കൊല്ലവർഷം 1104-ാമാണ്ടു് കന്നി 5-ാം തീയതി (20.9.1928) ശ്രീനാരായണ ഗുരു സമാധിയായി. മഹാ സമാധിക്കു മൂന്നു് വർഷം മുമ്പു് 1101 മേടം 20-ാം തീയതിയാണു് ഗുരു തന്റെ വിൽപ്പത്രം എഴുതിവെച്ചതു്. ഒസ്യത്തിന്റെ പൂർണരൂപം താഴെ ചേർക്കുന്നു.
1101 മേടം 20-ാം തീയതി വർക്കല പകുതിയിൽ വർക്കല ദേശത്തു് ശിവഗിരി മഠത്തിൽ വിശ്രമിക്കും ശ്രീ നാരായണ ഗുരു എഴുതിവെച്ച വിൽപ്പത്രം. നമ്മുടെ വകയും നമ്മുടെ സർവ സ്വാതന്ത്ര്യത്തിൽ ഇരിക്കുന്നതുമായ ക്ഷേത്രങ്ങൾ, സന്ന്യാസി മഠങ്ങൾ, വിദ്യാലയങ്ങൾ, വ്യവസായ ശാലകൾ മുതലായ സർവ ധർമസ്ഥാപനങ്ങളും അവ സംബന്ധിച്ചുള്ള സർവ്വസസ്ഥാവര ജംഗമ സ്വത്തുക്കളും നമ്മുടെ എല്ലാ ധർമസ്ഥാപനങ്ങളുടെയും തലസ്ഥാനമായ ശിവഗിരി മഠത്തിൽവെച്ചു് ഈയാണ്ടു് കന്നി മാസം 11-ാം തീയതി നമ്മുടെ അനന്തര ഗാമിയായി അഭിഷേകം ചെയ്യപ്പെട്ട ശിഷ്യ പ്രധാനി ടി ശിവഗിരി മഠത്തിൽ താമസിക്കുന്ന ബോധാനന്ദനു് നമ്മുടെ കാലശേഷം ലഭിക്കണമെന്നു് കരുതി ഈ വിൽപ്പത്രം എഴുതിവെക്കുന്നതാണു്. നമ്മുടെ ജീവിതാവധി വരെ ഈ സ്ഥാപനങ്ങളുടെയും തൽസംബന്ധമായ സ്വത്തുക്കളുടെയും സർവ സ്വാതന്ത്ര്യവും ഭരണവും നമ്മിൽത്തന്നെ ഇരിക്കുന്നതും നമ്മുടെ ജീവിതശേഷമല്ലാതെ ഈ കരണം ഊർജിതത്തിൽ വരുന്നതല്ലാത്തതുമാകുന്നു. ഈ കരണത്തെ ഏതാനുമോ മുഴുവനുമോ ഭേദപ്പെടുത്തേണ്ടതായി വന്നാൽ അപ്രകാരം പ്രവർത്തിക്കുന്നതിനു് നമുക്കു് അധികാരമുണ്ടു്. നമ്മുടെ ജീവിതാവധി കഴികെ മേൽപ്പറഞ്ഞ ധർമ സ്ഥാവര ജംഗമ സ്വത്തുക്കളും ടി ബോധാനന്ദൻ കൈവശംവെച്ചു് ഭരണം നടത്തിക്കൊള്ളേണ്ടതും ബോധാനന്ദന്റെ ഈ സ്ഥാപനങ്ങളുടെയും സ്വത്തുക്കളുടെയും പിന്തുടർച്ചാവകാശി നമ്മുടെ ശിഷ്യപരമ്പരയായ സന്ന്യാസിമാരുടെ ഭൂരിപക്ഷാഭിപ്രായ പ്രകാരം അവരിൽനിന്നു് തെരഞ്ഞെടുക്കുന്ന ഒരു സന്ന്യാസിയായിരിക്കുന്നതും ഇതിൻവണ്ണം ഈയവകാശം ശിഷ്യപരമ്പരയായി നിലനിൽക്കുന്നതുമാണു്. ഇങ്ങനെ ഏർപ്പെടുന്ന ഓരോ സന്ന്യാസിമാരുടെയും ഭരണംമൂലം ധർമപരമായി സ്ഥാപിച്ചിട്ടുള്ള മേൽപ്പറഞ്ഞ ഓരോ സ്ഥാപനങ്ങളുടെയും പാവനമായ ഉദ്ദേശ്യത്തിനോ അതിന്റെ സ്ഥായിയായ നിലനിൽപിനോ യാതൊരു വിഘാതവും ഒരിക്കൽപോലും വന്നുകൂടാത്തതും അഥവാ വല്ല വ്യതിയാനവും നേരിടുമെന്നു കാണുന്ന പക്ഷം അപ്പോൾ ശരിയായ വിധത്തിൽ നിയന്ത്രിക്കുന്നതിനു് ശേഷമുള്ള ടി ശിഷ്യ സംഘങ്ങൾക്കു് പൂർണാവകാശമുള്ളതുമാകുന്നു.
ടി. നാരായണ ഗുരു (ഒപ്പു്)
ഇതിനു സാക്ഷികൾ
- വലിയ കുഴിമുറിയിൽ ആലുംമൂട്ടിൽ കൃഷ്ണൻ ഗോവിന്ദദാസ് (ഒപ്പു്)
- വട്ടവിള വീട്ടിൽ നാരായണൻ കേശവൻ (ഒപ്പു്)
- എഴിയത്തു് കാളിശങ്കരൻ (ഒപ്പു്)
എഴുതിവെച്ച ഈ വിൽപ്പത്രം 1101-ൽ 18-ാം നമ്പറായി നാവായിക്കുളത്തു് രജിസ്റ്റർ ചെയ്യപ്പെട്ടു.
