എം കൃഷ്ണൻ നായർ മലയാളിയുടെ വായനാജീവിതത്തിന്റെ ഒരു സവിശേഷകാലഘട്ടത്തെ പ്രതിനിധാനം ചെയ്യുന്നു. അദ്ദേഹം തന്റെ സാഹിത്യവാരഫലം എന്ന സാഹിത്യനിരൂപണപംക്തി ആരംഭിക്കുന്നത് പുരോഗമനകലാസാഹിത്യ പ്രസ്ഥാനത്തിനു കേരളീയബുദ്ധിജീവിതത്തിൽ അതിസ്വാധീനമുണ്ടായിരുന്ന ഒരു കാലത്താണ് എങ്കിലും അതിന്റേതായ നിഴലുകളോ വെളിച്ചമോ ഈ നിരൂപകനിൽ പ്രത്യക്ഷപ്പെടുന്നില്ല; പിന്നിടുള്ള ദശകങ്ങളിൽ ഗണ്യമായ ഭംഗങ്ങളൊന്നും വരാതെ അതേ പേരിൽ പല വാരികകളിലായി നാലു പതിറ്റാണ്ടോളം ആ കോളം തുടരുകയും ചെയ്തു. മലയാളിയുടെ വായനാജീവിതചരിത്രത്തിൽ അതിനുള്ള സ്ഥാനം അനന്യമായ ഒന്നാണ്. തീർച്ചയായും മലയാളഭാഷയിൽ എം കൃഷ്ണൻ നായരെക്കാൾ പാണ്ഡിത്യമുള്ളവരും നിരൂപണപാടവമുള്ളവരുമായ നിരൂ‘പക’ർ മുമ്പും ഒപ്പവും പിൻപും ഉണ്ടായിട്ടുണ്ട് എങ്കിലും ഇത്രയധികം കാലം ശ്രദ്ധിക്കപ്പെട്ടതും വായിക്കപ്പെട്ടതും ആയ പംക്തി/നിരൂപകൻ മലയാളത്തിൽ വേറെയില്ല.
1970-80 ദശകങ്ങളിലാണ് ‘എം കൃഷ്ണൻ നായർ പ്രഭാവം’ ഏറ്റവും ശക്തമായി നിറഞ്ഞു നിന്നത്, അതിനു ശേഷമുള്ള കാലത്ത്, മലയാളത്തിൽ എഴുത്തിലും നിരൂപണത്തിലും ഒരു വലിയ തലമുറയുടെ അന്ത്യം കുറിച്ചുകൊണ്ട് ഉത്തരാധുനികതയുടെ തരംഗം കടന്നുവന്നു; എന്നാൽ അത് ശക്തിയാർജ്ജിക്കുന്നതിനുമുമ്പ് അദ്ദേഹം വിടവാങ്ങുകയും ചെയ്തു. ഇന്ന് നമ്മൾ തിരിഞ്ഞു നോക്കുമ്പോൾ അദ്ദേഹത്തിന്റെ ബുദ്ധിജീവിതം സ്വാതന്ത്ര്യാനന്തര-നെഹ്രുവിയൻ രാഷ്ട്രനിർമ്മാണത്തിന്റെയും ദേശീയബോധത്തിന്റേയും പുഷ്ക്കലാന്തരീക്ഷത്തിൽ തുടങ്ങി, 90-കളിലെ നവസാമ്പത്തികനയത്തിന്റെയും ആഗോളവൽക്കരണത്തിന്റേയും കാലത്ത് മങ്ങാൻ തുടങ്ങിയ ഒന്നായിരുന്നു എന്നു കാണാം. പക്ഷെ എം കൃഷ്ണൻ നായർ നിറഞ്ഞുനിന്ന ആ ഇടക്കാലം കേരളത്തിന്റെ തന്നെ ‘സാഹിത്യദശക’ങ്ങളായിരുന്നു; മലയാളിയുടെ ജീവിതത്തിലും ഭാവനയിലും മലയാളി വായനക്കാർക്കും എഴുത്തുകാർക്കും വലിയ സ്ഥാനവും (മാനവും) ഉണ്ടായിരുന്ന ഒരു കാലം.
ആ കാലത്തിന്റെ മറ്റൊരു സവിശേഷത അത് മലയാളിഭാവനയെ ആഗോളീയതയിലേയ്ക്ക് തുറന്ന ഒന്നുകൂടിയായിരുന്നു എന്നതാണ്. സിനിമയായാലും ചിത്രകലയായാലും സാഹിത്യമായാലും ദേശീയ-ആഗോളതലങ്ങളിൽ നടക്കുന്ന ചലനങ്ങളിലേക്ക് കണ്ണും കാതും ബുദ്ധിയും കൂർപ്പിച്ചിരുന്ന ഒരു കാലം. ഒരു വശത്ത് സോവിയറ്റ് യൂണിയനിൽ നിന്നിറങ്ങുന്ന സോവിയറ്റ് ലാന്റ്, സോവിയറ്റ് ലിറ്ററേച്ചർ, എന്നീ പ്രസിദ്ധീകരണങ്ങൾ തൊട്ട് പ്രോഗ്രസീവ് പബ്ലിഷേഴ്സിന്റെ ബാലസാഹിത്യം, മാർക്സിസ്റ്റ് ഗ്രന്ഥങ്ങൾ തുടങ്ങിയവയും, മറുവശത്ത്, സ്പാൻ, ലൈഫ്, എൻകൌണ്ടർ, ക്വസ്റ്റ്, തുടങ്ങിയ അമേരിക്കൻ പക്ഷപ്രസിദ്ധീകരണങ്ങളും ശരാശരി മലയാളി വായനക്കാരന്റെ കണ്ണഞ്ചിപ്പിച്ചിരുന്ന ഒരു സമയം. ഈ രണ്ടു ധാരകൾക്കും പുറത്തായിരുന്നു എം കൃഷ്ണൻ നായരുടെ സാഹിത്യലോകവും എഴുത്തും. സോവിയറ്റ്-അമേരിക്കൻ തൊഴുത്തിൽ അത് സ്വയം കെട്ടിയിട്ടില്ല, മറിച്ച് ലോകത്തെല്ലായിടത്തുമുള്ള സാഹിത്യത്തിന്റെ തുറസ്സുകളിലേക്ക് മേഞ്ഞുകൊണ്ടിരുന്നു. അങ്ങിനെ മലയാളി വായനക്കാരെ ശീതയുദ്ധസംസ്ക്കാരികത്തിനു പുറത്തുള്ള ഭാവനകളിലേക്ക് അത് ആനയിച്ചു, വ്യത്യസ്തരും നവീനരുമായ എഴുത്തുകാരെ പരിചയപ്പെടുത്തി, ലോകസാഹിത്യരചനകളെ നമ്മുടെ സാഹിത്യവുമായി നിരന്തരം താരതമ്യം ചെയ്ത് മലയാളസാഹിത്യത്തെ തന്നെ അതിന്റെ കൂപമണ്ഡൂകാവസ്ഥയിൽ നിന്ന് മോചിപ്പിക്കാൻ ശ്രമിച്ചു. മലയാളത്തിലെഴുതുമ്പോഴും നിങ്ങൾ സാഹിത്യമാണ് എഴുതുന്നത് എന്നും അതിന്റെ രസഭാവമാനദണ്ഡങ്ങൾ സാർവ്വലൌകികമാണെന്നും എം കൃഷ്ണൻ നായർ മലയാളികളെ—നിശിതമായ രീതിയിൽ എഴുത്തുകാരേയും പുതിയവ രുചിപ്പിച്ചുകൊണ്ട് വായനക്കാരേയും—നിരന്തരം ഓർമ്മിപ്പിച്ചുകൊണ്ടേയിരുന്നു. ഈ ആഗോളീയത അഥവാ തുല്യതാബോധം തന്നിലുള്ളതിനാലായിരിക്കണം വിദേശികളായ എഴുത്തുകാരുടെ പേരുകൾ ഉച്ചരിക്കുന്ന കാര്യത്തിൽ അദ്ദേഹം അസംബന്ധമെന്നുപോലും തോന്നത്തക്കവിധം കടുംപിടുത്തം പാലിച്ചത്.
വായനാജീവിതം തന്നെയായിരുന്നു എം കൃഷ്ണൻ നായരുടെ എഴുത്തുജീവിതവും; ഒരു വായനക്കാരന്റെ മനസ്സും ഹൃദയവും ആണ് ആ എഴുത്തിനെ നയിച്ചത്, അതുകൊണ്ടുതന്നെ വായനക്കാരന്റെ വ്യക്തിപരവും സ്വകാര്യവുമായ പ്രതീക്ഷയും അക്ഷമയും നിരാശയും ഹർഷവും അമർഷവും രാഗവൈരാഗ്യങ്ങളും പക്ഷപാതങ്ങളും എല്ലാം അവിടെ കാണാം. വായനയുടെ നവനവോന്മേഷദായിയായ സഞ്ചാരം ഒരിക്കലുമൊടുങ്ങാത്തതു കൊണ്ടാവണം സാഹിത്യദർശനങ്ങളിലോ താത്വികനൂലാമാലകളിലോ ചിലവഴിക്കാൻ ആ വായനക്കാരന് സമയമില്ലാതിരുന്നത്. വായനയുടെ തുടർച്ചയായതു കൊണ്ടുതന്നെ എഴുത്തിൽ താൻ വായിച്ച/ആരാധിച്ച എഴുത്തുകാരുടെ ജീവിതകഥകളും, അനുഭവങ്ങളും ഉദ്ധരണികളും കടന്നുവന്നുകൊണ്ടേയിരുന്നു. അവിടെ യാതൊരു കലഹവുമില്ലാതെ ചങ്ങമ്പുഴയും നെരൂദയും കൈകോർത്തു, സ്വപ്നങ്ങളും പ്രണയ നൈരാശ്യങ്ങളും വിളമ്പി; സാർത്രും തോമസ് മനും ചിന്തകൾ പങ്കിട്ടു, ആനന്ദവർദ്ധനനും ക്രോച്ചേയും മൂല്യനിർണയം നടത്തി. ലോകസാഹിത്യമെന്ന പോലെ ഭാരതീയ ക്ലാസിക്കൽ പാരമ്പര്യത്തിനും സാഹിത്യവാരഫലത്തിൽ ഇടമുണ്ടായിരുന്നു. നിരൂപണം തന്നിൽ നിന്നു വേറിട്ടു നിൽക്കുന്ന ഒരു പ്രവൃത്തിയായിരുന്നില്ല ഇവിടെ; സ്വന്തം ഓർമ്മകളും അനുഭവങ്ങളും താൻ കഴിഞ്ഞയാഴ്ച്ച കണ്ട കാര്യങ്ങളും ‘കഥാപാത്രങ്ങ’ളും അവിടെ നിർബാധം കടന്നുവന്നു.
ഈ രീതിയിൽ പ്രതിവാരം മലയാളിവായനയുടെ/വായനക്കാരുടെ ഭാവനയെ ഉദ്ദീപിപ്പിക്കാൻ കഴിഞ്ഞതിനാലായിരിക്കണം സാഹിത്യവാരഫലം അതിന്റെ വായനകാർക്ക് ഒരു അഡിക്ഷൻ ആയിത്തീർന്നത്; സാഹിത്യവാരഫലത്തേയും അതിലെ നിരീക്ഷണങ്ങളെയും നിലപാടുകളേയും പുൽകുമ്പോഴും വെറുക്കുമ്പോഴും അടുത്തയാഴ്ച്ച അതു വായിക്കാൻ വായനക്കാർ കാത്തിരുന്നത്..
പുസ്തകങ്ങൾ തങ്ങളുടെ ലോകം തന്നെയായിരുന്ന ഒരു മലയാളിക്കാലത്തിന്റെ നിരൂപകൻ ആയിരുന്നു എം കൃഷ്ണൻ നായർ. അച്ചടിച്ച വാക്കിനോട് ഭക്തിയും എഴുത്തിനോട് ആസക്തിയും എഴുത്തുകാരനോട് ആദരവും കൂറും ഉണ്ടായിരുന്ന ഒരു കാലം. ഇന്നത്തെപ്പോലെ എല്ലാറ്റിന്റേയും—വിവരം, വിനോദം, ദൃശ്യം, ശബ്ദം, ആഖ്യാനം—ആധിക്യം ഉള്ള, ‘പുഴയുടെ ഒരുമ വേണ്ടപ്പോൾ മഴപോലെ’ (കെ ജി ശങ്കരപ്പിള്ളയുടെ കവിതയിൽ നിന്നു്) നമ്മൾ ചിതറുന്ന ഈ കാലത്ത് നിന്നു തിരിഞ്ഞു നോക്കുമ്പോൾ ഏതോ യുഗം പോലെ തോന്നുന്നു അക്കാലം.
(21/05/2020)
ജയമോഹന്റെ കഥ തനതുലിപിയിൽ കാണാനിടയായത് കൗതുകമുണർത്തി.
1999-ൽ ഗുരു നിത്യചൈതന്യയതിയെ കാണാനായി ചിത്രജനും ഞാനും ഫേൺഹില്ലിലെത്തി. ’രചന’യുടെ വരവ് ആദ്യമറിയിക്കേണ്ടത് അദ്ദേഹത്തെയായിരുന്നു. “എന്റെ ആത്മാവോളം പ്രിയപ്പെട്ട അക്ഷരങ്ങൾ” എന്നാണ് അദ്ദേഹം തനതുലിപിയെ വിശേഷിപ്പിച്ചിരുന്നത്. മറ്റെല്ലാ പരിപാടികളും നിറുത്തിവെച്ച് പകലും രാത്രിയും അദ്ദേഹം ഞങ്ങളുമായി സംസാരത്തിൽ മുഴുകി. കാലേകൂട്ടി നിശ്ചയിച്ച പ്രകാരമാണെന്നു തോന്നുന്നു ജയമോഹനും കുറച്ചു കവികളും എത്തിച്ചേർന്നെങ്കിലും യതി ഞങ്ങളുമായുള്ള സംസാരം തുടരുകയാണ് ചെയ്തത്. “മലയാളലിപി പഴയതിലേക്ക് തിരിച്ചുപോകുന്നത് എന്തിനാണ്? അതിനിയും പരിഷ്കരിക്കേണ്ടതല്ലെ” എന്ന് ജയമോഹൻ നീരസം പ്രകടിപ്പിച്ചു. “താങ്കൾ തമിഴിനെ പരിഷ്കരിച്ചാൽ മതി, മലയാളത്തിന്റെ കാര്യം ഞങ്ങൾ നോക്കിക്കൊള്ളാം” എന്ന് ചിത്രജൻ പറഞ്ഞു.
