങ്ങളോടും ജീവിതരീതിയോടും ബന്ധപ്പെട്ടിരിക്കുന്നു. അനേകം തായ് വഴികളടങ്ങുന്ന ഒന്നാണു് തറവാടു് എന്ന ഘടന. തായ് വഴി (താവഴി എന്നു ലോപം) എന്ന പേരുതന്നെ നോക്കൂ. തായിന്റെ/അമ്മയുടെ വഴിയാണു്. തന്തവഴിക്കാരായ ചിലരും മുഖ്യതറവാട്ടിലെ ശാഖക്കാരെ താവഴിക്കാരെന്നുതന്നെയാണു് വ്യവഹരിക്കുക. മലയാളിയുടെ ഭാഷയും മസ്തിഷ്കവും അങ്ങനെയാണു് രൂപപ്പെടുന്നതെന്നു സാരം’.[3] ആൺകോയ്മയെ മലയാളികളുടെ തറവാട്ടുസ്വത്തായി പരിഗണിക്കേണ്ടതില്ലെന്ന ഈ അഭിപ്രായം പരിഗണിച്ചാൽ ‘അമ്മവഴി വന്നതാണു് ’ മാന്യ/അമാന്യങ്ങളുടെ വഴികൾ എന്നു പറയാം. ഇവരോടൊപ്പം അമ്മാവനെയും ചേർക്കണം. അങ്ങനെ വരുമ്പോൾ ‘അമ്മ’, ‘അച്ഛൻ’, ‘അമ്മാവൻ’ എന്നിവർ വഴിയാണു് മാന്യം/അമാന്യം സങ്കല്പങ്ങൾ മലയാളത്തിൽ സ്ഥാനം പിടിച്ചതെന്നു് വരും. അമ്മാവന്മാർക്കു് അമ്മവഴിയിൽ അർഹിക്കുന്ന പദവിയുണ്ടു്. ‘അമ്മവഴി ആങ്ങളമാരുടെ വഴി’യുമാണു്. ഇതിന്റെ അടയാളം ഭാഷയിൽതന്നെയുണ്ടു്. ‘ആങ്ങള’ എന്ന പദംതന്നെ സ്ത്രീകളുടെ സ്വന്തമാണു്. സംബോധന ചെയ്യാനും പരാമർശിക്കാനും സ്ത്രീകൾമാത്രമേ ‘ആങ്ങള’ എന്ന പദം ഉപയോഗിക്കൂ. അതായതു് ഒരു പുരുഷൻ സഹോദരനെ ‘ആങ്ങള’ എന്നു് പരാമർശിക്കുകയോ സംബോധന ചെയ്യുകയോ ഇല്ല.
ദായക്രമമാണു് ചാർച്ചയുടെ അടിസ്ഥാനത്തിലുള്ള മാന്യ-അമാന്യങ്ങളെ നിർണയിക്കുന്നതു്. ചാർച്ച (രക്തബന്ധം) കൂടാതെ ജാതിയുടെ അടിസ്ഥാനത്തിലുള്ള സാമൂഹികശ്രേണീകരണവും മാന്യ-അമാന്യങ്ങളെ നിർണയിക്കുന്ന ഘടകമാണു്. ജാതി മാത്രമല്ല അധികാരത്തെ ഉണ്ടാക്കുന്ന ഏതു ശ്രേണീകരണനിദാനങ്ങളും മാന്യ-അമാന്യതകളെ നിർണയിക്കുന്നു. അതിനാൽ ലിംഗം, മതം, സമ്പത്തു്, വിദ്യാഭ്യാസം, തൊഴിൽ, കുടിയേറ്റം എന്നിങ്ങനെയുള്ള സാമൂഹികചരങ്ങളും ഈ ചരങ്ങളുടെ അടിസ്ഥാനത്തിൽ രൂപപ്പെടുന്ന പെരുമാറ്റവും ലൈംഗികത, വൈകല്യം, രോഗം, വിശപ്പു്, പക്ഷി-മൃഗാദികൾ, കല, താളം എന്നിവയുമായി ബന്ധപ്പെട്ട മനോഭാവവും മറ്റു് ആവശ്യങ്ങൾ എന്നിവയും മാന്യ-അമാന്യസങ്കല്പങ്ങളെ നിർണയിക്കുന്നുണ്ടെന്നു് കാണാം.
മാന്യ-അമാന്യങ്ങളെ ആവിഷ്കരിക്കുന്നതിനു് മലയാളത്തിൽ രണ്ടു് വഴികളുണ്ടു്. അമാന്യരൂപങ്ങളെ ആവിഷ്കരിക്കുന്ന വിലക്കുചൊല്ലുകളും വിലക്കുചൊല്ലുകളെ മാന്യമാക്കുന്ന ശിഷ്ടോക്തികളുമാണവ.
മറച്ചുവെയ്ക്കണമെന്നു് സമൂഹം നിഷ്കർഷിക്കുന്ന ചില അവയവങ്ങൾ ശരീരത്തിലുള്ളതുപോലെ മാന്യതയുടെ പേരിൽ മറച്ചുവെയ്ക്കുന്ന ചില പദങ്ങളും ശൈലികളും എല്ലാ ഭാഷകളിലുമുണ്ടു്. ഇവയെ ‘വിലക്കുചൊല്ലുകൾ’ എന്നു് മലയാളത്തിലും ‘ടാബൂവേർഡ്സ്’ എന്നു് ഇംഗ്ലീഷിലും വ്യവഹരിക്കുന്നു. ലൈംഗികത, മരണം, ഭക്ഷണം, ചില ആചാരങ്ങൾ, ദുരന്തം, കഠിനരോഗം എന്നിവയെ സൂചിപ്പിക്കുന്ന പദങ്ങൾ നേരിട്ടു് ഉപയോഗിക്കരുതെന്നു് സമൂഹം വിലക്കു് കല്പിക്കുന്നു. അതുകൊണ്ടാണിവ വിലക്കുചൊല്ലുകൾ എന്നറിയപ്പെടുന്നതു്. വിലക്കുചൊല്ലുകളെ ശാപം, ശകാരം, മതനിന്ദ, ദൈവനിന്ദ, മൃഗനിന്ദ എന്നിങ്ങനെ പലതായി തിരിക്കാം. വിവേചനം കാണിക്കാനും നിന്ദിക്കാനും ആഭാസം പറയാനും ശകാരിക്കാനും വിലക്കുചൊല്ലുകൾ ഉപയോഗിക്കുന്നു.
വിലക്കുചൊല്ലുകളിൽ പ്രധാനം ശകാരപദാവലിയാണു്. ഒരു പദം തെറിയായി മാറുന്നതിനു് പല കാരണങ്ങളുമുണ്ടു്. ശ്ലീലം/അശ്ലീലം, മാന്യം/അമാന്യം, നല്ല/ചീത്ത എന്നിങ്ങനെയുള്ള ദ്വന്ദ്വങ്ങളിൽ അശ്ലീലം, അമാന്യം, ചീത്ത എന്നിങ്ങനെ ഓരോ സമൂഹവും ആരോപിക്കുന്ന അവസ്ഥകളാണു് തെറിപ്പദങ്ങളുടെ പ്രധാന നിദാനങ്ങൾ. വ്യക്തിയുടെ സാമൂഹികനിലയും മാനസികനിലയുമായി ഇവ ബന്ധപ്പെടുന്നു. വ്യക്തി പ്രകടിപ്പിക്കുന്ന പുച്ഛവും ശകാരമായി മാറുന്നുണ്ടു്.
തന്തയ്ക്കും തള്ളയ്ക്കും വിളിക്കുന്നതും മാമാവിളിയും ചാർച്ചയുടെ അടിസ്ഥാനത്തിൽ രൂപപ്പെടുന്ന ശകാരപദങ്ങളാകുന്നു. വ്യക്തിയുടെ ജാതിയെ പുച്ഛിക്കുമ്പോഴാണു് ‘കൊശവനും’ ‘ചെറുമനും’ ‘പറയനും’ സവർണരുടെ ‘തെറി’കളായി മാറുന്നതു്. തൊഴിലിന്റെ മാന്യാമാന്യാവസ്ഥയിൽ ‘തോട്ടി’യും ‘വേശ്യ’യും ‘അമ്പട്ടനും’ തെറിപ്പദങ്ങളാകുന്നു. ദാരിദ്ര്യവും സമ്പന്നരെ സംബന്ധിച്ചിടത്തോളം അശ്ലീലാവസ്ഥയാകുന്നതുകൊണ്ടാണു് ‘തെണ്ടി’യും ‘പെറുക്കി’യും ‘ചെറ്റ’യും ‘പുറമ്പോക്കും’ തെറിപ്പദങ്ങളായി മാറുന്നതു്.
ലിംഗവിവേചനത്തിന്റെ മേൽ-കീഴു പരിഗണിക്കുമ്പോൾ ‘ആണുപെണ്ണും കെട്ടവൻ’, ‘ഒമ്പതു്’, ‘ഹിജഡ’, ‘ശിഖണ്ഡി’ എന്നിവ തെറിവാക്കുകളായി മാറുന്നു. (ഇവയൊന്നും തന്നെ സ്ത്രീകളെ കുറിക്കാൻ ഉപയോഗിക്കുകയില്ല). ശാരീരകവും മാനസികവുമായ വൈകല്യങ്ങളും ശകാരത്തിനു് അടിസ്ഥാനമാകുന്നുണ്ടു്. ‘ഞൊണ്ടി’യും ‘മുച്ചുണ്ടനും’ ‘മൂക്കുചപ്പി’യും ‘കോങ്കണ്ണനും’ ‘മന്ദബുദ്ധി’യും ‘നൊസ്സും’ ‘ഭ്രാന്തനും’ ‘ഭ്രാന്തി’യുമൊക്കെ അങ്ങനെ വരുന്നവയാണു്. ഉയരക്കുറവും അസാമാന്യമായ ഉയരവും മലയാളികൾ മാനിക്കാറില്ല. ‘കള്ളനെ നമ്പിയാലും കുള്ളനെ നമ്പരുതു്’ എന്നാണു് പഴമൊഴി. ഇതിനെ പ്രതിരോധിക്കുകയുമാവാം. ‘പൊക്കമില്ലായ്മയാണെന്റെ പൊക്കമെന്നറിയുന്നു ഞാൻ’ എന്നു് കുഞ്ഞുണ്ണിമാഷ് പറയുന്നതു് അതുകൊണ്ടാണു്. പൊക്കത്തോടൊപ്പം ഊക്കിനും പ്രാധാന്യമുണ്ടു്. അപ്പോഴാണു് ‘കയ്യൂക്കുള്ളവൻ കാര്യക്കാരനാകുന്നതു്’. ശക്തി കുറഞ്ഞവൻ ‘കുഴഞ്ഞാടി’യോ ‘ശവ’മോ ആണു്.
