മദ്യമുതലാളിമാർ ജയഭേരി മുഴക്കുമ്പോൾ വീണ്ടും വീണ്ടും പരാജയമേറ്റുവാങ്ങുന്നതു് ശ്രീനാരായണഗുരു വല്ലാതെ മറ്റാരാണു്?
കേസും പുക്കാറുമായി നീണ്ടുനീണ്ടുപോയ എസ്. എൻ. ഡി. പി. യോഗം തെരഞ്ഞെടുപ്പു് അവസാനം സർവം മംഗളമായി ശുഭമായി പര്യവസാനിച്ചു. പോൾ ചെയ്തതിന്റെ 95 ശതമാനം വോട്ടു നേടി ഔദ്യോഗിക പാനൽ മുഴുവൻ സീറ്റുകളും വിജയിച്ചു.
നാലുവർഷം മുമ്പു് വെള്ളാപ്പള്ളി നടേശന്റെ പാനലിനോടേറ്റു് പരാജിതരായ രാഹുലൻ ഡോക്ടറും ഗോപിനാഥൻ വക്കീലും ചിത്രത്തിലേ ഉണ്ടായിരുന്നില്ല. മദ്യമാഫിയയിൽനിന്നു് യോഗത്തെ രക്ഷിക്കാൻ പ്രതിജ്ഞയെടുത്തിരുന്ന, ലക്ഷങ്ങൾ മുടക്കി വ്യവഹാരം നടത്തിയ, ശ്രീനാരായണ ആദർശ സംരക്ഷണ സമിതി മത്സര രംഗത്തുനിന്നു വീരോചിതമായി പിന്മാറി. വോട്ടർ പട്ടികയിൽ കൃത്രിമം ഉണ്ടെന്നു് ആരോപിച്ചു് ആദർശ സംരക്ഷണ സമിതി സ്ഥാനാർത്ഥികളായ മൂർക്കോത്തു് രാമുണ്ണി യും ബാബു വിജയനാഥും പത്രിക പിൻവലിക്കുകയായിരുന്നു.
ഫലത്തിൽ ഔദ്യോഗിക പാനലിനു വെല്ലുവിളിയേ ഉണ്ടായില്ല. ആകെയുള്ള 6092 വോട്ടർമാരിൽ 6006 പേർ സമ്മതിദാനാവകാശം വിനിയോഗിച്ചു. നടേശനു് 5611 വോട്ടു കിട്ടിയപ്പോൾ എതിർ സ്ഥാനാർത്ഥികൾക്കു രണ്ടുപേർക്കും കൂടി കിട്ടിയതു് 310 വോട്ട്; അസാധുവായതു് 122. രാമുണ്ണിയും ബാബുവും പിന്മാറിയതു് ബുദ്ധിയായി. അല്ലെങ്കിൽ ശ്രീനാരായണ ആദർശത്തിനു് എത്ര പിന്തുണയുണ്ടെന്നു് വ്യക്തമായേനേ.
യോഗ നേതൃത്വം മദ്യമഹാപ്രഭുക്കളുടെ പിടിയിലമർന്നതിൽ ധാർമികരോഷം പൂണ്ടു് സുകുമാർ അഴീക്കോട് സാഗരഗർജ്ജനം നടത്താനിടയുണ്ടു്. ഒന്നോ രണ്ടോ ലേഖനങ്ങളും എഴുതിയേക്കാം. അവക്കു് നടേശൻ അവജ്ഞാനിർഭരമായ മറുപടികളും നൽകും. അതോടെ പ്രശ്നം തൽക്കാലം ഒതുങ്ങും.
നടേശനും കൂട്ടരും ശ്രീനാരായണ ധർമ്മത്തെയാണല്ലോ ഇപ്പോൾ പരിപാലിച്ചുകൊണ്ടിരിക്കുന്നതു്. ഇനി പരിപാലിക്കാനുള്ളതും അതേ ധർമ്മത്തെത്തന്നെ. ആ നിലക്കു് മദ്യവ്യവസായത്തിനു് ശ്രീനാരായണ ദർശനത്തിലും എസ്. എൻ. ഡി. പി. യോഗ ചരിത്രത്തിലുമുള്ള സ്ഥാനം പരിശോധിക്കുന്നതു് അസ്ഥാനത്തായിരിക്കുകയില്ലല്ലോ?