തമിഴ് ലിപിയുടെ പരിഷ്ക്കരണത്തിനായി അദ്ദേഹം കുറച്ചുനാൾ മുമ്പ് എഴുതിയത് വായിക്കുകയുണ്ടായി. “ഡിജിറ്റൽ കാലത്ത് അക്ഷരങ്ങൾ കൂടുതൽ കൂടുതൽ എളുപ്പമുള്ളതാക്കിത്തീർക്കണം” എന്നാണ് അദ്ദേഹത്തിന്റെ വാദം. മലയാളത്തിന്റെ ‘ു ൂ’-കാരങ്ങൾ വ്യജ്ഞനത്തിൽ നിന്നും വേർപെടുത്തി പരിഷ്കരിച്ചതുപോലെ തമിഴിലും ചെയ്യണമെന്നായിരിക്കാം അദ്ദേഹം ഉദ്ദേശിച്ചത്. അവിടെ ‘ി ീ’-കാരവും വേർപെടുത്തേണ്ടിവരും. അങ്ങനെയൊരു ഉദ്യമത്തിനു ശ്രമിച്ചാൽ കേരളീയരെപോലെ തമിഴ് മക്കൾ സഹിക്കില്ല. തമിഴ് നാട് കത്തും.
അത്തരം എളുപ്പവഴിയിലുള്ള ക്രിയകൾക്കായി പല മഹാന്മാരും ശ്രമിച്ചിട്ടുണ്ട്. ഇംഗ്ലീഷിന്റെ സ്പെല്ലിംഗ് ‘എളുപ്പ’മുള്ളതാക്കാൻ ബർണാഡ് ഷാ ശ്രമിച്ചത് എവിടെവരെയെത്തിയെന്ന് ഇന്ന് എല്ലാവർക്കുമറിയാം. ഭാഗ്യത്തിന് അദ്ദേഹം അക്ഷരങ്ങളുടെ ആകൃതിയെ തൊട്ടുകളിച്ചില്ല. ജർമ്മൻ ഭാഷയും ഇങ്ങനെ സ്പെല്ലിംഗ് എളുപ്പമുള്ളതാക്കാൻ ശ്രമിച്ച് കൈപൊള്ളി അഞ്ചാറു വർഷങ്ങൾക്കു ശേഷം പിന്തിരിഞ്ഞോടി.
“ഒരു ഭാഷയെ കൊല്ലാനുള്ള എളുപ്പവഴി ലിപി മാറ്റലാണ്” എന്ന് എംടി പറഞ്ഞു. മലയാളത്തിലെ ലിപിപരിഷ്ക്കരണം വരുത്തിവെച്ച ‘എളുപ്പങ്ങൾ’ 1970-നു ശേഷമുള്ള തലമുറ അനുഭവിച്ചത് ഏതൊക്കെ വിധമാണ്? അരനൂറ്റായി നമ്മുടെ വിദ്യാർത്ഥികൾ താങ്ങുന്ന ലിപിഭാരത്തിന്റെ വിസ്തൃതി നോക്കൂ. പാഠപുസ്തകങ്ങളിലുള്ള അക്ഷരങ്ങളിലല്ല അദ്ധ്യാപകർ ബോർഡിലെഴുതുന്നത്. അഞ്ചു പിരീയഡിലും അഞ്ചു തരത്തിലാണവ. മനോരമയിലുള്ള ലിപിയല്ല മാതൃഭൂമിയിലുള്ളത്. മലയാളം കമ്പ്യൂട്ടിംഗിൽ ലിനക്സിൽ പരിശീലനം നേടുന്ന ലിപി തീർത്തും തനതാണ്. വിദ്യാർത്ഥി കൃസ്ത്യാനിയാണെങ്കിൽ സത്യവേദ പുസ്തകമോതുമ്പോൾ വായിക്കുന്നത് 1920-കളിലെ പഴയതിലും പഴയതായ ലിപിയിലാണ്. ഗ്രാമീണ വായനശാലയിൽ പോയി പുസ്തകമെടുത്തു വായിക്കുന്ന കുട്ടിയാണെങ്കിൽ നമ്മുടെ എണ്ണായിരം വരുന്ന ലൈബ്രറികളിലുള്ള ഗ്രന്ഥശേഖരത്തിന്റെ പകുതിയും പഴയ ലിപിയിലാണ്. ഓൺലൈനിൽ മലയാളം വായിക്കുന്ന കുട്ടികൾക്കു മുന്നിൽ വെബ് പേജുകൾ തുറക്കുന്നത് പലവിധം പുതിയ-പഴയ ലിപിയിലാണ്. ഡിസി ബുക്സിന്റെ പുസ്തകത്തിൽ കാണുന്ന കൂട്ടക്ഷരമല്ല തൃശ്ശൂർ കറന്റ് പ്രസിദ്ധീകരിക്കുന്നവയിലുള്ളത്. ഇന്ത്യയിലെ മറ്റൊരു വിദ്യാർത്ഥി സമൂഹവും അഭിമുഖീകരിക്കാത്തൊരു അക്ഷരഭീകരതയാണിത്.
ലിപിപരിഷ്കരണത്തിലൂടെ ഒരു ഭാഷ നേരിടുന്ന വിപത്ത് മനസ്സിലാക്കാൻ പല എഴുത്തകാർക്കും കഴിഞ്ഞിട്ടില്ല. അവർ ശ്വാസോച്ഛ ്വാസം പോലെ ഉപയോഗിക്കുന്ന അക്ഷരങ്ങൾ അത്തരക്കാർക്ക് വെറും കുത്തിവരകളാണ്. “ഉള്ളടക്കമാണ് പ്രധാനം, രൂപം ഒരു വിഷയമല്ല” എന്ന ഇത്തരക്കാരുടെ നിലപാടിനെതിരെ കൂടിയായിരുന്നു രചനയുടെ ഇരുപതു വർഷത്തെ പോരാട്ടം. പതിനെട്ടു വർഷങ്ങളോളം രചനയെ ഘോരമായി എതിർത്ത കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഇന്ന് തനതുലിപിയിൽ ഗ്രന്ഥങ്ങളിറക്കുന്നു. കേരളകൗമുദി, ജനയുഗം പത്രങ്ങൾ ദിവസവും ‘പഴയലിപി’യിലിറങ്ങുന്നു. ഈ പ്രകിയയെ ഏറ്റവും മികച്ച സാങ്കേതികത്തികവോടെ പൂർത്തീകരിക്കുകയെന്നതാണ് സായാഹ്നയുടെ പ്രധാനപ്പെട്ടൊരു ലക്ഷ്യം. അതിനുള്ള ഒരു ജനകീയവേദിയായിത്തീർന്നിരിക്കുന്നു സായാഹ്നയുടെ വാട്സപ്പ്/ടെലഗ്രാം കൂട്ടായ്മകൾ.
ജയമോഹനെപ്പോലെ അഭിപ്രായം പറഞ്ഞ എഴുത്തുകാരനാണ് നമ്മുടെ ആനന്ദ്. ചിത്രകാരനും ശില്പിയും ആയിരുന്നിട്ടുകൂടി അക്ഷരങ്ങളുടെ ലാവണ്യവും ആശയസംരക്ഷണക്ഷമതയും മനസ്സിലാക്കാൻ അദ്ദേഹത്തിനായിട്ടില്ല. “പരിഷ്കരിച്ച ലിപിക്ക് എന്താ കുഴപ്പം?” എന്നാണ് വർഷങ്ങൾക്കുമുമ്പ് അദ്ദേഹം ഒരു സ്വകാര്യസംഭാഷണത്തിൽ ചോദിച്ചത്.
ഇവിടെയാണ് ഒ വി വിജയനും എം കൃഷ്ണൻനായരും കെജിഎസ്സും എൻ എസ് മാധവനുമൊക്കെ വ്യത്യസ്തരാകുന്നത്. അവർക്കറിയാം അക്ഷരങ്ങൾ വെറും ജ്യോമതീയരൂപങ്ങളല്ലെന്നും അവ സംസ്കൃതിയെ സംവഹിച്ച ആത്മസ്വരൂപങ്ങളാണെന്നും.
(30/05/2020)
അസാധാരണരായ രണ്ട് കേരളകാര്യംഗതരാണ് കെ ദാമോദരനും ഈ പി ഉണ്ണിയും. അവർ ഒന്നിച്ച് ഓർമ്മയിൽ വന്നത് നന്നായി. ചില പുതിയ ഒന്നിക്കൽ പലപ്പോഴും പുതിയ സാംഗത്യം തുറക്കുന്നത് കാണാറുണ്ട്. ഇന്ന് രാവിലെ കെ ദാമോദരനെ ഇവിടെ കണ്ടത് എന്നെ ധാരാളം ഓർമ്മകളിലേക്ക് കൊണ്ടു പോയി.
ഈ പരിഷത്ത് പ്രസംഗത്തിലെ ഉത്കണ്ഠകളിൽ നിന്ന് പുതിയ പ്രബുദ്ധതകളിലേക്കുണ്ടായ കെ ദാമോദരന്റെ ആരോഹണം തെളിമയോടെ കാണിക്കുന്നുണ്ട് തരീഖ് അലി കെ ദാമോദരനുമായി നടത്തിയ സംഭാഷണം. ടി എൻ ജോയിയുടെ സൂര്യകാന്തിക്ക് വേണ്ടിയായിരുന്നെന്ന് തോന്നുന്നു അത് സച്ചിദാനന്ദൻ മലയാളത്തിൽ ഉദിപ്പിച്ചത്. പ്രതീക്ഷിച്ചതിലധികമായിരുന്നു അന്നതിന്റെ വ്യാപനം. മലയാള ചിന്തയിൽ. പ്രത്യേകിച്ചും മാർക്സിസ്റ്റ് പ്രയോഗത്തിൽ ജനാധിപത്യ മൂല്യങ്ങൾ വീണ്ടെടുക്കപ്പെടേണ്ടതിനെപ്പറ്റിയുള്ള സംവാദങ്ങളിൽ.
ആ സംഭാഷണം വരുന്നതിനു മുമ്പായിരുന്നു കെ ദാമോദരനുമായി എനിക്ക് വ്യക്തിപരമായ അടുപ്പം ഉണ്ടാവുന്നത്. ഞങ്ങൾ ഏതാനും കൂട്ടുകാർ ‘പ്രസക്തി’ എന്ന പേരിലൊരു പ്രസിദ്ധീകരണം തൃശൂരിൽ നിന്ന് തുടങ്ങിയ 1972, 73, കാലത്ത്. അദ്ദേഹത്തിന്റ ‘Indian Thought’ ‘ഭാരതീയ ചിന്ത’യായി തൃശൂരിലെ ലൂമിയർ പ്രസ്സിൽ അച്ചടിക്കാനൊരുങ്ങുമ്പോൾ. പ്രൂഫ് നോക്കാൻ മിക്ക ദിവസവും കെ ദാമോദരൻ തന്നെയാണ് പാറമേക്കാവിനടുത്തുള്ള ലൂമിയറിൽ വന്നിരുന്നത്. പ്രസ്സ് നടത്തിയിരുന്നത് അദ്ദേഹത്തിന്റെ ബന്ധുവും ചിത്രകാരനും സ്ഥിരം വെള്ള ഷേർട്ടും വെള്ളപാൻറ്സും ധരിച്ചിരുന്ന രവിയേട്ടനും (അന്ന് പ്രസിൽ കേട്ടിരുന്ന പേർ) പറ്റെ മുടിയും കൊമ്പൻ മീശയുമുള്ള യുവ സുരേന്ദ്രനുമായിരുന്നു. ഇരുവരും അച്ചടിയിലെ ആധുനിക ഭാവുകത്വത്തിന്റെ വക്താക്കൾ. ചെറിയ ചില അച്ചടിപ്പിക്കലുകൾക്കായി വൈകുന്നേരങ്ങളിൽ കോളേജ് കഴിഞ്ഞുള്ള ഒഴിവില്ല ഞാനും അവിടെത്താറുണ്ടായിരുന്നു. പ്രസ്സിന്റെ ഓഫീസിലിരുന്നായിരുന്നു കെ ദാമോദരൻ ആധുനികത അംഗീകരിചച്ചും രസിച്ചും ജനയുഗത്തിലൊരു ലേഖനമെഴുതിയിരുന്നു. ഒരു വാർഷികപ്പതിപ്പിൽ. അതിൽ നിന്നായിരുന്നു അദ്ദേഹവുമായുള്ള സംഭാഷണങ്ങളുടെ തുടക്കം. തുടക്കത്തിൽ ആധുനികതയെയും മാവോയിസത്തെയും ശ്രീനാരായണഗുരു, സ്വാമി വിവേകാനന്ദൻ, ഗാന്ധി, നെഹ്റു, ഓർവെൽ, സാർത്ര്, കമ്യു, കാഫ്ക, ട്രോട്സ്കി, സ്റ്റാലിൻ, ഈ എം എസ്, എൻ ഇ ബലറാം, എം റഷീദ്, ഡി പി ചതോപാദ്ധ്യായ… തുടങ്ങിയവരെയും പറ്റിയും ചുറ്റിപ്പറ്റിയുമായിരുന്നു മെല്ലെ വിപുലപ്പെട്ട, ആഴപ്പെട്ട, ആ വർത്തമാനം. പ്രസിൽ നിന്ന് ക്രമേണ അതിന്റെ വേദി മാറിക്കൊണ്ടിരുന്നു. പൂരപ്പറമ്പിലേക്കും ഗവ. കോളേജിലെ എന്റെ മുറിയിലേക്കും മാരാർ റോഡിലെ എന്റെ കുടുസ്സ് ലോജിലേക്കും സഖാവിന്റെ നെഹ്റു നഗറിലെ വീട്ടിലേക്കും. ലളിതവും ഉള്ളിൽ പടരുന്നതുമായിരുന്നു ആ കൂടൽ നേരങ്ങൾ. ഓർമ്മയിൽ അതിപ്പോഴും പല ദീർഘ കാണ്ഡങ്ങളായി സജീവം.