‘എനിക്കു് പൊക്കം കുറവാ
ണെന്നെ പൊക്കാതിരിക്കുവിൻ
എനിക്കൂക്കു് കുറവാണെന്നെ
ത്താങ്ങാതിരിക്കുവിൻ’
എന്നും കുഞ്ഞുണ്ണിമാഷ് എഴുതിയിട്ടുണ്ടു്. ചിലരുടെ കണ്ണിൽ വിശക്കുന്നുവെന്നറിയിക്കലും ഭക്ഷണം കൂടുതൽ ആവശ്യപ്പെടുന്നതും മാന്യമായ ഏർപ്പാടല്ല; കാശു കൊടുത്തു വാങ്ങുമ്പോൾപോലും. ഭക്ഷണം അടിസ്ഥാനമാക്കിയുള്ള ശകാരപദങ്ങളുണ്ടു്. ‘കഞ്ഞി’, ‘ശാപ്പാട്ടുരാമൻ’, ‘കൊതിയൻ’, ‘നുണയൻ’, ‘ആർത്തി പണ്ടാരം’, ‘തീറ്റ ഭ്രാന്തൻ’ എന്നിങ്ങനെ.
കുടിയേറ്റവും ശകാരത്തിനു് അടിസ്ഥാനമാണു്. ‘തെക്കൻ’, ‘വടക്കൻ’, ‘വരുത്തൻ’, ‘പുറമ്പോക്കു്’ എന്നിങ്ങനെയുള്ള ശകാരപദങ്ങൾ കുടിയേറ്റം ആധാരമാക്കിയുണ്ടായവയാണു്. പ്രായമാണു് ശകാരത്തിന്റെ മറ്റൊരു നിദാനം. ‘ലോകത്തിലെല്ലാവർക്കും/പ്രായമൊപ്പമാണല്ലോ’ എന്നു് കുഞ്ഞുണ്ണിമാഷ് പറഞ്ഞിട്ടുണ്ടെങ്കിലും സംഗതി അങ്ങനെയല്ല. ‘കിളവനും കിളവിയും’, ‘മുതുക്കനും മുതുക്കിയും’, ‘വയസ്സനും വയസ്സിയും’ പ്രായത്തിന്റെ അടിസ്ഥാനത്തിൽ രൂപപ്പെടുന്ന ശകാരവാക്കുകളാകുന്നു. ‘പാണ്ടി’, ‘ജപ്പാൻ’, ‘അണ്ണാച്ചി’ എന്നിവ ദേശത്തിന്റെ അടിസ്ഥാനത്തിൽ രൂപപ്പെടുന്ന തെറിപ്പദങ്ങളാണു്. പാരമ്പര്യമില്ലാത്തതും തെറിക്കു് അടിസ്ഥാനമാകുന്നുണ്ടു്. ‘ഇന്നലെ മുളച്ച തകര’യും, ‘ഇന്നലെ വന്നവനും’ ഈ ഗണത്തിൽപെടുന്ന ശകാരവാക്കുകളാണു്. താളവും ശകാരപദങ്ങൾക്കു് അടിസ്ഥാനമാകുന്നുണ്ടു്. തരികിട, തിത്തിത്തോ എന്നീ പദങ്ങളും ചെണ്ട കൊട്ടിയ്ക്കും ആരെയും, ശ്രുതിഭംഗം, അപശ്രുതി എന്നീ ശൈലികളും ഉദാഹരണങ്ങൾ. ആട്ടക്കാരിയും കൂത്താടിയും കൂത്തച്ചിയും പൊട്ടൻതെയ്യവും കലയുമായി ബന്ധപ്പെട്ടു രൂപപ്പെട്ട ശകാരവാക്കുകളാണു്.
പുരുഷമേധാവിത്വസങ്കല്പനഘടനയിൽ ലിംഗാവസ്ഥയിൽ പുരുഷനാണു് മുകളിൽ. അതിനാൽ പുരുഷത്വത്തിന്റെ പതനത്തെ സ്ത്രീയുടെ അവസ്ഥകൊണ്ടു് സൂചിപ്പിച്ചും മലയാളികൾ അശ്ലീലമുണ്ടാക്കുന്നു. അവയോടൊപ്പം ലൈംഗികാവയവങ്ങളും ലൈംഗികപ്രവൃത്തിസൂചകപദങ്ങളും ആംഗ്യങ്ങളും ശകാരത്തിനുപയോഗിക്കാം. പുരുഷൻ ഉപയോഗിക്കുന്ന വസ്തുക്കൾ മാന്യവും സ്ത്രീകൾ ഉപയോഗിക്കുന്ന വസ്തുക്കൾ അമാന്യവുമാണെന്നു് കുട്ടികൾക്കുപോലും അറിയാം. ‘അയ്യേ അതു് പെണ്ണുങ്ങളുടെ ബേഗാണു്, അല്ലെങ്കിൽ പെണ്ണുങ്ങളുടെ ചെരിപ്പാണു്’ എന്നൊക്കെ ആൺകുട്ടികൾ പറയുന്നതു് ശ്രദ്ധിക്കുക. ജാതിശ്രേണീബദ്ധമായ സാമൂഹികബോധമാണു് കീഴാളജാതികൾ ഉപയോഗിക്കുന്നതെന്തും വരേണ്യരുടെ കണ്ണിൽ അമാന്യമാക്കുന്നതു്. ‘പറച്ചിയുടെ മാതിരിയുണ്ടു് കാണാൻ’ എന്നുപറയുന്നതും ‘ചെറുമച്ചാള’, ‘ചെറുമക്കളുടെ നിറം’ എന്നൊക്കെ വിശേഷിപ്പിക്കുന്നതും അതുകൊണ്ടാണു്.
മാന്യ/അമാന്യതലങ്ങളെ നിർണയിക്കുന്നതു് സ്വകാര്യം/പൊതു എന്നീ ഘടകങ്ങളാണു്. രാഷ്ട്രീയവും സാഹിത്യവും സിനിമയും പൊതുമണ്ഡലത്തെ പ്രതിനിധീകരിക്കുന്നതിനാൽ വിലക്കുചൊല്ലുകൾ അവിടെയും പ്രസക്തമാകുന്നു. പൊതുമണ്ഡലത്തിൽ നിരന്തരമായി ഇടപെടുന്ന രാഷ്ട്രീയക്കാർ മാന്യത കൈവെടിയരുതു് എന്നാണു് വെയ്പു്. കേരളത്തിൽ കാണുന്നതു് ഇതിനു് വിപരീതമായ കാര്യങ്ങളാണു്. ‘പിണറായി വിജയനെയും വി. എസ്. അച്യുതാനന്ദനെയും പാർട്ടിയിൽനിന്നു് പുറത്താക്കണം. മാന്യൻമാർ എന്നു നടിക്കുന്ന ഇവർ പരസ്പരം ചീത്ത പറഞ്ഞു നടക്കുകയാണു്. ഇവരെ മാന്യൻമാർ എന്നു വിളിക്കുന്നതുതന്നെ ഗതികേടാണു്. ജനങ്ങളോടു് ഇവർ മാപ്പു് പറയണം’. സി. പി. എം. മാന്യന്മാരുടെ പാർട്ടിയാണെന്ന ധ്വനിയേക്കാൾ പൊതുപ്രവർത്തകർ ഉപയോഗിക്കേണ്ട ഭാഷ എപ്രകാരമായിരിക്കണം എന്ന കാര്യത്തിലാണു്, ജസ്റ്റിസ് കൃഷ്ണയ്യരുടെ ഈ അഭിപ്രായം വിരൽ ചൂണ്ടുന്നതു്. പ്രതിലോമപരമായ ഓരോ രാഷ്ട്രീയസംഭവവും രൂപംകൊള്ളുമ്പോൾ മലയാളികളുടെ പൊതുഭാഷ ശകാരഭാഷയായി മാറുകയാണു്. ക്രൂരമായ് കൊലചെയ്യപ്പെട്ട ടി. പി. ചന്ദ്രശേഖരനെ ‘കുലംകുത്തി’ എന്നു് പിണറായി വിജയൻ പരാമർശിക്കുമ്പോൾ, ‘ഡാങ്കേയ്ക്കു് സംഭവിച്ചതുപോലെ പിണറായി വിജയനും സംഭവിക്കു’മെന്നു് വി. എസ്. അച്യുതാനന്ദൻ സൂചിപ്പിക്കുമ്പോൾ, പിണറായിയെ ‘മാടമ്പി’യെന്നു് വിമതർ വിശേഷിപ്പിക്കുമ്പോൾ, ബാലകൃഷ്ണപിള്ള സി. പി. എമ്മിനെ ‘ക്വട്ടേഷൻ സംഘ’മെന്നു് പരാമർശിക്കുമ്പോൾ, ലീഗിന്റെ അഞ്ചാം മന്ത്രിപദവിയെ കളിയാക്കി, ‘അഞ്ചാം മന്ത്രിയും പട്ടിയ്ക്കൊരു പാർട്ടി’യും എന്ന പോസ്റ്റർ പ്രത്യക്ഷപ്പെടുമ്പോൾ, പൊതുഭാഷ, പോരാട്ടത്തിനുള്ള ശകാരഭാഷയായി മാറുകയാണു്.[4]
മിമിക്രി ആസ്വദിക്കുന്നതുപോലെ ശകാരഭാഷ ആസ്വദിക്കാൻ പൊതുജനങ്ങളും ആഘോഷിക്കാനും പ്രചരിപ്പിക്കാനും മാധ്യമങ്ങളും സജീവമായി ശ്രമിക്കുന്നു. ഇതോടൊപ്പം മാന്യമല്ലാത്ത ഭാഷാപ്രയോഗങ്ങൾ ആരുടെ ഭാഗത്തുനിന്നുണ്ടായാലും പ്രതികരിക്കുന്നവരുമുണ്ടു്. ഇവ വ്യത്യസ്ത മനോഭാവങ്ങളെ കാണിക്കുന്നു.
