കള്ളു് സഹകരണ സംഘങ്ങളെന്നപോലെ കേരള ചരിത്ര ഗവേഷണ കൗൺസിലും പിരിച്ചുവിടാൻ പ്രതിജ്ഞാബദ്ധമാണു് ഐക്യജനാധിപത്യമുന്നണി സർക്കാർ. രണ്ടും സഖാക്കളുടെ നിയന്ത്രണത്തിലുള്ളവ; അക്കാരണംകൊണ്ടുതന്നെ മനുഷ്യസമുദായത്തിനു് ആപത്കരവും. കള്ളുവിൽപന ആരെ ഏൽപിക്കണമെന്ന കാര്യത്തിൽ പള്ളിക്കാരും വെള്ളാപ്പള്ളിയും തമ്മിൽ അഭിപ്രായവ്യത്യാസമുള്ളതിനാൽ അന്തിമതീരുമാനം ഉണ്ടായിട്ടില്ല. ചരിത്രരചനയെപ്പറ്റി സന്ദേഹമൊന്നുമില്ല—ഗസറ്റിയർ വകുപ്പു് പുനഃസ്ഥാപിക്കുകതന്നെ.
ചരിത്രരചനക്കു് ഗസറ്റിയർ വകുപ്പു് ധാരാളം മതിയെന്നാണു് സാംസ്കാരികമന്ത്രിയുടെ മതം. ഗസറ്റും ഗസറ്റിയറും തമ്മിലുള്ള വ്യത്യാസമെങ്കിലും അറിയാവുന്നവർ വേണം സാംസ്കാരികമന്ത്രിയാകാൻ എന്നു് ഭരണഘടനയിൽ വ്യവസ്ഥയില്ല. അതുകൊണ്ടു് വായിൽ വന്നതു് മന്ത്രിക്കു് പാട്ടു്.
സർക്കാർ ഗസറ്റ് തയ്യാറാക്കുന്നയാളെയാണു് ആദ്യകാലത്തു് ഗസറ്റിയർ എന്നു പറഞ്ഞുവന്നിരുന്നതു്. 1703-ൽ ലോറൻസ് എച്ചാർഡ് പ്രസിദ്ധീകരിച്ച ‘ഗസറ്റിയേഴ്സ് ഓർ ന്യൂസ്മെൻസ് ഇന്റർപ്രറ്റർ’ എന്ന ഭൂമിശാസ്ത്ര ഗ്രന്ഥത്തിലാണു് ഭൂമിശാസ്ത്ര-സ്ഥലനാമസൂചിക എന്ന അർത്ഥത്തിൽ ഗസറ്റിയർ എന്ന പദം ആദ്യമായി ഉപയോഗിച്ചതു്. തങ്ങൾ കീഴടക്കി ഭരിക്കുന്ന നാടിനെപ്പറ്റി, ജനവിഭാഗങ്ങളെപ്പറ്റി, പ്രകൃതി വിഭാഗങ്ങളെപ്പറ്റി സൂക്ഷ്മമായ വിവരങ്ങൾ ശേഖരിക്കേണ്ടതു് ആവശ്യമായിരുന്നതിനാൽ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയാണു് ഇന്ത്യയിൽ ഗസറ്റിയർ രചനക്കു് മുൻകൈ എടുത്തതു്. വില്യം ഹണ്ടറു ടെ പത്രാധിപത്യത്തിൽ ഇംപീരിയൽ ഗസറ്റിയർ ഓഫ് ഇന്ത്യ 1881-ൽ പ്രസിദ്ധീകൃതമായി. ഇതിന്റെ രണ്ടാം പതിപ്പു് 14 വാല്യങ്ങളായി 1887–97 കാലത്തു് പ്രസിദ്ധീകരിച്ചു.
