
ഇന്ത്യൻ നവോത്ഥാന പ്രസ്ഥാനങ്ങളെ കുറിച്ചുള്ള ചർച്ചകളുടെ ഏറ്റവും വലിയ പരിമിതി ഈ നവോത്ഥാനം ആരുടെ നവോത്ഥാനം എന്ന ചോദ്യം അവർ വിട്ടുകളയുന്നു എന്നതാണു്. നവോത്ഥാനത്തെ ജാതിപരമോ വർഗ്ഗപരമോ ആയ വിഭജനങ്ങളുടെ അഥവാ കീഴാള മേലാള വിഭജനങ്ങളുടെ സവിശേഷ പ്രശ്നങ്ങളെ സ്പർശിക്കാത്ത ആധുനിക വത്ക്കരണത്തിലൂടെയുള്ള പുരോഗതിയെ കുറിക്കുന്ന ഒരു പൊതു പരികല്പനയായാണു് പൊതുവേ ഈ ചർച്ചകളെല്ലാം പരിഗണിച്ചുപോരുന്നതു്.
സതി അടക്കമുള്ള അനാചാരങ്ങൾക്കു് എതിരേയും സ്ത്രീയുടെ സ്വാതന്ത്ര്യത്തിനു വേണ്ടിയും ഉയർന്ന ശബ്ദങ്ങൾ എല്ലാം ആധുനിക നവ സവർണ്ണ പുരുഷന്റേതായിരുന്നു. ഇവിടെ സ്ത്രീക്കു വേണ്ടി സംസാരിക്കുന്ന രക്ഷകനായ മേലാള പുരുഷന്റെ ശബ്ദം കീഴാളയായ സ്ത്രീയെ നിശ്ശബ്ദയാക്കുന്നു.
പാശ്ചാത്യ മുഖ്യധാരാ ആധുനികതയുടേയും രാഷ്ട്രമീമാംസയുടേയും മാനദണ്ഡങ്ങളിലൊതുങ്ങുന്ന ഒരു നവോത്ഥാന സങ്കല്പമാണിതു്. പാശ്ചാത്യ മുഖ്യധാരാ ആധുനികത ലോകത്തെ ബഹുഭൂരിപക്ഷം വരുന്ന പാശ്ചാത്യേതര സമൂഹ സംസ്കൃതികളെ മുഴുവൻ പ്രാകൃതമെന്നു് മുദ്രകുത്തിയ കൊളോണിയൽ മേധാവിത്വത്തിന്റെ ഒരു അധികാര-ജ്ഞാന ഘടനയായിരുന്നു എന്ന വസ്തുത ഇന്നു് വെളിവാക്കപ്പെട്ടുകഴിഞ്ഞിട്ടുണ്ടു്. ഇന്ത്യൻ മുതലാളിത്ത വർഗ്ഗ താല്പര്യങ്ങളും മത-ദേശീയ പ്രത്യയശാസ്ത്രങ്ങളും കൂടിക്കുഴഞ്ഞു രൂപപ്പെട്ട നമ്മുടെ മേലാള നവോത്ഥാന സങ്കല്പങ്ങൾക്കു് അടിസ്ഥാനമായിത്തീർന്നതു് ഈ കൊളോണിയൽ അധികാര ജ്ഞാന ഘടനതന്നെയായിരുന്നു. ആദിവാസികളും ദളിതരും കൈവേലക്കാരും കൃഷിക്കാരുമടങ്ങുന്ന ബഹുഭൂരിപക്ഷം വരുന്ന ഇന്ത്യൻ കീഴാള ജനസഞ്ചയത്തിന്മേൽ ആധിപത്യം സ്ഥാപിക്കുന്നതിനും അവരെ അധഃകൃതരായി നിരന്തരം പാർശ്വവത്ക്കരിക്കുന്നതിനും ഇന്ത്യൻ ഭരണവർഗ്ഗങ്ങൾക്കു് ഏറ്റവും പറ്റിയ ഒരുപകരണമായിരുന്നു പാശ്ചാത്യ ആധുനികതയിൽ അടിയുറച്ച ഈ നവോത്ഥാന സങ്കല്പം.
ഈപശ്ചാത്തലത്തിലാണു്, “കീഴാളർക്കു് ഉരിയാടാൻ കഴിയുമോ?” (Can the Subaltern Speak?) എന്ന ഗായത്രി ചക്രവർത്തി സ്പിവാക്കി ന്റെ ചോദ്യം പ്രസക്തമാകുന്നതു്. കീഴാളരെ പൂർണ്ണമായും നിശ്ശബ്ദരാക്കുന്ന നവ സവർണ്ണ വരേണ്യ നവോത്ഥാനത്തിന്റെ അധികാര ബന്ധത്തിലേക്കാണു് ഗായത്രി സ്പിവാക്കിന്റെ ഈ ചോദ്യം വിരൽ ചൂണ്ടുന്നതു്. കീഴാളരുടെ ശബ്ദം നവോത്ഥാനത്തിന്റെ പേരിൽ മേലാളർ ഏറ്റെടുക്കുമ്പോൾ കീഴാളർ ശബ്ദിക്കാനാവാത്തവരായി തീരുന്നു. രാജാറാം മോഹൻ റോയി യെ പോലുള്ളവർ നയിച്ച മേലാള നവോത്ഥാന പ്രസ്ഥാനങ്ങളിലെല്ലാം ഇതാണു സംഭവിച്ചതു്. സതി അടക്കമുള്ള അനാചാരങ്ങൾക്കു് എതിരേയും സ്ത്രീയുടെ സ്വാതന്ത്ര്യത്തിനു വേണ്ടിയും ഉയർന്ന ശബ്ദങ്ങൾ എല്ലാം ആധുനിക നവ സവർണ്ണ പുരുഷന്റേതായിരുന്നു. ഇവിടെ സ്ത്രീക്കു വേണ്ടി സംസാരിക്കുന്ന രക്ഷകനായ മേലാള പുരുഷന്റെ ശബ്ദം കീഴാളയായ സ്ത്രീയെ നിശ്ശബ്ദയാക്കുന്നു. ഈ മാതൃകയിലാണു് ആധുനിക നവോത്ഥാനത്തിനു് മുൻപിൽ കീഴാളർ എങ്ങനെ നാവില്ലാത്തവരായി അല്ലെങ്കിൽ ഉരിയാടാൻ കഴിയാത്തവരായിത്തീരുന്നു എന്നു് ഗായത്രി സ്പിവാക്ക് വ്യക്തമാക്കുന്നതു്.

