
അഭയം തന്ന മേൽക്കൂര നോക്കി
കിടന്നു
ഒരു നിമിഷം
ഒരു മോന്തായം നിറയെ
അണ്ണാറക്കണ്ണന്മാർ
മറുനിമിഷം
ഒരു മോന്തായം നിറയെ
എലിവാലുകൾ
എല്ലാം ഭദ്രമാണു്
തട്ടി മറിഞ്ഞു കിടക്കുന്ന
ഒരു കുപ്പി വായുവിലോ!
കണ്ണുകൾ
വെയിലിലേക്കു മിഴിക്കുന്നു
ആൾത്തിരക്കിലേക്കു മിഴിക്കുന്നു
ഇടവഴികളിലേക്കു് ഇമവെട്ടുന്നു.
ശ്മശാനത്തിലെ മനുഷ്യച്ചൂരു്
എങ്ങനെ ഇതിനകത്തു്!
വേവുന്നതിന്റെയല്ല
അഴുകുന്നതുമല്ല.
അന്ത്യപ്രാർത്ഥനകളോടെ
കൂട്ടംകൂടി നില്ക്കുന്നതിന്റെ.
ശ്മശാനത്തിലെ മനുഷ്യച്ചൂരു്
എങ്ങനെയീ മുറ്റത്തു്.
ശവപ്പറമ്പിലെ ചരലിൽ
കുനിഞ്ഞിരുന്നു്
ഒരു പൂച്ചെടി
നട്ടുവളർത്തുന്നതിന്റെ
ഉള്ളങ്കൈ ചെറിഞ്ഞാൽ
എന്താ ഫലം?
കോടി കിട്ടും
കണ്ണു ചൊറിഞ്ഞാലോ?
മൂക്കു ചൊറിഞ്ഞാൽ?
എങ്കിലിപ്പോൾ
എല്ലാം ഒത്തു.
ഉള്ളങ്കയ്യുകളുടേയും മൂക്കിൻതുമ്പുകളുടേയും
കൺകോണുകളുടേയും
വമ്പൻ സമാഹാരത്തിലൂടെ
പായുന്ന കൈവേഗമായി
എന്റെ കാലം
പുളഞ്ഞു കളിക്കുകയല്ലേ!
ഉള്ളങ്കൈ ചെറിഞ്ഞാൽ
കോടി കിട്ടും.
അതു ഞാൻ മൂടിപ്പുതയ്ക്കും.
ദൂരെ നിന്നു
ചുരുളഴിഞ്ഞു വരുന്ന
മങ്ങലിന്റെ പരവതാനി
ഇങ്ങു് കാലടിയോളമെത്താൻ
വഴിചൂണ്ടിനില്ക്കുന്നു
വൈദ്യുതിക്കാലുകൾ.
പുകച്ചുരുളുകൾ
മെടഞ്ഞുണ്ടായ വിശാലതയിൽ
കുരുങ്ങി നില്ക്കുന്നു
ചില മരത്തലപ്പുകൾ
ചില മോന്തായങ്ങൾ
അവയ്ക്കിടയിലൂടെ ഉരുണ്ടുകളിക്കുന്നു
ചില മരത്തലകളും
ചില മോന്തകളും
സ്വപ്നപ്പരപ്പിൽ
വീണ്ടും ആ പുസ്തകം
ആയിരം കൊല്ലം
മഞ്ഞച്ചിരുന്നു.
അതിൽനിന്നു പരന്ന
പൊടിയായിരുന്നു
പുസ്തകത്തേയും വായനക്കാരനേയും
ഉള്ളടക്കിയ മയക്കം.
പുസ്തകം മാത്രം.
സ്വപ്നത്തിനു വെളിയിൽ
സ്വപ്നത്തോടു ചേർന്നിരുന്നു്
ഉറക്കം തൂങ്ങിയ വായനക്കാരന്റെ തല,
തുറന്ന പുസ്തകത്തിന്റെ
രൂപത്തിൽ കിടന്ന
പൊടിക്കൂമ്പാരത്തിലൂടെ താഴ്‌ന്നു്,
ലോഹത്തണുപ്പിലോ
കളിമൺ മിനുപ്പിലോ
കരിങ്കൽപ്പരപ്പിലോ
ചെന്നിടിച്ചു്,
തകർന്നു.
കണ്ണീരൊപ്പി
കണ്ണീരൊപ്പി
നനഞ്ഞു കുതിർന്ന
തന്റെ തൂവാലകൾ
കാറ്റു്
കാറ്റിലെ
വിരിച്ചുണക്കുന്നു
ചോർന്നൊലിക്കുന്ന പ്രഭാതം.
തണുത്തു വിറച്ചു്
മേൽപ്പോട്ടു നോക്കിയിരിക്കേ
കരിപിടിച്ച ഓടുകളിൽ
അക്കങ്ങളും അക്ഷരങ്ങളും
തിണർത്തു പോന്തി.
ബാസൽമിഷൻ ടൈൽ വർക്സ് 1865
1906 1963
1865 ഉം 1906 ഉം
ഉരുമ്മിയിരിക്കുന്നതുകൊണ്ടാവാം
ഇത്ര ചോർച്ച
മണ്ണു ചുട്ടെടുത്ത
മാന്ത്രികക്കള്ളികൾക്കിടയിലൂടെ
മഴവെളളം
പൈതൃകംപോലെ
ധാരധാരയായി
വീഴുന്നതും നോക്കി
ഇരുന്നു.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മലയാള കവിതയുടെ പ്രധാന പതാകവാഹകരില്‍ ഒരാളാണ് പി. രാമൻ. ആദ്യ കവിതാസമാഹാരം ‘കനം’. 2001-നും 2006-നും ഇടയ്ക്ക് രചിക്കപ്പെട്ട കവിതകളാണ് ‘തുരുമ്പ്’ എന്ന സമാഹാരത്തിൽ. ഈ സമാഹാരം സായാഹ്നയിൽ ലഭ്യമാണു്. കോമളപദാവലികളുടെ അഭാവവും ദേശത്തിന്റെ ചരിത്രത്തിലേയ്ക്കുള്ള തിരിഞ്ഞുനോട്ടവും ഈ കവിതകളെ ശ്രദ്ധേയമാക്കുന്നു. ഗവ: ജനത ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ (നടുവട്ടം, പട്ടാമ്പി) ഭാഷാദ്ധ്യാപകന്‍. കവിയായ സന്ധ്യ, എൻ. പി. ആണ് ഭാര്യ.
- കനം
- തുരുമ്പ്
- ഭാഷയും കുഞ്ഞും
- പുതുമൊഴിവഴികൾ
- യുവകവിതാക്കൂട്ടം
ചിത്രം: വി. മോഹനൻ