images/Children_playing.jpg
Children playing after school, a painting by Simon Durand (1838-1896).
മലയാളഭാഷയുടെ താൽക്കാലികാവസ്ഥ
സി. ഡി. ഡേവിഡ്

ഭാഷയെ പരിഷ്കരിക്കുന്നതിന്നു് സാമർത്ഥ്യമുള്ള ആളുകൾ ഉണ്ടായി എന്നുള്ള ഏകസംഗതികൊണ്ടു് ഭാഷ നന്നാകുന്നതല്ലായ്കയാൽ അങ്ങിനെയുള്ള മഹാന്മാർ ഭാഷയെ പരിഷ്കരിക്കുന്നതിന്നു് വേണ്ടതു് പ്രവൃത്തിച്ചുകൊണ്ടിരിക്കണമെന്നു് തെളിയുന്നു. മലയാളപണ്ഡിതന്മാർ ഭാഷയെ സംബന്ധിച്ചകാര്യത്തിൽ പ്രവൃത്തിക്കേണമെങ്കിൽ മുഖ്യമായി ദ്രവ്യനഷ്ടം ഇല്ലെന്നു് വരണം. ഇരുപതാംനൂറ്റാണ്ടിൽ നമ്മുടെ നാട്ടിൽ മലയാളപണ്ഡിതന്മാർ ഉണ്ടായിരിക്കെ ഒരു യൂറോപ്യമഹാൻ (Mr.Marsden) എഴുതിയ മലയാളപുസ്തകങ്ങൾ നമ്മുടെ സ്ക്കൂളുകളിൽ പാഠപുസ്തകങ്ങളായി സ്വീകരിക്കേണ്ടി വന്നതിൽ ദൃശ്യമായിരിക്കുന്ന അഭംഗിയെപറ്റി എന്തുപറയേണ്ടു? ആ പുസ്തകങ്ങൾതന്നെയും ഭാഷാരീതിയേയും വ്യാകരണസൂത്രങ്ങളേയും കൃത്യമായി അനുസരിച്ചിട്ടുള്ളവയാണോ എന്നറിവാൻ വായിച്ചുനോക്കീട്ടുള്ള പണ്ഡിതന്മാർ എന്തുപറയുന്നുവെന്നു് കേട്ടാൽകൊള്ളാം.