1920-ൽ തന്റെ ജന്മദിനത്തിലാണു് ശ്രീ നാരായണ ഗുരു “മദ്യം വിഷമാണു്. അതുണ്ടാക്കരുതു്. കൊടുക്കരുതു്. കുടിക്കരുതു് ” എന്ന മഹാ സന്ദേശം നൽകിയതു്. സന്ദേശത്തെ ഗുരു ഇപ്രകാരം വിശദീകരിച്ചു: “ചെത്തുകാരന്റെ ദേഹം നാറും. തുണിനാറും. വീടുനാറും. അവൻ തൊട്ടതെല്ലാം നാറും.”
അതിനും നാലുവർഷം മുമ്പു് 1916-ൽ തിരുവനന്തപുരത്തിനടുത്തു് മുട്ടത്തറയിൽ പുലയ സമാജത്തെ അഭിസംബോധന ചെയ്യവേ ഗുരു പറഞ്ഞു: “…മദ്യപാനം കഴിയുന്നതും നിറുത്തണം. ഇനി കുട്ടികളെ കള്ളു കുടിക്കാൻ അനുവദിക്കരുതു്. പ്രായം ചെന്നവരും കഴിയുന്നതും മാറ്റണം. സഭകൂടി പറയേണ്ടതു മദ്യപാനം മുതലായതുകളെ നിറുത്താനാണു്. മറ്റുള്ളവരും നിങ്ങളെ സഹായിക്കാതിരിക്കയില്ല…”
“ചെത്തു് ഒരു മഹാവ്യാധിയാണു്. ഒരു അവയവത്തിനു കുഷ്ഠരോഗമുണ്ടായാൽ ദേഹം മുഴുവൻ അതു ദുഷിപ്പിക്കുന്നതുപോലെ. ചിലർ ചെത്തുന്നതുകൊണ്ടു് സമുദായം മുഴുക്കെ കെട്ടുപോകുന്നു. രോഗം പിടിപെട്ട അവയവം നാം മുറിച്ചുകളയുന്നു. ചെത്തുകാരെയും സമുദായത്തിൽ നിന്നു വേർപെടുത്തണം അവരുമായി കൂടിക്കഴിയരുതു്. ചെത്തു നിർത്തിയാൽ ശുദ്ധിചെയ്തു തിരികെയെടുക്കാം.” മറ്റൊരവസരത്തിൽ ഗുരു അരുളിച്ചെയ്തു.
വേറെ ഉപജീവനമാർഗം ഒന്നുമില്ലാത്തവരാണു് ചെത്തിനു പോകുന്നതു് എന്ന കാര്യം ഒരു ഭക്തൻ ചൂണ്ടിക്കാട്ടിയപ്പോൾ ഗുരുവിന്റെ പ്രതികരണം കടുത്തതായിരുന്നു. “ചെത്താനുള്ള കത്തി നാലാക്കിയാൽ ഓരോ കഷ്ണം കൊണ്ടു് ക്ഷൗരം ചെയ്യാനുള്ള ഓരോ കത്തി ഉണ്ടാക്കാം. അതു കൊണ്ടു നടക്കുന്നതായിരിക്കും ചെത്തുന്നതിനേക്കാൾ മാനം. നല്ല ആദായവും ഉണ്ടാകും.”