ഗുരുവിന്റെ ജീവിത കാലത്തുതന്നെ വിവാദ വിഷയമാകുകയും മരണാനന്തരം വ്യവഹാര കാരണമാകുകയും ചെയ്ത ഒസ്യത്തു് ഏഴുപതിറ്റാണ്ടിനിപ്പുറവും കോലാഹലമുയർത്തുന്നു. ബലം പ്രയോഗിച്ചും ഭീഷണിപ്പെടുത്തിയും ശിവഗിരി വക വസ്തുക്കൾ എസ്. എൻ. ഡി. പി. യോഗത്തിനു് എഴുതിക്കൊടുക്കാൻ യോഗ നേതാക്കൾ ശ്രീനാരായണഗുരുവിനെ നിർബന്ധിച്ചു എന്നാണു് ആരോപണം. വിശ്രമത്തിനെന്ന വ്യാജേന കൊല്ലത്തു കൊണ്ടുവന്നു് നീലാ ഹോട്ടലിൽ താമസിപ്പിച്ചു് ഗുരുവിനെ ഭീഷണിപ്പെടുത്തുകയും വഴങ്ങാത്തപ്പോൾ പീഡിപ്പിക്കുകയും കടുത്ത മാനസിക വ്യഥമൂലം ശിവഗിരിയിലെത്തി മൂന്നാംനാൾ ഗുരു സമാധിയായെന്നും ആരോപിക്കുന്നവർ ചില്ലറക്കാരല്ല—ശാന്തിഗിരി ഡയറക്ടർ സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി. ചരിത്രകാരനും കോഴിക്കോടു് സർവകലാശാല മുൻ വൈസ്ചാൻസലറുമായ ഡോ. ടി. കെ. രവീന്ദ്രൻ.
അക്കാലത്തു് കൊല്ലത്തു് നീലാ ഹോട്ടലിലേയില്ലായിരുന്നുവെന്നും ശ്രീ നാരായണ ഗുരുവിനെക്കുറിച്ചു് കെട്ടുകഥകളുണ്ടാക്കി വിശ്വഗുരുവാകാനാണു് ചിലർ ശ്രമിക്കുന്നതെന്നുമാണു് വെള്ളാപ്പള്ളി നടേശന്റെ പ്രതികരണം. ഗുരുത്വമില്ലാത്ത അഭിനവഗുരുക്കന്മാരുടെ വിഡ്ഢിത്തമെന്നായി യോഗം പ്രസിഡന്റ് സി. കെ. വിദ്യാസാഗർ. ഡോ. രവീന്ദ്രനാകട്ടെ ആരോപണത്തിൽ ഉറച്ചുനിൽക്കുന്നു. നീലാ ഹോട്ടൽ അക്കാലത്തില്ലായിരുന്നു എന്നതു് ശരി തന്നെ. ഹോട്ടൽ നിൽക്കുന്ന കെട്ടിടം അന്നുമുണ്ടായിരുന്നു. ഗുരു എഴുതാത്തതും യോഗ നേതാക്കൾ എഴുതിയുണ്ടാക്കിയതുമായ ഒരു വിൽപ്പത്രം ഒപ്പിടുവാൻ നിർബന്ധിച്ചെന്നും ഗുരുവിന്റെ അന്ത്യം ത്വരിതപ്പെടുത്തിയതു് ഈ സംഭവമാണെന്നും അദ്ദേഹം സമർത്ഥിക്കുന്നു.
ഒസ്യത്തു വിവാദത്തിന്റെ ഉള്ളുകള്ളികളിലേക്കു് പ്രവേശിക്കും മുമ്പു് ഗുരുവും യോഗവും തമ്മിലുണ്ടായിരുന്ന ബന്ധത്തെപ്പറ്റി അൽപമൊന്നു അറിഞ്ഞിരിക്കുന്നതു് നന്നായിരിക്കും. തിരുവിതാംകോട്ടെ സർക്കാറുദ്യോഗങ്ങളിൽ പരദേശ ബ്രാഹ്മണർക്കുണ്ടായിരുന്ന കുത്തകക്കെതിരെ 1891 ജനുവരി 11-നു് മഹാരാജാവിനു് സമർപ്പിക്കപ്പെട്ട മലയാളി മെമ്മോറിയലിന്റെ പങ്കാളികളിലൊരാളും ഈഴവരാദി പിന്നാക്ക സമുദായങ്ങളുടെ അവശതകൾ പരിഹരിക്കുന്നതിലേക്കായി 1896 സെപ്റ്റംബർ 3-നു് സമർപ്പിച്ച ഈഴവ മെമ്മോറിയലിന്റെ പ്രധാന ശിൽപിയുമായിരുന്നു ഡോക്ടർ പി. പൽപ്പു. ഈഴവ മെമ്മോറിയൽ സമുദായത്തിലുണ്ടാക്കിയ ഉണർവിനെ ഒരു സംഘടനയാക്കി പരിവർത്തനപ്പെടുത്താൻ ഡോ. പൽപ്പു ശ്രമിച്ചെങ്കിലും ആയതു് ഫലപ്രാപ്തിയിലെത്തിയില്ല. ഈഴവ മഹാസഭ ഡോക്ടറുടെ മനോരാജ്യത്തിലൊതുങ്ങിനിന്നു.
ഏതാണ്ടിതേ കാലത്തുതന്നെയാണു് (1888) നാരായണ ഗുരു അരുവിപ്പുറത്തു് ശിവപ്രതിഷ്ഠ നടത്തുന്നതും പുതിയൊരു സമൂഹ സൃഷ്ടിക്കായുള്ള ശ്രമങ്ങൾ ആരംഭിക്കുന്നതും. സ്വാമിയുടെ പേർ അചിരേണ തെക്കു് കന്യാകുമാരി മുതൽ വടക്കു് കന്നട നാടു് വരെ പ്രസിദ്ധമായി; അരുവിപ്പുറം തീർത്ഥാടന കേന്ദ്രവുമായി. അരുവിപ്പുറം ക്ഷേത്രത്തോടു ചേർന്നു് സന്ന്യാസി മഠമുണ്ടായി. ക്ഷേത്രത്തോടു ചേർന്ന സ്വത്തുക്കളുടെ മാനേജരും മുക്ത്യാർകാരനുമായി നിയമിക്കപ്പെട്ടതു് ഡോ. പൽപ്പുവിന്റെ സഹോദരൻ പേട്ടയിൽ പി. പരമേശ്വരൻ ആയിരുന്നു. നാരായണഗുരു തന്റെ വൽസല ശിഷ്യൻ കുമാരനാശാനെ ഉപരിപഠനത്തിനായി ഡോ. പൽപ്പുവിനെ ഏൽപിക്കുന്നതും ഇക്കാലത്തുതന്നെ.
