
ഗ്രാമത്തിന്റെ അതിർത്തി അവസാനിക്കുന്നതു് നദിക്കരയിലാണു്. തെളിനീരുമായി കിന്നാരം പറഞ്ഞൊഴുകുന്ന വറ്റാത്ത നദിക്കരയിൽ മിക്കവാറും തിരക്കായിരിക്കും. ഗ്രാമത്തിലുള്ളവർക്കു് എന്തിനും ഏതിനും നദിതന്നെ വേണം. അമ്മമാർ വെള്ളമെടുക്കുമ്പോഴും, തുണിയലക്കുമ്പോഴുമെല്ലാം കുട്ടികൾ മണൽപ്പുറത്തു് ഓടിച്ചാടിക്കളിക്കും. പുരുഷൻമാർ അവിടെ കന്നുകാലികളെ കഴുകുന്നതു കാണാം. കുളികഴിഞ്ഞ കാളകളും മറ്റും തൊട്ടരികെ പുല്ലുതിന്നു നടക്കും. പശുക്കിടാങ്ങൾ കുട്ടികളെയുരുമ്മി ഓടിനടക്കും. സൂര്യൻ താഴുന്നതുവരെയും അവിടെ ആൾപ്പെരുമാറ്റമുണ്ടാകും. എന്നാൽ, ഇരുട്ടുവീഴാൻ തുടങ്ങുന്നതോടെ സ്ഥിതിയാകെ മാറും. ഒറ്റ മനുഷ്യനും പിന്നീടു് അതുവഴി നടക്കില്ല. തൊഴുത്തിൽ മൃഗങ്ങളെ കാണാതായെന്നറിഞ്ഞാൽപ്പോലും അവരാരും വീടുകളിൽനിന്നും പുറത്തുവരാറില്ല. അതിനൊരു കാരണമുണ്ടു്. അളവില്ലാത്ത പേടികൊണ്ടാണു് അവർ അങ്ങനെയൊരു തീരുമാനമെടുക്കാൻ നിർബന്ധിതരാവുന്നതെന്നുപറയാം. നദിയെയല്ല അവർ ഭയക്കുന്നതു്. അതിനോടു ചേർന്നുനിലനിൽക്കുന്നതു് അസാധാരണമായ ഒരു കാടാണു്. സത്യത്തിൽ അതാണു് അവരെ പേടിപ്പിക്കുന്നതു്.
കാടെന്നു പറഞ്ഞാൽ അതൊരു സാധാരണകാടല്ല. ഇടതൂർന്നു വളർന്നു നില്ക്കുന്ന മരങ്ങളും, അതിൽ പടർന്നുകിടക്കുന്ന വള്ളികളും, ചെറുചെടികളുമൊക്കെയായി അതങ്ങനെ ആരെയും പ്രവേശിപ്പിക്കാത്ത രൂപത്തിൽ നില്ക്കുന്നതുകാണാം. എന്നാൽ, അതൊന്നുമായിരുന്നില്ല കൃത്യമായിപ്പറഞ്ഞാൽ അതിന്റെ പ്രത്യേകത. അവിടെ മരങ്ങളുണ്ടെന്നേയുള്ളൂ, ഒറ്റ മരത്തിലും വള്ളിയിലും ഇലകളുണ്ടായിരുന്നില്ല! ഇലകൾ മാത്രമല്ല, പച്ചയുടെ ഒരു കണികപോലും അവിടെ കാണാനാവില്ല. എല്ലാം ഉണങ്ങിക്കരിഞ്ഞ മട്ടിലാണു്. വർഷം മുഴുവനും അതങ്ങനെത്തന്നെയാണു് കാണപ്പെടുന്നതു്. ആ കാടു് പൂക്കുന്നതോ, പച്ചയിൽ വിരിഞ്ഞുനില്ക്കുന്നതോ പഴമക്കാർപോലും കണ്ടിട്ടില്ല. ദൌർഭാഗ്യംകൊണ്ടാണു് കാടു് ഇങ്ങനെ കിടക്കുന്നതെന്നു് വയസ്സായവർ പരിതപിക്കും. എന്നാൽ, അതിന്റെ ശരിയായ കാരണം എന്താണെന്നുമാത്രം അവർക്കാർക്കും അറിയില്ല.

