(കോവിലൻ സ്മൃതി)

ചരൽക്കല്ലു് ചോരച്ച
ഗോത്രവീര്യത്തിൻ
കുടക്കല്ലു്, മുനിമടകൾ താണ്ടി
പറങ്കിമാവിൻ വാറ്റു് വീര്യം കനക്കുന്ന
വെയിലിടവഴിച്ചാലു് കേറി
പച്ചച്ചിലച്ചാർത്തു് തഴുകുന്ന
കാറ്റിൻ കവാടത്തിലാർദ്രം
ശിരോഭൂവിലമ്ലം തിളയ്ക്കുന്ന ഗിരിയിൽ
നിത്യതാപസൻ
ശിവപ്പെരുമാളൊരാളിരിക്കുന്നു…
തട്ടകം കാക്കും കരിങ്കുട്ടി മറുതകൾ ഒറ്റ മുലച്ചി,
മുത്തപ്പ, ചാത്തൻ തിടം വെച്ച രൗദ്രമാം തോറ്റ-
മുറയുന്ന തിണകളിൽ അക്ഷരപ്പേശിനാൽ
ഗോത്രശിലകളിൽ താണ്ഡവച്ചിന്തുപാടും രവം
തട്ടകം കാക്കും ശിവപ്പെരുമാളുടെ തൃക്കൺ
തുറക്കും കൊടുംകാല വഹ്നിയിൽ
നിസ്തേജമാകും; നൃശംസാധികാര പ്രമത്തത,
അക്ഷരത്തിൻ സുരസന്നിഭ നിസ്സംഗത.
വാക്കുകൾ ചീറ്റുന്നു ബാരക്കിനപ്പുറം
ബുള്ളറ്റ് ചീറ്റലിൽ ഭീരുതക്കപ്പുറം
കാളിയും കൂളിയും ഗ്രാമ്യമാം വാക്കിന്റെ
ഊർജ സാന്നിധ്യമായ്…
മുനിമടയല്ലിതു്
കുടക്കല്ലുമല്ലിതു്
ഉറങ്ങുന്നുവെന്നു നാം നിനയ്ക്കുന്ന നരിമട
പോരും വഴിക്കു് മധുരം പറഞ്ഞു:
തട്ടകം കാക്കുന്ന മൂപ്പന്റെ മണ്ണിൽ
നാട്ടകത്തിൻ പൊരുൾ വേരും പടർന്നതു്…
ചിനച്ചൂ പൊടിപ്പുകൾ വാക്കിന്റെ ഉച്ചിയിൽ
പൂതലിക്കാത്ത നട്ടെല്ലു് കാതൽ

ഞാൻ ധൃതിപ്പെടും പോലെയൂറ്റത്തിൽ
ആവതില്ലെങ്കിൽ കൂടെ വരേണ്ട നീ.
കാറ്റു് കൊണ്ടല്ല, കാഴ്ച കണ്ടല്ല
കാര്യസാധ്യത, ജീവവേഗങ്ങൾ.
മേയുമോർമ്മയിലില്ലിനി ഞായം,
ആയം പാടിയുലയുമിടരുകൾ.
കൃത്യബോധം, നിതാന്തം വ്യഗ്രത
അർത്ഥമെത്തിച്ച മർത്ത്യനെന്തീ വിധം?
വിവക്ഷയറ്റോരുടലേറ്റിയങ്ങനെ
ജീവവാഹനം സൈറൺ കുതിപ്പിൽ
എത്തിയത്യാഹിതത്തിടുക്കത്തിൽ
മൊത്തം വെള്ളമൂടി നേരം പൊടുന്നനെ!

ഒരു പാളിത്തുറവിയിൽ
നിവരുന്നു
ഉള്ളിലാളെന്നറിയിക്കും
ഇളവെയിൽ ചിരി വാതിൽ
ഇരുപാളി മറവിയിൽ
വിലക്കുന്നു
ആളനക്കമടഞ്ഞതാം
ഇരുൾ നരിച്ചീറു വാതിൽ
നീയെന്ന ബാധ കേറി
പൊള്ളുമ്പോളുലയുന്നു
വെന്ത വീടായ് വിചാരത്തിൽ
കടം കഥ പൊരുൾ വാതിൽ

പണ്ടു് വടക്കേ ചായ്പ്പിൽ
ആര്യവേപ്പിൻ ചവർപ്പും
മഞ്ഞൾ കുമ്മലും
കൈതപ്പായ് ഉരുമ്മലും
തിണർത്ത കാലത്തു്
തെറിച്ചു് തെറിച്ചു് നീണ്ട വള്ളിയിൽ കായ്കൾ… കായ്കൾ…
അതിനുള്ളിൽ മഞ്ഞപ്പാട കെട്ടിയ
കുരിപ്പുകൾ…! കുരിപ്പുകൾ…!

പൂക്കളെ നോക്കിയിരിക്കൂ
മനസ്സിലെ ആധികളെല്ലാം പൂമണമായ് തീരും
യുറ്റ്യൂബിലെ മോട്ടിവേഷൻ വീഡിയോ
കണ്ടു് ചെന്നതാണു്
എന്നെക്കണ്ടതും
മറക്കാതെ സബ്സ്ക്രൈബ്ബ് ചെയ്യൂ
എന്നു് പൂക്കളല്ല,
ഒരിറ്റു് കനലാൽ എരിയാൻ വെമ്പും
കരിപ്പുകൾ… കരിപ്പുകൾ…!

അതേപടി തന്നെ…
ഒരേയൊരു ഭാഷ
അതിൻ മിടിപ്പുകൾ
ചിറി വിളർച്ചകൾ
ഒരൊറ്റ വേഷത്തിൽ
കുടുങ്ങും ദേഹങ്ങൾ
അകം പുതയ്ക്കുന്ന
മെഴുകു് രൂപങ്ങൾ
ഒരേയൊരു മതം
വിധിച്ച പ്രാർത്ഥന
വധിച്ച ബോധ്യങ്ങൾ
ഒരേ പാട്ടു്
സ്വരഭേദമറ്റ ഭയവിചാരങ്ങൾ
ഒരേ മട്ടിൽ താളം
പൊരുളറിയാത്ത
വികാര ശയ്യകൾ
നിതാന്തമാം ധ്യാനം
അനുനയം മാറിൽ
മുനപ്പു് തോക്കുകൾ
ഒരേ പടിയോരം…
നടുവുളുക്കീട്ടും
പിടിച്ചു് നിൽക്കുന്നു
അതേ പരിക്കുകൾ…!

തൃശൂർ ജില്ലയിലെ കാക്കശ്ശേരി ദേശത്തു് ജനിച്ചു. ആനുകാലികങ്ങളിൽ കവിതകളും ലേഖനങ്ങളും എഴുതുന്നു. കാലടി ശ്രീശങ്കരാചാര്യ സംസ്കൃതസർവ്വകലാശാലയിൽ നിന്നു് എം. എ. മലയാളം ഒന്നാം റാങ്കോടെ വിജയിച്ചു. കലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നു് എം. ഫിൽ. ഇപ്പോൾ മലപ്പുറം ജില്ലയിലെ പാലപ്പെട്ടി ഗവ. സ്കൂളിൽ ഹയർസെക്കന്ററി മലയാളം അധ്യാപകൻ.
ചിത്രങ്ങൾ: വി. മോഹനൻ