images/Fox_in_a_Trap.jpg
Fox in a Trap, a painting by Constant Troyon (1810–1865).
ചങ്ങലക്കു ഭ്രാന്തുപിടിക്കുമ്പോൾ
കെ. രാജേശ്വരി
images/Moolam_Thirunal_Rama_Varma.jpg
ശ്രീമൂലം തിരുനാൾ

നമ്മുടെ കാലഘട്ടത്തിലെ ഒരു മഹാ സ്ഥാപനമാകുന്നു കേരള ഹൈക്കോടതി. സ്വാതി തിരുനാൾ മഹാരാജാവിന്റെ ഭരണകാലത്തു്, കൊല്ലവർഷം 1010-മാണ്ടിലാണു് (1834) തിരുവിതാംകൂറിൽ അപ്പീൽ കോടതി സ്ഥാപിതമായതു്. ശ്രീമൂലം തിരുനാളി ന്റെ കാലത്തു് അപ്പീൽകോടതി തിരുവിതാംകൂർ ഹൈക്കോടതിയായി പുനർനാമകരണം ചെയ്യപ്പെട്ടു. 1948-ൽ തിരുവിതാംകൂർ-കൊച്ചി സംയോജനത്തോടെ ഹൈക്കോടതിയുടെ ആസ്ഥാനം എറണാകുളമായി. 1956 നവംബർ 1-നു് ഭാഷാ സംസ്ഥാന രൂപവത്ക്കരണത്തോടൊപ്പം കേരള ഹൈക്കോടതിയും നിലവിൽ വന്നു.

images/Alladi_Krishnaswamy_Iyer.jpg
സർ അല്ലടി കൃഷ്ണസ്വാമി അയ്യർ

ബ്രിട്ടീഷ് ഭരണകാലത്തു തന്നെ സുശക്തമായ നീതിന്യായ സംവിധാനം ഇന്ത്യയിൽ നിലവിലുണ്ടായിരുന്നു. 1950 ജനുവരി 26-നു് നിലവിൽവന്ന ഇന്ത്യൻ ഭരണഘടന, സ്വതന്ത്രവും നിഷ്പക്ഷവുമായ നീതിന്യായ സമ്പ്രദായം ഉറപ്പുവരുത്തിയിരിക്കുന്നു. കേന്ദ്ര-സംസ്ഥാന സർക്കാറുകൾ തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കാനും നിയമനിർമാണസഭകളുടെയും ഭരണകർത്താക്കളുടെയും കടന്നാക്രമണങ്ങളിൽ നിന്നു് പൗരാവകാശങ്ങളെ കാത്തുസൂക്ഷിക്കാനും പ്രതിജ്ഞാബദ്ധമാണു് സുപ്രീംകോടതി. ലോകത്തിലെ ഏറ്റവും ശക്തമായ നീതിപീഠമാണു് നമ്മുടെ സുപ്രീംകോടതി എന്നാണു് ഭരണഘടനാ ശിൽപികളിൽ പ്രമുഖനായ സർ അല്ലടി കൃഷ്ണസ്വാമി അയ്യർ അക്കാലത്തുതന്നെ അവകാശപ്പെട്ടിരുന്നതു്.

ഓരോ സംസ്ഥാനത്തും ഹൈക്കോടതി ഉണ്ടായിരിക്കണം എന്നു് ഭരണഘടനയുടെ 214-ാം അനുച്ഛേദം അനുശാസിക്കുന്നു. സംസ്ഥാന സർക്കാറിനോടും ഹൈക്കോടതി സുപ്രീംകോടതി ചീഫ് ജസ്റ്റിസുമാരോടും കൂടിയാലോചിച്ചശേഷം രാഷ്ട്രപതി (ഫലത്തിൽ കേന്ദ്രമന്ത്രിസഭ)യാണു് ഹൈക്കോടതി ജഡ്ജിമാരെ നിയമിക്കുന്നതു്. 1993-ലെ സുപ്രീംകോടതി വിധിപ്രകാരം നിയമനകാര്യത്തിൽ സീനിയറായ സഹപ്രവർത്തകരോടു് കൂടിയാലോചിക്കാൻ ചീഫ് ജസ്റ്റിസുമാർ നിർബന്ധിതരായി; സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ ഉപദേശമനുസരിച്ചു് ജഡ്ജിമാരെ നിയമിക്കാൻ രാഷ്ട്രപതിയും. അങ്ങനെ, ജഡ്ജിമാരെ ജഡ്ജിമാർ തന്നെ നിയമിക്കുന്ന ലോകത്തിലെ ഏകരാജ്യം എന്ന ഖ്യാതിയും ഇന്ത്യക്കുണ്ടായി.

