കൂട്ടുപിരിഞ്ഞെട്ടു വർഷം കഴിഞ്ഞവൾ
വാട്സാപ്പയച്ചു - നിറവൊത്ത ജീവിതം
കുട്ടികൾ, വാർഷികാഘോഷം, മധുരം മുറിക്കൽ
ചേട്ടനോടൊത്തെടുത്തതാം ‘സെൽഫി’കൾ
ഒറ്റയായ്, അറ്റുപോയതോ, മറ്റു്
തെറ്റു് പറ്റിയ തോന്നലോ, കുറ്റബോധമോ
ചെറ്റു് നിശ്ചയമില്ലാത്ത, അറ്റമില്ലാത്ത
പറ്റു് വീട്ടാത്ത പുസ്തകം പോലെ ഞാൻ
എങ്ങനെ പ്രത്യഭിവാദനം, വിരൽ തൊ-
ട്ടെങ്ങുമില്ലാത്ത പരിഭ്രമ ഗദ്ഗദം
വേണ്ട വാക്കുകൾ, വിരൽ വെച്ചെടു-
ക്കേണ്ട, നിയതഭാവമാം വ്യഞ്ജന മതിയിനി-
ചിരിതരം പോലെ മഞ്ഞപ്പിമോജികൾ
വരിനിന്നു തുള്ളും, പതിയാൻ മിടിക്കും
കൊഞ്ഞപ്പു് മുഞ്ഞികൾ, ചരാചര സങ്കേത-
മാർന്നടയാളങ്ങൾ, മടിപ്പേച്ചടുക്കുകൾ.
ഉടക്കീ നീലക്കുട; അതിൽ വീഴാൻ
തുടിക്കും ഇരുതുള്ളി, കുടക്കൂട്ടു് ആൺതുണ
ഭാവാർത്ഥമൊന്നായ് നിവർത്തുന്നു
പൂർണ്ണമായ് ഒറ്റ ഞെക്കിൽ ഇമോജിയിൽ
ക്ഷമിക്കണേ ധ്വനികാവ്യമല്ല വാട്സപ്പുടക്കുകൾ
വിനിമയക്കുട ചുരുക്കിവെച്ചേക്കു നീ…
വെട്ടിയിട്ട പോൽ കിടക്കും
കമ്മളെ ഒന്നു് നോക്കി
മേൽമുണ്ടൊന്നെടുത്തിട്ടു്
കട്ടയിട്ട ടോർച്ചടിച്ചു്
ഇരുട്ടിലേക്കിറങ്ങുന്നു
മുടങ്ങാതെ രാധമ്പ്രാൾ
പുലരിപ്പാൽ ചുരത്തും
മുൻപതിവേഗം മൊന്തയിൽ
നറും പത ചിരി ചാറ്റി
തൊഴുത്തായ തൊഴുത്തൊക്കെ
കുമ്പിട്ടു് നിവരുന്നു…
മുരടുന്നു,കണ്ണാലൊന്ന്
തൊഴിക്കാറുണ്ടിന്നുമമ്പ്രാൾ
ഗോപാലന്മാർ കടക്കണ്ണാൽ
വിടത്തങ്ങളുരുമ്മുമ്പോൾ
ഉശിരില്ലാ മൂരിയല്ലേ
ഇപ്പോഴങ്ങേർ കിടപ്പല്ലേ
അകിടൊന്നു് കനക്കാതെ
ഇടങ്ങേറൊന്നുമില്ലേ
തൊഴുത്തായ തൊഴുത്തൊക്കെ
അയവെട്ടിക്കയർക്കുമ്പോൾ
നിറപാൽ തെളിയായി
ചിരിതെന്നും പതയായി
കടക്കണ്ണിൽ ഒരു തുള്ളി
ഒളിപ്പിക്കും രാധമ്പ്രാൾ
ഫ്രീസറിൽ നിന്നെടുത്ത
പാക്കറ്റു വാങ്ങി മടങ്ങുമ്പോൾ
പുലർച്ച, മണ്ണെണ്ണ ചിമ്മിണി,
പാഠഭാഗം, കോട്ടുവായ,
ടോർച്ചടിച്ച നിലാമഞ്ഞ
ഇടവഴിയേറി,യോർമ്മ
മുറിയുന്നൂ രാധമ്പ്രാൾ.
ഉദ്ധാരണം കിട്ടാത്ത[1]
അപകർഷ ജാള ്യതയോടെ
ഒതുങ്ങി നിൽപ്പാണിപ്പോൾ
പഞ്ചാരമുക്കു്;
ഗുരുപവനപുരിയിലെ
പഞ്ചാരത്തരിയിലേക്കും
മിനി ഗൾഫിന്റെ
ഇനിക്കും മിനുപ്പിലേക്കും
ഒരേ ദൂരമെന്നിരിക്കിലും.