അവസാനം ഞാൻ കെ ദാമോദരനെ കണ്ടത് തൃശൂരെ സഫയർ ഹോട്ടലിൽ. പിറ്റേന്ന് കൊടുങ്ങല്ലൂരിൽ സാഹിത്യ പരിഷത് മീറ്ററിംഗിൽ പ്രസംഗിക്കണം. ജി അധികാരിയുമൊത്ത് ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമഗ്രചരിത്രം രചിക്കുന്ന പദ്ധതിയുമായി കെ ദാമോദരൻ താമസം ദില്ലിക്ക് മാറ്റിയിരുന്നു. കാണൽ കുറഞ്ഞിരുന്നു. ഹോട്ടലിലിരുന്ന് പഴയ ഇരിപ്പും പറയലും തുടർന്നു. കെ ദാമോദരൻ വൃദ്ധനായിരിക്കുന്നു എന്നെനിക്ക് ആദ്യമായി തോന്നി. മദ്യപിച്ചിരിക്കുന്നു, അനുസ്യൂതികൾ, നിരന്തരം വിച്ഛേദിക്കപ്പെട്ടു കൊണ്ടിരിക്കുന്നു എന്ന് തോന്നി. പഞ്ഞിക്കെട്ടുകൾ പോലെ നാളെ മാനത്ത് നമ്മളും പാറിച്ചിതറും എന്നദ്ദേഹം പറഞ്ഞപ്പോൾ ഒരു ഞൊടി കെ ദാമോദരൻ ആ ഉടൽ വിട്ടു പോയി എന്നെനിക്ക് തോന്നി. ഹോട്ടലിലെ കാബിനിൽ നിന്നെണീക്കുമ്പോൾ നിൽപ് ഭദ്രമല്ലാതായിരുന്നു. പുറത്തേക്ക് നടക്കാൻ പിടിക്കണമായിരുന്നു.
പിറ്റേന്ന് പരിഷത്തിൽ കെ ദാമോദരൻ പ്രസംഗിച്ചു. പത്രങ്ങളിൽ വന്നു. വേദിയിൽ പ്രസംഗിച്ചു നിൽക്കുന്ന കെ ദാമോദരനിൽ ഞാൻ ഇന്നലെ രാത്രിയിലെ കെ ദാമോദരനെ തിരഞ്ഞു. അതിനൊക്കെ മുൻപുള്ള കെ ദാമോദരനെയാണ് എവിടെയും കണ്ടത്. മാർക്സിസത്തിലേക്ക് പിച്ച വെച്ചപ്പോൾ എന്നെ കുറച്ചു ചുവടുകൾ നടത്തിച്ച സ്നേഹനിർഭരനായ മുൻഗാമിയെ. സായാഹ്നയ്ക്ക് പെരുത്ത് നന്ദി. എന്നെ ഓർമ്മകളിലേക്ക് ഊക്കോടെ വിളിച്ചുണർത്തിയതിന്.
(31/05/2020)
ഓർക്കുന്നുണ്ട് ഒരു പൗരാവകാശ പ്രസ്ഥാനത്തിന്നായി നാമൊന്നിച്ച് നെഹ്റു നഗറിലെ വീടെന്നു വിളിക്കപ്പെട്ട ആ ലൈബ്രറിയിൽ പോയി ചട്ടയില്ലാത്ത പുസ്തകങ്ങളെപ്പോലെ തുറന്നിരുന്നത്. ആ വിചാരരീതി അല്പമെങ്കിലും പിന്നെ കണ്ടിട്ടുള്ളത് രാജായുടെ ചില സംസാരങ്ങളിലാണ്—പാരമ്പര്യത്തിന്റെ പോസിറ്റിവുകളെ സ്വാംശീകരിക്കേണ്ടതിന്റെ അനിവാര്യത, അല്ലെങ്കിൽ അതത്രയും നാം ഹിന്ദുത്വവാദികൾക്ക് വിട്ടുകൊടുക്കുമെന്ന വിവേകം. യുക്തിവാദിക്കമ്മ്യൂണിസ്റ്റുകൾക്ക് ഒരിക്കലും മനസ്സിലാകാത്തത്. ഇന്ത്യൻ കമ്മ്യൂണിസത്തെ തോല്പിച്ച പ്രധാന ഘടകങ്ങളിലൊന്ന്. ഗുരു ഉണ്ടായതിനാൽ കേരളം പിടിച്ചു നിന്നു.
(31/05/2020)


മുകൾച്ചിത്രത്തെക്കുറിച്ചുള്ള വ്യക്തിപരമായ ഒരു കുറിപ്പാണ്:
ഇടതുഭാഗത്തുള്ള പുസ്തകച്ചട്ടക്ക് കുറച്ച് പഴക്കമുണ്ട്. സ: കെ ദാമോദരനുമായി താരിഖ് അലി നടത്തിയ അഭിമുഖത്തിന്റെ മലയാളത്തിലുള്ള ആദ്യത്തെ പ്രസിദ്ധീകരണമാണത്. എഞ്ചിനീയറിങ് വിദ്യാഭ്യാസമൊക്കെക്കഴിഞ്ഞ് മുഴുവൻ സമയ പാർട്ടി പ്രവർത്തനവുമായി നാട്ടിൽ ചുറ്റിത്തിരിഞ്ഞിരുന്ന കാലത്തെ ഒരു രാത്രിയിൽ അടക്കാപുത്തൂരിലെ വീട്ടിലെത്തിയപ്പോൾ എന്റെ മുറിയിലെ മേശപ്പുറത്ത് ഈ പുസ്തകം ഇരിക്കുന്നുണ്ടായിരുന്നു. അക്കാലത്ത് സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്കൊക്കെ മുമ്പുതന്നെ സജീവരാഷ്ട്രീയത്തിൽ നിന്ന് പിൻവാങ്ങിക്കഴിഞ്ഞിരുന്ന അച്ഛൻ എന്നെ ഒന്ന് ‘നന്നാക്കാൻ’ ഉദ്ധരിച്ചിരുന്നത് പലപ്പോഴും സ: കെ ദാമോദരനെയായിരുന്നു. അത്തരത്തിൽ ഒരു ശത്രുത പോലും എനിക്ക് സ: ദാമോദരനുമായി ഉണ്ടായിവന്നു എന്ന് വേണമെങ്കിൽ പറയാം. സാധാരണരീതിയിലുള്ള വിദ്യാർത്ഥി രാഷ്ട്രീയപ്രവർത്തനം മാത്രമല്ല എനിക്കുണ്ടായിരുന്നത് എന്നത് അച്ഛൻ കുറച്ച് വൈകിയാണ് മനസ്സിലാക്കിയത്. അലമാരയിൽ സൂക്ഷിച്ചുവെച്ചിരുന്ന അച്ഛന്റെ ചുവന്ന തുണിയിൽ പൊതിഞ്ഞ കട്ടിയുള്ള പഴയ പാർട്ടി മെമ്പർഷിപ്പ് കാർഡ് കൗമാരകാലത്തെ ഡിറ്റക്ടീവ് പുഷ്പരാജ് രഹസ്യാന്വേഷണങ്ങൾക്കിടയിൽ ഞാൻ കണ്ടുപിടിച്ചിരുന്നു. പാർട്ടി മെമ്പർഷിപ്പ് എന്നത് അത്യധികം രഹസ്യസ്വഭാവമുള്ള പ്രത്യേകമായ ബഹുമതിയാണ് എന്നൊക്കെയുള്ള ഒരു ധാരണ അന്നെനിക്ക് മനസ്സിൽ രൂപപ്പെടുകയും ചെയ്തിരുന്നു. എങ്കിലും കമ്യൂണിസ്റ്റ് പാർട്ടികളുമായി അഭിപ്രായവ്യത്യാസങ്ങൾ രൂപപ്പെട്ടു തുടങ്ങിയിരുന്ന, എതിർപ്പുകൾ നേരിട്ടുതന്നെ പ്രകടിപ്പിച്ചിരുന്ന കാലത്ത് മകൻ ഒരു പാർട്ടി മെമ്പറായി നാട്ടിൽ വന്നത് അച്ഛനെ അലോസരപ്പെടുത്തിയിട്ടുണ്ട് എന്നത് ഞാൻ മനസ്സിലാക്കാതെയുമിരുന്നില്ല.
അടക്കാപുത്തൂർ ഹൈസ്കൂളിൽ പഠിക്കുമ്പോൾ പത്താം ക്ലാസിൽ അച്ഛൻ ഞങ്ങൾക്ക് ക്ലാസ്സെടുത്തിരുന്നു. സാധാരണ ഹെഡ്മാസ്റ്റർമാർ ചെയ്തുകണ്ടിട്ടില്ലാത്ത ഒരു കാര്യം. എന്റെ കുരുത്തക്കേടുകൾക്കും തോന്നിവാസങ്ങൾക്കുമൊക്കെ അച്ഛൻ ശിക്ഷ തന്നിരുന്നത് ഇംഗ്ലീഷ് ക്ലാസ്സിൽ “My son” എന്നു തുടങ്ങുന്ന ഒരു കുസൃതിവാചകം ബോർഡിൽ എഴുതിക്കൊണ്ടാണ്. പെൺകുട്ടികളുടെ അറ്റം മുതൽ തുടങ്ങുന്ന അടക്കിച്ചിരികളും കളിയാക്കൽ നോട്ടങ്ങളും മാത്രം മതിയായിരുന്നു എന്നെ മര്യാദക്കാരനാക്കാൻ. മുതിർന്ന ശേഷവും അച്ഛൻ ശീലങ്ങളിൽ മാറ്റമൊന്നും വരുത്തിയില്ല. നേരിട്ടു പറഞ്ഞിട്ട് കാര്യമില്ലെന്നു തോന്നുന്നത് പൊതുവായി ഞാൻ കേൾക്കെ മറ്റാരോടെങ്കിലും പറയും. ഒരു ഇന്ത്യൻ കമ്യൂണിസ്റ്റിന്റെ ഓർമ്മക്കുറിപ്പുകൾ എന്റെ മേശപ്പുറത്ത് വെച്ചുപോയതും അതിന്റെയൊക്കെ തുടർച്ച തന്നെ. അന്ന് ആയിടെ പുറത്തിറങ്ങിയ മന്ദബുദ്ധികളുടെ മാർക്സിസ്റ്റ് സംവാദം (ഭാസുരേന്ദ്രബാബുവും ജെ രഘുവും ചേർന്നെഴുതിയത്) അച്ഛന്റെ മേശപ്പുറത്ത് ഒരു കത്തോടു കൂടി വെച്ചാണ് പിന്നെ ഞാൻ വീട്ടിൽ നിന്ന് ഇറങ്ങിയത്. ആഴ്ചകൾക്കു ശേഷം തിരിച്ചു വന്നപ്പോൾ ഒരു ‘man to man’ സംസാരത്തിന് അച്ഛൻ തന്നെ തുടക്കമിട്ടു. അച്ഛൻ കടന്നുപോയിട്ടുള്ള രാഷ്ട്രീയസംഘർഷങ്ങളുടെ ഒരു കാലത്തെക്കുറിച്ച് പറഞ്ഞു. സ: കെ ദാമോദരന്റെ മാത്രം നിർബന്ധത്തിനു വഴങ്ങി മുഴുവൻ സമയ പാർട്ടി പ്രവർത്തകനായിരിക്കെ തലശ്ശേരി ട്രെയിനിങ് കോളേജിൽ പോയി ബി ടി ചെയ്തത് പറഞ്ഞു. ഞങ്ങൾക്കൊക്കെ നേർവഴിക്കുള്ള ഉപദേശങ്ങൾ തരാൻ ദാമോദരനെപ്പോലെ ഒരാളുണ്ടായിരുന്നു. നിങ്ങൾക്കൊന്നും അങ്ങനെ ഒരാളില്ല എന്ന് ഒരു തലമുറയുടെ വിഷമം പറഞ്ഞു. ഞാൻ മിണ്ടാതെയിരുന്ന് കേട്ടു.
