കെ. ആർ. ഗൗരിയമ്മയെ വിസ്മരിച്ചു് കേരളത്തിലെ ‘സ്ത്രീ മുന്നേറ്റങ്ങളുടെ’ ചരിത്രം രചിക്കാൻ സാധ്യമാണോ? നാലര പതിറ്റാണ്ടിലേറെ നിയമസഭാംഗമായിരുന്ന നാലുവട്ടം മന്ത്രിയായ, ആധുനിക കേരളീയ സമൂഹത്തെ അപ്പാടെ മാറ്റിമറിച്ച രണ്ടു് നിയമനിർമ്മാണങ്ങളുടെ-1959-ലെ കാർഷിക ബന്ധ നിയമവും ’69-ലെ ഭൂപരിഷ്ക്കരണ നിയമവും-മുഖ്യ ശിൽപിയെ മറന്നുകൊണ്ടു് കേരള ചരിത്രമേ എഴുതാനാവില്ല എന്നായിരിക്കും നിങ്ങളുടെ ഉത്തരം.

എന്നാൽ, മാന്യരേ ആ അദ്ഭുതം സംഭവിച്ചുകഴിഞ്ഞു. കേരള സാഹിത്യ അക്കാദമിയുടെ ഗവേഷണ സ്കോളർഷിപ്പ് പ്രയോജനപ്പെടുത്തി സി. എസ്. ചന്ദ്രിക രചിച്ച ‘കേരളത്തിലെ സ്ത്രീ മുന്നേറ്റങ്ങളുടെ ചരിത്രം’ എന്ന പഠന ഗ്രന്ഥത്തിലാണു് നാടക നടികളായ നിലമ്പൂർ ആയിഷക്കും ഇരിങ്ങൽ നാരായണിക്കും കിട്ടിയ പ്രാധാന്യം പോലും ലഭിക്കാതെ ഗൗരിയമ്മ തഴയപ്പെട്ടതു്.

“മാറുമറയ്ക്കൽ സമരം തൊട്ടുള്ള സ്ത്രീ പ്രതിരോധങ്ങളുടെ ചരിത്രത്തിലൂടെ കടന്നു് സമൂഹത്തിന്റെ വിവിധ തലങ്ങളിൽ സ്ത്രീക്കു് നേരിടേണ്ടിവന്ന പ്രശ്നങ്ങളെ സവിസ്തരം വിലയിരുത്തുന്ന ഗ്രന്ഥമാണിതെന്നാണു് പ്രസാധകക്കുറിപ്പിൽ അക്കാദമി സെക്രട്ടറി ഊറ്റം കൊള്ളുന്നതു്! മാർക്സിസത്തിന്റെ ചരിത്രപരവും ഭൗതികവാദപരവുമായ രീതിയും പുരുഷാധിപത്യത്തെ അപഗ്രഥിക്കുന്ന ശാസ്ത്രീയ ഫെമിനിസ്റ്റ് രീതിയും സമന്വയിപ്പിച്ചു്, സാമ്പ്രദായിക ചരിത്രത്തിന്റെ ഭൂരിഭാഗം അംശത്തെയും നിരാകരിച്ചു്, മുതലാളിത്ത സമൂഹത്തെക്കുറിച്ചും ആ സമൂഹത്തിലെ സ്ത്രീ-പുരുഷ ബന്ധങ്ങളിലെ സങ്കീർണതകളെക്കുറിച്ചും തിരിച്ചറിയാനും അത്തരമൊരു വികസിച്ച അവബോധത്തിൽനിന്നുകൊണ്ടു് കേരളത്തിന്റെ സ്ത്രീ ചരിത്രം കണ്ടെത്താനുമാണു് താൻ ശ്രമിക്കുന്നതു് എന്നാണു് ഗ്രന്ഥകാരിയുടെ സത്യവാങ്മൂലം.