എന്നാൽ ഈ നിരീക്ഷണം നമ്മെ നയിക്കുന്നതു് കീഴാളരുടെ നിശ്ശബ്ദതയിലേക്കു മാത്രമല്ല ആ നിശ്ശബ്ദതയെ തിരിച്ചറിയാനുള്ള സാദ്ധ്യതയിലേക്കും അതുകൊണ്ടുതന്നെ അതിനെ ഭേദിക്കാനുള്ള അവരുടെ ശക്തികളിലേക്കും കൂടിയാണു്. പാശ്ചാത്യ ആധുനികതയുടെ പുരോഗമനവാദത്തിനും അതിന്റെ പ്രതിദ്ധ്വനിയായ ഇന്ത്യൻ മേലാള ദേശീയ നവോത്ഥാന വാദങ്ങൾക്കും മധ്യത്തിലൂടെയാണു് ഈ സാദ്ധ്യതകൾ തുറക്കപ്പെടുന്നതു്. കീഴാളബദൽ നവോത്ഥാനശക്തികളുടെ രൂപപ്പെടലും മുന്നേറ്റവുമാണു് ഈ മധ്യമാർഗ്ഗത്തിൽ സംഭവിക്കുന്നതു്. ആധുനിക ഇന്ത്യയുടെ ചരിത്രം തന്നെ ഇതിനു തെളിവാണു് ഇതു് തിരിച്ചറിയണമെങ്കിൽ ആധുനിക ഇന്ത്യരൂപപ്പെട്ടതു് ഇന്ത്യൻ മേലാളനവോത്ഥാനത്തിലൂടെയും അതിനെ തുടർന്നുവന്ന വരേണ്യദേശീയ രാഷ്ട്രീയ പ്രസ്ഥാനത്തിലൂടെയും ആണെന്ന പാഠപുസ്തക ചരിത്ര ധാരണയിൽ നിന്നു് നാം പുറത്തു കടക്കേണ്ടിയിരിക്കുന്നു
സ്വതന്ത്ര ജനാധിപത്യ ഇന്ത്യയുടെ സ്രഷ്ടാക്കൾ വരേണ്യ നവോത്ഥാനപ്രസ്ഥാനങ്ങളോ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പോലെയുള്ള ലിബറൽ രാഷ്ട്രീയ പാർട്ടികളോ അല്ല… ഗ്രാമീണ കർഷകരും ഇടത്തരക്കാരും കൈവേലക്കാരും ആദിവാസികളും ദളിതരുമെല്ലാമടങ്ങുന്ന ജനകോടികളുടെ സ്വാതന്ത്ര്യവാഞ്ഛയിൽനിന്നും ഐക്യത്തിൽനിന്നുമാണു് പുതിയ സ്വതന്ത്ര ഇന്ത്യ പിറവിയെടുത്തതു്. സ്വാതന്ത്ര്യ സമരത്തിന്റെ ഉള്ളടക്കം ഈകീഴാള ജനകീയജനാധിപത്യ ശക്തിയായിരുന്നു. ആ മഹാസമര ശക്തിയുടെ ബാഹ്യമായ ചട്ടക്കൂടു മാത്രമായിരുന്നു മേലാള നവോത്ഥാന പ്രസ്ഥാനങ്ങളും ലിബറൽ രാഷ്ട്രീയ പാർട്ടികളും. കീഴാള ചരിത്രരചനയുടെ ഉപജ്ഞാതാവായ രണ്ജിത് ഗുഹ യുടെ പരികല്പനകൾ കടമെടുത്താൽ, മേലാള നവോത്ഥാന-രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ആധിപത്യത്തിനു (Dominance) കീഴ്പ്പെടേണ്ടിവന്നെങ്കിലും ഇന്ത്യയെ സ്വാതന്ത്ര്യത്തിലേക്കു നയിച്ച ശക്തി കീഴാളജനതയുടെ സ്വാധികാര (Hegemony) ത്തിന്റേതായിരുന്നു.
ഇന്ത്യൻ ഭരണഘടനയെ മുൻനിർത്തി ഭരണ വർഗ്ഗങ്ങൾ കീഴാള ജനതയെ വംശനാശത്തിലേക്കു നയിച്ചുകൊണ്ടിരിക്കുന്നു എന്നു വ്യക്തമായപ്പോൾ ഇന്ത്യൻ ഭരണഘടനക്കു തീ കൊളുത്താൻ ആരെങ്കിലും തയ്യാറായാൽ അതിനു് മുന്നിൽ നില്ക്കുന്നതു് താനായിരിക്കും എന്നു പ്രഖ്യാപിച്ച അംബേദ്ക്കറാണു്.