images/Swaraj-prakash-gupta.jpg
എസ്. പി. ഗുപ്ത

കേവലം നിയമപാണ്ഡിത്യത്തിലുപരി ഹൈക്കോടതി ജഡ്ജിമാർക്കുണ്ടാകേണ്ട വിവിധ ഗുണങ്ങളെപ്പറ്റി എസ്. പി. ഗുപ്ത യുടെ കേസിൽ (1982 എ. ഐ. ആർ., എസ്. സി. 149) ജസ്റ്റിസ് പി. എൻ. ഭഗവതി ദീർഘമായി ഉപന്യസിച്ചിട്ടുണ്ടു്. “The appointment of a judge is dependent not merely upon his profession and functional suitability but also on several other considerations such as honesty, integrity and general pattern of behaviour which would ensure dispassionate and objetive adjudication with an open mind, free and fearless approach to matters in issue, social acceptability of the person concerned to the high judicial office in terms current norms and ethos of the society, commitment to democracy and the rule of law, faith in the constitutional objectives indicating his approach towards the preamble and the Directive Principles of state Policy, sympathy or absence there or with the constitutional goals and the needs of an activist judicial system.”

images/PN_Bhagwati.jpg
പി. എൻ. ഭഗവതി

എപ്രകാരമുള്ള ന്യായാധിപരെയാണു് ഇന്ത്യക്കാവശ്യം എന്നും ജസ്റ്റിസ് ഭഗവതി പറഞ്ഞുവെച്ചിട്ടുണ്ടു്: “…We need judges who are alive to the socio-economic realities of Indian life, who are anxious to wipe every tear from every eye. who have faith in the constitutional values and who are ready to use law as an instrument for achieving the constitutional objectives.” അതേ കേസിൽതന്നെ ഒരു ന്യായാധിപനു് ആവശ്യംവേണ്ട ഗുണഗണങ്ങൾ എണ്ണിപ്പറഞ്ഞു, ജസ്റ്റിസ് ഡി. എ. ദേശായി. ജസ്റ്റിസുമാരായ എ. സി. ഗുപ്ത യും മുർതാസാ ഫസൽ അലി യും അവരവരുടെ മനോധർമത്തിനൊത്തവിധം ജഡ്ജിമാരുടെ യോഗ്യതകൾ നിഷ്കർഷിച്ചു.

images/K_T_Thomas.jpg
കെ. ടി. തോമസ്

പ്രഥമ ജസ്റ്റിസ് കെ. ടി. കോശി മുതൽക്കിങ്ങോട്ടു് പ്രഗല്ഭമതികളായ എത്രയോ ന്യായാധിപരുണ്ടായിട്ടുണ്ടു്. കേരള ഹൈക്കോടതിയിൽ. സി. എ. വൈദ്യലിംഗം, കെ. കെ. മാത്യു, വി. ആർ. കൃഷ്ണയ്യർ, പി. സുബ്രഹ്മണ്യം പോറ്റി, വി. ഖാലിദ്, ഡോ. കൊച്ചുതൊമ്മൻ, കെ. ടി. തോമസ് എന്നിങ്ങനെ മലനാട്ടിലും മറുനാട്ടിലും പേരുകേട്ട എത്രയോ പേർ. നീതിനിഷ്ഠരും നിർഭയരുമായ ന്യായാധിപന്മാരായിരുന്നു എക്കാലത്തും കേരള ഹൈക്കോടതിയുടെ യശസ്സു കാത്തുസൂക്ഷിച്ചതു്. പൊതുജീവിതത്തെയാകമാനം അഴിമതി ഗ്രസിച്ചപ്പോഴും നീതിയുടെ പച്ചത്തുരുത്തായി ഹൈക്കോടതി നിലനിന്നു. ഇൻസാഫ് കാ മന്ദിർ ഹേ, യേ ഭഗ്വാൻ കാ ഘർ ഹേ!

images/vr_krishna_iyyar.jpg
വി. ആർ. കൃഷ്ണയ്യർ

സമീപകാലത്തു് സുപ്രധാനമായ എത്രയോ വിധിന്യായങ്ങളാണു് കേരള ഹൈക്കോടതിയിൽ നിന്നുണ്ടായതു്. ബന്ദും ഹർത്താലും ഗതാഗത തടസ്സമുണ്ടാക്കുന്ന പ്രകടനങ്ങളും നിരോധിച്ചതു്, പൊതുസ്ഥലങ്ങളിൽ പുകവലി ശിക്ഷാർഹമാക്കിയതു്, സ്കൂൾ പാർലമെന്റു തെരഞ്ഞെടുപ്പിൽ കക്ഷിരാഷ്ട്രീയം പാടില്ലെന്നു വിധിച്ചതു്, പേര്യ മരംമുറിക്കേസ് സി. ബി. ഐ.-ക്കു വിട്ടതു്. പിരിച്ചുവിടപ്പെട്ട ചരിത്ര ഗവേഷണ കൗൺസിൽ സർവൈശ്വര്യങ്ങളോടും കൂടി പുനഃസ്ഥാപിച്ചതു്…