“നിങ്ങളുടെ രാജ്യത്തുതന്നെയുള്ള ഒരു ആധ്യാത്മ ഗുരുവിനെ കേന്ദ്രമാക്കി പ്രവർത്തിക്കുകയായിരിക്കും നല്ലതെ”ന്ന സ്വാമി വിവേകാനന്ദന്റെ ഉപദേശമാണു് ശ്രീനാരായണനിലേക്കു് തിരിയാൻ ഡോ. പൽപ്പുവിനെ പ്രേരിപ്പിച്ചതു്. 1078-ാമാണ്ടു് ധനു 24-ാം തീയതി അരുവിപ്പുറം ക്ഷേത്ര യോഗത്തിന്റെ വിശേഷാൽ സമ്മേളനം കൂടി. ഈഴവർക്കു പൊതുവിൽ മതസംബന്ധവും ലൗകികവുമായ മാർഗങ്ങളിൽ അഭ്യുന്നതി വരുത്തുന്നതിനു് ക്ഷേത്രയോഗത്തെ ഒരു മഹാജന യോഗമാക്കിത്തീർക്കാൻ തീരുമാനിച്ചു. 1078 ഇടവം 2-നു് (15.5.1903) കമ്പനീസ് ആക്റ്റനുസരിച്ചു് ശ്രീനാരായണ ധർമപരിപാലന യോഗം രജിസ്റ്റർ ചെയ്യപ്പെട്ടു.
അംഗത്വ ഫീസ് നൂറുറുപ്പികയായി നിശ്ചയിച്ചിരുന്നതിനാൽ അംഗങ്ങൾ നൂറിൽക്കുറവേയുണ്ടായിരുന്നുള്ളു. (അന്നൊക്കെ നൂറു പൈസ തികച്ചെടുക്കാൻ കഴിവില്ലാത്തവരായിരുന്നു സമുദായാംഗങ്ങളേറെയും) ഗുരുതന്നെ വടക്കൻ തിരുവിതാംകൂറിലും കൊച്ചി രാജ്യത്തുമൊക്കെ പര്യടനം നടത്തി അംഗങ്ങളെ ചേർത്തിട്ടാണു് ഇത്രതന്നെയുണ്ടായതു്.
“യോഗത്തിന്റെ ഉൽപത്തിസ്ഥാനമായ അരുവിപ്പുറം ക്ഷേത്രത്തിന്റെ പ്രതിഷ്ഠാപകനും യോഗത്തിന്റെ പ്രധാന നേതാവും സ്ഥിരാധ്യക്ഷനുമായ ബ്രഹ്മശ്രീ നാരായണഗുരു സ്വാമികൾക്കു് അദ്ദേഹത്തിന്റെ ശരീരധാരണകാലം വരെ യോഗത്തിന്റെ സ്ഥിരാധ്യക്ഷനായിരിക്കാവുന്നതാണു് എന്നു് യോഗ നിബന്ധനകളുടെ 17-ാം വകുപ്പു് വ്യവസ്ഥ ചെയ്തിരുന്നു. ഡോ. പൽപ്പുവായിരുന്നു ഉപാധ്യക്ഷൻ. കുമാരനാശാൻ ജനറൽ സെക്രട്ടറിയും.
1904-ൽ അരുവിപ്പുറത്തു ചേർന്ന എസ്. എൻ. ഡി. പി. യോഗത്തിന്റെ ഒന്നാം വാർഷിക സമ്മേളനം യോഗത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെ ഇപ്രകാരം ഭേദഗതി ചെയ്തു.
- എ.
- അരുവിപ്പുറം ക്ഷേത്രത്തിലും അതോടു് ചേർന്നതോ അതിന്റെ കീഴിൽ ഉൾപ്പെട്ടതോ ഉൾപ്പെടുന്നതോ ആയ ക്ഷേത്രങ്ങളിലുള്ള നിത്യ പൂജ, വർഷോത്സവം മുതലായ സകല കാര്യങ്ങളും നടത്തുക.
- ബി.
- ഈഴവ സമുദായത്തിൽ വൈദികവും ലൗകികവുമായ വിദ്യാഭ്യാസത്തെയും കൃഷി, കച്ചവടം, കൈത്തൊഴിൽ മുതലായ വ്യവസായങ്ങളെയും അഭിവൃദ്ധിപ്പെടുത്തുന്നതിനും അവയുടെ പ്രചാരത്തിനുമായി ക്ഷേത്രം, സന്ന്യാസിമഠം, പള്ളിക്കൂടം, സഹായധനം മുതലായവ ഏർപ്പെടുത്തുന്നതിനു് പ്രോത്സാഹിപ്പിക്കുകയും നടത്തുകയും ചെയ്യുക.
1919-ൽ കുമാരനാശാൻ യോഗം ജനറൽ സെക്രട്ടറി സ്ഥാനമൊഴിയുമ്പോഴും അംഗങ്ങളുടെ എണ്ണം 1783 മാത്രമായിരുന്നു. അംഗത്വ ഫീസ് 100-ൽ നിന്നു് 25 രൂപയായി കുറച്ചിട്ടും അംഗങ്ങളുടെ എണ്ണത്തിൽ ആനുപാതികമായ വർധനവുണ്ടായില്ല. ഗുരുവിന്റെയും യോഗത്തിന്റെയും പ്രവർത്തനഫലമായി തിരണ്ടുകുളിയും താലികെട്ടും പുളികുടിയുമൊക്കെ ഇല്ലാതായി. വിദ്യാലയങ്ങൾ അവർണർക്കായി തുറക്കപ്പെട്ടു. സർക്കാർ സർവീസിലും നിയമനിർമണസഭയിലും ഈഴവർക്കു് പ്രവേശനം കിട്ടിത്തുടങ്ങി. സർക്കാർ സർവീസിലും നിയമസഭയിലും ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം, ജാതി നശീകരണം, ക്ഷേത്രപ്രവേശനം, മദ്യവർജനം എന്നിവയായിരുന്നു യോഗത്തിന്റെ മുഖ്യ അജണ്ടകൾ.