ഈ വെളിച്ചത്തിൽ പരിശോധിക്കുമ്പോഴാണു് ഇന്ത്യൻ നവോത്ഥാനം പാശ്ചാത്യ മുഖ്യധാരാ ആധുനികതയുടെയും അതിന്റെ ഇന്ത്യൻ മാറ്റൊലികളുടെയും മാർഗ്ഗത്തിൽ നിന്നു് ഭിന്നവും ന്യൂനപക്ഷാത്മകവും (Minoritarian) ആയ കീഴാള ബദൽ ധാരകളിൽ നിന്നും രൂപമെടുത്ത ഒരു സാമൂഹ്യ പ്രതിഭാസമാണെന്നു് വ്യക്തമാവുക. ഈ കീഴാള ബദൽ ധാരകൾക്കു നേതൃത്വം കൊടുത്തവരാണു് ഗാന്ധി, അംബേദ്ക്കർ, ഫുലേ, വൈകുണ്ഠ സ്വാമികൾ, നാരായണ ഗുരു, അയ്യങ്കാളി, പൊയ്കയിൽ അപ്പച്ചൻ തുടങ്ങിയവർ. ഈ ഗാന്ധി ഇന്ത്യൻ ബൂർഷ്വാസിയുടെ നേതാവെന്നു് തെറ്റിദ്ധരിക്കപ്പെട്ട ഗാന്ധിയല്ല. ഇന്ത്യൻ ബൂർഷ്വാസിയെ മുൻ നിർത്തിക്കൊണ്ടു് ഗ്രാമീണ കീഴാള ജനകോടികളെ നയിച്ച ഗാന്ധിയാണു്. മറ്റൊരുതരത്തിൽ പറഞ്ഞാൽ ബ്രിട്ടീഷ് വിരുദ്ധ മേലാള ശക്തികളുമായി ഐക്യം സ്ഥാപിച്ചു കൊണ്ടു് കീഴാള ഗ്രാമീണ ജനതയെ സ്വാതന്ത്ര്യ സമരമെന്ന ജനകീയ ജനാധിപത്യ വിപ്ലവത്തിലേക്കു് നയിച്ച ഗാന്ധിയാണു്. അതുപോലെ തന്നെ ഈ അംബേദ്ക്കർ ഇന്ത്യൻ ഭരണഘടനയുടെ ഡ്രാഫ്റ്റിങ് കമ്മിറ്റി ചെയർമാനിൽ ഒതുങ്ങുന്ന അംബേദ്ക്കറല്ല. അതായതു് അംബേദ്ക്കറുടെ മരണ ശേഷം അദ്ദേഹത്തിന്റെ വിപ്ലവകരമായ ചിന്തയെ ഇന്ത്യൻ ഭരണ വർഗ്ഗത്തിനു് അനുസൃതമായി വെട്ടിമുറിച്ച കാംബ്ലെ യുടെയോ ഗേയ്ക്ക് വാർഡിന്റെയോ അംബേദ്ക്കറല്ല. ഇന്ത്യൻ ഭരണഘടനയെ മുൻനിർത്തി ഭരണ വർഗ്ഗങ്ങൾ കീഴാള ജനതയെ വംശനാശത്തിലേക്കു നയിച്ചുകൊണ്ടിരിക്കുന്നു എന്നു വ്യക്തമായപ്പോൾ ഇന്ത്യൻ ഭരണഘടനക്കു തീ കൊളുത്താൻ ആരെങ്കിലും തയ്യാറായാൽ അതിനു് മുന്നിൽ നില്ക്കുന്നതു് താനായിരിക്കും എന്നു പ്രഖ്യാപിച്ച അംബേദ്ക്കറാണു്. ഗാന്ധി കൊലചെയ്യപ്പെട്ടപ്പോൾ ആ സ്ഥാനമേറ്റെടുത്തുകൊണ്ടു് ഇന്ത്യൻ കീഴാള ജനസഞ്ചയത്തെ നയിക്കാൻ ഇനി അംബേദ്ക്കർ മുന്നോട്ടുവരണമെന്നു് ലോഹ്യാ ആഹ്വാനം ചെയ്തപ്പോൾ ഷെഡ്യൂൾഡ് കാസ്റ്റ് ഫെഡറേഷൻ പിരിച്ചുവിട്ടുകൊണ്ടു് അതേറ്റെടുക്കാൻ തയ്യാറായ അംബേദ്ക്കറാണു്. പാശ്ചാത്യ മുഖ്യധാരാ ആധുനികതയുടെ മർമ്മമായ മതവിരുദ്ധതയെ തള്ളിക്കളഞ്ഞുകൊണ്ടു് സ്വയം ബുദ്ധമതാചാര്യസ്ഥാനം ഏറ്റെടുത്ത അംബേദ്ക്കറാണു്.
പാശ്ചാത്യ മുഖ്യധാരാ ആധുനികതയുടെ രാഷ്ട്രീയ ചിന്തയ്ക്കുള്ള ആധിപത്യംമൂലം ഇനിയും വേണ്ടവണ്ണം വെളിപ്പെട്ടിട്ടില്ലാത്ത ഈ ഇന്ത്യൻ കീഴാള ബദൽ രാഷ്ട്രീയചിന്തയുടെ പശ്ചാത്തലത്തിൽ വേണം സമീപകാലത്തു് കേരളത്തിൽ ഉയർന്നുവന്ന നവോത്ഥാന ചിന്തയുടെ തനിനിറം എന്തെന്നു നോക്കാൻ. ഏറ്റവും ചുരുക്കിപ്പറഞ്ഞാൽ പാശ്ചാത്യ ആധുനികതയുടേയും അതിന്റെ ഇന്ത്യൻ പതിപ്പുകളുടേയും ചുവടു് അപ്പാടെ പിന്തുടരുന്ന വരേണ്യ നവോത്ഥാന സമീപനത്തിലും മുതലാളിത്ത പുരോഗമനവാദത്തിലും അടിയുറച്ചതായിരുന്നു ഈ സമീപകാല ചർച്ചകളിൽ ഏറിയ പങ്കും…

മനുഷ്യജീവിത പുരോഗതിക്കു് ഒഴിവാക്കാനാവാത്തതു് എന്നു് കരുതപ്പെട്ടു പോന്ന ‘മുതലാളിത്ത വികസനം’ എങ്ങനെകാടും പുഴകളും മലകളും ഇല്ലാതാക്കി ജീവജാലങ്ങളുടേയും മനുഷ്യരുടേയും ആവാസവ്യവസ്ഥയെ തകർത്തുകളഞ്ഞുവോ അതിനു് സമാനം തന്നെയാണു് ആധുനിക മുതലാളിത്ത പുരോഗമന വാദം മനുഷ്യജീവിത ലോകത്തിന്റെ ആന്തരിക പരിസ്ഥിതിയേയും നശിപ്പിക്കുന്നതു്. മനുഷ്യജീവിതത്തെ, പ്രകൃതിപരിസ്ഥിതി, സമൂഹപരിസ്ഥിതി, മാനസിക പരിസ്ഥിതി എന്നിങ്ങനെ മൂന്നുപരിസ്ഥിതികളുടെ (Three Ecologies) വേർപെടുത്താനാവാത്ത ഒരു സമഗ്ര വ്യവസ്ഥയായാണു് ഫെലിസ ഗത്താരി കാണുന്നതു് ചുരുക്കത്തിൽ പഴയ വികസനവാദത്തോടൊപ്പം പഴയ പുരോഗമന വാദത്തെയും ഇന്നു നാം ഒഴിവാക്കി നിർത്തുക തന്നെവേണം.