പാഠപുസ്തകങ്ങൾ തിരഞ്ഞെടുക്കേണ്ടതായി വരുന്ന അവസരങ്ങളിൽ പ്രത്യേകം നോക്കേണ്ടതും നോക്കുന്നതും പുസ്തകം ഉണ്ടാക്കിയ ആൾ എന്തെല്ലാം പരീക്ഷകളാണു് ജയിച്ചിട്ടുള്ളതു് എന്നോ, ആ ആളുടെ ഉദ്ദ്യോഗം എന്തെന്നോ അല്ല, കണ്ണിനു് മുൻപിലിരിക്കുന്ന പുസ്തകം എത്രത്തോളം നന്നായിട്ടുണ്ടെന്നും നന്നായിട്ടുണ്ടെങ്കിൽ ഉദ്ദേശ്യസിദ്ധിക്കു് മതിയായിട്ടുണ്ടോ എന്നുമാണു് എന്നുള്ള വിവരം സകലരും അറിഞ്ഞുവശമായാൽ മലയാളപണ്ഡിതന്മാർ പാഠപുസ്തകങ്ങൾ ഉണ്ടാക്കുന്നതിൽ മടികാണിക്കുകയില്ലെന്നാണു് തോന്നുന്നതു്. പുസ്തകം ഉണ്ടാക്കി അച്ചടിപ്പിച്ചാൽ നഷ്ടവും ബുദ്ധിമുട്ടും വരികയില്ലെന്നുള്ള നിശ്ചയം ഗ്രന്ഥകർത്താക്കന്മാർക്കു് ഉണ്ടാകത്തക്കവണ്ണം നല്ല പുസ്തകങ്ങളുണ്ടാക്കുന്ന ആളുകളെ പല പ്രകാരത്തിലും സഹായിക്കുകയും ഉത്സാഹിപ്പിക്കുകയും ധൈര്യപ്പെടുത്തുകയും ചെയ്യുന്നതിന്നു് വേണ്ടുന്ന ആളുകളുണ്ടായിരിക്കണം. പുസ്തകം നല്ലതാണെങ്കിൽ വിലകൊടുത്തു് വങ്ങുന്നതിന്നു് ആളുകളുണ്ടാകുമെന്നു് വിചാരിപ്പാൻ ന്യായമുള്ളതുകൊണ്ടു് മേൽപ്രകാരം ഗ്രന്ഥകർത്താക്കന്മാരെ ഉത്സാഹിപ്പിക്കയും മറ്റും ചെയ്തിട്ടെന്തുകാര്യമെന്നു് ചിലർ പക്ഷേ, ചോദിക്കുമായിരിക്കാം. അവരവരുടെ കുടുംബങ്ങളിൽതന്നെ ശക്തിക്കു തക്കവണ്ണം ഒരു പുസ്തകസഞ്ചിയുണ്ടായിരിക്കണമെന്നു് തീർച്ചപ്പെടുത്തീട്ടുള്ള ആളുകൾ പുസ്തകങ്ങൾ വാങ്ങാറുള്ളതുപോലെ ഇവിടങ്ങളിലുള്ളവർ പ്രവൃത്തിക്കുന്നതിന്നുള്ള കാലം സമീപിച്ചിട്ടില്ല, എന്നുമാത്രമല്ല ഒരു പുസ്തകം എത്രമേൽ നല്ലതായിരുന്നാലും അതു് നല്ലതാണെന്നുള്ള തത്ത്വം സകലരും ഗ്രഹിച്ചു് പുസ്തകം വാങ്ങിത്തുടങ്ങുന്നതിന്നു് അധികം നാൾ വേണ്ടിവരുമെന്നുകൂടി വന്നേക്കാം. ഇങ്ങിനെ ഇരിക്കയാൽ പുസ്തകം നല്ലതായിരുന്നാലും ഗ്രന്ഥകർത്താവിന്നു് തല്ക്കാലം നഷ്ടമോ മറ്റോ വന്നേക്കാമെന്നു് പറയുന്നതിൽ ഇവിടെ ഒന്നുകൊണ്ടും അധൈര്യപ്പെടുവാനില്ല. ആ സ്ഥിതിക്കു് പുസ്തകമുണ്ടാകണമെന്നുള്ള വിചാരം മലയാളപണ്ഡിതന്മാരിൽ അത്യധികം പ്രബലപ്പെടത്തക്കവണ്ണം അവരെ സഹായിക്കയും ഉത്സാഹിപ്പിക്കയും ധൈര്യപ്പെടുത്തുകയും ചെയ്യണമെന്നു് ഇവിടെ പറയാതിരുന്നാൽ ഞാനെന്റെ ചുമതലയെ നിർവ്വഹിക്കുന്നതിൽ വലിയ ഉപേക്ഷ കാണിച്ചതായി വിചാരിക്കപ്പെടുമെന്നാണു് എന്റെ ഉത്തമവിശ്വാസമെന്നു് സവിനയം വീണ്ടും അറിയിക്കേണ്ടതായി വന്നിരിക്കുന്നു.