സ്ത്രീ മുന്നേറ്റങ്ങളുടെ ചരിത്രം ചട്ടപ്പടി, ‘മാറുമറയ്ക്കൽ സമര’ത്തിൽനിന്നു് ആരംഭിക്കുന്നു. “ലൈംഗിക അപമാനത്തിന്റെ അസഹ്യതയിൽനിന്നാണു് കേരളത്തിന്റെ ജാതീയതക്കെതിരെയും സവർണ്ണ പുരുഷമേധാവിത്തത്തിനെതിരെയും മാറുമറയ്ക്കൽ സമരം ഉണ്ടാകുന്നതു്. ചാന്നാർ സ്ത്രീകളുടെ മാറുമറയ്ക്കൽ സമരം കേരളത്തിലെ ജാതിവിരുദ്ധ പ്രസ്ഥാനത്തിന്റെ വളർച്ചക്കു് ശക്തിപകരുന്ന വിധത്തിലുള്ള പ്രോത്സാഹനം കൂടിയായിരുന്നു. ഇതു് സ്ത്രീകളുടെ സംഘടിത രൂപത്തിലുള്ള ഒരു സമരപ്രസ്ഥാനമായിരുന്നില്ല. ഈ സമരത്തിനു് അവരുടെ പുരുഷന്മാരുടെ പിന്തുണയും ചേർന്നപ്പോൾ ‘നമ്മുടെ സ്ത്രീകൾക്കു് അപമാനകരം’ എന്നതായിരുന്നു സമരത്തിന്റെ പ്രചാരണത്തിൽ ഉയർത്തപ്പെട്ട മുദ്രാവാക്യം. അതെന്തായാലും മാറുമറയ്ക്കാനുള്ള സ്വാതന്ത്ര്യം അനുവദിച്ചുകൊണ്ടു് 1859 ജൂലൈ 26-നു് തിരുവിതാംകൂർ രാജാവിനു് പുറപ്പെടുവിക്കേണ്ടി വന്ന വിളംബരം സൂചിപ്പിക്കുന്നതു് ലൈംഗിക അടിമകളായ ഒരുകൂട്ടം സ്ത്രീകളുടെ ഉണർന്ന സമരബോധത്തിന്റെ വലുതായ ശക്തിയെത്തന്നെയാണു്.”
മാറുമറയ്ക്കൽ സമരം എന്നു് ഗ്രന്ഥകാരി വിശേഷിപ്പിക്കുന്ന ചാന്നാർ ലഹളയുടെ യഥാർത്ഥ സ്വഭാവം അൽപമൊന്നു വിശദീകരിക്കേണ്ടിയിരിക്കുന്നു. നിയതമായ അർഥത്തിൽ ഒരു സമരമായിരുന്നില്ല അതു്. മാറിടം മറയ്ക്കുന്ന അവർണ സ്ത്രീകളെ സവർണരായ ചട്ടമ്പികൾ ആക്രമിക്കുകയും നാടാർ സമുദായക്കാർ സംഘടിതരായി തിരിച്ചടിക്കുകയുമാണ് ഉണ്ടായതു്. അതുകൊണ്ടുതന്നെ മേൽശീലക്കലാപം, സാന്റോരടി തുടങ്ങിയ പേരുകളിലാണു് ഈ സംഭവങ്ങൾ അറിയപ്പെടുന്നതു്.
1822-ൽ കൽക്കുളം താലൂക്കിലെ കൊത്തനാവിള എന്ന സ്ഥലത്തു് ഉത്സവച്ചന്തയിൽ റൗക്ക ധരിച്ചുവന്ന നാടാർ സ്ത്രീകളെ പിടിച്ചുനിർത്തി അവരുടെ റൗക്ക നായർ ചട്ടമ്പികൾ വലിച്ചുകീറി. ക്രിസ്തുമതം സ്വീകരിച്ച നാടാർ സ്ത്രീകളാണു് മിഷനറിമാരുടെ സ്വാധീനം നിമിത്തം മാറുമറയ്ക്കാൻ ആരംഭിച്ചതു്. മതം മാറിയാലും ജാതീയമായ ആചാരം മാറ്റാനാവില്ല എന്നായിരുന്നു നായർ, വെള്ളാള പ്രമാണിമാരുടെ മുഷ്ക്ക്. കൊത്തനാവിളയിൽനിന്നു് ഇരണിയൽ, തലക്കുളം, അരുമന എന്നിവിടങ്ങളിലേക്കും ലഹള വ്യാപിച്ചു. ക്രിസ്ത്യാനികളുടെ പള്ളികളും പള്ളിക്കൂടങ്ങളും ചുട്ടുകരിച്ചു; വേദപുസ്തകം ചീന്തിയെറിഞ്ഞു. അവസാനം കൊല്ലത്തുനിന്നു് പട്ടാളത്തെ കൊണ്ടുവന്നാണു് ലഹള അമർച്ചചെയ്തതു്. 1829 ഫെബ്രുവരി 28-ാം തീയതി, ക്രിസ്തുമതം സ്വീകരിച്ച ചാന്നാത്തികൾക്കു് ജാക്കറ്റിടാം. മേൽമുണ്ടു് പാടില്ല എന്ന വിളംബരം ഉണ്ടായി, കലാപം ക്രമേണ ഒതുങ്ങി.