നമ്മുടെ നാട്ടിലെ ശാസ്ത്രവാദവും യുക്തിവാദവും പ്രതിനിധാനാത്മകസാഹിത്യ പുരോഗമനവാദവുമെല്ലാം ആധുനികതയുടെ കാലഹരണപ്പെട്ട യാന്ത്രിക പുരോഗമന വാദത്തിലാണു് ഉൾപ്പെട്ടിരിക്കുന്നതു്.
ഇന്നു നമ്മുടെ നാട്ടിൽ നടക്കുന്ന ഏതാണ്ടു് എല്ലാ സംഘപരിവാർ വിമർശനങ്ങളും കാലഹരണപ്പെട്ട ‘ഭൂരിപക്ഷാത്മകമായ’ മുതലാളിത്ത നവോത്ഥാന സങ്കല്പങ്ങളിൽ അടിയുറച്ചവയാണു് അതിനാൽ കാലഹരണപ്പെട്ട രണ്ടു വിരുദ്ധ രീതിശാസ്ത്രങ്ങൾ പരസ്പരം ഏറ്റുമുട്ടുന്നതിന്റെ ഒരു നിഴൽ നാടകം മാത്രമായി അതു് അവസാനിക്കും. നിശ്ചയമായും വിമർശകർക്കും അതുകേട്ടു രസിച്ചു് സ്വയം പ്രബുദ്ധരാകുന്നു എന്നു ഭ്രമിക്കുന്നവർക്കും ഈ നാടകം ആത്മസംതൃപ്തിയും രാഷ്ട്രീയ കൃതകൃത്യതാ ബോധവും പ്രദാനം ചെയ്യുന്നുണ്ടാവാം. പക്ഷേ, മുന്നേറുന്ന സംഘപരിവാർ രാഷ്ട്രീയത്തിനു് അതു് ഒരു ദോഷവും ചെയ്യുന്നില്ല എന്നുമാത്രമല്ല സംഘപരിവാർ പ്രതിനിധാനം ചെയ്യുന്ന ഭരണവർഗ്ഗ രാഷ്ട്രീയത്തിന്റെ യഥാർത്ഥ താല്പര്യങ്ങളെ ഈ ചരിത്ര പ്രത്യയ ശാസ്ത്ര ചർച്ചാ പ്രഹസനങ്ങൾ നന്നായി മറച്ചു പിടിക്കുകയും ചെയ്യുന്നു.
ഗാന്ധിയുടേയും അംബേദ്ക്കറുടെയും കാര്യത്തിലെന്നപോലെ വൈകുണ്ഠസ്വാമികളും ശ്രീ നാരായണഗുരുവും ശ്രീ അയ്യങ്കാളി യും എല്ലാം പ്രതിനിധാനം ചെയ്ത കീഴാള ബദൽ നവോത്ഥാന പാരമ്പര്യത്തെ മുതലാളിത്ത വികസനത്തിൽ അധിഷ്ഠിതമായ മേലാള നവോത്ഥാനധാര തകിടം മറിച്ചതാണു് ഈ ദുഃസ്ഥിതിക്കു് കാരണം. നവ സവർണ്ണ മുതലാളിത്തത്തിനും പാശ്ചാത്യ ആധുനികതയുടെ വൈപരീത്യങ്ങൾക്കുമെതിരെ ശക്തമായ നിലപാടു് കൈക്കൊണ്ടവരാണു് അയ്യാ വൈകുണ്ഠസ്വാമികളും ശ്രീനാരായണ ഗുരുവും. അതുകൊണ്ടു തന്നെ അവർ ഉദ്ഘാടനം ചെയ്ത നവോത്ഥാനത്തിന്റെ യഥാർത്ഥമായ പൊരുൾ പൂർണ്ണമായും തമസ്കരിക്കപ്പെടുകയും അവരെ ആധിപത്യം പുലർത്തുന്ന വ്യവസ്ഥയുടെ നോക്കുകുത്തികളാക്കി മാറ്റുകയും ചെയ്തു. ശ്രീനാരായണ ഗുരു സ്ഥാപിച്ച ശിവഗിരിമഠത്തിൽ ബി. ജെ. പി. യുടെ അഖിലേന്ത്യാ പ്രസിഡണ്ടായ അമിത് ഷായെ ശ്രീ നാരായണന്റെ അനുയായിയുടെ വേഷം കെട്ടുന്ന വെള്ളാപ്പള്ളി നടേശൻ ആദരിച്ചാനയിക്കുന്ന ദുരന്ത രംഗം ഇക്കഴിഞ്ഞ ദിവസങ്ങളിലാണു് നാം കണ്ടതു്.
ഈ സന്ദർഭത്തിലാണു് വൈകുണ്ഠ സ്വാമികളും ശ്രീനാരായണ ഗുരുവും തുടങ്ങിവച്ച നവോത്ഥാനത്തിന്റെ യഥാർത്ഥ പൊരുളും ശക്തിയും വീണ്ടെടുക്കുക എന്ന ദൗത്യം പരമപ്രധാനമായി തീരുന്നതു്.
ദളിതരും ആദിവാസികളും കൈവേലക്കാരും മുക്കുവരും കർഷകത്തൊഴിലാളികളും ഒക്കെയടങ്ങുന്ന കീഴാള സമൂഹങ്ങളെ മുഴുവൻ നിഷ്ഠുരവും നിഷ്ക്കരുണവുമായി പാർശ്വവത്ക്കരിച്ചു കൊണ്ടു് ശക്തിപ്പെട്ട കേരളത്തിലെ മുഖ്യധാരാ സമൂഹത്തിനുവേണ്ടിയല്ല വൈകുണ്ഠ സ്വാമിയും ശ്രീനാരായണ ഗുരുവും നിലകൊണ്ടതു്.