ഗുരുവിന്റെ ജന്മദിന സന്ദേശത്തെത്തുടർന്നു് കൊല്ലവർഷം 1096 ഇടവം 26, 27, 28 തീയതികളിൽ. (1921 ജൂൺ) കരുനാഗപ്പള്ളിയിൽ കൂടിയ എസ്. എൻ. ഡി. പി. യോഗത്തിന്റെ 18-ാമതു് വാർഷിക സമ്മേളനം, “സമുദായത്തിന്റെ അഭിവൃദ്ധിക്കും സദാചാര നിലക്കും ഹാനികരവും സർവഥാ അപകർഷഹേതുകവുമായ ചെത്തും മദ്യവ്യവസായവും ഈഴവർ നിശ്ശേഷം നിറുത്തേണ്ടതാണെന്നു് ഈ യോഗം അഭിപ്രായപ്പെടുന്നു” എന്നു പ്രമേയം പാസ്സാക്കി. ടി. കെ. മാധവനാ ണു് പ്രമേയം അവതരിപ്പിച്ചതു്; കെ. പി. കയ്യാലക്കൽ പിന്താങ്ങി.
അതേ സമ്മേളനത്തിൽ ടി. കെ. മാധവനും സഹോദരൻ അയ്യപ്പനും എസ്. എൻ. ഡി. പി. യോഗത്തിന്റെ അസിസ്റ്റന്റ് സെക്രട്ടറിമാരായി തെരഞ്ഞെടുക്കപ്പെട്ടു. (എൻ. കുമാരൻ ആയിരുന്നു ജനറൽ സെക്രട്ടറി). അക്കാലത്തു് ദേശീയ പ്രസ്ഥാനവുമായും ഇന്ത്യൻ നാഷനൽ കോൺഗ്രസുമായും ബന്ധം പുലർത്തിയിരുന്ന ഏക എസ്. എൻ. ഡി. പി. നേതാവായിരുന്നു മാധവൻ. മദ്യവർജനം കോൺഗ്രസ് അജണ്ടയിലെ മുഖ്യ ഇനവുമായിരുന്നു. സഹോദരൻ അയ്യപ്പനാണെങ്കിൽ പണ്ടേ മദ്യവിരോധിയാണു്.
“മനുജരെ കൊല്ലാതെ കൊന്നിടുന്ന
വിഷമാണു് മദ്യമതു കുടിച്ചു
മദമാർന്നു തുള്ളുന്ന മൂർഖജനം
ഗതിയവർക്കില്ലല്ലോ സോദരരെ”
എന്നു പാടിയ ആദർശശാലി.
ടി. കെ. മാധവന്റെ സമർഥമായ നേതൃത്വത്തിൻ കീഴിൽ ‘മദ്യവർജന പ്രക്ഷോഭം’ ഉഷാറായി നടന്നു. 1096 കന്നി രണ്ടാം തീയതി ആലപ്പുഴയിലും 1097 മിഥുനം 24, 25 തീയതികളിൽ തിരുവല്ലാ താലൂക്കിലെ മീന്തലക്കരിയിലും അതേ വർഷം കർക്കടകം അഞ്ചിനു് കുട്ടനാട്ടിലെ രാമൻകരിയിലും 1098 കന്നി 13-നു് കാർത്തികപ്പള്ളിയിലും മഹാസമ്മേളനങ്ങൾ നടന്നു.
മദ്യവർജനം സംബന്ധിച്ച ഗുരു സന്ദേശം തിരുവിതാംകൂറിലെങ്ങും പ്രചരിപ്പിക്കുക എന്നതായിരുന്നു മുഖ്യപരിപാടി.
“ചെത്താൻ പോകരുതച്ഛനിനിമേലിൽ
കുട്ടികളായുള്ള ഞങ്ങളെയെല്ലാവരും
കൊട്ടികളെന്നു വിളിക്കുന്നെന്റച്ഛാ.”
എന്ന ഗാനം നാട്ടിലെമ്പാടും അലയടിച്ചു. മദ്യഷാപ്പുകൾ ലേലത്തിൽ കൊള്ളുക, കള്ളുചെത്തുക, ചെത്താൻ തെങ്ങുകൊടുക്കുക തുടങ്ങിയ പ്രവൃത്തികളിൽനിന്നു സമുദായാംഗങ്ങളെ യോഗം പിന്തിരിപ്പിച്ചു.