ക്രിസ്ത്യൻ സ്ത്രീകളെ അനുകരിച്ചു് ഹിന്ദു ചാന്നാത്തികളും റൗക്ക ധരിക്കാൻ തുടങ്ങി. അവർ സവർണ ഹിന്ദുസ്ത്രീകളെ അനുകരിച്ചു് തോൾശീല (ഉത്തരീയം) അണിയാൻ തുടങ്ങിയപ്പോൾ വീണ്ടും ലഹളകളുണ്ടായി. ഉത്രംതിരുനാൾ മഹാരാജാവിയിരിക്കേ, കുഴപ്പം മൂർധന്യത്തിലെത്തി. 1958 ഡിസംബർ 27-നു് മേക്കാടുപള്ളി സവർണർ കത്തിച്ചു. 30-ാം തീയതി കോട്ടാറിൽ ലഹളകളുണ്ടായി. ഈ ഘട്ടത്തിൽ അന്നത്തെ മദ്രാസ് ഗവർണർ സർ ചാറൽസ് ട്രെവലിയൻ ഇടപെടുകയും 1829-ലെ വിളംബരം കാലോചിതമല്ലെന്നും ഒരു പരിഷ്കൃത സമൂഹത്തിനു് യോജിച്ചതല്ലെന്നും അഭിപ്രായം ഉന്നയിക്കുകയും ചെയ്തു. അതേതുടർന്നാണു് 1959 ജൂലൈ 26-ാം തീയതിയിലെ വിളംബരം ഉണ്ടായതു്:
“1034-മാണ്ടു് കർക്കടകം 1-ാം തീയതിയിലെ തിരുവെഴുത്തു വിളംബരം എന്തെന്നാൽ ചാന്നാട്ടികളുടെ മേൽശീല സംഗതിയെക്കുറിച്ചു് 1004-ാമാണ്ടു് മകരമാസം 23-ാം തീയതി ചെയ്തിട്ടുള്ള വിളംബരത്തിലെ നിബന്ധനകളെക്കൊണ്ടു് സങ്കടം ഉണ്ടായതായി നാം അറിവാൻ ഇടവന്നിരിക്കക്കൊണ്ടു്, എല്ലാ ആളുകൾക്കും സങ്കടം കൂടാതെ ആകുന്നിടത്തോളം നടത്തിക്കണമെന്നു് നമുക്കു് വളരെ മനസ്സിലായിരിക്കെക്കൊണ്ടും ഇതിനാൽ പ്രസിദ്ധപ്പെടുത്തുന്നതെന്തെന്നാൽ ക്രിസ്തുമതത്തിൽ ചേർന്നിരിക്കുന്ന ചാന്നാട്ടികളെപ്പോലെ എല്ലാ മതത്തിലുമുള്ള ചാന്നാട്ടികളും കുപ്പായമിട്ടുകൊള്ളുകയോ മുക്കുവത്തികളെപ്പോലെ കെട്ടുശീല കെട്ടിക്കൊള്ളുകയോ മേൽജാതിയിലുള്ള സ്ത്രീകളെപ്പോലെ അല്ലാതെ ഏതുവിധത്തിലെങ്കിലും മാറുമറച്ചുകൊള്ളുകയോ ചെയ്യുന്നതിനു് വിരോധമില്ലാഴികൊണ്ടു് ഈ വിവരം സകലമാന പേരും അറിഞ്ഞു നടന്നുകൊള്ളുകയും വേണം.”
ചാന്നാർ ലഹളക്കു് വഴിതെളിച്ച സാഹചര്യങ്ങൾ പ്രധാനമായും മൂന്നെണ്ണമാണു്. ഒന്നാമതായി തിരുവിതാംകൂറിലെ ബ്രിട്ടീഷ് അധിനിവേശം—മദ്രാസ് ഗവണ്മെന്റിന്റെയും റസിഡന്റു സായ്പ്പിന്റെയും പരോക്ഷ പിന്തുണയില്ലായിരുന്നെങ്കിൽ ചാന്നാന്മാരെ നിഷ്ക്കരുണം അടിച്ചൊതുക്കുമായിരുന്നു. രണ്ടാമതായി തെക്കൻ തിരുവിതാംകൂറിലെ പ്രൊട്ടസ്റ്റന്റു മിഷനറി പ്രവർത്തനം—അനാചാരങ്ങൾക്കെതിരെ പ്രതികരിക്കാനും നാടുവാഴികൾക്കെതിരെ കലാപം നടത്താനും അവർണരെ പ്രേരിപ്പിച്ചതു് പാതിരിമാരായിരുന്നു. അവസാനമായി ഇംഗ്ലീഷ് വിദ്യാഭ്യാസം—പാശ്ചാത്യ ആശയങ്ങൾ ഉദ്ദീപിപ്പിച്ച സമത്വബോധം.
രാഷ്ട്രീയവും സാമൂഹികവുമായ അന്തർധാരകൾ മനസ്സിലാക്കാതെയും പഠിക്കാതെയും മാറുമറയ്ക്കൽ സമരത്തെ ഒരു വീരഗാഥയായി പാടിപ്പുകഴ്ത്തി എന്നയിടത്താണു് പുസ്തകത്തിന്റെ പരാജയം. ചാന്നാർ ലഹള ഒറ്റപ്പെട്ട ഒരു സംഭവമല്ല. ഏതെങ്കിലും സാഹസികന്റെ മസ്തിഷ്കത്തിലുദിച്ച ആശയവുമല്ല. തിരുവിതാംകൂറിലെ സാമൂഹിക മാറ്റങ്ങളിലെ ഒരു പ്രധാന കണ്ണിയാണു് മേൽശീലക്കലാപം.