ഇത്തരമൊരു പരിശ്രമം നമ്മെ കൊണ്ടെത്തിക്കുന്നതു് നിശ്ചയമായും പടിഞ്ഞാറും കിഴക്കുമുള്ള മുതലാളിത്ത ആധുനികതക്കെതിരെ പ്രവർത്തിക്കുന്ന ഒരു ബദൽ ആധുനിക (Alter Modern) ഇന്ത്യൻ ജീവിതത്തെ വിഭാവനം ചെയ്ത വൈകുണ്ഠ സ്വാമിയിലും ശ്രീനാരായണഗുരുവിലും ആയിരുന്നു. സ്നേഹത്തിലും ത്യാഗത്തിലും അധിഷ്ഠിതമായ ഈ ബദൽ ജീവിത ഭാവനയുടെ രാഷ്ട്രീയ ശക്തികളെ വേണ്ടവണ്ണം പുറത്തെടുത്താൽ അതിനു മുന്നിൽ പൊടിഞ്ഞു പോകുന്നതേയുള്ളൂ, ഒരു വശത്തു സമൂഹത്തെ ഒന്നാകെ നവ സവർണ്ണ മൂല്യങ്ങൾക്കു് കീഴ്പ്പെടുത്തുന്ന സംഘപരിവാർ മുതലാളിത്തത്തിന്റെ യാഥാസ്ഥിതികത്വവും മറുവശത്തു് മുതലാളിത്ത ആധുനികതയുടെ യാന്ത്രിക പുരോഗമന യുക്തിവാദവും. കാരണം, ദളിതരും ആദിവാസികളും കൈവേലക്കാരും മുക്കുവരും കർഷകത്തൊഴിലാളികളും ഒക്കെയടങ്ങുന്ന കീഴാള സമൂഹങ്ങളെ മുഴുവൻ നിഷ്ഠുരവും നിഷ്ക്കരുണവുമായി പാർശ്വവത്ക്കരിച്ചു കൊണ്ടു് ശക്തിപ്പെട്ട കേരളത്തിലെ മുഖ്യധാരാ സമൂഹത്തിനുവേണ്ടിയല്ല വൈകുണ്ഠ സ്വാമിയും ശ്രീനാരായണ ഗുരുവും നിലകൊണ്ടതു്. അവർ നിലകൊണ്ടതു് അടിച്ചമർത്തപ്പെട്ട കീഴാള ജനതയുടെ മോചനത്തിനു വേണ്ടിയായിരുന്നു. കേരളീയ നവോത്ഥാനത്തെ കുറിച്ചുള്ള ആധുനിക മുഖ്യധാരാ ഭാഷ്യങ്ങളിൽ തീർത്തും തമസ്കരിക്കപ്പെട്ടതു് ഈ യാഥാർത്ഥ്യമാണു്.
ഇന്ത്യൻ നവോത്ഥാന ചരിത്രത്തിൽ ഇന്നും അവഗണിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു നാമമാണു് അയ്യാ വൈകുണ്ഠ സ്വാമിയുടേതു്. ഇന്ത്യൻ നവോത്ഥാനത്തിന്റെ പിതൃത്വം ആരോപിക്കപ്പെട്ട രാജാ റാം മോഹൻ റായ് നയിച്ച പ്രസ്ഥാനം യഥാർത്ഥത്തിൽ ഉത്തരേന്ത്യയിലെ നവ സവർണ്ണ മേലാളന്മാരുടെ ഉന്നതിക്കുവേണ്ടിയുള്ള ഒരാധുനിക മുതലാളിത്ത പ്രസ്ഥാനമായിരുന്നു. രാജാ റാം മോഹൻ റായ് ബ്രഹ്മസമാജം സ്ഥാപിച്ചപ്പോൾ ഏതാണ്ടു് അതേ കാലത്തു തന്ന വൈകുണ്ഠ സ്വാമികൾ സ്ഥാപിച്ചതു് ‘സമത്വസമാജ’മാണു്. പേരുകളുടെ ഈ അന്തരം പൊരുളിലേക്കു് വ്യാപിക്കുന്നതു് കാണുക. രാജാ റാം മോഹൻ റായിൽ നിന്നു് വ്യത്യസ്തമായി വൈകുണ്ഠ സ്വാമികൾ താൻ പ്രതിനിധാനം ചെയ്ത കീഴാള ജനതയുടെ ഒന്നാമത്ത ശത്രുവായി കണ്ടതു് പാശ്ചാത്യ ആധുനികതയുടെ വക്താക്കൾ ആയ കൊളോണിയൽ ശക്തികളെയാണു്. രണ്ടാമത്തെ ശത്രുവായി അദ്ദേഹം വിധിച്ചതു് ആ കൊളോണിയൽ ശക്തികൾക്കു് സാമന്ത വൃത്തി ചെയ്തിരുന്ന നാടുവാഴിയെ ആണു്. ഒന്നാമത്തെ ശത്രുവിനു് അദ്ദേഹം പേരിട്ടതു് ‘വെൺ നീചന്മാർ’ എന്നാണു്. രണ്ടാമത്തെ ശത്രുവിനെ, രാജാവിനെ, അദ്ദേഹം വിളിച്ചതു് ‘കരി നീചൻ’ എന്നും. ചുരുക്കത്തിൽ, ഒരുവശത്തു് പാശ്ചാത്യ ആധുനികതക്കും കൊളോണിയൽ കൊള്ളയ്ക്കും മറുവശത്തു് നാടൻ നവ സവർണ്ണ മുതലാളിമാരുടെ അടിച്ചമർത്തലിനും എതിരെയാണു് വൈകുണ്ഠ സ്വാമികൾ തന്റെ വിട്ടുവീഴ്ചയില്ലാത്ത സമരം തുടർന്നതു്. ഇങ്ങനെ കൊളോണിയൽ ആധുനികതയുടേയും നാടൻ മുതലാളിത്ത ആധുനികതയുടേയും മുന്നേറ്റങ്ങൾക്കെതിരെ ഒരു കീഴാള ബദൽ ആധുനികതയുടെ (Subaltern Alter-Modernity) ധാർമ്മിക ലോകത്തെ ധീരമായി ഭാവന ചെയ്യുകയും അതിന്റെ സാക്ഷാത്ക്കാരത്തിനായി പ്രവർത്തിക്കുകയും ചെയ്ത മഹാത്മാവാണു് വൈകുണ്ഠ സ്വാമികൾ. കൊടിയ പീഡനങ്ങൾ സഹിച്ചുകൊണ്ടു് അദ്ദേഹം തന്റെ പാതയിൽ മുന്നോട്ടുപോയി. എന്നാൽ സ്വാതന്ത്ര്യാനന്തര ഇന്ത്യൻ രാഷ്ട്രീയം തെക്കൻ തിരുവിതാംകൂറിലെ നാടാർ സമുദായത്തെ ഒരു കീഴാള വോട്ടു ബാങ്കായി ബന്ധിച്ചതോടെ വൈകുണ്ഠ സ്വാമികളുടെ നാമം ഒരു ജാതിഗുരുവിന്റേതു മാത്രമായി ചുരുങ്ങി.