ഇംപീരിയൽ ഗസറ്റിയറിനെ തുടർന്നു് അതതു് ജില്ലകളുടെ ചരിത്രത്തെയും സംസ്കാരത്തെയും ഭരണത്തെയും കുറിച്ചു് പ്രതിപാദിക്കുന്ന സ്റ്റേറ്റ് മാന്വലുകൾ പ്രസിദ്ധീകരിക്കാനായി പദ്ധതി. 1875–88 കാലത്തു് മലബാർ കലക്ടറായിരുന്ന വില്യംലോഗൻ ആയിരുന്നു മലബാർ മാന്വൽ എഴുതാൻ നിയോഗിച്ചതു്. രണ്ടു് വാല്യങ്ങളിലായി നാലു് അധ്യായങ്ങളുള്ളതാണു് ലോഗന്റെ മലബാർ മാന്വൽ. മലബാറിന്റെ ഭൂമിശാസ്ത്രം ഒന്നാമധ്യായത്തിലും ജാതി, മതം, ആചാരസമ്പ്രദായങ്ങൾ, ഭാഷ, സാഹിത്യം, വിദ്യാഭ്യാസം തുടങ്ങിയവ രണ്ടാമധ്യായത്തിലും പ്രാചീനകാലം മുതൽ ബ്രിട്ടീഷ് അധിനിവേശം വരെയുള്ള സംക്ഷിപ്ത ചരിത്രം മൂന്നാമധ്യായത്തിലും കുടിയായ്മ, ഭൂനികുതി എന്നിവയുടെ വിശദാംശങ്ങൾ നാലാമധ്യായത്തിലും ചർച്ച ചെയ്യുന്നു. 1908-ൽ എച്ച്. വി. ഇവാൻസ് പരിഷ്കരിച്ച മലബാർ ഡിസ്ട്രിക്ട് ഗസറ്റിയർ പ്രസിദ്ധപ്പെടുത്തി.
മലബാർ മാന്വലിന്റെ പ്രസിദ്ധീകരണം തിരുവിതാംകൂർ സർക്കാറിന്റെ കണ്ണുതുറപ്പിച്ചു. ധർമരാജ്യത്തിന്റെ ഭൂമിശാസ്ത്രപരവും ചരിത്രപരവും സാംസ്കാരികവുമായ പ്രത്യേകതകൾ ഉൾപ്പെടുത്തി മാന്വൽ തയാറാക്കാൻ ശ്രീമൂലം തിരുനാൾ രാമവർമ്മ മഹാരാജാവു് കൽപിച്ചു. അന്നു് ദിവാൻ പേഷ്കാരായിരുന്ന വി. നാഗമയ്യ എന്ന തെലുങ്കുബ്രാഹ്മണനെ 1904-ൽ മുഴുസമയ സ്റ്റേറ്റ് മാന്വൽ ഓഫീസറായി നിയമിച്ചു. ആഴത്തിലല്ലെങ്കിലും പരപ്പിൽ ലോഗനെ അതിശയിപ്പിക്കുന്ന തിരുവിതാംകൂർ സ്റ്റേറ്റ് മാന്വൽ 1906-ൽ മൂന്നു വാല്യങ്ങളിലായി പുറത്തുവന്നു. ചിത്തിരത്തിരുനാളി ന്റെ ഭരണകാലത്തു് സ്റ്റേറ്റ് മാന്വൽ പരിഷ്കരിക്കാനുള്ള ചുമതലയേല്പിച്ചതു് പ്രമുഖ അഭിഭാഷകനും നിയമസഭാ സാമാജികനുമായ ടി. കെ. വേലുപ്പിള്ളയെ ആയിരുന്നു. 1940-ൽ നാലുവാല്യങ്ങളുള്ള തിരുവിതാംകൂർ സ്റ്റേറ്റ് മാന്വൽ പ്രസിദ്ധീകരിക്കപ്പെട്ടു. തിരുവിതാംകൂറിന്റെ അഞ്ചിലൊന്നേ വിസ്തീർണമുള്ളുവെങ്കിലും കൊച്ചി മൽസരബുദ്ധി കൈവിട്ടില്ല. ചങ്ങരംപൊന്നത്തു് അച്യുതമേനോന്റെ കൊച്ചിൻ സ്റ്റേറ്റ് മാന്വൽ 1911-ൽ പുറത്തിറങ്ങി.