വിരോധാഭാസമെന്നു പറയട്ടെ, ജാതി നിർമാർജനത്തെ ചൊല്ലിയായിരുന്നു ഗുരുവും ശിഷ്യന്മാരുമായി പ്രധാനമായും അഭിപ്രായ വ്യത്യാസമുണ്ടായതു്. ഗുരുപ്രതിഷ്ഠ നടത്തിയ ക്ഷേത്രങ്ങളിൽ പോലും പുലയരെ പ്രവേശിപ്പിക്കാൻ ശിഷ്യർ അനുവദിച്ചില്ല. 1915–16 കാലത്തു് നെയ്യാറ്റിൻകര താലൂക്കിൽ പുലയർക്കെതിരെ നായന്മാർ അക്രമം അഴിച്ചുവിട്ടു. സ്ഥലത്തെ ഈഴവ പ്രമാണികൾ നായന്മാരോടൊപ്പം ചേർന്നു് പുലയരെ പൊതിരെ തല്ലി. ഇത്തരം സംഭവങ്ങളിൽ മനം നൊന്ത ഗുരു 1916-ൽ ഒരു വിളംബരം പുറപ്പെടുവിച്ചു:
അദ്വൈതാശ്രമം
ആലുവാ
1091 ഇടവം 15.
നാം ജാതിമതഭേദം വിട്ടിട്ടു് ഇപ്പോൾ ഏതാനും സംവത്സരങ്ങൾ കഴിഞ്ഞിരിക്കുന്നു. എന്നിട്ടും പ്രത്യേക വർഗക്കാർ നമ്മെ അവരുടെ വർഗ്ഗത്തിൽപ്പെട്ടതായി വിചാരിച്ചും പ്രവർത്തിച്ചും വരുന്നതായും അതുഹേതുവാൽ പലർക്കും നമ്മുടെ വാസ്തവത്തിനു വിരുദ്ധമായ ധാരണക്കു് ഇട വന്നിട്ടുണ്ടെന്നും അറിയുന്നു.
നാം പ്രത്യേക ജാതിയിലോ മതത്തിലോ ഉൾപ്പെടുന്നില്ല. വിശേഷിച്ചും നമ്മുടെ ശിഷ്യവർഗ്ഗത്തിൽനിന്നും മേൽ പ്രകാരമുള്ളവരെ മാത്രമേ നമ്മുടെ പിൻഗാമിയായിവരത്തക്കവിധം ആലുവാ അദ്വൈതാശ്രമത്തിൽ ശിഷ്യസംഘത്തിൽ ചേർത്തിട്ടുള്ളു എന്നും മേലും ചേർക്കയുള്ളു എന്നും വ്യവസ്ഥപ്പെടുത്തിയിരിക്കുന്നതുമാകുന്നു.
ഈ വസ്തുത പൊതുജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധം ചെയ്തിരിക്കുന്നു.
എന്നു്
നാരായണഗുരു
ഈ വിളംബരംകൊണ്ടൊന്നും യോഗനേതാക്കളുടെ മനോഭാവത്തിൽ മാറ്റമുണ്ടായില്ല. 1917-ൽ സഹോദരൻ അയ്യപ്പന്റെ നേതൃത്വത്തിൽ ചെറായിയിൽ മിശ്രഭോജനം നടന്നതറിഞ്ഞു് സമുദായം നടുങ്ങി. പുലയനയ്യപ്പനെ പുലഭ്യം പറയാനായിരുന്നു ഏവർക്കും ഉൽസാഹം. വിവേകോദയത്തിൽ കുമാരനാശാൻ എഴുതി: “ആദർശക്കൊടുമുടിയിൽ കയറിനിന്നു് പ്രവൃത്തി ലോകത്തിലേക്കു് കീഴ്ക്കാൻതൂക്കായി ചാടി ആത്മഹത്യ ചെയ്യരുതെന്നു് ചെറുപ്പക്കാരോടു് ഞങ്ങൾ ഉപദേശിച്ചുകൊള്ളുന്നു. വിദ്യാഭ്യാസം ചെയ്ത ചെറുപ്പക്കാരെ പുറത്താക്കിയിട്ടു് എന്താണു് സാധിക്കാൻ പോകുന്നതെന്നു് വിജ്ഞാന വർധിനി സഭക്കാരോടും ചോദിക്കുന്നു”.
പുലച്ചോന്മാർക്കു് തുണയായതും നാരായണഗുരു തന്നെ. അദ്ദേഹം ‘മഹാസന്ദേശം’ പുറപ്പെടുവിച്ചു: “മനുഷ്യരുടെ മതം, വേഷം, ഭാഷ മുതലായവ എങ്ങനെയിരുന്നാലും അവരുടെ ജാതി ഒന്നായതുകൊണ്ടു് അന്യോന്യം വിവാഹവും പന്തിഭോജനവും ചെയ്യുന്നതിനു് ഒരു ദോഷവുമില്ല”.
എന്നിട്ടോ? സഹോദരൻ അയ്യപ്പൻ തന്നെയും തന്റെ നിലപാടുതറയിൽനിന്നു് പിന്നാക്കം പോകുന്നതു് നമ്മൾ കാണുന്നു. സഞ്ചാര സ്വാതന്ത്ര്യത്തിനു വേണ്ടി ടി. കെ. മാധവന്റെ യും കെ. പി. കേശവദേവിന്റെയും നേതൃത്വത്തിൽ നടന്ന വൈക്കം സത്യഗ്രഹ ത്തിൽ (1924) അയ്യപ്പൻ പങ്കെടുത്തില്ല. ക്ഷേത്ര പ്രവേശനത്തിനുവേണ്ടി 1931-ൽ നടന്ന ഗുരുവായൂർ സത്യഗ്രഹ ത്തെ അതിനോടകം സർക്കാർ മച്ചമ്പിയായി മാറിയിരുന്ന സഹോദരൻ ഗൗനിച്ചതുമില്ല. 1947–48 കാലത്തെ പാലിയം സമര ത്തെ പരസ്യമായി തള്ളിപ്പറയാനും അദ്ദേഹത്തിനു മടിയേതുമുണ്ടായില്ല. സഹോദരൻ അയ്യപ്പൻ നടുനായകത്വം വഹിച്ച ചെറായി വിജ്ഞാന വർധിനി സഭയിലോ അദ്ദേഹം ഭരണഘടന എഴുതിയുണ്ടാക്കിയ പള്ളുരുത്തി ശ്രീ. ധർമപരിപാലന യോഗത്തിലോ ഈഴവനല്ലാത്ത ഒരുത്തനും അംഗത്വത്തിനു് അവകാശവുമില്ല.