ശ്രീനാരായണ ഗുരുവും വൈകുണ്ഠ സ്വാമികളെ പോലെത്തന്നെ കേരളത്തിലെ അധഃകൃത കീഴാള വർഗ്ഗത്തിനുമേൽ ആധിപത്യം പുലർത്തിയ കൊളോണിയൽ നവസവർണ്ണ ഭരണ കൂട്ടുകെട്ടിനു് എതിരെയാണു നിലകൊണ്ടതു്. അതായിരുന്നു ഗുരുവിന്റെ ധാർമ്മിക നവോത്ഥാന പദ്ധതിയുടെ രാഷ്ട്രീയം. ചുരുക്കത്തിൽ കൊളോണിയൽ ആധുനികതക്കും നാട്ടിൽ വളർന്നുവന്ന ലിബറൽ മുതലാളിത്ത ആധുനികതക്കും പകരം നിൽക്കാൻ പോന്ന അതിശക്തമായ ഒരു ബദൽ ആധുനികതക്കാണു് (Alter-Modernity) നാരായണഗുരുവും ജന്മം നല്കിയതു്.
എന്നാൽ ഗാന്ധിജി ഇന്ത്യൻ മുതലാളിമാരെ മുൻനിർത്തി സ്വാതന്ത്ര്യ സമരമെന്ന ജനകീയ ജനാധിപത്യപ്രസ്ഥാനത്തിനു് നേതൃത്വം കൊടുത്തപോലെ ഗുരു ഈഴവമുതലാളിമാരെ മുൻനിർത്തിയാണു് തന്റെ കീഴാള നവോത്ഥാനപ്രസ്ഥാനം നയിച്ചതു്. ഇന്ത്യൻ മുതലാളിത്ത മൂലധനത്തിന്റെ ഉത്കർഷേച്ഛ ഗാന്ധിയെ തട്ടിത്തെറിപ്പിക്കുകയാണു് ചെയ്തതെങ്കിൽ കേരളത്തിൽ ഈഴവ മുതലാളിത്തം നാരായണ ഗുരുവിനെ പൂർണ്ണമായി കീഴാള വർഗ്ഗങ്ങളിൽ നിന്നു് തട്ടിയെടുക്കുകയാണു് ചെയ്തതു്. അധികാര കൈമാറ്റ കാലത്തു് ഗാന്ധിയുടെ ദുഃഖം പോലെത്തന്നെ തീവ്രമായിരുന്നു ജീവിതാവസാന കാലത്തു് ഗുരുവിന്റെ ദുഃഖവും. എസ്. എൻ. ഡി. പി. യോഗത്തെ സ്വന്തം വർഗ്ഗതാല്പര്യം സംരക്ഷിക്കാനുള്ള ഒരുപകരണമാക്കി മാറ്റുകയും ശ്രീനാരായണ ധർമ്മത്തെ സ്വയം നവ സവർണ്ണവത്ക്കരണത്തിനുള്ള ഒരു പദ്ധതിയാക്കി മാറ്റുകയുമാണു് അവർ ചെയ്തതു്. നാരായണ ഗുരു ഇക്കാര്യം തുറന്നുപറഞ്ഞുകൊണ്ടു് ഡോക്ടർ പല്പു വിനു് എഴുതിയ കത്തുകൾ ഇതിനു് തെളിവാണു്. കേരളീയ കീഴാള നവോത്ഥാനത്തെ തട്ടിയെടുത്ത ഈഴവ നവ സവർണ്ണ മുതലാളിവർഗ്ഗം എസ്. എൻ. ഡി. പി. യോഗത്ത തട്ടിയെടുക്കുന്നതിനു വേണ്ടി നടത്തിയ ഉപജാപങ്ങളുടെ വർണ്ണനയാണു് യഥാർത്ഥത്തിൽ കുമാരനാശാന്റെ ‘ഗ്രാമ വൃക്ഷത്തിലെ കുയിൽ’ എന്ന കാവ്യം. എസ്. എൻ. ഡി. പി. യുടെ സ്ഥാപകനേതാവായ ഡോ. പല്പുവിനെ അവർ ദശാബ്ദങ്ങൾ നീണ്ട നിരാലംബമായ ഏകാന്ത ജീവിതത്തിലേക്കും ഭ്രാന്തിലേക്കും ബലമായി തള്ളിയിട്ടു. ഡോ. പല്പുവിന്റെ ധിഷണാശാലിയും മഹാപണ്ഡിതനുമായ പുത്രനെ അവർ ശിവഗിരി മഠത്തിൽ നിന്നു് അവമാനിച്ചു പുറത്താക്കി. കേരളീയ നവോത്ഥാനത്തിന്റെ ഈ അട്ടിമറിയുടെ കഥ ഇവിടം കൊണ്ടു് അവസാനിക്കുന്നില്ല.