മാന്യാമാന്യസങ്കല്പങ്ങൾ സാഹിത്യഭാവുകത്വത്തെയും നിർണയിക്കുന്നു. പ്രാചീനകൃതികൾ മുതൽ പുതുസാഹിത്യം വരെ ഇതുകാണാം. സാഹിത്യത്തിലും സിനിമയിലും ശകാരഭാഷയുടെ വിവിധവഴികൾ മലയാളികൾക്കു് പരിചയമുണ്ടു്. അമാന്യത്തെ മാന്യമാക്കുകയാണിവരിൽ പലരും. യഥാർഥത്തിൽ നന്നായി ശകാരിക്കാൻ അറിയുക എന്നാൽ നന്നായി ഭാഷ പ്രയോഗിക്കാനറിയുക എന്നാണെന്നു് ഇവരിൽ ചിലർ കരുതുന്നു. തെറിമലയാളമാണു് തെളിമലയാളത്തിലേക്കുള്ള വഴിയെന്നും ഇവർക്കറിയാം.
അനൂപ് മേനോന്റെ ‘ട്രിവൻഡ്രം ലോഡ്ജ്’ എന്ന സിനിമ മാന്യ-അമാന്യങ്ങളെ നിർണയിക്കുന്നതിനു് നല്ല ഉദാഹരണമാണു്. സർവത്ര ലൈംഗികമയമായ കേരളത്തെയാണു് അതിൽ ചിത്രീകരിക്കുന്നതു്. ‘എല്ലാവർക്കും കിട്ടുന്നുണ്ടു്. എനിക്കുമാത്രം ഒന്നുമില്ല. രാത്രിയാകുമ്പം സങ്കടം വരും’ (അബ്ദു എന്ന കഥാപാത്രം പറയുന്നതു്) പെണ്ണിനെ അത്താഴത്തിനുശേഷമുള്ള തൊട്ടുകൂട്ടലായി കാണുന്ന ആണിന്റെ ആത്മഗതം ആവിഷ്കരിക്കുന്ന അതേ സിനിമയിൽ തന്നെയാണു്’നിന്നെ കിടക്കയിലേക്കു് വലിച്ചിടാൻ എളുപ്പമാണു്. അതു് വേണ്ടെന്നു് വയ്ക്കാനാണു് വിഷമം. ഞാൻ വേണ്ടെന്നു് വയ്ക്കുന്നു്’ (ധ്വനി നമ്പ്യാരോടു് പറയുന്നതു്). ഇതിലാകട്ടെ ലൈംഗികാഭിരുചിയുമായി ബന്ധപ്പെട്ട മാന്യ/അമാന്യഭേഭങ്ങളെ നിർണയിക്കുകയാണു്. ‘ക്യാൻ ഐ ഹാവ് സെക്സ് വിത്ത് യൂ’ എന്ന നേരിട്ടു് സ്ത്രീയോടും ചോദിക്കുന്നതും ‘ഞാൻ നിങ്ങൾ ഉദ്ദേശിക്കുന്നതുപോലെ കന്യകയല്ലെന്നു്’ സ്ത്രീ പറയുന്നതും പുതുതരംഗസിനിമകളുടെ മാന്യവഴികളാണു്. ‘ഒന്നു മുറുക്കാൻ തരുമോ’ എന്നു് സ്ത്രീയെ നോക്കി ഇതേ അർത്ഥത്തിൽ വടക്കൻപാട്ടിലെ പുരുഷന്മാരും ചോദിച്ചിരുന്നുവല്ലോ.
ക്ലാസ്സുകളിൽ ഏറ്റവും കൂടുതൽ അശ്ലീലം ഉപയോഗിക്കുന്നതു് സാഹിത്യം പഠിപ്പിക്കുന്നവരാണെന്നു് പറയാറുണ്ടു്. ചില സാഹിത്യവിമർശകർ എഴുത്തുകാരെ തങ്ങൾക്കു് ശാസിക്കാനുള്ള വിദ്യാർഥികളായി കാണുന്നു. (മലയാളസാഹിത്യം മാത്രമല്ല ഉദ്ദേശ്യം) അവർ നിരൂപകരാകുമ്പോൾ സാഹിത്യഭാഷ ‘ശകാരം പറയലാകുന്നു’. കോപ്പിയടിച്ചിട്ടാണു് തനിക്കു് ഇത്ര മാർക്ക് കിട്ടിയതെന്നു് ഇഷ്ടമില്ലാത്ത കുട്ടിയോടു് പറയുന്നതുപോലെ, സർഗധനരായ എഴുത്തുകാരെ അവർ മോഷ്ടാക്കളാക്കുന്നു. അങ്ങനെ വൈക്കം മുഹമ്മദ് ബഷീർ എന്ന വിശ്വസാഹിത്യകാരൻ ഇവർക്കു് അശ്ലീല എഴുത്തുകാരനോ മോഷ്ടാവോ ആകുന്നു. അപ്പോൾ ബഷീറിനും പറയേണ്ടി വരുന്നു: ‘വാക്കുകൾ ആരുടെയും അമ്മയ്ക്കു് സ്ത്രീധനമായി കിട്ടിയതല്ലെന്നു്’. ഇങ്ങനെ പറഞ്ഞും പറയിപ്പിച്ചുമാണു് പൊതുഭാഷ അസ്വസ്ഥതയുടെ ഭാഷയായി പരിണമിക്കുന്നതു്.
വിലക്കുചൊല്ലുകളിലെ പ്രധാനവിഭാഗമായ ആഭാസം, സാഹിത്യഭാവുകത്വത്തിൽ നിർണയാകഘടകമായി തീരുന്നുണ്ടു്. സമൂഹത്തെ ഞെട്ടിക്കുക എന്ന ഉദ്ദേശ്യത്തോടെ എഴുതപ്പെട്ട ആധുനിക സാഹിത്യത്തിൽ ഇതു് നന്നായി ഉപയോഗിക്കപ്പെട്ടു. ഒ. വി. വിജയന്റെ ‘ധർമപുരാണ’ത്തിലെ ‘പ്രജാപതിക്കു് തൂറാൻ മുട്ടി’ എന്ന പ്രയോഗം ഓർക്കുക. ഇത്തരം എഴുത്തിനെ മാന്യമോ അമാന്യമോ എന്നുതീരുമാനിക്കുന്നതിൽ പല ഘടകങ്ങളും പ്രവർത്തിക്കുന്നുണ്ടു്.
അമാന്യമെന്നു് പറഞ്ഞു് നിരോധിച്ച പലതും പിൽക്കാലത്തു് തിരിച്ചുവന്നിട്ടുമുണ്ടു്. ഇരയമ്മൻതമ്പിയുടെ ‘പ്രാണനാഥൻ എനിക്കു് നൽകിയ…’ എന്ന കൃതി ചലച്ചിത്രഗാനമായി മാറിയപ്പോൾ ആകാശവാണി അതു പ്രക്ഷേപണംചെയ്യുകയും പിന്നീടു് നിരോധിക്കുകയും ഇപ്പോൾ വീണ്ടും പ്രക്ഷേപണം ചെയ്യുകയും ചെയ്യുന്നതു് ഉദാഹരണം. (ഇതിന്റെ ആലാപനത്തിനു് പി. മാധുരിക്കു് നല്ല ഗായികയ്ക്കുള്ള സംസ്ഥാനസർക്കാറിന്റെ അവാർഡും ലഭിച്ചിരുന്നു). വി. കെ. എൻ. എഴുതിയ അധികാരം എന്ന കൃതിയും തോമസ് മാന്റെ മാറ്റിവെച്ച തലകൾ (വിവ) എന്ന കൃതിയും സിലബസിൽ വന്നപ്പോൾ ഉണ്ടായ കോലാഹലം ഓർക്കുക. അപ്പോഴും മണിപ്രവാളവും വെണ്മണികവിതകളും പാഠ്യവിഷയമായി ഉണ്ടായിരുന്നു; ഇപ്പോഴുമുണ്ടു്. സ്ത്രീശരീരവർണ്ണന മലയാളസാഹിത്യത്തിന്റെ ഭാവുകത്വഘടനയുടെ അവിഭാജ്യഘടകമാണു്. പക്ഷേ, കാണുന്ന രീതിയ്ക്കു് അനുസരിച്ചു് അവ മാന്യവും അമാന്യവുമാകുന്നു.
‘ആറ്റിൽ കിടന്നു ചില കന്യകമാർ കുളിച്ചു
നിന്നിന്റെ നേരമൊരു നീരജലോചനായാ
കാണാമിരുണ്ടുതുടതൻ നടുവേ കറുത്തി-
ട്ടിന്ദീവരത്തിന്നിതളല്ലൊരുമീനുമല്ല’
എന്ന വരികളേക്കാൾ മാന്യം ഇവിടെ കൊടുക്കുന്ന വള്ളത്തോളിന്റെ വരികളാണെന്നു് തോന്നാം:
വെണ്ണ തോൽക്കുമുടലിൽ സുഗന്ധിയാ-
മെണ്ണ തേച്ചരയിലൊറ്റ മുണ്ടുമായ്
തിണ്ണമേലമരുമാ നതാംഗി മു-
ക്കണ്ണനേകി മിഴികൾക്കൊരുത്സവം.