1792-ലെ ശ്രീരംഗ പട്ടണം ഉടമ്പടിയോടെ മലബാറിന്റെ ഭരണം ബ്രിട്ടീഷുകാർ കൈവശപ്പെടുത്തി. 1799 ആകുമ്പോഴേക്കും തെക്കൻ കർണ്ണാടകവും വയനാടും കൂടി ബ്രിട്ടീഷുകാരുടേതായി. 1791-ൽ കൊച്ചി രാജാവു് ഇംഗ്ലീഷ് കമ്പനിയുമായി ഉടമ്പടിയുണ്ടാക്കുകയും ആണ്ടുതോറും കപ്പം കൊടുക്കുന്ന സാമന്തനാവുകയും ചെയ്തിരുന്നു. ആ സാഹചര്യത്തിൽ തിരുവിതാംകൂറിനും അധികകാലം പിടിച്ചുനിൽക്കാനാകുമായിരുന്നില്ല. 1795-ൽ ഈസ്റ്റിന്ത്യാ കമ്പനിയുമായി ഉണ്ടാക്കിയ ഉടമ്പടി പ്രകാരം മഹാരാജാവു് ബ്രിട്ടീഷ് മേൽക്കോയ്മ അംഗീകരിച്ചു. 1805-ലെ ഉടമ്പടിയോടെ തിരുവിതാംകൂറിന്റെ സ്വതന്ത്ര അസ്തിത്വം പാടേ ഇല്ലാതായി—ബ്രിട്ടീഷുകാർക്കു് പ്രതിവർഷം എട്ടുലക്ഷം രൂപ കപ്പം കൊടുക്കാമെന്നും ആഭ്യന്തര കാര്യങ്ങളിൽ ബ്രിട്ടീഷ് റസിഡന്റിന്റെ ഉപദേശം സ്വീകരിച്ചുകൊള്ളുമെന്നുമായിരുന്നു വ്യവസ്ഥകൾ. 1809-ൽ വേലുത്തമ്പിയുടെ വിപ്ലവമുന്നേറ്റം അടിച്ചമർത്തപ്പെട്ടതോടെ ബ്രിട്ടീഷ് ശക്തി പൂർണമായും ഉറച്ചു. 1810-ൽ ഉമ്മിണിത്തമ്പിക്കു പകരം കേണൽ മൺറോ ദിവാനായി വന്നപ്പോൾ ദൈനംദിന ഭരണവും കമ്പനിയുടെ നിയന്ത്രണത്തിലായി.

19-ാം നൂറ്റാണ്ടിന്റെ ആരംഭം മുതൽതന്നെ പ്രൊട്ടസ്റ്റന്റ് മിഷനറിമാരുടെ പ്രവർത്തനവും തുടങ്ങിയിരുന്നു. 1806-ൽ ഡബ്ല്യു. ടി. റിംഗിൾറ്റാബ് എന്ന പ്രഷ്യൻ മിഷനറി നാഗർകോവിലിൽ ആദ്യത്തെ ഇംഗ്ലീഷ് സ്കൂൾ ആരംഭിച്ചു. തെക്കൻ തിരുവിതാംകൂറിൽ അദ്ദേഹം വേറെ അഞ്ചു സ്ക്കൂളുകൾ കൂടി ആരംഭിച്ചു. 1816-ൽ നാഗർകോവിൽ കേന്ദ്രമാക്കി ലണ്ടൻ മിഷൻ സൊസൈറ്റി പ്രവർത്തനം തുടങ്ങി. കോട്ടയത്തും ആലപ്പുഴയിലും ചർച്ച് മിഷൻ സൊസൈറ്റിയും സജീവമായി. പള്ളികൾ പണിയാൻ കരമൊഴിവായി സ്ഥലവും വില കൂടാതെ തടിയും സർക്കാറിൽനിന്നും അനുവദിച്ചു. ലണ്ടൻ മിഷൻ സൊസൈറ്റിയിലെ പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകനായിരുന്ന റവ. മീഡ് ക്രിസ്ത്യൻ സ്ത്രീകൾക്കു് മാറുമറയ്ക്കാൻ അവകാശം നൽകിയ 1829-ലെ വിളംബരത്തിന്റെ പ്രേരകശക്തിയുമായിരുന്നു. ഊഴിയം വേല എന്നറിയപ്പെട്ടിരുന്ന അടിമസമ്പ്രദായം അവസാനിപ്പിച്ചതും മിഷനറിമാരുടെ പ്രവർത്തന ഫലമായിട്ടായിരുന്നു.
സ്വാതിതിരുനാൾ മഹാരാജാവിന്റെ കാലത്തു് 1834-ൽ തിരുവനന്തപുരത്തു് ഇംഗ്ലീഷ് സ്കൂൾ ആരംഭിച്ചു. അനന്തരവനായ ഉത്രംതിരുനാൾ മാർത്താണ്ഡവർമ്മ 1859-ൽ പെൺകുട്ടികൾക്കായി ഒരു സ്കൂൾ ആരംഭിച്ചു. ശ്രീമൂലം തിരുനാളിന്റെ ഭരണകാലത്തു് തിരുവനന്തപുരം വിമൻസ് കോളേജും പ്രവർത്തനം തുടങ്ങി.