എസ്. എൻ. ഡി. പി. യോഗത്തിന്റെ പ്രക്ഷോഭത്തിനു് സവർണ്ണരുടെ പിന്തുണയും ലഭിക്കാതിരുന്നില്ല. മദ്യവർജന വിജിലൻസ് കമ്മിറ്റിയുടെ തീരുമാനമനുസരിച്ചു് “ഔഷധ സംബന്ധവും വ്യവസായപരവുമായുള്ള ആവശ്യങ്ങൾക്കല്ലാതെ മദ്യം നിർമിക്കുന്നതിനെയും ഇറക്കുമതി ചെയ്യുന്നതിനെയും നിരോധിക്കണം” എന്നാവശ്യപ്പെടുന്ന പ്രമേയം തിരുവിതാംകൂർ നിയമസഭയിൽ എം. ആർ. മാധവവാര്യർ അവതരിപ്പിച്ചു.
പ്രക്ഷോഭം ശക്തിപ്പെട്ടതനുസരിച്ചു് സർക്കാർ പ്രതികാര നടപടികളും ഊർജിതമാക്കി. മദ്യവർജനക്കാർക്കെതിരെ തിരുവിതാംകൂർ ക്രിമിനൽ നടപടി നിയമത്തിലെ 90-ാം വകുപ്പു പ്രകാരം കേസെടുത്തു. കാർത്തികപ്പള്ളി താലൂക്ക് മദ്യവർജന സമിതി സെക്രട്ടറി എം. മാധവൻ വക്കീലിനെ 1098 തുലാം 24-നു് അറസ്റ്റുചെയ്തു് ഹരിപ്പാടു് ലോക്കപ്പിലടച്ചു. യാതൊരു ആഹാരവും നൽകിയില്ലെന്നു മാത്രമല്ല പിറ്റേ ദിവസം കൈവിലങ്ങണിയിച്ചു് പതിനഞ്ചു മൈൽ നടത്തി അമ്പലപ്പുഴ കോടതിയിൽ ഹാജരാക്കുകയും ചെയ്തു.
1097 കന്നി 14-ാം തീയതി തിരുനെൽവേലിയിൽച്ചെന്നു് മഹാത്മാ ഗാന്ധി യെ കണ്ടു സംസാരിക്കവെ മദ്യവർജന പ്രക്ഷോഭത്തെപ്പറ്റി ടി. കെ. മാധവൻ ഇപ്രകാരം പറഞ്ഞു: “മദ്യനിരോധനം മഹാത്മജിയുടെ കാര്യപരിപാടിയിൽപ്പെട്ട ഒരു പ്രധാന സംഗതിയാണല്ലോ. ഞങ്ങളുടെ ആചാര്യനായ ബ്രഹ്മശ്രീ ശ്രീനാരായണഗുരു സ്വാമിതൃപ്പാദങ്ങൾ കഴിഞ്ഞ കൊല്ലം ആഗസ്റ്റുമാസത്തിൽ ഞങ്ങൾക്കു് ഒരു ജന്മനാൾ സന്ദേശം അയച്ചിട്ടുണ്ടു്. അതിൽ സ്വാമിപാദങ്ങൾ ഞങ്ങളോടു് ഉപദേശിക്കുന്നതു്, “മദ്യം വിഷമാണു്. അതുണ്ടാക്കരുതു്, കൊടുക്കരുതു്, വിൽക്കരുതു് എന്നാകുന്നു. അതുകൊണ്ടു് മദ്യവർജ്ജനം ഞങ്ങൾക്കു് ഒരു മതസംബന്ധമായ ധർമ്മമായി തീർന്നിരിക്കുന്നു. അതു ഞങ്ങൾക്കു് സ്വർഗവാതിൽ തുറക്കുന്ന ഒരു ധർമ്മമാകുന്നു. മദ്യവർജനം മഹാത്മജി കാര്യപരിപാടിയിൽ ഉൾപ്പെടുത്തി രാജ്യസമക്ഷം വെക്കുന്നതിനു മുമ്പുതന്നെ ഞങ്ങളുടെ ഗുരു ഞങ്ങളോടു