സാഹിത്യത്തെ ലൈംഗികാകർഷണത്തിന്റെ ആവിഷ്കാരമായും അതുണ്ടാക്കാനുള്ള ഉപാധിയായും കണ്ട വരേണ്യസാഹിത്യത്തിന്റെ ആവിഷ്കാരങ്ങളാണിവ. ‘ശൃംഗാരശ്ലോകങ്ങളും സ്ത്രീശരീരങ്ങളുടെ വർണനയും കാമവികാരങ്ങളുടെയും രതിക്രീഡകളുടെയും പ്രതിപാദനവുമൊക്കെ സാംസ്കാരികമായി താണ അവസ്ഥയുടെ ചിഹ്നങ്ങളായി കാണുന്നരീതി ആധുനികതയുടെതന്നെ ലക്ഷണമായി പല എഴുത്തുകാരും പത്തൊമ്പതാം നൂറ്റാണ്ടിൽതന്നെ കണ്ടിരുന്നു. സംബന്ധത്തെ നായർ വിവാഹരീതിയായിക്കണ്ടു് ന്യായീകരിച്ച ചന്തുമേനോന്റെ ഇന്ദുലേഖതന്നെ ഇതിനു് തെളിവാണെന്നു്’ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ടു്.[5] സമൂഹം കല്പിക്കുന്ന മാന്യാമന്യവഴികളും രാഷ്ട്രീയം പ്രമേയഘടനയിൽ എങ്ങനെയുൾക്കൊള്ളുമെന്ന യുക്തിയുടെ ആവിഷ്കാരംകൂടിയാണിതു്. ഈ വരേണ്യവർഗ ലൈംഗികാഭിരുചിയാണു് ഈയിടെ പ്രസിദ്ധീകരിച്ച വിഷ്ണുപ്രസാദിന്റെ ‘ലിംഗവിശപ്പു്’ എന്ന കവിതയിലും കാണുന്നതു്.
ഒന്നു് പണിയാൻ തരുമോ എന്നു്
അവളോടു് ചോദിക്കാഞ്ഞതിന്റെ ഖേദം
ഇന്നും തീർന്നിട്ടില്ല
(ലിംഗവിശപ്പു്) വിഷ്ണുപ്രസാദ്[6] കാമവിശപ്പിനെ പരസ്യപ്പെടുത്തുവെന്നു് കുറ്റപ്പെടുത്തുന്ന ഈ കവിത ചെന്നുനിൽക്കുന്നതു്, ഉണ്ണായിവാര്യരുടെ നളചരിതത്തിലെ
‘ആകൃതികണ്ടാൽ അതിരംഭേയം
ആരാൽ ഇവളുടെ അധരംപേയം’
എന്ന അഭിരുചിയിലാണു്.
മാന്യം/അമാന്യം എന്നിവയിൽ പാരമ്പര്യത്തിനു വളരെയധികം പ്രാധാന്യമുണ്ടു്. പാരമ്പര്യമുള്ള കുടുംബത്തിനും സമുദായത്തിനും സമൂഹത്തിൽ മാന്യത കല്പിക്കപ്പെട്ടുപോരുന്നുണ്ടു്. വ്യക്തിമഹിമയേക്കാൾ തറവാടു് മഹിമയ്ക്കാണു് വിവാഹാലോചനകളിൽ പ്രാമുഖ്യം. പാരമ്പര്യമഹിമയെ ഊന്നിപ്പറയുന്ന കാര്യത്തിൽ മലയാളത്തിലെ സാഹിത്യകൃതികളും ഒട്ടും പിന്നിലല്ല. എന്നാൽ മുസ്ലീ സമുദായത്തിലെ അനാചാരങ്ങളെ എതിർത്തു, പാരമ്പര്യത്തെ മറ്റൊരു രീതിയിൽ പ്രതിഷ്ഠിക്കാനുള്ള ശ്രമമാണു് ൻറുപ്പുപ്പാക്കൊരാനേണ്ടാർന്നു് എന്ന നോവലിൽ, വൈക്കം മുഹമ്മദു് ബഷീർ നടത്തുന്നതു്. ആഷറിനു് ബഷീർ എഴുതിയ കത്തിൽ ഇപ്രകാരം പറയുന്നു: ‘ഇസ്ലാമിന്റെ പഴയ പ്രൗഢിയെ വരച്ചുകാട്ടുക എന്നുള്ളതായിരുന്നു എന്റെ ഉദ്ദേശ്യം. അതോടൊപ്പം ഭൂതകാലത്തിന്റെ ചുമടും താങ്ങിക്കൊണ്ടു ഇക്കാലത്തും മുസ്ലിങ്ങൾ വർത്തമാനകാലജീവിതത്തോടു് പൊരുത്തപ്പെടാൻ കഴിയാതെ വീർപ്പുമുട്ടുന്നതിനെയും ചൂണ്ടിക്കാണിക്കാൻ ശ്രമിച്ചിട്ടുണ്ടു്. പിച്ചക്കാരായാലും ശരി, അറവുകാരായാലും ശരി, മഹാനായ അക്ബറുടെ നേർതാവഴിയാണു് ഞങ്ങൾ എന്നു് അവകാശപ്പെടുന്നവരാണധികവും. ആന ഭൂതകാലത്തിന്റെ പാരമ്പര്യത്തിന്റെ ചിഹ്നമാണു്.[7] കുഞ്ഞുപ്പാത്തുമ്മയുടെ കണ്ണിലാകട്ടെ മാന്യം, അമാന്യമായി മാറുമ്പോൾ ലോകം അവസാനിക്കും. ‘ഈ ലോകം ഒരിക്കൽ നശിക്കും. അതു് നേരത്തെ അറിയുന്നതിനു ചില അടയാളങ്ങളുണ്ടു്. അതു് കുഞ്ഞുപാത്തുമ്മ വിസ്തരിച്ചുപറയും താണവർ ഉയരും. ഉയർന്നവർ താഴും’. ഇവിടെ പറയുന്ന ‘താഴ്‌ന്നവർക്ക’് മാന്യതയില്ലാത്തവർ എന്നർഥമാണു് സന്ദർഭംകൊണ്ടു ലഭിക്കുക. അല്ലാതെ സാമൂഹികശ്രേണീകരണത്തിന്റെ അടിസ്ഥാനത്തിൽ തഴയപ്പെട്ടവരല്ല. അമാന്യർക്കു് ലഭിക്കുന്ന അനർഹമായ അംഗീകാരം ലോകത്തെ മൂല്യച്യുതിയിലേക്കു് നയിക്കുമെന്നും അതു് ലോകാവസാനത്തിലെത്തിക്കുമെന്നുമാണു് അർഥമാക്കേണ്ടതു്. ‘പിച്ചക്കാർ’, ‘അറവുകാർ’ തുടങ്ങിയവർ പാരമ്പര്യം അവകാശപ്പെടാൻ യോഗ്യരല്ലെന്ന ധ്വനി ഈ വാക്യത്തിലുണ്ടെങ്കിലും ഇടശ്ശേരിയെപോലെ (ഇത്തറവാടിത്ത ഘോഷണത്തെപ്പോലെ/വൃത്തിക്കെട്ടിട്ടില്ല മറ്റൊന്നുമൂഴിയിൽ—കറുത്തചെട്ടിച്ചികൾ) ബഷീറും തറവാടിത്തഘോഷണത്തെത്തന്നെയല്ലേ ശകാരിക്കുന്നതെന്നു തോന്നാം. പക്ഷേ, രണ്ടുവഴികളിലാണെന്നുമാത്രം. ഒരേ വർഷ(1951)മിറങ്ങിയതാണു് രണ്ടു കൃതികളെന്ന കാര്യവും ശ്രദ്ധിക്കുക. ബഷീറിൽനിന്നു് വ്യത്യസ്തമായി കൃഷിയുടെയും അദ്ധ്വാനത്തിന്റെയും മഹത്വത്തെ കാണുന്നതാണു് മാന്യമെന്നു് ഇടശ്ശേരി കരുതുന്നു. അതല്ലാതെ പാരമ്പര്യത്തെ ഘോഷിച്ചു് അദ്ധ്വാനത്തെ തള്ളിപ്പറയുന്നതു് അമാന്യമാണു്. ‘ആന മെലിഞ്ഞാലും തൊഴുത്തിൽ കൊട്ടില്ല’ എന്ന പഴമൊഴി ഈ സന്ദർഭത്തിൽ അമാന്യമാകുന്നു. മറിച്ചു് ‘എല്ലുമുറിയേ പണിയെടുത്താൽ പല്ലുമുറിയേ തിന്നാമെന്ന’ ചൊല്ലു് മാന്യമാകുന്നു. നമ്മുടെ പഴഞ്ചൊല്ലുകൾ പരിശോധിച്ചാൽ മാന്യാമാന്യങ്ങളുടെ വലിയൊരു പ്രപഞ്ചംതന്നെ കാണാനാകും.
വ്യാകരണസംവർഗങ്ങൾക്കു് കൊടുക്കുന്ന ഉദാഹരണങ്ങളിൽപോലും മാന്യം അമാന്യം എന്ന ദ്വന്ദ്വകല്പന കടന്നുവരുന്നുണ്ടു്. വൈയാകാരണരുടെ മനോഭാവത്തെയാണു് ഇതു കാണിക്കുന്നതു്. കേരളപാണിനീയത്തിൽ അവ്യയത്തെക്കുറിച്ചു് വിവരിക്കുന്ന സന്ദർഭം ഉദാഹരണം. ദ്യോതകം എന്ന ഇനത്തിൽപ്പെട്ട പദങ്ങൾ നിപാതം, അവ്യയം ഇങ്ങനെ രണ്ടുതരത്തിലുണ്ടു്. അതിൽ നിപാതങ്ങളെല്ലാം സ്വഭാവത്താൽത്തന്നെ ദ്യോതകങ്ങളാകുന്നു. അവ്യയങ്ങൾ ആദികാലത്തിൽ വാചകങ്ങളായിരുന്ന ചില പദങ്ങൾ കാലക്രമത്തിൽ അക്ഷരലോപം വന്നിട്ടും വിഭക്തികൾ ചേർക്കാതെ പ്രയോഗിച്ചുവന്നിട്ടും വാചകത്വംപോയി ദ്യോതകങ്ങളായിത്തീർന്നവയാണ്. വാചകം എന്ന വർഗത്തിലാണു് ജനിച്ചതെങ്കിലും ചില വൈകല്യങ്ങൾവന്നതുനിമിത്തം ആ വാചകത്വധർമം പോയി ദ്യോതകവർഗത്തിൽ ചേർന്നിട്ടുള്ള പദങ്ങൾ അവ്യയങ്ങൾ എന്നു ചുരുക്കം. ബ്രാഹ്മണവർഗത്തിൽ ജനിച്ചിട്ടുള്ളവരാണെങ്കിലും വൈകല്യംകൊണ്ടു ബ്രാഹ്മണ്യംപോയി ചണ്ഡാലവർഗത്തിൽ ചേർന്നിട്ടുള്ളവരെപ്പോലെയാണു് അവ്യയങ്ങളുടെ സ്ഥിതി.[8] ജാത്യാടിസ്ഥാനത്തിലുള്ള മാന്യതാബോധമാണു് ഇവിടെ വർത്തിക്കുന്നതു്. സവർണരുടേതെല്ലാം മാന്യവും കീഴാളന്റെ അവസ്ഥ അമാന്യവുമാണെന്നു് വ്യക്തമാക്കുകയാണിവിടെ. ഏ.ആറിന്റെ ഈ പ്രത്യയ-ഉൽപത്തിബോധം ജാതി ഉൽപത്തിബോധവുമായി ബന്ധപ്പെട്ടുകിടക്കുന്നതാണു്. ബ്രഹ്മാവിന്റെ മുഖത്തുനിന്നു് ബ്രാഹ്മണരും മാറിൽനിന്നു് ക്ഷത്രിയരും അരയിൽനിന്നു് വൈശ്യരും പാദത്തിൽനിന്നു് ശൂദ്രരും ഉണ്ടായി. ഈ നാലു് ജാതികളിൽ പലകാലത്തിൽ പലതരത്തിൽ പതിത്വം വന്നു് മറ്റുജാതികൾ ഉണ്ടായി. ഈ പ്രത്യയശാസ്ത്രബോധം ഏ. ആറിന്റെ ചിന്തയുടെ സ്രോതസ്സായി നിൽക്കുന്നതു് കാണാം.