മിഷനറി പ്രവർത്തനം ശക്തമായിരുന്ന തെക്കൻ തിരുവിതാംകൂറിലാണു് ഹിന്ദുമത പരിഷ്കർത്താക്കളും ഉദയംകൊണ്ടതു്—വൈകുണ്ഠ സ്വാമികൾ (1809–1851), ചട്ടമ്പിസ്വാമികൾ (1854–1924), ശ്രീനാരായണ ഗുരു (1856–1928). അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും നിർമാർജനം ചെയ്യാനും അതുവഴി സാമൂഹികനീതി ഉറപ്പാക്കാനുമാണു് മതനവീകരണ ആചാര്യന്മാരും സാമൂഹിക പരിഷ്കർത്താക്കളും ശ്രമിച്ചതു്. 1911-മാണ്ടു് ജനുവരിയിൽ (1086 മകരം) നെയ്യാറ്റിൻകരക്കടുത്തു് കരിങ്കുളത്തുള്ള ഒരീഴവ പ്രമാണിയുടെ ഏകപുത്രിയുടെ താലികെട്ടു കല്യാണം ശ്രീനാരായണഗുരു നേരിട്ടു് പങ്കെടുത്തു് മുടക്കിയതു് സ്മരണീയമാണു്. എസ്. എൻ. ഡി. പി. യോഗത്തിന്റെയും എൻ. എസ്. എസിന്റെയും പ്രവർത്തനഫലമായാണു് തിരണ്ടുകല്യാണവും പുളികുടിയുമൊക്കെ നിലച്ചുപോയതു്. യോഗക്ഷേമ സഭാ പ്രവർത്തനങ്ങളെപ്പറ്റിയും ‘അടുക്കളയിൽനിന്നു് അരങ്ങത്തേക്കു്’ തുടങ്ങിയ നാടകങ്ങളെക്കുറിച്ചും ഗ്രന്ഥകാരി ആവേശംകൊള്ളുന്നുണ്ടു്. അത്രയേറെ നാടകീയമല്ലാത്തതുകൊണ്ടോ എന്തോ മറ്റു് സമുദായങ്ങളിലെ പരിഷ്കരണ സംരംഭങ്ങളെ പാടേ വിട്ടുകളഞ്ഞിരിക്കുന്നു. “സ്ത്രീ വിദ്യാഭ്യാസത്തിലും സ്വാതന്ത്ര്യത്തിലും ഊന്നുന്ന കാഴ്ചപ്പാടു് ശ്രീനാരായണ ഗുരുവിനുണ്ടായിരുന്നെങ്കിൽ അതു് എസ്. എൻ. ഡി. പിക്കു് പൊതുവായ ഒരു രാഷ്ട്രീയ കാഴ്ചപ്പാടായി വികസിച്ചിട്ടുണ്ടായിരുന്നില്ല” എന്നൊരു കുത്തുവാക്കും പറഞ്ഞിരിക്കുന്നു. ദൂരസ്ഥലങ്ങളിൽ താമസിച്ചു് വിദ്യാഭ്യാസം ചെയ്യുന്ന അവർണ യുവതികൾക്കു് ശ്രീനാരായണ വനിതാ (എസ്. എൻ. വി.) സദനങ്ങൾ എത്രമാത്രം ഉപയോഗപ്പെട്ടിട്ടുണ്ടു് എന്നെങ്കിലും ഓർമിക്കേണ്ടതായിരുന്നു.