1912-ാമാണ്ടിൽ ശ്രീനാരായണ ഗുരു തന്റെ സ്വത്തുക്കളെല്ലാം സ്വമനസ്സാലെ എസ്. എൻ. ഡി. പി. യോഗത്തിനു് ഏൽപിച്ചുകൊടുത്തു. കത്തിന്റെ പൂർണരൂപം ചുവടെ:
ശ്രീനാരായണ ധർമപരിപാലന യോഗം സെക്രട്ടറിക്കു്,
ഇപ്പോൾ ഇവിടെ കൂടിയിരിക്കുന്ന പൊതുയോഗത്തിൽ നമ്മുടെ പേരിലുള്ള സകല സ്ഥാപനങ്ങളെയും സ്വത്തുക്കളെയും തിട്ടപ്പെടുത്തി കണക്കുണ്ടാക്കി അതിന്റെ മേലാലുള്ള ഭരണത്തിനു് നിയമസംബന്ധമായി വേണ്ട എഴുത്തുകുത്തുകൾ എല്ലാം ചെയ്യാൻ ഏർപ്പാടു് ചെയ്യണം. ജനങ്ങളുടെ ഗുണത്തിനായി അതെല്ലാം നാം മനസ്സാലേ യോഗത്തിനു് ഏൽപിച്ചിരിക്കുന്നു.
ഒപ്പു്
നാരായണഗുരുസ്വാമി
ശിവഗിരിമഠം
1087 മേടം 20
എസ്. എൻ. ഡി. പി. യോഗത്തിന്റെ ഒമ്പതാം വാർഷിക യോഗം ശിവഗിരിയിൽ നടക്കുന്ന അവസരമായിരുന്നു അതു്. സ്വാമി തൃപ്പാദങ്ങളിലെ സ്വത്തുക്കളെ തിട്ടപ്പെടുത്തുകയും അവയെ യോഗത്തിന്റെ ഭരണത്തിലും കൈവശത്തിലും വെച്ചു് നടത്താൻ നിയമസംബന്ധമായി വേണ്ട വ്യവസ്ഥകൾ എല്ലാം ചെയ്യുകയും ചെയ്യാനായി എം. ഗോവിന്ദൻ, ഡോ. പൽപ്പു, സി. കൃഷ്ണൻ എന്നിവരടങ്ങിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു. ദേവസ്വം കാര്യദർശിയായി ശിവപ്രസാദസ്വാമിയെയും നിശ്ചയിച്ചു.
സമ്മേളനവും ശാരദാപ്രതിഷ്ഠയും കഴിഞ്ഞയുടൻ ഗുരു ശിവഗിരി വിട്ടു. കാരണം ആരാഞ്ഞ ഒരു ഭക്തനോടു് ഗുരു പറഞ്ഞു: “അവിടെ എല്ലാം അവരെ ഏല്പിച്ചുകഴിഞ്ഞുവല്ലോ. ഇനി അവർ നോക്കിക്കൊള്ളും. നമുക്കിരിക്കാൻ ഒരു സ്ഥലം വേണം”. അങ്ങനെയാണു് ആലുവായിൽ അദ്വൈതാശ്രമം ഉണ്ടായതു്. ആശ്രമത്തിൽ ക്ഷേത്രവും പ്രതിഷ്ഠയുമൊന്നുമുണ്ടായില്ല. ഒരു സംസ്കൃത പാഠശാല ആരംഭിച്ചു. അദ്വൈത മതമനുസരിച്ചുള്ള പാരായണവും പ്രാർത്ഥനകളും നടത്തി, സവർണർക്കും അവർണർക്കും അഹിന്ദുക്കൾക്കും ഒന്നിച്ചു താമസിക്കാനും ജ്ഞാന തൃഷ്ണ ശമിപ്പിക്കാനും ഏർപ്പാടുണ്ടാക്കി. “ഈ മഠത്തിലെ അഭിപ്രായം മനുഷ്യർക്കു് ഒരു ജാതിയും ഒരു മതവും ദൈവവും ഇല്ലന്നാകുന്നു” എന്നു് പരസ്യപ്പെടുത്തി.
1915-ൽ നാരായണഗുരു തന്റെ ശിഷ്യനായ ശ്രീനാരായണ ചൈതന്യ സ്വാമികളുടെ പേർക്കു് മുക്ത്യാർ എഴുതിക്കൊടുത്തു: “…അദ്വൈതാശ്രമം മുതലായവയുടെ ഭരണം നിങ്ങളെ ചുമതലപ്പെടുത്തി അതുസംബന്ധമായി ധർമ കർത്താവായും മറ്റുള്ളവർ മുഖേന നടത്തിച്ചുവരുന്നതായ അരുവിപ്പുറം, ശിവഗിരി, മുട്ടയ്ക്കാടു് മുതലായ ദേവസ്വങ്ങളെയും അവയിൽ ഉൾപ്പെട്ട പളിക്കൂടം മുതലായ സ്ഥാപനങ്ങളെയും അവകൾ സംബന്ധിച്ചു് മേലാൽ നടത്തേണ്ടതായ സകല കാര്യങ്ങൾക്കും ശ്രീനാരായണ ശിഷ്യ സംഘം. അവയിൽ ഉൾപ്പെട്ട താലൂക്കു് കമ്മിറ്റികൾ, ടി. കമ്മറ്റിയുടെ മേൽനോട്ടത്തിൽ ഉൾപ്പെട്ട ദേശസഭകൾ ഇവകളുടെ റൂൾസുകൾ അനുസരിച്ചു് നാം മുഖേന നടക്കേണ്ടതും കാര്യങ്ങൾക്കു് സെക്രട്ടറിയായും എസ്. എൻ. ഡി. പി. യോഗം റൂൽസ് 21-ാം വകുപ്പുപ്രകാരമുള്ള ദേവസ്വം കാര്യദർശിയായും നമുക്കു തന്ത്രാവകാശമുള്ളതും മേൽ ഉണ്ടാകുന്നതുമായ ക്ഷേത്രങ്ങളുടെയും സഭകളുടെയും തൽസംബന്ധമായ നടത്തിപ്പുകൾക്കു് വൈദികനായും നിയമിച്ചിരിക്കുന്നു…”