വർഷങ്ങൾ കഴിഞ്ഞു. അച്ഛൻ എന്നോട് മിണ്ടാനുപയോഗിച്ച പുസ്തകം എന്റെ വീട്ടിലെ പുസ്തകസൂക്ഷിപ്പുകൾക്കിടയിൽ പെട്ടു. രണ്ടു വർഷം മുമ്പ് ചിന്ത രവിയെക്കുറിച്ചുള്ള മാങ്ങാട് രത്നാകരന്റെ ‘ജാതകകഥകളുടെ’ പ്രകാശനത്തിന് തൃശ്ശൂരിൽ പോയപ്പോൾ താരിഖ് അലിയുടെ പ്രസംഗം കേട്ടു. പൊതുവിൽ “നിങ്ങൾ മലയാളികളുടെ സുഖക്കേടെന്താണെന്ന്” താരിഖ് അലി സദസ്സിനോട് അഭിമുഖം നടത്തുന്ന മട്ടിലെത്തിയ ആ ദിവസം മാതൃഭൂമി പുറത്തിറക്കിയ വലതുഭാഗത്തുള്ള പുറംചട്ടയിൽ കാണുന്ന “ഇന്ത്യൻ കമ്യൂണിസ്റ്റിന്റെ ഓർമ്മക്കുറിപ്പുകൾ” കൗതുകത്തോടെ വാങ്ങിച്ചു. വീട്ടിലെത്തി ഉച്ചയൂണു കഴിഞ്ഞുള്ള പതിവു സംഭാഷണങ്ങൾക്കിടയിൽ അച്ഛനെ ഞാനീ പുസ്തകം കാണിച്ചു. എന്തൊക്കെ അച്ഛൻ ഓർത്തു എന്നറിയില്ല. കെ ദാമോദരനെക്കുറിച്ചുള്ള കുറേ ഓർമ്മകളിലേക്ക് കാടുകയറിപ്പോയി. കെ പി ശശിയുമായി ഒരിക്കൽ ഫോണിൽ സംസാരിച്ചിരുന്നു എന്ന് പരാമർശിച്ചു. ചിറ്റൂരിലെ ഫിലിം ഫെസ്റ്റിവലിന് വന്ന അവസരത്തിൽ കെ പി ശശിയേയും കൂട്ടി ഞാൻ അച്ഛനെ കണ്ടു. സുഹൃത്തിന്റെ മകനോട് സ്നേഹവാത്സല്യങ്ങളോടെ അച്ഛൻ ഏറെ നേരം സംസാരിച്ചു. ഇടതുഭാഗത്തേക്ക് ചരിഞ്ഞിരുന്ന് ഇടതുകാലിൽ തടവിച്ചൊറിഞ്ഞ് സഖാവേ എന്നൊരു വിളിയുണ്ട് ദാമോദരന് എന്നൊരു ഓർമ്മച്ചിത്രം വരച്ചു. അച്ഛന്റേത് എന്നു പറയാവുന്നതായി എനിക്ക് കിട്ടിയിട്ടുള്ളത് ആ ഇടതുകാലിലെ ചൊറിയാണ് എന്ന് ശശി പൊട്ടിച്ചിരിച്ചു. ഇടതുപക്ഷം ചേർന്ന ചൊറിയുടെ രാഷ്ട്രീയമാനങ്ങളോർത്ത് ഞങ്ങളെല്ലാം കൂടെച്ചേർന്നുചിരിച്ചു.
ഇപ്പോൾ അച്ഛനില്ലാത്ത വീട്ടിൽ അച്ഛന്റെ സൂക്ഷിപ്പുകൾ അടുക്കിവെച്ചുകൊണ്ട് ഓപ്പോളും ഞാനും ബിന്ദുവും ഇരിക്കുന്നു. ഇടയിൽ ഏഷ്യാനെറ്റ് പുനഃസംപ്രേഷണം ചെയ്ത ‘എന്റെ പുഴയിൽ’ അച്ഛൻ വീണ്ടും ഇരുന്നു സംസാരിക്കുന്നതു കണ്ടു. മരണത്തിനു ശേഷമുള്ള ദിവസങ്ങളിൽ സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും വിദ്യാർത്ഥികളുടേയും സഹപ്രവർത്തകരുടേയും ഓർമ്മകൾ സ്നേഹം നിറഞ്ഞ സാന്നിദ്ധ്യങ്ങളായി അറിഞ്ഞു. എല്ലാവരോടും നന്ദിയും സ്നേഹവും അറിയിക്കുന്നു.
ഞാൻ ആദ്യം കണ്ട, എന്നെ ആദ്യം തൊട്ട കമ്യൂണിസ്റ്റുകാരനെ, അദ്ധ്യാപകനെ സ്നേഹത്തോടെ ഓർത്തുകൊണ്ട് രണ്ടു വർഷം മുമ്പെഴുതിയ ഈ കവിത വീണ്ടും എടുത്തെഴുതുന്നു:
അച്ഛന് ഷേവ് ചെയ്തുകൊടുക്കുമ്പോൾ
പണ്ടെന്നോ കവിളത്തുരസിപ്പോയ
ഒരു പരുക്കൻ ചൂടിൽ തടഞ്ഞുനിന്നു
ബ്ലേഡുമൂർച്ചയിൽ നനഞ്ഞ ഒരോർമ്മ.
പാതിരയ്ക്ക് പടികടന്നുവരുന്ന
ഒരു ടോർച്ചുമിന്നിച്ചയെക്കാത്ത്
ഏങ്ങലടിച്ചുവറ്റിയ കരച്ചിലിന്റെ
ഉപ്പടയാളങ്ങൾ പൊടിച്ചുകളഞ്ഞ
വരണ്ട പുകയിലച്ചുണ്ടുകൾ
ഇപ്പോൾ വൃദ്ധമായൊന്ന് വിറച്ചത്
മരുന്നൊറ്റിച്ചുകലങ്ങിയ കാഴ്ചയിലും
തെളിഞ്ഞുകണ്ട
മകന്റെ താടിനരകൊണ്ടാവണം
അമ്പതുകളുടെ യൗവ്വനം തൊണ്ടപൊട്ടിച്ച
കീഴ്ത്താടിയനക്കങ്ങളുടെ
വിളറിയ ഓർമ്മഞരമ്പുകളിൽ
എൺപതുകളുടെ വെയിലത്ത്
മാനത്തേക്കുചുരുട്ടിയ വലംകൈയിലെ
റേസർ ചേർന്നുനിൽക്കുമ്പോൾ
പല കാലങ്ങളുടെ ചുവപ്പിലേക്ക്
ചോരപൊടിയാതെ, മിണ്ടാതെ
തൊട്ടുപോവുന്ന മൂർച്ചകളിൽ
ഒരേ സമയം കൊരുക്കുന്നുണ്ട്
രണ്ടു തലമുറകളുടെ നരകൾ
(31/05/2020)
കെ.ദാമോദരന്റെ പ്രസംഗം പുനഃപ്രസിദ്ധീകരിച്ചത് ഉചിതമായി. ശ്രദ്ധേയമാക്കുന്ന പല സവിശേഷതകളും അതിന് ഇന്നുമുണ്ട്.
- ഇന്ന് വായന മരിച്ചു, പണ്ടൊക്കെ എന്തൊരു വായനയായിരുന്നു എന്ന വ്യാജകല്പനയെ അത് പൊളിച്ചടുക്കി.
- അധ്യയന ഭാഷ മലയാളമാക്കുക, ഭരണഭാഷ മലയാളമാക്കുക എന്നീ ആശയങ്ങൾ ഇന്ന് കൂടുതൽ കൂടുതൽ പ്രസക്തമാകുന്നു. ആദ്യം പദകോശം ഉണ്ടാക്കൂ, എന്നിട്ടുമതി അധ്യയനഭാഷ മലയാളമാക്കൽ എന്ന, ഇപ്പോഴും മുഴങ്ങിക്കേൾക്കുന്ന വാദത്തിന് കെ ദാമോദരൻ അന്നേ പറഞ്ഞ മറുപടിക്ക് എന്തൊരു വ്യക്തത!
(31/05/2020)
അടിയന്തിരാവസ്ഥകാലത്ത് വലതു കമ്മ്യൂണിസ്റ്റു പാർട്ടി ഇന്ദിരാ ഗാന്ധിയെ പിന്തുണച്ചപ്പോഴും മനസ്സിൽ ആദരവു കെടാതെനിന്ന നക്ഷത്രം കെ.ദാമോദരനായിരുന്നു. അന്നദ്ദേഹം പരിപൂർണ്ണ നിശ്ശബ്ദനായിരുന്നു. അടിയന്തിരാവസ്ഥ കഴിഞ്ഞ്, വസന്തത്തിന്റെ ഇടിമുഴക്കങ്ങൾ അകന്നുപോയ നാളുകളിൽ ടി എൻ ജോയിയുടെ സൂര്യകാന്തിയിൽ താരിഖ് അലിയുടെ ഇന്റർവ്യൂവിലൂടെ അന്നേക്ക് മരിച്ചുപോയ അദ്ദേഹം വീണ്ടും പുനർജ്ജനിച്ചു. ഗ്രാംഷിയോടൊപ്പം അദ്ദേഹവും ചർച്ചചെയ്യപ്പെട്ടു.
കെജിഎസ്സിന്റെ ഓർമ്മകൾ മങ്ങിപ്പോയ രണ്ടു കാലങ്ങളെ, അമ്പതുകളേയും എഴുപതുകളേയും തൊട്ടുണർത്തുന്നു. അവിടുന്നും അരനൂറ്റാണ്ടു കഴിഞ്ഞ് അക്കാലങ്ങളത്രയും കൺമുമ്പിലൂടെ നടന്നുപോകുന്നതുപോലെ. കെജിഎസ്സിന്റേത് അല്പം നീണ്ട കുറിപ്പാണ്. അത്രയ്ക്കും നീണ്ട ഗദ്യം അദ്ദേഹം അങ്ങനെ എഴുതി കാണാറില്ല. അത് അതിനേക്കാൾ നീണ്ടുനീണ്ട് അവസാനിക്കാതിരിക്കട്ടെ എന്ന് ആഗ്രഹിച്ചുപോയി.
(31/05/2020)
അസ്സലായി നിരഞ്ജൻ. ഇത്തരം ചരിത്രം വേണം. ഇനിയും ഇനിയും. വ്യക്തിയുടെ സ്വകാര്യ ജീവിതത്തിലേക്കാൾ ജനതയുടെ ചരിത്രജീവിതത്തിലാണ് ഈ ഓർമ്മയുടെ ജീവൻ. ഇന്ത്യനൂർ ഗോപി എന്ന് അച്ഛന്റെ പേർ പറയണം. രാഷ്ട്രീയം എന്തോ അന്യവിഷയമെന്ന് കരുതിയും കരുതിപ്പിച്ചും സ്വയം അന്യപ്പെടുത്തുന്നവർക്കിടയിൽ നിന്ന് അന്നേ വിമോചിതമായ കുടുംബങ്ങളിലൊന്നിലായിരുന്നു നിരഞ്ജന്റെ കുട്ടിക്കാലം എന്ന് കണ്ട് സന്തോഷിക്കുന്നു.
ഭൂരിപക്ഷത്തിനും ചരിത്രം “ഉൾക്കടൽ സിനിമയുടെ സെറ്റിട്ട”തിന് മുൻപും പിമ്പുമായി “പ്രകൃതിരമണി”യായി കണ്ണെഴുതി പൊട്ടും തൊട്ട് പാട്ടും പാടി നിൽക്കുവല്ലേ?
(31/05/2020)
ദാമോദരനെക്കുറിച്ചുള്ള കുറിപ്പുകളിൽ ധിഷണാപരമായതൊന്നും എന്റെ പക്കലില്ല. അമ്പതുകളുടെ മദ്ധ്യത്തിൽ നടന്ന ഒരു പാർല്യമെന്റു തെരഞ്ഞെടുപ്പാണ് അക്കാലത്തു് അഞ്ചിലോ ആറിലോ പഠിച്ചിരുന്ന എന്റെ ഓർമ്മയിലുള്ളത്. അക്കാലത്തു് ഞങ്ങൾ പൊന്നാനി ദ്വയാംഗ മണ്ഡലത്തിലായിരുന്നു. പണ്ടത്തെ നാട്ടിക—ഇന്നത്തെ കയ്പമംഗലം. സഖാവ് കെ ദാമോദരനും സഖാവ് പി കുഞ്ഞനുമായിരുന്നു അന്നത്തെ കമ്മ്യൂണിസ്റ്റു പാർട്ടി സ്ഥാനാർത്ഥികൾ. സ്ഥിരമായി പാർട്ടി പരിപാടികൾ നടക്കാറുള്ളത് വീടിന്റെ തൊട്ടുള്ള അന്നത്തെ ഡിസ്റ്റ്രിക് ബോർഡു സ്ക്കൂൾ അംഗണത്തിലായിരുന്നു. തെരഞ്ഞെടുപ്പു സമ്മേളനത്തിനു സഖാവെത്തിയതു ഭാര്യ പത്മേടത്തിയുമൊത്തായിരുന്നു. സ്ഥിരമായി ഈ അവസരങ്ങളിലെല്ലാം ഞങ്ങളുടെ വീട്ടിൽ നിന്നാണു നേതാക്കളെല്ലാം ഭക്ഷണമൊക്കെ കഴിക്കാറ്. ഏതാണ്ട് ഒരു മണിക്കൂർ നീണ്ടുനിന്ന പ്രസംഗത്തിനുശേഷം വേദിയിലുണ്ടായിരുന്ന അക്കാലത്തെ ജനകീയ ഫർണിച്ചറായ ഈസിചെയറിൽ ഇരുന്നു സിസേർസ് സിഗരറ്റ് പാക്കറ്റു പൊട്ടിച്ച് ഒരു സിഗരറ്റു കത്തിച്ച് ആഞ്ഞു വലിക്കുന്ന ദൃശ്യമാണ് എന്റെ ഓർമ്മയിലുള്ളത്. പതിവു പോലെ അത്തവണയും സഖാവ് ദാമോദരൻ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുകയായിരുന്നു (ഒരു അസംബന്ധ പ്രസ്താവനയായി കണ്ടാൽ മതി).
(31/05/2020)
ലോലഗഹനമായ കഥ. ഒന്നാന്തരം ആഖ്യാനം. എഴുതി തഴക്കം വന്ന ഒരു കഥാകൃത്തിന്റെ രചനാവൈഭവം. ഗംഭീരമായ കണ്ടെത്തൽ. ദാമ്പത്യത്തിലെ സ്നേഹ-വൈരാഗ്യങ്ങൾ, വംശത്തുടർച്ചയ്ക്കായുള്ള മോഹം, ജീവിലോകവുമായുള്ള മനുഷ്യരുടെ ഉലയുന്ന ബന്ധം: ധാരാളം ചിന്താവിഷയങ്ങൾ.
സന്തോഷ് കുമാറിന്റെ നിശ്ശബ്ദം വളരെ നന്നായിട്ടുണ്ട്… ഞാൻ ആദ്യമായാണ് അദ്ദേഹത്തിന്റെ കഥ വായിക്കുന്നത് എന്ന് തോന്നുന്നു. കൃത്യവും സൂക്ഷ്മവും ആയ ഭാഷ. സത്യം.
തൂക്കിയെടുത്ത് കൃത്യം ആക്കിയ ഭാഷയും വികാരവും വിചാരവും… അദ്ദേഹത്തിന് അഭിനന്ദനം. ഇത് പോസ്റ്റ് ചെയ്തത് നന്നായി.