നോട്ടുബുക്കും ചോറ്റുപാത്രവും
ദാവണിനെഞ്ചോടു് ചേർത്തൊതുക്കി
ബസ്സ് കാത്തുനിന്ന
കലാലയ കുമാരിമാരും
പഞ്ചാരയടിച്ചു് നിന്ന കുമാരന്മാരും
ഊരിന്റെ പേരിലേക്കു്
ആഴ്‌ന്നിറങ്ങിയ വേരുകൾ.
നാട്ടാർക്കിപ്പോൾ
ചെളിച്ചൂരും
ഉപ്പുകാറ്റുമടിച്ചു്
ധാതുക്ഷയം വന്ന മുക്കൂട്ടുവഴി
നാളെ പോക്കുവരവുകൾക്കു
വീതിയേറ്റുമ്പോൾ
മുക്കെല്ലാം മെരുങ്ങുമ്പോൾ
ഊരും പേരും ഇടയുമ്പോൾ
കമിഴ്ത്തിവെച്ച ഗ്ലാസ് വട്ടത്തിൽ
ചത്തിരിക്കും ഉറുമ്പു് സാക്ഷ്യം;
മധുരമുണ്ടായിരുന്നു തൊണ്ടയിൽ.
[1] പാവറട്ടിയിൽനിന്നു് ചാവക്കാട്ടേയ്ക്കും ഗുരുവായൂരിലേക്കും തിരിയുന്ന മുക്കവല—പഞ്ചാരമുക്കു്.
ഇപ്പഴും രണ്ടു് കുളമുണ്ടു് തൊടിയിൽ
കളരിക്കുളം, വടക്കേക്കുളം ചൊല്ലി
അതിരിട്ടു് നിർത്തിയ
ജലദേശ വിസ്തൃതി
നീന്തലും തുടിക്കലും മദിക്കലും
പരിചയിച്ചുദ്ധൃത വീര്യമായ്
ത്രസിച്ച കളരിക്കുളം.
കൽപ്പടവു്, ചാരെ കരിമ്പന
തലയെടുപ്പെ,ഴുന്നള്ളാൻ വാഴ്ത്തും
ഉങ്ങിൻ പച്ചത്തഴപ്പു്
വിലങ്ങനെ ചാടാൻ ചരിഞ്ഞു് നിൽക്കും
തെങ്ങ,തിൽ വന്നിരിക്കും
വേഗവിരുതാലെയ്യുന്ന പൊന്മ.
കളരിക്കുളം—ആൺ ചൂരു മാത്രം
ശ്വസിക്കുന്ന ക്ലാസ്സ് മുറി മാതിരി-
ഓതി ചിരിക്കുന്നൊരാശാനുമോർമ്മയിൽ
നീരുവറ്റി വാതജ്വരത്തിൽ
ഓളം തിളങ്ങാതെ നിശ്ചല ജലാശയം
വടക്കേക്കുളം, അടക്കിപ്പിടിച്ച
ചിരിയും കരച്ചിലും ഈറനുടുത്തു്
ഒതുങ്ങിനിൽക്കും തീണ്ടാരി
പരിഭ്രമമാർന്ന പായൽ ജലാശയം.
അലക്കുകാരവും ചെങ്കല്ലും
കലഹിച്ച ചെത്തം
വാക്കെല്ലാം ഊളിയിട്ടോരു
നീർക്കോലിപോലെയുഴറുന്ന നട്ടുച്ച.
താളിയും എണ്ണയും ജാള ്യനഗ്നത-
യിലാകെ മിനുങ്ങുന്ന സന്ധ്യ,
പെൺപള്ളിക്കൂടമെന്നാശാത്തിചൊല്ലിയ,
ആൺനോട്ടമെത്തും കൈതമുറിവോ-
ലുന്ന കൂരിരുൾ പൊന്തകൾ.
ജലപ്പിശാചെന്നിൽ കുഴൽതിരിക്കുമ്പോൾ
വലഞ്ഞകൈവിരൽ വരണ്ടു് കോറുന്നു:
യുദ്ധമോ, ഉൾക്കലാപങ്ങളോ,
രോഗബാധയോ, കാലഭീതിയോ
ഉപേക്ഷിതം ഈ രണ്ടു രാജ്യങ്ങൾ;
ഭൂതകാല വിഭവഭൂപടം മുക്കും ചതിക്കുഴി.
തൃശൂർ ജില്ലയിലെ കാക്കശ്ശേരി ദേശത്തു് ജനിച്ചു. ആനുകാലികങ്ങളിൽ കവിതകളും ലേഖനങ്ങളും എഴുതുന്നു. കാലടി ശ്രീശങ്കരാചാര്യ സംസ്കൃതസർവ്വകലാശാലയിൽ നിന്നു് എം. എ മലയാളം ഒന്നാം റാങ്കോടെ വിജയിച്ചു. കലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നു് എം. ഫിൽ. ഇപ്പോൾ മലപ്പുറം ജില്ലയിലെ പാലപ്പെട്ടി ഗവ. സ്കൂളിൽ ഹയർസെക്കന്ററി മലയാളം അധ്യാപകൻ.
കലിഗ്രഫി: എൻ. ഭട്ടതിരി
ചിത്രങ്ങൾ: വി. മോഹനൻ