ഇപ്രകാരം നോക്കുമ്പോൾ കേരളീയരുടെ സംസ്കാരത്തിനു മര്യാദ കുറയുന്നതുപോലെ ഭാഷയ്ക്കും മാന്യതയില്ലെന്നു് നിരീക്ഷിക്കപ്പെട്ടിട്ടുണ്ടു്.’മാനുഷികസ്വത്വംതന്നെ മലയാളത്തിനില്ലെന്നാണു് ചിലരുടെ നിലപാടു്. ഉച്ചനീചത്വത്തിന്റെ അനേകലക്ഷം പടവുകളാൽ രൂപംനൽകപ്പെട്ടതും ഓരോ ജാതിക്കും പ്രത്യേകം പ്രത്യേകമായ സർവനാമങ്ങളും അഭിസംബോധനാക്രമങ്ങൾ തുടങ്ങിയവയും നിർദ്ദേശിക്കുന്നതുമായ ഒരു ഭാഷയാണു് മലയാളം. മാനുഷികസമത്വം എന്ന സങ്കല്പംതന്നെ ഈ ഭാഷയുടെ ശ്വസിക്കുന്ന ജീവവായുവിനു വിരുദ്ധമായിട്ടായിരുന്നു ഇന്നലെവരെയുള്ള നില, ഒരതിരുവരെ ഇന്നും’[9] വിലക്കുചൊല്ലുകളെക്കുറിച്ചുമാത്രം ചിന്തിക്കുമ്പോൾ സംഭവിക്കുന്ന കാര്യമാണു് ബാലകൃഷ്ണന്റെ വാക്കുകളിലെന്നു് കാണാം. വിലക്കുചൊല്ലുകളെ വിദ്ഗ്ധമായി മറച്ചുവെയ്ക്കാനും ഭാഷയിൽ വഴികളുണ്ടു്; ആ വഴിയാണു് ശിഷ്ടോക്തിയുടെതു്.
വിലക്കുചൊല്ലുകളിലെ അമാന്യമായവ ഒഴിവാക്കി, മാന്യമാക്കിയതിനുശേഷം, അതേ അർഥങ്ങളിലുള്ള, മറ്റു പദങ്ങൾ ഉപയോഗിക്കുന്ന ഭാഷാതന്ത്രമാണു് ഭാഷകസമൂഹം അവലംബിക്കുന്നതു്. ഇതിനെ ശിഷ്ടോക്തി(ഋൗുവലാശാെ) എന്നു വിളിക്കാം. സാമൂഹികവിലക്കുള്ളതും പ്രതിലോമപരവുമായ കാര്യങ്ങൾ തുറന്നു വെളിപ്പെടുത്തുന്നതു് അമാന്യമായി ഓരോ സമൂഹവും കരുതിപ്പോരുന്നു. ‘തീട്ട’ത്തെ ‘മല’മാക്കിയാൽ മാന്യമായി, വിസർജ്ജ്യവസ്തുവെന്നാക്കിയാൽ കൂടുതൽ മാന്യമായി. ഇതുപോലെ ലൈംഗികാവയവങ്ങളെ സൂചിപ്പിക്കുന്ന സന്ദർഭം വരുമ്പോൾ ശിഷ്ടോക്തിയെന്ന ഭാഷാപരമായ ‘വളഞ്ഞ വഴി’യാണു് മാന്യസമൂഹം സ്വീകരിക്കുക. പലപ്പോഴും അന്യഭാഷാപദങ്ങളെയാണു് ഇതിനായി ആശ്രയിക്കുന്നതു്. ഏറെയും സംസ്കൃതപദങ്ങളോ ഇംഗ്ലീഷ് പദങ്ങളോ ആണു് ശിഷ്ടോക്തിക്കായി മലയാളം ഉപയോഗിക്കുന്നതു്. അപ്പോൾ ലിംഗവും യോനിയും നിതംബവും മാന്യമാകുന്നു. ഇതേ സന്ദർഭത്തിൽ ഇംഗ്ലീഷ് പദങ്ങൾ ഉപയോഗിച്ചു് കൂടുതൽ മാന്യരാകാം. തീണ്ടാരിയായവൾ രജസ്വലയോ ഋതുമതിയോ പുഷ്പവതിയോ മലിനിയോ ആകുന്നു. തീണ്ടാരിയായവൾ, മിക്ക പ്രദേശത്തും, സാമൂഹികവിലക്കുള്ളവളാണു്. അവളുടെ മാസമുറ, ‘പീരിയിഡ്സായാൽ’ മാന്യമായി. ഇതൊരു സാർവലൗകികപ്രതിഭാസമാണു്.
മലയാളികളെപോലെ ആഫ്രിക്കയിലെ യോറൂബ സമൂഹത്തിനും തീണ്ടാരിയെക്കുറിക്കാൻ ധാരാളം ശിഷ്ടോക്തികൾ ഉണ്ടു്. ഇംഗ്ലീഷിൽ കക്കൂസിനെസൂചിപ്പിക്കാൻ ശിഷ്ടോക്തികൾ ധാരാളമുണ്ടു്. സമൂഹത്തിന്റെ മാന്യതാസങ്കല്പത്തിനനുസരിച്ചു് കക്കൂസിനെക്കുറിക്കാനുള്ള ശിഷ്ടോക്തികളും മാറുന്നു. അങ്ങനെ ‘ലാവിട്രിയിൽ തുടങ്ങി, ‘ടൊയലറ്റിലൂടെ’ ‘റസ്റ്റുറൂമിലെത്തിയ’ ഇംഗ്ലീഷുകാരിപ്പോൾ ഫ്രഞ്ചിൽനിന്നു് കടമെടുത്ത ‘ലൂ’വിലും നെറ്റിലും (ചല്യേേ) എത്തിയിരിക്കുന്നു. ഫ്രഞ്ചിലെ സ്ഥലം എന്നർഥത്തിലുള്ള ‘ഹശലൗ’, ‘ിലീ്യേേലൃ’ എന്നീ പദങ്ങളിൽനിന്നാണിവ രൂപംകൊണ്ടതു്. കക്കൂസിൽനിന്നു് മലയാളിയും മെല്ലെ ‘റസ്റ്റു് റൂമിലൂടെ’ ‘ലൂ’വിലേക്കു് നടന്നുകൊണ്ടിരിക്കുകയാണു്. ‘ലണ്ടൻ’ എന്ന പ്രയോഗം മലയാളിയുടെ കക്കൂസിനു് പണ്ടേയുണ്ടു്. കുട്ടികളോടു് പറയുമ്പോൾ ‘അപ്പിയിടലാണു്. ഇത്തരത്തിൽ പറയാൻ പാടില്ലെന്നു് വിലക്കുള്ളവയ്ക്കെല്ലാം ‘ശിശുഭാഷ’യിൽതന്നെ ശിഷ്ടോക്തികളുണ്ടു്. മുതിർന്നവർ പകർന്നുകൊടുക്കുന്നതാണു് ഇവ.
ജാതിശ്രേണീബദ്ധമായ സാമൂഹികാവസ്ഥയെ ആവിഷ്കരിക്കുന്ന ആചാരഭാഷയിലും ശിഷ്ടോക്തികൾ കാണാം. മരണവുമായി ബന്ധപ്പെട്ട ശിഷ്ടോക്തികൾക്കു് ഉദാഹരണം: തമ്പുരാക്കന്മാരുടെ മരണം ‘നാടുനീങ്ങലും’ ‘തീപ്പെടുകയും’ നമ്പൂതിരിമാരുടേതു് ‘മുടിഞ്ഞെഴുന്നള്ളലും’ ആയിരുന്നു. ഇപ്പോഴും ബിഷപ്പു് തിരുമേനിമാർ ‘കാലം ചെയ്യുക’യാണു്. ഇത്തരം ആചാരപദങ്ങളിലല്ലാതെ വാമൊഴിയിലും മരണമെന്ന അസുഖകരമായകാര്യത്തെ നേരിട്ടു സൂചിപ്പിക്കാതിരിക്കാനാണു് നാം ശ്രമിക്കുക. അതിനാൽ മരണത്തെക്കുറിക്കുന്ന ശിഷ്ടോക്തികൾ ധാരാളമായി കാണാം. സാമൂഹികക്രമം മാറുമ്പോൾ ശിഷ്ടോക്തികൾ ലുപ്തപ്രചാരങ്ങളാകുമെന്നു് ആചാരഭാഷയിലെ ശിഷ്ടോക്തികൾ കാണിക്കുന്നു.ഇംഗ്ലീഷിൽനിന്നു് കടമെടുത്ത ‘നോ മോർ’, ‘പാസ്ഡ് എവേ’ എന്നിവയും മരണസൂചകങ്ങളായ ശിഷ്ടോക്തികളാണ.് കൂടാതെ, ‘ആളുപോയി’, ‘വിട്ടുപിരിയലും’, ‘ഓർമയായി’, ‘പരലോകം പൂകി’, ‘ദേഹം വെടിഞ്ഞു’ തുടങ്ങി ഒട്ടേറെ പദങ്ങൾ മലയാളത്തിൽ വേറെയുമുണ്ടു്.