വ്യത്യാസമുള്ള, രസിച്ചു വായിച്ചു പോകാവുന്ന, ജീവനുള്ള കഥ. ഇല്ലായ്മകളുടെ അനുപൂരകം വരുന്ന ആ ഒറ്റ ഖണ്ഡിക മാത്രം മുഴച്ചു നിൽക്കുന്നതായി തോന്നി. പുതിയൊരു നല്ല കഥാകൃത്തിനെ അവതരിപ്പിച്ചതിന് സായാഹ്നക്ക് അഭിനന്ദനങ്ങൾ!
ഞാനും സി സന്തോഷ് കുമാറിന്റെ കഥ വായിക്കുന്നത് ആദ്യമായാണ്. പുതിയ അനുഭവം.
ചിലപ്പോഴെക്കെ മറ്റാരും കേൾക്കാത്ത ശബ്ദങൾ നമ്മൾ കേൾക്കാറില്ലേ… സന്തോഷ് കുമാറിന് അഭിനന്ദനം!
സി സന്തോഷ് കുമാറിന്റെ “നിശ്ശബ്ദം”, കാതിലൊരു നിലയ്ക്കാത്ത ശബ്ദഭാരമായി തങ്ങിനില്ക്കുന്നതുപോലെ. ‘ഭൂമിയേക്കാൾ ഭാരമുള്ള ശ്വാസം’ വായന കഴിയുന്നിടത്ത് അസഹ്യമായി മാറി. ആകാശത്തേക്ക് ആഴ്‌ന്നിറങ്ങി നില്ക്കുന്ന, ചില്ലകളുടെ അധികഭാരങ്ങളെ മുണ്ഡനം ചെയ്ത തേക്കുമരമായി മനസ്സ് ഘനീഭവിച്ചുപോയപോലെ… ജീവിതത്തിൽ നാമൊക്കെയും നമുക്കു വേണ്ടതു മാത്രം കേൾക്കുമ്പോൾ അവഗണിക്കപ്പെടുന്ന ശബ്ദങ്ങളുടെ ഒരു നിശബ്ദ ഘോഷയാത്ര… നല്ല വായനാനുഭവം.
സാഹചര്യങ്ങളുടെ വ്യതിയാനത്തിൽ ഒരേ ശബ്ദം അരോചകവും ആസ്വാദകരവും ആവാം. പ്രകൃതിയിലെ ശബ്ദങ്ങളുടെ ഒരു ലോകം തന്നെ ‘നിശ്ശബ്ദം’ എന്ന ചെറുകഥയിലൂടെ ശ്രീ സന്തോഷ് കുമാർ നമുക്ക് മുന്നിൽ തുറന്ന് വെച്ചിരിക്കുന്നു. കേൾക്കാത്ത ശബ്ദങ്ങൾ കേൾക്കാനും കേൾക്കുന്ന ശബ്ദങ്ങൾ അവഗണിക്കാനും കഴിയുന്നവർ, ഇന്നത്തെ മനുഷ്യർ.
സന്തോഷിന്റെ കഥ സൂക്ഷ്മമായ ശ്രവണം ആവശ്യപ്പെടുന്ന ഒന്നാണ്. അത് നഷ്ടപെട്ട മനുഷ്യരാശിയോടുള്ള ഓർമപ്പെടുത്തലും. അല്പം കൂടി ഒന്ന് എഡിറ്റ് ചെയ്തിരുന്നവെങ്കിൽ സൂക്ഷ്മത്തിന്റെ ദ്വന്ദമായ സ്ഥൂലത ഒഴിവായേനെ. എങ്കിലും വ്യത്യസ്തമായ കഥ.
സൂക്ഷ്മവും കൃത്യവുമായ രചന. ഭാഷയുടെ മർമ്മം അറിഞ്ഞുള്ള പ്രയോഗങ്ങൾ. ഒരക്ഷരം അധികമില്ല. നല്ല കഥ. നന്ദി.
സന്തോഷ് കുമാറിന്റെ കഥ ഇപ്പോഴാണ് വായിച്ചത്. ശില്പഭംഗിയുള്ള ലക്ഷണമൊത്ത ഒരു കഥ. വ്യോമസേനയുടെ പശ്ചാത്തലം ഉള്ള കഥകൾ വായിച്ച ഓർമ്മയില്ല. നന്തനാരുടേയും കോവിലന്റെയും പട്ടാള ലോകം പോലെ കൗതുകമുള്ള ആ പശ്ചാത്തലത്തിൽ നിന്ന് ഇനിയും കഥകൾ പറയാനുണ്ടാവും സന്തോഷിന് എന്ന് കരുതുന്നു. പല അനുഭവലോകങ്ങളിൽ നിന്ന് വരുന്ന സ്വതന്ത്രമായ എഴുത്തിന് സായാഹ്ന ഇടം നൽകുന്നത് വലിയ സന്തോഷം.
ഈ കൂട്ടായ്മയിലേക്ക് ആദ്യമായാണ് വായനക്കായി കണ്ണ് പായിക്കുന്നത്. റമദാൻ വ്രതവും മറ്റുമായി അതിന് കഴിഞ്ഞില്ല. ഇന്നലെ ആദ്യമായി വായിക്കാൻ എടുത്തത് സന്തോഷ് കുമാറിന്റെ “നിശ്ശബ്ദം” എന്ന കഥയാണ്, എന്താണ് പറയേണ്ടത്, നല്ല ഒന്നാം തരം രചന. കൂട്ടം തെറ്റിയ ആ പക്ഷിയുടെ കരച്ചിൽ സുമിത്രയെ പോലെ ഇപ്പോൾ എനിക്കും കേൾക്കാം. ഇതൊക്കെ വെളിച്ചം കാണേണ്ട രചനകളാണ്. അഭിനന്ദനങ്ങൾ സന്തോഷ് കുമാർ.
കണ്ണടയ്ക്കുമ്പോൾ സ്വന്തം ഹൃദയമിടിപ്പും, ഉയർന്നു താഴുന്ന ജീവന്റെ താളവും, തനിക്ക് ചുറ്റുമുള്ള സൂക്ഷ്മപ്രകൃതിയിലെ ചെറുതും വലുതുമായ എല്ലാ ശബ്ദങ്ങളേയും ചെവിയോർക്കാൻ കഴിയുമ്പോഴാണ് ഒരാൾ ഏകാഗ്ര ധ്യാനത്തിലേക്കുള്ള ആദ്യ ചവിട്ടുപടികൾ കയറിത്തുടങ്ങുന്നത്.
പുതു തലമുറയിലെ മുൻനിര കഥയെഴുത്തുകാരിൽ ശ്രദ്ധിക്കപ്പെടേണ്ട ഒരാളാണ് ശ്രീ സി സന്തോഷ് കുമാർ. മനുഷ്യനും അവനു ചുറ്റുമുള്ള പ്രകൃതിയും മറ്റു ജീവജാലങ്ങളും പരസ്പരം പങ്കുവയ്ക്കുന്ന നിഗൂഡവും സങ്കീർണവുമായ ബന്ധങ്ങളുടെ ആഴവും വ്യാപ്തിയും രേഖപ്പെടുത്താനുള്ള ശ്രമങ്ങളാണ് അദ്ദേഹത്തിന്റെ മിക്ക കഥകളും. നിശബ്ദം എന്ന ഈ കഥയും അതിനുദാഹരണമാണ്.
ഒരു സൈനികന് തന്റെ തൊഴിലിന്റെ ഭാഗമായി കിട്ടുന്ന മാനസികവും ശാരീരികവുമായ പരിശീലനം അയാൾ ജോലിയിൽ നിന്ന് വിരമിച്ചാലും തന്നോടൊപ്പം മരണം വരെ ഉണ്ടാവും. ഏത് നിമിഷവും ഉപയോഗിക്കാനായി എണ്ണയിട്ട്, തുരുമ്പ് കളഞ്ഞ് പ്രവർത്തന സജ്ജമാക്കി വയ്ക്കുന്ന ഒരായുധം പോലെ അയാൾ ജീവിതകാലം മുഴുവനും മനസ്സിനെയും ശരീരത്തിനെയും കരുതി വയ്ക്കും.
മുപ്പത്തിയെട്ട് വർഷം വ്യോമ സേനയിലെ റേഡിയോ ട്രാൻസ്മിഷൻ സിസ്റ്റത്തിൽ സേവനമനുഷ്ഠിച്ച് വിരമിച്ച ചന്ദ്രമോഹനാണ് ഈ കഥയിലെ മുഖ്യ കഥാപാത്രം. അത്രയും വർഷത്തെ തീവ്ര പരിശീലനം അയാളുടെ ജീവിത വീക്ഷണത്തെ മാറ്റിയിരിക്കുന്നു. സൂക്ഷ്മതയുള്ള ഒരു ഓഡിയോ റീസിവർ യന്ത്രത്തെപ്പോലെ കേൾവിയുടെ സാങ്കേതികമായ അളവുകളിൽ അയാൾ ഇപ്പോഴും ’റീഡിങ് ഫൈവ്’ എന്ന ഉയർന്ന നിലവാരം പുലർത്തുന്നു.
കേൾവിയുടെ മാനങ്ങൾ ഈ കഥയിൽ ഭ്രമ കല്പനയോടെ വിവരിക്കുന്നു. കാണുന്നത് കണ്ണും, കേൾക്കുന്നത് ചെവിയുമല്ല. ഉള്ളിൽ സദാ ഉണർന്നിരിക്കുന്ന ഞാൻ എന്ന അഖണ്ഡ ബോധമാണ്. കാണാനും കേൾക്കാനും അറിയാനും ഉള്ളിൽ ‘ഞാൻ’ എന്ന അറിവില്ലെങ്കിൽ ഇന്ദ്രിയങ്ങൾ ഉള്ളിലെത്തിക്കുന്ന ദൃശ്യ - ശബ്ദ തരംഗങ്ങൾ അടഞ്ഞ വാതിലുകൾ മുട്ടി ആരുമില്ലെന്ന ധാരണയിൽ മടങ്ങിപ്പോകും.
നിശബ്ദത എല്ലാ ശബ്ദങ്ങളെയും ഇല്ലാതാക്കുകയും അതെ സമയം എല്ലാ ശബ്ദങ്ങളെയും ഉൾക്കൊള്ളുകയും ചെയ്യുന്നുവെന്ന് തിരിച്ചറിയുന്ന ചന്ദ്രമോഹൻ തനിക്ക് ചുറ്റുമുള്ളതും തനിക്ക് കേൾക്കാൻ കഴിയാത്തതു മായ ശബ്ദങ്ങളെത്തേടി നടക്കുകയാണ്.
ഒരു യുദ്ധ വിമാനത്തിലെ കോക്പിറ്റിനുള്ളിലെ ഏകാന്തതയിൽ അയാൾക്ക് കൂട്ട് തന്നോടൊപ്പം ഉണ്ടും ഉറങ്ങിയും കൂടെയുള്ള മരണം മാത്രമാണ്. മരണത്തെപ്രതിയുള്ള ഈ ഉൾക്കാഴ്ചയാണ് ജീവിതത്തെ നിമിഷങ്ങളുടെ ദൈർഘ്യത്തിൽ കാണാൻ അയാളെ പ്രാപ്തനാക്കുന്നത്.
ജീവിക്കുന്ന ഓരോ നിമിഷവും കടന്നു പോവുന്നത് തന്റെ അറിവിലൂടെ (awareness) ആയിരിക്കണമെന്ന് അയാൾ സ്വയം ശഠിക്കുന്നു. മരണ നിമിഷം പോലും നഷ്ടപ്പെടരുതെന്ന് അയാൾ ആഗ്രഹിക്കുന്നു. ഉറക്കത്തിലാണ് മരണം സംഭവിക്കുന്നതെങ്കിൽ ക്കൂടി തന്റെ അവസാനത്തെ ഓർമ്മയിൽ മരണം രേഖ പ്പെടുത്തി വെയ്ക്കാൻ അയാൾ ആഗ്രഹിക്കുന്നു. ജീവന്റെ ദൈർഘ്യം ഒരു ശ്വാസത്തിൽ നിന്നും അടുത്ത ശ്വാസത്തിലേക്കുള്ള ദൂരം മാത്രമാണെന്ന് അയാൾ തിരിച്ചറിയുന്നു.
വായിച്ചു തീർന്നാലും കഥയിലെ സാങ്കല്പിക ലോകവും, കഥാപാത്രങ്ങളും, കഥാ സന്ദർഭങ്ങളും വിട്ടുപോവാൻ മടിച്ച് വായനക്കാരനെ ചുറ്റിപ്പറ്റി നിൽക്കും.
വ്യോമസേനയിൽ നിന്നും വിരമിച്ച കഥാകൃത്തിന്റെ സ്വാനുഭവങ്ങൾ ജീവിതത്തെയും മരണത്തെയും കുറിച്ചുള്ള കാഴ്ച്ചപ്പാടിനെ മാറ്റിയിരിക്കാം. ജീവിതത്തെ നിമിഷങ്ങളുടെ ദൈർഘ്യത്തിൽ കാണാൻ കഴിയുന്ന ഒരാൾക്ക് മാത്രമേ സ്വന്തം അനുഭവങ്ങളെ ഇത്രയും കണിശതയോടെ സ്വാംശീകരിക്കാൻ കഴിയു. ഈ കഥയ്ക്ക് പിന്നിലുള്ള ഊർജ്ജ സ്രോതസ്സും അതാകാം.
സി സന്തോഷ് കുമാറിന് അഭിനന്ദനങ്ങൾ.
സായാഹ്നയിൽ ഇന്നലെ പ്രസിദ്ധീകരിച്ച ‘നിശ്ശബ്ദം’ എന്ന എന്റെ കഥയ്ക്ക് ലഭിച്ചത് വളരെ മികച്ച പ്രതികരണമായിരുന്നു. അതിന്റെ സന്തോഷം അറിയിക്കട്ടെ.