പതിറ്റാണ്ടുകൾ കൊണ്ടുനേടിയ സൽപേരു് നഷ്ടപ്പെടാൻ ഒരൊറ്റ അനിഷ്ടസംഭവം ധാരാളം മതി. വ്യക്തികൾക്കെന്നപോലെ സ്ഥാപനങ്ങൾക്കും ഈ തത്ത്വം ബാധകമാണു്. ഡിസംബർ 2-ാം തീയതി ഒരു ജഡ്ജി ബൈക്കു യാത്രക്കാരനെ കൈയ്യേറ്റം ചെയ്ത സംഭവം സംസ്ഥാനത്തെ നീതിന്യായ സ്ഥാപനങ്ങൾക്കുമേൽ കരിനിഴൽ പരത്തിയിരിക്കുന്നു. പട്ടാപ്പകൽ, ആൾത്തിരക്കേറിയ മേനക ജങ്ഷനിൽ വെച്ചായിരുന്നു ന്യായാധിപന്റെ പരാക്രമം. ഔദ്യോഗിക വാഹനത്തിനു് സൈഡു കൊടുത്തില്ല എന്നതായിരുന്നു ബൈക്കുകാരൻ ചെയ്ത അപരാധം. കോപാകുലനായ ജഡ്ജി കാറിൽനിന്നു് ചാടിയിറങ്ങി പത്രത്തിലച്ചടിക്കാൻ കൊള്ളാത്ത ഭാഷയിൽ പുലഭ്യം പറയുകയും (തെറിയുടെ ഡോസു കേട്ടപ്പോൾ പോലീസായിരിക്കുമെന്നാണത്രെ പയ്യൻസ് കരുതിയതു്.) ബൈക്കു യാത്രക്കാരന്റെ കരണത്തടിക്കുകയും ചെയ്തുവെന്നാണു് ആരോപണം.

images/Padmanabhan_Subramanian_Poti.jpg
പി. സുബ്രഹ്മണ്യം പോറ്റി

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണു് ന്യായാധിപന്റെ ചെയ്തികൾ. എന്നാൽ കേസ് റജിസ്റ്റർ ചെയ്യാനോ അന്വേഷണം നടത്താനോ പോലീസ് ഒരുമ്പെട്ടില്ല. സംഭവം ‘ഒതുക്കി’ത്തീർക്കാനായിരുന്നു ബന്ധപ്പെട്ടവർ ആദ്യം മുതലേ ശ്രമിച്ചതു്. കരണത്തടിച്ചില്ല. കോളറിൽ പിടിച്ചതേയുള്ളൂ എന്നാണു് ഹൈക്കോടതി വക്താവു് വാർത്താ ലേഖകരെ അറിയിച്ചതു്. ഒരു ഫർണീച്ചർ കടയിലെ സെയിൽസ്മാനു് ഏതു് പരിധിവരെ സമ്മർദത്തെ അതിജീവിക്കാൻ കഴിയും? മറ്റൊരു ജഡ്ജിയുടെ ചെംബറിൽ നടന്ന ചർച്ചക്കിടയിൽ, തുടർ നടപടികൾക്കു് തന്റെ കക്ഷി തൽപരനല്ല എന്നു് പരാതിക്കാരന്റെ അഭിഭാഷകൻ അറിയിക്കുകയാൽ പ്രൊസിക്യൂഷൻ ഭീഷണി ഒഴിവായി.

images/MP_Gangadharan.jpg
എം. പി. ഗംഗാധരൻ

ബൈക്കുയാത്രകാരനെ ജഡ്ജി മർദിച്ചതായുള്ള പരാതിയെപ്പറ്റി ഡിസംബർ 3-ാം തീയതിയിലെ മലയാളമനോരമ മൗനം പാലിച്ചു. കാരണം സുവ്യക്തം, സുലളിതം: ആരോപണ വിധേയൻ മാമോദീസാ വെള്ളം വീണ ക്രിസ്ത്യാനിയാകുന്നു. സെന്റ് തെരേസാസ് കോളേജ് ഹോസ്റ്റലിൽ ദലിത് വിദ്യാർഥിനികൾ വിവേചനത്തിനിരയായപ്പോഴും കോഴിക്കോട്ടെ ചില ആതുരാലയങ്ങൾ ആദിവാസികളുടെ വൃക്ക മുറിച്ചു വിറ്റപ്പോഴും ‘മലയാളത്തിന്റെ സുപ്രഭാതം’ നിശബ്ദത പാലിക്കുകയായിരുന്നല്ലോ? ഇത്തവണയും മൗനം മനോരമക്കു ഭൂഷണം. ഡിസംബർ 4-ാം തീയതിയാകുമ്പോഴേക്കും സംഭവത്തിൽ ദുരൂഹതയുണ്ടെന്നു് മനോരമ കണ്ടുപിടിച്ചു.

images/Mukundan_C_Menon.jpg
മുകുന്ദൻ സി. മേനോൻ

മുകുന്ദൻ സി. മേനോന്റെ ഒറ്റപ്പെട്ട ഉദാഹരണം ഒഴിവാക്കിയാൽ മനുഷ്യാവകാശ പ്രവർത്തകരും മൗനം ഭജിച്ചു. ഡി. സി. സി. പ്രസിഡന്റ് ധനപാലനും സി. പി. എം. ജില്ലാ സെക്രട്ടറി ഗോപിയുമൊഴിച്ചുള്ള രാഷ്ട്രീയക്കാരും തഥൈവ. ഡിസംബർ 11-നു് പി. രാജനും ഡോ. കെ. എസ്. രാധാകൃഷ്ണനും മേനക ജങ്ഷനിൽ ഒരു യോഗം നടത്തി ജഡ്ജിയുടെ അതിക്രമത്തെ അപലപിച്ചു.