“പണ്ടെന്നോ ചെയ്ത പാപത്തിന്റെ ഫലമാണു് കാടു് ഇപ്പോൾ അനുഭവിക്കുന്നതു്.”
കഥ പറയുന്ന മുതുമുത്തച്ഛൻ കുട്ടികളോടു പറയും.
അക്കാര്യം ശരിയായിരുന്നു. കാടിനിപ്പുറം പരന്നുകിടക്കുന്നതു് വയലുകളാണു്. അതിനെ ഒരിക്കലും ഉണക്കം ബാധിച്ചിട്ടില്ല. വറ്റാതൊഴുകുന്ന നദിയോടു ചേർന്നാണു് വയലുകൾ. അതിനോടുചേർന്നാണു് കരിഞ്ഞ കാടു്! നേരിൽക്കാണാത്തവരാണെങ്കിൽ, ഇതൊന്നും പറഞ്ഞാൽ വിശ്വസിക്കില്ല.
അപ്പുറമിപ്പുറം പച്ചപ്പിന്റെ വിശാലതകളെ അതിർത്തിയാക്കിവെച്ചുകൊണ്ടു് കാടു് അങ്ങനെ കരിഞ്ഞുനിന്നു. അതായിരുന്നു അതിന്റെ വിധി.
വിറകിനായിപ്പോലും ഗ്രാമത്തിലുള്ളവരാരും നദി കടന്നു് അതിനകത്തു കയറിയിട്ടില്ല. ആട്ടിൻപറ്റത്തിൽനിന്നും വഴിതെറ്റിപ്പോകുന്ന കുഞ്ഞാടുകൾ പോലും അതിനകത്തേക്കു് കടക്കാൻ ശ്രമിക്കാറില്ല. കാടിനകത്താണെങ്കിൽ ഒറ്റ മൃഗമോ, പക്ഷിയോ ഉണ്ടായിരുന്നില്ല. ഒറ്റ ജീവികളുടെ കാൽപ്പെരുമാറ്റമില്ലാത്ത ശപിക്കപ്പെട്ട കാടു് കരിഞ്ഞുണങ്ങി അങ്ങനെ കിടന്നു.
ആയിടയ്ക്കാണു് വഴിതെറ്റി ശകലം മേഘങ്ങളേയും മേയ്ച്ചുകൊണ്ടു് കുഞ്ഞുമഴ ആ വഴിക്കു വന്നതു്. മുതിർന്ന മഴകളുടെ തുണകളില്ലാതെ, തെറ്റിത്തെറിച്ചു് ലോകം കാണാൻവേണ്ടി ഇറങ്ങിത്തിരിച്ചതായിരുന്നു കുഞ്ഞുമഴ.
വിശാലമായ ആകാശത്തിന്റെ തുറസ്സിലൂടെ മേഘങ്ങളേയും പറത്തി അതങ്ങനെ താഴെ നോക്കി നീങ്ങിപ്പോകുമ്പോഴാണു് വിചിത്രമായ ഈ കാടു് അതിന്റെ കണ്ണിൽ പെട്ടതു്. ഒരിക്കലും ആ വഴികടന്നുപോയ മഴകളൊന്നും ആ കാടിനെ കണ്ടില്ലെന്നു നടിച്ചു പറന്നുപോയിരിക്കാമെന്നാണു് കുഞ്ഞുമഴക്കു് ആദ്യം തോന്നിയതു്. എന്നാൽ, അതു് അസാദ്ധ്യമാണെന്നു് അടുത്തക്ഷണം മഴക്കു മനസ്സിലായി. നദി നിറഞ്ഞൊഴുകുന്നുണ്ടു്. പാടങ്ങൾ പച്ചയിൽ കുളിച്ചു നില്ക്കുന്നുണ്ടു്. എന്നുമാത്രമല്ല, മനുഷ്യരേപ്പോലെ മഴകൾക്കു് പക്ഷഭേദം തീരെയില്ലെന്നു് മഴക്കു് തന്റെ ചെറിയ വയസ്സിലും അറിയാമായിരുന്നു. ആരോടാണു് ഇതിന്റെ കാരണമെന്തെന്നു് ചോദിക്കുക?