അദ്വൈതാശ്രമത്തിന്റെ കാര്യം മുക്ത്യാർനാമാവിൽ എടുത്തു പറഞ്ഞിരിക്കുന്നു: “ആലുവാ അദ്വൈതാശ്രമത്തോടു ചേർന്ന പാഠശാല മുതലായതു് വേദാന്തം പഠിക്കുന്നതിനു് യോഗ്യതയുള്ള ബ്രഹ്മചാരികളുടെ പഠിപ്പിനും രക്ഷക്കും മാത്രമാകയാൽ അതിലേക്കായി ആശ്രമത്തിന്റെ അധീനതയിൽ നിങ്ങളുടെ ഭരണത്തിൽ കീഴു് നാം ഇതിനാൽ ഏൽപിക്കുന്നതും ആയ സ്ഥാവരജംഗമങ്ങളായ സകല സ്വത്തുക്കളും ഇപ്പോഴും നമ്മുടെ കാലാനന്തരവും അവർക്കായിത്തന്നെ ഉപയോഗപ്പെടുത്തണമെന്നും ഈ ഉദ്ദേശ്യത്തെ നാം ഒരിക്കലും ഭേദപ്പെടുത്തുന്നതല്ലാത്തതും മേലിൽ ആർക്കും തന്നെ ഭേദപ്പെടുത്താൻ പാടില്ലാത്തതും അധികാരമില്ലാത്തതും ആകുന്നു. ഈ വസ്തുതയെ അനുകൂലിച്ചു തന്നെ ഭരണകൈക്കാരനായ നിങ്ങളും നിങ്ങളെ സഹായിക്കാനായി ഏർപ്പെടുത്തുന്ന യോഗങ്ങൾ, കമ്മറ്റികൾ, മറ്റു പ്രത്യേക ആളുകൾ ഇവരും നടക്കയും നടത്തിക്കയും ചെയ്യണമെന്നു് മാത്രമല്ല, എസ്. എൻ. ഡി. പി. യോഗത്തിനോ ഈ ഉദ്ദേശ്യത്തോടുകൂടിയോ അല്ലാതെയോ ഉള്ള മറ്റു സ്ഥാപനങ്ങൾക്കോ ഈ വക സ്വത്തുക്കൾ അവകാശപ്പെടുന്നതല്ലാത്തതും ഭരണത്തിനായിട്ടുപോലും കൈവശം വെക്കുവാനും നടത്തുവാനും പാടില്ലാത്തതും ആകുന്നു…”
ഈ മുക്ത്യാർ സ്വാഭാവികമായും യോഗത്തെ അലോസരപ്പെടുത്തി. മുക്ത്യാർ റദ്ദു ചെയ്യണമെന്നാവശ്യപ്പെട്ടു് 1916-ൽ യോഗം പ്രമേയം പാസാക്കി. ഗുരു കുലുങ്ങിയില്ല. എസ്. എൻ. ഡി. പി. യോഗവുമായി തനിക്കുള്ള ബന്ധം വിച്ഛേദിച്ചുകൊണ്ടു് 1916 മെയ് 22-നു് ഗുരു ഡോ. പൽപ്പുവിനു് കത്തെഴുതി:
എന്റെ ഡോക്ടർ അവർകൾക്കു്,
യോഗത്തിന്റെ നിശ്ചയങ്ങൾ എല്ലാം നാം അറിയാതെ പാസ്സാക്കുന്നതുകൊണ്ടും യോഗത്തിന്റെ ആനുകൂല്യം ഒന്നും നമ്മെ സംബന്ധിച്ച കാര്യത്തിൽ ഇല്ലാത്തതുകൊണ്ടും യോഗത്തിന്റെ ജാത്യഭിമാനം വർദ്ധിച്ചുവരുന്നതുകൊണ്ടും മുമ്പേതന്നെ മനസ്സിൽനിന്നു് വിട്ടിരുന്നതുപോലെ ഇപ്പോൾ വാക്കിൽനിന്നും പ്രവൃത്തിയിൽനിന്നും യോഗത്തെ വിട്ടിരിക്കുന്നു.
എന്നു്
നാരായണഗുരു
ഗുരുവിന്റെ മഹാസമാധിക്കു തൊട്ടു മുമ്പുവരെ ഈ കത്തു് പരസ്യപ്പെടുത്തിയിരുന്നില്ല. ഗുരുവിനോടു് ഏറ്റുമുട്ടാനുള്ള ചങ്കൂറ്റം പ്രമാണികളായ യോഗനേതാക്കൾക്കുണ്ടായിരുന്നുമില്ല. 1916-ൽ ഗുരുവിന്റെ ഷഷ്ഠ്യബ്ദപൂർത്തി എസ്. എൻ. ഡി. പി. യോഗത്തിന്റെ ആഭിമുഖ്യത്തിൽ പൊടിപൂരമായി ആഘോഷിച്ചു. യോഗത്തിൽ ഓഹരിയെടുക്കാനൊന്നും ത്രാണിയില്ലാത്ത സാധാരണ ഈഴവരെ സംബന്ധിച്ചിടത്തോളം ഗുരു ദൈവം തന്നെയായി മാറി.
കാവി മുണ്ടും ജടയും വിഭൂതിയും
താടിമീശയും കൂടാതെ യോഗിയായ്
മോടിയോടാലുവായിൽ ലസിപ്പൊരെൻ
നാണു ദേശികാ നാഥാ നമോസ്തുതെ!
എസ്. എൻ. ഡി. പി. യോഗത്തിന്റെ പ്രവൃത്തികൾ ഈഴവരുടെ അഭിവൃദ്ധിയെ മാത്രം ലക്ഷ്യമാക്കി വെച്ചുകൊണ്ടിരിക്കാതെ താഴ്ത്തപ്പെട്ട സമുദായങ്ങളുടെ എല്ലാം അഭിവൃദ്ധി അതിന്റെ ലക്ഷ്യമായിരിക്കത്തക്കവിധത്തിൽ യോഗത്തിന്റെ ഘടനയെ ഭേദപ്പെടുത്തിയാൽ കൊള്ളാമെന്ന ബ്രഹ്മശ്രീ നാരായണഗുരു സ്വാമി തൃപ്പാദങ്ങളുടെ അഭിപ്രായത്തെപ്പറ്റി വേണ്ട ആലോചനകൾ നടത്തി നിശ്ചയം ചെയ്യുന്നതിനായി 1917 നവംബറിൽ ഒരു കമ്മിറ്റി ഉണ്ടാക്കിയെങ്കിലും വ്യക്തമായ തീരുമാനമൊന്നും ഉരിത്തിരിഞ്ഞുവന്നില്ല.