ശിഷ്ടോക്തികൾക്കു് ഇപ്പോൾ പല സാമൂഹികമാനങ്ങളും പ്രയോഗങ്ങളും സംഭവിച്ചിട്ടുണ്ടു്. സാമൂഹികമായ വിവേചനത്തിനു് എതിരായും ശിഷ്ടോക്തികൾ ഉപയോഗിക്കാം. തൊട്ടുകൂടാത്തവരെന്നും തീണ്ടിക്കൂടാത്തവരെന്നും ദളിതരെ വിശേഷിപ്പിക്കരുതെന്നു് കരുതി ദളിതർക്കു് ഗാന്ധിജി കൊടുത്ത ‘ഹരിജൻ’ എന്ന പദം ഇത്തരം വിവേചനങ്ങൾക്കു് എതിരായുള്ള ശിഷ്ടോക്തിക്കു് ഉദാഹരണമാണു്. സാമൂഹികമായ ശിഷ്ടോക്തി പൊതുവിടങ്ങളിൽ ഇത്രയും പ്രബലമായ രീതിയിൽ ആദ്യം നടത്തിയതു് ഗാന്ധിജി തന്നെയായിരിക്കണം. ഭാഷയിലൂടെയുള്ള സാമൂഹികവിലക്കുകളെ ലംഘിക്കുകയായിരുന്നു ഗാന്ധിജി. തങ്ങളെ ഹരിജനങ്ങൾ എന്നുവിശേഷിപ്പിക്കരുതെന്നു് ഒരു കൂട്ടം ദളിതർ പറയുമ്പോൾ ശിഷ്ടോക്തിയെ ചോദ്യം ചെയ്യുകയാണു്. ഇങ്ങനെ വിലക്കുചൊല്ലുകൾക്കു് എതിരായി രൂപംകൊള്ളുന്നവയെ പോർചൊല്ലുകൾ എന്നു വിളിക്കാം.
മനുഷ്യാവകാശസംരക്ഷണം, സ്ത്രീ-ദളിതു് വിമോചനം, പരിസ്ഥിതിസംരക്ഷണം എൽ.ജി.ബി.ടി അവകാശസംരക്ഷണം തുടങ്ങിയവ എത്രത്തോളം ജനാധിപത്യപരമാണെന്നു് ശിഷ്ടോക്തികൾ പരിശോധിച്ചാൽ അറിയാനാകും. അതുവഴി കേരളീയപൊതുമണ്ഡലം എത്രത്തോളം ജനാധിപത്യപരമാണെന്നും കാണാനാകും.
വേശ്യയെ ‘ലൈംഗികത്തൊഴിലാളി’യാക്കുമ്പോൾ അമാന്യമായിക്കരുതിപ്പോന്ന തൊഴിലിനെ മാന്യമാക്കുകയാണു്. അതു് മാന്യമാകുമ്പോൾ തങ്ങളുടെ അവകാശസമരങ്ങൾക്കായി പൊതു ഇടങ്ങളിൽ തുറന്ന പോരാട്ടം നടത്താൻ അവർക്കു് കഴിയുന്നു. നളിനി ജമീലയെപോലുള്ളവർക്കു് ആത്മകഥ എഴുതുവാനും കഴിയുന്നു.
കോളനിരാജ്യങ്ങളെ കുറിക്കാൻ ബ്രിട്ടീഷുകാർ ഉപയോഗിച്ച പല പദങ്ങളും വിവേചനമുള്ളതാകയാൽ കൂടുതൽ ജനാധിപത്യസ്വഭാവമുള്ളതാക്കാനുള്ള ശ്രമങ്ങൾ അവരുടെ ഭാഗത്തുനിന്നും കാണാനാകുന്നുണ്ടു്. അതുകൊണ്ടാണു് ‘ബാക്ക്വേഡ്’ സമൂഹം, നാൽപതുകളിൽ ‘അണ്ടർ ഡെവലപ്മെൻറ്’ സമൂഹമായതു്. അമ്പതുകളിൽ അതു് ‘ലെസ്സു് ഡെവലപ്മെൻറ്’ സമൂഹവും അറുപതുകളിൽ ‘ഡെവലപ്പിങ്’ സമൂഹവും ഇപ്പോൾ ‘എമേർജിങ് ’ സമൂഹവുമായി മാറി. കൊളോണിയൽ ഭൂതാവേശത്തെ ഉന്മുലനം ചെയ്യാനുള്ള രാഷ്ട്രങ്ങളുടെ തീവ്രശ്രമങ്ങളും വിവേചനങ്ങളെ ഒഴിവാക്കാനുള്ള പദങ്ങൾ തേടുന്നു. അംഗവൈകല്യമുള്ളവരെ കുറിക്കാൻ ഉപയോഗിക്കുന്ന ഭിന്നശേഷിയുള്ളവർ എന്നിങ്ങനെയുള്ള പുതുപദങ്ങൾ ഇതിനു് ഉദാഹരണങ്ങളാണു്. ‘ഒമ്പതു്’ എന്നു് വിളിച്ചു് സമൂഹം കളിയാക്കിയിരുന്ന ‘ഹിജഡകൾ’, ‘ട്രാൻസ്ജെൻഡർ’ ആകുന്നതു് നാം വിവേചനരഹിതമായ മാന്യഭാഷ തേടുന്നതുകൊണ്ടാണു്.[10]
ഭർത്താവിന്റെ പേരു് വിളിക്കുന്നതും പരാമർശിക്കുന്നതും സംബോധനചെയ്യുന്നതും വിലക്കായുള്ള സമൂഹത്തിൽ ലിംഗപരമായ സമത്വത്തിനുവേണ്ടിയുള്ള, അതായതു് ലിംഗവിവേചനരഹിതമായ ഭാഷയ്ക്കുവേണ്ടിയുള്ള പദങ്ങൾ നമ്മൾ അന്വേഷിച്ചു് കണ്ടെത്തുന്നു. ലൈംഗികചുവയുള്ള അശ്ലീലം പറയുന്നതിനു് ശിഷ്ടോക്തികളെ ചിലർ ഉപയോഗിക്കാറുണ്ടു്. ദ്വയാർഥപ്രകടനമെന്നു് പ്രത്യക്ഷത്തിൽ തോന്നുന്ന കാര്യമാണിതു്. ഇതിനു് ഉദാഹരണമാണു്: ഒരു സ്കൂളിലെ സ്റ്റാഫ്റൂമിൽ വില്പനയ്ക്കു് കൊണ്ടുവന്ന സാരി വാങ്ങിക്കൊണ്ടിരിക്കുന്ന ടീച്ചറോടു് വരാന്തയിൽ നിന്നു് ഒരു അധ്യാപകൻ വിളിച്ചുപ്പറയുന്നു:’ടീച്ചറെ ആ സാരിയൊന്നു് പൊക്കി കാണിക്കൂ’. ടീച്ചറടക്കമുള്ള ആളുകൾ ആ ഫലിതം ആസ്വദിച്ചു. ഇവിടെ അശ്ലീലത്തെ നേരിട്ടുസൂചിപ്പിക്കുന്ന പദങ്ങൾ ഉപയോഗിക്കാതെ തന്നെ അശ്ലീലം പറഞ്ഞു. അതായതു് ഇത്തരത്തിലുള്ള ദ്വയാർഥപ്രകടനങ്ങൾക്കു് ശിഷ്ടോക്തികൾ ധാരാളമായി ഉപയോഗിക്കുന്നുണ്ടു്.
ജാതി-ലിംഗ-വരുമാന-വിദ്യാഭ്യാസം തുടങ്ങിയ സാമൂഹികവിവേചനങ്ങൾ ഒഴിവാക്കാൻ ശിഷ്ടോക്തികൾക്കാകും. അതു സാധ്യമല്ലാത്ത സാഹചര്യങ്ങളിൽ വിലക്കുചൊല്ലുകൾക്കു് എതിരായി പോർച്ചൊല്ലുകൾ ഉടലെടുക്കുന്നു.
ചില ശിഷ്ടോക്തികൾ സാമൂഹികമായ അംഗീകാരം നേടി നിഘണ്ടുവിൽ പുതു അർഥമായി നിലകൊള്ളും. ഉദാഹരണത്തിനു് ഇംഗ്ലീഷിലെ കെയർടേക്കറിനു് ‘ശവസംസ്കാരക്രിയ ചെയ്യുന്നവൻ’, ‘ശ്മശാനം സൂക്ഷിപ്പുകാരൻ’ എന്നൊക്കെയായിരുന്നു അർഥം. ഇപ്പോൾ ‘കാര്യങ്ങൾ നോക്കി നടത്തുന്നയാളായി’. സാമൂഹികമനോഭാവത്തിന്റെ പ്രകടനങ്ങൾക്കൊപ്പം ഭാഷയും മാറുന്നു. സാമൂഹികചലനക്ഷമതയെ ആദ്യം ഏറ്റു വാങ്ങുന്നതു് ഭാഷയാണു്. അതിനു് ഉത്തമദൃഷ്ടാന്തമാണു്, സാമൂഹികചലനത്തോടൊപ്പം പരിണമിച്ചുക്കൊണ്ടിരിക്കുന്ന ശിഷ്ടോക്തികൾ.