അങ്ങനെ കാടു പിന്നിട്ട് മുന്നോട്ടുനീങ്ങുമ്പോൾ, ദൂരെയൊരു മരത്തിനു ചുവട്ടിൽ ഒരു സന്യാസി ഇരിക്കുന്നതു് മഴയുടെ കണ്ണിൽപ്പെട്ടു. പിന്നെ കൂടുതലൊന്നും ചിന്തിക്കാൻ മിനക്കെടാതെ മഴ അവിടെയിറങ്ങി. തന്നെ ചുറ്റി നില്ക്കുന്ന വെള്ളത്തുള്ളികൾ പാവാടയെന്നോണം ചേർത്തുപിടിച്ച കുഞ്ഞിപ്പെങ്ങളെപ്പോലെ അതു് സന്യാസിക്കു മുന്നിലെത്തിനിന്നു. ധ്യാനത്തിലായിരുന്ന അദ്ദേഹം അതിൽനിന്നും കണ്ണുതുറന്നു. പതുപതുപ്പുള്ള തണുപ്പിന്റെ മഴയെ മുന്നിൽനിർത്തിക്കൊണ്ടു് ആർക്കാണു് ധ്യാനിക്കാനും മറ്റും സാധിക്കുക?
“സ്വാമീ, ഞാൻ എത്ര പെയ്തിട്ടും തണുക്കാത്ത, പച്ച കിളുർക്കാത്ത കാടുണ്ടോ? അങ്ങനൊരു കരിഞ്ഞ കാടിനെ ഞാനിന്നു് കണ്ടു. എന്താണതിന്റെ രഹസ്യം?”
സന്യാസി പുഞ്ചിരിച്ചു. മഴയെ മുന്നിലിരുത്തി അദ്ദേഹം അതിന്റെ കഥ പറഞ്ഞു.
പണ്ടുപണ്ട്, ഒരുകാലത്തു് മറ്റെല്ലാ കാടുകളേയുമെന്നതുപോലെ ഈ കാടും പച്ചപിടിച്ചുനിന്നിരുന്ന സുന്ദരമായ ഒരിടമായിരുന്നു. അതിന്റെ അകത്തളങ്ങളിലാകെ ഓടിനടക്കുന്ന അനേകം ജീവികൾ. അവ നദിയിലിറങ്ങി വെള്ളംകുടിക്കുന്നതുംനോക്കി കാടങ്ങനെ ചെരിഞ്ഞും ഉയർന്നും നില്ക്കും. ഇടതടവില്ലാതെ ഒഴുകിനടക്കുന്ന പക്ഷികളുടെ പാട്ടുകൾ കേട്ട കാടു് ലഹരികൊള്ളുമായിരുന്നു. അപ്പോഴൊന്നും അതിനു് പ്രധാനപ്പെട്ട ഒരുകളങ്കം തീരെയില്ലായിരുന്നു, അഹന്ത. സകലമാനത്തിലും അലിഞ്ഞുനീങ്ങുന്നവർക്കു് ഒരിക്കലും അഹന്ത വരില്ലല്ലോ. കാടിനും അന്നു് അഹന്ത തീരെയുണ്ടായിരുന്നില്ല. എന്നാൽ, കുറെയായപ്പോൾ, അതിനു് തന്റെ അലിഞ്ഞുപോകാനുള്ള വാസന കുറഞ്ഞു. അതു് തലപൊക്കി തന്നെത്തന്നെ നോക്കാൻ തുടങ്ങി. അതോടെ അതിനു് താനൊരു സുന്ദരിയാണെന്നു് തോന്നിത്തുടങ്ങി. അലിഞ്ഞുപോകുന്നമട്ടിലുള്ള ലഹരി അതോടെ അതിനു് കൈമോശംവന്നു. ആ സ്ഥാനത്തു് സ്വയം കണ്ടുരസിക്കാനുള്ള താത്പര്യം മാത്രമായി. നിലാവുദിക്കുന്ന രാത്രികളിലെല്ലാം സ്വന്തം പ്രതിബിംബം കാണാനായി അതു് നദിക്കരയിൽ കാത്തിരിക്കുമായിരുന്നു. ക്രമേണ അത്തരം കാത്തിരിപ്പിനു് നേരംകാലമൊന്നുമില്ലാതായി. ഏതു നേരത്തും അതിന്റെ കണ്ണു് നദിയിലെ സ്വന്തം പ്രതിബിംബത്തിന്മേലായി.