അദ്ഭുതകരമെന്നു പറയട്ടെ, മലയാളി വനിതകളുടെ വിദ്യാഭ്യാസ പുരോഗതിയെപ്പറ്റി ഈ പുസ്തകത്തിൽ യാതൊരു പരാമർശവുമില്ല. ഇന്ത്യാ രാജ്യത്തെ ആദ്യ വനിതാ ഹൈക്കോടതി ജഡ്ജിയും (അന്നാചാണ്ടി) വനിതാ ചീഫ് എഞ്ചിനീയറും (പി. കെ. ത്രേസ്യാ) വനിതാ സുപ്രീം കോടതി ജഡ്ജിയും (ഫാത്തിമാബീവി) മലയാളികളായിരുന്നു എന്ന കാര്യം ഗ്രന്ഥകാരിക്കു് അറിയാമോ എന്തോ?

കെ. ആർ. ഗൗരിയെ വിസ്മരിച്ച ഗ്രന്ഥകാരി കെ. ഒ. ഐഷാബായി യെയോ ഭാർഗവി തങ്കപ്പനെ യോ ഓർമിച്ചാലേ അദ്ഭുതത്തിനു് അവകാശമുള്ളൂ. കോൺഗ്രസിലെ വീരാംഗനമാരായിരുന്ന കെ. ആർ. സരസ്വതിയമ്മ യുടെയും എ. നഫീസത്തുബീവി യുടെയും കാര്യവും തഥൈവ. എന്നാൽ, മേരിറോയി യോ? തിരുവിതാംകൂർ കൊച്ചി ഭാഗത്തെ ക്രിസ്ത്യൻ സ്ത്രീകൾക്കു് പിതൃസ്വത്തിൽ തുല്യാവകാശം കിട്ടാൻ സുപ്രീം കോടതിയിൽ അങ്കംവെട്ടി ജയിച്ച മേരി റോയ് ഇല്ലാതെ കേരളത്തിൽ സ്ത്രീമുന്നേറ്റ ചരിത്രമുണ്ടോ?

ചരിത്രത്തെ കുഴച്ചു മറിക്കാനും വളച്ചൊടിക്കാനും ശ്രമം ധാരാളമായി നടത്തിയിട്ടുണ്ടു്. ഒരുദാഹരണം നോക്കുക. 1938-ലെ ഉത്തരവാദ ഭരണപ്രക്ഷോഭത്തെപ്പറ്റി: ‘ആനി മസ്ക്രീൻ, അക്കമ്മ, റോസമ്മ, സുഭദ്രാമ്മ, രാധമ്മ, ഗൗരിയമ്മ, കൂത്താട്ടുകുളം മേരി തുടങ്ങിയവരൊക്കെ സമരത്തിനൊടൊപ്പം നിൽക്കുന്നവരായിരുന്നു. ആനി മസ്ക്രീൻ, അക്കാമ്മ ചെറിയാൻ, റോസമ്മ പുന്നൂസ് എന്നിവർ സമരത്തിൽ നേരിട്ടു പങ്കെടുത്തവരാണു്. ഗ്രന്ഥകാരി സൂചിപ്പിക്കുന്ന ഗൗരിയമ്മ, സഖാവു് കെ. ആർ. ഗൗരിയാണെങ്കിൽ അവരന്നു് കൊച്ചി സംസ്ഥാനത്തുള്ള എറണാകുളം സെന്റ് തെരേസാസ് കോളേജിൽ ബി. എ.ക്കു് പഠിക്കുകയാണു്. സുഭദ്രാമ്മയും രാധമ്മയും (ശങ്കരനാരായണൻ തമ്പിയുടെ സഹോദരിമാർ) കൂത്താട്ടുകുളം മേരിയും അക്കാലത്തു് സ്ക്കൂൾ വിദ്യാർഥിനികളാകാനേ തരമുള്ളൂ! മേൽപ്പറഞ്ഞ നാൽവരും പീഡനമനുഭവിച്ചതു് കൽക്കത്താ തീസീസിനെത്തുടർന്നു് കമ്യൂണിസ്റ്റ് പാർട്ടി നിരോധിക്കപ്പെട്ട 1948-52 കാലഘട്ടത്തിലായിരുന്നു.