ഇങ്ങനെ കീഴാളനവോത്ഥാനം അട്ടിമറിക്കപ്പെട്ടിട്ടും കേരളത്തിലെ വർഗ്ഗസമരത്തിലൂടെ ഒരു നൂതന വ്യവഹാരമായി അതു മുന്നേറുന്നുണ്ടു്. പുന്നപ്രവയലാർ സമര ത്തിനു പിന്നിൽ ശ്രീനാരായണ പ്രസ്ഥാനത്തിന്റെ സ്വാധീനം എത്രമാത്രമുണ്ടെന്നു് സി. കേശവന്റെ യും മറ്റും വിവരണങ്ങളിൽ നിന്നു് ഇന്നു വ്യക്തമായി നമുക്കറിയാം. എന്നാൽ പുന്നപ്ര-വയലാർ സമരകാലത്തു് ആർ. ശങ്കറി ന്റെ നേതൃത്വത്തിൽ ആയിരുന്ന എസ്. എൻ. ഡി. പി., സർ സി. പി. യുടെ ഭാഗത്തായിരുന്നു. അതിനുശേഷമാണു് ആർ. ശങ്കറും മന്നവും ചേർന്നു് ‘ഹിന്ദുമഹാമണ്ഡലം’ എന്ന ഹൈന്ദവ മതരാഷ്ട്രീയ പ്രസ്ഥാനത്തിനു് രൂപം കൊടുക്കുന്നതു്. അക്കാലത്തു് മന്നത്തു് പദ്മനാഭന്റെ ഡയറിക്കുറിപ്പുകളിൽ ഗോൾവാക്കറും അദ്ദേഹവുമായി നിലനിന്ന അടുത്ത രാഷ്ട്രീയ ബന്ധത്തെ കുറിച്ചു് ഇന്നു് നമുക്കു് വായിക്കാൻ കഴിയും. സവർണ്ണവത്കരിക്കപ്പെട്ട കേരളീയ മുതലാളി വർഗ്ഗം കീഴാള ജനതയുടെ നവോത്ഥാനത്തെ അട്ടിമറിക്കുന്നതിന്റെ ഒരു പുതിയ ഘട്ടമായിരുന്നു ‘ഹിന്ദുമഹാമണ്ഡലം’. ഇതിനുശേഷം ശക്തിപ്പെടുന്ന വിവിധ മത-സാമുദായിക രാഷ്ട്രീയ പ്രസ്ഥാനങ്ങൾ കീഴാള രാഷ്ട്രീയ മുന്നേറ്റങ്ങൾക്കെതിരെ ഐക്യപ്പെടുന്നതും അടുത്ത ചുവടു വെയ്ക്കുന്നതും നാം കാണുന്നതു് വിമോചന സമരത്തിലാണു്.
വിമോചന സമരത്തിന്റെ വിജയത്തിനുശേഷം കേരളീയ നവോത്ഥാനത്തിന്റെ പരസ്പരം ഏറ്റുമുട്ടിയ മേലാള-കീഴാള ധാരകൾ തമ്മിലുള്ള അന്തരം വിസ്മരിക്കപ്പെടുകയും നവോത്ഥാനമെന്നതു് ആധുനിക കേരളത്തിന്റെ നിർമ്മിതിയിൽ പ്രവർത്തിച്ച ഒരൊറ്റ ലിബറൽ സാംസ്കാരിക പ്രസ്ഥാനമായി അവതരിപ്പിക്കപ്പെടാൻ തുടങ്ങുകയും ചെയ്തു. അങ്ങനെ നവോത്ഥാനം കേരളസമൂഹം ഒന്നാകെ അണിനിരന്നു് ‘അടിവച്ചടിവച്ചു’ മുന്നോട്ടു വന്ന ഒരു പ്രക്രിയയായി ചിത്രീകരിക്കപ്പെടാനും തുടങ്ങി. ഇതിന്റെ ഫലമായാണു് നാരായണഗുരുവും ഡോ. പല്പുവും കുമാരനാശാനും അയ്യങ്കാളിയും വി. ടി. ഭട്ടതിരിപ്പാടും മറ്റും നയിച്ചു് കേരളത്തിലെ കീഴാള ജനകീയ നവോത്ഥാന പ്രസ്ഥാനത്തു് ഇന്നു് വെള്ളാപ്പള്ളി നടേശനും മകനും സുകുമാരൻ നായർക്കും സംഘപരിവാറിനു് അനായാസം അടിയറ വയ്ക്കുന്നതു്.
ഇന്ത്യൻ മുതലാളിത്ത മൂലധനത്തിന്റെ ഉത്കർഷേച്ഛ ഗാന്ധിയെ തട്ടിത്തെറിപ്പിക്കുകയാണു് ചെയ്തതെങ്കിൽ കേരളത്തിൽ ഈഴവ മുതലാളിത്തം നാരായണ ഗുരുവിനെ പൂർണ്ണമായി കീഴാള വർഗ്ഗങ്ങളിൽ നിന്നു് തട്ടിയെടുക്കുകയാണു് ചെയ്തതു്. അധികാര കൈമാറ്റ കാലത്തു് ഗാന്ധിയുടെ ദുഃഖം പോലെത്തന്നെ തീവ്രമായിരുന്നു ജീവിതാവസാന കാലത്തു് ഗുരുവിന്റെ ദുഃഖവും.