മലയാളത്തിന്റെ പ്രിയ കവി ശ്രീ കെ സച്ചിദാനന്ദന്റെ, കഥയെ കൃത്യമായി അടയാളപ്പെടുത്തിക്കൊണ്ടുള്ള വാക്കുകൾ എനിക്ക് വലിയ ഊർജ്ജമാണ് നൽകിയത്.ഒപ്പം ശ്രീ ബിബിൻ ആന്റണി നടത്തിയ ഗംഭീര വായനയും.
പ്രസിദ്ധ ഫോട്ടൊഗ്രാഫറും എഴുത്തുകാരനുമായ ശ്രീ കെ ആർ വിനയൻ കഥ വായിച്ചതിലുള്ള സന്തോഷം അറിയിക്കാൻ എന്നെ നേരിട്ടു വിളിക്കുകയുമുണ്ടായി. കഥ താൻ മൂന്നു വട്ടം വായിച്ചു എന്നും നല്ല കഥകൾ താൻ വായിക്കുകയല്ല, വായിച്ചു പഠിക്കുകയാണ് ചെയ്യാറുള്ളത് എന്നും അദ്ദേഹം പറഞ്ഞത് അവിസ്മരണീയമായി.
കഥ വായിച്ച എല്ലാവർക്കും, വിശിഷ്യാ സായാഹ്നയെ എനിക്കു പരിചയപ്പെടുത്തി തന്ന സുഹൃത്ത് അനൂപ് നായർക്കും നന്ദി.
നല്ല എഴുത്തു പുലരട്ടെ, നല്ല വായനയും.
ആധികാരികം, മനോഹരം, സൂക്ഷ്മം, സമഗ്രം, എന്നെല്ലാം സന്തോഷം മുഴങ്ങുന്നു മനസ്സിൽ. ഇത് അത്യാവശ്യമായ അറിവ്. വേണ്ടിയിരുന്ന ചരിത്രം.
ഹുസൈൻ ലിപി ലിപിയായി മലയാളം കേൾക്കുമ്പോഴനുഭവിക്കുന്ന സംഗീതം, ഭാഷയുടെ സ്വരസംസ്കാരം, ഉരുൾവടിവുകൾക്കിടയിൽ അക്ഷരം സംരക്ഷിക്കുന്ന അന്തസ്ഥലവിസ്തൃതി, ദേശപ്രകൃതി, ഇവിടുത്തെ നാനാജഗന്മനോഹരമായ സസ്യമൃഗപക്ഷിഭൂഭംഗികൾ, നമ്മുടെ ജലാശയങ്ങളിൽ വീണു കിടക്കുന്ന മൗനങ്ങൾ, മലയാളി വെയിൽനിലാവുകൾ. എണ്ണിയാലൊടുങ്ങാത്ത ചെറു ചെറു മലയാളിവെട്ടങ്ങൾ, ഇരുട്ടുകൾ, നമ്മോടൊപ്പം ഭാഷ താണ്ടുന്ന സമയദൂരങ്ങൾ, മലയാളിരുചി തേടുന്ന തനതഴക്, ചങ്ങമ്പുഴ ലിപികൾക്കെഴുതിയ പ്രണയകവിത, എത്ര ഗാഢമായി ഈ മനുഷ്യർ ഭാഷയെ സ്നേഹിക്കുന്നു എന്ന വെളിവ്, തുടങ്ങിയവയെല്ലാം ഈ ഹുസൈൻലേഖനത്തിന്റെ വായനയ്ക്കിടയിൽ ഓർമ്മയിലൂടെ ഒഴുകിപ്പോയി. വീണ്ടും വീണ്ടും ഇത് വായിക്കാൻ പറഞ്ഞു കൊണ്ട്.
നല്ല പ്രഭാതം. ഇതിൽ എത്രയെത്ര ഉദയങ്ങൾ. സായാഹ്നയ്ക്ക് സ്തുതി. ഹുസൈന്, മലയാളലിപിയുടെ പെരുന്തച്ചന്, എല്ലാ ലിപിവര്യന്മാർക്കും, വണക്കം.
ഹുസൈന്റെ മലയാളലിപി ചരിത്രം വീണ്ടും വായിച്ചു. വിശദവും സമഗ്രവുമാണത്; ഒപ്പം പുതിയ വെല്ലുവിളികളിലേയ്ക്ക് വിരൽ ചൂണ്ടുന്നതും. പഴയ ലിപിയിൽ തന്നെ പഠിച്ചു വളർന്ന, ഇന്നും കയ്യെഴുത്തിൽ അതുപയോഗിക്കുന്നയാളെന്ന നിലയിൽ അത് ഒരു പാട് ഓർമ്മകളുണർത്തി. നാട്ടിൻപുറത്തെയും സ്കൂളിലെയും കയ്യെഴുത്തു മാസികകളിൽ ശീർഷകങ്ങളെഴുതുമ്പോൾ സ്വയം നടത്താറുള്ള പരീക്ഷണങ്ങൾ മുതൽ മുതിർന്നപ്പോൾ ചെയ്ത ലിനോക്കട്ടുകൾ വരെ—അവ ചില ചെറു മാസികകൾക്ക് കവറായിട്ടുമുണ്ട്. ആത്മഗീത എന്ന സ്വന്തം പുസ്തകത്തിന്റെ കവറും ഞാൻ തന്നെ ചെയ്തതാണ്. അക്ഷരവടിവുകൾ എന്നും ആനന്ദവിസ്മയങ്ങളോടെ നോക്കി നിന്നിട്ടുണ്ട്. ഹാർപർ കോളിൻസ് എന്റെ ഇംഗ്ലീഷ് വിവർത്തന സമാഹാരം ചെയ്തപ്പോൾ കവറിൽ എന്റെ കയ്യക്ഷരത്തിൽ തന്നെ ചില മലയാള വരികൾ വേണമെന്നു നിർബ്ബന്ധിച്ചതും അവർ അത് അംഗീകരിച്ചതും ഓർക്കുന്നു. ഒരു കാലത്ത് പോസ്റ്ററുകളായി കവിതകൾ പ്രചരിപ്പിക്കാനും ആലോചനയുണ്ടായി. ഒരു പോസ്റ്റർ കവിത തന്നെ എഴുതി സ്ട്രീറ്റ് മാസികയിൽ പ്രസിദ്ധീകരിക്കയും ചെയ്തു. ഫോണ്ടുകളോടുള്ള ആകർഷണം ഇന്നും അതെപടി നിൽക്കുന്നു. ഭട്ടതിരിയെ പ്രണമിക്കുന്നു. ഹുസൈനും സഹകാരികൾക്കും മലയാളത്തിന്റെ നന്ദി.

മലയാള അക്ഷരങ്ങളുടെ തനിമ നില നിർത്തുന്നതിനുള്ള മാഷിന്റെ പോരാട്ടം അന്നും ഇന്നുമല്ല ഇനി എന്നും ഭാഷയ്ക്കൊപ്പം നില നിൽക്കും. മലയാള അക്കങ്ങൾ കുഴിച്ചു മൂടപ്പെട്ടു എന്ന് കരുതാം അല്ലെ മാഷെ?
ഇപ്പോൾ അവ സ്കൂളിൽ പഠിപ്പിക്കുന്നില്ലെന്ന് വർഷങ്ങൾക്കു മുമ്പ് ഞെട്ടലോടെയാണ് ഞാനറിഞ്ഞത്. ഒരു പ്രൂഫ് തിരുത്തി അയച്ചപ്പോൾ പേജു നമ്പറുകളും വരി നമ്പറുകളും മലയാള ലിപിയിലായിരുന്നു. പ്രസാധകരുടെ പ്രൂഫ് റീഡർ ചോദിച്ചു: അവ കോഡുകളാണോ എന്ന്!
മറവിയിലേക്കവയും ഒരുപാട് തനത് വാക്കുകളും ആണ്ടു മറഞ്ഞു. വിത്തുകളുടെയും വിളകളുടെയും മഴമേഘങ്ങളുടെയും കടൽനേരങ്ങളുടെയും കടൽ നിറങ്ങളുടേയുമൊക്കെ പേരുകൾ മറഞ്ഞു. പുതിയ പഠിപ്പും പുതിയ നാഗരികതയും പുതിയ വസ്തുക്കളും അവയുടെ പേരുകളും വെക്കാൻ മേശയിലും അലമാരിയിലും ബോധത്തിലും പഴയ വാക്കുകളിരുന്ന ഇടമൊക്കെ ഒഴിപ്പിച്ചെടുത്തു.
പരിണാമത്തിന്റെ അനുഭവം തരുന്ന അറിവ് കാണുന്നത്/കാണിക്കുന്നത് ഭാഷാചരിത്രസംഭവങ്ങൾ. കേൾക്കുന്നത് പുതിയ സംജ്ഞാനാദങ്ങൾ. ഗൃഹാതുരവിലാപമല്ല. പഴയ പലതും വീണ്ടെടുത്തു, ഗോവിന്ദന്റെയോ ആറ്റൂരിന്റെയോ കടമ്മന്റെയോ സച്ചിയുടെയോ ചില നേരത്തെ മൊഴിവിവേകം.
പുതിയ ദളിത് കവിതയുടെ വാക്കോർമ്മയ്ക്ക് നല്ല കരുത്തുണ്ട്. തകഴിയുടെയും ടി കെ സി വടുതലയുടെയും മറ്റും കഥകളിൽ തഴച്ചു കണ്ട നാടൻ വാക്കോർമ്മ.
(6/3/2020)
ഒരു ഭാഷയുടെ അക്ഷരങ്ങളുടെ ആകൃതി രൂപംകൊള്ളുന്നതിന്റെ പ്രാഥമിക സ്രോതസ്സ് എന്താണെന്ന് പലപ്പോഴും ആലോചിച്ചിട്ടുണ്ട്. ‘അ’ എന്ന ഒരൊറ്റ ശബ്ദം അലിഫും ആൽഫയും നമ്മുടെ ആനയും ആയിത്തീർന്നതെങ്ങനെ ഇന്റർനെറ്റിൽ തലങ്ങും വിലങ്ങും തിരഞ്ഞിട്ടുണ്ട്. പ്രത്യേകിച്ച് സെമിയോട്ടിക്സിൽ. എന്റെ മനസ്സിലുള്ള ബലപ്പെട്ട വിചാരം ഒരു ഭാഷാസമൂഹം ജീവിച്ചുപോന്ന പ്രകൃതിയിലെ രൂപങ്ങൾ എന്നാണ്. ഇതിനെ ന്യായീകരിക്കുന്ന ഒരു ഗവേഷണ പ്രബന്ധവും കണ്ടെത്താനായിട്ടില്ല. സുഹൃത്തുക്കൾ ആരുടെയെങ്കിലും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെങ്കിൽ അയച്ചു തരണം.
ചന്ദ്രൻ പോലെ, വഞ്ചിപോലെ അറബിലിപി എന്നൊരു പരാമർശം റഫീക്ക് അഹമ്മദിന്റെ ഒരു കവിതയിൽ കണ്ടിട്ടുണ്ട്. ചുട്ടുപൊള്ളുന്ന പകൽമരുഭൂമിയിലുള്ള അനന്തമായ അലച്ചിലിന് സാന്ത്വനവും ജീവിതാഹ്ലാദവും അർത്ഥവും അറബിക്കഥകളും അറബികൾക്കേകിയത് അമ്പിളിക്കുളിരാണ്. അവന് ജീവിതോപാധിയായത് മീൻപിടുത്തവും വഞ്ചിയുമാണ്. അവന് അക്ഷരങ്ങളായത് ചന്ദ്രക്കലയാണ്. അവന് മാസപ്പിറവിയും പെരുന്നാളുമായിത്തീർന്ന ആകാശത്തിലെ പ്രിയപ്പെട്ട രൂപം അവന്റെ കൊടിയടയാളവുമായി. ചന്ദ്രക്കലയിൽ പണിതീർത്ത നൗകകളുമായി അവൻ വൻകരകളിലേക്ക് യാത്രചെയ്തു. മലയാളത്തിന്റെ അക്ഷരങ്ങളെപ്പോലും അവൻ അറബിയിൽ പണിതു—അറബി മലയാളം. നമുക്കവൻ ഒരു ചന്ദ്രക്കലയുണ്ടാക്കിത്തന്നു—മീതൽ. അതുണ്ടാക്കിയത് പോർത്തുഗീസുകാരാണെന്ന് പിന്നീട് ഗവേഷണപ്രബന്ധമുണ്ടായി! ‘പ്രതീക്ഷാ മുനമ്പി’ൽ നിന്ന് വാസ്കോഡ ഗാമയ്ക്ക് കോഴിക്കോട്ടേയ്ക്ക് വഴി പറഞ്ഞുകൊടുത്തത് അറബികളാണെന്ന ചരിത്രവും വഴിമാറിപ്പോയി.
ചങ്ങമ്പുഴയുടെ അക്ഷര കവിത വായിച്ചിട്ടില്ല. അതു കണ്ടെടുത്ത് സായാഹ്നയിൽ പ്രസിദ്ധീകരിക്കണം. മലയാളിയിൽ നിന്നും അകന്നു പോകുന്ന ആ ലോലവിമോഹന പ്രണയം മലയാളത്തിന്റെ തനതുലിപിയിൽ ഒന്നു കാണണം.
നിലാവെളിച്ചത്തിൽ തെങ്ങോലകൾ പൂഴിമണ്ണിൽ വിരചിക്കുന്ന നിഴൽപ്പാടുകൾ, മുറ്റത്ത് കാക്ക ചിക്കിപ്പരത്തുന്ന അമൂർത്തചിത്രങ്ങൾ, ഗജവീരന്മാർ അണിനിരക്കുന്ന ഉത്സവങ്ങൾ, വെൺചാമരങ്ങൾ, വർണ്ണാങ്കിതമായ കുടകൾ—മലയാളിയുടെ കാഴ്ചകളിൽ നിറയുന്ന ചാരുതകൾ അക്ഷരങ്ങളായി പരിവർത്തനപ്പെടുന്നത് ഒ എൻ വി ഒരിക്കൽ കുറിച്ചിട്ടുണ്ട്. ഇതുവരെ കണ്ടെത്താൻ കഴിയാത്ത ‘അന്തഃസ്ഥല വിസ്തൃതികൾ’ തേടി കെ ജി എസ് യാത്രപോകുന്നു. വെയിൽനിലാവുകളിലൂടെ കേരളത്തിലെ ഉൾനാടൻ കായൽപ്പരപ്പിൽ പടർന്ന മൗനത്തിലേക്കത് ഊളിയിടുന്നു. അക്ഷരങ്ങളുടെ നിഗൂഢതകളിൽ ഇരുട്ടുകളുണ്ടെന്നു് അദ്ദേഹം ഓർമ്മപ്പെടുത്തുന്നു.