സ്വാതന്ത്ര്യ പ്രാപ്തിക്കുശേഷം ‘ഇംപീരിയൽ ഗസറ്റിയർ’ കാലഹരണപ്പെട്ടു എന്നുതോന്നുകയാൽ ഗസറ്റിയർ ഓഫ് ഇന്ത്യ എന്നു പുനർനാമകരണം ചെയ്തു് പഴയ പുസ്തകങ്ങൾ പുനഃപരിശോധന നടത്തി പ്രകാശിപ്പിക്കാൻ തുടങ്ങി. കേന്ദ്ര നിർദ്ദേശമനുസരിച്ചു് സംസ്ഥാനത്തു് ഗസറ്റിയർ വകുപ്പു് ആരംഭിച്ചതു് 1958-ൽ ആയിരുന്നു. ഹാർവാഡിൽ നിന്നു് പഠനം കഴിഞ്ഞെത്തിയ എ. ശ്രീധരമേനോനെ 1959-ൽ സ്റ്റേറ്റ് എഡിറ്ററായി നിയമിച്ചു. ചരിത്രപണ്ഡിതരും സാംസ്കാരികപ്രവർത്തകരുമടങ്ങുന്ന ഉപദേശകസമിതിയും രൂപവത്കരിച്ചു. 1962-ൽ തിരുവനന്തപുരം ജില്ലാ ഗസറ്റിയർ പുറത്തിറങ്ങി. 1968-ൽ മേനോൻ കേരള സർവകലാശാല രജിസ്ട്രാറായി പോകുമ്പോഴേക്കും എട്ടു ജില്ലകളുടെ ഗസറ്റിയറുകൾ പ്രസിദ്ധീകരിച്ചുകഴിഞ്ഞിരുന്നു. ഡോ. സി. കെ. കരീമി ന്റെ പത്രാധിപത്യത്തിൽ പാലക്കാടു്, മലപ്പുറം ജില്ലാ ഗസറ്റിയറുകളും പ്രസിദ്ധപ്പെടുത്തി. പത്തു ജില്ലകൾക്കും ഗസറ്റിയർ ആയപ്പോൾ സപ്ലിമെന്ററി ഗസറ്റിയറുകൾ പുറത്തിറക്കലായി വകുപ്പിന്റെ പണി. അതും തീർന്നപ്പോൾ കേരളാ സ്റ്റേറ്റ് ഗസറ്റിയർ (മൂന്നു വാല്യങ്ങൾ).
ലോഗൻ സായ്പും നാഗമയ്യയും വെട്ടിത്തെളിച്ച അതേ പാതയിലൂടെയാണു് ശ്രീധരമേനോനും പിൻഗാമികളും സഞ്ചരിച്ചതു്. 1978-ൽ തയ്യാറാക്കിയതും 1986-ൽ പ്രസിദ്ധീകരിക്കപ്പെട്ടതുമായ മലപ്പുറം ജില്ലാ ഗസറ്റിയർ നോക്കുക. 19 അധ്യായങ്ങൾ, 900-ത്തിലേറെ പേജുകൾ. ഒന്നാമധ്യായത്തിൽ ജില്ലയെക്കുറിച്ചുള്ള പൊതുവായ വിവരങ്ങൾ, ഭൂപ്രകൃതി, കാലാവസ്ഥ. രണ്ടാമധ്യായത്തിൽ ചരിത്രം. മൂന്നാമധ്യായത്തിൽ സാമൂഹികഹജീവിതം. നാലുമുതൽ പതിനാലുവരെ അധ്യായങ്ങളിൽ കൃഷി, ജലസേചനം, വ്യവസായം, വാണിജ്യം, മറ്റു തൊഴിലുകൾ, സാമ്പത്തിക ജീവിതം, പൊതുഭരണം, റവന്യൂ, നീതിന്യായം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ. പതിനഞ്ചാമധ്യായത്തിൽ വിദ്യാഭ്യാസം, സംസ്കാരം. തുടർന്നു് പൊതുജനാരോഗ്യം, സാമൂഹിക സംഘടനകൾ, പ്രധാന സ്ഥലങ്ങളെക്കുറിച്ചുള്ള വിവരണം. ഇതിൽ ചരിത്രം, സമൂഹം എന്നിവയൊഴികെയുള്ള അധ്യായങ്ങൾ കേവലം സ്ഥിതിവിവരക്കണക്കുകൾ മാത്രമാണു്. മനോരമ ഇയർബുക്കിലുള്ളതിനെക്കാൾ വളരെ കൂടുതലൊന്നുമില്ല ഗസറ്റിയറുകളിൽ. ഭാഷ ആംഗലേയമായതിനാൽ സാധാരണക്കാർ വായിച്ചു് ഉദ്ബുദ്ധരാകുമെന്ന ഭയമേ വേണ്ട. മറുനാട്ടുകാരായ വല്ല ഐ. എ. എസ്-ഐ. പി. എസ്. ഉദ്യോഗസ്ഥരോ മറ്റോ വായിച്ചാലായി.