ഇതിന്റെ ഒരു ദയനീയ വശം ഈ പ്രക്രിയയെ ചെറുത്തു നിൽക്കുന്നു എന്നവകാശപ്പെടുന്ന പുരോഗമന ശാസ്ത്ര-സാംസ്കാരിക പ്രസ്ഥാനങ്ങൾക്കൊന്നും എത്രയോ കാലമായി മേലാളന്മാർ നിർണ്ണയിക്കുന്ന കളിക്കളത്തിനപ്പുറത്തേക്കു് പോകാൻ കഴിയുന്നില്ല എന്നതാണു്. ഈ പ്രസ്ഥാനങ്ങളൊന്നും ശ്രീനാരയണന്റെയും ഡോ. പല്പുവിന്റെയും കുറ്റിപ്പുഴയുടേയും ഒന്നും ഉജ്ജ്വല ചിന്താപാരമ്പര്യത്തെ പിന്തുടരാൻ പ്രാപ്തിയുള്ളവയല്ല. ഇതിന്റെ ഫലമായി ഇവരും ചെയ്തതു് കേരളീയ നവോത്ഥാനത്ത ഏകരൂപവും ഏകമുഖവുമായ ഒരു ലിബറൽ പുരോഗമന പ്രസ്ഥാനമാക്കി അതിന്റെ രാഷ്ട്രീയ ഉള്ളടക്കത്തെ ചോർത്തിക്കളയുകയാണു്. ഈ വിധത്തിൽ നിർവീര്യമാക്കപ്പെട്ട നവോത്ഥാനത്തിന്റെ ചരിത്രം എത്ര ആവേശത്തോടെ ആവർത്തിച്ചാലും അവർക്കു് കേരളത്തിന്റെ ധാർമ്മിക ജീവിതത്തെ ഗ്രസിക്കുന്ന സംഘപരിവാർ രാഷ്ട്രീയത്തിനെതിരായ സമരത്തിൽ നവോത്ഥാനത്തിന്റെ ജനകീയ കീഴാള പാരമ്പര്യത്തെ ഒപ്പം കൂട്ടാൻ കഴിയില്ല.
അതിനാൽ നമ്മുടെ നാട്ടിൽ നടക്കുന്ന നവോത്ഥാനോത്സവങ്ങളുടെ, സംഘപരിവാർ മുതലാളിത്തത്തിനു് ശക്തിപകരുന്ന ഈ ദയനീയ സ്ഥിതി നാം മറികടന്നേ മതിയാവൂ. അതിനു് തുടക്കത്തിൽ സൂചിപ്പിച്ചതുപോലെ മുതലാളിത്ത ആധുനികതയുടെ പരിമിതികളെ മുറിച്ചുകടക്കുന്ന കീഴാള ജനാധിപത്യത്തിൽ അടിയുറച്ച ബദൽ ആധുനികതയുടെ കാഴ്ചപ്പാടു് നാം തിരിച്ചറിയുകയും അതിനനുസൃതമായി ധീരമായ വീണ്ടുവിചാരങ്ങളിൽ ഏർപ്പെടുകയും ചെയ്യേണ്ടിയിരിക്കുന്നു.
(തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവ്വകലാശാല സംഘടിപ്പിച്ച ‘ഇന്ത്യൻ നവോത്ഥാനത്തിന്റെ വിഭിന്ന ധാരകൾ’ എന്ന ദേശീയ സെമിനാറിൽ അവതരിപ്പിച്ച പ്രബന്ധം.)

പ്രമുഖ മലയാള സാഹിത്യ വിമർശകനും അദ്ധ്യാപകനുമാണു് ബി. രാജീവൻ (ജനനം: 1946). 1946-ൽ കായംകുളത്തു് ജനിച്ചു. കൊല്ലം എസ്. എൻ. കോളേജിലും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലും പഠിച്ചു. 1971 മുതൽ ഗവണ്മെന്റ് കോളേജുകളിൽ മലയാള സാഹിത്യം പഠിപ്പിക്കുന്നു. 1975-ൽ ‘അടിയന്തരാവസ്ഥ’യ്ക്കെതിരെ നിലകൊണ്ട നക്സലൈറ്റ് അനുഭാവി എന്ന നിലയിൽ പോലീസ് മർദ്ദനവും വീട്ടുതടങ്കലും നേരിട്ടു. 1980-ൽ ‘ജനകീയ സാംസ്കാരികവേദി’യുടെ സംസ്ഥാന കമ്മിറ്റിയിൽ പ്രവർത്തിച്ചുകൊണ്ടു് വിവിധ സമരങ്ങളിൽ പങ്കെടുത്തു. വിലക്കുകൾ ലംഘിച്ചതിന്റെ പേരിൽ അറസ്റ്റു ചെയ്യപ്പെടുകയും ദീർഘകാലം കോളേജദ്ധ്യാപകജോലിയിൽനിന്നു പുറത്താക്കപ്പെടുകയും ചെയ്തു. 1969 മുതൽ തത്ത്വശാസ്ത്രം, സൗന്ദര്യശാസ്ത്രം, ചരിത്രം, രാഷ്ട്രീയചിന്ത, സിനിമ, കവിത തുടങ്ങിയ വിഷയങ്ങളെക്കുറിച്ചു് പ്രബന്ധങ്ങൾ എഴുതുന്നു.
- സ്വാതന്ത്ര്യത്തിന്റെ സമഗ്രത
- ജൈവരാഷ്ട്രീയവും ജനസഞ്ചയവും
- മാർക്സിസവും ശാസ്ത്രവും
- അന്യവത്കരണവും യോഗവും
- ജനനിബിഡമായ ദന്തഗോപുരം
- വർത്തമാനത്തിന്റെ ചരിത്രം
- വാക്കുകളും വസ്തുക്കളും
- ഇ. എം. എസിന്റെ സ്വപ്നം
- കേരള സാഹിത്യ അക്കാദമി പുരസ്കാരം (2011)—വാക്കുകളും വസ്തുക്കളും
- കേരള ലൈബ്രറി കൗൺസിൽ അവാർഡ്, 2015
- എം. എൻ. വിജയൻ അവാർഡ്, 2014
- ഒ. വി. വിജയൻ പുരസ്കാരം, 2013
- ഡോ. സി. പി. മേനോൻ പുരസ്കാരം, 2013
- ബഷീർ പുരസ്കാരം, 2011
- നരേന്ദ്ര പ്രസാദ് ഫൗണ്ടേഷൻ അവാർഡ്, 2011
- ഗുരു ദർശന അവാർഡ്, 2011
(ചിത്രങ്ങൾക്കും വിവരങ്ങൾക്കും വിക്കിപ്പീഡിയയോടു് കടപ്പാടു്.)