“യോഗോദ്ദേശ്യത്തിൽ അനുകമ്പയുള്ള എല്ലാവർക്കും ജാതിമത ഭേദം കൂടാതെ മെമ്പർമാരായി ചേരത്തക്കവണ്ണം” യോഗം ഭരണഘടന 1920-ൽ ഭേദഗതി ചെയ്തെങ്കിലും ഗുരുവിന്റെ നിലപാടിൽ മാറ്റം വന്നില്ല. 1925-ലെ വിജയദശമി നാളിൽ അദ്ദേഹം ബോധാനന്ദ സ്വാമികളെ തന്റെ അനന്തരാവകാശിയായി അഭിഷേകം ചെയ്തു. അതിനടുത്ത വർഷം ബോധാനന്ദ സ്വാമിയുടെ പേർക്കു് വിൽപ്പത്രവും തയാറാക്കി.
ബോധാനന്ദ സ്വാമികളെ അനന്തരാവകാശിയാക്കിയതു് ശിവഗിരിയിൽ പൊട്ടലും ചീറ്റലുമുണ്ടാക്കി. മനസ്സുമടുത്ത നാരായണഗുരു ദേശാടനത്തിനൊരുങ്ങുകയും ചെയ്തു. എഴുപതാം ജന്മദിനാചരണം കഴിഞ്ഞയുടനെയാണതുണ്ടായതു്. വൈഗാ നദീതീരത്തുള്ള തിരുപേടകം എന്ന സ്ഥലത്തു ചെന്നപ്പോൾ “ഇനി മലയാള രാജ്യത്തേക്കു് പോകേണ്ട. നമുക്കു് ഇവിടെയെവിടെയെങ്കിലും താമസിച്ചാൽ മതി” എന്നായി ഗുരു. തമിഴ് നാട്ടിൽനിന്നു് സിലോണിലേക്കു് പോയി. ഭക്തന്മാരായ പലരും ശിപാർശ ചെയ്തിട്ടും മനമില്ലാമനമോടെയാണു് നാട്ടിലേക്കു് മടങ്ങിയതു്.
1927-ൽ (1102 മകരം 17) ടി. കെ. മാധവന്റെ നിർബന്ധത്തിനു വഴങ്ങി. ശിവഗിരിയിൽ എസ്. എൻ. ഡി. പി. യോഗം സംഘടിപ്പിച്ച സമ്മേളനത്തിൽ ഗുരു പങ്കെടുത്തു. അവിടെവെച്ചു് വീണ്ടും ഗുരു തന്റെ നയം വ്യക്തമാക്കി: “സംഘടനകൊണ്ടല്ലാതെ യാതൊരു സമുദായത്തിനും അഭിവൃദ്ധിയും ശക്തിയും ഉണ്ടാകുന്നതല്ല. ഈ തത്ത്വം അനുസരിച്ചാണു് ഇരുപത്തഞ്ചുകൊല്ലം മുമ്പു് നാം യോഗം സ്ഥാപിച്ചതു്. ഈഴവനെന്ന പേരു് ഒരു ജാതിയെയോ മതത്തെയോ സൂചിപ്പിക്കുന്നതല്ല. അതിനാൽ ഈ യോഗത്തിൽ ജാതി മതഭേദം നോക്കാതെ ആളുകളെ ചേർക്കാവുന്നതാണു്. യോഗത്തിൽ ധാരാളം ആളുകൾ ചേരട്ടെ എന്നു് നാം ആശംസിക്കുന്നു”.
1103 ധനു 27-ാം തീയതിയാണു് (1928) ശ്രീ നാരായണ ധർമസംഘം എന്ന സന്ന്യാസി സംഘം രജിസ്റ്റർ ചെയ്തതു്. ശ്രീ. ബോധനന്ദ സ്വാമികൾ, ഗോവിന്ദാനന്ദ സ്വാമികൾ, സുഗുണാനന്ദ ഗിരി സ്വാമികൾ, ശങ്കരാനന്ദ സ്വാമികൾ, നരസിംഹ സ്വാമികൾ, രാമാനന്ദ സ്വാമികൾ, ധർമ തീർഥസ്വാമികൾ, നീലകണ്ഠൻ ബ്രഹ്മചാരി, വിദ്യാനന്ദ സ്വാമികൾ, നടരാജഗുരു എന്നിവരായിരുന്നു സ്ഥാപകാംഗങ്ങൾ.
1104 കന്നി 5-നു് ഗുരു സമാധിയായി. അതേ മാസം 8-ാം തീയതി ബോധാനന്ദ സ്വാമികളും സമാധിയായി. തൊട്ടുപിന്നാലെ, ഗോവിന്ദാനന്ദൻ, ധർമതീർഥൻ, വിദ്യാനന്ദൻ, ചൈതന്യം, പി. പരമേശ്വരൻ, ഡോ. പി. പൽപ്പു (ജൂനിയർ), നാണുപ്പണിക്കർ എന്നിവരെ പ്രതികളാക്കി എസ്. എൻ. ഡി. പി. യോഗം ഒന്നാം വാദിയായും സെക്രട്ടറിയും സി. വി. കുഞ്ഞുരാമൻ രണ്ടാം വാദിയായും തിരുവനന്തപുരം ജില്ലാ കോടതിയിൽ കേസ് ഫയലാക്കി. ശിവഗിരി മഠാധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിനുള്ള അവകാശം ഒന്നാം വാദിയായ എസ്. എൻ. ഡി. പി. യോഗത്തിനാണെന്നു് സ്ഥാപിച്ചുകിട്ടണമെന്നും ഒന്നാംപ്രതിയെ മഠാധ്യക്ഷനായി വാഴിക്കാതെയും മേപ്പടി പ്രതി വാഴാതെയും ഇരിക്കുന്നതിനും മഠാധ്യക്ഷനെന്ന നിലയിൽ ഒന്നാം പ്രതി യാതൊന്നും പ്രവർത്തിച്ചു പോകരുതെന്നും പ്രതികളെ ശാശ്വതമായി നിരോധിച്ചു് ഉത്തരവാകണം എന്നായിരുന്നു കോടതിയോടാവശ്യപ്പെട്ട നിവൃത്തി. 1101 മേടം 20-ാം തീയതിയിലെ വിൽപ്പത്രം ശ്രീനാരായണഗുരു സ്ഥിരബുദ്ധിയില്ലാതിരുന്നപ്പോൾ തയാറാക്കിയതാണെന്നും ആകയാൽ അസ്ഥിരപ്പെടുത്തണമെന്നും അപേക്ഷിച്ചിരുന്നു.