മദ്യവർജനം ചെയ്യാൻ ഉപദേശിച്ചു. ചെത്തു നിറുത്താൻ ഞങ്ങൾ ഉറ്റു ശ്രമിക്കുകയാണു്. എക്സൈസ് ഡിപ്പാർട്ടുമെന്റുകാർ അടുത്ത ഷാപ്പ് ലേലം ചെയ്യുമ്പോൾ ലേലത്തിൽ വിളികേൾക്കാൻ ഞങ്ങളുടെ ആളുകൾ ആരും പോകരുതെന്നു് ഞങ്ങൾ ഷാപ്പുകാരെയും മറ്റു സമുദായാംഗങ്ങളെയും ഉപദേശിക്കുന്നുണ്ടു്. ചെത്തു നിറുത്താനുള്ള ഞങ്ങളുടെ ശ്രമം തിരുവിതാംകൂർ ഗവൺമെന്റിനെ വല്ലാതെ ഭ്രമിപ്പിച്ചിട്ടുണ്ടെന്നു തോന്നുന്നു. ഗവണ്മെന്റിന്റെ ആഭിമുഖ്യത്തിൽ ചെത്തു പഠിപ്പിക്കാൻ ഒരു പാഠശാല സ്ഥാപിച്ചു് അന്യ സമുദായത്തിലുള്ളവരെ ചെത്തു പഠിപ്പിച്ചു് കള്ളുചെത്തി ഉണ്ടാക്കുന്ന തൊഴിൽ അവരുടെ ഇടയിൽ നടപ്പാക്കാൻ ഗവണ്മെന്റ് ആലോചിച്ചുവരുന്നതായി റിപ്പോർട്ടുകളിൽ കാണുന്നു. മദ്യം ധാന്യങ്ങളിൽനിന്നു വാറ്റി എടുക്കാനും ഗവണ്മെന്റ് ശ്രമിച്ചുവരുന്നു. ഇങ്ങനെയാണു് ധർമ്മരാജ്യ ഗവണ്മെന്റ് മദ്യവർജനത്തെ സഹായിക്കുന്നതു്’.
“നിങ്ങളുടെ ഗുരു മദ്യവർജ്ജനം ചെയ്യാൻ ആളുകളെ ഉപദേശിച്ചു വരുന്നതായി കാണുന്നതിൽ സന്തോഷിക്കുന്നു. അദ്ദേഹത്തിന്റെ സന്ദേശത്തെ നിങ്ങൾ ഊർജിതമായി നടപ്പിൽ വരുത്താൻ ശ്രമിക്കുമെന്നു് വിശ്വസിക്കുന്നു”: ഗാന്ധിജി പറഞ്ഞു.
1098-ാമാണ്ടു് മേടമാസം 29, 30 തീയതികളിൽ നടന്ന എസ്. എൻ. ഡി. പി. യോഗത്തിന്റെ 20-ാം വാർഷിക സമ്മേളനത്തിൽ മഹാകവി കുമാരനാശാൻ ചെയ്ത അധ്യക്ഷപ്രസംഗത്തിൽ ഇപ്രകാരം പറഞ്ഞു: “മദ്യവർജന പ്രസ്ഥാനം സമുദായത്തിൽ വളരെ ക്ലേശങ്ങൾ ഉണ്ടാക്കിത്തീർത്തിട്ടുള്ള ഒന്നാകുന്നു. ഈഴവർ ഇതിനു് ആരംഭിച്ചതു് സ്വാമിതൃപ്പാദങ്ങളുടെ ധാർമികമായ ഉപദേശങ്ങളെ പുരസ്കരിച്ചു മാത്രമാണു്. സാമ്പത്തികമായ ചില്ലറ ഗുണങ്ങളെ മനഃപൂർവം അവഗണിച്ചുകൊണ്ടാണു് സാന്മാർഗികമായ ഈ പ്രക്ഷോഭണം സമുദായനേതാക്കൾ നടത്തുന്നതു്. മഹാത്മാവായ സ്വാമിതൃപ്പാദങ്ങളുടെ അനുഗ്രഹ ശക്തിയാൽത്തന്നെ ഈ ശ്രമം അചിരേണ വിജയശേഖരിതമായിത്തീരുമെന്നു് ഞാൻ ആശംസിക്കുന്നു”.