ഡോ. കെ. എൻ. ഗണേഷ് സ്റ്റേറ്റ് എഡിറ്ററായിരിക്കവേ ഗസറ്റിയേഴ്സ് വകുപ്പു് സംഘടിപ്പിച്ച ചരിത്രരചനാശില്പശാലയിലായിരുന്നു ചരിത്രഗവേഷണ കൗൺസിൽ എന്ന ആശയം ഉരുത്തിരിഞ്ഞതു്. ചരിത്രഗവേഷക കുലഗുരു എം. ജി. എസ്. നാരായണനാ ണു് സ്വയംഭരണാവകാശമുള്ള ഗവേഷണസമിതി എന്ന ആശയം ആദ്യമായി അവതരിപ്പിച്ചതു്. സ്വപ്നം സാക്ഷാത്കരിക്കപ്പെടുംമുമ്പു് രണ്ടാം നായനാർ മന്ത്രിസഭ പോയി; ഗണേഷ് കാലിക്കറ്റ് സർവകലാശാലയിലേക്കും മടങ്ങി. കഴിഞ്ഞ സർക്കാറിന്റെ കാലത്തു് ഡോ. പി. ജെ. ചെറിയാൻ ഗസറ്റിയർ വകുപ്പിൽ സ്റ്റേറ്റ് എഡിറ്ററായി വന്നപ്പോൾ സ്വപ്നങ്ങൾക്കു് വീണ്ടും ചിറകു് മുളച്ചു. സാംസ്കാരികമന്ത്രി ടി. കെ. രാമകൃഷ്ണ നും കൗൺസിലിനു് പച്ചക്കൊടി കാട്ടി. 2000 ഫെബ്രുവരി 18-നു് നിയമസഭയിൽ നടത്തിയ നയപ്രഖ്യാപനപ്രസംഗത്തിൽ ഗവർണർ ചരിത്രഗവേഷണ കൗൺസിൽ രൂപവത്കരണം സംബന്ധിച്ച സർക്കാർ തീരുമാനം പ്രഖ്യാപിച്ചു.
കൗൺസിൽ രൂപവത്കരണത്തിനാവശ്യമായ പഠനം നടത്തി മൂന്നു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ഡോ. ചെറിയാനെ സ്പെഷൽ ഓഫീസറായി നിയോഗിച്ചു. ശ്രീചിത്രാ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് റിജ്യനൽ കാൻസർ സെന്റർ, സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസ് എന്നിവയുടെ മാതൃകയിലുള്ള ഗവേഷണസ്ഥാപനമാണു് ശിപാർശ ചെയ്യപ്പെട്ടതു്. അന്നത്തെ സാംസ്കാരിക വകുപ്പു് സെക്രട്ടറി ഡോ. ബാബു പോളി ന്റെ അനുഗ്രഹാശിസ്സുകളും റിപ്പോർട്ടിനുണ്ടായിരുന്നു.
ചരിത്രഗവേഷണ കൗൺസിൽ രൂപവത്കരിക്കാൻ 2001 മാർച്ച് എട്ടിനു് മന്ത്രിസഭ തീരുമാനിച്ചു. ഗസറ്റിയർ വകുപ്പു് ചരിത്രകൗൺസിലാക്കി പരിവർത്തനം ചെയ്യാനുള്ള തീരുമാനം മാർച്ച് 15-നു് സർക്കാർ ഉത്തരവായി പുറത്തുവന്നു. തിരുവിതാംകൂർ-കൊച്ചി സാഹിത്യ, ശാസ്ത്രീയ, ധർമസ്ഥാപന സൊസൈറ്റീസ് രജിസ്ടേഷൻ നിയമപ്രകാരം രജിസ്റ്റർ ചെയ്യപ്പെടുന്ന സ്വയംഭരണ സ്ഥാപനമായിരിക്കും കൗൺസിലെന്നായിരുന്നു സർക്കാർ നിർദ്ദേശിച്ചതു്. ഗസറ്റിയർ വകുപ്പിന്റെ പ്രവർത്തനം അതോടെ അവസാനിച്ചു. സ്റ്റേറ്റ് എഡിറ്ററെ കൗൺസിലിന്റെ ഡയറക്ടറായി നിയമിക്കുകയും ചെയ്തു. കൗൺസിലിൽ ചെയർമാനും സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന ഒമ്പതു ചരിത്രകാരന്മാർക്കും പുറമെ ധനകാര്യ, സാംസ്കാരിക വകുപ്പു് സെക്രട്ടറിമാരും ആർക്കൈവ്സ്, ആർക്കിയോളജി ഡയറക്ടർമാരും അംഗങ്ങളാണു്. ഗസറ്റിയർ വകുപ്പിന്റെ ആസ്തികൾ കൗൺസിലിനു് കൈമാറി; ആസ്ഥാനം വൈലോപ്പിള്ളി സംസ്കൃതിഭവനിലേക്കു് മാറ്റുകയും ചെയ്തു.