ഇറാനിലെ ഭൂകമ്പമായാലും പാക്കിസ്ഥാനിലെ പട്ടാള അട്ടിമറിയാണെങ്കിലും ആധികാരികമായി അഭിപ്രായം പറയുന്നയാളാണു് ജസ്റ്റിസ് വി. ആർ. കൃഷ്ണയ്യർ. വിശ്വവിഖ്യാതമായ ബഷീർ കഥയിലെ സഖാവ് മൂക്കന്റെ സ്ഥാനമാണു് കേരളീയ സമൂഹത്തിൽ സ്വാമിക്കുള്ളതു്. നിയമവും നീതിശാസ്ത്രവുമായി ബന്ധപ്പെട്ട കാര്യമാണെങ്കിൽ ശൗര്യം കൂടും. മാതൃഭൂമി പത്രാധിപരുടെ കോടതിയലക്ഷ്യക്കേസിനെപ്പറ്റി അഭിപ്രായം പറഞ്ഞു് സ്വയം കോടതിയലക്ഷ്യ നടപടിക്കുവിധേയനായ ധീരപാരമ്പര്യവുമുണ്ടു് സ്വാമിക്കു്. ബൈക്കുയാത്രകാരനെ ജഡ്ജി മർദിച്ചു എന്ന വാർത്ത കേട്ടവരൊക്കെ ചോദിച്ചു—അതേ പറ്റി കൃഷ്ണയ്യർ എന്തുപറഞ്ഞു? അദ്ഭുതമെന്നേ പറയേണ്ടു. നീതിയുടെ നിത്യചൈതന്യം നിശ്ശബ്ദത പാലിച്ചു.

images/R_Balakrishna_Pillai.jpg
ആർ. ബാലകൃഷ്ണപിള്ള

അഭിഭാഷക സംഘടനകളുടെ കൂട്ടത്തിൽ, മാർക്സിസ്റ്റ് നിയന്ത്രണത്തിലുള്ള ആൾ ഇന്ത്യാ ലോയേഴ്സ് യൂനിയൻ മാത്രമേ ജഡ്ജിയുടെ നടപടിയെ ഉടനടി അപലപിക്കാനുള്ള ധൈര്യം കാട്ടിയുള്ളൂ. നീതിപീഠത്തിനു തീരാക്കളങ്കമുണ്ടാക്കിയ ജഡ്ജി തെറ്റുമനസ്സിലാക്കി സ്ഥാനത്തുനിന്നു് പിരിഞ്ഞുപോകാനുള്ള മാന്യത കാണിക്കണം, അല്ലാത്തപക്ഷം അദ്ദേഹത്തെ പുറത്താക്കി കർശന നിയമനടപടികൾക്കു വിധേയനാക്കണം എന്നാവശ്യപ്പെട്ടു് യൂനിയൻ ജനറൽ സെക്രട്ടറി 3-ാം തീയതി തന്നെ പ്രസ്താവനയിറക്കി. പരാതിക്കാരൻ തുടർ നടപടികളിൽ നിന്നു് പിന്മാറിയശേഷവും ലോയേഴ്സ് യൂനിയന്റെ നിലപാടിൽ മാറ്റമില്ല.

images/Karunakaran_Kannoth.jpg
കരുണാകരൻ

ഡിസംബർ 12-നു് ഹൈക്കോർട്ട് അഡ്വക്കേറ്റ് അസോസിയേഷന്റെ അസാധാരണ പൊതുയോഗം കരണത്തടി സംഭവത്തെക്കുറിച്ചു് അന്വേഷണം ആവശ്യപ്പെട്ടു പ്രമേയം പാസാക്കി: “ഡിസംബർ 2-നു് ഹൈക്കോടതിയിലെ ഒരു ജഡ്ജിയുൾപ്പെട്ട സംഭവം നടന്നതായി പത്രങ്ങളിൽ വന്ന വാർത്തയെ അതീവ ഉത്കണ്ഠയോടെയും അമ്പരപ്പോടെയുമാണു് അഭിഭാഷക സമൂഹം വീക്ഷിക്കുന്നതു്. നിയമ സമൂഹത്തെ ഒട്ടാകെ ബാധിക്കുന്നതിനാലും അഭിഭാഷകർ കോടതിയിലെ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരായതിനാലും നീതിന്യായ വ്യവസ്ഥയിൽ വിശ്വാസമുള്ള ജനം സത്യം അറിയേണ്ടതിനാലും ചീഫ് ജസ്റ്റിസ് അന്വേഷണം നടത്തണമെന്നു് അസോസിയേഷൻ ആവശ്യപ്പെടുന്നു. ഹൈക്കോടതിയിലെ ഒരു ജഡ്ജിയുടെ സാന്നിധ്യത്തിൽ തർക്കം ഒത്തുതീർന്നതായി പത്രത്തിൽ വാർത്ത കണ്ട സാഹചര്യത്തിൽ സത്യാവസ്ഥ വെളിപ്പെടേണ്ടതു് ആവശ്യമാണു്. ജഡ്ജിയും ബൈക്ക് യാത്രക്കാരനും തമ്മിലുള്ള കേവല തർക്കമായി സംഭവത്തെ കാണാനാവില്ല. ഈ സംഭവം സമാനതകളില്ലാത്തതാണു്. നീതിപീഠത്തിന്റെ നിർമലതയിലും നീതി നടപ്പാക്കുന്നവരുടെ വിശ്വാസ്യതയിലും അസോസിയേഷൻ അതീവ താൽപര്യം പ്രകടിപ്പിക്കുന്നു.”