മലയാളപണ്ഡിതന്മാർ ധാരാളമുണ്ടാകയും പുസ്തകമുണ്ടാക്കുന്നതിന്നു് അവർ സന്നദ്ധന്മാരായിരിക്കയും ചെയ്തതുകൊണ്ടായില്ല. മലയാളഭാഷയിൽ ഇല്ലാത്തതും ഭാഷാപോഷണത്തിന്നത്യാവശ്യമായിട്ടുള്ളതുമായ പുസ്തകങ്ങൾ എന്തെല്ലാമെന്നു് തീർച്ചപ്പെടുത്തി അതാതുകാലങ്ങളിൽ പണ്ഡിതന്മാർക്കറിവുകൊടുപ്പാൻ ഒരു സഭയുണ്ടായാൽ വളരെ നന്നായിരിക്കും. പണ്ഡിതന്മാർ ഈ സഭയുടെ നിശ്ചയപ്രകാരം പുസ്തകമുണ്ടാക്കുകയും സഭ ആയതു് പരിശോധനകഴിച്ചു് നന്നായിട്ടുണ്ടെന്നു് കാണപ്പെടുന്നപക്ഷം അച്ചടിപ്പിക്കയും ചെയ്യുന്നതായാൽ നമ്മുടെ ഭാഷയിലെ ഗ്രന്ഥദൗർല്ലഭ്യം ക്രമേണ നീങ്ങുന്നതാണു്. ഇങ്ങിനെയുള്ള ഏർപ്പാടുകളൊന്നും ഇല്ലായ്കയാലാണു്, ഒരേതരത്തിൽതന്നെയുള്ള പുസ്തകങ്ങൾ വളരെയുണ്ടായതായും നെല്ലുകൾക്കിടയിൽ കളകളെന്നപോലെ പുസ്തകങ്ങൾക്കിടയിൽ ക്ഷുദ്രപുസ്തകങ്ങൾ വർദ്ധിച്ചതായും കാണ്മാനിടവന്നിട്ടുള്ളതു്. ഓരോ തരത്തിൽ ഓരോ പുസ്തകം വീതം ഉണ്ടായതിന്നുശേഷം, ഒരു തരത്തിൽ ഒന്നിലധികം പുസ്തകങ്ങൾ ഉണ്ടാക്കുകയാണു് അധികം നല്ലതു് എന്നു് മാത്രമേ ഇവിടെ പറയുന്നുള്ളു.

ക്ഷുദ്രപുസ്തകങ്ങളുടെ പ്രവേശനത്തെ തീരെ തടുക്കുകയും നല്ല പുസ്തകങ്ങളുടെ സംഖ്യ വർദ്ധിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കണം. ഇങ്ങിനെയുള്ള കാര്യങ്ങളിൽ ഏർപ്പെടുന്നവർക്കു് ഐകമത്യവും ക്ഷമയും അത്യാവശ്യമാണു്.