മന്ത്രിസഭാ തീരുമാനം സർക്കാറുത്തരവായി പുറത്തുവരുംമുമ്പുതന്നെ മലയാള മനോരമ വെടിപൊട്ടിച്ചു. ധന-നിയമ വകുപ്പുകളുടെ തടസ്സവാദങ്ങൾ മറികടന്നുകൊണ്ടാണു് മാർക്സിസ്റ്റുകാരെ കുത്തിനിറച്ചു് കൗൺസിൽ രൂപവത്കരിക്കുന്നതു് എന്ന സ്തോഭജനകമായ വാർത്ത മാർച്ച് 13-നു് പത്രത്തിൽ വന്നു. കൗൺസിൽ രൂപവത്കരണത്തെ തീരഞ്ചും എതിർത്തുകൊണ്ടു് ഭാരതീയ വിചാരകേന്ദ്രവും ഇതിനകം വി. എച്ച്. പി. സഹയാത്രികനായിത്തീർന്ന എം. ജി. എസ്. നാരായണനും രംഗത്തുവന്നു. കൗൺസിലിനെ എതിർക്കുന്ന വാർത്തകൾ ദിനംപ്രതി പൊലിപ്പിച്ച മനോരമ, മാർച്ച് 17-നു് അനുകരണീയമായ ശൈലിയിൽ മുഖപ്രസംഗവും എഴുതി.
കൗൺസിലേക്കു് നാമനിർദ്ദേശം ചെയ്യപ്പെട്ടവരിൽ നാലുപേർ—എം. ജി. എസ്. നാരായണൻ, എം. ഗംഗാധരൻ, ശ്രീധരമേനോൻ, കുസുമൻ—അംഗത്വം നിരാകരിച്ചു. ഡോ. കെ. എൻ. പണിക്കർ ചെയർമാനും ഡോ. രാജൻ ഗുരുക്കൾ, കെ. കെ. എൻ. കുറുപ്പ്, മീരാ വേലായുധൻ, എം. ആർ. രാഘവവാര്യർ, മൈക്കിൾ തരകൻ, കേശവൻ വെളുത്താട്ട്, കെ. എൻ. ഗണേഷ്, കെ. എസ്. മാത്യു, എസ്. എം. മുഹമ്മദ്കോയ എന്നിവരെ അംഗങ്ങളുമാക്കി 17.3.2001-ൽ സർക്കാർ ഉത്തരവു് പുറപ്പെടുവിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യമുന്നണി കടപുഴകുകയും വലതുമുന്നണിയുടെ താക്കോൽസ്ഥാനത്തു് മലയാള മനോരമയുടെ വിശ്വസ്തനായ ഉമ്മൻചാണ്ടി വരികയും ചെയ്തതോടെ ചരിത്ര കൗൺസിലിന്റെ നാളുകൾ എണ്ണപ്പെട്ടു എന്ന കിംവദന്തി അനന്തപുരിയിൽ പടർന്നുപിടിച്ചു. ഒരു സർക്കാർ ഉത്തരവുകൊണ്ടു് ഇല്ലാതാക്കാനാകും എന്ന ചില ധുരന്ധരന്മാർ അടക്കം പറഞ്ഞു. പുനഃസ്ഥാപിക്കപ്പെടുന്ന ഗസറ്റിയർ വകുപ്പിന്റെ അമരക്കാരനാകാൻ ചില ഖദർധാരികൾ ശ്രമം തുടങ്ങാതെയുമിരുന്നില്ല. കാർത്തികേയൻ പക്ഷേ, കൗൺസിൽ പിരിച്ചുവിടുമെന്ന സൂചനയൊന്നും നൽകിയില്ല. ആരോഗ്യമന്ത്രി ശങ്കരന്റെ ധർമപത്നി പേരാമ്പ്ര സർക്കാർ കോളേജിൽനിന്നു് ഡെപ്യൂട്ടേഷൻ വാങ്ങി ചരിത്ര കൗൺസിലിൽ വന്നപ്പോൾ പിരിച്ചു വിടൽ ഇനിയുണ്ടാകില്ല എന്നുപോലും കരുതിപ്പോയി. കൗൺസിലാണെങ്കിൽ ഹൈസ്ക്കൂൾ വിദ്യാർത്ഥികൾക്കുള്ള ചരിത്രാന്വേഷണയാത്രകളുമായി മുന്നോട്ടുനീങ്ങുകയും ചെയ്തു.