images/J_Jayalalithaa.jpg
ജയലളിത

ഭരണഘടനയുടെ 219-ാം അനുച്ഛേദപ്രകാരം ഓരോ ജഡ്ജിയും സ്ഥാനമേൽക്കുമ്പോൾ നിർദിഷ്ടമായ പ്രതിജ്ഞയെടുക്കേണ്ടതുണ്ടു്. പ്രതിജ്ഞയുടെ പൂർണരൂപം ഇതാണു്: “… ആയ ഞാൻ ഹൈക്കോടതിയിലെ ഒരു ജഡ്ജിയായി നിയമിക്കപ്പെട്ടിരിക്കുന്നതിനാൽ നിയമംവഴി നിലവിൽ വന്ന ഇന്ത്യൻ ഭരണഘടനയോടു് നിർവ്യാജമായ കൂറും വിശ്വസ്തതയും പുലർത്തുമെന്നും എന്റെ ഉദ്യോഗത്തിന്റെ കർത്തവ്യങ്ങൾ മുറപ്രകാരവും വിശ്വസ്തതയോടുകൂടിയും എന്റെ കഴിവിന്റെയും അറിവിന്റെയും നിർണയശക്തിയുടെയും പരമാവധി ഭീതിയോ പക്ഷപാതമോ പ്രീതിയോ വിദ്വേഷമോ കൂടാതെ അനുഷ്ഠിക്കുമെന്നും ഭരണഘടനയും നിയമങ്ങളും ഉയർത്തിപ്പിടിക്കുമെന്നും ദൈവനാമത്തിൽദൃഢമായി പ്രതിജ്ഞ ചെയ്തുകൊള്ളുന്നു.”

images/Bhimrao_Ambedkar.jpg
അംബേദ്കർ

ഭരണഘടനയും നിയമങ്ങളും ഉയർത്തിപ്പിടിക്കാൻ പ്രതിജ്ഞാബദ്ധനായ ഒരാൾ, അതും പൗരാവകാശങ്ങളുടെ കാവൽഭടൻ, പട്ടാപ്പകൽ നടുറോഡിൽ നൂറുകണക്കിനാളുകൾ നോക്കിനിൽക്കെ നിയമം കൈയിലെടുക്കുമ്പോൾ, നിയമവാഴ്ചയെയും നീതിന്യായ സമ്പ്രദായത്തെയുംപറ്റി ജനങ്ങൾക്കുള്ള മതിപ്പു് പപ്പടവടയാകും. നിയമത്തിനു മുമ്പിൽ എല്ലാ പൗരന്മാരും സമന്മാരാനെന്നും നിയമങ്ങളുടെ പരിരക്ഷ എല്ലാർക്കും ഒരുപോലെയുണ്ടാകുമെന്നും ഭരണഘടനയുടെ 14-ാം അനുച്ഛേദം ഉറപ്പു നൽകുന്നുണ്ടു്. നിയമത്തിനുമുമ്പിൽ ഹൈക്കോടതി ജഡ്ജിമാർ കുറച്ചധികം സമന്മാരാണെന്നുവരുമോ?