അക്കാമ്മ ചെറിയാന്റെ വീരകഥ പറഞ്ഞ ആറാമധ്യായത്തിൽനിന്നു് ഏഴാമധ്യായത്തിൽ പ്രവേശിക്കുമ്പോൾ വായനക്കാരൻ ഞെട്ടിപ്പോകുന്നു. 1938-ൽനിന്നു് മലക്കം മറിയുന്നതു് 1982-ലെ വാവന്നൂർ സമ്മേളനത്തിലേക്കും പ്രചോദന, ചേതന, ബോധന, മാനുഷി, മാനവി മുതലായ ഗ്രൂപ്പുകളിലേക്കുമാണു്. സാറാ ജോസഫ്, ഇന്ദിര, പാർവതി, സുമംഗലക്കുട്ടി എന്നീ കോളേജ് അധ്യാപകർ ചേർന്നു് ‘മാനവി’ രൂപവത്ക്കരിക്കുന്നതും നാലുപേരും സ്ഥലം മാറി നാലിടത്തേക്കു പോയപ്പോൾ ഗ്രൂപ്പ് ഇല്ലാതാകുന്നതും കണ്ടു് മൂക്കത്തു് വിരൽ വെക്കുന്നു.
1938-നും 1982-നുമിടയ്ക്കു് ഏറ്റവും കുറഞ്ഞതു് ഒരു പ്രാവശ്യമെങ്കിലും വമ്പിച്ച സ്ത്രീ പങ്കാളിത്തത്തോടെ ബഹുജന മുന്നേറ്റം ഉണ്ടായിട്ടുണ്ടു്—കത്തോലിക്കാ തിരുസഭയും നായർ കരയോഗങ്ങളും മത്സരിച്ചു് സ്ത്രീകളെ രംഗത്തിറക്കിയ 1959-ലെ വിമോചന സമരം. മിസിസ് ആർ. വി. തോമസ് (ഏലിക്കുട്ടി തോമസ്—എഡി.) ആയിരുന്നു വിമോചന സമരസമിതിയുടെ വനിതാ വിഭാഗം കൺവീനർ. ഭാരതി ഉദയഭാനു, എ. വി. കുട്ടിമാളു അമ്മ, നഫീസത്തുബീവി, ഗ്രേസി ഓസ്റ്റിൻ, തങ്കമ്മ അന്ത്രപ്പേർ, പൊന്നമ്മ പോത്തൻ എന്നിവരൊക്കെ പിക്കറ്റിംഗിനു് നേതൃത്വം കൊടുത്തു് അറസ്റ്റുവരിച്ചവരാണു്.

“ലക്ഷക്കണക്കിനു രൂപ ചെലവാക്കി വിദ്യാലയങ്ങൾ കെട്ടിപ്പൊക്കിയതിനും ആതുരാലയങ്ങളും ആശുപത്രികളും നടത്തുന്നതിനും കത്തോലിക്കർക്കു് കമ്യൂണിസ്റ്റ് ഗവണ്മെന്റ് നൽകുന്ന പ്രതിഫലം അടിയും ഇടിയും വെടിയുമാണത്രെ. എന്നാൽ, ഇക്കളി ഒന്നു കാണാമല്ലോ? ഇന്നാട്ടിലെ രാഷ്ട്രീയ പ്രബുദ്ധരായ പുരുഷന്മാരോടൊപ്പം ചൂലും കെട്ടുമായി കൊത്തുകോഴികളെപ്പോലെ സ്ത്രീകളും അണിനിരക്കുകയാണു്. ഈ സർക്കാറിനെ അവരുടെ കസേരയിൽനിന്നു മറിച്ചിട്ടല്ലാതെ ഇന്നാട്ടിലെ പെണ്ണുങ്ങൾ അടങ്ങുകയില്ല.” കോൺഗ്രസിലെ തീപ്പൊരി നേതാവു് ആനി ജോസഫ് (ആനി തയ്യിൽ) ഗർജിച്ചു.
വിമോചന സമരക്കാർക്കു് കിട്ടിയ ഏറ്റവും കനപ്പെട്ട രക്തസാക്ഷിയും ഒരു സ്ത്രീയുമായിരുന്നു—ജൂലൈ 3-നു് ചെറിയ തുറയിൽ പോലീസിന്റെ വെടിയേറ്റു മരിച്ച ഫ്ലോറി എന്ന മുപ്പതുകാരി. അഞ്ചുകുട്ടികളുടെ മാതാവായ ഫ്ലോറി മരണ സമയത്തു് ഗർഭിണിയുമായിരുന്നു. വെടിയേറ്റു വീണ ഫ്ലോറിയുടെ ചിത്രം വിമോചന സമരത്തിന്റെയും പോലീസ് അതിക്രമത്തിന്റെയും മൂർത്തരൂപമായി മാറി.
“തെക്കുതെക്കൊരു ദേശത്തു്
അലമാലകളുടെ തീരത്തു്.
ഭർത്താവില്ലാത്ത നേരത്തു്
ഫ്ളോറിയെന്നൊരു ഗർഭിണിയെ.
വെടിവച്ചുകൊന്ന സർക്കാറേ,
പകരം ഞങ്ങൾ ചോദിക്കും!”
എന്ന മുദ്രാവാക്യം സംസ്ഥാനമൊട്ടാകെ അലയടിച്ചു. ഫ്ലോറിയുടെ ചിത്രം പതിനായിരക്കണക്കിനു് അച്ചടിച്ചു വിതരണം ചെയ്തു. ജൂലൈ 26-ന്റെ ദീപികയിൽ സിസ്റ്റർ മേരി ബനീഞ്ഞ ‘രക്തസാക്ഷി ഫ്ലോറി’ എന്ന കവിതയെഴുതി. ജി. ശങ്കരക്കുറുപ്പിന്റെ ‘അന്ത്യമാല്യം’ എന്ന കവിത ഫ്ലോറിയുടെ പിറക്കാത്ത കുഞ്ഞിനു് അഭിവാദനമർപ്പിക്കുന്നതാണു്.