അഡ്വക്കേറ്റ് ജനറലിനോടോ നിയമവകുപ്പിനോടോ കൂടിയാലോചിക്കാതെയും തിടുക്കപ്പെട്ടുമാണു് കൗൺസിൽ പിരിച്ചുവിടാൻ തീരുമാനമെടുത്തതു് എന്ന കാര്യം പകൽപോലെ വ്യക്തമാണു്. സൊസൈറ്റീസ് ആക്ടിലെ വ്യവസ്ഥകൾ പാലിക്കാതെയാണു് കൗൺസിൽ പിരിച്ചുവിടാൻ തുനിഞ്ഞതു്. അക്കാരണംകൊണ്ടു് തന്നെ കൗൺസിൽ അംഗങ്ങൾക്കു് ഹൈക്കോടതിയെ സമീപിച്ചു് സ്റ്റേവാങ്ങാനും കഴിഞ്ഞു.
നിക്ഷിപ്തമായ ചുമതലകൾ നിർവഹിക്കുന്നതിനു് പകരം അധികാരദുർവിനിയോഗമാണു് കൗൺസിൽ നടത്തുന്നതെന്നു് കണ്ടെത്തിയതിനാലാണു് പിരിച്ചുവിടൽ എന്നാണു് സെപ്തംബർ 19-ാം തീയതി മുഖ്യമന്ത്രി വാർത്താലേഖകരോടു് പറഞ്ഞതു്. അധികാരദുർവിനിയോഗത്തിന്റെ വിശദാംശങ്ങളൊന്നും വെളിപ്പെടുത്താൻ ആദർശധീരൻ കൂട്ടാക്കിയതുമില്ല. സെപ്റ്റംബർ 22-ാം തീയതി സാംസ്കാരിക വകുപ്പു് സെക്രട്ടറി തുല്യം ചാർത്തിയ സർക്കാർ ഉത്തരവിൽ പിരിച്ചുവിടലിനു് യാതൊരു കാരണവും പറഞ്ഞിട്ടില്ല. സാമ്പത്തികപരാധീനത മൂലമാണു് കൗൺസിലിന്റെ പിരിച്ചുവിടുന്നതെന്നാണു് ഹൈക്കോടതിയിൽ സർക്കാർ ബോധിപ്പിച്ച എതിർസത്യവാങ്മൂലം. കൗൺസിൽ ചെയർമാൻ തന്നെ നേരിട്ടു് വന്നു് കാണുകപോയിട്ടു്, ഫോണിൽ വിളിക്കാനുള്ള മര്യാദപോലുമില്ലാത്തയാളാണു് എന്നാണു് കാർത്തികേയൻ പരാതിപ്പെടുന്നതു്. തിരുമുൽക്കാഴ്ച സമർപ്പിച്ചു് തിരുമുമ്പിൽ ഓച്ചാനിച്ചുനിൽക്കാൻ സാംസ്കാരികമന്ത്രിയുടെ പാട്ടക്കാരോ കുടിയാന്മാരോ ആണോ ചരിത്രകാരന്മാർ?
സെപ്റ്റംബർ 22-നുതന്നെ മറ്റൊരു ഉത്തരവുപ്രകാരം ഗസറ്റിയർ വകുപ്പിന്റെ ചുമതല ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറെ ഏൽപിക്കുകയും ചെയ്തു. എം. തോമസ് മാത്യു അന്നുതന്നെ ചാർജെടുക്കുകയും ചെയ്തു. ഹൈക്കോടതി സ്റ്റേ നിമിത്തം രണ്ടാമത്തെ ഉത്തരവു് ജലരേഖയായെന്നുമാത്രം (ആത്മാവിന്റെ മുറിവുകൾ!). 18.5.2001-നുശേഷം ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ കേരള ഹിസ്റ്റോറിക്കൽ റിസർച്ച് കൗൺസിലിൽ നിയോഗിച്ചവർക്കു് ഗസറ്റിയർ വകുപ്പിൽ തുടരാൻ രണ്ടാമത്തെ ഉത്തരവു് അനുവാദം നൽകിയിട്ടുണ്ടു്. മെയ് 18-നുശേഷം ഡെപ്യൂട്ടേഷനിൽ വന്ന ഏകവ്യക്തി ആരോഗ്യമന്ത്രിയുടെ ധർമദാരങ്ങൾ മാത്രമാണു്. മന്ത്രിമന്ദിരത്തിലെ കുടുംബകലഹമൊഴിവാക്കിയ സാംസ്കാരികവകുപ്പു് സെക്രട്ടറിക്കു് നമോവാകം!