എന്നാൽ മഹാകവിയുടെ ശുഭാപ്തിവിശ്വാസം തികച്ചും അസ്ഥാനത്തായി. ഒന്നുരണ്ടുവർഷത്തിനകം മദ്യവർജന പ്രക്ഷോഭം കെട്ടടങ്ങി. 1103-ലെ 25-ാമതു് വാർഷിക യോഗമാകുമ്പോഴേക്കും സമ്പൂർണ്ണ മദ്യവർജനം അജണ്ടയിൽനിന്നു് ഒഴിവാക്കാൻ ടി. കെ. മാധവൻ നിർബന്ധിതനായി.
“കള്ളുചെത്തിക്കൊടുക്കണം
ചാരായം വാറ്റിവിൽക്കണം
രണ്ടുമൽപം കഴിക്കണം
സ്വാമിപാദം ജയിക്കണം”
എന്നു് സി. വി. കുഞ്ഞുരാമൻ പരിഹസിക്കുകയുമുണ്ടായി.
1104 കന്നി അഞ്ചാം തീയതി (20.9.1928) ശ്രീനാരായണഗുരു സമാധിയായി. രണ്ടുവർഷത്തിനുശേഷം ടി. കെ. മാധവനും നിര്യാതനായി. മദ്യവർജനം എന്ന ആശയം തന്നെ യോഗനേതൃത്വത്തെ അലട്ടാതായി.
പോകെപ്പോകെ മദ്യവ്യവസായികൾ ശ്രീനാരായണ ധർമ്മ പരിപാലകരാകുകയും കള്ളുവിറ്റ പണംകൊണ്ടു് ഗുരുമന്ദിരങ്ങൾ ഉയർത്തുകയും ചെയ്തു. മാർബിൾ കൊണ്ടും സിമന്റുകൊണ്ടും പൾപ്പുകൊണ്ടും പ്ലാസ്റ്റർ ഓഫ് പാരീസുകൊണ്ടുമെല്ലാം ഗുരുവിനു് പ്രതിമകളുമുണ്ടായി. ശിഷ്യന്മാരെയും വെറുതെവിട്ടില്ല—കുമാരനാശാനു് തിരുവനന്തപുരത്തും ടി. കെ. മാധവനു് വൈക്കത്തും സഹോദരൻ അയ്യപ്പനു് എറണാകുളത്തും പ്രതിമകളുണ്ടായി.
എഴുപതുകളിൽ ചെത്തുതൊഴിലാളികളുടെ ജീവിത നിലവാരവും മെച്ചപ്പെട്ടു. അപ്പോൾ എൻ. എസ്. എസ്. ജനറൽ സെക്രട്ടറി കിടങ്ങൂർ ഗോപാലകൃഷ്ണപിള്ള ചെത്തു പഠിക്കാൻ നായർ യുവാക്കളെ ആഹ്വാനം ചെയ്തു. കിടങ്ങൂരദ്ദേഹത്തിന്റെ ആഹ്വാനം യോഗം ജനറൽ സെക്രട്ടറി പ്രൊഫ. പി. എസ്. വേലായുധൻ അവർകളെ ചൊടിപ്പിച്ചു. ചെത്തു് ഞങ്ങളുടെ ജന്മാവകാശമാണു്!