ഇംഗ്ലീഷ് ഭാഷ അഭ്യസിച്ചു് ഉയർന്നതരം പരീക്ഷകൾ ജയിച്ചിട്ടുള്ള നമ്മുടെ ആളുകൾ, മലയാളം സംസാരിക്കുമ്പോൾ പതിനഞ്ചുവീതം ഇംഗ്ലീഷ് വാക്കുകൾ ചേർക്കാറുണ്ടെന്നുള്ള ജനവാദം നേരായിട്ടുള്ളതാണെങ്കിൽ, മലയാളഭാഷ അഭ്യസിച്ചിട്ടുള്ള ഇംഗ്ലണ്ടുകാർ സംസാരിക്കുമ്പോൾ, അവർ ഇംഗ്ലീഷ് വാക്കുകൾക്കിടയിൽ മലയാളവാക്കുകൾ ചേർക്കാറുണ്ടോ എന്നുള്ളതിനെപ്പറ്റി ചിന്തിച്ചാൽ കൊള്ളാമെന്നറിയിക്കേണ്ടതാവശ്യമെന്നു് തോന്നുന്നു. മനോവിചാരത്തെ പൂർണ്ണമായും വ്യക്തമായും പറഞ്ഞറിയിക്കേണ്ടതിന്നു തക്ക വാക്കുകൾ മലയാളഭാഷയിൽ ഇല്ലായ്ക നിമിത്തം ഇംഗ്ലീഷ് പദങ്ങൾ ചേർക്കുന്നതാണെന്നു് ചിലർ പറയുമായിരിക്കാം. പിഴയ്ക്കാതെ സംസാരിപ്പാനും മറ്റും നമുക്കു് കഴിവില്ലാതിരുന്ന കാലത്തു് നമ്മുടെ മാതാപിതാക്കന്മാർ നമ്മെ തള്ളികളയാതെ വിദ്യ അഭ്യസിപ്പിക്കയും മറ്റും ചെയ്തപ്രകാരംതന്നെ നാം നമ്മുടെ ഭാഷ ഇപ്പോൾ അപരിഷ്കൃതയാണെന്നു് നിശ്ചയിച്ചു് ധിക്കരിക്കാതെ ഭാഷയുടെ പോഷണത്തിന്നു് വേണ്ടതെല്ലാം പ്രവൃത്തിച്ചു് ഭാഷയെ നല്ല സ്ഥിതിയിലാക്കേണ്ടതാണു്. നമ്മുടെ ഭാഷയുടെ അപരിഷ്കൃതാവസ്ഥ സൂക്ഷ്മത്തിൽ നമ്മുടെ അപരിഷ്കൃതാവസ്ഥയെയത്രെ തെളിയിക്കുന്നതും. ഇംഗ്ലീഷുകാർ തങ്ങൾ ചെല്ലുന്ന ദിക്കുകളിലെല്ലാം ഇംഗ്ലീഷ് സ്ക്കൂളുകൾ സ്ഥാപിക്കുയും ഇംഗ്ലീഷ് ഭാഷയ്ക്കു് പ്രാധാന്യം കല്പിക്കയും ചെയ്തിട്ടുള്ളതിൽനിന്നു് നാമെന്താണു് മനസ്സിലാക്കേണ്ടതു്? ഭാഷകളുടെ രാജ്ഞി എന്നോ അറിവിന്റെ താക്കോൽ എന്നോ പറയപ്പെടാവുന്ന നിലയിൽ ഇപ്പോൾ എത്തിയിരിക്കുന്ന ഇംഗ്ലീഷ് ഭാഷ, ഒരു കാലത്തു് നമ്മുടെ ഭാഷ എന്നപോലെ, അപരിഷ്കൃതാവസ്ഥയിലായിരുന്നു കിടന്നിരുന്നതു് എന്നു് ഓർക്കുകയും ആ ഭാഷ ഉന്നതനിലയിൽ എത്തിയതു് എങ്ങിനെ എന്നുള്ളതിനെപ്പറ്റി ചിന്തിക്കയും ചെയ്യുന്ന മതിമാന്മാർ നമ്മുടെ ഭാഷയെ പരിഷ്കരിക്കുന്ന കാര്യത്തിൽ ഒരു പ്രകാരത്തിലും മഗ്നോത്സാഹന്മാരായി ഭവിക്കുന്നതല്ല. ഇംഗ്ലണ്ടുകാർ തങ്ങളുടെ ഭാഷയെ സ്നേഹിക്കുന്നപ്രകാരം നാമും നമ്മുടെ ഭാഷയെ സ്നേഹിച്ചുകൊണ്ടിരിക്കുന്നതായാൽ നമ്മുടെ ഭാഷ, ഒരു കാലത്തു്, ഉൽകൃഷ്ടഭാഷകളിൽ ഒന്നെന്നു് ഗണിക്കപ്പെടും നിശ്ചയം. ഭാഷാപോഷണമെന്നതു് ചിലരുടെ ശ്രമംകൊണ്ടോ, ഏതാനും സംവത്സരംകൊണ്ടോ, നിഷ്പ്രയാസമായി സാധിക്കാവുന്ന ഒരു കാര്യമല്ല. അതുകൊണ്ടു് സ്വദേശഗവർമ്മേണ്ടുകളുടേയും ധനവാന്മാരുടേയും മറ്റും സഹായം അത്യന്താപേഷിതമെന്നു് പറയേണ്ടതില്ലല്ലോ.