ശകാരവാക്കുകളുടെ ഭാഷാസ്വഭാവം പരിഗണിക്കുമ്പോൾ മനസ്സിലാക്കാവുന്നൊരു കാര്യം ആദത്തപദങ്ങളായി ധാരാളം പദങ്ങൾ മലയാളത്തിൽ വരുന്നുണ്ടു്. അറബിക്, തമിഴു്, ഇംഗ്ലീഷ്, ഹിന്ദി മുതലായവയിൽനിന്നുള്ള സ്വാംശീകരണം മലയാളത്തിലെ ശകാരവാക്കുകളിലുമുണ്ടെന്നു് കാണാം. ‘സുവറും’ ‘പുറമ്പോക്കും’ ‘കച്ചറാലോകും’ ‘ചപ്രാസിയും’ ‘ഫക്കും’ ‘ബാസ്ററാർഡു’മൊക്കെ അങ്ങനെ വന്നവയാണു്. ഇവകൂടാതെ ലൈംഗികാവയവങ്ങളെ സൂചിപ്പിക്കുന്ന പദങ്ങളോടു് ലിംഗപ്രത്യയം ചേർത്തും വിലക്കുചൊല്ലുകൾ ഉണ്ടാക്കാം, കുണ്ണൻ, പൂറി എന്നിങ്ങനെ. (സമസ്തപദത്തിൽ വരുമ്പോൾ ചില പദങ്ങൾ തെറിയല്ലാതെയും വരും.
ഉദാ: 1.നാറി എന്നതു് കൈനാറി, നറുംനെയ്യ്,2. മയിരു് ചെമ്മയിരാട്
‘ചൊപ്പ’ (മദാമ്മ ചൊപ്പ) ഇവയെല്ലാം എങ്ങനെ ഒരുകാര്യം മനസ്സിലാക്കിയെടുക്കുന്നുവെന്നതിന്റെ അടിസ്ഥാനത്തിൽ രൂപപ്പെടുന്നതാണു്.
ശകാരത്തിന്റെ തീവ്രത കൂട്ടാനും അതിനെ ശിഷ്ടോക്തിയാക്കാനും ആദത്തപദങ്ങൾക്കു് കഴിയുന്നു. വാക്കുകൾക്കൊണ്ടുള്ള ക്ഷതമാണു് ശാപവാക്കുകൾ. ‘നീ ചത്തുപോട്ടെ’, ‘പണ്ടാറടക്കട്ടേ’, ‘തുലഞ്ഞുപോട്ടെ’, ‘ഇടിത്തീവീഴട്ടേ’ എന്നിങ്ങനെ. (ഈണവും ശകാരപദങ്ങളുടെ തീവ്രത നിർണയിക്കുന്ന ഘടകമാണു്). ൻറുപ്പാപ്പക്കൊരാനേണ്ടാർന്നു എന്ന നോവലിൽ കുത്തുതാച്ചുമ്മ കുഞ്ഞുപാത്തുമ്മയെ ശപിക്കുന്നതു് ഇങ്ങനെ:’ഹറാമ്പിറന്നോളേ എമ്പോക്കി അപരാതി നിന്നെ കാലപാമ്പു് കടിക്കും’. വാച്യാർഥത്തെപോലും ശകാരവാക്കാക്കുന്നതു് ഈണമാണു്. ചില മൂളലുകൾ അസ്ഥതയുണ്ടാക്കുന്നതും ദുർഥം സൂചിപ്പിക്കുന്നതും ഈണത്തിനുള്ള പ്രാധാന്യത്തെയാണു് കാണിക്കുന്നത് ശിഷ്ടോക്തികളും വിലക്കുചൊല്ലുകളും വൈകാരികാർഥത്തിന്റെ ആവിഷ്കാരങ്ങളാണു്. ഇവ വെറും വാർത്താനിവേദനങ്ങളല്ല. മറ്റൊരാളുടെ പെരുമാറ്റത്തെയും വീക്ഷണത്തെയും സ്വാധീനിക്കുന്നതിനാൽ ഇവയ്ക്കു് നിയോജകധർമമാണുള്ളതു്, വിലക്കുചൊല്ലുകൾ വക്തൃപക്ഷത്തെയും ശിഷ്ടോക്തി അന്യരെയുമാണു് സാമാന്യമായി ലക്ഷ്യമാക്കുന്നതു്. വിലക്കുചൊല്ലുകൾ അഭിധാർഥത്തിന്റെ അപചയമാണെന്നു് കാണാം. അതിനെ ഭംഗിപ്പെടുത്തുകയാണു് ശിഷ്ടോക്തികൾ. വിലക്കുചൊല്ലുകൾക്കു് സമൂഹം വിലക്കു കല്പിച്ചിരിക്കുന്നതിനാൽ അവ പ്രയോഗിക്കുന്നതു് അമാന്യമാണു്. എന്നാൽ അവയിലെ അമാന്യഘടകങ്ങളെ ഒഴിവാക്കിപ്പറഞ്ഞാൽ ശിഷ്ടോക്തിയായി; അതു് മാന്യവുമായി. ഇവ രണ്ടും സങ്കല്പനവുമായി ബന്ധപ്പെട്ടവയാണു്. ഒരു വ്യക്തി തനിക്കു ചുറ്റുമുള്ള കാര്യങ്ങളെ മനസ്സിലാക്കിയെടുക്കുന്ന പ്രക്രിയയാണു് സങ്കല്പനം. ഭൗതികയാഥാർഥ്യത്തിൽ വേരോട്ടമുള്ള മാനസികപ്രതിഭാസമാണിതു്. ഭാഷാർഥവും മനുഷ്യന്റെ ധിഷണയും തമ്മിലുള്ള അഭേദ്യമായ ബന്ധത്തിന്റെ വിവിധമാനങ്ങളാണു് ഇവയിൽ പ്രകടമാകുന്നതു്. അർഥപൂർണമായ ആശയഗ്രഹണത്തിനു് അടിസ്ഥാനം സമഗ്രതയാണു്. ദൃശ്യങ്ങളും സന്ദർഭങ്ങളും സ്വമനസ്സിന്റെ ചില അംശങ്ങളും കൂട്ടിക്കലർത്തി നാം ലോകത്തെ മനസ്സിലാക്കുകയാണു്. മനുഷ്യൻ കാണുന്നതും ചിന്തിക്കുന്നതും ഒരു സന്ദർഭത്തിന്റെ സമഗ്രതയിൽ വ്യഖ്യാനിക്കപ്പെടേണ്ടതാണു്. അംശത്തേക്കാൾ സാകല്യത്തിനാണു് ഇവിടെ പ്രാധാന്യം.
നമ്മുടെ സങ്കല്പനരീതിയാണു് ശകാരഭാഷയ്ക്കും നിദാനമെന്നതിനാൽ എന്തും നമുക്കു് പച്ചത്തെറിയോ ചുട്ടതെറിയോ ആക്കിമാറ്റാം. ഉദാഹരണത്തിനു്: ഇപ്പോൾ ‘മലയാളസാഹിത്യത്തിൽ ആശാന്റെ നളിനിയല്ല നളിനിജമീലമാരാണുള്ളതു്’ എന്നു് ഒരാൾ പറയുമ്പോൾ ‘നളിനിജമീല’ എന്ന വ്യക്തിനാമം തെറിപദമായി മാറുകയാണു്. സാമൂഹികാവസ്ഥകളെ വ്യക്തികൾ എങ്ങനെ സങ്കല്പനം ചെയ്യുന്നുവെന്നതിന്റെ അടിസ്ഥാനത്തിലാണു് ശ്ലീലവും അശ്ലീലവും രൂപപ്പെടുന്നതു്. അവ ഭാഷയിലേക്കു് ആവിഷ്കരിക്കുവാനുള്ള ശ്രമമാണു് പിന്നീടു് നടക്കുന്നതു്. അതിനാൽ അസ്വസ്ഥതകളുടെയും കോപ-താപനിലകളുടെയും തോതനുസരിച്ചു് മെറ്റഫറുകൾ രൂപപ്പെടുന്നു.
വസ്തു-പശ്ചാത്തലബന്ധം, അടുപ്പം, സാദൃശ്യം, തുടർച്ച, അടച്ചുകാണൽ, താരതമ്യം തുടങ്ങിയവയെല്ലാം കാര്യങ്ങൾ സമഗ്രമായി മനസ്സിലാക്കാൻ വ്യക്തിയെ സഹായിക്കുന്നു. സമഗ്രവീക്ഷണമാണു് വ്യക്തിയുടെ ഉൾക്കാഴ്ചക്കു് നിദാനം. വ്യക്തിയും ചുറ്റുപാടും കൂടിക്കലർന്ന ഒരു തലം രൂപപ്പെട്ടുവരുന്നു. ഈ തലം മനസ്സിലാക്കി അതിനെ ക്രമേണ യോജിപ്പിക്കുന്ന പ്രക്രിയയാണു് ഉൾക്കാഴ്ച.
ജാതി, മതം, ലിംഗം, സമ്പത്തു്, അറിവു് എന്നിങ്ങനെയുള്ളവ അടിസ്ഥാനമാക്കി രൂപപ്പെടുന്ന ശ്രേണീകരണവും അതുവഴി വരുന്ന അധികാരബോധവുമാണു് ശകാരവാക്കുകളുടെ പശ്ചാത്തലം. വസ്തു ശകാരവാക്കുകൾതന്നെ. വരേണ്യവർഗത്തിനു് സമൂഹത്തെക്കുറിച്ചുള്ള സങ്കല്പമാണു് ശിഷ്ടോക്തിയുടെ പശ്ചാത്തലം. വസ്തു ശിഷ്ടോക്തിയും. ഇക്കാര്യത്തെ സമഗ്രമായി മനസ്സിലാക്കാവുന്ന ഒന്നാണു് ശകാരവാക്കുകൾ പലതും മുൻപു് സൂചിപ്പിച്ചതുപോലെ മെറ്റഫർ അഥവാ ലക്ഷകമാണു്.