images/SP_Bharucha.jpg
എസ്. പി. ബറൂച്ച

ജുഡിഷ്യറിക്കിപ്പോൾ അപഹാരകാലമാണു്. ന്യായാധിപരിൽ 20 ശതമാനമെങ്കിലും അഴിമതിക്കാരാണെന്നു് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്. പി. ബറൂച്ച വെളിപ്പെടുത്തിയിട്ടു് അധികം കാലമായില്ല. ബറൂച്ചയുടെ മുൻഗാമികളായ കെ. എൻ. സിംഗ്, എ. എം. അഹ്മദി, എം. എം. പുഞ്ചി എന്നിവരൊക്കെ ആരോപണവിധേയരായിരുന്നു. ചീഫ് ജസ്റ്റിസ് എ. എസ്. ആനന്ദി ന്റെ ഭാര്യയും അമ്മായിയമ്മയും ചേർന്നു്, മധ്യപ്രദേശിലെ ഗുണെ ജില്ലയിൽ 1.24 കോടി രൂപ വിലമതിക്കുന്ന 47,847 ഹെക്ടർ സ്ഥലം കള്ളക്കേസുകൊടുത്തു് സർക്കാറിൽ നിന്നു് തട്ടിയെടുത്തു എന്ന ഗുരുതരമായ ആരോപണം ഉന്നയിച്ചതു കേന്ദ്ര നിയമമന്ത്രി രാംജെത്മലാനി. ആനന്ദിന്റെ ജനനത്തീയതിയെ സംബന്ധിച്ചുമുണ്ടായി സംശയങ്ങൾ. ജെത്മലാനിയെ കുരുതി കൊടുത്തു് വാജ്പേയി നീതിപീഠവുമായുള്ള സൗഹാർദം വീണ്ടെടുത്തു. രേഖകൾ സഹിതം ആരോപണം പ്രസിദ്ധീകരിച്ച കാൽചക്ര പത്രാധിപർ വിനീത് നാരായൺ കോടതിയലക്ഷ്യ നടപടികൾ നേരിടുകയാണു്.

images/KN_Singh.jpg
കെ. എൻ. സിംഗ്

പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലെ മൂന്ന് ജഡ്ജിമാർ—അമർ ബീർസിംഗ് ഗിൽ, എം. എൽ. സിംഗാൾ, മേതാബ് സിംഗ് ഗിൽ—കുപ്രസിദ്ധമായ പഞ്ചാബ് പി. എസ്. സി. ഉദ്യോഗത്തട്ടിപ്പു കേസിൽ ആരോപണ വിധേയരായി അന്വേഷണം നേരിടുകയാണു്. ചോദ്യക്കടലാസുകൾ മുൻകൂർ തരപ്പെടുത്തിയും മാർക്കു് തിരുത്തിയും അമർബീർഗില്ലിന്റെ മകൾ അമലും സിംഗാളിന്റെ മകൾ സപ്നയും സർക്കാറുദ്യോഗം നേടിയെന്നാണു് ആരോപണം. മേതാബ് ഗിൽ അഴിമതിവീരനായ പി. എസ്. സി. ചെയർമാൻ രവി ഇന്ദർപാൽ സിംഗ് സിദ്ദുവിന്റെ ഇടനിലക്കാരനായി പ്രവർത്തിച്ചു എന്നാണു് ആക്ഷേപം. ജഡ്ജിമാർക്കെതിരായ ആരോപണം തേച്ചുമാച്ചുകളയാൻ പഞ്ചാബ് പൊലീസും മുഖ്യമന്ത്രി അമരീന്ദർസിംഗും പഠിച്ച പണി പത്തൊമ്പതും പയറ്റിയെങ്കിലും ഫലിച്ചില്ല. പൊലീസ് ശേഖരിക്കുന്ന വിവരങ്ങൾ പത്രങ്ങൾക്കു കൈമാറരുതെന്ന ജസ്റ്റിസ് കെ. എസ്. ഗ്രേവാളിന്റെ ഉത്തരവുപോലും വിപരീത ഫലമാണുണ്ടാക്കിയതു്.

images/AM_Ahmadi.jpg
എ. എം. അഹ്മദി

കർണാടകത്തിൽ നിന്നുള്ള വാർത്തകൾ ഇതിലും വഷളാണു്. അവിടെയും മൂന്നു് ന്യായാധിപർ—ഗോപാലഗൗഡ, ചന്ദ്രശേഖരയ്യ, വീരഭദ്രയ്യ—അന്വേഷണം നേരിടുകയാണു്. ഇക്കഴിഞ്ഞ നവംബർ 3-നു് രാത്രിയിൽ മൈസൂരിലെ ഒരു റിസോർട്ടിൽ ന്യായാധിപന്മാരെ മൂന്നു് യുവതികളൊടൊപ്പം ആളറിയാതെ പോലീസ് പിടികൂടുകയായിരുന്നു. ആളുകളെ തിരിച്ചറിഞ്ഞയുടൻ വിട്ടയക്കുകയും ചെയ്തു. രന്ധ്രാന്വേഷികളായ പത്രക്കാർ അതു് കുത്തിപ്പൊക്കി ലൈംഗികാപവാദമാക്കി. ഇപ്രകാരമൊരു സംഭവമേ നടന്നിട്ടില്ല എന്നു് പോലീസും റിസോർട്ടുടമയും ആണയിട്ടുപറഞ്ഞിട്ടും പത്രക്കാർ വിടാനുള്ള ഭാവമില്ല.

images/MM_Punchhi.jpg
എം. എം. പുഞ്ചി

ലൈംഗികവേഴ്ചക്കു വഴങ്ങിയാൽ ഒരു കേസിൽ നിന്നു് രക്ഷപ്പെടുത്താമെന്ന ദൂതുമായി ഹൈക്കോടതി ഡെപ്യൂട്ടി റജിസ്ട്രാറെ ഒരു ലേഡീ ഡോക്ടറുടെ അടുത്തേക്കയച്ചു എന്നാണു് രാജസ്ഥാനിലെ ജസ്റ്റിസ് അരുൺ മദനിനെതിരായ ആരോപണം. അവിടെയും അന്വേഷണം നടക്കുന്നു.