അഫ്ഗാൻ യുദ്ധസന്നാഹങ്ങൾക്കിടയിലും കൗൺസിലിന്റെ പിരിച്ചുവിടൽ വലിയ വാർത്താപ്രാധാന്യം നേടി. ഇംഗ്ലീഷ് പത്രങ്ങളും ടെലിവിഷൻ ചാനലുകളുമാണു് മുൻകൈയെടുത്തതു്. ഇർഫാൻ ഹബീബും ആർ. എസ്. ശർമ യുമടക്കമുള്ള ചരിത്രകാരന്മാർ സർക്കാർ നടപടിയെ അപലപിച്ചു. സക്കറിയ യും ബി. രാജീവനും കെ. ജി. ശങ്കരപ്പിള്ള യുമൊക്കെ പിരിച്ചുവിടലിനെ എതിർത്തു് പ്രസ്താവനകളിറക്കി. മറുഭാഗത്തു് ഭാരതീയ വിചാരകേന്ദ്രത്തിന്റെ പിന്തുണയേ സർക്കാറിനു് കിട്ടിയുള്ളു. മാർക്സിസ്റ്റ് വിരുദ്ധരായ എ. ശ്രീധരമേനോനും ടി. കെ. രവീന്ദ്രനും പിരിച്ചുവിടലിനെ ശ്ലാഘിച്ചു. എം. ജി. എസിന്റെ കാര്യം പറയാനുമില്ല. “പാർട്ടിക്കുവേണ്ടി, പാർട്ടിക്കാരെ നിറച്ചു്, പാർട്ടിക്കാരാൽ നിർമ്മിക്കപ്പെട്ട ഒന്നായിരുന്നു കേരള ചരിത്രഗവേഷണ കൗൺസിൽ.”
പത്രങ്ങളിൽ, കേരള കൗമുദി മിക്കവാറും മൗനം പാലിച്ചു. (ഗസറ്റിയർ വകുപ്പിന്റെ സ്റ്റേറ്റ് എഡിറ്റർ സ്ഥാനത്തേക്കു് പറഞ്ഞുകേൾക്കുന്ന പേരുകളിൽ ഒന്നു് പത്രാധിപരുടെ അനന്തരവന്റേതാണു്). മനോരമയുടെ അജണ്ടയാണു് സർക്കാർ നടപ്പാക്കുന്നതെന്ന തിരിച്ചറിവുകൊണ്ടാവാം. ‘മാതൃഭൂമി’ അവസരത്തിനൊത്തുയർന്നു. പിരിച്ചുവിടലിനെ നിശിതമായി വിമർശിച്ചുകൊണ്ടു് ഒക്ടോബർ നാലിനു് മുഖപ്രസംഗം എഴുതി: “…വിവാദം തുടരുമ്പോഴും കൗൺസിൽ പിരിച്ചുവിടാനുള്ള യഥാർത്ഥ കാരണങ്ങൾ വെളിപ്പെടുത്താൻ സർക്കാർ തയ്യാറാകുന്നില്ല. ആ നിലക്കു് അതിനു പിന്നിൽ സ്ഥാപിത താൽപര്യങ്ങളുണ്ടെന്നു് ആരും സംശയിച്ചുപോകും. ചരിത്ര കൗൺസിൽ ഒരു മാർക്സിസ്റ്റ് സ്ഥാപനമാണെന്നും പുതിയ സർക്കാറിന്റെ കാലത്തു് അങ്ങനെയൊന്നു് ആവശ്യമില്ലെന്നുമാണു് ചില യു. ഡി. എഫ്. നേതാക്കൾ പറയുന്നതു്. അതു് സർക്കാറിന്റെ ഔദ്യോഗിക അഭിപ്രായമായി കണക്കാക്കാമെങ്കിൽ, പിരിച്ചുവിടലിന്റെ പിന്നിൽ വെറും രാഷ്ട്രീയമാണുള്ളതു്. അക്കാദമിക വൈശിഷ്ട്യത്തിന്റെ പ്രതീകമാവേണ്ട ചരിത്ര കൗൺസിൽ പോലുള്ള സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതു് തരംതാഴ്‌ന്ന രാഷ്ടീയത്തിന്റെ വിവേകമില്ലാത്ത കൈകളാണെങ്കിൽ, അതിന്റെ ദുഷ്ഫലം