എഴുപതുകളിൽത്തന്നെ എസ്. എൻ. ഡി. പി.-യുടെ ആഭിമുഖ്യത്തിൽ ഒരു രാഷ്ട്രീയ സംഘടനയുമുണ്ടായി. സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ പാർട്ടി. 1982-ലെ തെരഞ്ഞെടുപ്പിൽ ആർ. എസ്. പി.-ക്കു് രണ്ടു എം. എൽ. എ. മാരുണ്ടായി. പാർട്ടിയെ പ്രതിനിധാനം ചെയ്തു് എൻ. ശ്രീനിവാസൻ (എസ്. എൻ. ഡി. പി. യോഗം മുൻ പ്രസിഡന്റ്) മന്ത്രിയുമായി. ദൈവാധീനംകൊണ്ടും ഗുരുദേവന്റെ അനുഗ്രഹത്താലും എക്സൈസ് വകുപ്പുതന്നെ കിട്ടി. ബാർ ലൈസൻസ് ഫീ കുറക്കുകയായിരുന്നു ബഹു: മന്ത്രി ചെയ്ത ആദ്യത്തെ ധീരകൃത്യം.
സംഘടനകൊണ്ടു് ശക്തരാകുക. മദ്യം വിറ്റു് സമ്പന്നരാകുക!
1982-ലെ ചതയദിനത്തിൽ വൈപ്പിൻകരയിൽ വിഷമദ്യദുരന്തം ഉണ്ടായി. മരിച്ചവരിലും കാഴ്ച നഷ്ടപ്പെട്ടവരിലും ഗണ്യമായ ഭാഗം ശ്രീനാരായണീയർ ആയിരുന്നു. മദ്യം വിഷമാണു് എന്ന ശ്രീനാരായണ സിദ്ധാന്തം പ്രവൃത്തിയിലൂടെ സാധൂകരിച്ച അബ്കാരികളും തഥൈവ.
ഇതൊക്കെയാണെങ്കിലും യോഗത്തിന്റെ താക്കോൽ സ്ഥാനങ്ങളിൽ മദ്യരാജാക്കന്മാർ എത്തിച്ചേർന്നതു് കഴിഞ്ഞ (1996) തെരഞ്ഞെടുപ്പിൽ മാത്രമാണു്. ഇപ്പോഴത്തെ തെരഞ്ഞെടുപ്പു് അവരുടെ മേധാവിത്വം അഷ്ടബന്ധമിട്ടുറപ്പിക്കുകയും ചെയ്തിരിക്കുന്നു. മദ്യമുതലാളിമാർ ജയഭേരി മുഴക്കുമ്പോൾ വീണ്ടും വീണ്ടും പരാജയമേറ്റു വാങ്ങുന്നതു് ശ്രീനാരായണഗുരുവല്ലാതെ മറ്റാരാണു്?
അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനും രാഷ്ട്രീയ നിരൂപകനുമാണു് അഡ്വക്കറ്റ് എ. ജയശങ്കർ. മാധ്യമം ദിനപത്രത്തിൽ ‘കെ. രാജേശ്വരി’ എന്ന തൂലികാ നാമത്തിൽ എഴുതിയ ലേഖനങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളികൾക്കിടയിൽ അദ്ദേഹം കൂടുതൽ പ്രശസ്തി നേടിയതു് ഇന്ത്യാവിഷൻ ചാനലിലെ പ്രതിവാര ദിനപത്ര അവലോകന പരിപാടിയായ വാരാന്ത്യം എന്ന പരിപാടിയിലൂടെയാണു്. തനതായ ഒരു അവതരണ ശൈലിയാണു് ഈ പരിപാടിയിൽ അദ്ദേഹം പ്രകടമാക്കുന്നതു്. മലയാളത്തിലെ പ്രമുഖ വാർത്താ ചാനലുകളിലെല്ലാം രാഷ്ട്രീയ ചർച്ചകളിൽ സ്ഥിരം സാന്നിധ്യമാണു് ഇദ്ദേഹം. കേരള രാഷ്ട്രീയത്തിലെയും ഇന്ത്യൻ രാഷ്ട്രീയത്തിലെയും ജയശങ്കറിന്റെ അഗാധമായ അറിവിനൊപ്പം ഹാസ്യവും ഗൗരവവും കലർന്ന അദ്ദേഹത്തിന്റെ നിർഭയത്വതോടെയുള്ള അവതരണ രീതിയും ഏറെ ജനപ്രിയമാണു്.