അജ്ഞാതങ്ങളിലേക്കുള്ള യാത്രകളാണ് ഓരോ അക്ഷരങ്ങളിലേക്കുമുള്ള യാത്രകൾ. അത് ഒടുങ്ങുന്നില്ല.
നന്ദി, കെ ജി എസ്, ശേഷകാലം അക്ഷരങ്ങൾ പണിയാൻ ഇതു ധാരാളം.
എന്റെ പ്രിയസുഹൃത്തു്, ശ്രീ ഹുസൈൻ മറ്റു ലിപിരചയിതാക്കളിൽ നിന്നും രണ്ടു് കാര്യങ്ങളിൽ വേറിട്ടു നില്ക്കുന്നു. (1) ഒരു തനതുലിപി പോരാളി; (2) അക്ഷരങ്ങളുടെ കാലിഗ്രഫിൿ സൗന്ദര്യം പ്രോഗ്രാമിങ് യാന്ത്രികതയിൽ നഷ്ടപ്പെടാതെ സൂക്ഷിച്ച മാന്ത്രികൻ.
ഒന്നു്: മലയാളത്തിന്റെ തനതുലിപി നിലനിറുത്തുന്നതിനായി ചെയ്യേണ്ടിവന്ന പോരാട്ടം പോലുള്ള ദുർഘടാവസ്ഥ മറ്റു് ഏതെങ്കിലും ഒരു ഫോണ്ട് ഡിസൈനർക്കു് ഉണ്ടായതായി അറിയില്ല. 1999-ൽ രചന അക്ഷരവേദിയുടെ നേതൃത്വത്തിൽ നടന്ന സമർപ്പണസമ്മേളനത്തിന്റെ പോസ്റ്റർ വലിച്ചുകീറി കളയുന്ന അളവിലേയ്ക്കു് ഭാഷാ ഫാസിസ്റ്റുകൾ ഇടപെട്ടു. സമ്മേളനം അസാദ്ധ്യമാക്കുന്ന രീതിയിൽ തെരുവിലെ ആക്രമണം തുടർന്നുവെങ്കിലും സമ്മേളനം നടക്കുകയും രചന ലിപിസഞ്ചയം സമൂഹത്തിനു സമർപ്പിക്കുകയും ചെയ്തു. ലിപി പരിഷ്ക്കരണവാദികളും ഹുസൈൻ മാഷും തമ്മിലുള്ള താത്വികമായ ഏറ്റുമുട്ടൽ പിന്നെയും തുടർന്നുകൊണ്ടേയിരുന്നു. ഭാഷാശാസ്ത്രജ്ഞസമൂഹമടങ്ങുന്ന പരിഷ്കരണവാദികൾക്കു് എസ്റ്റാബ്ലിഷ്മെന്റിന്റെ പിന്തുണയുണ്ടായതുകൊണ്ടു്, ഹുസൈൻ മാഷിന്റെ പ്രവർത്തനങ്ങൾ പാടെ അവഗണിക്കപ്പെട്ടു. മുന്നു ദശാബ്ദക്കാലത്തെ ലിപി സഞ്ചയങ്ങളുടെ രൂപകല്പനയും നിർമ്മാണവും വിതരണവും പരിപാലനവും സ്വന്തം നിലയ്ക്കും സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ സഹായത്തോടെയും ഹുസൈൻ മാഷ് നിർവ്വഹിച്ചുകൊണ്ടിരുന്നപ്പോഴും അതേ ആവശ്യങ്ങൾക്കുവേണ്ടി പൊതുഖജനാവിൽ നിന്നും മറ്റേതോ കൈകളിലേയ്ക്കു് കോടിക്കണക്കിനു് തുക യാതൊരു ലോഭവും കൂടാതെ ഒഴുകിക്കൊണ്ടുതന്നെയിരുന്നു. രണ്ടര പതിറ്റാണ്ടു് നീണ്ടുനിന്ന ലിപിപരിഷ്ക്കരണവാദം ഒടുവിൽ അതിന്റെ പ്രയോക്താക്കൾ തന്നെ തനതുലിപിയിലുള്ള ഒരു ലിപിസഞ്ചയം നിർമ്മിച്ചു വിതരണം ചെയ്യേണ്ട പതനത്തിൽ വന്നെത്തി. ഇരുപത്തിയഞ്ചു കൊല്ലം വേണ്ടി വന്നു പരിഷ്ക്കരണവാദികളെ സമ്മതിപ്പിക്കുവാൻ, കേരളത്തിലെ പത്രങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും തനതുലിപി സ്വീകരിക്കുവാനും അത്രതന്നെ സമയമെടുത്തു. ഹുസൈൻ മാഷിനു് അതിൽ ചാരിതാർത്ഥ്യമടയാമെങ്കിലും ഒരു ജീവായുസ്സിന്റെ ഏറ്റവും ക്രിയാത്മകമായ കാലത്തിന്റെ നല്ല ഭാഗം ഈ പോരാട്ടത്തിൽ നഷ്ടപ്പെട്ടുവെന്നതാണു് സത്യം.
രണ്ടു്: മുദ്രണകലയിലെ പ്രധാനഘടകമായ ലിപി, കമ്പ്യൂട്ടർ സാങ്കേതികവിദ്യയ്ക്കു് വഴങ്ങിയപ്പോൾ, ഒട്ടനവധി ഗുണഫലങ്ങളുണ്ടായതുപോലെ ദോഷഫലങ്ങളും ഉണ്ടായിട്ടുണ്ടു്. ഫോണ്ടു് എഞ്ചിനീയറിങ്ങിൽ പ്രാവീണ്യമുള്ള ആർക്കുവേണമെങ്കിലും ഇഷ്ടമുള്ള തരത്തിൽ ലിപിസഞ്ചയങ്ങൾ സൃഷ്ടിക്കുവാൻ കഴിഞ്ഞു എന്നതാണ് ഏറ്റവും വലിയ നേട്ടം. അതിൽ നഷ്ടപ്പെട്ടുപോയതു് നൂറ്റാണ്ടുകളിലൂടെ വികാസം പ്രാപിച്ചുവന്ന, മുദ്രണത്തെ ഒരു കലയാക്കി മാറ്റിയ, ലിപിസംബന്ധിയായ ചില സൗന്ദര്യസങ്കൽപ്പങ്ങളാണു്. പാശ്ചാത്യലോകത്തിൽ ഈ നാശം തിരിച്ചറിഞ്ഞ പ്രതിഭാശാലികൾ, കമ്പ്യൂട്ടർ യാന്ത്രികതയിലമർന്ന മുദ്രണകലയിൽ നഷ്ടപ്പെട്ടുപോയ കാലിഗ്രാഫിയുടെ സൗന്ദര്യത്തെ തിരിച്ചുകൊണ്ടു വരുവാൻ ശ്രമിച്ചിട്ടുണ്ടു്. ഉദാ: ഡൊണാൾഡ് ക്നുത്, ഹെർമൻ സാഫ്, മുതൽപേർ. മലയാളഭാഷയിൽ ഈ ലക്ഷ്യത്തോടുകൂടി ഈ രംഗത്തു് പ്രവർത്തിച്ച മഹാരഥനാണു് ഹുസൈൻ മാഷ്.
മലയാളലിപിയുടെ സൗന്ദര്യം കാലിഗ്രാഫിൿ രീതിയിൽ ഡിസൈൻ ചെയ്യപ്പെട്ട ഫോണ്ടുകളിലാണു് കാണപ്പെടുന്നതു്. മാതൃഭൂമിയുടെ ആദ്യകാലപ്രസിദ്ധീകരണങ്ങളിൽ ഉപയോഗിച്ചിരുന്ന ഫോണ്ടുകളെല്ലാം തന്നെ കാലിഗ്രാഫിൿ രീതിയിൽ നിർമ്മിക്കപ്പെട്ടവയായിരുന്നു. വായനക്കാരനെയും ഉള്ളടക്കത്തെയും അതിലൂടെ ഗ്രന്ഥകർത്താവിനെയും പരസ്പരം സമ്മേളിപ്പിക്കുവാൻ ഈ ലിപിസഞ്ചയങ്ങൾക്കു് കഴിഞ്ഞു. ഈ പാരസ്പര്യം യാന്ത്രികമായി രൂപകല്പന ചെയ്യപ്പെട്ട ലിപിസഞ്ചയങ്ങൾക്കു് കൈവരിക്കുവാൻ കഴിഞ്ഞിരുന്നില്ല. അതിന്റെ കാരണം കമ്പ്യൂട്ടർ സാങ്കേതികതയോടുള്ള അതിരുകവിഞ്ഞ മാനസികാടിമത്തമാണു്. മുദ്രണകലയിലൂന്നിയ സൗന്ദര്യപ്രസരണം ഉള്ളടക്കത്തെ കൂടുതൽ സമ്പൂർണ്ണമാക്കുകയും അതുവഴി വായനക്കാരനും ഗ്രന്ഥകാരനും തമ്മിലുള്ള സംവേദനം കൂടുതൽ സമ്പന്നമാവുകയും ചെയ്യും എന്ന കാര്യം വിസ്മരിക്കപ്പെട്ടു. ഇതിൽ നിന്നു് വ്യത്യസ്തമായി മാതൃഭൂമിയുടെ ആദ്യകാല ഫോണ്ടുകളുടെ സൗന്ദര്യത്തോടു് ഏറ്റവും അടുത്തുനിന്നതു് രചന എന്ന ലിപിസഞ്ചയമാണു്. സായാഹ്ന രചനയെ സ്വീകരിക്കുവാനുള്ള കാരണവും ഇതുതന്നെയായിരുന്നു. അക്ഷരങ്ങളുടെ കാലിഗ്രാഫിൿ സൗന്ദര്യം ഫോണ്ട് എൻജിനീയറിങ്ങിന്റെ കാരുണ്യമില്ലാത്ത യാന്ത്രികതയിൽ നഷ്ടപ്പെടാനുള്ള ഒന്നല്ല എന്നു് ഓർമ്മിപ്പിച്ചുകൊണ്ടു് രചന നമുക്കുചുറ്റും എപ്പോഴും നിലനില്ക്കുന്നു. തനതുലിപിയിൽ ഒട്ടനവധി ഫോണ്ടുകളുണ്ടായെങ്കിലും അവയിൽ മിക്കതും ദുർമേദസ്സു് പിടിച്ച മനുഷ്യശരീരം പോലെ ഉള്ളടക്കത്തെ വിരൂപമാക്കാൻ മാത്രമേ സഹായിക്കുന്നുള്ളൂ. അതുകൊണ്ടാണു്, രചനയിൽ വിന്യസിക്കപ്പെടുന്ന സായാഹ്ന പ്രസിദ്ധീകരണങ്ങൾക്കു് ഇത്രയധികം സ്വീകാര്യതയുണ്ടാവുന്നതു്. ഉള്ളടക്കത്തെ കവച്ചുവെയ്ക്കുന്നതിനേക്കാൾ അതിനെ പരിപോഷിപ്പിക്കുവാനും കൂടുതൽ സംവേദനക്ഷമമാക്കാനും രചനയ്ക്കു കഴിയുന്നു എന്നതാണു് സത്യം. അതിന്റെ രചയിതാവിനു് ആയിരം പൂച്ചെണ്ടുകൾ!
നന്ദി, സിവിആർ.
- ഒന്ന്:
- എന്റെ ജീവിതത്തിന്റെ നല്ല കാലം എനിക്കു ’നഷ്ട’പ്പെട്ടിട്ടില്ല. സായാഹ്നവരെ എത്തിനില്ക്കുന്ന കർമ്മം എങ്ങനെ ഒരു നഷ്ടമാകും? ധന്യമായ കാലം എന്നാണ് അതിനെ വിശേഷിപ്പിക്കേണ്ടത്. പ്രതിഭാധനരായ എന്റെ എത്രയോ സുഹൃത്തുക്കളേക്കാൾ ഭാഗ്യവാനാണ് ഞാൻ.
- രണ്ട്:
- ചിത്രജകുമാറിനെ എല്ലാവരും മറന്നുപോകുന്നു. ചിത്രജൻ ഉണ്ടായിരുന്നില്ലെങ്കിൽ രചന ഉണ്ടാകുമായിരുന്നില്ല, ‘ഹുസൈൻ രചന’ ഉണ്ടാകുമായിരുന്നില്ല. രചന ചിത്രജന്റെ സൃഷ്ടിയാണ്. ഞാനതിന്റെ നിർവ്വാഹകനായിത്തീർന്നത് എന്റെ സുകൃതം. എത്ര കൂട്ടുകാരാണ് എന്നോടൊപ്പം എന്നും കൂടെയുണ്ടായിരുന്നത്—ഹേമചന്ദ്രൻ, വാസുദേവ ഭട്ടതിരി, വിജയകുമാരൻ നായർ, സുഭാഷ് കുര്യാക്കോസ്, മാമൻ ചുണ്ടമണ്ണിൽ, തോമസ് പി തോമസ്, സുനീത, മഹേഷ്, അനിവർ അരവിന്ദ്, പ്രവീൺ, രണ്ടു കാദിമാർ,… പിന്നെ ഉമ്മ, രാജമ്മ, മീര… ഇപ്പോൾ രജീഷ്,… രചന ഒരാളുടേതല്ല, എല്ലാവരുടേതുമാണ്. ഇതൊരു വിനയമല്ല.