images/Ram_Jethmalani.jpg
രാംജെത്മലാനി

കുറ്റാരോപണങ്ങൾ തെളിഞ്ഞാൽ പോലും ഹൈക്കോടതി ജഡ്ജിമാരെ പിരിച്ചുവിടണമെങ്കിൽ ഇംപീച്ച്മെന്റ് നടപടി ആവശ്യമാണു്. പാർലമെന്റിന്റെ ഇരുസഭകളും മൊത്തം അംഗങ്ങളുടെ പകുതിയിലധികത്തിന്റെയും ഹാജരായി വോട്ടു ചെയ്യുന്നവരിൽ മൂന്നിൽ രണ്ടുഭാഗത്തിന്റെയും ഭൂരിപക്ഷത്തോടെ പ്രമേയം പാസാക്കിയാലേ ഇംപീച്ച്മെന്റു് പ്രാവർത്തികമാക്കൂ. 1993-മാണ്ടിൽ, തെളിയിക്കപ്പെട്ട കുറ്റാരോപണങ്ങളെ ചൊല്ലി സുപ്രീംകോടതി ജഡ്ജി വി. രാമസ്വാമി യെ ഇംപീച്ചു ചെയ്യാൻ ശ്രമിച്ചു് പാർലമെന്റ് ഇളിഭ്യരായതാണു്. അണ്ണാ ഡി. എം. കെ.-യുടെ പിന്തുണയോടെ നരസിംഹറാവു പ്രധാനമന്ത്രിയായിരിക്കുന്ന കാലം. തമിഴനായ രാമസ്വാമി യെ കുറ്റവിചാരണ ചെയ്യുന്നതു് ദ്രാവിഡരുടെ സ്വയംമര്യാദക്കു് എതിരാണെന്നു് ശെൽവി ജയലളിത വിധിച്ചു. നിങ്ങളിൽ അഴിമതിക്കാരല്ലാത്തവർ ഇവനെ കല്ലെറിയട്ടെ. കോൺഗ്രസുകാർ ഒന്നടങ്കം കല്ലു താഴെയിട്ടു. ഇംപീച്ച്മെന്റ് പ്രമേയം പാസായില്ല. 1999-ലെ പൊതു തെരഞ്ഞെടുപ്പിൽ രാമസ്വാമി അണ്ണാ ഡി. എം. കെ. ടിക്കറ്റിൽ ശിവകാശിയിൽ നിന്നു് ലോക്സഭയിലേക്കു് മൽസരിച്ചു. ഇനം ഇനത്തിൽച്ചേരും എന്നാണല്ലോ? എരണ്ട വെള്ളത്തിൽ, അഴിമതിക്കാർ അണ്ണാ ഡി. എം. കെ.-യിൽ. കോൺഗ്രസും മാർക്സിസ്റ്റുപാർട്ടിയും ന്യായാധിപശ്രേഷ്ഠനു പിന്തുണ നൽകി. ജനത്തിനു വിവരമില്ലാത്തതുകൊണ്ടു് മറുമലർച്ചി ഡി. എം. കെ.-യിലെ ഗോപാലസ്വാമി (വൈകോ)യാണു് ജയിച്ചതു്. ഗോപാലസ്വാമിക്കു് 325829 വോട്ടുകിട്ടിയപ്പോൾ നീതിപതി രാമസ്വാമിക്കു 251048, തമിഴ് മാനിലാ കോൺഗ്രസിലെ ഗുണശേഖരനു് 152817, സർവതന്ത്ര സ്വതന്ത്രൻ താമരക്കനി ക്കു് 36977. വൈകോയുടെ ഭൂരിപക്ഷം 74781.

images/Amarinder_Singh.jpg
അമരീന്ദർസിംഗ്

ബൈക്കുയാത്രക്കാരന്റെ കരണത്തടിച്ചയാളെ പിരിച്ചുവിടണമെങ്കിൽ പക്ഷേ, ഇംപിച്ച്മെന്റിന്റെ ആവശ്യമില്ല. 224-ാം അനുച്ഛേദപ്രകാരം നിയമിക്കപ്പെട്ട അഡീഷനൽ ജഡ്ജിയാണു് അദ്ദേഹം. സ്ഥിരം ജഡ്ജിമാരുടെ കാര്യത്തിലേ ഇംപീച്ച്മെന്റ് നിർബന്ധമുള്ളൂ.