സമൂഹം മുഴുവൻ അനുഭവിക്കേണ്ടിവരും. …സർക്കാറിനു് ധാർമിക ധീരതയുണ്ടെങ്കിൽ രാഷ്ടീയ ചായ്വില്ലാത്ത പ്രഗല്ഭരെ അതിന്റെ ചുമതല ഏൽപിക്കാനാവും. കൗൺസിലിന്റെ നിയമാവലിയും മറ്റും അതനുസരിച്ചു് ഭേദഗതി ചെയ്യാവുന്നതേയുള്ളൂ. അങ്ങനെ ചെയ്തെങ്കിൽ സർക്കാറിനും കേരളത്തിലെ ചരിത്രസ്നേഹികൾക്കും അതൊരു നേട്ടമായേനെ. അതിനുപകരം കൗൺസിൽ തന്നെ പിരിച്ചുവിടുന്നതു് രോഗം മാറ്റാൻ രോഗിയെ കൊല്ലുന്നതിനു് തുല്യമാണു്…”
സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസ് പോലെ, ശ്രീചിത്രാ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് പോലെ കേരളീയർക്കാകെ അഭിമാനകരമാകേണ്ടിയിരുന്ന സ്ഥാപനമാണു് ചരിത്രഗവേഷണ കൗൺസിൽ. രണ്ടു് ചരിത്രകാരന്മാർ തമ്മിലുള്ള മൂപ്പിളമത്തർക്കത്തിലും ഒരു പത്രസ്ഥാപനത്തിന്റെ അന്ധമായ കമ്യൂണിസ്റ്റ് വിരോധത്തിലുംപെട്ടു് അതു് നശിച്ചുപോകുകയാണു്. സെനറ്റർ ജോസഫ് മെക്കാർത്തി യുടെ പ്രേതമാണിപ്പോൾ ആന്റണി യിലൂടെയും കാർത്തികേയനി ലൂടെയും സംസാരിക്കുന്നതു്. ചരിത്രപഠനത്തെ നാഗമയ്യ യുടെ കാലത്തേക്കു് തിരിച്ചുകൊണ്ടുപോകാനുള്ള നീക്കം മിതമായ ഭാഷയിൽ വിവരക്കേടാണു്, വങ്കത്തമാണു്.
അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനും രാഷ്ട്രീയ നിരൂപകനുമാണു് അഡ്വക്കറ്റ് എ. ജയശങ്കർ. മാധ്യമം ദിനപത്രത്തിൽ ‘കെ. രാജേശ്വരി’ എന്ന തൂലികാ നാമത്തിൽ എഴുതിയ ലേഖനങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളികൾക്കിടയിൽ അദ്ദേഹം കൂടുതൽ പ്രശസ്തി നേടിയതു് ഇന്ത്യാവിഷൻ ചാനലിലെ പ്രതിവാര ദിനപത്ര അവലോകന പരിപാടിയായ വാരാന്ത്യം എന്ന പരിപാടിയിലൂടെയാണു്. തനതായ ഒരു അവതരണ ശൈലിയാണു് ഈ പരിപാടിയിൽ അദ്ദേഹം പ്രകടമാക്കുന്നതു്. മലയാളത്തിലെ പ്രമുഖ വാർത്താ ചാനലുകളിലെല്ലാം രാഷ്ട്രീയ ചർച്ചകളിൽ സ്ഥിരം സാന്നിധ്യമാണു് ഇദ്ദേഹം. കേരള രാഷ്ട്രീയത്തിലെയും ഇന്ത്യൻ രാഷ്ട്രീയത്തിലെയും ജയശങ്കറിന്റെ അഗാധമായ അറിവിനൊപ്പം ഹാസ്യവും ഗൗരവവും കലർന്ന അദ്ദേഹത്തിന്റെ നിർഭയത്വതോടെയുള്ള അവതരണ രീതിയും ഏറെ ജനപ്രിയമാണു്.