“…ശ്രീ നാരായണഗുരു സ്വാമികളെ ആരാധിക്കുന്നതും അവിടത്തെ സന്ദേശങ്ങളെ സ്വീകരിക്കുന്നതും നടപ്പാക്കാൻ ശ്രമിക്കുന്നതും തീയ്യരെന്ന ഒരൊറ്റ സമുദായം മാത്രമാണു്. സാമാന്യത്തെ ദൃഢീകരിക്കുന്ന മാതിരിയുള്ള ചില വ്യത്യാസങ്ങളൊഴിച്ചാൽ സ്വാമിയുടെ സ്വത്തുക്കൾ മുഴുവൻ ആ സമുദായം കൊടുത്തതാണു്. അന്യ ജാതിക്കാരിൽപ്പെട്ട സ്വാമി ശിഷ്യന്മാർക്കും തീയ്യസമുദായത്തിലല്ലാതെ അവർ ജനിച്ച സമുദായങ്ങളിൽ അവരുടെ പ്രേരണ പ്രയോഗിക്കാനോ സ്വാമി സന്ദേശം പരത്താനോ കഴിഞ്ഞിട്ടില്ല. അതിനവർ ശ്രമിക്കുന്നില്ല… സ്വാമി സന്ദേശ പ്രചാരണത്തിനു വേണ്ടി സ്വാമിയുടെ സ്ഥാപനങ്ങളുടെ താക്കോൽ മറ്റു സമുദായങ്ങൾക്കും വേണമോ എന്നു് അങ്ങോട്ടു് ചോദിച്ചുകൊണ്ടു ചെന്നാൽ അവരിൽ സുപരീക്ഷിതരല്ലാത്ത ചില വ്യക്തികൾ കൈനീട്ടി വാങ്ങിയേക്കുമെങ്കിലും ആ സമുദായങ്ങൾ സ്വാമിയോടു് മമത കാണിക്കുകയോ സ്വാമി സന്ദേശം സ്വീകരിക്കുകയോ ഉണ്ടാകയില്ല. നേരെ മറിച്ചു്, സ്ഥാപനങ്ങളോടു് ഒരു വമ്പിച്ച സമുദായത്തിനു് ഇപ്പോളുണ്ടായിട്ടുള്ള മമത പോകുകമാത്രമായിരിക്കും ഫലം. താക്കോൽ മാത്രം വാങ്ങുന്ന ആദ്യ സമുദായ വ്യക്തികളുടെ കൈയിൽ സ്വാമിയുടെ സ്ഥാപനങ്ങളും സന്ദേശവും സ്വാമി ഉദ്ദേശിച്ച വിധത്തിൽ പ്രയോജനപ്പെടാതെ നേരെ വിപരീത ഫലമുണ്ടാകാനുമിടയുണ്ടു്…” ഇങ്ങനെ പോയി സഹോദരൻ അയ്യപ്പന്റെ ന്യായവാദം.
വ്യവഹാരം വളരെക്കാലം ആഘോഷമായി നടന്നു.
അവസാനം ലൗകികരും സന്ന്യാസിമാരും തമ്മിൽ ഒത്തുതീർപ്പുണ്ടായി. അന്നുതൊട്ടു് ഇന്നോളവും കേസും വഴക്കുമില്ലാത്ത കാലം എസ്. എൻ. ഡി. പി. യോഗചരിത്രത്തിലുണ്ടായിട്ടില്ല. എസ്. എൻ. ട്രസ്റ്റും ധർമസംഘവും വ്യവഹാര കാര്യത്തിൽ യോഗത്തോടു് മൽസരിക്കുന്നു. യാക്കോബായ സുറിയാനി സഭയിലെ മെത്രാൻ-ബാവാ വിഭാഗങ്ങൾ കഴിഞ്ഞാൽ വ്യവഹാരത്തിനായി ഏറ്റവുമധികം പണവും സമയവും ചെലവിട്ട കൂട്ടർ ശ്രീനാരായണീയരാകാനേ തരമുള്ളു.
കേസിനും പുക്കാറിനുമിടയ്ക്കു് ശ്രീനാരായണ ഗുരുവിന്റെ സമാധിയുടെ 41-ാം ദിവസം നടത്തേണ്ടിയിരുന്ന ‘മോക്ഷദീപം’ നടത്താനായില്ലെന്നു് സ്വാമി പ്രകാശാനന്ദ പരിതപിക്കുന്നു. സ്വത്തിനും പദവിക്കുമായി ശിഷ്യന്മാർ കടിപിടികൂടുമ്പോൾ ഗുരുവിനെങ്ങനെയാണു് മോക്ഷം ലഭിക്കുക?
അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനും രാഷ്ട്രീയ നിരൂപകനുമാണു് അഡ്വക്കറ്റ് എ. ജയശങ്കർ. മാധ്യമം ദിനപത്രത്തിൽ ‘കെ. രാജേശ്വരി’ എന്ന തൂലികാ നാമത്തിൽ എഴുതിയ ലേഖനങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളികൾക്കിടയിൽ അദ്ദേഹം കൂടുതൽ പ്രശസ്തി നേടിയതു് ഇന്ത്യാവിഷൻ ചാനലിലെ പ്രതിവാര ദിനപത്ര അവലോകന പരിപാടിയായ വാരാന്ത്യം എന്ന പരിപാടിയിലൂടെയാണു്. തനതായ ഒരു അവതരണ ശൈലിയാണു് ഈ പരിപാടിയിൽ അദ്ദേഹം പ്രകടമാക്കുന്നതു്. മലയാളത്തിലെ പ്രമുഖ വാർത്താ ചാനലുകളിലെല്ലാം രാഷ്ട്രീയ ചർച്ചകളിൽ സ്ഥിരം സാന്നിധ്യമാണു് ഇദ്ദേഹം. കേരള രാഷ്ട്രീയത്തിലെയും ഇന്ത്യൻ രാഷ്ട്രീയത്തിലെയും ജയശങ്കറിന്റെ അഗാധമായ അറിവിനൊപ്പം ഹാസ്യവും ഗൗരവവും കലർന്ന അദ്ദേഹത്തിന്റെ നിർഭയത്വതോടെയുള്ള അവതരണ രീതിയും ഏറെ ജനപ്രിയമാണു്.