ഈ അവസരത്തിൽ എനിക്കനുവദിച്ചിട്ടുള്ള സ്ഥലത്തെ (10 ഭാഗത്തെ) ഞാൻ അതിക്രമിച്ചതായി കാണപ്പെടുന്നപക്ഷം ദയാപൂർവ്വം ക്ഷമിക്കണമെന്നപേക്ഷിച്ചുകൊണ്ടു് “ഭാഷയുടെ ഐകരീത്യ”ത്തെപ്പറ്റി അല്പം പറഞ്ഞുകൊള്ളട്ടെ.

ഭാഷയ്ക്കു് ഐകരീത്യം വരുത്തേണമെന്നു് പറയുന്നതായിട്ടല്ലാതെ അതിനുള്ള മാർഗ്ഗങ്ങളെന്തെല്ലാമെന്നു് ആലോചിച്ചു് വേണ്ടപോലെ പ്രവൃത്തിച്ചതായി ഓർക്കുന്നില്ല. ഇങ്ങിനെ പറഞ്ഞുകൊണ്ടിരിക്ക മാത്രം ചെയ്തതുകൊണ്ടു് എന്തുപ്രയോജനമാണുള്ളതു്? ‘പരോപദേശ പാണ്ഡിത്യം സർവ്വേഷാം സുകരം നൃണാം’ എന്നുള്ളതു് ഇവിടെ ഓർമ്മയിൽ വരുന്നു. ഭാഷയ്ക്കു് ഐകരീത്യം വരുത്തുവാൻ ഉള്ള മാർഗ്ഗങ്ങളിൽ ചിലതു് പറയാം.

