കാര്യം എന്നതിനെ കാര്യം എന്നു ചിലരും കാർയം എന്നു ചിലരും എഴുതണമെന്നു വിചാരിച്ചുവരുന്നതായി അറിയാൻ ഇടവന്നിട്ടുണ്ടു്. ‘കാര്യം’ എന്നെഴുതണമെന്നു അഭിപ്രായപ്പെടുന്നവരുടെ യുക്തി ‘ഡുക്യഞ്കരണേ’ എന്നു ശ്രീശങ്കരാചാര്യരുടെ ഒരു പ്രസിദ്ധീകരണം മൂലമായി അധികം പ്രചാരപ്പെട്ടിട്ടുള്ള പാണിനിസൂത്രത്തിൽ പ്രതിപാദിതമായിരിക്കുന്ന ‘കൃ’ ധാതുവിൽനിന്നുള്ള ഒരു രൂപമായ കാര്യം എന്നതു് എഴുതപ്പെടുമ്പോൾ അതിൽ ഉപകരണം ‘വ്യാകരണം’ മുതലായ രൂപങ്ങളിലെന്നപോലെ ‘ര’ ‘പ്രധാനമായി നില്ക്കണമെന്നും ‘യം’ എന്നുള്ള തദ്ധിത പ്രത്യയത്തെ ചേർക്കുന്നതിൽ ‘ക്യ’ ‘ച്യ’ എന്നുള്ളതുപോലെ ‘ര്യം’ എന്നു് എഴുതണമെന്നും ആകുന്നു.
കാർയം എന്നു എഴുതാൻ താല്പര്യപ്പെടുന്നവർ സംസ്കൃതം എഴുതുന്നതിൽ നാഗരത്തിലാകട്ടെ ഗ്രന്ഥാക്ഷരത്തിലാകട്ടെ (ഒറ്റ)യകാരത്തോടുകൂടി ‘ൾ’ എന്നതിനു പതിവുള്ള കുത്തു് ഇട്ടുവരുന്ന സമ്പ്രദായത്തെ തങ്ങളുടെ വാദത്തിനു അനുകൂലമായി പറയുന്നു. സംസ്കൃതത്തിൽ ‘ര’ പൂർണ്ണമായി എഴുതി നാഗരത്തിലെ സമ്പ്രദായപ്രകാരം ‘യ’ ചേർത്തോ ഗ്രന്ഥാക്ഷരത്തിലെ സമ്പ്രദായപ്രകാരം യുക്താക്ഷരത്തിലെ ദ്വിതീയവ്യഞ്ജനത്തിനു പതിവുള്ള വള്ളിചേർത്തോ ‘ര്യ’ എഴുതുക സന്ദിഗ്ദ്ധംതന്നെ. തെലുങ്കിലും കർണ്ണാടകത്തിലും ഒറ്റവ്യഞ്ജനത്തോടു ‘ർ’ എന്നതിനുള്ള ചിഹ്നവും യുക്താക്ഷരത്തിലെ ദ്വിതീയവ്യഞ്ജനങ്ങളിൽ ചിലതിനുള്ള സങ്കേതങ്ങളും ചേർത്തുവരുന്നു എന്നാണു് എന്റെ സ്വല്പപരിചയംകൊണ്ടുള്ള അറിവു്. മലയാളത്തിൽ സംസ്കൃതജപദങ്ങളിലെന്നപോലെതന്നെ ദ്രാവിഡജപദങ്ങളിലും (ചേർത്തു) പൂർവാക്ഷരം ഗുരുവായിരിക്കണമെന്നില്ലാത്ത യുക്താക്ഷരങ്ങളുടെ സംഗതിയിൽ ‘ർക്കു’ ‘ർത്തു’ ‘ർത്ത’ എന്നിങ്ങനെതന്നെ എഴുതുന്നതല്ലാതെ ‘ചേ’‘ർതു’ എന്നും മറ്റും എഴുതാറില്ലാത്തതിനാൽ,തദനുസരണത്താൽ ‘കാര്യം’ ‘വർത്തനം’ എന്നിങ്ങനെ ദ്വിത്വമായിത്തന്നെ എഴുതിവരുന്നതായിരിക്കുമോ? ഇതു് ഒരു യുക്തിയായി തോന്നുന്നു. ‘ഗ്യ’, ‘ഗ്ര’, ‘ഗ്വേ’ എന്നി അക്ഷരങ്ങളിൽ ദ്വിത്വം ഇല്ല; സംസ്കൃതജപദങ്ങളിലല്ലാതെ യ, ര, വ, ഈ വ്യഞ്ജനങ്ങൾ യുക്താക്ഷരങ്ങളിലെ ദ്വിതീയഭാഗമായി നില്ക്കുന്നതല്ല. എന്നാൽ ‘ർ’ പൂർവമായി നില്ക്കുന്ന യുക്താക്ഷരങ്ങൾക്കു പതിവുള്ള കുത്തു ‘ചേർക്കുന്നു’ മുതലായ ദ്രാവിഡജപദങ്ങൾക്കും നടപ്പായിപ്പോയി. എന്നുതന്നെയല്ല ‘അർക്കൻ’ എന്നും മറ്റും ഉള്ളേടത്തു് (ഒറ്റ) ‘ക’ മതിയെന്നുവയ്ക്കാൻ എല്ലാവരും തയ്യാറാകുമെന്നു തോന്നുന്നില്ല. പഞ്ചവർഗ്ഗങ്ങളിൽ ഖരങ്ങൾ ഒഴിച്ചുള്ള വ്യഞ്ജനങ്ങൾക്കു മുമ്പിൽ ‘ർ’ ചേർന്നു യുക്താക്ഷരം വന്നാൽ ആ പദം സംസ്കൃതജമാണെന്നു നിശ്ചയിക്കാം. പഞ്ചവർഗ്ഗങ്ങളിൽ ചേരാത്ത വ്യഞ്ജനങ്ങൾക്കു് മുമ്പിൽ ‘ർ’ ചേർന്നുണ്ടാകുന്ന യുക്താക്ഷരങ്ങളും സംസ്കൃതജപദങ്ങളിൽ മാത്രമേ കാണുകയുള്ളു. ഇതുകൊണ്ടായിരിക്കണം ‘ചേർത്തു’ എന്നും ‘സർപ്പം’ എന്നും എഴുതുന്നതിൽ ദ്വിത്വാക്ഷരംതന്നെ പ്രയോഗിക്കുന്ന തമിഴിൽ ‘സർപ്പം’ എന്നെഴുതുന്നതിൽ ‘ർ’ കഴിഞ്ഞു ഒരു ‘വ’ മാത്രം എഴുതുന്നതു്. ഭാഷയ്ക്കു ശാസ്ത്രം ഉള്ളതു സർവവിഭിതമായിരിക്കെ പദരൂപങ്ങളുടെ രീതികൾക്കു കാരണങ്ങൾ ഉണ്ടായിരിക്കുന്നതു അസാംഗത്യമല്ല; അവയെ കണ്ടുപിടിക്കുന്നതു ഹാസാവഹവുമല്ല. ‘അർഹം’ എന്നതിനു നാം രണ്ടു ‘ഹ’ എഴുതുന്നില്ലല്ലൊ; പോരെങ്കിൽ ‘വർഷ’വും ‘ദർശന’വും നോക്കുക. അതുപോലെ പൂർവാക്ഷരം ഗുരുവായിത്തീരത്തക്കവിധത്തിൽ സംസ്കൃതജപദങ്ങളിൽമാത്രം വരുന്നവയായ ‘ർ’ ഖരമല്ലാത്ത വ്യഞ്ജനങ്ങളെ യുക്താക്ഷരങ്ങളിൽ ദ്വിത്വമായി എഴുതണമെന്നില്ലെന്നു വയ്ക്കുന്നതിൽ യാതൊരു വിരോധവുമില്ല. എന്നാൽ നടപ്പിനെ ഭേദപ്പെടുത്തുന്നതു ശീഘ്രസാദ്ധ്യമല്ലല്ലോ. സാദ്ധ്യം, അർത്ഥം, അർദ്ധം ഇവയിൽ നാഗരത്തിലും മറ്റും ‘ധ’ ‘ഗ’ ഈ അക്ഷരങ്ങളെ മാത്രമേ ഉപയോഗിക്കുന്നുള്ളു എന്നു വച്ചു മലയാളത്തിലും മുഴുവൻ അങ്ങനെ സാധിക്കുമോ? രസികരഞ്ജിനി പുസ്തകം 5 ലക്കം 2
ഭാഷാപോഷണത്തിനു് മാതൃകാപരമായ ഒരു ആനുകാലിക പ്രസിദ്ധീകരണം ആവശ്യമാണെന്നു കണ്ടു് രാമവർമ്മ അപ്പൻ തമ്പുരാൻ ആരംഭിച്ച മാസികയാണു് രസികരഞ്ജിനി. 1902-ൽ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ പത്രാധിപത്യത്തിൽ അതിന്റെ ആദ്യലക്കം പുറത്തുവന്നു. വിഷയവൈവിധ്യത്തിലും ആശയപുഷ്ടിയിലും ശൈലീവൈചിത്ര്യത്തിലും ഭാഷാശുദ്ധിയിലും നിർബന്ധമുണ്ടായിരുന്നതിനാൽ രസികരഞ്ജിനി സമാനപ്രസിദ്ധീകരണങ്ങൾക്കു് ഒരു മാതൃകയായിത്തീർന്നു. രസികരഞ്ജിനി ഭാഷാസാഹിത്യത്തിനു ചെയ്തിട്ടുള്ള സേവനങ്ങൾ അമൂല്യമാണു്. ഉണ്ണുനീലിസന്ദേശം ആദ്യം വെളിച്ചം കണ്ടതു് ഈ മാസികയിലൂടെയാണു്. എന്നാൽ സാമ്പത്തികക്ലേശം മൂലം 1907-ഓടുകൂടി അതിന്റെ പ്രസിദ്ധീകരണം നിർത്തിവയ്ക്കേണ്ടതായി വന്നു.