അവനവനെ വല്ലാതെ സ്നേഹിക്കുന്നവർ അവസാനം എത്തിപ്പെടുന്നതു് അധികാരത്തിലാണല്ലോ, കാടും അവിടേക്കുതന്നെയാണു് നീങ്ങിപ്പോയതു്. തന്റെ ശരീരത്തിനുപുറത്തു് എന്തു നടക്കണമെന്നു് നിശ്ചയിക്കാനുള്ള അധികാരം തനിക്കാണെന്നു് അതു് ഭാവിക്കാൻ തുടങ്ങി. അതോടെ ജീവികളുടെ സഞ്ചാരങ്ങൾക്കു് നിയന്ത്രണം വന്നു. പക്ഷികൾ പാട്ടുനിർത്തി. മരങ്ങൾ പോലും കാറ്റിൽ ചില്ലകളിളക്കാൻ പേടിച്ചു. ഇളക്കമില്ലാത്ത ശരീരമാകുമ്പോൾ, നദിയിൽ ഇളകാത്ത പ്രതിബിംബം കിട്ടുമല്ലോ. അതായിരുന്നു അതിനും ഇഷ്ടം. ശ്വാസംനിലച്ച മട്ടിലായ സ്വന്തം ശരീരവും നിലാവിലിട്ടു് അതങ്ങനെ രാവുപകലില്ലാതെ നദിയിലേക്കും നോക്കി ഇളകാതെ കിടക്കും.
അങ്ങനെയിരിക്കെ ഒരു ദിവസം രാത്രി വഴിതെറ്റിയ ഒരു മാൻകുട്ടി നിലാവിൽ കുളിച്ചു് കാട്ടിൽ ഓടിനടക്കുന്നതു് കാടു് കണ്ടു. എന്നുമാത്രമല്ല, അതു് നദിക്കരയിൽ ഇളകുന്ന സ്വന്തം പ്രതിബിംബം ഇളക്കിക്കൊണ്ടു് ഓടിനടക്കുന്നു. താൻ രസിക്കുന്നതു് മാൻകുട്ടി രസിക്കുന്നതു് കാടിനിഷ്ടപ്പെട്ടില്ല. അതു് മാൻകുട്ടിയെ വഴിതെറ്റിച്ചു് ചുഴിപോലുള്ള ഭാഗത്തേക്കു് കൊണ്ടുപോയി. ചന്തത്തിന്റെ ലഹരിയിൽപ്പെട്ട കുട്ടി തനിക്കു് കൂടുതൽ വഴിതെറ്റുകയാണെന്നു് ശ്രദ്ധിക്കാതെ ചുഴിയിൽപ്പോയി വീണു. ചുറ്റും പടർന്നുനില്ക്കുന്ന കുറ്റിച്ചെടികൾ വളച്ചു് കാടു് കുട്ടിയെ ചുഴിക്കകത്തു് ഞെരിച്ചു. ‘അമ്മേ’യെന്നു വിളിച്ചു് പാവം മാൻകുട്ടി നിലവിളിക്കാൻ തുടങ്ങി. അപ്പോൾ, കാടു് കൂർത്ത കുറ്റികൾ കുട്ടിയുടെ കഴുത്തിലേയ്ക്കു് കുത്തിയിറക്കി. അങ്ങനെ സ്വന്തം അമ്മയെ കാണാതെ, അപ്പോഴും വളർന്നിട്ടില്ലാത്ത ആ ചെറിയ മാൻകുട്ടി അവിടെ ഉയിർവിട്ടു.