ജൂലൈ 18-നു് കോട്ടയത്തു് സ്ത്രീകൾ വമ്പിച്ച കുറ്റിച്ചൂൽ പ്രകടനം നടത്തി. കുറ്റിച്ചൂൽ ഉയർത്തിപ്പിടിച്ചു്, “അരിവാളല്ലിതു ചുറ്റികയല്ലിതു് കുറ്റിച്ചൂലാ സർക്കാറേ” എന്ന മുദ്രാവാക്യവും മുഴക്കിയായിരുന്നു പ്രകടനം. സ്ത്രീമുന്നേറ്റത്തിന്റെ ചരിത്രം പുതിയ പതിപ്പിറക്കുമ്പോൾ കുറ്റിച്ചൂൽ സമരത്തെപ്പറ്റിയെങ്കിലും രണ്ടുവാക്കു് കൂട്ടിച്ചേർക്കാവുന്നതാണു്.

അക്ഷരത്തെറ്റുകളും വിലക്ഷണമായ പ്രയോഗങ്ങളും എത്രയെങ്കിലുമുണ്ടു് ‘സ്ത്രീമുന്നേറ്റങ്ങളുടെ ചരിത്ര’ത്തിൽ. (ഗ്രന്ഥകാരി മലയാള സാഹിത്യ ബിരുദധാരിയാണു്). കേരള പാണിനീയവും സാഹിത്യസാഹ്യ വുമൊക്കെ പുരുഷകോയ്മയുടേതാണെന്നും മലയാള വ്യാകരണം സ്ത്രീപക്ഷ വീക്ഷണത്തിൽ ഉടച്ചുവാർക്കണമെന്നുമായിരിക്കും ഗ്രന്ഥകാരിയുടെ നിലപാടു്.
കേരളീയ സ്ത്രീചരിത്രത്തെപ്പറ്റി സമഗ്രമായ പഠനങ്ങളുണ്ടാകേണ്ടതിന്റെ ആവശ്യകത നമ്മെ ഓർമ്മിപ്പിക്കുന്നു ചന്ദ്രികയുടെ പുസ്തകം. അതോടൊപ്പം ഒരു ചരിത്രപുസ്തകം എങ്ങനെയാകരുതു് എന്നതിന്റെ നിസ്തുല മാതൃകയായി പരിലസിക്കുകയും ചെയ്യുന്നു.

അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനും രാഷ്ട്രീയ നിരൂപകനുമാണു് അഡ്വക്കറ്റ് എ. ജയശങ്കർ. മാധ്യമം ദിനപത്രത്തിൽ ‘കെ. രാജേശ്വരി’ എന്ന തൂലികാ നാമത്തിൽ എഴുതിയ ലേഖനങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളികൾക്കിടയിൽ അദ്ദേഹം കൂടുതൽ പ്രശസ്തി നേടിയതു് ഇന്ത്യാവിഷൻ ചാനലിലെ പ്രതിവാര ദിനപത്ര അവലോകന പരിപാടിയായ വാരാന്ത്യം എന്ന പരിപാടിയിലൂടെയാണു്. തനതായ ഒരു അവതരണ ശൈലിയാണു് ഈ പരിപാടിയിൽ അദ്ദേഹം പ്രകടമാക്കുന്നതു്. മലയാളത്തിലെ പ്രമുഖ വാർത്താ ചാനലുകളിലെല്ലാം രാഷ്ട്രീയ ചർച്ചകളിൽ സ്ഥിരം സാന്നിധ്യമാണു് ഇദ്ദേഹം. കേരള രാഷ്ട്രീയത്തിലെയും ഇന്ത്യൻ രാഷ്ട്രീയത്തിലെയും ജയശങ്കറിന്റെ അഗാധമായ അറിവിനൊപ്പം ഹാസ്യവും ഗൗരവവും കലർന്ന അദ്ദേഹത്തിന്റെ നിർഭയത്വതോടെയുള്ള അവതരണ രീതിയും ഏറെ ജനപ്രിയമാണു്.