പണ്ടുപണ്ടു് ഈജിപ്റ്റിൽ,
ഉത്തരവിറക്കിയും ആളുകളെ
തൂക്കിലേറ്റിയും മടുത്തപ്പോൾ
മരിച്ചുപോയ ഏതോ ഫറോവിന്റെ
കല്ലറേലങ്ങേരടെ പരിവാരങ്ങളും പടയാളികളും
പൂക്കൾക്കും പടക്കോപ്പുകൾക്കും
പലഹാരങ്ങൾക്കുമൊപ്പം കുറച്ചു്
പൂച്ചകളെകൂടി കൊണ്ടിട്ടു,
ഇരുട്ടിനുമില്ലായ്മയ്ക്കുമിടയിലവറ്റക-
ളേറെക്കാലം തമ്മിൽ കൊന്നും
തിന്നും നിലനിന്നു,
നൂറ്റാണ്ടുകൾക്കിപ്പുറം
പുരാവസ്തു ഗവേഷണമെന്നൊക്കെ
ഓമനപേരുള്ള ഒരിംഗ്ളണ്ടുകാരന്‍
സായിപ്പാക്കല്ലറകൾ കൈറോവിൽ
ചെന്നു് കുത്തിത്തുറന്നപ്പോൾ,
അതിജീവനത്തിന്റെ
അപകടകരമായ നഖങ്ങൾ
മാന്തിക്കീറിയതേ വിടവുകൾ
മ്യാവൂ മ്യാവൂ എന്നയാളുടെ
തലയിലേക്കിടിഞ്ഞുവീണു.
താല്പര്യപ്പെട്ട പാട്ടുകാര(നാ)നുമാ-
യലച്ചിലാണു്,
തെരുവാകെ,
വഴിയാകെ,
ലഹരിപ്പുറത്തു്…
തെരുവു് കടന്നു്
വെളിച്ചം കടന്നു്
ലഹരിപ്പുറത്തു്.
പാട്ടുമാത്രം ചുവടു
തെറ്റാതെയുലയാതെ,
രണ്ടു്
കിറുക്കൻ ചിലപ്പൊ
എവിടേലും നിക്കും,
വിളിച്ചുകൂവും,
തുള്ളിച്ചാടും,
ഇലട്രിക്ക് പോസ്റ്റിൽ
ചാരിയുറങ്ങും,
ബീഡി വലിക്കും
മരച്ചോട്ടിൽ
പെടുക്കും,
തെറിയോടുതെറി
പറയും,
ഉറഞ്ഞുതുള്ളും,
കൂനി(യുറങ്ങും)യിരിക്കും…
വഴിക്കെവിടെവെച്ചോ
എല്ലാവർക്കും
നഷ്ടപ്പെട്ട എന്തൊക്കെയോയാ-
ണയാളെന്നു്,
നഗരത്തിനാകെ,
ഞങ്ങൾക്കാകെ,
തോന്നുകയാണു്…
പാടിപ്പാടി
പാട്ടിന്നിടയിൽ
പെട്ടന്നയാൾ
വിറയ്ക്കാൻ തുടങ്ങുന്നു,
വിറച്ചുവിറച്ചു്
പാർക്കിലെ മരങ്ങളുമായിച്ചേർന്നു്
ഡിസംബറിനെ
കളിയാക്കുന്നു,
ചിരിച്ചുചിരിച്ചൊടുക്കമങ്ങേരടെ
നാലു് പല്ലിളകിപ്പോകുന്നു,
ഇലകളെന്നപോൽ…
നഗരത്തിലെ ആശുപത്രിയിൽ
മൂന്നു ദിവസം കിടന്നു…
കെട്ടഴിച്ചുവിട്ടപ്പോൾ
മുറിവിലെക്കൊരു കാറ്റു്
കയറിയിരുന്നു.
ആശുപത്രിയിലെ അവസാനദിവസം
ആരുടെയൊക്കെയോ
കണ്ണുവെട്ടിച്ചു്,
307-നമ്പർ മുറിയിലെ
കിളവനൊരു സലാം കൊടുത്തു്,
വാതിലും, വാച്ച്മാനും കടന്നൊരു
സ്വപ്നം ബൈക്കിൽ, മഴയിൽ
ദേശീയപാതയിലൂടെ
പ്രകാശവേഗത്തിൽ
ഇരുട്ടിലേക്കു് ഓടിച്ചുപോയി.
II
കാശടച്ചിറങ്ങിനടന്നു…
കടൽത്തീരത്തും,
മരണവീട്ടിലും
കറങ്ങി.
പരസ്യമായി മൂത്രമൊഴിക്കുന്ന
ഒരു പെൺകുട്ടിയ കണ്ടു, (കൊതിച്ചു)
നാലു നായ, രണ്ടാൽമരങ്ങൾ,
അഗ്നിശമനസേന, കത്തിപ്പോയ പലഹാരക്കട,
ട്രാഫിക് ജാം… കാക്കക്കൂട്ടം
മഴയില്ല.
ഒന്നമർത്തിയലറിയാൽ
കൊള്ളാമെന്നുണ്ടായിരുന്നു,
അലറിയില്ല,
അലറിയേനെ,
കൂട്ടത്തിൽ നിൽക്കുമ്പോഴും
കുമുകുമാന്നു കമത്തുമ്പോഴും മാത്രമാണു്
ഞാനൊരു ധൈര്യശാലി ആകുന്നതെന്നു്
കൂട്ടുകാർ പറഞ്ഞേക്കും.
അതു് ശരിയല്ല,
തൊണ്ടവേദനയായിരുന്നു…
അലറിയില്ല.
വൈകിട്ടു് തലയിൽ എണ്ണ തേക്കണമെന്നും,
പച്ചയ്ക്കു് കണ്ടമാനം പഴുത്തമാങ്ങ
തിന്നണമെന്നും സ്വയംഭോഗം
ചെയ്യണമെന്നുമെല്ലാം
വിചാരിച്ചു.
(ഹാ,
ഓരോരോ വിചാരങ്ങൾ)
പരിചയമുള്ള ഒരുത്തനിന്നലെ പിരിഞ്ഞു.
അതാണു് മരണവീടു്.
തുറമുഖത്തിനടുത്തുള്ള പഴയ കാമുകിയുടെ
വീട്ടിൽ കള്ളൻ കേറി.
അതാണു് കടൽത്തീരം.
ഏതോ ചെവികളെക്കുറിച്ചോർത്തു.
ഉറങ്ങിപ്പോയി…
മട്ടാഞ്ചേരിയിലെ
കാപ്പിക്കടയ്ക്കുപുറത്തു്
ഗിത്താർ വായിക്കുന്നവന്റെ
താടിക്കു തീപിടിച്ചല്ലോ…
മൂക്കിന്റെ പാലം
കടക്കണ
പേനുകൾമൊത്തം
വെന്തുമരിച്ചല്ലോ,
പാതിജീവനുംകൊണ്ടതിയാന്റെ
പല്ലുപുളിപ്പിച്ചു പായുന്നവയുടെ
പേരീയിരുട്ടത്തു്
മിന്നാമിനുങ്ങുകളെന്നാണല്ലോ…
നാടു് ആലപ്പുഴ. കേരള മീഡിയ അക്കാഡമി, എൻ. എസ്. എസ്. കോളേജ്, ചങ്ങാനാശ്ശേരി എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. മാതൃഭൂമിയിൽ ജോലിചെയ്യുന്നു.
ചിത്രങ്ങൾ: വി. മോഹനൻ