അന്നാണു് ദൈവത്തിന്റെ ശാപം ആ കാട്ടിൽ വീണതു്. അതിനുശേഷം അതിനു് പച്ചപ്പിനെ സ്വപ്നം കാണാൻപോലും കഴിയാതെയായി. പക്ഷികളും മൃഗങ്ങളുമെല്ലാം കാടിറങ്ങി, തിരിഞ്ഞുനോക്കാതെ എങ്ങോ പോയ്മറഞ്ഞു. അന്നു കരിഞ്ഞുപോയ കാടു് പിന്നീടൊരിക്കലും തളിർത്തിട്ടില്ല. പരിചിതമായ മഴകളാണെങ്കിൽ, അവിടെ പെയ്യാതെ നീങ്ങിപ്പോകുകയാണു് പതിവു്. അപൂർവ്വമായി എത്തിനോക്കുന്ന പരിചിതരല്ലാത്ത മഴകളാണെങ്കിൽ, അതിനകത്തു് ചുമ്മാ തങ്ങളുടെ വെള്ളം പാഴാക്കി ഓടിമറഞ്ഞു. ഒരു മഴക്കും കിളുർപ്പിക്കാനാവില്ല ആ കരിഞ്ഞുപോയ കാടിനെ.

“ശാപമോചനം വല്ലതുമുണ്ടോ?”
മഴ ചോദിച്ചു.
സന്യാസി പുഞ്ചിരിച്ചു. ഈ കുഞ്ഞുമഴ ചുമ്മാ കയറിവന്നതല്ലെന്നു് അദ്ദേഹത്തിനു് മനസ്സിലായെന്നു തോന്നുന്നു. പരിഹാരം കാണാതെ മടങ്ങിപ്പോകാത്ത മഴകളുമുണ്ടെന്നു് അദ്ദേഹത്തിനറിയാം. ഇവൾ അത്തരക്കാരിയാണെന്നു തോന്നുന്നു.
“ഉണ്ടു്. എന്നാൽ അതു് എളുപ്പമല്ല.”
അദ്ദേഹം പറഞ്ഞു.
“അങ്ങു് ദയവായി അതെനിക്കു് പറഞ്ഞുതരാമോ?”
“കാട്ടിനകത്തു് ഇനി ഏതെങ്കിലുമൊരു മൃഗം അകപ്പെടുകയാണെന്നിരിക്കട്ടെ, അതിനെ കാടു് രക്ഷിക്കുകയാണെങ്കിൽ ശാപമോക്ഷം കിട്ടും. എന്നാൽ, അതു് അസാദ്ധ്യവുമാണു്.
“അതെന്താണു് സ്വാമീ?”
“ഒറ്റ മൃഗവും ഇനി അതിനകത്തു് കയറില്ല.”
മഴക്കു് കരച്ചിൽ വന്നു.
“ഇവിടെനിന്നുകൊണ്ടു് പെയ്തിട്ടു് പ്രയോജനമൊന്നുമില്ല.”
“അങ്ങു് എനിക്കൊരു വരം തരണം. എന്നെ ഒരു മാൻകുട്ടിയാക്കിമാറ്റണം.”
തന്നെ തേടിയെത്താനിരിക്കുന്ന ബന്ധുക്കളായ വൻമഴകളേപ്പോലും മറന്നുകൊണ്ടു് കാടിന്റെ ശാപം മാറ്റിയെടുക്കാനിറങ്ങിത്തിരിച്ച കുഞ്ഞുമഴയോടു് സന്യാസിക്കു് അനുതാപം തോന്നി. അദ്ദേഹം അവളെ അടുത്ത ക്ഷണം ഒരു മാൻകുട്ടിയാക്കിമാറ്റി.
“കാര്യം നടന്നാലുടൻ തിരികെ വന്നുകൊള്ളണം.”