അന്വേഷണ വിധേയരായ ജഡ്ജിമാരെ സസ്പെന്റ് ചെയ്യാൻ ഭരണഘടനയിൽ വ്യവസ്ഥയില്ല. (മേതാബ് സിംഗ് ഗില്ലിനെ പോലുള്ളവർ ഹൈക്കോടതി ജഡ്ജിമാരാകും എന്നു് സങ്കൽപിക്കാൻ അംബേദ്കറാ ദികളായ ഭരണഘടനാ ശിൽപികൾക്കു കഴിഞ്ഞിരിക്കില്ല.) എന്നാൽ ആരോപണ വിധേയരായ ജഡ്ജിമാരെ കേസ് കേൾക്കുന്ന ചുമതലയിൽ നിന്നു് ഒഴിവാക്കാനുള്ള ആർജവം പഞ്ചാബ്-ഹരിയാന ചീഫ് ജസ്റ്റിസ് അരുൺ ബി. സഹാര്യ പ്രകടിപ്പിച്ചു. കർണാടകത്തിൽ ആരോപണ വിധേയർ കേസു കേൾക്കരുതെന്നു് ആവശ്യപ്പെടുന്ന ഹർജി തള്ളപ്പെട്ടു. ആരോപണം പ്രസിദ്ധീകരിച്ച 14 പത്രസ്ഥാപനങ്ങൾക്കെതിരെ കോടതിയലക്ഷ്യ നടപടി വേറെയും നടക്കുന്നു.

images/Pvnarshimarao.jpg
നരസിംഹറാവു

രാജൻ കേസിലെ സത്യവാങ്മൂലം വേണ്ടത്ര സത്യസന്ധമല്ല (…there has been an attempt, at suppressing truth than in divulging it) എന്ന ഹൈക്കോടതിയുടെ പരാമർശത്തെത്തുടർന്നാണു് 1977 ഏപ്രിൽ 25-നു് കരുണാകരനു് മുഖ്യമന്ത്രിപദം ഒഴിയേണ്ടി വന്നതു്. ‘പഞ്ചാബ് മോഡൽ’ പ്രസംഗം വഴി, മന്ത്രിയെന്ന നിലക്കുള്ള സത്യപ്രതിജ്ഞ ലംഘിച്ചു എന്ന നിരീക്ഷണം കോടതി നടത്തുകയാൽ 1985 ജൂൺ 5-നു് ആർ. ബാലകൃഷ്ണപിള്ള ക്കും രാജിവെക്കേണ്ടി വന്നു. പ്രായപൂർത്തിയാകുംമുമ്പു് മകളുടെ വിവാഹം നടത്തിയതിനു് ശൈശവ വിവാഹ നിയന്ത്രണ നിയമപ്രകാരം പ്രഥമദൃഷ്ട്യാ കേസ് നിലനിൽക്കും എന്ന പരാമർശത്താൽ 1986 മാർച്ച് 12-നു് എം. പി. ഗംഗാധരനും മന്ത്രിക്കസേര നഷ്ടമായി.

നിയമവാഴ്ചയോടു് എം. പി. ഗംഗാധരനും ആർ. ബാലകൃഷ്ണപിള്ള ക്കുമുള്ള ബഹുമാനമെങ്കിലും ന്യായാധിപർ കാണിക്കേണ്ടതല്ലേ?

അഡ്വക്കറ്റ് എ. ജയശങ്കർ
images/ajayasankar.jpg

അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനും രാഷ്ട്രീയ നിരൂപകനുമാണു് അഡ്വക്കറ്റ് എ. ജയശങ്കർ. മാധ്യമം ദിനപത്രത്തിൽ ‘കെ. രാജേശ്വരി’ എന്ന തൂലികാ നാമത്തിൽ എഴുതിയ ലേഖനങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളികൾക്കിടയിൽ അദ്ദേഹം കൂടുതൽ പ്രശസ്തി നേടിയതു് ഇന്ത്യാവിഷൻ ചാനലിലെ പ്രതിവാര ദിനപത്ര അവലോകന പരിപാടിയായ വാരാന്ത്യം എന്ന പരിപാടിയിലൂടെയാണു്. തനതായ ഒരു അവതരണ ശൈലിയാണു് ഈ പരിപാടിയിൽ അദ്ദേഹം പ്രകടമാക്കുന്നതു്. മലയാളത്തിലെ പ്രമുഖ വാർത്താ ചാനലുകളിലെല്ലാം രാഷ്ട്രീയ ചർച്ചകളിൽ സ്ഥിരം സാന്നിധ്യമാണു് ഇദ്ദേഹം. കേരള രാഷ്ട്രീയത്തിലെയും ഇന്ത്യൻ രാഷ്ട്രീയത്തിലെയും ജയശങ്കറിന്റെ അഗാധമായ അറിവിനൊപ്പം ഹാസ്യവും ഗൗരവവും കലർന്ന അദ്ദേഹത്തിന്റെ നിർഭയത്വതോടെയുള്ള അവതരണ രീതിയും ഏറെ ജനപ്രിയമാണു്.

Colophon

Title: Changalaykku Bhranthupidikkumbol (ml: ചങ്ങലക്കു ഭ്രാന്തുപിടിക്കുമ്പോൾ).

Author(s): K. Rajeswari.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Article, K. Rajeswari, Changalaykku Bhranthupidikkumbol, കെ. രാജേശ്വരി, ചങ്ങലക്കു ഭ്രാന്തുപിടിക്കുമ്പോൾ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: April 6, 2024.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Fox in a Trap, a painting by Constant Troyon (1810–1865). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.