  • സർവ്വസമ്മതമായുള്ള ഒരു വ്യാകരണം നമുക്കാവശ്യമായിരിക്കുന്നു. ഇക്കാര്യത്തിൽ മലയാളരാജ്യത്തിന്റെ നാനാഭാഗത്തുമുള്ള പണ്ഡിതവര്യന്മാർ യോജിച്ചു് പ്രവൃത്തിക്കണം.
  • ഒരു നിഘണ്ഡു ആവശ്യമാണു്. മലയാളരാജ്യത്തെങ്ങും ഒരുപോലെ നടപ്പുള്ള മലയാളപദങ്ങൾ എല്ലാം ഈ നിഘണ്ഡുവിൽ ഉണ്ടായിരിക്കണം. ഈ നിഘണ്ഡു നോക്കി അതിൽനിന്നു് പദങ്ങൾ എടുത്തു് വാചകം എഴുതുന്നതായാൽ, മലയാളരാജ്യത്തെങ്ങും ഒരുപോലെ നടപ്പുള്ള വാക്കുകൾ മാത്രമേ ആ വാചകങ്ങളിൽ കാണപ്പെടുകയുള്ളു എന്നു് വരത്തക്കവിധത്തിൽ ഒരു നിഘണ്ഡു ഉണ്ടായിരിക്കണമെന്നാണു് ഇവിടെ പറയുന്നതു്.
  • ബ്രിട്ടീഷിലും കൊച്ചിയിലും തിരുവിതാംകൂറിലും ഉള്ള വിദ്യാഭ്യാസ ഡിപ്പാർട്ടുമെണ്ടിലെ മേലധികാരികൾ ഒരുമിച്ചുകൂടി മലയാള പാഠപുസ്തകങ്ങൾ ഉണ്ടാക്കുകയും ഈ മൂന്നു രാജ്യത്തുമുള്ള സകല പള്ളിക്കൂടങ്ങളിലും ആ പുസ്തകങ്ങൾ മാത്രമെ മലയാളപാഠപുസ്തകങ്ങളുടെ സ്ഥാനത്തു് പഠിപ്പിച്ചുകൂടൂ എന്നു് തീർച്ചപ്പെടുത്തുകയും ചെയ്യുക ആവശ്യമാണു്. മലയാളരാജ്യത്തെങ്ങും ഒരുപോലെ നടപ്പുള്ള മലയാളപദങ്ങൾ മാത്രമെ ഈ പാഠപുസ്തകങ്ങളിൽ കാണപ്പെടാവൂ.
  • ഇപ്പോൾ പലരും ഗദ്യമെഴുതുകയും പദ്യഗ്രന്ഥങ്ങളുണ്ടാക്കുകയും ചെയ്യുന്നതായി കാണപ്പെടുന്ന സ്ഥിതിക്കു്, അവരുടെ ആഗ്രഹം സജ്ജനസമ്മതമാംവണ്ണം നിവർത്തിച്ചതായി കണ്ടു് സന്തോഷിപ്പാൻ അവർക്കും, അനുമോദിപ്പാൻ മറ്റുള്ളവർക്കും, സംഗതി വരണമെങ്കിൽ, ഏതെല്ലാം പുസ്തകങ്ങളെയാണു് ഉത്തമമാതൃകകളായി സ്വീകരിക്കേണ്ടതു് എന്നു തീർച്ചപ്പെടുത്തിവെക്കുക അത്യാവശ്യമാകുന്നു.
  • പത്രാധിപർ പുസ്തകങ്ങളെക്കുറിച്ചു് അഭിപ്രായം പറയുന്ന സമയങ്ങളിലൊക്കെയും, ഒരു പ്രത്യേകദിക്കിൽ മാത്രം നടപ്പുള്ളതായി പുസ്തകങ്ങളിൽ കാണുന്ന പദങ്ങളെ പ്രത്യേകം എടുത്തുകാട്ടുകയും അങ്ങിനെയുള്ള പദങ്ങൾ ആരും പ്രയോഗിക്കാതിരിപ്പാൻ താല്പര്യത്തോടുകൂടി ഉപദേശിക്കയും ചെയ്താൽ കൊള്ളാം.
  • പത്രങ്ങളിലും മാസികകളിലും പ്രസിദ്ധം ചെയ്വാനായി അയക്കപ്പെടുന്ന ലേഖനങ്ങളിൽ ദേശഭാഷാപദങ്ങൾ കലർന്നിട്ടുള്ളതായി കാണപ്പെട്ടാൽ, അങ്ങിനെയുള്ള ലേഖനങ്ങൾ ഉപേക്ഷിച്ചുകളകയോ, അപ്രകാരമുള്ള പദങ്ങൾ നീക്കി അതിന്നു പകരമായി സർവ്വസാധാരണ പദങ്ങൾ[1] ചേർത്തു് പ്രസിദ്ധപ്പെടുത്തുകയോ ചെയ്താൽ വലിയ ഉപകാരമായിരിക്കും. ലേഖകന്മാർ എഴുതി അയക്കുന്ന ഉപന്യാസങ്ങളെ സംബന്ധിച്ചു്

ഇങ്ങിനെ പറഞ്ഞിട്ടുള്ള സ്ഥിതിക്കു്, പത്രാധിപലേഖനങ്ങളിൽ മേൽപ്രകാരമുള്ള പദങ്ങൾ അശേഷം കാണപ്പെടരുതെന്നു് പറയേണ്ടുന്ന ആവശ്യമില്ലല്ലോ.

ഇങ്ങിനെയുള്ള ഓരോ സംഗതികളെക്കുറിച്ചു് പര്യാലോചനചെയ്തു് ശ്ലാഘ്യമായ വിധത്തിൽ പ്രവൃത്തിച്ചുകൊണ്ടിരുന്നാൽ, ഒരുകാലത്തു്, നമ്മുടെ ഭാഷയ്ക്കു് “സാർവ്വത്രികമായ ഐകരൂപ്യം” ഭവിച്ചു എന്നു് വരാവുന്നതാണു്.

ഭാഷാപോഷണപടുക്കളായ മഹാന്മാർ, മേൽപറഞ്ഞ സംഗതികളെക്കുറിച്ചു് ആലോചിച്ചു് നമ്മുടെ ഭാഷ, പരിഷ്കൃതഭാഷകളിൽ ഒന്നെന്നു് എണ്ണപ്പെടേണ്ടതിന്നു് വേണ്ടുന്ന പുസ്തകങ്ങളെല്ലാമുണ്ടാക്കുകയും ഭാഷയ്ക്കു് ഐകരൂപ്യം വരുത്തുകയും ചെയ്യുമെന്നു് വിചാരിക്കാതിരിപ്പാൻ മാർഗ്ഗം ഒന്നും കാണുന്നില്ല.