കരിഞ്ഞുപോയ കാടിനുനേർക്കു് കുഞ്ഞുമഴ മാൻകുട്ടിയുടെ രൂപത്തിൽ ഓടുമ്പോൾ, സന്യാസി പിന്നിൽ വിളിച്ചുപറഞ്ഞു. അവൾ ഓടി കാട്ടിലേക്കു കയറിയപ്പോൾ, കാടാകെയൊന്നു് വിറച്ചു. പലയിടത്തും വെളളം പൊട്ടിയൊലിക്കാൻ തുടങ്ങി. അതു് കരയുകയായിരുന്നു, സന്തോഷംകൊണ്ടു്. മാൻകുട്ടി അവിടെയാകെ ഓടിനടന്നെങ്കിലും കാടു് തളിർത്തില്ല. അപ്പോൾ, അതും പോരെന്നാണോ? അവൾ ഓടിയോടി മുമ്പു് മാൻകുട്ടി പതിച്ച ചുഴിക്കരികിലെത്തി. മറ്റൊന്നും ചിന്തിക്കാതെ അവൾ അതിനകത്തേക്കു് ഇറങ്ങിച്ചെന്നു. ഇറങ്ങിയപ്പോൾ കുറ്റിച്ചെടികളാകെയൊന്നുലഞ്ഞു. അവളുടെ ശരീരത്തിൽ മുറിവേല്ക്കാതിരിക്കാൻ വേണ്ടി അവ പലയിടത്തേക്കുമായി ഒതുങ്ങിക്കൊടുക്കാൻതുടങ്ങി. എന്നാലും, അവളെ പുറത്തേക്കു കയറ്റിവിടാൻ അവക്കായില്ല. അന്നേരം കാടു് തന്റെ ശരീരമാകെ വളച്ചുകൊണ്ടു് ചുഴിയെ ആകെയെടുത്തു് പുറത്തിട്ടു. അങ്ങനെ മാൻകുട്ടിയായ മഴ പുറത്തിറങ്ങി. അടുത്ത നിമിഷം കാടാകെ പച്ചയ്ക്കാനും, പൂക്കാനും തുടങ്ങി. വൈകാതെ അവിടേയ്ക്കു് പക്ഷികൾ പറന്നെത്തി. അല്പം സമയം കഴിഞ്ഞപ്പോഴേക്കും പലതരം മൃഗങ്ങൾ അവിടേക്കു് കയറിവരാൻതുടങ്ങി. കാടു് സന്തോഷത്തിന്റെ പഴയമുഖം നേടിയെടുക്കുകയായിരുന്നു.
“നദിയിൽ അവനവന്റെ ചന്തവുംനോക്കി ഇനി ഒരിക്കലും സ്വയം കരിഞ്ഞുപോകരുതു്”
മാൻകുട്ടി കാടിനോടു പറഞ്ഞു.
“നദിയിലേക്കു നോക്കൂ.”
കാടു് പറഞ്ഞു.
അവൾ നോക്കി. കാര്യം ശരിയായിരുന്നു. നദിയിൽ അന്നേരം കാടിനു് പ്രതിബിംബം ഉണ്ടായിരുന്നില്ല.
മഴയായി രൂപംമാറാൻവേണ്ടി കാടുവിട്ടു്, സന്യാസി ധ്യാനിക്കുന്ന മരത്തെനോക്കി ഓടുമ്പോൾ, മുകളിൽ, ആകാശം വഴി അവളേയും തേടി വൻമഴകളുടെ ഒരു സംഘംതന്നെ നീങ്ങിവരുന്നുണ്ടായിരുന്നു.

1969-ൽ തമിഴ്‌നാട്ടിൽ ജനനം. ആദ്യ ഭാഷ തമിഴ്. പഠിച്ചതും വളർന്നതും തിരുവില്വാമലയിൽ. 4 പുസ്തകങ്ങൾ എഴുതിയിട്ടുണ്ടു്. ‘ഹൂ ഈസ് അഫ്റൈഡ് ഓഫ് വി. കെ. എൻ.’ എന്ന ആദ്യ പുസ്തകത്തിനു് 2018-ലെ ഹാസ്യ സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്ക്കാരം ലഭിച്ചു. നിരവധി റേഡിയോ നാടകങ്ങളും സ്കിറ്റുകളും രചിച്ചിട്ടുണ്ടു്. ആകാശവാണി ഡ്രാമാ ബി. ഗ്രേഡ് ആർട്ടിസ്റ്റ്. ടെലിവിഷൻ സ്കിറ്റുകളിൽ അഭിനയിച്ചിട്ടുണ്ടു്. വി. കെ. എൻ. അമ്മാമനാണു്. തിരുവില്വാമലയിൽ സ്ഥിരതാമസം.
ഭാര്യ: ജ്യോതി
മക്കൾ: ബ്രഹ്മദത്തൻ, നിരഞ്ജന
കലിഗ്രഫി: എൻ. ഭട്ടതിരി
ചിത്രീകരണം: വി. പി. സുനിൽകുമാർ