ഒന്നിനെ മറ്റൊന്നിനോടു് ബന്ധപ്പെടുത്തി ചിന്തിക്കാനുള്ള നമ്മുടെ കഴിവിന്റെ പ്രതിഫലനമാണു് മെറ്റഫർ അഥവാ സങ്കല്പനലക്ഷകങ്ങൾ. അലങ്കാരശാസ്ത്രത്തിലെ രൂപകത്തിൽനിന്നു് വ്യത്യസ്തമാണു് ധൈഷണികഭാഷാശാസ്ത്രത്തിന്റെ മെറ്റഫറിനെക്കുറിച്ചുള്ള വീക്ഷണം എന്നതിനാലാണു് അവരുടെ ‘രീിരലുൗമേഹ ാലമേുവീൃ’ എന്ന ആശയത്തെ കുറിക്കാൻ ഇവിടെ സങ്കല്പനലക്ഷകം എന്നു ഉപയോഗിക്കുന്നതു്. നമ്മൾ ലോകത്തെ എങ്ങനെ മനസ്സിലാക്കുന്നുവെന്നതിന്റെ ആവിഷ്കാരമാണു് സങ്കല്പനലക്ഷകം. പരിചിതമായ അർഥത്തിന്റെയും (സ്രോതസ്തലത്തിന്റെയും) പുതുവർഥത്തിന്റെയും (ലക്ഷ്യതലത്തിന്റെയും) മാനസികമായ അടയാളപ്പെടുത്തലാണു് സങ്കല്പനലക്ഷകത്തിൽ നടക്കുന്നതു്. ഉദാഹരണത്തിനു് ‘പുഷ്ടി എന്നാൽ പച്ചപ്പാണ’് എന്ന സങ്കല്പനത്തിന്റെ ലക്ഷകാവിഷ്കാരമാണു് ‘നീ ഒന്നു പച്ച പിടിച്ചല്ലോ’ എന്ന പ്രയോഗം. സസ്യലോകമാണു് ഇവിടെ സ്രോതസ്തലം. മനുഷ്യന്റെ സാമ്പത്തികമായ ഉന്നമനമാണു് ലക്ഷ്യതലം. മുമ്പു് ക്ഷയിച്ചുപോയ ആരോഗ്യമുള്ള ഒരാളുടെ മെച്ചപ്പെട്ട ആരോഗ്യനിലയെ കാണിക്കുവാനും ഇതു പ്രയോഗിക്കാം.
വിലക്കുചൊല്ലിൽ ലക്ഷകംവരുന്നതിനു് ഉദാഹരണം:1. എഴുത്തുകാർ കുരച്ചാൽ നടക്കില്ല,2. അമേരിക്കൻ നക്കി,3. കമ്യൂണിസ്റ്റുകാർ എന്ന കരിമ്പാറയിൽ കടിച്ചു പല്ലുകളയുന്നവൻ. നായയുമായി ബന്ധപ്പെട്ടകാര്യമാണു് മൂന്നുവാക്യങ്ങളിലുമുള്ളതു്. അതിനാൽ സ്രോതസ്തലം നായയുടെ ലോകമാണു്. വിവരക്കേടു് കാഷ്ടിക്കുക എന്നിടത്തു് സ്രോസ്തലം പക്ഷിയാകുന്നു. വിവരക്കേടു് എഴുന്നെള്ളിക്കൽ ആകുമ്പോൾ ഉത്സവലോകം അതിന്റെ സ്രോതസ്തലമാകുന്നു.
കൂടാതെ വിലക്കുചൊല്ലുകളും ശിഷ്ടോക്തികളും മനസ്സിലാക്കുന്നതു് സർവവിജ്ഞാനപരതയുടെ അടിസ്ഥാനത്തിലാണു്. വാച്യാർഥത്തേക്കാൾ ലക്ഷ്യാർഥമാണു് പ്രാഥമികമെന്നകാര്യം ശിഷ്ടോക്തിയിൽനിന്നു് വ്യക്തമാകും. ‘രാമനൊരു ബിജുരാധാകൃഷ്ണനാണെന്ന’് പറഞ്ഞാൽ ‘രാമൻ’ അമാന്യനാണു്. പക്ഷേ, അതു് അറിയണമെങ്കിൽ ‘ബിജുരാധാകൃഷ്ണൻ’ എന്ന ആളെയും പ്രവൃത്തിയും അറിഞ്ഞിരിക്കണം. അതു് അറിയാത്ത ഒരാളെ സംബന്ധിച്ചു് അതൊരു വ്യക്തിനാമം മാത്രമാണു്. ഈ അറിവിന്റെ അടിസ്ഥാനത്തിൽ മലയാളത്തിൽ എന്തു തെറിയാകും. വാച്യാർഥം തെറിയാകുന്നതിനു് ചില ഉദാഹരണങ്ങൾ നോക്കുക: നായർ എന്ന ജാതിനാമം—‘നിന്റെ അമ്മേടെ നായരാക’ുമ്പോൾ ശകാരവാക്കാകുന്നു. അതുപോലെ ‘മലപ്പുറം’ എന്ന ദേശനാമം ‘നിന്റെ തന്തേന്റെ മലപ്പുറമാകുമ്പോഴും ശകാരവാക്കാകുന്നു.
ഭാഷയ്ക്കുപരിയായി അവ സമൂഹത്തിന്റെ നിലപാടായി നിൽക്കുന്നതുകൊണ്ടാണു്. അങ്ങനെയാണു് അതു് സങ്കല്പഘടനയുമായി ബന്ധപ്പെടുന്നതു്. ഇക്കാര്യത്തെ സങ്കല്പനലക്ഷകങ്ങൾ ഉപയോഗിച്ചു് വെളിപ്പെടുത്തുവെന്നുമാത്രം. സാമൂഹികബന്ധങ്ങളിലും കുടുംബബന്ധങ്ങളിലും അധികാരത്തിന്റെ അസമത്വങ്ങൾ ഉള്ളടങ്ങിയ ഭാഷയാണിതു്. സവർണരുടെ ജീവിതസങ്കല്പത്തിനു് ആദരവുകൊടുത്തുകൊണ്ടുണ്ടാക്കിയ മാന്യതാസങ്കല്പമാണു് മലയാളത്തിൽ ഏറെയും. എങ്കിലും ഇവ മുകളിൽനിന്നു് താഴേക്കുമാത്രം പ്രസരിക്കുന്നതാണെന്നു് കരുതുന്നതിൽ അർഥമില്ല.
ദായക്രമത്തിൻറേയും നാടുവാഴിത്തത്തിൻറേയും അധിനിവേശത്തിൻറേയും അധികാരവ്യവസ്ഥകളും പോരാട്ടങ്ങളുമാണു് മലയാളത്തിലെ മാന്യ-അമാന്യവഴികളെ നിശ്ചയിച്ചിരുന്നതു്. അധിനിവേശാനന്തരസമൂഹമാകട്ടെ മറ്റൊരുതരത്തിൽ ചില മാനദണ്ഡങ്ങൽ വച്ചു പുലർത്തുന്നുണ്ടു്. വിലക്കുചൊല്ലുകൾക്കു് സാമൂഹികവും ധൈഷണികവുമായ പ്രാധാന്യമുണ്ടു്. കൂടതൽ മാന്യരാകുക, സുതാര്യമാകുക എന്നതാണു് പൊതുതാത്പര്യം. അതുകൊണ്ടാണു് രാഷ്ട്രീയപ്ലീനങ്ങൾപോലും വ്യക്തിശുദ്ധിയുടെ പ്രാധാന്യത്തെക്കുറിച്ചുപറയുന്നതു്. ചുരുക്കിപ്പറഞ്ഞാൽ പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ വ്യതിരിക്തമാണെങ്കിലും കൂടുതൽ മാന്യമാകുകയെന്നതാണു് സ്വീകാര്യം. അതു എത്രത്തോളം പ്രാവർത്തികമാകുന്നുവെന്നറിയാൻ ഭാഷയിലേക്കു് നോക്കിയാൽ മതി. തെറിമലയാളം തെളിമലയാളമാകുന്നതും തെളിമലയാളം മാന്യമലയാളമാകുന്നതും മനസ്സിലാക്കാനാകും. മാത്രമല്ല എത്രത്തോളം ജനാധിപത്യസ്വഭാവം പുലർത്തുന്നതാണു് നമ്മുടെ സമൂഹമെന്നറിയാൻ വിലക്കുചൊല്ലുകളും ശിഷ്ടോക്തികളും പരിശോധിച്ചാൽ അറിയാനാകും
[1] ഉദയകുമാർ, 2013 കേരളീയനവോത്ഥാനത്തിന്റെ ഭൂമിക, പത്തൊമ്പതാം നൂറ്റാണ്ടിലെ മലയാളനോവലുകൾ ഇന്നു് വായിക്കുമ്പോൾ എന്ന പേരിൽ നാലിലൊരുത്തൻ… എന്ന നോവലിനു് എഴുതിയ അവതാരിക കാണുക.
[2] ശ്രീകണ്ഠേശ്വരം പത്മനാഭപിള്ള, 2010, ശബ്ദതാരാവലി, കോട്ടയം ഡി. സി. ബുക്സ്.
[3] രാഘവവാരിയർ, എം. ആർ. 2006 അമ്മ വഴി കേരളം, തൃശൂർ: കേരളസാഹിത്യ അക്കാദമി.
[4] പി. എം. ഗിരിഷ് സമകാലികമലയാളവാരിക, 2012 മെയ്.
[5] ഉദയകുമാർ, 2013 കേരളീയനവോത്ഥാനത്തിന്റെ ഭൂമിക, പത്തൊമ്പതാം നൂറ്റാണ്ടിലെ മലയാളനോവലുകൾ ഇന്നു് വായിക്കുമ്പോൾ എന്ന പേരിൽ നാലിലൊരുത്തൻ… എന്ന നോവലിനു് എഴുതിയ അവതാരിക കാണുക.
[6] സമകാലികമലയാളവാരിക, ഒക്ടോബർ, 2013–25.
[7] മലയാളസാഹിത്യപഠനങ്ങൾ, 1989 വിവ കെ.എം പ്രഭാകരവാരിയർ, കോട്ടയം: ഡി. സി. ബുക്സ്.
[8] രാജരാജവർമ്മ. ഏ. ആരു്. 1982 കേരളപാണിനീയം, കോട്ടയം: ഡി. സി. ബുക്സ്.
[9] ബാലകൃഷ്ണൻ, പി.കെ. 2008/2004 കേരളീയതയും മറ്റും. കോട്ടയം: ഡി. സി.ബൂക്സ്.
[10] പി.എം. ഗിരിഷ്: h language café, www.saikatham.com.