നമ്മുടെ ഭാഷയുടെ താൽക്കാലികാവസ്ഥയെക്കുറിച്ചുള്ള അന്വേഷണം, ഭാഷയെ പരിഷ്കരിക്കേണ്ടുന്ന കാര്യത്തിൽ എന്തെല്ലാം എങ്ങിനെയെല്ലാം പ്രവൃത്തിക്കണമെന്നുള്ള യോഗ്യമായ ആലോചനയിൽനിന്നുത്ഭവിച്ചിട്ടുള്ളതായി വിചാരിക്കാവുന്നതിനാൽ, നമ്മുടെ ഭാഷയുടെ ഭാഗ്യകാലം സമീപിച്ചിരിക്കുന്നു എന്നു് പറയാമെന്നുള്ള സന്തോഷവാർത്തയെ സഹർഷം അറിയിച്ചുകൊണ്ടു് വിരമിക്കുന്നു.

കുറിപ്പുകൾ

[1] അതേ അർത്ഥത്തിൽ സർവ്വസാധാരണങ്ങളായ പദങ്ങൾ ഇല്ലാതെ വന്നാൽ എന്തുവഴിയാണു് ഉപന്യാസകൻ കരുതീട്ടുള്ളതന്നു് അറിയുന്നില്ല. ര.ര.പ.

രസികരഞ്ജിനി
images/rasikaranjini.jpg

ഭാഷാപോഷണത്തിനു് മാതൃകാപരമായ ഒരു ആനുകാലിക പ്രസിദ്ധീകരണം ആവശ്യമാണെന്നു കണ്ടു് രാമവർമ്മ അപ്പൻ തമ്പുരാൻ ആരംഭിച്ച മാസികയാണു് രസികരഞ്ജിനി. 1902-ൽ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ പത്രാധിപത്യത്തിൽ അതിന്റെ ആദ്യലക്കം പുറത്തുവന്നു. വിഷയവൈവിധ്യത്തിലും ആശയപുഷ്ടിയിലും ശൈലീവൈചിത്ര്യത്തിലും ഭാഷാശുദ്ധിയിലും നിർബന്ധമുണ്ടായിരുന്നതിനാൽ രസികരഞ്ജിനി സമാനപ്രസിദ്ധീകരണങ്ങൾക്കു് ഒരു മാതൃകയായിത്തീർന്നു. രസികരഞ്ജിനി ഭാഷാസാഹിത്യത്തിനു ചെയ്തിട്ടുള്ള സേവനങ്ങൾ അമൂല്യമാണു്. ഉണ്ണുനീലിസന്ദേശം ആദ്യം വെളിച്ചം കണ്ടതു് ഈ മാസികയിലൂടെയാണു്. എന്നാൽ സാമ്പത്തികക്ലേശം മൂലം 1907-ഓടുകൂടി അതിന്റെ പ്രസിദ്ധീകരണം നിർത്തിവയ്ക്കേണ്ടതായി വന്നു.

Colophon

Title: Malayalabhashayude thalkalika avastha (ml: മലയാളഭാഷയുടെ താൽക്കാലികാവസ്ഥ).

Author(s): CD David.

First publication details: Rasikaranjini;;

Deafult language: ml, Malayalam.

Keywords: Article, CD David, Malayalabhashayude thalkalika avastha, സി ഡി ഡേവിഡ്, മലയാളഭാഷയുടെ താൽക്കാലികാവസ്ഥ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 25, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Children playing after school, a painting by Simon Durand (1838-1896). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Proofing: Abdul Gafoor; Typesetter: LJ Anjana; Editor: PK Ashok; Encoding: LJ Anjana.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.