- മൂന്ന്:
- ലേഖനത്തിൽ സൂചിപ്പിച്ചപോലെ കൃത്യമായ കാലിഗ്രാഫിക് അടിസ്ഥാനത്തിൽ മലയാളത്തിൽ ഇതുവരെ ഒരു ഡിജിറ്റൽ ഫോണ്ടുണ്ടായിട്ടില്ല. രചനയും ഇക്കാര്യത്തിൽ ദൂരങ്ങൾ സഞ്ചരിക്കേണ്ടതുണ്ട്. നാരായണ ഭട്ടതിരി ഇത്ര അടുത്തുണ്ടായിട്ടും അദ്ദേഹവുമൊത്ത് ഒപ്പമിരുന്ന് നമുക്ക് പരീക്ഷണം ചെയ്യാനായിട്ടില്ല. ഇതേ കാര്യം പറഞ്ഞ് രവി സംഘമിത്ര അടുത്ത ദിവസം വിളിച്ച് പരാതിപ്പെട്ടു. ഇപ്പോൾ ന്യായീകരണങ്ങൾ കണ്ടെത്താൻ കൊറോണയുണ്ട്!
- നാല്:
- പുതിയ കുട്ടികൾ ‘പഴയ’ അക്ഷരങ്ങളെ എതിരേൽക്കുന്നത് നമ്മുടെ വിജയം തന്നെയാണ്. അതിന്റെ ‘ലാഭം’ നമുക്ക് നന്നായറിയാം. സർക്കാർ പോയി തുലയട്ടെ.
- അഞ്ച്:
- കെ ജി എസ്സിന്റേയും സച്ചിദാനന്ദന്റേയും സിവിആറിന്റേയും അനേകം സുഹൃത്തുക്കളുടേയും വാക്കുകൾ പകരുന്ന ഊർജ്ജം അപാരമാണ്. ഇത്ര ശപ്തവും വേദനാകരവുമായ, സ്വന്തം ജനതയുടെ പാലായന ദൃശ്യങ്ങൾ ചുറ്റും നിറയുന്ന പകൽരാത്രികളിൽ, എല്ലാ സൗന്ദര്യങ്ങൾക്കും അർത്ഥം നഷ്ടപ്പെടുമ്പോൾ ഈ വാക്കുകൾ ഇരുട്ടിൽ നക്ഷത്രവെളിച്ചമായി മാറുന്നു. അതുകൊണ്ട് ശേഷിക്കുന്ന ജീവിതകാലവും നഷ്ടകച്ചവടമാകുമെന്ന് തീർച്ച!
- ആറ്:
- നാല്പതു വർഷങ്ങൾക്കു ശേഷം അശോകനും ഷംസുവും ഇന്ന് കൂടെയുണ്ട്. യൗവ്വനത്തിന്റെ ഓർമ്മകൾ മാത്രമല്ല, യൗവ്വനം തന്നെയാണത്.
ഒരു ലിപി ഉരുവം കൊണ്ടു വരുന്നത് അത് ഒരു ശബ്ദത്തിന് പകരമാവുന്നത് മറ്റുള്ളവരോട് ഒത്തുചേർന്ന് തനത് അസ്തിത്വം വെടിഞ്ഞ് അർത്ഥമായിത്തീരുന്നത്. ഒരിക്കലും തീരാത്ത വിസ്മയങ്ങളാണിവയെല്ലാം. ഓരോ ലിപി വിന്യാസത്തിനും അക്ഷരമാലയ്ക്കും അവ ഉരുത്തിരിഞ്ഞു വന്ന മണ്ണിന്റെ, ജനതയുടെ, സംസ്കൃതിയുടെ ഏറ്റവും ആഴപ്പെട്ട ജീവാകൃതികളുണ്ടാവാതെ വരില്ല. ആ ജനത കടന്നു പോന്ന അനുഭവങ്ങളുടെ, അവരുടെ ലോകക്കാഴ്ചയുടെ നേർപ്പുകളും കൂർപ്പുകളും വളവുകളുമെല്ലാമായിരിക്കാം അവയെ ആവിഷ്കരിച്ചത്. മൺമറഞ്ഞ തലമുറകളിലേക്ക് നമ്മെ ചേർത്തു വെച്ചിരിക്കുന്ന വേരുപടലങ്ങളാണവ. അങ്ങനെ എന്തൊക്കെയോ വിചാരിച്ച് ഉണ്ടായി വന്നതാണ് ലിപികൾ എന്ന എന്റെ കവിത. പത്തിരുപതു വർഷത്തിലേറെ പഴക്കം കാണും.
എത്രയോ വർഷങ്ങളായി ഒരു ആധുനിക ഭൂമിമലയാള ലിപി വ്യവസ്ഥപ്പെടുത്താൻ അക്ഷീണം, നിശ്ശബ്ദം യത്നിച്ചു പോരുന്ന ഹുസൈൻ മാഷോടുള്ള അളവറ്റ ആദരം ഇവിടെ കുറിച്ചിടാൻ അനുവദിക്കുക.
മലയാള അക്ഷരങ്ങൾക്കൊപ്പം അക്കങ്ങളും ഉപയോഗിക്കപ്പെടേണ്ടത് തന്നെ. തീരുമാനം ഉപേഷിക്കരുതെന്നേ ഞാൻ പറയു. മലയാള അക്കങ്ങൾ മനസിലാക്കുവാൻ നിലവിലുള്ള അക്കങ്ങളുടെ സഹായം കൂടി ഉണ്ടായേ തീരൂ. പഴയ ആധാരങ്ങളിൽ മലയാള അക്കങ്ങൾ മാത്രമാണുണ്ടായിരുന്നത്. അതുകൊണ്ടു മലയാള അക്കങ്ങൾ പഠിച്ചു. അത്രയും പഴക്കമില്ലാത്ത ആധാരങ്ങളിലും രേഖകളിലും രണ്ടുമുണ്ടായിരുന്നതു കൊണ്ട് മലയാള അക്കങ്ങൾ നോക്കാതായി. ഇപ്പൊ മലയാള അക്കങ്ങൾ മറന്നു കഴിഞ്ഞു. ശബ്ദതാരാവലിയിലൂടെ വീണ്ടും പഠിക്കാം. രാധാകൃഷ്ണനും ഹുസൈൻ മാഷിനും അശോകനും ഒരു ബിഗ് സല്യൂട്ട്.
ഹുസൈൻ എഴുതിയ ലേഖനത്തിൽ ഒരു സംസ്കാരത്തിന്റെ തനിമ അതിന്റെ ലിപിയുടെ കുനിപ്പിൽ, വളവിൽ, തിരിവിൽ, ചായ്വിൽ, ചരിവിൽ എല്ലാം പുലരുന്നുവെന്ന ഉണർവ് അനുഭവിച്ചു. ചുവരെഴുത്തുകാരുടെ എഴുതാത്ത ചരിത്രം പലതും ഓർമയിൽ കൊണ്ടുവന്നു. ഹുസൈൻ, നിങ്ങളുടെ യാത്ര ഒരു മിസ്റ്റിക്കിന്റേതു കൂടിയാണ്.
ലിപിയെക്കുറിച്ചുള്ള ചർച്ച ശ്രദ്ധിച്ച പോൾ വൈക്കം മുഹമ്മദ് ബഷീർ ഉത്തരേന്ത്യയിലേക്ക് പോയപ്പോൾ അവിടുത്തെ ഉറുദു ബെൽട്ടിൽ വെച്ച് അറബിക് കാലിഗ്രാഫി പഠിച്ചത് ഓർത്തു പോയി. ഞാനൊരു കാസർക്കോട്ട കാരനായതിനാലാവാം അതിർത്തിയിലെ ഏഴു ഭാഷകളിൽ അഭിരമിക്കുന്നതു കൊണ്ടാവാം, തുളു ലിപിയും മലയാള ലിപിയും തമ്മിലുള രൂപപരമായ സാദൃശ്യം എന്നെ പലപ്പോഴും ചിന്തിപിച്ചിട്ടുണ്ട്. ദ്രാവിഡഭാഷയിൽ ഏറ്റവും പ്രാചീനമാണ് തുളു. മൂലദ്രാവിഡത്തിൽ നിന്ന് ബി സി പത്താം നൂറ്റാണ്ടിനും ആറാം നൂറ്റാണ്ടിനുമിടയ്ക്ക് സ്വതന്ത്ര ഭാഷയായി എന്ന് ഭാഷാചരിത്രകാരമാർ. 85,000 വർഷം മുമ്പ് ആഫ്രിക്കയിൽ നിന്ന് പുറപ്പെട്ട ആദിമമനുഷ്യപരമ്പരയുടെ ദേശാടനം റെഡ് സീയും കടന്ന് തമിഴ് നാട്ടിലെ നീലഗിരി ബയോസോണിലൂടെ വയനാട്ടിലെത്തി എന്ന് ജനിതകശാസ്ത്രം വഴി തെളിയിക്കപ്പെട്ടു. നമ്മുടെ ഭാഷാചരിത്ര വ്യവഹാരങ്ങളെല്ലാം ഈ ജനിതക ശാസ്ത്രങ്ങൾക്ക് മുമ്പ് തീർപ്പുകല്പിക്കപ്പെട്ടവയാണ്.
ഈ ആദിമ ജനത വയനാട്ടിലെ എടക്കൽ ഗുഹയിലെത്തി ആ പ്രഥമ ആരാധനാലയത്തിൽ ധാരാളം വിസ്മയകരങ്ങളായ പാറ ച്ചിത്രങ്ങൾ കോറിയിട്ടുണ്ട്. കൂടാതെ അവയിൽ അവർ കൊത്തിവെച്ച നാനാതരം അക്ഷരമുദ്രകളും കാണാം. മലയാള ഭാഷയ്ക്ക് ശ്രേഷഠ ഭാഷാ പദവി ലഭിക്കാൻ ആധികാരിക തെളിവായി നല്കിയത് അവിടെ കോറിയിട്ട ഈ പഴമ എന്ന അക്ഷരതതിയാണ്. എടക്കലിൽ അധിവസിച്ച ഈ ആദിമ നിവാസികൾ മലയിറങ്ങി കേരള ജനതയായി. എ ടി മോഹൻ രാജ് സംവിധാനം ചെയ്ത എടക്കൽ പാറച്ചിത്രങ്ങൾ എന്ന ഡോക്യുമെന്ററിയിൽ മലയാളിയുടെ ഈ ജനിതകത്തെക്കുറിച്ച് വിശദമാക്കുന്നുണ്ട്. അതോടൊപ്പം എടക്കലിൽ ഈ ആദിമമനുഷ്യർ എഴുതിച്ചേർത്ത നിരവധി അക്ഷരങ്ങളും രേഖയായി അവതരിപ്പിച്ചിട്ടുണ്ട്. എടക്കൽ ഗുഹയിൽ വരഞ്ഞിട്ട ദൈവരൂപങ്ങളിൽ നിന്ന് തെയ്യത്തിലേക്ക് രൂപാന്തരം പ്രാപിക്കുന്ന ജീവിക്കുന്ന തെയ്യങ്ങളെ യും ഡോക്യുമെന്ററി അടയാളപ്പെടുത്തുന്നുണ്ട്. ഇവരുടെ പിൻഗാമികളോ ഒപ്പം വന്നവരോ വീണ്ടും വടക്ക് കിഴക്കൻ മേഖലയിലുടെ തന്നെ സഞ്ചരിച്ച് പഴയ തുളുനാട്ടിലെത്തിയ ശേഷം അവിടെ ഉടലെടുത്ത പലതെയ്യങ്ങളുടെയും മുഖ രൂപങ്ങൾക്ക് പ്രാചീനമായ ആഫ്രിക്കൻ മാസ്ക്കുകളുടെ രൂപമാണ്. ഈ ദൈവങ്ങൾക്കൊപ്പം അവർ ഏറ്റിപ്പോയ ഭാഷയാവാം തുളുവായി മാറിയത്. തുളുനാട് ഇന്നില്ല. ഉത്തര കേരളത്തിന്റെ ഏറ്റവും വടക്ക് കോരപ്പുഴ വരെ പഴയ തുളുനാടായിരുന്നു. ഇന്നത്തെ വടക്കൻ കേരളത്തിലാണ് തെയ്യം സജീവമായി നിലനില്ക്കുന്നത്. തുളുവിൽ തെയ്യം ദെയ്യോ ആണ്. ദെയ്യോ എന്ന തുളു വാക്കിൽ നിന്നാവാം തെയ്യത്തിന്റെ നിഷ്പത്തി. തുളുവിന്റെ അക്ഷരമാലയും തെയ്യത്തിന്റെ മുഖപ്പാ ഇയും ചേർത്തുവെച്ചാൽ രണ്ടിന്റെയും നിഷ്പത്തി ഒരൊറ്റ സംസ്കാരത്തിലാണെന്ന് കണ്ടെത്താം. തുളു ലിപിയും മലയാള ലിപിയും തമ്മിലുള്ള ഈ സാദൃശ്യം പഴയ കാലത്ത് ഇവിടെ ചർച്ചാവിഷയമായിരുന്നു. ഭാഷാചരിത്രകാരനായ ശൂരനാട് കുഞ്ഞൻ പിള്ള തുളു മലയാളം എന്നൊരു വാദം തന്നെ മുന്നോട്ടു വെച്ചിരുന്നു. ആ വാദത്തെ പൊളിക്കാൻ തലസ്ഥാനദേശത്തു നിന്നൊരു കൊടുങ്കാറ്റ് തന്നെ ഉണ്ടായി. അത് നിലനിന്നില്ല. ജനിതകശാസ്ത്രം വികസിച്ച ഈ കാലത്ത് ആ ഡയലോഗ് തുടരാവുന്നതാണ്. ഭാഷയ്ക്ക് അടിസ്ഥാന രേഖ ചമയ്ക്കന്ന സർഗാത്മക കലാകാരനായ കെ എച്ച് ഹുസൈൻ എന്ന പ്രതിഭാശാലിക്ക് ഈ വഴിക്ക് ഒരു ചിന്താ പര്യടനം നടത്താൻ എല്ലാ സ്കോപ്പുമുണ്ടെന്ന് ഓർമ്മപ്പെടുത്തട്ടെ!